സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
“Inference is illusion” – Dharmottara in ‘Nyaya Bindu-tika’ (A Commentary on Nyaya – Bindu of DHARMAKIRTI)
കോളിംങ് ബെൽ അടിച്ചു. മയങ്ങുകയായിരുന്നതിനാൽ ലാൽ ശബ്ദം വ്യക്തമായി കേട്ടില്ല. കുറച്ചുസമയം കഴിഞ്ഞു. ബെൽ വീണ്ടും ശബ്ദിച്ചു. ലാൽ തിടുക്കത്തിൽ എഴുന്നേറ്റു ഷർട്ട് ധരിച്ച് ഹാളിലെത്തി. ആകാംക്ഷയോടെ വാതിൽ തുറന്നു. പുറത്ത് ആരുമില്ലായിരുന്നു. കോളിങ് ബെൽ അടിച്ച വ്യക്തി പോയിരിക്കുന്നു. ലാൽ നിരാശനായി. പ്രാധാന്യമുള്ള വാർത്തയായിരിക്കുമോ തേടിയെത്തിയത്? ഏതെങ്കിലും സുഹൃത്ത് സന്ദർശനത്തിനു വന്നതാണോ? ലാൽ പൂമുഖത്തു ചെന്നു മുറ്റവും ഗേറ്റും റോഡുപരിസരവും നോക്കി. ആരേയും കണ്ടില്ല. വാതിൽ തുറക്കാൻ ഏറെ വൈകി. ആഗതൻ അദ്ദേഹത്തിന്റെ പാട്ടിനു പോയി.
ലാൽ തിരികെ ഹാളിൽ എത്തി. അശോകൻ സോഫയിൽ നീണ്ടുനിവർന്നു കിടന്ന് ടിവി കാണുകയാണ്. ലാലിനു വളരെ ദേഷ്യം വന്നു. അശോകന്റെ കൂടെ താമസിച്ചാൽ നശിച്ചു പോവുകയേ ഉള്ളൂ. ഗതി പിടിക്കില്ല.
ലാൽ തിടുക്കത്തിൽ വരുന്നതും, വാതിൽ തുറന്ന് പൂമുഖം പരിശോധിക്കുന്നതും മറ്റും കണ്ടിരുന്ന അശോകൻ പതിവ് പോലെ കുറ്റപ്പെടുത്തി.
“എത്ര തവണ പറഞ്ഞാലും മനസ്സിലാവില്ലാന്ന് വെച്ചാലോ! കോളിങ് ബെൽ അടിച്ചാൽ ഉടൻ ഓടിപ്പാഞ്ഞ് വരും”
ലാൽ അശോകനെ ചവിട്ടാൻ കാലോങ്ങി. അവന്റെ ഒരു ഉപദേശം. കോളിങ് ബെൽ അടിച്ചപ്പോൾ അശോകനു വാതിൽ തുറന്നാൽ മതിയായിരുന്നു. സന്ദർശകൻ ആരാണെന്നു അറിയാമായിരുന്നു. ഇനി വാതിൽ ഇല്ലാത്ത വീടാണെങ്കിൽ മാത്രമേ അശോകൻ സന്ദർശകരെ കാണുകയുള്ളൂ. ലാൽ ദേഷ്യത്തോടെ ബെഡ്റൂമിലേക്കു പോയി.
അശോകൻ വിചിത്രമായ സ്വഭാവരീതികൾ പുലർത്തുന്ന വ്യക്തിയാണ്. കോളിങ് ബെൽ അടിച്ചാൽ മിക്കവാറും അദ്ദേഹം വാതിൽ തുറക്കില്ല. അഞ്ചാറു തവണയോ മറ്റോ അടിച്ചാൽ ചിലപ്പോൾ തുറന്നെന്നു വരും. സാധാരണ ആരും അഞ്ചുതവണ ബെൽ അടിക്കില്ലല്ലോ. അതിനാൽ ഒട്ടുമിക്ക സന്ദർശകരുമായും അശോകൻ കൂടിക്കാണാറില്ല. ഒരുമിച്ചു താമസം തുടങ്ങിയശേഷം ആദ്യമൊന്നും ഇത് ലാലിന്റെ ശ്രദ്ധയിൽപെട്ടിരുന്നില്ല. പിന്നെ തോന്നി, ഇദ്ദേഹമെന്താ ഹാളിലെ വാതിൽ കുറ്റിയിടാതെ എപ്പോഴും തുറന്നിടുന്നത് എന്ന്. പകൽ സമയത്തു പുറത്തുനിന്നു പൊടി മുറിയിലേക്കു അടിച്ചുകയറി വരാതിരിക്കാൻ ലാൽ കതകടയ്ക്കാൻ തുനിയും. അപ്പോഴെല്ലാം അശോകൻ നിരുൽസാഹപ്പെടുത്തി.
“ലാൽ, വാതിൽ അടയ്ക്കണ്ട. പുറത്താരെങ്കിലും വന്നാൽ അറിയാൻ പറ്റില്ല.”
കോളിങ് ബെൽ കേടുകൂടാതെ പ്രവർത്തിക്കുമെന്നു ലാലിനു അറിയാമായിരുന്നു. ആളുകൾ വന്നോ ഇല്ലയോ എന്നറിയാൻ പിന്നെന്തു പ്രയാസം. പക്ഷേ ലാലിന്റെ വാദം അശോകൻ അംഗീകരിച്ചില്ല.
“കോളിങ് ബെൽ അടിച്ചാൽ മാത്രം പുറത്തു ആരെങ്കിലും വന്നിട്ടുണ്ടോ എന്നു ഉറപ്പൊന്നും പറയാനാകില്ല. അതിന് ആഗതനെ കാണുക തന്നെ വേണം.”
ലാൽ പൊട്ടിച്ചിരിച്ചു. “ആഗതനെ കാണാൻ ആണല്ലോ വാതിൽ തുറക്കുന്നത്.”
ലാലിന്റെ ചിരിയിൽ അശോകൻ പ്രകോപിതനായി. അദ്ദേഹം മുൻശുണ്ഠിക്കാരനാണ്.
“നീ ഇത്ര ചിരിക്കാനൊന്നുമില്ല. മുൻകാലങ്ങളിൽ കോളിങ് ബെൽ അടിച്ചപ്പോഴൊക്കെ നീ ആരെയെങ്കിലും പുറത്തു കണ്ടിട്ടുണ്ടാവാം. പക്ഷേ എല്ലാ തവണയും അങ്ങിനെ സംഭവിക്കുമെന്നു ഉറപ്പ് പറയാനാകില്ല. കാരണം കോളിങ് ബെൽ അടിക്കുമ്പോൾ പുറത്താരോ വന്നിരിക്കുന്നു എന്നു കരുതുന്നതിൽ വിശ്വാസത്തിന്റെ അംശമുണ്ട്. മുൻ സന്ദർഭങ്ങളിൽ ആഗതൻ ഉണ്ടായിരുന്നുവെങ്കിലും എല്ലാ തവണയും ആഗതൻ ഉണ്ടാകുമെന്നതിനു ഉറപ്പില്ല”
ലാലിന്റെ മുഖത്തെ ചിരി മാഞ്ഞു. അശോകനു മാനസിക പ്രശ്നമുണ്ടെന്നും, അതുമൂലമാണ് വാതിൽ തുറന്നിടുന്നതെന്നും ലാലിനു തോന്നി. പക്ഷേ കോളിംങ് ബെൽ പ്രശ്നം ഒഴിച്ചുനിർത്തിയാൽ അശോകൻ സമചിത്തനാണ്. സാധാരണക്കാരനായ ഒരുവൻ. പിന്നെ എന്തുകൊണ്ട് അശോകൻ ഇങ്ങിനെ വിചിത്രമായി സംസാരിക്കുന്നു? ഒരിക്കൽ ഒരു ഒഴിവുവേളയിൽ കോളിങ് ബെൽ സംഭവം ലാൽ കുത്തിപ്പൊക്കി. കോളിങ് ബെൽ ആഗതൻ അടിക്കുന്നതായതിനാൽ പുറത്ത് ഒരാൾ ഉണ്ടായിരിക്കുമെന്ന ലാലിന്റെ വാദം അശോകൻ തള്ളിക്കളഞ്ഞു!
“ലാൽ, വളരെ ലളിതമായി പറഞ്ഞാൽ, മുൻസന്ദർഭങ്ങളിൽ ലാൽ നേരിട്ടു കണ്ടിട്ടുള്ള ‘കോളിങ് ബെൽ – ആഗതൻ ഒരുമ’യാണ്, ബെൽ അടിക്കുമ്പോൾ ആരെയെങ്കിലും പ്രതീക്ഷിച്ച് വാതിൽ തുറക്കാൻ പോകുന്ന ലാലിന്റെ കൈമുതൽ. വാസ്തവത്തിൽ ഈ ഒരുമ ഒരു വിശ്വാസമാണ്. ‘കോളിംങ് ബെൽ – ആഗതൻ ഒരുമ’യുടെ തുടക്കം അന്വേഷിച്ചു പോയാൽ അത് അനസ്യൂതമായി നീളുമെന്നല്ലാതെ തുടക്കം കണ്ടുപിടിക്കാൻ ആകില്ല. ഇത്തരത്തിൽ നോക്കിയാൽ ‘ആരോ പുറത്തുണ്ട്’ എന്നത് ലാൽ പുലർത്തുന്ന ഒരു പ്രതീക്ഷയും വിശ്വാസവുമാണ്.”
ലാൽ കുറ്റപ്പെടുത്തി. “നിനക്കു ഭ്രാന്താണ് അശോകാ. ശുദ്ധമായ ഭ്രാന്ത്”
ലാലിന്റെ കുറ്റപ്പെടുത്തലിലും അശോകൻ രസം കണ്ടു.
“ഭ്രാന്ത് എന്നത് ശ്രദ്ധേയ വിഷയമാണ് ലാൽ. ഇനിയും അർഹിക്കുന്ന ഗൗരവത്തോടെ ‘സ്ഥിതപ്രജ്ഞർ’ വീക്ഷിച്ചിട്ടില്ലാത്ത സംഗതി. ഭ്രാന്തുള്ളവരുടെ സംസാരത്തിനു പ്രചോദനം ഇല്ലെന്നു തീർത്തു പറയാനാകില്ല. പ്രചോദനം ഇല്ലാതെയാണ് സംസാരമെങ്കിൽ അവർ എപ്പോഴും സംസാരിക്കേണ്ടതല്ലേ. പക്ഷേ അങ്ങിനെയല്ല കാര്യങ്ങൾ. ഭ്രാന്തന്മാരുടെ സംസാരം സ്വയം ചെയ്യുന്ന ഒരു പ്രവൃത്തി എന്നതിനേക്കാളുപരി, എന്തിനോടോ ഉള്ള പ്രതിപ്രവൃത്തി ആകാനാണ് കൂടുതൽ സാധ്യത. അപ്പോൾ അവരെ പ്രതിപ്രവൃത്തി ചെയ്യിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നുണ്ടെന്നു വരുന്നു. നമുക്കു അറിയാത്ത ഒരു വ്യത്യസ്ത ലോകം. കാണുന്നതും കേൾക്കുന്നതും വച്ച് ഭ്രാന്തന്മാർ ആ ലോകം നിർമിക്കുന്നു. നാം കാണുന്നതും കേൾക്കുന്നതും വച്ച് നമ്മുടെ മനസ്സും ഒരു ലോകം നിർമിക്കുന്നു. ഈ രണ്ടു ലോകവും വിരുദ്ധ ധ്രുവങ്ങളിൽ ആകുമ്പോഴാണ് ഭ്രാന്തുള്ള മനുഷ്യനും, ഭ്രാന്തില്ലാത്ത മനുഷ്യനും ഇടയിൽ സംഘർഷം ഉണ്ടാകുന്നത്”
അശോകൻ തുടർന്നു.
“ലാൽ, പണ്ടത്തെ ആദിമമനുഷ്യന്റെ ഭ്രാന്തൻ ചിന്തകൾ ഇക്കാലത്തെ സത്യങ്ങളാണെന്നു ഞാൻ പറയും. അജ്ഞത നമ്മിലാണോ ഭ്രാന്തരിലാണോ കൂടുതലെന്നു ആർക്കറിയാം. ചില ഭ്രാന്തരെ കണ്ടിട്ടില്ലേ. നമ്മെ പൂർണമായും പുശ്ചിക്കുന്ന, ശ്രദ്ധിക്കാതെ അവഗണിക്കുന്നവർ. നമ്മൾ അവരെ അവഗണിക്കുന്ന അതേ വിധത്തിൽ അവർ നമ്മെ അവഗണിക്കുന്നു. ‘അവർ തെറ്റാണ്, അവർക്കു ബോധമില്ല’ എന്നു നാം വിധിയെഴുതുന്ന പോലെ, ‘അവർക്കു ബുദ്ധിയും ബോധവുമില്ല’ എന്നു ഭ്രാന്തന്മാരും വിധിയെഴുതുന്നുണ്ടാകും. അവർ പ്രകടിപ്പിക്കുന്ന അക്രമ വാസനകൾ അവരുടെ ലോകത്തിലെ സംഘടനങ്ങളോ, യുദ്ധമോ ആകാം. നാം യുദ്ധം ചെയ്യുന്ന പോലെ തന്നെ. എല്ലാം മനസ്സിന്റെ കളികളാണ് ലാൽ. നമുക്കു നമ്മുടെ മനസ്സ് ഒരു ലോകം പ്രദാനം ചെയ്യുന്നു. ഭ്രാന്തന്മാർക്കു വേറൊരു ലോകം. മൃഗങ്ങൾക്കു മറ്റൊരു ലോകവും ഉണ്ടാകും. മൃഗങ്ങളുടെ ലോകത്തിൽ അവരായിരിക്കാം ബുദ്ധിയുള്ളവർ. നാം വിഡ്ഢികളും. സ്വയം പെറ്റുപെരുകാൻ കഴിവുള്ള ഒരു റോബോട്ടാണ് മനുഷ്യനെന്നു എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്”
അശോകൻ സംസാരം നിർത്തി ടിവിയിലേക്കു തിരിഞ്ഞു.
അശോകൻ ഒരു മിസ്റ്റികിനെ ഓർമിപ്പിച്ചു. അശോകന്റെ വീക്ഷണങ്ങൾ ലാലിൽ ചലനം ഉണ്ടാക്കിയില്ല എന്നു പറയാനാകില്ല. മറിച്ചു ലാലിലെ മാറ്റങ്ങൾ സന്ദേഹത്തിന്റെ മറവിൽ ഒളിഞ്ഞുനിന്നു എന്നതാണ് ശരി. കൂടാതെ അശോകനിലും ആശയങ്ങൾക്കു കുറച്ചുകൂടി ദൃഢത കൈവരുവാനുണ്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് ലാൽ ഒരു ഭ്രാന്തനെ ‘പരിചയപ്പെടാൻ’ ഇടയായത്.
മെലിഞ്ഞ ശരീരപ്രകൃതിയുള്ള മദ്ധ്യവയസ്കനായിരുന്നു ഭ്രാന്തൻ. കുറ്റിത്താടിയുണ്ട്. മുഷിഞ്ഞ പാന്റും ഷർട്ടും വേഷം. ലാൽ ബസ് കാത്തുനിൽക്കാറുള്ള ജംങ്ഷനാണ് ഭ്രാന്തന്റെ താവളം. താവളമെന്നു ഉറപ്പിച്ചു പറയാനില്ല. സദാസമയവും ഭ്രാന്തനെ അവിടെ കണ്ടിട്ടില്ല. രാവിലെ ട്രാഫിക് പീക്ക് ടൈമിൽ മാത്രമാണ് ഭ്രാന്തനെ കാണാറുള്ളത്. അതുകഴിഞ്ഞുള്ള സമയത്ത് ജംങ്ഷനിൽ ഉണ്ടാകില്ല. ഭ്രാന്തനു താമസസ്ഥലം ഉണ്ടെന്നു വ്യക്തം. മുഷിഞ്ഞ വസ്ത്രങ്ങളാണ് ധരിക്കുകയെങ്കിലും ഒരിക്കലും അഴുക്ക് ഒരു പരിധിയിൽ കവിഞ്ഞു കണ്ടിട്ടില്ല. കൂടാതെ ഭ്രാന്തന്റെ കയ്യിൽ എന്നും കുറച്ചുപണം കാണാറുണ്ട്. അദ്ദേഹം അതുകൊടുത്ത് ചായ വാങ്ങി കുടിക്കും. ജോലി കഴിഞ്ഞ് രാത്രിയിലാണ് ലാൽ തിരിച്ചു വരിക. അതിനാൽ വൈകുന്നേരത്തെ പീക്ക് ടൈമിൽ ഭ്രാന്തൻ ജംങ്ഷനിൽ ഉണ്ടാകുമോ എന്നറിയാൻ വഴിയില്ല.
ഭ്രാന്തന്റെ ശാന്തസ്വഭാവം ലാലിനെ വളരെ ആകർഷിച്ചു. അദ്ദേഹത്തെ ഒരിക്കലും വയലന്റായി കണ്ടിട്ടില്ല. ആരേയും ഗൗനിക്കാതെ, ഗതാഗതം നിയന്ത്രിക്കുക മാത്രമേ ചെയ്യൂ. നല്ല തിരക്കുള്ള ജംങ്ഷനായതിനാൽ ബസ് സ്റ്റോപ്പിൽ രണ്ടു ട്രാഫിക് പോലീസുകാർ എപ്പോഴും ഉണ്ടാകും. അവർക്കൊപ്പം ഭ്രാന്തനും കൂടും. മാനസികപ്രശ്നം ഉണ്ടെന്നു അറിയാമെങ്കിലും എല്ലാ യാത്രികരും ഭ്രാന്തന്റെ നിർദ്ദേശങ്ങൾ അനുസരിക്കും. പോലീസുകാരും ഭ്രാന്തനെ ഒരു ശല്യമായി കണ്ടിട്ടില്ല.
ട്രാഫിക് നിയന്ത്രിക്കുമ്പോഴൊക്കെ ഭ്രാന്തന്റെ കയ്യിൽ, ഒരു ചെറിയ കപ്പിൽ ചായ ഉണ്ടാകും. ജംങ്ഷനിലെ പെട്ടിക്കടയിൽനിന്നാണ് ചായ വാങ്ങുന്നത്. ഇടതുകയ്യിൽ ചായക്കപ്പുമായാണ് ഭ്രാന്തൻ ട്രാഫിക് നിയന്ത്രിക്കുക. വിചിത്ര ദൃശ്യമായതിനാൽ ഇത് എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കും. അദ്ദേഹത്തിനു മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് തുറന്നു വെളിപ്പെടുത്തുന്ന സംഗതി. ഒരു കപ്പ് ചായ കൊണ്ടു ഭ്രാന്തൻ പത്തുമിനിറ്റ് ഗതാഗതം നിയന്ത്രിക്കും. അതു കഴിയുമ്പോൾ വീണ്ടും ചായ വാങ്ങി, ഗതാഗത നിയന്ത്രണം തുടരും. ചായക്കു കൊടുക്കാൻ ഭ്രാന്തന്റെ കയ്യിൽ പണമുണ്ട്. ഇടതുകയ്യിൽ ചായക്കപ്പ് ഇല്ലാതെ ഭ്രാന്തൻ ഗതാഗതം നിയന്ത്രിക്കുന്നത് ലാൽ കണ്ടിട്ടില്ല.
ദിവസവും ജംങ്ഷനിൽ ബസ് കാത്തു നിൽക്കുമ്പോൾ ലാൽ ഭ്രാന്തനെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പെരുമാറ്റരീതികൾ നിരീക്ഷിച്ചു. അശോകന്റെ സിദ്ധാന്തങ്ങളീൽ കഴമ്പുണ്ടോ എന്നറിയണം. ഭ്രാന്തൻ ഗതാഗതം നിയന്ത്രിക്കുമ്പോൾ സംസാരിക്കുന്നില്ലെന്നു ലാൽ അദ്യമേ മനസ്സിലാക്കി. വാഹനങ്ങൾക്കു വലതുകയ്യാൽ സിഗ്നൽ കൊടുക്കുകയേ ഉള്ളൂ. ശബ്ദമുയർത്തി ഒന്നും പറയുന്നില്ല. ഈ പെരുമാറ്റം ശ്രദ്ധേയമായി തോന്നി. കാരണം ലാൽ കണ്ടിട്ടുള്ള എല്ലാ മാനസികരോഗികളും സംസാരിക്കുന്നവർ ആയിരുന്നു, എപ്പോഴുമില്ലെങ്കിലും. അതിനാൽ ഈ ഭ്രാന്തൻ സംസാരിക്കില്ലെന്നു ഉറപ്പിക്കാൻ ലാൽ മടിച്ചു. തീർച്ചയായും ഇദ്ദേഹം മറ്റു സന്ദർഭങ്ങളിൽ വർത്തമാനം പറയുന്നുണ്ടാകണം. അതെപ്പോഴായിരിക്കും? ലാലിന്റെ മനസ്സിലേക്കു പെട്ടിക്കട കടന്നുവന്നു. കടയിൽ നിന്നു ചായ വാങ്ങുമ്പോൾ ഭ്രാന്തൻ കടയുടമയോടു എന്തെങ്കിലും സംസാരിക്കില്ലേ? ഉവ്വെന്നു ലാലിനു ഉറപ്പ് തോന്നി. ഭ്രാന്തന്റെ സംസാരം കേൾക്കണമെന്നു അതിയായി ആഗ്രഹിച്ച ലാൽ ആൾത്തിരക്കില്ലാത്ത ഒരു ദിവസം അതിനായി തിരഞ്ഞെടുത്തു.
ശനിയാഴ്ച. സമയം രാവിലെ. കോളേജുകൾക്കും പല സ്വകാര്യ സ്ഥാപനങ്ങൾക്കും അവധിയായതിനാൽ ജംങ്ഷനിൽ തിരക്ക് കുറവായിരുന്നു. ലാൽ ചായ വിൽക്കുന്ന പെട്ടിക്കടയ്ക്കു സമീപം നിന്നു. ഭ്രാന്തൻ ചായ വാങ്ങാൻ വരുമ്പോൾ സംസാരം കേൾക്കാൻ അവിടെ നിന്നാൽ മതി. ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ഭ്രാന്തൻ, ചായക്കപ്പ് കാലിയായപ്പോൾ പെട്ടിക്കടയിലേക്കു വന്നു. ലാൽ കടയ്ക്കു കുറച്ചുകൂടി അടുത്ത് നിന്നു. ഭ്രാന്തന്റെ സംസാരം കേൾക്കാൻ കാതുകൾ കൂർപ്പിച്ചു. പക്ഷേ ലാലിനെ നിരാശപ്പെടുത്തി ഭ്രാന്തനോ പെട്ടിക്കട ഉടമയോ പരസ്പരം സംസാരിച്ചില്ല. എന്തെങ്കിലും സംസാരിക്കേണ്ട കാര്യം അവർ തമ്മിൽ ഇല്ലെന്നു കൂടുതൽ ആലോചിച്ചപ്പോൾ മനസ്സിലായി. എന്നും പരസ്പരം കാണുന്നവർ. ഭ്രാന്തനു ചായയാണ് വേണ്ടതെന്നു കടയുടമയ്ക്കു അറിയാം. അതിനാൽ അദ്ദേഹം ഫ്ലാസ്കിൽ ഞെക്കി ചായ എടുത്തു വച്ചു. ചായക്കപ്പ് എടുത്ത്, പൈസ കൊടുത്തു, ഭ്രാന്തൻ വീണ്ടും റോഡിലേക്കു ഇറങ്ങി.
ഭ്രാന്തനും കടയുടമയും തമ്മിൽ സംസാരിക്കുമെന്ന കണക്കുകൂട്ടൽ തെറ്റി. പക്ഷേ ഒരു ദിവസത്തെ അനുഭവം കൊണ്ടു ലാൽ നിരാശനായില്ല. രണ്ടാഴ്ച തുടർച്ചയായി കടയ്ക്കു അരികിൽ വന്നു നിന്നു. പക്ഷേ ഒരു വാചകം പോലും ഭ്രാന്തൻ കടയുടമയോടോ, ഉടമ ഭ്രാന്തനോടോ സംസാരിച്ചില്ല. അപ്പോൾ ലാൽ കാര്യങ്ങൾ പുനരവലോകനം ചെയ്തു. എന്തു കൊണ്ടാണ് ഭ്രാന്തൻ സംസാരിക്കാത്തത്? ലാലിന്റെ ഉള്ളിൽ ഒരു അശരീരി ഉയർന്നു.
അശരീരി: ‘ലാൽ, കുറേ ഭ്രാന്തൻമാർക്കിടയിലാണ് നീയെങ്കിൽ നീ അവരിൽ ആരോടെങ്കിലും സംസാരിക്കുമോ?’
ലാൽ: ‘ഇല്ല’
അശരീരി: ‘എന്തുകൊണ്ട്?’
ലാൽ: ‘കാരണം ഭ്രാന്തന്മാരോടു ഇടപഴകേണ്ടത് എങ്ങിനെയാണെന്നു എനിക്കു അറിയില്ല’
അശരീരി: ‘അതുകൊണ്ട് തന്നെയാണ് ലാൽ, ഈ ഭ്രാന്തൻ കടയുടമയോടോ താങ്കളോടോ സംസാരിക്കാത്തത്. ഭ്രാന്തന്റെ ലോകം പരിചയമുള്ള ഒരുവനോടു മാത്രമേ ഈ ഭ്രാന്തൻ സംസാരിക്കൂ. അതിനാൽ ലാൽ, നീ ഭ്രാന്തന്റെ ലോകത്തെപ്പറ്റി മനസ്സിലാക്കി, അതിലേക്കു പ്രവേശിക്കാൻ ശ്രമിക്കൂ’
അശരീരി നിലച്ചു.
ലാലിനു കാര്യങ്ങൾ വ്യക്തമായി. ഒരേ മാനസികനിലയുള്ളവരോടേ ഒരു വ്യക്തിയ്ക്കു ക്രിയാത്മകമായി ഇടപഴകാൻ ആകൂ. അല്ലാതെയുള്ള സംവദനം കൊണ്ട് ഗുണമില്ല. ഈ തത്വം ഭ്രാന്തനും അറിയാമായിരിക്കും. താൻ ‘നോർമൽ’ ആണെന്നും, മറ്റുള്ളവർ ‘അബ്‌നോർമൽ’ ആണെന്നും ഭ്രാന്തൻ കരുതുന്നുണ്ടാകും. അപ്പോൾ എങ്ങിനെ ക്രിയാത്മകമായി സംവദിക്കുമെന്നു ചിന്തിച്ചാൽ അതിനു അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല. മൗനം തന്നെ ഭൂഷണം. ഒടുവിൽ, ഭ്രാന്തന്റെ സംസാരം കേൾക്കാൻ, അശരീരി നിർദ്ദേശിച്ച പോലെ ‘ഭ്രാന്തൻ ലോക’വുമായി തദാമ്യം പ്രാപിക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന നിഗമനത്തിൽ ലാൽ എത്തി.
എങ്ങിനെയായിരിക്കാം ഭ്രാന്തന്റെ മനോലോകം? സംഭാഷണത്തിനു ഒപ്പമോ അല്ലാതെയോ നടത്തുന്ന ആംഗ്യ – ഭാവപ്രകടനങ്ങൾക്കു വലിയ പ്രാധാന്യമുണ്ടെന്നു ലാൽ ഊഹിച്ചു. ആംഗ്യങ്ങൾ കാണിക്കാത്ത ഭ്രാന്തന്മാർ ഇല്ലല്ലോ? ഭ്രാന്തുള്ളവരും ഇല്ലാത്തവരും ഉപയോഗിക്കുന്ന വാക്കുകളും ഒന്നുതന്നെയായിരിക്കും. പക്ഷേ ഭ്രാന്തന്മാരുടെ ലോകത്തിലെ വാക്കുകളും വരികളും പ്രസരിപ്പിക്കുന്ന അർത്ഥം വിചിത്രമാകാൻ സാധ്യതയേറെയാണ്. അവ ഭ്രാന്തരെ സംബന്ധിച്ച് അർത്ഥസമ്പുഷ്ഠമാകുമെങ്കിലും, ഭ്രാന്തില്ലാത്തവർക്കു അബദ്ധജടിലമായി തോന്നാം. ഇത്തരം പ്രസ്താവനകൾ ഉണ്ടാക്കാനും, അതിനോടു പൊരുത്തപ്പെടാനും തനിക്കു ഏകദേശം കഴിയുമല്ലോ എന്നു ലാൽ അൽഭുതത്തോടെ ഓർത്തു. അശോകന്റെ കൂടെ ജീവിക്കുന്നതിനാൽ അതിനു വലിയ ബുദ്ധിമുട്ടില്ല.
ലാൽ കുറേനാൾ ഭ്രാന്തനെ നിരീക്ഷിച്ചിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും പെട്ടിക്കടയുമായി ബന്ധപ്പെട്ട ഭ്രാന്തന്റെ ഇടപെടലുകൾ. ഭ്രാന്തന്റെ വരവ് മനസ്സിൽ തിരനോട്ടം നടത്തിയപ്പോൾ, എല്ലാ സന്ദർശനത്തിലും അദ്ദേഹം പ്രകടിപ്പിക്കാറുള്ള ഭാവപ്രകടനങ്ങൾ ലാലിന്റെ മുന്നിൽ തെളിഞ്ഞു. ഒന്നാമത് – ചായയുടെ പൈസ കൊടുക്കുന്നതിനു മുമ്പ് ഭ്രാന്തൻ കുറച്ചുനേരം തല അലക്ഷ്യമായി മുകളിലേക്കുയർത്തി ആലോചിച്ചു നിൽക്കും. ‘എത്ര കാശായി’ എന്നു കണക്കുകൂട്ടുന്ന പോലെയാണ് കാണുന്നവർക്കു തോന്നുക. രണ്ടാമത് – ചായ വാങ്ങിക്കഴിഞ്ഞാൽ ഭ്രാന്തൻ മധുരം പരിശോധിക്കാൻ ചൂണ്ടുവിരൽ ചായയിൽ മുക്കി നാവിൽ വച്ചു നോക്കും; പിന്നെ മടിച്ചുമടിച്ചു ചായ മൊത്തും. ഇതു ചെയ്യുമ്പോൾ ഭ്രാന്തന്റെ മുഖത്തു മിന്നിമറയുന്ന ഭാവം വളരെ സവിശേഷമാണ്. ചായ നല്ലതാണോ എന്ന ബലമായ അവിശ്വാസ്യതയാണ് മുഖത്തു മുറ്റിനിൽക്കുന്നുണ്ടാവുക. അതു ക്രമേണ മാറും. പിന്നെ ആരുടേയും മുഖത്തു നോക്കാതെ വിഡ്ഢിച്ചിരി ചിരിച്ചു റോഡിലേക്കു ഇറങ്ങും. ഇത്തരം ഭാവങ്ങൾ അനുകരിക്കാൻ തനിക്കാകുമെന്നു ലാൽ ഉറപ്പിച്ചു.
ഭ്രാന്തനോടു ‘സംസാരിക്കാൻ’ തീരുമാനിച്ച ദിവസം വന്നെത്തി. അതിനു മുമ്പുള്ള ദിവസങ്ങളിൽ ഭ്രാന്തന്റെ ഭാവങ്ങൾ ലാൽ റൂമിൽവച്ചു റിഹേഴ്സൽ നടത്തിയിരുന്നു. എല്ലാം നന്നായെങ്കിലും പിഴക്കുമോയെന്ന ഭയം ഉണ്ടായിരുന്നു. ആരും ശ്രമിച്ചിട്ടില്ലാത്ത ഒരു ഉദ്യമത്തിനു പുറപ്പെടുകയല്ലേ. ഭയം ഉണ്ടാവുക സ്വാഭാവികമാണെന്നു കരുതി സമാധാനിച്ചു.
ലാൽ ജംങ്ഷനിൽ എത്തുമ്പോൾ ഭ്രാന്തൻ ട്രാഫിക് ചുമതലയിൽ ആണ്. ഇടതുകയ്യിലെ കപ്പിൽ കുറച്ചു ചായയേ അവശേഷിക്കുന്നുള്ളൂ. അതിനാൽ പെട്ടിക്കടയിലേക്കു ഉടൻ വരുമെന്നു ഉറപ്പ്. ‘ഭ്രാന്തന്റെ ലോക’ത്തിലേക്കു പ്രവേശിക്കാൻ ലാൽ മാനസികമായി തയ്യാറെടുത്തു. രണ്ടു മിനിറ്റ് കഴിഞ്ഞു. ചായക്കപ്പ് കാലിയായി. ഭ്രാന്തൻ പെട്ടിക്കടയിലേക്കു നടന്നടുത്തു. ഉടനെ ലാലും കടയിലേക്കു ചെന്നു. ആദ്യം എത്തുന്നത് ലാലായിരിക്കും. അതും ഭ്രാന്തൻ എത്തുന്നതിനു തൊട്ടുമുമ്പ്. ഭ്രാന്തന്റെ ശ്രദ്ധ പരമാവധി ലഭിക്കാനാണ് അങ്ങിനെ പ്ലാൻ ചെയ്തത്. ലാൽ കടയിലെത്തി ഒരു ചായയ്ക്കു പറഞ്ഞു. കടയുടമ ഫ്ലാസ്കിൽ ഞെക്കി ചായയെടുക്കുമ്പോൾ, ലാലിനു അരികിൽ ഭ്രാന്തൻ വന്നു നിന്നു. അദ്ദേഹം ലാലിനെ ഒട്ടും ശ്രദ്ധിച്ചില്ല. പക്ഷേ കടയുടമ ലാലിനു ചായ നീട്ടിയ നിമിഷം മുതൽ, ഉടമയുടേയും ഭ്രാന്തന്റേയും മുഴുവൻ ശ്രദ്ധ ലാലിൽ പതിഞ്ഞു. കാരണം ചായ വാങ്ങിയ ശേഷം ലാലിന്റെ ഭാവപ്രകടനങ്ങൾ ഭ്രാന്തന്റെ പെരുമാറ്റത്തിന്റെ തനിപകർപ്പായിരുന്നു. ലാൽ ചായയിൽ കൈമുക്കി മധുരം നോക്കി; ചായ മൊത്തി വിഡ്ഢിച്ചിരി ചിരിച്ചു; എത്ര കാശായെന്നു കണക്കുകൂട്ടുന്ന പോലെ തലയുയർത്തി ആലോചിച്ചു നിന്നു; അങ്ങിനെയുള്ള എല്ലാ ചെയ്തികളും ലാൽ അനുകരിച്ചു. കടയുടമ ‘ഭ്രാന്തന്റെ സഹോദരൻ’ വന്ന കാര്യം കടയ്ക്കു ചുറ്റുമുള്ളവരെ അറിയിച്ചു. നന്നായി ചമ്മിയെങ്കിലും മുന്നോട്ടു വച്ച കാൽ ലാൽ പിന്നോട്ടെടുത്തില്ല. ചമ്മൽ മറച്ച് ‘ഭ്രാന്തൻ ഭാവങ്ങൾ’ തുടർന്നു. ചായയുടെ പൈസ കൊടുത്തു ലാൽ തിരിഞ്ഞു നടന്നു. അപ്പോൾ അപ്രതീക്ഷിതമായി ഭ്രാന്തൻ ലാലിന്റെ തോളിൽ കൈവച്ചു. അന്നുവരെ കടയുടമയോടോ മറ്റുള്ളവരോടോ ഒന്നും സംസാരിച്ചിട്ടില്ലാത്ത ഭ്രാന്തൻ ലാലിനോടു സംസാരിച്ചു. ഒരു തനി ‘ഭ്രാന്തൻ വാചകം’.
“വണ്ടി ഇടിക്കും”
ലാൽ പൊട്ടിച്ചിരിച്ചു. ഭ്രാന്തില്ലാത്തവരുടെ ചിരിയല്ല, മറിച്ച് ഒരു തനി വിഡ്ഢിച്ചിരി. മനപ്പൂർവ്വം ശ്രമിക്കാതെ തന്നെ ഭ്രാന്തൻ ചിരി ലാലിൽ തലപൊക്കി. ലാൽ ഭ്രാന്തനോടു തിരിച്ചൊന്നും പറഞ്ഞില്ല. എന്തു പറയണമെന്നു അറിയില്ലായിരുന്നു. വിഡ്ഢിച്ചിരി ചിരിച്ച്, തലകുലുക്കി ലാൽ നടന്നു പോയി. നടന്നത് റോഡിനെ ഒഴിവാക്കി, റോഡ് സൈഡിലെ കനാൽ തിണ്ടിലൂടെയായിരുന്നു. ആ ‘മറുപടി’ ഭ്രാന്തനെ സന്തോഷിപ്പിച്ചിരിക്കണം.
പിറ്റേന്നും, അതിന്റെ പിറ്റേന്നും, പിന്നെയുള്ള എല്ലാദിവസവും ലാൽ ഭ്രാന്തൻ അഭിനയം തുടർന്നു. ആദ്യം ഭ്രാന്തനു ആംഗ്യത്തിൽ മാത്രം മറുപടി കൊടുത്തു. പിന്നീടു ഒറ്റവാക്കുകളിൽ മറുപടി പറഞ്ഞു തുടങ്ങി. ചില ദിവസങ്ങളിൽ ലാലിന്റെ മറുപടികൾ പിഴച്ചു. കാരണം ലാൽ പറഞ്ഞ വാക്കുകൾ ‘ഭ്രാന്തൻ ലോക’ത്തിലെ നിഘണ്ഢുവിൽ ഇല്ലായിരുന്നു. മറ്റു ദിവസങ്ങളിൽ ശരിയായ വാക്കുകൾ തന്നെ പ്രയോഗിച്ചു.
ലാൽ അല്പാല്പമായി ഭ്രാന്തൻ ലോകത്തിലെ അക്ഷരമാല പഠിക്കുകയായിരുന്നു. പിഴവ് പറ്റുമ്പോഴെല്ലാം ലാൽ വിഡ്ഢിച്ചിരിയെ ആശ്രയിച്ചു. ഭ്രാന്തൻ ലോകത്തിൽ ഇല്ലാത്ത ഒരു വാചകം ലാൽ പറഞ്ഞാൽ അപ്പോൾ തന്നെ ഭ്രാന്തന്റെ മുഖം മങ്ങും. സ്വാഭാവികമായും അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉൽഭവിക്കുന്ന ‘ഇവൻ എന്നെപ്പോലെയുള്ള ഒരുവൻ അല്ലല്ലോ’ എന്ന ബലമായ സംശയത്തെ ലാൽ പരിഹരിച്ചിരുന്നത് ഒരു ഉഗ്രൻ വിഡ്ഡിച്ചിരിയിലൂടെയായിരുന്നു. ‘ഞാൻ മുമ്പ് പറഞ്ഞത് ഒരു ഭോഷ്ക് ആയിരുന്നു. വിട്ടു കള, കാര്യമായി എടുക്കണ്ട’ എന്ന സന്ദേശം വിഡ്ഢിച്ചിരി ഭ്രാന്തനിലേക്കു കൈമാറി. അതോടെ കേട്ട വാക്കിന്റെ ഗൗരവം ചോർന്നു പോകും. ഭ്രാന്തൻ ‘നോർമൽ’ ആകും. ഭ്രാന്തനോടെന്ന പോലെ തുടർന്നും ലാലിനോട് ഇടപഴകും. ഭ്രാന്തൻ ലോകത്തിൽ വിഡ്ഢിച്ചിരിയ്ക്കുള്ള പങ്ക് ഇപ്രകാരം പരമപ്രധാനമായിരുനു. ഓരോ തവണയും പിഴവ് പറ്റുമ്പോൾ ലാൽ കൂടുതൽ നന്നായി വിഡ്ഢിച്ചിരി ചിരിച്ചു.
ഭ്രാന്തനുമായുള്ള ആശയവിനിമയം നാൾക്കുനാൾ കൂടിവന്നു. ഭ്രാന്തുള്ളവർ – ഭ്രാന്തില്ലാത്തവർ എന്നിവരുടെ ലോകത്തെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സ്വഭാവചാർട്ട് ലാൽ തയ്യാറാക്കാൻ തുടങ്ങി. അതുവഴി ഭ്രാന്തുള്ളവരുടെ മനസ്സ് വായിക്കാമെന്ന ആത്മവിശ്വാസം ലാലിൽ രൂഢമൂലമായി. ഭ്രാന്തന്റേയും ഭ്രാന്തില്ലാത്തവരുടേയും ലോകത്തിൽ ലാൽ സമർത്ഥമായി ഇടപെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം ഭ്രാന്തന്റെ മാനസികസ്വാസ്ഥ്യം പൊടുന്നനെ നിലച്ചു! തികച്ചും അൽഭുതകരമായി ഭ്രാന്തന്മാരുടെ ലോകത്തുനിന്നു ഭ്രാന്തില്ലാത്തവരുടെ ലോകത്തിലേക്കു അദ്ദേഹം കൂടുമാറി. ഗതാഗതനിയന്ത്രണത്തിനും അതോടെ വിരാമമായി.
സംഭവദിവസം ജംങ്ഷനിൽ എത്താൻ ലാൽ കുറച്ചു വൈകി. ഭ്രാന്തൻ ട്രാഫിക് നിയന്ത്രിക്കുന്നത് അകലെ നിന്നേ കണ്ടു. ലാൽ പെട്ടിക്കടയിൽ കാത്തുനിന്നു. ഭ്രാന്തന്റെ കയ്യിലെ ചായക്കപ്പ് ഫുൾ ആണ്. ട്രാഫിക് നിയന്ത്രിക്കുന്നതിനൊപ്പം, അതു കുടിച്ചുതീരാൻ കുറഞ്ഞത് പത്തുമിനിറ്റെങ്കിലും എടുക്കും. അതുവരെ കാത്തുനിൽക്കാൻ തീരുമാനിച്ച്, ലാൽ ഒരു ചായയ്ക്കു പറഞ്ഞു. ലാലിൽ പതിവ് ഭ്രാന്തൻ ചേഷ്ടകൾ കാണാത്തതിനാൽ കടയുടമ തെല്ല് സന്ദേഹവാനായി. ചായ കൈമാറുമ്പോൾ ലാൽ അദ്ദേഹത്തെ നോക്കി ചിരിച്ചു. സാധാരണക്കാരന്റെ ചിരി. ഭ്രാന്തൻ ഭാവങ്ങൾ കാണിക്കാതെ ലാൽ പൈസ എണ്ണിക്കൊടുത്തു. മധുരം തൊട്ടു നോക്കിയില്ല. മാനത്തേക്കു കണ്ണയച്ചുമില്ല. പെട്ടിക്കടയിലെ ചെറിയ ടിവിയിൽ കാണുന്ന രംഗങ്ങളിൽ ലാൽ മുഴുകി.
പിന്നിലൊരു വാഹനം ശക്തമായി ബ്രേക്കിടുന്ന ശബ്ദം കേട്ടാണ് ലാൽ തിരിഞ്ഞു നോക്കിയത്. റോഡിൽ എന്തോ അത്യാഹിതം നടന്നോ? അതോ നടന്നില്ലേ? ഒരു എത്തും പിടിയും കിട്ടിയില്ല. കടയുടമയാകട്ടെ കാര്യം നിസാരവൽക്കരിച്ചു. ബസ് വരുന്നതു കണ്ടു ഭ്രാന്തൻ, ബസ് ഇടിക്കാതിരിക്കാൻ, ഒരുവനെ വലിച്ചു നീക്കിയതാണത്രെ. അവിടെ ചെറിയ ആൾക്കൂട്ടം കൂടിയിട്ടുണ്ട്. വലിച്ചു നീക്കപ്പെട്ട മനുഷ്യൻ നിലത്തു വീണുകിടക്കുകയാണ്. അദ്ദേഹത്തിനു പരിക്ക് പറ്റിയിരിക്കണം. ലാൽ കാര്യമറിയാൻ അങ്ങോട്ടു ചെന്നു. നിലത്തു കിടക്കുന്നയാളെ കണ്ട് അമ്പരന്നു. അശോകൻ!
അശോകന്റെ ദേഹമാകെ പൊടിയും ചെളിയും പുരണ്ടിട്ടുണ്ട്. ആ വേഷത്തിൽ ഇനി ഓഫീസിൽ പോകാൻ പറ്റില്ല. ലാൽ തിക്കിത്തിരക്കി അശോകന്റെ അടുത്തെത്താൻ ശ്രമിച്ചു. പക്ഷേ ആൾക്കൂട്ടം വഴിയൊഴിഞ്ഞു തന്നില്ല.
നിലത്തുനിന്നു എഴുന്നേറ്റ അശോകൻ നിയന്ത്രണം വിട്ട് ഭ്രാന്തനോടു അലറി.
“എടാ ഉവ്വേ, നിനക്കൊക്കെ എന്തിന്റെ കേടാ”
അശോകൻ നിന്നു ജ്വലിക്കുകയാണ്. അത്തരത്തിൽ ഭ്രാന്തന്മാരും ദേഷ്യപ്പെടാറുണ്ടെന്നു ലാലിനു അറിയാമായിരുന്നു. ഭ്രാന്തൻ ലോകത്തിൽ രോഷം പ്രകടിപ്പിക്കുന്നത് അശോകൻ ഇപ്പോൾ ദേഷ്യപ്പെടുന്ന അതേപോലെയാണ്. മാനസികാസ്വാസ്ഥ്യം ഉള്ളവരുടെ ലോകത്തെ പരിചയമുള്ളതിനാൽ ലാൽ അത് മനസ്സിലാക്കി.
അശോകനിൽ ‘സഹജീവി’യെ ദർശിച്ച ഭ്രാന്തൻ മറുപടി പറഞ്ഞു. ലാലിനോട് പറഞ്ഞ അതേ വരി.
“വണ്ടി ഇടിക്കും”
അശോകന്റെ ദേഷ്യം പതിന്മടങ്ങായി. അദ്ദേഹം തന്റെ ട്രേഡ്‌മാർക്കായ ‘കോളിംങ് ബെൽ’ ഫിലോസഫി പ്രയോഗിച്ചു. അതും അത്യുച്ചത്തിൽ.
“ഉണ്ട. വണ്ടി നേരെ വരുന്നതുകണ്ടാൽ എങ്ങിനെയാണ് ഇടിക്കുമെന്നു പറയാൻ പറ്റുക. ഇടിച്ചാൽ മാത്രമേ ഇടിച്ചെന്നു പറയാവൂ. ഇടിക്കാത്തിടത്തോളം, വണ്ടി ഇടിക്കും എന്നു പറയുന്നതിൽ വിശ്വാസത്തിന്റെ അംശമുണ്ട്”
ഭ്രാന്തൻ ഞെട്ടിത്തരിച്ചു. ട്രാഫിക് നിയന്ത്രണത്തിനു ഉപയോഗിക്കുന്ന വിസിൽ അദ്ദേഹത്തിന്റെ ചുണ്ടിൽനിന്നു താഴെ വീണു. അശോകൻ പിന്നേയും അലറി.
“നിന്നെയൊക്കെ പിരിച്ചു വിടുകയാണ് വേണ്ടത്. എല്ലാ ട്രാഫിക് പോലീസുകാരേയും പിരിച്ചുവിടണം. നടക്കുമെന്നു ഉറപ്പില്ലാത്ത ഒരു കാര്യത്തെ പ്രതിരോധിക്കാൻ നടക്കുന്ന വിഡ്ഢികൾ”
അശോകൻ ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി നടന്നു പോയി.
പിറ്റേ ദിവസം മുതൽ ഭ്രാന്തനെ ജംങ്ഷനിൽ കണ്ടില്ല. ഭ്രാന്ത് മാറിയിരിക്കണം. അല്ലാതെ വഴിയില്ല.
Featured Image Credit: – en.wikipedia.org
“Inference is a kind of transcendental illusion” :- DHARMAOTTARA
ക്ഷമിക്കണം, ഇത് വായിച്ചു, പക്ഷെ ആസ്വദിക്കാന്‍ പറ്റിയില്ല. എന്തോ ഒരു അപരിചിതത്വം ഫീല്‍ ചെയ്യുന്നുണ്ട്.
Great Story….Interesting 🙂
Great Story Interesting 🙂
Ajith: ഞാൻ കഥാസാഹചര്യം വിശദീകരിച്ചു കൊണ്ട് ഒരു ചെറിയ കുറിപ്പ് (കുറച്ചു സമയം കഴിഞ്ഞ്) ഇടാം. അപരിചിതത്വം ഒഴിവാക്കാൻ അങ്ങിനെ സാധിക്കുമെന്നു ഞാൻ കരുതുന്നു.
സസ്നേഹം
സുനിൽ ഉപാസന
@ Ajith
അജിത്,
ഞാൻ Inference (അനുമാനം) നെ പറ്റി കഥയുടെ തുടക്കത്തിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ. അതുമായി ബന്ധമുള്ള കഥയാണിത്.
“തീയുണ്ടെങ്കിൽ പുകയുണ്ട്” എന്ന തീരുമാനത്തിൽ നാം എത്തുന്നത് inference എന്ന 'സോഴ്സ് ഓഫ് നോളജ്' വഴിയാണ്. തീയും പുകയുടേയും ഒരുമിച്ചുള്ള സഹവർത്തിത്വം നാം പലതവണ നേരിൽ കണ്ടതു കൊണ്ടു മാത്രമല്ല “തീ – പുക” അനുമാനം, Inference, ഒരു വാലിഡ് സോഴ്സ് ഓഫ് നോളജ് ആകുന്നത്. മറിച്ച് തീയില്ലാതെ പുകയോ, പുക ഇല്ലാതെ തീയോ കണ്ടിട്ടില്ല എന്നതിനാൽ കൂടിയാണ് “തീ – പുക” അനുമാനം ഒരു വാലിഡ് സോഴ്സ് ഓഫ് നോളജ് ആകുന്നത്. ഒന്ന് (പുക) ഒരിടത്തു കണ്ടാൽ മറ്റേതും (തീ) അവിടെയുണ്ടെന്നു അനുമാനിക്കാം. ഇതാണ് ഇൻഫെറൻസ് as Source of Knowledge. (Syllogism വുമായി ഇൻഫെറൻസിനു സാമ്യമുണ്ട്. ചില വ്യത്യാസവുമുണ്ട്). “Inference is a cognition of an object through its mark” എന്നു ലളിതമായി പറയാം.
ഈ inferential Judgement ൽ ന്യൂനതകൾ ഉണ്ട്. അതു സൂചിപ്പിക്കുന്നതിനു മുമ്പ് Perceptual Judgement നെപ്പറ്റി ചെറുതായി ഒന്നു സൂചിപ്പിക്കേണ്ടതുണ്ട്.
നാം ഒരു വസ്തുവിനെ (say, tree) കാണുമ്പോൾ, “this is a tree” എന്ന ജഡ്ജ്‌മെന്റ് എടുക്കുന്നത്, Tree യെ സെൻസ് ചെയ്യുന്ന, ഇന്ദ്രിയങ്ങൾ അല്ല. മറിച്ച് ബുദ്ധി ആണ്. (ഇന്ദ്രിയങ്ങളോടു ചേർന്നു ജഡ്ജ്‌മെന്റ് എടുക്കാനുള്ള സംവിധാനങ്ങൾ ഇല്ല). ഇന്ദ്രിയങ്ങൾ കാണുന്ന വസ്തുവിന്റെ 'essence' മാത്രമേ ദർശിക്കുന്നുള്ളൂ. അതു ബുദ്ധിക്കു കൈമാറുന്നു. ബുദ്ധി 'this is a tree' എന്ന Perceptual Judgement എടുക്കുമ്പോൾ, അത് പൂർണമായും ഇന്ദ്രിയങ്ങൾ സെൻസ് ചെയ്ത Essence നെ ആസ്പദമാക്കിയല്ല. മറിച്ച് മെമ്മറി, ഇമാജിനേഷൻ ഒക്കെ ഈ ജഡ്ജ്‌മെന്റിൽ പങ്കുവഹിക്കുന്നുണ്ട്. ഇതു ഇനിയും വളരെ വിസ്തരിക്കാവുന്ന, പൗരാണിക 'ഇന്ത്യൻ ലോജികി'ൽ വിസ്തരിച്ചിട്ടുള്ള വിഷയമാണ്. ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ നേരിട്ടു കാണുന്ന കാര്യങ്ങളെ/ഓബ്ജക്ട്കളെ ഏകദേശം 50% വിശ്വസിക്കാൻ പറ്റൂ. നേരിട്ടു കാണുന്ന വസ്തുക്കളെ പോലും 50 ശതമാനമേ വിശ്വസിക്കാൻ പറ്റൂ എങ്കിൽ, Inference വഴി നേരിട്ടു കണ്ട (പുക) ദൃശ്യത്തിൽ/Mark നിന്നു മറ്റൊന്നിനെ (തീ) അനുമാനിക്കുന്നത് ഒട്ടും നീതീകരിക്കാൻ ആകില്ല എന്നാണ് 'ഇന്ത്യൻ ലോജിക്' ലെ ഒരു വിഭാഗം പറയുന്നത്. കാരണം inference ലെ 3 സ്റ്റെപ്പുകളിൽ രണ്ടെണ്ണവും ഡയറക്ട് പെർസപ്‌ഷൻ അല്ല. (ഡയറക്ട് പെർസപ്ഷൻ പോലും പകുതിയേ വിശ്വസിക്കാനാകുന്നുള്ളൂ).
ഇതാണ് ഞാൻ കഥയുടെ കേണൽ ആയി എടുത്തത്. പിന്നെ ഒരു കഥ എഴുതുമ്പോൾ തത്വങ്ങളെ അതേപടി കാത്തുസൂക്ഷിക്കാൻ പറ്റിയെന്നു വരില്ല. അതിനാൽ ചില modification ഒക്കെ കണ്ടേക്കാം. ബെല്ലടിച്ചാൽ ആഗതൻ പുറത്തു വന്നിട്ടുണ്ട് എന്ന നിഗമനത്തിൽ എത്തുന്നതും , ബസ് നേരെ വന്നാൽ ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ ഇടിക്കും എന്നു അനുമാനിക്കുന്നതിലും inference ന്റെ സ്വാധീനം ഉണ്ടെന്നും അതിനാൽ തന്നെ ആ അനുമാനത്തെ 'വിശ്വസിക്കാൻ' ആകില്ല എന്നുമാണ് ഞാൻ കഥയിൽ സൂചിപ്പിക്കുന്നത്.
ഞാൻ മുകളിൽ പറഞ്ഞതെല്ലാം അപ്പടി വിശ്വസിക്കുന്ന ആളാണെന്നു കരുതേണ്ടതില്ല. ഞാൻ ആശയങ്ങളെ വായിക്കുന്നേയുള്ളൂ. ആ ആശയങ്ങളെ ഫോളോ ചെയ്യുന്നില്ല.
സസ്നേഹം
സുനിൽ ഉപാസന
Methods of Knowledge: Swani Satprakasananda
Methods of Knowledge: Swami Satprakashananda
Methods of Knowledge നെ പറ്റി കുറച്ചധികം വായിച്ചുകഴിഞ്ഞു. ഇനി ഈ ബുക്ക് കൂടി വായിക്കാൻ വയ്യ. 🙂
Sunil: Interesting:)