സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
PART 1
കാതിക്കുടത്തെ ഓസീൻ കമ്പനിയിലേക്കു വരുന്ന സകല ടാങ്കൻലോറികളും, ടാങ്കില്ലാത്ത ലോറികളും കാതിക്കുടം ജംങ്ഷനിലെത്തുമ്പോൾ ബ്രേക്കിടും. അവർ മൊതയിൽ രവിയുടെ ചായക്കടയിൽനിന്നു കട്ടനടിക്കും. ചായയുടെ പൈസകൊടുത്തു രവിയോടുതന്നെ സംശയം ചോദിക്കും.
“ഈ ഓസീൻ കമ്പനി എങ്കെയിരുക്ക് തമ്പീ?“
കടയിലെത്തുന്ന ലോറിക്കാർ ആരും ഈചോദ്യം ചോദിക്കാതെ പോകാറില്ലല്ലോ. രവി ടാർറോഡിലേക്കു ഇറങ്ങും. ഓസീൻ കമ്പനി കാണാമറയത്താണെങ്കിലും അടുത്തുകാണുന്ന വളവിലേക്കു കൈചൂണ്ടി പറയും.
“ഇവടന്നു കൊറച്ചങ്ങട് കഴിഞ്ഞാ ഒരു ഓട്ടുകമ്പനി കാണാം. ബിസ്മി ടൈലറി. അവടന്ന് വലത്തോട്ട് തിരിയാ. പിന്നെ നേരെപോയാ ചെറിയ ക്വാറീണ്ട്. അതിന്റെ എടതുവശത്തു ഒരു രണ്ടുനില കെട്ടിടണ്ട്. നല്ല കിണ്ണൻ ബിൽഡിങ്ങ്….”
ലോറി ഡ്രൈവർ അന്വേഷിക്കും. “അത് താനാ കമ്പനി?”
“അത് കമ്പന്യല്ല. അതെന്റെ വീടാ!” രവി തുടരും. “അവടന്നും കൊറച്ചുപോയാ ഒരു വളവിലെത്തും. വല്യ കുഴിയുള്ള വളവ്”
ഒരുതവണയെങ്കിലും ഇതുവഴി വന്നിട്ടുള്ള ലോറിക്കാരിൽ ചില ഓർമ്മകൾ തലപൊക്കും. “അങ്കെ ഒര് റേഷൻകട ഇല്ലവാ?”
രവി തിരുത്തും. “റേഷൻകട ചെലപ്പോ ഇല്ലാന്ന് വരും. പക്ഷേ കുഴി എന്തായാലൂണ്ടാവും”
പ്രത്യക്ഷത്തിൽ വിഡ്ഢിത്തമെന്നു തോന്നാമെങ്കിലും രവി പറഞ്ഞതിലും ശരിയുണ്ട്. റേഷൻകടയും അയ്യങ്കോവ് അമ്പലത്തിലെ കാണിക്കവഞ്ചിയുമുള്ള റോഡുവളവിൽ, ഇവ രണ്ടിനേക്കാളുംമുമ്പ് സ്ഥാപിതമായത് കുഴിയാണ്. എംഎൽഎമാരും പഞ്ചായത്തു ഭരണസമിതിയും വന്നും പോയുമിരുന്നു. വന്നവരെല്ലാം മണ്ണടിച്ചും, ഓട് പൊടിച്ചിട്ടും, അറ്റകൈയ്ക്കു ടാർ ചെയ്‌തും കുഴിനികത്തി. കൂടിയ കാലാവധി രണ്ടുമാസമാണ്. ഓസീൻ കമ്പനിയിലേക്കു വരുന്ന ഭാരംകൂടിയ അസംഖ്യം ലോറികൾ വളവിൽ ബ്രേക്ക് ചവിട്ടാതെ കറക്കിയെടുക്കുന്നതുമൂലം അരിക് കുറേശ്ശെ ഇടിഞ്ഞിടിഞ്ഞു റോഡ് രണ്ടുമാസത്തിനുള്ളിൽ വീണ്ടും കുഴിയാകും. മഴക്കാലമായാൽ കുളമാകും. വേനലാണെങ്കിൽ മെറ്റലടിച്ച റോഡാകും. ഓസീൻ കമ്പനിയിലേക്കു വരുന്ന ലോറികൾക്കു വഴിപറഞ്ഞു കൊടുക്കുന്നവർ ലാൻഡ്‌മാർക്കായി സൂചിപ്പിക്കുന്നത് വിഖ്യാതമായ ഈ കുഴിയെയാണ്.
രവി പറഞ്ഞുകൊടുത്ത അടയാളം മനസ്സിൽവച്ചു ലോറിഡ്രൈവർമാർ വണ്ടിയെടുക്കും. കുഴിയുള്ള വളവിലെത്തിയാൽ ഇടത്തോട്ടു തിരിഞ്ഞുനോക്കും. അവിടെ ‘സ്വാമി ശരണം’ എന്നെഴുതിയ ഭണ്ഢാരം. ഉടൻ ‘അയ്യാ സാമീ’ എന്നു ഉറക്കെവിളിച്ചു കൈകൂപ്പി തൊഴും. പിന്നെ വലത്തോട്ടു നോക്കും. അവിടെ ബോർഡിൽ ആംഗലേയത്തിലും മലയാളത്തിലും എഴുതിയിരിക്കുന്നതു തപ്പിപ്പിടിച്ചു വായിക്കാൻ ശ്രമിക്കും.
“കേരള സ്റ്റേറ്റ് പൊതുവിതരണ കേന്ദ്രം…… ലൈസൻസി: നമ്പോതപ്പറമ്പിൽ ശങ്കരൻ”
സംശയങ്ങൾ അതോടെ തീരും. റേഷൻകടയ്ക്കു തൊട്ടപ്പുറത്താണ് കക്കാടിലെ ആദ്യത്തെ വ്യവസായശാല.
നമ്പോതപ്പറമ്പിൽ ശങ്കരൻ എന്ന ശങ്കരേട്ടൻ റേഷൻകട തുടങ്ങാൻ ആദ്യം തിരഞ്ഞെടുത്ത സ്ഥലം കാതിക്കുടം ഗവൺമെന്റ് ആശുപത്രിക്കു സമീപമാണ്. പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മഗ്രാമമെന്ന പ്രശസ്തിമൂലം കേരളസംസ്ഥാനം രൂപീകരിച്ചു അധികം താമസിയാതെ കാതിക്കുടത്തു സ്ഥാപിതമായതാണ് ആശുപത്രി. ഇവിടെ റേഷൻകട തുടങ്ങാമെന്നു തീരുമാനിച്ചെങ്കിലും രണ്ടാമത്തെ ആലോചനയിൽ, കാതിക്കുടത്തും കക്കാടിലും താമസിക്കുന്നവർക്കു പെട്ടെന്നു എത്തിച്ചേരാവുന്ന സ്ഥലമാണ് നല്ലതെന്നു മനസ്സിലാക്കി. ഓസീൻകമ്പനിക്കടുത്തു കട തുടങ്ങുന്നത് അങ്ങിനെയാണ്. വളവിൽ കുഴി അന്നേയുണ്ട്.
എൺപതുകളാണ് കാലം. കേരളത്തിൽ പൊതുവിതരണ സമ്പ്രദായം വളരെ ശക്തമായിരുന്നു. പുഴുക്കല്ലരി, പച്ചരി, മണ്ണെണ്ണ എന്നിവയ്ക്കു ജനങ്ങൾ പൂർണമായും ആശ്രയിക്കുക റേഷൻകടകളെയാണ്. സ്റ്റേഷനറി കടകൾ അപൂർവ്വമായതിനാൽ റേഷൻകട ഉടമകൾക്കു കച്ചവടം ലാഭകരമായിരുന്നു. അരിക്കു പുറമേ മാസത്തിലൊരിക്കൽ പഞ്ചസാരയും ലഭിക്കും. വൈദ്യുതീകരണം എല്ലായിടത്തും എത്താത്തതിനാൽ മണ്ണെണ്ണക്കും ആവശ്യക്കാരുണ്ട്. സമീപസ്ഥലങ്ങളിൽ പലചരക്കുകടകൾ ഇല്ലാത്തതിനാൽ ഒരു പലചരക്കുപീടികയും റേഷൻകടയോടു അനുബന്ധിച്ചു തുടങ്ങി. എന്നും ക്ഷേത്രഭണ്ഢാരത്തിൽ ഒരുരൂപ നാണയമിടുന്നതുകൊണ്ടോ, അല്ലെങ്കിൽ ‘കടം കൊടുക്കുന്ന പ്രശ്നമില്ല’ എന്നു വെള്ളപ്പേപ്പറിൽ, എല്ലാവരും കാൺകെ, കടക്കുമുന്നിൽ എഴുതിവച്ചതു കൊണ്ടോ എന്നറിയില്ല, ശങ്കരേട്ടന്റെ വ്യാപാരം അഭിവൃദ്ധി നേടി.
ശങ്കരേട്ടനു ആണും പെണ്ണുമായി ഒരു സന്താനമേയുള്ളൂ. മകൻ സന്തോഷ്. സ്‌തുതർഹ്യമായ രീതിയിൽ സ്‌കൂൾവിദ്യഭ്യാസവും കോളേജ്പഠനവും പൂർത്തിയാക്കിയ ശേഷം അദ്ദേഹം റേഷൻകടയിൽ സാധനങ്ങൾ തൂക്കിക്കൊടുത്തു അച്‌ഛനെ സഹായിക്കൻ തുടങ്ങി. കാലത്തു പത്തുമണിയോടെയാണ് ശങ്കരേട്ടൻ റേഷൻകട തുറക്കുക. അപ്പോഴും ഉറക്കക്ഷീണം മാറിയിട്ടുണ്ടാകില്ല. പത്തുമിനിറ്റ് ഒഴിവുകിട്ടിയാൽ അദ്ദേഹം മയങ്ങും. രാവിലെ ഉപഭോക്താക്കൾ കുറവായിരിക്കുമെന്നതിനാൽ മയക്കം പതിവാണ്. കടയിൽ ആരെങ്കിലും വന്നാൽ തട്ടിവിളിക്കണം. തടിച്ചഫ്രെയിമും കറുത്തവള്ളിയുമുള്ള കണ്ണട ധരിച്ചു, തല കുറച്ചു ഉയർത്തിപ്പിടിച്ചു, ശങ്കരേട്ടൻ കടലാസിൽ കണക്ക് കുത്തിക്കുറിക്കും. റേഷൻകാർഡ് വാങ്ങി അതിലും അടയാളപ്പെടുത്തും. പിന്നെ കണ്ണടയൂരി ‘കരകര’ ശബ്ദത്തിൽ ഒരു വിളിയാണ്.
“എടാ സന്തോഷേ”
ഉടനെ എത്തിക്കോളണം. അതാണ് ആജ്ഞ. പലചരക്കുകടയിലെ തിരക്കു മാറ്റിവച്ചു മകനെത്തിയാൽ നിർദ്ദേശങ്ങളുടെ കുത്തൊഴുക്കാണ്. ‘ജാനൂന്ന് അഞ്ചുകിലോ അരി’ ‘ഭാസ്കരൻനായർക്കു രണ്ടുകിലോ ഗോതമ്പ്’ ഇങ്ങിനെ അനസ്യൂതം നിർദ്ദേശങ്ങൾ എത്തും. എന്തൊക്കെ വേണമെങ്കിലും സഹിക്കാൻ സന്തോഷ് തയ്യാറാണ്, മണ്ണെണ്ണ വലിക്കുന്നത് ഒഴികെ. മണ്ണെണ്ണ കാര്യം കേൾക്കുമ്പോൾ സന്തോഷ് ആരോടെന്നില്ലതെ ഈർഷ്യയോടെ പറയും.
“മണ്ണെണ്ണ വലിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. കടേല് ദേ ആളോള് തെരക്ക് കൂട്ടണ്”
മകൻ നിസ്സഹകരിക്കുമെന്നു അറിയാവുന്ന ശങ്കരേട്ടൻ രണ്ടാമതും ‘കരകര’ ശബ്ദത്തിൽ വിളിക്കും.
“എടാ സന്തോഷേ…”
മകൻ രാജിയാകും. നീണ്ട കുഴലെടുത്തു മണ്ണെണ്ണവീപ്പക്കു അടുത്തെത്തി, ഇരുമ്പുകൊണ്ടൂള്ള പിടി ഉപയോഗിച്ചു അടപ്പുതുറന്നു, കുഴലിന്റെ ഒരറ്റം വീപ്പയിൽ മുക്കും. മറ്റേയറ്റം ലുങ്കികൊണ്ടു വൃത്തിയായി തുടച്ചു, സ്വന്തം വായിൽതിരുകി വലിയോടു വലി. മണ്ണെണ്ണ കുഴലിലൂടെയൊഴുകി വായിലെത്താറാകുമ്പോൾ കുഴലഗ്രം വീപ്പക്കരുകിലെ പാട്ടയിലേക്കു താഴ്ത്തും. പക്ഷേ മിക്കപ്പോഴും ഒന്നുരണ്ടു തുള്ളി മണ്ണെണ്ണ വായിൽ വീഴുകയോ, അല്ലെങ്കിൽ മണ്ണെണ്ണച്ചുവ പരക്കുകയോ ചെയ്യും. ഇതിലും വെറുക്കുന്നതായി മറ്റൊന്നും സന്തോഷിന്റെ ജീവിതത്തിലില്ല.
ഒരുകൊല്ലം കഴിഞ്ഞപ്പോൾ ശങ്കരേട്ടൻ പലചരക്കുകടയുടെ നടത്തിപ്പ് മകനു വിട്ടുകൊടുത്തു. കുറച്ചു കാശ് കയ്യിൽവരുന്ന കാര്യമായതിനാൽ സന്തോഷ് ആഹ്ലാദിച്ചു. പക്ഷേ റേഷൻകടയിലെ ചില്ലറക്ഷാമം മൂലം വിചാരിച്ചതൊന്നും നടന്നില്ല. സകലമാന റേഷൻകടകളേയും പോലെ ചില്ലറയുടെ കാര്യത്തിൽ ശങ്കരേട്ടന്റെ കടയിലും പരമദാരിദ്ര്യമാണ്. ചില്ലറക്ഷാമം പരിഹരിക്കാനാണ് അദ്ദേഹം പലചരക്കുകട തുടങ്ങിയതെന്നുവരെ പറച്ചിലുണ്ട്. ഉപഭോക്താവ് തരുന്ന നൂറുരൂപ നോട്ടുവാങ്ങി മേശവലിപ്പിലിട്ടു ശങ്കരേട്ടൻ കൂളായി പലചരക്കുകടക്കു നേരെ വിരൽചൂണ്ടും.
“ചില്ലറ അവിടന്ന് വാങ്ങിച്ചോ”
ഓ ഇത്രയേയുള്ളൂ എന്നു ചിന്തിച്ചു അപ്പുറത്തേക്കു തിരിയുന്ന വ്യക്തി ആദ്യം കാണുക, കൈമുട്ടിനുശേഷമുള്ള സന്തോഷിന്റെ കയ്യാണ്. അഞ്ചുവിരലുകളും ‘ചില്ലറ ഇല്ല‘ എന്ന വ്യഗ്യത്തിൽ പരസ്പരം ചുംബിക്കുകയും, നാണത്തോടെ അകന്നുമാറുകയും ചെയ്യും. ചില്ലറയുടെ അവകാശി വീണ്ടും ശങ്കരേട്ടനുനേരെ തിരിയുമ്പോൾ റെഡിമെയ്‌ഡ് മറുപടി കിട്ടും.
“നീ പോയി വാങ്ങിച്ചോടാ. അതും എന്റെ കട തന്ന്യാ”
ആഗതൻ അപ്പുറത്തെത്തും. സന്തോഷ് ചൂടാകും. “ഇവടെ എന്തൂട്ട്ണ്ടായിട്ടാ വന്നേക്കണെ. ചില്ലറേല്ല്യ, ഒരു കോപ്പൂല്ല്യ”
അപ്പോൾ റേഷൻകടയിൽനിന്നു വീണ്ടും ‘കരകര’ ശബ്ദമുയരും.
“എടാ സന്തോഷേ”
അച്‌ഛന്റെ അത്തരം വിളിയിൽ തീരുന്നതായിരുന്നു മകനിലെ കലാപബോധം.
രാവിലെ എട്ടുതൊട്ടു പത്തുവരേയും വൈകുന്നേരം അഞ്ചുതൊട്ടു രാത്രി എട്ടരവരെയുമാണ് പലചരക്കുകടയിൽ തിരക്കേറുക. രാവിലെ പത്തുകഴിഞ്ഞാൽ സന്തോഷിനു കടയിൽ പ്രത്യേകിച്ചു പണിയൊന്നുമില്ല. പീടികയുടെ തൂണിനരുകിൽ പുല്‍പായവിരിച്ചു നിവര്‍ന്നുകിടന്നു മനോരാജ്യം കാണലും, അത്യാവശ്യം വായനയുമായി സമയം ചിലവിടും. നാന, ചിത്രഭൂമി തുടങ്ങിയ സിനിമ മാസികകൾ മാത്രമല്ല, ഗൗരവമായ നോവലുകളിലൂടെയും കടന്നുപോകാറുണ്ട്. പനമ്പിള്ളി സ്മാരക വായനശാലയിൽ മെമ്പർഷിപ്പുള്ള പുസ്തകപ്രേമി കൂടിയാണ് ഇദ്ദേഹം.
ഒരുദിവസം കടയിലെ തിരക്കൊഴിഞ്ഞപ്പോൾ സന്തോഷ് പതിവുപോലെ പുല്പായ തട്ടിക്കുടഞ്ഞു വിരിച്ചു. വായനശാലയിൽ നിന്നെടുത്ത നോവൽ വായിക്കാൻ തുടങ്ങി. അപ്പോഴാണ് അകലെനിന്നു അനൌണ്‍സ്മെന്റ് കേട്ടത്. ക്രമേണ അതു അടുത്തടുത്തു വന്നു.
“പ്രിയപ്പെട്ട നാട്ടുകാരെ… അന്നമനട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലകേരള ഫുട്ബാൾ മത്സരത്തിൽ ഇന്നു തൃശൂർ ജിംഖാനയെ കറുകുറ്റി പ്രീമിയർ ഇലവൻ നേരിടുന്നു. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന മൽസരത്തിൽ…..”
ഇങ്ങിനെയായിരുന്നു അനൗൺസ്‌മെന്റ്. സന്തോഷ് തരിമ്പും പ്രാധാന്യം കൊടുത്തില്ല. അദ്ദേഹം കറകളഞ്ഞ ക്രിക്കറ്റ് പ്രേമിയാണ്. കൗമാരത്തിൽ ‘കാതിക്കുടം ഗ്രാമിക’യുടെ വണ്‍ഡൌൺ ബാറ്റ്സ്മാനായിരുന്നു സന്തോഷ്. സുപ്രധാനമായ സ്ഥാനം. പക്ഷേ ഓപ്പണർ കുഞ്ചുവിനയൻ സകലകളിയിലും അരസെഞ്ചുറി അടിക്കുമെന്നതിനാൽ കാര്യമായ റോൾ ഇല്ലായിരുന്നു. പീടികയിൽ അച്ഛനെ സഹായിക്കാൻ തുടങ്ങിയതോടെ ക്രിക്കറ്റുകളി നിര്‍ത്തി. എങ്കിലും പതിനൊന്ന് ഇഞ്ചിന്റെ ടെലിവിഷൻ കടയിൽ വാങ്ങിവച്ചു സകലകളിയും വിടാതെ കാണാറുണ്ട്. ലൈവായി കിട്ടാത്ത മത്സരങ്ങളുടെ കമന്ററി കേൾക്കും. ഫലം സ്കൂളിൽ പച്ചതൊടാത്ത ഹിന്ദി വെള്ളംപോലെ പിന്നീടു വഴങ്ങി.
സന്തോഷിനെ അപേക്ഷിച്ച് ബാല്യകാല കൂട്ടുകാരനും കമ്പനിക്കടുത്തു ഹോട്ടൽ നടത്തുന്നവനുമായ മാധവൻസുനി കടുത്ത ഫുട്ബാൾപ്രേമിയാണ്. കാതിക്കുടത്തു ഗ്രാമികയ്ക്കു സമാന്തരമായി ഫുട്ബാൾക്ലബ്ബ് രൂപംകൊടുക്കാൻ, കെബിആറിന്റെ അനിയൻ കോക്കാടൻ സന്തോഷിനൊപ്പം എല്ലാഅടവും പയറ്റിയ വ്യക്തി. പരീക്കപ്പാടത്തു ഫുട്‌ബാളുമായി ഇറങ്ങിയ ആദ്യത്തെ ആൾ. പിൽക്കാലത്തു പരീക്കപ്പാടം ഒരുപാടു ടീമുകളുടെ ഫുട്‌ബാൾഗ്രൗണ്ടായി മാറിയെങ്കിലും അവിടെ ആദ്യമായി പന്തുകളിച്ചത് മാധവൻ സുനിയും കോക്കാടൻ സന്തോഷുമാണ്. ക്രിക്കറ്റ് പിച്ചിൽനിന്നു ദൂരെ ‘ഉസ്താദ് രാഘവ’ന്റെ കണ്ടത്തിൽ പന്തുതട്ടാൻ അവർ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ എതിർത്തു. തുടർച്ചയായ നിസ്സഹകരണം മൂലം ഇരുവരും താമസിയാതെ പിന്തിരിയുകയും ചെയ്തു. അന്നു ഫുട്‌ബാൾകളിയെ തുറന്നെതിർത്ത, ക്രിക്കറ്റ്പ്രേമിയായ സന്തോഷ് പിൽക്കാലത്തു ഫുട്ബാളിലേക്കു ആകർഷിക്കപ്പെടാനും അതുവഴി കാതിക്കുടത്തെ ആദ്യഫുട്ബാൾ ക്ലബ്ബ് രൂപീകരിക്കാനും ഇടയായത് അന്നമനട പഞ്ചായത്ത് സ്റ്റേഡിയത്തിൽ തൃശൂർ ജിംഖാനയുടെ കളി കണ്ടതോടെയാണ്.
പുൽപായയിൽ കിടക്കുമ്പോൾ കേട്ട അനൗൺമെന്റിനു പ്രാധാന്യം കൊടുത്തില്ലെങ്കിലും, ജീപ്പിനു പിന്നാലെയോടി നോട്ടീസ് കരസ്ഥമാക്കിയ പിള്ളേർ നീട്ടിയ നോട്ടീസ് വായിച്ചില്ലെങ്കിലും, വൈകുന്നേരം മാധവൻസുനി സൗജന്യമായി ടിക്കറ്റെടുത്തു തരാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചപ്പോൾ, മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ, കളികാണാൻ തീരുമാനിച്ചു. തണുപ്പുള്ള രാത്രിയിൽ, കപ്പലണ്ടി കൊറിച്ചു, കവുങ്ങിൻ ഗാലറിയിലിരുന്നു കണ്ട കളി അദ്ദേഹം നന്നായി ആസ്വദിച്ചു. നീഗ്രോകൾ ഉൾപ്പെടെയുള്ളവരുടെ പ്രകടനത്തിൽ ഹരം കയറി. അതു കണ്ടറിഞ്ഞു പിറ്റേന്നും മാധവൻസുനി ടിക്കറ്റെടുത്തു കൊടുത്തു. അതിന്റെ പിറ്റേന്നു രണ്ടുപേരും അവരവരുടെ ടിക്കറ്റെടുത്തു. ശേഷമുള്ള മൽസരങ്ങളുടെയെല്ലാം ടിക്കറ്റുകൾ സന്തോഷ് മാധവൻസുനിക്കു എടുത്തു കൊടുക്കുകയായിരുന്നത്രെ. അത്രക്കു ആവേശം. അന്നമനട ടൂര്‍ണമെന്റിൽ പതിവുപോലെ തൃശൂർ ജിംഖാനയുടെ ആധിപത്യം പൂര്‍ണമായിരുന്നു. ഒരുകളിയും തോല്‍ക്കാതെ അവർ കപ്പ് കൊണ്ടുപോയി. അതിനുമുമ്പ് മൂന്നുകൊല്ലവും കപ്പ് പോയതു തൃശൂര്‍ക്കു തന്നെയാണെന്നു അറിഞ്ഞതോടെ സന്തോഷ് ജിംഖാനയുടെ ആരാധകനായി. രണ്ടുമാസം പിന്നിട്ടപ്പോൾ, മാധവൻ സുനിയോടൊപ്പം, കക്കാടിലെ ആദ്യത്തെ ഫുട്‌ബാൾക്ലബ്ബിനു രൂപം കൊടുത്തു. ജിംഖാന കാതിക്കുടം എന്നു നാമകരണം ചെയ്തു. ക്യാപ്റ്റൻ പന്തുകളി ഭ്രാന്തനായ മാധവൻ സുനി. കാണാനുള്ള ആവേശം കളിക്കാനില്ലാത്തതിനാൽ സന്തോഷ് ടീം മാനേജർ. കളിക്കാരെല്ലാം പരിശീലകരും.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
പുരാവൃത്തങ്ങൾ വീണ്ടും സജീവമാക്കാൻ പോകുന്നു.
🙂
സുനിൽ ഉപാസന
എഴുത്തിന് നല്ല ഒഴുക്കുണ്ടല്ലോ!, കല്ലുകടി ലേശം പോലും ഇല്ലാത്ത ഒരു വായന സമ്മാനിച്ചതിന് നന്ദി, ആശംസകള്‍ !
ബാക്കി കൂടി വേഗം പോരട്ടെ.
പതിവു പോലെത്തന്നെ നന്നായി. തുടരട്ടെ തുടരട്ടെ. ആശംസകൾ !!
സുനില്‍, രസകരമായി! പ്രീമിയര്‍ ഇലവന്‍ എന്നത് ഒന്നുകൂടെ നോക്കണം. അന്നമനട സാധാരണ സെവന്‍സ് അല്ലേ പതിവ്? 🙂
Yes Sevens itself…
🙂
'എന്നും ക്ഷേത്രഭണ്ഢാരത്തിൽ ഒരുരൂപ നാണയമിടുന്നതുകൊണ്ടോ, അല്ലെങ്കിൽ ‘കടം കൊടുക്കുന്ന പ്രശ്നമില്ല’ എന്നു വെള്ളപ്പേപ്പറിൽ, എല്ലാവരും കാൺകെ, കടക്കുമുന്നിൽ എഴുതിവച്ചതു കൊണ്ടോ എന്നറിയില്ല, ശങ്കരേട്ടന്റെ വ്യാപാരം അഭിവൃദ്ധി നേടി'. waiting for next part
കക്കാടിന്റെ പുതിയ വൃത്താന്തങ്ങൾക്കായി കാത്തിരിക്കുന്നു.
പതിവു പോലെ ഹൃദ്യം.
This comment has been removed by the author.
:))