ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



 ഐടി എൻജിനീയറുടെ കഥ

ബൊമ്മാനഹള്ളി ജംങ്‌ഷനിൽ ബസിറങ്ങി, ഞാൻ ആദ്യം അന്വേഷിച്ചത് തിരക്കില്ലാത്ത ഏതെങ്കിലും കടവരാന്തയാണ്. ചുറ്റിലും അഞ്ചോളം കടകളുണ്ട്. അവിടെയെല്ലാം സാധനങ്ങൾ വാങ്ങാൻ വന്നവരുടെ തിരക്ക്. എനിക്കു ഒന്നും വാങ്ങാനില്ല. വെയിൽ കൊള്ളാതിരിക്കാൻ അൽപം തണലാണ് ആവശ്യം. സാധനങ്ങൾ വാങ്ങാതെ കടയിൽ കയറിനിന്നാൽ ഉടമയുടെ കൂർത്തനോട്ടം നേരിടേണ്ടിവരും. അതിനാൽ ഞാൻ അടുത്തുകണ്ട, ഇലകൾ ശുഷ്കമായ, വൃക്ഷത്തിനു കീഴിലേക്കു നടന്നു. അവിടെ വിൻസന്റിനെ കാത്തു നിന്നു.

ഞാൻ ഇതിനുമുമ്പ് പലതവണ ബൊമ്മാനഹള്ളി ജംങ്‌ഷനിലൂടെ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഒരിക്കലെങ്കിലും ഇവിടെ ഇറങ്ങണമെന്നു ആഗ്രഹിച്ചിട്ടില്ല. നഗരത്തിലെ എല്ലാ ജംങ്ഷനിലും ഇറങ്ങാൻ ആഗ്രഹിക്കുന്ന ആളാണോ ഞാൻ എന്ന ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. സത്യം പറയാമല്ലോ, ബാംഗ്ലൂരിലെ ചില ജംങ്ഷനുകൾ എന്നെ ആകർഷിക്കാറുണ്ടെന്നത് ഒരു വസ്‌തുതയാണ്. പക്ഷേ ഹൊസൂർ റോഡിലെ പ്രധാന ജംങ്‌ഷനായ ബൊമ്മാനഹള്ളി ആ ലിസ്റ്റിൽ ഇല്ല. ആകർഷണങ്ങളെ തരിശാക്കുന്ന ഇടമാണത്. ജനക്കൂട്ടവും ഗതാഗതതടസവുമാണ് മുഖമുദ്ര. ബാംഗ്ലൂരിലെത്തി രണ്ടുവർഷം കഴിഞ്ഞിട്ടും എന്തെങ്കിലും ആവശ്യത്തിനു ബൊമ്മാനഹള്ളിയിൽ ഇറങ്ങേണ്ടി വന്നിരുന്നില്ല. എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്നു കരുതിയതുമല്ല. പക്ഷേ കാര്യങ്ങൾ വേഗം മാറിമറഞ്ഞു.

പുതിയ കമ്പനിയിൽ ചേർന്നപ്പോൾ എട്ട് അംഗങ്ങളുള്ള പ്രോജക്‌ട് ടീമിലാണ് മാനേജർ ഉൾപ്പെടുത്തിയത്. ആദ്യം കിട്ടിയ പ്രോജക്‌ട് ബാംഗ്ലൂരിലെ തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളെ കമ്പ്യൂട്ടർ നെറ്റ്‌വർക്കു വഴി ബന്ധിപ്പിക്കലാണ്. തികച്ചും വിരസമായ ജോലി. അതേസമയം നഗരം പരിചയമാകാൻ ഉത്തമം. ഊരുചുറ്റൽ ഇഷ്ടമായതിനാൽ ഞാൻ സന്തോഷിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് പ്രോജക്‌ട് പൂർത്തിയാക്കുക. ആദ്യസന്ദർശനത്തിൽ പോസ്റ്റുഓഫീസിലെ സൗകര്യങ്ങൾ പരിശോധിക്കും. രണ്ടാം ഘട്ടത്തിൽ ശരിയായ ഇൻസ്റ്റാലേഷൻ. ബൊമ്മാനഹള്ളിയിൽ ഇന്നു ഇൻസ്റ്റാലേഷനാണ്.

എന്റെ കാത്തിരിപ്പിനു വിരാമമിട്ട് വിൻസെന്റ് എത്തി. തോളിൽ തൂങ്ങുന്ന ബാഗിൽ തപാൽവകുപ്പിന്റെ ചിഹ്നം. ഞങ്ങൾ കരിമ്പിൻ ജ്യൂസ് വിൽക്കുന്നിടത്തേക്കു ചെന്നു. നല്ല ഉഷ്ണം. ഇടയ്ക്കിടെ വീശുന്ന കാറ്റിനുപോലും അസഹ്യമായ ചൂട്. രണ്ടു കരിമ്പിൻ ജ്യൂസിനു വിളിച്ചുപറഞ്ഞു, ഞാൻ പഴ്സെടുക്കാൻ ആഞ്ഞപ്പോൾ വിൻസന്റ് വിലക്കി. അദ്ദേഹം കൊടുത്തോളുമെന്ന്. ഞാൻ വീണ്ടും മരത്തിനു കീഴിലേക്കു നീങ്ങിനിന്നു. അല്പസമയത്തിനുള്ളിൽ ഇരുകയ്യിലും ജ്യൂസുമായി വിൻസന്റ് എത്തി. സ്വന്തം വയറിൽ തട്ടി അദ്ദേഹം പരിഭവം പറഞ്ഞു.

“കുമാർ, എനിക്ക് കുടവയർ ചാടി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോൾ അവരിതു ഉടച്ചു കളയും”

ഞാൻ ചിരിച്ചു.

വിൻസന്റ് പോസ്റ്റൽ വകുപ്പ് ജീവനക്കാരൻ അല്ല. ആർമിയിൽ നിന്നു ഡെപ്യുട്ടേഷൻ വഴി ഇന്ത്യാപോസ്റ്റിൽ ജോലിചെയ്യുകയാണ്. മുഴുവൻ പേര് വിൻസന്റ് പോൾ. കുറച്ചുനാൾ കൂടി കഴിഞ്ഞാൽ ഡെപ്യുട്ടേഷൻ തീരും. അപ്പോൾ തിരിച്ചുപോകണം. വിൻസന്റിനെ ജോലിക്കു കൂട്ടുകിട്ടിയതിൽ എനിക്കു സന്തോഷമുണ്ടായിരുന്നു. ആർമിക്കാരുടെ ഗൗരവം തീരെയില്ലാത്ത സരസൻ. എന്റെ അഭിപ്രായങ്ങൾക്കു വളരെ മുൻഗണന നൽകുന്നു. സർവ്വോപരി മലയാളം ഒഴുക്കോടെ സംസാരിക്കും. ജന്മം കൊണ്ടു കന്നഡിഗനെങ്കിലും മലയാളത്തിലും പ്രഗൽഭൻ. ആർമിയിൽ ഒരുപാട് മലയാളി സഹപ്രവർത്തകർ ഉണ്ടത്രെ.

വരണ്ട തൊണ്ടയെ നനച്ചു തണുത്ത കരിമ്പിൻവെള്ളം ഒഴുകി. ഉൻമേഷം തിരിച്ചുകിട്ടി. പൈസ കൊടുത്തു ഞങ്ങൾ പോസ്റ്റുഓഫീസിലേക്കു പുറപ്പെട്ടു. ബൊമ്മാനഹള്ളി പോസ്റ്റുഓഫീസ്, ജംങ്ഷനിൽനിന്നു ഇടത്തോട്ടു തിരിയുന്ന പ്രധാനറോഡു വഴി കുറച്ചു മുന്നോട്ടുപോയാൽ ഇടതുവശത്തായി കാണാം. ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയിൽ.

ഞങ്ങൾ ചെല്ലുമ്പോൾ പോസ്റ്റുഓഫീസിൽ നിറയെ ആളുകളാണ്. ഓഫീസ് തുറന്നിട്ടു അധികം സമയമായിട്ടില്ല. ജീവനക്കാരും പോസ്റ്റുമാൻമാരും ഉപഭോക്താക്കളും ഒക്കെയായി ആകെ ബഹളമയം. ഒരാഴ്ചമുമ്പ് ഇൻസ്റ്റാലേഷൻ സൗകര്യങ്ങൾ പരിശോധിക്കാൻ വന്നപ്പോൾ വിരലിലെണ്ണാവുന്നവരേ പോസ്റ്റോഫീസിൽ ഉണ്ടായിരുന്നുള്ളൂ. അന്നു പക്ഷേ സന്ദർശനം ഉച്ചകഴിഞ്ഞിട്ടായിരുന്നു. ആ നേരത്തു തിരക്കു പ്രതീക്ഷിക്കുന്നത് ഉചിതമല്ലല്ലോ. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി ഞങ്ങൾ ചീഫ് പോസ്റ്റുമാസ്റ്ററുടെ കാബിനിലേക്കു ചെന്നു. അവിടെ അദ്ദേഹമൊരു പോസ്റ്റുമാനെ കഠിനമായി ശകാരിക്കുകയാണ്. കാബിനു പുറത്തുള്ളവരുടെ ശ്രദ്ധയും ഇവരിലാണ്. ഞങ്ങൾ വാതിൽക്കൽ കാത്തുനിന്നു. കന്നഡയിൽ അനർഗളം ഒഴുകുന്ന വാക്കുകൾ കേട്ടു ഞാൻ അന്തിച്ചു. പോസ്റ്റുമാസ്റ്റർ കറുത്തു തടിച്ച വ്യക്തിയാണ്. കൈത്തണ്ടയിൽ സ്വർണച്ചെയിനും, രണ്ടുകയ്യിലേയും വിരലുകളിലായി അഞ്ചോളം മോതിരങ്ങളുമുണ്ട്. വലതുകൈ ജീവനക്കാരന്റെ മുഖത്തിനുനേരെ ഓങ്ങിയാണ് ശകാരം. കൈയോങ്ങൽ കണ്ടാൽ ഇപ്പോൾ അടിവീഴുമെന്നു തോന്നും. കുറച്ചുനേരം ബഹളങ്ങൾ കണ്ടു മടുത്തപ്പോൾ വിൻസന്റ് അക്ഷമനായി ചുമച്ചു. അൽഭുതമെന്നേ പറയേണ്ടൂ. എല്ലാ ബഹളങ്ങളും ഉടനടി നിന്നു. പോസ്റ്റുമാസ്റ്റർ ശകാരം നിർത്തി. ജീവനക്കാരോടു അവരവരുടെ ജോലികളിലേക്കു മടങ്ങാൻ ആജ്ഞാപിച്ചു. പോസ്റ്റുഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി വന്നവർ ക്യൂ പാലിച്ചു. വിൻസന്റ് പോസ്റ്റുമാസ്റ്ററോടു ഇൻസ്റ്റാലേഷൻ കാര്യത്തെപ്പറ്റി സംസാരിക്കാൻ തുടങ്ങി. അപ്പോഴാണ്, അപ്പോൾ മാത്രമാണ്, ശകാരിക്കലിനു വിധേയനായ ജീവനക്കാരനെ ഞാൻ ശ്രദ്ധിക്കുന്നത്. അത്രനേരം പോസ്റ്റുമാസ്റ്റർ ശ്രദ്ധമുഴുവൻ പിടിച്ചുവച്ചിരിക്കുകയായിരുന്നു. തലകുനിച്ചു സങ്കടത്തോടെ നിൽക്കുന്ന ജീവനക്കാരനു പോസ്റ്റുമാസ്റ്ററേക്കാൾ ശരീരവലുപ്പം കുറവാണ്. പൊക്കം കുറഞ്ഞ, ഇരുനിറമുള്ള വ്യക്തി. ഏറെ ആകർഷകമായി തോന്നിയത് പൂർണമായും നരച്ച താടിയും മുടിയുമാണ്. വലതുകൈത്തണ്ടയിൽ ഒരുപിടി ചരടുകളുണ്ട്. ഞാൻ ശ്രദ്ധിക്കുന്നത് ജീവനക്കാരൻ അറിഞ്ഞു. അദ്ദേഹത്തിന്റെ വിഷമം കൂടി. പുറം തിരിഞ്ഞുനിന്ന് കണ്ണുകൾ ഒപ്പി. അദ്ദേഹത്തിന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ എനിക്കും സങ്കടമായി.

ഞാൻ ജോലി തുടങ്ങി. കമ്പ്യൂട്ടറുകളിൽ ആവശ്യമായ സോഫ്‌റ്റ്‌വെയറുകൾ ഇൻസ്‌റ്റാൾ ചെയ്തു. ‘സ്വിച്ചു’കൾ വേണ്ടവിധത്തിൽ ക്രമീകരിച്ചു. വിൻസന്റ് കൂടെയുള്ളതിനാൽ ജോലിഭാരം കുറവായിരുന്നു. ജോലി ചെയ്യാനുള്ള കമ്പ്യൂട്ടറുകൾ അദ്ദേഹം യഥാസമയം ലഭ്യമാക്കി തന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന പോസ്റ്റ്ഓഫീസ് ജീവനക്കാരൻ എന്റെ ജോലി തീരുന്നതുവരെ കാത്തിരിക്കാൻ നിർബന്ധിതരായി. അവസാനത്തെ പിസിയിൽ ‘കമ്പ്യൂട്ടൻ അസോസിയേറ്റ്‌സി’ന്റെ പ്രോക്‌സി സെർവർ ഇൻസ്റ്റാലേഷൻ തുടങ്ങി. പൂർത്തിയാകാൻ കുറഞ്ഞത് അഞ്ചുമിനിറ്റ് എടുക്കും. ഞാൻ കസേരയിൽ പിന്നോട്ടു ചാഞ്ഞു. പിന്നിൽ ഒരാൾ നിൽക്കുന്നുണ്ടെന്നു തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ ഒരു യുവതി. കാണാൻ കുഴപ്പമില്ലെങ്കിലും സുന്ദരിയാണെന്നു പറയാൻ വയ്യ.

യുവതി അടുപ്പം ഭാവിച്ച് പറഞ്ഞു. “ഇയാൾ വലിയ എഴുത്തുകാരൻ മാത്രമല്ല. കമ്പ്യൂട്ടൻ എൻ‌ജിനീയറും കൂടിയാണല്ലേ?”

യുവതി മലയാളത്തിലാണ് പറഞ്ഞത്. എന്നിട്ടും പറഞ്ഞതു തന്നെയാണോ കേട്ടതെന്നു ഞാൻ സംശയിച്ചു. എന്താണ് പറഞ്ഞതെന്നു ഞാൻ തിരിച്ചു ചോദിച്ചു. അവർ മുമ്പ് പറഞ്ഞതു ആവർത്തിച്ചു. അതായത് ഞാൻ ഒരു എഴുത്തുകാരനാണെന്ന്. ഇന്നുവരെ നാലുവരി, ഏതെങ്കിലും വിഷയത്തെപ്പറ്റി എഴുതിയിട്ടില്ലാത്ത ഞാൻ എഴുത്തുകാരനാണെന്ന്! ഞാൻ യുവതിയുടെ മുഖത്തു സൂക്ഷിച്ചുനോക്കി. മതിഭ്രമത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ദൃശ്യമാണോ? ഉണ്ടെന്നു തോന്നി. അല്ലാതെ തികച്ചും അപരിചിതനായ, ഞാൻ ആ യുവതിയെ അതിനുമുമ്പു കണ്ടിട്ടില്ലായിരുന്നു, ഒരുവനെ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കുമോ. യുവതിയുടെ മുഖഭാവം എന്നെ ദീർഘകാലമായി പരിചയമുണ്ടെന്ന മട്ടിലാണ്. അവരുടെ മുഖത്തെ നിശ്ചയദാർഢ്യം കണ്ട്, ഞാൻ ഓർമ്മകളിൽ വീണ്ടും പരതി. എന്നെങ്കിലും, എവിടെയെങ്കിലും വച്ചു ഈ യുവതിയെ കണ്ടിട്ടുണ്ടോ? ഒന്നും ഓർത്തെടുക്കാനായില്ല. ഞാൻ യുവതിക്കു പ്രാധാന്യം കൊടുക്കാതെ, വിൻസെന്റിനെ ടെൿനിക്കൽ കാര്യം ചർച്ച ചെയ്യാനാണെന്ന നാട്യത്തിൽ വിളിച്ചു. യുവതി വീണ്ടും സംസാരിക്കാൻ ആഞ്ഞപ്പോൾ ജോലി കഴിഞ്ഞശേഷം സംസാരിക്കാമെന്നു നയത്തിൽ പറഞ്ഞു. അവർക്കതു വിശ്വസനീയമായി തോന്നിയിരിക്കണം. എന്റെ കാര്യം വിട്ടു.

ഞാൻ പോസ്റ്റ്ഓഫീസിൽ മൊത്തം കണ്ണുപായിച്ചു. ശകാരം കേട്ട ജീവനക്കാരനെ പരതി. അദ്ദേഹം ഇപ്പോൾ നീലക്കുപ്പായം ധരിച്ചിട്ടുണ്ട്. പോസ്റ്റുകാർഡുകളിലും കവറുകളിലും സീലടിക്കുന്ന ജോലിയിൽ വ്യാപൃതനാണ്. പോസ്റ്റുകവറുകൾ ഇടതുകൈയാൽ തുരുതുരാ തള്ളിനീക്കി മിന്നൽവേഗത്തിലാണ് സീലടിക്കൽ. ഒരു സെക്കന്റിൽ രണ്ടോമൂന്നോ സീലുകൾ വരെ വീഴുന്നുണ്ടെന്നു എനിക്കു തോന്നി. അത്രയും വേഗത. കവറുകളിൽ സീൽ വീഴുന്ന മുറക്കു പോസ്റ്റുമാന്റെ മുഖം താളാത്മകമായ വിറക്കുന്നു. വേറേയും ജീവനക്കാർ സമാന ജോലി ചെയ്യുന്നുണ്ട്. ‘ടക്ക് ടക്ക്’ ശബ്ദത്താൽ മുഖരിതമാണ് അവിടം. ഞാൻ ജീവനക്കാരന്റെ മുഖത്തു ഉറ്റുനോക്കി. അപാരമായ ശാന്തതയും കാരുണ്യവും അവിടെ സ്ഫുരിക്കുന്നു.

ജീവനക്കാരൻ സീൽ അടിക്കുന്നതു നോക്കിയിരിക്കുമ്പോൾ, പുറത്തുനിന്നു വന്ന ഒരാൾ പോസ്റ്റുമാനെ ചൂണ്ടിക്കാട്ടി ചീഫ് പോസ്റ്റുമാസ്റ്ററോടു എന്തോ പറഞ്ഞു. പരാതിയാണെന്നു വ്യക്തം. പോസ്റ്റുമാസ്റ്റർ ജീവനക്കാരനെ അടുത്തേക്കു വിളിച്ചു. പ്രതീക്ഷ തെറ്റിയില്ല. ശകാരം തുടങ്ങി. ജീവനക്കാരന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പോസ്റ്റ്‌മാസ്റ്റർ ശകാരിക്കാനുള്ള കാരണം എനിക്കറിയില്ല. എങ്കിലും പ്രശ്നത്തിൽ ഇടപെട്ട് അന്വേഷിക്കാൻ തീരുമാനിച്ചു. ജോലി പൂർത്തിയാക്കി പോകുന്നതുവരെ സ്വസ്ഥത വേണം. ഞാൻ പോസ്റ്റുമാസ്റ്ററുടെ ക്യാബിനിലേക്കു ചെന്നു. എന്നെ കണ്ടതും അദ്ദേഹം ശകാരം നിർത്തി. ഭവ്യതയോടെ കസേരയിൽ ഇരിക്കാൻ ക്ഷണിച്ചു. പോസ്റ്റുമാനോടു പോയ്ക്കോളാൻ പറഞ്ഞു. തിരിച്ചുനടക്കുന്ന പോസ്റ്റുമാൻ നന്ദിയോടെ തിരിഞ്ഞുനോക്കുന്നത് ഞാൻ മനക്കണ്ണാൽ സങ്കല്പിച്ചു.

പത്തുമിനിറ്റിനുള്ളിൽ ഞാനും വിൻസെന്റും ജോലി പൂർത്തിയാക്കി ബൊമ്മാനഹള്ളിയോടു വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ ബൊമ്മാനഹള്ളിയിൽ പോയിട്ടില്ല.

പോസ്റ്റുമാന്റെ കഥ

ഗേറ്റിലെ ലോഹത്തകിടിൽ എഴുതിയിരിക്കുന്നു. ‘Beware of Dogs’. ആ മുന്നറിയിപ്പ് തരിമ്പും അലസോരപ്പെടുത്തിയില്ല. ഗേറ്റുതുറന്നു അകത്തു കയറി. പശുക്കുട്ടിയുടെ വലുപ്പമുള്ള നായ കാർപോർച്ചിൽ കിടപ്പുണ്ട്. ആരാണ് വന്നതെന്നു നോക്കി, നായ വീണ്ടും മുൻ‌കാലുകളിൽ തലപൂഴ്ത്തി. തോൾബാഗിൽനിന്നു രജിസ്ട്രേഡ് പോസ്റ്റ് എടുത്തു വീട്ടുടമസ്ഥനു കൊടുത്തു. ഒപ്പുവാങ്ങി തിരിച്ചു നടന്നു. ഗേറ്റിനടുത്തു സൈക്കിളുണ്ട്. ഏതു ബ്രാൻഡാണെന്നു തിരിച്ചറിയാനാകാത്ത സൈക്കിൾ. കറുപ്പ് പെയിന്റ് മാത്രമാണ് അടിച്ചിട്ടുള്ളത്. മറ്റൊരു പ്രത്യേകത സൈക്കിളിന്റെ വലിപ്പക്കുറവാണ്. മുതിർന്നവരോ, കുട്ടികളോ ചവിട്ടുന്ന തരത്തിലുള്ളതായിരുന്നില്ല അത്. രണ്ടിന്റേയും മധ്യത്തിൽ നിൽക്കുന്ന വലുപ്പം. സൈക്കിളിൽ കയറി അടുത്തവീട്ടിലേക്കു ചവിട്ടി. മനസ്സുനിറയെ ഓഫീസിൽ വന്ന യുവാവായിരുന്നു. ചീഫ് പോസ്റ്റുമാസ്റ്റർ ചീത്തപറയുമ്പോൾ എന്തിനാണ് അദ്ദേഹം അടുത്തുവന്നത്? ആ വരവിൽ പോസ്റ്റുമാസ്റ്റർ ഭയന്നു എന്നതല്ലേ സത്യം? അദ്ദേഹം ഇത്ര വിനയത്തോടെ ആരോടെങ്കിലും സംസാരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. മേലധികാരിയല്ലാതിരുന്നിട്ടും യുവാവിനു മുന്നിൽ പോസ്റ്റുമാസ്റ്റർ പരുങ്ങി. അതാണ് ഏറെ വിചിത്രം. ഓഫീസിലെ എത്രപേരെ നിസ്സാരകാര്യത്തിനു ദിവസേന ശാസിക്കുന്നു. ആരും ഒരക്ഷരം എതിർത്തു പറയാറില്ല. എന്നിട്ടും അതേ വ്യക്തി യുവാവിന്റെ മുന്നിൽ കുഞ്ഞാടായി. എന്താണ് കാരണം? ഒരുപക്ഷേ യുവാവിന്റെ ഇംഗ്ലീഷ് ഭാഷണം പോസ്റ്റുമാസ്റ്ററെ സ്വാധീനിച്ചിരിക്കാം. ഇം‌ഗ്ലീഷ് തടസമില്ലാതെ പറയുന്നവരോടു അദ്ദേഹത്തിനു പ്രത്യേക മമതയുള്ളതായി മുമ്പും തോന്നിയിട്ടുണ്ട്.

Read More ->  മോക്ഷം

സൈക്കിൾ ഒരു ഗട്ടറിൽ ചാടി. അപ്പോൾ ശാപവചങ്ങളോടെ ഓർത്തു. ഛേ, എഴുത്തുകാരന്റെ വീട്ടിൽ പോകാൻ മറന്നു. കുറച്ചുദൂരം വന്നവഴിയെ ചവിട്ടി. പിന്നെ ചെറിയൊരു ഇടവഴിയിലേക്കു തിരിഞ്ഞു. വഴിയുടെ ഇരുവശത്തും സിമന്റ് തേയ്‌ക്കാത്ത മതിലാണ്. രണ്ടാൾ പൊക്കമുണ്ട്. ഇടവഴിയിലൂടെ യാത്ര ചെയ്താൽ എത്തുന്നിടത്തു ഒരു വീടേയുള്ളൂ. അവിടെയാണ് എഴുത്തുകാരൻ താമസിക്കുന്നത്. കുറച്ചുനാളായി കാർഡുകൾ ഒന്നും വരാറില്ല. കാർഡുകൾ എന്നുപറയാൻ പ്രത്യേക കാരണമുണ്ട്. എഴുത്തുകാരനു പോസ്റ്റുകാർഡുകളല്ലാതെ കവറോ, ഇൻലൻഡോ, മണിഓർഡറോ ഒന്നും ഇതുവരെ വന്നിട്ടില്ല. ഒറ്റ എഴുത്തുപോലുമില്ല എന്നത് അതിശയകരമാണ്. രണ്ടുമാസം മുമ്പുവരെ മിക്കദിവസവും ഒരു കാർഡെങ്കിലും വരുമായിരുന്നു. അതു ക്രമമായി കുറഞ്ഞു. ഒരുമാസമായി ഒന്നുമില്ല. അതിനാലാണ് ഒറ്റപ്പെട്ടു നിൽക്കുന്ന ഇവിടേക്കു സൈക്കിൾ തിരിക്കാതിരുന്നത്.

ഒരിക്കൽ മനസ്സിലെ ജിജ്ഞാസ അടക്കാനായില്ല. തനിക്കു മുന്നിൽ, പോസ്റ്റുകാർഡിൽ, ഒരു രഹസ്യമാണുള്ളത്. ഒരുവ്യക്തി മറ്റൊരു വ്യക്തിക്കു കൈമാറുന്ന സന്ദേശം. പരിചിതമല്ലാത്ത ഭാഷയായതുകൊണ്ടാണ് ഇത്രനാൾ വായിക്കാതിരുന്നത്. എന്തുമാത്രം രഹസ്യങ്ങളാണ് താൻ കൊണ്ടുനടക്കുന്നത്. അപ്പോൾ അവയെപ്പറ്റി അറിയാനും അവകാശമില്ലേ? അങ്ങിനെയൊരു ദിവസം ഓഫീസിലെ മലയാളിയായ പുഷ്പയെകൊണ്ടു ഒരു കാർഡു വായിപ്പിച്ചു.

‘നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക.

എഡിറ്റർ

(ഒപ്പ്) ‘

ഇത്രയുമാണ് കാർഡിൽ ഉണ്ടായിരുന്നതത്രെ. ആർക്കാണൊ കാർഡ് വന്നിരിക്കുന്നത് അയാളൊരു എഴുത്തുകാരനാകാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹത്തിന്റെ രചന പ്രസിദ്ധീകരണത്തിനു യോഗ്യമല്ലാത്തതുമൂലം എഡിറ്റർ തിരിച്ചയച്ചു എന്നുമാണ് പുഷ്പ പറഞ്ഞതിന്റെ സാരാംശം. പുഷ്പയെകൊണ്ട് കാർഡ് വായിപ്പിച്ച കാര്യം അറിഞ്ഞപ്പോഴാണ് ചീഫ് പോസ്റ്റുമാസ്റ്റർ ആദ്യമായി ശകാരിക്കുന്നത്. പിന്നെയും ശകാരങ്ങൾ ഇടക്കൊക്കെ ഉണ്ടായി. അന്നൊക്കെ കാർഡുകൾ മാത്രമല്ല, ചിലരുടെ കവറുകളും പൊട്ടിച്ചു വായിച്ചിരുന്നു. ഇനിയും ആവർത്തിച്ചാൽ മേലധികാരിക്കു റിപ്പോർട്ട് ചെയ്യുമെന്നു ഭീഷണി കിട്ടി. അതിൽപിന്നെ പൊട്ടിച്ചു വായിക്കുന്നത് എഴുത്തു വിതരണത്തിനിടയിലേക്കു മാറ്റി. ഹോസൂർ ലേഔട്ടിൽ തണലുള്ള ധാരാളം മരങ്ങൾ ഉണ്ട്. അവയ്ക്കു കീഴിലിരുന്നു കവറുകൾ ഒന്നോടിച്ചു നോക്കി വായിക്കാൻ ഒരെണ്ണം തിരഞ്ഞെടുക്കും. ഒരുദിവസം ഒരെണ്ണം മാത്രമേ വായിക്കൂ. ശരിക്കും ഒട്ടിയിട്ടില്ലാത്ത, പ്രത്യേകിച്ചും ചോറുവറ്റുകൊണ്ട് ഒട്ടിച്ചവ, കവറാണ് തിരഞ്ഞെടുക്കുക. സൂക്ഷ്മതയോടെ തുറന്നു, വായിച്ചശേഷം വീണ്ടും കവറിലാക്കി നല്ല പശവച്ചു ഒട്ടിക്കും. ഉടമസ്ഥനു കവർ കൈമാറുമ്പോൾ വികലമായൊരു ചിരി പാസാക്കാൻ മറക്കാറില്ല. ഇനിയും കവർ പൊട്ടിച്ചുവായിക്കുന്നതു കണ്ടുപിടിച്ചാൽ സസ്‌പെൻഷനായിരിക്കും ലഭിക്കുക. എന്നിട്ടും ഈ ശീലം നിർത്താനാകുന്നില്ല.

സത്യത്തിൽ ഇക്കാര്യത്തിൽ താൻ നിരപരാധിയല്ലേ? എല്ലാത്തിനും കാരണക്കാരൻ എഴുത്തുകാരനല്ലേ? തന്റെ അസുഖം മൂർച്ഛിപ്പിച്ച്, തന്നെ കയ്യൊഴിഞ്ഞിരിക്കുകയാണ് എഴുത്തുകാരൻ. അദ്ദേഹത്തിനു വരുന്ന കാർഡുകളിൽ എഴുതിയിരിക്കുന്നത് വായിച്ചശേഷമാണ് കവറുകൾ തുറന്നു വായിക്കുന്ന ശീലം തുടങ്ങിയത്. ബൊമ്മാനഹള്ളിയിൽ താമസിക്കുന്ന ഒരു യുവതി അതിനു ഉൽപ്രേരകമായി. മുപ്പത്തഞ്ചു വയസ്സുള്ള അവർ വളരെ സുന്ദരിയാണ്. ഭർത്താവിന്റെ ജോലി വേറെ എവിടെയോ ആയതിനാൽ എല്ലാ ആഴ്ചയും കത്തുണ്ടാകും. യുവാവായിരുന്ന കാലം മുതലേ ലൈംഗികതയോടു പരസ്യമായ വിമുഖതയുണ്ടായിരുന്നു. എന്നാൽ രഹസ്യമായി അതിനായി ഉറക്കമിളച്ചു. റോഡിലൂടെ നടന്നുപോകുമ്പോൾ എതിരെ ഒരു സ്ത്രീ വന്നാൽ മുഖത്തുനോക്കാതെ തലകുനിച്ചു നടന്നു പോകും. സ്ത്രീ കടന്നുപോയാലോ അവരറിയാതെ പിൻ‌ഭാഗസ‌മൃദ്ധി ആസ്വദിക്കുകയും ചെയ്യും. പ്രായമായതോടെ ഈ സ്വഭാവത്തിനു കടിഞ്ഞാണിടാൻ കഴിഞ്ഞിരുന്നു. പക്ഷേ എഴുത്തുകാരനു വന്ന കാർഡ് പുഷ്പയെക്കൊണ്ടു വായിപ്പിച്ചതു വീണ്ടും ഉൽസുകിയാക്കി. അതിനുശേഷം ഒരു തവണയെങ്കിലും തുറന്നുവായിക്കാത്ത കവറുകൾ കിട്ടിയ വീടില്ല. ശകാരവും, സസ്‌പെൻഷൻ ഭീഷണിയുമുണ്ടെങ്കിലും അതൊരു സ്വകാര്യ അഹങ്കാരമായി കൊണ്ടുനടക്കുകയാണ്.

ഒരുകാലത്തു എഴുത്തുകാരനു തുടർച്ചയായി വരുമായിരുന്ന പോസ്റ്റുകാർഡുകൾ ഒരുമാസം മുമ്പ് പൂർണമായും നിലച്ചപ്പോൾ നിരാശ തോന്നിയില്ല. അദ്ദേഹത്തിനു ഒളിച്ചുപിടിക്കാൻ എന്തെങ്കിലും രഹസ്യങ്ങൾ ഇല്ല. പോസ്റ്റുകാർഡിൽ എല്ലാതവണയും എഴുതിയിരിക്കന്നതു പതിവു വാചകങ്ങളായിരിക്കും. മലയാളിയല്ലെങ്കിലും ആ വരികളുടെ കിടപ്പുവശങ്ങൾ വളരെ ഹൃദിസ്ഥമാണ്. ‘നന്നായി എഴുതിയെന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരികൾ. ആർക്കു വേണമെങ്കിലും തുറന്നു വായിക്കാവുന്ന, രഹസ്യാത്മകത ഒട്ടുമില്ലാത്ത ഇത്തരം കുത്തിക്കുറിപ്പുകൾ വായിക്കുന്നതിൽ യാതൊരു ആവേശവും ഇല്ല. എല്ലാ വീടുകളിലും കാർഡുകളാണ് വരുന്നതെങ്കിൽ പോസ്റ്റുമാൻ പണിതന്നെ ഒരുപക്ഷേ രാജിവച്ചേനെ. എഴുത്തുകാരനുള്ള കാർഡുകളുടെ വരവുനിലച്ചപ്പോൾ ഇനിമുതൽ ഇത്രദൂരം സൈക്കിൾ ചവിട്ടിവരണ്ടല്ലോയെന്നു ആശ്വസിക്കുകയാണ് ചെയ്തത്. പക്ഷേ പുഷ്പക്കു നിരാശ തോന്നിയിരുന്നു. എഴുത്തുകാരനു വരുന്ന എല്ലാ കാർഡുകളും കാണിക്കണമെന്നു പുഷ്പ നിർബന്ധിച്ചിരുന്നു. ഒരേ ഭാഷക്കാരാണല്ലോ. അതുകൊണ്ടായിരിക്കുമെന്നു ആദ്യം കരുതി. പിന്നീടാണ് അവൾക്കു സാഹിത്യത്തിൽ താല്പര്യമുണ്ടെന്നു മനസ്സിലായത്. ഓരോ കാർഡിലേയും സീൽ നോക്കി എഴുത്തുകാരൻ ഏതു വാരികകൾക്കാണ് കൃതികൾ അയച്ചുകൊടുത്തതെന്നു അറിയാമത്രെ.

എഴുത്തുകാരന്റെ വീടെത്തി. ശാന്തമായ ചുറ്റുപാടിലിരുന്നു എഴുതണമെന്നുള്ളവർക്കു പറ്റിയ ഇടമാണ്. റോഡും ബഹളങ്ങളും ഇല്ല. ശല്യപ്പെടുത്താൻ അയൽക്കാരില്ല. നീണ്ട റോഡിലൂടെ രണ്ടുമിനിറ്റ് സൈക്കിൾ ചവിട്ടിയാലേ ഇവിടെ എത്തുകയുള്ളൂ. ഒരുമാസത്തെ ഇടവേളക്കുശേഷം വരികയാണ്. എല്ലാം പഴയ പടിയാണെന്നു കണ്ടു. മുറ്റം നിറയെ കൊഴിഞ്ഞ ഇലകൾ. അതെന്നും അങ്ങിനെയായിരുന്നു. അടിച്ചുവാരാൻ കാറ്റ് മാത്രമേയുള്ളൂ.

ഇടവേളക്കു ശേഷം വരുന്നതായതിനാൽ പതിവുകൾ മറന്നിരുന്നു. വിരലുകൾ അറിയാതെ കാളിംങ്ബെല്ലിൽ അമർന്നു. അകത്തു മണിയടിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പതിവുകളെപ്പറ്റി ബോധവാനായത്. എഴുത്തുകാരൻ കാളിംങ്ബെല്ലിനു സമീപം ചെറിയ ബാസ്കറ്റ് വച്ചിട്ടുണ്ട്. കാർഡുകൾ അതിൽ നിക്ഷേപിച്ചാൽ മതി. കാളിങ്‌ബെൽ അടിക്കാറില്ല. ഇന്നിപ്പോൾ ഒരുമാസത്തെ ഇടവേള പണിപറ്റിച്ചു. ആദ്യം പകച്ചെങ്കിലും പിന്നെ സാരമില്ലെന്നു കരുതി. ഇന്നുവരെ കണ്ടിട്ടില്ലാത്ത മുഖമല്ലേ. ഒരു എഴുത്തുകാരനെയൊക്കെ നേരിൽ കാണുന്നത് നല്ല കാര്യമാണ്. പരിചയം സ്ഥാപിച്ചാൽ ഭാവിയിൽ ഉപകാരപ്പെട്ടേക്കും. ആത്മവിശ്വാസത്തോടെ കാളിംങ്ബെൽ വീണ്ടും അടിച്ചു. ഒരുമിനിറ്റ് കഴിഞ്ഞു. അകത്തു ആരോ നടന്നടുക്കുന്ന പാദപതനം. വളരെ സാവധാനമാണ് നടത്തം. ഒടുക്കം വാതിൽ തുറക്കപ്പെട്ടപ്പോൾ അൽഭുതത്തിനു അതിരുണ്ടായില്ല. പോസ്റ്റുഓഫീസിൽ വന്ന എൻജിനീയർ സാറല്ലേ ഇത്. മുഖം വല്ലാതെ ചുവന്നിട്ടുണ്ടല്ലോ. നന്നായി മദ്യപിച്ചിരിക്കണം.

ആശ്ചര്യത്തോടെ ചോദിച്ചു. “സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?”1

അദ്ദേഹം ചിരിച്ചു. ചിരിയെന്നു പറഞ്ഞാൽ തലയറഞ്ഞു ചിരിക്കൽ. ചുവന്നിരുന്ന കണ്ണും കവിളും വീണ്ടും ചുവന്നു. അതിനിടയിൽ അനുകൂലമായി തലയാട്ടി. എന്തായാലും കാര്യം സമ്മതിച്ചല്ലോ. പോസ്റ്റുമാസ്റ്ററിൽനിന്നു രക്ഷിച്ചതിനു നന്ദി പറയണം.

“സാർ. നന്നന്നു കാപാടിതാക്കാഗി തുമ്പ വന്ദനെഗളു. ഇല്ലാതിദ്രെ പോസ്റ്റുമാസ്റ്റർ മേലക്ക് റിപ്പോർട്ട് കൊടുവാന്തിദ്രു”2

എഴുത്തുകാരൻ നന്ദി പറയേണ്ട ആവശ്യമില്ലെന്നു സൂചിപ്പിച്ചു. നല്ല സ്വഭാവക്കാരനാണ്. അല്ലെങ്കിൽ ഇങ്ങിനെ പറയില്ലല്ലോ. ഇനിയിപ്പോൾ ഇദ്ദേഹം തന്നെയാണോ എഴുത്തുകാരനും.

സംശയം ചോദിച്ചു. “സാർ, നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?”3

“സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു”4

പിന്നേയും ചോദിക്കാൻ ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മുഖം സംഭാഷണം തുടരാൻ താല്പര്യമില്ലെന്നു വ്യക്തമായി വെളിപ്പെടുത്തി. തിടുക്കപ്പെട്ടു വാതിലടച്ചു. സാർ ദേഷ്യപ്പെട്ടോയെന്ന സന്ദേഹത്തോടെ തിരിച്ചുപോന്നു. പിറ്റേന്നു സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങി. എൻജിനീയർ സാറിനെ വീണ്ടും കാണാൻ കഴിഞ്ഞില്ല.

എഴുത്തുകാരന്റെ കഥ

ആരോ ഗേറ്റുതുറക്കുന്ന ശബ്ദംകേട്ടാണ് മയക്കം വിട്ടുണർന്നത്. കാതോർത്തു കിടന്നു. സഫാരി ചെരുപ്പിന്റെ ക്രമമായ കാലൊച്ചകൾ. വാതിൽ തുറക്കാൻ എഴുന്നേറ്റു ചെന്നില്ല. വന്നിരിക്കുന്നത് പോസ്റ്റുമാനാണ്. ആ കാലൊച്ചകൾ അത്രയേറെ പരിചിതമായിരിക്കുന്നു. കാർഡുകൾ കാളിംങ്ബെല്ലിനു താഴെ, ബാസ്കറ്റിൽ നിക്ഷേപിച്ച് പോസ്റ്റുമാൻ സ്ഥലംവിടും. പോകുമ്പോൾ ഗേറ്റ് ശബ്ദത്തോടെ വലിച്ചടക്കുകയും ചെയ്യാറുണ്ട്. ദേഷ്യം വരുമെങ്കിലും അങ്ങിനെ അടയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം തീർച്ചയായും നീതീകരിക്കാവുന്നതായിരുന്നു. ഇവിടെ താമസം തുടങ്ങിയിട്ടു ഒരു വർഷത്തിലേറെയായി. മിക്കദിവസവും ഒരു പോസ്റ്റുകാർഡെങ്കിലും ഉണ്ടാകും. എന്നിട്ടും പോസ്റ്റുമാനെ ഇന്നുവരെ അഭിമുഖീകരിച്ചിട്ടില്ല. ഗേറ്റ് ഒച്ചയുണ്ടാക്കി വലിച്ചടക്കുന്നത് നേരിൽ കാണാനുള്ള ആഗ്രഹം മൂലമാകാം. ശകാരിക്കാനെങ്കിലും ഇറങ്ങി വന്നെങ്കിലോ എന്ന ചിന്ത.

പോസ്റ്റുമാനു മുഖംകാണിച്ചാൽ എന്താണ് കുഴപ്പമെന്നു പലതവണ ആലോചിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ‘ഒരു കുഴപ്പവുമില്ല, മുഖം കാണിച്ചോളൂ’ എന്നു മനസ്സ് സമ്മതിക്കും. എന്നിട്ടും ഒന്നും പ്രവൃത്തിയിലേക്കു എത്തില്ല. പോസ്റ്റുമാന്റെ ആഗ്രഹം ന്യായമാണ്. ആദ്യകാലത്തു പോസ്റ്റുമാനെ കാണാൻ തനിക്കും ആഗ്രഹമുണ്ടായിരുന്നതല്ലേ? അതു സാധിച്ചത് അദ്ദേഹം ഗേറ്റുകടന്നുവരുന്നതും, ബാസ്കറ്റിൽ പോസ്റ്റുകാർഡ് നിക്ഷേപിക്കുന്നതും, ഗേറ്റുതുറന്നു പുറത്തുപോകുന്നതും അദ്ദേഹമറിയാതെ ജനൽവിടവിലൂടെ ഒളിഞ്ഞുനോക്കിയാണ്. പോസ്റ്റുമാനു മനസ്സിൽ കരുതിയ രൂപമല്ലായിരുന്നു. ഇരുണ്ടുതടിച്ച ആരോഗ്യദൃഢഗാത്രനെയാണ് പ്രതീക്ഷിച്ചത്. കണ്ടത് നേരെ വിപരീതം. താടിയും മുടിയും പൂർണമായി നരച്ച മദ്ധ്യവയസ്കൻ. ആ പ്രായത്തിലുള്ളവരിൽ സർവസാധാരണമായ കഷണ്ടി ഒട്ടുമില്ല. അച്‌ഛന്റേയും മുഖം ഇങ്ങിനെയാണല്ലോ എന്നോർത്തു. വൈകാരികമായ അടുപ്പം തോന്നി. അതിനുശേഷം പോസ്റ്റുമാനെ ഒളിഞ്ഞു നോക്കിയില്ല. ഇന്നലെയാണെങ്കിൽ ആഗ്രഹിക്കാതെ, അവിചാരിതമായി നേർക്കുനേർ കാണുകയും ചെയ്തു.

Read More ->  സെക്കന്റ് ചാന്‍സ്

പൂമുഖത്തു നടക്കുന്ന രംഗങ്ങൾ മനക്കണ്ണിൽ സങ്കല്പിച്ച്, കാതോർത്തു കിടന്നു. പോസ്റ്റുമാൻ ബാസ്‌കറ്റ് തുറക്കുന്നതും, അടക്കുന്നതും കേട്ടു. പിന്നെ അകന്നകന്നു പോകുന്ന കാലൊച്ചകൾ. ഇന്നലത്തെപ്പോലെ കാളിംങ് ബെൽ അടിച്ചില്ല. അതു നന്നായി. പുൽപായയിൽനിന്നു എഴുന്നേറ്റു. അഴിഞ്ഞുപോയ ലുങ്കി വാരിച്ചുറ്റിയില്ല. ചുറ്റിലും ഒറ്റവീടില്ല. ഒരു ജീവിയുമില്ല. പിന്നെ ആരു കാണാൻ? പൂമുഖത്തെത്തി ബാസ്കറ്റിലെ പോസ്റ്റുകാർഡെടുത്തു വായിച്ചു. എഴുതിയിരിക്കുന്നത് പതിവ് വരികൾ തന്നെയാണെന്നു കണ്ട് ദുഃഖിച്ചു.

“നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക.

എഡിറ്റർ

(ഒപ്പ്) “

വാതിലടച്ച് തിരിച്ചു നടന്നു. പുസ്തകങ്ങളും വെള്ളപേപ്പറുകളും ചിതറിക്കിടക്കുന്ന വലിയ മേശക്കരുകിലെത്തി വലിപ്പ് തുറന്നു. ഇടതുമൂലയിൽ ഒരുകെട്ട് പോസ്റ്റുകാർഡുകൾ. എല്ലാം ഒരേ പോലുള്ളവ. വലുപ്പത്തിൽ മാത്രമല്ല സാമ്യം. ഉള്ളടക്കവും ഒരുപോലെയാണ്. ‘നന്നായി എഴുതി എന്നു തോന്നുന്നത് മാത്രം അയക്കുക’ എന്ന വരി. അതിനു താഴെ വിവിധ വീക്കിലി എഡിറ്റർമാരുടെ പേരുകൾ. കൂടാതെ സ്ഥാപനത്തിന്റെ സീലും. എല്ലാ പോസ്റ്റുകാർഡുകളും നൂലുപയോഗിച്ചു കൂട്ടിക്കെട്ടിയിരുന്നു. നൂൽ അഴിച്ച്, പുതിയ അംഗത്തെ മറ്റുകാർഡുകളുടെ ഏറ്റവും മുകളിൽ വച്ചു. നൂൽ വീണ്ടും മുറുക്കിക്കെട്ടി മേശവലിപ്പിൽ വച്ചു. പായയിൽ വന്നുകിടന്നു.

തലക്കു നല്ല ഭാരം. മദ്യപാനം അതിരു കടക്കുന്നുണ്ട്. കൃതികൾ തിരസ്‌കരിക്കപ്പെട്ടു എന്നറിയിക്കുന്ന ഓരോ പോസ്റ്റുകാർഡ് വരുമ്പോഴും നന്നായി മദ്യപിക്കും. സ്വന്തം കുട്ടി മരിച്ചുപോയിരിക്കുകയാണ്. ദുഃഖിക്കാതെ എന്തുചെയ്യും. എഡിറ്റർമാരുടെ നിരാസത്തിനു പുറമെ പുതിയൊരു കാര്യവും അലട്ടാൻ തുടങ്ങിയിരിക്കുന്നു. തീരെ ആഗ്രഹിക്കാതിരുന്ന ഒന്ന്. ഏറെ വെറുത്തിരുന്ന ഒന്ന്. നഗരത്തിലെ തിരക്കുകളിൽനിന്നു മനഃപ്പൂർവ്വം സ്വയം ഒറ്റപ്പെടുത്തി കഴിഞ്ഞിരുന്ന, കേരളത്തിലെ വിവിധ വാരികകളുടെ എഡിറ്റർമാക്കു മാത്രം അറിയാവുന്ന സ്വന്തം മേൽവിലാസം ഒരു യുവതിക്കു ലഭിച്ചിരിക്കുന്നു. അവർ നേരിൽ സന്ദർശിക്കാൻ വരികയും ചെയ്തു. ഇനിയും വരുമെന്നു പറഞ്ഞു. യുവതി മലയാളിയാണെന്നു അറിഞ്ഞപ്പോൾ കൂടുതൽ ഞെട്ടി. തന്റെ സ്വകാര്യതക്കു അവസാനമായോ?

യുവതി വന്നത് ഒരാഴ്ച മുമ്പാണ്. ഉച്ച കഴിഞ്ഞ സമയം. നാലുമണിയായിരിക്കണം. പതിവ് മദ്യപാനത്തിനു ഒരുങ്ങുമ്പോൾ കോളിംങ്ബെൽ ശബ്ദിച്ചു. ഒരു വർഷത്തെ വാസത്തിനിടയിൽ ഒരിക്കൽപോലും സന്ദർശകൻ വന്നിട്ടില്ലാത്ത വീടാണ്. വീട്ടുവാടക ഒരു സുഹൃത്തിനെ ഏൽപ്പിക്കുകയാണ് പതിവ്. അദ്ദേഹം ഉടമസ്ഥനു കൈമാറും. പത്രം, പാൽ തുടങ്ങി ആരുടെയെങ്കിലും സന്ദർശനം വേണ്ടിവരുന്ന എല്ലാ ആവശ്യങ്ങളും വർജ്ജിച്ചു. പുറംലോകവുമായി ബന്ധം ഇന്റർനെറ്റ് വഴി മാത്രം. പുറംലോകത്തുനിന്നുള്ള ഏക അതിഥി പോസ്റ്റുമാനും. അദ്ദേഹമാണെങ്കിൽ ബാസ്‌കറ്റിൽ കാർഡ് നിക്ഷേപിച്ചു സ്ഥലംവിടുകയാണ് പതിവ്. ഈവിധ കാരണങ്ങളാൽ കോളിംങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ ആദ്യമോർത്തത്, ബെൽ നല്ലതാണല്ലോ എന്നാണ്. പോസ്റ്റുമാനല്ലെന്നു ഉറപ്പായിരുന്നതിനാൽ വാതിൽ തുറന്നു. മുന്നിൽ കാണാൻ തരക്കേടില്ലാത്ത ഒരു യുവതി. സ്ത്രീകളുമായി ഇടപഴകാൻ എന്നും മടിയായിരുന്നു. മനസ്സിൽ നീരസമുണ്ടായി.

സ്വരം കടുപ്പിച്ചു ചോദിച്ചു. “എന്തു വേണം?”

യുവതി ചോദ്യം കേട്ടതായി ഭാവിച്ചില്ല. അവർ അമ്പരന്നു, എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുകയാണ്.

“സാർ, സാറല്ലേ പോസ്റ്റോഫീസിൽ നെറ്റ്‌വർക്ക് ഇൻസ്റ്റാലേഷൻ സൗകര്യങ്ങൾ പരിശോധിക്കാൻ വന്ന എൻജിനീയർ?”

ഇന്നുവരെ പോസ്റ്റോഫീസിൽ പോയിട്ടില്ലെന്നും അയക്കാൻ എന്തെങ്കിലും എഴുത്തുകളോ കവറുകളോ ഉണ്ടെങ്കിൽ നഗരത്തിലുള്ള സുഹൃത്തിനെ ഏൽപ്പിക്കുകയാണ് പതിവെന്നും ആണയിട്ടു പറഞ്ഞു. യുവതി വിശ്വസിച്ചില്ല. അവർ സ്വന്തം വാദത്തിൽ ഉറച്ചുനിന്നു. പോസ്റ്റുഓഫീസിൽ വന്നെന്നു പറയുന്ന എൻജിനീയറുടെ ശാരീരികവിവരണം നടത്തി. തടിയില്ലാത്ത ശരീരം, സാമാന്യം പൊക്കം, എടുപ്പിലും നടപ്പിലും അത്‌ലറ്റിക് ഭാവം മുതൽ കഴുത്തിൽ അണിഞ്ഞിരുന്ന രുദ്രാക്ഷമാലയെപ്പറ്റി വരെ വിശദീകരിച്ചു. കഷ്ടകാലത്തിനു ഇതെല്ലാം തനിക്കും യോജിക്കും. വേറൊന്നും ആലോചിക്കാനില്ലാത്തതിനാൽ എല്ലാം നിഷേധിച്ചു, യുവതിയോടു മാനസികമായി യോജിച്ചുകൊണ്ടു തന്നെ.

യുവതി ഉപസംഹരിച്ചു. “അപ്പോൾ സാർ… സാറല്ലേ ആ എൻജിനീയർ?”

സംഭാഷണം അവസാനിപ്പിക്കാൻ വ്യഗ്രതപ്പെട്ടു. “അല്ല കുട്ടി, അല്ല. ഞാൻ ആരുമല്ല”

“അപ്പോൾ എഴുത്തുകാരനോ?”

ഛെ. ഇതൊരു ശല്യമായല്ലോ? തന്റെ ഐഡന്റിറ്റിയും അവർ മനസ്സിലാക്കിയിരിക്കുന്നു. “എഴുത്തുകാരൻ താമസം മാറ്റി കുട്ടീ. ഞാനല്ല അദ്ദേഹം”

യുവതിയുടെ മറുപടിക്കു കാത്തുനിൽക്കാതെ വാതിൽ വലിച്ചടച്ചു. വാതിൽ പൂർണമായി അടയുന്നതുമുമ്പു പിന്നെ വരാമെന്നവർ പറഞ്ഞു. അതോടെ ഉറപ്പിച്ചു. ഇത്രനാൾ നിധിപോലെ കാത്തുസൂക്ഷിച്ച സ്വകാര്യത നഷ്ടമായിരിക്കുന്നു. എല്ലാവരോടും രോഷം തോന്നി. പോസ്റ്റുമാനോട്, മറുപടികാർഡ് അയച്ച വാരിക എഡിറ്റർമാരോട്, അങ്ങിനെയങ്ങിനെ.

ഇനി പോസ്റ്റുമാനെ കൂടിക്കണ്ട സംഭവം. ഒരുവർഷമായി പിടികൊടുക്കാതെ നടന്ന പോസ്റ്റുമാനെ നേരിൽ കണ്ടത് ഇന്നലെ ഇതേ സമയത്താണ്. തികച്ചും അവിചാരിതം. യുവതിയുടെ സന്ദർശനശേഷം ഭീതിയിലായിരുന്നു. വീണ്ടും വരുമെന്നാണല്ലോ പോകുമ്പോൾ അറിയിച്ചത്. അങ്ങിനെയെങ്കിൽ വേറെ വീടുനോക്കാൻ താമസിക്കേണ്ടതില്ല. സ്വകാര്യത അത്രത്തോളം പ്രധാനമാകുന്നു. ഉച്ചയൂണിനു ശേഷം പതിവു മദ്യപാനം. അതിനിടയിൽ കാളിംഗ്ബെൽ ശബ്ദിച്ചു. വാച്ചിൽ നോക്കി. അന്നു യുവതി വന്ന അതേ സമയം. കാളിംങ് ബെൽ വീണ്ടും ശബ്ദിച്ചു. അതെ യുവതി തന്നെ. വീണ്ടും വരുമെന്ന വാക്ക് അവർ പാലിച്ചിരിക്കുന്നു. മദ്യപിച്ചിരുന്നതിനാൽ സംയമനം കഠിനമായ ദേഷ്യത്തിനു വഴിമാറി. ഇങ്ങിനെ പെരുമാറാൻ അവർക്കു അധികാരമില്ലല്ലോ? തനിക്കു കൂടുതലൊന്നും അവരോടു പറയാനില്ലല്ലോ? പരുഷമായ വാക്കുകൾ പ്രയോഗിക്കണമെന്നു ഉറപ്പിച്ച് വാതിൽ തുറന്നു. പുറത്തുകണ്ടത് ഒരിക്കലും മുഖം കാണിച്ചിട്ടില്ലാത്ത പോസ്റ്റുമാനെ. ഒരിക്കലും മുഖം കാണിക്കരുതെന്നു ആഗ്രഹിച്ച പോസ്റ്റുമാനെ. ഇനിയെന്തു ചെയ്യും. വാതിൽ വലിച്ചടച്ചു മുറിയിൽ കയറിയാലോ? അങ്ങിനെ ചെയ്താൽ അതിൽ അർത്ഥശൂന്യതയുണ്ട്. ഇനി മുഖം ഒളിപ്പിച്ചിട്ടു കാര്യമില്ല. കാണേണ്ടത് കണ്ടുകഴിഞ്ഞു. പോസ്റ്റുമാനു മുന്നിൽ തൊണ്ടിസഹിതം പിടിക്കപ്പെട്ട കള്ളനെപ്പോലെ നിന്നു. എന്തു നിസ്സഹായത. പോസ്റ്റുമാനോടു ഇന്നുവരെ ദ്രോഹമോ അഹിതകരമായതോ ചെയ്തിട്ടില്ല. എന്നിട്ടും അയാൾക്കു മുന്നിൽ പരുങ്ങാതെ നിൽക്കാനായില്ല.

എന്തു ചോദിക്കണമെന്നു ചിന്തിച്ചു നിൽക്കുമ്പോൾ പോസ്റ്റുമാൻ, അങ്ങേയറ്റം അൽഭുതപ്പെട്ടവനെപ്പോലെ, ഇങ്ങോട്ടു ചോദിച്ചു. ഒരാഴ്ചമുമ്പ് യുവതി ചോദിച്ച അതേ വിഢ്‌ഡിച്ചോദ്യം.

“സാർ. താവൂ അൽവേ പോസ്റ്റൂഓഫീസിഗെ ബന്ത കമ്പ്യൂട്ടർ എൻജിനീയർ?”1

ചിരിക്കാതെന്തു ചെയ്യും. ചോദ്യത്തിലെ തമാശ വളരെയധികമാണ്. മനസ്സിലെ ജാള്യവും ദേഷ്യവും അലിഞ്ഞുപോയി. യുവതിക്കു പിന്നാലെ ഈ പോസ്റ്റുമാനും ഭ്രാന്താണോ? വാദം സമ്മതിച്ചു കൊടുത്തു. കമ്പ്യൂട്ടർ എൻജിനീയർ അല്ലെന്നു പറഞ്ഞാൽ പോസ്റ്റുമാൻ, യുവതിയെപ്പോലെ, എല്ലാം വിവരിക്കാനും വാദിക്കാനും തുനിഞ്ഞേക്കും. അതൊഴിവാക്കി എത്രയും പെട്ടെന്നു പറഞ്ഞുവിടണം. അതുകൊണ്ടു കമ്പ്യൂട്ടർ എൻജിനീയർ ആണെന്ന വാദം സമ്മതിച്ചു. രണ്ടാമത്തെ ചോദ്യം ഉടനെത്തി.

“സാർ, നീവാ ഇല്ലി വാസവാഗിത ലേഖകരു? അതവാ ഹൊസദാകി ബന്തവരോ?”3

അവിടേയും സൂത്രം പ്രയോഗിച്ചു. “സോറി. നാവു ഇല്ലി ഹൊസദാകി ബന്തിരുവേനു. ലേഖകാരന്നു തിലിയദു”4

മറുപടി വിശ്വസനീയമായി തോന്നിയിരിക്കില്ല. പോസ്റ്റുമാൻ സംശയിച്ചു നിന്നു. വാദങ്ങൾ ആരംഭിക്കാൻ പോകുന്നുവെന്ന സൂചന കിട്ടി. ഉടൻ വാതിൽ അടച്ചു. ഒരു ഉപചാരവാക്ക് പോലും പറഞ്ഞില്ല. അല്ലെങ്കിലും എന്താണ് പറയുക. ‘വീണ്ടും കാണാം’ എന്നാണെങ്കിൽ പോസ്റ്റുമാനെ വീണ്ടും കാണാൻ തനിക്കു ആഗ്രഹമില്ല. ‘നന്ദി’ പറയാനാണെങ്കിൽ സ്വകാര്യതക്കു ഭംഗം വരുത്തിയവരോടു നന്ദി പറഞ്ഞു ശീലമില്ല. അപ്പോൾ വാതിലടച്ചതു ശരിയായ പ്രവൃത്തിയാണ്.

ഓർമ്മകളെ കുതറിത്തെറിപ്പിച്ച് കിടക്കയിൽ എഴുന്നേറ്റിരുന്നു. സ്വയം പറഞ്ഞു. “അതെ വാതിലടച്ചത് ശരിയായ പ്രവൃത്തിയാണ്. ഒരു തെറ്റുമില്ല”

ഒരു സ്മോൾ കൂടി കഴിക്കാമെന്നു തോന്നി. ഗ്ലാസും ഐസുമെടുത്തു. സോഡക്കു പകരം പച്ചവെള്ളം ഒഴിച്ചു. രണ്ടു സിപ്പെടുത്തു ആലോചനയിൽ മുഴുകി. എവിടെയോ എന്തോ തകരാർ പറ്റിയിട്ടുണ്ട്. ഒരുപക്ഷേ തന്നെപ്പോലെ മറ്റൊരുവൻ ബാംഗ്ലൂർ നഗരത്തിലുണ്ടാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ പോസ്റ്റുമാനും യുവതിക്കും എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടായിരിക്കും. ഇതിലേതാണ് ശരി? ഇതിലേതാണ് തെറ്റ്? ഗ്ലാസ് മുഴുവൻ വായിൽ കമഴ്ത്തി തീരുമാനിച്ചു. തൽക്കാലം ഒന്നുറങ്ങാം. ബാക്കിയെല്ലാം പിന്നീട്.

ജനലും വാതിലുകളും അടച്ചു. ആരും കാളിംങ്ബെൽ അടിച്ചു ശല്യപ്പെടുത്താതിരിക്കാൻ മെയിൻസ്വിച്ച് ഓഫാക്കി. കിടക്കയിൽ വന്നു കിടന്നു. ഉറങ്ങി. ഒരുമണിക്കൂറിലധികം നേരം നീണ്ട ഗാഢനിദ്ര. അവസാനം തലയിണക്കരികിൽ വച്ചിരുന്ന മൊബൈൽഫോൺ ശബ്ദിച്ചു. ഉറക്കച്ചടവോടെ ഡിസ്‌പ്ലേ സ്ക്രീനിൽ നോക്കി. ലൈനിലുള്ള വ്യക്തിയുടെ പേര് വ്യക്തമായി.

“Vincent Paul Calling….”

പായയിൽ എഴുന്നേറ്റിരുന്നു. മൊബൈൽ കാതിൽ ചേർത്തു അഭിവാദ്യം ചെയ്തു.

“ഹലോ വിൻസെന്റ്. ഹൗ ആർ യു?”


കന്നഡ വാക്കുകളുടെ തർജ്ജമ:

1)    സാർ. താങ്കളല്ലേ പോസ്റ്റുഓഫീസിൽ വന്ന കമ്പ്യൂട്ടർ എൻജിനീയർ.

2)  അന്നെന്നെ രക്ഷിച്ചതിനു വളരെ നന്ദി. ഇല്ലെങ്കിൽ പോസ്റ്റുമാസ്റ്റർ മേലേക്ക് റിപ്പോർട്ട് ചെയ്തേനെ.

3)    സാറാണൊ ഇവിടെ താമസിക്കുന്ന എഴുത്തുകാരൻ? അതോ പുതുതായി വന്നയാളോ?

4)    ഞാൻ ഇവിടെ പുതുതായി വന്നയാളാണ്. എഴുത്തുകാരനെ അറിയില്ല.


19 Replies to “ബൊമ്മനഹള്ളിയിലെ പോസ്റ്റ്മാൻ”

 1. Translation of Kannada Words…

  1. സാർ, താങ്കൾ പോസ്റ്റ് ഓഫീസിൽ വന്ന കമ്പ്യൂട്ടർ എൻജിനീയറല്ലേ.

  2. സാർ എന്നെ രക്ഷിച്ചതിനു നന്ദി. അല്ലെങ്കിൽ പോസ്റ്റുമാസ്റ്റർ മുകളിലേക്ക് റിപ്പോർട്ട് ചെയ്തേനെ.

  3. സാർ താങ്കൾ ആണൊ ഇവിടെ താമസിക്കുന്ന എഴുത്തുകാരൻ? അതോ പുതുതായി വന്നതോ?

  4. ഞാൻ പുതിയ ആളാണ്. എഴുത്തുകാരനെ അറിയില്ല.

 2. എഴുത്തുകാരന്റെ കഥയ്ക്കു മാത്രം കുറച്ചധികം നീളം തോന്നുന്നു.
  ലാറ്റിനമേരിക്കൻ സിനിമ, സിറ്റി ഓഫ് ഗോഡ് ഇൽ കണ്ട കഥാ കഥന ശൈലി.
  വ്യത്യസ്ഥം. 🙂

 3. 'ദിമാവ്‌പൂരിലെ സർപഞ്ച്' പോലെ ഇതും ഒരു സ്പ്ലിറ്റ് പേഴ്‌സണാലിറ്റി കഥയാണ്. രാവിലെ എൻജിനീയറും ഉച്ചക്ക് പോസ്റ്റുമാൻ വരുന്ന സമയത്തു എഴുത്തുകാരനുമാകുന്ന ഒരുവൻ. എൻജിനീയറിൽ നിന്നു എഴുത്തുകാരനിലേക്കു പരിവർത്തനം വരുന്നത് മദ്യപിക്കുന്ന സമയത്തും!

  ഈ രീതിയിൽ വായിക്കാവുന്നതാണ്.
  🙂

  എന്നും സ്നേഹത്തോടെ
  സുനിൽ ഉപാസന

 4. അടിപൊളി ആയിട്ടുണ്ട്…വായിച്ചു വന്നപ്പോള്‍ ആര്‍ക്കാണ് വട്ടെന്നു ഒരു സംശയം
  എന്തായാലും സൂപര്‍, പുതു വര്‍ഷത്തെ തുടക്കം കേമായി

  പുതുവത്സരാശംസകള്‍

 5. കുറെയധികം നീളമുള്ള കഥ……വ്യത്യസ്ഥ രീതിയിൽ പറഞ്ഞിരിക്കുന്നു………:)

  അല്ല……..അപ്പോ ഈ ഐ ടി ക്കാരൻ/ എഴുത്തുക്കാരൻ മനപൂർവ്വം അഭിനയിക്കുന്നതല്ലേ…..??

  ശരിക്കും സ്പ്ലിറ്റ് പേർസ്ണാലിറ്റിയാണോ ഇവിടെ വില്ലൻ…??

  എന്തായാലും കൊള്ളാം..:)

 6. കഥ നന്നായി. പറഞ്ഞുവന്ന ശൈലി കൊള്ളാം. എങ്കിലും പലയിടങ്ങളിലും ആവശ്യത്തില്‍ കവിഞ്ഞ വിവരണം കണ്ടു. ഇത് വായനക്കാരനെ കഷ്ട്ടത്തില്‍ ആക്കും. കഥയുടെ ഒഴുക്കിന് ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന നിര്‍ബന്ധം പാടില്ല. വീണ്ടും നല്ല കഥകളുമായി വരുവാന്‍ താങ്കള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങള്‍

 7. @ കണക്കൂര്‍

  ചില വായനക്കാര്‍ സൂചിപ്പിച്ചിട്ടുള്ളതു തന്നെ, താങ്കള്‍ പറഞ്ഞത്. എനിക്ക് എന്റേതായ എഴുത്തുശൈലി ഉണ്ടെന്നു മാത്രം അറിയുക. 🙂 ഒഴുക്കിനെ ബാധിക്കുന്ന ഒന്നും ഇപ്പോള്‍ പോസ്റ്റില്‍ ഇല്ലെന്നാണ്‌ എന്റെ അഭിപ്രായം. താങ്കളുടെ ടേസ്റ്റ് വച്ചുനോക്കുമ്പോള്‍ ചിലപ്പോള്‍ കണ്ടേക്കാം. അത് വ്യക്തിപരമായ ആസ്വാദനത്തെ ആശ്രയിച്ചിരിക്കുന്നു. വീണ്ടും, എന്നെങ്കിലും ഈ പോസ്റ്റ് എഡിറ്റ് ചെയ്യുകയാണെങ്കില്‍ അന്നു ഇപ്പോഴുള്ളതില്‍ കുറച്ചു വരികള്‍ പോയേക്കാം. കുറച്ചു പുതിയ വരികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തേക്കാം. അഭിപ്രായം തുറന്നുപറഞ്ഞതിനു നന്ദി. 🙂

 8. @ സ്‌നേഹ

  കഥ എഴുതിയാല്‍ മാത്രം പോര, അതു വായനക്കാര്‍ക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്യണമല്ലോ പിതൃക്കളേ 🙂

  ഐടിക്കാരന്‍ / എഴുത്തുകാരന്‍ അഭിനയിക്കുകയല്ലെന്നു കഥയില്‍ വ്യക്തമല്ലേ. Both do not know the existence of latter. കഥയുടെ അവസാനം (മൂന്നാം കഥയില്‍) എഴുത്തുകാരനു വരുന്ന ഫോണ്‍ കോള്‍ ആണു ഈ കഥയിലെ Key. ആ ഫോണ്‍ കോള്‍ ആണ്‌ എഴുത്തുകാരനും എന്‍‌ജിനീയറും ഒരാള്‍ ആണെന്നും ഡ്യുവല്‍ പേര്‍‌സണാലിറ്റിയാണ്‌ കഥയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നുമുള്ള കാര്യം സ്‌പഷ്‌ടമാക്കുന്നത്. അല്ലേ ? കോള്‍ ഇല്ലെങ്കില്‍ രണ്ടുപേരും രണ്ടു വ്യക്തികള്‍ ആണെന്നു സമര്‍ത്ഥിക്കാം.

  അതുകൊണ്ട് അഭിനയം ഇല്ല തന്നെ. കഥ ഈ രീതിയില്‍ വായിക്കണം.

  നീണ്ടതായിട്ടും വായിച്ചതിനു തുമ്പ ധന്യാവദഗളു.
  🙂

  ഉപാസന || സുപാസന

 9. ഉപാസന കലക്കി.

  സൈബര്‍ എഴുത്തിടങ്ങളില്‍ കണ്ട മികച്ച കഥകളിലൊന്ന്. വിശദീകരണങ്ങള്‍ ഒന്നും അനാവശ്യമായി എനിക്ക് തോന്നിയില്ല. മറിച്ച് ഹൃദ്യമായി തോന്നി. ഈ കഥ വായിക്കാന്‍ അല്പം സമയം ചിലവായെങ്കിലും അതില്‍ യാതൊരു നഷ്ടബോധവുമില്ല.
  ഇരട്ടവ്യക്തിത്വങ്ങളെ അവതരിപ്പിക്കുമ്പോള്‍ വരാവുന്ന പാകപ്പിഴകള്‍ ഒന്നും ഇല്ല.
  നന്ദി, കഥാകാരാ അല്ല എഞ്ചിനിയരെ അല്ല കഥാകാര…അല്ല എഞ്ചിനിയരെ ………………..

 10. കഥയില്‍ ഇഷ്ടമായതും ഇഷ്ടമാല്ലാത്തതും ഉണ്ട്.താങ്കളോട് പറയാന്‍ മടിയാണ് ഞാന്‍ ഇങ്ങനെയാണ് എഴുതുന്നത്‌ അത് മാറ്റാന്‍ സാധ്യമല്ലെന്ന മട്ടില്‍ താങ്കള്‍ പ്രതികരിച്ചു കണ്ടിട്ടുണ്ട്.പ്രതികരണങ്ങളില്‍ നിന്നും താങ്കള്‍ക്കു പുതിയതായി ഒന്നും കിട്ടണമെന്ന് നിര്‍ബന്ധമില്ല.കിട്ടിക്കൂടെന്നുമില്ലല്ലോ.ബ്ലോഗല്ലേ?പറയുന്നവരെ നിരുല്സാഹപ്പെടുത്തണോ?താങ്കള്‍ നല്ല നല്ല എഴുത്തുകാരന്‍ ആണ് എന്നത് അംഗീകരിക്കുന്നു.താങ്കള്‍ക്ക് ഈ അഭിപ്രായം ആവശ്യമില്ലെങ്കിലും ഈ പോസ്റ്റ്‌ അത്രത്തോളം നന്നായില്ലെന്നും പറഞ്ഞു പോകുന്നു.

 11. @ നാരദൻ

  താങ്കൾ പറഞ്ഞ ചില വരികൾ എടുത്തെഴുതി മറുപടി നൽകാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്, ആരോപണം അത്രയേറെ കടുത്തതായി തോന്നിയതിനാൽ. 🙂

  ഞാന്‍ ഇങ്ങനെയാണ് എഴുതുന്നത്‌ അത് മാറ്റാന്‍ സാധ്യമല്ലെന്ന മട്ടില്‍ താങ്കള്‍ പ്രതികരിച്ചു കണ്ടിട്ടുണ്ട്

  ഞാൻ സാധ്യമല്ലെന്ന മട്ടിൽ പ്രതികരിച്ചേക്കാം, 'നീളം' മാത്രമാണ് പ്രശ്നമായി വായനക്കാരൻ പറഞ്ഞതെങ്കിൽ. സത്യത്തിൽ പോസ്റ്റിന്റെ നീളം എന്നെ ഒട്ടും ആശങ്കപ്പെടുത്തുന്നില്ലെന്നതാണ് സത്യം. ഞാൻ അത് തരിമ്പും കാര്യമാക്കാറില്ല. 'നീളമുള്ള പോസ്റ്റുകൾ ബ്ലോഗിൽ എഴുതുന്നു' എന്നതായിരിക്കാം എന്റെ കുറവ്. ചിലർ പോസ്റ്റിന്റെ നീളം, അവരുടെ സമയത്തേക്കാളുപരിയായി, വായനയെ / പോസ്റ്റിന്റെ ഭംഗിയെ തന്നെ ബാധിക്കുന്നു എന്നു സൂചിപ്പിച്ചപ്പോഴൊക്കെ ഞാൻ അത് തികച്ചും സീരിയസായി എടുത്തിട്ടുണ്ട് എന്നു എനിക്ക് ഉറപ്പിച്ചു പറയാനാകും 🙂

  പ്രതികരണങ്ങളില്‍ നിന്നും താങ്കള്‍ക്കു പുതിയതായി ഒന്നും കിട്ടണമെന്ന് നിര്‍ബന്ധമില്ല

  ഈ അഭിപ്രായം ബാലിശമായി എന്നു പറയാതെ വയ്യ. താങ്കൾ എന്റെ എല്ലാ പോസ്റ്റുകളും കമന്റുകളും വായിച്ചിട്ടുണ്ടോ എന്നു സന്ദേഹിക്കുകകയും ചെയ്യുന്നു. 'സ്വപ്നലേഖ സ്വയംവരപന്തൽ…” എന്ന കഥയുടെ കമന്റ് ബോക്‌സിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

  എതിരൻ കതരരവൻ Said => “നല്ലത്രെഡ് ഉണ്ട് കഥയ്ക്ക്. ചിലതൊക്കെ പറയാതിരിക്കുകയായിരുന്നു ഭംഗി എന്നു തോന്നി. പിന്നെ അവസാനം ഒരു പഞ്ച് ഇല്ലാതായെന്നു തോന്നുന്നില്ലേ?”

  ഞാൻ താഴെ കാണുന്ന രീതിയിൽ മറുപടി കൊടുത്തു.

  Sunil Upasana Said => അവസാനത്തെ ഒന്നു രണ്ട് പാര സീരിയസിൽ നിന്ന് ഒരുതരം കോമഡി സ്റ്റൈലിലേക്കു മാറിയെന്നത് സത്യമാണ്. അത് പഞ്ച് കുറച്ചു എന്ന് മറ്റൊരു ബ്ലോഗറും സൂചിപ്പിച്ചിരുന്നു. എതിരണ്ണനും ആ ബ്ലോഗറും നല്ല വിശകലനശേഷി ഉള്ളവരായതിനാൽ അഭിപ്രായം മാനിക്കുന്നു. അനുയോജ്യമായ ഒരു സാഹചര്യത്തിൽ ചെറിയ മാറ്റങ്ങൾ അവസാനഭാഗത്തു ഞാൻ നടത്തും.

  കഥയിൽ ചിലപ്പോൾ അത്ര അത്യാവശ്യമല്ലാത്ത ഭാഗങ്ങളും കണ്ടേക്കാം. അവയ്ക്കും നിശബ്ദമായ ധർമ്മമുണ്ടെന്നു ഞാൻ കരുതുന്നു. അതു ചിലപ്പോൾ ഗ്യാപ് ഫില്ലർ ആകാം. അല്ലെങ്കിൽ കഥയുടെ മുഖ്യധാരയിലൂടെ ഒരുപാട് നേരം ചരിച്ചാൽ അതു വായനക്കാരെ മുഷിപ്പിക്കുമോ എന്നു കരുതി വച്ചിരിക്കുന്ന ബിറ്റുകളും ആകാം. 🙂

  ഈ കമന്റ് പ്രകാരം അവസാനഭാഗത്തു ചെറിയ എഡിറ്റിങ് വരുത്തുമെന്നു ഞാൻ പറഞ്ഞത് പ്രാവർത്തികമാക്കുകയും ചെയ്‌തു, ഒരാഴ്ചക്കുള്ളിൽ. ആദ്യം പബ്ലിഷ് ചെയ്ത പോസ്റ്റിൽ നിന്നു ഇപ്പോഴുള്ള പോസ്റ്റിന്റെ ക്ലൈമാക്സിൽ ചില വരികൾ ഇല്ലാതായി. ചിലത് മോഡിഫിക്കേഷൻ നടത്തി. അങ്ങിനെയങ്ങിനെ.

  കാര്യങ്ങൾ ഇങ്ങിനെയായിരിക്കെ 'വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്നും താങ്കള്‍ക്കു പുതിയതായി ഒന്നും കിട്ടണമെന്ന് നിര്‍ബന്ധമില്ല' എന്ന താങ്കളുടെ പ്രസ്താവനയിൽ എത്രത്തോളം സത്യമുണ്ട്? ഞാൻ എല്ലായ്പ്പോഴും വായനക്കാരുടെ അഭിപ്രായത്തിനു പ്രാധാന്യം കൊടുക്കുന്ന ആളാണെന്നു തീർത്തു പറയുന്നു. വായനക്കാർ പറയുന്ന മാറ്റങ്ങൾ 'എല്ലാം' ഞാൻ നടപ്പിൽ വരുത്തണമെന്നില്ല എന്നും കൂട്ടിച്ചേർക്കുന്നു.

  (അഭിപ്രായം) പറയുന്നവരെ നിരുല്സാഹപ്പെടുത്തണോ?

  ഞാൻ ഒരിക്കലും നിരുൽസാഹപ്പെടുത്തുന്ന രീതിയിൽ കമന്റ് ഇട്ടിട്ടില്ലെന്നു തറപ്പിച്ചു പറയുന്നു. ഈ പോസ്റ്റിൽ തന്നെ വ്യത്യസ്ത അഭിപ്രായം പറഞ്ഞ 'കാണാക്കൂർ' നോട് 'അഭിപ്രായം തുറന്നു പറഞ്ഞതിനു നന്ദി' എന്നു പറയുകയാണ് ഞാൻ ചെയ്തത്. അതിലെന്തു നിരുൽസാഹപ്പെടുത്തൽ?

  'പോസ്റ്റിന്റെ നീളം പ്രശ്നമല്ല, നീ എഴുതിക്കോളൂ' എന്ന അഭിപ്രായങ്ങളും മറിച്ചുള്ള അഭിപ്രായങ്ങളും എനിക്ക് കമന്റ് വഴിയും ഇമെയിൽ വഴിയും കിട്ടാറുണ്ട്. എല്ലാവരും നീളത്തിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല തന്നെ.

  താങ്കളുടെ വിമർശനത്തിനു നന്ദി. ഇനിയും വരിക.
  🙂
  എന്നും സ്നേഹത്തോടെ
  സുനിൽ ഉപാസന

 12. എൻജിനീയറെ…അല്ല…..എഴുത്തുകാരാ.ഓ സാരമില്ല….

  കഥ ശേലായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

അഭിപ്രായം എഴുതുക