ഒരു പോത്തായിരുന്നെങ്കില്‍!

അല്ലറ ചില്ലറ

About Author: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


എനിക്ക് പുഴയും കുളവും കാവുമൊക്കെ നിറയെയുള്ള ഒരു ബാല്യമുണ്ടായിരുന്നു. അമ്പലക്കുളത്തില്‍ മുത്തശ്ശിയുടെ കൂടെ എല്ലാദിവസവും കുളിച്ച് ശിവനെ തൊഴാറുള്ള ബാല്യം. പിലോപ്പിക്കുഞ്ഞുങ്ങള്‍ വിസർജ്ജിച്ച് പച്ചനിറമായ കുളം എന്നില്‍ അധികം കൌതുകമുണർത്തിയിരുന്നില്ല. അതിനാല്‍‌ നീന്തല്‍ പഠിക്കാന്‍ വിധി തിരഞ്ഞെടുത്തത് പുഴയാണ്.

തൈക്കൂട്ടം പനമ്പിള്ളിക്കടവില്‍ വേനല്‍‌ക്കാലത്തു പുഴ ചേലവലിച്ചെറിഞ്ഞ് മധ്യഭാഗം അനാവരണമാക്കുമായിരുന്നു. യുവതികളുടെ വയറുപോലെ തെളിമയാർന്ന മണൽപ്പരപ്പ്. പുഴയില്‍ പണ്ടാരോ ഒഴുക്കിവിട്ട കൂറ്റന്‍ തടികളുടെ അഗ്രങ്ങള്‍ മഞ്ഞുമലകൾക്കു സമാനം വെള്ളത്തില്‍ ഉയർന്നു നിൽക്കുന്നുണ്ടാവും. ഇവയൊക്കെ സാവധാനം പരിചയമായി, ഒപ്പം പുഴയും അതിന്റെ ഭാവങ്ങളും. പുഴ മുറിച്ചുനീന്തി അക്കരെയെത്തി വല്ലവരുടേയും മാവിലെറിയുന്നതില്‍ ധീരതയുണ്ടെന്നായിരുന്നു അക്കാലത്തെ മറ്റൊരു വിശ്വാസം. മാങ്ങയേറില്‍ പ്രഗത്ഭനായ കുഞ്ഞിസനുവാണ് ഏറ്റവും വലിയ ധീരൻ!

അത്തരം ധാരണകളെ കാലം മനസ്സിൽനിന്നു പുറന്തള്ളി. പക്ഷേ പുഴയും മണൽപ്പരപ്പും അപ്പോഴും ബാക്കിനിന്നു.

നട്ടുച്ചക്ക് പുഴവെള്ളത്തില്‍ മുങ്ങികിടക്കാറുള്ള നാളുകളെ ഓർത്തപ്പോള്‍ മനസ്സിനു ചാപല്യം. വിമലിനെ വിളിച്ച് ഇറങ്ങി. പണ്ട് തെളിമയോടെ ഒഴുകിയിരുന്ന പനമ്പിള്ളിക്കടവ് ഇന്ന് ഒഴുക്കില്ലാതെ ഓസീന്‍ കമ്പനി പുറം‌തള്ളുന്ന മാലിന്യങ്ങളില്‍ വീർപ്പുമുട്ടി മരിക്കുന്നു.

പുഴയോരത്തെ പച്ചപ്പുല്ലില്‍ എരുമയെ തീറ്റുന്ന മദ്ധ്യവയസ്കന്‍ മുന്നറിയിപ്പ് നൽകി.

“ഇറങ്ങണ്ട. മണല് വാര്യ കുഴീണ്ടാവും”

പറയാതെ തന്നെ തീരുമാനിച്ചതാണ്.കാല്പാദം കൊണ്ടു മാടി കട്ടിപ്പുല്ലിന്റെ നിബിഢത പരിശോധിച്ചു. കണ്ണെത്തുന്ന ദൂരെ അക്കരക്കടവില്‍ കുറച്ചു സ്ത്രീകള്‍ തുണിയലക്കുന്നു. പണ്ട് എല്ലാവരേയും കൊതിപ്പിച്ചിരുന്ന ചപ്പികുടിയന്‍ മാവ് ഇന്ന് അതിന്റെ സ്ഥാനത്തില്ല. ആർക്കു വേണ്ടിയോ ചാരമായിട്ടുണ്ടാകണം. അല്ലെങ്കില്‍ ആരുടെയോ ഗൃഹം മോടി പിടിപ്പിച്ച്.

മദ്ധ്യവയസ്കന്‍ മേച്ചിരുന്ന ഏരുമക്കൂട്ടങ്ങളിൽനിന്നു ഒരു പോത്ത് കണ്ണുതെറ്റിച്ച് സാവധാനം ആറിലേക്കിറങ്ങി. അദ്ദേഹമതിന്റെ ഒരു കുറ്റിയില്‍ കെട്ടിയിട്ടു. വെള്ളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും അനങ്ങിനീങ്ങിയ പോത്തിന്റെ വലിയ കണ്ണുകളില്‍ സന്തോഷം തിരതല്ലുന്നത് ഞാന്‍ കണ്ടു. മനസ്സു മന്ത്രിച്ചു. ഒരു പോത്തായിരുന്നെങ്കിൽ!

Read More ->  സച്ചിന്‍ : തെറ്റും ശരിയും

അഭിപ്രായം എഴുതുക