ശങ്കരമ്മാൻ കാവ് – 3

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ശ്രദ്ധിക്കുക: ശങ്കരമ്മാൻ കാവ് പാര്‍ട്ട് – 2 എന്നതിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

ചാറ്റല്‍‌മഴ കനത്തുവരികയായിരുന്നു. തമ്പി ക്ഷേത്രകവാടത്തിലെ ഗേറ്റുചാടി അകത്തുകടന്നു. ശ്രീകോവിലിനു അടുത്തേക്കു നടക്കുമ്പോൾ പൂച്ചയേക്കാളും വലിപ്പമുള്ള രണ്ടു പെരുച്ചാഴികൾ കുറുകെചാടി. തിരിഞ്ഞോടിയെങ്കിലും രണ്ടു നിമിഷത്തിനുള്ളിൽ തമ്പി കാര്യങ്ങൾ മനസ്സിലാക്കി ആശ്വസിച്ചു.

“ശവങ്ങൾ… ഏതുനേരോം ഈ പരിപാടി തന്നെ. മനുഷ്യനെ പേടിപ്പിച്ചളഞ്ഞു“

കാവിനു മുന്‍‌വശത്തു വലിയ ഒരു ആല്‍‌മരമുണ്ട്. ശങ്കരമ്മാന്റെ കാലം മുതലേ ഉള്ളതാണെന്നാണ് കേൾവി. ചെങ്കല്ലു‌കൊണ്ടു സമചതുരത്തിൽ ആല്‍ത്തറയും പണിതിട്ടുണ്ട്. തറക്കു നടുവിൽ, ആലിനു മുന്നിലായി രണ്ടടിപൊക്കവും അഗ്രഭാഗത്തു ജപിച്ചചരടുകൾ പരസ്പരം കൂട്ടിക്കെട്ടിയതുമായ ഒരു ശൂലം. മുമ്പു കണ്ടിട്ടുള്ള കാഴ്ചയായതിനാൽ തമ്പി ഭയന്നില്ല. മഴയിൽ അണഞ്ഞ ബീഡി കത്തിക്കാൻ തീപ്പെട്ടിയെടുത്തു. ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തിൽ എരിയാൻ മടിച്ച ബീഡിക്കുറ്റി ചുണ്ടോടടുപ്പിച്ചു ശ്വാസം ആഞ്ഞുവലിക്കുമ്പോൾ നിശബ്ദതയിൽ ചില അപശബ്ദങ്ങൾ ഉയർന്നു. അവ തമ്പിയെ ജാഗരൂകനായി. അടുത്തെവിടെയോ ചുള്ളിക്കമ്പുകൾ ഒടിയുന്ന ശബ്ദം. നനഞ്ഞ കരിയിലകളിൽ ആരുടെയോ പാദങ്ങൾ പതിയുന്ന നേര്‍ത്ത ശബ്ദം.

തമ്പി അന്ധാളിച്ചു ചുറ്റും നോക്കി. സമീപത്തെങ്ങും ഒരു ജീവിയുമില്ല. എങ്ങും ഇരുട്ടുമാത്രം. രാവിന്റെ നിശബ്ദതയെ അലസോരപ്പെടുത്തി കവലയിൽ കെ‌എസ്‌ഇ‌ബിയുടെ ട്രാന്‍സ്‌ഫോമർ പതുക്കെ മൂളിക്കൊണ്ടിരുന്നു. അനുനിമിഷം ഉയര്‍ന്ന ടെന്‍ഷന്റെ വേലിയേറ്റത്തിൽ ചുണ്ടിലെരിയുന്ന ബീഡി തമ്പി വലിച്ചെറിഞ്ഞു. ആല്‍ത്തറക്കു സമീപം രണ്ടുചാൽ ഉലാര്‍ത്തി. ഏഴിലം‌പാലച്ചുവട്ടിലെ കരിപിടിച്ച ഓട്ടുവിളക്ക് കണ്ണില്‍‌പെട്ടു. കാലാകാലങ്ങളായി കറുത്തവാവുകളിൽ മാത്രം ഏഴുതിരിയിട്ടു കത്തിക്കാറുള്ള നിലവിളക്ക്. അതിനുചുറ്റും ഇരുട്ടിന്റെ കട്ടി ആവരണം. കറുത്തവാവായിട്ടും വിളക്കു കത്തിക്കാത്തതിൽ തമ്പി ആശ്ചര്യപ്പെട്ടു. പടമാൻ‌വീട്ടുകാർക്കു ശ്രദ്ധയില്ലെന്നു കുറ്റപ്പെടുത്തി. അതിനൊപ്പം മനസ്സിൽ ചില തിരിച്ചറിവുകളും ഉണ്ടായി. അവ കക്കാടിന്റെ എത്തീസ്റ്റിനെ നടുക്കി. വിളക്ക് കത്തിച്ചിട്ടില്ലെങ്കിൽ അതിനര്‍ത്ഥം ഇന്നു പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം സ്വതന്ത്രയാണു എന്നാണ്.

Read More ->  അഡ്വക്കേറ്റിന്റെ നമ്പറുകൾ - 2

തമ്പിയുടെ നെറ്റിയിൽ വിയര്‍പ്പുകണങ്ങൾ ഉരുണ്ടുകൂടി. അതെ. കൊരട്ടിപ്പള്ളി സെമിത്തേരിയിൽ ഏഴുദിവസം തുടര്‍ച്ചയായി അന്തിയുറങ്ങി കൊലകൊമ്പൻ പ്രേതങ്ങളെ വെല്ലുവിളിച്ച ചെറാലക്കുന്നിന്റെ തമ്പി ഭയന്നിരിക്കുന്നു. കാതിക്കുടം ഇടമറുക് എം.സി.ഗോപിയുടെ വത്സലശിഷ്യനു പ്രേതഭയം. എന്താ കഥ.

അച്ഛനും ശേഖരൻ വെളിച്ചപ്പാടും ഒന്നിക്കുമ്പോൾ ശങ്കരമ്മാൻ കാവിനേയും അന്തര്‍ജ്ജനത്തേയും പറ്റി പറയാറുള്ള പഴയകാല സംഭവങ്ങൾ തമ്പിയുടെ മനോമുകുരത്തിൽ തെളിഞ്ഞു. അന്തര്‍ജ്ജനം കണ്ണാമ്പലത്തുവീട്ടിൽ പുരുഷുച്ചേട്ടനെ മോഹിച്ചതും അദ്ദേഹത്തെ ശാസ്താവ് കാത്തതുമെല്ലാം പലതവണ കേട്ടിട്ടുണ്ട്. തമ്പിക്കു അത്തരം പഴങ്കഥകളിൽ വിശ്വാസമില്ല. ഇവയെല്ലാം സംഭവിച്ചത് വളരെക്കാലം മുമ്പാണ്. നാട്ടിലാണെങ്കിൽ കേട്ടുകേഴ്വികളുടെ ചാകരയും. അന്തർജ്ജനമെന്ന മിത്തും അത്തരത്തിലുള്ള ഒന്നാണെന്നാണ് വാസുട്ടന്റേയും അഭിപ്രായം. പക്ഷേ ഇപ്പോൾ മനസ്സിലൊരു സന്ദേഹം. അത്തരം കേട്ടുകേഴ്‌വികൾ സത്യമാണെന്നു സാഹചര്യങ്ങൾ തോന്നിപ്പിക്കുന്നു. തമ്പി കുഴങ്ങി. മനസ്സിനു ലാഘവത്വം വരുത്താനായി മഴവെള്ളം രണ്ടിറക്കു കുടിച്ചു. പ്രണയിനിയുടെ ഓര്‍മകളെ വീണ്ടും താലോലിച്ചു.

“അക്കരെയാണെന്റെ മാനസം…”
“ഇക്കരെയാണെന്റെ താമസം…”

രണ്ടുവരികൾ പാടി നിര്‍ത്തി. കാറ്റിൽ ഞെട്ടറ്റുവീണ, അരുകിൽ വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച ഒരു പാലപ്പൂ കുനിഞ്ഞെടുത്തു വാസനിച്ചു. “എന്തൊരു മണാ ഇതിന്. ആന്റൂനോട് ഷാപ്പീ കൊറച്ച് പൂവ് കൊണ്ടുവക്കാൻ പറേണം. കള്ളിന്റെ നാറ്റം പോയിക്കിട്ടും”

തമ്പി ശ്വാസം ആഞ്ഞുവലിച്ചു. പാലപ്പൂവിന്റെ സുഗന്ധം നുകര്‍ന്നു. കണ്ണുകൾ പാതിയടഞ്ഞു. അതേനിമിഷം തന്നെ തമ്പിയുടെമേൽ ഒരു സ്ത്രീയുടെ നിഴൽ പതിഞ്ഞു. ചീവീടുകളുടെ കാറലുകളും വൃക്ഷത്തലപ്പുകളുടെ ചാഞ്ചാട്ടങ്ങളും പൊടുന്നനെ നിലച്ചു. മഴയുടെ നേര്‍ത്ത ഇരമ്പലിനെ ഭജ്ഞിച്ചു അകലങ്ങളിൽ ഒരു തെരുവുനായ മോങ്ങി. പ്രകൃതിയുടെ ഭാവമാറ്റം മനസ്സിലാക്കി തമ്പി കണ്ണുതുറന്നു. ഓസീന്‍ കമ്പനിയില്‍നിന്നു വരുന്ന മങ്ങിയവെളിച്ചത്തിൽ പൊട്ടക്കിണറും, ഭീമാകാരം പൂണ്ടുനില്‍ക്കുന്ന ഏഴിലം‌പാലയും കണ്‍‌മുന്നിൽ തെളിഞ്ഞു. എത്തീസ്റ്റിന്റെ ഉള്ളംകിടുങ്ങി. മഴവെള്ളം ഒലിക്കുന്ന മുഖം വലതുകൈയാൽ അമര്‍ത്തിത്തുടച്ചു ഏഴിലം‌പാലയെ ഇമചിമ്മാതെ നോക്കി. മൈതാനത്തിനു നടുവിൽ പ്രൌഢിയോടെ നില്‍ക്കുന്ന ഏഴുതട്ടുകൾ. ഇടതടവില്ലാതെ പൂത്തുനില്‍ക്കുന്ന ഏഴുനിലകൾ. അവയുടെ ചുവട്ടിൽ വെള്ളനേര്യതുടുത്ത ഒരു സ്ത്രീരൂപം!

ഏതു പുരുഷനേയും മത്തുപിടിപ്പിക്കാന്‍ പര്യാപ്തമായ വന്യസൌന്ദര്യം ആ സ്ത്രീരൂപത്തിനുണ്ടായിരുന്നു. തമ്പി അമ്പരന്നുനില്‍ക്കെ പാലച്ചുവട്ടിലെ സ്ത്രീരൂപം വായുവിലൂടെ ഒഴുകിയൊഴുകി അരികിലെത്തി. മഴ നനഞ്ഞു നില്‍ക്കുന്ന ദൃഢഗാത്രനെ നോക്കി മധുരതരമായി ചോദിച്ചു.

“എന്തേ എനിക്ക് വിളക്കുവച്ചില്ല?”

തമ്പി ചോദ്യം ശ്രദ്ധിച്ചില്ല. മുന്നിൽ നില്‍ക്കുന്ന അപ്സരസിന്റെ കഞ്ചുകത്തിൽ ഒതുങ്ങാത്ത, വശങ്ങളിലേക്കു തള്ളിനില്‍ക്കുന്ന സ്തനങ്ങളിൽ മിഴിച്ചുനോക്കി. മാറത്തെ സ്ഥാനം‌തെറ്റിയ നേര്യത് അലക്ഷ്യമായി നേരെയിട്ടു സ്ത്രീരൂപം വീണ്ടും ചോദിച്ചു.

“എന്നെ മനസ്സിലായില്ലാ?”

തമ്പി ഇല്ലെന്ന അർത്ഥത്തിൽ തലയനക്കി. സ്ത്രീരൂപം അരക്കെട്ട് മാദകമായി ഇളക്കി പിന്തിരിഞ്ഞു നടന്നു. പാലച്ചുവട്ടിലെ ഓട്ടുവിളക്കിനുനേരെ മാന്ത്രികയെപ്പോലെ കൈവീശി. വലതുകയ്യിലെ ചൂണ്ടുവിരലില്‍നിന്നു ഉല്‍ഭവിച്ച ഒരു മിന്നല്‍‌പിണരിൽ പാലച്ചുവട്ടിലെ എണ്ണവറ്റിയ നിലവിളക്ക് ദീപപ്രഭയാൽ അലം‌കൃതമായി. ചുവന്നപ്രകാശം വാരിവിതറി ഏഴുതിരികൾ എരിഞ്ഞു. വിശ്വാസപ്രമാണങ്ങൾ തോല്‍‌വി സമ്മതിച്ചു. തമ്പിക്കു എല്ലാം വ്യക്തമായി.

Read More ->  ഹിസ് എക്‌സലൻസി രാമേട്ടൻ - 2

“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!”

അനുഷ്ഠാനഭംഗം നടത്തിയിട്ടും ഭാവഭേദമില്ലാത്ത അന്തര്‍ജ്ജനത്തിന്റെ മുഖത്തു തമ്പി അല്‍ഭുതത്തോടെ നോക്കിനിന്നു. ക്രൌര്യമില്ലാത്ത സുന്ദരമായ മുഖം. അച്ഛന്റേയും വെളിച്ചപ്പാടിന്റേയും സംഭാഷണങ്ങളിൽ നിറയാറുള്ള സംഹാരരുദ്രയായ യക്ഷിയല്ല ഇത്. മറിച്ചു സൌന്ദര്യത്തിന്റെ, വശീകരണശക്തിയുടെ നിറകുടമായ ഏതോ യുവതി. എന്തുചെയ്യണമെന്നറിയാതെ തമ്പി പരുങ്ങി. അപ്പോൾ ശങ്കരമ്മാൻ‌കാവിലെ ശ്രീകോവിലിൽ നിന്നു ഒരു ഉടുക്കുപാട്ടിന്റെ ശീലുകൾ ഉയർന്നു.

“ഹരിശ്രീ എന്നരുൾ ചെയ്‌ത…”
“ഗുരുവിനെ സ്മരിച്ചു ഞാൻ…”

ശാസ്‌താം‌ പാട്ടിന്റെ ശീലുകൾ. അവ അന്തരീക്ഷത്തിൽ കലർന്നു. സൌ‌മ്യയായ യക്ഷി പൊട്ടക്കിണറിനു നേരെ നടന്നു. പാലച്ചുവട്ടിലെത്തി, പാട്ടിൽ ലയിച്ചു കണ്ണടച്ചുനിൽക്കുന്ന, തമ്പിയെ നോക്കി മന്ദഹസിച്ചു. ഏഴിലം‌പാലയിൽ വിലയം പ്രാപിച്ചു. ശങ്കരമ്മാൻകാവ് പരിസരത്തുനിന്നു പാലപ്പൂമണം പതുക്കെ വിട്ടൊഴിഞ്ഞു. ഉടുക്കുവാദനവും ക്രമേണ നേർത്തുവന്നു. അതിന്റെ അലയൊലികൾ തീർത്തും നിലച്ചപ്പോൾ തമ്പി കണ്ണുതുറന്നു. നടന്നതെല്ലാം സത്യമോ മിഥ്യയോ എന്നറിയാതെ കുഴങ്ങി. മുന്നിൽ അന്തര്‍ജ്ജനമില്ല. പാലച്ചുവട്ടിൽ ഏഴുതിരിയിട്ട നിലവിളക്കുമില്ല. കനത്തഇരുട്ടും ഇടമുറിയാതെ‌ പെയ്യുന്ന മഴയും മാത്രം. മനസ്സിലെ സംശയങ്ങൾ നിലനിര്‍ത്തി കാല്‍‌ച്ചുവട്ടിൽ ഏതാനും പാലപ്പൂക്കൾ മഴനനഞ്ഞു അപ്പോഴും കിടന്നിരുന്നു. എല്ലാം സ്വപ്നമാണെന്നു സ്വയം വിശ്വസിപ്പിച്ചു തമ്പി ശങ്കരമ്മാൻ‌ കാവിനോട് വിടപറഞ്ഞു. ഗേറ്റു തുറന്നു മൂന്നുകൈവഴികളുള്ള കവലയിലെത്തി. പൂത്തുനില്‍ക്കുന്ന ഏഴിലം‌പാലയെ തെല്ലും ഗൌനിക്കാതെ നടന്നുമറയുമ്പോൾ ഏഴിലം‌പാലയുടെ ചുവട്ടിൽ തമ്പിയെ സാകൂതംനോക്കി നേര്യതുടുത്തു ഒരു സ്ത്രീരൂപം അപ്പോഴും നിന്നിരുന്നു!

പിറ്റേന്നു വൈകീട്ടു മര്യദാമുക്കിലെത്തിയ തമ്പിയെകണ്ടു വാസുട്ടൻ അമ്പരന്നു. നെറ്റിയിൽ നീളത്തിലൊരു ചന്ദനക്കുറി. വലതുകൈത്തണ്ടയിൽ മന്ത്രിച്ചൂതിയ ചുവന്ന ചരട്. ചെവികള്‍ക്കിടയിൽ അമ്പലത്തിലെ പൂജാപുഷ്പങ്ങൾ. വാസുട്ടന്റെ നിയന്ത്രണം പോയി.

“തമ്പ്യേയ്… എന്തൂട്ടാ ഞാനീ കാണണെ?”

തമ്പി മൌനം പാലിച്ചു.

“എന്താടാ നിനക്ക് പറ്റ്യെ?”

വാസുട്ടനെ ഒരു മൂലയിലേക്കു നീക്കിനിര്‍ത്തി തമ്പി കാര്യങ്ങൾ ചുരുക്കത്തിൽ അറിയിച്ചു. എല്ലാം ഗൌരവത്തോടെ ശ്രദ്ധിച്ച വാസുട്ടൻ അന്തര്‍ജ്ജനത്തെപ്പറ്റി കേട്ടപ്പോൾ അലറിച്ചിരിച്ചു. “ഹഹഹ. പൊട്ടക്കിണറിലെ അന്തര്‍ജ്ജനം ഒരു മിത്താടാ തമ്പീ. സത്യത്തീ അങ്ങനൊരാളില്ല“

വാസുട്ടനെ അടിമുടി ചുഴിഞ്ഞുനോക്കി തമ്പി പുശ്ചത്തിൽ ചിരിച്ചു. “ആശാന്‍ ഒന്നുപോയേ”

കൌമാരകാലത്തു യുക്തിചിന്തയുടെ ആശാന്‍‌മാരായിരുന്ന തമ്പിയും വാസുട്ടനും ഇന്നു സന്ദേഹികളായി എല്ലാ ആക്ഷനുകളിൽനിന്നും ഒഴിഞ്ഞുനില്‍ക്കുന്നു. എങ്കിലും ചില തിരുശേഷിപ്പുകൾ മനസ്സിന്റെ ആളൊഴിഞ്ഞ കോണിൽ വീണ്ടും ജ്വലിച്ചുയരാൻ അവസരംകാത്തു കനല്‍മൂടിക്കിടപ്പുണ്ട്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ കളം‌മാറ്റിച്ചവിട്ടിയിട്ടും കാതിക്കുടത്തു ഇന്നും എത്തീസ്റ്റ് എന്നതിന്റെ പര്യായം എം.സി.ഗോപി എന്നാണ്. അദ്ദേഹത്തിനു എന്റെ അഭിവാദ്യങ്ങൾ.


11 Replies to “ശങ്കരമ്മാൻ കാവ് – 3”

 1. വിഷുവിന്റെ തലേദിവസം വൈകീട്ട് അയ്യങ്കോവ് അമ്പലത്തില് ദര്‍ശനം നടത്തി. തിരിച്ച് വരുമ്പോള് കണ്ണമ്പിള്ളി പൌലോസേട്ടന്റെ വീടിനടുത്തുള്ള വളവില് കനാലിനടുത്ത് ഇരിക്കുന്ന തമ്പിയെ കണ്ടു. നേരെ അന്നമനടക്ക് വിട്ടു. പേര്‍ഷ്യന് ഗോള്‍ഡ് ജ്വല്ലറിക്കടുത്തെ തട്ടുകടയില് നിന്ന് കപ്പയും ബീഫുമടിച്ചു. തമ്പി ഇന്ദ്രപ്രസ്ഥം കള്ള്‌ഷാപ്പില് (സത്യം! ആ പേരിലാണ് അന്നമനടയിലെ ഫേമസ് കള്ള്‌ഷാപ്പ്. തൊട്ടടുത്തെ പുളിക്കടവ്പുഴയില് നിന്ന് പിടിക്കുന്ന ആറ്റ്‌മീനും കക്കയും ഇവിടത്തെ സ്പെഷ്യല് ഐറ്റംസാണ്) നിന്ന് ചെറിയതോതില് വീശി, സ്ട്രോങ്ങ് മുറുക്കാനും കൊണ്ടുവന്നു. പൊകല ഇല്ലാത്ത ‘സിമ്പിള്’ മുറുക്കാന് ഞാനെടുത്തു. തിരിച്ച് മര്യാദാമുക്കിലെത്തി പുളുവടി തുടങ്ങി. തമ്പിക്ക് പറയാന് പുതിയ കാര്യമുണ്ടായിരുന്നു.

  “എടാ എന്റെ വീടിന്റെ സണ്‍‌ഷേഡ് വാര്‍ക്കല് കഴിഞ്ഞു. ഇനി മുകള്‍ഭാഗം”

  അഞ്ച് നിമിഷത്തെ മൌനത്തിന് ശേഷം അവന് തുടര്‍ന്നു.

  “കാര്‍ന്നോന്മാരുടെ തറ സിമന്റ് തേച്ച് കെട്ടി”

  ഓര്‍മകളുടെ വെള്ളിത്തിരയില് ഞാന് തിരനോട്ടം നടത്തി.
  കോടാലിയെടുത്ത് കാവ് തല്ലിപ്പൊളിക്കാന് പോകുന്ന തമ്പി… കൊടുവാളെടുത്ത് തമ്പിക്ക് നേരെ ആക്രോശിച്ചിറങ്ങുന്ന അച്ഛന്… കാള് ലൂയിസിനെപ്പോലെ വേലിക്ക് മുകളിലൂടെ പറക്കുന്ന തമ്പി…

  അവയുടെ ഹാങ്ങോവറില് എനിക്ക് ചിരിക്കാതിരികാന് പറ്റിയില്ല

  “നീയാ പണി ചെയ്യൂന്ന് ഞാന് സപ്നത്തില് പോലും കരുതീല്ലാ തമ്പീ“

  എന്റെചിരി കണ്ടപ്പോള് അവനും തടുക്കാന് പറ്റിയില്ല.

  “പണീയല്ലടാ. ആക്ഷനെന്ന് പറ!! ഹഹഹഹഹ”

  പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനത്തിന്റെ രണ്ടാം പതിപ്പ് (ഒരുപക്ഷേ അവസാനത്തേതും) ഇവിടെ പൂര്‍ത്തിയാകുന്നു. വായിച്ച് അഭിപ്രായമറിച്ച, പ്രോത്സാഹിപ്പിച്ച എല്ലാ വായനക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപാസനയുടെ പ്രണാമം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില് || ഉപാസന

 2. ഉപാസനേ,കഥ ഇഷ്ടായി. കഥാപാത്രങ്ങളേയും.അല്പം കൂടി റീവർക്ക് ചെയ്തിരുന്നേൽ കൂടുതൽ നന്നാക്കാമായിരുന്നെന്ന് തോന്നുന്നു.ഇടയ്ക്ക് ചെറിയൊരിഴച്ചിൽ അനുഭവപ്പെട്ടോ എന്നൊരു തോന്നൽ.

 3. കൊള്ളാം….. കാവും പാലയും യക്ഷിയുമൊക്കെ പണ്ടത്തെ എന്റെ നാടിനെ ഒര്‍മ്മിപ്പിച്ചു.

  നല്ല അവതരണം!

അഭിപ്രായം എഴുതുക