പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]

കക്കാട് ഓസീൻകമ്പനിക്കു മുന്നിലുള്ള പടമാൻ‌ വീട്ടുകാരുടെ പറമ്പിലാണ്, പണ്ടുകാലത്തു കക്കാടിൽ ജീവിച്ചിരുന്ന മാന്ത്രികവിദ്യകളും അതീന്ദ്രിയ ശക്തിയുമുണ്ടായിരുന്ന ശങ്കരമ്മാൻ എന്ന വ്യക്തിയുടെ ആത്മാവിനെ കുടിയിരുത്തിയിരിക്കുന്ന ചെറിയ അമ്പലം. നാട്ടുകാർ ആ അമ്പലത്തെ ശങ്കരമ്മാൻ കാവ് എന്നാണ് വിളിക്കുക. വലത് തുട നെടുകെ കീറി, അതിൽ ജപിച്ചു കെട്ടിയ ഏലസ് വച്ച് തുന്നിച്ചേർത്തതാണത്രെ അദ്ദേഹത്തിന്റെ അതീന്ദ്രിയ ശക്തികൾക്കു പിന്നിലെ കാരണം. മരണശേഷവും അദ്ദേഹത്തിന്റെ പ്രഭാവം കക്കാടിന്റെ ചുറ്റുവട്ടത്തുണ്ടെന്നു മനസ്സിലാക്കി അദ്ദേഹത്തിനു കുടിയിരിക്കാൻ സ്ഥലം കൊടുത്തത് പടമാൻ ‌വീട്ടുകാരാണ്. എല്ലാ വർഷവും ചെറിയ തോതിൽ ഒരു ഉത്സവം ശങ്കരമ്മാൻ കാവിൽ, അദ്ദേഹത്തിന്റെ തായ്‌വഴിയിൽ‌പ്പെട്ട കണ്ണാമ്പലത്ത് വീട്ടുകാർ നടത്താറുണ്ട്. ഒരാഴ്‌ച നീളുന്ന പൂജകളും കളമെഴുത്തും പാട്ടും. അവസാന ദിവസം തായമ്പകയും ചെറിയ തോതിലൊരു മേളവും ഉണ്ടാകും.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചിലെ ഉത്സവത്തോടു അനുബന്ധിച്ച് ഒരു ദേവപ്രശ്നം കൂടി നടത്താൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചു. കാവിൽ ശങ്കരമ്മാനൊപ്പം കുടിയിരുത്തിയിരുന്ന ദേവകൾ തൃപ്തരല്ലെന്നതിനു ഉപോല്‍‌ബലമായി പല ദുര്‍‌നിമിത്തങ്ങളും അതിനകം കണ്ടിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ ആരും കാര്യമായെടുത്തില്ല. എങ്കിലും അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒന്നുകൂടി നടന്നപ്പോൾ ദേവപ്രശ്‌നത്തിനു തിടുക്കത്തിൽ ധാരണയിലെത്തി.

എല്ലാ ദേശക്കാരിലും വിവരം എത്തിയിരുന്നതിനാൽ ശങ്കരമ്മാൻ‌ കാവിൽ നല്ല ജനക്കൂട്ടമെത്തി. കാവിന്റെ ഇടതുമൂലയിലെ സര്‍പ്പക്കാവിനു മുന്നിൽ പല നിറങ്ങളിലുള്ള പൊടികള്‍കൊണ്ടു വരച്ച ഒരു കളം. ദൃംഷ്‌ടകളും നീണ്ട നാക്കുമുള്ള ഒരു യക്ഷിയുടെ രൂപമാണ് കളത്തിനു നടുവിൽ. വാഴപ്പോള ഉപയോഗിച്ചു കളത്തിനു അതിരുകളും കമാനവും ഒരുക്കിയിരുന്നു. ‘വാഴപ്പോള അമ്പല‘ത്തിന്റെ കവാടത്തിനു മുന്നിൽ ഏഴുതിരിയിട്ട ഏഴു വലിയ നിലവിളക്കുകൾ. വിളക്കുകള്‍ക്കു മുന്നിൽ വലിയ ഓട്ടുരുളിയിൽ ചെത്തിപ്പൂവിട്ട ചുവന്ന ഗുരുതിപ്രസാദം. പിന്നിൽ ചതുരാകൃതിയിലുള്ള കരിങ്കല്ല്. അതിന്‍‌മേൽ ചുവന്ന പട്ടിൽ പൊതിഞ്ഞ, കൊല്ലൻ പ്രത്യേകമായി പണിത വലിയൊരു ഇരുമ്പാണി.

അയൽനാടായ തൈക്കൂട്ടത്തെ പ്രശസ്‌ത കണിയാനും മാന്ത്രികനുമായ ബാലകൃഷ്ണ കൈമള്‍ക്കാണ് പ്രശ്‌നത്തിന്റെ മേല്‍‌നോട്ടം. അൻ‌പത്തഞ്ച് വയസ്സുള്ള ആരോഗ്യദൃഢഗാത്രനാണ് കൈമൾ. വെളുത്ത നിറം. കഴുത്തു മറയ്‌ക്കുന്ന നീണ്ട താടി. രോമാവൃതമായ കുടവയറിൽ മുട്ടിയുരസിക്കിടക്കുന്ന വെള്ളി കെട്ടിയ രുദ്രാക്ഷമാല. ചിരിക്കാത്ത പരുക്കൻ ‌മുഖഭാവം. ഇതൊക്കെയാണ് ബാലകൃഷ്‌ണക്കൈമൾ. മഞ്ഞനിറമുള്ള പട്ടുചേലയിൽ ഇരിപ്പുറപ്പിച്ചു അദ്ദേഹം പൂജകൾ ആരംഭിച്ചു. നിഗൂഢങ്ങളായ അനേകം മന്ത്രങ്ങൾ അവിരാമം ഉരുക്കഴിക്കാൻ തുടങ്ങി. ഓരോ മന്ത്രവും ഉരുക്കഴിച്ചശേഷം കളത്തിലേക്കു ഒരു നുള്ള് ഭസ്മം വലിച്ചെറിയുന്നുമുണ്ട്.

നെറ്റിയിലാകെ ഭസ്‌മംപൂശി ധ്യാനത്തിലിരിക്കുന്ന കൈമളെ ആശങ്കയോടെ നോക്കി അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരന്‍ ശ്രീനിവാസസ്വാമി, പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്ന, കൈമംഗലത്ത് വീട്ടിൽ പുരുഷോത്തമനോടു ചോദിച്ചു.

“കൈമള്‍ വിചാരിച്ചാ വല്ലോം നടക്ക്വോ പുരുഷൂ?”

സ്വാമിയോടു ഒച്ച കൂട്ടരുതെന്നു ആഗ്യം കാണിച്ച് പുരുഷോത്തമൻ ശബ്ദം താഴ്ത്തി പറഞ്ഞു.

“സാമീ അങ്ങനെ പറേര്‌ത്. കൈമള് ചെയ്താ അത് അച്ചട്ടാ! അറീലേ തൈക്കൂട്ടം കാളിവിരുത്തികാവിലെ കാഞ്ഞിരത്തീ തറച്ചേക്കണ യക്ഷീനെ? ഈ കൈമള് പിടിച്ച് കെട്ടീതാ“


അതെ. യക്ഷിയാണിവിടെ വിഷയം. ശങ്കരമ്മാൻ‌കാവിന്റെ ഒരുവശത്തു സാമാന്യം വിസ്താരമുള്ള മൈതാനമാണ്. മൈതാനത്തിനു നടുവിൽ ഒരു പൊട്ടക്കിണർ ഉണ്ട്. കാവിലെ ആവശ്യങ്ങൾക്കു പണ്ട് കുഴിച്ചതാണെങ്കിലും വർഷങ്ങളായി കിണർ ആരും ഉപയോഗിക്കാറില്ല. അതിന്റെ ആഴവും ആര്‍ക്കുമറിയില്ല. പേടിമൂലം ആരുമങ്ങോട്ടു പോകാറേയില്ല. പൊട്ടക്കിണറിന്റെ ഉൾവശത്തു വേരുറപ്പിച്ചു വലിയൊരു ഏഴിലം‌പാല നിൽ‌പ്പുണ്ട്. എപ്പോഴും കാടുപിടിച്ചു കിടക്കുന്ന ഈ മൈതാനത്താണ് കക്കാട് അയ്യങ്കോവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം‌വിളക്ക് ഉത്സവത്തിനു ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുക. അല്ലാത്ത സമയം മരക്കിഴങ്ങ് കൃഷി ചെയ്യും. അപ്പോഴും പൊട്ടക്കിണറിനു ചുറ്റുമുള്ള കുറച്ചുഭാഗം ഒന്നുംചെയ്യാതെ വെറുതെയിട്ടിരിക്കും. അതാണ് ചിട്ട. ആരും തെറ്റിച്ചുകൂടാ.

വളരെ പണ്ട് ഏതോ ഒരു സ്ത്രീ പൊട്ടക്കിണറിൽ ചാടി മരിച്ചിട്ടുണ്ടത്രെ. അന്നമനടയിലുള്ള ഒരു അന്തര്‍ജ്ജനമാണെന്നാണു പഴയ തലമുറയിലെ ആളുകൾ പറയുന്നത്. അവർ അവരുടെ പൂര്‍വികരില്‍നിന്നു കേട്ടു മനസ്സിലാക്കിയതാണ്. ദുര്‍മരണം നടന്ന കാലത്തെപ്പറ്റി കൃത്യമായ അറിവ് ആര്‍ക്കുമില്ലെങ്കിലും, അന്തർജ്ജനത്തിന്റെ മരണം അപമൃത്യുവായിരുന്നു എന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ അഭിപ്രായവ്യത്യാസം ഇല്ല. അന്തര്‍ജ്ജനത്തെ ആരോ ചതിച്ചതാണെന്നും, അവരുടെ ആത്മാവ് മൈതാനത്തു ഇപ്പോഴും അലഞ്ഞു നടക്കുന്നുണ്ടെന്നുമാണ് പലരുടേയും ഉറച്ച വിശ്വാസം. അയ്യങ്കോവ് അമ്പലത്തിലെ ഭദ്രകാളിത്തറയുടെ കാവലാളായ പണിക്കവീട്ടിൽ ശേഖരൻ പല രാത്രികളിലും പൊട്ടക്കിണറിൽ അന്തര്‍ജ്ജനത്തെ കണ്ടിട്ടുണ്ടത്രെ. പക്ഷേ ഇത്തരം പറച്ചിലുകളല്ലാതെ അന്തര്‍ജ്ജനം ഇതുവരെ ആരെയെങ്കിലും ഉപദ്രവിച്ചുവെന്നോ ശല്യപ്പെടുത്തിയെന്നോ പരാതിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ അതും സംഭവിച്ചു.

ചാലക്കുടി കെ‌എസ്‌ആർ‌ടി‌സി ഡിപ്പോയിൽ ജോലിയുള്ള കൈമംഗലത്ത് വീട്ടിൽ പുരുഷു എന്ന പുരുഷോത്തമന്‍ ആഴ്ചയിൽ രണ്ടുദിവസമേ വീട്ടിൽ വരൂ. വരുന്നതോ, അര്‍ദ്ധരാത്രിയോടു അടുത്ത സമയത്തും.

കൈമംഗലത്ത് വീട്ടിൽ പുരുഷു ഒരു അപാരധൈര്യശാലിയാണെന്നാണ് കക്കാടിലെ കൃസ്‌ത്യൻ തറവാടായ കണ്ണമ്പിള്ളി വീട്ടിലെ പൗലോസിന്റെ അഭിപ്രായം. അതിനു തെളിവായി ചൂണ്ടിക്കാട്ടുന്നതോ, പുരുഷുവിന്റെ ഇടതൂര്‍ന്ന മീശയും. നല്ല അസ്സൽ കൊമ്പൻമീശ. കൂടാതെ ചെവിയിൽ എഴുന്നുനിൽക്കുന്ന രോമങ്ങൾ ‘പുരുഷോത്തമൻ’ എന്ന പേരിനെ അക്ഷരാർത്ഥത്തിൽ സാധൂകരിക്കുകയും ചെയ്യുന്നു. കട്ടിമീശയുള്ളതു കൊണ്ടാണോ ധൈര്യശാലിയായത് എന്നൊന്നും പൗലോസിനോടു ചോദിക്കരുത്. അദ്ദേഹം‍ ചൂടാകും. പൌലോസിനു ഏതാണ്ട് സമപ്രായക്കാരനായ പുരുഷുവിനെപ്പറ്റി പറയാൻ കഥകൾ ഒത്തിരിയുണ്ട്. പണ്ട് രണ്ടുപേരുടേയും ചെറുപ്പകാലത്തു, ഇരുവരും അന്നനാട് വേലുപ്പിള്ളി അമ്പലത്തിലെ ഉത്സവം കണ്ടു മടങ്ങി വരുമ്പോൾ ഒടിയന്‍ പണിക്കർ‍ പോത്തിനെ അയച്ചതും, ആ പോത്തിനെ തിരിഞ്ഞു നോക്കാതെ പണിക്കരുടെ വീട്ടില്‍പോയി പുരുഷു അദ്ദേഹത്തെ തല്ലിയതും, തല്ലിയതിന്റെ ഏഴാംനാൾ പണിക്കർ പരലോകം പൂകിയതുമെല്ലാം പൗലോസ് വള്ളിപുള്ളി വിടാതെ, ഒറ്റ ശ്വാസത്തിൽ വിവരിക്കും. ഈ പുരുഷുവിനെയാണ്, പണിക്കരെ തല്ലിയ കൈമംഗലത്ത് വീട്ടിൽ പുരുഷോത്തമനെയാണ്, യക്ഷി പേടിപ്പിച്ചത്. അപ്പോൾ അതിൽ പതിരില്ലാതെ തരമില്ല.

സംഭവം ഇങ്ങിനെയാണ്. പതിവുപോലെ ബസിൽ ഒരു നീണ്ട ട്രിപ്പ് കഴിഞ്ഞു രണ്ടുദിവസം വിശ്രമിക്കാമെന്നു കരുതിവന്നതാണ് പുരുഷു. കക്കാടിലെ ഏക വൻ‌കിട വ്യവസായശാലയായ ഓസീൻ കമ്പനിയുടെ പടിക്കൽ ഓട്ടോറിക്ഷ നിര്‍ത്തിച്ച്, പോക്കറ്റില്‍നിന്നു കാശെണ്ണുമ്പോൾ ഡ്രൈവർ ഓര്‍മിപ്പിച്ചു.

“സാറേ ഞാന്‍ വേണോങ്കീ വീട്ടിലെറക്കാം. കൂടുതൽ കാശൊന്നും തരണ്ട. എന്തായാലും ഈ നട്ടപ്പാതിരക്ക് സാറ് തനിച്ച് പോണ്ട”

Read More ->  കെ‌ബി‌ആർ കാതിക്കുടം - 1


അൽപം മിനുങ്ങിയിട്ടുണ്ടായിരുന്ന പുരുഷു, അതിന്റെ ഹാങ്ങോവറിൽ ഓട്ടോഡ്രൈവറെ ഉഗ്രമായി ആട്ടി. “ഫ്‌ഭാ കഴ്വേറി മോനേ… കൈമംഗലത്ത് വീട്ടിൽ പുരുഷൂനെ ഉപദേശിക്കെ! എടാ ഇത് നോക്ക്ടാ, പണിക്കരെ തല്ലിയ കയ്യാ ഇത്. അറിയോടാ ശവീ. ഓട്രാ നിന്റെ പാട്ടവണ്ടീം കൊണ്ട്”

ഓട്ടോറിക്ഷക്കാരൻ പറപറന്നു. കമ്പനിപ്പടിക്കൽ പാറാവ് നില്‍ക്കുന്ന പുനലൂർ സ്വദേശി രാജേന്ദ്രൻ‌‍ പുരുഷുവിനെ കണ്ടപ്പോൾ നീണ്ടുനിവര്‍ന്നു സല്യൂട്ട് ചെയ്‌തു. സല്യൂട്ട് സ്വീകരിച്ച്, പുരുഷു ‘സമയമില്ല പോകുന്നു’ എന്നു ആഗ്യം കാണിച്ചു. രാജേന്ദ്രൻ കമ്പനിയുടെ സെക്യൂരിറ്റി റൂമിലേക്കു പോയി.

കമ്പനിപ്പടി കഴിഞ്ഞ് മൂന്നു കൈവഴികളുള്ള കവലയിൽ എത്തിയപ്പോഴാണ് പുരുഷു ഓര്‍ത്തത്. ഇന്നു വെള്ളിയാഴ്ച, കറുത്ത വാവിന്റെ ദിവസമാണ്. സമയമോ നട്ടപ്പാതിര! കമ്പനിയിൽ നിന്നുള്ള വെളിച്ചം കഴിഞ്ഞു. ഇനിയങ്ങോട്ട് കുറ്റാക്കൂരിരുട്ടാണ്. പുരുഷുവിന്റെ നോട്ടം മൈതാനമധ്യത്തിലെ പൊട്ടക്കിണറിനു നേരെ നീണ്ടു. അറിയാതെ ഒരു ഉള്‍ക്കിടിലം മനസ്സിലുണ്ടായി.

എവിടെയും കനത്ത നിശബ്ദതയായിരുന്നു. പൊട്ടക്കിണറിൽ വേരുറപ്പിച്ച്, വളര്‍ന്നു നില്‍ക്കുന്ന ഏഴിലം‌പാലയുടെ ഇലകള്‍ക്കു അനക്കമില്ലെന്നല്ലാതെ, ഏഴിലം‌പാലയാകെ പൂത്തുനില്‍ക്കുന്ന കാര്യം പുരുഷു ശ്രദ്ധിച്ചില്ല. നോട്ടം പിന്‍‌വലിച്ചു രണ്ടു ചുവടുകൾ മുന്നോട്ടുവച്ചു. അപ്പോൾ റോഡരുകിലെ ഇല്ലിക്കാട്ടില്‍നിന്നു ഏതോ പക്ഷി ഉച്ചത്തിൽ ചിലച്ച്, തൊട്ടുതൊട്ടില്ലെന്ന മട്ടിൽ പറന്നു പോയി. ഞെട്ടി പിന്നോട്ടുമാറി ഇല്ലിക്കാട്ടിലേക്കു നോക്കിയ പുരുഷു കണ്ടത് ചുവന്ന കണ്ണുകളോടെ തന്നെ ഉറ്റുനോക്കുന്ന രണ്ട് ചെമ്പോത്തുകളെയാണ്.

പുരുഷുവിനു എന്തോ വല്ലായ്‌മ തോന്നി. പതിവില്ലാത്ത ഒരു വികാരം. ഈ വല്ലായ്‌മയെ പേടിയെന്നു വിളിക്കാമോ എന്ന ശങ്ക മനസ്സിലുയര്‍ന്നപ്പോൾ വായില്‍നിന്നു ചില വാക്കുകൾ അറിയാതെ പുറത്തു ചാടി.

“കൈമംഗലത്ത് വീട്ടിൽ പുരുഷൂന് പേട്യോ? പണിക്കരെ തല്ലിയ കൈമംഗലത്ത് വീട്ടിലെ പുരുഷോത്തമനു പേട്യോ? ഹഹഹ”

ചുണ്ടിൽ വിടര്‍ന്ന ചിരിയിൽ ലയിച്ചു പുരുഷു പാടാൻ തുടങ്ങി.

“എന്റെ സ്വപ്നങ്ങള്‍ക്ക് ഞാനിന്ന് അവധി കൊടുത്തു…
കൊരട്ടി മധുര ബാറിലൊരു മുറിയെടുത്തു…

ക്വാർട്ടർ റമ്മെടുത്ത് പച്ചക്കടിച്ചു…”

പാട്ടു പൂർത്തിയാക്കി പുരുഷു ആരോടെന്നില്ലാതെ പറഞ്ഞ് ചിരിച്ചു. “കൈമംഗലത്ത് വീട്ടിലെ പുരുഷൂന് പേട്യോ! ഹഹഹ“


അഞ്ചുനിമിഷത്തിനു ശേഷം പുരുഷു ചിരിക്കുന്നത് നിര്‍ത്തി. പക്ഷേ എന്നിട്ടും അന്തരീക്ഷത്തിൽ ചിരിയുടെ അലയൊലികൾ നിന്നില്ല. “ഹഹഹഹ”

വേറൊരാൾ കൂടി ചിരിക്കുന്നു. കുണുങ്ങിക്കുണുങ്ങി ചങ്കിൽ തറക്കുന്ന തരം ചിരി. അരമണികളുടെ കിലുക്കം പോലെയുള്ള ചിരി. അതെ. ഒരു പെണ്ണിന്റെ ചിരി!

പുരുഷുവിന്റെ തൊണ്ട വരണ്ടു. ഞെരമ്പുകളിൽ ചോര ഉറഞ്ഞു കനംവച്ചു. നോട്ടം ഒരിക്കല്‍കൂടി മൈതാനമധ്യത്തെ പൊട്ടക്കിണറിനു നേരെ നീണ്ടു. അവിടത്തെ ദൃശ്യം കണ്ട് പുരുഷോത്തമൻ ഞെട്ടിവിറച്ചു.

പൊട്ടക്കിണറിലെ ഏഴിലം‌പാലയുടെ ചുവട്ടിൽ ഏഴ് തിരിയിട്ട ഏഴ് തൂക്കുവിളക്കുകൾ എരിയുന്നു. മഞ്ഞപ്രകാശത്തിനു പകരം ചുവപ്പു നിറമുള്ള പ്രകാശകിരണങ്ങളായിരുന്നു ആ വിളക്കുകൾ വാരിവിതറിയിരുന്നത്. വിളക്കുകള്‍ക്കു പിന്നിൽ സ്വർണ്ണക്കസവിന്റെ സെറ്റുമുണ്ടുടുത്തു, മുലക്കച്ചയില്ലാതെ ഒരു നേര്യത് മാത്രം മാറത്തിട്ടു, വശ്യമായ പുഞ്ചിരിയോടെ മദാലസയായ ഒരു സ്ത്രീ നില്‍ക്കുന്നു. പുരുഷുവിന്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു. നാവ് അറിയാതെ ചലിച്ചു.

“പൊട്ടക്കിണറിലെ അന്തര്‍ജ്ജനം!“

നേര്യതിനിടയിലൂടെ ഇഴഞ്ഞു കയറുന്ന പ്രകാശത്തിൽ അന്തര്‍ജ്ജനത്തിന്റെ വശങ്ങളിലേക്കു തള്ളിനിൽക്കുന്ന മുലകൾ മുക്കാലും അനാവൃതമായിരുന്നു. ഇടുങ്ങിയ അരക്കെട്ട്. വീതിയും വിസ്താരവുമുള്ള പിന്‍ഭാഗം. ലക്ഷണമൊത്ത കൈകാലുകൾ. പനങ്കുല പോലെ തഴച്ചു വളര്‍ന്ന തലമുടി. സ്ത്രീസൗന്ദര്യത്തിന്റെ മൂര്‍ത്തഭാവം.

സ്തോഭജനകമായ ഈ കാഴ്ചകണ്ടു പുരുഷു ശ്വാസമെടുക്കാതെ തരിച്ചുനിന്നു. തുടരെത്തുടരെ കുണുങ്ങിച്ചിരിച്ചു അന്തര്‍ജ്ജനം‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ വാലിട്ടെഴുതിയ മിഴികളുടെ കടാക്ഷങ്ങള്‍ക്കൊന്നും പുരുഷോത്തമനെ ഇളക്കാനായില്ല. ഏതാനും നിമിഷത്തെ പകപ്പിനു ശേഷം അദ്ദേഹം വീട് ലക്ഷ്യമാക്കി നടപ്പ് തുടര്‍ന്നു. ഇന്നേവരെ ആരേയും ഉപദ്രവിക്കാത്ത യക്ഷിയല്ലേ എന്നു സമാധാനിച്ചു നടന്ന പുരുഷുവിന്റെ കണക്കുകൂട്ടലുകൾ അമ്പേതെറ്റിച്ചു, കിണറ്റിന്‍കരയിലെ പാലമരത്തില്‍നിന്നു അന്തര്‍ജ്ജനം വായുവിലൂടെ ഒഴുകി അദ്ദേഹത്തിനു മുന്നിൽ വന്നുനിന്നു. പണിക്കരെ തല്ലിയ കൈമംഗലത്ത് വീട്ടിൽ പുരുഷു ഉടൻ മുണ്ട് മടക്കിക്കുത്തി ഓടാൻ ആഞ്ഞെങ്കിലും കഴിഞ്ഞില്ല. കാലുകൾ അനക്കാനാകുന്നില്ല. കഴിച്ചതെല്ലാം ഇറങ്ങിയപ്പോൾ പുരുഷു പേടിയെന്തെന്ന് അറിഞ്ഞു. അടിമുടി വിയര്‍ത്തു.

Read More ->  മേലാപ്പിള്ളി ജ്വല്ലറി വർൿസ് - 1

പുരുഷുവിന്റെ കനത്ത മീശയിൽ തലോടി കീഴ്ച്ചുണ്ടു കടിച്ചു, അന്തര്‍ജ്ജനം ഇമ്പമേറിയ സ്വരത്തിൽ മൊഴിഞ്ഞു. “ഞാന്‍… ഞാനെന്നും കാണാറ്ണ്ട് പുരുഷൂനെ. എനിക്കെന്ത് ആശയാന്നാ. ഇന്ന്… ന്നെനിക്ക് വേണം”

അനക്കമില്ലാതെ നിന്ന പുരുഷുവിന്റെ കണ്ണുകൾ ചോദ്യഭാവത്തിൽ ചലിച്ചു. മാറത്തെ നേര്യത് വലിച്ചെറിഞ്ഞ്, വിജൃംഭിച്ചു നില്‍ക്കുന്ന മാറിടം അനാവൃതമാക്കി അന്തര്‍ജ്ജനം രാഗപരവശയായി.

“സുരതം!”

പുരുഷു സമ്മതിച്ചില്ല. അദ്ദേഹം തികഞ്ഞ ധര്‍മ്മിഷ്‌ഠനാണ്. മറുപടി കൊടുക്കാന്‍ താമസമേതുമുണ്ടായില്ല.

“പുരുഷൂന് ഒരു ഭാര്യയുണ്ട്. വെറ്‌തെ മെനക്കെടണ്ടാ“

ആവശ്യം നിരസിക്കപ്പെട്ട മോഹഭംഗത്തിൽ അന്തര്‍ജ്ജനം ഉഗ്രമായി അലറി. “ഹാര്‍ച്ച്… ഹാര്‍സ്ച്ച്…”

കൂര്‍ത്ത നഖംകൊണ്ടു പുരുഷുവിന്റെ മുഖം വരഞ്ഞു രക്തംവരുത്തി അന്തര്‍ജ്ജനം വീണ്ടും ഭീഷണമായി ചോദിച്ചു. “പറ്റില്ലേ പുരുഷൂ”

നിഷേധാര്‍ത്ഥത്തിലുള്ള തലയാട്ടലിനൊപ്പം അന്തര്‍ജ്ജനത്തിന്റെ വഴികാട്ടിയായ തൂക്കുവിളക്കിന്റെ കൂര്‍ത്ത അഗ്രം പുരുഷുവിന്റെ വലത്തെ ഉള്ളംകയ്യിൽ ആഴ്ന്നിറങ്ങി. വീണ്ടും അലറിയ അന്തര്‍ജ്ജനത്തിന്റെ കണ്ണുകൾ ചോരഗോളങ്ങളായി മാറി. നഖങ്ങൾ നീണ്ടുവന്നു. അന്ത്യമടുത്തെന്നു മനസ്സിലാക്കിയ പുരുഷു ആദ്യം വീട്ടുകാരെ ഓര്‍ത്തു. ശേഷം നാട്ടുകാരെ ഓര്‍ത്തു. അവസാനം രക്ഷക്കായി അവസാനത്തെ ആശ്രയത്തെ തേടി. ദിവസവും അയ്യങ്കോവ് അമ്പലക്കുളത്തിൽ മുങ്ങിക്കുളിച്ചു തൊഴാറുള്ള, പലതവണ ഇരുമുട്ടിക്കെട്ടുമായി മലയും പടിയും കയറിയ കൈമംഗലത്ത് വീട്ടിൽ പുരുഷു, ഏതു കക്കാട്‌വാസിയേയും പോലെ അഭയം ചോദിച്ചു.

“എന്റെ ശാസ്താവേ!”

പിന്നെ നിറമിഴികളോടെ കൈകൂപ്പി നിന്നു. അപ്പോൾ ശങ്കരമ്മാൻ‌ കാവിൽ‌നിന്നു കുറച്ചു ദൂരെയുള്ള അയ്യങ്കോവ് ക്ഷേത്രത്തിലെ പാലച്ചുവട്ടിൽ കുടികൊള്ളുന്ന ഭൈരവപ്രതിഷ്ഠ ആടിയുലഞ്ഞു. ഭദ്രകാ‍ളിത്തറയിൽ ചെമ്പട്ടിൽ പൊതിഞ്ഞ പള്ളിവാളില്‍നിന്നു ചോര കിനിഞ്ഞു. ഭഗവതിയുടെ വെളിച്ചപ്പാടായ പണിക്കവീട്ടിൽ ശേഖരൻ ഉറക്കത്തില്‍നിന്നു അരമണികൾ കിലുങ്ങുന്ന ശബ്ദം ശ്രവിച്ചു ഞെട്ടിയെഴുന്നേറ്റു ഉറഞ്ഞുതുള്ളി.

“ഹാര്‍‌ര്ച്ച്… ഹാര്‍‌ര്‌ര്ച്ച്…”

അതെ. ഭദ്രകാളിത്തറയിൽ ഭഗവതി നിലപാടുകൊണ്ടു. അലൗകികമായ പ്രകാശം പരിസരമാകെ ചൂഴ്ന്നുതുടങ്ങി. ക്രമേണ അയ്യങ്കോവ് ക്ഷേത്രമാകെ പ്രകാശപൂരിതമായി. അന്തരീക്ഷത്തിൽ ഉടുക്കുപാട്ടിന്റെ ധ്വനികൾ മുഴങ്ങിത്തുടങ്ങി. പാലച്ചുവട്ടിലെ ഭൈരവ പ്രതിഷ്ഠയില്‍നിന്നു ആരെയോ വരവേല്‍ക്കാൻ ശംഖുനാദം ഉതിര്‍ന്നു. ചുറ്റമ്പലത്തിലെ വാതിലുകൾ, മണികൾ മുഴക്കി, സാവധാനം വലിച്ചു തുറക്കപ്പെട്ടു. മുനിഞ്ഞു കത്തുന്ന ദീപനാളപ്രഭയിൽ ശ്രീകോവിലില്‍നിന്നു തലയിൽ കാവിക്കെട്ടും കയ്യിൽ ചൂരലുമായി, ആപാദചൂഡം ഭസ്മം പൂശിയ ഒരു ബാലവേഷധാരി ഇറങ്ങി വന്നു. കക്കാട്ദേശം കാത്തു സൂക്ഷിക്കുന്ന അയ്യങ്കോവ് ശ്രീധര്‍മ്മ ശാസ്താവ്!

അരമണികൾ കിലുക്കി മന്ദം നടന്നുവന്ന ബാലവേഷധാരി ഭദ്രകാളിത്തറക്കു മുന്നിൽ ശിരസ്സ് നമിച്ചു. ചോരയിറ്റുവീഴുന്ന പള്ളിവാൾ എടുത്തു കണ്ണിൽ ചേർത്തു ധ്യാനിച്ചു. അനുവാദം ചോദിച്ചു.

“അമ്മേ ഭദ്രേ”
അന്തരീക്ഷത്തിൽ ചേങ്ങിലകൾ മുഴങ്ങി‍. “ഛിൽ ചിൽ ചിൽ”

പടമാന്‍വളപ്പിൽ‍ പുരുഷുവിനെ താഢിച്ചു ആഗ്രഹപൂര്‍ത്തിക്കു പ്രേരിപ്പിക്കുകയായിരുന്ന അന്തര്‍ജ്ജനം അദൃശ്യമായ ഒരു ചൂരലിന്റെ അടിയേറ്റു വേദനയിൽ പുളഞ്ഞു. ആരോ വലിച്ചെറിഞ്ഞപോലെ വായുവിലേക്കു എറിയപ്പെട്ടു. ഭയന്നുവിറച്ച അന്തര്‍ജ്ജനത്തിന്റെ മുഖം ബീഭത്സമായി. മദാലസയില്‍നിന്നു യക്ഷിയിലേക്കുള്ള പരിവർത്തനം നേരില്‍കണ്ട പുരുഷു ബോധമറ്റുവീണു. പിറ്റേന്നു വെളുപ്പിനു വിതരണത്തിനായി പത്രക്കെട്ടെടുക്കാൻ കൊരട്ടിയിൽ പോയ വത്സനാണ് നടുറോഡിൽ ചോരയൊലിച്ചു കിടന്ന പുരുഷുവിനെ ആദ്യം കണ്ടത്. അടുത്തു ആരോ പറഞ്ഞേൽ‌പ്പിച്ച പോലെ ഇമയനക്കാതെ കാവലിരിക്കുന്ന ശേഖരൻ വെളിച്ചപ്പാടിനേയും.

പൊട്ടക്കിണറിലെ അന്തര്‍ജ്ജനം അസാമാന്യശക്തി കൈവരിച്ചതായി നാട്ടുകാർ അറിഞ്ഞു. സന്ധ്യ മയങ്ങിയാൽ ആണുങ്ങളാരും ആ വഴി പോകാതായി. ഒടുക്കം ഇതെല്ലാം കൈമളുടെ ചെവിയിലുമെത്തി. യക്ഷിയെ കാഞ്ഞിരത്തിൽ തറക്കണമെന്നു നാട്ടുകാരും നിശ്ചയിച്ചു. അതിനു കേമന്‍ കൈമൾ തന്നെ.

മൂന്നര മണിക്കൂർ നീണ്ട പൂജയിലെ അവസാന പടിയായിരുന്നു ദേവപ്രശ്നം. ശാസ്താവിനെ ധ്യാനിച്ച് കൈമൾ പലകയിൽ കവടി നിരത്തി. വിധികൾ ഒന്നിനു പിറകെ ഒന്നായി വന്നു. അയ്യങ്കോവ് അമ്പലത്തിൽ അഷ്ടബന്ധകലശം നടത്തണം. ഭദ്രകാളിത്തറ പുതുക്കിപ്പണിതു വര്‍ഷം‌തോറും മുടിയാട്ടം നടത്തണമെന്നും പ്രശ്നത്തിൽ കണ്ടു. പരിഹാരങ്ങളെല്ലാം ചെയ്താൽ അന്തര്‍ജ്ജനം ശാന്തയാകുമെന്നും, കാഞ്ഞിരത്തിൽ തറക്കേണ്ട തരത്തിലുള്ള ഭയങ്കര യക്ഷിയല്ല ഇതെന്നും കൈമൾ കൂട്ടിച്ചേര്‍ത്തു. ദിവസവും ശങ്കരമ്മാൻ കാവിൽ വിളക്കു വക്കുന്നതോടൊപ്പം കറുത്തവാവ് ദിവസം ഏഴിലം‌പാലച്ചുവട്ടിലും ഒരു തിരി വച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടാവില്ലെന്നു കൈമൾ അറിയിച്ചതോടെ‍ എല്ലാവരും സമാധാനം കൊണ്ടു.

അന്നു കൈമൾ പറഞ്ഞ ചിട്ടകളൊന്നും ഇന്നുവരെ ആരും തെറ്റിച്ചിട്ടില്ല. അതുകൊണ്ടു പൊട്ടക്കിണറിലെ അന്തര്‍ജ്ജനം ശാന്തയാണ്. എങ്കിലും ഇക്കാലത്തും പാ‍തിരാത്രിയിൽ, പണിക്കരെ തല്ലിയ കൈമംഗലത്ത് വീട്ടിൽ പുരുഷോത്തമൻ ഓസീന്‍കമ്പനിപ്പടിക്കൽ ഓട്ടോയിലെത്തി, സ്വന്തം വീട്ടിലേക്കു നടക്കുമ്പോൾ ഏഴിലം‌പാലയില്‍നിന്നു അന്തര്‍ജ്ജനത്തിന്റെ ക്ഷണിക്കൽ കേള്‍ക്കാമത്രെ.

“പുരുഷൂ… എന്റെ പുരുഷൂ, ഇങ്ങടൊന്ന് വര്വോ?“

18 Replies to “പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]”

 1. പുരുഷുവിന് പതിവില്ലാത്ത എന്തോ വല്ലായ്‌മ തോന്നി. ഈ വല്ലായ്‌മയെ പേടിയെന്ന് വിളിക്കാമോ എന്ന ശങ്ക മനസ്സിലുയര്‍ന്നപ്പോള്‍ വായില്‍നിന്നു അറിയാതെ ചില വാക്കുകള്‍ പുറത്തുചാടി.

  “ഫ്‌ഭ‍ കണ്ണാമ്പലത്ത്‌വീട്ടില്‍ പുരുഷൂന് പേട്യോ? പണിക്കരെ തല്ലിയ കണ്ണാമ്പലത്ത്‌വീട്ടില്‍ പുരുഷോത്തമന് പേടിയോ!”

  ചുണ്ടില്‍ വിടര്‍ന്നചിരിയില്‍ ലയിച്ചു പുരുഷു പാടാന്‍ തുടങ്ങി.

  “സ്വപ്നങ്ങള്‍ക്ക് ഞാനിന്ന് അവധി കൊടുത്തു…
  കൊരട്ടി മധുര ബാറിലൊരു മുറിയെടുത്തു…
  ക്വാര്‍ട്ടര്‍ റമ്മെടുത്ത് പച്ചക്കടിച്ചൂ…”

  പുരുഷു വീണ്ടും ചിന്തിച്ച് ചിരിച്ചു. “കണ്ണാമ്പലത്ത്‌വീട്ടില്‍ പുരുഷുന് പേടിയോ! ഹഹഹഹ“

  എന്തെഴുതണം, എങ്ങിനെയെഴുതണം എന്നു സ്വയം ആരാഞ്ഞുനടന്ന ഒരുനാളിൽ ‘നാട്ടുപുരാണങ്ങൾ’ എന്ന ഉത്തരം എനിക്കു ഓതിതന്ന പോസ്റ്റ്. ഞാൻ എഴുതിയതിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന്.
  🙂
  എന്നും സ്നേഹത്തോടെ
  ഉപാസന || സുപാസന

 2. പ്രേതങ്ങളെയും യക്ഷികളെയും എനിക്ക് പണ്ടേ ഇഷ്ടമല്ല.
  പക്ഷെ ഈ കഥ ഇഷ്ടമായി… ഇതൊക്കെ ശരിക്കും നടന്നതാണോ??
  ആണെങ്കിലും എനിക്ക് പേടിയൊന്നുമില്ല 🙂

 3. നികുകുചേരി : സകലബ്രാന്റും ആളടിക്കും 🙂

  ശാലിനി : എല്ലാം നടന്നതാണെന്നു കൂട്ടിക്കോന്നേയ് 🙂

  Upasana

 4. പുരുഷു പാടിയ പാട്ടെനിക്ക് പിടിച്ചു.
  കാരണം ഞാനും ചാലക്കുടിവഴി പോയിട്ടുണ്ട്.
  എഴുത്ത് മനോഹരം.
  മരണശേഷം ഒരിക്കല്‍ (ഒരിക്കല്‍ മാത്രം അല്ലേ)കാമാര്‍ത്തയായ അന്തര്‍ജ്ജനം
  എന്നത് ആലോചിക്കേണ്ട വിഷയം തന്നെ. മനശ്ശാസ്ത്രം അറിയാത്തത് കൊണ്ട് നമുക്ക് പറ്റില്ല.

 5. @ Shinod Bhai

  ഒരിക്കല്‍ മാത്രമല്ലെന്നു തോന്നുന്നു. പ്ഉരുഷുചറ്റ്റനെ കാണുമ്പോഴൊക്കെ അന്തര്‍ജ്ജനത്തിനു ഒരു പെരുപ്പ് തോന്നാറുണ്ടെന്നാണ്‌ വിദഗ്ദമതം 😉

 6. പതിവ് പോലെ ഉപാസന 'റ്റച്ചുള്ള' കഥ.
  “പൊട്ടക്കിണറിലെ അന്തർജ്ജനവും കണ്ണാമ്പലത്ത്‌വീട്ടിൽ പുരുഷുവും”നല്ല ഒഴുക്കൊടെ എഴുതി…

  “പതിവില്ലാത്ത എന്തോ വല്ലായ്‌മ തോന്നി.
  ഈ വല്ലായ്‌മയെ പേടിയെന്ന് വിളിക്കാമോ
  “യേയ്!! എന്തു പേടി? ഇതു വെറും ഭയം.അല്ലേ?.

 7. എന്താണ്‌ ഉദ്ദേശ്യം? ഒരു പുനപ്രസിദ്ധീകരണം വേണമായിരുന്നോ ഈ കഥക്ക്‌? once OK but…..

 8. കൊള്ളാട്ടോ….. സുകന്യജീ … ഇനി ശെരിക്കും ക്വോട്ടേഷന്‍ കാരെ കിട്ട്വോ /??…

 9. ഈ പ്രേതങ്ങളെ എനിക്ക് കണ്ണെടുത്താല്‍ കണ്ടു കൂടാ… വെറുത്തു പോയി….. പഴയ കമന്റ് ഡിലീറ്റ് ചെയ്യണം …..

 10. ഈ രാത്രി സമയത്ത് ഈ പോസ്റ്റ് തപ്പിപ്പിടിച്ച് വായിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എനിക്ക്..??:(

 11. പുരുഷുവിന് പതിവില്ലാത്ത എന്തോ വല്ലായ്‌മ തോന്നി. ഈ വല്ലായ്‌മയെ പേടിയെന്ന് വിളിക്കാമോ …..

  തനതായ ശൈലി..
  മനോഹരമായ ഒരു അനുഭവം..
  ആശംസകളോടെ..
  വീണ്ടും വരാം..

അഭിപ്രായം എഴുതുക