സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
കെആർ പുരം ഉദയനഗറിലെ കൈരളി ഹോട്ടലിൽ ഉച്ചയൂണിനു കാത്തിരിക്കുമ്പോഴാണ് മുരളിയുടെ മെസേജ് വന്നത്. ‘തിരക്കിലാണോ’ എന്നായിരുന്നു കനപ്പെട്ട അന്വേഷണം. രണ്ടുമണിക്കൂർ മുമ്പ്, രാമയ്യ ഹോസ്‌പിറ്റലിൽ ജോലി ചെയ്യുന്നതിനിടക്ക്, തിരക്കന്വേഷിക്കുന്ന മെസേജ് ഞാൻ അങ്ങോട്ടും അയച്ചിരുന്നു. ജോലി ഉടനെ തീരുമെന്നും ഉച്ചക്കു കാണാമെന്നുമാണ് അതിൽ പറഞ്ഞത്. മറുപടി കിട്ടാത്തതിനാൽ മുരളി തിരക്കിലാകുമെന്നു ഊഹിച്ചു. ജോലിക്കുശേഷം ഹെബ്ബാൽ വഴി കെആർ പുരത്തേക്കു പോന്നു. റൂമിലെത്തി എന്തെങ്കിലും വച്ചുകഴിക്കാൻ മടി തോന്നി. ഹോട്ടലിലെത്തുന്നത് അങ്ങിനെയാണ്.
മുരളിയുടെ മറുപടി വായിക്കുന്നതിനു മുമ്പുതന്നെ അതിൽ പരാമർശിച്ചിരിക്കുന്നത് നേരിൽ കാണുന്നതിനെ പറ്റിയായിരിക്കുമെന്നു ഏകദേശം ഉറപ്പായിരുന്നു. വായിച്ചപ്പോൾ കാര്യം അതുതന്നെ. കൂടാതെ ഈ മാസം കൂടിയേ അവൻ നഗരത്തിൽ ഉണ്ടാവുകയുള്ളൂ എന്ന ‘താക്കീതും’. ഒന്നര കൊല്ലമായി ഇടയ്ക്കിടെ ഗൂഗിൽ ചാറ്റിൽ സംസാരിക്കുമ്പോൾ എന്നെങ്കിലും കൂടിക്കാണണമെന്ന കാര്യം സൂചിപ്പിക്കുമായിരുന്നു. എനിക്കും താല്പര്യമുണ്ടെങ്കിലും ഓരോരോ കാരണങ്ങളിൻമേൽ കൂടിക്കാഴ്‌ച നീണ്ടുപോയി. ഇന്നിപ്പോൾ ആ കടമയങ്ങു തീർത്തേക്കാം. ഞാൻ കരുതി. ദേവസ്സിഅച്ചായൻ ചെമ്പിൽനിന്നു ചോറ് കുത്തിയെടുത്തു പ്ലേറ്റിലേക്കു പകരാൻ പോവുകയായിരുന്നു. ഞാൻ വിലക്കി.
“അച്ചായോ വേണ്ട. എനിക്ക് പോകേണ്ട ആവശ്യമുണ്ട്”
ഞാൻ ബസ്‌സ്റ്റോപ്പിലെത്തി മുരളിയെ കാത്തുനിന്നു. കാൽ കഴച്ചപ്പോൾ അടുത്തുള്ള മാരിയമ്മൻ കോവിലിലെ കരിങ്കൽപീഠത്തിൽ ഇരുന്നു. പീഠമാണെങ്കിലും അത് പൂജകൾക്കു ഉപയോഗിക്കാറില്ല. ഉപേക്ഷിച്ച നിലയിലാണ്. ഞാൻ ഓർത്തു. ഇന്നു വെള്ളിയാഴ്ചയാണ്. ഞാൻ നഗരത്തിലെത്തിയ കാലത്ത്, മുറിയിലിരുന്നു മുഷിയുമ്പോൾ വൈകുന്നേരം എങ്ങോട്ടെന്നില്ലാതെ നടക്കുമായിരുന്നു. ഒന്നുകിൽ ഐടിഐ ഗ്രൌണ്ടിൽ പോകും. അല്ലെങ്കിൽ ഹൊസ്‌കോട്ടെയോ ഹെബ്ബാൽ തടാകമോ സന്ദർശിക്കും. ചൊവ്വയും വെള്ളിയും മാരിയമ്മൻകോവിൽ സന്ദർശനം മുടക്കാറില്ല. ഒന്നാമത്, ജോലിക്കാര്യത്തിൽ ദൈവിക ഇടപെടൽ ഉണ്ടാകുമെന്ന ധാരണ. ഇത് പിൽക്കാലത്തു തെറ്റാണെന്നു തെളിഞ്ഞു. ഞാൻ ആഗ്നോസ്റ്റിസത്തിലേക്കും നീങ്ങി. രണ്ടാമത് ലക്ഷ്മിവിഗ്രഹത്തിനു മുന്നിൽ ആരതി കത്തിക്കുന്ന അവിവാഹിതകളായ യുവതികൾ. അവർ ചെറുനാരങ്ങ രണ്ടായി മുറിച്ചു അതിലെ അല്ലികൾ പുറത്തേക്കു തുറിപ്പിക്കും. നാരങ്ങമുറിയുടെ തൊലിപ്പുറം മൺചെരാതിന്റെ രൂപം കൈകൊള്ളും. മൺചെരാതിനു പകരം മഞ്ഞനിറമുള്ള നാരങ്ങ ചെരാത്. ഈ നാരങ്ങചെരാതിൽ എണ്ണയൊഴിച്ചു ലക്ഷ്മിവിഗ്രഹത്തിനു മുന്നിൽ കത്തിക്കുന്നത് സുമംഗലിയാകാൻ അത്യുത്തമമാണത്രെ. അക്കാലത്ത് തുടർച്ചയായി നാരങ്ങചെരാതിൽ ആരതി കത്തിച്ച ഒരു യുവതി, അവർ മലയാളിയാണെന്നു എനിക്കു സംശയമുണ്ട്, പിൽക്കാലത്തു അവരുടെ ഭർത്താവിനൊപ്പം വന്നു തൊഴുന്നതു കണ്ടിട്ടുണ്ട്. സന്തോഷത്തോടെ എത്തുന്ന ആ യുവതിയുടെ ആഗ്രഹം ലക്ഷ്മിദേവി സാധിപ്പിച്ചു കൊടുത്തിരിക്കണം. അല്ലാതെ അവർ വരാൻ ന്യായമില്ല.
മുരളി എത്തി. ബിഎംടിസിയുടെ വജ്ര ബസിൽനിന്നു ഇറങ്ങിയ ഉടൻ എന്റെ കൈപിടിച്ചു കുലുക്കി. ഞാൻ ആഗതനെ ചുഴിഞ്ഞു നോക്കി. മുരളിയെപ്പറ്റിയുള്ള എന്റെ കണക്കുകൂട്ടലുകൾ പൊക്കത്തിന്റെ കാര്യത്തിലൊഴിച്ചാൽ ശരിയായിരുന്നു. അധികം വണ്ണമില്ലാത്ത ശരീരം, ഒന്നാന്തരം ബുൾഗാൻ, കറുത്ത് നിബിഢമായ തലമുടി.. അങ്ങിനെയങ്ങിനെ. ജേർണലിസ്റ്റ് വിദ്യാർത്ഥിയായ മുരളിക്കു കുറച്ചുകൂടി പൊക്കം പ്രതീക്ഷിക്കുന്നത് തെറ്റല്ല. പൊക്കമില്ലാതെ എങ്ങിനെ പഠിപ്പിക്കുന്ന ടീച്ചറെതന്നെ പ്രേമിച്ചു വിവാഹത്തിലെത്തിക്കാൻ സാധിക്കും. അടുത്തകാലത്താണ് സ്ത്രീകൾക്കു ഉയരം കൂടിയവരോടു ലൈംഗിക അഭിനിവേശം കൂടുമെന്നു ഒരു ഇംഗ്ലീഷ് പത്രത്തിൽ വായിച്ചത്. നല്ലപൊക്കം മൂലം എതിരാളികളെ, അങ്ങിനെ ചിലർ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ, ഇടിച്ചുവീഴ്ത്താൻ ഉയരമുള്ളവർക്കു നിഷ്‌പ്രയാസം സാധിക്കുമത്രെ. ഉയരമുള്ളവർക്കു അങ്ങിനെ സാധിക്കുമെന്നു ആർക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്തേണ്ടിയിരുന്നോ? എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. അടുത്തനിമിഷം മറ്റൊരു ചിന്ത. ഈ ഉയരക്കുറവ് വച്ചും ഒരു യുവതിയിൽ അനുരാഗം ജനിപ്പിച്ചെങ്കിൽ എന്റെ സുഹൃത്ത് അസാമാന്യനായിരിക്കണമല്ലോ. മുരളിയോടു ബഹുമാനം തോന്നി.
ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് മുരളി ആമുഖമായി പറഞ്ഞു.
“സോറി ബ്രദർ. മൂന്നര വരയേ സമയമുള്ളൂ. ക്ലാസ് കട്ട് ചെയ്താണ് ഇപ്പോൾ വന്നിരിക്കുന്നത്“
അങ്ങിനെ ചെയ്യേണ്ടിയിരുന്നില്ല എന്നു പറഞ്ഞു. എന്റെ മനസ്സിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു. മുരളിയെ കൂട്ടി തിരിച്ചു ഹോട്ടലിലെത്തി വിഭവസമൃദ്ധമായ ഊണ്. റൂമിൽ രണ്ടുമണിക്കൂർ ചെലവിടൽ. സമകാലിക ലോകത്തെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും ഒരുമണിക്കൂർ നീളുന്ന ചർച്ച. അഞ്ചുമണിയാകുമ്പോൾ പാൽച്ചായയും ബിസ്കറ്റും. വൈകീട്ട് ആറരയോടെ തിരിച്ചു ബസ്‌സ്റ്റോപ്പിലെത്തിച്ച് യാത്രപറയൽ. ഈവിധ കണക്കുകൂട്ടലുകളാണ് ആമുഖമായി പറഞ്ഞ വരിയിലൂടെ മുരളി തെറ്റിച്ചത്. നിരാശനാകാതെ വയ്യ.
“ഞാൻ കരുതിയത് മിനിമം രണ്ടുമണിക്കൂറെങ്കിലും സംസാരിക്കാമെന്നായിരുന്നു. ഇതിപ്പോൾ…” ഞാൻ അർദ്ധോക്തിയിൽ നിർത്തി പൂരിപ്പിച്ചു.
“നാളെ വൈകീട്ട് ഒഴിവുണ്ടെങ്കിൽ പറയൂ. നമുക്ക് വീണ്ടും കാണാം”
മുരളി സമ്മതിച്ചു. ഞങ്ങൾ മാരിയമ്മൻകോവിലിൽനിന്നു കുറച്ചകലെ, ഫ്ലൈഓവറിനു താഴെയുള്ള ചെറിയ പാർക്കിലേക്കു നടന്നു. ആ പാർക്ക് അടുത്തയിടെ നിർമിച്ചതാണ്. മുമ്പ് കാടുപിടിച്ചു കിടന്ന ഇടം. ബയപ്പാനഹള്ളിയിൽ മെട്രോറെയിൽ സ്റ്റേഷന്റെ പ്രധാന ആസ്ഥാനം വരുന്നതിനോടനുബന്ധിച്ചു സമീപപ്രദേശങ്ങളും മുഖം മിനുക്കുകയാണ്. പാർക്ക് നിർമാണവും അതിനാൽ തന്നെ.
വെള്ളയും കറുപ്പും ഇടകലർത്തി പെയിന്റടിച്ച കൽബെഞ്ചിലിരുന്നു ഞങ്ങൾ സംസാരിച്ചു. അരമണിക്കൂറേ ഉള്ളൂവെങ്കിലും അതിനുള്ളിൽ സംസാരിക്കാവുന്നവയൊക്കെ പരാമർശിച്ചു. ഇവിടെ ‘ഞങ്ങൾ’ എന്നതിനു പകരം ‘ഞാൻ’ എന്ന ഏകവചനം ഉപയോഗിച്ചാലും തെറ്റാവില്ല. എന്തെന്നാൽ മൌനമായിരുന്നു മുരളിയുടെ മുഖമുദ്ര. ഞാൻ പറയുന്നതുകേട്ടു തലയാട്ടി അദ്ദേഹം മിണ്ടാതിരുന്നു. ഇടക്കു ഒന്നുരണ്ട് വാചകങ്ങളിൽ എന്തെങ്കിലും പറഞ്ഞു. അതുതന്നെ ‘എന്നോടൊന്നും ചോദിക്കാനില്ലേ മുരളീ’ എന്നു ആരാഞ്ഞപ്പോൾ മാത്രം. ‘നീ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ’ എന്നു കുറ്റപ്പെടുത്തിയപ്പോൾ പോലും മന്ദഹസിച്ചതേയുള്ളൂ. സത്യത്തിൽ അപ്പോൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച്, തോളിൽ സ്നേഹത്തോടെയൊരു തട്ടൽ ഞാൻ പ്രതീക്ഷിച്ചതാണ്. അതു തെറ്റി. കൊറിയൻ സംവിധായകൻ കിം-കി-ഡുക്കിന്റെ സിനിമയിലെ നായകന്മാരെപ്പോലെ ചുണ്ടുകളും മുഖത്തെ മാസപേശികളും മാത്രമനക്കി മുരളി എന്നോടു സംവദിച്ചു. സിനിമയിൽ നായകന്മാർ ഒന്നും മിണ്ടുന്നില്ലെങ്കിലും ആശയസംവദനം ഭീമമാണ്. ഇവിടെ അതുമില്ല.
ഞങ്ങൾ സംസാരിച്ചിരുന്ന പാർക്കിനു പുറത്തു ഒരു വൃദ്ധൻ വാഴപ്പിണ്ടി കച്ചവടം നടത്തുന്നുണ്ടായിരുന്നു. തലതിരിച്ചു നോക്കിയാൽ അതുകാണാം. വൃദ്ധൻ അഗ്രംവളഞ്ഞ ചെറിയ കത്തികൊണ്ടു പിണ്ടികളുടെ രണ്ടഗ്രത്തിലേയും കുറച്ചുഭാഗം ചെത്തിക്കളഞ്ഞു. മുമ്പു അഗ്രഭാഗത്തു കറുപ്പുനിരം വ്യാപിച്ചിരുന്നു. അതുകണ്ടാൽ ആരും പിണ്ടി വാങ്ങില്ലെന്നു ഉറപ്പ്. അറ്റം അരിഞ്ഞുമാറ്റിയപ്പോൾ വാഴപ്പിണ്ടി മുഖം മിനുക്കി പുത്തനായി. പക്ഷേ കുറച്ചുകഴിയുമ്പോൾ അഗ്രങ്ങൾ വീണ്ടും കറുക്കും. അപ്പോൾ വീണ്ടും അരിഞ്ഞു മുഖം മിനുക്കൽ. അങ്ങിനെയങ്ങിനെ വാഴപ്പിണ്ടി ഇല്ലാതാകും. അതിനുമുമ്പു ഭാഗ്യമുണ്ടെങ്കിൽ ആരെങ്കിലും വന്നു വാങ്ങും.
മുരളി എന്റെ തോളത്തു തട്ടി. അവനു പോകേണ്ട സമയമായി. ഏതാനും വാക്കുകളിൽ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു.
ഹോട്ടലിലേക്കു നടക്കുമ്പോൾ ഞാനോർത്തു, മുരളിയിൽ മൌനം ഭീഷണിയുടെ രൂപമാണ്. കഴിഞ്ഞുപോയ ഓരോ നിമിഷത്തിലും ആ ഭീഷണി മനസ്സിനെ കീഴടക്കി പീഢിപ്പിച്ചു. എതിർത്തു തോൽപ്പിക്കാൻ പോയിട്ടു ഒന്നു കുതറാൻപോലും മനസ്സ് തയ്യാറായില്ല. അത് വളരെ അതിശയപ്പെടുത്തി. അത്തരമൊരു കീഴടങ്ങൽ മുമ്പ് ഉണ്ടായിട്ടില്ലായിരുന്നു. മുരളിയുമായി പിരിഞ്ഞശേഷവും കീഴടങ്ങലിന്റെ അടയാളങ്ങൾ എന്റെ പെരുമാറ്റത്തിലുണ്ടോ? മൌനമെന്ന ഭീഷണി അദൃശ്യമായി എനിക്ക് ചുറ്റുമുണ്ടോ. ഞാൻ സംശയാലുവായി.
ഹോട്ടലിൽ നാലഞ്ച് പരിചയക്കാർ ഉണ്ടായിരുന്നു. ഒരാളെ നന്നായി അറിയും. കാണുമ്പോൾ എന്തെങ്കിലുമൊക്കെ ചോദിക്കാൻ മാത്രം അടുപ്പമുണ്ട്. ഞാൻ അവന്റെ തോളിൽ അല്പം ശക്തമായി അടിച്ചു. ‘എന്റിഷ്ടാ‘ എന്നോ ‘ഇപ്പോൾ കാണാറില്ലല്ലോ’ എന്നോ പരിഭവിക്കുമെന്നു കരുതി. പക്ഷേ സുഹൃത്ത് ചിരിച്ചതേയുള്ളൂ.
കൈ കഴുകി സ്റ്റൂളിൽ ഇരുന്നു. ദേവസ്സിഅച്ചായൻ പ്ലേറ്റ് വച്ചു. ചോറും വറുത്തരച്ച സാമ്പാറും വിളമ്പി തിരിച്ചുപോയി. സാധാരണ എല്ലാം വിളമ്പികഴിഞ്ഞാൽ സ്പെഷ്യൽ വേണോയെന്നു ചോദിക്കാറുണ്ട്. ഒരു അയല പൊരിച്ചത് അകത്താക്കാമെന്നു തിരുമാനിക്കുകയും ചെയ്തിരുന്നു. ഞാൻ വിളിച്ചു പറഞ്ഞു.
“അച്ചായോ ഒരു അയല ഫ്രൈ”
അച്ചായൻ തലതിരിച്ച് നോക്കി ചിരിച്ചു. ആ ചിരിയിൽ മുരളിയുടെ ചിരിയുടെ പ്രതിബിംബമുണ്ടായിരുന്നു. ഞാൻ ഞെട്ടി. ആദ്യറൗണ്ട് തീറ്റ കഴിഞ്ഞപ്പോൾ ചോറും സാമ്പാറും വിളമ്പാൻ അച്ചായൻ വീണ്ടും വന്നു. ഞാനൊരു തമാശ പറഞ്ഞ് സ്വയം ചിരിച്ചു. അച്ചായൻ മിണ്ടിയില്ല. അതേസമയം എന്റെയരികിൽനിന്നു പോയി അകത്തു മീൻ വറക്കുന്ന നല്ലപാതിയോടു സംസാരിക്കുന്നുണ്ട്. പാഴ്‌സൽ വാങ്ങാൻ വന്ന ഒരുവനോടു എന്തോപറഞ്ഞു തട്ടിക്കയറുകയും ചെയ്തു. എന്നോടു മാത്രം മിണ്ടുന്നില്ല. ചോദിക്കാതെ തന്നെ ആവശ്യമുള്ളതെല്ലാം എത്തിച്ചു തന്നതിനാൽ ആ രീതിയിൽ സംസാരിക്കാനുള്ള അവസരവും പാഴായി.
ഞാൻ കാശു കൊടുക്കാൻ കൌണ്ടറിലെത്തി. അച്ചായൻ പാഴ്സൽ വാങ്ങിയവരുടെ കണക്കെഴുതുകയാണ്. ആഗതർ കുറേ ഭക്ഷണസാധനങ്ങൾ വാങ്ങിയിട്ടുണ്ട്. മനക്കണക്കു കൂട്ടാൻ ബുദ്ധിമുട്ട്. ഞാൻ എത്ര കാശായെന്നു ചോദിച്ചു. അച്ചായൻ മറുപടി പറഞ്ഞില്ല. പകരം മറ്റുള്ളവരുടെ കണക്കു എഴുതുന്നതിനിടക്കു എന്റെനേരെ തിരിഞ്ഞു പേപ്പറിൽ 42 എന്നു എഴുതിക്കാണിച്ചു. അങ്ങിനെ മൗനവ്രതം തുടർന്നു. ഞാൻ നിരാശനായി. എന്നെ കൂടുതൽ നിരാശനാക്കി അടുത്തനിമിഷം അച്ചായൻ മകനെ വിളിച്ചു പപ്പടം വാങ്ങാൻ പറഞ്ഞയച്ചു. അതും നാവനക്കി സംസാരിച്ച്. അപ്പോൾ എന്നോടു മാത്രമാണ് മിണ്ടാട്ടമില്ലാത്തത്. ആകെക്കൂടി അസ്വസ്ഥത തോന്നി. നാല്പത്തിരണ്ടിനു പകരം നാല്പതുരൂപ കൊടുത്തു ഒന്നുമറിയാത്ത ഭാവത്തിൽ പിന്തിരിഞ്ഞു. രണ്ടുരൂപ വേണമെങ്കിൽ മര്യാദക്കു വായതുറന്നു പറയട്ടെ. അല്ല പിന്നെ. ഞാൻ പിൻവിളി പ്രതീക്ഷിച്ചു സാവധാനം നടന്നു. വാതിലിനു അടുത്തെത്തി. ഇല്ല, പിന്നിൽ ഒരനക്കവുമില്ല. അച്ചായൻ മീൻ വറക്കുകയാണ്. ഞാൻ തിരിച്ച് കൌണ്ടറിലെത്തി രണ്ടുരൂപ നാണയം ശബ്ദമുണ്ടാക്കി മേശയിൽ വച്ചു.
“ഇന്നാ രണ്ടുരൂപ. തരാൻ മറന്നു”
അച്ചായനത് കേട്ടതായിപോലും ഭാവിച്ചില്ല. പിന്നെയവിടെ നിൽക്കാതെ ഞാൻ വേഗം തിരിച്ചുപോന്നു. ആർആർ ബേക്കറിക്കു അരികിലെത്തി. ഫ്ലൈഓവറിനടുത്തു കണ്ട വൃദ്ധൻ അതാ ബേക്കറിയുടെ എതിർവശത്ത്. ഇപ്രാവശ്യവും പിണ്ടികളുടെ അഗ്രം അരിയുകയാണ്. എല്ലാ പിണ്ടികളുടേയും നീളം കുറച്ചുകൂടി കുറഞ്ഞിരിക്കുന്നു. ഞാൻ നോക്കുമ്പോൾതന്നെ ഒരാൾ രണ്ടു പിണ്ടികൾ വാങ്ങിക്കൊണ്ടുപോയി. പിണ്ടി വാങ്ങിയ ആൾ ഇരുപതുരൂപ കൊടുത്തു. ഇരുവരും പരസ്പരം സംസാരിച്ചില്ല. എനിക്ക് വൃദ്ധനോടു ദേഷ്യം തോന്നി. അദ്ദേഹത്തിനു പിണ്ടിവാങ്ങാൻ വന്ന വ്യക്തിയോടു എന്തെങ്കിലും പറഞ്ഞുകൂടെ. ഒരു കച്ചവടക്കാരൻ ധാരാളം സംസാരിക്കണം. സാധനങ്ങൾ വാങ്ങാനെത്തുന്നവരോടു ആത്മബന്ധം സ്ഥാപിക്കാൻ അതു നല്ലതാണ്. ഇവിടെ ഇദ്ദേഹം വഴിയോരകച്ചവടമാണെങ്കിലും അങ്ങിനെ ചെയ്യാം. മിക്കദിവസവും വൃദ്ധനെ ഇവിടെയോ ഫ്ലൈഓവറിനടുത്തോ കാണാറുണ്ട്. ഒരു സജീവസാന്നിധ്യം. എന്നിട്ടും ഉപഭോക്താവിനോടു മിണ്ടുന്നില്ല. വൃദ്ധൻ നേരെയാവില്ലെന്നു ഞാൻ ആത്മഗതം ചെയ്തു.
സ്റ്റാലിൻ ജിമ്മിനടുത്തു സുനീഷണ്ണന്റെ ചിപ്‌സ് കടയുണ്ട്. പേര് ശ്രീമൂകാംബിക ചിപ്‌സ് സെന്റർ. അവിടെ ആരേയും കണ്ടില്ല. അദ്ദേഹമുണ്ടെങ്കിൽ സംസാരിക്കാമായിരുന്നു. അങ്ങോട്ടു എന്തെങ്കിലും പറയേണ്ട താമസമേയുള്ളൂ. പിന്നെ നമുക്ക് സംസാരിക്കേണ്ടി വരില്ല. അത്രയാണു വാക്‌ചാതുര്യം. ചിപ്‌സ് കടയിൽ എപ്പോഴും തിരക്കാണ്. തിരക്കിനു ഹേതുവായ സംഗതികൾ അണ്ണന്റെ സംഭാഷണപാടവവും, എതിർവശത്തെ ശ്രീമോഹൻ ബാറുമാണ്. ബിയറും വോഡ്കയും വാങ്ങി കുടിയന്മാർ ‘തായി മഹാമായേ’ എന്നുവിളിച്ചു ശ്രീമൂകാംബികയിൽ കയറും. വറുത്ത കടലയും മിക്‌സ്‌ച്ചറും വാങ്ങി തിരിച്ചുപോകും.
ഞാൻ താമസസ്ഥലത്തെത്തി. അടുത്ത മുറിയിൽ താമസിക്കുന്ന ശ്രീകുമാറിന്റെ അമ്മ ഗേറ്റിനരുകിലുണ്ട്. അവർക്കു കുറച്ചധികം കേൾവിക്കുറവുണ്ട്. അങ്ങോട്ടു പറഞ്ഞാൽ ഒന്നും കേൾക്കില്ല. പക്ഷേ സംസാരം നോർമലാണ്. എനിക്കു കുറച്ചു തുണികൾ അലക്കാനുണ്ടായിരുന്നു. അതിനു ടെറസിലെ ടാങ്കിൽ വെള്ളമുണ്ടോ എന്നറിയില്ല. അമ്മൂമ്മയോടു ആംഗ്യത്തിൽ ചോദിക്കാൻ തീരുമാനിച്ചു. അമ്മൂമ്മ തിരിച്ചെന്തെങ്കിലും പറയും. രാവിലെയോ ഉച്ചയ്ക്കോ വൈകീട്ടോ, എപ്പോൾ കണ്ടാലും ‘റൂമിൽ വെള്ളമുണ്ടോ, വെള്ളമുണ്ടോ’ എന്നു അന്വേഷിക്കുക അവരുടെ പതിവാണ്. എനിക്കൊപ്പം റൂമിൽ വിക്രമൻ മാത്രമേയുള്ളൂ. അതിനാൽ വെള്ളത്തിന്റെ അഭാവം മൂലമുള്ള പ്രശ്നങ്ങൾ ഇല്ലെന്നു പറയാം. ഞാൻ പ്രതീക്ഷയോടെ അമ്മൂമ്മയോടു ‘വെള്ളമുണ്ടോ’ എന്നു ആഗ്യത്തിൽ ചോദിച്ചു. അൽഭുതമെന്നേ പറയേണ്ടൂ, എനിക്കു കേൾവിപ്രശ്നം ഇല്ലാഞ്ഞിട്ടും അമ്മൂമ്മ ‘വെള്ളമുണ്ട്, ഇഷ്ടം പോലെയുണ്ട്’ എന്നു തിരിച്ചു ആംഗ്യത്തിൽ പറയുകയാണ് ചെയ്തത്. ഞാൻ ഉറപ്പിച്ചു. മുരളിയുടെ പ്രേതം എല്ലാവരേയും ബാധിച്ചിട്ടുണ്ട്. അവർ ചുറ്റിലും അണിനിരന്നിട്ടുണ്ട്. അവർ പുലർത്തുന്ന മൗനവൃതം എന്നെ തകർക്കുകയാണ്. സംയമനത്തിന്റെ കെട്ടുകൾ പതുക്കെ പൊട്ടുന്നു.
ഇനി ഏകപ്രതീക്ഷ വിക്രമനാണ്. സമയം എട്ടേകാലായപ്പോൾ കോളിങ്ങ്ബെൽ അടിച്ചു. വിക്രമൻ എത്തിയിരിക്കുന്നു. ഞാൻ വാതിൽ തുറന്നു. പതിവുപോലെ ചെവിയിൽ ഇയർഫോൺവച്ച് ഏതോ പെണ്ണുമായി സംസാരിക്കുകയാണ്. എന്നെ ഗൌനിക്കാതെ അകത്തുകയറി കസേരയിൽ ഇരുന്നു. ഷൂവും സോക്സും ഊരി ഹാളിന്റെ മൂലയിലെറിഞ്ഞു. അപ്പോഴും സംസാരം മുറിയാതിരിക്കാൻ അതീവശ്രദ്ധാലുവാണ്. ഞാൻ അവനറിയാതെ ഫോൺ സംസാരം ശ്രദ്ധിച്ചു. അതു ഇപ്രകാരമാണ്.
വിക്രമൻ: പോവുകയാണോ ?
അപ്പുറം: അതെ. കുളിക്കണം.
വിക്രമൻ: അതിനെന്താ. വെള്ളം വീഴാത്തിടത്തു ഫോൺവച്ച് ലൌഡ്സ്പീക്കർ ഓൺ ചെയ്യൂ. നമുക്കു സംസാരം തുടരാം.
ഞാൻ നെടുവീർപ്പിട്ടു. അവനവളെ കുളിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഇനി ഇപ്പോളൊന്നും നിർത്താൻ പോകുന്നില്ല.
ആരും സംസാരിക്കാത്തതിനാൽ മനസ്സിലെ അസ്വസ്ഥത ക്രമാതീതം വർദ്ധിച്ചു. ടെറസിൽ പോയി കുറേസമയം ഉലാത്തി. പലപല വിഷയങ്ങളെപ്പറ്റി ചിന്തിച്ചു. ‘ആദി(മ)വാസിയുടെ പ്രഖ്യാപനങ്ങൾ’ എന്ന എഴുതപ്പെടാത്ത കഥയുടെ രൂപരേഖ ചമച്ചു. നാട്ടിലെ സുഹൃത്തുക്കളോടൊത്തുള്ള സ്മരണകൾ അയവിറക്കി. എന്നിട്ടും അസ്വസ്ഥതക്കു കുറവ് വന്നില്ല. ഞാൻ ഏകാന്തതടവിനു ശിക്ഷിക്കപ്പെടുന്നവരുടെ കാര്യം ആലോചിച്ചു. അതെത്ര ഭീകരമായിരിക്കും. ഏറ്റവും വലിയ ശിക്ഷ മിണ്ടാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. അതിപ്പോൾ മനസ്സിലായി.
നടന്നു കാൽകഴച്ചപ്പോൾ ഞാൻ ഉലാത്തൽ നിർത്തി. റൂമിൽ പായവിരിച്ചു കിടന്നു. അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്. ആരായാലും മിണ്ടില്ലെന്നു ഉറപ്പായിരുന്നു. മുരളിയെ സന്ദർശിച്ചശേഷം ഒരാളും ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു. മുന്നിൽ സതീശൻ. അടുത്തുള്ള കെട്ടിടത്തിലെ മുകൾനിലയിൽ താമസിക്കുന്ന വടക്കാഞ്ചേരി സ്വദേശി. ഏതോ കമ്പനിയിൽ അക്കൌണ്ടന്റാണ്. ദിവസവും ലക്ഷക്കണക്കിനു കാശ് അമ്മാനമാടുന്ന പണി. സതീശനെ കണ്ടപ്പോൾ എന്റെ മുഖം മങ്ങി. അവസാനത്തെ കച്ചിത്തുരുമ്പും കൈവിട്ടുപോയതിൽ ദുഃഖിച്ചു. സതീശൻ ഒരു സംഭാഷണപ്രിയൻ അല്ലേയല്ല. അങ്ങോട്ടു എന്തെങ്കിലും ചോദിച്ചാൽപോലും മിണ്ടാത്ത കക്ഷി. മൂന്നുവർഷമായി സ്ഥിരം കാണുന്നതിനാൽ കാണുമ്പോഴൊക്കെ അദ്ദേഹം ചിരിക്കും. അതിനു മറുപടിയായി ഏതെങ്കിലും പഴയ മലയാളംപാട്ട് മൂളുകയാണ് എന്റെ രീതി. മൂളുന്ന പാട്ടുകളിൽ എനിക്കിഷ്ടമുള്ളവക്കു പ്രാമുഖ്യമുണ്ടാകും. കുറേനാൾ ഒരേ പാട്ടുതന്നെ കേട്ടാൽ സതീശൻ അന്വേഷിക്കും.
“വേറെ പാട്ടൊന്നുമില്ലെടേയ്?”
സതീശൻ എന്നോടു സംസാരിച്ചിട്ടുള്ള വാക്കുകളിൽ എൺപതു ശതമാനവും ഈ ‘വേറെ പാട്ടൊന്നുമില്ലടേയ്’ എന്ന അന്വേഷണമാണ്. അങ്ങിനെയുള്ള കക്ഷിയാണു മുന്നിൽ നിൽക്കുന്നത്. സംസാരിക്കുമെന്നു കരുതുക വയ്യ. എന്റെ പ്രതീക്ഷകൾക്കനുസരിച്ച് കസേരയിൽ കിടന്ന പത്രത്തിനുനേരെ സതീശൻ വിരൽചൂണ്ടി. എല്ലാ ദിവസവും രാത്രി പത്രം വാങ്ങിക്കൊണ്ടുപോയി പിറ്റേന്നു കാലത്തു തിരിച്ചേൽപ്പിക്കാറുണ്ട്. കസേരയിൽ ചുളിഞ്ഞുകിടന്ന പത്രം ഞാനെടുത്തു കൊടുത്തു. ശുഭരാത്രി നേർന്നു വാതിൽ ചാരി കുറ്റിയിട്ടു. പിന്തിരിഞ്ഞു നടക്കുമ്പോൾ അതാ വീണ്ടും വാതിലിൽ മുട്ട്. സതീശൻ തന്നെ. എന്റെ മുഖത്തു ചെറുതല്ലാത്ത നീരസം പരന്നു. ഇവിടെയാകെ നിരാശനായിരിക്കുമ്പോഴാണ് ഒരുത്തൻ വന്നിരിക്കുന്നത്. അതും വായതുറന്നു ഒരക്ഷരം മിണ്ടാത്ത കക്ഷി. ഞാൻ കാര്യമെന്താണെന്നു ചോദിച്ചു. സതീശൻ ഒന്നും മിണ്ടിയില്ല. പകരം ചിരിച്ചു. സതീശന്റെ ചിരിക്കു മുരളിയുടെ ചിരിയുമായി വളരെ സാമ്യമുണ്ടായിരുന്നു. ഞാൻ ഉറക്കക്ഷീണമുണ്ടെന്നു കാണിക്കാൻ കണ്ണുതിരുമ്മി. അപ്പോൾ ആ പാട്ട് കേട്ടു.
“സ്വപ്നലേഖേ നിന്റെ സ്വയംവരപന്തലിൽ ഞാൻ…”
“പുഷ്പകപല്ലക്കിൽ പറന്നു വന്നു…”
മിക്കദിവസവും സതീശനെ കാണുമ്പോൾ ഈ പാട്ടാണ് ഞാൻ പാടുക. ഇതേ പാട്ടിനാണ് ‘വേറെ പാട്ടൊന്നുമില്ലെടേയ്’ എന്ന മറുപടി കൂടുതൽ കിട്ടിയിട്ടുള്ളത്. ആ പാട്ട് സതീശൻ പാടുകയാണ്. എല്ലാം മറന്നു സ്വരമാധുരിയില്ലാത്ത ശബ്ദത്തിൽ പാടുന്നു. എനിക്കു വളരെ സന്തോഷമായി. അങ്ങിനെ ഉച്ചക്കുശേഷം ആദ്യമായി ഒരാൾ എന്നോടു മിണ്ടിയിരിക്കുന്നു. സംഭാഷണ വരൾച്ച അവസാനിച്ചിരിക്കുന്നു. സതീശൻ പാടിയതിനു ശേഷമുള്ള രണ്ടുവരി ഞാൻ പാടി.
“എന്റെ മംഗലശ്രീദളമാല ചാർത്താൻ ഭവാൻ
മത്സരക്കളരിയിൽ ജയിച്ചു വന്നൂ.”
തിരിച്ചു കിടക്കയിൽ വന്നു കിടന്നു. സന്തോഷത്താൽ വായിൽ വിരൽവച്ചു ചൂളമടിച്ചു. അപ്പുറത്തു കിടന്ന വിക്രമൻ ഫോൺസംഭാഷണം നിർത്തി ചോദിച്ചു.
“എന്താടാ ഇത്ര സന്തോഷം?”
അതെ. അവനും സംസാരിച്ചിരിക്കുന്നു. ഞാൻ നന്ദിയോടെ കൈപിടിച്ചു കുലുക്കി. അപ്പോൾ മൊബൈൽ ശബ്ദിച്ചു. വോയ്സ് മെസേജ് ആയിരിക്കുമോ? ഞാൻ പ്രത്യാശിച്ചു. മെസേജ് മുരളിയുടെയായിരുന്നു.
“ബ്രദർ, നമുക്ക് പറ്റുമെങ്കിൽ നാളെ വൈകീട്ട് ഹെബ്ബാൽ ലേക്കിൽ കാണാം. എന്താ അഭിപ്രായം”
എനിക്കു ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. മെസേജ് ഒരുതവണ കൂടി വായിച്ചു. വീണ്ടും കാണുന്നതിനെപ്പറ്റി എന്താണ് അഭിപ്രായമെന്ന്! ഞാൻ അഭിപ്രായം മുരളിക്കു ഉടൻ അയച്ചുകൊടുത്തു. അതു ഇപ്രകാരമാകുന്നു.
“മൗനം പൂത്തുലയുന്ന സന്ധ്യകൾ ഇനിയും നീയെനിക്കു നൽകരുതേ”.
Featured Image: – https://goo.gl/eTG2ak
ബാംഗ്ലൂരിൽ നല്ല വെയിലുള്ള ഒരു ഉച്ചക്കു കൂടിക്കണ്ട, എന്നോട് അധികം സംസാരിക്കാതെ പെരുമാറിയ ബ്ലോഗർ മുരളീകൃഷ്ണ മാലോത്താണ് ഈ കഥ എഴുതാൻ പ്രേരകമായ ഘടകം. അദ്ദേഹത്തോട് കടപ്പാട് രേഖപ്പെടുത്തുന്നു.
എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
🙂
എന്നും സ്നേഹത്തോടെ
സുനിൽ || ഉപാസന
അപ്പോ സുനിൽ എന്നെ കാണുമ്പോൾ എഴുതുന്ന കഥ ഇതിന്റെ നേരെ വിപരീതമാവും … 🙂
(മിണ്ടാൻ അവസരം കിട്ടാത്ത ഹതഭാഗ്യൻ എന്നൊ മറ്റൊ തലക്കെട്ടും)
hahah എന്നാലും മുരളി നിരാശപ്പെടൂത്തിയല്ലോ അവനെ ഞാനൊന്നു കാണട്ടെ അവന്റെ ചാറ്റിംഗിലുള്ള ലോക്കൽ ഡയലോഗൊന്നും നേരിൽ കാണുമ്പോഴുള്ള ജാഡയ്ക്കിടയിലേക്കു കയറി വന്നില്ല അല്ലെ .. സുനിയേട്ടാ .. കഥ കിടിലനായിട്ടൂണ്ട് . പിന്നെ നമുക്കൊന്നു കാണാൻ ഓണത്തിനു കണ്ണൂർ സൈബർ മീറ്റിനു വരുമോ..? സെപ്തമ്പർ 11 നാലാം ഓണം നാളിൽ കണ്ണൂർ ജവഹർ ലൈബ്രറി. മറക്കെണ്ട.
@ നാടകക്കാരൻ
വായനക്കും ലൈക്കിനും നന്ദി.
ഓണം പ്രോഗ്രാംസ് ഇതുവരെ ക്രമീകരിച്ചിട്ടില്ല. നാട്ടിൽ ഉണ്ടാകുമോ എന്നും പറയാനാകില്ല. കഴിഞ്ഞ ഓണം മിസായിരുന്നു.
🙂
സ്നേഹത്തോടെ
ഉപാസന
സ്വന്തം ചുറ്റുവട്ടത്തുനിന്ന് പുതുമയുള്ള പ്രമേയങ്ങൾ കണ്ടെടുക്കാനുള്ള മൂന്നാം കണ്ണ് സുനിലിനുണ്ട്. മാത്രമല്ല, അതിലളിതമായ ഭാഷയിൽ സങ്കീർണ്ണമായ ആശയങ്ങളെ അവതരിപ്പിക്കാനുള്ള കരവിരുതും..കഥയുടെ നട്ടെല്ലായി മാറുന്ന വിശദാംശങ്ങളാണ് മറ്റൊരു ഘടകം.പരിസര നിരീക്ഷണത്തിൽ ആശാൻ തന്നെ..ഉള്ളിലേക്കുള്ള നോട്ടത്തെപ്പറ്റി പറയാനുമില്ല.!
മൌനത്തിന്റെ ഈ അർത്ഥതലങ്ങൾ എന്നെ രസിപ്പിച്ചു.
എന്താന്നറിയില്ല ഒറ്റയിരിപ്പില്‍ തന്നെ വായിച്ചു.
ബന്ഗ്ലൂരിനെ വല്ലാതെ പ്രണയിച്ചിരുന്നത് കൊണ്ടാവണം
ഒരു ചെറിയ ത്രെഡില്‍നിന്ന് രസകരമായി എഴുതി. എങ്കിലും മുന്‍പ് വായിച്ച കഥകളുടെ അത്ര പോരാ.
ഈ കഥ എന്നെ വല്ലാത്തൊരു അവസ്ഥയില്‍ കൊണ്ടെത്തിച്ചു.നിങ്ങള്‍ തന്ന വിശദീകരണം കൂടി വായിച്ചിട്ട് ഞാന്‍ ഉള്‍ക്കൊണ്ട രീതിയിലല്ല നിങ്ങള്‍ പറഞ്ഞിരിക്കുന്നതെന്ന് തോന്നുന്നു.എങ്കിലും ഈ കഥയെ ഞാന്‍ ഉള്‍ക്കൊണ്ട രീതിയില്‍ ഒരസ്വസ്ഥതയോടെ ഓര്‍ക്കാനാണ് എനിക്കിഷ്ടം. ഈ വായനാനുഭവത്തിനു
നന്ദി…..നിങ്ങളുടെ എഴുത്ത് ഒരു നല്ല പ്രചോദനമാണ് ….
ചെറിയൊരു സംഭവം എന്ന് തോന്നുമെങ്കിലും വളരെ നന്നായി എഴുതിയിരിക്കുന്നു
ഇവിടെ ഞാൻ അദ്യമായിട്ടാണ്…ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല….
കഥ പറയുന്ന രീതി വ്യത്യസ്തവും..താല്പര്യം തോന്നുന്നതുമാണ്…
ചുഴിഞ്ഞു നോക്കിയാൽ വലിയ ഒരു പ്രമേയം കാണുന്നില്ലെങ്കിലും എഴുത്തുകൊണ്ട് എഴുത്തുകാരൻ..” വായിച്ചു തുടങ്ങിയോ..എന്നാൽ പിന്നെ മുഴുവൻ വായിച്ചിട്ട് പോയാൽ മതി എന്നു” പറയാതെ പറഞ്ഞിരിക്കുന്നു..
വളരെ നന്നായിട്ടുണ്ട്
നല്ലൊരു കഥ. ലളിതമായ ഒരാഖ്യാനത്തിനു പിറകിൽ മനസ്സിന്റെ ചില ഒഴിയാബാധകൾ പുറത്തു കൊണ്ടുവരുന്നതിനാലാകാം ഇതെന്നെ അസ്വസ്ഥനാക്കി. നാം ആരോടെങ്കിലും ആവേശകരമായി സംസാരിക്കുമ്പോൾ അവരുടെ മൌനം അസ്വാസ്ഥ്യജനകവും ചിലപ്പോൾ മുറിവേപ്പിക്കുന്നതും സദാ പിന്തുടരുന്നതുമാണ്. സ്വയം വിമർശനത്താൽ, ചിലപ്പോൾ ആത്മനിന്ദയാൽ നമ്മൾ,(എന്തുമാകട്ടെ അങ്ങനെ തന്നെയെഴുതാം), പണ്ടാരടങ്ങിപ്പോകും. സുനിൽ മൌനത്തിന്റെ നാനാർത്ഥങ്ങൾ നാനാർത്ഥങ്ങളുള്ള കഥയായി എനിക്കനുഭവപ്പെട്ടു.
ഇഷ്ടമായി. ഒരൊഴിയാ ബാധ പോലെ വിഷമിപ്പിയ്ക്കുന്ന അവസ്ഥ…നന്നായി എഴുത്. അഭിനന്ദനങ്ങൾ.
Nice one mashe..
നല്ല കിടിലൻ കഥ. വായിച്ചു വായിച്ച് ആ അസ്വസ്ഥത ഇങ്ങോട്ടും പകർന്നു തുടങ്ങിയോ എന്നുപോലും തോന്നി. അവസാനം അതു മാറി ചിരിയായി.
നമ്മുടെ മുരളികയല്ലേ അതു്. ആളത്ര മൗനിയായിരുന്നില്ലല്ലോ!
കഥ കലക്കീട്ടാ
ആശംസകള്‍
നല്ലത്രെഡ് ഉണ്ട് കഥയ്ക്ക്. ചിലതൊക്കെ പറയാതിരിക്കുകയായിരുന്നു ഭംഗി എന്നു തോന്നി. പിന്നെ അവസാനം ഒരു പഞ്ച് ഇല്ലാതായെന്നു തോന്നുന്നില്ലേ?
എതിരണ്ണാ,
അവസാനത്തെ ഒന്നു രണ്ട് പാര സീരിയസിൽ നിന്ന് ഒരുതരം കോമഡി സ്റ്റൈലിലേക്കു മാറിയെന്നത് സത്യമാണ്. അത് പഞ്ച് കുറച്ചു എന്ന് മറ്റൊരു ബ്ലോഗറും സൂചിപ്പിച്ചിരുന്നു. എതിരണ്ണനും ആ ബ്ലോഗറും നല്ല വിശകലനശേഷി ഉള്ളവരായതിനാൽ അഭിപ്രായം മാനിക്കുന്നു. അനുയോജ്യമായ ഒരു സാഹചര്യത്തിൽ ചെറിയ മാറ്റങ്ങൾ അവസാനഭാഗത്തു ഞാൻ നടത്തും.
കഥയിൽ ചിലപ്പോൾ അത്ര അത്യാവശ്യമല്ലാത്ത ഭാഗങ്ങളും കണ്ടേക്കാം. അവയ്ക്കും നിശബ്ദമായ ധർമ്മമുണ്ടെന്നു ഞാൻ കരുതുന്നു. അതു ചിലപ്പോൾ ഗ്യാപ് ഫില്ലർ ആകാം. അല്ലെങ്കിൽ കഥയുടെ മുഖ്യധാരയിലൂടെ ഒരുപാട് നേരം ചരിച്ചാൽ അതു വായനക്കാരെ മുഷിപ്പിക്കുമോ എന്നു കരുതി വച്ചിരിക്കുന്ന ബിറ്റുകളും ആകാം. 🙂
തുറന്ന അഭിപ്രായത്തിനു നന്ദി
🙂
എന്നും സ്നേഹത്തോടെ
സുനിൽ || ഉപാസന
എന്റെ ആദ്യ വരവാണ്…എത്റ മനോഹരമായാണ് കഥ പറഞ്ഞത്…!! ശരിക്കും കഥയില്‍ ലയിച്ചിരുന്ന് വായിച്ചു..ആദ്യ കമന്റ് വേണ്ടാരുന്നു എന്ന് തോന്നി..കാരണം, ഈ കഥയിലൂടെ വേറൊരു വഴിക്കായിരുന്നു എന്റെ സഞ്ചാരം..അതിനൊരു തടസ്സം പോലെ…
ഒരു നല്ല കഥ വായിച്ച ആത്മ സംത്റ്പ്തിയോടെ കഥാകാരനു ആശംസകള്‍…
@ അനശ്വര
ഈ പോസ്റ്റിലെ ആദ്യകമന്റിനെ പറ്റി പറഞ്ഞതിൽ കാര്യമുണ്ട്. ഇത്തരം കഥകൾ എഴുതുമ്പോൾ ത്രെഡ് കിട്ടിയതെങ്ങിനെ എന്നു വിശദീകരിക്കാതിരിക്കുന്നതാണ് നല്ലത്. അതു വായനക്കാരെ അവരുടേതായ മേച്ചിൽപുറങ്ങളിൽ അലയാൻ നിർബന്ധിതരാക്കും.
എന്റെ പല പഴയ കഥകളിലും കഥയുടെ ത്രെഡ് കിട്ടിയതെങ്ങിനെ എന്നു വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇനി മുതൽ അക്കാര്യത്തിൽ ഒരു മാറ്റം ഞാൻ വരുത്തിയേക്കാം.
ആദ്യ വരവിനു നന്ദി
🙂
സുനിൽ || ഉപാസന
വായിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്ക് തന്നെ ഒരു വീര്‍പ്പുമുട്ടലായിരുന്നു .. ആരെങ്കിലും ഒന്ന് സംസാരിച്ചിരുന്നെങ്കില്‍ എന്ന് തോന്നി പോയി… സതീഷ് വാതിലില്‍ മുട്ടിയപ്പോള്‍ മുരളിയെയാണ് പ്രതീക്ഷിച്ചത്… വളരെ നന്നായിട്ടുണ്ട്… അവസാനഭാഗം ഒഴിച്ച്…
ബംഗ്ലൂര്‍ ജീവിതത്തിന്റെ ഒര്മാപ്പെടുത്തലായി കഥ .
നമ്മുടെ നാടിന്‍റെ പരിച്ഹേദമാണ് ഇത് പോലുള്ള മെസ്സുകള്‍ , മലയാളികളായ പാവപെട്ട കൂലി പണിക്കാര്‍ തൊട്ടു , ഐ ടി പ്രഫഷണലുകള്‍ വരെ ഉണ്ടാകും മേശക്കു ചുറ്റിനും “നാടിനു വലിയ പുരോഗമന സ്വഭാവം ഉള്ളത് കൊണ്ട്” ഒരു ഗതിയും പരഗതിയും ഇല്ലാതെ എന്നോ നാട് വിട്ടവര്‍
കാരണഹേതുവായ “കഥാ തന്തു” , ഇടയ്ക്കിടെ നഖം കടിക്കാറുണ്ട് അല്ലേ?
ഹാ ഹാ ഹാ…………
നമ്മുടെ മുരളികയല്ലേ അത് – തന്നെ എഴുത്തുകാരിച്ചേച്ചീ, തന്നെ.
കൊട്ടിലേ നുമ്മ മിണ്ടാതിരുന്നു കൊടുത്തതാണെന്ന്. അല്ലാതെ അറിയുന്ന വല്ലോരും ഇത് സമ്മതിക്കോ?
ഞാന്‍ തന്നെ വായിച്ച് കണ്‍ഫ്യൂസ്ഡ് ആയീന്ന്.
എന്നാലും എന്റെ സുനീ, അയല പൊരിച്ചതും കൂട്ടി സബീനാത്താന്റെ കടേന്ന് വയറുനിറയെ ചോറും വാങ്ങിത്തന്ന് വിട്ടിട്ട് ഒറ്റയ്ക്കിരുന്നുണ്ടു എന്ന് പറഞ്ഞു കളഞ്ഞല്ലോ.
ഒന്നൂടെ കാണണം എന്നുതോന്നുണ്ട്. മിണ്ടി മിണ്ടി നിങ്ങളെ വെറുപ്പിക്കണം ന്നും
എനിക്കു പണ്ടേ തോന്നിയിരുന്നു ഈ മുരളി ആളൊരു ഭയങ്കര ജാഡ റ്റീമാണെന്ന്….ഇപ്പോ ഉറപ്പായി..
മുരളിയുടെ ബസ് കണ്ടാണ് കഥയിലേക്കെത്തിയത്. ഇഷ്ടപ്പെട്ടു. മുരളി ടീച്ചറെ കല്യാണം കഴിച്ച വാചകം വന്നപ്പോള്‍ ഞെട്ടി 😉 ദുഷ്ടന്‍ സദ്യക്കു ക്ഷണിച്ചില്ലല്ലോ എന്നതാരുന്നു ദുഃഖം.
ട്രാക്കിംഗ് 🙂
ആദ്യമേ വായിച്ചെങ്കിലും കമന്റ് ഇടാന്‍ വൈകി 🙂 നന്നായിരിക്കുന്നു സുനില്‍!!
ആശംസകള്‍!
മുരളിറെ ബസ്സ് കണ്ടിട്ടാണ് ഇവിടെ എത്തിയത്… അവന്‍ സംസാരിചില്ലന്നു കേട്ടപ്പോ ഞെട്ടി… അവന്റെ വാ അടപ്പിക്കാന്‍ നമ്മള്‍ പെട്ടൊരു പാട് നമുക്കെ അറിയൂ… ഇത് വേറെന്തോ പ്രശ്നമാ…
🙂
This comment has been removed by the author.
ഗന്ധർവ്വരേ : എന്തിനാണ് കമന്റ്. ഗൂഗിൾ ബസിൽ ലൈക്കിയതും ഷെയർ ചെയ്തതും ഞാൻ കാണുന്നുണ്ടല്ലോ.
സന്തോഷം
🙂
ഉപാസന
കഥ വളരെ നീണ്ടുപോയെന്നു ഞാന്‍ പറയും. ഇത്രയും പരത്തി പറയാതെ കഥയെഴുതാന്‍ ആവില്ലേ? കഥയുടെ പരിണാമഗുപ്തി ആദ്യമേ പിടികിട്ടിയതുകൊണ്ടാകും ബോറടിച്ചു. എങ്കിലും കഥാ തന്തു ഇഷ്ടപ്പെട്ടു. മൌനം ഭ്രാന്തു പിടിപ്പിക്കും. പണ്ട് സ്വാതന്ത്ര്യ സമര പോരാളികളെ ഇരുട്ടറയില്‍ ഏകാന്ത തടവറയില്‍ പാര്‍പ്പിക്കുമായിരുന്നല്ലോ. ആ മൌനത്തെ മറികടക്കാന്‍ സ്വയം പാടുകയും സ്വയം സംസാരിക്കുകയും ആണ് അവര്‍ ചെയ്യാറുള്ളത്.
ആശംസകള്‍.
@ ഭാനു
കഥ നീണ്ടുപോയാൽ ഇപ്പോൾ എന്താ കുഴപ്പം ?
എന്റെ എല്ലാ കഥകൾക്കും കുറച്ചു നീളമുണ്ട്. നീളം കുറക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ചിലർക്ക് ചുരുക്കി എഴുതി അവതരിപ്പിക്കാൻ സാധിക്കുമായിരിക്കും. അതവരുടെ ശൈലി. എന്റേത് ഇങ്ങിനെ.
പരത്തി എഴുതുന്ന കാര്യം. എതിരണ്ണനു കൊടുത്ത മറുപടി ശ്രദ്ധിക്കുക. അതിൽകൂടുതൽ ഭാനുവിനോടും പറയാനില്ല.
<>കഥയുടെ പരിണാമഗുപ്തി ആദ്യമേ പിടികിട്ടിയതുകൊണ്ടാകും
!!!!
ഞാൻ കരുതിയത് പകുതിവരെയെങ്കിലും വായിച്ചാലേ (കുറഞ്ഞത്, മുരളി എന്നെ വിട്ടുപോകുന്ന രമഗം വരെ) കഥയുടെ അന്ത്യത്തെപ്പറ്റി എന്തെങ്കിലും ഊഹങ്ങൾ നടത്താനാകുള്ളൂവെന്ന്.
ഭാനുവിനു നന്ദി
🙂
ഉപാസന
good.simple straight forward narration.reference to communicative and uncommunicative silences deserves special mention
Pinne Parathi parayunnathalla churukki parayunnathu thanneyaanu sariyaya reethi.udaharanam “Perunthachan” thats t.padmanabhan thanne.He is Perumthachan because of his ability to express toomuch with too few words
ആദ്യമായി ഈ വഴി വരുന്നു… കഥ വളരെ നന്നായി…
സ്ത്രീകൾക്കു ഉയരം കൂടിയവരോട് ലൈംഗികവും തദ്വാരാ മാനസികമായും അടുപ്പം കൂടുമെന്നു ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ വായിച്ചത് അടുത്തകാലത്താണ്…
ഇത് സത്യമാണോ? ഭഗവാനേ….
കഥയല്ല, ഒരു യാത്ര ഒന്ന് മിണ്ടാന്‍ തോന്നുന്ന പുകചിലുപിടിച്ച യാത്ര !
“സ്വപ്നലേഖ, സ്വയംവരപ്പന്തല്‍ പിന്നെ മൗനത്തിന്റെ നാനാര്‍ത്ഥങ്ങളും”
സ്നേഹപൂര്‍വ്വം
പ്രജില്‍
ഈ കഥ വായിച്ചതിപ്പഴാ…. നന്നായിരിക്കുന്നു…ഓഫീസിലിരുന്ന് ഒറ്റയടിക്കു വായിച്ചു തീര്‍ത്തു… 🙂