സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
അനുപലബ്‌ധി / അഭാവം:-
നമുക്ക് എങ്ങിനെ ഒരിടത്തു ഒരു വസ്തുവിന്റെ അഭാവത്തെ കുറിച്ചു മനസ്സിലാക്കാൻ പറ്റും? പ്രത്യേകിച്ചും നല്ല വെളിച്ചമുള്ള ഒരു മുറിയിൽ മേശ ഇല്ല എന്നു ഏതു പ്രമാണം വഴി മനസ്സിലാക്കാൻ പറ്റും? മനുഷ്യന്റെ ഇന്ദ്രിയങ്ങൾക്കു മേശയുടെ അഭാവത്തെ ’ദർശിച്ച്’ മനസ്സിലാക്കാനാകില്ല. കാരണം മേശ മുറിയിൽ ഇല്ല. മേശ ഉണ്ടെങ്കിലല്ലേ കാണാനാകൂ. അതിനാൽ മേശയുടെ (‘വസ്തുക്കളുടെ’ എന്നു പൊതുവായി പറയാം) അഭാവം പ്രത്യക്ഷ പ്രമാണം വഴി അറിയാൻ പറ്റില്ല. വ്യാപ്‌തി ഇല്ലാത്തതിനാൽ അനുമാനവും ഉപയോഗിക്കാനാകില്ല. അദ്വൈത വേദാന്തവും പൂർവ്വ മീമാംസയും ‘അനുപലബ്‌ധി’യെ ഒരു സ്വതന്ത്ര പ്രമാണമായി പരിഗണിക്കാൻ കാരണങ്ങൾ ഇവയാണ്. ഒരു പ്രത്യേക സ്ഥലത്ത്, വസ്തുക്കളുടെ അഭാവം അറിയാൻ അനുപലബ്‌ധി പ്രമാണം സഹായിക്കുന്നു.
ഭാരതീയ ദർശനങ്ങളിൽ സാംഖ്യവും, പൂർവ്വ മീമാംസയിലെ പ്രഭാകര മിശ്ര വിഭാഗവും അനുപലബ്ധിയെ അനുകൂലിക്കുന്നില്ല. ഇക്കൂട്ടരുടെ അഭിപ്രായ പ്രകാരം ഒരു വസ്തുവിന്റെ അഭാവം പ്രത്യക്ഷ പ്രമാണം വഴി നേരിട്ടു അറിയാനാകും. ഒരു മുറിയിലെ മേശയെ ഉദാഹരണമായി എടുക്കാം. സാംഖ്യ ദർശനം പ്രകാരം മേശയുടെ അഭാവം നാം അറിയുന്നത് മേശയുടെ കേന്ദ്രമായ മുറിയെ, പ്രത്യക്ഷത്തിൽ ദർശിക്കുക വഴിയാണ്. ഒഴിഞ്ഞ മുറി നേരിൽ കാണുമ്പോൾ ആ മുറിയിൽ മേശ ഇല്ലെന്നു അറിയാമെന്ന് സാരം. ഇവിടെ വസ്തുവിന്റെ അഭാവം അറിയുന്നത് പ്രത്യക്ഷ പ്രമാണം വഴിയാണ്.
സാംഖ്യ ദർശനം മുന്നോട്ടു വയ്ക്കുന്ന ഈ രീതി ശരിയാണെന്നു ആദ്യ ചിന്തയിൽ നമുക്ക് തോന്നാം. എന്നാൽ ഇതിൽ പിശകുണ്ട്.

ഒരു പ്രത്യേക സ്ഥലത്ത്, ഒരു വസ്തുവിന്റെ അഭാവം അറിയുന്നത്, അവിടെ മറ്റൊരു വസ്തുവിനെ ദർശിച്ചു കൊണ്ടാണ് (മുറി കാണുമ്പോൾ മേശയുടെ അഭാവം മനസ്സിലാകുന്ന പോലെ) എന്ന നിലപാടിനെ കുമാരില – അദ്വൈതികൾ കഠിനമായി എതിർക്കുന്നു. ഒരു വസ്തുവിനെ ദർശിക്കുന്നതിനെ, മറ്റൊരു വസ്തുവിന്റെ അഭാവത്തിലേക്കു ചുരുക്കാനാകില്ലെന്നു ഇക്കൂട്ടർ വാദിക്കുന്നു. ഇതിനായി ഭട്ട വിഭാഗം/അദ്വൈതികൾ എല്ലാ വസ്തുവിനും ഭാവം (Existence), അഭാവം (Non-existence) എന്നിങ്ങനെ രണ്ട് നിലകളുണ്ടെന്നു സിദ്ധാന്തിച്ചു. ഈ നിലകൾക്കു വ്യത്യസ്ത അർത്ഥവും ഉണ്ട്. ഒരു അർത്ഥത്തെ മറ്റൊന്നിലേക്കു ചുരുക്കാൻ ആകില്ല. അതിനാൽ വസ്തു (മേശ) സ്ഥിതി ചെയ്തിരുന്ന കേന്ദ്രത്തെ (മുറി) ദർശിച്ചുകൊണ്ട് വസ്തുവിന്റെ അഭാവം മനസ്സിലാക്കാനാകില്ല. മുറിയെ കാണുന്നത് മുറിയുടെ ഭാവത്തെ (Existence) സൂചിപ്പിക്കുന്നേയുള്ളൂ. മേശയുടെ അഭാവത്തെ (Non-existence)സൂചിപ്പിക്കുന്നില്ല. മേശ ഇല്ലാത്തപ്പോൾ മാത്രമല്ല, മേശ ഉള്ളപ്പോഴും, നാം മേശയോടൊപ്പം, മുറിയും ദർശിക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ മേശ ഉള്ളപ്പോഴും (മുറിയെ ദർശിക്കുന്നതിനാൽ) മേശ ഇല്ലാത്തതായി നമുക്ക് തോന്നേണ്ടതാണ് എന്നു അദ്വൈതികൾ വാദിക്കുന്നു. കൂടാതെ മേശക്കു പകരം ഒരു പാത്രം മുറിയിൽ ഉണ്ടെങ്കിൽ നമുക്ക് എങ്ങിനെ മേശയുടെ അഭാവം തിരിച്ചറിയാൻ സാധിക്കുമെന്നു അദ്വൈതികൾ ആരായുന്നു. ‘ഒഴിഞ്ഞ മുറി ദർശിക്കുന്നതു വഴിയാണ് മേശയുടെ അഭാവത്തെ പറ്റി അറിയുന്നത്’ എന്ന സാംഖ്യ വാദത്തെ അദ്വൈതം ഇപ്രകാരം ഖണ്ഢിക്കുന്നു. ‘അനുപലബ്‌ധി’യെ (അഭാവത്തെ) ഒരു സ്വതന്ത്ര പ്രമാണമായി സ്വീകരിക്കുകയും ചെയ്യുന്നു.
അഭാവങ്ങൾ നാലു തരമുണ്ട് – പ്രാഗ്-അഭാവം, ധ്വംസ-അഭാവം, അന്യോന്യ-അഭാവം, അത്യന്ത-അഭാവം.
കാരണത്തിൽ (Cause) അന്തർലീനമായിട്ടുള്ളതും എന്നാൽ കാര്യമായി(Effect) പരിവർത്തിക്കപ്പെട്ടിട്ടില്ലാത്തതുമായ അഭാവങ്ങളാണ് പ്രാഗ്-അഭാവങ്ങൾ. കളിമണ്ണും പാത്രവും തമ്മിലുള്ള ബന്ധം ഇതിനു ഉദാഹരണമാണ്.
നശീകരണ പ്രക്രിയയിലൂടെ സംഭവിക്കുന്ന അഭാവമാണ് ധ്വംസ-അഭാവം. ഉടഞ്ഞു പോയ കളിമൺ പാത്രത്തിന്റെ കഷണങ്ങളിൽ കളിമൺ പാത്രത്തിന്റെ അഭാവം ഉണ്ട്. ഇത് ധ്വംസ-അഭാവത്തിൽ ഉൾപ്പെടുന്നു.
അത്യന്ത-അഭാവം ഒരു കേന്ദ്രത്തിൽ ഒരു വസ്തുവിന്റെ പൂർണമായ അഭാവത്തെ സൂചിപ്പിക്കുന്നു. ഉദാഹരണമായി നിറങ്ങൾ ഇല്ലാത്ത ശുദ്ധമായ വായുവിൽ നിറങ്ങളുടെ അത്യന്ത-അഭാവമാണ് ഉള്ളത്.
വിവിധ വസ്തുക്കൾ തമ്മിലുള്ള വ്യത്യാസങ്ങൾ സൂചിപ്പിക്കുന്നതാണ് അന്യോന്യ-അഭാവം. ഒരു വസ്തു മറ്റൊരു വസ്തുവിൽ ഇല്ല എന്നു ഈ അഭാവം സൂചിപ്പിക്കുന്നു. നാം വിവിധ വസ്തുക്കളെ, ആ വസ്തുക്കളായി തിരിച്ചറിയുന്നത് അന്യോന്യ-അഭാവം മൂലമാണ്.
ശബ്ദം:-
ശബ്ദം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് വാക്കുകൾ/പ്രസ്താവങ്ങൾ എന്നിവയെയാണ്. വിജ്ഞാനപടുക്കളുടെ അഭിപ്രായങ്ങളും (ആപ്തവാക്യം) ഈ ഗണത്തിൽ പെടുന്നു[1]. വേദങ്ങളുടെ അധികാരികതയും സാധുതയും ഉറപ്പു വരുത്തുന്ന പ്രമാണമാണ് ശബ്ദ പ്രമാണം.
ശബ്ദം/വാക്കുകൾ സൂചിപ്പിക്കുന്നത് പൊതുവായ അർത്ഥമില്ലാത്ത, ഒറ്റപ്പെട്ടതും പ്രത്യേകവുമായ ഒരൊറ്റ വ്യക്തിത്വത്തെ (Particulars) ആണോ, അതോ നിരവധി ‘ഒറ്റപ്പെട്ട’ വ്യക്തിത്വങ്ങൾക്കുള്ള ചില പൊതുസ്വഭാവങ്ങൾ അടങ്ങിയ ഒരു ഗണത്തെ/ജാതിയെ (Univeral) ആണോ എന്നത് ഭാരതീയ ദർശനത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്[2]. അദ്വൈതികൾ ഇവിടെ പൂർവ്വ മീമാംസകർക്കു ഒപ്പം രണ്ടാമത്തെ പക്ഷത്തു നിൽക്കുന്നു. വാക്കുകൾ/ശബ്ദം നിരവധി ‘ഒറ്റപ്പെട്ട’ വ്യക്തിത്വങ്ങൾ(Particulars) അടങ്ങിയ ഒരു ഗണത്തിന്റെ അടിസ്ഥാന സ്വഭാവത്തെ(Character) പ്രതിനിധീകരിക്കുന്നുവെന്നു ഇക്കൂട്ടർ പറയുന്നു.
ജൈന ദർശനവും വാക്ക്/ശബ്ദം സൂചിപ്പിക്കുന്നത് ഗണത്തെ ആണെന്നു അംഗീകരിക്കുന്നു. എന്നാൽ അദ്വൈതികളിൽ നിന്നു പ്രകടമായ ഒരു വ്യത്യാസം ജൈന നിലപാടിനുണ്ട്. ജൈന ദർശനം ഗണത്തിന്റെ അടിസ്ഥാന സ്വഭാവത്തിനു പകരം, ഗണം സൂചിപ്പിക്കുന്ന പൊതുവായ ആകാരത്തിനു (Generic Form/Akriti) പ്രാധാന്യം കൊടുക്കുന്നു. ഇതനുസരിച്ച് വാക്ക് പ്രതിനിധീകരിക്കുന്നത് ഒരു ഗണത്തിനു പൊതുവായുള്ള ആകാരമാണ്. (പശു എന്നു കേൾക്കുമ്പോൾ ‘പശുത്വ’ത്തിന്റെ ആകാരം മനസ്സിൽ വരുമെന്നു സാരം). ആകാരം എന്നത് സ്വാഭാവികമായും ഒറ്റപ്പെട്ട ഒരു വ്യക്തിത്വത്തെ (Particular) സൂചിപ്പിക്കുന്നുണ്ട്. ഒരു വ്യക്തിത്വം ഇല്ലാതെ ആകാരത്തിനു നിലനിൽപ്പ് സാധ്യമല്ല. അതിനാൽ ഒരു വാക്ക്/ശബ്ദം ആദ്യമായി പ്രതിനിധീകരിക്കുന്നത് ഒരു ഗണത്തിന്റെ ആകാരത്തേയും, തുടർന്ന്, രണ്ടാമതായി, ആ ഗണത്തിലെ ഒരു വ്യക്തിത്വത്തേയുമാണെന്നു ജൈന ദർശനം പറയുന്നു.
അദ്വൈതികൾക്കു ഈ നിലപാട് സമ്മതമല്ല. ഗണത്തിന്റെ ആകൃതിയാണ് വാക്ക്/ശബ്ദം പ്രതിനിധീകരിക്കുന്നതെങ്കിൽ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ ഒരു പശുവും ‘പശുത്വം’ എന്ന ഗണത്തിൽ പെടുമെന്നു അവർ പറയുന്നു. ഇതിൽ തീർച്ചയായും വൈരുദ്ധ്യമുണ്ട്. അതിനാൽ ഗണം സൂചിപ്പിക്കുന്ന ആകൃതിയല്ല, മറിച്ച് ഗണം പ്രതിനിധീകരിക്കുന്ന പൊതുസ്വഭാവത്തെയാണ് വാക്ക്/ശബ്ദം സൂചിപ്പിക്കുന്നതെന്ന് അദ്വൈതികൾ തീർച്ചപ്പെടുത്തുന്നു. ഉദാഹരണമായി സ്വർണം കൊണ്ടു ഉണ്ടാക്കിയ പലവിധ ആഭരണങ്ങൾ. അവയെല്ലാം വ്യത്യസ്ത വ്യക്തിത്വങ്ങൾ (മാല, വള.,) ആണെങ്കിലും അവയുടെ ഗണം സ്വർണത്തിന്റെ പൊതുസ്വഭാവം (സ്വർണത്വം) പ്രകടിപ്പിക്കും. അതിനാൽ അദ്വൈതികൾ വാക്ക്/ശബ്ദം പ്രതിനിധീകരിക്കുന്നത് ഗണത്തിന്റെ പൊതുസ്വഭാവമാണെന്നു തറപ്പിച്ചു പറയുന്നു.
ശബ്ദപ്രമാണം സൂചിപ്പിക്കുന്നത് ഒരു ഗണത്തിന്റെ പൊതുസ്വഭാവത്തെ ആണെങ്കിൽ എങ്ങിനെയാണ് ആ ഗണത്തിലെ ഒരു പ്രത്യേക വ്യക്തിത്വത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കുക? അദ്വൈതം പ്രകാരം ‘ഗണത്തിനെ പറ്റിയുള്ള അറിവിൽ വ്യക്തിത്വത്തെ പറ്റിയുള്ള അറിവ് അന്തർലീനമാണ്’. അതിനാൽ ഗണത്തിലെ ഒരു വ്യക്തിത്വത്തെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. ഇവിടെ ഒരു കൂട്ടം വ്യക്തിത്വങ്ങൾക്കു പൊതുവായുള്ള സ്വഭാവത്തെയാണ് ഗണം പ്രതിനിധാനം ചെയ്യുന്നത്.
ഒരോരോ ഗണങ്ങളെ, തദ്വാരാ വ്യക്തിത്വങ്ങളേയും, സൂചിപ്പിക്കുന്ന നിരവധി വാക്കുകളാൽ നിർമിതമാണ് നാം സംസാരിക്കുന്ന ഓരോ വാക്യങ്ങളും(Sentence). വാക്യത്തിലുള്ള വാക്കുകളുടെ അർത്ഥങ്ങൾ, സാഹചര്യം ആവശ്യപ്പെടുന്ന വിധം, അർത്ഥപൂർണമായ രീതിയിൽ സജ്ജീകരിക്കപ്പെടുമ്പോൾ അത് യുക്തമായ ഒരു അറിവായി മാറുന്നു. ഈ അറിവിനു ഭൗതികപരമായതോ അല്ലാത്തതോ ആയ ഒരു അടിസ്ഥാനം / പ്രതിനിധീകരണം ഉണ്ടായിരിക്കും[3]. അതിനാൽ വാക്കുകളും/വാക്യങ്ങളും സത്യത്തെ പ്രതിനിധീകരിക്കുന്നു. വാക്യങ്ങളിലൂടെ നമുക്ക് ലഭ്യമാകുന്ന അറിവ് മറ്റു പ്രമാണങ്ങൾ വഴി ലഭിക്കാത്തതിനാൽ, അറിവിന്റെ ഈ ഉറവിടത്തെ ശബ്ദ-പ്രമാണം എന്നു വിളിക്കുന്നു.
ശബ്ദപ്രമാണം രണ്ട് വിധമുണ്ട്. ആദ്യ വിഭാഗത്തിൽ, ഒരു വാക്യത്തിലെ രണ്ടു വസ്തുതകൾ തമ്മിലുള്ള ബന്ധത്തെ ആ വാക്യം സൂചിപ്പിക്കുന്നു. നാമവും വിശേഷണവും തമ്മിലുള്ള ബന്ധം ഇതിനു ഉദാഹരണമാണ്. ഇവിടെ നാമം നമുക്ക് പരിചിതമായ ഒന്നായിരിക്കാം. എന്നാൽ നാമത്തെ പറ്റി പൂർണ അറിവ് ഉണ്ടാകാനും വയ്യ. കാരണം പൂർണ അറിവ് ഉണ്ടെങ്കിൽ പിന്നെ ഒരു വിശേഷണം, ഒരു പ്രസ്താവം വഴി, നാമത്തിനു നൽകേണ്ടതില്ലല്ലോ. അതിനാൽ ഒരു പ്രസ്താവത്തിന്റെ അടിസ്ഥാന ധർമ്മം, നാമവും വിശേഷണവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുകയാണെന്ന് അദ്വൈതികൾ പറയുന്നു. ഉദാഹരണം, നീല നിറമുള്ള പശു. ഇത്തരം വാക്യങ്ങളെ സംസർഗാവഗാഹി വാക്യം എന്നു വിളിക്കുന്നു.
ഇവിടെ ഒരു പ്രശ്നം കടന്നു വരുന്നു. അദ്വൈത വേദാന്തം പ്രകാരം എല്ലാ വാക്യങ്ങളും നാമവും വിശേഷണവും തമ്മിലുള്ള ബന്ധത്തെ കുറിക്കുന്നതാകരുത്. കാരണം അദ്വൈതത്തിലെ പരമാർത്ഥ സത്യമായ നിർഗുണബ്രഹ്മം വിശേഷണങ്ങൾക്കു അതീതമാണ്. അതിനാൽ ‘തത് ത്വം അസി’ തുടങ്ങിയ അദ്വൈതത്തെ സൂചിപ്പിക്കുന്ന വാക്യങ്ങൾ, സാധാരണയായി കാണാറുള്ള നാമ – വിശേഷണ ബന്ധത്തെ കുറിക്കുന്നതാകരുത്. ശബ്ദ പ്രമാണത്തിലെ രണ്ടാമത്തെ വിഭാഗം ഇവിടെയാണ് കടന്നു വരുന്നത്. ഇതനുസരിച്ച് ‘ശ്രുതി’യിലേയും മറ്റും ചില വാക്യങ്ങൾ സൂചിപ്പിക്കുന്നത് (ആ വാക്യത്തിലുള്ള) രണ്ടു വസ്തുതകളുടെ അനന്യ ഭാവത്തെയാണ്. അല്ലാതെ ഒന്നിനു മറ്റൊന്നുമായുള്ള ബന്ധത്തെയല്ല. ഉദാഹരണം, തത് ത്വം അസി. ഇത്തരം വാക്യങ്ങൾഅഖണ്ഢാർത്ഥക വാക്യം എന്ന വിഭാഗത്തിൽ പെടുന്നു.
അദ്വൈതികൾ രണ്ടാമത്തെ ശബ്ദപ്രമാണ വിഭാഗത്തിനു വളരെ പ്രാധാന്യം കല്പിക്കുന്നു. ‘തത് ത്വം അസി’ പോലുള്ള അദ്വൈത വാക്യങ്ങൾ സൂചിപ്പിക്കുന്ന അനന്യ ഭാവത്തിന്റെ സാധൂകരണത്തിനു രണ്ടാമത്തെ ശബ്ദപ്രമാണ വിഭാഗം അവശ്യമാണ്.
ശങ്കരാചാര്യൻ സ്‌ഫോട-വാദത്തെ[4] നിരസിക്കുന്നു. നാം ഒരു വാക്കിലെ എല്ലാ അക്ഷരങ്ങളേയും ഒരുമിച്ച് കേൾക്കുകയോ വിലയിരുത്തുകയോ ചെയ്യുന്നില്ലെങ്കിലും, നമ്മിലെ ബുദ്ധിയ്‌ക്കു ഓർമയുടെ സഹായത്താൽ കേട്ട വാക്കുകളെ എല്ലാം, ഒരുമിച്ചു ഓർത്തെടുത്ത്, വിശകലനത്തിനു വിധേയമാക്കാൻ കഴിയുമെന്നു ശങ്കരാചാര്യർ പറയുന്നു.
ഭാരതീയ ദർശനത്തിൽ ബുദ്ധിസ്റ്റുകളും വൈശേഷിക വിഭാഗവും ശബ്ദത്തെ സ്വതന്ത്ര പ്രമാണമായി അംഗീകരിക്കുന്നില്ല. ഏതൊരു വ്യക്തിയിൽ നിന്നാണോ (ശബ്ദപ്രമാണം വഴി) അറിവ് ലഭിക്കുന്നത്, ആ വ്യക്തിയുടെ സത്യസന്ധത മറ്റു മാർഗങ്ങളാൽ അനുമാനിച്ച് മനസ്സിലാക്കാതെ ശബ്ദപ്രമാണം ഒരു സ്വതന്ത്ര പ്രമാണമാകില്ലെന്നു ഇക്കൂട്ടർ വാദിക്കുന്നു. ശബ്ദ പ്രമാണത്തെ ബുദ്ധിസ്റ്റുകളും വൈശേഷികരും അനുമാന പ്രമാണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
വൈശേഷിക ദാർശനികരുടെ നിലപാട് തെറ്റാണെന്നു അദ്വൈതികൾ പറയുന്നു. കാരണം അനുമാനത്തിനു ശബ്ദ പ്രമാണം വഴി ലഭിക്കുന്ന അറിവിനു കൂടുതൽ സാധുത നൽകാനേ സാധിക്കൂ. അല്ലാതെ അറിവിനെ പ്രദാനം ചെയ്യാനാകില്ല. ഉദാഹരണമായി ഒരു വ്യക്തിയിൽ നിന്നു ശബ്ദപ്രമാണം വഴി നാം ചില വസ്തുതകൾ മനസ്സിലാക്കി എന്നിരിക്കട്ടെ. പിന്നീട് ആ വ്യക്തി സത്യസന്ധനാണെന്നു നാം മനസ്സിലാക്കിയാൽ, അപ്പോൾ, നമുക്ക് അതിനകം ലഭിച്ച ശബ്ദപ്രമാണത്തിനു കൂടുതൽ സാധുത കൈവരികയേ ഉള്ളൂ. അല്ലാതെ വ്യക്തിയുടെ സത്യസന്ധത അറിയുമ്പോൾ നാം പുതുതായി ആ വ്യക്തിയിൽ നിന്നു ഒരു അറിവും നേടുന്നില്ല. അതിനകം നേടിയ അറിവിന്റെ സാധുത വ്യക്തിയുടെ സത്യസന്ധത അറിയുമ്പോൾ കൂടുതൽ ബലപ്പെടുന്നു. അദ്വൈത പ്രകാരം എല്ലാ അറിവും സ്വതവേ സാധുവാണ്. അറിവിന്റെ സാധുതയെ ഇല്ലാതാക്കുന്നത് ബാഹ്യഘടകങ്ങളാണ്.
ഭാരതീയ ദർശനത്തിൽ അദ്വൈത വേദാന്തവും പൂർവ്വ മീമാംസയും മുന്നോട്ടു വയ്ക്കുന്ന പ്രമാണങ്ങൾ ഇവയെല്ലാമാണ്. പ്രമാണങ്ങളെ പറ്റിയുള്ള പഠനത്തിൽ എക്കാലവും മുന്നിൽ നിന്നത് ന്യായ ദർശനം ആണെങ്കിലും പൂർവ്വ മീമാംസ പണ്ഢിതനായ കുമാരില ഭട്ടനും, പ്രഭാകര മിശ്രയും തങ്ങളുടേതായ സംഭാവനകൾ ഭാരതീയ ചിന്തക്കു നൽകിയിട്ടുണ്ട്. അദ്വൈതം പ്രമാണ സംബന്ധിയായ വിഷയങ്ങളിൽ പൂർവ്വ മീമാംസയെ അനുകൂലിക്കുന്നു.
[1] ആപ്തവാക്യത്തെ പറ്റിയുള്ള വിശദീകരണം അദ്ധ്യായം XXX ഇൽ ഉണ്ട്.
[2] വ്യക്തിത്വത്തെയും ഗണത്തേയും ഇനി പറയും വിധം വിശദീകരിക്കാം. ഒരു കൂട്ടം പശുക്കളെ ഉദാഹരണമായി എടുക്കാം. അതിൽ ഓരോ പശുവിനും നിറം, ശാരീരിക പ്രത്യേകതകൾ., തുടങ്ങിയവ അനുസരിച്ചു സ്വന്തമായ ഒരു ആസ്ഥിത്വം ഉണ്ടാകും. ഒരു പശു മറ്റു പശുക്കളിൽ നിന്ന് വ്യത്യസ്തമാകുന്നത് അതിന്റെ സവിശേഷ വ്യക്തിത്വം (particularity) മൂലമാണ്. എന്നാൽ ഈ പശുക്കൾക്കെല്ലാം പൊതുവായ ചില സവിശേഷതകൾ ഉണ്ടെന്നത് മറന്നുകൂടാ. ആകാരം, സ്വഭാവം., തുടങ്ങിയവ ഈ പൊതു സവിശേഷതകളിൽ പെടുന്നു. ഇപ്രകാരം, കുറേ വ്യക്തിത്വങ്ങൾക്കുള്ള പൊതു സവിശേഷകളെ കുറിക്കാൻ ഗണം (Universal) എന്ന പദം ഉപയോഗിക്കുന്നു. പശുവിനെ സംബന്ധിക്കുന്ന ഗണം ‘പശുത്വം’ ആണ്. മനുഷ്യനെ സൂചിപ്പിക്കുന്നത് ‘മനുഷ്യത്വവും’. ഇതാണ് വ്യക്തിത്വവും ഗണവും തമ്മിലുള്ള ബന്ധം.
[3] പോസിറ്റീവായ സംശയത്തിനു ഇട നൽകാത്തിടത്തോളം ഓരോ വാക്യങ്ങളും ശരിയായ, സത്യമായ കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നു സാരം. ഒരു വാക്യത്തിന്റെ അർത്ഥം, ആ അർത്ഥം ചൂണ്ടിക്കാണിക്കുന്ന സത്യത്തോടു അവിഭാജ്യമായി ബന്ധപ്പെട്ടു നിലനിൽക്കുന്നു. വിജ്ഞാനപടുവായ ഒരു മഹർഷിയുടെ വാക്യങ്ങൾ, ഇത്തരത്തിൽ നോക്കിയാൽ, സത്യമായ കാര്യങ്ങളിലേക്കു വിരൽ ചൂണ്ടുന്നു. വേദ പ്രമാണത്തിന്റെ പ്രാമാണികതക്കു തെളിവാണ് ഈ വസ്തുതകൾ.
[4] വാക്കുകൾ നമ്മിലേക്കു എത്തുന്നത് ഒരുമിച്ചല്ലാത്തതിനാൽ വാക്കുകളെ ഒരുമിച്ച് ഓർക്കാനോ വാക്കിന്റെ അർത്ഥം വിലയിരുത്താനോ കഴിയില്ലെന്നും, അതിനാൽ ഓരോ വാക്കുകളും (വാക്കുകളിലെ അക്ഷരങ്ങളും) ഒരു പ്രത്യേക അർത്ഥമുള്ള അടയാളത്തിലേക്കു വിരൽ ചൂണ്ടുന്നുവെന്ന വാദമാണ് സ്‌ഫോട-വാദം.
ഭാരതീയ ദർശനത്തിൽ ശബ്ദ പ്രമാണത്തിന്റെ പ്രാധാന്യം.
പോരായ്മകൾ ചൂണ്ടിക്കാണിക്കുക.
സസ്നേഹം
സുനിൽ ഉപാസന