ജോസ് = ജോസ്

അന്നമനടയില്‍‌നിന്നു വാങ്ങിയ ലഹരികൂടിയ മുറുക്കാൻ മതിലിൽ‌വച്ചു തമ്പി അഞ്ചുനിമിഷം ധ്യാനിച്ചു. നമ്പൂതിരിമാരെപ്പോലെ കൈകൾ കുറുകെപിടിച്ചു മൂന്നുതവണ ഏത്തമിട്ടു. അടുത്തിരുന്ന ആശാൻ‌കുട്ടി ശിവപ്രസാദ് ഈവക ചെയ്തികൾ സാകൂതം നോക്കിയിരുന്നു. തമ്പിയുടെ രീതികളിലെ വൈവിധ്യം അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. ഏത്തമിടൽ നിര്‍ത്തി മുറുക്കാൻ വായില്‍‌ത്തള്ളാൻ ഒരുങ്ങുമ്പോൾ ആശാന്‍‌വീട്ടുകാരുടെ പൊട്ടക്കുളത്തിനടുത്തു, റോഡിലെ വളവുതിരിഞ്ഞു ഒരു ചേച്ചി നടന്നുവരുന്നതു തമ്പി ശ്രദ്ധിച്ചു. കൈത്തലം കണ്ണിനുമുകളിൽ‌വച്ചു സൂക്ഷിച്ചുനോക്കി. പോളിച്ചന്റെ അമ്മയാണെന്നു മനസ്സിലായതോടെ മുറുക്കാന്‍ മതിലില്‍‌വച്ചു പിള്ളേച്ചന്റെ വീടിരിക്കുന്ന ഭാഗത്തേക്കു ഓടി. ആശാന്‍ ഒന്നുമറിയാത്ത ഭാവത്തിൽ ഇരുപ്പു തുടര്‍ന്നു.

പോളിച്ചന്റെ അമ്മ മര്യാദാമുക്കിലെത്തി ചുറ്റുപാടും നോക്കി അന്വേഷിച്ചു. “പ്രസാദേ ഇവടെ നിന്റൂടെ വേറൊരാളേം കണ്ടല്ലോ”

“അത് പാപ്പ്യായിരുന്നു. ഇപ്പത്തന്നെ അങ്ങട് പോയി”

“അത്യാ. എനിക്കു തമ്പീടെ ഛായതോന്നി. അവന്യൊന്ന് കാണാൻ നടക്കാ ഞാന്‍” ഷീലചേച്ചി കടന്നുപോയി. ഒരു മിനിറ്റുകഴിഞ്ഞു തമ്പി തിരികെയെത്തി. മുറുക്കാൻ വായിലിട്ടു ഒരുനുള്ളു ചുണ്ണാമ്പ് നാവിൽ തേച്ചു. ആശാന്‍ ആരാഞ്ഞു.

“എന്താടാ ചേച്ച്യായിട്ട് പ്രശ്നം?”

തമ്പി വലതുകൈ നെറ്റിയില്‍ചേര്‍ത്തു ഹതാശനായി മതിലിൽ ചാരി.

“എന്റാശാനെ ഒന്നും പറയാണ്ടിരിക്ക്യാ ഭേദം. നാട്ടാരെ പേടിച്ച് വഴീക്കോടെ നടക്കാൻ പറ്റണില്ലാന്നൊള്ളതാ സ്ഥിതി“ തമ്പി മുഴുവന്‍ പൂരിപ്പിച്ചു. “കഴിഞ്ഞ ആഴ്ച… എനിക്കൊരു പറ്റുപറ്റി. അതാ ഞാന്‍ ഒളിച്ചെ”

തമ്പിക്കു പറ്റുന്ന അക്കിടികൾ നിരവധിയാണ്. അദ്ദേഹത്തിനതു പുത്തരിയുമല്ല. എന്താണിപ്പോൾ പുതിയത്. ആശാൻ തിടുക്കംകൊണ്ടു. കാര്യം അവതരിപ്പിക്കുന്നതിനു മുന്നോടിയായി തമ്പി മുറുക്കാൻ പാതി തുപ്പി.

“ന്യൂഇയറിന്റെ തലേന്ന് രാത്രി ഞാൻ പോളിച്ചന് ഒരു എസ്‌എം‌എസ് അയച്ചണ്ടായിരുന്നു”

ആശാന്‍ അല്‍ഭുതപ്പെട്ടു. “ആശംസല്ലേ തമ്പി?”

“അതേന്ന്”

“ഇതിലിത്ര പൊല്ലാപ്പെന്തൂട്ടാടാ. പുതുവര്‍ഷത്തിന്റെ തലേന്ന് എല്ലാരും ആശംസിക്കാറ് പതിവല്ലേ“

തമ്പി ഒരു പ്രത്യേകരീതിയിൽ ചിരിച്ചു. ആശാന്റെ അരികിലേക്കു നിങ്ങിയിരുന്നു. “അത് ശര്യാ. പക്ഷേ ഇവടെ ഈ ഇഷ്യൂല് എന്റെ ആശംസ പച്ചത്തെറീലായിരുന്നു”

അത്തരത്തിലുള്ള ആശംസകൾ നേരുന്നതിൽ നിപുണനായ ആശാൻ തരിമ്പും ഞെട്ടിയില്ല. “ശരി നീ പറ. കേക്കട്ടെ”

തമ്പി സങ്കോചമില്ലാതെ ആശംസയുടെ കെട്ടഴിച്ചു. “പട്ടി‍…”

ആശാന്‍ നിരുത്സാഹപ്പെടുത്തി. “പട്ടി എന്നതൊന്നും ഇക്കാലത്ത് ഒരു തെറിയല്ലാ തമ്പി. ഏതു ഡീസന്റ് ആൾക്കാരും ഇപ്പൊ ഈ വാക്ക് പറഞ്ഞോണ്ടാ സംസാരം തുടങ്ങണതന്നെ“

തമ്പി വിലക്കി. “ഹ ആശാനെ തൊടക്കാണ്… കഴിഞ്ഞട്ടില്ല” ആവേശത്തോടെ തുടര്‍ന്നു. “കഴു…”

“ഹൌ. തമ്പി നിര്‍ത്ത് നിര്‍ത്ത്… ദേ നോക്ക്യേ ഒറ്റക്കൊറ്റക്കാണ് ഇതൊക്കെ പറയണേങ്കി കൊഴപ്പല്ല്ല്യാ. പക്ഷേ നീ പറഞ്ഞ ആ കോമ്പിനേഷണ്ടല്ലാ, അതിന്റെ മൊത്തം എഫക്ട് മാരകാ. പ്രശ്നാവും“

“പ്രശ്നായി ആശാനേ പ്രശ്നായി. ആശംസ ഞാൻ അവസാനിപ്പിച്ചത് എങ്ങനാന്ന് അറിയോ?”

അതു മറ്റൊരു നമ്പർ ആയിരിക്കുമെന്നു ഉറപ്പായിരുന്നു. “ആത്മസായൂജ്യം നേടാനുള്ള പ്രതിവിധി ചെയ്തട്ട് കെടന്നൊറങ്ങാനാ ഞാനവസാനം പറഞ്ഞെ”

“ഓഷോടെ പ്രതിവിധ്യാ നീ പറഞ്ഞ് കൊടുത്തെ?”

തമ്പി തലയാട്ടി. അതെ. ആശാനു സംഗതികൾ ക്ലിയറായി. “അല്ല തമ്പി… പോളിച്ചന്‍ ഇത് വായിച്ചാലെന്തൂട്ടാ പ്രോബ്ലം. അവനിതീ എക്സ്പെര്‍ട്ടല്ലേ. നീ പറഞ്ഞ് കൊടുക്കണ്ട കാര്യണ്ടാ”

“ആശാനേ അവടെ എന്റെ കണക്കുകൂട്ടലോള് പതിവുപോലെ ഇത്തിരിപാളി. ഞാന്‍ മെസേജയച്ചത് രാത്രി പത്തരക്കാ. പോളിച്ചൻ അപ്പോ ഒറങ്ങീണ്ടായ്‌ര്‌ന്ന്”

“എന്നട്ട്?”

“എന്നട്ട് എ‌സ്‌എം‌എസ് വായിച്ചത് ദേ ഇപ്പോത്തന്നെ അങ്ങട് പോയ പോളിച്ചന്റെ അമ്മയാ”

ആശാന്‍ ദൈവത്തെ വിളിച്ചു. “ശാസ്താവേ…”

എല്ലാം പറഞ്ഞു കഴിഞ്ഞതിന്റെ ആശ്വാസത്തിൽ തമ്പി അടുത്ത മുറുക്കാന്‍പൊതിയിലേക്കു തിരിഞ്ഞു. കരയാമ്പൂവിന്റെ ഞെട്ട് വായിലിട്ടു രസിക്കവേ ആശാൻ തമ്പിയെ ഉപദേശിക്കാൻ വട്ടംകൂട്ടി. സംസാരശൈലിയും മാറ്റി.

‘തമ്പി ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ കുറച്ചുകൂടി ബുദ്ധിപരമായി കാര്യങ്ങളെ സമീപിക്കണം. വരുംവരായ്കകൾ എന്തെല്ലാമെന്നു മുന്‍‌കൂട്ടികണ്ടു അതിനനുസരിച്ചു കാര്യങ്ങൾ ക്രമീകരിക്കണം”

വായിൽനിറഞ്ഞ മുറുക്കാൻ ചുണ്ടിന്റെ കോണിലൂടെ ഒലിച്ചിറങ്ങി. അതുണ്ടാക്കിയ ചാല്‍തുടച്ചു തമ്പി ശരിയെന്നു തലയാട്ടി.

“മെസേജ് അയക്കുന്നത് ആര്‍ക്ക്, എപ്പോൾ എന്നതിനെ ആശ്രയിച്ചു നമ്മൾ ചില കോഡുവാക്കുകൾ ഉപയോഗിക്കണം. എന്നുവെച്ചാൽ കാര്യങ്ങൾ ‘പറയാതെ പറയണം’ എന്ന്”

തമ്പി സംശയിച്ചു. “പറയാതെ പറയണം‘ന്ന് വെച്ചാലെന്തൂട്ടാ ആശാനെ. നമ്മടെ മെമ്പർ തോമാസിന്റെ പ്രസംഗം പോലാണോ?”

“അതുതന്നെ. സംഗതി നമ്മൾ പറഞ്ഞോ എന്നു ചോദിച്ചാൽ മറ്റുള്ളവർ ‘പറഞ്ഞില്ല’ എന്നു മറുപടി നല്‍കണം. അതോടൊപ്പം‌ തന്നെ നമ്മളാ സംഗതി പറഞ്ഞില്ലേ എന്നുചോദിച്ചാൽ മുമ്പു പറഞ്ഞില്ല എന്നു പറഞ്ഞവർ ഇത്തവണ ‘പറഞ്ഞു’ എന്നും മറുപടി പറയണം”

തമ്പി അമ്പരന്നു. “തെളിച്ചുപറ ആശാനേ. എനിക്കൊന്നും മനസ്സിലാവണില്ല”

“എടാ. ആത്മസായൂജ്യം നേടാനുള്ള പ്രതിവിധി നീ പച്ചമലയാളത്തിൽ എഴുതി. അല്ലേ?”

“അങ്ങനെ പറ്റിപ്പോയി”

“തമ്പി അവിടെയാണ് ഞാൻ പറഞ്ഞ ‘പറയാതെ പറയൽ’ പ്രസക്തമായി വരുന്നത്. നീ പ്രതിവിധി പച്ചമലയാളത്തിൽ എഴുതാതെ ‘കൈക്രിയ ചെയ്യുക‘ എന്ന പറയാതെ പറയൽ നിഘണ്ഢുവിലെ വാചകം ഉപയോഗിച്ചിരുന്നെങ്കിൽ ഈവിധപ്രശ്നങ്ങൾ ഒന്നുമുണ്ടാവില്ലായിരുന്നു. അതാണെങ്കിൽ നീയെന്തെങ്കിലും പറഞ്ഞോ എന്നു ചോദിച്ചാൽ ഇല്ലെന്നും എന്നാൽ നീയതു പറഞ്ഞില്ലേ എന്നു ആരാഞ്ഞാൽ പറഞ്ഞു എന്നും വരുന്നു”

ഇത്രയും കേട്ടതോടെ തമ്പി ആശാന്റെ കൈത്തലം കയ്യിലെടുത്തി മുറുക്കാന്‍ ഒലിക്കുന്ന ചുണ്ടോടെ മുത്തി. “എന്റെ ആശാനേ… ആശാനാരാ മോൻ!“

സംഭാഷണം പിന്നേയും പുരോഗമിച്ചു. അതിനിടയിൽ മര്യാദാമുക്കിലൂടെ ഒരു പ്രൈവറ്റ് ഓട്ടോ കടന്നുപോയി. മണ്ണെണ്ണയിൽ ഓടുന്ന ഒരു ശകടം. അതിന്റെ കനത്തപുക വന്നു മൂടിയപ്പോൾ തമ്പി ചീത്ത പറഞ്ഞു.

“ഇന്ന് പമ്പൊന്നും തൊറന്നട്ടില്ലേടാ ശവീ”

ഓട്ടോറിക്ഷ പെട്ടെന്നു സഡന്‍‌ബ്രേക്കിട്ടു റോഡരുകിൽ നിന്നു. ഡ്രൈവർ സീറ്റില്‍‌നിന്നു വെളുക്കെചിരിച്ചു ഒരുവൻ ചാടിയിറങ്ങി. തമ്പിയുടെ ഉള്ളം കിടുങ്ങി. ജോസ്!

കാതിക്കുടത്തെ ജനങ്ങൾ ‘ഏതൊരു പ്രവൃത്തിക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ട്’ എന്ന മൂന്നാം ചലനസിദ്ധാന്തത്തെ അതിന്റെ സമഗ്രതയിൽ ദര്‍ശിക്കുന്നത് ജോസിലാണ്. വ്യക്തികളെ അഭിവാദ്യം ചെയ്യൽ, അടിക്കേസുകൾ,.. തുടങ്ങിയ മേഖലയിൽ മൂന്നാം ചലനനിയമം നടപ്പാക്കുന്നതിൽ വളരെ കര്‍ക്കശകാരനായ അദ്ദേഹം സ്ഥലകാലപ്രായഭേദമന്യെ ആരു അഭിവാദ്യം ചെയ്താലും തിരിച്ചും അതേപോലെ, അതേ രീതിയിൽ, അക്ഷരം‌പ്രതി പ്രതിവാദ്യം ചെയ്യും. അക്കാര്യത്തിൽ യാതൊരു ഒത്തുതീര്‍പ്പലുകള്‍ക്കും ജോസ് തയ്യാറല്ലെന്നാണു അന്നനാട് വേലുപ്പിള്ളി ബാലശാസ്താവിന്റെ ഉത്രം‌വിളക്കു ഉത്സവത്തിന്റെ അന്നു കാതിക്കുടം കണ്ണഞ്ചിറ മൈതാനിയിൽ നടന്ന സംഭവം സൂചിപ്പിച്ചത്.

കണ്ണഞ്ചിറ പേരുപോലെ പാടയോരത്തുള്ള ചെറിയ ചിറയാണ്. ചിറക്കു ചുറ്റുമുള്ള വിശാലമായ പാടത്തു ജലദൌര്‍ലഭ്യം മൂലം പലപ്പോഴും കൃഷി ചെയ്യാറില്ല. വരണ്ടുകിടക്കുന്ന ഇവിടെ എല്ലാകൊല്ലവും സെവന്‍സ് ഫുട്ബോൾ ടൂര്‍ണമെന്റ് നാട്ടുകാർ നടത്താറുണ്ട്. പാടത്തിനു നടുവിലൂടെ അധികം വീതിയില്ലാതെ വളഞ്ഞുപുളഞ്ഞ് പോകുന്ന ടാര്‍റോഡ് എത്തുന്നതു അന്നനാട്ടിലാണ്. ഏറിയാൽ അഞ്ചുമിനിറ്റുനേരത്തെ യാത്ര. അതിനുള്ളിൽ അന്നനാടിലെത്തി മുരിങ്ങൂർ വഴി ചാലക്കുടിക്കു പോകാം. മിക്കപ്പോഴും ട്രാഫിക് തീരെയില്ലാത്ത ഈ റോഡിൽ അന്നനാട് വേലുപ്പിള്ളി ബാലശാസ്താവിന്റെ ഉത്സവദിവസം വളരെ തിരക്കായിരിക്കും.

ആ കൊല്ലത്തെ ഉത്സവദിവസം ജോസിന്റെ ഓട്ടോയിൽ ആദ്യം കയറിയത് കാതിക്കുടം വിശ്വകര്‍മ്മനഗറിലെ പുഷ്പാംഗദൻ എന്ന പുഷ്പനാശാരിയായിരുന്നു. കയ്യിലെ സഞ്ചിയിൽ കൊട്ടുവടി, ഉളി തുടങ്ങിയ പണിയായുധങ്ങളുണ്ട്. പേരു പുഷ്പൻ എന്നാണെങ്കിലും ശാരീരികാവസ്ഥ അങ്ങിനെയല്ലെന്നാണ് ആശാരിയുടെ ഭാര്യ അഞ്ചുപൈതങ്ങളെ നിരത്തിനിര്‍ത്തി പറയുക. കെട്ടുകഴിഞ്ഞ എട്ടാംമാസം ആദ്യപേറ്. പിന്നേയും തെരുതെരെ പെറ്റു. അങ്ങിനെ പുഷ്പൻ എന്ന  പേരിനു പിന്നിലെ യുക്തിയില്ലായ്മ ആശാരി നാട്ടുകാരെ ബോധ്യപ്പെടുത്തി.

വീതിയില്ലാത്ത റോഡിലൂടെ ഓട്ടോ കത്തിക്കുമ്പോൾ പിന്നിലിരുന്ന ആശാരി ആവലാതിപ്പെട്ടു. “പതുക്കെപ്പോ ജോസേ. എന്റെ അടിവയറ്റീന്നു എന്തോ പൊങ്ങണപോലെ”

“എന്തെങ്കിലും വിളി തോന്നാണെങ്കി പറഞ്ഞോ പുഷ്പേട്ടാ. ചെറേല് ചാമതിക്കാനൊള്ള വെള്ളം‌ എന്തായാലും ഇണ്ടാവും“

തലതിരിച്ചു നോക്കാതെ ജോസിതു പറയുമ്പോൾ ആശാരിയുടെ നോട്ടം പാടമധ്യത്തെ ഇറച്ചിക്കട കടന്നു അക്രമവേഗത്തിൽ വരുന്ന ഒരു ബൈക്കിലായിരുന്നു. അതിന്റെ പിന്നിൽ ആരോ ഇരിക്കുന്നതിനു പകരം എഴുന്നേറ്റു നില്‍ക്കുന്നു.

“ജോസേ ആരാടാ ആ എണീറ്റുനിന്നു വരണെ? അവനെങ്ങാനും വീണാലോ?”

കാഴ്ചകണ്ടു ജോസ് ത്രില്ലടിച്ചു. ആശാരിക്കു ആളെ മനസ്സിലായില്ലെങ്കിലും ജോസിനു മനസിലായി. തികച്ചും സാഹസികമായി യാത്ര ചെയ്യുന്നതു കണ്ണനാണ്. ഉത്സവം പ്രമാണിച്ചു രാവിലെ മുതൽ ‘പറ്റാ‘ണ്. അതിന്റെ ഹാങ്ങോവറിലാണു പിൻ‌സീറ്റിലിരുന്നു സര്‍ക്കസ് കാണിക്കുന്നത്. കണ്ണന്റെ ശ്രദ്ധ ആകര്‍ഷിക്കാനായി ജോസ് ഓട്ടോയുടെ ഹോൺ പ്രത്യേകരീതിയിൽ നീട്ടിയടിച്ചു. അതിനു ബദലായി കണ്ണന്‍ ചെയ്തതു പുഷ്പാംഗദന്‍ആശാരി തീരെ പ്രതീക്ഷിക്കാത്ത കാര്യമാണ്. ബൈക്കിനു പിന്നിൽ എഴുന്നേറ്റുനിന്നിരുന്ന കണ്ണൻ കൈകൾ രണ്ടും ഉയര്‍ത്തി കൂപ്പിപിടിച്ചു ജോസിനെ അഭിവാദ്യം ചെയ്തു.

“ജോസേ…”

പുഷ്പനാശാരിയുടെ മനസിൽ വെള്ളിടി വെട്ടി. കാരണം ജോസിന്റെ അടുത്ത നീക്കം കാതിക്കുടത്തെ സകലമാനജനങ്ങളേയും പോലെ ആശാരിക്കും ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം നിയമം പ്രായോഗികവാദിയായ ജോസ് സുഹൃത്തിന്റെ അഭിവാദ്യം സ്വീകരിച്ചശേഷം ഉടൻ എക്കോ കൊടുത്തു. ഓട്ടോറിക്ഷയുടെ ഹാന്‍ഡിലിലെ പിടുത്തമങ്ങു വിട്ടു. തലപുറത്തിട്ടു കൈകൾ രണ്ടുമുയര്‍ത്തി കൂപ്പിപ്പിടിച്ചു നീട്ടിവിളിച്ചു.

“കണ്ണാ”

വിളിയുടെ അവസാനം മുച്ചക്രം കണ്ണഞ്ചിറയിലെ ചാമതിക്കാന്‍ ആവശ്യമായതിലും കൂടുതലുള്ള വെള്ളത്തിലേക്കു ഊളിയിട്ടു. സ്വതവേ കുളിക്കാറില്ലാത്ത പുഷ്പനാശാരിയുടെ കൊട്ടുവടി അങ്ങനെ വെള്ളംനനഞ്ഞു. വരുന്ന വഴിയിൽ ആരും നില്‍ക്കാറില്ലാത്ത, മൂന്നാം ചലനസിദ്ധാന്തത്തിന്റെ ആശാനായ ഈ ‘എക്കോ‘ ജോസിനെയാണ് തമ്പി അബദ്ധത്തിൽ നമ്പിയത്. അക്കിടി മനസ്സിലാക്കി മുന്‍‌കൂറായി മാപ്പ് പറഞ്ഞുനോക്കി.

“എന്റെ ജോസേ… ഞാനൊന്നും പറഞ്ഞില്ല. നീ നിക്കണ്ട. വിട്ടോ”

ആ നമ്പർ ഏശിയില്ല. തമ്പി തന്നെത്തന്നെ പ്രാകി. വഴിയിൽ‌കൂടി പോയ പൊല്ലാപ്പെടുത്തു കഴുത്തിട്ടു. വെറുതെ വിട്ടാൽ മതിയായിരുന്നു. മതിലിനരുകിലെത്തിയ ജോസ് ആശാനുനേരെ കണ്ണിറുക്കി. തമ്പിയുടെ കൈ ബലമായി പിടിച്ചു ഇടതുകൈയാൽ കുലുക്കി. വലതുകൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അതിന്റെ കാരണം ചോദിക്കാമെന്നു കരുതിയപ്പോഴേക്കും ജോസ് തുടങ്ങി.

“തമ്പീ നീ നമ്മടെ സഹദേവനെ അറിയില്ലേ?”

ഇന്നലെകൂടി ഒരുമിച്ചിരുന്നു വെള്ളമടിച്ചവനെ അറിയോന്നാണ് അന്വേഷണം. ചോദിക്കുന്നത് ജോസായതിനാൽ തമ്പി അജ്ഞത നടിച്ചു.

“സഹദേവനാ? ഞാനാരേം അറിയില്ല ജോസേ”

“ഹ അങ്ങനെ പറഞ്ഞാലെങ്ങനാ. ഞാൻ പറഞ്ഞുതരാം. വിശ്വകര്‍മ്മ നഗറിനടുത്തൊള്ള ബേബിച്ചേട്ടന്റെ വീട് അറിയില്ലേ?”

“അറിയില്ല…”

“എന്നാ വേണ്ട. ട്രാൿസ് ഓടിക്കണ വിനോദിന്റെ എടതുവശത്തെ വീട് അറിയില്ലേ?”

തമ്പിക്കു അറിയില്ലെന്നു പറയണമെന്നു ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു കഴിഞ്ഞില്ല. കാരണം പ്രസ്തുതവീട് തമ്പിയുടെയാണ്.

“കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി…”

ജോസിന്റെ മൊബൈൽ ശബ്ദിച്ചു. അദ്ദേഹം കുറച്ചുദൂരെ നീങ്ങിനിന്നു. വളരെ ഗൌരവത്തോടെ വര്‍ത്തമാനം പറഞ്ഞു. ഒരിടവേളയിൽ തമ്പിയെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. ഒടുവിൽ ആശാനുനേരെ കൈവീശി ജോസ് തിടുക്കത്തിൽ പോയി.

“ജോസിന്റെ കയ്യുമ്മെ എന്താടാ ബാന്‍ഡേജ്. വല്ല ആക്സിഡന്റും ഇണ്ടായാ?” ജോസിന്റെ പോക്കുനോക്കി ആശാന്‍ ചോദിച്ചു.

“ഏയ് ആക്സിഡന്റൊന്ന്വല്ല. അതു നാട്ടാര് പിടിച്ചു ചാമ്പിയതിന്റ്യാ”

“ങ്ഹേ. അതെന്തേ?”

“അവന്‍ ഗ്രാമിക ക്ലബിന്റെ ഓണാഘോഷപരിപാടി നോട്ടീസീ ചെറിയ ചേഞ്ച് വരുത്തി”

ആശാനു ഒന്നും മനസ്സിലായില്ല. “തെളിച്ചു പറടാ”

“ആശാനേ ഓണാഘോഷ പരിപാടീടെ നോട്ടീസിലെ അവസാന വരി കൂടുതൽ വിവരങ്ങൾക്കു കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെടുക എന്നായിരുന്നു”

“അതെല്ലാ നോട്ടീസിലും അങ്ങനല്ലെ!”

“അതേന്ന്. പക്ഷേ ഓസീന്‍കമ്പനിപ്പടിക്കെ ഒട്ടിച്ച നോട്ടീസീ ജോസ് ചെറിയൊരു ചേഞ്ച് വരുത്തി. കൂടുതൽ വിവരങ്ങൾക്കു കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെടുക എന്ന വരി അവന്‍ തിരുത്തി കമ്മറ്റിയംഗങ്ങളുമായി ലൈംഗികമായി ബന്ധപ്പെടുക എന്നാക്കി മാറ്റി“

ആശാൻ ഭയങ്കരമായി ഞെട്ടി. ജോസിനെ ഇത്രനാളും വിലകുറച്ചു കണ്ടിരിക്കുകയായിരുന്നു. ഞെട്ടലിനുശേഷം ചിരിച്ചു. “അപ്പോ തമ്പി അവന്‍ ആളോളെ വധിക്കണ പരിപാടി നിര്‍ത്ത്യാ. പെട്ടെന്ന് പോയല്ലോ”

“പുള്ളിക്കിപ്പോ എവിട്യാണ്ട് അര്‍ജന്റായി പോകാണ്ടെന്നാ പറഞ്ഞെ”

“അവനെന്തൂട്ടാ നിന്നോട് പറഞ്ഞെ?”

തമ്പി ഒരുനിമിഷം സംശയിച്ചുനിന്നു. “വേണ്ട ആശാനേ. അതൊരു ഭയങ്കര രഹസ്യാ”

ആശാന്‍ പൊട്ടിച്ചിരിച്ചു. “ഹഹഹ നമുക്കിടയിൽ രഹസ്യങ്ങളോ? തമ്പീ നീ പറ”

“ആശാനേ അതുമാത്രം ചോദിക്കരുത്. ഇതങ്ങനത്തെ രഹസ്യല്ല. ഭയങ്കര രഹസ്യാ!”

തമ്പിയുടെ നിസ്സഹകരണം ആശാനെ ദുഃഖിതനാക്കി.

“വേണടാ. എനിക്ക് ഇതന്നെ വേണം. നമ്മടെ ഫല്‍ഗുണൻചേട്ടന്‍ വെടീടെ അട്ത്ത് പോയത് ആരോടും മിണ്ടാത്ത ഞാൻ നിന്നോടുമാത്രം പറഞ്ഞില്ലേടാ. ഇല്ല്യേ.? പോരാഞ്ഞ് അനിതക്ക് ലവ്‌ലെറ്റർ കൊടുത്തത് ആരോടും മിണ്ടാത്ത ഞാൻ അതും നിന്നോടു പറഞ്ഞു. എന്നിട്ടിപ്പോ ഒരു ചെറിയ കാര്യം നീ എന്നോട് പറയാണ്ട് ഒളിപ്പിക്കണ്. നിനക്കറിയോ. അനിതക്കു ലവ്‌ലെറ്റർ കൊടുത്ത കാര്യം എനിക്കും നിനക്കും അവള്‍ക്കും മാത്രാ അറിയൊള്ളൂ. നിന്നെ എനിക്ക് അത്ര വിശ്വാസാ”

അതുകേട്ടു തമ്പി നടുങ്ങി. അനിതക്കു ആശാൻ ലവ്‌ലെറ്റർ കൊടുത്തതു നാട്ടിൽ പാട്ടാണ്. തമ്പിയുടെ നാവിൽനിന്നു ആ വാർത്ത ലീക്കായി. ആശാനതു അറിഞ്ഞിട്ടില്ല. അറിഞ്ഞാൽ കൂമ്പിടിച്ചു വാട്ടും. ഒടുക്കം സമ്മര്‍ദ്ദം താങ്ങാനാവാതെ ജോസ് പറഞ്ഞ രഹസ്യം തമ്പി പറഞ്ഞു.

“അവനേതോ പെണ്ണിനെ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവാന്ന്. ഒപ്പിടാൻ ഞാൻ ചെല്ലണത്രെ”

“ഒപ്പോ?”

“എന്ന്വച്ചാ വെരലടയാളം മതീന്ന് തോന്നണ്”

സംഭാഷണം ഇത്രയുമെത്തിയപ്പോൾ തമ്പിയുടെ ആത്മസ്നേഹിതൻ കുഞ്ഞുട്ടൻ കെനറ്റിക്‍ഹോണ്ടയിൽ പാഞ്ഞുവന്നു. “തമ്പിയണ്ണോ… വേഗം വാ. നമ്മടെ ജോസിനെ കമ്പനിപ്പടിക്കലിട്ട് തെലുങ്കന്മാര് തല്ലണ്!”

മര്യദാമുക്കിൽ അവിടവിടെ നിൽക്കുകയായിരുന്ന എല്ലാവരും നടുങ്ങി. കാതിക്കുടത്തെ പ്രശസ്ത പരോപകാരിയായ ജോസിനെ തല്ലുകയോ. അതും അന്യദേശക്കാർ.

“എന്തിനാടാ” തമ്പി അന്വേഷിച്ചു. ഓണാഘോഷനോട്ടിസ് പോലെ ജോസ് എന്തെങ്കിലും ഒപ്പിച്ചതാണെങ്കിൽ ചാടിപ്പുറപ്പെടുന്നതു ബുദ്ധിയല്ല.

“കമ്പനീലേക്ക് ആസിഡ് കൊണ്ടന്ന രണ്ടു വല്യ ടാങ്കൻലോറികൾ ജോസ് തടഞ്ഞു“

“എന്നട്ട്?” തമ്പിക്ക് ആകാംക്ഷമൂത്തു. കമ്പനിക്കെതിരെയാണ് ജോസിന്റെ ആക്ഷന്‍. മാലിന്യപ്രശ്നം ആരോപിച്ചു പലരും കൂട്ടമായും ഒറ്റതിരിഞ്ഞും പ്രതിഷേധിക്കാറുണ്ട്. ജോസും അങ്ങിനെ ചെയ്തതാകണം.

“എന്നട്ടെന്തൂട്ടാ ജോസ് ഓട്ടോയീന്ന് കമ്പിപ്പാരയെടുത്ത് ടാങ്കന്‍‌ലോറി ഡ്രൈവര്‍മാരെ വെരട്ടി. കവലേലിട്ട് തിരിച്ചുകൊണ്ടോടാ ശവികളേ എന്നുപറഞ്ഞു. തെലുങ്കന്‍മാരുണ്ടോ സമ്മതിക്കണ്. താക്കീതുകൊടുത്തട്ടും ഫലിക്കാതായപ്പോ ജോസ് കേറിയടിച്ചു. പൂരപെട. ആദ്യം തെലുങ്കന്മാര് ഒന്നും ചെയ്തില്ല. പക്ഷേ അടികിട്ടി വയ്യാണ്ടായപ്പോ അവര് തിരിച്ചുതല്ലി. ജോസിപ്പോ സി‌ഐടിയൂന്റെ കൊടിമരച്ചോട്ടീ ഇരിക്കാ. എണീക്കാന്‍ പറ്റണില്ല“

കുഞ്ഞുട്ടന്‍ എല്ലാം പറഞ്ഞവസാനിപ്പിച്ചു. തമ്പി ഏറെയൊന്നും ആലോചിച്ചില്ല. ആലോചിക്കുന്ന ശീലവുമില്ല. ഭാസ്കരൻ നായരുടെ പറമ്പിന്റെ വേലിയില്‍‌നിന്നു വണ്ണമുള്ള കൊന്നപ്പത്തൽ ഒരെണ്ണം ഒടിച്ചെടുത്തു. ഇലകൾ തൂര്‍ത്തുകളഞ്ഞു കുഞ്ഞുട്ടന്റെ കെനറ്റിക്ഹോണ്ടയിൽ കയറിയിരുന്നു. ഹെഡ്‌ലൈറ്റിട്ടു വണ്ടി കുതിച്ചുപാഞ്ഞു.

കമ്പനിപ്പടി കുരുതിക്കളമായിരുന്നു. കുറച്ചുപേർ സി‌ഐ‌ടിയുവിന്റെ കൊടിമരച്ചുവട്ടിൽ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. ഇഷ്ടികക്കളത്തിൽ പണിയെടുക്കുന്ന ബംഗാളി തൊഴിലാളികൾ. അവര്‍ക്കു നടുവിൽ ജോസ് കമിഴ്ന്നുകിടക്കുന്നു. കെനറ്റിക്ഹോണ്ടയുടെ ശബ്ദംകേട്ടു അദ്ദേഹം തലയുയര്‍ത്തി. പത്തൽ തലക്കുമീതെ ചുഴറ്റി, കെനറ്റിക്‍ഹോണ്ടയിൽ എഴുന്നേറ്റുനിന്നു വരുന്ന തമ്പിയെ കണ്ടതോടെ തെലുങ്കന്മാർ തല്ലിയതിന്റെ ക്ഷീണം പമ്പകടന്നു. ആപല്‍‌ബാന്ധവനാണ് തമ്പിയെന്നതു മനസ്സിൽ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ചാടിയെഴുന്നേറ്റു തെലുങ്കന്മാരെ മുട്ടന്‍‌തെറി വിളിച്ചു.

“എടാ ചള്ളുകളേ“

തമ്പി ആൾക്കൂട്ടത്തെ ഉന്തിത്തള്ളിമാറ്റി. ആപാദചൂഢം ജോസിനെ ചുഴിഞ്ഞുനോക്കി ആരാഞ്ഞു. “ഏതവനാടാ നിന്നെ തല്ലിയേ?”

“എല്ലാരും തല്ലി തമ്പീ, എല്ലാരും തല്ലി”

അപ്പോള്‍‌മാത്രമാണ് തമ്പി എതിര്‍പാളയത്തെ നോക്കിയത്. ശാസ്താവേ!

വൈക്കോല്‍‌തുറു പോലെ അഞ്ചുപേർ. ഒത്തപൊക്കവും വണ്ണവും. കരിഓയിലിന്റെ നിറം. വഴിയരികിൽ പാർക്കു ചെയ്തിരിക്കുന്ന ലോറിയിൽ വേറെയും ആളുകളുണ്ടോ എന്ന സംശയം തമ്പിയുടെ മനസ്സിനെ കിടിലം കൊള്ളിച്ചു. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ ആരെങ്കിലും തടയണേ എന്ന പ്രാര്‍ത്ഥനയോടെ അദ്ദേഹം മുന്നോട്ടാഞ്ഞു. പ്രതീക്ഷിച്ചപോലെ പരിചയമുള്ള ബംഗാളികളിൽ ഒരുത്തന്‍ പിന്നില്‍‌നിന്നു പിടിച്ചു.

“വേണ്ട തമ്പിച്ചേട്ടാ. അവരെ വിട്ടേര്…”

അതിഷ്ടപ്പെടാത്ത മട്ടിൽ തമ്പി ഔപചാരികമായി ഒന്നുകുതറി. കഷ്ടകാലത്തിനു കുതറലിന്റെ ഊക്കിൽ ഈര്‍ക്കിളി പോലെയുള്ള ബംഗാളിപയ്യൻ തെറിച്ചുപോയി. നിലത്തു വീണവൻ എഴുന്നേറ്റെന്നു ഉറപ്പുവരുത്തി തമ്പി വീണ്ടും മുന്നോട്ടാഞ്ഞു. പക്ഷേ രണ്ടടി മുന്നോട്ടുവച്ചിട്ടും പിന്നീട് ആരും തടഞ്ഞില്ല. തമ്പി സംശയിച്ചു പിന്തിരിഞ്ഞുനോക്കി. പിന്നിൽ ആരുമില്ലേ. എല്ലാവരും ഒതുങ്ങിനില്‍ക്കുകയാണെന്നു കണ്ടപ്പോൾ മുന്നോട്ടുള്ള പ്രയാണം നിര്‍ത്തി ആലോചനയിൽ അമര്‍ന്നു. തന്നേക്കൊണ്ടും ജോസിനെക്കൊണ്ടും ഇത്രയും ആളുകളെ കൈകാര്യം ചെയ്യാൻ പറ്റില്ല. ഇവരെ ഒതുക്കണമെങ്കിൽ ചെറുവാളൂർ ഗ്രൌണ്ടിൽ വാരാന്ത്യങ്ങളിൽ നടക്കാറുള്ള കബഡികളിയിലെ വമ്പൻ മല്ലന്മാരെ വലതുകൈയിലെ ചെറുവിരലുകൊണ്ടു മലത്തിയടിക്കുമെന്നു നാട്ടിൽ പറച്ചിലുള്ള ആശാൻകുട്ടി തന്നെ വേണം. നേരം ഇരുട്ടാകുന്നു. അദ്ദേഹമിപ്പോൾ മര്യാദാമുക്കിനു അടുത്തുള്ള ദീപേഷിന്റെ തട്ടുകടയിൽ പൊറോട്ടക്കു മാവു കുഴക്കുന്നുണ്ടാകും.

തമ്പി ജോസിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ആശാന്‍ എത്തുമെന്നറിഞ്ഞതോടെ ജോസിന്റെ ആവേശത്തിനു അതിരില്ലാതായി.

“വിളിച്ചോണ്ടുവാ തമ്പി. നമ്മടെ പിള്ളേരെ മുഴ്വോന്‍ വിളിച്ചോണ്ടുവാ”

തമ്പി തിരിച്ചുപോയി കുറച്ചുസമയം കഴിഞ്ഞു കമ്പനിയുടെ ഗേറ്റുതുറന്നു ഒരു ജീപ്പ് പുറത്തുവന്നു. കൊടിമരത്തിന്റെ ചുവട്ടിൽ ബീഢിവലിച്ചിരുന്ന ജോസ് ചാടിയെഴുന്നേറ്റു രണ്ടുകയ്യും വിടര്‍ത്തി ആ ജീപ്പും തടഞ്ഞു.

“എടാ നിർത്തറാ നിന്റെ വണ്ടി“

ജീപ്പുഡ്രൈവർ താക്കീത് കൊടുത്തു. “വഴീന്ന് മാറടാ”

സ്വരം മനസ്സിലാക്കി ജോസ് ഒതുങ്ങിമാറി. കക്കാട് കല്ലുമടയിലെ രജ്ഞപ്പനാണ് ഡ്രൈവർ. കമ്പനിയിലെ കോണ്‍‌ട്രാക്ട് ജോലിക്കാരൻ. വലിയ ബുദ്ധിമുട്ടുള്ള പണികളൊന്നുമില്ല. പ്ലാന്റിൽ അത്യാവശ്യമായി തൊഴിലാളികളെ വേണ്ടപ്പോൾ അവരെ താമസസ്ഥലത്തുനിന്നു എത്തിക്കുകയാണ് പ്രധാനജോലി. പിന്നെ കാന്റീനിലേക്കുള്ള സാധനങ്ങൾ കൊണ്ടുവരികയും. ദിവസം അഞ്ചോ ആറോ തവണയേ ഓട്ടമുള്ളൂ. ആഴ്ചയിൽ ആയിരത്തിഅഞ്ഞൂറ് കയ്യില്‍‌വരും.

രജ്ഞപ്പന്‍ ജോസിനെ വിളിച്ചു. “തമ്പി വന്നട്ടെന്താ ഒന്നും മിണ്ടാണ്ട് പോയേ?”

“ആശാനെ വിളിക്കാൻ പോയതാ രജ്ഞപ്പാ. അല്ലാണ്ട് പേടിച്ചട്ടൊന്ന്വല്ല. ആശാന്‍ വന്നട്ട് ഒരു കശക്കല്ണ്ട്” ജോസ് കൈഞൊട്ടി.

“ജോസേ ഞാന്‍ പറഞ്ഞില്ലല്ലോന്ന് നീ പിന്നീട് പറേര്ത്. അതോണ്ടാ ഞാനിപ്പോ ഇത് പറയാമ്പോണേ“

 

ജോസ് കാതുകൂര്‍പ്പിച്ചു. “എന്താച്ചാ കാര്യങ്ങളത്ര പന്ത്യായല്ല നീങ്ങണത്. കമ്പനി മാനേജ്‌മെന്റ് പോലീസിനെ വിളിച്ചണ്ടോന്ന് എനിക്കൊരു സംശയം!”

“ഹഹഹ” ജോസ് ചിരിച്ചു. “പോലീസാ. പോകാമ്പറ രജ്ഞപ്പാ. അവര്‍ക്കിതിലെന്ത് കാര്യം. എന്നെത്തൊട്ടാ നാടെളകും. പിന്നല്ലേ”

“അതുശര്യാ. എന്നാലും നീയൊന്നു സൂക്ഷിക്കണം. നാട്ടാര്‍ക്ക് എടപെടാൻ പറ്റണേനുമുമ്പ് ശടേന്ന് പൊക്കിക്കൊണ്ട് പോവും”

ജോസ് ഇരുത്തിമൂളി പുഞ്ചിരിച്ചു. പ്ലാനുകൾ എല്ലാം വെളിപ്പെട്ടില്ലേ. ഇനി എന്തുപേടിക്കാന്‍. പോക്കറ്റില്‍‌നിന്നു മൊബൈലെടുത്തു പലര്‍ക്കും ഫോൺ ചെയ്തു.

“മഹേഷേ കമ്പനിപ്പടിക്ക വാടാ. ഇവടെ ഒരു തല്ല്‌കേസുണ്ട്“

ജോസ് അവിടേയും ഇവിടേയുമുള്ള ഒരുപാടു പേരെ ഫോണിൽ വിളിച്ചെങ്കിലും ആരുമെത്തിയില്ല. പലവിധകാരണങ്ങളാൽ വൈകുന്നതാണെന്നു വിശ്വസിച്ചു ഇടക്കിടെ തെലുങ്കന്മാരെ വിരട്ടലും തുടര്‍ന്നു. “കാണിച്ചുതരാടാ മക്കളേ. ആശാനൊന്ന് വന്നോട്ടെ. നിന്നെയൊക്കെ ഇവടെ കുളിപ്പിച്ചു കെടത്തും“

ആശാനേയും തമ്പിയേയും കാത്തുനിന്ന ജോസിനു മുന്നിൽ ആദ്യമെത്തിയത് കുഞ്ഞിസനുവാണ്. കാര്യമെല്ലാം ഗ്രഹിച്ചാണ് വന്നിരിക്കുന്നതെന്നു ജോസിനു മനസ്സിലായി. അടുത്തുചെന്നു കൈത്തലം കയ്യിലെടുത്തു.

“സന്വോ നീയെന്നെ സപ്പോര്‍ട്ട് ചെയ്യണം”

അടിക്കേസുകൾക്കു പറ്റിയ ശരീരഘടനയല്ലെങ്കിലും നാട്ടിൽ പൊതുജനാഭിപ്രായം ക്രോഢീകരിക്കുന്നതിലും സ്വാധീനിക്കുന്നതിലും സനുവിനുള്ള മേല്‍ക്കൈ എല്ലാവർക്കും അറിയാവുന്നതാണ്. പവര്‍ലെന്‍സുള്ള കണ്ണടയിലൂടെ ജോസിനെ ആകെയുഴിഞ്ഞുനോക്കി, അമ്പലത്തിൽ‌നിന്നു വരികയായിരുന്ന, അദ്ദേഹം കയ്യിലെ പായസസഞ്ചി നിലത്തുവച്ചു. മൂക്കിന്റെ പാലത്തിൽ പറ്റിപ്പിടിച്ചിരുന്ന, കൂട്ടുപായസത്തിലെ ഒരു അരിമണി വിരലിൽ തോണ്ടിയെടുത്തു വായിലിട്ടു നുണഞ്ഞു.

“ജോസേ ദേ സത്യം പറയാലോ…” ഒന്നുനിര്‍ത്തി പതിവുവാചകം പൂരിപ്പിച്ചു. “എനിക്കിതീ എടപെടണ്ട കാര്യല്ല്യ!”

“അതുശരി. അപ്പോ സന്വോ നീ കമ്പനീടെ സൈഡാന്ന് ഞങ്ങക്കറീല്ലായ്‌രുന്നൂട്ടാ. സങ്കടം‌ണ്ട് ഇങ്ങനൊക്കെ പറഞ്ഞാ…”

“ജോസേ ഞാന്‍ ഉദ്ദേശിച്ചത് കമ്പനിക്കാര്യല്ല. അടിക്കാര്യാ. എന്റെ സ്റ്റാമിന നിനക്കറിയാല്ലോ. നേരെ നിന്നടിക്കാൻ, അതും ഇവന്മാരോട്… അത് എന്നെക്കൊണ്ടാവില്ല” സനൂപ് യാത്ര പറഞ്ഞു. “ഞാൻ പൂവാ”

സമയം വീണ്ടും ഇഴഞ്ഞുനീങ്ങി. തമ്പി എത്തിയില്ല. ദീപേഷിന്റെ തട്ടുകടയിൽ പൊറോട്ടക്കു മാവുകുഴക്കുന്ന ആശാനുമെത്തിയില്ല. എത്തിയത് ഒരു ജീപ്പാണ്.

കമ്പനിപ്പടിക്കൽ തമ്പി കൊണ്ടുവന്ന കൊന്നപ്പത്തൽ നിലത്തടിച്ചു ഉലാര്‍ത്തുന്ന ജോസിന്റെ ചെവിയിൽ ഒരു വണ്ടിയുടെ ഇരമ്പലെത്തി. ഇതേ ഇരമ്പൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ ജീപ്പിനും തമ്പിയുടെ യെസ്‌ഡിക്കും മാത്രമേയുള്ളൂ. യെസ്‌ഡിയിപ്പോൾ കട്ടപ്പുറത്താണെന്ന സത്യം ജോസിന്റെ ബിപി കൂട്ടി. മനസ്സിൽ നടത്തിയ കണക്കുകൂട്ടലിൽ വാഹനം കാതിക്കുടം ജംങ്‌ഷനിലെത്തിയെന്നു ഉറപ്പിച്ചു.

പോലീസെങ്ങാനുമാണോ. നാഴികക്കു നാല്പതുവട്ടം വെടിപറയുന്ന ശീലമുള്ള രജ്ഞപ്പന്റെ വാക്കുകൾ വിശ്വസിക്കണോ. ജോസ് ഇതികര്‍ത്തവ്യാമൂഢനായി. അധികം സമയം കളയാനില്ല. വണ്ടിയുടെ ഇരമ്പൽ കൂടിക്കൂടിവന്നു. ഒപ്പം കമ്പനിക്കു എതിര്‍‌വശത്തുള്ള പടമാന്‍‌വീട്ടുകാരുടെ സര്‍പ്പക്കാവ് ഹെഡ്‌ലൈറ്റിന്റെ തീഷ്ണപ്രകാശത്തിൽ ശോഭിച്ചു. അതിനര്‍ത്ഥം വാഹനം കളരിശിവന്റെ വീടിനടുത്തെ വളവ് ക്രോസ് ചെയ്തുകഴിഞ്ഞു. കമ്പനിപ്പടിക്കലെത്താന്‍ ഇനി ഏതാനും സെക്കന്റുകൾ മാത്രം.

ജോസിലെ അധീരന്‍ ഉണര്‍ന്നു. മനോമുകുരത്തിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ കര്‍ക്കശകാരനായ എഎസ്‌ഐ വേണുഗോപാലിന്റെ കൊമ്പന്‍മീശയും മൊട്ടത്തലയും തെളിഞ്ഞു. എന്നോ ഒരു പെറ്റിക്കേസ് ഒത്തുതീര്‍പ്പാക്കാൻ സ്റ്റേഷനിൽ പോയപ്പോൾ ലോക്കപ്പിനുള്ളില്‍നിന്നു വന്ന “അയ്യോ… തല്ലല്ലേ” ശബ്ദങ്ങൾ കാതിലും, മൂത്രത്തിന്റെ മണം മൂക്കിലുമടിച്ചു.

എഎസ്‌ഐ വേണുഗോപാലിനെ അറിയാവുന്ന ബംഗാളി തൊഴിലാളികള്‍ക്കു എന്തുചെയ്യണമെന്ന കാര്യത്തിൽ സംശയിക്കേണ്ടിവന്നില്ല. പിന്നിൽ ചില ശബ്ദങ്ങള്‍‌കേട്ടു തിരിഞ്ഞുനോക്കിയ ജോസ് മതിൽ ചാടിയോടുന്ന രണ്ടുപേരെ കണ്ടു. ഓടാന്‍ ആയുന്ന വേറെ രണ്ടുപേരെയും കണ്ടു. എന്നിട്ടും വാഹനത്തിന്റെ ശബ്ദം ജീപ്പിന്റെയല്ലല്ലോ എന്ന സംശയത്തിൽ പിടിച്ചുനിന്നു. പക്ഷേ കമ്പനിപ്പടിക്കു തൊട്ടടുത്തു, സന്തോഷിന്റെ റേഷന്‍‌കടയിരിക്കുന്ന, റോഡിലെ വളവ് ബ്രേക്കുചവിട്ടാതെ വേഗത്തിൽ തിരിക്കുന്ന വാഹനം ജീപ്പാണെന്നു സ്വന്തം കണ്ണുകൊണ്ടു കണ്ടതോടെ ജോസും കൂടുതൽ ആലോചിച്ചില്ല. തെലുങ്കന്മാരുടെ കാര്യമങ്ങ് വിട്ടു.

അത്താഴം കഴിച്ചു, വീടിന്റെ അടുക്കള കോലായിലെത്തി വായകഴുകുകയായിരുന്ന മാധവൻ സുനി ഒരുനിമിഷം ചുറ്റുപാടും കാതോര്‍ത്തു. വീടിനുനേരെ എന്തോ ഹുങ്കാരം ആര്‍ത്തലച്ചുവരുന്നുണ്ട്. കോലായില്‍‌നിന്നു മുറ്റത്തിറങ്ങി നടക്കാനാഞ്ഞ സുനിയുടെ മുന്നിലേക്കു ഒരു മിന്നായം പെട്ടെന്നു ചാടിവീണു ഓടിപ്പോയി. ‘ഹെന്റമ്മേ‘ എന്ന ആര്‍ത്തനാദത്തോടെ പിന്നോട്ടുമറിഞ്ഞു മോഹാലസ്യത്തിലമരും മുമ്പ് മിന്നായത്തിനു എക്കോ ജോസിന്റെ രൂപസാദൃശ്യമുണ്ടെന്നു മാധവൻ സുനിക്കു തോന്നി. സുനിക്കു മാത്രമല്ല നാട്ടിലെ അഞ്ചാറു വീട്ടുകാര്‍ക്കും പടിപ്പുരക്കു പിന്നിൽ ഒളിച്ചിരുന്ന ബംഗാളികള്‍ക്കും മിന്നായത്തിനു ജോസിന്റെ ഛായതോന്നി. ആരുടെ ഛായയാണെന്നു അറിയാതിരുന്നതു സന്തോഷിന്റെ റേഷന്‍കടക്കു അടുത്തെത്തിയപ്പോൾ മനപ്പൂര്‍വ്വം ബ്രേക്കു ചവിട്ടാതെ വേഗത്തിൽ ജീപ്പോടിച്ചു, കമ്പനിയുടെ എക്സ്ട്രാ തൊഴിലാളിയേയും കൊണ്ടു, വന്ന രജ്ഞപ്പനു മാത്രം.

തൊഴിലാളികളെ കമ്പനിയിലേക്കു ഇറക്കിവിട്ടു അതിനകം ഒളിയിടത്തില്‍‌നിന്നു പുറത്തേക്കുവന്ന ബംഗാളികളോടു രജ്ഞപ്പന്‍ ആരാഞ്ഞത്രെ.

“ജോസെവിടേ മക്കളേ?”

ബംഗാളികൾ അമ്പരന്നു. ‘ഇതാണോ കേരളമോഡൽ കുതിപ്പ്’ എന്നു അല്‍ഭുതപ്പെട്ടു സര്‍പ്പക്കാവിനു നേരെ വിരല്‍ചൂണ്ടി.Categories: കക്കാടിന്റെ പുരാവൃത്തം

Tags: ,

8 replies

 1. “ഓ അവനെന്തൂട്ടാ പറഞ്ഞെ”

  തമ്പി ഒരുനിമിഷം സംശയിച്ചുനിന്നു. “വേണ്ട ആശാനേ അതൊരു ഭയങ്കര രഹസ്യാ!”

  ആശാന്‍ പൊട്ടിച്ചിരിച്ചു. “ഹഹഹഹ നമുക്കിടയില്‍ രഹസ്യങ്ങളോ? തമ്പീ നീ പറ”

  “ആശാനേ അത് മാത്രം ചോദിക്കരുത്. ഇതങ്ങനത്തെ രഹസ്യല്ല. ഭയങ്കര രഹസ്യാണ്”

  പനമ്പിള്ളി സ്മാരകവായനശാലയില്‍ വച്ചാണ് ജോസിനെ പരിചയപ്പെടുന്നത്. ആരുമായും പെട്ടെന്നു അടുപ്പം സ്ഥാപിക്കാന്‍ പ്രത്യേക മിടുക്കുള്ള ജോസിന് എന്തുകൊണ്ടൊ എന്നോടു പ്രത്യേകമമതയുണ്ടായിരുന്നു. വായനശാല വിട്ടതിനുശേഷം ഓട്ടോയുമായി നടക്കുമ്പോഴും എവിടെവച്ചു കണ്ടാലും പരിചയം മടിക്കാന്‍ ജോസ് മടിക്കില്ല. എല്ലാവരോടും അങ്ങിനെതന്നെ.

  ജോസ് അങ്ങിനെയാണ്. ഒരു നിഷ്കളങ്കന്‍…

  കക്കാടിന്റെ പുരാവൃത്തങ്ങളില്‍ ഇക്കുറി അടുത്തനാടായ കാതിക്കുടത്തുനിന്നു ഒരാള്‍. എല്ലാവരും വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  Like

 2. ha ha ha…kalakkan post 🙂
  kalakalakki !!

  Like

 3. post nannayirikkunnu.. length kututhalayo ennoru thonnall.. pinne sunil paranjapole vayanakaranu vendi ezhuthan ullathallallo postukal. so nannayi varatte eniyum

  Like

 4. @ Manoraj

  There is a mistake in your comment. I told you that I cant write for those who like Smaller (in length) Posts

  Your statement was “vayanakkaaranu vendi ezhuthan ullathallallO pOstukaL

  This is wrong in my case because I am writing these all for my readers only 🙂. Also i never mind whether or not they are reading. I will write. if they can read they will. else let them leave it…

  Thanks
  🙂
  Sunil || Upasana

  Like

 5. 'അടിക്കേസുകള്‍ക്ക് പറ്റിയ ശരീരഘടനയല്ലെങ്കിലും നാട്ടില്‍ പൊതുജനാഭിപ്രായം ക്രോഢീകരിക്കുന്നതിലും സ്വാധീനിക്കുന്നതിലും സനുവിനുള്ള മേല്‍ക്കൈ എല്ലാവര്‍ക്കുമറിയാവുന്നതാണ്. പവര്‍ലെന്‍സുള്ള കണ്ണടയിലൂടെ ജോസിനെ ആകെയുഴിഞ്ഞുനോക്കി അദ്ദേഹം കയ്യിലെ പായസസഞ്ചി നിലത്തുവച്ചു. മൂക്കിന്റെ പാലത്തില്‍ പറ്റിപ്പിടിച്ചിരുന്ന നെയ്‌പായസത്തിലെ ഒരു അരിമണി കയ്യില്‍‌തോണ്ടിയെടുത്തു വായിലിട്ടു നുണഞ്ഞു കാര്യത്തിലേക്കു കടന്നു'.

  അപ്രധാന കഥാപാത്രങ്ങളുടെ വിവരണത്തിനുപോലും നല്ല ഭംഗി. സൂപ്പർ സ്റ്റോറി.

  Like

 6. Puravrutham….!
  Manoharam, Ashamsakal…!!!

  Like

 7. parayaathe parayanam….kollam

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: