അദ്ധ്യായം 20 — കടൽ

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



പത്തൊമ്പതാം അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആത്മകഥാകുറിപ്പുകൾ ഒന്നൊന്നായി പ്രസിദ്ധീകരിച്ച് തുടങ്ങിയ ശേഷം, ഒരു ദിവസം, ഹരീഷ് എന്നോടു ചോദിച്ചു, ‘നീയെന്തിനാണ് ഇക്കാര്യങ്ങൾ ഇങ്ങിനെ പരസ്യമായി ആത്മകഥാകുറിപ്പുകൾ ഒന്നൊന്നായി പ്രസിദ്ധീകരിച്ച് തുടങ്ങിയ ശേഷം, ഒരു ദിവസം, ഹരീഷ് എന്നോടു ചോദിച്ചു, ‘നീയെന്തിനാണ് ഇക്കാര്യങ്ങൾ ഇങ്ങിനെ എഴുതിയിടുന്നത്, ഒരു വിലാപം പോലെ?’.

വാട്ട്സാപ്പിലാണ് അവന്റെ സന്ദേശം വന്നത്. ചോദ്യത്തിൽ മുന്നിൽ ഒരുവേള ഞാൻ പതറിപ്പോയി. എനിക്ക് പിഴച്ചോ ദൈവങ്ങളേ! വെറും വിലാപമാണോ എന്റെ എഴുത്ത്? വൈകല്യമുള്ളവരുടെ മനസ്സിനെ തുറന്നു കാണിക്കുമ്പോൾ അതിൽ വിലാപത്തിന്റെ അംശമുണ്ടാകും. തീർച്ച. എന്നാൽ എന്റെ എഴുത്തിനു വിശാലമായ ഉദ്ദേശലക്ഷ്യങ്ങളുണ്ട്.

ഹരീഷിന്റെ മെസേജ് വായിച്ച് ഏറെക്കഴിഞ്ഞിട്ടും, വിലാപം എന്ന വാക്ക് എന്നിൽ കത്തിപ്പിടിച്ചു നിന്നു. ഞാൻ കുറേക്കാലം വിലപിച്ചിട്ടുള്ള ആളായതുകൊണ്ടാകാം. പണ്ട് എന്നും കരയുമായിരുന്നു. ഇതിന്റെ തുടക്കം കുട്ടിക്കാലത്താണ്. ആനിവേഴ്സറി സംഭവം നടന്ന ദിവസം, രാത്രി മുഴുവൻ ഞാൻ കരഞ്ഞു. അമ്മ ഉൾപ്പെടെ ആരുമത് അറിഞ്ഞില്ല. വീട്ടുകാരെല്ലാം മുറിക്കുള്ളിൽ ഉറങ്ങുമ്പോൾ ഞാൻ മാത്രം ചുമരില്ലാത്ത, ജനൽക്കമ്പികൾ മാത്രമുള്ള ഹാളിൽ കിടന്നു ശീലിച്ചിരുന്നു. അതും പന്ത്രണ്ട് വയസ്സിനുള്ളിൽ തന്നെ. ഭയമൊക്കെയുണ്ട്, എന്നാൽ ധൈര്യവാനുമായിരുന്നു.

ആനിവേഴ്സറി സംഭവത്തിനു ശേഷവും, വലിയ ഇടവേളയില്ലാതെ ഞാൻ പലപ്പോഴും കരഞ്ഞു. എന്നാൽ, കനത്ത മാനസിക സംഘർഷത്തോടെ കരയുന്നത്, കോളേജ് പഠനകാലത്താണ്. ശ്രവണന്യൂനത മൂലം ലക്‌ചറുകൾ മനസ്സിലാകില്ലായിരുന്നു. പഠിക്കാനാണെങ്കിൽ ആഗ്രഹമുണ്ട്. പത്താം ക്ലാസിൽ 86 ശതമാനമായിരുന്നു മാർക്ക്. ക്ലാസ്മുറിയിൽ ലക്‌ചറുകൾ കേട്ടു മനസ്സിലാകാതെ വന്നപ്പോഴൊക്കെ രാത്രിയിൽ ആരുമറിയാതെ ഞാൻ കരഞ്ഞു. ഒരു ദിവസം, ലൈറ്റണച്ച് ചാരുകസേരയിൽ കൂഞ്ഞിക്കൂടിയിരുന്നു ഞാൻ കരയുന്നത് അമ്മ കണ്ടു. അങ്ങിനെ എന്റെ മാനസികസംഘർഷം അവരുടേതു കൂടിയായി.

അമ്മയുടെ മനസ്സിൽ അന്ന് ഒരു കടൽ രൂപംകൊണ്ടു!
അശാന്തമായ കടൽ.

**********

വിവിധ മേഖലകളിൽ പ്രശസ്തനായ ശ്രീ. അരുൺ ഷൂരിയുടെ പ്രമുഖ പുസ്തകങ്ങളിൽ ഒന്നാണ് ‘Does He Know a Mother’s heart?’. അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തതയുള്ള കൃതിയാണിത്. ഇതിൽ ഷൂരി പ്രത്യേകപരിഗണന ആവശ്യമുള്ള തന്റെ മകനെപ്പറ്റി പറയുന്നുണ്ട്. ഒരിക്കൽ അദ്ദേഹം സകുടുംബം ജിദ്ദു കൃഷ്ണമൂർത്തിയെ സന്ദർശിച്ചത്രെ. തദവസരത്തിൽ ജിദ്ദു കൃഷ്ണമൂർത്തി, അനിത ഷൂരിയോടു ‘മകനെപ്പറ്റി എന്തു തോന്നുന്നു?’ എന്നു ചോദിച്ചു. ആദ്യമെല്ലാം അനിത ഷൂരി ചോദ്യത്തിൽ നിന്ന് വ്യതിചലിച്ച്, ‘മകൻ സന്തോഷവാനാണ്, മകൻ ഞങ്ങളുടെ ജീവനാണ്’ എന്നെല്ലാം മറുപടി നൽകി. എന്നാൽ ജിദ്ദു കൃഷ്ണമൂർത്തി ചോദ്യത്തിൽ ഉറച്ചുനിന്ന്, ‘മകനെപ്പറ്റി എന്തു തോന്നുന്നു’ എന്ന ചോദ്യം ആവർത്തിച്ചു. അവസാനം, പ്രതിരോധങ്ങൾ എല്ലാം തകർന്ന് അനിത ഷൂരി പൊട്ടിക്കരഞ്ഞു. മകന്റെ അവസ്ഥ അവരെ അത്രമേൽ ദുഃഖിപ്പിക്കുന്നുണ്ടായിരുന്നു. അവരുടെ മനസ്സിൽ ഒരു കടലുണ്ടായിരുന്നു.

Resilient Minds-ൽ വരുന്ന ഓരോ കുട്ടികളുടേയും മാതാപിതാക്കൾ ഇതുപോലെയാണ്. അവർ നിസ്സീമമായ ദുഃഖം മനസ്സിലടക്കി ജീവിക്കുന്നവരാണ്. സമർത്ഥമായ ഒരു ചോദ്യം ചെയ്യലോ, സംഭാഷണമോ വേണ്ടൂ, അവരിലെ ദുഃഖത്തെ അണപൊട്ടിയൊഴുക്കാൻ. എന്നാൽ, സാധാരണ കുട്ടികളുടെ മാതാപിതാക്കളെ പോലെ, പുറമേക്കു അവർ അഹ്ലാദപരമായി പെരുമാറും. എല്ലാ ദിവസവും രാവിലെ, സ്പെഷ്യൽ സ്കൂളിൽ കുട്ടികളെ എത്തിക്കുന്നത് മാതാപിതാക്കളാണ്. അന്നേരം സ്കൂളിലെ ടീച്ചേഴ്സുമായി അവർ സംസാരിക്കും. ഈ സമയത്തെല്ലാം അവരുടെ പെരുമാറ്റം സാധാരണ രീതിയിലാണ്. എന്നാൽ ഇത് അവരിലെ സ്ഥായിയായ ഭാവത്തെ സൂചിപ്പിക്കുന്നില്ല. ആരവവും ആളുകളും ഒഴിയുന്ന വേളയിൽ, വീടിന്റെ അകത്തളത്തിൽ ഇരുന്ന്, അരോരുമറിയാതെ അവർ വിലപിക്കുന്നുണ്ടാകും. കാരണം, അവരുടെ മനസ്സിന്റെ അടിത്തട്ടിൽ ഒരു കടലുണ്ട്. മക്കളെ സ്നേഹിക്കുന്ന ഏതു മാതാപിതാക്കളുടേയും മനസ്സിലുള്ള കടൽ.

Resilient Minds-ൽ വളന്റിയറായി പ്രവർത്തിക്കാൻ തുടങ്ങി മൂന്ന് മാസങ്ങൾക്കു ശേഷം ഒരു ദിവസം. രാവിലെ ഒമ്പതുമണി മുതലാണ് കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങുക. കുട്ടികൾ എത്തുമ്പോൾ അവരെ സ്വീകരിച്ച്, കുശലവാക്കുകൾ പറയാൻ ടീച്ചർമാരിൽ ആരെങ്കിലും ഒരാൾ വാതിൽക്കൽ ഉണ്ടാകും. ഞാൻ ഒരാഴ്ച നാട്ടിൽനിന്ന്, തിരിച്ചെത്തി, ഒരുദിവസം കുട്ടികളെ സ്വീകരിക്കുകയായിരുന്നു. ആദ്യം വിനുരാജ് എത്തി. (ഈ പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്ന സ്പെഷ്യൽ കുട്ടികളുടെ പേരുകൾ ഒന്നും ശരിയായ പേരുകളല്ല). ഞാൻ വിനുരാജിനെ വിഷ് ചെയ്തു.

“ഗുഡ് മോണിങ്… വിനു”

Read More ->  അദ്ധ്യായം 3 -- ചെറുത്തുനിൽപ്പിന്റെ ആരംഭം

പക്ഷേ, എനിക്കു പിന്നാലെ എത്തിയ കാവ്യ ടീച്ചർ മറ്റൊരു പേരിലാണ് വിനുരാജിനെ വിളിച്ചത്.

“ശുഭോദയാ വിഷ്‌ണു”

എനിക്കൊന്നും മനസ്സിലായില്ല. കാവ്യ ടീച്ചറെ ഞാൻ തിരുത്താൻ പോയെങ്കിലും, ‘പിന്നെ പറയാം’ എന്ന അർത്ഥത്തിൽ ടീച്ചർ എന്നെ കണ്ണുകാണിച്ചു. ഞാൻ പിന്തിരിഞ്ഞു. ആദ്യത്തെ പിരീഡ് കഴിഞ്ഞ് ലഘുഭക്ഷണത്തിന്റെ സമയമായപ്പോൾ കാവ്യ ടീച്ചർ കാര്യം പറഞ്ഞു.

“വിനുരാജിന്റെ പേര് വീട്ടുകാർ മാറ്റി. വിനുവിനെ ഇനിമുതൽ വിഷ്‌ണു എന്നേ വിളിക്കാവൂ”

പേരുമാറ്റത്തിന്റെ കാരണം ഞാൻ ചോദിച്ചില്ല. കാവ്യ ടീച്ചർ പറഞ്ഞുമില്ല. ഞങ്ങൾ ഇരുവർക്കും ആരും പറയാതെ തന്നെ കാരണമറിയാമായിരുന്നു.

നമ്മൾ അകപ്പെട്ടിരിക്കുന്ന ചില ദയനീയ സാഹചര്യങ്ങൾ, വിശ്വസിക്കാത്ത ശക്തിയിൽ വരെ നമ്മെക്കൊണ്ട് വിശ്വസിപ്പിക്കുമെന്ന് ഞാൻ മുൻ അദ്ധ്യായങ്ങളിലൊന്നിൽ എഴുതിയിട്ടുണ്ട്. ഇതിന്റെ നേർവിപരീതവും നിലവിലുണ്ടെന്ന അറിവ് എനിക്കു അവിശ്വസനീയമായിരുന്നു. അതായത്, നാം അകപ്പെട്ടിരിക്കുന്ന ദയനീയ സാഹചര്യങ്ങൾ, വിശ്വസിക്കുന്ന ശക്തിയിൽ നമ്മെക്കൊണ്ട് കൂടുതൽ, അതിതീവ്രമായി വിശ്വസിപ്പിക്കും എന്നത്. വിനുരാജിന്റെ കാര്യത്തിൽ സംഭവിച്ചത് അതാണ്. വിനുവിന്റെ കുടുംബത്തിനു വിശ്വാസരാഹിത്യം ഉണ്ടായിരുന്നില്ല. അവർ നല്ല ഈശ്വരഭക്തിയുള്ളവരായിരുന്നു. മകൻ അകപ്പെട്ടിരിക്കുന്ന സാഹചര്യം അവരെ കൂടുതൽ ഭക്തിയുള്ളവരാക്കി മാറ്റി. അതുകൊണ്ടാണ് മകന്റെ പേരു മാറ്റുക എന്ന കടുത്തതും വിചിത്രവുമായ തീരുമാനം അവരെടുത്തത്. മകന്റെ പെരുമാറ്റം മെച്ചപ്പെടുത്താൻ ദൈവികമായ ഒരു ഇടപെടൽ അവർ പ്രതീക്ഷിക്കുന്ന പോലെ.

പേരുമാറ്റുന്നത് പോലെയുള്ള കടുത്ത തീരുമാനത്തിലേക്കു മാതാപിതാക്കളെ നയിക്കുന്ന അത്യന്തിക ഘടകം എന്താണ്? സ്പെഷ്യൽ കുട്ടികളുടെ മാതാപിതാക്കളുടെ മനോഭാവം സൂക്ഷ്മമായി പരിശോധിച്ചാലേ ഇതിന്റെ കാരണം പിടികിട്ടൂ.

Resilient Minds-ൽ വൊളന്റിയറായി പ്രവർത്തിക്കുന്ന കാലത്ത് ഞാൻ മാതാപിതാക്കളുടെ മനോഭാവവും വീക്ഷണവും സശ്രദ്ധം വീക്ഷിച്ചിട്ടുണ്ട്. മാതാപിതാക്കളിൽ മിക്കവരും, ഭാവിയിൽ മക്കളുടെ അവസ്ഥയിൽ നല്ല പുരോഗതിയുണ്ടാകുമെന്നു കരുതുന്നവരാണ്. പെരുമാറ്റ പ്രശ്നമുണ്ടെങ്കിലും ഭാവിയിൽ വലിയ മാറ്റം വരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഈ പ്രതീക്ഷ അവരെക്കൊണ്ട് ചെയ്യിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് പേരുമാറ്റുക എന്നത്. വലിയ ഇടവേളയില്ലാതെ, കുട്ടികളെ സ്കൂളുകളിൽ മാറ്റി മാറ്റി ചേർക്കുന്നതും മാതാപിതാക്കൾ അവലംബിക്കുന്ന രീതിയാണ്. സ്പെഷ്യൽ കുട്ടികൾ നാലു വർഷത്തോളം ഒരേ സ്കൂളിൽ പഠിക്കുന്നത് പൊതുവെ അപൂർവ്വമാണ്. (ചില പ്രശസ്ത സ്കൂളുകളെ / ഇൻസ്റ്റിറ്റ്യൂട്ടുകളെ ഉദ്ദേശിച്ചല്ല ഞാനിത് പറയുന്നത്). ഇതിനു പല കാരണങ്ങൾ ഉണ്ടാകാമെങ്കിലും. അതിൽ പ്രമുഖം മാതാപിതാക്കളുടെ പ്രത്യാശാഭംഗമാണ്. അവരുടെ പ്രതീക്ഷക്കു അനുസരിച്ച് മക്കളിൽ പുരോഗതിയില്ലെങ്കിൽ, മറ്റു സ്കൂളുകളിൽ കുട്ടികളെ ചേർത്ത് ഭാഗ്യം പരീക്ഷിക്കാൻ അവർ തുനിയും. ഇങ്ങിനെ ചെയ്യുമ്പോൾ നിലവിലെ സ്കൂളിന്റെ ഗുണനിലവാരത്തോടു അവർക്കു വിയോജിപ്പുണ്ടെന്നല്ല അർത്ഥം. നിലവിലുള്ള സൗകര്യങ്ങളിൽ തൃപ്‌തരാണെങ്കിൽ തന്നെയും കുട്ടികളെ മാറ്റും. കുട്ടികളിൽ കാര്യമായ പുരോഗതി പ്രതീക്ഷിക്കുന്നതിന്റെ പ്രതിഫലനമാണ് ഈ സ്കൂൾമാറ്റം. സ്കൂൾ മാറുന്നതിനു യാത്രാക്ലേശം ഉൾപ്പെടെയുള്ള മറ്റു കാരണങ്ങളും ചിലപ്പോൾ ഉണ്ടാകാറുണ്ട്.

മാതാപിതാക്കളിൽ ഞാൻ കണ്ടിട്ടുള്ള മറ്റൊരു പ്രത്യേകത, മക്കളിലെ സ്പെഷ്യൽ സ്വഭാവത്തിന്റെ തോത് അവർ ലഘൂകരിച്ചു കാണിക്കുന്നതാണ്. പൂർണമായും ‘സ്പെഷ്യൽ’ എന്ന ഗണത്തിൽ പെടുത്താമെങ്കിലും ആശിഷിന്റെ അമ്മ അതു തുറന്ന് സമ്മതിക്കാറില്ല. ‘അവന് അത്രയൊന്നും പ്രശ്നമില്ലെന്നേയ്’ എന്നാണ് പറയുക. പക്ഷേ, അവർ ഇപ്രകാരം പറയുന്നത് മറ്റു കുട്ടികളുടെ മാതാപിതാക്കളോടാണ്. സൈക്കോളജിസ്റ്റുകളോടു സംസാരിക്കുമ്പോൾ ആശിഷിന്റെ അമ്മ ഒന്നും മറച്ചുവയ്‌ക്കില്ല. അവരുടെ മനസ്സിലെ കടൽ അപ്പോൾ നമുക്ക് തൊട്ടറിയാം.

അടുത്തതായി, ഞാനൊരു മുത്തച്ഛന്റെ കഥ പറയാം. ആരതിയുടെ മുത്തച്ഛൻ. സ്പെഷ്യൽ കുട്ടികളെ വളർത്താൻ അനുയോജ്യം കൂട്ടുകുടുംബ വ്യവസ്ഥയാണെന്ന് മുമ്പേ സൂചിപ്പിച്ചല്ലോ. ഇത്തരമൊരു കുടുംബമാണ് ആരതിയുടേത്. പതിനൊന്ന് വയസ്സുള്ള ആരതിയെ എല്ലാ ദിവസവും സ്കൂളിലെത്തിക്കുന്നത് മുത്തച്ഛനാണ്. ആരതിയുടെ മേൽ അദ്ദേഹം എടുക്കുന്ന കരുതൽ മറ്റാരിലും ഞാൻ കണ്ടിട്ടില്ല. പൊക്കം കുറഞ്ഞ് ദൃഢപ്രകൃതക്കാരനായ അദ്ദേഹം ആരതിയുടെ കൈപിടിച്ചാണ് രാവിലെ സ്കൂളിലേക്കു വരിക. ക്ലാസിലെത്തി ബാഗും ചോറ്റുപാത്രവും തന്നു കഴിഞ്ഞാലും അദ്ദേഹം ഉടൻ സ്കൂൾ വിട്ടുപോകില്ല. ആരതിയെ ചുറ്റിപ്പറ്റി പിന്നേയും കുറച്ചു സമയം നിൽക്കും. കാലിൽ തണുപ്പടിയ്‌ക്കാതിരിക്കാൻ എന്നും ആരതിയുടെ കാലിൽ കട്ടിയുള്ള സോക്‌സ് ധരിപ്പിക്കും. ബാഗ് തുറന്ന് സ്‌നാക്ക്‌സും ലഞ്ചും എടുത്തിട്ടുണ്ടെന്നു ഉറപ്പുവരുത്തും. ടീച്ചർമാരോടു ആരതിയുടെ പഠനത്തെപ്പറ്റി സംസാരിക്കും. ഇതെല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയാലും, എന്തോ മറന്നിട്ടെന്ന പോലെ വീണ്ടും ക്ലാസ്‌മുറിയിൽ വന്ന് ആരതിയുടെ അടുത്ത് കുറച്ചുസമയം നിൽക്കും. കരുതലിന്റേയും സ്നേഹത്തിന്റേയും നിറകുടമാണ് ഈ മുത്തച്‌ഛൻ.

ജീവിതത്തിൽ നമുക്കു ഏറ്റവും അവശ്യമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് നമ്മെ സ്നേഹിക്കുന്ന, നമ്മെക്കുറിച്ച് കരുതൽ എടുക്കുന്ന ഒരാൾ. അതില്ലാതെ വരുമ്പോൾ, എല്ലാവരും ഉണ്ടായിരിക്കെ തന്നെ, അനാഥരാണെന്നു നമുക്ക് തോന്നും. സ്പെഷ്യൽ കുട്ടികളുടെ കാര്യത്തിൽ ഇതിനു പരമപ്രാധാന്യമുണ്ട്. കാരണം, സ്പെഷ്യൽ കുട്ടികളുടെ പെരുമാറ്റം പലരേയും എളുപ്പത്തിൽ മടുപ്പിക്കും. ഏതാനും ആഴ്ചകളോ മാസങ്ങളോ കുട്ടികളുമായി ഇടപഴകാനും കൂടിക്കഴിയാനും ചിലർ തയ്യാറാകുമെങ്കിലും, വർഷങ്ങളോളം നീളുന്ന തുടർച്ചയായ സഹവാസം, മാതാപിതാക്കൾ ഒഴികെ, പലരും ആഗ്രഹിക്കുന്നില്ല. അപഭ്രംശങ്ങൾ ഇല്ലെന്നല്ല, തീർച്ചയായും ഉണ്ട്. അപഭ്രംശങ്ങൾ വിരളമാണെന്നതാണ് പ്രശ്നം.

ഞാനിതെല്ലാം എന്തിനു എണ്ണിയെണ്ണി എഴുതുന്നു എന്ന ചോദ്യം വായനക്കാരിൽ ഒരുപക്ഷേ ഉയരാം. സുഹൃത്തുക്കളേ… നിങ്ങൾക്കറിയാമോ, മുകളിൽ എഴുതിയ ഓരോ കാര്യങ്ങളോടും താരതമ്യപ്പെടുത്താവുന്ന സംഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. മാതാപിതാക്കൾ കുട്ടികളെ ഒരു സ്കൂളിൽ നിന്നു മറ്റൊരു സ്കൂളിലേക്കു മാറ്റുന്നെന്നു പറഞ്ഞല്ലോ. ഇതുപോലെയാണ് എന്റെ മാതാപിതാക്കൾ എന്റെ ചികിൽസാ കാര്യത്തിൽ പെരുമാറിയത്. അവർ ഓരോരോ സ്ഥലങ്ങളിൽ കൊണ്ടുപോയി, പലതരം ചികിൽസകൾ എനിക്കു നൽകി. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം, അക്യു‌പങ്‌ചർ., തുടങ്ങി കൈവെള്ളയിലെ മർമ്മകേന്ദ്രങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടുള്ള ചികിൽസക്കു വരെ ഞാൻ വിധേയനായിട്ടുണ്ട്. ഒന്ന് തൃശൂരിലാണെങ്കിൽ, മറ്റൊന്ന് തിരുവനന്തപുരം, മറ്റൊന്ന് സമീപനാട്ടിൽ, പിന്നെ പറവൂർ, ഇരിഞ്ഞാലക്കുട… അങ്ങിനെ നിരവധി സ്ഥലങ്ങളിൽ മാതാപിതാക്കൾ എന്നേയും കൊണ്ട് കയറിയിറങ്ങി. നിങ്ങൾക്കു എന്റെ അമ്മയിലെ, അച്ഛനിലെ, അല്ലെങ്കിൽ സഹോദരനിലെ മാനസികസമ്മർദ്ദം ഊഹിക്കാമോ? ഓരോ ഇടത്തേയും ചികിൽസാ പരീക്ഷണങ്ങൾ എന്റെ മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചെന്ന് ഊഹിക്കാമോ? സ്പെഷ്യൽ കുട്ടികൾ സ്കൂളുകളിലാണ് കയറിയിറങ്ങിയതെങ്കിൽ, ഞാൻ മാതാപിതാകളോടൊപ്പം തകർന്ന മനസ്സോടെ വിവിധ ചികിൽസാ കേന്ദ്രങ്ങൾ കയറിയിറങ്ങി. നിങ്ങൾക്കറിയുമോ, ആശിഷിന്റെ അമ്മ പറയുന്ന പോലെ, എന്റെ അമ്മയും ഒരുകാലത്ത് ‘അവനു അത്രയൊന്നും പ്രശ്നമില്ലെന്നേയ്’ എന്നു പറഞ്ഞിരുന്നു. മകന്റെ ചെവിയിൽ ശ്രവണന്യൂനത എന്നെന്നേയ്‌ക്കുമായി കൂടുകൂട്ടിയെന്ന് എന്റെ അമ്മയും ആദ്യം സമ്മതിച്ചില്ല. സ്പെഷ്യൽ കുട്ടികളുടെ മാതാപിതാക്കളെ പോലെ, അമ്മയും മകനൊരു തിരിച്ചുവരവുണ്ടെന്നു വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ കരുത്തിൽ അമ്മ ചോദ്യകർത്താക്കൾക്കെല്ലാം മറുപടി നൽകി – ‘അവന് അത്രയൊന്നും പ്രശ്‌നമില്ലെന്നേയ്’. അപ്പോഴെല്ലാം അമ്മയുടെ മനസ്സിന്റെ അടിത്തട്ടിലെ കടൽ മുരണ്ടു. മകന്റെ അവസ്ഥ ഭദ്രമല്ലെന്നു അറിഞ്ഞിട്ടും അത് മറച്ചുവയ്‌ക്കുന്നതിലെ പരിഭ്രമം അമ്മയുടെ മുഖത്തുണ്ടാകും. ആശിഷിന്റെ അമ്മയുടെ മുഖത്തും, ചെറുപ്പകാലത്തേ പരിചിതമായ, ആ ദയനീയത ഞാൻ കണ്ടിട്ടുണ്ട്.

Read More ->  അദ്ധ്യായം 7 -- ആരാണ് ഒരു സുഹൃത്ത്?

മക്കളുടെ പെരുമാറ്റം മെച്ചപ്പെടുമെന്ന മാതാപിതാകളുടെ ‘വിശ്വാസത്തെ പറ്റി’ എഴുതുമ്പോൾ, അക്കാര്യത്തെ ലളിതമായി സമീപിക്കരുതെന്നു ഞാൻ വായനക്കാരോടു അഭ്യർത്ഥിക്കുന്നു. എന്നിലെ ശ്രവണന്യൂനത കുറച്ചു വർഷം കഴിഞ്ഞാൽ ഭേദമാകുമെന്ന ദൃഢവിശ്വാസം എനിക്കും കുടൂംബാംഗങ്ങൾക്കും ആദ്യകാലത്ത് ഉണ്ടായിരുന്നു. മരുന്നും മന്ത്രവും പ്രയോഗിച്ചാൽ വൈകല്യം ഭേദമാകുമെന്നത് അന്നത്തെ ശക്തിമത്തായ ധാരണയായിരുന്നു. ഉപദേശങ്ങളാലോ ന്യായാന്യായങ്ങൾ വിശദീകരിച്ചോ തിരുത്താൻ പറ്റാത്ത തരം വിശ്വാസം. വിശ്വാസങ്ങളുടെ ഭൂമിക അടിസ്ഥാനപരമായി അതീന്ദ്രിയമാണ്. കുറച്ചു വിശദമായി പറഞ്ഞാൽ, മനുഷ്യരിൽ ബഹുഭൂരിഭാഗവും രണ്ടു തലങ്ങളിൽ വിശ്വസിക്കുന്നു – ഭൗതികവും, അതിഭൗതികവും. പ്രകൃതിലോകം ഭൗതികതലത്തിലും, ഈശ്വരൻ അതിഭൗതിക തലത്തിലും നിലകൊള്ളൂന്നു. എന്നാൽ ഭൗതികവും, അതിഭൗതികവുമായ ഈ വേർതിരിവിനെ ഈശ്വരവിശ്വാസികളും, നിരീശ്വരവാദികളും എന്നുള്ള ദ്വന്ദ്വത്തിലേക്കു ചുരുക്കരുത്. അതിൽ അപാകതയുണ്ട്. ഈശ്വരവിശ്വാസികൾ അല്ലാത്തവർ പോലും, ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ വിശ്വാസങ്ങൾക്കു അടിമപ്പെടാറുണ്ട്. ഉദാഹരണമായി, ഒരു നിരീശ്വരവാദിയുടെ മകനോ മകൾക്കോ ശ്രവണന്യൂനത ഉണ്ടെങ്കിൽ, അദ്ദേഹവും പ്രത്യേകിച്ച് അടിസ്ഥാനമൊന്നും ഇല്ലാതെ, മകന്റെ ന്യൂനത ഭാവിയിൽ ഭേദമാകുമെന്ന് വിശ്വസിച്ചേക്കാം. ഇല്ലെന്നു പറയാനാകില്ല. ഈശ്വരനെ നിഷേധിക്കുന്നത് കൊണ്ട് ‘വിശ്വാസങ്ങളെ നിഷേധിക്കുന്നു’ എന്ന അർത്ഥമില്ലെന്നു ചുരുക്കം.

Resilient Minds എന്റെ ജീവിതത്തിലെ ഒരു സുവർണ അധ്യായമാണ്. ഓർക്കുക, ഞാൻ ഓർമിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കാലഘട്ടവും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. സ്കൂൾ ലൈഫ്, കോളേജ് – പോളിടെക്നിക് പഠനകാലം, തിരുവനന്തപുരം ഡെയ്‌സ്, ബാംഗ്ലൂർ ലൈഫ്., ഇങ്ങിനെയുള്ള എപ്പിസഡുകൾ ഒന്നും എനിക്കു ആസ്വാദ്യകരമായിരുന്നില്ല. ചിലത് ഞാൻ ഓർക്കാൻ കൂടി ഇഷ്ടപ്പെടാത്തത്ര മോശവും. അതാണ് സത്യം. തിരിച്ചടികൾ മാത്രം ലഭിച്ചിട്ടുള്ള ഒരു ജീവിതമായിരുന്നു എന്റേത്. പക്ഷേ, അതിന്റെ ഇങ്ങേത്തലക്കൽ ഇപ്പോൾ ഒരു രജതരേഖയുണ്ട്. അതാണ് Resilient Minds.

**********

Resilient Minds-ൽ പെരുമാറ്റ പ്രശ്നമില്ലാത്ത ഒരു ‘കുട്ടിയും’ ആക്ടിവിറ്റീസ് ചെയ്യാൻ വന്നിരുന്നു. ആ കുട്ടിയ്‌ക്കു Eye-Hand കോഓർഡിനേഷനോ, കയ്യിലെ ചെറുമസിലുകൾക്കു വ്യായാമമോ ആവശ്യമില്ലായിരുന്നു. ആശയങ്ങൾ ക്രോഢീകരിക്കുന്നതിൽ കുട്ടി അഗ്രഗണ്യനുമാണ്. എന്നിട്ടും അവൻ ദിവസവും രാവിലെ Resilient Minds-ൽ വന്നു. മനസ്സിനെ ചലനാത്മകമായി സൂക്ഷിക്കാൻ പറ്റാത്തതായിരുന്നു ആ കുട്ടിയുടെ പ്രശ്നം. അതിനു പ്രതിവിധിയായി അവൻ Resilient Minds-ലെ സ്പെഷ്യൽ കുട്ടികളെ എന്നും ആക്‌ടിവിറ്റീസ് ചെയ്യാൻ പഠിപ്പിച്ചു. അതുവഴി സ്വയം ആക്‌ടിവിറ്റീസ് ചെയ്യുകയും ചെയ്‌തു. ദിവസത്തിൽ അഞ്ചുമിനിറ്റിൽ കൂടൂതൽ സംസാരിക്കാറില്ലാതിരുന്ന കുട്ടി, സ്പെ‌ഷ്യൽ സ്കൂളിൽ എത്തിയശേഷം സൈക്കോളജിസ്റ്റുകളോടും മറ്റും ധാരാളം സംസാരിച്ചു. ജഡത്വം മുറ്റിനിന്നിരുന്ന അവന്റെ മനസ്സ് അതോടെ സജീവമായി. തൊഴിൽദാതാക്കളുടെ നിരാസം മൂലം നഷ്‌ടപ്പെട്ടു പോയിരുന്ന യൗവനകാലം അവൻ ഏറെക്കുറെ ഇപ്രകാരം തിരിച്ചുപിടിച്ചു.

Resilient Minds എന്റെ മനസ്സിൽ സ്ഥിരപ്രതിഷ്‌ഠ നേടിയത് ഇങ്ങിനെയാണ്.

ഇരുപത്തൊന്നാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


എല്ലാം അധ്യായങ്ങ:ഉം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Featured Image credit -> https://www.scarymommy.com/special-needs-parent/


One Reply to “അദ്ധ്യായം 20 — കടൽ”

അഭിപ്രായം എഴുതുക