സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
റോഡിലെ കുഴിയില്‍ ചാടി ബൈക്ക് ചെറുതായി ഉലഞ്ഞപ്പോള്‍ ആന്റി പരിഭവിച്ചു.
“പതുക്കെപ്പോ അപ്പൂ. നീയെന്തിനാ തെരക്ക് പിടിക്കണെ”
വഴി മോശമാണ്. കൂടാതെ പലയിടത്തും ചെളിവെള്ളം തളംകെട്ടിയിട്ടുണ്ട്. വെള്ളത്തില്‍ പൊങ്ങുതടി പോലെ കിടക്കുന്ന കുഞ്ഞുതവളകള്‍ വണ്ടിയിറങ്ങുമ്പോഴൊക്കെ കരക്കുകയറി കണ്ണുമിഴിച്ചു നോക്കി. കുട്ടിക്കാലത്ത് പച്ചീര്‍ക്കിലിന്റെ അറ്റത്തു കുടുക്കുണ്ടാക്കി തവള ‘ഹണ്ടിംങ്’ ഒരു ഹോബിയായിരുന്നു. അതിലെ ക്രൂരത തിരിച്ചറിയാന്‍ കാലം പിന്നേയും താണ്ടേണ്ടിവന്നു.
ആന്റി തോളത്തു ചെറുതായി അടിച്ചു. ബ്രേക്ക് ചവിട്ടിപ്പോകാനുള്ള സിഗ്നല്‍. അതുപോലെ ചെയ്തു. യാത്ര തുടങ്ങുമ്പോള്‍ തന്നെ സൂചിപ്പിച്ചിരുന്നു.
“എനിക്ക് വണ്ടീമെ ഇരുന്ന് ശീലമില്ലാട്ടാ അപ്പ്വോ. നീ തന്നെപ്പോണ പോലെയൊന്നും വണ്ടിയോടിക്കര്ത്. ഈ പ്രായത്തില്‍ വീണാ പ്രശ്നാ”
പ്രതീക്ഷിച്ചപോലെ അമ്മയും അത് ശരിവച്ചു. ആന്റിക്കും അമ്മക്കും ഏതാണ്ട് തുല്യപ്രായമാണ്. അമ്മയുടെ കല്യാണം കഴിഞ്ഞ് ‘നാത്തൂന്‍ പോര്’ ഉണ്ടാകാതിരുന്നതിനു വലിയകാരണം അതുതന്നെയാണെന്ന് മനസ്സുതുറക്കുന്ന വേളയിലെല്ലാം അമ്മ പറഞ്ഞിട്ടുണ്ട്. കോളേജില്‍ പോകുന്നതും, വൈകുന്നേരം ശിവക്ഷേത്രം സന്ദര്‍ശിക്കുന്നതും എല്ലാം ഒരുമിച്ചായിരുന്നത്രെ. പരിചയക്കാര്‍ കളിയാക്കുകയും ചെയ്യുമായിരുന്നു.
“എങ്ങടാ ലളിതേ ഭാര്യേനേം കൊണ്ടുപോണേ” എന്ന്.
എന്തായാലും മൂന്നുകൊല്ലമേ അങ്ങിനെ പോയുള്ളൂ. അതിനുശേഷം അച്ഛന്‍ ഇപ്പോള്‍ താമസിക്കുന്ന അമ്മവീട്ടിലേക്കു താമസം മാറ്റി. നാലുമാസം കൂടുമ്പോള്‍ തറവാട്ടിലേക്കു ഒരു സന്ദര്‍ശനം. തറവാട്ടുവീടിനു ചുറ്റുമുള്ള വീടുകള്‍ എല്ലാം ബന്ധുക്കളുടേതാണ്. ഓരോ വീട്ടിലും കയറി ചായയും പലഹാരവും കഴിപ്പിച്ചേ വിടൂ. ഒന്നുകില്‍ കൊള്ളിക്കിഴങ്ങ് പുഴുങ്ങിയത് അല്ലെങ്കില്‍ അരിയുണ്ട അങ്ങിനെയങ്ങിനെ…
“നീയെന്നാ തിരിച്ചുപോണെ?”
ബൈക്കില്‍ ഉറച്ചിരിക്കാന്‍ ആന്റി തോളില്‍ കയ്യിട്ടു മുറുക്കിപ്പിടിച്ചു.
“മറ്റന്നാള്‍“
“ഇനി എന്നാ വരാ?”
“ആ. അറിയില്ല”
ആന്റി തോളില്‍ തലചാരി ഇരുന്നു എന്തൊക്കെയോ ഓര്‍ത്തു.
പണ്ട് അച്ഛന്റെ നാട്ടിലെ ശിവക്ഷേത്രത്തില്‍ ഉത്സവമാകുമ്പോള്‍ അമ്മ തറവാട്ടില്‍ കൊണ്ടാക്കുമായിരുന്നു. രക്ഷാകര്‍തൃത്വം ആന്റിയെ ഏല്‍പ്പിക്കും. വികൃതിയായതിനാല്‍ എല്ലാവരുടേയും ഒരുകണ്ണ് എപ്പോഴും കൂടെയുണ്ടാകും. അതു തെറ്റുന്ന വേളയില്‍ മുറപോലെ പ്രശ്നങ്ങളും. പൂജാമുറിയുടെ കൊത്തുപണികളുള്ള വാതിലിന്റെ കൊളുത്ത് തലയില്‍ കയറുന്നത് അത്തരമൊരു സന്ദര്‍ഭമാണ്. അച്ചമ്മ പേടിച്ചു.
“ലളിതേ. തങ്കപ്പന്‍ വരുമ്പോ ഞാന്‍ മാത്രാ ഇവിടെ ഇണ്ടായിരുന്നൊള്ളൂന്ന് പറഞ്ഞാമതി. ഇല്ലെങ്കില്‍ ആരൊടൊക്ക്യാ വഴക്കുണ്ടാക്കാന്ന് പറയാന്‍ പറ്റില്ല്യാ”
വല്യച്ഛന്മാര്‍ക്കൊഴികെ എല്ലാവര്‍ക്കും അച്ഛനെ ഭയമാണ്. ശരിയായ പേര് വിളിക്കാതെ തങ്കപ്പന്‍ എന്നേ വിളിക്കൂ. തറവാട്ടില്‍ അന്നുവരെ പുലര്‍ത്തിപ്പോന്ന അച്ചടക്കത്തില്‍ നിന്നു വ്യതിചലിച്ചവന്‍ അദ്ദേഹം മാത്രമാണ്. ആരേയും ഗൌനിക്കാതിരിക്കുക, ചീട്ടുകളി മുതല്‍ ചാരായം വരെയുള്ള കാര്യങ്ങളോട് അസ്പൃശ്യതയില്ലായ്മ തുടങ്ങിയവയൊക്കെ കൂടപ്പിറപ്പായിരുന്നു.
കൊളുത്തുകൊണ്ട മുറിവില്‍ മൂന്നു സ്റ്റിച്ച് ഇടേണ്ടിവന്നു. പിറ്റേന്ന് ആന്റിയേയും എല്ലാവരേയും ചീത്തവിളിച്ചു അച്ഛന്‍ തിരിച്ചു വിളിച്ചോണ്ടുവന്നു. അതില്‍പിന്നെ തറവാട്ടില്‍ പോകുന്ന പതിവ് അപൂര്‍വ്വമായി. അതില്‍ ആന്റി ഒരുപാട് ദുഃഖിക്കുകയും ചെയ്തു.
ഞാന്‍ ബൈക്ക് നിര്‍ത്തി. തൊട്ടുമുന്നില്‍ ഒരു മൂന്നുംകൂടിയ കവലയാണ്. മുമ്പ് വന്നിട്ടുള്ള വഴിയല്ലാത്തതിനാല്‍ അപരിചിതത്വം തോന്നി.
തറവാട്ടിലേക്ക് ആന്റിയെ ബൈക്കില്‍ ‘ഡ്രോപ്പ്’ ചെയ്യാന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ വാളൂര്‍പ്പാടം – എരയാംകുടി വഴി പോകാമെന്നാണ് മനസ്സില്‍ തീരുമാനിച്ചത്. പക്ഷേ വാളൂര്‍ ജംങ്ഷന്‍ കടന്നപ്പോള്‍ ആന്റി ഇടത്തോട്ടു കൈചൂണ്ടി.
“ഇതിലേ പോയാ മതി അപ്പ്വോ. അങ്ങ്ട് വേഗത്താം”
സത്യത്തില്‍ ആ വഴിയിലൂടെ പോയാല്‍ ഒരുപാടു സമയം ലാഭിക്കാന്‍ പറ്റുമെന്നൊന്നും തോന്നിയില്ല. വാളൂര്‍പ്പാടം വഴി പോയാലും പെട്ടെന്ന് എത്താം. പിന്നല്ലേ. എങ്കിലും ആന്റി പറഞ്ഞത് അനുസരിച്ചു ഇടത്തോട്ടു വണ്ടിതിരിച്ചു. കുണ്ടും കുഴിയും ചെളിക്കെട്ടും നിറഞ്ഞ വഴി കണ്ടപ്പോള്‍ ടാര്‍ചെയ്ത വാളൂര്‍പ്പാടം റോഡു തന്നെയാണ് തിരിച്ചുവരവിനു നല്ലതെന്നു ഉറപ്പിച്ചു.
എന്റെ സന്ദേഹം മനസ്സിലക്കി ആന്റി കവലയിലൂടെ നേരെ പോകാന്‍ പറഞ്ഞു. വളവുകഴിഞ്ഞ് ഒരുവലിയ ഇറക്കം. അതിനുശേഷം മെയിന്‍റോഡിലേക്ക് വണ്ടികയറി. പൈങ്കാവിനു ഇപ്പുറത്തെത്തിയെന്നു മനസ്സിലായി. തറവാട്ടിലേക്കു കുറച്ചു ഇനി ദൂരെമേയുള്ളൂ. ഇവിടെ അടുത്തെവിടെയോ ആണ് കുടുംബക്ഷേത്രം.
ചെറിയ ഇടവഴിയിലൂടെയാണ് ശേഷിച്ചുള്ള യാത്ര. ടാര്‍ ഇട്ടിട്ടുണ്ടെങ്കിലും ഒരു കാര്‍ എതിരെ വന്നാല്‍ സൈഡ് കൊടുക്കാന്‍ വിഷമിക്കേണ്ടിവരും.
കുടുംബക്ഷേത്രത്തിന് അടുത്തെത്തിയപ്പോള്‍ വണ്ടിനിര്‍ത്തി. ആന്റിയോട് കാത്തുനില്‍ക്കാന്‍ പറഞ്ഞപ്പോള്‍ മറുത്തൊന്നും പറയാതെ മന്ദഹസിച്ചു. നൊസ്റ്റാള്‍ജിയകളെ സ്നേഹിക്കുന്നവനാണെന്ന് പണ്ടേ അറിയാം.
ചെരുപ്പ് ഊരി ഉള്ളില്‍ കയറി. മുറ്റത്ത് ആലിലകള്‍ വീണുകിടക്കുന്നുണ്ട്. താന്‍ ഇതിനുമുമ്പ് വന്നപ്പോള്‍ ഈ ആല്‍ ചെറുതായിരുന്നു. കൈത്തണ്ട വലിപ്പമുള്ള നാലഞ്ച് ശാഖകള്‍ മാത്രം. ഇപ്പോള്‍ ഒരു ചുറ്റുമതിലൊക്കെ കെട്ടി സംരക്ഷിക്കാന്‍ മാത്രം വലുപ്പം വച്ചിട്ടുണ്ട്.
ശ്രീകോവില്‍ മാത്രമുള്ള അമ്പലമാണ്. കുറച്ചുമാറി ഒരു രക്ഷസും നാഗത്തറയും. കൊല്ലത്തില്‍ ഏതാനും ദിവസം മാത്രമേ പൂജയുള്ളൂ. പണ്ട് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ചെറിയതോതിലുള്ള ഉത്സവം നടത്താറുണ്ടായിരുന്നു. തറവാട് ക്ഷയിച്ചതോടെ അതുനിര്‍ത്തി. ഇപ്പോല്‍ രക്ഷസിനും നാഗങ്ങള്‍ക്കുമുള്ള പൂജ മുടങ്ങുകയാണ് പതിവ്.
അടച്ചിട്ടിരിക്കുന്ന നടക്കുനേരെ നിന്നു. ദുര്‍ഗ്ഗയാണ് പ്രതിഷ്ഠ. സന്ദേഹിയുടെ മനസ്സോടെ പ്രാര്‍ത്ഥിച്ചു.
“അമ്മേ ദേവി… അനുഗ്രഹിക്കണേ“
ഇക്കാലത്തെ പ്രാര്‍ത്ഥനകള്‍ എല്ലാം അത്തരത്തിലാണ്. നിറവേറ്റാനുള്ള ആഗ്രഹങ്ങളും, ആവശ്യങ്ങളും എണ്ണിയെണ്ണി പറയാറില്ല. ഒരുകാലത്ത് എണ്ണിയെണ്ണിപ്പറഞ്ഞ പലതും ഇന്നും നിറവേറ്റപ്പെടാതെ കിടക്കുകയാണ്. മറ്റു ചിലത് എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു. അതിനാല്‍ ഇക്കാലത്തു ആവശ്യങ്ങള്‍ ഒന്നും ഉണര്‍ത്തിക്കാറില്ല. പകരം അനുഗ്രഹം മാത്രം തേടും. ദേവിയുടെ അനുഗ്രഹം കിട്ടിയാല്‍ നടക്കാത്തതായി എന്തുണ്ട്!!
അമ്പലത്തിനു ചുറ്റും മൂന്നുവട്ടം വലംവച്ചു. ആന്റിയുടെ അടുത്ത് ആരോ കുശലംപറഞ്ഞു നില്‍ക്കുന്നത് ശ്രദ്ധിച്ചു. മൂക്കൊലിപ്പിക്കുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത് ഒരു ചെറുപ്പക്കാരി. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്. അപ്പുക്കുട്ടന് നാഗത്തറക്ക് ചുറ്റും ഒരുവട്ടം വലംവച്ചു പുറത്തിറങ്ങി.
അടുത്തെത്തിയപ്പോള് ചെറുപ്പക്കാരി ചിണുങ്ങിയ കൊച്ചിനെ ഇടതു ഇടുപ്പിലേക്കു മാറ്റി, മന്ദഹസിച്ചു ചോദിച്ചു.
“അപ്പു എന്നെ അറിയോ ആവോ?”
ചോദ്യം അപ്പുവിനോടായിരുന്നെങ്കിലും നോട്ടം ആന്റിയുടെ നേരെയായിരുന്നു. ‘അറിയില്ല’ എന്ന മറുപടി ഉയര്‍ന്നാല്‍ ഒരു വിശദീകരണം ആ മുഖത്തുനിന്നും അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും ചോദിക്കണ്ടേ എന്നുകരുതി ചെറുപ്പക്കാരി ഇറങ്ങിവന്ന ദിശയിലേക്കു നോക്കി. പലയിടത്തും കുമ്മായം അടര്‍ന്നുപോയ ചുമരുള്ള ഒരു ഓടിട്ട വീട്. അതിനടുത്തു പുതിയവീടു പണിയാന്‍ കരിങ്കല്ലുകൊണ്ടു തറ കെട്ടിപ്പൊക്കിയിരുന്നു. തറയുടെ ഒത്തനടുവില്‍ ഒരു വൃദ്ധ എന്തോ ആലോചിച്ചിരിക്കുന്നു. അതു പിടിവള്ളിയാക്കി.
“പുതിയ വീട് വക്കാമ്പോവാണല്ലാ?”
പിന്നെ വിടര്‍ന്നു ചിരിച്ചു. അപരിചതത്വം ഒട്ടുമില്ലാത്ത ചിരി. അതെങ്ങിനെ അപ്പോള്‍ മുഖത്തു വിടര്‍ന്നെന്നു അപ്പുക്കുട്ടനുപോലും മനസ്സിലായില്ല.
സത്യത്തില്‍ ആ ചെറുപ്പക്കാരി ആരെന്നോ ആ വീട് ആരുടെയാണെന്നോ മനസ്സിലായിരുന്നില്ല. വിളര്‍ത്തു മെലിഞ്ഞ മുഖത്തു നോക്കി അതു പറയാന്‍ മടിതോന്നിയതിനാല്‍ മറ്റുവഴികള്‍ തേടി.
ബൈക്ക് വിട്ടു. ചെറിയ ഇടവഴിയില്‍നിന്നു വീതിയുള്ള റോഡിലേക്കു കയറി. തറവാട്ടില്‍ പണിക്കു വരാറുള്ള കുറുമ്പന്റെ വീടിനടുത്തു എത്തിയപ്പോള്‍ മുഖംതിരിച്ചു ആന്റിയോട് അന്വേഷിച്ചു.
“ഏതാ ആന്റി ആ പെണ്ണ്?”
ആന്റിക്ക് ചെറുതല്ലാത്ത അമ്പരപ്പ്. പരിഭവത്തോടെ ചുമലില്‍ അടിച്ചു.
“അയ്യോ നിനക്ക് മനസ്സിലായില്ലേ… ദീപയല്ലേ അത്…“
കാല്‍പാദം ബ്രേക്കില്‍ അമര്‍ന്നു. ലോഹം ലോഹത്തിന്മേല്‍ അമര്‍ന്നു ‘കീ’ ശബ്ദമുണ്ടാക്കി. കേബിളിടാന്‍ കുഴിച്ച കുഴി നികത്തിയഭാഗം ഹമ്പുപോലെ റോഡിനു കുറുകെ. സൂക്ഷിച്ച് മറികടക്കുമ്പോള്‍ നോട്ടം ഇടതുവശത്തെ ഇടത്തരം പാറമടയിലേക്കു തിരിഞ്ഞു. അവിടെയിരുന്നു അച്ഛന്‍ ചീട്ട് കളിക്കുന്നത് കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്.
ആന്റി തുടര്‍ന്നു.
തുടരാന്‍ അപ്പുക്കുട്ടനും ആഗ്രഹിച്ചിരുന്നു!
“നിനക്കോര്‍മ്യല്ലേ പണ്ട് സ്മിതേടെ കല്യാണത്തിന് ദീപേനെ ചെര്‍ത്തുപറഞ്ഞു പിള്ളേര് കളിയാക്കിയപ്പോ നീ പെണങ്ങിപ്പോയത്”
അതുതന്നെയായിരുന്നു മനസ്സില്‍. ദീപയുമായി എളുപ്പം ബന്ധിപ്പിക്കുന്ന, ഓര്‍ത്തിരിക്കാവുന്ന ഏകസംഭവവും അതുതന്നെ. കല്യാണത്തിനുവന്ന പിള്ളേര്‍ മുഴുവന്‍ സുന്ദരിയെങ്കിലും സമപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയെ ചേര്‍ത്തുപറഞ്ഞു നിരന്തരം കളിയാക്കിയപ്പോള്‍ മുന്‍കോപക്കാരനായ കൌമാരക്കാരന്റെ നിയന്ത്രണം വിട്ടു. മൂന്നുപേരുമായി വഴക്കുണ്ടാക്കി. അതു കയ്യാങ്കളിയോളമെത്തി കല്യാണവീട്ടിലാകെ പ്രശ്നമായി. തങ്കപ്പന്റെ മകനായതുകൊണ്ട് ആരും കൈവക്കാന്‍ മുതിര്‍ന്നില്ല. പകരം അച്ഛന്‍ മാത്രമേ തല്ലിയുള്ളൂ. ജീവിതത്തില്‍ ആദ്യത്തേതും അവസാനത്തേതുമായ തല്ലല്‍.
അന്നു ക്ഷോഭിച്ചെങ്കിലും അതിനുമുമ്പും ശേഷവും ദീപയോട് ഉള്ളിന്റെയുള്ളില്‍ ഇഷ്ടമായിരുന്നു. കല്യാണദിവസത്തെ സംഭവത്തിനുശേഷം ശിവക്ഷേത്രത്തിലെ ഉത്സവം കണ്ടുമടങ്ങിവരുമ്പോള്‍ എല്ലാവര്‍ക്കും പിന്നില്‍നടന്നു ആ കൊച്ചുപെണ്ണിനെ ശ്രദ്ധിക്കുമായിരുന്നു. തിരിച്ചും നല്ല പരിഗണന തന്നെ ലഭിച്ചു. എന്നിട്ടും ദൂരം ഞങ്ങളെ തമ്മിലകറ്റി.
ഒന്നും മിണ്ടാത്തതു കൊണ്ടാകാം ആന്റി വീണ്ടും സന്ദേഹത്തോടെ വിളിച്ചു.
“അപ്പൂ. അവര്ടെ അവസ്ഥയിപ്പോ കഷ്ടാടാ. നീ തറ കെട്ടിയതുനോക്കി ‘പുതിയവീട് വക്കാന്‍ പോവാണല്ലോ‘ എന്നു ചോദിച്ചില്ലേ. സത്യത്തീ ആ തറ അങ്ങിനെ കെട്ടിച്ചിട്ടിട്ട് രണ്ടുകൊല്ലം ആവാറായി. ഇനി പണിയൂന്ന് തോന്നണില്ല”
മനസ്സിലൊരു കനം വീണു. അതിന്റെ നോവില്‍ ചോദിച്ചു.
“എവിടേക്കാ കല്യാണം കഴിച്ചയച്ചെ?”
“പൂപ്പത്തീക്ക്. ബന്ധത്തിലൊള്ള ആളന്നെ. പക്ഷേ അത് ശര്യായില്ല. ഇപ്പോ ഇവടെ നിക്കാണ്. കാശ് കൊറേ കൊടക്കാന്‍ണ്ടത്രെ. അന്നുമൊതല് ദേവുചേച്ചിക്ക് നല്ല സുഖമില്ല. എപ്പഴും ആ കരിങ്കല്ല് കെട്ടിയ തറയിലിരിക്കലാ പണി ”
ആന്റി ശാസിച്ചു.
“നിനക്ക് അവളോട് കുറച്ചൂടെ സംസാരിച്ചൂടായിരുന്നോ? പാവം… നീ മിണ്ടാണ്ട് പോയതു കണ്ട് വെഷമായിണ്ടാവും“ ഒന്നുനിര്‍ത്തി അര്‍ത്ഥഗര്‍ഭമായി പൂരിപ്പിച്ചു. “നിന്നെപ്പറ്റി സ്മിതേടട്ത്തു എപ്പഴും ചോദിക്കാറ്ണ്ട്. എവട്യാ, എന്താ ജോലീന്നൊക്കെ“
ഞാന്‍ ആന്റിയുടെ നേരെ തിരിഞ്ഞു നോക്കിയില്ല. മുഖം ചലിപ്പിച്ചു പോലുമില്ല. വഴിയിലെ ഹമ്പുകളേയും കുഴികളേയും മറച്ച് കണ്ണുകള്‍ നിറഞ്ഞു. നിറഞ്ഞു കവിഞ്ഞു. സാവധാനം ഒലിച്ചിറങ്ങി. കവിളിലേക്ക്. ഷര്‍ട്ട് കണ്ണിനുമുകളില്‍ ഓടിച്ചു വിഷയം മാറ്റി.
“കണ്ണിലെന്തോ കരടുപോയി. ചെറിയ നിറ്റല്‍”
ആന്റിയത് വിശ്വസിച്ചിരിക്കില്ല. എങ്കിലും കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാം.
ബാബുട്ടന്‍ ചേട്ടന്റെ വീടിനടുത്ത് ആന്റിയെ ഇറക്കി തിരിച്ചുപോരാന്‍ വണ്ടിതിരിക്കുമ്പോള്‍ ക്ഷണിച്ചു.
“തറവാട്ടീ വാ അപ്പൂ. സിതേം കൊച്ചും വന്നണ്ട്. വീട്ടീപ്പോയിട്ട് എന്തൂട്ടാത്ര പണി”
സ്നേഹപൂര്‍വ്വം നിരസിച്ചു. തിരക്കിട്ട പതിവുഷെഡ്യൂളുകള്‍ നിരത്തി യാത്രപറഞ്ഞു.
വാളൂര്‍പ്പാടം വഴി തിരിച്ചുപോകുന്നതാണ് എളുപ്പമെന്നു അറിഞ്ഞിട്ടും അതൊഴിവാക്കി വന്നവഴിയിലൂടെ തന്നെ ബൈക്ക് തിരിച്ചു. കുടുംബക്ഷേത്രത്തിനു അടുത്തെത്തിയപ്പോള്‍ ബ്രേക്കില്‍ താങ്ങി സാവധാനം പോയി. കുമ്മായം അടര്‍ന്നുവീണ ഓടിട്ട വീടിനു മുറ്റത്ത് കൊച്ചിനേയും ഒക്കത്തിരുത്തി ആരുമില്ല. കരിങ്കല്ല് കെട്ടിപ്പൊക്കിയ തറക്കു നടുവില്‍ എന്തൊക്കെയോ ആലോചിച്ച് ദേവുചേച്ചി മാത്രം അപ്പോഴുമുണ്ടായിരുന്നു.
അമ്പലത്തിനു ചുറ്റും മൂന്നുവട്ടം വലംവച്ചു. ആന്റിയുടെ അടുത്ത് ആരോ കുശലംപറഞ്ഞു നില്ക്കു ന്നത് ശ്രദ്ധിച്ചു. മൂക്കൊലിപ്പിക്കുന്ന കുഞ്ഞിനെ ഒക്കത്തെടുത്ത് ഒരു ചെറുപ്പക്കാരി. ഇങ്ങോട്ടു ശ്രദ്ധിക്കുന്നുണ്ട്. അപ്പുക്കുട്ടന് നാഗത്തറക്ക് ചുറ്റും ഒരുവട്ടം വലംവച്ചു പുറത്തിറങ്ങി.
അടുത്തെത്തിയപ്പോള് ചെറുപ്പക്കാരി ചിണുങ്ങിയ കൊച്ചിനെ ഇടതു ഇടുപ്പിലേക്കു മാറ്റി, മന്ദഹസിച്ചു ചോദിച്ചു.
“അപ്പു എന്നെ അറിയോ ആവോ?”
ഗതകാലം ഒരു നൊമ്പരമാണ് ഇന്നെന്നില്‍.
അതിന്റെ ഒരു തിരുശേഷിപ്പ്.
പെട്രോള്‍ പമ്പിലെ പെണ്‍കുട്ടി എന്ന പോസ്റ്റിലെ ആശയവുമായി സാമ്യം തോന്നാമെങ്കിലും വ്യത്യസ്തഭൂമികയില്‍ വ്യത്യസ്തരീതിയില്‍ സംഭവിച്ചതും, എന്നാല്‍ കൂട്ടിച്ചേര്‍ത്തതുമായ കാര്യങ്ങളാണ് ഇവിടെ പ്രതിപാദ്യം.
എല്ലാ സുഹൃത്തുക്കളും വായിക്കുക അഭിപ്രായമറിയിക്കുക
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഇന്നൊന്നും ഇത്തരം കാഴ്ചകൾ ഉണ്ടാകില്ല അല്ലേ സുനിൽ.. പണ്ട് കാലത്താണെന്ന് തോന്നുന്നു.. ഒരു പക്ഷെ ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് എത്ര അധികം കേട്ടിരിക്കുന്നു ഇത്തരം സംഭവങ്ങൾ.. പിന്നെ, ഒരു പഴയ കാല കഥ വായിച്ച ഫീൽ.. നന്നയി…
“ഒരുകാലത്ത് എണ്ണിയെണ്ണിപ്പറഞ്ഞ പലതും ഇന്നും നിറവേറ്റപ്പെടാതെ കിടക്കുകയാണ്”
പഴയകാല ഓര്‍മ്മകള്‍ ഉണര്‍ത്തിയ കഥ.
valare nannayezhuthi…oru nombaram manasilunarthaan kazhinju..
ദാരാ ഇത് ഇദാരാ ഇത് എം. റ്റി. യുടെ അനിയനോ……
തകര്‍ന്ന തരവാടുകളെ പറ്റി എഴുതിയാല്‍ എം.ടി യുടെ അനിയന്‍ ആകുമോ ഭായ്
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
നന്നായി എഴുതിയിരിയ്ക്കുന്നു, സുനില്‍.
നന്നായിരിക്കുന്നു സുനീ(വേഡ് വെരി പുതിയസംഭവമാണല്ലോ ഇവിടെ 🙂
ഒരു ചെറു നൊമ്പരം ഉള്ളിലുണര്‍ത്തിയ നല്ല കഥ 🙂
nice one..
വളരെ നന്നായിരിക്കുന്നു. മനസ്സിന്റെ അടിയിലെവൈടെയോ നിന്നും പഴകിയതെങ്കിലും .ഗൃഹാതുരത്വമുണർത്തുന്ന ചില സുഗന്ധങ്ങൾ…..
നമ്മുടെ വാളൂരിനെ മറ്റൊരു കൂടല്ലൂരാക്കുമോ സഖാവേ?
@ ശ്യാമന്‍
വാസൂനെ ഇങ്ങിനെ അപമാനിക്കരുത്
😉
Upasana
ഉപാസനേ…
ഈ റോഡ്…, ഇനി സ്ഥിരാവ്വോ….!
തന്റെ ആ പഴയ ഫീല്‍ കിട്ടീലാട്ടോ… എന്നാലും കൊള്ളാം…!
ഉപാസന ഭായ്..
അപ്പൂട്ടൻ എന്ന കഥാപാത്രത്തെ ഇത്രയും കരയിക്കേണ്ടായിരുന്നു. ഈ കരച്ചിൽ കാണിക്കുന്നത് ശക്തമായ സ്നേഹ ബന്ധത്തെയാണ്, എന്നാൽ കഥയിലെ സ്നേഹബന്ധം അത്ര പവ്വർ ഫുള്ളായി അവതരിപ്പിച്ചിട്ടുമില്ലതാനും. ഇത്രമാത്രം കരയിക്കുന്ന,ദുഖമുണ്ടാക്കുന്ന കാമുകിയായിരുന്നെങ്കിൽ,ഏതു രൂപത്തിലൊ ഏതവസ്ഥയിലൊ ആ കാമുകിയെ കണ്ടാൽ ആ നിമിഷം തിരിച്ചറിയപ്പെടും അതാണ് സ്നേഹബന്ധം…
പറഞ്ഞുവന്നത് കരയിച്ച സംഗതി വേണ്ടായിരുന്നു,നൊമ്പരമാകാം പക്ഷെ ഇത്….
ഒരോഫേയ്..
സഹയാത്രികൻ വീണ്ടും!!!!!!!!!!! ഹായ്…
സഹന്‍ എത്തിയതില്‍ കുഞ്ഞനോപ്പം ഞാനും സന്തോഷിക്കുന്നു
രണ്ടു പേര്‍ക്കും മറുപടി ഉടന്‍ ഇടാം
🙂
ഉപാസന
നല്ല കഥ….ഭംഗിയായി പറഞ്ഞ് അവസാനിപ്പിച്ചിരിക്കുന്നു…..
ഭായി വീണ്ടുമെത്തി, അപ്രതീക്ഷിതമായി. സന്തോഷം. ജീവിതം കരകയറിക്കൊണ്ടിരിക്കുകയാണെന്നു അറിയിക്കട്ടെ. 🙂
എന്റെ പഴയ എഴുത്തിന്റെ ഫീല്‍ കിട്ടിയില്ല എന്നു പറയുമ്പോള്‍ ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. എന്താണെന്നു വച്ചാല്‍ ഞാന്‍ ജീവിതത്തില്‍ നിന്നുള്ള ഏടുകള്‍ എഴുതുന്നത് നിര്‍ത്തി“ എന്നത്. 🙂
ഈ പോസ്റ്റ് സാങ്കല്പികമായ ആശയത്തെ ആസ്പദമാക്കിയുള്ള ഒന്നാണ് (കഴിഞ്ഞ നാലു പോസ്റ്റും അങ്ങിനെതന്നെ. ഇനി വരാനിരിക്കുന്നതും അങ്ങിനെയുള്ളവ തന്നെ) മനസ്സില്‍ അവിചാരിതമായി കിട്ടുന്ന സ്പാര്‍ക്കുകളെ ജീവിതത്തിലെ പരിചിതസന്ദര്‍ഭങ്ങളോടു ഇണക്കിച്ചേര്‍ത്തു എഴുതിയതാണ് ഈ പോസ്റ്റുള്‍പ്പെടെയുള്ളവ. മുന്‍പോസ്റ്റുകള്‍ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളാണ്. അവയില്‍ ഭാവന വളരെ കുറവാണ്. “പെട്രോള്‍പമ്പിലെ പെണ്‍കുട്ടി” മുതലിങ്ങോട്ടുള്ള എല്ലാ പോസ്റ്റുകളിലും ഭാവനയാണ് മുഖ്യം.
അപ്പോള്‍ ഞാന്‍ എല്ലാം പറഞ്ഞവസാനിപ്പിക്കുകയാണ് ഭായ്. ഇനി മുതല്‍ “കഥ” എഴുതാനുള്ള ശ്രമങ്ങളാണ്. ജീവിതത്തിലെ ഓര്‍മ്മക്കുറിപ്പുകളെന്നു പറയാവുന്ന അപൂര്‍വ്വമായി വന്നേക്കാമെന്നു മാത്രം.
ഭായിക്ക് പ്രണാമം. ജീവിതം നന്നായി പോകുന്നെന്നു കരുതുന്നു.
🙂
ഓഫ് : ഞാന്‍ ആ വഴിക്ക് അപൂര്‍വ്വമായേ പോകാറുള്ളൂ. ഇനിയും അങ്ങിനെതന്നെ. 🙂 (ഇതിനു താഴെയുള്ള കമന്റ് നോക്കൂ)
@ കുഞ്ഞന്‍
കാമുകി ??? 🙂
ശിവ..! ശിവ..!
കുഞ്ഞന്‍ മനസ്സിലാക്കണം കഥയില്‍ അവര്‍ തമ്മില്‍ വലിയ പ്രണയം ഒന്നുമില്ല. അച്ഛന്റെ തറവാടിനടുത്തുള്ള ഒരു പെണ്‍കുട്ടിയെ ദൂരെ നിന്നു വരുന്ന ഒരു പയ്യന്‍ അപൂര്‍വ്വമായി കാണുന്നു. അവര്‍ തമ്മില്‍ ഒരു അറ്റ്രാക്ഷന്‍ ഉണ്ട്. പക്ഷേ അതു പ്രണയമാണൊ എന്നൊന്നും കഥയില്‍ ഞാന്‍ നിരീക്ഷിച്ചിട്ടില്ല, അന്വേഷിച്ചിട്ടില്ല.
കരയുക എന്നതല്ല മറിച്ച് ഒരു സങ്കടാവസ്ഥ നായകന്റെ മനസ്സില്‍ ഉളവായി എന്ന ചിന്ത വായനക്കാരിലേക്കു കടത്തിവിടാനേ ഞാന്‍ ശ്രമിച്ചുള്ളൂ.
എല്ലാ നിരീക്ഷണങ്ങളും നന്ദി സുഹൃത്തേ
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഓഫ് : കുറച്ച് എഡിറ്റിങ്ങിനു വകയുണ്ട്. കുറച്ചുകൂടി നന്നാക്കാമായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു.
@ സഹയാത്രികന്‍ & കുഞ്ഞന്‍
ഈ പോസ്റ്റിന്റെ തന്തു കിട്ടിയതെങ്ങിനെ എന്നാണ് പറയാന്‍ പോകുന്നത്. സഹന്‍ “ഇനിയും ആ വഴി പോകുമല്ലോ” എന്നും കുഞ്ഞന്‍ “കാമുകി” എന്നും പരാമര്‍ശിച്ചതിനാല്‍ മാറ്റ്ര്ഹം അതിനു തുനിയുന്നു.
അച്ഛന്റെ അനുജത്തിയെ (ആന്റി) എന്റെ വീട്ടില്‍ നിന്നു തറവാട്ടിലേക്കു (മാമ്പ്ര എന്ന സ്ഥലം. കുഞ്ഞനു പരിചയം ഉണ്ടാകും) ഡ്രോപ്പ് ചെയ്യാന്‍ പോയി. മാമ്പ്രയിലെത്തുമ്പോള്‍ കുറച്ചു ഇടവഴികളൊക്കെ താണ്ടണം. ആ വഴിക്ക് ഒരു ക്ഷേത്രമുണ്ട്. പക്ഷേ അതു ഞങ്ങളുടെ കുടുംബക്ഷേത്രം ഒന്നുമല്ല. ഹഹഹ (ഒന്നാമത്തെ ഭാവന ഇവിടെ) ഞങ്ങളുടെ കുടുംബക്ഷേത്രം പൂപ്പത്തിയിലാണ്. ഞാന്‍ ഇന്നുവരെ പോയിട്ടില്ല അവിടെ. 🙂
ഞാന്‍ ആ ക്ഷേത്രത്തിനടുത്ത് വണ്ടി നിര്‍ത്തിയൊന്നുമില്ല. ധ്യാനിച്ചു എന്നത് സത്യമാണ്.
അമ്പലം ക്രോസ് ചെയ്തപ്പോള്‍ ഒരു ചേച്ചി വരുന്നതു കണ്ടു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ വീട്ടിലെ എല്ലാ വിശേഷങ്ങള്‍ക്കും ആ ചേച്ചിയെ കണാറുണ്ട്. അന്നു വിവാഹം കഴിഞ്ഞിട്ടില്ല. എന്നേക്കാളും പ്രായക്കൂടുതല്‍ ഉണ്ട്. ആ ചേച്ചിയെ കണ്ടപ്പോള്‍ ആന്റി വണ്ടി നിര്‍ത്താന്‍ പറഞ്ഞു. അവര്‍ തമ്മില്‍ സംസാരിച്ചു. കൂട്ടത്തില്‍ ആന്റി “തങ്കപ്പന്റെ മോനാ” എന്നു പറഞ്ഞു എന്നെ പരിചയപ്പെടുത്തുകയും ചെയ്തു. ഞാനൊന്നും മിണ്ടിയില്ല. പകരം എന്റെ താടിയൊന്നു ഉഴിഞ്ഞു. (അച്ഛനെ അവിടെ ഉള്ളവര്‍ക്കെല്ലം ഒരുതരം പേടികലര്‍ന്ന ഇമേജ് ഉണ്ട്. കുറച്ചൊക്കെ കര്‍ക്കശക്കാരനായതിനാല്‍. അച്ഛന്റെ ആ സ്വഭാവമൊക്കെ എനിക്കാണ് കിട്ടിയിരിക്കുന്നതെന്നാണ് ബന്ധുക്കള്‍ക്കിടയില്‍ പറച്ചില്‍. പിന്നെ ചിരിച്ചുകുഴഞ്ഞ് ഞാനായിട്ട് അതെന്തിനു കുളമാക്കണം). ആന്റി പിന്നെ എന്തോ ചോദ്യത്തിനുത്തരമായി “ബാംഗ്ലൂരിലാ” എന്നും പറയുന്നത് അവ്യക്തമായി കേട്ടു. പിന്നെ ഞാന്‍ താമസിച്ചില്ല. കനത്ത സ്വരത്തില്‍ വിളിച്ചു “ആന്റി പോകാം”. സത്യം പറയാലോ കുഞ്ഞാ ആ ചേച്ചി ഇത്തിരി പേടിച്ചു. ഞാന്‍ വണ്ടി വിടുകയും ചെയ്തു.
ഇനി രണ്ടാമത്തെ ഭാവനയുടെ കാര്യം.
ആ ചേച്ചി നല്ല നിലയിലാ. അഞ്ചാറ് പവനുള്ള ഒരു മാല. കയ്യില് വള. നല്ല ഡ്രസ്സിങ്ങ്. ഒക്കെ സൂപ്പര്‍.
പക്ഷേ അതേപോലെ എനിക്ക് എഴുതാന്‍ പറ്റുമോ. ഞാന്‍ ആ ചേച്ചിയെ കഥയില്‍ “ഡൈവോഴ്സ്” ചെയ്യിപ്പിച്ചു. ആ ചേച്ചിയുടെ പരിസരത്തെങ്ങുമില്ലാത്ത അമ്മയെ മാനസികരോഗിയാക്കി. പോരാഞ്ഞ് എന്നേക്കാളും വയസ്സുള്ള, എന്റെ ചേച്ചിമാരുടെ സമപ്രായക്കാരിയായ അദ്ദേഹത്തെ… അദ്ദേഹത്തെ (ഗദ്ഗദം വരുന്നു കുഞ്ഞാ ഗദ്ഗദം വരുന്നു) എന്റെ ബാല്യകാലകാമുകിയാക്കി!! :-(((
ഇപ്പോള്‍ കുഞ്ഞന്റെ മനസ്സിലെന്താണുള്ളതെന്നു ഞാന്‍ പറയട്ടെ.
ഞാനൊരു ക്രൂരനാണെന്ന ചിന്ത. അല്ലേ?
അതേ കുഞ്ഞാ ഞാനൊരു ക്രൂരനാണ് ഒരു പാവം ക്രൂരന്‍.
:-)))
കഥയുടെ തീം ആരോടും പറയണ്ട കേട്ടോ
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
Nanayi ezhuthiyirikkunnuuuu
ആ ബൈക്കിന്റെ കൂടെ ഞാനും സഞ്ചരിച്ചു-അനുഭവമാണന്നാ കരുതീത്-പിന്നീടാണ് ലേബല്‍ ശ്രദ്ധയില്‍ പെട്ടത്-നന്നായിരിക്കുന്നു.ആശംസകള്‍
swayam karayukayum mattullavare karayikkukayum cheyyunna appu.
ഉപാസനയുടെ എഴുത്ത് വായിക്കുന്ന വരെ സെന്‍റി എഴുത്ത് എളുപ്പമാണെന്ന് വിശ്വസിച്ചിരുന്നു.പക്ഷേ ഇപ്പൊ ഒന്ന് ഉറപ്പായി, ഇതേ പോലെ എഴുതാന്‍ ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.നന്നായി എന്നല്ല വളരെ നന്നായി.പഴയ ചില സുഹൃത്തുക്കളെ ഒന്ന് കൂടി കാണണമെന്ന് ഫീലിംഗ്, അതേ പോലെ നമ്മളെ ഇഷ്ടപ്പെടുന്നവരെ നമ്മള്‍ മറ്ന്നു എന്ന് ആലോചിച്ചുള്ള ഫീലിംഗ്, എല്ലാം ഇതിലുണ്ട്
സുനില്‍… ആദ്യമായിട്ടാണ് ഞാന്‍ താങ്കളുടെ ബ്ലോഗില്‍ വരുന്നത്… ഇനി എന്നും തുടരും എന്റെ സന്ദര്‍ശനം… അതിനായി എന്റെ ബ്ലോഗില്‍ താങ്കളുടെ ലിങ്ക് കൊടുക്കുന്നു…
ഇത് അനുഭവമല്ല, കഥയാണ് എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല… അത്രയ്ക്ക് മനോഹരമായിരിക്കുന്നു… അഭിനന്ദനങ്ങള്‍…
This comment has been removed by the author.
nalla katha
Kazinja kalam…!
Manoharam, Ashamsakal…!!!
theerchayaayum ee kadhaa krithil oru nalla bhaavi kaanunnu..
നന്നായിട്ടുണ്ട് .നല്ല എഴുത്ത് ..ആശംസകള്‍
മനോരാജ് : ഇപ്പോഴും ഇത്തരം കാഴ്ചകള്‍ ഉണ്ട് സുഹൃത്തേ. പലതും നാം അറിയാതെ പോവുകയല്ലേ എന്നാണ് സങ്കടം.
റാംജി : അതെ ഒരുപാടുണ്ട്. അവ നിറവേറ്റപ്പെടാനും പോകുന്നില്ല.
നഷ്ടങ്ങള്‍ എന്നെന്നേക്കുമുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം.
സുചന്ദ് : അജ്ഞാതനായ സുഹൃത്തെ നിനക്ക് ഒരുപാട് നന്ദി.
എതിരണ്ണാ : ഞാന്‍ ഇനിയും എം.ടിയുടെ അനിയന്‍ ആകും കേട്ടോ. അച്ഛന്റേത് ഒരു കൂട്ടുകുടുംബം ആണ്. വേണമെങ്കില്‍ ഒരുപാട് എഴുതാനുണ്ട്. എം ടി വഴിയാണ് പുസ്തകവായനയിലേക്കു പ്രവേശിച്ചത്. ഇഷ്ടമുള്ള ഒട്ടേറെ കഥകള്‍ എഴുതിയിട്ടുണ്ട് അദ്ദേഹം.
ശോഭിന്‍ : ഒകെ സര്‍.
ആഗ്നേയ : വേര്‍ഡ് വെരി എടുത്തുമാറ്റിയപ്പോള്‍ എനിക്ക് ചൈനീസ് കമന്റുകള്‍ വീണു. എന്തായാലും ഇനി അതു വക്കണ്ട എന്നാണു തീരുമാനം.
ജെന്‍ഷിയ : ഉണരട്ടെ നൊമ്പരങ്ങള്‍.
എല്ലാ സുഹൃത്തുക്കള്‍ക്കും ഉപാസനയുടെ പ്രണാമം.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
സ്മിതേച്ചി : വായിച്ചത്തില്‍ സന്തോഷം.
ശ്യാമന്‍ : സഖാവല്ല. 😉
സഹയാത്രികന്‍ : സ്ഥിരാവില്ല, ഉറപ്പ്. ആരെങ്കിലും ഉണ്ടായാലല്ലേ ഭായ്.
കുഞ്ഞാ : മുമ്പ് പറഞ്ഞല്ലോ.
ചാണക്യന്‍ : പോരായ്മകളും ചൂണ്ടിക്കാണിക്കുക. 🙂
പാതിരാമണല്‍ : ആദ്യവരവിനു നന്ദി.
ജ്യോ : അനുഭവം ആണെങ്കില്‍ പോസ്റ്റിന്റെ ലേബല്‍ “എന്റെ ജീവിതം” എന്നായിരിക്കും. ഉറപ്പു തരുന്നു.
എല്ലാ സുഹൃത്തുക്കള്‍ക്കും ഉപാസനയുടെ പ്രണാമം.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഉണ്ണിമോള്‍ : കാര്യമുണ്ടെങ്കില്‍ കരയട്ടെ അവന്‍. അല്ലാണ്ടെന്താ.
അരുണ്‍ : അധികം പഠിക്കാനൊന്നുമില്ല ഭായ്. നിരീക്ഷണം, വിശകലനം, ഭാവന ഇവ മൂന്നും അങ്ങട് പ്രയോഗിച്ചാല്‍ മതി. 🙂
വിനുവേട്ടന്‍ : ഹരിയണ്ണനെപ്പോലെയാണല്ലാ ഭായ്. പേരിന്റെ കൂടെ ‘ചേട്ടന്‍’, ‘അണ്ണന്‍’ എന്നൊക്കെ കൂട്ടിച്ചേര്‍ത്ത് അങ്ങിനെ വിളിപ്പിക്കുക (ചുമ്മാ പറയണതാണ് സീരിയസാക്കണ്ട 🙂 മറ്റേ പുള്ളി സീരിയസാക്കിയാലും എനിക്ക് പ്രശ്നല്ല്യാ 😉 )
ലിങ്ക് കൊടുത്തോളൂ. അങ്ങിനെയെങ്കിലും നാലാള് കൂടുതല്‍ വായിക്കട്ടെ. ആദ്യവരവിനു നന്ദി. 🙂
അനുഭവമല്ല, കഥയാണ്. ജീവിതം തന്നെ ഒരു കഥയല്ലേ ഭായ്. നമ്മളൊക്കെ എപ്പോഴാണ് വെട്ടിനീക്കപ്പെടുക എന്നറിയാത്ത അതിലെ കരുക്കള്‍ മാത്രം.
സുചിത്ര : ആദ്യവരവിനു നന്ദി അജ്ഞാതസുഹൃത്തേ. 🙂
Suresh Bhai : 🙂
Sirjan : Thanks for compliments
Snow White : Thanks for reading 🙂
എല്ലാ സുഹൃത്തുക്കള്‍ക്കും ഉപാസനയുടെ പ്രണാമം.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
വളരെ നന്നായിരിക്കുന്നു .. ഇനിയും ഇത്തരം കഥകള്‍ പ്രതീക്ഷിക്കുന്നു .. ഗ്രാമത്തിന്റെ നിര്‍മ്മലതയിലൂടെ കൂട്ടിക്കൊണ്ടു പോയതിനു ഒരായിരം നന്ദി .. ഒരു സത്യന്‍ അന്തിക്കാട് സിനിമ കണ്ട ഫീല്‍ ഉണ്ട് .. എല്ലാ ഭാവുകങ്ങളും നേരുന്നു..
പെണ്ണിനേക്കാൾ സുന്ദരം പെണ്ണിന്റെ മുഖം.കഥ ചേതോവികാരം ഉളവാക്കുന്നത്,പ്രചോദനം കിട്ടിയ സന്നർഭവിവരണം അതിനെക്കാൾ ഉത്തമം.സുനിലിന്റെ ജീവിതഗന്ധിയായ എഴുത്തുതന്നെ തുടരണം.മനോഹരമായ ശൈലി.തുടർച്ചയായിത്തന്നെ എഴുതണം. ഒരു നിരാശയുടെ നിഴലിലാണോ നീങ്ങുന്നതെന്ന സംശയം…എല്ലാ കഥകളിലും ആ നിഴലുണ്ട്…കള്ളാ ഇനിയും വെളിച്ചത്തിലേയ്ക്ക് വരൂ….
നന്നായിട്ടുണ്ട്…എവിടെയൊ നഷ്ടപ്പെട്ട് പോയ കുട്ടിക്കാലവും അതു തന്ന മധുരമുള്ള നോവുകളും ഓർമ്മയിലേക്ക് ഓടിയെത്തുന്നു…നന്ദി സുനീ…വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു….
കുഞ്ഞവറാനേ : എപ്പോഴും ഇതേപോലുള്ള കഥകള്‍ എഴുതാനൊക്കുമോ ഭായ്. എന്റെ ബ്ലോഗ് കമന്റ് ബോക്സില്‍ സത്യന്‍ അന്തിക്കാടിനെപ്പറ്റി പരാമര്‍ശം വരുന്നത് ഇതു മൂന്നാമത്തെ തവണയാണ്. എന്നില്‍ ഒരു തിരക്കഥാകാരനുണ്ടോ ?? 😉
വിഎ : മുഖത്തു എന്തിരിക്കുന്നു സഖേ ? 🙂
നിരാശ എന്നത് എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു. നിരാശയെ എങ്ങിനെ അടിച്ചമര്‍ത്തണമെന്നു എനികു നല്ല നിശ്ചയമാണ്. എന്നെ വിശ്വസിക്കൂ. നിരാശനാണെങ്കിലും ഞാന്‍ നിരായുധനാകാറില്ല. എനിക്കു ചുറ്റും ഇരുട്ടുണ്ടെന്നു ഞാന്‍ കരുതണോ. ഒരു പക്ഷേ ഭാവി (പ്രൊഫഷന്റെ) യിലേക്കുനോക്കുമ്പോള്‍ അങ്ങിനെയുണ്ടെന്നു ഇടക്കു തോന്നാറുണ്ട്. വി എ ക്കു നന്ദി
മുസ്തഫ : താങ്കള്‍ ഓരോന്നോരാന്നായി വായിക്കുകയാണല്ലേ. ഓരോ വായനയും ഈ എഴുതുന്നവനെ ഉത്സാഹഭരിതനാക്കുന്നുണ്ടെന്നും അറിയിക്കട്ടെ. വീണ്ടും തുടരുക. പുരാവൃത്തങ്ങളിലേക്കും സ്വാഗതം => http://moooppan.blogspot.com
മൂന്നും പേര്‍ക്കും പ്രണാമം.
🙂
എന്നും സ്നേഹത്തോടെ
ഉപാസന || സുപാസന