സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
പറോക്കാരൻ അന്തപ്പേട്ടന്റെ മകൻ ബിനു, കക്കാട് തേമാലിപ്പറമ്പിൽ അപൂര്‍വ്വമായി അരങ്ങേറാറുള്ള കബഡികളിയിൽ മൂന്നുപേരു വട്ടംപിടിച്ചിട്ടും അവരെയെല്ലാം പുല്ലുപോലെ കുടഞ്ഞെറിഞ്ഞാണ് ‘കക്കാട് ഖാലി’ പട്ടം കരസ്ഥമാക്കിയത്. അതിനുമുമ്പും മൂന്നുപേരെ പലരും കുടഞ്ഞെറിഞ്ഞു വിജയിച്ചിട്ടുണ്ടെങ്കിലും ബിനു കുടഞ്ഞെറിഞ്ഞവരുടെ പേരുകളാണ് കേൾക്കുന്നവരെ അമ്പരപ്പിക്കുക. ചെറുവാളൂർ സ്കൂൾഗ്രൗണ്ട് കബഡികളത്തിലെ നമ്പർവൺ കാലുവാരിയായ ആശാൻകുട്ടി ശിവപ്രസാദ്, ഇരുപതുവയസ്സിൽ എൺപതുകിലോ ഭാരമുണ്ടായിരുന്ന കൈപ്പുഴക്കാരൻ ദീപേഷ്, ആറടിയിൽ കൂടുതൽ ഉയരമുള്ള കുഞ്ഞിസനു., അങ്ങിനെ പോകുന്നു ബിനു കുടഞ്ഞെറിഞ്ഞ പ്രഗത്ഭരുടെ നിര. കുടഞ്ഞെറിയപ്പെട്ട മൂന്നുപേരേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കബഡി മൽസരം കാണാത്തവർക്കായി, പിറ്റേന്നു പരമുമാഷിന്റെ കടയിൽവച്ചു കല്യാണി ബൈജു മൽസരം വിവരിച്ചു. കടയുടെ മുന്നിൽ, ടാർറോഡിൽ കബഡി കളം വരച്ചു, ഭാവാഭിനയത്തോടെയാണ് പറച്ചിൽ. കല്യാണിയുടെ രീതിയാണത്. കേൾക്കുന്നവർക്കു സംഭവസ്ഥലത്തു ഉണ്ടായിരുന്നപോലെ തോന്നും.
“പ്രസാദും ദീപേഷും കേറിപ്പിടിക്കണ കണ്ടപ്പോ ഞാനും കൈവച്ചാലോന്ന് ആലോചിച്ചതാ സുബ്രണ്ണാ. അവര്ടെ ചെലവീ നമക്കും ഒരു വെയിറ്റ്”
സുബ്രണ്ണൻ അതു ശരിവച്ചു. “അല്ലേലും ദീപേഷ് പിടിച്ചാപ്പിന്നെ ആർക്കാ അനങ്ങാൻ പറ്റാ. ഉമാമഹേശ്വരൻ വരെ ഫ്ലാറ്റാകും”
“അതന്ന്യാ കാര്യം. പിന്നെ സനൂം കൂടി കൈവച്ചപ്പോ പിടിക്കാനൊറപ്പിച്ച് തന്നെ ഞാൻ നീങ്ങി. പക്ഷേ, പിന്നെന്തൂട്ടാ കണ്ടേ! മൂന്നെണ്ണോം കാക്കേനെപ്പോലെ പറക്കണ്”
കല്യാണി കാക്ക പറക്കുന്നതു അനുകരിച്ചു. സുബ്രണ്ണൻ ആരോടെന്നില്ലാതെ പറഞ്ഞു. “ഇനി അവന്റെ കാലാന്നാ തോന്നണെ”
കേട്ടുനിന്നവർ തലയാട്ടി. കല്യാണി പരിതപിച്ചു. “പുള്ളിക്കിപ്പോ എന്താ ഡിമാന്റ്. വാർത്ത അറിഞ്ഞപ്പോ തന്നെ പള്ളീലച്ചൻ ഒരുകൊല ഏത്തപ്പഴം കൊടുത്തുവിട്ടു. കണ്ണമ്പിള്ളി ലോനഅപ്പൂപ്പൻ അഞ്ച് മൂട് കപ്പേം ഒരു കോഴിനേം. അതൊക്കെ തിന്നു വളി വിട്ടൂണ്ട് നടക്കാണ് ഇപ്പോ”
“പണ്ട് കൊടക്കമ്പി പോല്യായിരുന്ന ചെക്കനാ. ഇപ്പഴോ…” കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവർ തിരക്ക് കൂട്ടിയപ്പോൾ പരമുമാഷ് എഴുന്നേറ്റു. മറ്റുള്ളവർ വേറെ ഗോസിപ്പുകളിലേക്കു തിരിഞ്ഞു.
‘കക്കാട് ഖാലി’ പട്ടംകിട്ടുന്നതിനു മൂന്നുവർഷം മുമ്പ് ബിനുആന്റണി ഒരു സാദാ എല്ലനായിരുന്നു. കക്കാടിലെ ഏതൊരു പയ്യനേയും പോലെ പെരുന്തോട്ടിലെ ചെളിയിൽ മീൻതപ്പിയും, പനമ്പിള്ളിക്കടവ് മുറിച്ചുനീന്തിയും വളർന്നവൻ. ദൃഢപ്രകൃതിയായ അപ്പൻ, പറോക്കാരൻ ആന്റണിയെ പോലെയാകാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും, പഴഞ്ചോറ് കഴിച്ചിട്ടും പനങ്കള്ള് കുടിച്ചിട്ടും ശരീരം കുടക്കാൽ പോലെ തുടർന്നു. ഒടുക്കം അറ്റകൈ തന്നെ പ്രയോഗിച്ചു. നല്ല സമയം നോക്കി ജിമ്മിൽ പോകാൻ അപ്പനോടു അനുവാദം ചോദിച്ചു. അന്തപ്പേട്ടനാണെങ്കിൽ എന്തിനും ഏതിനും ‘നോ’ പറയുന്ന ശീലക്കാരനാണ്. അതറിയാവുന്ന മകൻ ഒരു മുഴം മുന്നേ എറിഞ്ഞു.
“അപ്പാ ഞാൻ കൊരട്ടി ജിമ്മില് പോവണ്ടാന്നാ തീരുമാനിച്ചേക്കണേ”
അന്തപ്പേട്ടൻ പറഞ്ഞു. “അതുവേണ്ട. നീ പോയ്ക്കോ”
ആഹ്ലാദഭരിതനായി മകൻ പിന്തിരിയുമ്പോൾ അന്തപ്പേട്ടനു ബോധോദയമുണ്ടായി.
“എന്താടാ നീ പറഞ്ഞെ. ജിമ്മോ?”
ബിനു അതെയെന്നു തലയാട്ടി. അന്തപ്പേട്ടൻ തുടർന്നു. “അതെന്തിനാടാ അവടെ പോണെ?”
“ബോഡി വര്ത്താൻ”
“അതിനു പരീക്കപ്പാടത്ത് പന്തുകളിച്ചാപ്പോരേ”
“അയ്യോ കയ്യോ കാലോ ഒടിയും”
“അതെന്താടാ. ഫുട്ബാളിന്റെ ഉള്ളിൽ കാറ്റ് തന്ന്യല്ലേ നെറക്കണേ”
“കാറ്റ് തന്ന്യാ. പക്ഷേ കളിക്കുന്നവരിൽ ചിലര്ടെ കാല് പച്ച ഇരിമ്പ് പോലാ. എന്നും ആർക്കെങ്കിലും എന്തെങ്കിലും പറ്റും. വിൽസനാണ് മിക്കപ്പോഴും പ്രതി”
“എന്നാ അവനെ കളിക്കാൻ കൂട്ടരുത്”
“പക്ഷേ വിൽസന്റെയാണ് അപ്പാ ഫുട്‌ബോൾ”
“ഓഹോ. എന്നാപ്പിന്നെ നീ വിൽസന്റെ ടീമീ കളിച്ചാതി. അപ്പോ ശര്യായില്ലേ”
“അതാണപ്പാ കൂടുതൽ പ്രോബ്ലം. ഇന്നലെ വിൽസന്റെ ടീമീ കളിച്ച ഷൈജൂന്റെ വലതുകാലിലെ ചൂണ്ടുവെരലിന്റെ പെൻസിലൊടിഞ്ഞു. പോരാഞ്ഞ് പന്തുകളിക്കുമ്പോ ആവശ്യല്ലാത്ത കയ്യിലെ വെരലും”
“അങ്ങനാണെങ്കീ വിൽസൺ നിന്റെ അടുത്തേക്ക് വരുമ്പോ അവൻ വലിച്ച് നിലത്തിടണം”
“ഇന്നലെ ഷൈജു അതന്ന്യാ ചെയ്തെ. അപ്പഴാ കയ്യിലെ വെരലൊടിഞ്ഞെ”
അന്തപ്പേട്ടൻ ഞെട്ടി. “അയ്യോ. എന്നട്ട് ആശൂത്രീ പോയില്ലേ”
“പിന്നല്ലാണ്ട്. മൂന്ന് വെരലുമ്മേം ചീള് വച്ചു”
“എത്ര പോയി”
“മിനിമം ആയിരം”
“ആയിരോ!” അന്തപ്പേട്ടൻ അന്ധാളിച്ചു. “കാശ് ആരു കൊടുത്തു”
“ബെന്നിച്ചൻ”
“എന്നട്ട് ബെന്നി ഷൈജൂനോടൊന്നും പറഞ്ഞില്ലേ”
“ഒന്നും പറഞ്ഞില്യ. പത്തലോണ്ട് പൂശ്യോള്ളൂ”
“നമ്മുടെ പറമ്പിൽ പത്തലില്ല മോനേ. അതോണ്ട് നീ പന്തുകളിക്കാൻ പോണ്ട. പറമ്പിലെറങ്ങി തെങ്ങിന്റെ തടം കെളച്ചാതി”
“അപ്പാ…” കൂടുതൽ പറയാനാഞ്ഞ മകനെ അന്തപ്പേട്ടൻ ചീത്തപറഞ്ഞു.
“നീയീ നാട്ടിലൊള്ളോരെ നോക്ക്. നമ്മടെ കുഴുപ്പിള്ളി വിജയൻ കട്ടയായത് എങ്ങനാ? ടില്ലറോടിച്ചട്ട്. കോക്കാടൻ രവി കട്ടയായത് എങ്ങിനാ? ഇലക്ട്രിക്പോസ്റ്റീ കേറീട്ട്. ഇവരാരും ജിമ്മീ പോയിട്ടില്ല. അതോണ്ട് നീയും പോണ്ട. തൂമ്പക്കൈ പിടിച്ചാൽ വരാത്ത മസിലുണ്ടോടാ”
അന്തപ്പേട്ടൻ കൂടുതൽ പറയാതെ എഴുന്നേറ്റുപോയി. അപ്പനറിയാതെ ജിമ്മിൽ പോയിട്ടേയുള്ളൂവെന്നു മകൻ തീരുമാനമെടുത്തു.
അന്നമനട വിഎം ടാക്കീസ് കഴിഞ്ഞാൽ, കക്കാടിനടുത്തുള്ള ഏക സിനിമാതീയേറ്ററാണ് കൊരട്ടിയിലെ ‘മാത’. ‘മാത’ തിയേറ്ററിനു അടുത്തു മൂന്നുകൈവഴികളുള്ള ചെറിയ ജംങ്ഷനുണ്ട്. ഒരുവഴി അന്നമനടയിലേക്കും മറ്റൊന്നു ചിറങ്ങര ഭാഗത്തേക്കും മൂന്നാമത്തേത് കൊരട്ടി നാഷണൽ ഹൈവേയിലേക്കുമാണ് പോകുന്നത്. പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മൂന്നു കൂറ്റൻമാവുകളുടെ തണലിലാണ് ജംങ്ഷനിലുള്ള മൂന്നുകടകൾ സ്ഥിതിചെയ്യുന്നത്. ടിവി/റേഡിയോ സര്‍വ്വീസ്, ടുവീലര്‍ സര്‍വ്വീസിങ്ങ്, ടൈലരിങ്ങ് എന്നീ ഷോപ്പുകൾ കഴിഞ്ഞാണ് കൊരട്ടിബിജുവിന്റെ ജിംനേഷ്യം.
ബോഡിബില്‍ഡിങ്ങ് ലക്ഷ്യവുമായി ജിമ്മിലെത്തിയ അന്തപ്പേട്ടന്റെ മകനു കൊരട്ടിബിജുവുമായി ആദ്യം തെറ്റിദ്ധാരണ ഉണ്ടായി. ജിമ്മിലെ അസംഖ്യം കട്ടകള്‍ക്കിടയിൽ അന്തിച്ചുനിന്ന ബിനുവിന്റെ അടുത്തേക്കു കള്ളിമുണ്ടും മുറിക്കയ്യൻ ഷർട്ടും ധരിച്ച സാധാരണക്കാരൻ വന്നു.
ബിനു അന്വേഷിച്ചു. “എനിക്കു ജിമ്മിലെ ആശാനെ ഒന്നു കാണണമായിരുന്നു”
“പറഞ്ഞോളൂ”
“അതു അദ്ദേഹത്തോടേ പറയാൻ പറ്റൂ”
“ഞാനാണ് ആ മാന്യൻ”
ബിനു ചിരിച്ചു. മാന്യന്റെ ചുമലിൽ അടിച്ചു പറഞ്ഞു. “ഹഹഹഹ. ഒന്നു പോ ഇഷ്‌ടാ. തമാശ പറയാണ്ട്”
മാന്യൻ ഒന്നുംപറയാതെ ബിനുവിനെ തുടയിടുക്കിൽ പിടുത്തമിട്ടു. അപ്രതീക്ഷിതമായ നീക്കം. ബിനു എതിരാളിയുടെ ചുമലിൽ സസൂക്ഷ്മം കൈവച്ചു, ‘പതുക്കെ പതുക്കെ’ എന്നെല്ലാം പറഞ്ഞെങ്കിലും ഫലിച്ചില്ല. കണ്ണിൽ കുടുകുടാ വെള്ളം വന്നു. ഒടുക്കം കാര്യങ്ങൾ ഗ്രഹിച്ചു തോൽവി സമ്മതിച്ചു.
ആശാൻ പിടിവിട്ടു. “എങ്ങിന്യാ എന്നെപ്പറ്റി അറിഞ്ഞെ?”
“തമ്പി പറഞ്ഞു”
ആശാന്റെ കണ്ണുകൾ ചെറുതായി. അണപ്പല്ലു ഞെരിഞ്ഞു. ബിനു അമ്പരന്നു. അദ്ദേഹത്തിന്റെ മനസ്സിലെന്തോ ഉണ്ടല്ലോ.
“എന്താ ആശാനേ. എന്തുപറ്റി. അവൻ ഇവടെ വരാറില്ലേ”
“ആ ഒര് നാലാഴ്ച”
“പിന്നെന്താ വരാണ്ടിര്ന്നെ”
“അതിനകം കട്ടയായി“
“നാലാഴ്ചക്കുള്ളിലാ” ബിനു അൽഭുതപരതന്ത്രനായി. “വയറ്റീ സിക്‍സ് പാക്ക് വന്നാ”
“പിന്നല്ലാണ്ട്. വയറിന്റെ ഒരുഭാഗത്ത് മാത്രം ആറുപാക്ക് വന്നു. രണ്ടുവശത്തൂടി പന്ത്രണ്ട് പാക്കുകൾ”
അപകടം മണത്ത ബിനു ഫുൾസ്റ്റോപ്പിട്ടു. ആശാൻ അലറി.
“മൂന്നുമാസം ഇവിടെവന്നു വെയിറ്റടിച്ചേന്റെ കാശു തന്നട്ടു പോകാമ്പറ. ഇല്ലെങ്കീ കാണണോടത്തുവച്ച് പൂശൂന്ന് പറഞ്ഞേക്ക്”
ബിനു ജിംനേഷ്യത്തിലാകെ നോക്കി. ട്രെഡ്‌മിൽ കണ്ടില്ല. മനസ്സിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചു.
“അയ്യേ ട്രഡ്‌മിൽ ഇല്ലേ”
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞാണല്ലോ. ആശാൻ ചൂടായി. “എന്തിനാ”
“ഓടാൻ. എനിക്ക് ദെവസോം അഞ്ചു കിലോമീറ്റർ ഓടീല്ലെങ്കീ മേലാകെ ഒരു വേദന്യാ”
ബിനു കയ്യും കാലും കുടഞ്ഞു. ആശാൻ ജിംനേഷ്യത്തിന്റെ വാതിൽക്കലേക്കു നടന്നു.
“നീയിങ്ങട് വന്നേ”
ബിനു അടുത്തുചെന്നു. ആശാൻ പറഞ്ഞു. “ഇവടന്നേ ചെറങ്ങര വരെ ഓടിക്കോ. അവടന്ന് ഇങ്ങടും. അഞ്ച് കിലോമീറ്ററ്ണ്ട്”
ബിനു ഉരുണ്ടു. “രാത്ര്യല്ലേ”
“ആണോ? എന്നാ നാളെ വീട്ടീന്ന് പോരുമ്പോ ഒരു ടോർച്ചും കൊണ്ടന്നോ”
ബിനു വീണ്ടും കീഴടങ്ങി. ആശാൻ ഒരുവനെ കയ്യാട്ടി വിളിച്ചു. അദ്ദേഹത്തിന്റെ കഷണ്ടിയിലെ മസിൽ ട്യൂബ്‌ലൈറ്റിന്റെ വെളിച്ചത്തിൽ വെട്ടിത്തിളങ്ങി.
“ഇതാണ് ഷാജു. ഇദ്ദേഹം എല്ലാം പറഞ്ഞുതരും. അതുപോലെ ചെയ്തോണം”
ആശാൻ പോയി. ഷാജു നിർദ്ദേശിച്ചു. “ഒരാഴ്‌ച വാമപ്പ് എക്‌സർസൈസ് ചെയ്താതി. വെയിറ്റടിക്കണ്ട”
ബിനു ശങ്കിച്ചു. മറ്റുള്ളവരെല്ലാം ഇരുപതും മുപ്പതും കിലോയെടുത്തു പൊന്തിക്കുമ്പോൾ, താൻമാത്രം സാദാ വ്യായാമങ്ങൾ ചെയ്തുനിൽക്കുന്നതു കുറച്ചിലല്ലേ. ആരേയും ഗൗനിക്കാതെ പത്തുകിലോ ഭാരം ഉയർത്താൻ തുനിഞ്ഞ ബിനുവിനെ കോളറിനുപിടിച്ചു, ഷാജു ജിമ്മിനു പിന്നിലെ തുറസായ സ്ഥലത്തേക്കു പുറത്താക്കി. അവിടെനിന്നു കൈകാലുകൾ ഇളക്കി പ്രാഥമികവ്യായാമങ്ങൾ ചെയ്തു. പുഷ്അപ് എടുത്തു. കാൽ സ്പ്ലിറ്റ് ചെയ്തു. ഒരുമണിക്കൂറിനകം മൃതപ്രായനായി. മുണ്ടും ഷർട്ടും എടുത്തു ഓട്ടോവിളിച്ചു വീട്ടിലേക്കു മടങ്ങി. രണ്ടുദിവസം പനിച്ചുകിടന്നു. മൂന്നാംദിവസം പിന്നേയും ജിമ്മിൽ എത്തി.
ഏതാനും ആഴ്ചകൾ കടന്നുപോയി. ബിനുവിന്റെ ശരീരഘടനയിൽ കാര്യമായ മാറ്റങ്ങൾ ദൃശ്യമായി. ‘ഇതെങ്ങനാ നിന്റെ നെഞ്ചുരുണ്ട് വിരിഞ്ഞെ’എന്നു ചോദിച്ച അപ്പനോടു ബിനു തൂമ്പക്കൈ പിടിച്ചു ഉറച്ചതാണെന്നു പറഞ്ഞു. പക്ഷേ ഇനിയും മസിൽ പൊങ്ങിയാൽ തൂമ്പക്കൈയെ പഴിപറയാൻ പറ്റില്ലെന്നു മനസ്സിലാക്കി, പുതിയ ആശയങ്ങൾ നടപ്പിലാക്കി. അയഞ്ഞ ധർട്ട് ധരിക്കാൻ തുടങ്ങി. അയൽക്കാരനായ ആനന്ദന്റെ ടില്ലറിന്റെ നാവ് ഒടിച്ചെടുത്തു, കല്ലുമടയിലെ എസ്.എൻ വർക്കുഷോപ്പിൽ കൊടുത്തു, രണ്ടു പുഷ്അപ്പ് ഹാൻഡിൽ പണിയിച്ചു. വീട്ടുവളപ്പിൽ അടുത്തടുത്തുള്ള കവുങ്ങിന്മേൽ മുളങ്കോൽ വച്ചുകെട്ടി, ദിവസവും രണ്ടുനേരം, ‘തൂങ്ങാൻ’ തുടങ്ങി. മകന്റെ ഈവിധ ഉൽസാഹങ്ങളിൽ അന്തപ്പേട്ടൻ സന്തോഷിച്ചു. വെച്ചടിവെച്ചടി വികസിച്ച, ഉരുണ്ട മസിലിൽ തലോടി മകനെ അഭിനന്ദിച്ചു.
“ഇനീം തൂങ്ങിക്കോടാ, ഇനീം തൂങ്ങിക്കോ”
ഇടയ്ക്കൊക്കെ നിയന്ത്രിക്കാനാകാതെ വരുമ്പോൾ, ആരും കാണാതെ, അന്തപ്പേട്ടനും തൂങ്ങി.
എലുമ്പനായി നടന്ന നാളുകളിൽ യാതൊരു വിലയുമില്ലാതിരുന്ന ബിനു ക്രമേണ കുഴുപ്പുള്ളി വിജയൻ കഴിഞ്ഞാൽ നാട്ടിലെ മസിലൻ ആയി. പരമുമാഷിന്റെ പീടികയിൽ ബിനു വരുമ്പോൾ അവിടെയുള്ളവർ ഒതുങ്ങിനിൽക്കും. പരമുമാഷ് ചോദിക്കാതെ തന്നെ ജീരകസോഡ പൊട്ടിച്ചു കൊടുക്കും. പിന്നെ പതിവ് അഭിനന്ദനങ്ങൾ. അതുകേൾക്കേണ്ട താമസം ബിനു കൈകൾ ‘വയ്യ’ എന്ന വ്യംഗ്യത്തിൽ കുടയും. പിന്നെ ആ കയ്യുമ്മെ കയറിപ്പിടിക്കാനും, അമർത്തി തിരുമ്മാനും തിരക്കോടു തിരക്കാണ്. ഒരുവൻ നാലഞ്ചു തവണ തിരുമ്മിക്കഴിയുമ്പോൾ അടുത്തവൻ കയറിവരും. എല്ലാവരും രണ്ടുമൂന്നാവർത്തി തിരുമ്മിക്കഴിഞ്ഞാൽ ബിനു ഷർട്ടിന്റെ കൈകൾ തെറുത്തുകയറ്റി കിണ്ണൻ മസിലുകൾ പ്രദർശിപ്പിക്കും. ഒരുപരിധി വരെ തുടകളും. വയറിലെ സിക്സ്‌പാക്കിൽ ഉഴിയാൻ എല്ലാവർക്കും അനുവാദമുണ്ട്. കൊരട്ടി ജിമ്മിലും ബിനു താരമാവുകയായിരുന്നു. ആദ്യകാലത്തു ട്രഡ്‌മിൽ ഇല്ലാത്തതിനാൽ അഞ്ചുകിലോമീറ്റർ ഓട്ടം വേണ്ടെന്നുവച്ചെങ്കിലും, പിന്നീടു ചിറങ്ങര റെയിൽവേക്രോസ് വരെ ഓടാൻതുടങ്ങി. അവിടന്നു തിരിച്ചും. കൂടുതൽ ഭാരമെടുക്കാൻ പ്രോൽസാഹിപ്പിച്ചും, എടുക്കുമ്പോൾ സഹായിച്ചും കട്ടപ്പുറംഷാജു ബിനുവിനെ ഒത്ത ബോഡിബിൽഡർ ആക്കി. പക്ഷേ, ഇക്കാലമത്രയും ജിമ്മിൽ പോകുന്ന കാര്യം അപ്പനിൽനിന്നു ബിനു മറച്ചുവച്ചു. മകന്റെ ശരീരം ദൃഢമായത് തൂമ്പക്കൈ പിടിച്ചും കവുങ്ങിന്മേൽ തൂങ്ങിയുമാണെന്നു ശുദ്ധനായ അന്തപ്പേട്ടനും വിശ്വസിച്ചു. ഇതിനിടയ്ക്കാണ് കൊരട്ടിമുത്തിയുടെ തിരുനാൾ വരുന്നത്.
(തുടരും….)
പറോക്കാരൻ അന്തപ്പേട്ടന്റെ മകൻ ബിനു, കക്കാട് തേമാലിപ്പറമ്പിൽ അപൂര്‍വ്വമായി അരങ്ങേറാറുള്ള കബഡികളിയിൽ മൂന്നുപേരു വട്ടംപിടിച്ചിട്ടും അവരെയെല്ലാം പുല്ലുപോലെ കുടഞ്ഞെറിഞ്ഞാണ് ‘കക്കാട് ഖാലി’ പട്ടം കരസ്ഥമാക്കിയത്…
മറ്റൊരു പുരാവൃത്തം.
🙂
എന്നും സ്നേഹത്തൊടെ
സുനിൽ ഉപാസന
ആദ്യ ഭാഗം രസായി. ബാക്കി കൂടി പോരട്ടെ.
ആശംസകള്‍!!!
കിടിലൻ! പോരട്ടേ…