അടയ്ക്ക ബിസിനസ് – 2

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. ആദ്യപുസ്‌തകമായ ‘കക്കാടിന്റെ പുരാവൃത്തം’ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡ് നേടി. Read More.


മൂന്നാം ഭാഗം: ഉമ്മർക്ക

രാത്രി പത്തരയോടെ തമ്പിയും ഉമ്മർക്കയും പക്ഷിവേട്ടയ്ക്കു ഇറങ്ങി. തോർത്തുകൊണ്ടു ചെവിയും തലയും മൂടിക്കെട്ടിയിട്ടുണ്ട്. മഴയ്ക്കു സാധ്യതയുള്ളതിനാൽ റെയിൻകോട്ടിലാണ് ഇരുവരും. തമ്പിയുടെ തോളിലാണ് തോക്ക്. നീളമുള്ള ബാരലാണ്. കണ്ണമ്പിള്ളി പൗലോസേട്ടന്റെ വീടിനടുത്തുനിന്നു തുടങ്ങുന്ന വീതികുറഞ്ഞ കനാലിലൂടെ ഇരുവരും തീരദേശം റോഡ് ലക്ഷ്യമാക്കി നടന്നു. പനമ്പിള്ളിക്കടവിൽനിന്നു കുളത്തായി പാടശേഖരത്തിലേക്കു വെള്ളം കൊണ്ടുവരാൻ പഞ്ചായത്ത് തൊണ്ണൂറുകളിൽ പണിതതാണ് കനാൽ. വീതി കുറവാണെങ്കിലും കരിങ്കല്ലും സിമന്റും ഉപയോഗിച്ചു നല്ല ബലത്തിൽ തന്നെയാണ് പണിതിരിക്കുന്നത്. കൊല്ലങ്ങൾക്കുശേഷവും കാര്യമായ കേടുപാടുകളില്ല. കനാലിന്റെ ഒരു വശത്തു കുളത്തായിപ്പാടവും മറുഭാഗത്തു പൊന്തക്കാടുകളുമാണ്. കീരികളുടെ വിഹാരകേന്ദ്രം. ഉമ്മർക്ക താക്കീത് നൽകി.“തമ്പ്യേയ്, നീയിപ്രത്തൂടെ നടന്നാ മതി. പൊന്തക്കാട്ടില് കീരീണ്ടാവും”

തമ്പി അനുസരിച്ചു. ഉമ്മർക്ക ഒരു ബീഡിയെടുത്തു കത്തിച്ചു.

കുളത്തായി പാടം ഉഴുതിട്ടിരിക്കുകയാണ്. തവളകളുടെ പോക്രോം ശബ്ദവും ചിവീടുകളുടെ കരച്ചിലും ഇരുവർക്കും ഹൃദ്യമായി തോന്നി. കുറച്ചുകൂടി നടന്നപ്പോൾ ഓസീൻ കമ്പനിയും ടാർറോഡും ദൃശ്യമായി. ഉമ്മർക്കയ്ക്കു കുറച്ചു പുരാണം പറയണമെന്നു തോന്നി. തമ്പിയാണെങ്കിൽ നല്ല കേൾവിക്കാരനുമാണ്.

ഉമ്മർക്ക തുടക്കമിട്ടു. “എനിക്ക് വെറും പത്തുവയസ്സുള്ളപ്പഴാ തമ്പീ ഞാൻ ആദ്യായി വെടിവയ്ക്കണത്”

തമ്പി ഞെട്ടി. ഇത്ര ചെറുപ്രായത്തിലോ! പിന്നെയാണ് ഏതു വെടിയാണെന്ന കാര്യം തലയിൽ കത്തിയത്.

ഉമ്മർക്ക തുടർന്നു. “അന്നെന്റെ ഉപ്പാക്ക് തോക്കോള് ആറാ… ആറെണ്ണം”

ടോർച്ച് കക്ഷത്തിൽ തിരുകി ഉമ്മർക്ക രണ്ടു കൈപ്പത്തിയിലേയും ആറ് വിരലുകൾ പൊക്കിക്കാണിച്ചു. തമ്പി അതിശയിച്ചു. ആറെണ്ണത്തിൽ എത്രയെണ്ണം നല്ലതാണെന്നു ചോദിക്കാൻ വന്നെങ്കിലും അതിനുള്ളിൽ ഉമ്മർക്ക പറച്ചിൽ തുടർന്നു.

“കാലത്തു ചായ കുടിച്ചു കഴിഞ്ഞാ ഉപ്പ ഒരു വിളി വിളിക്കും. ഡാ ഉമ്മറേ എന്ന്. തോക്കും ഉണ്ടേം കൊണ്ട് ഒടനെ ഞാനെത്തിക്കോണം. ഇല്ലെങ്കീ എന്നെ തെങ്ങീച്ചാരി നിർത്തി പ്രാക്ടീസ് ചെയ്യും. തോക്കും കൊണ്ടു ഞാനെത്ത്യാപ്പിന്നെ ഉപ്പ എണീറ്റ് ഒരു നടത്താ, ചേർപ്പണം തോട്ടത്തിലേക്ക്. തോട്ടത്തിലെ കല്ലുവെട്ട് കുഴികളിലും പൊന്തക്കാട്ടിലും, അവിടേം ഇവിടേമൊക്കെ മുയലും കാട്ടുകോഴ്യോളും ഇണ്ടാവും. അവറ്റേന്യാണ് വെടിവയ്ക്കാ. ചുറ്റും നോക്കി ഉപ്പ എന്റേന്ന് ഒരു ഉണ്ട വാങ്ങും. ഒരേ ഒരെണ്ണാ വാങ്ങൂള്ളൂ. അതോണ്ട് ഒരു വെട്യാ. അന്നത്തെ കറിക്കൊള്ളതായി”


Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

Thank You Very Much!


തമ്പി സൂചിപ്പിച്ചു. “ഇക്ക വെടി വെയ്ക്കണ കാര്യം പറഞ്ഞില്ലല്ലോ”

ബീഡി കത്തിതീരാറായി. ഉമ്മർക്ക വേഗം ഉപസംഹരിച്ചു. “പറയാൻ മാത്രം അത്ര കേമായിട്ടൊന്നൂല്ല്യ. ഒരു ദിവസം ചെർപ്പണം തോട്ടത്തിലെത്തി ഉണ്ട ലോഡ് ചെയ്തു ഉപ്പ തോക്ക് എനിക്കു തന്നു. അകലെ നിക്കണ കൊളക്കോഴീനെ ചൂണ്ടി ഉമ്മറേ വെക്കിനെടാ വെടീന്നു പറഞ്ഞു. ഞാൻ ഏകദേശ ഉന്നം നോക്കി കാഞ്ചി വലിച്ചു”

തമ്പി ആകാംക്ഷാഭരിതനായി. “എന്നട്ട്?”

“എന്നട്ടെന്തൂട്ടാ, ഉപ്പ കഷ്ടിച്ച് രക്ഷപ്പെട്ടൂന്ന് പറഞ്ഞാതി. അതേപ്പിന്നെ തോക്കും കയ്യോണ്ട് തൊട്ടട്ടില്ല. വെടിവയ്പ്പ് നിർത്തി”

തമ്പി അമ്പരന്നു. കണ്ണുകൾ പുറത്തേക്കു തുറിച്ചു. ഉമ്മർക്കയ്ക്കു ഇതുപോലൊരു ഭൂതകാലം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്. പ്രശ്നമാകുമോ. മുമ്പേ അറിഞ്ഞിരുന്നെങ്കിൽ പക്ഷിവേട്ടയ്ക്കു ഇറങ്ങിത്തിരിക്കില്ലായിരുന്നു. അല്ലെങ്കിലും ഈ സ്ഥലത്തുവച്ചു, രാത്രിയിൽ വെടികൊണ്ടാൽ ചത്തുപോവുകയേയുള്ളൂ. കൂവി വിളിച്ചാൽ പോലും ആരും കേൾക്കില്ല. തീരദേശം പാടത്തിനടുത്തു ഒറ്റവീടില്ല. എന്നാലോ പുഴയുണ്ട്. വെടികൊണ്ടു ചത്താലും കാലിൽ വലിച്ച് പുഴയിലിട്ടാൽ മതി. ലക്ഷ്യമില്ലാതെ ഒഴുകിപ്പോയ്ക്കോളും. ആളുകൾ ആത്മഹത്യയായി കരുതി തള്ളിക്കളയുകയും ചെയ്യും.

തമ്പി അഭ്യർത്ഥിച്ചു. “ഉമ്മർക്ക, നമക്ക് ഇന്നത്തെ വെടിവയ്പ്പ് അങ്ങട് ക്യാൻസൽ ചെയ്യാം. നാളെ വരാം”

ഉമ്മർക്ക നെറ്റിചുളിച്ചു. തമ്പി വയർ ഉഴിഞ്ഞു കാണിച്ചു.

“നിനക്ക് വെളിക്കിറണോങ്കി എന്തിനാ വീട്ടിപ്പോണേന്ന്. ആ പാടത്തേക്കിരുന്നോ തമ്പീ. നമ്മളൊന്നും അങ്ങട് നോക്കാൻ പോണില്ലേയ്. ഞാറിനാണെങ്കീ വളവുമാകും”

പ്രോഗ്രാമിൽ നിന്നു മുങ്ങാനാകില്ലെന്നു തമ്പി ഉറപ്പിച്ചു. ഇരുവരും കനാൽ പിന്നിട്ടു തീരദേശം റോഡിലേക്കു കയറി. റോഡിനപ്പുറമാണ് തോട്ടം. തോട്ടത്തിലെ വലുതും ചെറുതുമായ വൃക്ഷങ്ങളിൽ ധാരാളം കൊക്കുകൾ ചേക്കേറിയിട്ടുണ്ടാകും. പാടത്തു ടില്ലറടിക്കുമ്പോൾ അവ പാടത്തേക്കു പറന്നിറങ്ങും. കീടങ്ങളേയും ചെറിയ ചെമ്മീനേയുമൊക്കെ തിന്നുതീർക്കും. രാത്രിയായാൽ ഉയരമുള്ള മരങ്ങളിൽ ചേക്കേറും. ഇവയെയാണ് ടോർച്ചടിച്ചു നോക്കി വെടിവച്ചിടുന്നത്. ഇരുട്ടായതിനാൽ കൊക്കുകൾ പറന്നുപോകില്ല. കൂടിവന്നാൽ ഇരിക്കുന്നിടത്തുനിന്നു കുറച്ചുമാറി ഇരിക്കും. പക്ഷേ വെടിയൊച്ച കേട്ടാൽ ചിലതു പറക്കും.

Read More ->  ശങ്കരമ്മാൻ കാവ് - 3

തീരദേശം തോട്ടത്തിനു നല്ല വിസ്തീർണ്ണമുണ്ട്. കായ്ഫലമുള്ള മാവ്, പ്ലാവ്, മുരിങ്ങമരം, കൊള്ളിക്കിഴങ്ങ് എന്നിവ തോട്ടത്തിലുണ്ട്. ഇടവിട്ടു ഇടവിട്ടു കായ്ഫലമുള്ള കവുങ്ങുകളും ഉണ്ട്. നല്ലവണ്ണം പഴുത്ത അടയ്ക്കകൾ മഴയോടൊപ്പമുള്ള കാറ്റിൽ നിലത്തുവീഴും. അടയ്ക്കക്കു നല്ല വിലയല്ലേ എന്നു കരുതി, തമ്പി ടോർച്ചിന്റെ വെളിച്ചത്തിൽ കവുങ്ങുകളുടെ അടിഭാഗത്തു തിരഞ്ഞു. പക്ഷേ ഒരു അടയ്ക്ക പോലും ലഭിച്ചില്ല. വീട്ടിൽനിന്നു ഇറങ്ങുന്നതിനുമുമ്പ് മഴയും കാറ്റും ഉണ്ടായിരുന്നു. എന്നിട്ടും ഒറ്റ പഴുത്ത അടയ്ക്കയും വീണിട്ടില്ലെന്നതു തമ്പിയെ അതിശയിപ്പിച്ചു. അപ്പോഴാണ് ടോർച്ചിന്റെ വെളിച്ചത്തിൽ തമ്പി നടുക്കുന്ന ആ ദൃശ്യം കണ്ടത്. വീണ്ടും സൂക്ഷിച്ചു നോക്കി. അതെ, അതുതന്നെ. ഒരു കവുങ്ങിന്റെ കടയ്ക്കു ചുറ്റും ചാക്കുചരട് കെട്ടിയിരിക്കുന്നു. ‘ഇതു ഒടിവിദ്യയല്ലേ’ എന്ന സംശയം തമ്പിയെ ഞെട്ടിച്ചു കളഞ്ഞു.

ആഭിചാര ക്രിയകളിൽ അപാരവിശ്വാസമുള്ള തമ്പി കരച്ചിലിന്റെ ടോണിൽ വിളിച്ചു. “ഉമ്മർക്കാ. ഇത് നോക്ക്യേ”

കാര്യങ്ങൾ സസൂക്ഷ്മമം വിലയിരുത്തി ഉമ്മർക്കയും സാക്ഷ്യപ്പെടുത്തി. “ഇത് ശെയ്ത്താന്റെ പണി തന്നെ”

തമ്പി കൂടുതൽ പരവശനായി. ഉമ്മർക്കയ്ക്കും കാര്യങ്ങൾ പന്തിയായി തോന്നിയില്ല. എങ്കിലും ധൈര്യവാനെപ്പോലെ പറഞ്ഞു.

“തമ്പീ നീ പേടിക്കണ്ട. എന്റെ വലത്തേ കൈത്തണ്ടേല് മന്ത്രിച്ചൂതിയ ഉറുക്ക്ണ്ട്”

ഇക്കേടെ കയ്യിലെ ഉറുക്കുകൊണ്ട് തനിക്കെന്താണ് ഗുണം. ഒരു ഗുണവുമില്ല. അതിനാൽ തമ്പി നിർദ്ദേശിച്ചു. “ഉമ്മർക്ക ആ ഉറുക്കിങ്ങട് അഴിച്ച് എന്റെ കയ്യീ കെട്ട്”

ഉമ്മർക്ക സമ്മതിക്ക്വോ. ജീവൻ പോകുന്ന കാര്യമല്ലേ.

“ഹ മിണ്ടാണ്ടിരീടാ നീ. ഒരു ധൈര്യത്തിനു വേണോങ്കി എന്നെ കെട്ടിപ്പിടിച്ചോ”

തമ്പി ഉടൻ ഉമ്മർക്കയെ പൊത്തിപ്പിടിച്ചു. കൊക്കുകളെ നോക്കി പേടിച്ചുവിറച്ചു നടക്കുന്നതിനിടയിൽ ഉമ്മർക്ക വീണ്ടുമൊരു ബീഡിയ്ക്കു തീ കൊളുത്തി.

“രണ്ട് പൊകയെട്‌ത്തട്ട് ഇനി നടക്കാം”

ഇരുവരും നിന്നു. തമ്പി ചോദിച്ചു. “ഈ ശെയ്ത്താന്മാര് ഭയങ്കരന്മാരാണോ ഉമ്മർക്ക?”

കാതലായ സംശയം. ഉമ്മർക്ക ഒരു തത്ത്വം പോലെ പറഞ്ഞു. “എടാ മനുഷേന്മാരാ ഭയങ്കരന്മാര്. അവരെ പേടിച്ചാ മതി. ശെയ്ത്താന്മാരെ അത്രക്ക് പേടിക്കണ്ട”

“അതെന്താ ഉമ്മർക്ക അങ്ങനെ പറേണെ?”

ഉമ്മർക്ക വിശദീകരിച്ചു. “തമ്പീ, നിന്റെ വീട്ടിലേക്ക് ഒരുരാത്രീല് ശെയ്ത്താൻ വന്നൂന്ന് വെയ്ക്ക്. അവൻ കൂടിവന്നാ എന്താ ചെയ്യാ?”

“എന്നെക്കൊന്ന് ചോര കുടിക്കും” തമ്പി പറഞ്ഞു. ഈ ഉമ്മർക്കയ്ക്കു എന്തുപറ്റി. ജീവൻ വിട്ടുള്ള കളിയുണ്ടോ.

“അത്രല്ലേയൊള്ളൂ” ഉമ്മർക്ക തുടർന്നു. “ഇനി പറ. എന്തിനും പോന്ന മനുഷേന്മാരാണ് നിന്റെ വീട്ടിൽക്ക് വന്നതെങ്കി അവരെന്താ ചെയ്യാ?”

ആലോചിച്ചപ്പോൾ തമ്പിയ്ക്കും അപകടം മനസ്സിലായി. “അവര് കാശ് ചോദിക്കും”

ഉമ്മർക്ക തീർത്തു പറഞ്ഞു. “അതന്നെ കാര്യം. ശെയ്ത്താന്മാര് കൂടിവന്നാ ജീവനെടുക്കേയുള്ളൂ. കാശ് ചോദിക്കില്ല. മനുഷേന്മാർക്കാണെങ്കീ കാശേ വേണ്ടൂ”

ഉമ്മർക്ക ഉപസംഹരിച്ചു. “അപ്പോൾ ആരെയാ കൂടുതൽ പേടിക്കണ്ടേ. ശെയ്ത്താന്മാര്യാണോ അതോ മനുഷേമ്മാര്യോ?”

ഇതുപോലെ അസാമാന്യ ലോജിക് ഉള്ള വർത്തമാനം ആശാൻകുട്ടി മാത്രമേ പറയാറുള്ളൂ. ഇപ്പോഴിതാ ഉമ്മർക്കയും. തമ്പി ഉമ്മർക്കയുടെ കൈപിടിച്ചു മുത്തി.

ബീഡിവലി കഴിഞ്ഞു ഇരുവരും വീണ്ടും നടക്കാൻ തുടങ്ങി. വൃക്ഷത്തലപ്പുകളിൽ നോക്കിയുള്ള ആ നടത്തത്തിനു ഇടയിൽ ഉമ്മർക്കയെ അടിമുടി നടുക്കി ആ കാഴ്ചയെത്തി. തമ്പിയെ തോണ്ടിവിളിച്ചു സംഗതി കാണിച്ചു കൊടുത്തു. ഒരു കവുങ്ങിന്റെ തലപ്പ് തന്നത്താൻ അങ്ങോട്ടും ഇങ്ങോട്ടും ആടിയുലയുന്നു. തമ്പി ചുറ്റുപാടും ശ്രദ്ധിച്ചു. ഒരു ഇളംകാറ്റു പോലും എവിടേയുമില്ല. എന്നിട്ടും കവുങ്ങിൻ തലപ്പ് ആടുന്നു. എന്തൊരു അതിശയം. ഇനി ഉയരത്തിൽ കാറ്റു വീശുന്നുണ്ടായിരിക്കുമോ? തമ്പി മറ്റു മരങ്ങളുടെയും കവുങ്ങുകളുടെയും ശിഖരങ്ങളിലേക്കു നോക്കി. അവയ്ക്കു ആട്ടമേയില്ല. തോട്ടത്തിലെ ഒരേയൊരു കവുങ്ങ് മാത്രം ആടുന്നു!

കൂടുതൽ വസ്തുതകൾ മനസ്സിലാക്കാൻ തമ്പിയും ഉമ്മർക്കയും അധികസമയം എടുത്തില്ല. ആടിയുലയുന്ന കവുങ്ങിന്റെ കടയ്ക്കലാണ് ചാക്കുചരട് ചുറ്റിയതായി കുറച്ചുമുമ്പ് കണ്ടത്. ഇരുവരുടേയും മുഖം വിളറി. ഉമ്മർക്ക ഇടതുകൈകൊണ്ട് ഉറുക്കിൽപിടിച്ചു അതിശക്തമായ മന്ത്രങ്ങൾ ചൊല്ലി. തമ്പിക്ക് അങ്കലാപ്പായി. ഉറുക്കിൽ പിടിച്ചു മന്ത്രിച്ചു ഉമ്മർക്ക മാത്രം രക്ഷപ്പെട്ടു കളയുമോ? ഉമ്മർക്കയെ കെട്ടിപ്പിടിച്ചു തമ്പിയും പ്രാർത്ഥിക്കാൻ തുടങ്ങി. കിലുകിലാ വിറച്ച് ഇരുവരും കവുങ്ങിൻതലപ്പിനെ വീണ്ടും നോക്കി. അതാ, ആട്ടം വളരെ കൂടിയ കവുങ്ങിൻതലപ്പ് മറ്റൊരു കവുങ്ങിന്റെ മണ്ടയ്ക്കു നേരെ ചാഞ്ഞുപോകുന്നു. ക്രമേണ ആട്ടം പുതിയ കവുങ്ങിൻ തലപ്പിലേക്കു പടർന്നു. ആദ്യത്തെ കവുങ്ങിൻതലപ്പ് നിശ്ചലമായി.

ഉമ്മർക്ക വിലപിച്ചു. “ബാധേണ് തമ്പി, ഒഴിയാബാധ”

തമ്പി പറഞ്ഞു. “നമക്ക് വെടിവച്ചാലോ ഉമ്മർക്ക”

“വേണോ?”

“വേണം ഉമ്മർക്ക”

തമ്പിയുടെ ആത്മവിശ്വാസം ഉമ്മർക്കയ്ക്കു ഊർജ്ജമായി. “ഉണ്ടയെട് തമ്പീ. ഇന്നു ശെയ്ത്താന്റെ അവസാനാ”

Read More ->  പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

ഉമ്മർക്കയുടെ ഉപ്പയുടെ അനുഭവം ഓർമ്മയുള്ളതുകൊണ്ട്, ഉണ്ട കൊടുത്തിട്ടു തമ്പി ദൂരെ മാറിനിന്നു. രണ്ടാമത്തെ ചിന്തയിൽ, അതുകൊണ്ടു ഫലമില്ലാതിരുന്നാലോ എന്നു കരുതി തോക്കിനുനേരെ പിന്നിൽ വന്നുനിന്നു. വെടിവയ്ക്കുന്നതിനു മുമ്പ് ഉമ്മർക്ക ഒരിക്കൽകൂടി ഉറുക്കിൽ പിടിച്ചു മന്ത്രിച്ചു. പിന്നെ കവുങ്ങിൻതലപ്പിനെ ലാക്കാക്കി നിറയൊഴിച്ചു. രാവിന്റെ നിശബ്ദതയിൽ വെടിശബ്ദം മുഴങ്ങി.

“ഠേ!”

തമ്പിയും ഉമ്മർക്കയും ആടുന്ന കവുങ്ങിൻതലപ്പിനെ ഉറ്റുനോക്കി. ആട്ടത്തിന്റെ ശക്തി കുറഞ്ഞെന്നു മനസ്സിലാക്കി ഇരുവരും സാവധാനം കവുങ്ങിനടുത്തേക്കു ചുവടുവച്ചു. കടഭാഗത്തു എത്തിയപ്പോൾ തലപ്പിന്റെ ആട്ടം പൂർണമായും നിലച്ചിരുന്നു. സമീപത്തുള്ള മറ്റു കവുങ്ങുകളുടെ തലപ്പിലേക്കു ആട്ടം പകർന്നിട്ടുമില്ല. അതോടെ ഉമ്മർക്ക ഉറപ്പിച്ചു. ശെയ്ത്താനു വെടിയേറ്റിരിക്കുന്നു. ആവേശത്തോടെ വീണ്ടും ഉണ്ടയ്ക്കായി അലറി.

“കൊട്റാ തമ്പി ഒരു ഉണ്ട കൂടി. ഞാനിന്നവന്റെ ആസനം പൊളിക്കും”

അരനിമിഷം പോലും വൈകിയില്ല. നല്ല പൊക്കമുള്ള കവുങ്ങിന്റെ തലപ്പിൽനിന്നു ‘അയ്യോ’ എന്ന അലർച്ചയോടെ ശെയ്ത്താൻ അപാരവേഗത്തിൽ ഊർന്നിറങ്ങി. വലിയൊരു രൂപം യാതൊരു തട്ടുംതടവുമില്ലാതെ താഴേക്കു വരുന്നതു കണ്ടു തോക്കും ഉണ്ടയും താഴെയിട്ടു ഉമ്മർക്ക ഓടി. കാശിനൊപ്പം ജീവനും വലുതാണെന്ന തിരിച്ചറിവിലുള്ള ഓട്ടം. തമ്പിയത് അറിഞ്ഞില്ല. കവുങ്ങിന്റെ കടയ്ക്കൽ തവളയെപ്പോലെ നാലുകാലിൽ വീണ ശെയ്ത്താനെ ഉമ്മർക്ക വെടിവയ്ക്കുന്നതും കാത്തുനിന്നു. പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

“ഉമ്മർക്കാ, വെയ്ക്ക് വെടി”

മൂന്നുനാല് സെക്കന്റിനു ശേഷവും പിന്നിൽ ആളനക്കമില്ലാത്തതു മനസ്സിലാക്കി തമ്പി തിരിഞ്ഞുനോക്കി. അസ്ത്രം കണക്കെ പായുന്ന ഉമ്മർക്കയുടെ കൈലിമുണ്ട് മാത്രമേ കണ്ടുള്ളൂ.

കവുങ്ങിന്റെ കടയ്ക്കൽ വീണ ശെയ്ത്താൻ പ്രയാസപ്പെട്ടു എഴുന്നേറ്റുനിന്നു. ബോധക്കേടിന്റെ വക്കിലെത്തി നിൽക്കുകയായിരുന്നിട്ടും ശെയ്ത്താന്റെ തോളിൽ തൂങ്ങുന്ന ഏതാനും അടയ്ക്കകുലകൾ തമ്പി കണ്ടു. കറുത്ത തുണികൊണ്ടു മുഖം മറച്ചിരുന്ന ശെയ്ത്താൻ തമ്പിയെ നോക്കിച്ചിരിച്ചു.

“കികികികി……”

‘എന്നെ പിടിച്ചോടാ’ എന്ന അപേക്ഷയോടെ ബോധം കെട്ടു തമ്പി നിലത്തുവീണു.

നാലാം ഭാഗം: ശെയ്ത്താൻ

മാഷ്‌ഷേയ്…. മാഷേ”

പരമുമാഷ് മയക്കത്തിൽ നിന്നുണർന്നു. കടയിലേക്കു തമ്പി വരുന്നു. എത്തിയപാടെ കടയ്ക്കു സമീപം അടിച്ചുകൂട്ടിയിരുന്ന ചവറുകൂനയിലേക്കു മുറുക്കാൻ തുപ്പി. സംസാരിക്കാൻ തയ്യാറെടുക്കുന്നതിന്റെ ആദ്യപടി.

പരമുമാഷ് ആവേശഭരിതനായി. തമ്പിയുമായി സംസാരിക്കുന്നതിലും ഇന്ററസ്റ്റിങ്ങായ ഒരു സംഗതിയും നാട്ടിലില്ല. ആമുഖമായി പരമുമാഷ് ഒന്നു പരിഭവിച്ചു. “എവിട്യത് മാൻ, കാണാങ്കൂടി കിട്ടണില്ലല്ലാ”

തമ്പി നെറ്റിയിൽ കൈവച്ചു വ്യാജമായി പരിഭവിച്ചു. “ബിസ്യാ മാഷേ അക്രമ ബിസി”

പരമുമാഷ് ഒരു ഗ്ലാസ് വെള്ളം കൊടുത്തു. തമ്പി വായകഴുകി പറച്ചിൽ തുടങ്ങി.

“മാഷേ, ഇന്നലെ ഒരു സംഭവം ഇണ്ടായി”

മാഷ് കാതുകൂർപ്പിച്ചു. തമ്പി ഇടപെട്ടിട്ടുള്ള സംഭവങ്ങളെല്ലാം സത്യത്തിൽ ‘സംഭവം’ തന്നെയായിരിക്കുമെന്നു അദ്ദേഹത്തിനു അറിയാം.

തമ്പി പറഞ്ഞു. “ഇന്നലെ ഞാനും നമ്മടെ ഉമ്മർക്കേം കൂടി ഒരു ശെയ്ത്താനെ വെടിവച്ചു തരിപ്പണാക്കി”

പരമുമാഷ് ഉദ്വേഗം കൊണ്ടു. “ശെയ്ത്താനോ!”

“അതെ മാഷെ, ഒന്നാന്തരം ശെയ്ത്താൻ. നമ്മടെ തീരദേശം തോട്ടത്തിലാ കണ്ടേ. ഞങ്ങ വെടിവയ്ക്കാൻ പോയതായിരുന്നു. കള്ളവെടി അല്ലാട്ടാ. കൊക്കിനെ വെയ്ക്കണ വെട്യേ”

“എന്നട്ട്?”

“ഞങ്ങ കൊക്കിനെനോക്കി അങ്ങനെ നടക്കുമ്പോ എന്താ കാണണേ. ഒരു കവുങ്ങിന്റെ കടയ്ക്കൽ ചാക്കുചരട് കെട്ടീര്ക്കണ്. ആ കവുങ്ങിന്റെ മണ്ടയാണെങ്കി അങ്ങടുമിങ്ങടും ആടേം ചെയ്യണ്. വേറൊരു കവുങ്ങിനും ആട്ടല്ല്യാ. ഈ ഒരെണ്ണത്തിനു മാത്രം. സംഗതി കണ്ടപ്പോത്തന്നെ ഉമ്മർക്ക് മനസ്സിലായി, അത് ശെയ്ത്താന്റെ പണ്യാന്ന്. പുള്ളി ഉറുക്കീപ്പിടിച്ച് മന്ത്രിച്ച് ഒറ്റവെടി. അതോടെ കവുങ്ങിന്റെ ആട്ടം നിന്നു. രണ്ടാമത്തെ വെടിയ്ക്കു മുമ്പേതന്നെ ശെയ്ത്താൻ കവുങ്ങീന്നെറങ്ങി ഓടി”

തമ്പി പറഞ്ഞു നിർത്തി. അപ്പോൾ ഉമ്മർക്കയുടെ മൂത്ത കുട്ടി കടയിൽ വന്നു. “മാഷേ, രണ്ട് ക്രോസിൻ”

തമ്പി അന്വേഷിച്ചു. “ആർക്കാ?”

കുട്ടി പറഞ്ഞു. “ഉപ്പാക്ക് ഇന്നലെ രാത്രി മൊതൽ നല്ല പനി”

ഗുളിക വാങ്ങി കുട്ടി പോയി. പരമുമാഷ് കടയിലേക്കു ആരോ വരുന്നതുകണ്ട് തമ്പിയോടു കടയുടെ അടുത്തെവിടെയെങ്കിലും പതുങ്ങാൻ പറഞ്ഞു. കാര്യം മനസ്സിലായില്ലെങ്കിലും തമ്പി ആഗതൻ കാണാതെ ഒളിച്ചുനിന്നു.

കവച്ചുകവച്ചു നടന്നുവന്ന ജയൻ കടയിലെത്തിയ പാടെ വിളിച്ചു ചോദിച്ചു.

“മാഷ്‌ഷേയ്…. മാഷ്‌ഷേ. അടയ്ക്കക്ക് എന്താ വെല?”

ഒളിച്ചുനിന്നിരുന്ന തമ്പി ഞെട്ടി. അടയ്ക്ക കുലയുമായി നിവർന്നു നിൽക്കുന്ന ഒരു രൂപം ഓർമയിലെത്തി. ശെയ്ത്താൻ!

Featured Image: – YouTube.com


4 Replies to “അടയ്ക്ക ബിസിനസ് – 2”

 1. “അത്രല്ലേയൊള്ളൂ” ഉമ്മർക്ക തുടർന്നു. “ഇനി പറ. എന്തിനും പോന്ന മനുഷേന്മാരാണ് നിന്റെ വീട്ടിൽക്ക് വന്നതെങ്കി അവരെന്താ ചെയ്യാ?”

  ആലോചിച്ചപ്പോൾ തമ്പിയ്ക്കും അപകടം മനസ്സിലായി. “അവര് കാശ് ചോദിക്കും”

  ഉമ്മർക്ക തീർത്തു പറഞ്ഞു. “അതന്നെ കാര്യം. ശെയ്ത്താന്മാര് കൂടിവന്നാ ജീവനെടുക്കേയുള്ളൂ. കാശ് ചോദിക്കില്ല. മനുഷേന്മാർക്കാണെങ്കീ കാശേ വേണ്ടൂ”

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂

  സ്നേഹത്തോടെ
  സുനിൽ ഉപാസന

അഭിപ്രായം എഴുതുക