ജിംഖാന കാതിക്കുടം – 2

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.PART 2

മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽവന്ന കോക്കാടൻ രവിയെ മെമ്പർ തോമാസ് തടഞ്ഞു.

“ഒരു മൈക്ക് അഡ്‌ജസ്റ്റ് ചെയ്യാനറിയില്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്…” തോമാസ് പഴമൊഴിയെന്ന മട്ടിൽ പുതുമൊഴി പറഞ്ഞു. “ഈ തോമാസ് എത്ര മൈക്ക് കണ്ടതാ. എത്ര മൈക്കുകൾ ഈ തോമാസിനെ കണ്ടതാ”

‘തന്നെ തന്നെ’ എന്നു പറഞ്ഞു തോമാസിന്റെ പ്രസംഗം കേൾക്കാൻ വന്ന കാണികൾ, അവരെല്ലാം സ്റ്റേജിനു തൊട്ടുമുന്നിൽ കുത്തിയിരിക്കുകയാണ്, പുതുമൊഴി തലയാട്ടി ശരിവച്ചു. കോക്കാടൻ തിരിച്ചെന്തോ പറയാൻവന്നപ്പോൾ തോമാസ് ചൂടായി.

“നീയൊന്നും പറയണ്ട” ആമ്പ്ലിഫയറിനു അടുത്തുള്ള കസേര ചൂണ്ടി പറഞ്ഞു. “അവടെപ്പോയി ഇരി”

കോക്കാടൻ പിന്തിരിഞ്ഞു. തോമാസ് നാടകീയമായി മൈക്ക് സ്റ്റാൻഡിൽ പിടുത്തമിട്ടു. ഒന്നുകുനിഞ്ഞ് ഉയരം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ലിവർ ലൂസാക്കാൻ ശ്രമിച്ചു. ദൗർഭാഗ്യകരമെന്നേ പറയേണ്ടൂ, ലിവർ പതിവിലധികം മുറുകിപ്പോയിരുന്നു. രണ്ടു കൈയും പ്രയോഗിച്ചിട്ടും, പഠിച്ച അടവുകൾ പത്തൊമ്പതും എടുത്തിട്ടും ലിവർ അനങ്ങിയില്ല. ജാള്യത തോന്നിയെങ്കിലും പുറമെ അങ്ങിനെ ഭാവിക്കാതെ വിളിച്ചു.

“രവ്യേയ്. ഒന്നു വന്നേടാ”

മൂന്നാമതും വിളിച്ചപ്പോഴേ കോക്കാടൻ വിളി കേട്ടുള്ളൂ. കോക്കാടൻ മൈക്ക് സ്റ്റാൻഡ് ആകെയൊന്നു കുലുക്കിമറിച്ചു. ലിവർ അഴിച്ച് മൈക്ക് പൊക്കത്തിനു ആനുപാതികമായി ഫിറ്റ് ചെയ്തു. സ്റ്റേജിൽ നിന്നിറങ്ങാൻ നേരം തോമാസിനെ അടുത്തുവിളിച്ചു ചെവിയിൽ രഹസ്യം പറഞ്ഞു. തോമാസിന്റെ മുഖം വിളറി. കാണികൾക്കു ആകാംക്ഷയായി.

“എന്തൂട്ടാ തോമാസേ രവി പറഞ്ഞെ?”

കെബിആറിന്റെ മൈക്ക് ഞാൻ കണ്ടട്ടില്ലാന്ന് പറയാരുന്നേയ്”

മറുപടി നുണയാണെന്നു അറിയാം. എങ്കിലും കാണികൾ അടങ്ങി. വെടിക്കെട്ടല്ലേ തുടങ്ങാൻ പോകുന്നത്.

വേദി, ചെറുവാളൂർ സ്കൂൾഗ്രൗണ്ട്.

സന്ദർഭം, ഓണാഘോഷത്തോടു അനുബന്ധമായി നടത്താറുള്ള ഷാർപ്പ് ഷൂട്ടർ ടൂർണമെന്റിന്റെ ഉൽഘാടനം.

സംഘാടകർ, ബ്രദേഴ്‌സ് ക്ലബ്ബ് ചെറുവാളൂർ.

സമീപപ്രദേശങ്ങളിൽനിന്നു എട്ടു ടീമെങ്കിലും മൽസരിക്കാൻ ഉണ്ടാകും. ഇനി അഥവാ എട്ടെണ്ണം തികഞ്ഞില്ലെങ്കിൽ ബ്രദേഴ്സ് ക്ലബ്ബിൽ കളിക്കുന്നവർതന്നെ രണ്ടോമൂന്നോ ടീമുകൾ രൂപീകരിച്ചു എട്ടെണ്ണം തികയ്ക്കും. ഇക്കാരണങ്ങളാൽ ഷാർപ്പ് ഷൂട്ടർ കിരീടം മിക്കവാറും അവർക്കു തന്നെയാണ് ലഭിക്കുക.

മൂന്നാം ഓണദിവസം ഉച്ചക്കുശേഷം നടത്തുന്ന മൽസരങ്ങളുടെ ഉൽഘാടനം പതിവുപോലെ മെമ്പർ തോമാസാണ്. മൈതാനമധ്യത്തിൽ പന്തുതട്ടി ഉൽഘാടനം ചെയ്യുന്നതിനുമുമ്പ് തോമസിന്റെ ട്രേഡ്‌മാർക്കായ പ്രസംഗമുണ്ടായിരുന്നു. മൈക്കിൽ കൈത്തലം കൊട്ടി അദ്ദേഹം തുടങ്ങി.

“പ്രിയപ്പെട്ട നാട്ടുകാരെ, ഫുട്‌ബോൾകളി എന്നുകേൾക്കുമ്പോൾ…..” ഒരുനിമിഷം നിശബ്ദത. “….. കേൾക്കുമ്പോൾ എനിക്ക് ആദ്യമായി ഓർമ്മ വരുന്നത് ഫുട്‌ബാളാണ്”

ഒട്ടും താമസിച്ചില്ല. കാണികൾ കരഘോഷം മുഴക്കി. അതു അരമിനിറ്റ് നീണ്ടുനിന്നു. തോമസ് തുടർന്നു.

“തൊണ്ണൂറുകളിൽ കൊയ്ത്തുകഴിഞ്ഞ കക്കാട് പരീക്കപ്പാടത്തും, ഈ ചെറുവാളൂർ സ്കൂൾ ഗ്രൗണ്ടിലും ഒരേസമയം പന്തുകളിയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന താരമാരെന്നു നിങ്ങൾക്കറിയുമോ? എന്റെ ചോദ്യം നിങ്ങളുടെ ഓർമ്മശക്തി പരീക്ഷിക്കാനുള്ള ഒരവസരമായി എടുക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങൾക്കറിയുമോ ആരാണ് ആ താരമെന്ന്?”

കാണികൾക്കിടയിൽ മുറുമുറുപ്പുയർന്നു. ചെറുവാളൂർ സ്കൂൾഗ്രൗണ്ടിലും കക്കാടിലും ഒരേകാലം പന്തുകളിച്ചിട്ടുള്ളവർ കുറവാണ്. ഒരാൾ വിളിച്ചു പറഞ്ഞു.

നമ്മടെ നാണു

തോമാസ് നിഷേധിച്ചു. “അല്ല”

മറ്റൊരാൾ പറഞ്ഞു. “കല്ലുമട പ്രകാശൻ”

കക്കാടിൽ ഒരുകാലത്തു ഫുട്ബാളിൽ വാഗ്ദാനമായിരുന്ന, പിൽക്കാലത്തു പന്തുകളി അജ്ഞാതകാരണങ്ങളാൽ എന്നെന്നേക്കുമായി നിർത്തിയ പ്രകാശന്റെ പേരും തോമാസ് തള്ളിക്കളഞ്ഞു.

കാണികൾക്കു ഈർഷ്യയായി. “പിന്നെ ആരാ?”

തോമാസ് നെഞ്ചത്തടിച്ചു ആവേശഭരിതനായി. “ഈ തോമാസ്… മെമ്പർ തോമാസ്”

ഒട്ടും താമസിച്ചില്ല. കരഘോഷം വീണ്ടുമുയർന്നു. അതൊരു മിനിറ്റ് നീണ്ടുനിന്നു.

തോമാസിന്റെ പ്രസംഗം ഇടിത്തീപോലെ വീണ്ടും തുടർന്നു. ഇതിനിടയിൽ സ്കൂൾഗ്രൗണ്ടിലെ പുളിമരച്ചുവട്ടിൽ വിവിധ ടീമുകൾ വാമപ്പ് ചെയ്യുകയാണ്. കൂട്ടത്തിൽ ജിംഖാന ക്ലബ്ബിന്റെ കളിക്കാരുമുണ്ട്. അന്നനാട് വളവനങ്ങാടിയിൽ നടത്തിയ ടൂർണമെന്റിൽ ഫൈനലിലെത്തിയ ആവേശത്തിലാണ് ടീം. മാനേജർ സന്തോഷ് എല്ലായിടത്തും ഓടിനടന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു. വാടകയ്ക്കു കളിക്കാൻ ചെറാലക്കുന്നിൽനിന്നു തമ്പി എത്തിയിട്ടുണ്ട്. ചുമതലകൾ പറഞ്ഞേൽപ്പിച്ചാൽ അദ്ദേഹം അതു അച്ചട്ടം പ്രാവർത്തികമാക്കും. നൂറു തരം. സന്തോഷ് തമ്പിയുടെ ഷോൾഡർ മസിൽ തടവാൻ തുടങ്ങി. ഒപ്പം എങ്ങിനെ കളിക്കണമെന്നു സൂചിപ്പിച്ചു.

Read More ->  ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്

“തമ്പീ നമ്മടെ ആദ്യത്തെ കളി ബ്രദേഴ്സിന്റെ ബി ടീമായിട്ടാണ്. അതില് രജീവന്ണ്ട്. അവൻ മുഴുവൻ സമയോം കളിച്ചാപ്പിന്നെ നോക്കണ്ട. നമ്മള് തോറ്റു. നമ്മടെ പോസ്റ്റിൽ ഒര് അഞ്ചു ഗോളെങ്കിലും വീഴും. അതില് സംശയല്യാ”

“എനിക്കും സംശയല്യ”

സന്തോഷ് ജാഗരൂകനായി. തമ്പിയുടെ കൂറ് എതിർടീമിനോടാണോ. വാടകയ്ക്കു കളിക്കാൻ വിളിച്ചത് അബദ്ധമായോ.

സന്തോഷ് പറഞ്ഞു. “അപ്പോ ഞാൻ പറഞ്ഞ് വന്നത്. നീയൊന്നും ചെയ്യണ്ട, രജീവനെ ഒന്നു ഫൗൾ ചെയ്താമതി. ഒരു ഉഗ്രൾ ഫൗൾ. രജീവൻ പിന്നെ കളിക്കരുത്”

തമ്പി വികാരവിക്ഷോഭനായി. “അങ്ങനെ പറഞ്ഞാ പറ്റ്വോ സന്തോഷേ. ഞങ്ങ ഒരുമിച്ച് ഒരേ ക്ലാസ്സീ പഠിച്ചട്ടൊള്ളതാ”

സന്തോഷ് നിസാരവൽക്കരിച്ചു. “അതുപിന്നെ നിന്റെ കൂടെ പഠിക്കാത്ത ആരെങ്കിലൂണ്ടാ ഈ നാട്ടീ”

കളിയാക്കേ. അതും ഈ സമയത്ത്. തമ്പി ചൂടാകുന്നതിന്റെ വക്കിലെത്തി. “ഞാൻ പറഞ്ഞത് ഞങ്ങ തമ്മീ വല്യ ക്ലോസാന്നാ. ആവശ്യല്ലാണ്ട് ഫൗൾ ചെയ്യമ്പറ്റില്ല”

സന്തോഷ് പോംവഴി നിർദ്ദേശിച്ചു. “എന്നാപ്പിന്നെ നീയവന്റെ പിടുക്കുമ്മെ പിടിച്ചുതിരിച്ചാ മതി. നമ്മടെ മെസ്സീനെ ആ ഗ്രീക്കുകാരൻ പിടിച്ച മാതിരി”

തമ്പി കൈകൾ കൂട്ടിത്തിരുമ്മി. കൈവിരലിന്റെ ഞൊട്ടയിട്ടു. “അത് ഞാനേറ്റു. രണ്ട് ഗോളും അടിക്കാം”

ഈശ്വരാ. സന്തോഷ് മൂർദ്ധാവിൽ കൈവച്ചു.

“എന്റെ പൊന്നുതമ്പീ… വേണ്ട. നീ ഗോളടിക്കാൻ മുന്നോട്ട് കേറരുത്. നീ ബാക്കാണ്. മനസ്സിലായാ?”

“എന്നാലും എടക്കൊക്കെ കേറിക്കളിക്കണ്ടേ സന്തോഷേ. അല്ലാണ്ട് എന്തുട്ട് രസാ”

“വേണ്ട തമ്പീ വേണ്ട. നിന്റെ ജോലി രജീവൻ പന്തുംകൊണ്ടു വരുമ്പോ പിടുക്കുമ്മെ പിടിച്ച് തിരിക്കലാണ്. അപ്പോ രജീവൻ പന്ത്തട്ടൽ നിർത്തി പോകും. രജീവൻ പിന്നേം വരുമ്പോ നീ പിന്നേം പിടിക്കാ. രജീവൻ പിന്നേം പന്തുതട്ടൽ നിർത്തിപോകും. അങ്ങിനങ്ങനെ രജീവൻ പിന്നെ നമ്മടെ പോസ്റ്റിന്റെ അടുത്തേക്കു വരില്ല”

“അപ്പോ ഞാൻ എവടാ നിക്കണ്ടേ?”

സന്തോഷ് പറഞ്ഞുനിർത്തി. “ഹ… പോസ്റ്റിന്റെ അടുത്ത്. ബാക്ക് പിന്നല്ലാണ്ട് എവിടാടാ നിക്കാ. മനസ്സിലായാ?”

മനസ്സിലായെന്നോ ഇല്ലെന്നോ ഉള്ള അർത്ഥത്തിൽ തമ്പി തലയാട്ടി. സന്തോഷ് ആത്മസ്നേഹിതനായ മാധവൻ സുനിയുടെ അടുത്തേക്കു നടന്നു. കാര്യം പന്തുകളി ഭ്രാന്തനാണെങ്കിലും കളിക്കുമ്പോൾ വിവേകം എന്നത് അടുത്തൂകൂടി പോയിട്ടില്ല. എതിർടീമൊരു ഗോളടിച്ചാൽ സുനിയുടെ എല്ലാ നിയന്ത്രണവും പോകും. പിന്നെ രണ്ടുഗോൾ തിരിച്ചടിക്കാൻ ഒരുതരം പരക്കംപാച്ചിലാണ്. കളിയുടെ ബാലപാഠങ്ങൾ വരെ മറക്കും. ഫലം കൂടുതൽ ഗോളുകൾ ഏറ്റുവാങ്ങേണ്ടിവരും. സന്തോഷ് നയത്തിൽ കാര്യങ്ങൾ പറയാൻ തുടങ്ങി.

“സുന്യേയ്, ഇത് ഫുട്ബാൾ കളിയാണ്… ചെലപ്പോ നമ്മ ഗോളടിക്കും. ചെലപ്പോ എതിർടീമും അടിക്കും”

സുനി കട്ടായം പറഞ്ഞു. “അവരെക്കൊണ്ട് അടിപ്പിക്കണ പ്രശ്നല്ല്യാ”

“എന്നു പറഞ്ഞാ ഒക്ക്വോ സുന്യേയ്. പന്ത് കള്യല്ലേ. അവർക്കും കളിക്കാനറീല്ലേ. ചെലപ്പോ ഒരുഗോള് നമക്കും വീണൂന്ന് വരും. അതില് വെഷമിക്കാനൊന്നൂല്ല്യാ”

“വെഷമിക്കാനൊന്നൂല്ല്യാന്നാ. ആരു പറഞ്ഞു വെഷമിക്കാനില്ലാന്ന്…. നീയൊന്നു പോയേ സന്തോഷേ. ഒരു ഗോള് നമക്ക് വീണാപ്പിന്നെ, മൂന്നെണ്ണം അവർക്കടിച്ചട്ടാ കാര്യൊള്ളൂ. ആങ്…”

സന്തോഷിനു കുറച്ചു മണ്ണുവാരി വായിലിട്ടു ചവച്ചു തിന്നാൻ തോന്നി. അതാണ് ഭേദം.

അദ്ദേഹം അടുത്ത കളിക്കാരന്റെ അടുത്തെക്കു ചെന്നു. കോക്കാടൻ രവിയുടെ അനിയൻ കോക്കാടൻ സന്തോഷ് ആണ് താരം. ജൂനിയർ കോക്കാടൻ എന്നോ ‘സന്തോ’ എന്നോ പറഞ്ഞാലേ അറിയൂ. ഇദ്ദേഹത്തിനു അറിയാവുന്ന ഏകപണി അടുത്തേക്കു വരുന്ന പന്തുകൾ, വരുന്ന ദിശയിലേക്കു തന്നെ തിരിച്ചടിച്ചു വിടുകയാണ്. സ്വന്തം ടീമിന്റെ പോസ്റ്റിൽനിന്നു വരുന്ന പന്താണെങ്കിലും ജൂനിയർ കോക്കാടൻ നേരെയേ അടിക്കുള്ളൂ. അതിനാൽ ഇദ്ദേഹത്തെ എതിർപോസ്റ്റിനു അഭിമുഖമായി നിർത്താൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും പന്ത് നല്ലശക്തിയിൽ ഷൂട്ട് ചെയ്യുന്നതിൽ ഇദ്ദേഹത്തെ കവിഞ്ഞേ ആരുമുള്ളൂ. അതിനാൽ സ്റ്റോപ്പർ ബാക്കാണ്. ഏറ്റവും പ്രധാന പ്രത്യേകത ഇപ്പോൾ മനസ്സിലായില്ലേ? ജൂനിയർ കോക്കാടൻ കൂടെ കളിക്കുന്നവർക്കു ഇന്നുവരെ പാസ് കൊടുത്തിട്ടില്ല. ഈ രീതിക്കു മാറ്റം വരുത്തണമെന്നു നിശ്ചയിച്ചു സന്തോഷ് അടുത്തുചെന്നു. പരമപ്രധാനമായ കാര്യം ആദ്യമേ പറഞ്ഞു.

“സന്തോ നീയൊരിക്കലും നമ്മടെ ഗോൾപോസ്റ്റിന്റെ നേരെ തിരിഞ്ഞ് നിൽക്കര്ത് ട്ടാ. അറിയാലാ?”

“അറിയാം”

“നീ ബാക്കാന്ന് അറിയാലോ?”

“അതുമറിയാം”

“പിന്നെ നിന്റെ കാലീ പന്ത്‌വന്നാ നീയത് അടുത്തു നിക്കണ നമ്മടെ കളിക്കാരന് പാസ്കൊടുക്കും. അറിയാലാ?”

ജൂനിയർ കോക്കാടൻ എതിർത്തു. “പാസാ, എന്തൂട്ട് പാസ്!! പന്ത് മറ്റേടീമിന്റെ ബോക്സിലെത്തും. പോരേ”

“പോരാ സന്തോ. ബോൾ പൊസഷൻ നമ്മള്തന്നെ ആയിരിക്കണം”

Read More ->  അശോകന്‍ in & as അഴകന്‍

“എന്നാപ്പിന്നെ നീ മാധവൻസുനീനോട് അവര്ടെ ബോക്ലില് ചെന്ന് നിക്കാമ്പറ. പന്ത് അവടെ വരും”

ഇരുവരുടേയും അടുത്തേക്കു വരികയായിരുന്ന മാധവൻസുനി അത് ശരിവച്ചു. “അതുമതി സന്തോ. നീ പന്ത് അവര്ടെ ബോക്സിലെത്തിച്ചാ മതി. പിന്നൊക്കെ ഞാനേറ്റു”

രണ്ടുപേരും കളിക്കളത്തിലേക്കു നടന്നു. സന്തോഷ് നെറ്റി കൈപ്പടത്തിൽ താങ്ങി നിരാശനായി നിന്നു. അതിനിടയിൽ മൽസരം ആരംഭിക്കുന്നതിനുള്ള വിസിൽ മുഴങ്ങി.

ഷാർപ്പ്ഷൂട്ടർ മത്സരം ഫുട്‌ബാളിലെ ട്വന്റി20 ആണെന്നു പറയാം. ലിമിറ്റഡ് എഡിഷൻ ഫുട്‌ബാൾ. രണ്ടു ഇടവേളകളിലായി ഇരുപതു മിനിറ്റാണ് സമയപരിധി. ഒരു ടീമിൽ അഞ്ചുപേർ. ഷാർപ്പ്ഷൂട്ടർ മത്സരത്തിനു രണ്ടുടീമിലും ഗോളിയുണ്ടാവില്ല. ഗോൾപോസ്റ്റ് വളരെ ചെറുതാണ്. ഒരാൾ ഗോൾപോസ്റ്റിനു മുന്നിൽ നിന്നാൽ ഗോൾ വീഴില്ല. അതിനാൽതന്നെ ഗോൾപോസ്റ്റിൽ ഏതെങ്കിലും കളിക്കാരൻ മനപ്പൂർവ്വം വഴിമുടക്കി നിന്നാൽ റഫറി സാഹചര്യത്തിനനുസരിച്ച് പെനാൽറ്റി വിളിക്കും. പെനാൽറ്റി എടുക്കുമ്പോൾ ഗോൾ പോസ്റ്റിൽ ആരും നിൽക്കാൻ പാടില്ല. എന്നാൽ ഗോൾ വീഴുമെന്നു ഉറപ്പാണോ? അതുമില്ല. കാരണം പെനാൽറ്റി സ്പോട്ട് മൈതാനത്തിന്റെ മധ്യഭാഗത്താണ്. പെനാൽറ്റികൾ ഗോളാകുന്നത് വളരെ അപൂർവ്വം. കളിക്കളത്തിനു ചെരിവുണ്ടെങ്കിൽ പ്രത്യേകിച്ചും. ഒരു ഷാർപ്പ്ഷൂട്ടർ ടൂർണമെന്റ് നടത്താൻ ഒരു ദിവസമേ വേണ്ടൂ. നാലഞ്ചു മണിക്കൂർ ആയാലും പ്രശ്നമില്ല.

വിവേകം കുറവാണെങ്കിലും അമിതാവേശക്കാർ ടീമിലുണ്ടെങ്കിലും ജിംഖാന ടീമിനു ചില മേന്മകൾ ഉണ്ടായിരുന്നു. പരീക്കപ്പാടത്തു പ്രാക്‌ടീസ് ചെയ്യുമ്പോൾ അസ്സൂറി എന്നുവിളിക്കപ്പെടുന്ന തെക്കൂട്ട് ആനന്ദൻ ചില ടെക്നിക്കുകൾ പറഞ്ഞുകൊടുക്കാറുണ്ട്. അപ്രകാരം ലോങ്റേഞ്ച് ഷോട്ടുകൾ ജൂനിയർ കോക്കാടൻ ഒഴികെയുള്ളവർ പൂർണമായും ഒഴിവാക്കി. ഗോൾപോസ്റ്റ് ചെറുതായതിനാൽ വിംങ്ങുകളിലൂടെയുള്ള ആക്രമണം കുറച്ചു. കോഴിപ്പാസുകൾക്കും, നീക്കങ്ങളുടെ ഒത്തിണക്കത്തിനും ചടുലതക്കും പ്രാമുഖ്യം കൊടുത്തു. പന്ത് പൊങ്ങാതെ കരുത്തുറ്റ ഗ്രൗണ്ട്ഷോട്ടുകൾ തൊടുക്കാൻ ശീലിച്ചു. എല്ലാത്തിനുമുപരി മഞ്ഞക്കാർഡ് വാങ്ങാതെ എങ്ങിനെ ഫൗൾ ചെയ്യാമെന്നു പഠിച്ചു. കായികമായി കളിക്കാരെ നേരിടേണ്ടത് ഷാർപ്പ്ഷൂട്ടർ മൽസരത്തിൽ അനിവാര്യമാണ്. ഈ പഠിച്ചതെല്ലാം പ്രാവർത്തികമാക്കിയാൽ ജയിക്കാമെന്നു സന്തോഷിനും അറിയാം.

ചെറുവാളൂരിലെ ടൂർണമെന്റിൽ ‘അസ്സൂറി’യുടെ ടെക്‌നിക്കുകൾ ജിംഖാന ടീം പ്രാവർത്തികമാക്കി. തമ്പി രജീവനെ കൃത്യമായി ‘മാർക്ക്’ ചെയ്തുകളിച്ചു. അത്യാവശ്യം കായികമായും തടഞ്ഞു. രജീവൻ തളർന്നതോടെ എതിർടീമിന്റെ മുന്നേറ്റം നിലച്ചു. രണ്ടാം പകുതിയിൽ കോഴിപ്പാസിന്റെ പിൻബലത്തോടെ ജിംഖാന പത്തുമിനിറ്റിനുള്ളിൽ രണ്ടു ഗോളടിച്ചു വിജയിച്ചു.

ഒറ്റ ദിവസം കൊണ്ടു നടത്തിയ ടൂർണമെന്റിൽ കാതിക്കുടം ജിംഖാനയുടെ കുതിപ്പ് സെമിഫൈനൽ വരെയെത്തി. പരീക്കപ്പാടത്തു കളിച്ചുപഠിച്ച കോഴിപ്പാസുകൾ അക്ഷരാർത്ഥത്തിൽ അതേപടി നടപ്പിലാക്കി. അതിന്റെ ബലത്തിൽ പന്തടിച്ചുകയറ്റാൻ ബുദ്ധിമുട്ടുള്ള ചെറിയ ഗോൾപോസ്റ്റിൽ, ഓരോകളിയിലും രണ്ടു ഗോളെങ്കിലും അടിച്ചുകയറ്റി. കളിമികവിനേക്കാൾ ശാരീരികമികവുകൊണ്ടു കളിച്ച ജിംഖാനയുടെ ഡിഫന്റർമാർ എതിർടീമിനെ പോസ്റ്റിനോടു അടുപ്പിച്ചില്ല. സെമിയിൽ രണ്ടുഫൗളുകൾ നടത്തിയ ജൂനിയർ കോക്കാടൻ കളത്തിനു പുറത്തിരുന്നപ്പോൾ തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ ഒന്നുപോലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഒരെണ്ണം ലക്ഷ്യത്തിലെത്തിച്ചു ബ്രദേഴ്സിന്റെ ‘സി’ ടീം ഫൈനലിലെത്തി. അവർ ഫൈനൽജയിച്ച് കപ്പും നേടി. വളവനങ്ങാടിൽ ഫൈനലിലെത്തിയ ചരിത്രം ആവർത്തിച്ചില്ലെങ്കിലും സന്തോഷിനു സെമിഫൈനൽ പ്രവേശനവും ആഘോഷമായിരുന്നു. ജിംഖാന ക്ലബ്ബിലെ എല്ലാ കളിക്കാരുടെ വീട്ടിലേക്കും രണ്ടാഴ്ച റേഷനരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ സൗജന്യമായി കൊടുത്തു.

കാതിക്കുടം ജിംഖാന ഇന്നും ഷാർപ്പ്ഷൂട്ടർ മൽസരങ്ങളിൽ നിറസാന്നിധ്യമാണ്. കൊയ്ത്തുകഴിഞ്ഞാൽ അവർ പരീക്കപ്പാടത്തു പരിശീലനത്തിനിറങ്ങും. പാടവരമ്പത്തു കുന്തിച്ചിരുന്നു ‘അസ്സൂറി’ കോഴിപ്പാസുകൾ രൂപകൽപന ചെയ്യും. ഒരു മാസത്തിനുള്ളിൽ ടീം മൽസരസജ്ജമാകുമെന്നു ഉറപ്പ്. സീസണിൽ മൂന്നു കപ്പെങ്കിലും റേഷൻകടയിലെ ഷോകേയ്‌സിലെത്തും.

2005ൽ ഒരുദിവസം പതിവുപോലെ രാവിലെ പത്തുമണിയോടെ റേഷൻകട തുറന്നു സാധനങ്ങൾ എടുത്തു കൊടുത്തു ആളൊഴിഞ്ഞപ്പോൾ ശങ്കരേട്ടൻ കട്ടിഫ്രെയിമുള്ള കണ്ണട ഊരിവച്ചു. ലെഡ്‌ജർ ബുക്കിൽ തലചായ്ച്ചു മയങ്ങി. മയക്കത്തിനിടയിൽ തന്നെ നിത്യതയിലേക്കു വഴുതി. അതിനുശേഷം ശാസ്താവിന്റെ കാണിക്കവഞ്ചിയിൽ എന്നും ഒരുരൂപ നാണയമിടുന്നത് സന്തോഷ് ആയി. ഇക്കാലത്തും മണ്ണെണ്ണ വാങ്ങാൻ ആളുകൾ വരുമ്പോൾ, കടയിലെ തിരക്ക് ഒഴിവുകഴിവായി പറഞ്ഞ്, വീപ്പയിൽനിന്നു മണ്ണെണ്ണ വലിക്കാൻ സന്തോഷ് ആരുടെയെങ്കിലും സഹായം തേടും. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ചെവിയിൽ ഭൂതകാലത്തിൽ നിന്നുവരുന്ന ‘കരകര’ ശബ്ദം വന്നലക്കും.

“എടാ സന്തോഷേ”

അതു മതി. കുഴലെടുത്തു സന്തോഷ് തന്നെ മണ്ണെണ്ണ വലിക്കാൻ ഇറങ്ങും.


9 Replies to “ജിംഖാന കാതിക്കുടം – 2”

 1. നാട്ടിലേയ്ക്കും നാട്ടിലെ മത്സരാവേശങ്ങളിലേയ്ക്കും തിരികെ കൊണ്ടു പോയി.

  നന്നായി എഴുതി, പുതുവത്സരാശംസകള്‍, ഡാ
  🙂

 2. കുറേ കാലത്തിനു ശേഷം ഒരു നല്ല നാടൻ കഥ കൂടി വായിച്ചു. സന്തോഷം…

 3. നന്നായിട്ടുണ്ട്.. പെട്ടന്ന് അവസാനിച്ചപോലെ ……രാജീവന്‍ ഒരു ഹീറോ ആയിരുന്നു..ല്ലേ …

 4. ബിനേഷ് ഭായ്,

  രാജീവനും രജീവനും ഹീറോ തന്നെയാണ്. വാളൂരിന്റെ കായികചരിത്രത്തിലെ ലോക്ക്കൽ ഹീറോസ്. ഇവർ ഹീറൊ ആകുന്നത് എല്ലാവർക്കുമല്ല എന്നുകൂടി പറഞ്ഞാലേ അർത്ഥം പൂർണമാകൂ. കളിക്കമ്പക്കാർക്കിടയിലാണ് ജനപ്രീതി കൂട്തൽ. കൂടാതെ ഇവരെ നോക്കിക്കാണൂന്നവരുടെ മനോനിലയും പ്രധാനമാണ്.

  ആറാം ക്ലാസിൽ പഠികുന്ന കാലത്ത്, സ്കൂൾ കായികമേളക്കു 3000, 5000 മീറ്റർ ഇനങ്ങൾ 'ചുമ്മാ ചുമ്മാ ദേ ദേ ചുമ്മാ' പാട്ടുകളുടെ അകമ്പടിയോടെ ഓടി ജയിക്കുന്ന രാജീവൻ കായിക കമ്പക്കാരനായ ഒരു ഇളമുറക്കാരനിൽ ഹീറൊ പരിവെഷം ഉണ്ടാക്കിയില്ലെങ്കിൽ അതിലല്ലേ അൽഭുതം.

  രജീവൻ പിന്നെ എന്റെ ക്ലാസ് മേറ്റായിരുന്നു. അവന്റെ സ്പീഡും പിക്കപ്പും കൊള്ളാം. ഇന്നു അദ്ദേഹത്തിന്റെ കാലമല്ലേ :-))

 5. വേനല്പ്പാടത്തെ ഫുട്‌ബോള്‍, പണ്ടൊക്കെ നാട്ടിലെ സ്ഥിരം വിനോദമായിരുന്നു.
  കളിയുടെ ആവേശം നിറഞ്ഞ എഴുത്ത്‌.
  ഗോളിന്റെ ആര്‍പ്പ്‌ കേട്ട സന്തോഷം..

അഭിപ്രായം എഴുതുക