സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
അന്നും രാവിന്റെ അന്ത്യയാമത്തില്‍ കുട്ടന്‍പൂശാരി ഞെട്ടിയുണര്‍ന്നു. പരീക്കപ്പാടത്തിന്റെ നാലതിരുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന ഏങ്ങലടികള്‍ കീറപ്പായയിലെത്തി പൂശാരിയെ കുലുക്കിയുണര്‍ത്തി. മുനിഞ്ഞു കത്തുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ഇരുള്‍മൂടിയ മുറ്റവും, സര്‍പ്പക്കാവും മങ്ങിതെളിഞ്ഞു. പരദൈവങ്ങള്‍ പോലും സുഷുപ്തിയിലാണ്. എന്നിട്ടും രാവുകള്‍ തോറും താന്‍ മാത്രം എന്തിനു വിളിച്ചുണര്‍ത്തപ്പെടുന്നു. ഉത്തരമറിയാതെ പൂശാരി ഉഴറി.
വിയര്‍പ്പുപൊടിഞ്ഞ മുഖം കാവിമുണ്ടിന്റെ കോന്തലയില്‍ പൂശാരി അമര്‍ത്തിത്തുടച്ചു. മെടഞ്ഞ തെങ്ങോല കനത്തില്‍ അടുക്കിക്കെട്ടിയ ചുമരില്‍ചാരി, വിശാലമായി പരന്നുകിടക്കുന്ന പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തേക്കു പൂശാരി നോട്ടമയച്ചു. പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍കുളത്തിന്റെ കരയില്‍ കനത്ത ഇരുട്ട്. അവിടെനിന്നു കാതുതുളച്ചു വരുന്ന വിലാപങ്ങള്‍. ഇന്ദ്രിയങ്ങള്‍ പണ്ടത്തേക്കാളും ഊര്‍ജ്വസ്വലമായത് പോലെ. ഒരുകാലത്തു കേള്‍ക്കാതിരുന്ന പലതും ഇപ്പോള്‍ കേള്‍ക്കുന്നു.
ജീവിതസായാഹ്നത്തില്‍ അച്ഛനും ഇങ്ങിനെയായിരുന്നു. രാത്രിയില്‍ പതിയന്‍ കുളത്തിൽനിന്നു ഏങ്ങലടികള്‍ കേള്‍ക്കുന്നെന്നു പലരോടും പറഞ്ഞു. കേട്ടവരെല്ലാം ഉടന്‍ തീര്‍പ്പും കല്പിച്ചു.
“ചാത്തന്‍ പൂശാരിക്ക് പ്രാന്താ. മുട്ടന്‍ പ്രാന്ത്. പതിയൻകൊളത്തീന്ന് രാത്രി ആരാണ്ട്ടെ കരച്ചില് കേക്കണൂന്ന്. ഹഹഹഹ…”
ഭ്രാന്താണെന്ന് സംശയിച്ചവരുടെ മുന്‍പന്തിയില്‍ താനുമുണ്ടായിരുന്നു. ഒരേ പായയില്‍ കിടക്കുമ്പോള്‍, ആരോ കരയുന്നെന്നു പറഞ്ഞ്, എഴുന്നേറ്റ് അകലേക്കു നോക്കിയിരിക്കുന്ന അച്ഛനെ ഭയമായിരുന്നു. തിണ്ണയിലെ കിടപ്പ് അകത്തേക്കു മാറ്റുകയാണെന്നു അറിയിച്ചപ്പോള്‍ ആ മുഖത്തു ചിരി വിരിഞ്ഞു. അച്ഛൻ അടുത്തു നിര്‍ത്തി ഒന്നും മിണ്ടാതെ തലമുടിയില്‍ തഴുകി. അച്ഛന്‍ എല്ലാം മനസ്സിലാക്കിയിരുന്നു. പക്ഷേ അച്ഛനെ മനസ്സിലാക്കാന്‍ ഏറെ വൈകി.
പാടത്തുനിന്നു വീശിവരുന്ന കാറ്റിനൊപ്പം എത്തിയ ഏങ്ങലടികള്‍ കുട്ടൻ പൂശാരിയെ തെല്ലും ഭയപ്പെടുത്തിയില്ല. ചാണകം മെഴുകിയ തറയില്‍ പൂശാരിയുടെ കണ്ണുകള്‍ അരിച്ചരിച്ചു നടന്നു. മൂലയില്‍ കറുത്ത തുണികൊണ്ടു പാതിമൂടിയ ചെണ്ടയില്‍ നോട്ടമുറച്ചു. ചെണ്ടപ്പുറങ്ങളെ അന്യോന്യം വലിച്ചു മുറുക്കിയിരുന്ന പ്ലാസ്റ്റിക് കയര്‍ പലയിടത്തും ഉരഞ്ഞു ഇഴപിന്നിയിരുന്നു. അതിനിടയില്‍ തിരുകിയ ചെണ്ടക്കോലുകളിലൊന്ന് പൂശാരി വലിച്ചെടുത്തു. ഇനിയൊരിക്കൽ കൂടി ഈ ചെണ്ടപ്പുറത്ത് കോലുകൾ വീഴുമോ? അനിയന്‍കുട്ടിയോടു എന്താണ് പറയേണ്ടത്? ഉത്തരമില്ലാതെ പൂശാരി ഉഴറി.
മൂന്നാഴ്ച മുമ്പ്, പണിക്കരുടെ പറമ്പിലെ പണികൾ തീർത്തുവന്ന് വിയപ്പാറ്റുമ്പോഴാണ് പൂശാരിയെ കാണാന്‍ അനിയന്‍കുട്ടി എത്തിയത്. മൂത്താരുടെ വകയിലൊരു ബന്ധു. കുടിലിനു ചുറ്റും പേങ്ങന്‍ പത്തൽ ഉപയോഗിച്ച് വേലി കെട്ടുന്നുണ്ടായിരുന്നു. അതിനടുത്തെ ചെറിയ അടയ്‌ക്കാമരം ചൂണ്ടിക്കാട്ടി അനിയന്‍കുട്ടി പറഞ്ഞു.
“വേലിക്ക് നല്ലത് ഇല്ലി തന്നേണ്. കൊന്ന വെട്ടീല്ലെങ്കി ഇത് മൊരടിക്കും.”
പൂശാരി തലയാട്ടി സമ്മതിച്ചു. നോക്കെത്താ ദൂരം പരന്നുകിടക്കുന്ന മൂത്താരുടെ പറമ്പും പാടവും നോക്കി നടത്തുന്ന ആളാണ് പറയുന്നത്. മണ്ണിന്റെ മണം അനിയൻകുട്ടിയിലുണ്ട്.
കാല്‍കവച്ച് കൊട്ടോമ്പടി കടന്ന അനിയന്‍കുട്ടി, ആദ്യം സര്‍പ്പക്കാവിനു നേരെനിന്നു തൊഴുതു. പൂശാരി സന്തോഷത്താൽ മന്ദഹസിച്ചു.
അനിയൻകുട്ടി ആരാഞ്ഞു. “എന്താ പൂശാരി ചിരിക്കുന്നെ?”
“സകലചരാചരങ്ങളിലും ഉള്ള ചൈതന്യം ഒന്നാണ്. അനിയൻ ആ സത്യത്തെ പ്രവൃത്തിയിലേക്കും കൊണ്ടുവരുന്നു. അതിൽ സന്തോഷം”.
ചെളിയടര്‍ന്നു പോയി ചെങ്കല്ലുകള്‍ പുറത്തു കാണാവുന്ന തിണ്ണയില്‍ അനിയന്‍കുട്ടി ഇരുന്നു. വന്നകാര്യം ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു. എല്ലാം കേട്ടുകഴിഞ്ഞും പൂശാരി മൗനം തുടര്‍ന്നു. കൊഴിയാറായ പല്ലുകള്‍ക്കിടയില്‍ മുറുക്കാനുണ്ടെന്നു വിളിച്ചറിയിച്ച് താടിയെല്ല് മാത്രം മന്ദം ചലിച്ചു.
“ഇന്നത്തെക്കാലത്ത് ആരും നീശന് പൂജ ചെയ്യാറില്യ.”
ആരോടെന്നില്ലാത്ത ഒരു അറിയിപ്പായിരുന്നു അത്. വിമുഖതയും മുറ്റിനില്‍ക്കുന്നുണ്ടായിരുന്നു. ‘ഇംഗിതം മനസ്സിലായില്ലേ. ഇനിയും കാക്കണോ’ എന്ന ചോദ്യം പൂശാരിയിൽ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലാക്കി അനിയന്‍കുട്ടി കൂടുതല്‍ വിശദീകരിച്ചു.
“മൂത്താര്ക്ക് എന്തോ നിര്‍ബന്ധം… പേടി തട്ടീണ്ട്ന്നാ എനിക്ക് തോന്നണെ”
“എന്തിന് പേടി?” പൂശാരി ആരാഞ്ഞു.
“പാടം ഉഴാന്‍ കൊണ്ടന്ന കാളേടെ കൊമ്പീന്ന് രക്ഷപ്പെട്ടത് കഷ്ടിച്ചാന്നാ പണിക്കാര് പറഞ്ഞെ. നേരിട്ട് ഞാൻ ചോദിച്ചട്ടില്ല്യാ. വേലുക്കുട്ടിയ്‌ക്കിണ്ടായ അനുഭവം ഓര്‍മേള്ളതോണ്ട് മൂത്താര് മിനിഞ്ഞാന്ന് കൈമള്‍ടെ അട്ത്ത് പോയിരുന്നു. പൂജ മൊടങ്ങിക്കെടക്കണേല് ‘നീശന്‘ അനിഷംണ്ട്ന്നാ പ്രശ്നത്തീക്കണ്ടെ.”
നാൽക്കാലികളെ കാക്കുന്ന ഉഗ്രമൂർത്തിയാണ് നീശൻ. മൂത്താരുടെ പറമ്പിൽ, പ്ലാവിനു കീഴില്‍ കുടിയിരുത്തിയിരിക്കുന്ന നീശന്, ഉപേക്ഷ കാരണം, വർഷങ്ങളായി പൂജ മുടങ്ങിയിരിക്കുന്നു. തന്മൂലം കന്നുകാലികൾ തുടരെ അപകടമുണ്ടാക്കുന്നു. ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണണം. നാൽക്കാലികളെ കാക്കുന്ന നീശന് ക്ഷേത്രപുരോഹിതർ പൂജ ചെയ്യാറില്ലത്രെ. അതിനു പുണൂൽധാരിയല്ലാത്ത പൂജാരി വേണം. ഭഗവതിയുടെ വെളിച്ചപ്പാടായ കുട്ടന്‍പൂശാരിക്ക് ഇങ്ങിനേയും ചില വേഷപ്പകര്‍ച്ചകളുണ്ടെന്ന് അനിയൻകുട്ടിക്ക് അറിയാം.
ഏറെസമയം കഴിഞ്ഞും പൂശാരി ഒന്നും പറഞ്ഞില്ല. അനിയന്‍കുട്ടി മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. മുണ്ടില്‍ പറ്റിപ്പിടിച്ചിരുന്ന ചാണകപ്പൊട്ടുകള്‍ തട്ടിക്കുടഞ്ഞു.
“പൂശാരി എന്താന്ന് വെച്ചാ ആലോചിച്ച് പറയാ. മേടം വരെ നമക്ക് സമയണ്ട്.”
കൊട്ടോമ്പടി കടന്ന്, തിരിഞ്ഞുനിന്ന് അനിയൻകുട്ടി പൂരിപ്പിച്ചു. “പൂജ കഴിച്ചില്ലെങ്കി തൊഴുത്ത് പൊളിക്കൂന്നാ തോന്നണെ… പശുവില്ലാത്ത വീട്… ആലോചിക്കാൻ കൂടി പറ്റണില്ല.”
വഴുക്കുള്ള പാടവരമ്പത്തു കൂടി അനിയന്‍കുട്ടി ധൃതിയില്‍ നടന്നു മറഞ്ഞു. പൂശാരി ആ പോക്ക് നോക്കിയിരുന്നു. അനിയൻകുട്ടി ദൃഷ്ടിയിൽനിന്ന് മറഞ്ഞപ്പോൾ പൂശാരി ഉരുട്ടുചെണ്ടയിൽ തലചാരി. ചേണ്ടപ്പുറത്തു മടക്കിവച്ചിരുന്ന ചെമ്പട്ട് പൂശാരിയുടെ മനസ്സിനെ ഉഴുതുമറിച്ചു.
കോമരത്തിന്റെ ജന്മമാണ് താൻ. വാൾ അലങ്കാരമാണ്, ആയുധമല്ല. വാൾ ആയുധമാകുന്നത് സ്വമേനിയിൽ മാത്രം. ഉച്ചിയിൽ ഉറഞ്ഞു വെട്ടുക. ഉന്മാദിയാവുക. സങ്കടവും സന്തോഷവും അപ്പോഴില്ല. ദൈവികതയുടെ അപാരത മാത്രം. അതിൽ മേയുക. തിരിച്ചിറക്കം ബുദ്ധിമുട്ടാണ്. അപാരതയിൽ നിന്ന് നിസ്സാരതയിലേക്ക്. ആർക്കുവേണം അത്. എല്ലാ കോമരങ്ങളും അസംസ്തൃപ്തരാണ്. അവർക്കു തിരിച്ചിറക്കം വേണ്ട. ഉടവാളും ചെമ്പട്ടും ചിലങ്കയും വെടിയാൻ വയ്യ. അവർക്കു വേണ്ടത് എന്നെന്നേയ്‌ക്കുമുള്ള അശ്വതിക്കാവുകളാണ്.
ഏറെസമയം കഴിഞ്ഞിട്ടും നീശനു പൂജ ചെയ്യണോ എന്നതിൽ ഒരു തീരുമാനമെടുക്കാന്‍ പൂശാരിക്ക് കഴിഞ്ഞില്ല.
പക്ഷേ… അന്നുരാത്രി സന്ദേഹിയുടെ മനസ്സോടെ കിടന്ന പൂശാരിയെത്തേടി ഭഗവതിയുടെ കല്പനയെത്തി. ചെമ്പട്ട് പുതച്ച കാളിരൂപം ദര്‍ശിച്ച് പൂശാരി ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. മുറ്റത്തിനു അരികെയുള്ള സര്‍പ്പക്കാവില്‍ സന്ധ്യക്കു അണച്ച നിലവിളക്കില്‍ ആളിക്കത്തുന്ന ഏഴുതിരികള്‍ പൂശാരി കണ്ടു. ദൃഷ്ടാന്തം! പിന്നെ അമാന്തിച്ചില്ല. പിറ്റേന്ന് ആളെവിട്ടു അനിയന്‍കുട്ടിയെ സമ്മതം അറിയിച്ചു.
മൂത്താരുടെ വീട്ടിൽ പോയി നീശനെ കുടിയിരുത്തിയിരിക്കുന്ന സ്ഥാലം വെട്ടിത്തെളിച്ച്, ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തി. ചെമ്പട്ടുടുത്ത് നാല്പത്തൊന്നു ദിവസം വ്രതമെടുത്തു. പൂജയുടെ ദിവസം, തറ്റുടുത്ത് വാളും ചിലമ്പുമായി പൂശാരി ഉറഞ്ഞുതുള്ളി. കുട്ടന്‍ രൂപപരിണാമം വന്നു കുട്ടന്‍ പൂശാരിയായി. ചുറ്റിലും നിന്നവർ ഭക്തിപാരവശ്യത്താൽ കൈകൂപ്പി പ്രാർത്ഥിച്ചു – അമ്മേ നാരായണീ….
കള്ളും വറുത്ത അരിയുമുള്ള നിവേദ്യം കഴിച്ച് നീശൻ തൃപ്തനായി. പ്ലാവിലയില്‍ ചുവന്ന ഗുരുതിപ്രസാദം ഇറ്റിച്ചു നല്‍കുമ്പോള്‍ എല്ലാവരും ബഹുമാനത്താല്‍ തലകുനിച്ചു. പൂശാരി ആരും കാണാതെ മന്ദഹസിച്ചു.
അന്നുരാത്രി പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍കുളത്തിലെ ഏങ്ങലടികള്‍ കുട്ടന്‍പൂശാരി ജീവിതത്തിലാദ്യമായി കേട്ടു. തുടർന്നുള്ള ദിവസങ്ങളിലും അവ പതിവായി ക്ഷണിക്കാതെ വന്നു ഉറക്കംകെടുത്തി. ഒരിക്കല്‍ അച്ഛനെ നിത്യേന വിളിച്ചുണര്‍ത്തിയിരുന്ന അതേ ശബ്ദങ്ങള്‍. പൂശാരി ആരോടും ഒന്നും സൂചിപ്പിച്ചില്ല. ഭ്രാന്തനെന്നു മുദ്ര കുത്താന്‍ കാത്തിരിക്കുന്നവര്‍ ഒന്നും രണ്ടുമായിരിക്കില്ല.
മണ്ണെണ്ണവിളക്കിന്റെ വെളിച്ചക്കീറുകള്‍ക്ക് അപ്പുറം കട്ടപിടിച്ച ഇരുട്ട്. അകലെ പതിയന്‍കുളത്തിന്റെ കരയില്‍ നിലാവിന്റെ നേര്‍ത്തപാട പരന്നിരുന്നു. എന്തിനോ നാന്ദി കുറിക്കാന്‍ ആരൊക്കെയോ ഒരുങ്ങുകയാണ്. അരുകിലുള്ള ഉരുട്ടുചെണ്ടയെ ആദ്യമായി കാണുന്നപോലെ കുട്ടന്‍പൂശാരി തുറിച്ചുനോക്കി. തലമുറകള്‍ കൈമാറിവന്ന വാദ്യം. പണ്ട് രാവിന്റെ നിശബ്ദതയെ ഭേദിച്ച് ചെണ്ടകൊട്ടാറുള്ള അച്ഛനെ നോക്കി ആശ്ചര്യപ്പെട്ടിട്ടുണ്ട്. തിരുവാതിര ഞാറ്റുവേലപോലെ നിര്‍ബാധം വീഴുന്ന ചെണ്ടക്കോലുകള്‍ നിശ്ചലമാകുമ്പോള്‍ പതിവു സംശയം ആരായും.
“എന്തിനാ അച്ഛാ രാത്രീല് ചെണ്ടകൊട്ടണെ? നാട്ടുകാര് അച്ഛനെ കളിയാക്കണത് അറിയില്ലേ?”
അച്ഛൻ എല്ലാ തവണയും കുടിലിനുമുന്നില്‍ തരിശായി പരന്നു കിടക്കുന്ന പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തേക്കു വിരല്‍ചൂണ്ടും. ജീവിതം മടുത്തു ആത്മാഹുതി ചെയ്തവരുടെ ചോരയും നീരും കലര്‍ന്നു വെള്ളം കറുത്ത, പായല്‍ മൂടിയ പതിയന്‍ കുളത്തിലേക്കു വിരല്‍ചൂണ്ടും.
“കുട്ടാ, ആത്മാക്കള്… അവര് കേഴാണ് കുട്ടാ, ഗതി കിട്ടാതെ. അവര്ടെ വിടുതിക്കാണ്, താൽക്കാലിക ആശ്വാസത്തിനാണ് ഞാന്‍ ചെണ്ടക്കോലെടുക്കണെ.“
രാവിന്റെ അന്ത്യയാമങ്ങളിൽ കുളത്തില്‍ മുങ്ങിമരിച്ചവരുടെ ഗതികിട്ടാത്ത ആത്മാക്കള്‍ ദീനമായി വിലപിക്കുമെന്ന്. അതാണത്രെ അച്ഛനെ നിത്യവും വിളിച്ചുണര്‍ത്തുന്നത്. പറയുന്നത് സത്യമാണെന്നു തോന്നി. അച്ഛനിൽ ഭ്രാന്തിന്റെ അംശമുണ്ടെന്നു പറഞ്ഞ് ആക്ഷേപിക്കുന്ന ആർക്കുമറിയാത്ത സത്യം. അച്ചനെ ആരാധനയോടെ നോക്കി.
“പക്ഷേ എനിക്ക് കഴിയൂന്ന് തോന്നണില്ല“
“ങ്ഹേ?”
“അതിന്… അതിന് വിളിച്ചാ വിളിപ്പൊറത്ത് ഭഗവതിയെ വരത്തണ പൂശാരി വേണം. അങ്ങനൊരാള്‍ വരും. വരാതിരിക്കില്ല.”
എണ്‍പതാം വയസ്സില്‍ കാവും നാഗത്തറയും പള്ളിവാളും മകനെ ഏല്‍പ്പിച്ച് അച്ഛനും പോയി. ഒഴുക്കില്ലാത്ത കറുത്ത വെള്ളമുള്ള പതിയന്‍ കുളത്തിന്റെ ആഴങ്ങളിലേക്ക്. ആത്മാക്കള്‍ക്ക് വിടുതി നല്‍കാനാവാത്തതില്‍ മനംനൊന്ത ആ മനസ്സ് അവരിലൊരാളായി കുളത്തിന്റെ ആഴങ്ങളില്‍ സമാധിയായി. ഇപ്പോൾ, ഉറക്കം വരാത്ത രാവുകളില്‍ പരീക്കപ്പാടത്തിന്റെ നാലതിരുകളില്‍ തട്ടി മാറ്റൊലി കൊള്ളുന്ന അലര്‍ച്ചകളില്‍ അച്ഛന്റെ സാന്നിധ്യവും അറിയുന്നുണ്ട്.
കുട്ടന്‍പൂശാരിയുടെ മനസ്സ് മന്ത്രിച്ചു. ഇനി തന്റെ ഊഴമാണ്. അച്ഛൻ ബാക്കിവച്ചു പോയതെല്ലാം പൂര്‍ത്തീകരിക്കണം. അതാകും ജീവിതസാഫല്യം. ഇല്ലെങ്കിൽ പതിയൻ കുളത്തിന്റെ ആഴത്തിൽ ഒരു ആത്മാവ് കൂടി.
പൂശാരി കിണറ്റിന്‍കരയിലേക്കു നടന്നു. കമുകിന്‍പാളകൊണ്ടു ഏഴുതവണ വെള്ളംകോരി തലയിലൊഴിച്ചു. പഞ്ചേന്ദ്രിയങ്ങളെ ഉന്മേഷഭരിതമാക്കി പാതിനഗ്ന മേനിയിലൂടെ ജലമൊഴുകി. നീണ്ട മുടിയിഴകളിലൂടെ, താടിയിലൂടെ, പ്രജ്ഞയിലൂടെ തണുത്ത ജലം ഒഴുകിയിറങ്ങി. നനഞ്ഞൊട്ടിയ ചുവന്ന തറ്റ് പിഴിഞ്ഞ് വീണ്ടുമുടുത്തു. കോലായുടെ മേല്‍ക്കൂരയില്‍ തൂങ്ങുന്ന ചെറിയ മണ്‍കുടത്തിലെ ഭസ്മം നെറ്റിയിലും കൈത്തണ്ടയിലും പൂശി. ഒരുനുള്ള് വാരി വായിലിട്ടു രുചിച്ചു.
സര്‍പ്പക്കാവിലെ നിലവിളക്കില്‍ ഏഴുതിരിയിട്ടു എണ്ണയൊഴിച്ച് കത്തിച്ചു. കാവും കാരണവന്മാരെ കുടിയിരുത്തിയ തറയും ദീപപ്രഭയില്‍ ഗംഭീരഭാവം പൂണ്ടു. ചെണ്ടക്കോല്‍ കയ്യിലേന്തി രണ്ടു കൈമുട്ടും ചേര്‍ത്തുപിടിച്ച് പൂശാരി കൈകൂപ്പി, സര്‍വ്വവും കാക്കുന്ന പരംപൊരുളിനോട് പ്രാർത്ഥിച്ചു. ഏകാഗ്രമായ നീണ്ട ധ്യാനം. അതിനൊടുവില്‍ അഷ്ടദിക്‌പാലകരെ ഉണര്‍ത്തി, അസുരവാദ്യത്തിന്റെ അലകളുയര്‍ന്നു. പിതൃക്കളെ ഉള്ളില്‍ സ്മരിച്ചു കുട്ടന്‍പൂശാരി മനംനൊന്തു പാടി.
“നീശന്‍ പെരുമാള്‍ടെ പൂജക്ക് ഏനൊരു പുത്തന്‍ തറ്റൊന്നു വാങ്ങിവച്ചു.
ഗുരുതി നെറമൊള്ള പുത്തന്‍ തറ്റൊന്നു വാങ്ങിവച്ചു…”
ചെണ്ടകൊട്ടിന്റെ അലകള്‍ സര്‍പ്പക്കാവിനെ വലംവച്ച് പുറത്തേക്കൊഴുകി. നിശബ്ദമായി ഉറങ്ങുന്ന പരീക്കപ്പാടത്തിന്റെ മുക്കിലും മൂലയിലും അവ തിങ്ങിനിറഞ്ഞു. നോവുന്ന മനസ്സിന്റെ ഗാനം പിന്നേയും തുടർന്നു.
“കാലേവെളുപ്പിന് കുളിച്ചൊരുക്കി,
കുങ്കുമം ചാലിച്ച് കുറി വരച്ചു.
പെരുമാള്‍ക്ക് കുങ്കുമം ചാലിച്ചു കുറി വരച്ചു…”
പൂശാരി പാടി. പിതൃപരമ്പരകള്‍ ഏറ്റുപാടി. ആ രോഷാഗ്നിയില്‍ സര്‍പ്പക്കാവും പരദൈവങ്ങളും വിറങ്ങലിച്ചു. പണ്ടാരന്‍ മുങ്ങിമരിച്ച പതിയന്‍കുളത്തിലെ പായല്‍ മൂടിയ കറുത്തവെള്ളം സാവധാനം ഇളകി. നെടുകെയും കുറുകെയുമുള്ള ഇളക്കത്തില്‍, കുളത്തിന്റെ അഗാധതയിലെ ആത്മാക്കള്‍ ഞെട്ടിയുണര്‍ന്നു. ഓളങ്ങള്‍ക്കൊപ്പം ഒഴുകിവന്ന വരികള്‍ക്കൊപ്പം അവരുടെ ചുണ്ടുകളും മന്ദംചലിച്ചു.
ചെണ്ടപ്പുറത്ത് കോലുകള്‍ പെരുമഴയായി പെയ്തു. ഒപ്പം വാദ്യകാരന്റെ കണ്ണും മനസ്സും. കാലങ്ങളായി തങ്ങളെ ഉപാസിക്കുന്ന പരമ്പരയുടെ അവസാന കണ്ണിയിൽ ഭഗവതിയും പരദൈവങ്ങളും പ്രസാദിച്ചു. അവരുടെ അനുഗ്രഹത്താല്‍ പതിയന്‍കുളത്തില്‍ മുങ്ങിമരിച്ചവരുടെ ഗതികിട്ടാ പ്രേതങ്ങള്‍ സര്‍വ്വ ബന്ധനങ്ങളേയും അതിജീവിച്ചു വിടുതിനേടി. നിലാവ് പരന്ന കുളക്കരയില്‍ ആഴികൂട്ടി അവര്‍ അസുരവാദ്യത്തിനു അനുസരിച്ച് ചടുലമായി നൃത്തം ചെയ്തു.
“നീശന്‍ പെരുമാള്‍ടെ പൂജക്ക് ഏനൊരു,
പുത്തന്‍ തറ്റൊന്ന് വാങ്ങിവച്ചു,
ഗുരുതി നെറമുള്ള തറ്റൊന്നു വാങ്ങിവച്ചു…”
പൂര്‍വ്വികര്‍ ബാക്കിവച്ചതെല്ലാം കുട്ടന്‍പൂശാരി നിറവേറ്റി. ആ പൂര്‍ത്തീകരണം അദ്ദേഹത്തിനു ആഘാതമായി. ചെണ്ടവാദനം മന്ദഗതിയിലായി ക്രമേണ നിലച്ചു. പതിയന്‍കുളത്തിനു മുകളില്‍ പരന്നിരുന്ന നേര്‍ത്ത നിലാവ് ഇരുട്ടിനു വഴിമാറി. ചെണ്ടയില്‍ തലചാരി പൂശാരി വെറും നിലത്തിരുന്നു. മറഞ്ഞിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍മിച്ച മായയില്‍ അദ്ദേഹത്തിന്റെ കണ്ണിമകള്‍ അടഞ്ഞു. സര്‍പ്പക്കാവിനു ചുറ്റും പഴമയുടെ ഗന്ധം പരന്നു. തിരുമുറ്റത്ത് നിരവധി കാല്പാദങ്ങളുടെ പതിഞ്ഞ നിശ്വാസങ്ങള്‍. വിടുതിനേടിയ ആത്മാക്കള്‍ ഒന്നൊന്നായി കാവിലെത്തി. പുനര്‍ജന്മത്തിനു പ്രാപ്തനാക്കിയ കുട്ടന്‍പൂശാരിയെ അവര്‍ വണങ്ങി. കയ്യും മെയ്യും ഒതുക്കി സാഷ്ടാംഗം നമസ്കരിച്ച്, ആത്മാക്കള്‍ ശൂന്യതയില്‍ ലയിച്ചു.
വിലാപങ്ങള്‍ ഒഴിഞ്ഞ പരീക്കപ്പാടം നിശബ്ദതയിൽ പൂണ്ടുകിടന്നു.
എല്ലാതവണയും കുടിലിനുമുന്നില് തരിശായി പരന്നുകിടക്കുന്ന പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തേക്കു അച്ഛന് വിരല്‍ചൂണ്ടും. ജീവിതംമടുത്തു ആത്മാഹുതി ചെയ്തവരുടെ ചോരയും നീരും കലര്‍ന്നു വെള്ളംകറുത്ത, പായല്‍ മൂടിയ പതിയന്‍കുളത്തിലേക്കു വിരല്‍ചൂണ്ടും.
“കുട്ടാ ആത്മാക്കള്… അവര് കേഴാണ് കുട്ടാ. ഗതി കിട്ടാതെ… അവര്ടെ വിടുതിക്കാണ് ഞാന് ചെണ്ടക്കോലെടുക്കണെ“
മിത്തും യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലര്‍ന്നുണ്ടാകുന്ന മിശ്രിതത്തിന്റെ പേരെന്ത് ?
തല്‍ക്കാലം ഞാന്‍ അതിനെ ‘നീശന്‍’ എന്നു വിളികട്ടെ.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
എഴുത്ത് ഒരു മഴപോലെയാണ്,അനുഭവങ്ങളുടെ ഏതേതിടങ്ങളില്‍ നിന്നാവാഹിച്ചെടുത്ത കഥകളാണ് ചിലപ്പോഴൊക്കെ മനസ്സില്‍ തങ്ങിനിന്നു പെയ്യുന്നതെന്നു വേര്‍തിരിച്ചറിയാനാവില്ല.കുട്ടന്‍ പൂശാരിയേയും എവിടെയൊക്കെയോ കണ്ടുമറന്നതു പോലെ,തൈപ്പൂയ്യക്കാവടിയ്ക്കൊപ്പം വൃതതീക്ഷ്ണതയില്‍ തിളച്ചുതൂവുന്ന പാല്‍ക്കുടമേന്തിയ നരച്ചജഢാധാരിയായ വയോധികനാണോ,പൈങ്കുനിക്ക് ശൂലം തറച്ച്,ചുറ്റും ഭസ്മധൂളി പരത്തി, ആണിച്ചെരിപ്പിട്ടുറഞ്ഞു തുള്ളുന്ന പല്ലുന്തിയ ആ മനുഷ്യനാണോ എന്നു തീര്‍ച്ചയില്ല.
അഭിനങ്ങള്‍ സുനില്‍, അക്ഷരങ്ങളോട് സഹവസിക്കാന്‍ ഒരു ഗുരുത്വം തന്നെ വേണം തനിക്കത് വേണ്ടുവോളമുണ്ട്.
നല്ല രചന… 🙂
സുനില്‍..
കഥയെക്കുറിച്ച് ഞാന്‍ വെറുതെ ഒരു വരി എഴുതുന്നതില്‍ കാര്യമില്ല….
പക്ഷെ അഭിമാനത്തോടെ ഞാന്‍ ഒന്ന് പറയട്ടെ..
സുനില്‍ നന്നായി എഴുതുമെന്നതില്‍ സംശയമില്ല.. എന്നാലും ഇയിടെയായി എഴുതിയ കഥകള്‍ ഒക്കെ തന്നെയും അക്ഷരങ്ങളെ അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്തത് പോലെ വാക്കുകളും വരികളും ശൈലിയും മികച്ച നിലവാരം പുലര്‍ത്തുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ..
ഒരുപക്ഷെ ബ്ലോഗാന അതിനുതകുന്ന ഒരു പോസിറ്റീവ് എനര്‍ജി തന്നുവോ..?
അഭിനന്ദനങ്ങള്‍..
നാല്‍ക്കാലികളെ കാക്കുന്ന നീശന്‍ എന്ന ദൈവത്തെ പറ്റി ഈ കഥയിലൂടെയാണറിയുന്നത്.ശരിക്കും കഥയ്ക്കു വേണ്ടിയുണ്ടാക്കിയ ഒന്നാണോ അത്.?
തെയ്യമായും,വെളിച്ചപ്പാടായും ഉറഞ്ഞു തുള്ളുന്ന നിമിഷ നേരത്തേക്കു മാത്രം ദൈവികത്വം കല്പിച്ചു കിട്ടുന്നവര്‍.അവസാനമൊക്കെ ഒരുപാടിഷ്ടപ്പെട്ടു..അക്ഷരങ്ങളെ അനായാസം തനിക്കൊപ്പം ചേര്‍ത്തു നിര്‍ത്താനുള്ള ഈ കഴിവെപ്പോഴുമുണ്ടാവട്ടെ..
സുനില്‍…
നന്നായിരിക്കുന്നു.
Rose : “Neezan” case is a true. Not my construction 🙂
Neezan was in my home, previously 🙂
thanks
Sunil
നന്നായി എഴുതി.
ente daivame enthokkeya ee ezhuthi vechekkane manushyane pedippikan
enthayalum kollam keto
sunil, asaamanya improvement in your language. sure your are not going to stop here. go beyond blog to find big reader cirlcle.
സുനില്‍,
വളരെ പരിചിതമായ ശബ്ദം, രൂപം, മണം, രുചി…അങ്ങനെയെന്തെല്ലാമോ ഒരുവട്ടംകൂടി അനുഭവിച്ചു.
കാവലാന്റെ കമന്റിനടിയില്‍ ഒരു കയ്യൊപ്പുകൂടി.
ഒരു വാദ്യമുണർത്തുന്ന സംഗീതമാണോ ഈ ആത്മാക്കൾക്ക് മുക്തി നൽകുന്നത്? നല്ല പാരസ്പര്യം, നല്ല സങ്കൽപ്പം.
കഥ പൂശാരിയെക്കുറിച്ച്. പക്ഷെ തലക്കെട്ട് നീശൻ എന്ന്. അതെന്താ?
നീശന്‍, പൂശാരി, ആത്മാക്കള്‍ എല്ലാം കൂടി ഒരു
മഹാ സദ്യ തന്നെ സുനില്‍. ഭാഷ നന്നായിരിക്കുന്നു. വായനാസുഖവും സുനിലിന്‍റെതായ സ്ഥല കാല കഥാപാത്രങ്ങളും ഒക്കെ രസിച്ചു.
പക്ഷേ ഒരു സ്വകാര്യം, കഥ എനിക്കിഷ്ടമാകാതെ പോയി.
നല്ല എഴുത്ത്, തുടരുക.
കാവലാന്‍ : താങ്കളുടെ തൂലികയില്‍ അഗ്നി ഇപ്പോഴുമുണ്ട്. 🙂
കൊച്ചുമുതലാളി : സന്തോഷമായി. 🙂
നജീമിക്ക : മാതൃഭൂമിയിലൊക്കെ ഒരു കഥ/പോസ്റ്റ് വരുക എന്നു പറഞ്ഞാല്‍, അതിനെ എങ്ങിനെ വീക്ഷിച്ചാലും, തീര്‍ച്ചയായും എന്‍കറേജിങ്ങാണ്. ബ്ലോഗന ഒരു നല്ല അനുഭവമായിരുന്നു. വായിച്ചുവളര്‍ന്ന വാരികയില്‍ സ്വന്തം പേരു തെളിയുമ്പോള്‍ തോന്നുന്ന വികാരത്തിലും മേലെയുള്ള ചിലത് (ഒരു രഹസ്യം കൂടി. ബ്ലോഗനക്കു മുമ്പെഴുതിയ “ചാമി” എന്ന പോസ്റ്റിനോട് നല്ല ആകര്‍ഷണമുണ്ടെനിക്ക്)
നല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി ഇക്ക 🙂
റോസ് : സൃഷ്ടിക്ക് കെല്‍പ്പുള്ളവനല്ല ഉപാസന ;-). നീശന്‍ നാട്ടിലെ പലവീടുകളിലുമുണ്ട്. രാവിന്റെ അന്ത്യയാമങ്ങളില്‍ ചെണ്ടകൊട്ടുന്ന കുട്ടന്‍ ചേട്ടനും ഒരുകാലത്തു ഉണ്ടായിരുന്നു. നന്ദി റോസ് 🙂
ഷംസ് : ആദ്യവരവിനു (അങ്ങിനെ കരുതുന്നു) പ്രണാമം 🙂
ശോഭീ : 🙂
പിരിക്കുട്ടി : ഇയാള് പേടിച്ചെങ്കില്‍ ഇയാളൊരു പേടിത്തൂറിയായിരിക്കും. അല്ലപിന്നെ. പേടിക്കാന്‍ മാത്രം എന്താ ഇതിലൊള്ളത്. അന്തര്‍ജ്ജനമാണെങ്കില്‍ പിന്നേം ഭയമാകുമെന്നു പറയാം (?)
നന്ദി 🙂
ശ്യാം : എഴുത്ത് മെച്ചപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. പതിയെയാണെങ്കില്‍ അതു ഫലിക്കുന്നണ്ടെന്ന് തോന്നാറുമുണ്ട്, പ്രത്യേകിച്ച് എന്റെ പഴയ ചില പോസ്റ്റുകളെടുത്ത് വായിക്കുമ്പോള്‍. 🙂
ചാന്ദ്‌നി അക്ക : അക്കയുടെ ഒരു കമന്റ് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. എച്ച്‌സിഎല്‍ എഡിഷനു ശേഷം ഇപ്പോഴാ അതു സാധിച്ചത്. 🙂
എല്ലാവര്‍ക്കും കൂപ്പുകൈ
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
എതിരന്‍ : വാദ്യമുണര്‍ത്തുന്ന സംഗീതം മാത്രമല്ല. കൊട്ടുന്ന വ്യക്തിയും അദ്ദേഹത്തിന്റെ സ്ഥാനം, അദ്ദേഹമാര്‍ജ്ജിച്ച അനുഭവങ്ങളും കൂടി പ്രസക്തമാണെന്നു ദ്യോതിപ്പിച്ചാണ് ഞാന്‍ ഈ പോസ്റ്റ് എഴുതിയിരിക്കുന്നത് (അച്ഛന് സാധിക്കാതിരുന്നത് മകന് കഴിയുമ്പോള്‍ അതു വ്യക്തമല്ലേ?)
ടൈറ്റില്‍ കൊടുക്കുന്ന കാര്യത്തില്‍ ഞാന്‍ വീക്കാണെന്നു ഒരിക്കല്‍ ഭൂമിപുത്രിയോടു സമ്മതിച്ചതാണ്. എങ്കിലും ഇവിടെയും അതു അപ്ലൈ ചെയ്യാമോ എന്നറിയില്ല. ഈ പോസ്റ്റില്‍ ഉടനീളം നിറഞ്ഞുനില്‍ക്കുന്ന വ്യക്തി “പൂശാരി”യാണെങ്കിലും ഇതിലെ തീം “നീശനെ”യും ആത്മാക്കളേയും ചുറ്റിപ്പറ്റിയാണ്. പൂശാരിക്ക് സ്വന്തമായി നിലനില്‍പ്പില്ല (നീശന്റെ പൂജാരിയാണ്, ഭഗവതിയുടെ വെളിച്ചപ്പാടും).
സത്യത്തില്‍ ഒരു കഥക്കു പേരിടുക എന്നത് അത് എഴുതുന്നതിലും ബുദ്ധിമുട്ടായി ചിലപ്പോള്‍ തോന്നിയിട്ടുണ്ട് :-))
എതിരണ്ണന് നന്ദി 🙂
വേണു മാഷിന് : കഥയാണോ അതോ കഥ സ്പര്‍ശിച്ച വിഷയമാണോ ഇഷ്ടമാകാതെ പോയത്?
ഭാഷ നന്നായിട്ടുണ്ടെന്നും വായനാസുഖമുണ്ടെന്നും അറിയിച്ചതിനാല്‍ വിഷയമായിരിക്കാം ഇഷ്ടമാകാഞ്ഞതെന്നു കരുതുന്നു (കഥ എന്നു ഇഷ്ടമായില്ല എന്നു പറയുമ്പോള്‍ അവിടെ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു ‘ബ്രാക്കറ്റ്‘ വരുന്നില്ലേ). വ്യക്തിപരമായ ആസ്വാദത്തെ എല്ലാവിധത്തിലും മാനിക്കുന്നു. 🙂
എല്ലാവര്‍ക്കും കൂപ്പുകൈ
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
സുനില്‍… നിലവാരം പുലര്‍ത്തുന്ന മറ്റൊരു രചന കൂടി… ആശംസകള്‍…
good. y u have not updated ur photo in blog. ( veerapan style photo)
“നീശന്”
പ്ലാവിലയില്‍ ചുവന്ന ഗുരുതിപ്രസാദം ഇറ്റിച്ചു നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം മൂത്താരും ബഹുമാനത്താല്‍ തലകുനിച്ചു. പൂശാരി ആരും കാണാതെ മന്ദഹസിച്ചു.…..
അതിമനോഹരമായി പറഞ്ഞ കഥ.
വായിചു തീരുമ്പോൽ ആകെ ഒരു മരവിപ്പ്
മനുഷ്യർവരക്കുന്ന ഒരോ അനാവശ്യമായ ആചാരങ്ങൾ
മനുഷ്യരെ തന്നെ പലതട്ടിൽ ആക്കുന്ന നീചത്വം …
സുനില്‍ ,
വാക്കുകളിലെ വിസ്മയം ഓരോ കഥയിലും കൂടുതല്‍ മിഴിവാര്‍ന്നു ഇതള്‍ വിരിയുന്നു ……
പലപ്പോഴും കഥയിലൂടെ നടന്നു കഥാപാത്രങ്ങളും പരിസരവും നോക്കിക്കാണുന്ന അനുഭൂതി ……..
കുറേ നാള്‍ ചുറ്റിലുമുള്ള അനാവശ്യ ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നത് ഇതിനായിരുന്നുവോ ???
ഒരു കാലത്ത് …ഇങ്ങനെ രചനയുടെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കുടം തുറന്ന് …. വിസ്മയിപ്പിക്കുന്ന ഇന്ദ്രജാലങ്ങളുമായി
നമ്മളെയൊക്കെ അമ്പരിപ്പിക്കാനായി ????
വടക്കന്‍ കേരളത്തിലെ ആചാരാനുഷ്ഠാനങ്ങളുടേയും ഉച്ചനീചത്വങ്ങളുടേയും നേര്‍ചിത്രങ്ങള്‍ വരച്ചു കാട്ടിയ ഈ കഥ ഇഷ്ടപ്പെട്ടു. വല്ലാത്തൊരന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ പാകത്തിലുള്ള എഴുത്ത്.
ഗീതേച്ചി
വടക്കന്‍ കേരളമല്ല. ഈ കഥ തൃശൂര്‍ ഭാഗത്ത് നടക്കുന്ന ഒന്നാണ~
Upasana
സുനില്‍
ഓരോ വരികളും സൂക്ഷ്മമായി തിരഞ്ഞെടുത്ത വാക്കുകളാല്‍ ഈ കഥ വളരെ ഇഷ്ടമായി, കഥയുടെ തീമിനേക്കാള്‍ ആ എഴുത്ത്.
-സുല്‍
നമ്മുടെ നാടിന്റെ സ്പന്ദനങ്ങൾ അറിയുവാൻ സാധിക്കുന്നു ഈ കഥയിൽ കൂടി..
നന്നായിരിക്കുന്നൂ കേട്ടൊ
@ അരുണ്‍ ചാലപ്പിള്ളി
ഭായി താങ്കളുടെ ഡയറിക്കുറിപ്പിലെ ഒന്നുരണ്ടു പേജുകളാണ് ‘ഒന്നു എഴുതി നോക്കിയാലോ’ എന്ന ചിന്ത എന്റെ മനസ്സില്‍ ആദ്യമായി ഉണര്‍ത്തിയത്. അപ്പോള്‍ അതിനു നന്ദി പറയാതിരിക്കുന്നതെങ്ങിനെ. ഉപാസനയെ സൃഷ്ടിച്ചതില്‍ ഭായി നിര്‍ണയകപങ്കു വഹിച്ചിട്ടുണ്ട്, സ്വയമറിയാതെയാണെങ്കിലും. 🙂
കുറേ നാള്‍ ചുറ്റിലുമുള്ള അനാവശ്യ ശബ്ദങ്ങള്‍ കേള്‍ക്കാതിരുന്നത് ഇതിനായിരുന്നുവോ ???
കുറേനാള്‍ മാത്രമല്ല. ഇപ്പോഴും അ(നാ)വശ്യ ശബ്ദങ്ങളില്‍ ചിലത് എനിക്കു മിസ് ആകാറുണ്ട്. ആദ്യകമന്റിനു മുന്നില്‍ വിനീതനായി നില്‍ക്കുന്നു.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
കഥ നേരത്തെ വായിച്ചിരുന്നു.. പവർ കട്ടും മറ്റുമായി കമന്റാൻ കഴിഞില്ല.. നല്ല കഥ.. നന്നായി അവതരിപ്പിച്ചു. ഇതും ബ്ലോഗനക്ക് അയച്ച് കൊടുക്കൂ..
നല്ല അനുഭവം ഈ വായന …
ആശംസകള്‍
നന്നായി എഴുതി പേടിപ്പിച്ചിട്ടുണ്ട് . ആശംസകള്‍
അനില്‍ നല്ല വാക്ക് പ്രയോഗങ്ങള്‍!
@ Ozhaakkan
I am not Anil sir, but Sunil. 🙂
'A' kooTuthalaayi ennu churukkam.
😉
Upasana
valare monoharavum sathyasandavumaya rachana!!kalameduthu pokunna kazhinjakaalangal jeevanode nirthan iniyumidupole aarjawathode ezhudoo…
aasamsakal!!
വിനുവേട്ടന്‍ : സന്ദര്‍ശനത്തിനു നന്ദി.
പിള്ളേച്ചന്‍ : ഓഫ് ടോപിക് കമന്റ് ഇടുന്നത് നിന്റെ ഒരു ശീലമായി മാറിയിട്ടുണ്ട്. ഈ പരിപാടി നിര്‍ത്തണമെന്നു ഞാന്‍ നിര്‍ദ്ദേശിക്കുകയാണ്. 😉
മാണിക്യം :അതേ ആരോ എന്നോ നിര്‍മിച്ച അബദ്ധങ്ങള്‍.
അരുണ്‍ ഭായ് : വളരെ നന്ദി
ഗീതേച്ചി : ഞാന്‍ അയല്‍വക്കത്തെ ജില്ലക്കാരനാണ് കേട്ടോ.
സുല്ലിക്ക : ഉം. തീം നന്നാക്കാന്‍ ഇനിയും ശ്രമിക്കാം.
ബീലാത്തിപട്ടണം : അങ്ങിനെയെങ്കില്‍ വളരെ നന്നായി.
മനോരാജ് : അയച്ചു. പക്ഷേ രക്ഷയില്ല. 😉
രാജേഷ് ഭായ് : ആദ്യവരവിനു മുന്നില്‍ പ്രണാമം.
ഭദ്ര : പിരിക്കുട്ടിക്കു പിന്നാലെ ദേ ഇയാളും പേടിച്ചെന്നു പറയുന്നു. ധൈര്യമായി ഗായത്രീമന്ത്രം ചൊല്ലി ഇരിക്കൂ. 🙂
ഒഴാക്കാന്‍ : നന്ദി
Prasaad : viiNTum kaaNumennathil santhOsham. 🙂
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
നല്ല രചന, വായിച്ചപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് “മകുടത്തില്‍ ഒരുവരി ബാക്കി “
എന്ന് പറയുന്ന പെരുംതച്ചനെ ആയിരുന്നു..വിഗ്രഹം ദൈവമായപ്പോള്‍ തച്ചന്‍ തീണ്ടാപാടകളെ ആയതുപോലെ…
എല്ലാ സൃഷ്ടി കളെയും പോലെ ഹൃദ്യം…
നന്നായി എഴുതി. ചില ചൂണ്ടലുകള്‍ ശരിക്കും വേദനിപ്പിക്കും .
ആദ്യമായെത്തി….മനസ്സുനിറഞ്ഞു….എല്ലാം വായിച്ചുകൊണ്ടിരിക്കുന്നു…..”വെള്ളത്തില്‍ തിരകള്‍ തുള്ളിവരും കണക്കെ” പഞ്ഞമില്ലാതെ….മനസ്സിലേക്ക് ഓടി കയറുന്ന വാക്കുകള്‍….ഇഷ്ടമായി ഒത്തിരി…സസ്നേഹം
This comment has been removed by a blog administrator.
വിജയനെ ഗുരുസ്ഥാനത്ത് കണ്ടപ്പോഴേ ഈ അപകടം മണത്തു.കഥയില്‍ അടിമുടി വിജയന്‍ ആവേശിച്ചിരിക്കുന്നു. ഭാഷയില്‍, ദര്‍ശനത്തില്‍,
ട്രീറ്റ്മെന്റില്‍. നമുക്ക് ഒരു വിജയനെ പറ്റൂ.
ഖസാക്കിന്റെ ഇതിഹാസവും വിജയന്റെ കഥകളിലെ പലകഥകളും ഓര്‍മ്മയിലേക്കു കൊണ്ടു വന്നു. പ്രത്യേകിച്ചും ഒരു യുദ്ധത്തിന്റെ ആരംഭവും ഒരു യുദ്ധത്തിന്റെ അവസാനവും.
വിജയന്റെ ഭാഷയിലെ യോഗാത്മകത ആര്‍ക്കും അനുകരിക്കാന്‍ പറ്റാത്ത തരത്തില്‍ നില്‍ക്കുന്നു. സന്തോഷ് ഏച്ചിക്കാനം പറഞ്ഞ പോലെ അതൊരു തരം മന്ത്ര ഭാഷ ആണ്.
നല്ല നറേഷന്‍, നല്ല കൈയടക്കം, നല്ല ക്രാഫ്റ്റ്
കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, കരുണാകരഗുരു വിജയന്‍ എന്ന എഴുത്തുകാരനെ മലയാളത്തിനു നഷ്ടപ്പെടുത്തിയ പോലെ വിജയന്‍ ആവേശിച്ച് സ്വന്തം സ്വത്വം കളഞ്ഞു കുളിക്കരുത്.
ഭാവുകങ്ങള്‍.
സുരേഷ് ഭായ്
വളരെ ചിന്തിച്ചു കുറിക്കേണ്ടതാണ് താങ്കള്‍ എഴുതിയ കമന്റിനുള്ള മറുകുറിപ്പ്. ആദ്യം കുറച്ചു സാമ്പിളുകള്‍…
പിന്നെ പതുക്കെപ്പതുക്കെ, അവിടെ പച്ചയും ചുവപ്പും നിറങ്ങള്‍ മങ്ങിത്തെളിഞ്ഞു. പച്ചയും ചുവപ്പുമായി നിറങ്ങള്‍ മങ്ങിത്തെളിഞ്ഞ ചെറുവണ്ടുകള്‍. സ്ഥലത്തിന്റെ താഴ്വരയില്‍നിന്നു അവയുടെ അനന്തകോടികള്‍ പറന്നുവന്നു. കുടിലിനകത്ത് ക്ലിഷ്ടനായിക്കിടന്ന ഉപാസകന്റെ ഇച്ഛ നിറവേറ്റാന്‍ അവ മണ്ഢലങ്ങളില്‍നിന്നു മണ്ഢലങ്ങളിലേക്കു ഒഴുകി. പ്രപഞ്ചസ്ഥലികളുടെ അപാരതീരങ്ങളെ മുറിച്ചുകൊണ്ട്. പ്രവാഹം ആകാശഗംഗയായി (കഥ : ചെറുപ്രാണികള്‍)
ജ്യോതിഷം പഠിച്ചിട്ടില്ലാത്ത പൂശാരി എന്നും നക്ഷത്രങ്ങളുടെ നക്ഷത്രങ്ങളുടെ രാശിയിലേക്ക് നോക്കുക പതിവായിരുന്നു. അവിടെ ദേവിയുടെ കവിടികെട്ട് ചിതറിയെറിയപ്പെടുന്നത് അശിക്ഷിതന്റെ നിര്‍മലമനസ്സോടെ, ആദിമജിജ്ഞാസയോടെ എന്നും പൂശാരി കണ്ടറിഞ്ഞു. ആരൊക്കെയോ ജനിക്കുന്നു. ആരൊക്കെയോ മരിക്കുന്നു. അതിന്റെയത്രയും സൌരലിഖിതങ്ങള്‍ (കഥ : കോമ്പിപ്പൂശാരിയുടെ വാതില്‍)
ഇരുട്ട് ഇപ്പോള്‍ കരുണാമയമായി. അതിലൂടെ അയാള്‍ മൃദുലമായ ഏതോ അഗാധതയിലേക്ക് വീണുതുടങ്ങി. കറുത്ത കടല്‍ക്കരയില്‍ ഒരു നീര്‍പ്പുഴുവായി കിടന്നു. പാപസ്മൃതികളില്ലാതെ, അഹങ്കാരമില്ലാതെ, ശുദ്ധമായ തുടക്കത്തില്‍. ജൈവപരിണാമത്തിന്റെ കടല്‍ ഇരമ്പി. കടല്‍ ആവര്‍ത്തിച്ചു (കഥ : വീണ്ടും കടല്‍ത്തീരത്ത്)
വിജയന്റെ ഭാഷ, മികച്ചതെന്നു കരുതി അഭിരമിച്ച പലതില്‍നിന്നും, എന്നെ ഞെട്ടിയെഴുന്നേല്‍പ്പിക്കുന്നു, എക്കാലത്തും.
ഭാഷയിലും കൈകാര്യം ചെയ്ത രീതിയിലും എത്രത്തോളം വിജയന്‍ ഉണ്ടെന്നു എനിക്കറിയില്ല, ചിന്തിച്ചിട്ടില്ല. ഒന്നും മാത്രം അറിയാം. ഇതിലെ തീം / കഥ എന്റേതുമാത്രമാണ്. ആ തീം / കഥ കൈകാര്യം ചെയ്ത രീതി വിജയനെപ്പോലെ ആണെങ്കില്‍ എനിക്കതില്‍ അപമാനകരമായി ഒന്നുമില്ല. അഭിമാനിക്കാവുന്ന പലത് ഉണ്ടുതാനും. ഭായിക്ക് ചിലപ്പോള്‍ വിജയന്‍ ഫീല്‍ ചെയ്യും, മറ്റുചിലര്‍ക്ക് അത് “തൃക്കോട്ടൂര്‍“ സ്റ്റ്യൈല്‍ ആകാം.
“ഒരു യുദ്ധത്തിന്റെ ആരംഭവും ഒരു യുദ്ധത്തിന്റെ അവസാനവും“ എന്ന കഥ ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നില്ല. ഈ കഥയിലെ തീം കിട്ടിയത് എങ്ങിനെയാണെന്നു പറയാം. വീട്ടില്‍ ‘നീശന്‍’ ഉണ്ടായിരുന്നു. ഏതാണ്ട് ഒരുകൊല്ലം മുമ്പ് പ്രതിഷ്ഠ എടുത്തുമാറ്റി (കാരണം വീട്ടില്‍ നാല്‍ക്കാലികള്‍ ഇല്ലാതായിട്ട് വര്‍ഷങ്ങളായിരുന്നു). പൂജക്രമങ്ങള്‍ എനിക്ക് അറിയാമായിരുന്നു. പരീക്കപ്പാടം എന്റെ പല പോസ്റ്റുകളിലും (കക്കാടിന്റെ പുരാവൃത്തങ്ങള്‍ എന്ന ബ്ലോഗില്‍) ഇതിനകം പരാമര്‍ശവിധേയമായിട്ടുണ്ട്. പാടത്തിന്റെ ഒരുവശത്ത് പലരും ആത്മഹത്യചെയ്ത പതിയന്‍കുളവും മറുവശത്തും രാത്രിയില്‍ എന്തിനെന്നറിയാതെ ചെണ്ടകൊട്ടുന്ന കുട്ടന്‍ചേട്ടന്റെ കുടിലും ഉണ്ട്. ആത്മാക്കള്‍, നിലവിളികള്‍ എല്ലാം ഭാവനയാണ്. കുട്ടന്‍ ചേട്ടന്‍ പൂശാരിയുമല്ല. അദ്ദേഹത്തിന്റെ തൊഴില്‍ സിനിമാനോട്ടീസുകള്‍ വിതരണം ചെയ്യല്‍ ആയിരുന്നു (അതിനാണ് ചെണ്ട). ഈ വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഈ പോസ്റ്റ് എഴുതിയത്. മറ്റൊന്നും എന്നെ സഹായിച്ചിട്ടില്ല.
എന്റെ ഫേവറൈറ്റ് എഴുത്തുകാരന്‍ വിജയന്‍ തന്നെയാണ്. അദ്ദേഹം വലിയ പെരിയോര്‍ ആണെനിക്ക്. അതിനപ്പുറം എന്റെ എല്ലാ എഴുത്തിലും അദ്ദേഹത്തിന്റെ രീതി കടന്നുവരാന്‍ പോകുന്നില്ല. എവിടെ ലിമിറ്റുകള്‍ വേണമെന്നും നല്ല നിശ്ചയം ഉണ്ട്.
ഗുരുസാഗരത്തിനു പിന്നിലെ ചോദനകള്‍ അറിയാം. ഗുരുവിനേയും…
വിജയന്‍ ഒന്നേയുള്ളൂ. ഇതിഹാസവും…
വിശദമായി ഗൌരവപൂര്‍ണമായ ഒരു കമന്റ് കുറിച്ചതിനു ഭായിക്ക് പ്രണാമം.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ആദ്യമായിട്ട് ഞാനും ഇവിടെ വന്നു ഞാനും വായിച്ചു.. നല്ല എഴുത്ത് അവതരണം ആശംസകൾ
sunilinte oru post njaan bloganayil vayichchittunt. nostalgia ere tharunna ezhuththanu thankaluteth. puthiya kalaththe puthiya sankethangal kantillennu natikkaruth. katha parachchilinte reethikal marikkontirikkukayanallo.
sunilinte katha eshtapettathukontu thanneyanu ethu parayunnathu. aazamsakal
വളരെ നന്നായിരിക്കുന്നു.നല്ല ഭാഷ-നല്ല അവതരണം.
@ ഭാനു കളരിക്കല്‍
കഥയെഴുത്തിന്റെ പുത്തന്‍ സങ്കേതങ്ങളെപ്പറ്റി ഞാന്‍ ബോധവാന്‍ തന്നെയാണ്. (പഴയതും പുതിയതുമായ എഴുത്തുകാരുടെ കഥകള്‍ വായിക്കാറുമുണ്ട്. പക്ഷേ എന്നും മനസ്സില്‍, ചിന്തയില്‍ ഒക്കെ പച്ചപിടിച്ചു നില്‍ക്കുന്നത് പഴയ കഥകളാണ്. ഇ.സന്തോഷ് കുമാറിന്റെ ‘ആറു വിരലുകള്‍’ എന്ന കഥകളും ആ കൂട്ടത്തിലുണ്ട്). പിന്നെയെന്തേ അങ്ങിനെയൊക്കെ എഴുതാത്തത് എന്നു ചോദിച്ചാല്‍ ആരുടെയെങ്കിലും ശൈലിയെയോ ഏതെങ്കിലും കാലഘട്ടത്തെ രചനാശൈലിയെയോ പിന്‍പറ്റാന്‍ തയ്യാറല്ലാത്തതുകൊണ്ടാകാം. തയ്യാറായാല്‍ തന്നെ കഴിയുമോ എന്നും സംശയമുണ്ട്. 🙂
എന്റെ എല്ലാ കഥകളിലും പൊതുവായി ഏതെങ്കിലും എഴുത്തുകാരനെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കില്ല. പിന്നെ എഴുതുന്ന ശൈലിയെപ്പറ്റി ഒരു നിഗമനത്തിലെത്താന്‍ തിടുക്കമരുതെന്നു അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. ഇനിയും ഏതു രീതിയിലൊക്കെ എഴുതാന്‍ പറ്റുമെന്ന് തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്. ചിലപ്പോള്‍ പറ്റിയില്ലെന്നും വരാം.
ഞാന്‍ ഇതുവരെയെഴുതിയ പല കഥകളിലും നാടിനെ കാണാന്‍ സാധിക്കും. അതില്ലാതെയും (സെക്കന്റ് ചാന്‍സ്) തീര്‍ച്ചയായും ശ്രമിക്കും. കഴിയുമെന്നു ആത്മവിശ്വാസവുമുണ്ട്, പ്രത്യേകിച്ചും അത്തരം ചില പോസ്റ്റുകള്‍ അണിയറയില്‍ ഒരുങ്ങതിനാല്‍. വായനക്കാര്‍ക്ക് എങ്ങിനെ ഫീല്‍ ചെയ്യുമെന്ന് കണ്ടറിയണം. ഒറ്റയടിക്ക് നന്നായി എഴുതാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ ‘ക്രമാനുഗതമായി പുരോഗതി’ ഉണ്ടാകുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.
അപ്പോ എല്ലാം പറഞ്ഞവസാനിപ്പിക്കുന്നു. പുതിയ രീതികള്‍ സ്വായത്തമാക്കാന്‍ ആകുന്നതുപോലെ ശ്രമിക്കാം. തുടക്കം അടുത്ത പോസ്റ്റില്‍ തന്നെയാകട്ടെ അല്ലേ 😉
വളരെ സിഗ്നിഫിക്കന്റ് ആയ പോയിന്റ് ചൂണ്ടിക്കാണിക്കുന്ന ചേച്ചിയുടെ കമന്റിനു വളരെ നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
സുനി ,
നന്നായി എഴുതി
മനോഹരമായ ശൈലി .. ..ഇഷ്ടായി
നല്ല അവതരണം.
first time here.valla giftum undo….kadha nalla gift thanee
super yar………
ലളിതമായ ഭാഷയില്‍ മനോഹരമായ അവതരണം . അഭിനന്ദനങ്ങള്‍ !
അതിമനോഹരമായി എഴുതി.നല്ല ഭാഷ-നല്ല അവതരണം.ആശംസകള്‍
ഓട്ടക്കാലണ / അല്‍ഡസ് : തച്ചന്റെ ആ വാക്കുകളെ നീയെങ്കിലും പരാമര്‍ശിച്ചത് ഉചിതമായി. ഈ കഥയോട് ചേര്‍ന്നുപോകുന്ന ഒരു ശക്തമായ വാചകമാണത്. നന്ദി പ്രിയ സുഹൃത്തേ 🙂
ഹേമാംബിക : ആദ്യവരവിനു മുന്നില്‍ നമോവാകം. വേദനിപ്പിക്കുമെങ്കിലും എനിക്കു ചൂണ്ടാതെ വയ്യല്ലോ സുഹൃത്തേ 🙂
യാത്രികാ : പലരുമെത്തുന്നതു വൈകിയാണ്. ഒരുപാട് നല്ല വാചകങ്ങള്‍ പറഞ്ഞ് ആത്മവിശ്വാസം ജനിപ്പിച്ചു താങ്കള്‍. 🙂
റിഷാ : ഓഫ് ടോപിക് ആയതിനാല്‍ താങ്കളുടെ കമന്റ് റിമൂവ് ചെയ്യുന്നു. മുമ്പേ സൂചിപ്പിച്ചിരുന്നല്ലോ. നന്ദി 🙂
സുരേഷ് ഭായ് : സന്തോഷം
ഉമ്മുഅമ്മാള്‍ : നല്ല പേര്. ഹിന്ദു മുസ്ലിം മതമൈത്രിക്കു നല്ല പേര്. ഉമ്മു വും ഉണ്ട്, അമ്മാളും ഉണ്ട്. 😉
എല്ലാവര്‍ക്കും നന്ദി
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഭാനു ചേച്ചി : എനിക്കെത്രത്തോളം എഴുതാന്‍ പറ്റുമെന്നു എനിക്കു നിശ്ചയമില്ല. 🙂
ജ്യോ : സ്ഥിരമായി വായിക്കുന്നതിനു നന്ദി 🙂
അഭി : താങ്ക്സ് ഡായ് 🙂
മാന്‍ടുവാക്ക്വിത്ത് : അങ്ങനെ ശൈലികളെത്രയെത്ര 🙂
ശോഭനം : ആണോ 🙂
ആയിരത്തിഒന്നാം രാവ് : ചോദ്യവും ഉത്തരവും താങ്കള്‍ തന്നെ പറഞ്ഞല്ലോ 🙂
പേരൂരാന്‍ : 🙂
രവീണ : ആദ്യസന്ദര്‍ശനത്തിനു നന്ദി. ലളിതമായ ഭാഷയാണെന്നു തീര്‍ച്ചയാണോ? 🙂
Ambily : Hmmmm…. 🙂
എല്ലാവര്‍ക്കും നന്ദി
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഞാന്‍ ഉപാസന. എന്റെ കഥ ആരംഭിക്കുന്നത് വളരെ പണ്ടാണ്. കാപട്യങ്ങള്‍ അറിയാത്ത നിഷ്കളങ്കമായ ഒരു ബാല്യം. അന്നെന്നോ കാടുപിടിച്ചു കിടന്ന ഒരു കാവിലെ ജീര്‍ണിച്ച കരിങ്കല്‍ വിഗ്രഹത്തിന് നേരെ ഞാന്‍ എന്തുകൊണ്ടോ കല്ലെറിഞ്ഞു! അപ്പോള്‍ വീശിയടിച്ച കാറ്റില്‍, കരിയിലകള്‍ക്കിടയില്‍ അവര്‍ ആവിര്‍ഭവിച്ചു. ഭഗവാന്റെ ഭൂതഗണങ്ങള്‍! എട്ടും പൊട്ടും തിരിയാത്ത ഒരു ബാലന്റെ ചാപല്യമെന്ന് കരുതി ആശ്വസിക്കാതെ അവരെന്നോട് ഭീഷണമായി പരിഹാരമാവശ്യപ്പെട്ടു. “എത്രയെത്ര ക്ഷമാപണങ്ങള്‍ പറയേണ്ടൂ?“ എന്ന സന്ദേഹത്തില്‍ നിന്ന എന്റെ മൌനത്തെ അവര്‍ ധിക്കാരമായി തെറ്റിദ്ധരിച്ചു! അവസാനം… അവസാനം എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ വിറക്കുന്ന കൈകളോടെ ഞാനെന്റെ വിരല്‍ ചൂണ്ടി, എന്റെ കാതിനു നേരെ! എല്ലാം നിശബ്ദം. ശാന്തം. അതിനു ശേഷം വര്‍ഷങ്ങള്‍ ചിലത് കഴിഞ്ഞപ്പോള്‍ ഞാന്‍ നടുക്കത്തോടെ മനസ്സിലാക്കുകയായിരുന്നു. എന്റെ കേള്‍വിശക്തിയുടെ പാതി അവരെടുത്തത്, ക്രൂരമായി. ഇപ്പോഴും അത് തുടരുന്നോ എന്ന ഭീതി വിട്ടൊഴിയാതെ രാജാവ് ഇന്നും ജീവിക്കുന്നു, അതിജീവനത്തിന്റെ പൊരുളുകള്‍ തേടിക്കൊണ്ട്. ഇതാണ് എന്റെ കഥ. ഉപാസനയുടെ കഥ
അരേ..വ്വ…
എന്താ ഞാന്‍ പറയാ….സൂപ്പര്‍…
ആഹ ..ആഹഹ..
സൂപ്പര്‍…ഡിയര്‍..സുപ്പര്‍…
നല്ല ഭാഷ .ഗ്രാമീണതയുടെ ഇത്തരം പുരാവൃത്തങ്ങളൊക്കെ മണ്മറഞ്ഞുതുടങ്ങിയില്ലേ ,സുനിൽ…
വളരെ നാളുകൾക്ക് ശേഷം ഇവിടെത്തിയപ്പൊ ഇത്രയും കരുതിയില്ല.വിമർശനാത്മകമായി ഈ കഥയെ കാണാൻ ഞാനാളല്ല പക്ഷെ വായിച്ചു തുടങ്ങിയതും ഞനിതിനുള്ളിലേക്കു കയറി പോയി എന്നു പറയാം.വാക്കുകൾക്കൊണ്ട് വല്ലാത്തൊരു ലോകം തന്നെ സ്രുഷ്ട്ടിച്ചു വെച്ചിരിക്കുന്നു . ഒരു മിസ്റ്റിക് ചുറ്റുപാടുകളിലുള്ള കഥകൾ വായിക്കാൻ ഒത്തിരി ഇഷ്ട്ടമുള്ളതു കൊണ്ടാവും ഈ കഥയെനിക്ക് വളരെ വളരെ ഇഷ്ട്ടപെട്ടു തീർച്ചയായും ഈ കഥ കുറച്ചു കൂടി കൂടുതൽ വായനക്കാരെ ആവശ്യപ്പെടുന്നു
സുരേഷ് പറഞ്ഞ പോലെ, ആശയത്തിലും, ഭാഷയിലും, വാചകങ്ങളിലും, വാക്കുകളിലും, പേരുകളിലും ഒരു ഓ. വി. വിജയന്‍ ശൈലി. ആ ശൈലി ഇഷ്ടമായത് കൊണ്ടായിരിക്കും, ഇതും എനിക്കിഷ്ടപ്പെട്ടു. എത്ര വിജയന്മാര്‍ വരുന്നു എന്നത് വായനക്കാരെ ബാധിക്കുന്നില്ല, അവര്‍ക്ക് വായിക്കാന്‍ നല്ലത് കിട്ടുന്നിടത്തോളം.
മിത്തുകള്‍ വളക്കൂറുള്ള മണ്ണാണ്. പഴമയുടെ ജൈവ വളങ്ങള്‍ അടിഞ്ഞു ചേര്‍ന്നത്. അവിടെ വിത്തെറിഞ്ഞോളൂ, പക്ഷെ നല്ല വിത്തുകള്‍ മാത്രമാകാന്‍ ശ്രദ്ധിക്കണം.
നന്നായിരിക്കുന്നു… ആശംസകള്‍….
സിദ്ധിക് ഭായ്: എന്താ ങ്ങള് ബാധ കേറ്യ മാരി ഓരോന്ന് പറേണെ.
‘ശരീരത്തിലപ്പിടി പൂതമാക്കം’. ഒരു പൂശ ചെയ്താളായ. എന്ത് പറയണു 🙂
നനവ്: അത്രയൊന്നും മണ്‍മറഞ്ഞുപോയിട്ടില്ലെന്നാണ് എന്റെ അനുഭവം. നാട്ടിലെ കാരണവന്മാരോട് സംസാരിക്കുമ്പോള്‍ എല്ലാം മനസ്സില്‍ കത്തിപ്പിടിക്കും. ഇനി അഥവാ മണ്മറഞ്ഞെങ്കില്‍ എന്നാലാവുന്ന വിധം ഞാന്‍ അവയൊക്കെ കുഴിതോണ്ടി എടുക്കും.
വീനസ് : പഴമയുടെ ഭാരം പേറുന്ന മിത്തുകള്‍ എന്നുമൊരു ത്രില്ലാണ്. നാട്ടിലാണെങ്കില്‍ അവക്കു യാതൊരു പഞ്ഞവുമില്ല. പിന്നെ കൂടുതല്‍ വായനക്കാരെ കിട്ടാന്‍ താങ്കള്‍ ആവുന്നപോലെ ശ്രമിക്കൂ. ഞാന്‍ ശ്രമിക്കുന്നുണ്ട്.
വാസുദേവന്‍ : എപ്പോഴും നല്ല വിത്തുകള്‍ മാത്രമെറിയാന്‍ ഞാന്‍ അമാനുഷികനല്ലല്ലോ സഖേ. ക്ഷമിക്കൂ 🙂
എല്ലാവര്‍ക്കും നന്ദി
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
നാടിന്റെ മണമുള്ള കഥ..പരിചയമുള്ള മുഖങ്ങള്‍..
കഥ ഇഷ്ട്ടമായി, പക്ഷെ നീട്ടം കൂടിയോ എന്നൊരു സംശയം..
പ്രിയ സുനിൽ,
ഇപ്പോഴേ വായിക്കാൻ പറ്റിയുള്ളൂ..ഇഷ്ടപ്പെട്ടു.. പ്രത്യേകിച്ചും ഇത്
“വലംകയ്യിലിരുന്ന് വിറക്കുന്ന പള്ളിവാള്‍ ആഞ്ഞുവീശി കുമ്പിടുന്ന തലകള്‍ കൊയ്യാന്‍ മനമായും. പക്ഷേ കഴിഞ്ഞിട്ടില്ല. വെളിച്ചപ്പാടിന് വാള്‍ അലങ്കാരമാണ്. ആയുധമല്ല. പരിഹാരം ഓതുകയാണ് ധര്‍മ്മം. ശിക്ഷ നടത്തുകയല്ല. ശിക്ഷ നടത്തുന്നുവെങ്കില്‍ അത് സ്വന്തം മേനിയില്‍ മാത്രം. ആയുധമാകുന്നത് സ്വമേനിയില്‍ മാത്രം. അതാണ് ശാസ്ത്രം. എന്നോ ആരോ നിര്‍മിച്ച അബദ്ധങ്ങള്‍. നൂറ്റാണ്ടുകളായി കുലം പേറുന്ന വേദനക്കുമുന്നില്‍ ഉച്ചിയില്‍ ആഞ്ഞുവെട്ടുമ്പോള്‍ തോന്നുന്ന ശാരീരികവേദന എത്ര നിസാരം.”
സുചാന്ദ്
This comment has been removed by the author.
..
കുറച്ച് നാള്‍ മുന്നെ വന്നു നോക്കീതാ, നീളമുള്ള പോസ്റ്റായതിനാല്‍ വായിച്ചില്ല, സമയക്കുറവായിരുന്നു കാരണം, ഒന്നോടിച്ച് നോക്കി പോയി. അപ്പൊ അഭിപ്രായ്ം പറഞ്ഞാലെങ്ങനെ??
ഇപ്പൊ പറയാം, കഥാകാരന്‍ നല്ല നിരീക്ഷകനും കൂടിയാണ്. പഴമയുടെ ഒരു സുഗന്ധം കാണാം വരികളില്‍. കഥയിലുടനീളം പറഞ്ഞത് ഇന്നുണ്ടോ എന്നെനിക്ക് സംശയമില്ലാതില്ല. പിന്നെ ജീവിതഗന്ധിയുമാണ്.
ഇത്തിരി സമയം എടുത്തു കേട്ടോ വായിക്കാന്‍. സമയം പോലെ മറ്റുള്ളവയും വായിക്കാം 😉
ആശംസകളോടെ..
..
ആദ്യമായിട്ടാണ് ഈ വഴി. ഒരു നല്ല കഥ വായിച്ച സുഖം. മനസ്സു നിറഞ്ഞു. ഇനി ഇടയ്ക്കിടെ വരാം. ആശംസകള്‍.
സത്യം പറഞ്ഞാല്‍ ,എന്താ എഴുതേണ്ടതെന്ന് അറിയില്ല്യ .ഓരൊഴുക്കന്‍ മട്ടില്‍ നന്നായിയെന്നു പറഞ്ഞു പോകാന്‍ തോന്നുന്നുമില്ല.ഒന്ന് ചോദിച്ചോട്ടെ ,എന്താ നീശന്‍ എന്ന് പറഞ്ഞാല്‍?പൂശാരി എന്ന് തന്ന്യോ അര്ഥം ?പിന്നെ ഇപ്പഴും ഉണ്ടോ ഇങ്ങനെയുള്ള വിശ്വാsaങ്ങള്‍?രാത്രിയിലാണു വായിച്ചത്.പേടിയെന്നു പറയാന്‍ പറ്റില്ല,പക്ഷെ ഉള്ളം കിടുത്തുവെന്നത് നേര്.
ബ്ലോഗിലെ കഥകൾ ഞാൻ വായിക്കാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ശൈലി …. ആശംസകൾ…..