സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
തൃശ്ശിവപേരൂർ
‘മരണം’ എനിക്കു ഇഷ്ടമുള്ള വിഷയമാണ്. ഇഹലോകം വെടിഞ്ഞു വെള്ളത്തുണി പുതച്ചു, നിവർന്നു കിടക്കുന്ന മൃതദേഹങ്ങൾ കാണാൻ എന്നും സവിശേഷ താൽപര്യം എടുത്തിട്ടുണ്ട്. പരലോകത്തിലും, സ്വർഗ്ഗനരകത്തിലും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ എല്ലാ വ്യക്തികൾക്കും ആത്മാവുണ്ടെന്നും മരണശേഷം അവ മറ്റൊരു വ്യക്തിയിലൂടെ പുനർ-അവതരിക്കുമെന്നും വിശ്വസിക്കുന്നു. ഈ വിഷയത്തിൽ കുറച്ചുകൂടി ആശയവ്യക്തത വരുവാനുണ്ടെന്നും പറയട്ടെ. അതായത്, മരണാനന്തരം മറ്റൊരു വ്യക്തിയിലൂടെ പുനരവതരിക്കുന്നതു മരിച്ച വ്യക്തിയുടെ ആത്മാവാണോ, അതോ അദ്ദേഹത്തിന്റെ കർമ്മങ്ങളുടെ ആകെത്തുകയാണോ എന്നതിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. കർമ്മങ്ങളാണ് പുനരവതരിക്കുന്നതെങ്കിൽ മരിച്ച വ്യക്തിയുടെ വ്യക്തിത്വം പുനരവതരിച്ച വ്യക്തിയിലേക്കു സംക്രമിക്കുന്നതെങ്ങിനെ, കർമ്മങ്ങൾക്കു മരിച്ച വ്യക്തിയുടെ വ്യക്തിത്വം ജനന – മരണ ചാക്രിക ക്രമത്തിലുടനീളം ഏകാത്മകമായി (Unique) സൂക്ഷിക്കാനാകുമോ എന്നിവയും സംശയങ്ങളിൽ പെടുന്നു. എന്തായാലും ഈ വിഷയം ആഴത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം മരണത്തോടുള്ള മമതയാണ് ഇവിടെ മുഖ്യവിഷയം.
മരണത്തോടുള്ള കമ്പം കുട്ടിക്കാലം മുതലേയുള്ളതാണ്. അടുത്ത ബന്ധുക്കളിൽനിന്നു ചില കാര്യങ്ങൾ ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. അച്‌ഛനുമായുള്ള അടുപ്പം മൂലം അച്‌ഛൻ എവിടെപ്പോയാലും എന്നെയും കൂടെ കൊണ്ടുപോകുമായിരുന്നത്രെ. മരണവീടുകളിൽ അടക്കം. ഇതായിരിക്കാം വഴിത്തിരിവായി വർത്തിച്ചത്. ഓർമ്മയിൽ തങ്ങിനിൽക്കുന്ന ആദ്യത്തെ മൃതദേഹ ദർശനം പുഴയിൽ മുങ്ങിമരിച്ച ഒരു മദ്ധ്യവയസ്കന്റേതാണ്. അദ്ദേഹം എന്റെ അയൽവാസിയായിരുന്നു. അല്പം മെലിഞ്ഞ വ്യക്തി. പക്ഷേ വെള്ളത്തിൽ രണ്ടുദിവസം കിടന്നതു മൂലം മൃതശരീരത്തിനു സാധാരണയിൽ കവിഞ്ഞ വലുപ്പമുണ്ടായിരുന്നു. ധൈര്യശാലികൾ പോലും ഒന്നുരണ്ടു തവണയേ മൃതശരീരത്തിൽ നോക്കിയുള്ളൂ. സ്ത്രീകളിൽ പലരും അങ്ങോട്ടു വന്നതേയില്ല. പക്ഷേ, യാതൊരു ഭയവുമില്ലാതെ ഞാൻ അഞ്ചുമിനിറ്റോളം മൃതശരീരത്തിനടുത്തു നിന്നുവെന്നാണ് ഓർമ്മ. വീർത്തുപൊട്ടിയ കവിളും മീൻ കൊത്തിയ കണ്ണുകളും എന്നിൽ ഭാവഭേദമുണ്ടാക്കിയില്ല. പകരം അദ്ദേഹത്തിന്റെ ഇരട്ടിവലുപ്പത്തിൽ അതിശയിച്ചു. ഇതാണ് ഓർമയിലെ ആദ്യത്തെ മൃതദേഹദർശനം.
ബാല്യംവിട്ടു കൗമാരത്തിലേക്കു കടന്നതോടെ ഞാൻ കൂടുതൽ സ്വതന്ത്രനായി. മരണവീടുകൾ സന്ദർശിക്കാൻ വീട്ടുകാരുടെ അനുമതി ആവശ്യമില്ല. ഇഷ്ടമുള്ളിടത്തു പോകാം. ഇഷ്ടമുള്ളപ്പോൾ പോകാം. സർവ്വസ്വതന്ത്രൻ. കൗമാരത്തിൽ തന്നെയാണ് മരണവീടുകൾ സന്ദർശിക്കുന്നതിൽ എനിക്കു താല്പര്യമുള്ള കാര്യം സുഹൃത്തുക്കൾ മനസ്സിലാക്കിയത്. അവരെന്നെ സ്നേഹപൂർവ്വം ‘കാലൻ’ എന്നു വിളിച്ചു. ആ വിളിയിൽ ഞാൻ പരിഭവിച്ചില്ല. ‘കാലൻ’ മറ്റേതു ചെല്ലപ്പേരിനെയും പോലെ സാധാരണമായ ഒന്നായേ തോന്നിയുള്ളൂ.
സ്വന്തം ഗ്രാമത്തിലോ അയൽഗ്രാമങ്ങളിലോ ആരെങ്കിലും മരിച്ചെന്നറിഞ്ഞാൽ ഞാൻ ഉടൻ പുറപ്പെടും. സ്വന്തമായി വാഹനമില്ലാത്തതിനാൽ സുഹൃത്തുക്കളുടെ ബൈക്കോ അല്ലെങ്കിൽ ഓട്ടോയോ വിളിക്കും. പോകെപ്പോകെ ആരെങ്കിലും മരിച്ചാൽ ആ പ്രദേശത്തെ ഓട്ടോഡ്രൈവർമാർ എന്നെ അന്വേഷിച്ചു വീട്ടിലെത്താൻ തുടങ്ങി. അതു നല്ല കാര്യമാണ്. ഞാൻ ഉടുത്തൊരുങ്ങി പുറപ്പെടും. വെള്ളത്തുണി പുതച്ചു, അല്ലെങ്കിൽ നാലു ചുമരുള്ള ശവപ്പെട്ടിയിൽ കോട്ടും സ്യൂട്ടും ധരിച്ച്, നിത്യനിദ്രയിൽ കിടക്കുന്ന മൃതശരീരത്തെ ഉറ്റുനോക്കും. നോക്കിക്കൊണ്ടിരിക്കെ മൃതശരീരത്തിന്റെ മുഖത്തിനു എന്റെ മുഖവുമായി സാമ്യമുണ്ടെന്നു തോന്നും. മരിച്ചയാൾ എന്നോടു സംവദിക്കുന്നുണ്ടെന്നു തോന്നും. അങ്ങിനെ തോന്നലുകളുടെ ഒരു വേലിയേറ്റം. മൃതദേഹത്തിനു ചുറ്റുമിരുന്നു കരയുന്നവരെ ഞാൻ ശ്രദ്ധിക്കാറില്ല. അവർ പൊതുവെ ശല്യങ്ങളാണ്. മൃതശരീരവുമായി ഞാൻ നടത്തുന്ന നിശബ്ദസംവദനത്തിനു ശാന്തമായ അന്തരീക്ഷം വളരെ അത്യാവശ്യമാണ്. പരേതന്റെ ബന്ധുക്കൾ അലമുറയിട്ടു അത്തരം സാഹചര്യങ്ങൾ എനിക്കു നിഷേധിക്കുന്നു. തദ്വാരാ പരേതനുമായുള്ള കൂടിക്കാഴ്ചയുടെ ആസ്വാദനം ഏതാണ്ടു ഇല്ലാതാകുന്നു. ധാരാളം മരണവീടുകളിൽ ഇത്തരം സാഹചര്യം അഭിമുഖീകരിച്ചിട്ടുണ്ട്. അതൊഴിവാക്കാൻ സ്ത്രീജനങ്ങൾ ഇല്ലാത്ത സമയത്തു ശവദർശനം നടത്താൻ ഞാൻ ശ്രമിച്ചുപോന്നു. മൃതശരീരവുമായി കൂടിക്കണ്ടു തിരിച്ചുവരുമ്പോൾ എന്റെ മനസ്സ് ഉൻമേഷഭരിതമായിരിക്കും. അതു രണ്ടുദിവസം നീണ്ടുനിൽക്കും. പിന്നെ ഓട്ടോ വരുന്നതും കാത്തിരിക്കും. വീണ്ടും അടുത്ത മരണവീട്. മൃതദേഹദർശനം. സന്തോഷം. ഉന്മാദം.
മരണവീടുകൾ സന്ദർശിച്ചു തുടങ്ങിയ ആദ്യകാലത്തു ഞാൻ ചില കാര്യങ്ങളിൽ ശ്രദ്ധവച്ചു. അതുവഴി മരണങ്ങൾ ഒന്നുംതന്നെ ഞാനറിയാതെ നടക്കുന്നില്ലെന്നു ഉറപ്പുവരുത്തി. ആദ്യം വിശദമായ അന്വേഷണം നടത്തി. എന്റെ ഗ്രാമത്തിലേയും അയൽഗ്രാമങ്ങളിലേയും എഴുപതുവയസ്സ് കഴിഞ്ഞവരുള്ള വീടുകൾ ശ്രദ്ധിച്ചുവച്ചു. അധികം പ്രായമില്ലാത്തവരുടെ ആരോഗ്യസ്ഥിതികൾ ഇടയ്‌ക്കിടെ അന്വേഷിക്കാനും മറന്നില്ല. ഇത്തരം വിവരങ്ങൾ ലഭ്യമാക്കാൻ സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തി. ഞാൻ വളരെ കുറച്ചുമാത്രം സംസാരിക്കുന്ന ശീലക്കാരനായിരുന്നു. അതുപേക്ഷിച്ച് ധാരാളം സംസാരിക്കുന്നവരുമായി കൂട്ടുവച്ചു. അവരിൽനിന്നു കുറേ വിവരങ്ങൾ കിട്ടി. ഏറിയ പങ്കും ലൈംഗികതയിലൂന്നിയ സംഭാഷണങ്ങളായിരുന്നെങ്കിലും ആരോഗ്യസ്ഥിതി വിവരണങ്ങളും കുറവല്ലായിരുന്നു. ഒരിടക്കാലത്തു ഞാൻ പോസ്റ്റുമാൻ പണിയും ചെയ്‌തു. സ്ഥിരം പോസ്റ്റുമാനു ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ ചെയ്ത താൽക്കാലികജോലി. ആദ്യം എനിക്കതിനു സമ്മതമല്ലായിരുന്നു. ഇപ്പോഴത്തെ പോസ്റ്റുമാൻ ജോലിചെയ്തു അവശനായി മരിച്ചാൽ അവിടെ സന്ദർശനം നടത്താമല്ലോ? പക്ഷേ പോസ്റ്റുമാൻ ജോലിയെന്നതു എല്ലാ വീടുകളുമായും, അവിടത്തെ അന്തേവാസികളുമായും ബന്ധംവയ്‌ക്കാൻ ഉതകുന്നതാണെന്നു മനസ്സിലായപ്പോൾ താൽക്കാലിക ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചു. പദ്ധതിപ്രകാരം ഓരോരുത്തരുടെയും പ്രായവിവരങ്ങൾ പുസ്തകത്തിലെഴുതി സൂക്ഷിച്ചു.
ഇത്രയൊക്കെ മുൻകരുതലെടുത്തിട്ടും ധാരാളം ആളുകൾ ഞാനറിയാതെ സമീപപ്രദേശങ്ങളിൽ മരിച്ചുകൊണ്ടിരുന്നു. വൈവിധ്യമാർന്ന രീതിയിൽ സംഭവിച്ച സുന്ദരമായ മരണങ്ങൾ. അത്തരക്കാരെപ്പറ്റി അറിയാൻ പത്രംവായനയല്ലാതെ മറ്റുവഴികൾ ഇല്ല. ചരമക്കോളത്തിൽ മാത്രം വായന ഒതുങ്ങിയെന്നു പ്രത്യേകം പറയേണ്ടല്ലോ. പത്രംവായന തുടങ്ങിയതിൽപിന്നെ സമീപപ്രദേശങ്ങളിലെ മരണങ്ങൾ അറിയാനുള്ള ബുദ്ധിമുട്ട് പാടെ നീങ്ങിക്കിട്ടി. ആഴ്ചയിൽ രണ്ടും മൂന്നും മരണങ്ങൾ എത്തിപ്പിടിക്കാവുന്ന ഇടങ്ങളിൽ നടന്നുകൊണ്ടിരുന്നു. എല്ലായിടത്തും പറന്നെത്താൻ ഞാനൊരു ബൈക്ക് വാങ്ങി. പറ്റാവുന്നിടത്തെല്ലാം തലകാണിക്കുന്നതിനൊപ്പം സന്ദർശനത്തിൽ സെലക്ടീവായി മാറുകയും ചെയ്‌തു. വയസ്സന്മാരുടെ അറുബോറൻ സ്വാഭാവിക മരണങ്ങളേക്കാൾ അപകടമരണങ്ങൾക്കു മുൻതൂക്കം കൊടുത്തു. യുവതികളുടെ മരണത്തിനു പകരം യുവാക്കളുടേതിനു മുൻഗണന നൽകി.
സ്വഭാവത്തിലെ ഈ പ്രത്യേകത, സത്യത്തിൽ വൈകല്യമെന്നാണു പറയേണ്ടത്, എന്നെ അലട്ടിയില്ലെന്നു കരുതരുത്. എന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നു എനിക്കു പൂർണബോധ്യമുണ്ടായിരുന്നു. ഒരിക്കൽ വീട്ടുകാരുടെ നിർബന്ധത്താൽ ഞാനൊരു മനോരോഗവിദഗ്ദനെ സന്ദർശിച്ചു. അദ്ദേഹം എന്നെ ദീർഘനാൾ നിരീക്ഷണത്തിൽ വച്ചു. നിരന്തരം ചോദ്യം ചെയ്തു. എന്നോടൊത്തു ഏതാനും മരണവീടുകൾ സന്ദർശിച്ചു. മരണവീട്ടിലെത്തിയാൽ എന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നുണ്ടോയെന്നു നിരീക്ഷിക്കുകയായിരുന്നു ഉദ്ദേശം. ഒരു മണിക്കൂറോളം അവിടെ ചെലവഴിക്കും. ഡോക്‌ടർ ചാഞ്ഞും ചരിഞ്ഞും എന്റെ മുഖത്തും ശരീരത്തും നോക്കി ‘നിരീക്ഷിക്കും’. ഇങ്ങിനെ ഒരുമാസം കഴിഞ്ഞു. ഒടുക്കം അദ്ദേഹം റിപ്പോർട്ട് തന്നു. ഞാൻ മാനസികമായി പൂർണ ആരോഗ്യവാനാണെന്നാണു റിപ്പോർട്ടിൽ എഴുതിയിരുന്നത്. എനിക്കു അൽഭുതമായി. ഇനി ഡോക്‌ടർക്കു എന്തെങ്കിലും പ്രശ്നം?
ഇങ്ങിനെ ആഴ്ചയിൽ രണ്ടും മൂന്നും മരണവീടുകളിൽ കയറിയിറങ്ങി ഉന്മേഷവാനായി നടക്കുന്ന കാലത്താണ് ദൂരെയുള്ള നഗരത്തിലേക്കു ചേക്കേറാൻ എനിക്കു അവസരം ലഭിച്ചത്. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒന്ന്. പോകുവാൻ തടസം ഒന്നേയുള്ളൂ. മരണവീടുകൾ സന്ദർശിക്കുന്നതിൽ മുടക്കം വരും. അതേസമയം വേറൊരു ചിന്തയും മനസ്സിൽ ഉദിച്ചു. മരണം സർവവ്യാപിയാണ്. മരണപ്പെടുന്നവർ എല്ലായിടത്തുമുണ്ട്. പിന്നെന്തിനു വ്യാകുലപ്പെടണം. അങ്ങിനെ ഞാൻ ഉദ്യാനനഗരിയായ ബാംഗ്ലൂരിലേക്കു വണ്ടി കയറി.
ബാംഗ്ലൂർ
നാടുവിട്ടു നഗരത്തിൽ എത്തിയശേഷം മരണവീടുകൾ സന്ദർശിക്കുന്നതിനു കാര്യമായ തടസങ്ങൾ നേരിട്ടു. ഇവിടെ മരണങ്ങൾ ദുരന്തങ്ങളല്ല, ആഘോഷങ്ങളാണ്. പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമാണ് ശവശരീരത്തെ നിത്യനിദ്രയിലേക്കു ആനയിക്കുക. അത്തരം ആചാരങ്ങൾ പരിചിതമല്ലാത്തതിനാലും വ്യത്യസ്ത ദേശമായതിനാലും ഞാൻ അസ്വസ്ഥനായി. മുറിയ്‌ക്കുള്ളിൽ ചടഞ്ഞുകൂടി.
ഒരു തെരുവിലാണ് ഞാൻ താമസിച്ചിരുന്നത്. മൂന്നുനില ബിൽഡിങ്ങിന്റെ ഏറ്റവും താഴത്തെ നിലയിൽ. അടുത്തവീടുകളിലെ താമസക്കാരെല്ലാം തനിനാടൻ സ്വഭാവക്കാരാണ്. എപ്പോഴും എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും. പ്രശസ്‌തരോടും പിച്ചക്കാരോടും ഒരുപോലെ പെരുമാറും. അതെനിക്കു ഇഷ്ടമായി. എന്റെ പ്രശ്നം ഇവരുടെ പെരുമാറ്റം പലപ്പോഴും നാടിനെപ്പറ്റി ഓർമിപ്പിക്കുമെന്നതാണ്. എന്നെ നാടുമായി ബന്ധിപ്പിക്കുന്ന പാലമായി ഇവർ വർത്തിച്ചു. നാടിനെപ്പറ്റിയുള്ള ഓർമകൾ ഉണർന്നാൽ അതിൽ ആദ്യത്തേത് ‘മൃതദേഹദർശനം’ തന്നെ. എത്രയെത്ര മരണങ്ങളിൽ പങ്കെടുത്തില്ല എന്നോർത്തു ഞാൻ നടുങ്ങും. അടുത്ത വണ്ടിക്കു നാട്ടിൽ പോകാൻ തോന്നും. ചുരുക്കത്തിൽ മനസ്സമാധാനം തകരും.
ഏതാനും മാസങ്ങൾ കഴിഞ്ഞു. എനിക്കു ജോലിയായി. കയ്യിൽ കാശായി. സമ്പന്നർ താമസിക്കുന്ന പൈ ലേഔട്ടിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്തു ഞാൻ താമസം അങ്ങോട്ടുമാറ്റി. ഫ്ലാറ്റിലേക്കു താമസം മാറിയതും, ജോലിയിൽ ശ്രദ്ധകേന്ദ്രീകരിച്ചതും മരണവിചാരത്തോടു വിടപറയാൻ സഹായകമായി. പുതിയ റൂമിൽ താമസം ഒറ്റയ്‌ക്കായിരുന്നു. അപ്പോൾ അതുവരെ നേരിട്ടിട്ടില്ലാത്ത ചില പ്രതിബന്ധങ്ങളെ ഞാൻ അഭിമുഖീകരിച്ചു. ഭക്ഷണം പാചകം, മുറി അടിച്ചുവാരൽ, തുണിയലക്കൽ എന്നിവയാണ് അവ. ഇത്തരം ജോലികൾ നാട്ടിൽ ചെയ്തിട്ടേയില്ല. അതിനാൽ ഒരു പാർട്ട്‌ടൈം ജോലിക്കാരിയെ കിട്ടുമോയെന്നു അന്വേഷിച്ചു. നഗരങ്ങളിൽ നിശ്ചിതസമയത്തു ജോലിക്കുവന്നു, നിശ്ചിതസമയം ജോലിചെയ്‌തു തിരിച്ചുപോകുന്നവർ ഉണ്ടെന്നു അറിയാമായിരുന്നു. അത്തരമൊരു ജോലിക്കാരിയെ കണ്ടെത്തണമെന്നു ഉറപ്പിച്ചിരിക്കെയാണ് ഗൗരമ്മയുമായി കൂടിക്കാണുന്നത്.
ഗൗരമ്മയെ ഞാൻ അങ്ങോട്ടു പോയി കാണുകയായിരുന്നില്ല. അവർ എന്റെ വാതിലിൽ മുട്ടുകയായിരുന്നു. കൂടെ ഒരു കൊച്ചുകുട്ടിയും ഉണ്ടായിരുന്നു. കന്നഡിഗയായ ഗൗരമ്മ മലയാളത്തിൽ സംസാരിച്ചു. അവർ ഈ കെട്ടിടത്തിലെ നാലുവീടുകളിൽ പാർട്ട്ടൈം ജോലി ചെയ്യുന്നുണ്ടെന്നും, ഞാനിപ്പോൾ താമസിക്കുന്ന മുറിയിലെ പഴയ താമസക്കാർക്കു വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. അവസാനം, എനിക്കു ജോലിക്കാരിയുടെ ആവശ്യമുണ്ടോയെന്നു തിരക്കി. തേടിയ വള്ളി കാലിൽ ചുറ്റി. ഞാൻ സമ്മതിച്ചു. ചെയ്യേണ്ട ജോലികളെപ്പറ്റി ഗൗരമ്മയ്ക്കു പറഞ്ഞു കൊടുത്തു. എല്ലാ ദിവസവും വരേണ്ടെന്നും അറിയിക്കുന്ന ദിവസങ്ങളിൽമാത്രം എത്തിയാൽ മതിയെന്നും അറിയിച്ചു. റൂം അടിച്ചുവാരാനും തുണിയലക്കാനും മാത്രമേ എനിക്കവരുടെ സഹായം ആവശ്യമുള്ളൂ. ഭക്ഷണം ‘വൈശാലി’ ഹോട്ടലിൽനിന്നു കഴിക്കാമെന്നു തോന്നി. ഗൗരമ്മയുടെ പാചകവൈദഗ്ദ്യത്തെപ്പറ്റിയുള്ള സംശയമാണ് അതിനു കാരണം. ഗൗരമ്മക്കു മൊബൈൽഫോൺ ഉണ്ട്. ഏൽപ്പിച്ച ജോലിക്കു പുറമെ മറ്റെന്തെങ്കിലും ചെയ്യണമെങ്കിൽ അവരുടെ നമ്പറിൽ വിളിച്ചാൽ മതിയെന്നു പറഞ്ഞു. അങ്ങിനെ ആശങ്കകൾ ഒഴിവായി. ഗൗരമ്മ എന്റെ ജോലിക്കാരിയായി.
ഗൗരമ്മയുടെ ജോലി വളരെ തൃപ്തികരമായിരുന്നു. മുറി അടിച്ചുവാരലും തുണിയലക്കലും വൃത്തിയിൽ ചെയ്യും. എന്നും കൃത്യസമയത്തു വരും. അലസത ഒട്ടുമില്ല. ഏതെങ്കിലും ദിവസം അത്യാവശ്യമായി എന്തെങ്കിലും ജോലിയുണ്ടെങ്കിൽ മൊബൈലിൽ വിളിച്ചാൽ മതി. കഴിവതും വേഗം വന്നു ചെയ്തുതരും. അതിനു എക്‌സ്‌ട്രായായി ഒന്നും കൊടുക്കണ്ട. പക്ഷേ മാസാവസാനം ഞാൻ കുറച്ചുപൈസ കൂടുതൽ കൊടുക്കാറുണ്ട്. ഗൗരമ്മക്കു വാങ്ങാൻ വിമുഖതയുണ്ടെങ്കിലും നിർബന്ധിച്ചു പിടിച്ചേൽപ്പിക്കും. ഭക്ഷണം പുറത്തുനിന്നു കഴിക്കാമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും കേരളീയരീതിയിൽ ഭക്ഷണംവയ്ക്കാൻ ഗൗരമ്മക്കു അറിയാമെന്നു മനസ്സിലായതോടെ അതും അവരുടെ ചുമതലയിൽ വിട്ടു. മറ്റു റൂമിൽ താമസിക്കുന്നവർക്കും ഗൗരമ്മയെപ്പറ്റി നല്ല അഭിപ്രായമാണെന്നു ക്രമേണ മനസ്സിലായി.
ഫ്ലാറ്റിൽ എന്നെ കാത്തിരുന്ന ദുർഗതി റെയിൽപാളത്തിന്റെ രൂപത്തിലാണ്. റൂമിനു അടുത്തുകൂടിയാണ് ബാംഗ്ലൂർസിറ്റിയേയും ഹൊസൂറിനേയും ബന്ധിപ്പിക്കുന്ന റെയിൽപാത കടന്നു പോകുന്നത്. മൂന്നാൾ പൊക്കത്തിൽ മണ്ണടിച്ചു ഉയർത്തിയാണ് പാത നിർമിച്ചിരിക്കുന്നത്. തന്മൂലം ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാംനിലക്കു സമാന്തരമായാണ് റയിൽപാളം. പാളത്തിന്റെ ഒരുഭാഗത്തുനിന്നു മറുഭാഗത്തേക്കു ആളുകൾ നടന്നുപോകുന്ന നടപ്പാത ജനലിലൂടെ നോക്കിയാൽ കാണാം. ആ ഭാഗത്തെത്തുമ്പോൾ തീവണ്ടി ചൂളംവിളിക്കുന്നതു സാധാരണമാണ്. ആദ്യദിവസങ്ങളിൽ ചൂളംവിളി തികഞ്ഞ അലസോരമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും കുറച്ചു വ്യത്യാസത്തോടെ അതു തുടർന്നു. ഇതിനിടെ ഞാനറിയാതെ തീവണ്ടിയുമായി പ്രത്യേകതരം ആത്മബന്ധവും സ്ഥാപിതമായി. തീവണ്ടി വരേണ്ട സമയമായാൽ കസേര ജനലിനടുത്തിട്ടു ഞാൻ കാത്തിരിക്കും. ഉയർന്ന വിതാനത്തിലൂടെയുള്ള യാത്രയായതിനാൽ തീവണ്ടി വേഗത കുറച്ചേ കടന്നുപോകൂ. അതു നോക്കിയിരിക്കുമ്പോൾ ഭരത്‌ഗോപിയും സറീനാവഹാബും നെടുമുടി വേണുവും തകർത്തഭിനയിച്ച ‘പാളങ്ങൾ’ എന്നുമോർക്കും.
പുതിയ കമ്പനിയിൽ ചേർന്നു മൂന്നുമാസം കഴിഞ്ഞപ്പോൾ എനിക്കു, ഓഫീസിൽ പോകാതെ, ‘വർക്ക് ഫ്രം ഹോം’ രീതിയിൽ ജോലിചെയ്യാൻ അനുമതി കിട്ടി. കമ്പ്യൂട്ടർ സെർവറിലേക്കു റൂമിലിരുന്നു ലോഗിൻ ചെയ്യും. അതിനു സ്മാർട്ട്‌കാർഡ് ഉണ്ട്. ആഴ്ചയിലൊരിക്കൽ ഓഫീസിൽ പോയാൽ മതി. ഗൗരമ്മയുമായി കൂടുതൽ അടുത്തതു ‘വർക്ക് ഫ്രം ഹോം’ തുടങ്ങിയശേഷമാണ്. രാവിലെ എട്ടരയോടെ ഞാൻ എഴുന്നേൽക്കും. പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചശേഷം, ഒരു പുസ്തകവും ലാപ്‌ടോപ്പുമായി ചാരുകസേരയിൽ ചായും. ജോലി ചെയ്യുന്നതിനിടക്കു കിട്ടുന്ന ഒഴിവുസമയത്തു പുസ്തകം വായിക്കും. ഒമ്പതരയാകുമ്പോൾ പാക്കറ്റ് പാലുമായി ഗൗരമ്മ എത്തും. ആദ്യം അടുക്കളയിൽ പോയി ചായയിടും. ബയപ്പാനഹള്ളി മെട്രോസ്റ്റേഷനു അടുത്തു മൺപാത്രങ്ങൾ വിൽക്കുന്നവരിൽനിന്നു കളിമണ്ണുകൊണ്ടുണ്ടാക്കിയ വലിയൊരു കപ്പ് ഞാൻ വാങ്ങിയിട്ടുണ്ട്. അതിൽ നിറയെ പാൽചായ കുടിക്കും. എനിക്കു താഴെ തറയിലിരുന്നു ഗൗരമ്മയും ചായ ഊതിയൂതി കുടിക്കും. ഇതിനിടയിലാണ് ഞങ്ങൾ തമ്മിൽ സംസാരിക്കുക. ഗൗരമ്മക്കു മലയാളം നന്നായി അറിയാം. മലയാളികളുടെ ഫ്ലാറ്റുകളിൽ ജോലിചെയ്യാൻ തുടങ്ങിയിട്ടു പത്തുവർഷമായത്രെ. കമ്പ്യൂട്ടറിനോടു ഗൗരമ്മക്കു മമതയില്ല. ഞാൻ വായിക്കാനെടുത്ത പുസ്തകം മറിച്ചുനോക്കി അതിലെഴുതിയിരിക്കുന്നതു എന്താണെന്നു ചോദിക്കുക പതിവാണ്. ആകുന്നത്ര ലളിതമായി ഞാൻ വിഷയം പറഞ്ഞുകൊടുക്കും.
ഗൗരമ്മ അത്ര സുന്ദരിയല്ല. എന്നാൽ കണ്ടാൽ തെറ്റുപറയില്ല. ഗൗരമ്മയിൽ ഏറെ ആകർഷകം മുക്കുത്തിയും ചെവിയിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുമാണ്. ചെവിക്കാതിനു പുറമെ അസ്ഥിയിലും, രണ്ടിടത്തു തുളച്ചു, ആഭരണം അണിഞ്ഞിട്ടുണ്ട്. ഞാൻ ആദ്യമായാണ് ചെവി ഇത്രമാത്രം തുളച്ചവരെ കാണുന്നത്. കുട്ടികളെപ്പോലെ സംസാരിക്കുമെങ്കിലും പരുക്കൻഭാവവും ഗൗരമ്മയിൽ കണ്ടിട്ടുണ്ട്. ‘ഒരു യുവാവ് ഒറ്റയ്‌ക്കു താമസിക്കുന്ന മുറിയിൽവന്നു പണിയെടുക്കാൻ ഭയമില്ലേ‘ എന്നൊരിക്കൽ ചോദിച്ചപ്പോഴാണ് ഗൗരമ്മ മുഖം കറുപ്പിച്ചത്. എന്നെ വിശ്വാസമാണെന്നു മറുപടി കിട്ടി. ഞാൻ സന്തോഷിച്ചു. ആദ്യമായാണ് ഒരു യുവതി എന്നെ വിശ്വാസമാണെന്നു പറയുന്നത്. ഗൗരമ്മയുടെ വിശ്വാസം എന്നെ കൂടുതൽ ജാഗരൂകനാക്കി.
ജോലിക്കിടയിൽ ഗൗരമ്മ ചിലപ്പോൾ ദീർഘനേരം ഫോൺസംഭാഷണം നടത്താറുണ്ട്. ഞാനിതു മനസ്സിലാക്കിയത് അവർ ജോലിക്കുവന്നശേഷം രണ്ടാഴ്ച കഴിഞ്ഞാണ്. ഞാനുള്ളപ്പോൾ ഗൗരമ്മ ആരോടും ഫോണിൽ സംസാരിക്കില്ല. ഫ്ലാറ്റിനു സിറ്റൗട്ട് പോലെ ഒരു ബ്ലോക്കുണ്ട്. രണ്ടു കസേരയും നടുവിൽ ഒരു ടീപ്പോയിയുമിട്ടു എന്തെങ്കിലും ചർച്ചചെയ്യാൻ പറ്റിയ സ്ഥലം. ചിലപ്പോൾ ഞാനവിടെ കസേരയിട്ടു ഇരിക്കാറുണ്ട്, പ്രത്യേകിച്ചും മഴ പെയ്യുമ്പോൾ. ഫോൺ സംഭാഷണത്തിനു ഗൗരമ്മ തിരഞ്ഞെടുത്തത് ഈ ചെറിയ ബ്ലോക്കാണ്. പതിനഞ്ചു മിനിറ്റൊക്കെ സംഭാഷണം നീളും. അതിനിടയിൽ പലപ്പോഴും ഗൗരമ്മയുടെ മുഖം ലജ്ജാവിവശമാകും. ഇടയ്‌ക്കു ഇക്കിളിയിട്ട പോലെ ചിരിക്കുകയും ചെയ്യും.
ഒരിക്കൽ ഞാൻ കാര്യമന്വേഷിച്ചു. “ആരാ ഗൗരമ്മ ഫോണിൽ?”
ഗൗരമ്മ കഴുത്തിൽ താലി കെട്ടുന്നതായി ആംഗ്യം കാണിച്ചു. പ്രതിശ്രുതവരൻ! അപ്പോൾ ഗൗരമ്മയുടെ വിവാഹം കഴിഞ്ഞിട്ടില്ലേ. എങ്കിൽ ആദ്യം കണ്ടദിവസം കൂടെവന്ന കുട്ടി ആരാണ്.
“അത് അക്കാവിന്റെ കുട്ടി” ഗൗരമ്മ പറഞ്ഞു.
അതോടെ അക്കാര്യം വിട്ടു. ഗൗരമ്മയെ ആരു കെട്ടിയാലും എനിക്കൊന്നുമില്ല. എത്രയോ സുന്ദരികൾ ഇവിടെയുണ്ട്. സത്യത്തിൽ ഓഫീസിലിരുന്നു ജോലി ചെയ്യാത്തതു നഷ്ടമാണ്. വംഗ, കലിംഗ, മറാത്ത, രജപുത്താന എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരികളെയാണു ഓഫീസിൽ പോകാതിരിക്കുമ്പോൾ മിസ് ചെയ്യുന്നത്. കുറച്ചുനാൾ കഴിഞ്ഞാൽ പ്രോജക്ട് മാറ്റി ചോദിക്കണമെന്നു ഞാൻ ഉറപ്പിച്ചു.
ഗൗരമ്മ എന്നും പണിക്കുവന്നു. ചായ കുടിക്കുന്നതിനിടയിൽ ഞങ്ങൾ സംസാരിച്ചു. ജോലിക്കിടയിൽ ഫോണിലൂടെ കാമുകനുമായി സല്ലപിച്ചു. ഞാൻ ചാരുകസേരയിൽ കിടന്നു ജോലിചെയ്തും വായിച്ചും സമയം കൊന്നു. അങ്ങിനെ ഏതാനും മാസങ്ങൾ കഴിഞ്ഞു.
അന്നൊരു ദിവസം എന്നിൽ ഉറങ്ങിക്കിടന്നിരുന്ന മരണചിന്തകളെ ഉദ്ദീപിപ്പിച്ചു നാട്ടിൽനിന്നൊരു വാർത്ത അമ്മ അറിയിച്ചു.
“മോനേ നീ അറിഞ്ഞോ? നമ്മടെ രാജശേഖരനെ പാമ്പു കടിച്ചു. രണ്ടുദിവസം ആശുപത്രിയിൽ കിടന്നു. ഇന്നു കാലത്തു മരിച്ചു. പണ്ട് നീ കൊച്ചായിരുന്നപ്പോൾ ഒരുപാടു എടുത്തുകൊണ്ട് നടന്നിട്ടുള്ള ആളാ”
രാജശേഖരൻ ഞങ്ങൾക്കു ശേഖരേട്ടനാണ്. പ്രായം കുറച്ചുണ്ട്. എങ്കിലും പിള്ളേരുടേയും യുവാക്കളുടെയും കൂടെ എന്തിനും ഏതിനും ഒപ്പമുണ്ടാകും. നാട്ടിൽ പൊതുസമ്മതൻ. മനസ്സ് ശൂന്യമായി. വളരെ നഷ്ടബോധം തോന്നി. ശേഖരേട്ടന്റെ മൃതശരീരം കാണാനൊത്തില്ലല്ലോ. പാമ്പുകടി മരണങ്ങളിൽ അപൂർവ്വമായേ സംബന്ധിച്ചിട്ടുള്ളൂ. അതുതന്നെ കടിയേറ്റ ഭാഗം ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല. വെള്ളത്തുണികൊണ്ടു ആകെ മൂടുകയാണ് പതിവ്. ഇവിടെ രണ്ടുദിവസം കഴിഞ്ഞാണു മരണമെന്നതിനാൽ എല്ലാം വിശദമായി അറിയാമായിരുന്നു. ഏത് പാമ്പാണ് കടിച്ചത്? ശരീരത്തിന്റെ ഏതുഭാഗത്താണു കടിച്ചത്? അവിടം നീരുവന്നു വീർത്തുവോ? നിറവ്യത്യാസം വന്നോ? എന്നിങ്ങനെ പരേതനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ. അതൊന്നും പറയാതെ അമ്മ ഫോൺ വച്ചു.
എന്നിൽ കുറച്ചുനാളുകളായി ഉറങ്ങിക്കിടന്ന ജന്മവാസന ഉണർന്നു. മനസ്സിലാകെ തിക്കുമുട്ടൽ. ഏതെങ്കിലും മരണവീടുകൾ സന്ദർശിക്കണം. അല്ലാതെ പറ്റില്ല. ഒട്ടും പറ്റില്ല. എന്തു ചെയ്യും? എവിടെ, ആരാണ് മരിച്ചത്? അറിയാൻ എന്തു മാർഗം? പെട്ടെന്നു ഗൗരമ്മയെ ഓർത്തു. ഗൗരമ്മക്കു സഹായിക്കാൻ കഴിഞ്ഞേക്കും. ഗൗരമ്മയ്ക്കേ സഹായിക്കാൻ കഴിയൂ. അവർ താമസിക്കുന്നത് ഒരു തെരുവിലാണ്. അവിടെയുള്ള വീടുകളിലെ വാർത്തകൾ ദിവസവും എത്തിച്ചു തരാറുണ്ട്. ഗൗരമ്മയുമായി മരണവിഷയം അപൂർവ്വമായേ സംസാരിച്ചിട്ടുള്ളൂ. എങ്കിലും ഇപ്പോൾ ചോദിക്കാനുറച്ചു.
സന്ധ്യ ഇരുട്ടിനു വഴിമാറിത്തുടങ്ങിയിരുന്നു. ഈ സമയത്തു യുവതികളെ മൊബൈലിൽ വിളിക്കുന്നത് നന്നല്ല. എന്നിട്ടും മനസ്സിലെ അസ്വസ്ഥത എന്നെക്കൊണ്ടു വിളിപ്പിച്ചു. നേരിട്ടു കാര്യത്തിലേക്കു കടക്കാതെ നാളെകാലത്തു നേരത്തേ വരണമെന്നും കുറച്ചുവസ്ത്രങ്ങൾ ഇസ്തിരിയിടാനുണ്ടെന്നും ഞാൻ പറഞ്ഞു. പിന്നെ ഇടർച്ചയോടെ മരണവിഷയം ചോദിച്ചു.
ഗൗരമ്മ നിർത്താതെ ചിരിച്ചു. “ഇല്ല. ഇവിടാരും മരിച്ചിട്ടില്ല. എന്താ ചോദിക്കാൻ?”
“അല്ല. ആരോ പറഞ്ഞു. അവിടെ ഒരാൾ…..” ഞാൻ പരുങ്ങി.
ഗൗരമ്മ ചിരി നിർത്തി. “ഇനി ആരെങ്കിലും മരിക്കണമെന്നു ആഗ്രഹമുണ്ടോ? ഞാൻ മരിച്ചാൽ മതിയോ സാറേ?”
ഞാൻ കാൾ കട്ട് ചെയ്തു. ആകെ നാണക്കേടായി. ഇനി കാണുമ്പോൾ ഗൗരമ്മ ഇതിനെപ്പറ്റി ചോദിച്ചാൽ എന്തുപറയും. മരണത്തെപ്പറ്റി ഇതിനുമുമ്പു ഒന്നുരണ്ടുതവണ തമ്മിൽ സംസാരിച്ചിട്ടുണ്ട്. അതിൽനിന്നൊക്കെ മരണം എനിക്കിഷ്ടപ്പെട്ട സംഗതിയാണെന്നു ഗൗരമ്മ മനസ്സിലാക്കിയിട്ടുണ്ടോ. ഉണ്ടെങ്കിൽ ആ ധാരണ എങ്ങിനെയെങ്കിലും തിരുത്തണം. അല്ലെങ്കിൽ നാട്ടിൽ സുഹൃത്തുക്കൾ വിളിക്കാറുള്ള ‘കാലൻ’ വിളി ഗൗരമ്മയും വിളിച്ചേക്കാം.
ഉച്ചയ്ക്കു ഗൗരമ്മ പാകംചെയ്‌ത ഭക്ഷണം അടുക്കളയിൽ ഉണ്ടെങ്കിലും പുറത്തുനിന്നു കഴിക്കാൻ തീരുമാനിച്ചു. മനസ്സിലെ പിരിമുറുക്കം കുറയും. വൈശാലി റസ്റ്റോറന്റിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ പതുങ്ങിയിരുന്നു. നാല് റൊട്ടിക്കും ഹാഫ് ചിക്കൻതന്തൂരിക്കും ഓർഡർ കൊടുത്തു. അടുത്ത ടേബിളിൽ ഇരിക്കുന്നത് മൂന്നു ചെറുപ്പക്കാരാണ്. എല്ലാവരുടേയും മുഖത്തു നിരാശഭാവം. തന്തൂരി ചവച്ചിറക്കുന്നതിനിടെ അവരുടെ സംഭാഷണശകലങ്ങൾ കാതിലെത്തി.
ഒന്നാമൻ: “I never thought an accident will happen then”
രണ്ടാമൻ: “Vijay’s condition is bad”
ആക്സിഡന്റ് കേസാണ്. ഒരുവൻ മരിക്കാൻ കിടക്കുന്നു! തൽക്കാലത്തേക്കു ഇതുമതി. ഞാൻ അവരുടെ ടേബിളിനടുത്തു ചെന്നു. ബ്ലഡ് ഡോണറാണെന്ന നാട്യത്തിൽ കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു. പ്രതീക്ഷകൾക്കു വിരുദ്ധമായി വിജയ് എന്ന വ്യക്തിക്കു സാരമായ പരിക്കുകളേയുള്ളൂ. ഒരു കയ്യും കാലും ഒടിഞ്ഞു. ജീവനു ആപത്തു ഇല്ലേയില്ല. ഞാൻ ഹതാശനായി എന്റെ ടേബിളിലേക്കു മടങ്ങി. കൂടുതൽ കഴിക്കാതെ ബില്ലും ടിപ്പും കൊടുത്തു പുറത്തിറങ്ങി.
ഞാൻ റൂമിൽ എത്തി. പുറത്തുപോയതു മനസ്സിലെ മുറുക്കത്തിനു അയവു വരുത്തിയില്ലെന്നു മാത്രമല്ല, ടെൻഷൻ കൂടുകയാണു ചെയ്തത്. ചെറുപ്പക്കാരുമായി സംസാരിച്ചത് അബദ്ധമായി. അവരുടെ സംഭാഷണങ്ങളിൽനിന്നു തന്നെ കാര്യങ്ങൾ ഊഹിക്കണമായിരുന്നു. മരണം സംഭവിച്ചിരുന്നെങ്കിൽ അവരാരും റസ്റ്റോറന്റിൽ വരിക തന്നെയില്ലല്ലോ? ഞാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റി മുറിയിൽ ഉലാർത്തി. ശരീരം വിയർപ്പിൽ കുളിച്ചു. ജനാലകൾ തുറന്നു. മനസ്സുനിറയെ പാമ്പുകടിച്ചു മരിച്ചുകിടക്കുന്ന ശേഖരേട്ടനാണ്.
ഞാൻ ചാരുകസേര ജനലിനു അടുത്തേക്കു വലിച്ചിട്ടു. മൈസൂർ – മയിലാടുതുറൈ എക്‌സ്‌പ്രസ്സ് വരേണ്ട സമയമാകുന്നു. ഈ ട്രെയിനിൽ കുറച്ചുതവണ യാത്രചെയ്തിട്ടുണ്ട്. ബാംഗ്ലൂരിൽനിന്നു സേലത്തിറങ്ങി, സേലത്തുനിന്നു ചെന്നൈ മെയിലിൽ തൃശൂരിൽ വന്നിറങ്ങാം. നല്ല പരിചിതമായ ട്രെയിൻ. അഷ്റഫിന്റെ ജ്യൂസ്‌കടയിൽനിന്നു വാങ്ങിയ സപ്പോട്ട ഷേക്ക് മൊത്തി ഞാൻ മയിലാടുതുറൈ എക്സ്‌പ്രസ്സ് വരുന്നതും കാത്തിരുന്നു. അപ്പോഴാണ് അവിശ്വസനീയമായ ആ കാഴ്ച കണ്ടത്. കണ്ണുതിരുമ്മി ഒന്നുകൂടി നോക്കി. അതെ അതു തന്നെ. സ്ത്രീയാണോ പുരുഷനാണോ എന്നു വേർതിരിച്ചറിയാൻ കഴിയാത്ത ഒരു മനുഷ്യരൂപം റെയിൽപാളത്തിനു അരികിലൂടെ നടന്നുപോകുന്നു. ഇതു അവിശ്വസനീയമായ കാഴ്ചയാകാൻ കാരണം ഇന്നുവരെ ആരേയും ഈ അസമയത്തു റെയിൽപാളത്തിനു അടുത്തെങ്ങും കണ്ടിട്ടില്ല എന്നതിനാലാണ്. രാത്രിയിൽ ഈനേരത്തു ആരെങ്കിലും റെയിൽപാളത്തിനു അരികിലൂടെ നടന്നാൽ അതിനർത്ഥം എന്തോ അത്യാഹിതം സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ്.
ഞാൻ കസേരയിൽനിന്നു എഴുന്നേറ്റു സിറ്റൗട്ട് ബ്ലോക്കിലേക്കു ചെന്നു. മൈസൂർ – മയിലാടുതുറൈ എക്‌സ്‌പ്രസ് ചൂളംവിളിച്ചു വരുന്നുണ്ട്. ടിൻ ഫാക്‌ടറിയേയും ബയപ്പാനഹള്ളിയേയും ബന്ധിപ്പിക്കുന്ന റോഡിനു കുറുകെയുള്ള ചെറിയ റെയിൽവേ മേൽപ്പാലത്തിലേക്കു വളരെ സാവധാനം ട്രെയിൻ പ്രവേശിച്ചു. മേൽപ്പാലത്തിന്റെ അവസ്ഥ വളരെ ശോചനീയമാണ്. ബൈക്കിലൂടെ യാത്ര ചെയ്യുമ്പോൾ ഈ പാലമാണോ ട്രെയിനിനെ താങ്ങുന്നതെന്നു ചിന്തിച്ചു അതിശയിച്ചിട്ടുണ്ട്. അത്രയ്ക്കു ദുർബലം. വാലറ്റം പൂർണമായും പാലം കടന്നതോടെ ട്രെയിൻ വേഗതയാർജിച്ചു. ഫ്ലാറ്റിനു അടുത്തുകൂടി പോകുമ്പോൾ ഇനിയും വേഗതയെടുക്കും. ഞാൻ വീണ്ടും മനുഷ്യരൂപത്തിനു നേരെ തിരിഞ്ഞു. പക്ഷേ അൽഭുതകരമെന്നേ പറയേണ്ടൂ, ആ മനുഷ്യനെ എവിടേയും കണ്ടില്ല. റെയിൽപാതക്കു താഴെയുള്ള നടപ്പാതയിൽ നോക്കി. അവിടെ ഇല്ല. രൂപം എവിടെപ്പോയി ഒളിച്ചു? ട്രെയിൻ വരുന്നതുനോക്കി അരമിനിറ്റേ നിന്നുള്ളൂ. അതിനിടയിൽ പാളത്തിനരികിലൂടെ നടന്ന മനുഷ്യനു നടപ്പാതകളിലൂടെ നടന്നു മറയാൻ സാധ്യമല്ല. ഉറപ്പ്. പാളത്തിനരികിൽ നിരവധി കുറ്റിക്കാടുകൾ ഉണ്ട്. അതിലെങ്ങാനും മനുഷ്യൻ ഒളിച്ചിരിക്കുന്നുണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ എന്തിനാണ് ഒളിച്ചിരിക്കുന്നത്? എനിക്കു അധികം ചിന്തിക്കേണ്ടി വന്നില്ല. ഉത്തരം പെട്ടെന്നു കിട്ടി. മരണം. ട്രെയിനിനു തലവയ്‌ക്കാനാണ് ആ മനുഷ്യൻ രാത്രിയിൽ പാളത്തിലേക്കു വന്നിരിക്കുന്നത്!
ഞാൻ ഒന്നുകൂടി സംഭവങ്ങളെ വിശകലനം ചെയ്തു.
- രാത്രിയിൽ ഇതിനുമുമ്പു ആരും പാളത്തിലൂടെ നടക്കുന്നതായി കണ്ടിട്ടില്ല.
- നടന്ന മനുഷ്യൻ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നു.
- ട്രെയിനിനു വേഗത ഇപ്പോൾ കുറവാണ്. പക്ഷേ കൂടിക്കൊണ്ടിരിക്കുന്നു.
- പാളത്തിനരികിലൂടെ ആരെയെങ്കിലും നടന്നു വരുന്നതുകണ്ടാൽ എൻജിൻ ഡ്രൈവർ സംശയാലുവായി ട്രെയിൻ നിർത്തിയേക്കാം. വേഗത കൂടുമ്പോൾ, പെട്ടെന്നു പൊന്തക്കാടുകളിൽ നിന്നിറങ്ങി ചാടിയാൽ ട്രെയിൻ നിർത്തുക സാധ്യമല്ല.
ഇങ്ങിനെയായിരുന്നു എന്റെ കണക്കുകൂട്ടൽ. അതിനനുസരിച്ചു കാര്യങ്ങളും നീങ്ങി. ട്രെയിൽ ഫ്ലാറ്റിനു അരികിലൂടെ പോയപ്പോൾ കുറ്റിക്കാട്ടിൽ നിന്നൊരു മനുഷ്യരൂപം വണ്ടിക്കുമുന്നിൽ ചാടി. ട്രെയിൻ നിർത്താതെ പോയി. ചാകാനുള്ളവർ ചാകും. അത്രയേ എൻജിൻ ഡ്രൈവർ കരുതിയിരിക്കുള്ളൂ. ഒരു ആത്മഹത്യ ലൈവായി കണ്ടതിന്റെ ആഘാതത്തിൽ ഞാൻ സിറ്റൗട്ടിലെ കമ്പിയിൽപിടിച്ചു പാളത്തിലേക്കു എത്തിനോക്കിപ്പോയി. ഭാഗ്യവശാൽ നിലതെറ്റി താഴെ വീണില്ല. ഇനി എന്തുചെയ്യണമെന്ന കാര്യത്തിൽ എനിക്കു സംശയമേയില്ലായിരുന്നു. ട്രെയിൻ അപകടമാണ് നടന്നിരിക്കുന്നത്. ട്രെയിനിടിച്ചു മരിച്ച ശരീരം ഇന്നുവരെ കണ്ടിട്ടില്ല. ഹൃദയസ്തംഭനം, തൂങ്ങിമരണം, വെള്ളത്തിൽ മുങ്ങിമരിച്ചത്, കത്തിക്കുത്ത്, ശ്വാസം മുട്ടിച്ചുള്ള മരണം, ഫ്യൂരിഡാൻ കുടിച്ചുള്ള മരണം,… എന്നിങ്ങനെ പലരീതിയിൽ മരിച്ച ശവശരീരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ട്രെയിനിടിച്ചു മരിച്ച ശരീരം ഇന്നുവരെ കണ്ടിട്ടില്ല. അതിനാൽ ഈ മൃതശരീരം കണ്ടേ തീരൂ. ഇതു കാണാനായിരുന്നല്ലോ ഈശ്വരാ നീ എന്നെ ഇത്രനാൾ പരീക്ഷിച്ചത്. സന്തോഷം കൊണ്ടു എന്റെ കണ്ണിൽ വെള്ളംവന്നു.
ഞാൻ ഒച്ചയുണ്ടാക്കാതെ കോണിപ്പടിയിറങ്ങി. ലിഫ്റ്റ് ഉപയോഗിച്ചില്ല. ഗ്രൗണ്ട്ഫ്ലോറിൽ സെക്യൂരിറ്റിയുടെ മുറി മാത്രമേയുള്ളൂ. ബാക്കിയുള്ള സ്ഥലം കാർ, ബൈക്ക് പാർക്കിങ്ങിനു ഉപയോഗിക്കുന്നു. പൈ ലേഔട്ടിലുള്ള എല്ലാ കെട്ടിടങ്ങളിലും ഇതേ സംവിധാനമാണ്. ഗ്രൗണ്ട്ഫ്ലോറിൽ എത്തിയ ഉടൻ ഞാൻ ഒരു തൂണിന്റെ മറവിലേക്കു നീങ്ങിനിന്നു പരിസരവീക്ഷണം നടത്തി. ഗേറ്റിനരുകിൽ സെക്യൂരിറ്റിയില്ല. സെക്യൂരിറ്റി ഇല്ലെങ്കിൽ തന്നെയും ഗേറ്റിലൂടെ പുറത്തിറങ്ങുന്നത് വിഡ്ഢിത്തമാണ്. ഈ അസമയത്തു റെയിൽപാളത്തിലേക്കു പോകുന്നതു മറ്റാരെങ്കിലും കാണും. അതു നല്ലതിനല്ല. തന്മൂലം ഞാൻ ഗ്രൗണ്ട്ഫ്ലോറിൽ പാർക്കുചെയ്തിരിക്കുന്ന കാറുകളുടെ മറവുപറ്റി പിൻഭാഗത്തേക്കു ചെന്നു. മതിൽചാടി കെട്ടിടത്തിന്റെ പിൻഭാഗത്തെത്തി. അവിടെ എല്ലായിടത്തും മാലിന്യകൂമ്പാരമാണ്. കുറ്റിച്ചെടികളും ധാരാളമുണ്ട്. അതിൽ അറപ്പോടെ ചവിട്ടി നടന്നു. ഒറ്റയടിപ്പാതയിലൂടെ റെയിൽപാളത്തിലെത്തി. മനസ്സ് സന്തോഷഭരിതമാണ്. പെൻടോർച്ചിന്റെ വെളിച്ചത്തിൽ ഞാൻ മൃതശരീരം കണ്ടു. വയറിനു മുകൾഭാഗം ചതഞ്ഞരഞ്ഞു പോയിരിക്കുന്നു. നെഞ്ചിൻകൂട് അവ്യക്തമായി തലനീട്ടിയിട്ടുണ്ട്. തലച്ചോർ പിരിഞ്ഞു മുറിഞ്ഞു പല ഭാഗത്തായി ചിതറിക്കിടക്കുന്നു. വയറിനുതാഴെ യാതൊരു പരിക്കുകളുമില്ല. ഞാൻ അതിനു പ്രാധാന്യവും കൊടുത്തില്ല. സ്ത്രീയാണൊ പുരുഷനാണോ എന്നു തിരിച്ചറിയാമെന്ന ആശയംപോലും തലയിൽ മിന്നിയില്ല. ഭയാനകമായ രംഗം കുറച്ചുനേരം നോക്കിക്കണ്ടു ഞാൻ റൂമിലേക്കു തിരിച്ചു. കുറേ നാളുകൾക്കുശേഷം ശാന്തമായി ഉറങ്ങി.
പരപ്പാന അഗ്രഹാര ജയിൽ, ബാംഗ്ലൂർ
കഥ കഴിഞ്ഞു എന്നു കരുതരുത്. കഥ തുടരുകയാണ്. റെയിൽപാളത്തിലെ ശവശരീരം കണ്ടു ശാന്തമായി ഉറങ്ങിയ എന്നെ പിറ്റേന്നു രാവിലെ പോലീസ് അറസ്റ്റ് ചെയ്തു. ഞാനിപ്പോൾ ജയിലിലാണ്. എന്നിൽ ചുമത്തപ്പെട്ട കേസ് ഗൗരവതരമാണ്. ആത്മഹത്യപ്രേരണ മാത്രമല്ല, വിശ്വാസവഞ്ചനയും ഇതിലടങ്ങിയിട്ടുണ്ട്. നിർദ്ധനയും, നിഷ്‌കളങ്കയും, സുന്ദരിയുമായ ഒരു കന്നഡയുവതിയെ പ്രേമിച്ചു, ശാരീരികാവശ്യങ്ങൾക്കു ഉപയോഗിച്ചശേഷം ക്രൂരമായി തള്ളിപ്പറഞ്ഞതിന്റെ ഫലമായി യുവതി ആത്മഹത്യ ചെയ്യാൻ നിർബന്ധിതയായി എന്നാണ് കേസ്. ആത്മഹത്യാ പ്രേരണ മാത്രമാണോ അതോ കൊലപാതകവും ചെയ്തോ എന്നറിയാൻ പോലീസ് തെളിവുകൾ ശേഖരിച്ചുവരികയുമാണ്. നിരപരാധിയാണെന്നു വാദിക്കാൻ ഞാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ സാഹചര്യത്തെളിവുകൾ എനിക്കെതിരാണെന്നതാണ് സത്യം. അവ ഇനിപ്പറയുന്നു.
- ആത്മഹത്യ ചെയ്ത ഗൗരമ്മ എന്ന കന്നഡ യുവതിയെ എനിക്കു നല്ല പരിചയമുണ്ട്.
- അവർ എന്റെ ഫ്ലാറ്റിൽ പലതവണ വന്നിട്ടുണ്ട്.
- എന്റെ ഫോൺനമ്പർ അവരുടെ മൊബൈലിൽ ഉണ്ട്.
- ആത്മഹത്യ ചെയ്യുന്നതിനു ഒരു മണിക്കൂർമുമ്പ് ഞാനവരെ ഫോണിൽ വിളിച്ചെന്നു എന്റേയും അവരുടേയും കാൾഹിസ്റ്ററി തെളിയിക്കുന്നു.
- സംഭാഷണം മരണത്തെപ്പറ്റിയായിരുന്നെന്നു യുവതിയുടെ കൂട്ടുകാരി, അവരപ്പോൾ യുവതിയുടെ അടുത്തുണ്ടായിരുന്നത്രെ, സാക്ഷ്യം പറഞ്ഞു.
- സംഭവം നടന്ന രാത്രിയിൽ ഞാൻ, ഫ്ലാറ്റ്സമുച്ചയത്തിനു പിന്നിലെ മതിൽ ചാടിപ്പോകുന്നതു കണ്ടതായി സെക്യൂരിറ്റി മൊഴി നൽകി.
- എല്ലാത്തിനുപരി മരിച്ചുകിടക്കുന്ന യുവതിയുടെ അടുത്തു ഞാൻ സന്തോഷവാനായി നിൽക്കുന്നതു മൂന്നുപേർ കണ്ടിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും അവരെന്നെ തിരിച്ചറിഞ്ഞു.
ഈ പറഞ്ഞവയിൽ അവസാനത്തെ നാലു തെളിവുകൾ പ്രബലമാണ്. ഇത്രയും തെളിവുകളുണ്ടെങ്കിൽ അന്വേഷണം പോലും നടത്തേണ്ടതില്ലെന്നാണ് പ്രൊസിക്യൂഷന്റെ പക്ഷം. എന്റെ വക്കീലാണെങ്കിൽ ഞാൻ പറയുന്നതു ഇനിയും വിശ്വസിച്ചിട്ടില്ല. ഭ്രാന്താണെന്നു അഭിനയിക്കാനാണ് അദ്ദേഹത്തിന്റെ മാന്യമായ ഉപദേശം. എനിക്കു ഭ്രാന്താണെന്നു തെളിയിക്കാൻ അദ്ദേഹത്തിന്റെ പക്കൽ എന്നെക്കുറിച്ചു തെളിവുകൾ ഉണ്ടത്ര. മരണവീടുകൾ സന്ദർശിക്കുന്ന സ്വാഭാവമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഭ്രാന്തനായി അഭിനയിക്കാൻ സമ്മതമല്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. തന്മൂലം അദ്ദേഹം കേസിൽനിന്നു പിന്മാറാൻ സാധ്യതയുണ്ട്. എങ്കിൽ അറ്റകൈയ്‌ക്കു ഞാൻ ഭ്രാന്തനായി അഭിനയിച്ചേക്കാം. കാരണം എനിക്കു ബാംഗ്ലൂരിലെ ജയിലിൽ കിടക്കാൻ താല്പര്യമില്ല. നാട്ടിൽ പോകണം. അവിടെ ഒരുപാടു മരണവീടുകൾ എന്നെ കാത്തിരിക്കുന്നു.
Featured Image Credit: – basicknowledge101.com
നിയന്ത്രണമില്ലായ്‌മ എന്ന അവസ്ഥയിൽ ഭാവന ആശയങ്ങളുടെ സമ്പാദകനാണ്.
🙂
എന്നും സ്നേഹത്തോടെ
സുനിൽ ഉപാസന
ഇവിടെ നിന്നോ വന്നു എങ്ങോട്ടോ പോയി …ജീവിതവും കഥയും ഒന്നിച്ചു എഴുതി ഒപ്പിക്കാന്‍ സുനില്‍ ആള് പുലി ആണ് ….
കൊല്ലുന്ന മരണം.തന്മയത്വമായി അവതരിപ്പിച്ചതിനു അനുമോദനങ്ങൾ…നല്ല ഒരു കഥ വായിച്ച പ്രതീതി. സന്തോഷം.
കൊല്ലുന്ന മരണം.തന്മയത്വമായി അവതരിപ്പിച്ചതിനു അനുമോദനങ്ങൾ…നല്ല ഒരു കഥ വായിച്ച പ്രതീതി. സന്തോഷം.
very Good
വളരെ ഇഷ്ടപ്പെട്ടൂ.
അവസാന വാക്യം വേണമായിരുന്നില്ല. മരിച്ചത് ഗൗരമ്മയാണെന്നു മനസ്സിലാക്കാന്‍ അതിനു മുന്നിലെ പാരഗ്രാഫ് ധാരാളം.
R :
ഒരുപാട് നാളിനു ശേഷം എത്തിയതിൽ സന്തോഷം 🙂
Sunil Upasana
-അവസാന വാക്യം വേണമായിരുന്നില്ല. മരിച്ചത് ഗൗരമ്മയാണെന്നു മനസ്സിലാക്കാന്‍ അതിനു മുന്നിലെ പാരഗ്രാഫ് ധാരാളം- മുകളിൽ 'R' എഴുതിയത് പോലെ അവസാന സെന്റൻസൊഴികെ പിടിച്ചിരുത്തുന്ന എഴുത്ത്.. അഭിനന്ദനങ്ങൾ സുനിൽ. 🙂
വെരി ഇന്‍റ്റ്റസ്റ്റിംങ്ങ് … നല്ല ട്വിസ്റ്റും…
ഗൗരമ്മയാണെന്നു മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
സീറോ ഡിഗ്രി നോവലിനെ ഓർമ്മപ്പെടുത്തുന്ന അതേ ശൈലി. അഭിനന്ദനങ്ങൾ..
നല്ലൊരു വായന….
മനോഹരമായ എഴുത്ത്…ആ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല കേട്ടാ…ആശംസകള്‍
ഒരു തിരുത്ത് ….നടന്ന മനുഷ്യന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നു …..എന്നല്ലേ ഉചിതം ….
ആ പോക്ക് കണ്ടപ്പോള്‍ എനിക്ക് തോന്നി നായികാ ഗൌരിയയിരിക്കും .എന്ന്
അവസാന വാചകം ഒഴിവാകകാമായിരുന്നു എന്നു വീണ്ടും പറയനമെന്നു തോന്നുന്നു. ബാക്കി ഉഗ്രന്‍.
ഇത്രയും പ്രതീക്ഷിച്ചില്ല…
ഇന്ന് നാട്ടില്‍ ഒരു ബന്ധു മരിച്ചതിന്റെ ടെന്‍ഷനില്‍ ഇരിക്കുമ്പോഴാണ് ഇത് വായിച്ചതു…മനസ്സിന് ഇത്തിരി മുറുക്കം കുറഞ്ഞു…..
ആളൊരു സംഭവം തന്നെ….
അവസാന വരി അധികപ്പറ്റായി. അല്ലെങ്കില്‍ തന്നെ ഗൌരമ്മയെ വായനക്കാരന്‍ തിരിച്ചറിയും. ലക്ഷണമൊത്ത കഥ.
ഈശ്വരാ…വല്ലാത്തൊരു എഴുത്തായി പോയി..
മനുഷ്യനെ മുള്‍മുനയില്‍ നിര്‍ത്തുക എന്നത് ഇതായിരിയ്ക്കുമല്ലേ..
നല്ല വായന നല്‍കി..ആശംസകള്‍ ട്ടൊ…!
സുപ്രഭാതം..!
Binesh Bhai:
Thats a Point! I corrected.
Also removed last line, which mentions Gauramma.
Thank You
🙂
Sunil Upasana
ആദ്യമേ തന്നെ ഒരു വൈൽഡ് ഗസുണ്ടായിരുന്നു, സംഭവിക്കാൻ പോവുന്നതിതു പോലെ ആവുമെന്ന്! നല്ല എഴുത്ത്, പതിവു പോലെ.
ആശംസകൾ !!!
ഹൂ…..!
എഴുത്തിനേക്കാളും അതിലെ ‘മരണദർശനസുഖം’, അതവതരിപ്പിച്ചതാ കൂടുതൽ ഇഷ്ടപെട്ടത്. വ്യത്യസ്തമായ ചിന്തതന്നെയണ്ണാ.! ഹൊ! ഇച്ചിരി കഠുത്തുപോയി
നല്ലൊരു വായനതന്നെയായിരുന്നു ആദ്യാവസാനം.
അഭിനന്ദനംസും ആശംസോളും 🙂
മനോഹരമായ ആഖ്യാനശൈലി… വളരെ വളരെ ഇഷ്ടപ്പെട്ടു… പോസ്റ്റിന്റെ ദൈർഘ്യം കണ്ടപ്പോൾ തോന്നിയ മടുപ്പ് വായിച്ച് തുടങ്ങിയപ്പൊൾ വിട്ടകന്നു… സൂപ്പർബ്!!
This comment has been removed by the author.
ഇഷ്ടമായി. ഏല്ലാം കൊണ്ടും! മികച്ച ഭാഷ, മടുപ്പുളവാക്കാത്തവിധം പിടിച്ചിരുത്തുന്ന വിവരണം. കഥാപാത്രങ്ങള്‍ക്ക് നല്‍കിയ മിഴിവ്. സസ്പന്‍സ് ഒക്കെ കൂടി നല്ലൊരു കഥയാക്കി.
ഒരു ഡയറിക്കുറിപ്പ് വായിക്കുന്നപോലത്തെ ആത്മബന്ധം ഇതിലെ കാലനോട് തോന്നി !!!!
Excellent
രാജശേഖരൻ പാമ്പ് കടിയേറ്റ് മരിച്ച വിവരം അമ്മ വിളിച്ചറിയിക്കുന്നത് വരെ കഥാകാരനൊപ്പം വായനക്കാരനും മരണമെന്ന മുഖ്യ വിഷയത്തെ കുറച്ച് നേരത്തേക്ക് മറന്ന് പോകുന്നു…!
വീണ്ടും പറയട്ടെ വളരെ നന്നായി സുനിലേ…
നല്ല എഴുത്ത്.. വീണ്ടും വരാം
ഏറെക്കാലത്തിന് ശേഷം ശ്രദ്ധയോടെ വായിച്ച ഒരേയൊരു ബ്ലോഗ് സുനിലിന്റേതാണ്. അഭിനന്ദനങ്ങള്‍!
സുനിൽ, പഴയ മലയാളം ബ്ലോഗുകളിൽ ഒന്ന് വളരെ കാലത്തിനു ശേഷം വായിച്ചു.. സൂപ്പർ.. നന്നായി എഴുതിയിരിക്കുന്നു. ഇവിടെ എത്തിച്ച് മൂത്താപ്പ അഗ്രജനും നന്ദി.
ലയിച്ച്, സുഖിച്ച്, പേടിച്ച്, വായിച്ചു!
സജി
ഈശ്വരാ, ഇത് കഥ തന്നെയോ!!!
നല്ല എഴുത്ത്
ഒരു പഞ്ച് ഉണ്ടല്ലെ
ആശംസകൾ
നല്ല തിരക്ക് പിടിച്ച ദിവസം.ഇന്നലെ മേയ് ഒന്ന് .അവധിയായിരുന്നു.അതുകൊണ്ട് തന്നെയാണു തിരക്ക് കൂടുതലായതും. പി.എ. വന്ന് പറഞ്ഞു.സർ രണ്ട് പേർ കാണൻ വന്ന് നിൽക്കുന്നു.”കുറച്ച് നേരം വെയിറ്റ് ചെയ്യാൻ പറയൂ” അനുപമ(പി.എ)എന്നെ കൃത്രിച്ചൊന്ന് നോക്കി പുറത്തേക്ക്. സാധാരണ ഞാൻ അങ്ങനെയല്ല. എന്നെ തിരക്കി ആരു വന്നാലും അവരെ തിടുക്കത്തിൽ സ്വീകരിക്കുകാ എന്നത് എന്റെ വലിയ മര്യാദ.അത് ജോലിക്കാരോടൂം പറഞ്ഞിട്ടുണ്ട്, എന്റെ സ്ഥാപനത്തിൽ വരുന്നവരോടു മാന്യമായി പെരുമാറുക. അത്ര വലിയ സ്ഥാപനകൊന്നുമല്ലാ..ഒരു ചെറിയ കമ്പൂട്ടർ വിദ്യാഭാസ സ്ഥാപനം.ഞാൻ എന്റെ ഉപാസനയിലെ മരണദൂദൻ എന്ന കഥ വായിക്കുകയായിരുന്നു. കുറച്ച് മുൻപേ വായിച്ചതും ഒരു മരണകഥ തന്നെ, സ്വപ്നജാലകം തുറന്നിട്ട സാബുവിന്റെ കഥ. രണ്ടും രണ്ട് തരത്തിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.എന്റെ ഉപാസനയിൽ ഞാൻ ആദ്യമായി എത്തുകയാണെന്ന് തോന്നുന്നു.അതോ മറവിയോ? വളരെ നീണ്ട ഒരു കഥ… നീണ്ട കഥകൾ എനിക്ക് വായിക്കാൻ ഇഷ്ടമാണു. ചിലതിൽ നമുക്ക് മനസ്സിലാക്കാൻ ഏറെ ഉണ്ടാകും..ഇവിടെ മരണം എന്ന സത്യത്തെ കഥാകാരൻ കൂടെ നടത്തിക്കുന്നു.കഥാകന്രനെപ്പോലെ നമുക്കും തോന്നാം…ഇയ്യാൾക്ക് എന്താ മരിച്ച് കിടക്കുന്നവരെ കാണാൻ ഇത്ര ഇഷ്ടം…ഇതൊരു മാനസിക രോഗമല്ലേ എന്ന്..തീർച്ചയായും ഇത്തരം ഒരു അവസ്ഥ രോഗം തന്നെയാണു.എനിക്ക് മരിക്കാൻ വളരെ ഇഷ്ടമാണു. അതിനെ കാത്തിരിക്കുകയുമാണു.പക്ഷേ മറ്റുള്ളവരുടെ മരണം കാണാൻ ഇഷ്ടമല്ലാ..മരണസ്ഥലത്ത് പോകുകയുമില്ലാ..ഭിന്ന മായ ചിന്തകളൂടെ കലവറയാണു മനുഷ്യ മനസ്സ്.. അത്തരം ഒരു മനസ്സിന്റെ ഉടമയെ പരിചയപ്പെടുത്തുകയാണു..ഇവിടെ കഥാകാരൻ ചെയ്തിരിക്കുന്നത്..ചില ഭാഗങ്ങളിൽ എനിക്ക് ചില പോരായ്മകൾ തോന്നി.അത് എന്റെ മാത്രം ചിന്ത. ഒരു കഥയെ ഒരോവായനക്ക്രും വായിക്കുന്നത് അവരവരുടെ തലത്തിൽ നിന്നു കൊണ്ടാണു.ഞാൻ കാണുന്ന രീതിയിലായിരിക്കില്ല രമേശ് അരൂർ ഇതിനെ കാണുക..ഞങ്ങൾ പലപ്പോഴുമ ഉള്ളത് തുറന്ന് പറയുന്ന കൂട്ടത്തിലാണു.കുഞ്ഞൂസ്സോ,റാംജിയോ…കമന്റുകളിൽ നല്ലത് എന്ന് മാത്രം പറയുന്നവരാണു ,കണ്ണൂരാൻ കുറച്ച് ഉച്ചത്തിൽ പറയും, മനോരാജും മറ്റു ചിലരും രചനകളെ നന്നായി വിലയിരുത്തുന്നവരാണു…എന്റെ അഭിപ്രായത്തിൽ ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടൂ..പക്ഷേ അവസാനം ഗൌരമ്മ അത്തരം ഒരു മരണത്തിലേക്ക് എന്തിനു പോയി എന്ന് മാത്രം മനസ്സിലാകുന്നില്ലാ…അതിനു മുൻപ് ആ കഥാപാത്രത്തിനു അങ്ങനെയുള്ള മാനസിക പ്രായാസങ്ങൾ കഥാകാരൻ പറയുന്നുമില്ലാ.. അവിടെ മാത്രം ഒരു ഏച്ചുകെട്ടൽ…പക്ഷേ ഈ കതായുടെ രചനാരീതി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെയാണു ഈ നീണ്ട കഥക്ക് ഇങ്ങനെ നീണ്ട ഒരു കമന്റിട്ടതും…ശ്രീ.സുനിലിനു എല്ലാ ആശംസകളൂം….
എല്ലാം മൂത്താപ്പ (മുസ്തഫ) മയം !! :-))
@ ചന്ദു നായർ
ഗൗരമ്മക്ക് സപ്പോർട്ടിങ്ങ് റോളേയുള്ളൂ. അവരുടെ വ്യക്തിജീവിതവും, മാനസികപ്രയാസങ്ങളും കഥയിൽ വരേണ്ട ആവശ്യമില്ല. അതൊക്കെ ബോറാണ്, ക്ലീഷേകളാണ്. നായകനാണ് കഥയിൽ കേന്ദ്രം.
(ഗൗരമ്മക്ക് വ്യക്തിജീവിതത്തിൽ ആത്മഹത്യക്ക് വഴികൾ ഉണ്ടായിരുന്നെന്നു ഊഹിച്ചോളൂ, കാമുകൻ – ടെലഫോൺ സംഭാഷണം ഓർമ്മയില്ലേ)
വായനക്കു നന്ദി.
സുനിൽ ഉപാസന
പ്രീയ സഹോദരാ…ഗൗരമ്മക്ക് സപ്പോർട്ടിങ്ങ് റോളേയുള്ളൂ.സമ്മതിച്ചൂ.. ഒരു തിരക്കഥാ രചയിതാവായത് കൊണ്ടാവാം നമ്മൾ എതൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നോ ആ കഥാപാത്രങ്ങൾക്ക് അവരവരുടേതായ 'തലം'വേണം ഇവിടെ ഗൗരമ്മ കാമുകനുമായി സന്തോഷവതിയായി സംസാരിക്കുന്നതായിട്ടാണു താങ്കൾ കാണിച്ചിരിക്കുന്നത്..എന്നാൽ ഗൗരമ്മക്ക് വ്യക്തിജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നൂ എന്ന ഒറ്റ വാചകം മതിയായിരുന്നൂ…അവരുടെ മരണകാരണത്തിന് 'അതൊക്കെ ബോറാണ്, ക്ലീഷേകളാണ്.' എന്ന് ഞാൻ വിശ്വസിക്കുന്നില്ലാ..പരത്തിപറഞ്ഞാൽ മാത്രമേ ബോറാകൂ…ഇത് എന്റെ അഭിപ്രായം….
കഥ വളരെ ഇഷ്ടപ്പെട്ടു.
മരണത്തെ സ്നേഹിക്കുന്ന നായകനെ വളരെ നന്നായി അവതരിപ്പിച്ചു. വായിച്ചു വന്നപ്പോള്‍ മരണം കാണുവാനുള്ള ആര്‍ത്തിയില്‍ ഗൌരമ്മയെ എങ്ങാനും കൊന്നു കളയും എന്ന് ഞാന്‍ വിചാരിച്ചു.
സൂപ്പര്‍ കഥ.
അതിമനോഹരം. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ കഥകളിലൊന്ന്.
ഹഹഹ…
എന്റെ കാളീീീ.
ഇപ്പോ മലയാളസാഹിത്യം ആരായി?
സസിയായി. :-))
സുനിൽ ഉപാസന
സുനിൽ,
യഥാർത്ഥ്യവും മിഥ്യയും ഇല്ലെന്ന് മനസ്സിൽ വിചാരിക്കുന്നു. കഥ അസ്സലായി.. വളരെ നാളുകൾക്ക് ശേഷമാണ് വീണ്ടും ഇവിടെ എത്തപ്പെട്ടത്, മുറിച്ചുണ്ട് വായിച്ചിരുന്നു, കഥകളൊക്കെ വായിക്കുന്നുണ്ട് പക്ഷെ അഭിപ്രായം പ്രകടിപ്പിക്കാറില്ല, അത് ശരിയല്ലെന്നും അറിയാം ക്ഷമീര്..
എങ്ങനെയാണ് ഈയൊരു പ്രമേയം മനസ്സിലേക്ക് എത്തപ്പെട്ടത്..?
@ കുഞ്ഞൻ
ചേട്ടന്റെ മൂന്നരവയസ്സുള്ള കുട്ടി അടുത്തുള്ള മരണവീട്ടിൽ പോയി. യാതൊരു കൂസലുമില്ലാതെ കുറേനേരം അവിടെ ചിലവഴിച്ചു. പേടിപ്പിക്കാൻ പറഞ്ഞതൊന്നും ഏശിയില്ല. ഇതൊന്ന്. പിന്നെ ബാംഗ്ലൂരിൽ റൂമിനടുത്ത് റയിൽപാളമുണ്ട്. ഇതൊക്കെയായിരുന്നു സ്റ്റഫ്‌സ്. പിന്നെ ആദ്യത്തെ കമന്റിൽ പറഞ്ഞപോലെ ഭാവന ചെയ്യാനുള്ള ശേഷിയെ കയറഴിച്ചു വിടുക.
🙂
സസ്നേഹം
സുപാസന
സുനില്‍,
പ്ലസില്‍ മുസ്തഫയിട്ട ലിങ്കിലൂടെയാണിവിടെയെത്തിയത്. സത്യം പറയാമല്ലോ,
ഏതെങ്കിലുമൊരു പോസ്റ്റ് വായിക്കുന്നതിന്ന് മുമ്പ് വലതു വസത്തെ സ്ക്രോളിംഗ് ബാര്‍ ഒന്നു നോക്കാറുണ്ട് ഞാന്‍. ദീര്‍ഘമെന്നു തോന്നിയാല്‍ ഒറ്റയടിക്ക് ക്ലോസ് ചെയ്യും; വായിക്കില്ല. പക്ഷേ, മുസ്തഫ അവിടെ പ്രത്യേകം പറഞ്ഞിരുന്നു, ദൈര്‍ഘ്യം കണ്ട് പേടിക്കാനില്ലെന്ന്. വായിച്ച് അവസാനമെത്തിയപ്പോള്‍ “തീര്‍ന്നോ” എന്ന ചോദ്യമായിരുന്നു മനസ്സില്‍; ഒപ്പം കാലങ്ങള്‍ക്കു ശേഷം ഒരു മനോഹരമായ രചന വായിച്ചതിന്റെ സന്തോഷവും.
വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍..
സുനിൽ……
വളാരെ വ്യത്യസ്തമായ ചിന്ത. അതിനൊരു പ്രത്യേക അഭിനന്ദനം..:)
മരണം അല്ലെങ്കിൽ ജീവൻ വെടിഞ്ഞ ശവങ്ങൾ ജീവിക്കാൻ പ്രേരണയാകുക. അപൂർവ്വം…!!
അയാൾ ജെയിലിൽ നിന്നും ഉടനെ മോചിതനാകും. കാരണം മരണം അയാളുടെ ഏക അഭിനിവേശമാണ്.
ഈ ബ്ലോഗിനെ കുറിച്ച് ഇരിപ്പിടം പറയുന്നത്
സുനില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.. സജിയച്ചായന്‍ പറഞ്ഞത് പോലെ ലയിച്ച് വായിച്ചു.
മനോഹരമായ കഥ, വളരെ നാളുകള്‍ക്കു ശേഷമാണ് ബ്ലോഗില്‍ ഇങ്ങനെയൊന്നു വായിക്കുന്നത്.
അഭിനന്ദനങ്ങള്‍
ഇത്തരത്തിലുള്ള ഒരു വായനാനുഭവം എനിക്കുണ്ടായിട്ടില്ല. അത്രക്കും ഇഷ്ടമായി..ഞാനും മരണത്തെ കുറിച്ചു ചിന്തിക്കാന്‍ ഇഷ്ടപെടുന്ന ഒരു വ്യക്തിയായത് കൊണ്ടാകാം..നാട്ടില്‍ ഉള്ളപ്പോള്‍ അജ്ഞാത ശവങ്ങളെയും, അപകട മരണം സംഭവിച്ച സ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ട്. പലരും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ അടുത്ത കാലത്ത്, എന്‍റെ ചില മരണ സ്വപ്നങ്ങളെ അടിസ്ഥാനമാക്കി “മരിച്ച ആളുടെ ബ്ലോഗ് ” എന്ന ഒരു തോന്നല്‍ എഴുതുകയുണ്ടായി. അത് വായിച്ച ശേഷം എന്‍റെ പല ബന്ധുക്കളും എന്നെ സംശയിക്കാന്‍ തുടങ്ങി..ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോകുമോ എന്ന് വരെ അവര്‍ ഭയപ്പെടുന്നു. സത്യത്തില്‍ മരണത്തെ കുറിച്ചു ഞാന്‍ അവരോടു സംസാരിക്കുമ്പോള്‍ എന്‍റെ കണ്ണുകളില്‍ ഞാന്‍ പോലും അറിയാതെ എന്തോ തിളങ്ങുന്നതായി അവര്‍ക്ക് തോന്നിയത്രേ..എന്താ ഞാന്‍ പറയുക. അതോടു കൂടെ മരണത്തെ കുറിച്ചുള്ള സംസാരം ഞാന്‍ കുറക്കാന്‍ തീരുമാനിച്ചു. പക്ഷെ ഇത് വായിച്ചപ്പോള്‍ എന്തോ വീണ്ടും ഒരു ലഹരി, ഇനിയും എനിക്ക് ഒരുപാട് പറയാനുണ്ട് എന്‍റെ ഓര്‍മകളിലെ മരണത്തെ കുറിച്ച്. ശവങ്ങളെ ഞാന്‍ പല തരത്തില്‍ നോക്കി കണ്ടിട്ടുണ്ട്..ചില ശവങ്ങളെ വേദനയോടെ, ചിലതിനെ ആകാംക്ഷയോടെ ..പക്ഷെ ഒരിക്കലും ആനന്ദത്തോടെ നോക്കിയില്ല, ഭയത്തോടെയും നോക്കിയില്ല. മറ്റെന്തൊക്കെയോ..
എന്തായാലും എന്‍റെ മരണ കാമാനകളെ താങ്കള്‍ വീണ്ടും തിരിച്ചു വിളിച്ചിരിക്കുന്നു..നന്ദി..വീണ്ടും കാണാം..
വീണ്ടും താങ്കളുടെ മനോഹരമായ രചനാ വൈഭവത്തില്‍ മയങ്ങി ഇരിക്കുന്നു.
ആശംസകള്‍
സുനീ,
പേരറിയാത്ത ചെടികളും, ആകാശം നോക്കും വന്മരങ്ങളില്‍ പടര്‍ന്ന്‌കേറി തലകീഴായാടി രസിയ്ക്കും വള്ളികളും നിറഞ്ഞ ഏതോ കാട്ടുവഴിയിലൂടെ യാത്ര ചെയ്താലുണ്ടാവുന്ന അനുഭവം. എഴുത്തില്‍ ത്രില്ലുണ്ട്, വിവരണങ്ങളില്‍ നേര്‍ക്കാഴ്ചയുടെ കുളിര്‍മ്മയുണ്ട്. സന്തോഷം.
മനോഹരമായ എഴുത്ത്…
നല്ല കഥ.
നന്നായി സുനില്‍… മൂത്താപ്പാടെ ലിങ്ക് വച്ച് വന്ന് പകുതിവച്ച് നിര്‍ത്തിപ്പോയത് ഇന്നാണ് മുഴുമിച്ചത്…. നൈസ് വണ്‍… റിയാലിറ്റി ആണെങ്കിലും കഥയില്‍ ആ പഴകിയ മലത്തെ അവോയിഡ് ചെയ്യാമായിരുന്നു. 🙂
താങ്കളുടെ എല്ലാ പോസ്റ്റും പോലെ, ഒരു വരിയും വിടാതെ വായിച്ചു. വ്യത്യസ്തമായ ത്രെഡ്. മരണത്തെക്കുറിച്ച് പലപ്പോഴും ഓര്‍ക്കാറുണ്ട്, സ്വന്തവും പ്രിയപ്പെട്ടവരുടെയും. അതിലൂടെ, ആ വേദനകളിലൂടെ കടന്നുപോകാറുണ്ട്. അത് കഴിയുമ്പോള്‍ ഒരു റിലീഫാണ്. വാസ്തവത്തില്‍ മരണവീടുകള്‍ സന്ദര്‍ശിക്കുന്ന ഈ കഥാപാത്രത്തിന് എന്താവും കിട്ടുക? ഗൌരമ്മ എന്ന പേരിഷ്ടമായി. നല്ല വിഷ്വലൈസേഷന്‍ ഉണ്ട് കഥ പറച്ചിലില്‍.
നല്ല എഴുത്ത്. കഥയെ തന്മയത്വമായി എഴുതി ശരിയായ ദിശയിലൂടെ നയിച്ചു അവസാനിപ്പിച്ചു. വളരെ നല്ലത്. അഭിനന്ദനങ്ങള്‍.
നന്നായി 🙂
Nice…
ന്നാലും എന്നെ കൊന്നു അല്ലെ!?
എങ്ങനെയെന്നറിയില്ല. കുറച്ച് പഴയ പോസ്റ്റുകള്‍ ഡാഷ് ബോര്‍ഡിലേയ്ക്ക് തള്ളിക്കയറി വന്നു. അതിലൊന്ന് ഇതാണ്. നീണ്ട വായന പക്ഷെ നഷ്ടമായില്ല. മനോഹരമായ പാത്രസൃഷ്ടി.
വായിക്കാതിരുന്നാല്‍ നഷ്ടമാകുമായിരുന്ന ഒന്ന് ,,,,,,നന്ദി അയാള്‍കൊപ്പം സഞ്ചരിക്കാന്‍ അനുവധിച്ചതിനു ,,,,,ഇനിയുളള മരണവീടുകളില്‍ ഞാന്‍ അയാളെ തിരയും
മരണത്തെ സ്നേഹിക്കുന്ന നായകനെ വളരെ നന്നായി അവതരിപ്പിച്ചു. വായിച്ചു വന്നപ്പോള്‍ മരണം കാണുവാനുള്ള ആര്‍ത്തിയില്‍ ഗൌരമ്മയെ എങ്ങാനും കൊന്നു കളയും എന്ന് ഞാന്‍ വിചാരിച്ചു
എന്തു പറയാനാ, പഴയതുപോലൊക്കെ തന്നെ, ഒട്ടും മോശമാക്കിയിട്ടില്ല.