ഓണമേ എന്നെ നോവിക്കാതെ

നേരിയ മയക്കത്തിലായിരുന്നു ഞാൻ. മുറിയിൽ ക്ലോക്കിന്റെ ‘ടക് ടക്’ ശബ്ദം മാത്രം. പോകേണ്ട സമയമായെന്നു ആരോ മനസ്സിലിരുന്നു മന്ത്രിച്ചു. പായയിൽനിന്നു ഞാൻ സാവധാനം എഴുന്നേറ്റു. പതിവ് ചാരക്കളറുള്ള പാന്റ്സിൽ വലിഞ്ഞുകയറി. റൂമിന്റെ മൂലയിൽ പൊടിപിടിച്ചു കിടന്നിരുന്ന ഷൂ, നിറംമങ്ങിയ സോൿസ് കൊണ്ട് തുടച്ചു വൃത്തിയാക്കി, കാലിൽ തിരുകിക്കയറ്റി.

കുളിമുറിയിൽ ചെന്നു. ഒരു കപ്പ് വെള്ളമെടുത്തു മുഖം കഴുകി. കോട്ട് എടുക്കണോ വേണ്ടയോ എന്നു ചിന്തിച്ചു നിൽക്കുമ്പോൾ രാജു അന്വേഷിച്ചു.

“എന്താടേയ് ഓണമായിട്ട് കയ്യും വീശിയാണോ നാട്ടിൽ പോകുന്നെ?”

ഞാൻ ഒന്നും മിണ്ടിയില്ല. പകരം ഉള്ളിൽ സ്വയം പരിഹസിച്ചു ചിരിച്ചു. എനിക്കു അവനോടു പറയണമെന്നുണ്ടായിരുന്നു. ഒരുപിടി തീക്കനലിന്റെ ചൂടുള്ള ഓര്‍മകളും കൊണ്ടാണ് ഞാൻ വീട്ടിൽ പോകുന്നതെന്ന്. പക്ഷേ ഞാനതിനു തുനിഞ്ഞില്ല. കാരണം അതൊക്കെ മനസ്സിലാക്കാന്‍ മാത്രം രാജു അവന്റെ ജീവിതത്തിൽ കഷ്‌ടപ്പെട്ടിട്ടില്ല.

രാജു ഇന്നലെ റൂമിൽ വന്നത് രണ്ടു-മൂന്ന് ബാഗുകളുമായാണ്. ഓണം ഷോപ്പിംഗ്!
വീട്ടുകാര്‍ക്കു കുറച്ചു സെറ്റുമുണ്ടൊക്കെ എടുത്തിരിയ്ക്കുന്നു. ആഘോഷത്തോടെ അവന്‍ പൊതിയെല്ലാം പൊട്ടിച്ചു സുരേഷിനു കാണിച്ചു കൊടുത്തു. അഭിപ്രായം ചോദിച്ചാലോ എന്നു ഭയന്നു ഞാൻ അകത്തെ മുറിയിൽ കമിഴ്ന്നു കിടന്നു. രാജുവിനു മുന്നിൽ പ്രസന്നഭാവം നടിക്കാനായേക്കില്ല. അപ്പോ നന്ന് ഇതൊക്കെത്തന്നെ.

അപ്പുറത്തു രാജുവിന്റെ അന്വേഷണം കേട്ടു. ഒപ്പം സുരേഷിന്റെ മറുപടിയും.

“അവന്‍ ഒറങ്ങീണ്ടാവും”

ഹഹഹ. ഉറങ്ങിയിട്ടുണ്ടാകുമെന്ന്!

സുരേഷിനറിയില്ല ഞാൻ നേരെ ചൊവ്വേ ഒന്നു ഉറങ്ങിയിട്ടു മാസങ്ങളായി എന്ന്. മൂന്നു മണിക്കൂർ നേരത്തെ നേര്‍ത്ത മയക്കം. അതിനുശേഷം നന്നേ വെളുപ്പിനു ഉറക്കം എന്നെവിട്ടു പോവുകയായി. പിന്നെ തിരിഞ്ഞും മറിഞ്ഞും പല പോസുകളിൽ കിടക്കും. ടെന്‍ഷന്റെ വേലിയേറ്റങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളിൽ മുറിക്കു പുറത്തെ വരാ‍ന്തയിലേക്കു ഒരു കൂടുമാറ്റം. അവിടെ ഒരു മണിക്കൂറോളം നീളുന്ന ഉലാര്‍ത്തൽ. അങ്ങിനെ മനസ്സ് സാവകാശം ആശ്വാസം കൊള്ളും.

അങ്ങിനെയുള്ള ദിവസങ്ങളിലെന്നോ ആണ് ബ്രിജ് എന്നോടു ആ കാര്യത്തെപ്പറ്റി സൂചിപ്പിച്ചത്.
അവന്‍ ഒരു സ്മോളിന്റെ ലഹരിയിലായിരുന്നപ്പോൾ…

“ഡായ്… നീ കൊറച്ച് നാളായി ഉറക്കത്തിൽ സംസാരിക്കാറുണ്ട്. ഇന്നലെ രാത്രി ആരാണ്ടെയൊക്കെ കൊറേ ചീത്ത പറഞ്ഞു!”

ഞാൻ അല്‍ഭുതപ്പെട്ടു. ഉറക്കത്തിൽ സംസാരിക്കുന്നത് പുത്തരിയല്ല. പക്ഷേ ചീത്ത പറയുക എന്നത് അസംഭാവ്യമാണ്. നെഞ്ച് തടവി സങ്കടമുള്ള ഭാവത്തിലിരിക്കുന്ന രാജുമോൻ കൂട്ടിച്ചേര്‍ത്തു.

“നീ പറയണതൊക്കെ പഴയ കാര്യങ്ങളാ. പഴയ കമ്പനീടെ പേര് മാറി ഇപ്പോ വേറെ കമ്പനി, വേറെ പേര്. ദാറ്റ്സ് ആൾ”

ഞാൻ മന്ദഹസിച്ചു. വേദനയോടെ മന്ദഹസിച്ചു.

 

ഞാന്‍ ഉറക്കത്തിൽ സംസാരിക്കുന്നതിനെപ്പറ്റി രാജു ആദ്യമായി പറയുന്നത് ബാംഗ്ലൂരിൽ എനിക്കു പറ്റിയ ആദ്യത്തെ ‘ഷോക്കി‘നു ശേഷമാണ്. പിന്നേയും തുടര്‍ച്ചയായി ഷോക്കുകൾ ഒന്നിനു പിറകെ ഒന്നായി വന്നപ്പോൾ സംഭാഷണത്തിലെ കര്‍ത്താവ് മാറി. ക്രിയ മാറ്റമില്ലാതെ തുടര്‍ന്നു.

ഞാൻ അന്നേ മനസ്സിലാക്കിയിരുന്നു. എന്നെപ്പോലുള്ളവര്‍ക്കു സ്വപ്നങ്ങൾ എന്നുമൊരു പാരയാണെന്ന്. മറച്ചുവക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി നിഗൂഢതകൾ മനസ്സിന്റെ ഉള്ളറകളിൽ പേറുന്നവര്‍ക്കു സ്വപ്നങ്ങൾ എന്നുമൊരു വെല്ലുവിളിയാണ്. അത്തരക്കാർക്കു ഉറങ്ങാതിരിക്കുമ്പോൾ മാനസികവിചാരങ്ങളെ സമര്‍ത്ഥമായി ഒളിപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ല. പക്ഷേ ഉറങ്ങുമ്പോൾ, അബോധമനസ്സിന്റെ പിടിയിലായിരിക്കുന്ന അവസരത്തിൽ മനസ്സ് വിളിച്ചു കൂവുന്നത്, അവരുടെ മനസ്സിൽ അവർ മറ്റാരും അറിയരുതെന്നു കരുതി ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരുപാട് രഹസ്യങ്ങളായിരിക്കും. അത് എനിക്കു എന്നുമൊരു ശല്യമാണ്.

അപ്പുറത്തെ മുറിയിൽനിന്നു രാജുമോൻ മുറിയിലേക്കു കയറിവന്നു. ലൈറ്റിട്ടു. എന്റെ കാല്പാദത്തിന്മേൽ കൈ എത്തിച്ചു തൊട്ടുവന്ദിച്ചു. അന്നേരം വിസ്കിയുടെ രൂക്ഷമായ മണം മൂക്കിലേക്കു അടിച്ചുകയറി.

അവനു ഈയിടെയായി മദ്യപാനം കൂടുതലാണ്. വീട്ടുകാർ അറിയാതെയുള്ള ഈ സുരപാനത്തിൽ അവനും സങ്കടമുണ്ടെന്നു അറിയാം. ഇല്ലെങ്കിൽ, ഒരിക്കൽ മദ്യത്തിന്റെ ലഹരിയിലായിരുന്നപ്പോൾ അവന്‍ എഴുതില്ലായിരുന്നു ‘പിച്ച വെപ്പിച്ച കൈകളെ തട്ടിമാറ്റുന്ന യൌവ്വനം‘ എന്ന്.

വീട്ടുകാർ! ആ ചിന്ത എന്നെ ആകെ വാരിപ്പൊതിഞ്ഞു. തൊണ്ടക്കു ഞാൻ അറിയാതെ കനംവച്ചു.
കണ്ണുകൾ നിറഞ്ഞു വന്നു. പണ്ടൊരിക്കൽ പ്രിയപ്പെട്ടവര്‍ക്കു കൊടുത്ത വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കാനാകാത്ത ഏതോ ആത്മാവിന്റെ വിലാപം കാലങ്ങള്‍ക്കപ്പുറത്തുനിന്നു, ദേശങ്ങള്‍ക്കപ്പുറത്തുനിന്നു വന്ന് അലയൊലിയായി കാതുകളിൽ മുഴങ്ങി.

“ഓണത്തിന് വരുമ്പോ അമ്മക്കു എത്ര ഇഞ്ച് കസവുള്ള സെറ്റുമുണ്ടാ ഞാൻ കൊണ്ടുവരണ്ടെ?”

കളിപറയുന്ന പുത്രനെ സാകൂതം നോക്കി അമ്മ പുഞ്ചിരിച്ചു. മകന്റെ ശോഷിച്ച കവിളത്തു തലോടി ആ കൈകൾ മുത്തി.

“നീയിങ്ങ് വന്നാ മതി. അല്ലെങ്കി ഇവിടെ ആരും ഓണം കൊള്ളില്ല“

അന്നു വാക്കു കൊടുത്തു. പത്തുമാസം ചുമന്ന അമ്മക്കു രണ്ടാമത്തെ മകൻ വാഗ്ദാനം കൊടുത്തു. വീട്ടുമുറ്റത്തെ കിഴക്കേമൂലയിൽ കുടിയിരുത്തിയിരിക്കുന്ന രക്തരക്ഷസിന്റെ പ്രതിമ അതിനു സാക്ഷിയായി മരവിച്ചുനിന്നു. പക്ഷേ പൂവിളിയും ആര്‍പ്പുമായി പൊന്നോണം വന്നപ്പോ… വന്നപ്പോൾ വീട്ടിലേക്കു പോകാന്‍ അമ്മയുടെ മകനു തോന്നിയില്ല. ഒന്നര ഇഞ്ചുവീതിയിൽ കസവുള്ള സെറ്റുമുണ്ടില്ലാതെ അമ്മയെക്കാണാൻ പുത്രന്റെ മനസ്സ് സമ്മതിച്ചില്ല. ബാംഗ്ലൂരിലെ മുറിയിൽ, മകൻ തലകുനിച്ചിരുന്നു ഹൃദയം പൊട്ടി കരഞ്ഞു. വാഗ്ദാനം നിറവേറ്റാനാകാത്ത മനസ്സിന്റെ അസ്വസ്ഥത.

എന്നാൽ ഒന്നാം ഓണത്തിനടുത്ത ദിവസങ്ങളിലൊന്നിൽ, യാമങ്ങള്‍ക്കിടയിൽ എപ്പോഴോ മൊബൈൽ ശബ്ദിച്ചു.

“Manu Chettan calling…”

മൊബൈലിന്റെ “രാരി രാരീരം” ടോൺ എന്നെ കൂട്ടിക്കൊണ്ടു പോയി. നടുവിൽ പൊട്ടിപ്പൊളിഞ്ഞ, ചെങ്കല്ല് പുറത്തുകാണാവുന്ന, തുളസിത്തറയുള്ള വീട്ടുമുറ്റത്തേക്ക്. അവിടെ, പണ്ട് ഒരുപാടു നാൾ ആവര്‍ത്തിച്ച, ഒരു സംഭവത്തിന്റെ ദൃക്‌സാക്ഷിത്വം എന്റെ കൺ‌മുന്നിൽ ഒളിമിന്നി.

വൈകുന്നേരങ്ങളിൽ തുളസിത്തറക്കു പിന്നിൽ, മുറ്റത്തിന്റെ രണ്ട് വശങ്ങളിലുമുള്ള അശോകച്ചെത്തിയിൽ വലിച്ചുകെട്ടിയിരിക്കുന്ന കട്ടിയുള്ള ചാക്കുചരട്. അതിനു അപ്പുറത്തു ഒരു ചേട്ടനും ഇപ്പുറത്തു നാലുവയസ്സിനിളയ അനിയനും കളിക്കാൻ തയ്യാറെടുക്കുന്നു. കയ്യിലെ കടലാസുകൾ കുത്തിനിറച്ചു ഉണ്ടാക്കിയ പന്ത് ചാക്കുചരടിനു മുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും തട്ടിയുള്ള കളി തുടങ്ങുന്നതിനു മുമ്പ് ചേട്ടനോടു അനിയന്റെ നിഷ്കളങ്കമായ അന്വേഷണം.

“ഇന്നത്തെ കളീല് ആരാ ജയിക്കാ‍ ചേട്ടാ?”

സംശയത്തിനിട നല്‍കാത്ത വിധത്തിൽ ഒരു മറുപടി.

“ഞാന്‍ തന്നെ”

പക്ഷേ കളി പുരോഗമിയ്ക്കുന്തോറും ആ ചേട്ടൻ തോല്‍‌വിയിലേക്കു കൂപ്പുകുത്തും. ചേട്ടൻ മനപ്പൂര്‍വ്വം ഉഴപ്പിക്കളിക്കുകയാണോ എന്ന അനിയന്റെ മനസ്സിലെ സംശയങ്ങളൊക്കെ ‘നീ നന്നായി കളിക്കണോണ്ടാ ഞാന്‍ തോല്‍ക്കണേ’ എന്ന മറുപടിയിൽ അലിഞ്ഞില്ലാതാകുന്നു. ചേട്ടനെ തോൽ‌പിച്ചു എന്ന സന്തോഷത്തിൽ ആ കിളുന്ത് മനസ്സപ്പോൾ അഭിമാനപൂരിതമാകും. കളികഴിഞ്ഞു, കിണറ്റിൻ‌കരയിൽനിന്നു രണ്ടു ബക്കറ്റ് വെള്ളം തലയിൽ കോരിയൊഴിച്ച്, നാമം ജപിക്കാനായി ഈറൻ‌തോര്‍ത്തോടെ തെന്നിത്തെന്നി ചാടിയോടി എത്തുന്ന ആ അനിയന്‍ നിലവിളക്കിലെ കരി തുടച്ചുകൊണ്ടിരിയ്ക്കുന്ന അമ്മയെക്കാണുമ്പോൾ ആഹ്ലാദത്തോടെ അറിയിക്കും.

“അമ്മേ ഞാനിന്നും ചേട്ടായീനെ തോപ്പിച്ചു”

മകനെ മടിയിലിരുത്തി നിലാവുപോലെ പുഞ്ചിരിച്ച് അമ്മ അപ്രിയസത്യം തുറന്നു പറയും.

“നിന്നെ ജയിപ്പിക്കാൻ ചേട്ടൻ മനപ്പൂര്‍വ്വം തോല്‍ക്കണതല്ലേടാ ചെക്കാ. അല്ലാണ്ട് ഇത്തിരിക്കോളൊള്ള നീ ചേട്ടന്റട്ത്ത് ജയിക്ക്വോ?” ഒന്ന് നിർത്തിയിട്ടു അമ്മ തുറ്റരും.”പിന്നെ ചേട്ടന്റെ ഈ തോല്‍‌വിയൊക്കെ നീ ഭാവിയിലേക്കു ഓര്‍ത്ത് വയ്ക്കണം‌ട്ടോ“

അന്നൊന്നും വളര്‍ച്ചയെത്താത്ത അനിയന്റെ ഇളം‌മനസ്സ് സമ്മതിക്കാറില്ലായിരുന്നു, ചേട്ടന്‍ മനപ്പൂര്‍വ്വം തന്നെ ജയിപ്പിച്ചതാണെന്ന്. പക്ഷേ ഇന്നു പക്വതയെത്തിയ ഒരു മനസ്സിനു ഉടമയായിരിക്കെ അനിയൻ സത്യം മനസ്സിലാക്കുകയാണ്. എന്റെ ചേട്ടന്റെ തോല്‍‌വികൾ മനപ്പൂര്‍വ്വമായിരുന്നു. എന്നെ ജയിപ്പിക്കാനായി എന്റെ ചേട്ടന്‍ തോല്‍‌വികൾ ഏറ്റുവാങ്ങുകയായിരുന്നു. ആ തോല്‍‌വികള്‍ക്കു പ്രതിഫലമെന്നോണം ഇന്നു ഞാൻ തിരിച്ചങ്ങോട്ടു തോല്‍‌വി സമ്മതിക്കുന്നു, മനപ്പൂര്‍വ്വം.

ചേട്ടനു മുന്നിൽ വീണ്ടും അനുസരണയുള്ള പഴയ കുഞ്ഞനുജനായി. വീട്ടുമുറ്റത്തെ പന്തുകളിയിൽ മനപ്പൂര്‍വ്വം അലസമായി കളിച്ച് അനിയനെ വിജയിപ്പിക്കാറുള്ള അണ്ണന്റെ സ്നേഹപൂര്‍ണമായ കടുത്ത വാക്കുകള്‍ക്കു മുന്നിൽ സന്തോഷത്തോടെ വീണ്ടും പഴയ കുഞ്ഞനുജനായി.

എന്റെ നാവ് ഞാനറിയാതെ ശബ്ദിച്ചു.

“ഞാന്‍ വരാം”

അന്നു, വരാമെന്നു പറയുമ്പോഴും മനസ്സിൽ പ്രതീക്ഷയുടെ ഒരു തിരി കത്തി എരിയുന്നുണ്ടായിരുന്നു. ‘അടുത്ത ഓണം ഇങ്ങിനെയാവില്ല‘ എന്നു ഇത്തിരിവെട്ടം പൊഴിച്ചു നില്‍ക്കുന്ന ഒരു കുഞ്ഞു നെയ്ത്തിരി.

ആ മങ്ങിയ വെളിച്ചത്തിന്റെ പ്രതീക്ഷയിൽ ഞാൻ ആശകളുടെ ചെങ്കോട്ടകൾ പടുത്തുയര്‍ത്തി.
അടുത്ത ഓണം കൈനിറയെ സമ്മാനങ്ങളുമായി ഒരു യാത്രയുടേതാവും. അമ്മയോടൊപ്പം സന്തോഷത്തോടെയുള്ള ഒരു ഓണമാവും. പരാധീനതകൾ ഒരുപാട് കണ്ടും കൊണ്ടുമറിഞ്ഞ എന്റെ മനസ്സ് അങ്ങിനെ പ്രതീക്ഷിച്ചു. ആശ്വസിച്ചു.

കാലങ്ങൾ, മാസങ്ങൾ പിന്നേയും കൊഴിഞ്ഞു വീണു. പലരും ചവിട്ടിത്താഴ്ത്തിയ സന്ദര്‍ഭങ്ങളുടെ ആവര്‍ത്തനങ്ങൾ. അവക്കൊടുവിൽ ഞാൻ നടുക്കത്തോടെ തിരിച്ചറിഞ്ഞു. വീണ്ടും ഒരിക്കൽ കൂടി അത്തം എത്തി. ഓണം വന്നു!

പക്ഷേ… കഴിഞ്ഞ ഓണത്തിനു ആശകളുടെ കമാനങ്ങൾ പടുത്തുയര്‍ത്തിയ അമ്മയുടെ മകൻ ഇപ്പോഴും നടുക്കടലിൽ തന്നെ. വിജയം തേടി അവന്‍ കരക്കണയുന്നത് തടയാനായി അപ്പോഴും ചിലർ കാവൽ നിന്നിരുന്നു. കാലങ്ങൾ മൂര്‍ച്ച വരുത്തിയ പകയുമായി അവരവനെ കാത്തു കാവൽ നിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെന്നോ ഒരു വൈകുന്നേരം ചേട്ടന്റെ അപ്രതീക്ഷിത മെസേജ്.

“നവ്യേടെ നിശ്ചയം ശനിയാഴ്ചയാണ്. കല്യാണം ജനുവരിയിലാവാനാണ് സാധ്യത”

സന്തോഷം കൊണ്ട് കണ്ണുകൾ പതുക്കെ നിറഞ്ഞു. പാറൂട്ടിക്ക് കല്യാണായത്രെ. ഏട്ടന്റെ കുഞ്ഞുപെങ്ങള്‍ക്കു മംഗല്യം!

മെസേജിന്റെ അവസാനവരി വായിച്ചപ്പോൾ ചങ്കിലെന്തോ ഉടക്കി. “നീ വരില്ലേ. അവള്‍ക്ക് നിര്‍ബന്ധാണ്”

‘ഏട്ടാ’ എന്നു ആദ്യമായി വിളിച്ച ഒരാളാണ്. ‘ഏട്ടാ‘ എന്നു വിളിക്കാൻ ആകെയുള്ള ഒരാളാണ്.
പോയേ ഒക്കുമായിരുന്നുള്ളൂ. പക്ഷേ എന്റെ പരിമിതികൾ. എന്റെ ഒരുപാട് പരിമിതികൾ. അവക്കു മുന്നിൽ ഞാൻ ഒടുക്കം ശിരസ്സുനമിച്ചു.

മൊബൈലിൽ മൂന്നുതവണ ഞെക്കി. അവസാനം സ്ക്രീനിൽ തെളിഞ്ഞു.

“Inbox Empty”

ഈശ്വരാ. തലക്കു കൈത്താങ്ങ് കൊടുത്തു റൂമിനു പുറത്തെ അരമതിലിൽ ഇരുന്നു. കരയാൻ ആഗ്രഹിച്ചെങ്കിലും കണ്ണിൽ വെള്ളം വന്നില്ല. പകരം ചുണ്ടുകൾ അകന്നുമാറി വിളറിയ ചിരി എന്നെ എത്തിനോക്കി. അപ്പോൾ നടുക്കത്തോടെ മനസ്സിലാക്കി. ഇന്നെന്നിൽ ഉയിരെടുക്കുന്ന വികാരങ്ങള്‍ക്കു സ്ഥലകാല ബോധമില്ല. കരയണമെന്നു തോന്നുമ്പോൾ ചിരി വരുന്നു.

പാറൂന്റെ കല്യാണ നിശ്ചയച്ചടങ്ങ് മാത്രമല്ല അപവാദം. ജൂണിലെ സന്ദര്‍ശനത്തിൽ മര്യാദാമുക്കിൽ പദ്‌മാസനത്തിൽ ഇരിക്കുമ്പോൾ പുതുതായി വാങ്ങിയ സെക്കന്റ്ഹാന്‍ഡ് ബജാജ് 4S ൽ കത്തിച്ചു വന്നു ബിജുച്ചേട്ടൻ. ആഹ്ലാദത്തോടെ പറഞ്ഞു.

“സുന്യേയ്. ഒടുക്കം അതും സംഭവിച്ചൂട്ടാ”

ആ മുപ്പത്തിരണ്ടുകാരന്റെ വിടര്‍ന്ന ചിരിയിൽ ഞാൻ കാര്യങ്ങൾ ഊഹിച്ചു. ആലിലയിൽ പ്രണയകാവ്യമെഴുതി പാട്ട് പാടിയ കക്കാടിന്റെ സ്വന്തം ബിജുവിന്റെ ജീവിതത്തിലേക്കു ഒരാൾ കൂട്ടുവരുന്നു.

“മാമ്പ്രേന്നാടാ. അക്കൌണ്ടന്റ്”

ഞാന്‍ തലയാട്ടി. എല്ലാം നന്ന്. സന്തോഷമായി. പക്ഷേ പ്രതീക്ഷിച്ച ചോദ്യം പിന്നാലെയെത്തി.

“അപ്പോ നീയെന്നാ വരാ?”

ഫുള്‍ടൈം ലീവായിരുന്നിട്ടും ഒമ്പതാം തീയതി എന്ന ചൊവ്വാഴ്ചയിൽ തന്നെ കയറിപ്പിടിച്ചു.

“ബുദ്ധിമുട്ടാ. ഒമ്പതാം തീയതി വര്‍ക്കിംങ് ഡേയാണ്. ഞായർ ആയിരുന്നെങ്കിൽ…”

ആ മുഖം മങ്ങുന്നത് ശ്രദ്ധിക്കാതെ ഞാനെന്റെ മുഖം തിരിച്ചു. മനസ്സിൽ ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു.

“ഞായർ ആയിരുന്നെങ്കിൽ?”

ഇല്ല. ഒരു ചുക്കും സംഭവിക്കില്ല. മറ്റെന്തെങ്കിലും കാരണം തേടും. അത്ര തന്നെ. അല്ലാതെ നാട്ടിലേക്കു പോകുന്ന കാര്യം ആലോചിക്കാന്‍ വയ്യ. പക്ഷേ ഈ ഓണത്തിനും ഒരു നീണ്ടയാത്രക്കു ശേഷം നന്നേ വെളുപ്പിനു വീട്ടിൽ വന്നു കയറുന്ന മകന്റെ കാലൊച്ചക്കു കാതോര്‍ത്ത് അമ്മ ഇത്തവണയുമുണ്ടാകും. ഉച്ചക്കു സദ്യയ്ക്കുള്ള ഇലവെട്ടുമ്പോൾ ചേട്ടൻ എനിക്കുള്ളതും കൂടെ വെട്ടും. പോകാതിരിയ്ക്കാനാകുമോ?. ആകും. എനിക്കിന്നു അതിനുമാകും. പക്ഷേ ചേട്ടൻ വിളിച്ചാൽ വീണ്ടും പഴയ അനുജന്‍ തന്നെയാകും. അല്ലാതെ വയ്യ. അതൊരു നിയോഗമാണ്. പണ്ടു ചേട്ടൻ സമ്മാനിച്ച വിജയങ്ങളുടെ ഭാരം എന്നെ അത്രക്കു വീര്‍പ്പുമുട്ടിക്കുന്നു. ആ ചേട്ടന്‍ വിളിച്ചാൽ ഈ ഓണത്തിനും അനുജന്‍ നാട്ടിൽ പോകും.

Featured Image:- Shyju.comCategories: Memoires

Tags:

57 replies

 1. നന്നായിട്ടുണ്ട്……..*

  Like

 2. “About me” വായിച്ചപ്പോള്‍ തന്നെ ഉറപ്പായിരുന്നു നല്ലൊരു എഴുത്ത് കാരനാണെന്ന്. ഇന്ന് ഈ profile തിരഞ്ഞെടുത്തു വായിക്കുകയായിരുന്നു . എന്റെ പ്രതീക്ഷകളെ തകര്ത്തില്ല. ഹൃദയത്തില്‍ തൊടാതെ കടന്നു പോയ വരികള്‍ വിരളം.
  എന്റെ എല്ലാ ആശംസകളും.

  Like

 3. feelings there, oro variyilum ..
  i thnk oro postum ezhuthumbol mind calm akum alle…upasana nice name.,
  ur description abt upasana also nice..good.

  Like

 4. ചിരിപ്പൂക്കള്‍ : വൈകിയെത്തുന്ന ഈ നന്ദിപ്രാകാശനവും. 🙂

  മേരിക്കുട്ടി : കാത്തിരിപ്പുതുടരുകയാണ്. ഇതുവരെ പാതിയേ ശരിയായിട്ടുള്ളൂ. സംഭവങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നുമുണ്ട് വിപ്രോയിലുള്‍പ്പെടെ. 😦

  പീയാറേ : ചോര്‍ച്ചയൊക്കെ അടച്ചു 🙂

  ദീപേച്ചി : ശ്രമങ്ങള്‍ക്ക് നന്ദി. ജെസ്സ് എന്നെ കൊണ്ടാക്ട് ചെയ്തിരുന്നു. എച്ച്‌സി‌എല്ലില്‍ ഇപ്പോള്‍ ചെറിയൊരു പണിയുണ്ട്. എങ്കിലും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുന്നു. 🙂

  മലയാളീ : താല്പര്യമില്ല സുഹൃത്തേ. 🙂

  ചെറിയനാടന്‍ / നിശികാന്ത് : സന്തോഷം. പാട്ടൊക്കെ ഗംഭീരമായി കേട്ടോ 🙂

  ശ്രീ ഇടമണ്‍ : വന്നതിന് നന്ദി. 🙂

  പീക്കുട്ടി : പ്രതീക്ഷകള്‍ക്കൊത്തു ഉയരാനായതില്‍ സന്തോഷിക്കുന്നു 🙂

  സ്മിത : എഴുതുമ്പോള്‍ മനസ്സ് ശാന്തമാവുകയല്ലാ, മറിച്ച് പ്രക്ഷുബ്ധമാവുകയാണ് ചെയ്യാറ്. വായനക്ക് നന്ദി 🙂

  എല്ലാവര്‍ക്കും എന്റെ കൂപ്പുകൈ
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  qw_er_ty

  Like

 5. This comment has been removed by a blog administrator.

  Like

 6. This comment has been removed by a blog administrator.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: