സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
ആസ്‌തിക – നാസ്‌തിക സംവാദങ്ങളുടെ കേന്ദ്രബിന്ദു, പലപ്പോഴും മനുഷ്യനിലുള്ള ബോധത്തിന്റെ ഉറവിടം എന്താണെന്നതിനെ കുറിച്ചാണല്ലോ. ബോധത്തിനു മനുഷ്യശരീരത്തിൽ നിന്നു വേറിട്ട സ്വതന്ത്ര നിലനിൽപ്പുണ്ടെന്നു ആസ്‌തികർ പറയുമ്പോൾ, മനുഷ്യനിലെ ബോധം സൃഷ്ടിക്കുന്നത് ശരീരമാണെന്നും, ശരീരനാശത്തോടെ ബോധം ഇല്ലാതാകുമെന്നും നാസ്‌തികരായ ചാർവാകർ പറയുന്നു.
ഇതിൽ ആസ്‌തികരുടെ നിലപാടിനു കൂടുതൽ സാധുത നൽകുന്ന ഘടകങ്ങൾ പരിശോധിച്ച് നോക്കാം.
പ്രാഥമിക തലവും, ദ്വിതീയ തലവും, ആസ്‌തിത്വത്തിൽ: –
പ്രാഥമികതലം പേരു സൂചിപ്പിക്കുന്ന പോലെ ആസ്‌തിത്വത്തിന്റെ ആദ്യത്തെ തലം ആണ്. ഇവിടെയാണ് എല്ലാത്തിന്റേയും ആരംഭം. പ്രാഥമിക തലത്തിനു ശേഷം വരുന്ന എല്ലാത്തിന്റേയും ആധാരം പ്രാഥമിക തലം ആണ്. അതിനാൽ പ്രാഥമിക തലം ഇല്ലാത്തപ്പോൾ മറ്റു ആസ്‌തിത്വ തലങ്ങളോ, അനുഭവങ്ങളോ ഉണ്ടാവുക അസാധ്യമാണ്.
പ്രാഥമിക തലത്തിനു ശേഷം വരുന്ന തലത്തെ ദ്വിതീയതലം എന്നു വിളിക്കാം. ആസ്‌തിത്വ സംബന്ധിയായി രണ്ടാമത് വരുന്ന ഇതിന്റെ ആധാരം പ്രാഥമിക തലം ആയിരിക്കും.
ആത്മീയ വിഷയങ്ങളിൽ പരിണതപ്രജ്ഞനായ ഒരു യോഗിക്ക്, പ്രാഥമിക ആസ്‌തിത്വ തലത്തിൽ നിന്നു ദ്വിതീയ തലത്തിലേക്കും, അവിടെ നിന്ന് തിരിച്ചും സഞ്ചാരം സാധ്യമാണ്.
പ്രാഥമിക ആസ്‌തിത്വനില പ്രജ്ഞയോ ശരീരമോ?
വേദാന്തത്തിന്റെ നിലപാട്: –
വേദാന്തത്തിൽ പ്രാഥമിക, ദ്വിതീയ ആസ്‌തിത്വ നിലകൾ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നെന്ന് നോക്കാം. “പ്രജ്ഞാനാം ബ്രഹ്മഃ” എന്ന് ഉപനിഷത്ത്. അതായത് പ്രജ്ഞ / ബോധം ആകുന്നു ബ്രഹ്മം എന്ന പരംപൊരുൾ. അപ്പോൾ വേദാന്തത്തിൽ ബോധമാണ് പ്രാഥമിക ആസ്‌തിത്വ നില. ഈ നില ദ്രവ്യരൂപം (Matter / Materialistic) ഉള്ളതല്ല; ദ്രവ്യവുമായി ബന്ധമുള്ളതുമല്ല. മറിച്ച്, പ്രജ്ഞയുടേത് അമൂർത്ത നിലയാണ്. ദ്രവ്യവും മറ്റുമുള്ള വ്യവഹാരിക ലോകത്തിന്റെ ആരൂഢം പ്രജ്ഞയിൽ ആകുന്നു.
ചാർവാകരുടെ നിലപാട്: –
ശരീരവും ബോധം തമ്മിലുള്ള ബന്ധം ചാർവാകർ വിശദീകരിച്ചിരിക്കുന്നത് മറ്റു ഭാരതീയ ദർശനങ്ങളുടെ സിദ്ധാന്തത്തിനു കടകവിരുദ്ധമായാണ്. ചാർവാക സിദ്ധാന്തം പ്രകാരം ദ്രവ്യസമാനമായ ( Materialistic ) മനുഷ്യശരീരമാണ് പ്രാഥമിക ആസ്‌തിത്വനില. ഇത് മൂർത്തവും നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്നതുമാണ്. ദ്രവ്യസമാനമായ ഈ ശരീരമാണ് ബോധം ഉണ്ടാക്കുന്നത്. ബോധത്തിന്റേത് ദ്വിതീയ ആസ്‌തിത്വ നിലയാണ്. ഈ നില അമൂർത്തമാണ്. നഗ്നനേത്രങ്ങളാൽ ഇതിനെ ദർശിക്കാനാകില്ല.
ബോധം ശരീരസൃഷ്ടി അല്ലെന്ന് എങ്ങിനെ മനസ്സിലാക്കാം
ഇപ്രകാരം ആസ്‌തികരും നാസ്‌തികരും, പ്രജ്ഞയും ശരീരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പരസ്പര വിരുദ്ധനിലപാട് പുലർത്തുന്നു. ഇതിൽ, ബോധത്തിനു മനുഷ്യശരീരത്തിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പ് കൽപ്പിക്കുന്ന ആസ്‌തികരുടെ നിലപാടാണ് ശരിയെന്ന് എങ്ങിനെ മനസ്സിലാക്കാം.
ധ്യാനനിമഗ്നനായിരിക്കുന്ന ഒരു യോഗിയെ സങ്കൽപ്പിക്കുക. ധ്യാനത്തിന്റെ ആരംഭഘട്ടത്തിൽ യോഗിക്കു തന്നിലെ ബോധത്തേയും, ശരീരത്തെയും കുറിച്ച് അറിവുണ്ടാകും. എന്നാൽ ധ്യാനത്തിൽ പൂർണമായും നിമഗ്നനായിരിക്കുമ്പോൾ യോഗിയിൽ ബോധം മാത്രമേ വിളങ്ങി നിൽക്കൂ. ശരീരത്തെ കുറിച്ചുള്ള അവബോധം പൂർണമായും യോഗിയിൽ നിന്ന് ഒഴിവാകും. ഇന്ദ്രിയങ്ങൾ പ്രവർത്തിയ്‌ക്കായ്‌ക മൂലം, ബാഹ്യലോകം പ്രാപ്തമല്ലാതാവുകയും ചെയ്യും. എന്നാൽ ന്യാനത്തിൽ നിന്നു ഉണരുമ്പോൾ യോഗിക്ക് ശരിരാവബോധം തിരികെ ലഭിക്കും.
മുകളീൽ പറഞ്ഞ യോഗാനുഭവം വളരെ സവിശേഷമാണ്. ബോധത്തിനാണോ ശരീരത്തിനാണോ സ്വതന്ത്ര നിലനിൽപ്പുള്ളതെന്ന് ഇതിൽ നിന്നു നമുക്ക് മനസ്സിലാക്കാം.
— ശരീരത്തെ കുറിച്ചുള്ള അവബോധം ഇല്ലാതായിട്ടും യോഗിക്കു ബോധതലത്തിൽ അഭിരമിക്കാൻ കഴിഞ്ഞു.
— യോഗനിദ്രയിൽ നിന്നു ഉണർന്നപ്പോൾ ശരീര അവബോധം തിരികെ ലഭിക്കുകയും ചെയ്തു.
മുകളിൽ സൂചിപ്പിച്ചതിന്റെ വിപരീതം അസാധ്യമാണ്. അതായത് ബോധത്തെ ഒഴിച്ചു നിർത്തി, ശരീരം മാത്രമാകുന്ന അവസ്ഥയും, പിന്നെ ആ നിലയിൽ നിന്നു വീണ്ടും ബോധം സ്വായത്തമാകുന്നതും അസാധ്യമാണ്. അത് പ്രാവർത്തികമാക്കാൻ കഴിയില്ല. കാരണം ബോധം ശരീരത്തിൽ നിന്നു വിട്ടുപോയാൽ അതിനർത്ഥം മരണം എന്നാണ്. തിരിച്ചുവരവ് സാധ്യമല്ല.
ഇപ്രകാരം ശാരീരികമായ അവബോധത്തിനു പ്രജ്ഞ/ബോധം അവശ്യമാണ്. ശരീരത്തെ പറ്റി ധാരണയില്ലാത്തപ്പോഴും ബോധം ഒരുവനു പ്രാപ്തമാകുന്നതിനാൽ ബോധം ശരീരത്തിന്റെ ഉല്പന്നമാകാൻ ഒരു സാധ്യതയുമില്ല.