ഇടിവെട്ട് പുണ്യാളന്‍

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



കുട്ടിക്കാലത്ത് അപൂര്‍വ്വമായി മാത്രം ഒത്ത് വരാറുള്ള ഒന്നായിരുന്നു ബസ് യാത്രകൾ. ഗ്രാമത്തിനപ്പുറത്തുള്ള കാഴ്ചകൾ എല്ലാം തന്നെ വിസ്മയിപ്പിച്ചിരുന്ന അക്കാലത്ത് ഓരോ ബസ് യാത്രയും മനസ്സിൽ മായാതെ കിടന്നേക്കാവുന്ന കുറച്ച് അതിശയകരമായ അറിവുകൾ, ദൃശ്യങ്ങൾ., ഒക്കെ എനിക്കു സമ്മാനിക്കുമായിരുന്നു. അത്തരം അല്‍ഭുതങ്ങളിലൊന്നായിരുന്നു ചാലക്കുടി-അങ്കമാലി എന്‍‌എച്ചിലൂടെ ബസ് കടന്നു പോകുമ്പോൾ മുരിങ്ങൂർ ജംങ്ഷനിൽ കാണാറുള്ള ഒരു പുണ്യാളന്റെ പ്രതിമ..!

(ഏത് പുണ്യാളനാണെന്നു എനിയ്ക്കറിയില്ല നാട്ടുകാർ വിളിക്കുന്ന പേരേ എനിക്കറിയൂ.)

ഞാൻ പലയിടത്തും കണ്ടിട്ടുള്ള പുണ്യാളന്മാരുടെ എടുപ്പും ഭാവവുമല്ല മുരിങ്ങൂർ ജംങ്ഷനിലെ പുണ്യാളന്. പാവത്താന്മാരും കയ്യിലൊരു ബൈബിളും എടുത്തുപിടിച്ച് നടക്കുന്ന, അല്ലെങ്കിൽ നെഞ്ചിലൊരു അമ്പ് തറച്ച് മരണാസന്നനായി മരം ചാരിനില്‍ക്കുന്ന, എനിയ്ക്ക് പരിചിതമായ പുണ്യാളന്മാരെ അപേക്ഷിച്ച്, മുരിങ്ങൂർ ജംങ്ഷനിലെ പുണ്യാളന് ഒരു കിടയറ്റ, യുദ്ധവീരനായ ഒരു പോരാളിയുടെ രൂപവും ഭാവവുമാണുള്ളത്.

ചിനചുകൊണ്ട് പിന്‍‌കാലിൽ ഉയര്‍ന്നു നില്‍ക്കുന്ന തൂവെള്ളനിറമുള്ള ഒരു കുതിര. അതിന്റെ പുറത്ത് പടനായകന്റെ വേഷമണിഞ്ഞ്, വലതുകയ്യിൽ നീളമുള്ള ഒരു കുന്തമേന്തി ഒരു വ്യാളിയുമായി (ചെകുത്താൻ?) പോരടിക്കുന്ന പോസിലാണ് മുരിങ്ങൂർ ജംങ്ഷനിലെ പുണ്യാളന്റെ നില്‍പ്പ്. പോരാട്ടത്തിൽ പുണ്യാളനാണ് മേല്‍ക്കൈ എന്ന് സ്പഷ്ടമാകുന്ന വിധത്തിൽ വ്യാളിയുടെ വായിലേക്കു കുന്തത്തിന്റെ മുന തറഞ്ഞിറങ്ങുന്നുമുണ്ട്!

ഈ പോസിൽ നില്‍ക്കുന്ന പുണ്യാളന് തന്റെ അപാരമായ ഗ്ലാമർ നിമിത്തം നാഷണൽ ഹൈവേയിലൂടെ യാത്ര നടത്തുന്നവര്‍ക്കിടയിൽ ഒരു വീരപരിവേഷമാണുള്ളത്, പ്രത്യേകിച്ചും കുട്ടികള്‍ക്കിടയിൽ.

അവരെല്ലാം പുണ്യാളനു സ്നേഹപൂര്‍വ്വം ഒരു പേരും സമ്മാനിച്ചു.

“ഇടിവെട്ട് പുണ്യാളൻ!”

പുണ്യാളന്റെ അപാരഗ്ലാമറിലുള്ള നില്‍പ്പിനോട് തികച്ചും നീതി പുലര്‍ത്തുന്ന നാമമായത് കൊണ്ട് ആ പേര് സമീപപ്രദേശങ്ങളിലെല്ലാം ഹിറ്റാവാൻ അധികനാൾ എടുത്തില്ല. മുരിങ്ങൂർ ജംങ്ഷൻ വഴി കോളേജിലേക്കു ബസിലും മിനിവാനിലുമൊക്കെ കയറി പോകുന്ന തരുണീമണികളിൽ പലരും പുണ്യാളന്റെ ഫാന്‍സ് ആണെന്നത് പകൽപോലെ സത്യവുമാണ് (എന്റെ വീടിനടുത്തുള്ള ഒരു പെണ്‍‌കൊച്ച് പറഞ്ഞതാണേയ്).

കുട്ടിക്കാലത്ത് ചാലക്കുടി ഭാഗത്തേക്കു നടത്താറുള്ള ബസ് യാത്രകളിൽ ഞാൻ പ്രഥമപരിഗണന നല്‍കിയിരുന്നത് മറ്റാര്‍ക്കുമല്ല, ഈ പുണ്യാളനു തന്നെയാണ്. കൊരട്ടി ജംങ്ഷൻ ക്രോസ്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ എത്ര തിരക്കുള്ള ബസ് ആയാലും ഞാൻ കമ്പിയഴികള്‍ക്കരികിലുള്ള ഒരു സീറ്റിനടുത്തെത്തിയെടുക്കും. പിന്നെ മുരിങ്ങന്ര് ജംങ്ഷൻ (ഡിവൈൻ നഗർ ബസ് സ്റ്റോപ്പ് അല്ല. ഇത് അടിച്ചിലി, പൂലാനി ഭാഗത്തേയ്ക്ക് പോകുവാൻ നാഷണൻ ഹൈവേയിൽ നിന്നു ബൈപാസുള്ള ഒറിജിനൽ മുരിങ്ങൂർ ജംങ്ഷൻ) എത്താനായുള്ള കാത്തിരിപ്പാണ്. കമ്പിയഴികളിൽ താടി ചേർത്തുവെച്ച് അകലങ്ങളിൽ നോക്കിയിരിക്കുന്ന വേളയിൽ ഒടുക്കം ഞാൻ കാണും, അങ്ങകലെ ജംങ്ഷനിൽ കുന്തവുമേന്തി വ്യാളിയെ നേരിടുന്ന പുണ്യാളനെ.

Read More ->  കാര്‍ത്തികേ വിശുദ്ധനായ പാപി !

ഉടൻ തന്നെ അമ്മയെ തോണ്ടി വിളിച്ചിട്ട് പറയും

“അമ്മേ ദേ പുണ്യാളൻ.”

അമ്മ അപ്പോ ചിരിച്ചിട്ട് എന്റെ കവിളിൽ വെറുതെ തട്ടും.

ബസ് മുരിങ്ങൂർ ജംങ്ഷനിലേക്കു അടുക്കുന്തോറും ഞാൻ കമ്പിയരുകിൽ നിന്ന് തെല്ലൊരു ഭയത്തോടെ പിന്നോക്കം നടക്കും. മുരിങ്ങൂർ ജംങ്ഷനിൽനിന്ന് ബസ് അകന്നകന്നു പോകുന്തോറും എന്റെ കഴുത്ത് ആവുന്നത്ര പിന്നോട്ടേയ്‌ക്കാക്കി പുണ്യാളന് നേരെയുള്ള സാകൂതമായ നോട്ടം ഞാൻ തുടരുകയും ചെയ്യും.

വലുതായതോടെ മറ്റ് പലതിലുമുള്ള താല്പര്യം, ആശ്ചര്യം എന്നിവയൊക്കെ സാവധാനം നഷ്ടപ്പെട്ടതോടൊപ്പം പുണ്യാളനിലുമുള്ള ഭ്രമം കുറഞ്ഞു. പല തവണ മുരിങ്ങൂർ ജംങ്ഷൻ വഴി യാത്ര ചെയ്തിരുന്നെങ്കിലും കുട്ടിക്കാലത്തെ എന്റെ ആരാധനാപാത്രമായിരുന്ന പുണ്യാളനെ അത്രക്കു ഗൌനിക്കാറില്ലായിരുന്നു. പക്ഷേ ആത്മാര്‍ത്ഥതയോടെ പറയട്ടെ സുഹൃത്തുക്കളെ,
ജംങ്ഷൻ വഴി കടന്ന് പോകുമ്പോഴൊക്കെ, അത് ബസിലായാലും ബൈക്കിലായാലും, എന്റെ തല ഞാനറിയാതെ പുണ്യാളന്റെ പ്രതിമക്കു നേരെ മന്ദം തിരിയുമായിരുന്നു. കുട്ടിക്കാലത്ത് എന്റെ മനസ്സിലുണ്ടായിരുന്ന ആകാംക്ഷയോടെയല്ലെങ്കിലും പുണ്യാളനെ, മൈന്‍ഡ് ചെയ്യാതെ, പൂര്‍ണമായും അവഗണിച്ച് ഞാൻ എന്നെങ്കിലും പോയിട്ടുണ്ടോയെന്നു അറിയില്ല. ഉണ്ടെങ്കിൽ അതു മറ്റെന്തെങ്കിലും തിരക്ക് മൂലമല്ലാതെ മനപ്പൂര്‍വ്വവുമല്ല. അത്രക്കുണ്ട് പുണ്യാളനോടുള്ള എന്റെ മമത.

കാലങ്ങൾ ഒരുപാട് വീണ്ടും പോയ് മറഞ്ഞു. അതിജീവനത്തിനായി ഈയുള്ളവനും ഇന്ത്യയുടെ ഐടി സിറ്റിയിലേയ്ക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ നാട് വിട്ടു. ഇടക്കു കിട്ടുന്ന ഇടവേളകളിൽ ആഹ്ലാദപൂര്‍വ്വം നാട്ടിലെത്തുമ്പോഴൊക്കെ ചാലക്കുടി യാത്ര പരമാവധി ഒഴിവാക്കി, വീട്ടിൽ തന്നെ കുത്തിയിരിക്കാൻ ശീലിച്ച്പോന്നു. അന്നമനടയിൽ നല്ല ഇന്റര്‍നെറ്റ് കഫെ വന്നതോടെ ഈ പ്രവണതക്കു ആക്കം കൂടി. ചാലക്കുടി യാത്ര ബാംഗ്ലൂരിൽ നിന്ന് വരുമ്പോഴും പോകുമ്പോഴും മാത്രമായി ചുരുങ്ങി.

നാട്ടിലേക്കു വരുമ്പൊഴൊക്കെ വെളുപ്പിന് നാല് മണി അല്ലെങ്കിൽ അഞ്ച് മണിയോടെ തൃശ്ശൂരിൽ ട്രെയിനിറങ്ങി കൊരട്ടിയിലേക്കു സൂപ്പർഫാസ്റ്റ് പിടിയ്ക്കും. ബസ്സിലിരിക്കുമ്പോൾ ഉറക്കക്ഷീണവും വിശപ്പും മൂലം മയക്കം വന്ന് തലോടിയാലും മുരിങ്ങൂരിനോടു അടുക്കുമ്പോഴേക്കും ആരോ പിടിച്ച് കുലുക്കിയ പോലെ ഞാൻ ഉണരും. പതിവ് പോലെ പുണ്യാളന് നേരെ തല തിരിയും.

നേരിയ മഞ്ഞുള്ള ഡിസംബറുകളിലും കനത്ത മഴയുള്ള ജൂൺ മാസത്തിലും ഞാൻ നോക്കുമ്പോഴൊക്കെ, കുതിരപ്പുറത്ത് കുന്തവുമേന്തി പുണ്യാളൻ നില്‍പ്പുണ്ടാകും. രാവിന്റെ കനത്ത നിശബ്ദതയിൽ, ചിലപ്പോൾ മഞ്ഞുകണങ്ങളാൽ ആവരണം ചെയ്യപ്പെട്ടും മറ്റ് ചിലപ്പോൾ മഴ നനഞ്ഞും, ഏകനായി അതിഗാംഭീര്യത്തോടെ പുണ്യാളൻ നില്‍പ്പുണ്ടാകും.

പക്ഷേ നാട്ടിലേക്കു കഴിഞ്ഞ തവണ നടത്തിയ യാത്ര എന്നിൽ ചില അനിര്‍വചനീയ സ്മരണകൾ ഉണര്‍ത്തി (അതുകൊണ്ട് തന്നെയാണ് ഈ ബ്ലോഗിൽ ഈ വാക്കുകൾ കോറിയിടുന്നതും).

തഞ്ചാവൂർ എക്സ്പ്രസ്സിൽ സേലത്തും, ചെന്നൈ മെയിലിൽ ത്രിശൂ‍രിലും വന്നിറങ്ങി കൊരട്ടിയിലേക്കു ബാലകൃഷ്ണൻപിള്ളയുടെ കൊട്ടാരക്കരക്കുള്ള സൂപ്പർഫാസ്റ്റ് പിടിച്ചു. ചാലക്കുടി വരെ മയങ്ങി. മുരിങ്ങൂർ ജംങ്ഷനു അടുത്തെത്തിയപ്പോ പതിവുപോലെ ആലസ്യത്തോടെ പുണ്യാളനു നേരെ മുഖം തിരിച്ചു.

Read More ->  സാറാ ജോസഫ്, ഉപാസന, പിന്നെ ഒരു കയ്യൊപ്പും

പക്ഷേ കണ്ടത് എനിക്കു വിശ്വസിക്കാനായില്ല. ചാഞ്ഞിരുന്ന സീറ്റിൽനിന്ന് പൊടുന്നനെ മുന്നോട്ടാഞ്ഞ് ഒന്നുകൂടി കണ്ണ് മിഴിച്ചുനോക്കി. ഇല്ല. പുണ്യാളന്റെ പ്രതിമ തൽസ്ഥാനത്തില്ല!

ബസ് ജംങ്ഷനിൽ നിന്ന് മുന്നോട്ടു നീങ്ങുന്തോറും ഞാൻ സീറ്റിൽനിന്ന് എണീറ്റ്, കുട്ടിക്കാലത്ത് ചെയ്യാറുള്ള പോലെ, വിന്‍ഡോയിലൂടെ തലയിട്ടു പിന്നോട്ട് നോക്കി. അപ്പോൾ,
മങ്ങിയ വെളിച്ചത്തിൽ നടുക്കത്തോടെ എനിക്കു കാണാനായി, പുണ്യാളന്റെ പ്രതിമ നിന്നിരുന്ന സ്ഥലത്തിനു അല്‍പ്പം ദൂരെ, കുറച്ചു സിമന്റ് കട്ടകൾ കൂട്ടം കൂടിയിട്ടിരിയ്ക്കുന്നു. കുറച്ച് ദൂരം കൂടി മുന്നോട്ടു പോയപ്പോൾ ഇരുട്ട് ആ ദൃശ്യം എന്നിൽനിന്നു ഒളിപ്പിച്ചു.
കണ്ണിൽനിന്ന് എല്ലാം മറഞ്ഞപ്പോൾ പെട്ടെന്നു തന്നെ ഞാൻ സീറ്റിൽ തിരിച്ച് വന്നിരുന്നു.

മനസ്സിൽ പേരറിയാത്ത എന്തോ ഒരു വികാരം. പുണ്യാളൻ എന്റെ ആരുമായിരുന്നില്ല. കൊരട്ടിമുത്തിയമ്മയെ പോലെ ഞാൻ മതപരമായി ആരാധിച്ചിരുന്നുമില്ല. എന്നിട്ടും എന്തോ ഒരു അസ്വസ്ഥത.

രണ്ട് മിനിറ്റ് കഴിഞ്ഞ് കൊരട്ടിയിൽ ബസ്സിറങ്ങി റെയില്‍‌വേ ക്രോസ്സിന് സമീപത്തുള്ള ചെറിയ ചായക്കടയിൽ കയറി. എല്ലാ വരവിലും ചായ കുടിക്കാൻ കയറാറുള്ളത് കൊണ്ട് ചായക്കടക്കാരൻ കണാരേട്ടൻ വിടര്‍ന്നു ചിരിച്ചു.

ചായക്കടയിൽ ഞാൻ മാത്രമേയുള്ളൂ. കുറച്ച് നീങ്ങി രാത്രി ഓട്ടത്തിന് വന്ന ‘സ്റ്റീഫന്‍സ്‘ ഓട്ടോ കിടപ്പുണ്ട്. അതിനുള്ളിൽ സ്റ്റീഫന്റെ ചേട്ടനും ഉണ്ടാകും ഗാഢനിദ്രയിൽ. ചുറ്റിലും നിശബ്ദമായിക്കിടക്കുന്ന യാമം. പുലരിക്കു വഴിമാറിക്കൊടുക്കാൻ വിസമ്മതിച്ച് നില്‍ക്കുന്ന അതിന്റെ മനം മയക്കുന്ന ലാസ്യഭാവത്തിൽ ഞാൻ ഒരുവേള മുഴുകി.

കണാരേട്ടൻ ചായ അങ്ങോട്ടുമിങ്ങോട്ടും നീളത്തിൽ പറത്തിയൊഴിച്ച് തയ്യാറാക്കുമ്പോൾ ഞാൻ അന്വേഷിച്ചു.

“കണാരെട്ടാ. പുണ്യാളന്റെ പ്രതിമ എന്തിനാ പൊളിച്ചേ?“

ചായ ചില്ല് ഗ്ലാസ്സിലേക്കു പകര്‍ന്ന് ഗ്ലാസിന്റെ സൈഡിലൂടെ ഒലിച്ചിറങ്ങിയ ചായവെള്ളം തോളത്തെ തോര്‍ത്ത് കൊണ്ട് തുടച്ച് എന്റെ മുന്നിൽ മേശപ്പുറത്ത് വെച്ചു.

“എന്‍‌എച്ച് നാല് വരി ആക്കല്ലേ. അതോണ്ടാ”

എനിക്കു കാര്യങ്ങൾ എല്ലാം മനസ്സിലായി. ചാലക്കുടി കഴിഞ്ഞാൽ പിന്നെ പഴയ നാഷണൽ ഹൈവേയാണെന്ന് പറയില്ല. അത്രക്കുണ്ട് വ്യത്യാസം.

എല്ലാം ഓര്‍ത്ത് മിണ്ടാതിരിക്കുമ്പോൾ കണാരേട്ടൻ വീണ്ടും സൂചിപ്പിച്ചു.

“മുരിങ്ങൂർ ബൈപ്പാസും ഇല്ലാണ്ടാവുന്നാ കേക്കണേ. പൂലാനിക്കാര് സമരോ മറ്റോ തുടങ്ങാൻ പോണൂന്നു കേട്ടു”

ചായ മുഴുവൻ സാവധാനം കുടിച്ച് പൈസ കൊടുത്ത് ഇറങ്ങുമ്പോ കണാരേട്ടൻ പതിവ് ചോദ്യം ചോദിച്ചു.

“ഇന്യെന്നാ?”

“ചെലപ്പോ ക്രിസ്മസിന്…”

കണാരേട്ടനോട് യാത്ര പറഞ്ഞ് ‘സ്റ്റീഫന്‍സ്’നു നേരെ നടക്കുമ്പോൾ എന്റെ മനം നിറയെ കുതിരപ്പുറത്ത്, പടച്ചട്ടകൾ അണിഞ്ഞ്, കുന്തവുമേന്തി വ്യാളിയെ നേരിടുന്ന ‘ഇടിവെട്ട് പുണ്യാള‘ന്റെ ഗാംഭീരരൂപമായിരുന്നു. കണ്ണുകളിൽ എന്തൊക്കെയോ കൈമോശം വന്നതിന്റെ നഷ്ടബോധവും.


അഭിപ്രായം എഴുതുക