സെക്കന്റ് ചാന്‍സ്

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.മേശക്ക് ഇരുപുറവും അവര്‍ അപരിചിതരെപ്പോലെ ഇരുന്നു. കൈകള്‍ പിണച്ചുവച്ചു മുഖത്തോടു മുഖം നോക്കാതെ. ഇതിനുമുമ്പ് കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. എന്നിട്ടും മൌനത്തിന്റെ ഇരുമ്പുമറ അവരെ പൊതിഞ്ഞു.. പരിചയങ്ങള്‍ വാചാലതയിലെത്താത്ത സന്ദര്‍ഭത്തിന്റെ മനോഹാരിത ഇരുവരും കുറച്ചുസമയം ആസ്വദിച്ചു.

“ഹരി പണ്ട് എനിക്കൊരു വാക്കുതന്നിരുന്നില്ലേ. ഓര്‍മയുണ്ടോ അത്?”

മനസ്സ് ഭൂതകാലങ്ങളില്‍ ഭ്രാന്തമായി തിരഞ്ഞു മരവിച്ചുകഴിഞ്ഞിരുന്ന ചേതനയെ ആകുന്നത്ര തല്ലിയുണര്‍ത്താന്‍ ശ്രമിച്ചു.

എന്തുവാക്കാണ് കൊടുത്തത്?
ഇത്രയും നീണ്ട ജീവിതകാലയളവില്‍ പലര്‍ക്കും പലപ്പൊഴും വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വൃഥാവിലാകുമെന്നു കരുതിയ പലതും അപ്രതീക്ഷിതമായി പാലിക്കാനായി. പാലിക്കാനാകുമെന്ന് ഉറപ്പിച്ചവ ഇന്നും മനസ്സിലെ വിങ്ങലായി നില്‍ക്കുന്നു. ഇതിലേതിനെപ്പറ്റിയാണ് ആരായുന്നത്.

ഓര്‍മകളോട് തോല്‍‌വി സമ്മതിച്ച് തലകുനിച്ചു.

“ഞാന്‍ ഓര്‍ക്കുന്നില്ല…”

“ആ സെക്കന്റ് ചാന്‍സ്”

ഓര്‍മയില്‍ വന്നത് അമ്മയുടെ മുഖമാണ്. വാത്സല്യത്തോടെയുള്ള ഒരു ശാസനയും കാതിലലച്ചു.

“ആ കുട്ടിയോട് നിനക്കൊന്നു ചോദിച്ചാലെന്താ ഹരീ. ഒന്നല്ലെങ്കിലും നിന്റെ കമ്പനിയില്‍ ജോലിചെയ്യുന്നതല്ലേ“

ഫോണിലൂടെ കേട്ട അമ്മയുടെ കുറ്റപ്പെടുത്തലിനും മാധുര്യമായിരുന്നു. രണ്ടുദിവസം മുമ്പ് പതിവുപോലെ രാത്രിയില്‍ വിളിച്ചപ്പോള്‍ പോയികാണാമെന്നു സമ്മതിച്ചതാണ്. പിറ്റേന്ന് കാര്യത്തോടടുത്തപ്പോള്‍ സ്വതസിദ്ധമായ ഉദാസീനത പിടികൂടി. എല്ലാം മറന്നു. മറക്കാന്‍ ആഗ്രഹിക്കുന്നവയെല്ലാം എളുപ്പത്തില്‍ മറക്കാന്‍ സാധിക്കാറുണ്ട്. അതും ഒരു അനുഗ്രഹം.

പെണ്‍‌കുട്ടിയുടെ മാട്രിമോണിയല്‍ സൈറ്റിലെ പ്രൊഫൈല്‍ തന്നത് അമ്മയാണ്. ഒരുകാലത്ത് അമ്മ ഏറ്റവും വെറുത്തിരുന്ന കാര്യം.

“ഈ ബ്രോക്കര്‍‌മാരില്ലാത്ത ആലോചനയൊക്കെ നല്ലതാണൊ ഹരീ. നമ്മടെ കുടുംബത്തിലെ കുട്ട്യാണെങ്കി കൊഴപ്പല്യാ. ഇത് അന്യരുടെ ആവുമ്പോ ജാതകോക്കെ കറക്ടാണോന്ന് ഉറപ്പിക്കാന്‍ പറ്റ്വോ”

അച്ഛന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. കാലം മാറുമ്പോള്‍ നമ്മളും അതിനനുസരിച്ചു മാറണം എന്ന പതിവു വാചകങ്ങളൊന്നും അമ്മയെ ഏശിയില്ല. കടും‌പിടുത്തം തുടര്‍ന്നു. നാട്ടിലെ അഞ്ചാറു മൂന്നാമന്‍‌മാരെ എല്ലാം പറഞ്ഞേല്‍പ്പിച്ചു. ഒരുമാസത്തിനുള്ളില്‍ പറ്റിയ ആലോചന കൊണ്ടുവന്നിരിക്കും എന്ന് ആണയിട്ട് പോയവര്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ഒടുക്കം അമ്മ തോല്‍‌വി സമ്മതിച്ചു രംഗത്തിറങ്ങി. പകല്‍ മുഴുവന്‍ കണ്ണുകഴക്കുന്നതുവരെ കല്യാണസൈറ്റുകളില്‍ കയറിയിറങ്ങി മകന് പെണ്ണന്വേഷിച്ചു.

Read More ->  നിർവാണ

പറ്റിയ പ്രൊഫൈലുകളില്‍ എല്ലാ അന്വേഷണവും വിശകലനവും നടത്തിയത് അമ്മതന്നെ. അത്തരത്തിലൊന്ന് ഒരു വൈകുന്നേരം അയച്ചുതന്നു. പേടിക്കാതെ ‘പോയികാണാന്‍’ ധൈര്യപ്പെടുത്തുകയും ചെയ്തു. രാധികയുമായുള്ള ആദ്യകൂടിക്കാഴ്ച അങ്ങിനെ സംഭവിച്ചതാണ്. രണ്ടാമത്തേത്, ഒരുപക്ഷേ അവസാനത്തേതും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഐസ്‌ക്യൂബുകള്‍ നിറഞ്ഞ ജ്യൂസ് മൊത്തി ചിറിതുടച്ചു.

“എന്തുപറ്റി ഫസ്റ്റ് ചാന്‍സിന്?”

എതിര്‍മുഖത്തെ ഭാവഭേദങ്ങളുടെ തിരനോട്ടങ്ങളില്‍ ഉറ്റുനോക്കിയിരുന്നു. പണ്ട് ലിപ്‌സ്റ്റിക്കിന്റെ മടുപ്പിക്കുന്ന ശഭളിമയില്‍ നോക്കാന്‍ മടിച്ചിട്ടുണ്ട്. അതൊക്കെ വെറും പുറം‌മോടിയാണെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നത്.

“അന്യഭാഷ, ജീവിതരീതികള്‍, കള്‍ച്ചറല്‍ ഡിഫറന്‍സ്… പൊരുത്തക്കേടുകള്‍ കൂടിയപ്പോള്‍ എല്ലാം മതിയാക്കി”

“ഡൈവോഴ്സ്‌ഡ്!”

“ഉം…”

മൂളിയതിനുശേഷമുള്ള മൌനത്തിന് അനിര്‍വചനീയമായ അര്‍ത്ഥതലങ്ങള്‍ തോന്നി. അവയുടെ ഗഹനതയില്‍ ആണ്ടുപോകാന്‍ മനസ്സുവെമ്പി.

“എന്നെ എങ്ങിനെ കണ്ടുപിടിച്ചു”

ആ കണ്ണുകളില്‍ നേരിയ തിളക്കം.

“ഹരിയുടെ പഴയ പ്രൊഫൈല്‍ അറിയാമായിരുന്നു. എവിടേയും എഴുതിവച്ചിരുന്നില്ല. പക്ഷേ മനസ്സിലുണ്ടായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയെപ്പറ്റി ഓര്‍ത്ത ഒരുനിമിഷത്തില്‍ ഞാന്‍ വീണ്ടും കയറിനോക്കി. അവിടെ എന്നെ കുത്തിനോവിച്ച് വീണ്ടുമൊരു സെക്കന്റ് ചാന്‍സ്…”

ചുണ്ടുകളെ വകഞ്ഞുമാറ്റി ചെറുമന്ദഹാസം തലപൊക്കി.

മനസ്സുനിറയെ പകയായിരുന്നു. പലരോടും പലതിനോടും. ഒരുപക്ഷേ അമ്മയോടു വരെ. അതിന്റെ ഹാങ്ങോവറില്‍ മാട്രിമോണിയല്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി. സീക്കിങ്ങ് ഫോര്‍ എന്ന ചൂണ്ടുപലകക്കുനേരെ “ഓണ്‍ലി സെക്കന്റ് ചാന്‍സ് പീപ്പിള്‍” എന്നുകുറിച്ചു. വാചകങ്ങള്‍ അമര്‍ഷം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നു അറിയാത്തവര്‍ വാതിലില്‍മുട്ടി. അറിഞ്ഞവരില്‍ ചിലര്‍ പരിഹസിച്ചു, ചിലര്‍ പരിതപിച്ചു. തന്നെ സംബന്ധിച്ചിടത്തോളം രണ്ടും തൃണമായിരുന്നു.

അമ്മയുടെ നിര്‍ബന്ധത്തില്‍ പ്രൊഫൈല്‍ ഉടമയെ കാണാന്‍ തീരുമാനിച്ചപ്പോള്‍ ഒരു കൊച്ചുസുന്ദരിയെ പ്രതീക്ഷിച്ചിരുന്നു. എച്ച്‌ആര്‍ എക്സിക്യുട്ടീവ് രാജേഷിനോട് അന്വേഷിച്ചു.

“അളിയാ ഈ ആളുടെ നമ്പര്‍ ഒന്നുവേണം”

“എത്‌ക്ക്?”

കാര്യങ്ങള്‍ വിശദീകരിച്ചു. രാജേഷ് അമ്പരന്ന് എന്തോ ഓര്‍ത്തു പിറുപിറുത്തു.

“ഓണ്‍ലി സെക്കന്റ് ചാന്‍സ്”

അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. ആ പ്രയോഗം കേള്‍ക്കുന്നതുതന്നെ ആദ്യമായിരുന്നു. കൂടുതല്‍ അന്വേഷിക്കാനും മിനക്കെട്ടില്ല. ഓഫീസ് മെസഞ്ചറില്‍ ആഡ് ചെയ്തു കാത്തിരുന്നു. ഓണ്‍ലൈനില്‍ വന്നനിമിഷം മാട്രിമോണിയല്‍ ഐഡി സഹിതം ബന്ധപ്പെട്ടു. മറുപടി താമസിയാതെ എത്തി.

“പ്ലീസ് കം കഫെറ്റേരിയ”

ഇത്ര പെട്ടെന്ന് പെണ്ണുകാണല്‍!
ആകാംക്ഷക്ക് ചിറകുവച്ചു. ഒപ്പം ആശങ്കകള്‍ക്കും. ചെയ്തുകൊണ്ടിരുന്ന പണിനിര്‍ത്തി ഏഴാംനിലയിലേക്ക് പറന്നു.

കഫെറ്റേരിയയുടെ മധ്യഭാഗത്തു നാലുപേര്‍ക്കിരിക്കാവുന്ന മേശയില്‍ ഒരുപെണ്‍‌കുട്ടി കൈമുട്ടുകളൂന്നി ഇരിക്കുന്നു. അമ്മയുടെ വായ്മൊഴി വരച്ച ചിത്രത്തിലും മനോഹരി. മുഖത്തു സ്വാഭാവികമായി പ്രതീക്ഷിക്കാവുന്നതിലും കൂടുതല്‍ പരിഭ്രമം. ഉച്ചത്തില്‍ മിടിക്കുന്ന ഹൃദയത്തെ ശാസിച്ച് അടുത്തുചെന്നു.

“ആര്‍ യു …..”

പതിഞ്ഞ താളാത്മകമായ സ്വരത്തില്‍ മറുപടി.

“അതെ”

ഇനിയെന്തുചോദിക്കണം. ഒരു കോമ്പ്ലിമെന്റ് ആകാമെന്നു തോന്നി. എങ്കിലും ഒന്നും മിണ്ടിയില്ല.

“സൈറ്റില് എന്റെ പ്രൊഫൈല്‍ ഉണ്ടാക്കിയത് ഞാനല്ല. അച്ഛനാണ്”

അതിനിപ്പോള്‍ എന്താണ് പ്രോബ്ലം. ആരുണ്ടാക്കിയാലും കല്യാണകാര്യമല്ലേ. മനസ്സിലെ ചിന്തകള്‍ അന്തമില്ലാതെ പോയി. അവ പുറത്തു പ്രകടിപ്പിക്കാതെ കാരണവന്മാരെപോലെ പറഞ്ഞു.

Read More ->  പുതിയ പുസ്‌തകം - 'ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ'

“അതു നന്നായി”

അരമിനിറ്റുനേരത്തെ ശാന്തത. അവക്കൊടുവില്‍ ആ വിളി.

“ഹരീ…”

കേള്‍ക്കാന്‍ ആഗ്രഹിച്ച വിളി. പക്ഷേ അതില്‍ മുറ്റിനില്‍ക്കുന്ന കുറ്റബോധം തിരിച്ചറിഞ്ഞു. മുഖത്തു ഉറ്റുനോക്കി. മിഴികളിലെ ക്രൌര്യം അമ്പരപ്പിച്ചു. അശുഭമായതെന്തോ സംഭവിക്കാന്‍ പോകുന്നു.

“ഹരീ എനിക്ക്… എനിക്ക് വേറൊരാളെ ഇഷ്ടമാണ്”

കയ്യില്‍ എടുത്തുപിടിച്ചിരുന്ന ഓറഞ്ചുജ്യൂസ് അറിയാതെ തുളുമ്പി. തലകുനിച്ചിരിക്കെ അടുത്ത ആഘാതവും എത്തി.

“ഹരി ഈ ആലോചനയുമായി എന്റെ വീട്ടില്‍ പോകരുത്. അപേക്ഷയാണ്”

അതെ. രാജേഷിന്റെ വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ പിടികിട്ടുന്നുണ്ട്.

“ഓണ്‍ലി സെക്കന്റ് ചാന്‍സ്”

കസേരയില്‍‌നിന്നു സാവധാനം എഴുന്നേറ്റു. അമ്മ വിളിക്കായി കാക്കുകയാണ്. എന്തുപറയണം. പെണ്‍‌കുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ടാല്‍ ചിലപ്പോള്‍ ശരിയാകുമായിരിക്കും. ആ ഭയം അദ്ദേഹത്തിനുമുണ്ടെന്നു തോന്നുന്നു. അതുകൊണ്ടല്ലേ ആലോചനയുമായി വീട്ടില്‍ പോകരുതെന്ന് അഭ്യര്‍ത്ഥിച്ചത്?

വിടര്‍ന്നു നില്‍ക്കുന്ന ആ സുന്ദരമുഖത്ത് ഒരുനിമിഷം ഉറ്റുനോക്കി. കരിമഷിയെഴുതിയ മിഴികള്‍ കലങ്ങിയിരുന്നു. കണ്‍കോണില്‍ ഒരു കണ്ണീര്‍‌കണം താഴേക്കു ഇറ്റുവീഴാന്‍ അനുവാദം ചോദിക്കുന്നു. വേണ്ട വിഷമിപ്പിക്കണ്ട.

“ഞാന്‍ വരുന്നില്ല കുട്ടീ“

അതുപറയുമ്പോള്‍ മുഖത്തു വേദനയില്‍ ചാലിച്ച ചിരിയുണ്ടായിരുന്നു.

“സ്നേഹമെന്നത് പിടിച്ചുവാങ്ങേണ്ട ഒന്നല്ലല്ലോ. ആണോ?……… കുട്ടി പോയ്ക്കോളൂ”

മറുപടിയോ ഒരുനോട്ടം പോലുമോ പ്രതീക്ഷിക്കാതെ കസേരയില്‍‌നിന്നു എഴുന്നേറ്റു. ടെറസിന്റെ മൂലയിലേക്ക് നടന്നു. മൊബൈലെടുത്ത് കൈവെള്ളയിലിട്ട് കറക്കി. മനസ്സില്‍ ആത്മസംഘര്‍ഷങ്ങളുടെ വേലിയേറ്റങ്ങള്‍. ഒടുക്കം വിളിക്കാതെ അക്ഷരങ്ങളെ കൂട്ടുപിടിച്ചു.

“സോറി അമ്മ. ദെയറീസ് ഓണ്‍ലി സെക്കന്റ് ചാന്‍സ്”

എസ്‌എം‌എസിന് പെട്ടെന്നു മറുപടിയെത്തി.

“സാരല്ല്യ ഹരി. അത് പോട്ടെ…….”

മനസ്സിലെ കാറുംകോളും തല്‍ക്കാലത്തേക്ക് അടങ്ങി. മാട്രിമോണിയല്‍ സൈറ്റില്‍ ഓണ്‍ലി സെക്കന്റ് ചാന്‍സ് എന്നുകൂടി ചേര്‍ത്തപ്പോള്‍ എല്ലാം പൂര്‍ണമായി പിന്‍‌വാങ്ങി. എന്നിട്ടും കരിമഷിയെഴുതിയ ഒരുജോടി കലങ്ങിയ കണ്ണുകള്‍ ഇടക്കൊക്കെ ചിന്തയെ അലസോരപ്പെടുത്തി വിരുന്നുവന്നു.

ഇപ്പോള്‍ അവ തന്നെത്തന്നെ ഉറ്റുനോക്കിയിരിക്കുകയുമാണ്.
ഒരു മറുപടിക്കായി. ഒരു സെക്കന്റ് ചാന്‍സിനായി!

ഓര്‍മകളില്‍‌നിന്നു ഉണര്‍ന്നെഴുന്നേറ്റു. ‌മേശയില്‍ എതിര്‍ഭാഗത്തിരിക്കുന്ന വ്യക്തിയുടെ മുഖം വികാരശൂന്യമാണ്. അനുഭവങ്ങള്‍ തുളവീഴ്ത്തിയ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചേ മുന്നോട്ടുപോകാനാകൂവെന്ന തിരിച്ചറിവ് അവിടെ ദൃശ്യമാണ്.

“ഹരി ഒന്നും പറഞ്ഞില്ല…”

പറയാനായി സ്വരുക്കൂട്ടുന്ന വാക്കുകളും അവയുടെ കര്‍ത്തവ്യം മറക്കുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മൌനിയാകാതെ തരമില്ല. ഹരിയും അതുതിരിച്ചറിഞ്ഞു തല്‍ക്കാലത്തേക്കു മൌനിയായി. തല്‍ക്കാലത്തേക്കു മാത്രം.


31 Replies to “സെക്കന്റ് ചാന്‍സ്”

 1. “ഹരീ…”

  കേള്ക്കാ ന്‍ ആഗ്രഹിച്ച വിളി. പക്ഷേ അതില് മുറ്റിനില്ക്കുരന്ന കുറ്റബോധം തിരിച്ചറിഞ്ഞു. മുഖത്തു ഉറ്റുനോക്കി. മിഴികളിലെ ക്രൌര്യം അമ്പരപ്പിച്ചു. അശുഭമായതെന്തോ സംഭവിക്കാന്‍ പോകുന്നു.

  “ഹരീ എനിക്ക്… എനിക്ക് വേറൊരാളെ ഇഷ്ടമാണ്”

  കയ്യില്‍ എടുത്തുപിടിച്ചിരുന്ന ഓറഞ്ചുജ്യൂസ് അറിയാതെ തുളുമ്പി. തലകുനിച്ചിരിക്കെ അടുത്ത ആഘാതവും എത്തി.

  “ഹരി ഈ ആലോചനയുമായി എന്റെ വീട്ടില്‍ പോകരുത്. അപേക്ഷയാണ്”

  അതെ. രാജേഷിന്റെ വാക്കുകളുടെ അര്ത്ഥം ഇപ്പോള്‍ പിടികിട്ടുന്നുണ്ട്.

  “ഓണ്‍ലി സെക്കന്റ് ചാന്സ്”

  സുഹൃത്തിന്റെ പോസ്റ്റിന് എന്റേതായ വ്യാഖ്യാനം കൊടുത്തപ്പോള്‍ പിറന്ന പോസ്റ്റ്. വായിക്കുക, അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 2. സുഹൃത്തിന്റെ ലിങ്കും വായിച്ചു.
  നന്നായെഴുതിയിട്ടുണ്ട്, ഉപാസന.

  ഇത്തരം ഒരു പൊസിബിലിറ്റിയെ കുറിച്ച് ചിന്തിക്കാനെന്താണു കാരണം?

 3. സുനിമോനെ!! , പറയാൻ വാക്കുകളില്ല….., ആ സംഭവം ഇത്രയും നന്നായി എഴുതാൻ നിനക്കു മാത്രമെ കഴിയൂ…അതിമനോഹരം….ഇപ്പൊ തന്നെ 5 പ്രാവശ്യം വായിച്ചു…

 4. സാധിക്കുമെങ്കിൽ , സമയം അനുവദിക്കുമെങ്കിൽ നീ പറഞ്ഞപോലെ മറ്റൊരുരീതിയിൽ കൂടി എഴുതുക….നിനക്കു കഴിയും….നിനക്കേ കഴിയൂ…

 5. നന്നായി എഴുതി… നല്ല കഥ.

  വായിച്ച് പകുതി എത്തിയപ്പോള്‍ തോന്നി, എന്തിന്റെയോ തുടര്‍ച്ച പോലെ 🙂 [മറ്റേ കഥ മുന്‍പേ വായിച്ചിരുന്നു.]

 6. 100 ശതമാനവും സത്യസന്ധമായ ഒരു കഥ, ഹൃദയസ്പര്‍ശിയും. ഈ കാലഘട്ടത്തില്‍ ഇതുപോലെ ഒരു പാട് ഹരിമാര്‍ ഈ സമൂഹത്തില്‍ ഉണ്ടായേക്കാം.
  ഇതിന്‍റെ യഥാര്‍ത്ഥ കഥാകാരനും ഉപാസനക്കും എന്‍റെ പ്രണാമം

 7. ബ്ലോഗര്‍ അച്ചു എഴുതിയ “സെക്കന്റ് ചാന്‍സ്” കൂടി വായിച്ചു അപ്പോഴാണ് ഉപാസന എത്ര നന്നായി അതിനു അനുബന്ധമായി “സെക്കന്റ് ചാന്‍സ്” എഴുതി എന്ന് അറിയുന്നത്..

  ഒരേ വിഷയം ഒട്ടും തന്നെ അതിന്റെ അന്തസത്ത ചോരാതെ മനോഹരമായി എഴുതി ..
  ഒരു “സെക്കന്റ് ചാന്‍സ്” ചോദിച്ചെത്തുന്ന നായിക അതുപോലെ അന്യഭാഷ, ജീവിതരീതികള്‍, കള്‍ച്ചറല്‍ ഡിഫറന്‍സ്… പൊരുത്തക്കേടുകള്‍ വിവരിക്കുന്ന ഭാഗം എത്ര നന്നായി ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു വച്ചു..

  നല്ല ആഖ്യായന രീതി വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന ഒഴുക്ക്
  ഒരു കഥയെന്നതിനെക്കാള്‍ വായിച്ചു തീരുമ്പോല്‍ ഒരു യാഥാര്‍‌ത്യത്തിന്റെ നേര്‍ക്കാഴ്ച എന്ന പ്രതിതി ജനിപ്പിച്ചു. ഉപാസനക്ക് അഭിനന്ദനങ്ങള്‍

 8. ഇന്നത്തെ കണി ഈ പോസ്റ്റ്.. കൊള്ളാം.. നല്ലൊരു വായന

  വായിച്ചു കഴിഞ്ഞപ്പോ ഇത് വേറൊരു തരത്തിൽ എഴുതി നശിപ്പിച്ചാലൊ എന്നൊരു ചിന്ത..

  ഭാവനയുടെ ആവശ്യമില്ല.. ഈ തീമിന്റെ വേറൊരുഅവതരണം നേരിട്ടു കണാനുള്ള ഫസ്റ്റ് ചാൻസ് തന്നെ കിട്ടിയിട്ടുണ്ടെ.. 🙂

 9. ഇട്ടീമാള്‍വോ

  എഴുതിക്കോളൂ. വാദി പ്രതിയും പ്രതി വാദിയുമാകുമോ ആവോ? 🙂

  ഫസ്റ്റ് ചാന്‍സ് കിട്ടിയിട്ടുണ്ടെന്നു പറഞ്ഞതില്‍ നിന്നു ഇട്ടിമാളുവിനോട് ആരോ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.
  😉
  ഉപാസന

 10. രണ്ടും വായിച്ചു സുനീ..നന്നായിട്ടുണ്ട്(ഇപ്പോഴത്തെ ആൺപിള്ളെഴ്സിനു ഇതൊക്കെയങ്ങു ഫീൽ ചെയ്യുമോ?എവിടെയോ വായിച്ചപോലെ പെൺകുട്ടീ നിന്റെ പുതിയപേരോ ആൺകുട്ടി?എന്നെയാരും തല്ലല്ല്..കുഞ്ഞിപ്പിള്ളേരു പട്ടിണിയായ്‌പ്പോകുമേ)

 11. ജയന്‍ ഭായ് : 🙂

  ഹരി : സമയം കിട്ടുമെങ്കില്‍ ഞാനെഴുതാം. കമന്റിന്റെ അവസാനമെത്തിയപ്പോള്‍ അവിടെ ‘ഹരീഷ്’ ടച്ച് വന്നു. 🙂

  ചാണക്യന്‍ : 🙂

  എഴുത്തുകാരി : രണ്ടും വായിച്ചത് ഇഷ്ടമായി. 🙂

  ശ്രീ : നിന്നോട് ഞാന്‍ പറഞ്ഞിരുന്നില്ലേ 🙂

  താരകന്‍ : അതെ സുഹൃത്തേ. കുറച്ചുനല്ല കൂട്ടുകാര്‍ ഉണ്ട്. തിരിഞ്ഞുനോക്കാത്ത കുറച്ചുപേരുമുണ്ട്. 🙂

  മേനോന്‍‌കുട്ടി : ഇതിന്റെ ഫീമേല്‍ വെര്‍ഷനും ധാരാളം സംഭവിക്കുന്നുണ്ടാകുമെന്നേ. 🙂

  മാണിക്യം : സത്യത്തില്‍ ഇതിലെ തീം നടന്ന ഒരു സംഭവം തന്നെയാണ്. കഥമാത്രമല്ല. 🙂

  അഭി : സന്തോഷം 🙂

  ഇട്ടീ : എഴുതിക്കോളൂ. സസ്പെന്‍സൊന്നും അധികം ആളുകള്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല. 🙂

  എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

 12. ഇരിങ്ങലേ : ഇവിടെയൊക്കെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ട് കേട്ടോ. 🙂

  ജെന്‍ഷിയ : 🙂

  ഉണ്ണിമോള്‍ : ആദ്യവരവിനും നന്ദി. അത്രയൊക്കെ ആയോ ആവോ 🙂

  ശ്യാം : ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കുകയാണ്. മുന്നോട്ട്… 🙂

  മനോരാജ് : സന്തോഷം 🙂

  നജീമിക്കാ : 🙂

  ജയേഷ് : ഇവിടെ നോക്കാറുണ്ടായിരുന്നോ!!! 🙂

  ആഗ്നേയാ : ഓന്‍ ഒരു സില്ലി ആണെന്നേയ്. അത്രയൊന്നും ഫീല്‍ ചെയ്തില്ലെന്നാ പറഞ്ഞത്. പക്ഷേ എനിക്കെന്തോ പോലെ തോന്നി. അവന്‍ യോഗ്യനാണ്. ഇങ്ങിനെയൊരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല. ആരും തല്ലത്തില്ല ഇവിടെവച്ച്. ഇതെന്റെ ബ്ലോഗാണ്. 🙂

  Thaikkadan : thanks 🙂

  എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക