സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
രണ്ടായിരത്തിമൂന്നാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ തിടമ്പേറ്റുന്ന ആന, പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരുവായിച്ചു കക്കാടുകാർ പരസ്പരം മുഖത്തുനോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു. എതിർമുഖത്തുനിന്നു ‘അറിയില്ല’ എന്ന മറുപടി ഉടനെ കിട്ടി. വളരെക്കാലം പ്രത്യേകിച്ചു ആഘോഷങ്ങൾ ഒന്നുമില്ലാതെ നാമമാത്രമായിരുന്നു അമ്പലത്തിലെ ഉൽസവം ആഘോഷിച്ചിരുന്നത്. രണ്ടായിരമാണ്ടായപ്പോൾ അമ്പലക്കമ്മറ്റിയിൽ ചില ചലനങ്ങൾ ഉണ്ടായി. ചെറുപ്പക്കാർ പ്രമുഖ സ്ഥാനങ്ങൾ കയ്യടക്കി. അവരുടെ ഉത്സാഹത്തിൽ അയ്യപ്പൻവിളക്കിനും പൈങ്കുനി ഉത്രംവിളക്ക് ഉത്സവത്തിനും പകിട്ട് കൂടിക്കൂടി വന്നു. ആദ്യം ഒരു ആനയെവച്ചു ഉത്സവം സംഘടിപ്പിച്ചു. പിന്നീട് ഗാനമേള നടത്തി. പിന്നെ പഞ്ചവാദ്യവും തായമ്പകയും ഗംഭീര വെടിക്കെട്ടും എത്തി. ആനകളുടെ എണ്ണം ഒന്നിൽനിന്നു അഞ്ചായി ഉയർന്നു. പള്ളത്താംകുളങ്ങര ഗിരീശൻ, അന്നമനട ഉമാമഹേശ്വരൻ, തിരുവമ്പാടി ശിവസുന്ദർ, പാമ്പാടി രാജൻ, ഉട്ടോളി രാജശേഖരൻ, എന്നീ പ്രശസ്ത ഗജവീരന്മാരുടെ മസ്തകത്തിൽ ശാസ്താവിന്റെ തിടമ്പേറി. ഇതിൽ പാമ്പാടി രാജൻ വന്ന വർഷമാണ് ഉത്സവനോട്ടീസിൽ പതിവില്ലാത്ത വരി നാട്ടുകാർ ശ്രദ്ധിച്ചത്.
തിടമ്പേറ്റുന്ന ആന : ഗജരാജൻ പാമ്പാടി രാജൻ.
സ്പോൺസർ ചെയ്യുന്നത്: ഒരു ഭക്തൻ.
ശിവ ശിവ! പേരുവയ്ക്കാൻ ഇഷ്ടപ്പെടാത്ത മനുഷ്യരുണ്ടോ? അതും ഉൽസവനോട്ടീസിൽ. അന്നുവരെ കേട്ടുകേഴ്‌വിയില്ലാത്ത സമ്പ്രദായം. നാട്ടിലാകെ ഇത് സംസാരവിഷയമായി. പ്രായമായവർ തൊട്ടു പൊടിപ്പിള്ളേർ വരെ ഊഹോപോഹങ്ങൾ തട്ടിവിട്ടു. ഭാര്യയെ പേടിച്ചു അമ്പലക്കമ്മറ്റി സെക്രട്ടറി മേലാപ്പിള്ളി രാജൻ ചേയ്തതാണെന്നും, അങ്ങനല്ല മകൾക്കു വേണ്ടി കമ്മറ്റി പ്രസിഡന്റ് മച്ചിങ്ങൽ രാജൻ ചേർത്തതാണെന്നും പറച്ചിലുണ്ടായി. ഒടുക്കം മഴയായാലും മഞ്ഞയാലും, രാവിലേയും വൈകുന്നേരവും ക്ഷേത്രദർശനം ഒരുകാരണവശാലും മുടക്കാത്ത പനമ്പിള്ളി മണിയമ്മയുടെ പേരിൽ നാട്ടുകാർ ഒത്തുതീർപ്പിൽ എത്തി. അതു മണിയമ്മ തന്നെ. ഭക്ത എന്നതിനു പകരം ഭക്തൻ എന്നു വച്ചതൊക്കെ ഒരു നമ്പറായി നാട്ടുകാർ കണക്കിലെടുത്തു. എങ്കിലും നൂറു ശതമാനവും ഉറപ്പല്ലല്ലോ? വെറും ഊഹമല്ലേ. ക്രമേണ ഈ ഒത്തുതീർപ്പ് എല്ലാവരും തള്ളിക്കളഞ്ഞു. ഒടുക്കം ആകാംക്ഷ മൂലം അവശനായ കോക്കാടൻ രവി അമ്പലക്കമ്മറ്റിയുടെ ജിവശ്വാസമായ, പ്രൈഡ് ഓഫ് മഡോണ, സജീവനോടു ഭക്തൻ ആരാണെന്നു ചോദിക്കാൻ തീരുമാനിച്ചു. അതു മണത്തറിഞ്ഞ സജീവൻ കുറേനാൾ ഒളിച്ചു നടന്നു. എന്നിട്ടും അവസാനം കോക്കാടന്റെ പിടിയിലായി.
ചോദ്യം കേട്ടു സജീവൻ കൃത്രിമച്ചിരി ചിരിച്ച്, എല്ലാ കാര്യങ്ങളിലും അജ്ഞത നടിച്ചു. “ഹഹഹ. അതാരാന്ന് എനിക്കും അറീല്ല. നിന്നോട് ചോദിക്കാന്നാ ഞാൻ കരുത്യെ”
“നീ ഉരുളാണ്ട് സത്യം പറ സജീവാ”
“ഞാൻ ഇന്നേവരെ സത്യേ പറഞ്ഞട്ടൊള്ളൂ. ആരാന്ന് എനിക്കറീല്ല”
കോക്കാടൻ കൂടുതൽ അന്വേഷിച്ചു. “നീയല്ലേ നോട്ടീസ് അച്ചടിക്കാൻ കൊടുത്തെ”
സജീവൻ സമ്മതിച്ചു. നോട്ടീസ് അനുബന്ധ വിഷയങ്ങളുടെ അവസാനവാക്ക് അദ്ദേഹമാണെന്നു നാടുമുഴുവൻ അറിയും. നിഷേധിച്ചിട്ടു കാര്യമില്ല.
“അത് ഞാൻ തന്ന്യാ. പക്ഷേ നോട്ടീസ് അടിക്കാൻ കൊടുത്തൂന്ന് വച്ച് ഒരു ഭക്തൻ ആരാന്ന് അറിയാൻ പറ്റണന്നില്ല”
“നോട്ടീസീ പേരൊള്ളോര് മുഴുവൻ, കാശ് തരണത് നിനക്കല്ലേ”
“ആ ചെലര്”
“അപ്പോ ബാക്കിയൊള്ളോരോ?”
“അവര് രാജഞ്ചേട്ടനോ മനോജിനോ കൊടുക്കും”
“ആ കാശ് അവര് ആർക്ക് തരും”
സജീവൻ കീഴടങ്ങി. ”എനിക്ക് തരും”
“എന്ന്വച്ചാ എല്ലാരും കാശ് തരണത് നിനക്കാന്ന്”
“തത്വത്തീ അങ്ങനെ പറയാം”
“എന്നട്ടും തത്വത്തീ, ‘ഒരു ഭക്തൻ’ ആരാന്ന് നിനക്ക് അറീല്ലേ”
“എനിക്ക് അതറിയണ്ട കാര്യന്താ. നമ്മക്ക് കാശ് കിട്ട്യാതി”
കോക്കാടൻ വിട്ടില്ല. “നമ്മടെ അമ്പലത്തിലെ കാര്യങ്ങൾ അറിയേണ്ടത് എന്റെകൂടി അവകാശമാണ്”
സജീവൻ സമ്മതിച്ചു. “അത് ശര്യാണ്”
“അപ്പോ ആരാ ആനേനെ സ്പോൺസർ ചെയ്തെ?”
സജീവൻ ഊതി. “എനിക്ക് തോന്നണത് നീ തന്ന്യാന്നാ. അല്ലേ രവീ”
കോക്കാടൻ ഒട്ടും വൈകാതെ പച്ചത്തെറി പറഞ്ഞു. സജീവൻ വഴങ്ങുന്നില്ലെന്നു കണ്ടു ഒടുക്കം അറ്റകൈ പ്രയോഗിച്ചു.
“ഭക്തനാരാന്ന് നീ പറഞ്ഞില്ലെങ്കീ, എന്റെ ലൈറ്റാന്റ് സൗണ്ട് സ്പോൺസറിങ്ങ് ഞാൻ പിൻവലിക്കും”
അതിൽ സജീവൻ കമഴ്ന്നടിച്ചു വീണു. മൂവായിരം രൂപ ലാഭിക്കാവുന്ന കാര്യം. ശബ്ദവും വെളിച്ചവും ‘കെബിആർ, കാതിക്കുടം’ ആണ് പതിവായി ചെയ്യുക. അതും നിസാരതുകക്ക്.
സജീവൻ രഹസ്യം പുറത്തുവിട്ടു. “നീയിത് ആരോടും പറേര്ത്. ആനേനെ സ്പോൺസർ ചെയ്യണത് നമ്മടെ ജനഞ്ചേട്ടനാ”
രഹസ്യങ്ങൾ സൂക്ഷിക്കുന്നതിൽ കോക്കാടൻ പണ്ടേ മുൻപന്തിയിലാണ്. വഴിയിൽ കണ്ടവരോടെല്ലാം, വലിപ്പച്ചെറുപ്പമില്ലാതെ, അദ്ദേഹം രഹസ്യം രഹസ്യമായി തന്നെ പറഞ്ഞു.
“ദേ ഞാൻ നിന്നോട് ഒരു രഹസ്യം പറയാ. നീയാരോടെങ്കിലും പറയോ”
മിണ്ടാതെ കടന്നുപോകുന്ന ഒരുവനെ പിടിച്ചുനിർത്തി കോക്കാടൻ ചോദിച്ചു. അപരൻ ആരോടും പറയില്ലെന്നു ചുമലനക്കി. കോക്കാടനു പക്ഷേ വിശ്വാസമായില്ല. പുശ്ചസ്വരത്തിൽ പറഞ്ഞു.
“നിന്നെ വിശ്വസിക്കാൻ പറ്റില്ലെന്ന് ആർക്കാ അറിയാത്തെ”
“എന്നാ ഞാൻ പോണ്” അപരൻ നടക്കാൻ ആഞ്ഞു.
കോക്കാടൻ തടഞ്ഞു. “അല്ലെങ്കി വേണ്ട. ഞാൻ പറയാം. നീ ആരോടെങ്കിലും പറഞ്ഞാ കൂമ്പിടിച്ച് വാട്ടും. കേട്ടല്ലാ. നമ്മടെ അമ്പലത്തീ ആനേനെ………”
അപരൻ കാതുകൂർപ്പിച്ച് രഹസ്യം കേൾക്കും. പിന്നെ അതു മറ്റൊരാൾക്കു രഹസ്യമായിത്തന്നെ കൈമാറും. ഒരാഴ്ചക്കുള്ളിൽ ‘ഒരു ഭക്തൻ’ആരാണെന്നു എല്ലാവരും മനസ്സിലാക്കി. പക്ഷേ ആരുമതു വിശ്വസിച്ചില്ല. കൈപ്പുഴവീട്ടിൽ വീട്ടിൽ ജനാർദ്ദനൻ എന്ന ജനൻ അമ്പലത്തിലെ ഉൽസവത്തിനു ആനയെ സ്പോൺസർ ചെയ്യുകയോ. അസാധ്യം! അപശ്രുതികൾക്കു അവിടെ വിരാമമായി.
ഉൽസവം പതിവുപോലെ കെങ്കേമമായി നടന്നു. താളമേളങ്ങൾ ഹരമായ ജനാർദ്ദനൻ മേളത്തിനും പഞ്ചവാദ്യത്തിനും ഹാജറായി. ആളുകൾ ചാഞ്ഞും ചെരിഞ്ഞും അദ്ദേഹത്തെ നിരീക്ഷിച്ചു. താൻ സ്പോൺസർ ചെയ്ത ആനയെ കാണുമ്പോൾ അദ്ദേഹത്തിൽ ഭാവമാറ്റങ്ങളുണ്ടോ? അദ്ദേഹം വികാരഭരിതനാകുന്നുണ്ടോ? പലർക്കും തീർപ്പിൽ എത്താനായില്ല. തീർപ്പിലെത്തിയവർ എല്ലാം നെഗറ്റീവ് പറഞ്ഞു. ജനാർദ്ദനനു ഇതിൽ യാതൊരു പങ്കുമില്ല. സജീവൻ നുണ പറഞ്ഞതു തന്നെ.
ഏതാനും മാസങ്ങൾ കടന്നുപോയി. വൃശ്ചികം സമാഗതമായി. അഭ്യൂഹങ്ങൾ വീണ്ടും പരന്നു. ജനൻ എന്താണ് താടി വടിക്കാത്തത്? അദ്ദേഹം എന്താണ് ചെരിപ്പിടാതെ നടക്കുന്നത്? കാലത്തു പത്തുമണി വരെ കിടന്നുറങ്ങാറുള്ള ആൾ എന്തിനാണ് വെളുപ്പിനു ആറുമണിക്കു തന്നെ എഴുന്നേറ്റു കുളിക്കുന്നത്? കോഴിക്കാൽ ഇല്ലെങ്കിൽ ചോറ് ഇറങ്ങാത്ത വ്യക്തി എന്താണ് തൈരും സാമ്പാറും മാത്രം കൂട്ടി ഊണുകഴിക്കുന്നത്? ഫാഷൻ ചാനലിൽനിന്നു കണ്ണെടുക്കാത്ത ആൾ എന്തേ ‘സ്വാമി അയ്യപ്പൻ’ പോലുള്ള ഭക്തിസീരിയലുകൾ കാണുന്നു? ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ ഉയർന്നു. ഉന്നയിച്ചവർ തന്നെ മറുപടിയും കണ്ടു. ഭക്തിസീരിയലുകൽ കാണുന്നത്, അതിലെ പൊള്ളത്തരങ്ങൾ മനസ്സിലാക്കാനാണ്. ചെരിപ്പിടാതെ നടക്കുന്നത് കാലിലെ ആണിരോഗം കാരണമാണ്. മാംസാഹാരം കഴിക്കാത്തത് ആരോഗ്യത്തെ ഓർത്താണ്. താടി വടിക്കാത്തത് ഗ്ലാമർ കൂട്ടാനാണ്. എന്നിങ്ങനെയുള്ള മറുപടികൾ.
പക്ഷേ ഈ പറഞ്ഞതൊക്കെ ഒറ്റയടിയ്ക്കു തോന്നാൻ കാരണമെന്തെന്ന ചോദ്യത്തിനു ആർക്കും മറുപടിയില്ലായിരുന്നു. വൃശ്ചികം ഒന്നിനു ശബരിമല മണ്ഢലകാലം ആരംഭിച്ചപ്പോൾ ആ സംശയവും മാറിക്കിട്ടി. എല്ലാവരും സത്യാവസ്ഥ മനസ്സിലാക്കി. അന്നു രാവിലെ ജനാർദ്ദനൻ അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ച്, നെറ്റിയിലും കൈത്തണ്ടയിലും ഭസ്മംപൂശി, കറുപ്പുടുത്തു ശ്രീകോവിലിൽനിന്നു മാല പൂജിച്ചുവാങ്ങി. നീട്ടിപ്പിടിച്ച കൈത്തലത്തിൽ, പൂജിച്ച മാല വാഴയിലച്ചീന്തിൽ നൽകുമ്പോൾ ശാന്തിക്കാരൻ ശ്രീധരസ്വാമി ഉപദേശിച്ചു.
“ഇന്യെങ്കിലും നന്നാവ് ജനാ”
സ്വാമിക്കു മറുപടിയായി, ശ്രീകോവിലിനു മുന്നിലുള്ള സകലരേയും അമ്പരപ്പിച്ചു, ജനാർദ്ദനൻ പറഞ്ഞത്രെ.
“സ്വാമി, ഇനിയൊള്ള കാലം ശാസ്തസന്നിധിയിൽ എല്ലാം അർപ്പിച്ച് ജീവിക്കാനാ ഞാൻ തീരുമാനിച്ചേക്കണെ”
സ്വാമി പറഞ്ഞു. “നന്നായി ജനാ. സ്വാമി കാക്കട്ടെ”
ജനാർദ്ദനൻ പ്രതിവചിച്ചു. “സ്വാമി ശരണം”
അതായിരുന്നു അന്നുവരെ അമ്പത്തിരണ്ടു കൊല്ലം ഭൂമിയിൽ ജീവിച്ച ജനാർദ്ദനൻ പറയുന്ന ആദ്യത്തെ ദൈവസ്തുതി. കാര്യം മനസ്സിലായല്ലോ. കൈപ്പുഴവീട്ടിൽ ജനാർദ്ദനൻ ജനനം മുതൽ അടിമുടി നിരീശ്വരവാദിയാണ്.
കഷ്ടിച്ചു അഞ്ചടി പൊക്കം. ഉരുക്കു ശരീരം. ശരീരത്തിലെ രോമവളർച്ചയുടെ കാര്യത്തിൽ മകൻ ദീപേഷ് മാത്രമേ അദ്ദേഹത്തിനു ഭീഷണിയായുള്ളൂ. വിരിഞ്ഞ വിസ്തൃതമായ ചുമലും, ദൃഢമായ കൈകളും. തലയിൽ ആകാശത്തെ അഭിമുഖീകരിക്കുന്ന ഭാഗം നഗ്നമാണ്. ആ ഭാഗംവഴി വിറ്റാമിൻ ഇ തടസമില്ലാതെ ലഭിക്കുന്നു. കക്കാടിൽ പ്രത്യയശാസ്ത്ര കെട്ടുപാടുകൾ ഇല്ലാതെ നിരീശ്വരവാദിയായ ആദ്യവ്യക്തി ഇദ്ദേഹമാണ്.
“ദൈവംന്ന് വച്ചാ ശുദ്ധ ഭോഷ്കാ. ദൈവാണ് ലോകം ഇണ്ടാക്കീതെന്ന് പറേണത് അതിലേറെ ഭോഷ്കും. എവല്യൂഷൻ സിദ്ധാന്താ ശരി. ക്രിയേഷനല്ല”
പരമുമാഷിന്റെ കടയിൽവച്ചു ജനൻ പതിവുപോലെ കാച്ചി. ഒരു സപ്പോർട്ടിനുവേണ്ടി മാഷോടു ചോദിച്ചു.
“അല്ലേ പരമ്വോവ്”
പരമുമാഷ് വെട്ടിലായി. “ജനഞ്ചേട്ടൻ പറേമ്പോ വിശ്വസിക്കാണ്ടിരിക്കാൻ പറ്റണില്ല. ബട്ട് ദൈവത്തിനെ ഓർക്കുമ്പോ പേടീം ആവണ്ട്”
“എവല്യൂഷനാ ശരീന്നൊള്ളേന് എന്തൂട്ടാ തെളിവ്?” ദേശത്തെ കടുത്ത ഭക്തനായ വിക്രമൻ ആശാൻ ചോദിച്ചു. എൺപത്തഞ്ചുകാരനായ ആശാനു ഇപ്പോഴും ചുറുചുറുക്കാണ്. എന്നും അമ്പലക്കുളത്തിൽ കുളിച്ചു ശാസ്താവിനെ തൊഴും. കൊല്ലങ്ങളായി മുടക്കാത്ത ചര്യ.
ജനാർദ്ദനൻ പറഞ്ഞു.
“തെളിവോള് ധാരാളല്ലേ വിക്രമാശാനേ…. നമക്ക് ഒറപ്പില്ലാത്ത വല്യ വല്യ കാര്യങ്ങളെപ്പറ്റി ഓരോന്നോരോന്ന് തട്ടിവിടണതിലും നല്ലത് നമ്മള് നേരീക്കാണണത് വച്ച് കാര്യങ്ങൾ വിലയിരുത്തണതാണ്. ചുറ്റും നോക്ക്യാ എന്താ കാണണെ. നമ്മടെ വീട്ടീ പൂച്ചേണ്ട്, പല ജനുസ്സിലും വലുപ്പത്തിലും ഉള്ളവ. ചെലത് ഒരു പരിധീ കവിഞ്ഞ് വളരില്ല. ഇനി കൊറച്ചു കാടായ സ്ഥലത്ത് പോയാൽ നമക്ക് വലിയ കാട്ടുപൂച്ചകളെ കാണാം. മലേലൊക്കെ കൊറേക്കൂടി വലുപ്പൊള്ളത് ഇണ്ടാവും. പിന്നെ അതിനേക്കാളും ആകാരൊള്ള പുലി, കടുവ, ചീറ്റ അങ്ങനെ അങ്ങനെ. ഈ എല്ലാത്തിനും ഏതാണ്ട് ഒരേ ശരീരഘടന. ഒരേ ജനുസ്സ്. എവല്യൂഷൻ സിദ്ധാന്താ ഇങ്ങിനൊള്ള വൈവിധ്യങ്ങൾക്കു യോജിച്ച സിദ്ധാന്തം. എന്തൂട്ടിനാ ദൈവംന്നു പറേണ ആൾ ഇമ്മാതിരി ചെറിയ ചെറിയ വ്യത്യാസങ്ങളൊള്ള, എന്നാൽ കൊറേ സാമ്യങ്ങളുള്ള, ഒരുപാട് ജീവികളെ സൃഷ്ടിക്കണേന്ന്. എവല്യൂഷനാ ശരീന്നൊള്ളേന് ഇതിനപ്പറം ഒരു തെളിവ് വേണാ ആശാനേ?”
ജനാർദ്ദനൻ പറഞ്ഞു നിർത്തി. വിക്രമൻ ആശാൻ എതിരിട്ടു.
“അതിപ്പോ വേറെ തരത്തിലും പറയാലോ. ദൈവം ആദ്യം കൊറച്ച് ജീവികളെ ഇണ്ടാക്കി. പിന്നെ ആ ജീവികളീന്ന് എവല്യൂഷൻ തുടങ്ങി. എന്താ അങ്ങനെ ആയിക്കൂടേ ജനാ?”
“അതങ്ങനാ ആശാനാ ഒന്നൂല്യായ്മേന്ന് എന്തെങ്കിലും ഇണ്ടാക്കാ?”
വിക്രമൻ ആശാൻ നിശബ്ദനായി. പലചരക്കുകടയിലെ ആർക്കും മറുപടി ഇല്ലായിരുന്നു.
ഇത്തരത്തിൽ കണിശമായ വാദങ്ങളാൽ എന്നും വിശ്വാസികളെ എതിരിടാറുള്ള ജനാർദ്ദനനാണ് ശബരിമലയ്ക്കു പോകാൻ മാലയിട്ടത്. ദൈവമെന്നു കേട്ടാൽ കലിപ്പ് കേറുന്ന കക്ഷി ഇപ്പോൾ ‘ശാസ്തസന്നിധിയിൽ എല്ലാം അർപ്പിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു’എന്ന് പറയുന്നു. നാട്ടിൽ ഈ വാർത്ത കത്തിപ്പടർന്നു. നിരീശ്വരവാദികളുടെ കുലം കക്കാടിൽ അവസാനിച്ചുവെന്നു എല്ലാവരും വിധിയെഴുതി, വസ്തുതാപരമായി ശരിയല്ലെങ്കിലും. ജനാർദ്ദനന്റെ മനപരിവർത്തനത്തിന്റെ ഹേതു അറിയാൻ സകലരും ആശിച്ചു. പക്ഷേ അദ്ദേഹം ഒരക്ഷരം ആരോടും മിണ്ടിയില്ല.
ജനൻ ശബരിമലക്കു പോകുന്ന വാർത്ത കക്കാടിലെ പ്രധാന നിരീശ്വരവാദികളായ വാസുട്ടനും തമ്പിയും അറിയുന്നത് മര്യാദാമുക്കിൽ വച്ചാണ്….
(തുടരും…)
രണ്ടായിരത്തിമൂന്നാം ആണ്ടിൽ അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവനോട്ടീസിൽ തിടമ്പേറ്റുന്ന ആന, പാമ്പാടി രാജനെ സ്പോൺസർ ചെയ്ത വ്യക്തിയുടെ പേരുവായിച്ചു കക്കാടുകാർ പരസ്പരം മുഖത്തുനോക്കി ‘ആരാ, ആരാ’ എന്നു അന്വേഷിച്ചു.
തിടമ്പേറ്റുന്ന ആന : ഗജരാജൻ പാമ്പാടി രാജൻ.
സ്പോൺസർ ചെയ്യുന്നത്: ഒരു ഭക്തൻ.
സസ്നേഹം
സുനിൽ ഉപാസന
രസകരം. ബാക്കി കൂടെ പോരട്ടെ 🙂
ആശംസകൾ!
:))
അതു ശരി..അങ്ങനെയായിരുന്നു കാര്യങ്ങള്‍.. ബാക്കി കഥയും കേള്‍ക്കട്ടേ…
നല്ല രസമുണ്ട് … വായിക്കാന്‍..
🙂