മോക്ഷം നേടുന്ന ബലികാക്കകൾ

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


ആശ്രമവളപ്പ് നിറയെ വൃക്ഷങ്ങളായിരുന്നു. ഗേറ്റു തുറന്നു പ്രവേശിച്ചത് കുളിർമ്മയുടെ ചെറിയൊരു ലോകത്തിലേക്കാണ്. തണലില്ലാത്ത ഇടം ഇല്ലെന്നു തന്നെ പറയാം. പടർന്നു പന്തലിച്ച, പേരറിയാത്ത ഒരു വൃക്ഷച്ചുവട്ടിൽ ഞാൻ പ്രതീക്ഷിച്ച വ്യക്തി നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടേത് ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. എന്നിട്ടും ഉപചാരവാക്കുകളൊന്നും ഞങ്ങൾ കൈമാറിയില്ല. അദ്ദേഹം വളരെ കുറച്ചു മാത്രം സംസാരിച്ചു. ഇടയ്ക്കിടെ അഗാധമായി ആലോചിച്ച് അല്പനേരം കണ്ണടച്ചും, പിന്നെ ധ്യാനത്തിൽ അമരാതിരിക്കാൻ ഞെട്ടിയുണരുകയും ചെയ്തു. അദ്ദേഹം അതീന്ദ്രിയ ആനന്ദം അനുഭവിക്കുന്ന ഒരു ഉന്മാദിയെ അനുസ്മരിപ്പിച്ചു. മുക്കാലും നരച്ച താടി കഴുത്തിനെ മറച്ച് താഴേക്കു വളർന്നു കിടന്നു. പക്ഷേ ഒരിക്കൽ പോലും അദ്ദേഹം താടിയിൽ കയ്യോടിച്ചില്ല.
 
ഞാൻ ചോദിക്കാനാഞ്ഞ ചോദ്യം മനസ്സിലാക്കിയ പോലെ അദ്ദേഹം പറഞ്ഞു.
 
“സ്വാമി തിരക്കിലാണ്. നമുക്ക് അല്പനേരം പുഴക്കടവിൽ ഇരിക്കാം.”
 
ആലുവ മണപ്പുറം അത്ര അടുത്തുനിന്ന് അതുവരെ കണ്ടിട്ടില്ലായിരുന്നു. വ്യാളിയെപ്പോലെ നിർമിച്ച പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ, ദൂരെ കണ്ടിരുന്ന പരപ്പായിരുന്നു ഇതുവരെ മണപ്പുറം. അതിനിപ്പോൾ മാറ്റമായി. ഗംഗയും യമുനയും സരസ്വതിയും ഒന്നാകുന്ന ത്രിവേണീ സംഗമം പോലൊരു ദൃശ്യമാണ് മുന്നിൽ. പക്ഷേ ഇവിടെ പുഴ രണ്ടായി പകുക്കുകയാണ്. ഒന്നായി കൂടിച്ചേരുകയല്ല. എങ്കിലും ഇതും പുണ്യനദി തന്നെ. ആലുവ മണപ്പുറവും. പുഴമധ്യത്തിൽ ദ്വീപ് സമാനം സ്ഥിതിചെയ്യുന്ന കുറച്ചു സ്ഥലം. അവിടെയുള്ള ക്ഷേത്രത്തെ ചൂണ്ടി സുഹൃത്ത് പറഞ്ഞു.
 
“അതാണ് ശിവക്ഷേത്രം. പെരിയാറിൽ വെള്ളം ഉയരുമ്പോൾ ക്ഷേത്രം പൂർണമായും മുങ്ങും. നമ്മൾ ഇരിക്കുന്ന പടി വരെ വെള്ളം ഉയരും.”
 
ഞാൻ മനക്കണ്ണിൽ സങ്കല്പിച്ചു നോക്കി. നദി വിഴുങ്ങിയ ശിവക്ഷേത്രം. അവിടെ ദർശനത്തിനു എത്തുന്ന ജലജീവികൾ. അവരോടു ഭഗവാൻ എന്തായിരിക്കും അരുളുക? ഋഷികേശിൽ, ഗംഗയിൽ ജലസമാധിക്കിരുത്തിയ ശവശരീരങ്ങൾ ചോദിച്ച ചോദ്യമാകുമോ ഭഗവാൻ ചോദിക്കുക? ഞാൻ കണ്ണടച്ച് ധ്യാനിച്ചു.
 

Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!


വലതുകാൽ ജലത്തെ സ്പർശിച്ചപ്പോൾ ഹിമവാന്റെ ആദിമവിശുദ്ധി അറിഞ്ഞു. വീണ്ടും താഴോട്ടിറങ്ങി. മുട്ടുകാൽ വരെ… പിന്നെ അരയ്ക്കൊപ്പം. ജലപ്പരപ്പ് നെഞ്ചിനൊപ്പമായപ്പോൾ ഞാൻ നിന്നു. കൈകൾ തിരശ്ചീനമായി നിവർത്തിപ്പിടിച്ച് ധ്യാനിച്ചു. ഗുരുപരമ്പരകൾ മനസ്സിൽ നിറഞ്ഞു. പിന്നെ എണ്ണം പിഴക്കാതെ മുങ്ങി നിവർന്നു. ഒന്ന്… രണ്ട്… മൂന്ന്… നാല്… അഞ്ച്… ആറ്… ഏഴാമത്തെ മുങ്ങലിൽ നദിയിൽ അമർന്നു കിടന്നു. പാപങ്ങൾ ഒഴിഞ്ഞുപോയ ശരീരത്തിന്റെ ഘനമില്ലായ്‌മയെ തോൽപ്പിച്ച് ഗംഗയുടെ മടിത്തട്ടിൽ അമർന്നു കിടന്നു. ഒരുവേള കണ്ണുതുറന്ന് നോക്കിയപ്പോൾ, നദിയുടെ അടിത്തട്ടിൽ ഇടവിട്ടു ഇടവിട്ടു സമാധിയിരുത്തിയ ശവശരീരങ്ങൾ കണ്ടു. ഗംഗയുടെ തണുപ്പിൽ ദ്രവിക്കാതെ അവർ ശാന്തമായി ഉറങ്ങുന്നു. ജലസമാധി. ഉറഞ്ഞു നിൽക്കുന്ന, മീൻ കൊത്തി വികൃതമായ ഓരോ മുഖവും എന്നോടു ചോദിച്ചു.
 
“കഃ ഭവാൻ ?”
 
ഞാൻ മുങ്ങിനിവർന്നു. കൺമുന്നിൽ ഗിരിശൃംഗങ്ങൾ. ചുണ്ടുകൾ ചലിച്ചു. “ഏഴ്!”
 
ശരീരം തണുത്തു മരവിച്ചിരുന്നു. എന്നിട്ടും കൽപ്പടവിൽ ഇരിക്കുമ്പോൾ കാൽപ്പാദം ഗംഗയെ പുണർന്നു കിടന്നു. ചുറ്റിലും അനേകം മുഖങ്ങൾ. അവയും ആരായുന്ന പോലെ തോന്നി.
 
“കഃ ഭവാൻ?”
 
ഞാൻ ധ്യാനത്തിൽ നിന്നു ഉണർന്നു.
 
ഞങ്ങൾക്കു കുറച്ചകലെ ഒരു ബലികാക്ക പറന്നു വന്നിരുന്നു. അടുത്ത മാസം കർക്കടകമാണ്. ബലിച്ചോറ് ഉണ്ണാൻ നേരത്തെ എത്തിയ ഒരു പൂർവ്വികനോ ഇത്. ചാരക്കളറുള്ള കാക്ക തലവെട്ടിച്ച് രണ്ട് ആത്മാക്കളെ നോക്കി. ‘നീ ആരാണെന്ന് സ്വയം കണ്ടെത്തി മനസ്സിലാക്കിക്കോളൂ, ഇല്ലെങ്കിൽ എന്റെ ഗതി തന്നെ നിന്റേയും’ എന്നു ബലികാക്ക മൗനമായി പറഞ്ഞു. ഞാൻ അത് അപരനോടു സൂചിപ്പിച്ചു. അദ്ദേഹം ദുർബലമായി വിയോജിച്ചു.
 
“ഞാനിപ്പോഴും സന്ദേഹിയാണ്. യുക്തി ഒരു പ്രതിബന്ധമായി നിലനിൽക്കുന്നു. ”
 
            ഞാൻ പറഞ്ഞു.
 
“അത് ശരിയാണ്. കാരണം ഇതെല്ലാം യുക്തിക്ക് അപ്പുറമുള്ള കാര്യങ്ങളാണ്… പരിമിതികൾ ഉള്ള ശരീരത്തിന്റെ ഉല്പന്നമാണ് യുക്തി. അതിനാൽ യുക്തിക്കും പരിമിതികൾ ഉണ്ടാകാതെ തരമില്ല. യുക്തിക്കു അപ്പുറമുള്ള സത്യം, ശരീരമെന്ന പരിമിതിക്കുള്ളിൽ വർത്തിക്കുമ്പോൾ, നമ്മുടെ ശാരീരിക പ്രക്രിയകൾക്കും ചിന്തകൾക്കും കിട്ടുന്ന ഭാവമാണ് യുക്തി. അതിനാൽ യുക്തിക്ക് അപ്പുറമുള്ളത് നമുക്ക് അയുക്തിയാകുന്നു. അപ്പോൾ ആ വിചാരധാരയെ ഒഴിവാക്കേണ്ടതിനു പകരം, ആ വിചാരത്തെ ഒഴിവാക്കുന്ന യുക്തിയെ അതിജീവിക്കുകയാണ് വേണ്ടത്. പരിമിതിയും ന്യൂനതകളും ഉള്ള ഈ ശരീരത്തിന്റെ യുക്തിയെ പോലുള്ള ഉല്പന്നങ്ങളെ പരമമായി തെറ്റിദ്ധരിച്ച് സംസാരിക്കുന്നത് ശരിയല്ല. മറിച്ച് ശാരീരിക വ്യായാമങ്ങളെ പരമമായതിൽ നിന്നു താഴെയുള്ള ആപേക്ഷികതലത്തിൽ നിന്നു വീക്ഷിക്കുന്നതാണ് ഉചിതം. ശാരീരികമായ എന്തും ആപേക്ഷികമാണ്. യുക്തിയും അതുപോലെ തന്നെ.”
 
“ശരീരത്തിന്റെ പരിമിതികൾ..?”
 
“അതെ താങ്കൾ സ്വന്തം കൈവെള്ളയിൽ നോക്കൂ. അവിടെ എന്തെങ്കിലും ജീവികളെ കാണാമോ…? എന്നാൽ ഒരു സൂക്ഷ്മദർശിനിയിലൂടെ നോക്കൂ. അനേകം സൂക്ഷ്മജീവികൾ ദൃശ്യമാകും. മനുഷ്യശരീരം അങ്ങിനെയാണ്. അതിന്റെ പരിമിതികളെ അതിർലംഘിക്കാൻ ശരീരം ഉപകരണങ്ങളെ ആശ്രയിക്കുന്നു. ഇതുപോലെ യുക്തിക്ക് അപ്പുറമുള്ളവരെ അറിയാൻ ഭൗതികമായ ഉപകരണങ്ങൾക്കു സാധിക്കാത്തത് കൊണ്ട് അധ്യാത്മികവിദ്യ തന്നെ വേണ്ടിവരുന്നു. “
 
സുഹൃത്ത് അഗാധമായ ആലോചനയിൽ അമർന്നു. ഞാൻ തലവെട്ടിച്ച് ബലിക്കാക്കയെ നോക്കി. അതിപ്പോഴും അവിടെത്തന്നെ ഉണ്ട്. പുഴയുടെ നടുവിലുള്ള മണൽത്തിട്ടയ്ക്കു നേരെ നോക്കി നിൽക്കുകയാണ്. ഇമയടക്കാതെയുള്ള നോട്ടം. എനിക്ക് സംശയം തോന്നി. ഈ ആത്മാവിനു ശ്രാദ്ധമൂട്ടാൻ ഇത്തവണ ആരെങ്കിലും മണപ്പുറത്ത് വരുമോ?
 
അടുത്തുള്ളവന്റെ വിചാരങ്ങൾ അറിഞ്ഞിട്ടെന്ന പോലെ ബലികാക്ക കഴുത്തിളക്കി എന്നെ നോക്കി. ഞാൻ ഉടൻ മുഖം തിരിച്ചു.
 
അപരൻ ധ്യാനസമാനമായ മനനത്തിൽ നിന്നു ഉണർന്നു.
 
“യുക്തിക്ക് അപ്പുറമുള്ള തലത്തിനു, നിയതവും വ്യക്തവുമായ ഘടന സാധ്യമല്ലല്ലോ. മാനസികാംശം അതിൽ കൂടുതലായിരിക്കില്ലേ?”
 
“നമുക്ക് ചുറ്റുമുള്ള പ്രകൃതിലോകത്തെ നാം നോക്കിക്കാണുന്നതിൽ, നമ്മിൽ തന്നെയുള്ള ഒന്നിനു അഭേദ്യമായ പങ്കുണ്ട്. ചുറ്റുമുള്ളവയ്ക്കു നമ്മിൽനിന്നു പൂർണമായും വേറിട്ടുള്ള ആസ്ഥിത്വം ഇല്ല.”
 
“ബാഹ്യവാദം തെറ്റാണെന്നാണോ?”
 
“ബാഹ്യവാദത്തിൽ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു വസ്തുതയുണ്ടല്ലോ! ബാഹ്യവാദത്തിൽ അഗ്രഗണ്യനായ കുമാരില ഭട്ടൻ വരെ അത് സമ്മതിച്ചിട്ടില്ലേ? ഒന്നിനെ മറ്റൊന്നായി തെറ്റിദ്ധരിച്ചു കാണുന്നതിനെ ബാഹ്യവാദം എങ്ങിനെയാണ് വിശദീകരിക്കുക?”
 
“തുടരൂ…” സുഹൃത്ത് പ്രോൽസാഹിപ്പിച്ചു.
 
“ബാഹ്യവാദത്തിൽ ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് ആ വസ്തുവിനെ പ്രതിനിധീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. വസ്തുവിനെ നിർമിക്കുന്നില്ല. വസ്തുവും അതിനെ കുറിക്കുന്ന അറിവും രണ്ടാണ് എന്നർത്ഥം. അറിവിനു വസ്തുവിന്റെ പ്രകൃതത്തേയോ നിലനിൽപ്പിനേയോ ഏതെങ്കിലും വിധത്തിൽ ബാധിക്കാൻ ആകില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു വസ്തുവിനെ പറ്റിയുള്ള അറിവ് ആ വസ്തുവിനെ തെറ്റായ രീതിയിൽ പ്രതിനിധീകരിക്കില്ല. കാര്യം ഇതായിരിക്കെ നമുക്ക് അനുഭവവേദ്യമായ ലോകത്തിൽ മിഥ്യാധാരണകൾ ഉണ്ടാകുന്നതെങ്ങിനെ? മരുമരീചിക പോലുള്ളവ.”
 
അപരൻ കണ്ണടച്ച് ധ്യാനിച്ചു. പിന്നെ കനത്ത സ്വരത്തിൽ പറഞ്ഞു.
 
“അറിവ് തെറ്റായ രീതിയിൽ വസ്തുവിനെ പ്രതിനിധീകരിക്കില്ലെങ്കിൽ മരുമരീചിക പോലുള്ള തെറ്റായ പ്രതിനിധീകരണങ്ങൾ വരുത്തുന്നതും, നമ്മെ തെറ്റായ വിലയിരുത്തലിലേക്കു നയിക്കുന്നതും നമ്മിലുള്ള ഒന്നാണ് എന്ന്… അല്ലേ?”
 
“അതെ. മായാവാദത്തെ തള്ളിക്കളയാനാകില്ല. അതിനു പ്രാധാന്യമുണ്ട്. മരുമരീചിക പോലുള്ള തെറ്റായ വിലയിരുത്തലുകൾ നടത്തുന്ന നാം, വേറേയും തെറ്റുകൾ വരുത്തില്ലെന്നു പറയാനാകില്ല.”
 
“ജഗത്തിനെയാണോ ഉദ്ദേശിക്കുന്നത്?”
 
“തീർച്ചയായും. മരുമരീചിക സത്യമാണെന്ന് ആ ചിന്തയുടെ സ്വാധീനത്തിൽ നിൽക്കുമ്പോൾ നമുക്ക് തോന്നും. പിന്നീട് അത് തിരുത്തപ്പെടും. അതുപോലെ ഈ ജഗത്ത് സത്യമാണെന്നു നാം കരുതും. ആ വിചാരത്തെ തിരുത്താനും വഴികളുണ്ട്. ആ വഴികൾ അറിയുന്നവൻ ജ്ഞാനി. അവൻ ഒരു ബലികാക്കയായി ഇവിടെ പിണ്ഢത്തിനു വേണ്ടി വന്നിരിക്കില്ല.”
 
സുഹൃത്ത് കൈകൾ പിന്നോട്ടുവച്ച് അതിൽ തല ചാരിയിരുന്നു. ഞാൻ തലയിളക്കി ബലികാക്കയെ നോക്കി. പുഴയെ തഴുകിവരുന്ന കാറ്റ് കാക്കയുടെ തലയിലെ മൃദുവായ തൂവലുകളെ ഇളക്കിക്കൊണ്ടിരുന്നു. കാറ്റിൽ ഉലയുന്ന അരയാലിലകൾ, കാക്കയുടെ മേൽ ഇളംവെയിൽ ക്രമരഹിതമായി പതിയാനിടയാക്കി.
 
എന്റെ മനസ്സ് പൊടുന്നനെ സജീവമായി. നചികേതസിന്റെ മൂന്നാമത്തെ വരം അശരീരിയായി എന്നിൽ മുഴങ്ങി. ഒപ്പം പ്രലോഭനീയ വാഗ്ദാനങ്ങളുമായി കൗശലം പ്രയോഗിക്കുന്ന യമനും.
 
“പ്രഭോ, മനുഷ്യൻ മരിച്ചു പോയാൽ പിന്നേയും എന്തോ ഒന്ന് അവശേഷിക്കുന്നുണ്ടെന്നു ചിലർ പറയുന്നു. ഒന്നും അവശേഷിക്കുന്നില്ലന്ന് വേറെ ചിലരുടെ അഭിപ്രായം. ഈ രണ്ട് അഭിപ്രായങ്ങളിൽ ഏതാണ് സത്യമായിട്ടുള്ളത്? എന്റെ ഈ സംശയത്തിന് ഒരു പരിഹാരം അങ്ങ് എനിക്കു ഉപദേശിക്കണം. ഇതാണ് ഞാനാഗ്രഹിക്കുന്ന മൂന്നാമത്തെ വരം.”
നചികേതസ്സിന്റെ ചോദ്യം യമനെ വല്ലാതെ വിസ്മയിപ്പിച്ചു. ഒരു കുട്ടിയിൽനിന്ന് ഇത്തരമൊരു ആഗ്രഹം ആരും ഒട്ടും തന്നെ പ്രതീക്ഷിക്കുകയില്ല. മരണാനന്തര രഹസ്യത്തെക്കുറിച്ചുള്ള ഇവന്റെ ജിജ്ഞാസ പ്രശംസനീയം തന്നെ. പക്ഷേ അതറിയുന്നതിനുള്ള യോഗ്യത ഇവനുണ്ടോ? എത്രയും പരമവും രഹസ്യവുമായിരിക്കുന്ന ആ സത്യങ്ങളെ പറഞ്ഞുകേട്ടാൽ ഇവനു മനസ്സിലാക്കാൻ കഴിവുണ്ടാകുമോ? ഒന്നു പരീക്ഷിക്കുക തന്നെ.
“നചികേതസ്സേ, നീ ഒരു ചെറിയ കുട്ടിയാണ്. നിന്റെ സംശയം അത്യന്തം സൂക്ഷ്മമാണ് ദേവന്മാര്‍ക്കുപോലും ഇക്കാര്യത്തിൽ സംശയം തീർന്നിട്ടില്ല. നിന്നെപ്പോലൊരു കുട്ടിക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കാര്യമല്ല ഇത്. അതുകൊണ്ട് ഈ വരത്തെ ഉപേക്ഷിച്ച് മറ്റെന്തെങ്കിലും വരം ചോദിക്കൂ. തരാം.”
യമന്റെ വാഗ്ദാനം നചികേതസ്സിനെ തൃപ്തനാക്കിയില്ല.
“പ്രഭോ! ദേവന്മാർക്കു പോലും ഈ വിഷയത്തിൽ സംശയം തീർന്നിട്ടില്ലെന്നു അങ്ങ് പറയുന്നു. മനസ്സിലാക്കാനും വളരെ ബുദ്ധിമുട്ടുണ്ടുതാനും. എന്നാൽ ഇക്കാര്യം പറഞ്ഞു തരുവാൻ അങ്ങയെപ്പോലെ ശ്രേഷ്ഠനായ വേറൊരാളെ ഞാൻ കാണുന്നില്ല. മരണത്തിന്റെ ദേവനായ അങ്ങയെക്കാൾ യോഗ്യനായി മരണാനന്തര കാര്യങ്ങളെപ്പറ്റിയുള്ള സംശയം പരിഹരിക്കുവാൻ ആരേയും കാണുന്നില്ല. ഈശ്വരാനുഗ്രഹത്താൽ എനിക്ക് കിട്ടിയിരിക്കുന്ന ഈ സന്ദർഭം പാഴാക്കുകയില്ല. അതുകൊണ്ട് ഇതൊഴിച്ച് മറ്റുവരമൊന്നും ഞാൻ ചോദിക്കുന്നില്ല. എനിക്കാവശ്യവുമില്ല.”
ശ്രദ്ധയും ബുദ്ധിശക്തിയും കഴിവും സാമർത്ഥ്യവും അറിവുനേടാനുള്ള വ്യാകുലതയും ഉള്ളവർക്കു മാത്രമേ വിദ്യ സമ്പാദിക്കാനാകൂ. ശിഷ്യന്റെ ഈവിധ യോഗ്യതകൾ പരിശോധിക്കേണ്ടത് ഗുരുവിന്റെ കർത്തവ്യമാണ്. അയോഗ്യരിൽ ഒരു വിദ്യയും വിളങ്ങുകയില്ല. പരമമായിരിക്കുന്ന രഹസ്യവിദ്യയെ ജിജ്ഞാസുവായ ഉത്തമശിഷ്യനല്ലാതെ ഗുരുക്കന്മാർ ഉപദേശിക്കുകയില്ല. നചികേതസ്സിനെ ശരിക്കും പരീക്ഷിക്കുവാൻ യമധർമ്മരാജാവ് നിശ്ചയിച്ചു.
“നചികേതസ്സേ, നിനക്ക് നൂറുവയസ്സു വരെ ജീവിച്ചിരിക്കുന്ന പുത്രന്മാരേയും പൗത്രന്മാരേയും തരാം. ആയിരക്കണക്കിന് പശുക്കളേയും കുതിരകളേയും ആനകളേയും തരാം. സ്വർണ്ണം, വെള്ളി തുടങ്ങി വിലയേറിയവ എത്ര വേണമെങ്കിലും സ്വീകരിച്ചുകൊള്ളുക. ഭൂമിയിൽ വലിയൊരു സാമ്രാജ്യം വേണമെങ്കിൽ അതും ആവശ്യപ്പെട്ടുകൊൾക. ഇതെല്ലാം അനുഭവിക്കാൻ എത്രകാലം നീ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നുവോ അത്രയും കാലം ജീവിക്കുകയും ചെയ്യുക!”
“പ്രഭോ, ഇവയൊന്നും, എനിക്കാവശ്യമില്ല!”
“എങ്കിൽ നീ ധാരാളം ധനവും ദീർഘായുസ്സും നേടുക. നിന്നെ വിശാലമായ ഒരു സാമ്രാജ്യത്തിലെ ചക്രവർത്തിയാക്കാം. മനുഷ്യലോകത്തിൽ സുഖസാമഗ്രികളെപ്പറ്റി നിനക്ക് ആഗ്രഹമുണ്ടാകാം. അതെല്ലാം നീ വരമായി സ്വീകരിക്കുക. മനുഷ്യർക്കു ഒരിക്കലും ലഭിക്കാത്ത ദിവ്യസുന്ദരിമാരെ, തേരിലേറ്റി വാദ്യഘോഷങ്ങളോടുകൂടി നിനക്ക് നൽകാം. ഇവരെല്ലാം നിന്നെ എന്നും പരിചരിച്ചുകൊണ്ടിരിക്കും. ഇങ്ങനെ നീ എത്രയും സുഖമായി ജീവിക്കുക. മരണത്തെപ്പറ്റിയുള്ള സംശയം വെടിയുക അതിനെപ്പറ്റി സംശയിക്കരുത്. അത്തരം ചോദ്യമോ വരമോ ആവശ്യപ്പെടരുത്! ഏതൊരാഗ്രഹത്തെയും വിചാരമാത്രയിൽ ഇഷ്ടം പോലെ അനുഭവിക്കാൻ കഴിവുള്ളവനാക്കി നിന്നെ മാറ്റാം.”
ഇങ്ങനെ പലവിധത്തിൽ നചികേതസ്സിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. എന്നിട്ടും നചികേതസ്സ് അതിനൊന്നും വശപ്പെട്ടില്ല. അവൻ പറഞ്ഞു.
“അല്ലയോ യമധർമ്മ രാജാവേ, അങ്ങ് എനിക്കു തരാമെന്നു പറഞ്ഞ ഈ സുഖസമ്പാദന സാമഗ്രികളെല്ലാം തന്നെ നാളേയ്ക്കു നിലനില്പില്ലാത്തവയാണ്. എല്ലാം നശിച്ചു പോകുന്നവയാണ്. അനുഭവിക്കുന്ന കാലത്ത് അവയെല്ലാം മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ ബലത്തെ നശിപ്പിക്കുകയാണ്. എനിക്കു ദീർഘായുസ്സ് തരാമെന്ന് അങ്ങു പറഞ്ഞു. വിചിത്രം തന്നെ. അനന്തമായ കാലത്തെ അപേക്ഷിച്ചു നോക്കുമ്പോൾ ഏതൊരു ജീവിതവും അല്പകാലം മാത്രമേയുള്ളൂ. അങ്ങ് എനിക്കു വാഗ്ദാനം ചെയ്യുന്ന പശുക്കളും കുതിരകളും രഥങ്ങളും സുന്ദരിന്മാരും നൃത്തവും ഗീതവുമൊക്കെ അങ്ങേയ്ക്കുതന്നെ ഇരിക്കട്ടെ. പരമമായിരിക്കുന്ന ആത്മതത്ത്വത്തെ മാത്രം എനിക്ക് ഉപദേശിച്ച് തന്നാലും. മനുഷ്യ ജീവിതത്തിലെ മരണാദിദുഃഖങ്ങളെ നശിപ്പിക്കുവാൻ ആദ്ധ്യാത്മിക വിദ്യയ്ക്കു മാത്രമേ ശക്തിയുള്ളൂ! മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല.”
“നചികേതസ്സേ, നിന്റെ മറ്റ് ഏതൊരാഗ്രഹവും ഞാൻ സാധിച്ചുതരാം.”
“പ്രഭോ, ഇതല്ലാതെ മറ്റൊരു വരം ഞാനാഗ്രഹിക്കുന്നില്ല. ധനം കൊണ്ട് മനുഷ്യനെ തൃപ്തിപ്പെടുത്തുവാൻ സാധിക്കുകയില്ല. വിഷയങ്ങളെ അനുഭവിക്കുന്നവർക്കു അതിൽ നിന്ന് വിരക്തിയും പ്രയാസമാണ്. സകലദേവന്മാർക്കും ബഹുമാന്യമായ അങ്ങയെ കണ്ടുമുട്ടിയ ഞാൻ ധന്യനാണ്! അങ്ങനെ എനിക്ക് വേണമെങ്കിൽ ധനവും ജീവിതകാലവും വേണ്ടത്ര നേടാനാകും. എന്നാൽ എനിക്കാവശ്യം ആയുസ്സിനും ധനത്തിനും ഉപരിയായ ആത്മജ്ഞാനം മാത്രമാണ്. പ്രഭോ! ജരാമരണങ്ങൾ ഇല്ലാത്തവരും അനുഗ്രഹശക്തിയോടു കൂടിയവരുമായ അങ്ങയെപ്പോലെയുള്ള ദേവന്മാരുടെ മുമ്പിലെത്താൻ സാധിച്ചിട്ട്, പിന്നെ ഏതെങ്കിലും ഒരു മനുഷ്യൻ ഭൂമിയിൽ­വച്ചു തന്നെ സാധിക്കുന്ന സ്വർണ്ണം, സ്ത്രീ, കുളി, പാട്ട്, വാഹനം, ഭൂമി മുതലായവയെ വരമായി സ്വീകരിക്കാമോ? ഒരിക്കലുമില്ല. മൃത്യുദേവ, മനുഷ്യജീവിതത്തിൽ മഹത്തായ ഫലത്തെ പ്രദാനം ചെയ്യുന്ന പരലോക വിദ്യയെപ്പറ്റി എനിക്കു പറഞ്ഞു തന്നാലും. ആ വിഷയത്തിലുള്ള എന്റെ സംശയങ്ങൾ ഇല്ലാതാക്കിയാലും.”
 
സുഹൃത്ത് മനനത്തിൽ നിന്നു ഉണർന്നു. പ്രലോഭനങ്ങളിൽ ആകൃഷ്ടനായിട്ടില്ലാത്ത ഒരു നചികേതസ്സാണ് അദ്ദേഹമെന്നു എനിക്കു തോന്നി. ഞാൻ മന്ദഹസിച്ചു. സുഹൃത്ത് അത് ശ്രദ്ധിച്ചു.
 
“എന്തിനാണ് ചിരിച്ചത്?”
 
ഞാൻ പറഞ്ഞു. “ബലികാക്കയെ കുറിച്ചു ഓർത്തതാണ്. ആത്മജ്ഞാനം നേടാൻ ആഗ്രഹിക്കുന്ന നചികേതസ്സുകൾ കുറയുന്ന ഇക്കാലത്ത് ബലികാക്കകളുടെ എണ്ണം കൂടിയില്ലെങ്കിലേ അൽഭുതമുള്ളൂ.”
 
സ്വാമി എത്തി. നീണ്ട നെടുങ്കൻ ആകാരം. ദീർഘകായൻ. നാല്പത്തഞ്ചുകാരനായ സ്വാമിക്കു ഞാൻ പരിചയിച്ച ചില സ്വാമിമാരുടെ ഗൗരവമില്ലായിരുന്നു. നര കയറിത്തുടങ്ങിയ താടിക്കു പോലും മുഖത്തു ഗൗരവം വരുത്താനായിട്ടില്ല. കണ്ണുകൾ ശാന്തമാണ്. അദ്വൈതിയുടെ നിർവികാരകത അവിടെ മുറ്റിനിൽക്കുന്നു.
 
സുഹൃത്ത് കളിയായി ചോദിച്ചു. “സ്വാമി, സത്യത്തിൽ ഈ ലോകം എന്നൊന്ന് ഇല്ലല്ലോ. എല്ലാം മായ അല്ലേ?”
 
സ്വാമി പൊട്ടിച്ചിരിച്ചു. “ഹഹഹ… മായയുടെ അർത്ഥം നിർവചനത്തിനു അതീതം എന്നാണ്. ഇല്ലാത്ത ഒന്ന് എന്നല്ല. സർവ്വം ഖലു ഇദം ബ്രഹ്മം എന്നു ഉപനിഷത്ത്. അപ്പോൾ ലോകവും ഇക്കാണുന്നതും എല്ലാം ബ്രഹ്മമാണ്. ബ്രഹ്മമായ ലോകം പിന്നെയെങ്ങിനെയാണ് ഇല്ലാത്ത ഒന്ന് ആകുന്നത്?”
 
സ്വാമി ഗൗരവത്തിൽ കൂട്ടിച്ചേർത്തു. “ലോകം നിർവചനത്തിനു അതീതമാകുന്നത്, അതായത്, മായ ആകുന്നത്, വ്യക്തി ബ്രഹ്മസാക്ഷാത്കാരം നേടുമ്പോൾ മാത്രമാണ്. ബ്രഹ്മം സാക്ഷാത്കരിക്കാത്തവർക്കു ബാഹ്യലോകം നിർവചനത്തിനെല്ലാം വഴങ്ങുന്ന ദ്വൈതമായ വ്യവഹാരിക സത്യമാണ്. അവർ ആ ലോകത്തു എല്ലാ അർത്ഥത്തിലും ഇടപെട്ടു, അതിൽ ജീവിക്കുകയാണ് വേണ്ടത്.”
 
സുഹൃത്ത് വിട്ടില്ല. “അവിദ്യ ബ്രഹ്മത്തിനൊപ്പമാണെന്ന് വരുമ്പോൾ അവിടെ ദ്വൈതം വരുന്നില്ലേ?”
 
“ഇല്ല. അവിദ്യ ബ്രഹ്മതലത്തിലാണ് എന്നത് വ്യവഹാരിക നിലയിലുള്ള ഒരുവന്റെ വിചാരം ആണ്. അതായത് അവിദ്യയുള്ള ഒരുവന്റെ വിലയിരുത്തലാണ് അത്. അതിനാൽ ആ നിരീക്ഷണം അത്യന്തിക തലത്തിൽ ശരിയാണോ എന്നൊന്നും പറയാനാകില്ല. അത്യന്തിക തലത്തിൽ ബ്രഹ്മം മാത്രമേയുള്ളൂ എന്നു ഉപനിഷത്ത്.”
 
ഞങ്ങൾ പിന്നേയും കുറേനേരം തർക്കിച്ചു. പ്രാർത്ഥനാ സമയമായപ്പോൾ സ്വാമി സംസാരം നിർത്തി എഴുന്നേറ്റു. പടവുകൾ ഇറങ്ങി പുഴയിലേക്ക്. പുഴവെള്ളത്തിന്റെ കുളിർമ്മയിൽ കൈകാലുകൾ കഴുകി, മണപ്പുറത്തെ ശിവക്ഷേത്രത്തിനു നേരെ നോക്കി ഒരുനിമിഷം കൈകൂപ്പി ധ്യാനിച്ചു. സ്വാമി ഞങ്ങളോടു യാത്രപറഞ്ഞ് ആശ്രമത്തിലേക്കു നടന്നു. അജാനുബാഹുവായ ആ കഷായവസ്ത്രധാരിയുടെ നടപ്പിനു സന്യാസത്തിന്റെ ഗരിമയുണ്ടായിരുന്നു. ഞാനത് നിഷ്‌പ്രഭനായി നോക്കിനിന്നു.
 
സുഹൃത്ത് തട്ടിവിളിച്ചു ചോദിച്ചു. “താങ്കൾ…”
 
ചോദ്യത്തിന്റെ പോക്ക് മനസ്സിലാക്കി ഞാൻ തടസ്സപ്പെടുത്തി. “തിരയാണ്… കടൽ അല്ല.”
 
“ജ്ഞാനം പൂർണമായാൽ പിന്നെ മുക്തി അല്ലേ…”
 
“ജ്ഞാനം പൂർണമാകുന്നത് ബോധനിലയിലെ മാറ്റത്തോടെയാണ്. അപ്പോൾ ജനന-മരണങ്ങളുടെ പ്രാധാന്യം കുറ്റിയറ്റു പോകും. നേട്ടങ്ങളും നഷ്ടങ്ങളും അർത്ഥരഹിതമാകും… എന്നിൽ അത്തരം മാറ്റമൊന്നുമില്ല. ഞാനിന്നും വ്യവഹാരികയിൽ അഭിരമിക്കുന്നു. ലോകത്തെ മുറുകെ പിടിക്കുന്നു…”
 
സുഹൃത്ത് ധ്യാനത്തിന്റെ സ്വച്ഛതയിലേക്കു വഴുതും മുമ്പ് ഞാൻ കൂട്ടിച്ചേർത്തു. “മുക്തി അത്തരക്കാർക്കു പറഞ്ഞിട്ടില്ല.”
 
ബലികാക്ക അവിടെത്തന്നെ ഉണ്ട്. അതിന്റെ കണ്ണുകളിൽ വല്ലാത്ത തിളക്കം. പെരിയാറിന്റെ അങ്ങേ തീരത്ത്, മണപ്പുറത്ത് നാലു പേർ. രണ്ടുപേർ കാൽമുട്ടു കുത്തി കുന്തിച്ചിരിക്കുകയാണ്. ഒരു സ്ത്രീയും പുരുഷനും. ഒരു വശത്ത് കാർമികൻ ഏതോ മന്ത്രങ്ങൾ ഉരുക്കഴിച്ച് നിർദ്ദേശങ്ങൾ നൽകുന്നു. നിലവിളക്കിനു മുന്നിൽ വിരിച്ച തൂശനിലയിൽ പിണ്ഢച്ചോറ്. അതിൻമേൽ ക്രമമായ ഇടവേളയിൽ വന്നു വീഴുന്ന എള്ളും പൂവും. ആരുടെയൊക്കെയോ തേങ്ങലുകളെ കാറ്റ് കൂട്ടിക്കൊണ്ടു വന്നു. ബലികാക്ക അതിൽ അസ്വസ്ഥനായി. ഉള്ളിലെ അസ്വസ്ഥത പുറത്തുകാട്ടി കാക്ക കുളിപ്പടവിൽ അങ്ങുമിങ്ങും നടന്നു.
 
മണപ്പുറത്തു നിന്ന് പതിഞ്ഞ കയ്യടികൾ ഉയർന്നു. ഞാൻ കാക്കയെ നോക്കി. അതിന്റെ കണ്ണുകളിൽ, മുമ്പ് കണ്ട, പിണ്ഢത്തിനായുള്ള ദാഹമില്ല. ആഗ്രഹം ഇല്ല. മക്കളുടെ കയ്യടികൾ അതിനെ പ്രലോഭിപ്പിക്കുന്നില്ല. എന്റെയുള്ളിൽ യമനും നചികേതസും വീണ്ടും നിറഞ്ഞു വന്നു.
 
നചികേതസ് – “ഹേ ധർമ്മരാജാവേ! ഏതൊരു പരമാത്മാവിനെയാണൊ അങ്ങ് ധർമ്മാധർമ്മങ്ങൾക്കും, കാര്യകാരണ സ്വരൂപമായ പ്രപഞ്ചത്തിനും, ഭൂതം, ഭവിഷ്യം, വർത്തമാനം എന്നീ ത്രികാലങ്ങൾക്കും അതീതനായി കാണുന്നത്, ആ പരബ്രഹ്മത്തെ പറ്റി പറഞ്ഞുതരാൻ കൃപയുണ്ടാകണം.:
യമരാജൻ – “ഏതൊരു പരമപദത്തെയാണോ വേദങ്ങളെല്ലാം പ്രതിപാദിക്കുന്നത്, ഏതൊരു പദമാണോ സമ്പൂർണ്ണതപസ്സിനെയും ആഭാസമാത്രമാക്കിത്തീർക്കുന്നത്, ഏതൊരു പദത്തെ ആഗ്രഹിച്ചാണോ സാധകൻ ബ്രഹ്മചര്യവ്രതത്തെ അനുഷ്ഠിക്കുന്നത്, ആ പരമപദത്തെപ്പറ്റി ഞാൻ നിനക്കു ചുരുക്കിപ്പറഞ്ഞു തരാം. അതിന്റെ ഏകാക്ഷരമാണ് ‘ഓം’. ഇതുതന്നെയാണ് അക്ഷരബ്രഹ്മം, ഇതുതന്നെയാണ് പരബ്രഹ്മം ഈ ആത്മാവ് ജനിക്കുന്നുമില്ല മരിക്കുന്നുമില്ല. അത് നിത്യമാണ്. അത് ആരാലും സൃഷ്ടിക്കപ്പെട്ടതുമല്ല, അതിനാൽ ആരും സൃഷ്ടിക്കപ്പെട്ടിട്ടുമില്ല. അത് ജന്മരഹിതവും, നിത്യവും, ശാശ്വതവും, സനാതനവുമാകുന്നു. ശരീരം നശിച്ചാലും അത് നശിക്കുന്നില്ല. ഈ പരമാത്മാവ് ഇരിക്കവെ തന്നെ ബഹുദൂരം പോകുന്നു. ശയിക്കവെ തന്നെ എല്ലാ ഭാഗത്തും പോകുന്നു. ആ പരമാത്മാവ് വാക്കിനും കാതിനും ബുദ്ധിക്കും അപ്രാപ്യമാണ്…”
യമൻ തുടർന്നു – “നീ ഈ ശരീരത്തെ രഥമെന്നും, ജീവാത്മാവിനെ രഥി എന്നും, ബുദ്ധിയെ സാരഥി എന്നും, മനസ്സിനെ കടിഞ്ഞാൺ എന്നും മനസ്സിലാക്കുക. ഇന്ദ്രിയങ്ങൾ കുതിരകളാണെന്നും, വിഷയങ്ങൾ അവയുടെ ഗമനാഗമന മാർഗ്ഗങ്ങളാണെന്നും, വിദ്വാന്മാർ പറഞ്ഞിട്ടുണ്ട്. ഇന്ദ്രിയാദികളോടു കൂടി വസിക്കുന്ന ജീവാത്മാവ് തന്നെയാണ് അതിന്റെ ഭോക്താവ്. അവിവേകിയും അസംയതചിത്തനുമായ മനുഷ്യന്റെ ഇന്ദ്രിയങ്ങൾ അസമർത്ഥനായ സാരഥിയുടെ ദുഷ്ടാശ്വങ്ങളെ പോലെ നിയന്ത്രണാതീതങ്ങളാണ്. എന്നാൽ സദാവിവേകബുദ്ധിയോടു കൂടിയിരിക്കുന്നവനും, ജിതേന്ദ്രിയനുമായ വ്യക്തിയുടെ ഇന്ദ്രിയങ്ങൾ കുശലനായ സാരഥിയുടെ ശ്രേഷ്ഠങ്ങളായ കുതിരകളെ പോലെ നിയന്ത്രണാധീനങ്ങളായിരിക്കുന്നു.
അവിവേകിയും, അസംയതചിത്തനും, അശുദ്ധഹൃദയനുമായ മനുഷ്യൻ ജനനമരണമാകുന്ന ചക്രത്തിൽപ്പെട്ട് നട്ടംതിരിയുന്നു. അവൻ ഒരിക്കലും പരമപദത്തെ പ്രാപിക്കുന്നില്ല. വിവേകിയും, സംയതചിത്തനും, പരിശുദ്ധഹൃദയനുമായ മനുഷ്യൻ ആ പരമപദത്തെ പ്രാപിക്കുന്നു. അവിടെനിന്നും പിന്നീട് അവനു മടങ്ങേണ്ടി വരുന്നില്ല. അതായത് പുനർജന്മമില്ല.”
യമൻ ഉപസംഹരിച്ചു. “ഇന്ദ്രിയങ്ങളേക്കാൾ ശക്തിയേറിയത് വിഷയവും; വിഷയത്തേക്കാൾ ശക്തിയേറിയത് മനസ്സും, മനസ്സിനേക്കാൾ മഹത്വമേറിയത് ബുദ്ധിയും, ബുദ്ധിയേക്കാൾ മഹത്വമേറിയത് ഈ ആത്മാവും ആകുന്നു. അതാണ് സർവ്വത്തിലും ശ്രേഷ്ഠമായിട്ടുള്ളത്. ആത്മാവിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത് അവ്യക്തശക്തിയും, അവ്യക്തശക്തിയേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത് പരമാത്മാവുമാണ്. ആ പരമാത്മാവിനേക്കാൾ ശ്രേഷ്ഠമായിട്ടൊന്നുമില്ല. അതുതന്നെയാണ് എല്ലാവർക്കും പരമകാഷ്ഠയും, പരമഗതിയും.”
 
            ബലികാക്ക എന്നെ ഉറ്റുനോക്കിയിരിക്കുകയാണ്. ടെലിപ്പതിയായി എന്റെ മനോവിചാരം അത് മനസ്സിലാക്കിയോ? ഞാൻ സംശയിച്ചു.
 
സുഹൃത്ത് ചോദിച്ചു. “ആത്മജ്ഞാനം നേടിയാൽ ദേഹമുക്തി ഉടനുണ്ടാകുമോ?”
            ഞാൻ നിഷേധിച്ചു. “ഇല്ല. പുഷ്പിച്ചു തുടങ്ങിയ പ്രാരാബ്ധകർമ്മങ്ങളുടെ ഫലം അനുഭവിച്ചു തീർന്ന ശേഷമേ ശരീരം നശിക്കൂ.”
 
            ബലിക്കാക്ക ചാടിച്ചാടി ഞങ്ങൾ ഇരിക്കുന്നതിനു അടുത്തെത്തി. സുഹൃത്ത് നീരസത്തോടെ കൈയാട്ടി അതിനെ ഓടിക്കാൻ ശ്രമിച്ചു. കാക്ക ഒരുനിമിഷം ശങ്കിച്ചുനിന്നു. പിന്നെ ആകാശത്തേക്കു പറന്നുയർന്നു. മണപ്പുറത്തെ പിണ്ഢച്ചോറ് ലക്ഷ്യമാക്കിയാണ് പോക്കെന്ന് ഞാൻ കരുതി. എന്നാൽ ആലുവപ്പുഴയുടെ മദ്ധ്യഭാഗത്തു എത്തിയപ്പോൾ ബലികാക്ക പൊൻമാനിനെപോലെ പുഴയിലേക്കു കൂപ്പുകുത്തുകയാണ് ചെയ്തത്.
 
Featured Image Credit: – nancywalter.com/portfolio-item/moksha-sutra/

Read More ->  മോക്ഷം

3 Replies to “മോക്ഷം നേടുന്ന ബലികാക്കകൾ”

അഭിപ്രായം എഴുതുക