നിർവാണ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.“But what, Oh Master, is the source, what the cause of things being dear and not dear, what gives birth to these feelings, how do they come to be? What being present, do we so feel, and what being absent, do we not so feel?”

“Desire, Oh Sakka, is the source and cause of things being dear or not dear, this is what gives birth to such feelings, this is how they come to be. If desire be present, things become dear and not dear to us; if it be absent, things are no more felt as such”

– Sakka-Panha, Dialogues of Buddha

സഞ്ജയൻ താമസിക്കുന്നത് അഞ്ചുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ്. ആദ്യം കെട്ടിടത്തിനു നാലു നിലകളേ ഉണ്ടായിരുന്നുള്ളൂ. അഞ്ചാംനില പണികഴിപ്പിച്ചത് സഞ്ജയൻ താമസം തുടങ്ങിയ ശേഷമാണ്. പണക്കൊതി മൂലം ഉടമസ്ഥൻ ഒരുനില കൂടി പണിയാൻ തീരുമാനിച്ചപ്പോൾ സഞ്ജയൻ എതിർത്തു. കെട്ടിടത്തിനു ബലക്ഷയമുണ്ട്, സാഹസങ്ങൾ അരുത് എന്ന വാദങ്ങൾ ഉടമസ്ഥൻ ചെവിക്കൊണ്ടില്ല. സുരക്ഷയെപ്പറ്റി ആശങ്ക ഉണ്ടെങ്കിൽ മുറി ഒഴിഞ്ഞുകൊള്ളാൻ പറഞ്ഞു. സഞ്ജയനു പോകാൻ വേറെ ഇടങ്ങൾ ഉണ്ട്. എങ്കിലും മുറിയിലെ സാധനസാമഗ്രികൾ എല്ലാം കെട്ടിപ്പെറുക്കിയുള്ള യാത്രക്കാര്യം ഓർത്തപ്പോൾ വേണ്ടെന്നുവച്ചു. കൂടാതെ നഗരത്തിൽ കുറഞ്ഞ വാടകയ്ക്കു വേറെ സ്ഥലം കിട്ടുന്നതും ബുദ്ധിമുട്ടായിരുന്നു. ഇവിടെ രണ്ടു കൊല്ലത്തെ ലീസ് ആണ് എടുത്തിരിക്കുന്നത്. ഇക്കാലയളവിൽ വാടക വേണ്ട. പക്ഷേ കെട്ടിടത്തിലെ മറ്റു താമസക്കാർ വാടകക്കാരാണ്. ഓരോ പത്തു മാസം കൂടുമ്പോഴും അവർക്കു 1000 – 1500 രൂപ വാടക കൂടുന്നുണ്ട്. ലീസ് എടുത്ത കാലയളവിൽ പരിതാപകരമായ അവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥൻ ഇപ്പോൾ പണക്കാരനാണ്. സ്വാധീനശക്തിയും ആവശ്യത്തിനുണ്ട്. തന്നെ ഇറക്കിവിടാൻ ഉടമസ്ഥനു താല്പര്യമുണ്ടെന്നു സഞ്ജയനു അറിയാം. എങ്കിലും അതിനു വഴങ്ങേണ്ടെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.

നഗരത്തിൽ വലിയ കെട്ടിടങ്ങൾ ഇല്ലാത്ത ഏരിയയിലാണ് സഞ്ജയൻ പാർക്കുന്നത്. നാലു നിലകളുള്ള കെട്ടിടങ്ങൾ വേറെ മൂന്നെണ്ണമേ ഉള്ളൂ. ഒരെണ്ണം അരികെയും മറ്റു രണ്ടെണ്ണം കാണാവുന്നത്ര ദൂരെയും. കെട്ടിടത്തിനു അഞ്ചാംനില വന്നതോടെ സജ്ഞയൻ താമസം അവിടേക്കു മാറ്റി. അതിനു പ്രത്യേക കാരണമുണ്ട്. എല്ലാദിവസവും സന്ധ്യയ്ക്കു ടെറസ്സിലിരുന്നു കാറ്റുകൊള്ളുന്നത് സഞ്ജയന്റെ ശീലമാണ്. വേനൽകാലത്തു സഹിക്കാനാകാത്ത ചൂടുമൂലം, രാത്രിയിൽ തലയിണയും പായയുമായി വന്നു ടെറസ്സിൽ കിടന്നുറങ്ങുകയും ചെയ്യും. വേറെ താമസക്കാർ ടെറസ്സിൽ കിടക്കാൻ വന്നാൽ സഞ്ജയൻ സമ്മതിക്കില്ല. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ താമസിക്കുന്നവന്റെ സ്വന്തമാണ് ടെറസ്സ് എന്നു അദ്ദേഹം ദൃഢമായി വിശ്വസിച്ചു.

സന്ധ്യാസമയത്തു ടെറസ്സിലിരിക്കുമ്പോൾ ചുറ്റുമുള്ള വീടുകളേയും, വീട്ടുകാരേയും, വഴിയിലൂടെ പോകുന്നവരേയും നിരീക്ഷിക്കുക സഞ്ജയന്റെ സ്ഥിരം വിനോദമായിരുന്നു. കെട്ടിടത്തിനു അഞ്ചാം നിലയായതോടെ കാഴ്ചകൾക്കു കൂടുതൽ മിഴിവ് കിട്ടി. കുറച്ചുകൂടി സ്ഥലങ്ങളും അവിടത്തെ അന്തേവാസികളും നിരീക്ഷണപരിധിയിൽ വന്നു. അവയിൽ പ്രധാനപ്പെട്ടതായിരുന്നു ബാറ്റ കമ്പനിയുടെ ഒരു ഷോറൂമും, ഷോറൂമിനു കുറച്ചകലെയുള്ള ചെരുപ്പുകുത്തിയുടെ കടയും. ഇതെല്ലാം നോക്കിക്കാണാൻ സഞ്ജയൻ പുതിയൊരു ബൈനോക്കുലർ വാങ്ങി.

അല്ലറ ചില്ലറ കുത്തിക്കുറിപ്പുകൾ അല്ലാതെ സഞ്ജയനു ജോലി ഒന്നുമില്ല. ഇരുപത്തിമൂന്നാം വയസ്സിൽ സിനിമ സ്ക്രിപ്റ്റുകൾ എഴുതിത്തുടങ്ങി. കൃത്യമായി പറഞ്ഞാൽ മിമിക്രി ആർട്ടിസ്റ്റുകൾ സിനിമയിൽ വ്യാപകമായി സാന്നിധ്യം അറിയിച്ച നാളുകളിൽ. അക്കാലത്തു ടൈപ്പിക്കൽ കോമഡി ചേരുവകൾ കലർത്തി കുറേ തിരക്കഥകൾ എഴുതി. ഒന്നും ക്ലച്ച് പിടിച്ചില്ല. ഇപ്പോൾ പ്രായം മുപ്പത്താറായി. എന്നിട്ടും എഴുത്തും ക്ലച്ചും പഴയപടി തന്നെ. ജോലിയില്ലെങ്കിലും സഞ്ജയൻ വലിയ സ്വത്തിനു ഉടമയാണ്. അതിനാൽ ചെലവുകൾക്കു പണമുണ്ട്. ചിലവുകൾ എന്നുപറയാൻ കാര്യമായി ഒന്നുമില്ല. മൂന്നുനേരം ചോറും കറിയും, രണ്ടുനേരം ചായയും കിട്ടിയാൽ സഞ്ജയൻ ഹാപ്പി. എല്ലാ സിനിമകളും വിടാതെ കാണും. അതാണ് ഏക ദുശ്ശീലം.

ബൈനോക്കുലറിന്റെ പരിധിയിൽ ചെരുപ്പുകുത്തിയുടെ കട വന്നതോടെ സജ്ഞയന്റെ നിരീക്ഷണങ്ങൾക്കു പുതിയ മാനം കൈവന്നു. ചെരുപ്പുകുത്തിയുടെ കട നിരീക്ഷിക്കുന്നതിനു മുമ്പ്, ചില വീടുകളേയും അതിലെ അന്തേവാസികളേയും നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, അവരിൽ ഒരാളായി സ്വയം സങ്കൽപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ചെരുപ്പുകുത്തിയുടെ കട നിരീക്ഷിക്കുമ്പോൾ താൻ ഇരിയ്ക്കുന്നത് ടെറസ്സിലല്ല, മറിച്ചു ചെരുപ്പുകടയുടെ ഉള്ളിലാണെന്നു സഞ്ജയനു തോന്നിത്തുടങ്ങി. ചെരുപ്പുകുത്തിയോടും കടയോടും അത്രയേറെ തദാമ്യം പ്രാപിക്കാൻ കഴിഞ്ഞു. നിരന്തര നിരീക്ഷണത്തിലൂടെ ചെരുപ്പുകൾ റിപ്പയർ ചെയ്യുന്ന രീതികളും ഏറെക്കുറെ മനസ്സിലാക്കിയെടുത്തു. പ്രാക്ടിക്കൽ പരിചയം കൂടിയുണ്ടെങ്കിൽ സഞ്ജയനും ചെരുപ്പുകുത്തിയാകാമെന്ന നില.

ചെരുപ്പുകുത്തിക്കു ഒരുപാടു കസ്റ്റമേഴ്സ് ഉണ്ടായിരുന്നു. കടയുടെ അടുത്തുള്ള ബസ്‌സ്റ്റോപ്പിൽനിന്നു നിരവധി ആളുകൾ ദിവസവും ചെരുപ്പ് നന്നാക്കി കിട്ടാൻ എത്തി. രാവിലേയും വൈകുന്നേരവും പീക്ക് ടൈമാണ്. കസ്റ്റമേഴ്സിനെ കൂടാതെ ചെരുപ്പുകട സന്ദർശിക്കുന്നത് ചെരുപ്പുകുത്തിയുടെ സുഹൃത്തുക്കളാണ്. എല്ലാ ദിവസവും വൈകുന്നേരം, ചിലപ്പോൾ ഉച്ചസമയത്തും, സുഹൃത്തുക്കൾ വരും. ചെരുപ്പുകൾ നന്നാക്കുന്നതിനിടയിൽ ചെരുപ്പുകുത്തി അവരോടു സംസാരിക്കും. ഇടയ്ക്കു പൊട്ടിച്ചിരിക്കും. ഇടയ്ക്കു ആശങ്കാകുലനാകും. അങ്ങിനെ വിവിധ ഭാവങ്ങളുടെ ആഘോഷങ്ങൾ. അതെല്ലാം സഞ്ജയൻ ബൈനോക്കുലറിലൂടെ നോക്കിക്കാണും. അവിടെ ചെന്നു അവരുടെ സംഭാഷണങ്ങളിൽ പങ്കുചേരാൻ മനസ്സാൽ ആഗ്രഹിക്കും. പക്ഷേ ഒരിക്കലും അതിനു തുനിഞ്ഞിട്ടില്ല. പരിചയമില്ലാത്ത ആളുകളോടു ഇടപഴകുന്നതിൽ പിന്നോക്കമാണെന്ന സ്വയംബോധ്യമാണ് കാരണം.

വൈകുന്നേരങ്ങളിൽ സഞ്ജയൻ നടത്താറുള്ള ചെരുപ്പുകട നിരീക്ഷണത്തിൽ കുൽദീപ് എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത് ആകസ്മികമായല്ല. കുൽദീപ് നിരവധി തവണ ചെരുപ്പുകട സന്ദർശിച്ച ശേഷമാണ്, ചെറുപ്പക്കാരനായ ഈ വ്യക്തിയെ താൻ ദിവസവും കാണാറുണ്ടല്ലോ എന്നു സജ്ഞയൻ ഓർത്തത്. ധാരാളം പേർ ദിവസവും വന്നുപോകുന്ന ചെരുപ്പുകടയിൽ ആരുടെയെങ്കിലും സാന്നിധ്യം ശ്രദ്ധിക്കപ്പെടണമെങ്കിൽ നിരവധി സന്ദർശങ്ങൾ ആവശ്യമാണ്. അതിനാൽ കുൽദീപ് പതിവുസന്ദർശകനായ ശേഷമാണ് സജ്ഞയന്റെ ശ്രദ്ധയിൽപ്പെട്ടത്. ബാറ്റ ഷോറൂമിനു പുറത്തുവച്ചു നടന്ന ഒരു അടികലശൽ അതിനു വഴിമരുന്നുമിട്ടു!

വൈകുന്നേരം അഞ്ചരയോടു അടുത്താണ് സംഭവം അരങ്ങേറിയത്. കടയിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്ന ചെരുപ്പുകുത്തിയെ നിരീക്ഷിക്കുമ്പോൾ, ചെരുപ്പുകുത്തിയും സുഹൃത്തുക്കളും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു ബാറ്റ ഷോറൂമിനു അടുത്തേക്കു കുതിക്കുന്നതു കണ്ടു. ഷോറൂമിനു മുന്നിൽ നല്ല ആൾക്കൂട്ടം. സെക്യൂരിറ്റി ജീവനക്കാർ നിലത്തുവീണു കിടക്കുന്ന ഒരാളെ തല്ലുന്നു. അതു കുൽദീപ് ആയിരുന്നു. നല്ല ആരോഗ്യമുള്ള കുൽദീപ് തിരിച്ചു തല്ലാതെ, എന്തൊക്കെയോ പുലമ്പി, ഷോറൂമിലേക്കു തള്ളിക്കയറാൻ മാത്രമേ ശ്രമിക്കുന്നുള്ളൂ. കുൽദീപിന്റെ കയ്യിൽ ഒരുജോടി ഷൂസ് ഉണ്ട്. അതു ഉയർത്തിക്കാട്ടിയാണ് സംസാരം. അടുത്തെന്നോ വാങ്ങിയ ഷൂവിന്റെ കേടുപാടിനെപ്പറ്റിയാണ് വഴക്കെന്നു തോന്നുന്നു. അരമിനിറ്റിനുള്ളിൽ ചെരുപ്പുകുത്തിയും സുഹൃത്തുക്കളും കുൽദീപിനെ സെക്യൂരിറ്റിക്കാരിൽ നിന്നു രക്ഷിച്ചു. ഷോറൂമിനു മുന്നിലെ ആൾക്കൂട്ടം പിരിഞ്ഞു പോയി. ബൈനോക്കുലറിലൂടെ നോക്കുമ്പോൾ ചെരുപ്പുകുത്തി വിവരങ്ങൾ ആരായുന്നതും, നിസംഗനായി കുൽദീപ് മറുപടി പറയുന്നതും സഞ്ജയൻ കണ്ടു. അടിയേറ്റു കുൽദീപ് അവശനായിരുന്നു. ചുണ്ടും കവിളും പൊട്ടിയൊലിക്കുന്നുണ്ട്. മിക്കദിവസവും കടയിൽ വരാറുള്ള കസ്റ്റമർ അല്ലേയെന്നു കരുതി ചെരുപ്പുകുത്തി ആശ്വസിപ്പിച്ചു. അരമണിക്കൂർ ചെരുപ്പുകടയിൽ ചെലവഴിച്ചശേഷം കുൽദീപ് പോയി.

പിറ്റേന്നു രാവിലെ സഞ്ജയന്റെ റൂമിന്റെ ഉടമസ്ഥൻ വന്നു. ലീസ് റദ്ദാക്കണമെന്നും, മറ്റു മുറികളിലെ താമസക്കാരെപ്പോലെ വാടക തരണമെന്നും സൂചിപ്പിച്ചു. സഞ്ജയൻ അതൊന്നും ചെവികൊണ്ടില്ല. ലീസ് എഗ്രിമെന്റ് കയ്യിലുള്ളതിനാൽ ഉടമസ്ഥനു തന്നെ അത്രയെളുപ്പത്തിൽ ഇറക്കിവിടാനാകില്ലെന്നു ഉറപ്പുണ്ട്. ഉടമസ്ഥൻ കുറേ തർക്കിച്ചശേഷം രോഷത്തോടെ ഇറങ്ങിപ്പോയി.

വൈകുന്നേരം ബൈനോക്കുലറുമായി ടെറസിൽ ഇരിക്കുമ്പോൾ പതിവു കാണാറുള്ള ഏതെങ്കിലും മുഖം അന്നു വന്നില്ലെങ്കിൽ അതു കുൽദീപ് ആയിരിക്കുമെന്നു സഞ്ജയൻ കണക്കു കൂട്ടിയിരുന്നു. ഇനി ചെരുപ്പുകുത്തിയുടെ കടയിലേക്കോ ബാറ്റ ഷോറൂമിലേക്കോ കുൽദീപിന്റെ സന്ദർശനം ഉടനെയൊന്നും പ്രതീക്ഷിക്കേണ്ടെന്നു തോന്നി. പക്ഷേ അതെല്ലാം തെറ്റിച്ചു, സഞ്ജയനെ അൽഭുതപ്പെടുത്തി, ബൈനോക്കുലറിൽ കുൽദീപിന്റെ മുഖം പതിഞ്ഞു. ചുണ്ടിലും കവിളിലും ബാൻഡേജ് ഉണ്ട്. രണ്ടുകയ്യിലും പുതിയ ഷൂവുമായി കുൽദീപ് ഇറങ്ങിവന്നതു തലേന്നു പൊതിരെ തല്ലുകിട്ടിയ  ബാറ്റ ഷോറൂമിൽ നിന്നല്ലാതെ മറ്റെവിടെ നിന്നുമല്ലായിരുന്നു. സെക്യൂരിറ്റികളെ ഗൗനിക്കാതെയുള്ള ആ ഇറങ്ങിവരവ് കണ്ടപ്പോൾ, തലേന്നത്തെ സംഭവങ്ങൾ അദ്ദേഹത്തിനു എത്രവേഗം മറക്കാൻ സാധിച്ചെന്നു സഞ്ജയൻ ആശ്ചര്യപ്പെട്ടു. ഷോറൂമിൽ നിന്നു ഇറങ്ങിവന്ന കുൽദീപ് നേരെ ചെരുപ്പുകുത്തിയുടെ കടയിലെത്തി. കുശലം ചോദിച്ചു. പുതുതായി വാങ്ങിയ ചെരുപ്പ് കാണിച്ചുകൊടുത്തു. ചെരുപ്പുകുത്തി അതു സൂക്ഷ്മം പരിശോധിച്ച് അഭിപ്രായം പറയുന്നതു കണ്ടു. കുൽദീപ് തികഞ്ഞ ഗൗരവത്തോടെ എല്ലാം കേട്ട ശേഷം പൈസ കൊടുത്തു ഇറങ്ങിപ്പോയി.

Read More ->  കടത്തുവഞ്ചിയും കാത്ത്

പിന്നീടുള്ള ഓരോ ദിവസവും ഈ രംഗങ്ങൾ ആവർത്തിച്ചു. എല്ലാ ദിവസവും ഒന്നോരണ്ടോ ജോടി ചെരുപ്പുകൾ വാങ്ങി കുൽദീപ് ചെരുപ്പുകടയിൽ വരും. ചെരുപ്പുകുത്തി അതു പരിശോധിച്ചു അഭിപ്രായം പറയും. കുൽദീപ് സന്തോഷത്തോടെ അമ്പതോ നൂറോ രൂപ സമ്മാനിക്കും. കുറച്ചുനാൾ കൂടി ഈ സംഭവപരമ്പര അവർത്തിച്ചപ്പോൾ സഞ്ജയനിലെ ആകാംക്ഷ മാനംമുട്ടി. അദ്ദേഹം അതിശയിച്ചു. ഒരാൾക്കു എന്തിനാണ് ഇത്രയധികം ചെരുപ്പുകൾ? സ്വയം ധരിക്കാനല്ലെന്നു തീർച്ച. കാരണം ഏതു വ്യക്തിയും ഒരു ചെരുപ്പ് ഒരു ദിവസം മാത്രം ധരിച്ചു ഉപേക്ഷിക്കുകയില്ലല്ലോ. കുൽദീപിനു ഒന്നുകിൽ സ്വന്തമായി ചെരുപ്പുകട ഉണ്ടായിരിക്കും. അല്ലെങ്കിൽ ഈ ചെരുപ്പുകൾ അനാഥാലയത്തിനോ മറ്റോ സംഭാവന ചെയ്യുന്നുണ്ടാകും. ഇനി ഇതൊന്നുമല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം.

ഏതാനും ആഴ്ചകൾ കഴിഞ്ഞു. കുൽദീപ് പതിവുകൾ ആവർത്തിച്ചുകൊണ്ടിരുന്നു. പിന്നെ മനസ്സിലെ ആകാംക്ഷ അടക്കാൻ സഞ്ജയനു കഴിഞ്ഞില്ല. ഒന്നുകിൽ കുൽദീപിനോടോ അല്ലെങ്കിൽ ചെരുപ്പുകുത്തിയോടോ സംസാരിക്കണം എന്നായി കാര്യങ്ങൾ. ചില ആകാംക്ഷകൾ അങ്ങിനെയാണ്. ശ്വാസം മുട്ടിച്ചുകളയും. പിറ്റേന്നു വൈകുന്നേരം പതിവ് ചിട്ടകൾ തെറ്റിച്ചു, കുളിച്ചൊരുങ്ങി സഞ്ജയൻ ബാറ്റ ഷോറൂമിലേക്കു നടന്നു.

ചെറിയ കവലയിലാണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. ഷോറൂമിനു എതിർവശത്തു നിന്നു കുറച്ചു ഇടത്തോട്ടു മാറിയാണ് ചെരുപ്പുകുത്തിയുടെ കട. സഞ്ജയനു ഷോറൂമിൽനിന്നു ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. പുറത്തേക്കു പോകുന്നത് അപൂർവ്വമായതിനാൽ കൈവശമുള്ള പാദരക്ഷകൾ എല്ലാം പുത്തനെപ്പോലെയാണ്. സഞ്ജയൻ ഷോറൂമിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ കുൽദീപ് എത്തി. അദ്ദേഹത്തെ കണ്ടപാടെ സേൽസ്മാൻ ഓടി വന്നു. കുൽദീപ് ഓരോജോടി ചെരുപ്പും പരിശോധിച്ച് വില അന്വേഷിച്ചു. ചെരുപ്പ് കാലിലിട്ടു പാകമാകുന്നുണ്ടോയെന്നു നോക്കി. പത്തോളം ചെരുപ്പുകൾ പരിശോധിച്ച ശേഷം അവയിൽനിന്നു രണ്ടെണ്ണം തിരഞ്ഞെടുത്തു. ബില്ല് പേ ചെയ്തു ഷോറൂമിൽനിന്നു ഇറങ്ങി. പിന്നാലെ സഞ്ജയനും. വൈകുന്നേരമായതിനാൽ ചെരുപ്പുകടയ്ക്കു അടുത്തുള്ള ബസ്‌സ്റ്റോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു. ബസ് കയറാൻ വന്ന ഒരാളാണെന്നു ഭാവിച്ചു സഞ്ജയൻ കടയ്ക്കു സമീപം നിന്നു. അവിടെ നിന്നാൽ ചെരുപ്പുകുത്തിയും കുൽദീപുമായുള്ള സംഭാഷണം കേൾക്കാം. സജ്ഞയൻ കാതുകൂർപ്പിച്ചു.

കുൽദീപ് പുതിയ ചെരുപ്പുകൾ നീട്ടി ചോദിച്ചു. “രംഗണ്ണാ ഈ ചെരുപ്പ് എങ്ങിനെ. മതിയാകുമോ?”

ചെരുപ്പിൽ ഓടിച്ചുനോക്കി രംഗണ്ണ എന്ന ചെരുപ്പുകുത്തി അലസമായി പറഞ്ഞു. “മതിയാകും”

കുൽദീപ് പരിഭവിച്ചു. “ശരിക്കും പരിശോധിക്ക് രംഗണ്ണാ. ഇന്നലെ മതിയാകുമെന്നു പറഞ്ഞ ചെരുപ്പ് പോരായിരുന്നു”

‘അതെയോ’ എന്നു അൽഭുതം ഭാവിച്ച് രംഗണ്ണ പുതിയ ചെരുപ്പുകൾ പരിശോധിക്കാൻ തുടങ്ങി.

“ഞാൻ കുഴപ്പമൊന്നും കാണുന്നില്ലല്ലോ കുൽദീപ്. ഇതു ധാരാളമാണ്. ശ്രമിച്ചുനോക്കൂ. ഇതും മതിയായില്ലെങ്കിൽ വേറെ വേണ്ടിവരും”

എന്നാൽ അങ്ങിനെ തന്നെ. കുൽദീപ് പോക്കറ്റിൽനിന്നു അമ്പതുരൂപ എടുത്തു കൊടുത്ത്, ചെരുപ്പുകളുമായി തിരിച്ചുപോയി.

കുൽദീപ് പോയ ഉടനെ സഞ്ജയൻ തന്റെ ചെരുപ്പിന്റെ ഒരുഭാഗം വലിച്ചുകീറി. പിന്നെ അതുമായി ചെരുപ്പുകടയിൽ എത്തി. തുന്നിക്കെട്ടാൻ നിർദ്ദേശിച്ചു. നൂൽ ഉപയോഗിച്ചു രംഗണ്ണ ചെരുപ്പ് തുന്നുമ്പോൾ സഞ്ജയൻ ആരാഞ്ഞു.

“ആ ചെറുപ്പക്കാരനെ കുറച്ചു ദിവസമായി കാണുന്നല്ലോ”

രംഗണ്ണ തുന്നുന്നത് നിർത്തി. “താങ്കൾ ആ ചെറുപ്പക്കാരനെ അറിയുമോ?”

“അങ്ങിനെയല്ല ഉദ്ദേശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ചെറുപ്പക്കാരൻ ഇവിടെ വന്നിരുന്നു എന്നു സൂചിപ്പിച്ചെന്നേയുള്ളൂ. ഞാൻ ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാണാറുണ്ട്”

രംഗണ്ണ ഒന്നുമൂളിയിട്ടു തുന്നൽ തുടർന്നു. സഞ്ജയൻ അന്വേഷിച്ചു. “ആ ചെറുപ്പക്കാരനെപ്പറ്റി താങ്കൾക്കു അറിയില്ലേ?”

രംഗണ്ണ അസ്വസ്ഥനായി. “ഞാൻ എങ്ങിനെ അറിയാനാണ്? ചോദിച്ചാൽ പറയില്ല. അദ്ദേഹത്തിനു ആകെക്കൂടി അറിയേണ്ടത് ചെരുപ്പുകൾ നല്ലതാണോ എന്നാണ്”

“പുതിയ ചെരുപ്പുകൾ എല്ലാം നല്ലതായിരിക്കില്ലേ, പിന്നെന്തിനു ചോദിക്കുന്നു”

“അതു ശരിയാണ്. പക്ഷേ ചെറുപ്പക്കാരനു അറിയേണ്ടത്, നീണ്ട വിഷമകരമായ യാത്രകൾക്കു അദ്ദേഹം കൊണ്ടുവരുന്ന ചെരുപ്പുകൾ ഉത്തമമാണോ എന്നാണ്”

സഞ്ജയനു ആകാംക്ഷയായി. “എന്നിട്ട്?”

“എന്നിട്ടെന്താ, നല്ല ചെരുപ്പാണ് എന്നു പറഞ്ഞാൽ എനിയ്ക്കു അമ്പതോ നൂറോ രൂപ തന്നിട്ടു പോകും. ചെരുപ്പ് പോര എന്നു പറഞ്ഞാൽ പ്രശ്നമാകും. അങ്ങിനെ പറഞ്ഞ ദിവസം ഷോറൂമിൽ പോയി തല്ലുണ്ടാക്കി. അതിനുശേഷം എല്ലാ ദിവസവും നല്ല ചെരുപ്പായാലും ചീത്ത ചെരുപ്പായാലും, നല്ല ചെരുപ്പാണ് എന്നേ ഞാൻ പറയാറുള്ളൂ”

“ഈ ചെറുപ്പക്കാരൻ എവിടേക്കാണ് ദിവസവും യാത്ര ചെയ്യുന്നത്. അതും ഓരോ ദിവസവും പുതിയ ചെരുപ്പ് ധരിച്ചുകൊണ്ട്?”

“പാലം കടന്നു അക്കരയിലേക്കു പോവുകയാണെന്നാണ് പറയുക”

“എത് പാലം? ഈ ഭാഗത്തൊന്നും നദികൾ ഇല്ലല്ലോ”

രംഗണ്ണ പറഞ്ഞു. “വല്ല തൂക്കുപാലമോ മറ്റോ ആകും. കുറച്ചകലെ ഒരെണ്ണമുണ്ടല്ലോ. ചിലപ്പോൾ അതാകാം”

രംഗണ്ണൻ ചെരുപ്പ് തുന്നിത്തീർത്തു. പൈസ കൊടുത്തു സഞ്ജയൻ തിരിച്ചുപോന്നു.

പിറ്റേന്നു രാവിലെ റൂമിന്റെ ഉടമസ്ഥൻ വീണ്ടും വന്നു. കൂടെ രണ്ടുപേരും. അവർ ‘റൂം നോക്കാൻ വന്നവർ ആണത്രെ’.  ഒന്നു രണ്ടും പറഞ്ഞു വഴക്കായി. ലീസ് കാലയളവ് കഴിയാതെ റൂം ഒഴിയില്ലെന്നു സഞ്ജയൻ തീർത്തുപറഞ്ഞു. അതിനുമുമ്പ് ഒഴിപ്പിക്കാൻ വേണ്ടതു ചെയ്യുമെന്നു ഉടമസ്ഥനും ശപഥം ചെയ്തു.

ഏതാനും ദിവസങ്ങൾ പിന്നേയും കഴിഞ്ഞു. കുൽദീപിന്റെ ഷോറൂം സന്ദർശനവും രംഗണ്ണയുടെ സാക്ഷ്യപ്പെടുത്തലും മുറപോലെ നടന്നു. അതോടെ സജ്ഞയൻ തീരുമാനമെടുത്തു. കുൽദീപുമായി സംസാരിക്കണം. തെറ്റായ ധാരണകൾ മാറ്റിയെടുക്കാൻ കഴിയുമെങ്കിൽ അങ്ങിനെ ചെയ്യണം. ആ ഉദ്ദേശത്തോടെ സഞ്ജയൻ പിറ്റേന്നു ബാറ്റ ഷോറൂമിലേക്കു ചെന്നു. പർച്ചേസിങ്ങ് കഴിഞ്ഞു കുൽദീപ് ഇറങ്ങിവരുമ്പോൾ കൂടെ കൂടി. ബാറ്റ ഷോറൂമിലെ ചെരുപ്പുകളുടെ നിലവാരം, വില എന്നിവയെപ്പറ്റി അന്വേഷിച്ചു. കുൽദീപ് മറുപടി തന്നു. ഒടുവിൽ തന്ത്രപൂർവ്വം പറഞ്ഞു.

“ഞാൻ പണ്ട് ഒരു ലെതർ ഫാക്ടറിയിൽ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു പറയുകയാണ്, താങ്കളുടെ കയ്യിലുള്ള ഈ ചെരുപ്പിന്റെ നിലവാരം വളരെ താഴെയാണ്. ലെതർ ശരിയല്ല”

കുൽദീപ് ഞെട്ടി. സജ്ഞയനോടു തിരിച്ചു ചോദിച്ചു. “നീണ്ട യാത്രയ്ക്കു അനുയോജ്യമല്ലേ?”

“സംശയമാണ്”

കുൽദീപിന്റെ മുഖത്തു ക്രൗര്യം വ്യാപിച്ചു. അടുത്ത പോക്ക് ഷോറൂമിലേക്കു ആയിരിക്കാമെന്നു പേടിച്ചു സജ്ഞയൻ പറഞ്ഞു.

“പക്ഷേ ഉറപ്പല്ല. റോഡിന്റെ ഗുണം പോലെയിരിക്കും ചെരുപ്പിന്റേയും ഗുണം എന്നു കേട്ടിട്ടില്ലേ”

കുൽദീപ് ശാന്തനായി. സഞ്ജയൻ ചോദിച്ചു. “എവിടേക്കാണ് യാത്ര?”

കുൽദീപ് സങ്കോചമില്ലാതെ പറഞ്ഞു. “പാലം കടന്നു അക്കരയിലേക്കാണ്”

സഞ്ജയൻ സംസാരം തുടരാനായുമ്പോൾ കുൽദീപ് ക്ഷണിച്ചു. “താങ്കൾ എന്റെ കൂടെ മുറിയിലേക്കു വരൂ. അവിടെയുള്ള കുറച്ചു ലെതർ ചെരുപ്പുകളുടെ ശരിയായ നിലവാരം എനിക്കു അറിയണമെന്നുണ്ട്”

കുൽദീപിന്റെ രീതികൾ അത്യധികം ആകർഷിച്ചിരുന്നതിനാൽ സഞ്ജയൻ ക്ഷണം നിരസിച്ചില്ല. റൂമിലേക്കു നടക്കുമ്പോൾ കുൽദീപ് വാചാലനായി.

“താങ്കൾക്കറിയുമോ, നമ്മുടെ ജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത് എന്താണെന്ന്? അതു ചെരുപ്പുകളാണ്. നല്ലതും ചീത്തയും, യോജിക്കുന്നതും യോജിക്കാത്തതുമായ ചെരുപ്പുകൾ. ജീവിതം അനന്തമായ യാത്രയാണെന്നു സങ്കൽപ്പിച്ചാൽ, ആ യാത്ര തരണംചെയ്യാൻ നമുക്കു നല്ല ചെരുപ്പുകൾ ഉണ്ടായേ തീരൂ. ഞാൻ ആ യാത്രയിലാണ്. എനിക്കു ചുറ്റും ഞാൻ കാണുന്നതെന്തെന്നോ? ഉരഞ്ഞു തേഞ്ഞതും, വള്ളി പൊട്ടിയതുമായ ചെരുപ്പുകളുടെ നിരവധി കൂമ്പാരങ്ങൾ. ഒരുപാട് പേർ യാത്ര വിജയകരമായി പൂർത്തിയാക്കിയില്ല എന്നതിന്റെ പ്രത്യക്ഷ തെളിവ്. ചെരുപ്പിന്റെ ഉടമകൾ എങ്ങോ മറഞ്ഞു. പക്ഷേ തീർച്ചയാണ്, അവർ ഇനിയും വരും. വരുന്ന കാലത്തു പുതിയ ചെരുപ്പുമായി, പുതിയ മേലങ്കിയിൽ അവർ എത്തും. നല്ല ചെരുപ്പുകളുടെ ഉടമകൾ യാത്ര പൂർത്തീകരിക്കും. അവർ ഭാഗ്യവാന്മാർ”

സജ്ഞയൻ എല്ലാം മൂളിക്കേട്ടു ഒന്നും മിണ്ടാതെ നടന്നു. ഇരുവരും കുൽദീപിന്റെ മുറിയിൽ എത്തി. അതൊരു വലിയ ഫ്ലാറ്റായിരുന്നു. നല്ല രീതിയിൽ എല്ലാം സജ്ജീകരിച്ചിരിക്കുന്നു. എല്ലാം എന്നു പറയാനില്ല. ആ ഫ്ലാറ്റിൽ ചെരുപ്പുകൾ മാത്രമേ കണ്ടുള്ളൂ.ബാറ്റ ഷോറൂമിനെ പോലുള്ള മൂന്നുകടകൾ തുടങ്ങാൻ മാത്രമുള്ള ചെരുപ്പുകൾ ഫ്ലാറ്റിലുണ്ടായിരുന്നു. അവ സൂക്ഷിക്കാൻ ഒരാളേക്കാളും പൊക്കമുള്ള പ്രത്യേക സ്റ്റാൻഡുകളും. അവയിൽ ചെരുപ്പുകൾ ഭംഗിയായി ഒതുക്കിവച്ചിരിക്കുന്നതു കാണാൻ പ്രത്യേക ഭംഗിയുണ്ട്. തൊട്ടടുത്ത മുറിയിൽ കുറേ ചെരുപ്പുകൾ കൂട്ടം കൂട്ടിയിട്ടിരിക്കുന്നതു കണ്ട് സജ്ഞയൻ കുൽദീപിനോടു ചോദിച്ചു.

Read More ->  ടിൻഫാക്ടറി ജംങ്ഷനിലെ യാചകൻ

“അതെന്താണ്, അവ വയ്ക്കാൻ സ്റ്റാൻഡുകൾ ഇല്ലേ”

കുൽദീപ് പറഞ്ഞു. “അതുകൊണ്ടല്ല. ആ ചെരുപ്പുകൾ ഉപയോഗശൂന്യമാണ്. അവ ഉപയോഗിച്ച് എനിക്കു പാലം കടക്കാനായില്ല”

കുൽദീപ് കിച്ചണിലേക്കു നടന്നു. പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെ ഒച്ചകേട്ടു. ചായ ഉണ്ടാക്കുകയായിരിക്കണം. സഞ്ജയൻ ചെരുപ്പ് സ്റ്റാൻഡുകൾക്കു ഇടയിലൂടെ നടന്നു. ബ്രാൻഡ് തിരിച്ച് ചെരുപ്പുകൾ അടുക്കിവച്ചിരിക്കുന്നത് വിലയുടെ അവരോഹണക്രമത്തിൽ ആണ്. ദിവസേന അക്കരയ്ക്കു പാലത്തിലൂടെ സഞ്ചരിക്കുമെന്നു പറഞ്ഞിട്ടും, സ്റ്റാൻഡിൽ വയ്ക്കാത്ത, കൂട്ടം കൂട്ടിയിട്ടിരിക്കുന്ന ചെരുപ്പുകൾ ഒരുതവണയെങ്കിലും ഉപയോഗിച്ചതായി തോന്നിയില്ല. ഈ വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചപ്പോൾ കുൽദീപ് വിശദീകരിച്ചു.

“ചെരുപ്പ് ധരിച്ചു പാലത്തിലൂടെ അക്കരയ്ക്കു പോകുമെന്നു പറഞ്ഞത് താങ്കൾ തെറ്റായ അർത്ഥത്തിൽ എടുത്തിരിക്കുകയാണ്. പാലത്തിലൂടെ അക്കരയ്ക്കു നടക്കുമ്പോൾ ഞാൻ ഗാഢനിദ്രയിൽ ആയിരിക്കും”

സഞ്ജയൻ അൽഭുതപരതന്ത്രനായി. “ഉറക്കത്തിലോ!”

“അതെ ഉറക്കത്തിൽ തന്നെ. അക്കരയിലേക്കുള്ള എന്റെ യാത്ര മാനസികമായാണ്, ശാരീരികമായല്ല. ശരീരം കിടയ്ക്ക വിട്ടു എങ്ങോട്ടും പോകുന്നുമില്ല”

“അപ്പോൾ ചെരുപ്പുകൾ എന്തിനാണ്?”

“പുതിയ ചെരുപ്പ് ധരിച്ചാണ് ഞാൻ ഉറങ്ങാൻ പോകുന്നത്”

“ഉറക്കത്തിൽ യാത്ര നടക്കുന്നുണ്ടെന്നു താങ്കൾ എങ്ങിനെ അറിയും?” സജ്ഞയൻ ചോദിച്ചു.

“എനിക്കറിയാം. ഒരു സ്വപ്നമായാണ് ഞാൻ യാത്ര ചെയ്യുന്നത്. എല്ലാ ദിവസവും സ്വപ്നം ആവർത്തിക്കപ്പെടും. സ്വപ്നത്തിന്റെ തുടക്കവും മുന്നേറ്റവും എന്നും വിവിധ രീതികളിലായിരിക്കുമെങ്കിലും അവസാനം എല്ലായ്പ്പോഴും അക്കരയിലേക്കു പോകുന്ന പാലത്തിലായിരിക്കും. ഒരാൾക്കു കഷ്ടിച്ച് നടന്നുപോകാൻ മാത്രം വീതിയുള്ള പാലം. പാലത്തിനു കൈവരിയില്ല. താങ്ങി നിർത്താൻ തൂണുകളുമില്ല. പാലം ആകാശത്തിൽ എങ്ങിനെയോ തൂങ്ങിനിൽക്കുന്നു എന്നേ പറയാനാകൂ. പാലത്തിനു താഴെ നദിയാണ്. നല്ല ഒഴുക്കുള്ള നദി. കുറേ മനുഷ്യരും അവർ ധരിച്ച ചെരുപ്പുകളും നദിയിലൂടെ ഒഴുകിപ്പോകുന്നതു എപ്പോഴും കാണാം. യാത്രയിൽ പരാജയപ്പെട്ടവരാണ് അവർ. നദിയിലേക്കു നോക്കിയാൽ അക്കരയിൽ എത്തണമെന്ന സഞ്ചാരിയുടെ നിശ്ചയത്തിനു ചാഞ്ചല്യം വരും. അതുകൊണ്ടു നദിയിലേക്കു നോക്കരുതെന്നു നടത്തത്തിനിടയിൽ ഞാൻ ആവർത്തിച്ച് ആവർത്തിച്ചു ഉറപ്പിക്കും. പക്ഷേ എന്തുകൊണ്ടാണെന്നറിയില്ല, അറിയാതെ നോക്കിപ്പോകും. അപ്പോൾ ഞാൻ പാലത്തിൽനിന്നു നദിയിലേക്കു പതിക്കും. അതോടെ യാത്ര അവസാനിക്കും. ഞാൻ ഉറക്കം വിട്ടു എഴുന്നേൽക്കും”

സഞ്ജയൻ എല്ലാം കേട്ടു മിഴിച്ചിരുന്നു. കുൽദീപ് തുടർന്നു.

“സ്വപ്നം എന്നത് കുട്ടിക്കളിയല്ല. അത് കഴിഞ്ഞുപോയ കാലത്തേയും, ഒരുപക്ഷേ കഴിഞ്ഞ ജന്മത്തിലെ സംഭവങ്ങളേയും കൂടി നേരിട്ടോ അല്ലാതെയോ സൂചിപ്പിക്കുന്നുണ്ടെന്നാണ് പറയേണ്ടത്”

“അക്കരയിലേക്കുള്ള പ്രയാണത്തിനിടയിൽ താങ്കൾ എന്തിനാണ് താഴേക്കു നോക്കുന്നത്. നോക്കാൻ മാത്രം താഴെ നദിയും മനുഷ്യരുമല്ലാതെ മറ്റെന്തുണ്ട്?”

“നദിയിലൂടെ ഒഴുകുന്ന ചെരുപ്പുകൾ കാണാനാണ് നോക്കുന്നതെന്നു തോന്നുന്നു. കൂടാതെ യാത്രയ്ക്കിടയിൽ ഞാൻ ധരിച്ചിരിക്കുന്ന പുതിയ ചെരുപ്പ് കാണാനും ഇടയ്ക്കു ആശ ഉയരും. അപ്പോൾ നോക്കിപ്പോകും”

തുടർന്നു ഇരുവരും ഒന്നും മിണ്ടിയില്ല. സഞ്ജയൻ ചായകുടിച്ചു എഴുന്നേറ്റു. യാത്ര പറയുന്നതിനു മുമ്പ് കുൽദീപിനോടു തറപ്പിച്ചു പറഞ്ഞു.

“ഞാൻ കാര്യങ്ങൾ വിശകലനം ചെയ്തു നോക്കി. എനിക്കു തോന്നുന്നത് താങ്കൾ അക്കരയിൽ എത്താതിരിക്കാനുള്ള കാരണം മറ്റൊന്നുമല്ല, ധരിക്കുന്ന ചെരുപ്പുകൾ തന്നെയാണെന്ന്. ഈ നിരീക്ഷണം ചെരുപ്പിന്റെ ഗുണമേന്മയെ അടിസ്ഥാനമാക്കിയല്ല. കാരണം എത്ര മേന്മയുള്ള ചെരുപ്പും പ്രശ്നമുണ്ടാക്കുന്നതായാണ് കാണുന്നത്. അതിനാൽ ചെരുപ്പിന്റെ സാന്നിധ്യമാണ് പ്രശ്നം. മേന്മയോ ബ്രാൻഡോ അല്ല. ചെരുപ്പ് ധരിക്കാതെ അക്കരയിലേക്കു യാത്ര ചെയ്യുന്നതാണ് അഭികാമ്യം. അപ്പോൾ എല്ലാം ശുഭമായി കലാശിക്കും”

സഞ്ജയൻ പടിയിറങ്ങി. ഫ്ലാറ്റിന്റെ വാതിൽക്കൽ കുൽദീപ് ഇതികർത്തവ്യാമൂഢനായി നിന്നു.

സഞ്ജയന്റെ സന്ദർശനത്തിനു ശേഷമുള്ള ഒരാഴ്ച രംഗണ്ണയുടെ ചെരുപ്പുകടയിലേക്കു കുൽദീപ് വന്നില്ല. രണ്ടുദിവസം ചെരുപ്പുകട പരിസരത്തു ചുറ്റിപ്പറ്റി നിന്നെങ്കിലും കുൽദീപിനെ കണ്ടില്ല. ബാറ്റ ഷോറൂമിൽ അന്വേഷിച്ചപ്പോൾ വരവ് നിലച്ചതായി അറിഞ്ഞു. രംഗണ്ണനോടു കൂടുതൽ ചോദിക്കാൻ മിനക്കെട്ടില്ല. എല്ലാം നന്നായെന്നു സഞ്ജയൻ മനസ്സിൽ പറഞ്ഞു.

സഞ്ജയന്റെ റൂമിലേക്കു ഉടമസ്ഥൻ വീണ്ടും വന്നപ്പോൾ കൂടെ മൂന്ന് മല്ലന്മാരും ഉണ്ടായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ മുറി ഒഴിയണമെന്നു ഉടമസ്ഥൻ പറഞ്ഞു. തിരിച്ചു മറുപടി പറയാൻ തുടങ്ങുമ്പോഴേക്കും സഞ്ജയന്റെ മുഖത്തു അടിവീണു. മുതുകിലും വയറിലും വേറേയും. വെട്ടിക്കൊന്ന് ശവം ഓടയിൽ തള്ളുമെന്ന ഭീഷണിയും കിട്ടി. സഞ്ജയൻ വേഗം ലീസ് അഗ്രിമെന്റ് എടുത്തു കൊടുത്തു. ഉടമസ്ഥൻ അതു കുനുകുനെ കീറി കാറ്റിൽ പറത്തി.

വൈകുന്നേരം സഞ്ജയൻ രംഗണ്ണനെ കാണാൻ ചെന്നു. പുതിയ മുറി അന്വേഷണത്തിൽ അദ്ദേഹത്തിനു സഹായിക്കാൻ പറ്റിയേക്കും. കാര്യങ്ങൾ വിശദീകരിച്ച്, ഒരു വഴിതേടി, സഞ്ജയൻ രംഗണ്ണനെ ഉറ്റുനോക്കി.

രംഗണ്ണ പറഞ്ഞു. “സാറിന്റെ അന്വേഷിച്ച് അയാൾ വന്നിരുന്നു”

“ആര്?” സഞ്ജയൻ ചോദിച്ചു.

“ദിവസവും ചെരുപ്പ് വാങ്ങിയിരുന്ന ആ ചെറുപ്പക്കാരൻ”

“അപ്പോൾ അയാൾ ഇപ്പോഴും ചെരുപ്പുകൾ വാങ്ങുന്നുണ്ടോ”

“ഇല്ല. ഇന്നലെ വന്നത് വെറും കയ്യോടെയാണ്. സാറിനെ കണ്ടാൽ അന്വേഷിച്ചതായി പറയാൻ പറഞ്ഞു. സാധ്യമെങ്കിൽ അദ്ദേഹത്തിന്റെ മുറിയിൽ ചെല്ലാനും. അഡ്രസ്സ് സാറിനു അറിയാമത്രെ”

“അതെ. അഡ്രസ്സ് എനിക്കറിയാം”

“എങ്കിൽ അദ്ദേഹത്തെ ചെന്നുകാണൂ. ചിലപ്പോൾ ആ ഫ്ലാറ്റിൽ താമസിക്കാൻ പറ്റിയേക്കും. ഞാൻ അറിഞ്ഞിടത്തോളം, ആ ചെറുപ്പക്കാരൻ ഒറ്റയ്ക്കാണ് താമസം”

സഞ്ജയൻ ഇരുത്തി മൂളി. രംഗണ്ണ പറഞ്ഞത് നല്ല ആശയമാണ്. കുൽദീപ് എതിർത്തു പറയാൻ സാധ്യതയില്ല. എന്തെങ്കിലുമൊക്കെ പറഞ്ഞു പാട്ടിലാക്കാം. ഒരേയൊരു പ്രശ്നമുള്ളത് ചെരുപ്പുകളാണ്. ചെറുപ്പക്കാരൻ ബാറ്റ ഷോറൂമിൽനിന്നു ചെരുപ്പുവാങ്ങുന്നത് നിർത്തിയെങ്കിലും, മറ്റു കടകളിൽ വാങ്ങാൻ പോകാറില്ല എന്നതിനു ഉറപ്പൊന്നുമില്ല. മറ്റു കടകളിൽ പോയി വാങ്ങാറുണ്ടെങ്കിൽ ചെരുപ്പുകൾക്കു മുകളിൽ കിടന്നു ഉറങ്ങേണ്ടി വന്നേക്കാം. എന്തായാലും പോയിനോക്കുക തന്നെ. അങ്ങിനെ ഉറപ്പിച്ചു സഞ്ജയൻ കുൽദീപിന്റെ മുറിയിലേക്കു നടന്നു.

കോളിംഗ് ബെൽ അടിച്ച് വാതിൽക്കൽ കാത്തുനിൽക്കുമ്പോൾ മുൻസന്ദർശനത്തിൽ, മുറിക്കു പുറത്തു വാതിലിനു സമീപം കണ്ട ഷൂ സ്റ്റാൻഡ് അപ്രത്യക്ഷമായിരിക്കുന്നത് സജ്ഞയൻ ശ്രദ്ധിച്ചു. സാധാരണയായി ആരും മുറിക്കു പുറത്തു ഷൂ സ്റ്റാൻഡും അതിൽ ഷൂവും വയ്ക്കാറില്ല. കുൽദീപ് പക്ഷേ അതു ചെയ്തിരുന്നു. ചെരുപ്പുകളോടു ഭ്രമം ഉള്ളയാളായതിനാൽ അതിൽ അൽഭുതപ്പെട്ടില്ല.

കുൽദീപ് വാതിൽ തുറന്നു. ആഗതനെ കണ്ട് അമ്പരന്നു. ആദ്യത്തെ അമ്പരപ്പിനു ശേഷം ഒച്ചയുണ്ടാക്കാതെ ചിരിച്ചുകൊണ്ടു, സഞ്ജയനെ കെട്ടിപ്പിടിച്ചു. നിമിഷങ്ങളോളം നീണ്ട കെട്ടിപ്പിടുത്തം. ഇങ്ങിനെ അടുത്തു പെരുമാറാൻ മാത്രം എന്തുണ്ടായെന്നു സഞ്ജയൻ അതിശയപ്പെട്ടു. കുൽദീപ് അതിഥിയെ അകത്തേക്കു നയിച്ചു. ഫ്ലാറ്റിന്റെ ഉൾഭാഗം കണ്ടപ്പോൾ സഞ്ജയന്റെ ആശ്ചര്യം വർദ്ധിപ്പിച്ചു. നല്ല പൊക്കമുള്ള ചെരുപ്പുസ്റ്റാൻഡുകൾ നിറഞ്ഞിരുന്ന ഹാൾ ഇപ്പോൾ ശൂന്യമാണ്. സ്റ്റാൻഡ് പോയിട്ടു ഒരു ചെരുപ്പുപോലും എങ്ങുമില്ല.

സഞ്ജയൻ ചോദിച്ചു. “എന്തു പറ്റി?”

കുൽദീപ് ആഹ്ലാദത്തോടെ പറഞ്ഞു. “അക്കരയിൽ എത്തി”

“എപ്പോൾ”

“ഓർക്കുന്നില്ല”

“ഇനിയെന്നു ഇക്കരയിലേക്കു തിരിച്ചു വരും”

“തിരിച്ചുവരവ് എന്നൊന്ന് ഇല്ല”

“സ്വപ്നങ്ങളോ”

“അക്കരയിൽ സ്വപ്നങ്ങൾ ഇല്ല”

“ചെരുപ്പുകൾ?”

“ചെരുപ്പുകളും ഇല്ല. ചെരുപ്പുകൾ ഇല്ലെങ്കിലേ ഇവിടെ എത്തൂ. താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു”

സഞ്ജയൻ ചിരിച്ചു. “കുൽദീപ് അപ്പോൾ സന്തോഷത്തിലാണ്”

“അല്ല”

“എന്നാൽ സങ്കടത്തിൽ…”

“അല്ല”

“പിന്നെ എന്താണ്?”

“അറിയില്ല. വിവരണങ്ങൾക്കു അതീതമായ ഒന്നിൽ”

“ഒന്നും മനസ്സിൽ വരുന്നില്ലെന്നോ?”

“ഉണ്ട്. പക്ഷേ വരുന്നതെല്ലാം ക്ഷണനേരത്തിനുള്ളിൽ തെറ്റാണെന്നു ബോധ്യപ്പെടുന്നു”

“ഒന്ന് തെറ്റായാൽ, അതിന്റെ മറുവശം ശരി അല്ലേ? എന്താണത് പറയൂ”

“തെറ്റിന്റെ മറുവശം ശരി അല്ല. തെറ്റിന്റെ നിരാസമാണ് ശരി”

“എന്നുവച്ചാൽ….?”

“തെറ്റായ ഒരു വീക്ഷണം നിരസിച്ചു ചെയ്തുകഴിഞ്ഞാൽ നാം വേറെ ശരിയായ വീക്ഷണം അന്വേഷിക്കേണ്ടതില്ല. വേറെ ശരിയായ വീക്ഷണത്തിൽ എത്തുന്നുമില്ല. തെറ്റിന്റെ നിരാസം തന്നെയാണ് ശരിയായ വീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്നത്”

സഞ്ജയൻ സംസാരം നിർത്തി. കുൽദീപ് അടുക്കളയിൽ പോയി ചായയിട്ടു വന്നു. സഞ്ജയൻ റൂം സംബന്ധിച്ച കാര്യങ്ങൾ ചുരുക്കത്തിൽ അവതരിപ്പിച്ചു. കുൽദീപ് ചെറുമന്ദഹാസത്തോടെ പറഞ്ഞു.

“ഈ മുറിയിൽ താമസിക്കാൻ താല്പര്യമുണ്ടെങ്കിൽ സ്വാഗതം അരുളുന്നു, ഒരു വ്യവസ്ഥയോടെ”

സഞ്ജയൻ ഉൽകണ്ഠാകുലനായി. എന്തെങ്കിലും എതിർപ്പുകൾ?

കുൽദീപ് കൂട്ടിച്ചേർത്തു. “ചെരുപ്പുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല”

സഞ്ജയൻ സമ്മതമാണെന്നു തലയാട്ടി.


28 Replies to “നിർവാണ”

 1. “ഒന്ന് തെറ്റായാൽ, അതിന്റെ മറുവശം ശരി അല്ലേ? എന്താണത് പറയൂ”

  “തെറ്റിന്റെ മറുവശം ശരി അല്ല. തെറ്റിന്റെ നിരാസമാണ് ശരി”

  Blending 🙂

  എന്നും സ്നേഹത്തോടെ
  സുനിൽ ഉപാസന

 2. പണി ഇഷ്ടപ്പെട്ടു. ഈ വേറിട്ട വഴിയിലൂടെത്തന്നെ പോവുക. പാലം കടക്കാൻ വേറെ മാർഗ്ഗമില്ല.!!

 3. നല്ല കഥ

  “തെറ്റായ ഒരു വീക്ഷണം റെഫ്യൂട്ട് ചെയ്തുകഴിഞ്ഞാൽ നാം വേറെ ശരിയായ വീക്ഷണം അന്വേഷിക്കേണ്ടതില്ല. റെഫ്യൂട്ടേഷൻ തന്നെയാണ് ശരിയായ വീക്ഷണത്തെ പ്രതിനിധാനം ചെയ്യുന്നത്”

  നല്ല നിരീക്ഷണം

  (ചെരുപ്പ് = Desire
  പാലം = Life
  അക്കര = Nirvana

  Please substitute and read
  🙂

  ഈ വിശദീകരണം കഥാകൃത്ത് നല്‍കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. വായനക്കാരന്റെ മനസ്സിലേയ്ക്ക് ഈ വിശദീകരണമില്ലാതെ തന്നെ അര്‍ത്ഥമെത്തുന്നുണ്ട്.

 4. ദൈവമേ… ഇതെന്ത്? ന്യൂ ജെനറേഷന്‍ കഥയോ?

  എന്തായാലും കൊള്ളാം 🙂

 5. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ താമസിക്കുന്നവന്റെ സ്വന്തമാണ് ടെറസ്സ് എന്നു അദ്ദേഹം ദൃഢമായി വിശ്വസിച്ചു.

  എന്റെ വീടിനടുത്തുള്ള ഒരു കുടുംബ സുഹൃത്ത് ബോംബയിൽ താമസമാക്കിയിട്ട് കുറെ നാളായി പുള്ളിക്കാരൻ താമസിക്കുന്ന അപ്പർറ്റ്മെന്റിന്റെ ടെറസ് കുത്തക അദ്ദേഹത്തിന്റെ ആണന്നാണ് വിശ്വാസം

  നല്ല കഥ സുനിലേട്ടാ

 6. സുനീ,
  എഴുത്തും അതിലെ എടുത്തുവയ്പ്പുകളും ഇഷ്ടമായി.
  “ഭവാബ്ദിയ്ക്കോരാവിവൻ‌തോണി നിൻ പദം” തന്നെ..!

 7. കഥ ആദ്യ ദിവസം തന്നെ വായിച്ചിരുന്നു… അർഥം അത്ര മനസ്സിലാകാത്തതു കൊണ്ട് കമന്റ്‌ ചെയ്തില്ല. നല്ല കഥ. 🙂 പക്ഷെ desires ഉപേക്ഷിക്കണം എന്ന ചിന്തയോട് എനിക്ക് വലിയ യോജിപ്പില്ല. ഈ നിർവാണം എങ്ങനെ ഇരിക്കും എന്ന്, എന്റെ അറിവിൽ ആരും കണ്ടു പിടിച്ചിട്ടില്ല.. പിന്നെ എങ്ങനെ മനുഷ്യന്റെതായ എല്ലാ ആഗ്രഹങ്ങളും ഈ നിർവാണത്തിനു വേണ്ടി വേണ്ട എന്ന് വയ്ക്കും? സത്യത്തിൽ നമ്മുടെ ആഗ്രഹങ്ങളും, ചിന്തയും, അത്യാഗ്രഹങ്ങളും, കുറ്റങ്ങളും കുറവുകളും അല്ലേ നമ്മെ define ചെയ്യുന്നത്? ഇതൊന്നുമില്ലെങ്കിൽ നമ്മളും മരങ്ങളും തമ്മിൽ എന്തു വ്യത്യാസം?

 8. എഴുതിയതെല്ലാം എന്റെ വീക്ഷണമാണെന്നു തെറ്റിദ്ധരിക്കാതെ 🙂
  ആഗ്രഹങ്ങൾ ഉപേക്ഷിക്കണമെന്ന അഭിപ്രായം എനിക്കുമില്ല. പക്ഷേ അമിത ആഗ്രഹങ്ങൾ കൊണ്ടുനടക്കരുതെന്ന അഭിപ്രായം എനിക്കുണ്ട്. അതു പാലിക്കാനും ശ്രമിക്കുന്നുണ്ട്.

  'നിർവാണം' എന്നത് indescribable ആണ്. 'It is…, It is not…” എന്നിങ്ങനെയാണ് അതിനെ നിർവചിക്കാൻ സാധിക്കുക. കൂടാതെ 'നിർവാണ' attain ചെയ്യാനുള്ളതാണ്. 'കണ്ടുപിടിക്കുക' എന്ന വാക്ക് അതിനോടു ചേർത്തുവക്കാൻ ആകില്ല.

  കാലഘട്ടങ്ങളുടെ ഒരു അന്തരം ഇവിടെയുണ്ട്. പണ്ടു കാലത്ത് 'നിർവാണം' പ്രാപിക്കാൻ ആളുകൾ ഇന്നത്തേക്കാളും തയ്യാറായിരുന്നു. അതിനെ ചുറ്റിപറ്റി കുറേ കൺസറ്റുകളും ഫിലോസഫിയും രൂപംകൊണ്ടു. ഇന്നത്തെക്കാലത്തു, പ്രത്യേകിച്ച് സാധാരണക്കാർക്കു ചെയ്യാൻ സാധിക്കുക, ആഗ്രഹങ്ങൾ അനന്തമായി നീളാതെ ശ്രദ്ധിക്കുക എന്നാണ്. ആഗ്രഹങ്ങൾ വളരെ കുറവുള്ള മനുഷ്യൻ കൂടുതൽ തൃപ്തനായിരിക്കുമെന്നും, കൂടുതലുള്ളവൻ അസംതൃപ്തൻ ആയിരിക്കുമെന്നും കൂടി എന്റെ ബോധ്യമാണ്.

  ശാലിനി, ഈ 'നിർവാണം' ലക്ഷ്യമാക്കുന്നവർക്കു അവരുടേതായ സിദ്ധാന്തങ്ങൾ ഉണ്ട്. ചിലരുടെ വീക്ഷണത്തിൽ 'വിജ്ഞാനം / ഐഡിയ' മാത്രമേ ഉള്ളൂ. ലോകം ഒരു സബ്ജക്ടീവ് പ്രതിഭാസം ആണെന്നവർ പറയും. മറ്റൊരു കൂട്ടർ, റിയാലിസ്റ്റിക് ആണ്. ബാഹ്യപ്രകൃതിയുടെ എക്സിസ്റ്റൻസിനെ അനുകൂലിക്കുന്നവർ. ലോകം ഒബ്ജക്ടീവ് ആണെന്നു വിശ്വസിക്കുന്നവർ. വേറേയും സെക്ടുകൾ ഉണ്ട്. പറഞ്ഞുവന്നത്, ചിന്തയും ആഗ്രഹങ്ങളും., ഒക്കെയാണ് നമ്മെ ഡിഫൈൻ ചെയ്യുന്നതെന്ന വീക്ഷണം, നിർവാണം ലക്ഷ്യമാക്കുന്ന ഓരോ സെക്ടുകളും വിവിധ രീതിയിലാണ് കകാര്യം ചെയ്യുന്നത്. thought, volition എന്നത് ബ്രെയിനിന്റെ പൂർണനിയന്ത്രണത്തിൽ ഉള്ളതല്ല, മറിച്ച് അവ വെവ്വേറെ entities (Skandas) ആണെന്നും, ബ്രെയിനുമായി കൂടിച്ചേരുമ്പോൾ മാത്രമേ അവയ്ക്കു പ്രവർത്തിക്കാൻ ആകൂ എന്നുമൊക്കെ കൻസപ്റ്റുകൾ ഉണ്ട്. അതുകൊണ്ട് നാം നമുക്ക് സാധ്യമാകുന്ന വിധത്തിൽ 'നിർവാണം' എന്നതിനെ സമീപിക്കുകയും, അതു തെറ്റാണെന്നു കരുതുകയും ചെയ്യരുത്. ഇതിനൊക്കെ പിന്നിൽ വളരെ ബൃഹത്തായ ആശയങ്ങൾ വേറേയും ഉണ്ടെന്നു മനസ്സിലാക്കുക.

  നല്ല കമന്റാണ് കേട്ടോ. സൂക്ഷ്മമായ വായനക്കു ശാലിനിക്കു നന്ദി
  🙂
  സുനിൽ ഉപാസന

 9. “നിർവാണ” വളരെ നന്നായി ഒഴുക്കോടെ പറഞ്ഞ കഥ .
  ഇന്ന് മനുഷ്യരുടെ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങളിലെയ്ക്ക് നിങ്ങി കൊണ്ട് ഇരിക്കുകയാണ് അതിന്‍റെതായ വൈഷമ്യങ്ങള്‍ പല വിധത്തില്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു. സുനിലിന്‍റെ “നിർവാണ” അത് വ്യക്തമാക്കി തരുന്നു…

 10. അതെയതെ പാലം കടക്കുക എന്നത് ഒരു പ്രഹേളീകയാണ്.ജീവിതവും മരണവും എന്ന രണ്ട് കുന്നുകൾക്കിടയിലുള്ള പാലം.കഥ ഇഷ്ടമായി.ഇവിടെ പല ബ്ലോഗ് വായനക്കാരും എത്താത്തത് എനിക്ക് അതിശയമയി തോന്നി.വിവരിപ്പിക്കേണ്ട ഒരു കഥ, വിലയിരുത്തേണ്ട ഒരു കഥ.ഒരു വിലയിരുത്തലിന് ഞൻ വരുന്നുണ്ട്. ബാറ്റ ഷോ റും വരെ ഒന്നു പോയിവരട്ടെ…ആശംസകൾ

 11. ചടുലമായ ഭാഷയില്‍ അര്‍ത്ഥസമ്പുഷ്ടമായ ഒരു കഥ.. പ്രതിബിബംബങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും യോജിക്കുന്നുണ്ട്.ആശംസകള്‍ സുനില്‍

 12. തെറ്റിന്റെയും ശരിയുടേയും നിര്‍വചനവും വീക്ഷ്ണതിലാനെന്നു തോന്നുന്നു…. നന്നായി അവതരിപ്പിച്ചു.., നിര്‍വാണത്തിന്റെ തലം നന്ന്….ആശംസകള്‍

 13. തെറ്റിന്റെയും ശരിയുടേയും നിര്‍വചനവും വീക്ഷ്ണതിലാനെന്നു തോന്നുന്നു…. നന്നായി അവതരിപ്പിച്ചു.., നിര്‍വാണത്തിന്റെ തലം നന്ന്….ആശംസകള്‍

 14. ഉപാസനയിലെ എ ന്റെ ആദ്യവായന..ഇനിയ ങോട്ടു ഞാനുമുണ്ട്‌…
  ആഗ്രഹങ്ങൾ അന്തമായിനീളാതിരിക്കുന്നതുനല്ലതുത ന്നെ…ചിന്തകൾ അനന്തമാവുന്നതു നല്ലത ല്ലെ…?
  ചിന്തകളുടെ അറ്റവും വക്കുകളും കണ്ടാലും ഇതുത ന്നെയാണോ അത്‌ എന്ന ചിന്ത ഭാക്കിയാവും…..ഇഷ്‌ ട്ടമായി..പഴയ തൊക്കെ വായിക്ക ട്ടെ…

അഭിപ്രായം എഴുതുക