മറഡോണ : ദി സോക്കര്‍ ഗോഡ്

ഞായറാഴ്ച ഉച്ചയ്ക്ക്, ബ്രിജിന്റെ മൊബൈലിലെ ഫോട്ടോകള്‍ നോക്കി, കിടക്കയില്‍ അലസമായി ശയിക്കുമ്പോഴാണ് തൊട്ടടുത്ത് അന്നത്തെ ന്യൂസ് പേപ്പര്‍ അരിച്ച് പെറുക്കി നോക്കുകയായിരുന്ന രാജുമോന്‍ എന്നോട് പൊടുന്നനെ ആ ചോദ്യമെറിഞ്ഞത്.

“നിന്റെ ഫേവറൈറ്റ് ഫുട്ബാള്‍ കളിക്കാരനാരാടാ‍ാ..?”

അവന് എന്തെങ്കിലും ചോദിക്കുവാനുള്ള മുട്ടല്‍ വരുന്നതെപ്പൊഴാണെന്ന് പറയാന്‍ പറ്റില്ല. അത് കൊണ്ട്, അവന്റെ ചോദ്യം ആദ്യമെന്നെ കുറച്ച് അമ്പരപ്പിച്ചെങ്കിലും പിന്നെ ചുണ്ടിലൊരു പുഞ്ചിരിയുണര്‍ത്തി.

“അങ്ങിനെ ഒരാളെ മാത്രം ചൂണ്ടിക്കാട്ടാനില്ല രാജൂ. റിക്വല്‍മിനെ ഇഷ്ടാണ്.“

“പിന്നെ ആര്യന്‍ റോബന്‍, ഹെന്‍‌റി, എറ്റൂ…”

ചുമലില്‍ കൈകൊണ്ട് പതുക്കെ അടിച്ച് രാജുമോന്‍ എന്നെ തടസ്സപ്പെടുത്തി.

“ഇപ്പക്കളിക്കണവരെപ്പറ്റിയല്ല ചോദിച്ചെ. ഇന്നേ വരെ കളിച്ചിട്ടുള്ളവരില്‍ ആരെയാന്ന്..?”

ഹ്ഹ്ഹഹഹഹ…
ഞാന്‍ ഉള്ളില്‍ ചിരിച്ചു.

ഇതിലിത്ര ആലോചിക്കാനെന്തിരിയ്ക്കുന്നു. കാല്പന്ത് കളിയെന്താണെന്ന് അറിഞ്ഞ നാള്‍ മുതല്‍ പിന്തുണയ്ക്കുന്ന ഒരു രാജ്യം. ആരാധിക്കുന്ന ഒരു കുറിയ അഞ്ചടി ഉയരക്കാരന്‍. എല്ലാം മനസ്സില്‍ നൊടിയിടയില്‍ മിന്നിമറഞ്ഞ് പോയി. ഒടുക്കം എന്റെ ചുണ്ടുകള്‍ ആ പേര്, നിശ്വാസത്തിന്റെ ശബ്ദത്തില്‍, ഉച്ചരിച്ചു.

“മറഡോണ”

ആ മറുപടി പ്രതീക്ഷിച്ചത് കൊണ്ടാകാം, രാജുമോന്‍ എനിയ്ക്ക് നേരെ ചെറിയ രീതിയില്‍ പരിഹാസച്ചുവയുള്ള, പ്രകോപനപരമായ (എന്നെ സംബന്ധിച്ചിടത്തോളം തികച്ചും!), ഒരു ചിരി പാസാക്കി. അപ്പോള്‍ എന്റെ മനസ്സില്‍ പറയാന്‍ വന്ന മറുപടി വാക്കിന് ഒരു നായനാര്‍ ‘ടച്ച്’ ഉണ്ടായിരുന്നു.

“ഓന്‍ മറ്റേ പാര്‍ട്ടിയാ…”

അതെ. രാജുമോന്‍ കട്ട ബ്രസീല്‍ ഫാനാണ്. രാജുമോന്‍ മാത്രമല്ല എന്റെ സുഹൃത്തുക്കളില്‍ 80 ശതമാനവും അങ്ങിനെ തന്നെ. ബാക്കിയുള്ള കുറച്ച് പേര്‍ ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ ടീമുകള്‍ പരിണയിച്ചു. പക്ഷേ ഞാനെന്നും ഒരു അര്‍ജന്റീന പക്ഷക്കാരനായിരുന്നു.

പ്രഗല്‍ഭരൊന്നും ഇല്ലാതെ ആവരേജ്ജ് പെര്‍ഫോര്‍മന്‍സ് നടത്തുമ്പോഴും വലിയ ടൂര്‍ണമെന്റുകളില്‍ ഒരുപാട് പ്രതീക്ഷകളുമായി വന്ന് ഒടുക്കം വെറും കയ്യോടെ മടങ്ങേണ്ടി വരുമ്പോഴും ഞാന്‍ എന്നുമൊരു അര്‍ജന്റീന ഫാനായിരുന്നു. ആ ടീമിന്റെ തോല്‍‌വികളൊക്കെ എനിയ്ക്ക് ആ ടീമിനോടുള്ള താല്പര്യം കൂട്ടിയിട്ടുള്ളതല്ലാതെ ഇന്നേ വരെ കുറച്ചിട്ടില്ല.

പല തവണ ആലോചിച്ചിട്ടുണ്ട്. എന്ത് സമവാക്യമാണ് എന്നെ അര്‍ജന്റീന ടീമിനോട് (പന്ത് കളിയോടും) ഇത്ര മേല്‍ അടുപ്പിച്ച്, ആകര്‍ഷിച്ച് നിര്‍ത്തുന്നത്. അപ്പോഴൊക്കെ അധികം തല പുകയ്ക്കാതെ ‘അര്‍ജന്റീന ടീമില്‍ ഒരിയ്ക്കല്‍ കളിച്ച ഒരു കുറിയ മനുഷ്യനാണ് അതിന് കാരണമെന്ന്‘എനിയ്ക്ക് ഉത്തരവും കിട്ടിപ്പോന്നു. മറഡോണയുടെ ടീമായത് കൊണ്ടായിരുന്നെന്ന് തോന്നുന്നു, ഞാന്‍ ഇത്രമേല്‍ വെള്ളയില്‍ ഇളം നീല വരയുള്ള കുപ്പായക്കാരെ ഫുട്ബാള്‍ ഗ്രൌണ്ടില്‍ ഇഷ്ടപ്പെടുന്നത്. പിന്നെ ചൂണ്ടിക്കാട്ടനുള്ളത് ബ്രസീലിനെതിരെയുള്ള മികച്ച റെക്കോര്‍ഡും, ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലിനൊപ്പം നില്‍ക്കുന്ന അനിഷേധ്യ ഫുട്‌ബാള്‍ ശക്തിയെന്ന പെരുമയും.

മഞ്ഞക്കുപ്പായക്കാര്‍ എന്നും, മറ്റ് ടീമുകള്‍ക്കെതിരെ എടുക്കുന്നതിനേക്കാള്‍, കൂടുതല്‍ കരുതലെടുത്തേ അര്‍ജന്റീനയോട് കളിച്ചിട്ടുള്ളൂ. ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരന്‍ എന്ന വിശേഷണത്തിന് ബ്രസീലിന്റെ വിശ്വവിഖ്യതനായ ഫുട്ബാളര്‍ പെലെ മത്സരിക്കേണ്ടി വന്നതും മറ്റാരോടുമല്ല, ഒരു അര്‍ജന്റീനക്കാരനോട് തന്നെയായിരുന്നു. അതിലദ്ദേഹം ഇന്നും വിജയിച്ചിട്ടില്ല. ആര്‍ക്കും തീര്‍പ്പ് കല്പിക്കാനാവാത്ത വിധം ആ മത്സരം നീണ്ട് പോവുകയാണ്. ഫുട്ബാള്‍ പണ്ഢിതന്മാരും ഒരു പോലെ തര്‍ക്കത്തിലാണ്. ആരാണ് കേമന്‍? പെലെയൊ മറഡോണയോ?

Read More ->  ലേഖനം 2 -- തത്ത്വജ്ഞാന ധാരകളുടെ വിഭജനം

ഇവര്‍ക്കിടയില്‍ ഒരു താരതമ്യത്തിന് മുതിരാനല്ല ഞാന്‍ ഈ പോസ്റ്റ് എഴുതിയത്. മികച്ച ഫുട്ബാളര്‍ എന്ന പദവിയിലേയ്യ്ക്കുള്ള മത്സരത്തിലെ വിജയി ഇവരില്‍ ആരുമായിക്കൊള്ളട്ടെ. ഇനി, ഫ്രാങ്ക് പുഷ്കാസിനെപ്പോലെ, മറ്റാരെങ്കിലുമാണെങ്കില്‍ അങ്ങിനെയും സംഭവിച്ചു കൊള്ളട്ടെ. എനിയ്ക്ക് സന്തോഷമേയുള്ളൂ. കാരണം ജയിക്കുന്നത് ഫുട്ബാളാണ്. കാല്പന്ത് കളിയുടെ സൌന്ദര്യമാണ്.

മറഡോണയെപ്പറ്റി എന്നോട് ആദ്യമായി പറയുന്നത് ആനന്ദന്‍ ചേട്ടനാണ്. മുതിര്‍ന്നതിന് ശേഷം (8-10 വയസ്സ്) വൈകുന്നേരങ്ങളില്‍ പരീക്കപ്പാടത്ത് ചേട്ടന്മാരുടെ കൂടെ ഫുട്ബാള്‍ കളി കളിക്കുമായിരുന്നു. പ്രതിഭകളുടെ ധാരാളിത്തം നിമിത്തം കളിക്കാനിറങ്ങാന്‍ പറ്റാതിരിയ്ക്കുന്ന ദിവസങ്ങളില്‍ തെല്ലൊരു നിരാശയോടെ പാടവരമ്പത്തിരുന്ന് കളി കാണും. വരമ്പത്ത് ഞാന്‍ ഒറ്റയ്ക്കായിരിയ്ക്കില്ല. കളിക്കാന്‍ പറ്റാതെ സങ്കടപ്പെട്ടിരിയ്ക്കുന്ന എന്നെ ആനന്ദന്‍ ചേട്ടന്‍ അടുത്ത് വിളിച്ചിരുത്തും. അതോടെ ഞാന്‍ ഉഷാറാകും. കാരണം ആനന്ദന്‍ ചേട്ടന് ഫുട്ബാളിനെപ്പറ്റി കുറേ കാര്യങ്ങള്‍ അറിയാം. പഴയതും പുതിയതുമായ ഒരുപാട് കളിക്കാരെപ്പറ്റി ആനന്ദന്‍ ചേട്ടന്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പാടവരമ്പത്തിരുന്ന് എനിയ്ക്ക് പറഞ്ഞ് തരും.

അങ്ങിനെയുള്ള ഒരു സന്ദര്‍ഭത്തിലാണ് ആനന്ദന്‍ ചേട്ടന്‍ എന്നോട് പറഞ്ഞ് തുടങ്ങിയത്, ‘പെലെയേക്കാളും ബെസ്റ്റ് മറഡോണയാണെന്ന്”.

‘മറഡോണ’ എന്ന പേര് അതിന് മുമ്പ് കേട്ടിട്ടില്ലാത്തതിനാല്‍ ഞാന്‍ കാതുകള്‍ കൂര്‍പ്പിച്ചു. ആനന്ദന്‍ ചെട്ടന്‍ എല്ലാം വിവരിച്ചു. 1986 ലോകകപ്പ്. എതിരാളികളുടെ കടുത്ത ടാക്കിളിങ്ങിനെയൊക്കെ അതിജീവിച്ച് ഏതാണ്ട് ഒറ്റയ്ക്ക് അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത്. പാവങ്ങളുടെ ക്ലബ്ബായ ബൊക്കാ ജൂനിയേഴ്സിനെയും ‘സിരി എ’-യില്‍ ഒന്നുമല്ലാതിരുന്ന നാപ്പോളിയെയും ചാമ്പ്യന്മാരാക്കി മാറ്റിയ ഒറ്റയാന്‍ പ്രകടനങ്ങള്‍. ഞാനറിയാതെ ഞാന്‍ മാറുകയായിരുന്നു. ഒരു മറഡോണ ഫാനായി.

അര്‍ജന്റീന ഫാനായിയുള്ള ആ മാറ്റം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയത് 1994 ലോകകപ്പോടെയാണ്. ലഹരിക്കടിമപ്പെട്ട് ടീമിലുണ്ടാകുമോ എന്ന് പോലും ഉറപ്പില്ലാതിരുന്ന അവസ്ഥയില്‍ നിന്ന് ഒരു ഫിനിക്സ് പക്ഷിയേപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് നൈജീരിയക്കെതിരെ കളിക്കാനിരങ്ങിയ മറഡോണ എന്റെ മനസ്സിലെ മായാത്ത ഒരു ഓര്‍മ്മയാണ്. ക്ലോഡിയോ കനീജിയയുടെ പാസില്‍ നിന്ന് റോജര്‍ മില്ലയുടെ ടീമിനെതിരെ ഒരു ഗോള്‍ നേടി മിന്നി നില്‍ക്കവേയാണ് കളിയുടെ പിറ്റേ ദിവസം പത്രങ്ങള്‍ ആ നടുക്കുന്ന വാര്‍ത്ത നിരത്തിയത്.

“മറഡോണ മരുന്നടിച്ചതിന് പിടിക്കപ്പെട്ടു.”

പക്ഷേ മനസ്സിലെ ബിംബം അത് കൊണ്ടും തകര്‍ന്നില്ല. മറഡോണയോടൊപ്പം, ആ ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയും പുറത്തായപ്പോള്‍… അപ്പൊഴും മനസ്സിലെ ആ ബിംബം തകര്‍ന്നിരുന്നില്ല. പലരും പറഞ്ഞ് പാടിത്തന്ന 86-90 കളിലെ വീരഗാഥകള്‍ മനസില്‍ തങ്ങി നില്‍ക്കുന്നിടത്തോളം കാലം ആ രൂപം എന്നും എന്റെ മനസ്സില്‍ വിളങ്ങി നില്‍ക്കും.

ഇന്നലെ എന്റെ പ്രിയപ്പെട്ട കളിക്കാരെനെക്കുറിച്ച് അന്വേഷിച്ച കടുത്ത പെലെ ഫാനായ രാജുമോന്‍ അറിയുമോ ആവോ ’86 ല്‍ അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തതും 90ല്‍ ഫൈനലിലെത്തിച്ചതും മറഡോണ ഏതാണ്ട് ഒറ്റയ്ക്കാണെന്ന്‘. ദിഗ്വിജയങ്ങള്‍ നടത്തിയ ബ്രസീല്‍ ടീമില്‍ പെലെക്കു സമകാലികരായി ഉണ്ടായിരുന്നത് പെലെയോളം തന്നെ തലയെടുപ്പുണ്ടെന്ന് കരുതപ്പെട്ടിരുന്ന ഗാരിഞ്ചയെപ്പോലുള്ള ഒരു പറ്റം പ്രതിഭാശാലികളായിരുന്നു എന്നത്. അറിയുമായിരിയ്ക്കും. ചിലപ്പോള്‍ അറിയില്ലായിരിയ്ക്കും.

Read More ->  ഉപനിഷത്തും ശ്രീബുദ്ധ തത്ത്വങ്ങളും - 1

എല്ലാം ഒരു ഫ്ലാഷ് ബാക്കായി മിന്നി മറഞ്ഞ് മനസ്സിന്റെ ഒരു മൂലയില്‍ ഒളിച്ചപ്പോള്‍, ഞാന്‍ രാജുമോന്റെ കയ്യില്‍ നിന്ന് പേപ്പര്‍ വാങ്ങി. ഫ്രന്റ് പേജില്‍ തന്നെ ആ പടം. മറഡോന സ്വതസിദ്ധമായ ശൈലിയില്‍ നെഞ്ച് വിരിച്ച് കൈകള്‍ രണ്ടും ഉയര്‍ത്തി ശിശുസഹജമായ രീതിയില്‍ ചുവടുകള്‍ വച്ച് നില്‍ക്കുന്നു.

maradona

(Photo Credit – http://www.spiegel.de/international/world/diego-maradona-god-s-gift-to-argentina-a-699991.html)

ഉള്‍പ്പേജില്‍ അദ്ദേഹത്തിന്റേതായി ആ വാക്കുകള്‍.

‘എന്റെ ജീവ്തത്തില്‍ അല്‍ഭുതങ്ങള്‍ ഒന്നും തന്നെ ഇനി സംഭവിക്കാനില്ല എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ കൊല്‍ക്കത്ത എന്റെ ആ ധാരണകള്‍ മാറ്റിത്തീര്‍ത്തു.”

സ്വതവേ ചൂടനായ ആ മനുഷ്യന്‍ ആവുന്നത്ര പേര്‍ക്ക് സന്തോഷത്തോടെ ഹസ്തദാനം ചെയ്തെന്നും മറ്റും വായിച്ച് പേപ്പര്‍ രാജുമോന്‍ തിരിച്ച് കൊടുത്തപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഒപ്പം ഉള്ളിലൊരു ചോദ്യവും. ഫുട്ബാളില്‍ ഇനിയെന്നു കിട്ടും നമുക്കു ഇതുപോലൊരു ഹീറോയെ. ആരാധിക്കാനും നെഞ്ചിലേറ്റാനും.

Featured Image credit: – http://www.indulgexpress.com/entertainment/celebs/2017/sep/30/maradonas-kolkata-trip-postponed-yet-again-3732.html

അഭിപ്രായം എഴുതുക