നീലമരണം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.ഇളം‌നീല ഇന്‍‌ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാൾ കത്തെഴുതാൻ ഇരുന്നു. കൈത്തലം മനസ്സിനൊപ്പം ചലിച്ചു തുടങ്ങി.

“പ്രിയപ്പെട്ട അമ്മക്കു,

  കുറച്ചുനാളിനുശേഷം ഇന്നേ കത്തെഴുതാൻ ഒഴിവുകിട്ടിയുള്ളൂ. എന്റെ തിരക്കുകൾ അറിയാമല്ലോ. നാട്ടില്‍‌നിന്നു എത്തിയ ദിവസംതന്നെ കമ്പനി ഹുബ്ലിയിലേക്കു അയച്ചു. റെയില്‍‌വേയുടെ പുതിയ പ്രോജക്ട് തുടങ്ങുന്നതിനു മുന്നോടിയായുള്ള സന്ദർശനം. അതു കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പ്രതീക്ഷിക്കാത്ത മറ്റു ചില പണികളും കിട്ടി. കത്തെഴുതണമെന്ന ആഗ്രഹം അങ്ങിനെ നീണ്ടുപോയി. അമ്മ പരിഭവിക്കില്ലെന്നു കരുതുന്നു.

കഴിഞ്ഞതവണ നാട്ടിൽ വന്നപ്പോൾ ഞാൻ റൂം മാറുന്നകാര്യം പറഞ്ഞിരുന്നില്ലേ. അതു ഭംഗിയായി നടന്നു. പുതിയവീട് മുമ്പു താമസിച്ചിരുന്ന വീടിനു അടുത്തുതന്നെയാണ്. ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഏറ്റവും മുകളിലെ നിലയിൽ. താഴെയുള്ള നിലകളിൽ ആകെ ആറു കുടുംബങ്ങൾ. എല്ലാവരും അന്യദേശക്കാർ. കന്നഡയും ഹിന്ദിയും കുറച്ചു അറിയാവുന്നതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാം കൈകാര്യം ചെയ്യുന്നു.

പിന്നെ ഞാനൊരു പ്രധാനകാര്യം പറയാൻ പോവുകയാണ്. അമ്മ പരിഭ്രമിക്കരുത്. എന്നെ സംബന്ധിച്ച് ഇതു നിസ്സാര സംഗതിയാണ്. ഞാനിപ്പോൾ താമസിക്കുന്നതു നാലു നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണെന്നു പറഞ്ഞല്ലോ. പക്ഷേ ഇതിനെ ശരിക്കുമൊരു നില എന്നുവിളിക്കാൻ പറ്റില്ല. ടെറസിൽ പുതുതായി പണിത, ചെറിയ ഹാളും അത്രതന്നെ വലുപ്പമുള്ള ബെഡ്‌റൂമും കിച്ചണുമുള്ള കൊച്ചുവീടാണിത്. ഇവിടെ മുമ്പു താമസിച്ചിരുന്നതു അടുത്തുള്ള സ്‌കൂളിലെ ടീച്ചറാണ്. അവിവാഹിതയായ മുപ്പതുകാരി. അവരുടെ വീട് വടക്കൻ കര്‍ണാടകയിലാണ്. ഇവിടെ അധികം ബന്ധങ്ങളില്ലായിരുന്നു. മൂന്നുമാസം മുമ്പ് ചെറുപ്പക്കാരി ടീച്ചർ ഈ റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു. ചുരിദാറിന്റെ ഷാളിലാണ് തൂങ്ങിയത്. കാരണം ആര്‍ക്കുമറിയില്ല. പ്രണയനൈരാശ്യമോ മറ്റോ ആകാം. അതെന്തെങ്കിലുമാകട്ടെ, ഞാൻ പറയാൻ വന്നതു വേറെ കാര്യമാണ്. ഞാൻ കിടന്നുറങ്ങുന്നതു ആ ചെറുപ്പക്കാരി തൂങ്ങിമരിച്ച അതേ മുറിയിലാണമ്മേ. രാത്രിയിൽ ഫാൻ കറങ്ങുമ്പോൾ എന്റെ മനസ്സിൽ ചെറിയ പേടി ഇല്ലായെന്നല്ല. പക്ഷേ അമ്മക്കറിയാമല്ലോ കൗമാരകാലത്തു ഞാനൊരു നിരീശ്വരവാദിയായിരുന്നെന്ന കാര്യം. അത്തരം വിശ്വാസങ്ങളുമായി ഇക്കാലത്തു ബന്ധമില്ലെങ്കിലും ചില ചിന്തകൾ എന്നിലിപ്പോഴുമുണ്ട്. അവയുടെ ബലത്തിൽ ഈ മുറിയിൽ താമസിക്കാൻ ബുദ്ധിമുട്ടില്ല“

കത്തെഴുത്ത് ഇത്രയുമായപ്പോൾ അയാളുടെ പിന്നിൽ ഒരു സ്ത്രീയുടെ ചിരിയുയര്‍ന്നു. അതു ഗൗനിക്കാതെ അയാൾ എഴുതുന്നത് തുടര്‍ന്നു.

“അമ്മ ഇപ്പോൾ പറയാൻ പോകുന്നതെന്താണെന്നു എനിക്കറിയാം. ഉടനെ ഇവിടെ മറ്റൊരു റൂം കണ്ടെത്താൻ ബുദ്ധിമുട്ടാണമ്മേ. ഈ മുറിയാണെങ്കിൽ ആരും താമസിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. മുമ്പ് താമസിച്ചിരുന്ന ചെറുപ്പക്കാരിയിൽനിന്നു വാങ്ങിയതിന്റെ പകുതി വാടകയ്ക്കാണ് ഞാൻ താമസിക്കുന്നത്. വീടിന്റെ ഉടമസ്ഥൻ ആരെങ്കിലും താമസിക്കാൻ വരുന്നതും കാത്തിരിപ്പായിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു ആവശ്യം അറിയിച്ചപ്പോൾ അയാളുടെ മുഖത്തു എന്തു സന്തോഷമായിരുന്നെന്നോ. അടുത്ത നിമിഷം, ഒരു അവിവാഹിത യുവതി തൂങ്ങിമരിച്ച വീടാണെന്നു അറിയുമോയെന്ന് ആശ്ചര്യത്തോടെ ചോദിക്കുകയും ചെയ്തു. അറിയാമെന്നും അധികം ദൂരെയല്ല ഞാൻ താമസിക്കുന്നതെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിനു പിന്നേയും വിസ്‌മയം. ഏറ്റവും ഒടുവിലാണ് ഞാൻ പ്രതീക്ഷിച്ച ചോദ്യം ഉടമസ്ഥൻ ചോദിച്ചത്. അതായത് എനിക്കു പ്രേതങ്ങളിലോ ദൈവങ്ങളിലോ വിശ്വാസമുണ്ടോ എന്ന്. ഞാനെന്തു മറുപടിയായിരിക്കും കൊടുത്തിരിക്കുകയെന്നു അമ്മക്കറിയാമല്ലോ.

അപ്പോൾ ഞാൻ നിര്‍ത്തുകയാണ്. ഉടനെ ഈ മുറിയിൽനിന്നു മാറാൻ എനിക്കു പ്ലാനില്ല അമ്മേ. ചെറുപ്പക്കാരിയുടെ പ്രേതവുമായി പ്രേമത്തിലാകുമോ എന്നൊന്നും ഭയക്കേണ്ട. പ്രേമിക്കാനുള്ള മാനസികാവസ്ഥ എനിക്കില്ലെന്നു അമ്മയ്ക്കു അറിയാമല്ലോ. എല്ലാവരോടും എന്റെ അന്വേഷണങ്ങൾ പറയുക.

അപ്പോൾ ഞാൻ നിറുത്തുന്നു.
സ്നേഹത്തോടെ
അമ്മയുടെ….“

എഴുതിയത് ഒരാവര്‍ത്തികൂടി വായിച്ച്, അയാൾ ഇന്‍‌ലന്‍ഡ് നാലായി മടക്കി. പുറത്തു മേല്‍‌വിലാസം എഴുതി. ചുണ്ടിൽ വിരലോടിച്ച് തുപ്പൽ കാര്‍ഡിന്റെ ഓരത്തുതേച്ചു. എല്ലാം ഭദ്രമെന്നു ഉറപ്പുവരുത്തി അയാൾ കത്ത് മേശപ്പുറത്തിട്ടു. കത്തിനു മുകളിൽ പേന വച്ചു. തുടര്‍ന്നു ജനലിനുനേരെ നോക്കി പറഞ്ഞു.

“കഴിഞ്ഞു”

അയാള്‍ക്കു പുറം‌തിരിഞ്ഞു, ജനലിനു അഭിമുഖമായി ഒരു യുവതി നിന്നിരുന്നു. അയാളുടെ അറിയിപ്പ് അവരിൽ പ്രതികരണം ഉണ്ടാക്കിയില്ല. ആകാശത്തുള്ള നക്ഷത്രങ്ങളിലായിരുന്നു യുവതിയുടെ ശ്രദ്ധ. സീറോവാട്ട് ബള്‍ബുപോലെ മങ്ങി പ്രകാശിക്കുന്ന യുവതിയുടെ നീലക്കണ്ണുകൾ ആകാശസീമയിലുള്ള എന്തിനെയോ ഉറ്റുനോക്കുകയാണ്. കണ്ണിമയനക്കാതെ ശില സമാനമായ നില്‍പ്പ്. അതേറെ നേരം നീണ്ടു. മൂകതയിൽ അസ്വസ്ഥനായി അയാൾ ചുമച്ചു. അപ്പോൾ യുവതി ആകാശത്തുനിന്നു ശ്രദ്ധമാറ്റി അയാളെ കയ്യാട്ടി വിളിച്ചു.

“നീ കണ്ടോ അപ്പുറത്തെ ടെറസിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ചെറുപ്പക്കാരനെ“

യുവതിയുടെ തോളിനുമുകളിലൂടെ അയാൾ എത്തിച്ചുനോക്കി. അപ്പുറത്തെ ടെറസ്സിൽ ഉലാര്‍ത്തുന്ന ചെറുപ്പക്കാരനെ അയാള്‍ക്കു പരിചയമുണ്ടായിരുന്നു. യുവതി തുടര്‍ന്നു.

“ഞാൻ മരിക്കുന്നതിനുമുമ്പ് ഈ ജനലരുകിൽ കസേരയിട്ടു കുട്ടികള്‍ക്കു പിറ്റേന്നത്തേക്കുള്ള പാഠഭാഗങ്ങൾ തയ്യാറാക്കുമ്പോൾ അവനെ പതിവായി കാണുമായിരുന്നു“

“ആരെ അദ്ദേഹത്തെയോ!” അയാൾ ആശ്ചര്യത്തോടെ ചോദിച്ചു.

“നിനക്കെന്താ ഞാൻ പറയുന്നതിൽ വിശ്വാസമില്ലേ?”

അയാൾ മറുപടി പറഞ്ഞില്ല. യുവതിയിൽനിന്നു നോട്ടം പിന്‍‌വലിച്ചു അപ്പുറത്തെ ടെറസ്സിലേക്കു നോക്കി. രണ്ടു ബില്‍ഡിങ്ങുകളും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. ടെറസുകളാണെങ്കിൽ മുട്ടിയുരസിയാണ് നിൽപ്പ്. ഈ കെട്ടിടത്തിൽനിന്നു അനായാസം അടുത്ത കെട്ടിടത്തിലേക്കു പോകാം. പടികൾ കയറുന്നപോലെ അനായാസം. നഗരത്തിലെ ഭൂരിഭാഗം ജനവാസകേന്ദ്രങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. നേര്‍ത്ത അതിരിനാൽ വേര്‍‌തിരിക്കപ്പെട്ടവർ. എന്നാൽ മനസ്സുകൊണ്ടു വളരെ അകന്നവരും.

യുവതി ചൂണ്ടിക്കാണിച്ച യുവാവിനെ അയാള്‍ക്കു പണ്ടേ അറിയാമായിരുന്നു. അഞ്ചുകൊല്ലം മുമ്പ് നഗരത്തിൽ എത്തിയനാൾ മുതൽ ആ ചെറുപ്പക്കാരനെ കാണുന്നതാണ്. ആരും കൂടെയില്ലാതെ ഒറ്റക്കു താമസിക്കുന്ന സുമുഖൻ. വെളുപ്പിനു നീലനിറമുള്ള പാന്റും ടീഷർട്ടും ധരിച്ച് ജോഗിങ്ങിനുപോയി മടങ്ങിവരുന്നത് ഗേറ്റിനരുകിൽ പത്രം മറിച്ചുനോക്കി, പല്ലുതേച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ എന്നും കാണാറുണ്ട്. എട്ടരക്കു ‘HCL’ ലേബലുള്ള ലാപ്‌ടോപ് ബാഗ് തോളിൽ തൂക്കി ചെറുപ്പക്കാരൻ ജോലിക്കു പോകും. രാത്രി ഏഴിനു തിരിച്ചെത്തും. പിന്നെ പുറത്തു കാണില്ല.

Read More ->  അടയാളം ഇല്ലാത്ത ഓർമകൾ

അയാൾ തിരികെ കസേരയിൽ വന്നിരുന്നു. “ആ ചെറുപ്പക്കാരൻ രാത്രി പുറത്തിറങ്ങാറില്ലെന്നാണ് ഞാൻ കരുതിയത്”

അയാളുടെ സ്വരത്തിൽ കീഴടങ്ങലിന്റെ ധ്വനിയുണ്ടായിരുന്നു. ഇത്രനാൾ കണ്ടുപരിചയിച്ച ഒരുവന്റെ അറിയാത്ത പതിവുചര്യകളെപ്പറ്റി മറ്റൊരാൾ പറയുമ്പോൾ ഒന്നു തര്‍ക്കിക്കാൻ പോലും കഴിയാത്തതിന്റെ കുണ്ഠിത്തം.

“അത് അങ്ങിനെയല്ല. അവൻ എന്നും രാത്രി പത്തരയോടെ ടെറസിൽ ഉലാത്താൻ വരും. പക്ഷേ അവനതു വെറുമൊരു നടത്തമല്ല എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഉലാത്തുന്നത് സ്വബോധത്തോടെയാണോ എന്നുപോലും സംശയമുണ്ട്. കാരണം എവിടെയെങ്കിലും എന്തെങ്കിലും ശബ്ദമുണ്ടായാലോ അടുത്തുള്ള ടെറസ്സുകളിൽ ആരെങ്കിലും വന്നുകയറിയാലോ അവനിൽ യാതൊരു ഭാവഭേദവുമുണ്ടാകില്ല. ഒന്നും ശ്രദ്ധിക്കാതെ ഈ ലോകത്തു താൻ മാത്രമേയുള്ളൂവെന്ന മട്ടിൽ തലങ്ങും വിലങ്ങും നടക്കും“

വിവരണം അത്രയുമായപ്പോൾ അയാൾ യുവതിയെ കൂര്‍പ്പിച്ചുനോക്കി. നോട്ടം കൊണ്ടെന്താണ് അയാൾ ഉദ്ദേശിക്കുന്നതെന്നു യുവതിക്കു മനസ്സിലായി.

“നിങ്ങൾ സംശയിക്കണ്ട. എനിക്കവനെ ഇഷ്ടമായിരുന്നു. കാരണമൊന്നുമില്ലാതെയുള്ള പ്രേമം. എന്നും ഞാനവനെ അവനറിയാതെ നിരീക്ഷിക്കും. അവന്റെ ഏകാന്തതക്കു വിരാമമിടാൻ മുറിയിൽനിന്നു പുറത്തിറങ്ങി നടക്കും. ക്രമേണ അങ്ങിനെ നടക്കുന്നത് എന്റേയും ശീലമായി. ഇടക്കു മനപ്പൂര്‍വ്വമല്ലെന്ന വിധത്തിൽ ഞാൻ എവിടെയെങ്കിലും തട്ടും. പക്ഷേ അവനിൽ യാതൊരു ഭാവഭേദവും ഉണ്ടാകില്ല. എപ്പോഴും നടപ്പുതന്നെ. ഒരു മണിക്കൂറെങ്കിലും കഴിയാതെ ടെറസിൽനിന്നു പോകില്ല. നടത്തത്തിനിടയിൽ ഒരിക്കൽപോലും, ഇരിക്കാൻ പാകത്തിനുള്ള പൊക്കമുള്ള, ആ അലക്കുകല്ലിൽ ഇരിക്കുകയുമില്ല. എന്തോ ഇത്തരം വിചിത്രമായ രീതികൾ കൊണ്ടാണെന്നു തോന്നുന്നു എനിക്കു അവനിൽ താല്പര്യം തോന്നിയത്. പക്ഷേ ഒരിക്കൽ മാത്രമേ അവനെന്നെ നോക്കിയിട്ടുള്ളൂ”

അയാളിൽ ജിജ്ഞാസയുണര്‍ന്നു. “എങ്ങിനെയാണ് നീയവന്റെ ശ്രദ്ധയാകര്‍ഷിച്ചത്?”

യുവതി നിഷേധാര്‍ത്ഥത്തിൽ തലയാട്ടി.

“ഞാൻ ശ്രദ്ധയാകര്‍ഷിച്ചതല്ല. മറിച്ച് അവൻ എന്നോടു സംസാരിക്കുകയാണുണ്ടായത്. ഒരിക്കൽ നടന്നു ക്ഷീണിച്ചപ്പോൾ ഞാൻ ടെറസ്സിന്റെ കൈവരിയിൽ ഇരുന്നു. തൊട്ടപ്പുറത്തു അവനുണ്ടെന്ന ചിന്ത എന്റെ മനസ്സിലില്ലായിരുന്നു. അവനെപ്പോഴും അവന്റെ ലോകത്തു മാത്രമാണ്. പക്ഷേ തോളിലൊരു കൈത്തലം മൃദുവായി സ്പര്‍ശിച്ചപ്പോൾ ഞാൻ തിരിഞ്ഞു നോക്കി”

“എന്താണ് അവൻ ചോദിച്ചത്?”

“ഒരു വിചിത്രമായ ചോദ്യം. ആദ്യമെനിക്കു മനസ്സിലായില്ല. അതുപോലുള്ള ചോദ്യങ്ങൾ ആരെങ്കിലും ചോദിക്കുമെന്നു ഞാൻ തീരെ കരുതിയിരുന്നില്ല. പ്രതീക്ഷിച്ച ചോദ്യങ്ങളിലൊന്നും അവന്റെ ചോദ്യമുണ്ടായിരുന്നില്ല. ചോദ്യത്തിലെ പദാവലികൾ വളരെ വ്യത്യസ്തവുമായിരുന്നു“

ഒന്നു നിര്‍ത്തിയിട്ടു യുവതി തുടര്‍ന്നു. “ആകാശത്തുള്ള ഒരുപാട് നക്ഷത്രങ്ങളിലായിരിക്കും മിക്കപ്പോഴും അവന്റെ നോട്ടം. അവയില്‍‌നിന്നു കണ്ണെടുക്കാതെയാണ് ടെറസിലൂടെ നടക്കുന്നതും. എന്നോടു സംസാരിച്ചപ്പോഴും കുറച്ചുനേരമേ എന്റെ മുഖത്തു നോക്കിയുള്ളൂ. പിന്നെ പതിവുപോലെ ആകാശത്തേക്കു കണ്ണുനട്ടു. അവിടെ അവനൊരു നീലനക്ഷത്രത്തെ കാണുന്നുണ്ടെന്നും അവിടെനിന്നാരോ എന്നെ അങ്ങോട്ടു വിളിക്കുന്നുണ്ടെന്നുമാണ് പറഞ്ഞത്. ഇതു പറയുമ്പോൾ അവന്റെ കണ്ണുകൾ നീലനിറത്തിൽ ശോഭിച്ചിരുന്നു. അവൻ ചൂണ്ടിയിടത്തേക്കു നോക്കിയപ്പോൾ നീലനിറത്തിൽ തിളങ്ങുന്ന വലിയൊരു നക്ഷത്രം ഞാൻ കാണുകയും ചെയ്തു”

“എന്നിട്ട്” യുവതിയുടെ വിവരണത്തിൽ അയാള്‍ക്കു രസം കയറി.

“ഞാൻ കണ്ണെടുക്കാതെ ആ നീലനക്ഷത്രത്തെ നോക്കിനിന്നു. അതിനു വല്ലാത്ത ആകർഷണശക്തിയായിരുന്നു. എത്രനേരം അങ്ങിനെ നിന്നെന്നറിയില്ല. അവസാനം ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അടുത്ത ടെറസിൽ അവനെ കണ്ടില്ല. ദൗത്യം പൂര്‍ത്തിയാക്കി അവൻ പോയിരുന്നു”

വളരെനാളുകളായി മനസ്സിൽ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന, അന്നുവരെ ചോദിച്ചിട്ടില്ലാത്ത ചോദ്യം ചോദിക്കാൻ ഇപ്പോഴാണ് പറ്റിയ സന്ദര്‍ഭമെന്നു അയാള്‍ക്കു തോന്നി.

“എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നു നീയെന്നോടു ഒരിക്കലും പറഞ്ഞിട്ടില്ലല്ലോ. ആത്മഹത്യചെയ്യാൻ എന്തെങ്കിലും കാരണങ്ങൾ നിനക്കുള്ളതായി തോന്നിയിട്ടുമില്ല”

യുവതി വല്ലാത്ത മുഖഭാവത്തോടെ വീണ്ടും ആകാശത്തു നോക്കി. അവരുടെ കണ്ണുകളിൽ നീലനിറം കൂടുതൽ വ്യാപിക്കുന്നത് അയാൾ കണ്ടു.

“നോക്കൂ. ആകാശത്തിന്റെ അങ്ങേ അതിരിൽ പ്രകാശിച്ചുനില്‍ക്കുന്ന ഒരു നീലനക്ഷത്രത്തെ നിനക്കിപ്പോൾ കാണാമോ?”

അയാൾ കസേരയില്‍‌നിന്നു എഴുന്നേറ്റു ജനലരുകിലേക്കു ചെന്നു. യുവതി ചൂണ്ടിയിടത്തു അയാൾ നക്ഷത്രം കണ്ടില്ല. മറ്റു ഭാഗങ്ങളിൽ ധാരാളമുള്ള ചെറുനക്ഷത്രങ്ങൾ യുവതി കൈചൂണ്ടിയ ഭാഗത്തില്ലെന്നു മാത്രം മനസ്സിലാക്കി.

“അവിടെ ഒന്നുമില്ലല്ലോ”

യുവതി നിഷേധിച്ചു. “ഉണ്ട്. നക്ഷത്രങ്ങളിലാത്ത ആ ഭാഗത്തൊരു നീലനക്ഷത്രം ഏകയായി നില്‍പ്പുണ്ട്. ആ നക്ഷത്രത്തെപ്പറ്റി പറയുമ്പോൾ ‘ഏക’ എന്ന സ്ത്രീലിംഗം പ്രയോഗിക്കാമോ എന്നറിയില്ല. പക്ഷേ നിസ്സഹായതയെ എന്നിൽ പലപ്പോഴും അടയാളപ്പെടുത്തുന്നത് സ്ത്രീകളാണ്. ഞാൻ കണ്ടിട്ടുള്ള പുരുഷന്മാരിൽ അധികവും ഏകാകികളല്ല“

വിഷയത്തിൽനിന്നു വ്യതിചലിച്ചു പോകുന്നതായി തോന്നിയതുകൊണ്ടു യുവതി സംസാരം നിര്‍ത്തി വീണ്ടും തുടര്‍ന്നു.

“നക്ഷത്രങ്ങളില്ലാത്ത ഭാഗത്തുനില്‍ക്കുന്ന നീലനക്ഷത്രത്തെ നീ കാണുന്നില്ലേ അല്ലേ? ഉം കാണാതിരിക്കുന്നതാണ് നല്ലത്. കണ്ടാൽ…”

“കണ്ടാൽ?” അയാൾ തിരിച്ചുചോദിച്ചു.

“കണ്ടാൽ ഒരുപക്ഷേ നീയും എന്നെപ്പോലെ നീലമരണത്തെ ഇഷ്ടപ്പെട്ടേക്കാം”

കേട്ടതു മനസ്സിലാകാതെ അയാൾ മിഴിച്ചുനിന്നു. നീലമരണം. വാക്യങ്ങളുടെ അര്‍ത്ഥപൂര്‍ണമായ കൂടിച്ചേരലിനെ അപ്രസക്തമാക്കുന്ന ഒന്ന്. അതിനുപക്ഷേ താൻ വിചാരിക്കാത്തത്ര അര്‍ത്ഥവ്യാപ്തിയുണ്ടെന്നു അയാള്‍ക്കു തോന്നി. ആ വാചകം ഉരുവിട്ടപ്പോൾ യുവതിയുടെ മുഖത്തു വല്ലാത്തൊരു അഭിനിവേശമുണ്ടായിരുന്നു. മരണത്തിന്റെ ലൌകികഭാവമായിരുന്നോ അത്?

യുവതി തുടര്‍ന്നു.

“അന്നാദ്യമായി ആ നീലനക്ഷത്രത്തെ കണ്ടപ്പോൾ എന്റെയുള്ളിൽ ഒഴിഞ്ഞുകിടന്നിരുന്ന എന്തോ നിറഞ്ഞു കവിയുന്ന പോലെയാണ് എനിക്കു തോന്നിയത്. കാലങ്ങളായി തേടിനടന്ന ഒന്നു കണ്ടത്തി അനുഭവിച്ചതിന്റെ ആഹ്ലാദം എന്നിൽ തിരയടിക്കാൻ തുടങ്ങി. അതോടൊപ്പം എന്റെ ദൃഷ്ടികൾ നീലയിലേക്കു വഴുതുകയും ചെയ്തു. ആ നിറത്തെ ഇഷ്ടപ്പെട്ടപോലെ മറ്റൊന്നിനേയും ജീവിതത്തിൽ ഇഷ്ടപ്പെട്ടിട്ടില്ല. എന്റെ കണ്ണുകൾ എത്തുന്നതെവിടേയും നീലയായി. കണ്ണാടിയിൽ എന്റെ ശരീരത്തിലെ ഓരോ അവയവവും നീലയായി മാറുന്നത് സന്തോഷത്തോടെ ഞാനറിഞ്ഞു. കണ്ണുകൾ, നഖങ്ങൾ, മുലക്കണ്ണുകൾ, നാഭിച്ചുഴി അങ്ങിനെയതു പടരാൻ തുടങ്ങി. ഞാനതെല്ലാം വന്യമായ ലഹരിയോടെ നോക്കിക്കണ്ടു. ആസ്വദിച്ചു. ഒടുക്കം ശരീരമാസകലം നീല വ്യാപിച്ചപ്പോൾ ഇനിയൊരു ലക്ഷ്യമില്ലെന്നു എനിക്കു തോന്നി. കറങ്ങുന്ന നീലപങ്കകളിലേറി ആകാശത്തേക്കുയരാൻ തിരുമാനമെടുത്തത് അങ്ങിനെയാണ്“

യുവതി പറഞ്ഞു നിര്‍ത്തി. അയാൾ അതൊന്നും വിശ്വസിച്ചില്ല. എന്തോ മതിഭ്രമത്തിനു തന്റെ സുഹൃത്തു വിധേയയാണെന്നു കരുതി ആശ്വസിച്ചു. ആകാശത്തേക്കു ഇമവെട്ടാതെ നോക്കിനില്‍ക്കുന്ന യുവതിയെ തനിയെവിട്ടു അയാൾ ഉറങ്ങാൻ കിടന്നു.

അയാൾ തളര്‍ന്നിരുന്നു. ശാരീരികമെന്നതിനേക്കാൾ മാനസികമായ തളര്‍ച്ച. അവിശ്വസനീയമായ ഒരു കെട്ടുകഥയാണ് കുറച്ചുമുമ്പു വിവരിക്കപ്പെട്ടത്. ഓരോ കെട്ടുകഥയും, കേള്‍ക്കുന്ന വ്യക്തിയിൽ കനത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നു ബോധ്യം വന്നിരിക്കുകയാണ്. അങ്ങിനെ ചിന്തിച്ചു അയാൾ ഉറക്കത്തിലേക്കു വഴുതി. സ്വപ്നങ്ങൾ കാണാറില്ലാത്ത അയാളുടെ രാവുകള്‍ക്കു അപവാദമായി അന്നു ആറാമിന്ദ്രിയത്തിനു മുന്നിൽ നീലനിറമുള്ള കിനാവുകൾ ജ്വലിച്ചുയര്‍ന്നു. ആ കിനാവുകളിൽ നീലനിറമുള്ള നക്ഷത്രം തെളിഞ്ഞു. ആകാശത്തു, മഞ്ഞപ്രകാശം പൊഴിക്കുന്ന ചെറുനക്ഷത്രങ്ങളില്ലാത്ത ഒരിടത്തു, ഏകാകിയായി നില്‍ക്കുന്ന നീലനക്ഷത്രം. അതില്‍‌നിന്നു താഴോട്ടുവീണ നീലനിറമുള്ളൊരു വെള്ളത്തുള്ളി വായുവിൽ തെന്നിപ്പറന്നു കണ്ണിൽ പതിച്ചപ്പോൾ അയാൾ ഞെട്ടിയുണര്‍ന്നു. അമ്പരപ്പോടെ ചുറ്റും നോക്കി. ജനലരുകിൽ യുവതി ഇല്ലായിരുന്നു.

Read More ->  ബി ചന്നസാന്ദ്ര

അയാൾ എഴുന്നേറ്റു. മണ്‍‌കൂജയിലെ തണുത്തവെള്ളമെടുത്തു കുടിച്ചു. വീണ്ടും കിടക്കയിൽ ചായാതെ കതകുതുറന്നു പുറത്തിറങ്ങി. അപ്പുറത്തെ ടെറസിൽ ചെറുപ്പക്കാരനെ കണ്ടു. അപ്പോൾ യുവതി പറഞ്ഞതെല്ലാം കെട്ടുകഥയല്ല. ചെറുപ്പക്കാരൻ രാത്രികളിൽ ഉലാത്താൻ വരാറുണ്ട്. അയാൾ കെട്ടിടത്തിന്റെ നിഴലിൽ ഒളിച്ചുനിന്നു. സ്നേഹിതയായ യുവതിയെ കാണാൻ അയാൾ കുറച്ചുവൈകി. ചെറുപ്പക്കാരനു മുന്നിൽ കുറ്റം ചെയ്തവളെപ്പോലെ തലകുനിച്ചു മുട്ടുകുത്തിയിരിക്കുകയായിരുന്നു യുവതി. അയാള്‍ക്കൊന്നും മനസ്സിലായില്ല. അഴിക്കാൻ പറ്റാത്ത കുരുക്കുകൾ. അവ കൂടുതൽ മുറുകിവന്നു. അതിനു ആക്കംകൂട്ടി യുവതി എഴുന്നേറ്റു ചെറുപ്പക്കാരനെ ഗാഢം ആലിംഗനം ചെയ്‌തു. ഒരുമെയ്യായി നില്‍ക്കുന്ന ഇരുവര്‍ക്കു ചുറ്റും വര്‍ത്തുളാകൃതിയിൽ, കവചമായി ഒരു നീലശോഭ നിലകൊണ്ടു. അയാൾ സ്തംബ്‌ധനായി. സ്വന്തം താവളത്തിലേക്കു ആമയെപ്പോലെ ഉൾവലിഞ്ഞു. സ്വപ്നങ്ങളില്ലാത്ത നിദ്രമോഹിച്ചു കിടന്നു. ഉറങ്ങി.

അതിൽപിന്നെയുള്ള ദിവസങ്ങളിൽ അയാൾ യുവതിയെ എവിടേയും കണ്ടില്ല. എല്ലാ രാത്രികളിലും എവിടെ നിന്നെന്നറിയാതെ വന്നു ആകാശത്തിലെ നീലനക്ഷത്രത്തെ ഉറ്റുനോക്കി ജനൽക്കമ്പികളിൽ മുഖം ചേര്‍ത്തുനില്‍ക്കാറുള്ള സ്നേഹിതയുടെ അഭാവം അയാളെ അസ്വസ്ഥനാക്കി. ആലിംഗനബന്ധരായി നില്‍ക്കുന്ന ചെറുപ്പക്കാരന്റേയും യുവതിയുടേയും ചിത്രം മനസ്സിൽ മായാതെ പതിഞ്ഞിരുന്നു. അത് അയാളിൽ സംശയങ്ങൾ ഉണര്‍ത്തി. അവൾ കൊല്ലപ്പെട്ടിരിക്കുമോ? അടുത്ത നിമിഷത്തിൽ സ്വന്തം ബുദ്ധിശൂന്യതയിൽ അയാൾ ലജ്ജിച്ചു. ഒരിക്കൽ മരിച്ചവർ വീണ്ടും മരിക്കുന്നതെങ്ങിനെ!

യുവതിയുടെ അഭാവം സൃഷ്ടിച്ച വിടവു നികത്താൻ അയാൾ രാത്രികളിൽ അപ്പുറത്തെ ടെറസിൽ ചെറുപ്പക്കാരന്റെ വരവു കാത്തിരുന്നു. നിരാശയായിരുന്നു ഫലം. ചെറുപ്പക്കാരൻ ഉലാത്തലിനിറങ്ങുന്ന സമയങ്ങളിൽ ടെറസിൽ നിലാവുമാത്രം പരന്നു കിടന്നു. കുറച്ചുദിവസം ഇതാവര്‍ത്തിച്ചപ്പോൾ അയാൾ അങ്ങോട്ടു ശ്രദ്ധിക്കാതെയായി. മനസ്സിലെ ഭീതിയൊഴിഞ്ഞു. ചെറുപ്പക്കാരനെപ്പോലെ രാത്രി ഉലാത്തൽ തുടങ്ങിവച്ചു. ഉലാത്തുമ്പോൾ ഒരിക്കൽ പോലും യുവതിയോ ചെറുപ്പക്കാരനോ മനസ്സിൽ വിരുന്നുവന്നില്ല. വരാതിരിക്കാൻ പ്രത്യേകിച്ചു ശ്രമങ്ങൾ നടത്താതിരുന്നിട്ടും അയാള്‍ക്കതിനു സാധിച്ചു. ചിന്തകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.

മുറിയിലേക്കാവശ്യമായ ചില സാധനങ്ങൾ വാങ്ങാൻ അടുത്തുള്ള ഷോപ്പിങ്ങ് മാളിലേക്കിറങ്ങിയ ഒരുദിവസം അയാൾ ചെറുപ്പക്കാരനെ വീണ്ടും കണ്ടുമുട്ടി. വളരെ കുറച്ചു സാധനങ്ങളേ വാങ്ങാനുള്ളൂവെങ്കിലും ഷോപ്പിങ്ങ്മാളുകളിൽ കയറുന്നതു ശീലമായി മാറിയിരുന്നു. ചെറുകിട കച്ചവടക്കാരില്‍‌നിന്നു സാധനങ്ങൾ വാങ്ങണമെന്നു അയാളിലെ ധർമ്മബോധം ഉപദേശിക്കുമെങ്കിലും പലപ്പോഴും അതു അവഗണിച്ചു. നഗരം തന്നിൽ അധർമ്മബോധം വളര്‍ത്തുന്നുണ്ടെന്നു അയാൾ ഭയന്നു. ആ ഭയത്തിൽ വിചിത്രമായ വിധം ആനന്ദിക്കുകയും ചെയ്തു. ഷോപ്പിങ്ങ്മാളിലെ ടെക്‌സ്റ്റൈൽസ് വിഭാഗത്തിലൂടെ നടക്കുമ്പോൾ എതിരെനിന്നു വന്ന ഒരാളുടെ തോളിൽ അയാളുടെ ചുമൽ തട്ടി. മുന്‍‌കൂറായി സോറി പറഞ്ഞു തിരിഞ്ഞുനോക്കി. ഏതാനും നിമിഷത്തേക്കു മാത്രമാണ് കണ്ടതെങ്കിലും തിരക്കിലൂടെ അതിവേഗം ഊളിയിട്ടു നടന്നു പോകുന്നത് ആ ചെറുപ്പക്കാരനാണെന്നു മനസ്സിലാക്കാൻ അയാൾ ബുദ്ധിമുട്ടിയില്ല. പിന്തുടര്‍ന്നാലോ എന്ന ചിന്ത മുളയിലേ നുള്ളി. അപകടകരമായേക്കാം. മാളിലെ ചില്ലുജാലകത്തിലൂടെ അയാൾ പുറത്തുനോക്കി. ചെറുപ്പക്കാരൻ പാര്‍ക്കിങ്ങ് ഏരിയയിൽനിന്നു നീലനിറമുള്ള ബൈക്കിറക്കി പോകുന്നത് സുതാര്യമായ ചില്ലിലൂടെ കണ്ടു.

അന്നു രാത്രിഭക്ഷണം വേണ്ടെന്നുവച്ചു. ബെഡിൽ ചാരികിടക്കുമ്പോഴും ശ്രദ്ധ അപ്പുറത്തെ ടെറസിലേക്കായിരുന്നു. ചെറുപ്പക്കാരൻ താമസം നിര്‍ത്തി പോയെന്നാണ് കുറച്ചുനാൾ തുടര്‍ച്ചയായി കാണാതായപ്പോൾ അയാൾ കരുതിയത്. യുവതിയുമായുള്ള ആലിംഗനരംഗം ആ ധാരണക്കു ആക്കംകൂട്ടി. മരിച്ചുകഴിഞ്ഞ ഒരുവളെ ആലിംഗനം ചെയ്യുകയെന്നാൽ എന്താണര്‍ത്ഥം? മരണത്തെ സ്വീകരിക്കുകയെന്നാണോ? ആലിംഗനബന്ധരായി നിന്നപ്പോൾ അവരെ വലയംചെയ്ത നീലവെളിച്ചം എന്താണു സൂചിപ്പിക്കുന്നത്? മനസ്സിലെ ഉത്തരമില്ലാത്ത ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടിയായിരുന്നു ചെറുപ്പക്കാരന്റെ തിരോധാനം. ഇപ്പോളിതാ ചെറുപ്പക്കാരൻ തിരിച്ചുവന്നിരിക്കുന്നു, ചോദ്യങ്ങൾ പുന‌സ്ഥാപിച്ചുകൊണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ അയാൾ പ്രതീക്ഷിച്ചപോലെ ചെറുപ്പക്കാരൻ ടെറസിൽ വന്നു. ആകാശത്തേക്കു ഉറ്റുനോക്കി ഉലാത്താൻ തുടങ്ങി. അനുബന്ധമായി ടെറസിൽ നേരിയ നീലവെളിച്ചവും പരന്നു. ഒരുവേള ആരെയോ പ്രതീക്ഷിച്ച്, അയാളുടെ മുറിക്കുനേരെ ചെറുപ്പക്കാരന്റെ നോട്ടമെത്തിയപ്പോൾ അയാൾ പുറത്തിറങ്ങാൻ തീരുമാനിച്ചു. ഷോപ്പിങ്ങ്മാളിൽ വച്ചുനടന്ന ‘കൂട്ടിമുട്ടലി’നെപ്പറ്റി എന്തെങ്കിലും പറയാനുണ്ടാകും. ഒരു ഖേദപ്രകടനം തീര്‍ച്ചയായും പ്രതീക്ഷിക്കാം. അയാൾ അങ്ങിനെ കരുതി മുറിക്കു പുറത്തിറങ്ങി. പക്ഷേ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ചെറുപ്പക്കാരൻ ഒന്നും മിണ്ടാതെ പഴയപടി നടന്നതേയുള്ളൂ. അയാൾ സമീപത്തുണ്ടെന്ന ഭാവംപോലും കാണിച്ചില്ല. എന്തെങ്കിലും പറയുമെന്നു പ്രതീക്ഷിച്ചു അരമണിക്കൂറോളം അയാൾ ടെറസ്സിന്റെ വശത്തിരുന്നു. ഒടുക്കം ഈര്‍ഷ്യയോടെ എഴുന്നേറ്റു തിരിച്ചുനടക്കാൻ തുടങ്ങുമ്പോൾ പിന്നില്‍നിന്നു അപേക്ഷ.

“നില്‍ക്കൂ”

ചെറുപ്പക്കാരന്റെ സ്വരത്തിൽ അധികാരികതയുണ്ടായിരുന്നു. അയാള്‍ക്കത് ഇഷ്ടമായില്ലെങ്കിലും അറിയാതെ അതിനടിമപ്പെട്ടു പോയി. ഒരു പ്രതിമ കണക്കെ എന്തും അനുസരിക്കാൻ തയ്യാറായി അയാൾ ചെറുപ്പക്കാരനു മുന്നിൽനിന്നു. നീലനിറത്തിൽ പ്രകാശിക്കുന്ന കണ്ണൂകളിൽ ഉറ്റുനോക്കി.

ചെറുപ്പക്കാരൻ ആകാശത്തേക്കു വിരൽ ചൂണ്ടി അയാളോടു പറഞ്ഞു. “അങ്ങോട്ടു നോക്കൂ. അവിടെനിന്നു ആരോ താങ്കളെ വിളിക്കുന്നു”

ആകാശത്തു നക്ഷത്രങ്ങളില്ലാത്ത ഒരിടത്തു ഉജ്വലശോഭയോടെ പ്രകാശിക്കുന്ന നീലനക്ഷത്രം. ജനലഴികളിൽ മുഖംചേര്‍ത്തു യുവതി നോക്കിനില്‍ക്കാറുള്ള നീലനക്ഷത്രം. അതയാളെ മാടിവിളിച്ചു. സൌരയൂഥത്തിലെ അനന്തതയിൽ നിലകൊള്ളുന്ന പലതും അയാള്‍ക്കു മുന്നിൽ അനാവരണമായി. അവയിലൂടെ ഒരു അപ്പൂപ്പന്‍‌താടിയായി അയാൾ പറന്നുനടന്നു. യുവതി സൂചിപ്പിച്ചപോലെ എല്ലാം നിറഞ്ഞുകവിയുകയാണ്. കണ്ണിമയനക്കാതെ അയാൾ ഏറെനേരം അവിടെ നിന്നു. ഒടുക്കം കണ്‍‌കോണിൽ നീലരാശി പടര്‍ന്നപ്പോൾ തിരിച്ചുനടന്നു. മെത്തയുടെ പതുപതുപ്പിൽ ഗര്‍ഭപാത്രത്തിലെ ഭ്രൂണസമാനം അയാൾ ചുരുണ്ടുകൂടി. തള്ളവിരൽ ചപ്പി ഉറങ്ങി. ഉറക്കത്തിൽ സ്വപ്നങ്ങൾ കണ്ടു. നീലനിറമുള്ള കഥാപാത്രങ്ങൾ സ‌മൃദ്ധമായ സ്വപ്നങ്ങൾ. അവ അയാളെ തട്ടിയുണര്‍ത്തി ജനലരുകിലേക്കു ആനയിച്ചു. അവിടെ അയാൾ പ്രതിമയായി. അപ്പൂപ്പന്‍‌താടിയായി. മനസ്സിൽ വീണ്ടും നിറവിന്റെ സ‌മൃദ്ധി.

പിറ്റേന്നും, അതിനുശേഷമുള്ള ദിനങ്ങളിലും നീലനിറമുള്ള സ്വപ്നങ്ങൾ ക്ഷണിക്കാതെയെത്തി, ഇന്ദ്രിയങ്ങള്‍ക്കു മുന്നിൽ നിറഞ്ഞാടി. അപ്പോഴൊക്കെ ജനലരുകിൽ ഒരു പ്രതിമ അചഞ്ചലം നിലകൊണ്ടു. നീല വ്യാപിക്കുകയായിരുന്നു. ചുറ്റിലും, ശരീരത്തിലും. ഒടുക്കം മുകളിൽ അതിദ്രുതം തിരിയുന്ന മൂന്നു പങ്കകളിലേക്കും നീല വ്യാപിച്ചു. അതോടെ അയാൾ ഒരുക്കങ്ങൾ ആരംഭിച്ചു. നീലമരണം അയാളെ മാടിവിളിച്ചു.

Featured Image: – https://goo.gl/M1P8Bm


68 Replies to “നീലമരണം”

 1. കള്ളികളില്‍ നിര്‍ത്തപ്പെടുമ്പോള്‍ അതു ഭേദിച്ചു പുറത്തു ചാടുന്നതും, പലരാല്‍ പലരീതിയില്‍ നിര്‍വചിക്കപ്പെടുമ്പോള്‍ അവയെ അപ്രസക്തമാക്കി മാറ്റുന്നതും ശീലമായിപ്പോയി.
  :-))
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 2. നേര്‍ത്ത അതിരിനാല് വേര്‍‌തിരിക്കപ്പെട്ടവര്. എന്നാല് മനസ്സുകൊണ്ടു വളരെ അകന്നവരും…

  നിഗൂഡതയുടെ വേലിയേറ്റങ്ങള്‍….
  ഭാവന വായനക്കാരനു വിട്ടിരിക്കുന്നു….
  ഹൃദ്യം….ആശംസകള്‍…

 3. മറ്റു പോസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായൊരു അന്തരീക്ഷമാണല്ലോ ഇതില്‍.വായിച്ചു വന്നപ്പോള്‍ പേരും,ഏകാകിയായ താമസക്കാരനും ഒക്കെ കണ്ട് ബഷീറിന്റെ നീല വെളിച്ചം ഓര്‍മ്മ വന്നു.

  പക്ഷേ പിന്നീട് വായിച്ചു തീര്‍ന്നതറിഞ്ഞില്ല.ഒരു സ്വപ്നം കാണുന്ന പോലെ സുന്ദരമായി ഒഴുകിയൊഴുകി വായിച്ചു.:)

 4. ഓരോ പോസ്റ്റിലും കഥയുടെ ത്രെഡ് കിട്ടിയതെങ്ങിനെ എനു വിശദീകരിക്കേണ്ടി വരികയാണല്ലോ ഈശ്വരാ.
  ഗതകാലം ഒരു നൊമ്പരം, നീശന്‍… ഇപ്പോള്‍ ഇതാ ‘നീലമരണവും’!!

  പ്രിയ റോസ്,

  ഞാന്‍ താമസിക്കുന്നത് ബാംഗ്ലൂരില്‍ കെ‌ആര്‍ പുരത്തിനു അടുത്താണ്. ഇവിടെ അടുത്തു ജൂബിലി സ്കൂള്‍ എന്ന ഒരു സ്കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ആറുമാസം മുമ്പാണ് അവിടത്തെ ഒരു ടീച്ചര്‍ (അവിവാഹിതയായ യുവതി) അജ്ഞാതമായ കാരണങ്ങളാല്‍ ഷാളില്‍ തൂങ്ങിമരിച്ചത്. അതു എന്റെ മനസ്സില്‍ വെറുതെ കിടന്നു. പിന്നീട് പല കാരണങ്ങളാല്‍ ഞാന്‍ ഒരു പുതിയ റൂം അന്വേഷിക്കാന്‍ ഇടയായി, താമസത്തിനു. അങ്ങിനെ നോക്കിക്കണ്ട റൂമുകളില്‍ ഒന്നു ആ ടീച്ചറുടെ ബില്‍ഡിങ്ങിലെ ഒരു മുറിയായിരുന്നു (ആ മുറി അല്ല). അതെന്നില്‍ ചില ആശയങ്ങള്‍ രൂപം കൊള്ളൊച്ചു. അതിന്റെ പരിണതിയാണ് ഈ പോസ്റ്റ്.

  ബഷീറിന്റെ പേരില്‍ ‘നീലവെളിച്ചം’ എന്ന ഒരു കഥ ഉള്ളതായി അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കില്‍ (ഈ കഥയില്‍ നിറത്തിനു പ്രത്യേകിച്ചു പ്രാധാന്യമില്ലാത്തതിനാല്‍) ഞാന്‍ ‘നീല’മാറ്റി മറ്റെന്തെങ്കിലും കളര്‍ വച്ചേനെ. എനിക്കു ഒരു നിറം വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. നീല മസ്റ്റ് അല്ല.

  മറ്റു പോസ്റ്റുകളില്‍ നിന്നു വ്യത്യാസമുണ്ട് എന്നതു ശരി. ഇനിയും ഇതുപോലെ ‘ഞാന്‍’ ഇല്ലാത്ത പോസ്റ്റുകള്‍ പ്രതീക്ഷിക്കാം. 3-4 എണ്ണം ഇപ്പോള്‍ പണിപ്പുരയില്‍ ഉണ്ട്. ‘ഞാന്‍‘ ഉള്ളതും പ്രതീക്ഷിക്കാം.

  പിന്നെ റോസിന്റെ പ്രൊഫൈല്‍ ഫോട്ടോ നന്നായിട്ടുണ്ടെന്നു കൂട്ടിച്ചേര്‍ക്കുന്നു
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ | സുപാസന

 5. അയ്യോ.ഞാന്‍ കഥാതന്തു വിശദീകരിക്കാന്‍ പറഞ്ഞു കുറ്റാരോപണം നടത്തിയതൊന്നുമല്ലാട്ടോ.:(
  തുടക്കത്തില്‍ താമസക്കാരന്‍ ഒറ്റയ്ക്കെന്നും,നീലയും,പ്രേതബാധയെന്നുമൊക്കെ കണ്ട് മനസ്സില്‍ പണ്ടേ ഇഷ്ടമുള്ള ബഷീര്‍ക്കഥ ഓടിയെത്തിയെന്നേയുള്ളൂ.നമ്മുടെ പഴേ ഭാര്‍ഗ്ഗവീനിലയം സിനിമാക്കഥ തന്നെ നീല വെളിച്ചം..

  ഈ പോസ്റ്റിലെ ഭ്രമാത്മകമായ അന്തരീക്ഷവും,കഥയുമല്ല മറ്റേ കഥയിലെന്നു വായിക്കുന്ന ആര്‍ക്കും മനസ്സിലാവും..

  പ്രേത-ഭൂതാദി കഥകളുടെ ആരാധികയായതോണ്ട് അങ്ങനെ എന്തെങ്കിലും വായിച്ചാല്‍ മുന്നേ വായിച്ചതൊക്കെ മനസ്സില്‍ ഓടിച്ചാടി വന്നു വട്ടമേശ സമ്മേളനം നടത്തിപ്പോവുന്നത് കൊണ്ട് എഴുതിയെന്നേയുള്ളൂ.:(

  പണിപ്പുരയിലെ പുതിയ പരീക്ഷണങ്ങള്‍ക്ക് ആശംസകള്‍.:)

 6. ഓരോ കഥയും അതു കേള്‍ക്കുന്ന വ്യക്തിയില് കനത്ത സമ്മര്‍ദ്ദമുണ്ടാക്കുമെന്നു ബോധ്യം വന്നിരിക്കുകയാണ്..
  ആ ഭയത്തില് വിചിത്രമാം വിധം ആനന്ദിക്കുകയും ചെയ്തു
  . ..ബാക്കിയുള്ള ഭാഗങ്ങളിലുള്ള നക്ഷത്രങ്ങള് യുവതി കൈചൂണ്ടിയ ഭാഗത്തേക്കു എന്തുകൊണ്ടോ പോകുന്നില്ലെന്നു മനസ്സിലാക്കി…..

 7. വായിച്ചിരുന്നു പോയി ..
  കഥ തീരുമ്പോള്‍ ഞാന്‍ മുഷ്ടി ചുരുട്ടി പിടിച്ചിരുന്നു
  ഇവിടെ മറ്റാരുമില്ലയിരുന്നു പെട്ടന്ന്
  എന്റെ ജനലിനരുകില്‍ രണ്ട് നീലകണ്ണുകള്‍
  ഒരോന്നിനും ചന്ദ്രബിംബത്തിന്റെ വലുപ്പം,
  അഞ്ചു വര്‍ഷമായി ഞാന്‍ ഈ വീട്ടില്‍ താമസിക്കുന്നു.
  ഈ വീടിന്റെ ഉടമസ്ഥ ഈ വീട്ടില് വച്ചാണ് മരിച്ചത്.
  അവരെന്റെ സ്നേഹിതയായിരുനു “നീലക്കണ്ണൂള്ള ലൂയി”..
  സുനില്‍ മനോഹരമായി എഴുതി, ആശംസകള്‍.

 8. മുഴുവന്‍ കുത്തിയിരുന്ന് വായിച്ചു പോകും. അത്ര നന്നായിട്ടുണ്ട് എഴുത്ത്. ഹൃദയം നിറഞ്ഞ ആശംസകള്‍ ! തുടര്‍ന്നും എഴുതുക.

 9. ഇഷ്ടായി. അവസാനം വരെയും ആകംഷബരിതമായി വായനകാരനെ കൊണ്ടുപോകാന്‍ കഴിഞ്ഞു.

 10. നക്ഷത്രന്ങ്ങള്‍ക്കിടയില്‍ കെട്ടിയ എട്ടുകാലി വലയില്‍ നിന്നും നൂലില്‍ ഇറങ്ങി വന്ന ഒരു കഥ….
  ഭ്രമാത്മകം….
  9+/10 …
  വളരെ നല്ല കഥ.
  ആശംസകള്‍…..

 11. നന്നായി സുനില്‍ .
  വായനക്കാരനെ അവസാനം വരെ പിടിച്ചിരുത്താന്‍ കഴിയുക എന്നുള്ളത് ഒരു വലിയ കാര്യമാണ്..
  ആശംസകള്‍ ..

 12. രാത്രിയില് ഒരു നീല പുതപ്പായി
  പൊതിയുന്ന മരണം എന്റെ ഒരു
  സ്വപ്നമാണ് …………
  കഥ വളരെ നന്നായി
  അഭിനന്ദനങ്ങള് !

 13. പങ്കകളുടെ ദ്രുതവേഗങ്ങള്‍ക്ക്ചുവട്ടില്‍ ഒടുക്കും അയാള്‍ നീലിച്ചു കിടന്നു…
  എന്നൊമറ്റോ അവസാനിപ്പിക്കാമായിരുന്നില്ലേ?

 14. അതോടെ അയാള് ഒരുക്കങ്ങള് ആരംഭിച്ചു. നീലമരണം അയാളെ മാടിവിളിച്ചു.

  ഈ വരികള്‍ മുഴച്ചുനില്കുന്നു..അത് വേണ്ടായിരുന്നു.. കൂടാതെ അക്ഷരത്തെറ്റുകള്‍ വായനാസുഖത്തെ പരിമിതപ്പെടുത്തുന്നു.

 15. നാലുപേരെ കൊന്നിട്ട് ഒരാള്‍ തൂങ്ങിമരിച്ച വീട് വാടകയ്ക്ക് നോക്കാന്‍ ഞാനും പോയിരുന്നു ഒരിക്കല്‍. പക്ഷെ, എനിക്ക് ഇത്ര ഭാവന വന്നില്ല.

  കഥ നന്നായിരിക്കുന്നു, സുനില്‍. 🙂

 16. ആകെ വട്ടായി ഉപാസനേ . ഇപ്പോള്‍ ചുറ്റും നീലവെളിച്ചം മാത്രം

 17. ആത്മാക്കളുമായി സംവേദിക്കുന്ന പുതിയ ഒരു ശൈലി, അല്ലേ സുനിൽ? നല്ല ഭംഗിയായി അവതരിപ്പിച്ചു. ഓർക്കാതെയാണ് താങ്കൾക്ക് ‘നീല’ വന്നതെങ്കിലും, ആ നിറത്തിന് ആത്മാവിന്റെ ഭംഗി വരുത്തി. ‘നീലവെളിച്ചം’ മുമ്പ് വായിക്കാഞ്ഞത് നന്നായി. ഇതിലെ മൂന്നു കഥാപാത്രങ്ങളുടെ നീലക്കണ്ണുകൾക്ക്, മറ്റ് ഏതു നിറം കൊടുത്താൽ ഇത്ര വിജയിക്കും? വിജയാശംസകൾ……….

 18. വളരെ നാന്നായിട്ടുണ്ട് സുനില്‍.. സുനിലിന്റെ എല്ലാ കഥകളും പോലെ നിലവാരമുള്ള രചന..

 19. നല്ല കഥ….
  മനോഹരമായ ആഖ്യാനം….
  ആശംസകള്‍ …..

  എന്നാലും ആ (മരിച്ച)പെണ്‍കുട്ടി എവിടെ പോയി??

  പിന്നെ,നീല നക്ഷത്രത്തെ കണ്ട 'അയലത്തെ അദ്ദേഹം',കൂള്‍ ആയി നടക്കുന്നുണ്ടല്ലോ സുനീ…..
  അവിടെ മാത്രം ഒരു കണ്ഫ്യൂഷന്‍ …

 20. ഇടവേളയ്ക്കു ശേഷം ഉള്ള വായന നഷ്ടമായില്ല..മനസ്സിന്റെ ഭ്രമാത്മകത…ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി തൂങ്ങി മരിച്ച മുറിയില്‍ കഴിഞ്ഞതിന്റെ ഓര്‍മ്മ എനിക്കും ഉണ്ട് ..
  മനോഹരമായ എഴുത്ത്..സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കട്ടെ..

 21. ബഷീര്‍ നീലെവെളിച്ചം എഴുതിയതുകൊണ്ട് ആരും നീല വെളിച്ചം എന്നൊന്നും
  പറയാന്‍ പാടില്ല എന്നില്ലല്ലോ.
  രസായിട്ടുണ്ട്.
  നീലക്കു പകരം പച്ച നിറം വന്നാല്‍ സംഭവം കോമഡി ആയിപ്പോകും.

 22. ഈ ഭാവനക്ക് ആദ്യം ഒരു salute.
  സംഭവം അസ്സലായി. നല്ല ഒഴുക്ക്. ഒറ്റയിരുപ്പിനു വായിച്ചു. ഇത് മനസ്സില്‍ കിടക്കും, തീര്‍ച്ച.

  “ഞാനും ഇറങ്ങി ഒന്ന് ആകാശത്തേക്ക് നോക്കട്ടെ..വല്ല നീലനിറവും കാണുന്നുണ്ടോന്നു..!”

 23. അവതരണമികവിലൂടെ വളരെയേറെ ഉറര്‍ന്നു നില്‍ക്കുന്ന കഥ. അദൃശ്യമായ ചില മേഖലകളില്‍ എത്തിപ്പടാനാകാത്ത മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഭാവനയുടെ തേന്‍ ചാലിച്ച് നല്‍കിയപ്പോള്‍ രുചിയേറി. അമ്മക്കെഴുതുന്ന കത്തിലൂടെ തുടങ്ങി മരിച്ചവള്‍മരിക്കാത്തവനുമായി ഇടപഴകി മുന്നോട്ട്‌ നീങ്ങിയ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. നീളം കൂടുതലായിട്ട് പോലും ആകാംക്ഷ കൈവിടാനാകാതെ വരുന്നത് എഴുത്തിന്റെ മേന്മ തന്നെ. നഗരജീവിതത്തിനിടയില്‍ സംഭവിച്ചേക്കാവുന്ന മനുഷ്യന്റെ മാറ്റങ്ങള്‍ ആരാഷ്ട്രീയക്കാരനാക്കുമോ എന്ന ചിന്തകളിലേക്കും ഇന്നിന്റെ കാഴ്ച്ചകളുമൊക്കെ ആഴത്തില്‍ തന്നെ സ്പര്‍ശിക്കുന്നുണ്ട്‌. അവ്യക്തത മാത്രം നിരയുന്നജീവിതത്ത്തില്‍ മരണം പോലും അവ്യക്തമാകുന്നു. നമ്മള്‍ കണ്ടിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു പ്രതലത്തില്‍ നിന്ന് കഥ കാണുന്ന അനുഭവം..
  അഭിനന്ദനങ്ങള്‍.

 24. എനിക്കും ആ സംശയം തോന്നിയിരുന്നു.. ടെറസിൽ കൂടി നടക്കുന്നയാൾ – അയാൾക്ക്‌ ഒന്നും സംഭവിച്ചില്ലല്ലോ എന്നു..

  Good one. Congrats

 25. സാബു : ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ അടുത്ത ഇരയെ കാത്തിരിക്കുകയാണെന്നു കരുതാം 🙂

 26. നീലമരണം വളരെയേറേ ശ്രദ്ധകൊടുത്ത് സമയമെടുത്ത് എഴുതിയ ഒരു കഥയാണ്. അത് നന്നായി എന്നറിഞ്ഞതില്‍ സന്തോഷം.

  സുരേഷ് ഭായ് : താങ്കളുടെ കമന്റിങ് സ്റ്റൈല്‍ വളരെ അതിമനോഹരം 🙂

  ഓട്ടക്കാലണ : റിയാലിറ്റിയും ഫാന്റസിയും ഇണചേരുന്ന ഒരു കഥയാണിത്

  ആഗ്നേയ : ഭ്രമിച്ചതില്‍ സന്തോഷം

  റോസ് : താങ്കള്‍ ആരോപണം നടത്തിയെന്നൊന്നും ഞാന്‍ സ്വപ്നത്തില്‍ കൂടി ചിന്തിച്ചിട്ടില്ല. വിശദീകരണം നല്‍കേണ്ടി വന്നു എന്നു മാത്രം. നന്ദി 🙂

  ലിഡി : താങ്കളും ഭ്രമിച്ചുവശായല്ലോ. ദേ പിച്ചും പേയും പറയുന്നു. ആകാശത്തു നീലനക്ഷത്രത്തെ കണ്ടോ ? :-))

  മാണീക്യം ചേച്ചി : കഥ എത്രത്തോളം ഇഷ്‌ടമായി എന്നു കമന്റ് സൂചിപ്പിക്കുന്നുണ്ട്. നന്ദി

  അനില്‍ ഭായ് 🙂

  അജിത് 🙂

  എല്ലാ സുഹൃത്തുക്കള്‍ക്കും പ്രണാമം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 27. ശോഭീ : 🙂

  സുനില്‍ ഭായ് : ചില സ്വപ്നങ്ങള്‍ അങ്ങിനെയാണ് സഖേ. എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട് പലപ്പൊഴും 🙂

  ചാന്ദ്‌നി ചേച്ചി : അഭിപ്രായം സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

  പാപ്പി : അവള്‍ നിന്നെ ഭോഗിക്കുമെടാ ചെക്കാ. യക്ഷിയുമായുള്ള സുരതക്രിയ നിനക്ക് താങ്ങാന്‍ പറ്റില്ല. പക്ഷേ നമ്മടെ പുരുഷുചേട്ടനു പറ്റും.

  രാവണാ : ആദ്യത്തെ കമന്റ് ഡിലീറ്റണ്ടായിരുന്നു.

  ആയിരത്തൊന്നാം രാവ് : മിക്കവരും അതേ സ്വപ്നം കണ്ടെന്നു പറയുന്നു 🙂

  കാവലാന്‍ : നന്ദി നന്ദി

  ജ്യോ : അതൊന്നും അറിഞ്ഞുകൂടാ സുഹൃത്തേ. എനിക്കു രണ്ടു അക്ഷരങ്ങളുള്ള, ഉപയോഗിക്കാന്‍ പറ്റാവുന്ന ഒരു നിറം വേണമായിരുന്നു. അനുയോജ്യമായത് നീലനിറം തന്നെ.

  എല്ലാ സുഹൃത്തുക്കള്‍ക്കും പ്രണാമം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 28. പാറുക്കുട്ട്യേ : ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കും. വായനക്കു നന്ദി

  ചെറുവാടി : നന്ദി സുഹൃത്തേ

  സരിന്‍ : സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞെനു എഴുതുമ്പോള്‍ തോന്നിയിരുന്നു.

  മുരളി ഭായ് : സരിനോട് പറഞ്ഞുതന്നെ പറയുന്നു. നന്ദി 🙂

  കുസുമേച്ചു : അതുതന്നെ.

  രാധിക : ആദ്യവരവിനു പ്രണാമം.

  യൂസഫ്‌പ : പകര്‍ച്ചകളെത്രയോ ബാക്കിയിരിക്കുന്നു. 🙂

  മത്തപ്പേ : നിന്റെ ഉപമ മനോഹരം. മാര്‍ക്ക് കൂടിപ്പോയി 🙂

  എല്ലാ സുഹൃത്തുക്കള്‍ക്കും പ്രണാമം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 29. സിജീഷ് : താങ്കളും ഇരുന്നല്ലേ 🙂

  ചിത്രാംഗദ : അയ്യോ മരണത്തെ അത്രയങ്ങ് സ്നേഹിക്കണൊ 🙂

  കീര്‍ത്തി : മരണത്തിന്റെ നിറത്തെ അത്രമേല്‍ സ്നേഹിക്കയാണോ 🙂

  കുഞ്ഞുട്ടന്‍ : ഒരു കഥ എഴുതുമ്പോള്‍ അതിന്റെ ക്ലൈമാക്സിനെ പറ്റി എഴുതുന്ന ആളുടെ മനസ്സില്‍ മൂന്നോ നാലോ വെര്‍ഷനുകള്‍ ഉണ്ടാകും. അതില്‍ ഏറ്റവും നല്ലതെന്നു തോന്നുന്നത് എഴുത്തുകാരന്‍ ഉപയോഗിക്കുന്നു. എന്റെ മനസ്സിലും മൂന്ന് നാലു ക്ലൈമാക്സുകള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും നല്ലത് ഞാനും ഉപയോഗിച്ചു. അത്രമാത്രം. നന്ദി 🙂

  മനോജ് ഭായ് : ആദ്യവരവിനു നന്ദി. ക്ലൈമാക്സിനെ പറ്റി ഞാന്‍ തൊട്ടുമുകളില്‍ എഴുതിയ കമന്റുതന്നെ ഭായിയോടും സൂചിപ്പിക്കുന്നു. എന്റെ പോസ്റ്റില്‍ അക്ഷരത്തെറ്റുകള്‍ പരമാവധി കുറക്കാന്‍ ശ്രമിക്കാറുണ്ട്. എങ്കിലും ചിലത് കണ്ടേക്കാമെങ്കിലും അവ ആസ്വാദനശേഷിയെ ബാധിക്കുംവിധം അധികമാണെന്നു കരുതുന്നില്ല. നന്ദി 🙂

  സുധീര്‍ : വായനക്കും അഭിപ്രായത്തിനും നന്ദി 🙂

  ബിന്ധുചേച്ചി : ഭാവനയുടെ കളികളാണ് എല്ലാം. ആ മുറി കിട്ടിയാല്‍ ഞാന്‍ എടുക്കുമായിരുന്നു. ഭയത്തിന്റെ നിഴലില്‍ ജീവിച്ചു അതിനെ എതിര്‍ത്തു തോല്‍പ്പിക്കുവാന്‍ വലിയ ആഗ്രഹം. ഹഹഹ :-))

  എല്ലാ സുഹൃത്തുക്കള്‍ക്കും പ്രണാമം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 30. പ്രിയ ജി : വട്ടാക്കുക തന്നെയായിരുന്നു എന്റെ ഉദ്ദേശവും. ഹഹ. ബസര്‍ പ്രിയ ജി ആണോ എന്നൊരു സംശയം. നന്ദി 🙂

  വി‌എ : അതെ വേറെ നിറങ്ങളൊന്നും യോജിക്കില്ലെന്നു ഞാനും കരുതുന്നു.

  മനോരാജ് : അഭിപ്രായത്തിനു നന്ദി സുഹൃത്തേ

  മാനസ : കഥയില്‍ ചോദ്യമില്ല ചേച്ചി. ഹഹഹഹ. പെണ്‍‌കുട്ടി എവിടെ പോയെന്നു എനിക്കുമറിയില്ല. അമ്പടി അവള്‍ അത്രക്കായോ. ഒരു പയ്യനെ കൊലക്കു കൊടുത്തിട്ട് എവിടെ പോയി ആവോ. മാനസ ചെറുപ്പക്കാരനെ നമുക്ക് ഒരു ഇന്റര്‍പ്രെറ്റര്‍ ആയി സങ്കല്പിക്കാം. മരണത്തിന്റെ ദൂതന്‍. അവന്‍ മറ്റു ഇരയെ തേടി പോയിരിക്കും.

  ശ്രീദേവി ചേച്ചി : ഹോ ചേച്ചി അങ്ങിനത്തെ മുറിയില്‍ കഴിഞ്ഞിട്ടുണ്ടോ. എങ്കില്‍ അതുതന്നെ ഒരു സ്റ്റോറിക്കുള്ള തീം ആണു. ഭാവനയെ ഉണര്‍ത്തി വിട്ടാല്‍ മാത്രം മതി. വലിയ സുഖമൊന്നുമില്ല. ഇനിയും മെച്ചപ്പെടാനിരിക്കുന്നു 🙁

  ഇസ്‌മൈല്‍ : എല്ലാം തുടക്കത്തില്‍ നില്‍ക്കുന്നു അല്ലേ 🙂

  ഷിനോദ് ഭായ് : അതുശരിയാണ്. വേറെ നിറങ്ങള്‍ യോജിക്കുന്നില്ല, ചുമ്മാ വക്കാമെന്നു മാത്രമല്ലാതെ ഡെപ്ത് കിട്ടുന്നില്ല അവക്ക്. നന്ദി 🙂

  സിബു : ആകാശത്തേക്കു നോക്കണ്ട. തട്ടിപ്പോകും പണ്ടാറേ. പറഞ്ഞില്ലെന്നു വേണ്ട :-))

  രവീണാ : നന്ദി നന്ദി 🙂

  റാം‌ജി : വിശദമായ കമന്റിനു പ്രണാമം.

  നിശാസുരഭി : താങ്കളുടെ പ്രൊഫൈല്‍ ഫോട്ടോ മനോഹരം 🙂

  സാബു ജി 🙂

  തെച്ചിക്കൊടന്‍ : മടുപ്പിക്കാതിരിക്കാന്‍ ഇനിയും ശ്രമിക്കാം

  എച്ച്‌മു : താങ്കളുടെ പേരു വായിക്കുമ്പോള്‍ ചേട്ടന്റെ കുട്ടി അമ്മയെ ‘അച്ച്‌മ്മ’ എന്നു വിളിക്കുന്നതാണ് ഓര്‍മ്മയില്‍ വരുന്നത് 🙂

  മിഴിയോരം : തിരിച്ചും നേരുന്നു.

  എല്ലാ സുഹൃത്തുക്കള്‍ക്കും പ്രണാമം.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 31. ഒരുപാട് നാളുകള്‍ക്കു ശേഷമാണ് ഇത്ര മനോഹരമായ ഒരു കഥ വായിച്ചത്.. ആ ടെറസ്സില്‍ നിന്ന് നീല നക്ഷത്രത്തെ കാണാന്‍ ഒരാഗ്രഹം.. 🙂

  ഇനിയും ഇനിയും ഒരുപാട് നല്ല കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

  രമ്യ

 32. പേടിയില്ലെന്നും പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കാനിറങ്ങിയിരിക്കുകയാണല്ലേ.

  നല്ല കഥ.

 33. ഒരുപാടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നീലമരണം വായിച്ചത്.. നന്നായിരിക്കുന്നു എന്ന് വെറുതെ പറഞ്ഞു പോകുന്നതില്‍ അര്‍ത്ഥം ഇല്ല..
  സത്യം പറഞ്ഞാല്‍ ഈ കഥ വായിച്ചതിനു ശേഷം കുറെ ദിവസത്തേയ്ക്ക് ഞാന്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ഈ കഥയെ പറ്റി ഓര്‍ക്കുമായിരുന്നു..
  ഒരു തരം കാന്തശക്തി ഉള്ള കഥ.. ഇപ്പോഴും, എന്നുമല്ലെങ്കിലും ഇടയ്ക്കൊക്കെ ഈ നീലമരണം മനസ്സില്‍ വരും..
  ഇതിനു മുന്‍പ് ഇങ്ങനെ ഒരു ഫീലിംഗ് ഉണ്ടാകാന്‍ കഴിഞ്ഞ കഥ മാധവിക്കുട്ടിയുടെ
  “കുറച്ചു മണ്ണ് ” ആണ്.

 34. മീര : അറിഞ്ഞു. അറിഞ്ഞു. 🙂

  രമ്യ : കൂടുതൽ വരും ഉടൻ. അടയാളങ്ങളില്ലാത്ത ഓർമകൾ 🙂

  കലാവല്ലഭൻ : താങ്കൾ ഭയന്നോ ?

  അഭിമന്യു : ആദ്യവരവിനു നന്ദി

  ശാലിനി : അത്രക്കൊക്കെ ഉണ്ടോ 🙂 പിന്നെ അപൂർണമായ പൂക്കളം എന്ന പോസ്റ്റ് ഒരു കലാലയസ്മരണകൾ ആയി കണ്ടാൽ മതി. അതിൽ ആത്മാംശം കുറച്ചൊക്കെ ഉണ്ട് 🙂

  എല്ലാവർക്കും കൂപ്പുകൈ
  🙂
  എന്നും സ്നേഹത്തോടെ
  ഉപാസന

 35. മരണം നീലനിറമാര്‍ന്ന വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണല്ലേ മാഷേ. ഒന്നുംപറയാതെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോവുന്നവരെക്കുറിച്ചുള്ള ഓര്‍മകള്‍ അവിചാരിതമായി ചാരെയണയാറുമുണ്ട്. ചെറിയൊരു ത്രെഡ് ഇത്ര വിപുലമായി എഴുതി രസിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

  ചുണ്ടില്‍ ചൂണ്ടുവിരല്‍ ഓടിച്ചു തുപ്പല്‍.. എന്ന പ്രയോഗം ശരിയായോ എന്നൊരു സംശയം. തിരുത്തലല്ലാട്ടോ,

അഭിപ്രായം എഴുതുക