മഹതിയുടെ ആകുലതകൾ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.“സാർ. കുറച്ചു നാളുകളായി എനിക്കു വല്ലാത്ത സംശയരോഗം”

“ആരെയാണ് സംശയിക്കുന്നത്. ഭർത്താവിനെ?”

“ഹേയ് അല്ല. എന്നെത്തന്നെയാണ്”

“വാട്ട് ഡു യു മീൻ”

“ഞാനെഴുതുന്ന വരികളെല്ലാം മുമ്പ് മറ്റാരോ എഴുതിയവയാണ് എന്നൊരു തോന്നൽ”

“അതു ശരിയാണ്. ഭയക്കാൻ ഒന്നുമില്ല. മുഴുവൻ ഒറിജിനലായ ഒരു കൃതിയും ഇന്നേവരെ ആരും രചിച്ചിട്ടില്ല. ലോകത്തിലെ ആദ്യകൃതി മാത്രമേ സ്വാധീനങ്ങൾ ഇല്ലാതെ രചിക്കപ്പെട്ടുള്ളൂ എന്നു വേണമെങ്കിൽ പറയാം. ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ എല്ലാകൃതികളിലും പരസ്പരം കോപ്പിയടികൾ ഉണ്ട്. അതു ചിലപ്പോൾ കൃതിയുടെ മുഴുവൻ ആശയമാകാം, ഒരു പാരഗ്രാഫിലെ ആശയമാകാം, അല്ലെങ്കിൽ എതാനും വരികളിലെ ആശയമാകാം. ഒരു വരിപോലും കോപ്പിയില്ലാത്ത രചനങ്ങൾ ഇന്നുവരെ ആരും രചിച്ചിട്ടില്ല എന്നാണ് എന്റെ മതം. ലോകമെന്നത് ബേസിക്കലി ഒരു വലിയ സമൂഹമാണ്. ആ ചട്ടക്കൂടിനുള്ളിൽ ജീവിക്കുന്ന മനുഷ്യർ പരസ്പരം ആശ്രയിക്കുന്നവരാകുന്ന കാലത്തോളം ഒറ്റപ്പെട്ടു നിൽക്കൽ അസാധ്യമാണ്. രചനയുടെ തലത്തിലായാലും ഈ പരസ്പരാശ്രിതത്വം നമുക്ക് ദർശിക്കാനാകും. രചനയിൽ മാത്രമല്ല മതം, സംസ്കാരം, ഭാഷ എന്നിങ്ങനെ സ്വാധീനങ്ങൾ എല്ലായിടത്തുമുണ്ട്. ആരുടേയും സ്വാധീനമില്ലാത്ത സൃഷ്ടി എന്നത് ഭംഗിവാക്കാണെന്നു ചുരുക്കം”

“സാർ പറയുന്നത് എന്റെ ആകുലതയെ ശമിപ്പിക്കുന്നില്ല. ഞാൻ എഴുതുന്നത് മറ്റുള്ളവരെ കോപ്പിയടിച്ചാണെന്നു വായനക്കാർ പറയുന്നതു കേൾക്കാൻ താല്പര്യമില്ല”

“അപ്പോൾ മഹതിയുടെ രചനകൾ മറ്റുള്ളവരുടെ രചനകളോടു അസാമാന്യ സാമ്യം പുലർത്തുണ്ടെന്നാണോ?”

“ചിലപ്പോൾ അങ്ങിനെ. മറ്റു ചിലപ്പോൾ നേരിയ സാമ്യം”

“എങ്കിൽ മഹതി സൂക്ഷിക്കേണ്ടിയിരിക്കുന്നു. താങ്കളുടെ ചിന്തകളെ ആരോ പിടിച്ചെടുക്കുന്നുണ്ട്. ആല്ലെങ്കിൽ ആരുടേയോ ചിന്തകളെ താങ്കൾ പിടിച്ചെടുക്കുന്നു. മഹതി ഇനിമുതൽ മറ്റുള്ളവരോടു സംവദിക്കുമ്പോൾ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. കാരണം ചിലരുണ്ട്, സുഹൃത്തുക്കളുടെ സാധാരണ സംസാരങ്ങളിൽനിന്നു പോലും കഥകൾക്കും കവിതകൾക്കുമുള്ള സ്പാർക്കുകൾ കണ്ടെത്തിക്കളയുന്ന കശ്മലൻമാർ. അത്തരക്കാരോടു മനസ്സുതുറന്നു സംസാരിക്കുരുത്. ‘അതെ’ ‘അല്ല’എന്നീ രണ്ടേ രണ്ടു വാക്കുകളിൽ മറുപടിപറയുന്നതാണ് അഭികാമ്യം. ഈ രണ്ടു വാചകങ്ങളിൽ കഥകൾമെനയാനുള്ള ബീജം ഇല്ലല്ലോ. കവികളുടെ കാര്യം പക്ഷേ പറയാനാകില്ല. ഈ രണ്ടുവാചകങ്ങൾ തിരിച്ചും മറിച്ചുമിട്ടു കവിതയുണ്ടാക്കിക്കളയും ചിലർ. അത്രക്കു ഫ്ലക്സിബിളിറ്റിയും വാസനയും. അതിനാൽ കവികളോടുള്ള സംസാരം നിർത്തുന്നതിനെക്കുറിച്ചു ഗൗരവമായി ആലോചിക്കുക”

“മറ്റുള്ളവരുടെ ചിന്തകൾ പിടിച്ചെടുക്കുന്നതിനെപ്പറ്റി പറഞ്ഞല്ലോ. അതു സാധ്യമാണൊ സാർ?”

“അതെ കുട്ടി. കഥാകാരനു എന്തും സാധിക്കും. കഥാകാരനു മുന്നിൽ നിൽക്കുന്ന, ഫോണിന്റെ അങ്ങേ തലക്കലുള്ള ഓരോ വ്യക്തിയും അദ്ദേഹത്തെ സംബന്ധിച്ചു കഥാബീജം തരാനുള്ള അസംസ്കൃതവസ്തു മാത്രമാണ്. അല്ലാതെ സുഹൃത്താണൊ ബന്ധുവാണൊ എന്നതൊന്നും വിഷയമേയല്ല. നമുക്കു അടുത്തു പരിചയമുള്ളവർ ഏതെങ്കിലും ട്രാജഡികൾ നേരിട്ടാൽ പോലും ആ ട്രാജഡിക്കുള്ളിൽ ഇത്തരക്കാർ കഥാബീജം തിരയും. പുതുതായി പരിചയപ്പെട്ട സ്ത്രീസുഹൃത്തുക്കളുടെ മനസ്സിലേക്കു ഊളിയിട്ടു പോകുന്ന കഥാകാരന്മാരുണ്ട്. ഈസ് സംതിങ്ങ് അൺയൂഷ്വൽ ഇൻ ദെയർ ബിഹേവിയർ? ക്യാൻ ഇറ്റ് കൺവെർട്ട് ടു എ സ്റ്റോറി ത്രെഡ്? ഇങ്ങിനെ ചിന്തിക്കുന്നവരാണ് കഥാകൃത്തുക്കൾ. ഇത്തരക്കാരെ അടുപ്പിക്കരുത്”

“ആരുമായും കൂട്ടുകെട്ടില്ലെങ്കിൽ ജീവിതം ബോറാവില്ലേ?”

“ഒരിക്കലുമില്ല. കഥാകൃത്തുക്കളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അവരെ സംബന്ധിച്ച് ഒറ്റപ്പെട്ട ജീവിതമാണ് ഏറ്റവും അഭികാര്യം. സ്വന്തം മനസ്സിലുള്ള കഥാസാമഗ്രികൾ ആരും കടത്തിക്കൊണ്ടു പോകാതെ സൂക്ഷിക്കാൻ അതുത്തമം. ഇത്തരക്കാർ ഭാര്യമാരെപ്പോലും അടുപ്പിക്കില്ല. രതിക്കിടക്കയിൽ പോലും ‘ഹാവൂ ഹമ്മേ’ എന്നല്ലാതെ ഒരക്ഷരം മിണ്ടില്ല. പുറം തിരിഞ്ഞുകിടന്നു ഉറങ്ങുകയാണ് പതിവ്. എന്താ കാരണം? മനസ്സിലെ ആശയം ചോരാതെ അടക്കിപ്പിടിക്കുകയെന്ന തന്ത്രം തന്നെ”

“സാർ. എനിക്കതിനു പറ്റുമെന്നു തോന്നുന്നില്ല. ആഴ്ചയിൽ ഒരു കഥാകൃത്തിനോടെങ്കിലും സംസാരിച്ചില്ലെങ്കിൽ ഉറക്കം വരാത്ത സ്ഥിതിയാണ്”

“എങ്കിൽ കാര്യം ഗൗരവതരമാണ്. മഹതി മനസ്സിലാക്കൂ, കഥാകാരന്മാരുടെ സംഭാഷണം പോലും പൊള്ളയാണെന്നു. രണ്ടു കഥാകൃത്തുക്കൾ തമ്മിൽ കണ്ടു, സംസാരിച്ചു എന്നിരിക്കട്ടെ. ഇവർ ആത്മാർത്ഥമായി ഉള്ളുതുറന്നു സംവദിക്കുമെന്നു മഹതിയ്ക്കു തോന്നുന്നുണ്ടോ? അവർ എത്ര അടുത്ത സുഹൃത്തുക്കളാണെങ്കിൽ കൂടി കരുതൽവച്ചെ സംസാരിക്കൂവെന്നു ഞാൻ പറയുന്നു. തന്റെ ചിന്തകളിൽ അന്തർലീനമായി കിടക്കുന്ന ചില കഥാബീജങ്ങൾ മറ്റവനു പിടികൊടുക്കാത്തവിധം സംസാരിക്കുന്നതിൽ മിടുക്കുള്ളവരാണ് കഥാകാരന്മാർ. സത്യത്തിൽ ഈ ബീജത്തിൽനിന്നു ഒരു കഥയുണ്ടാക്കാമെന്നോ, അതിൽ ഒരു കഥക്കുള്ള സ്കോപ്പ് ഉണ്ടെന്നോ എന്നൊന്നും കഥാബീജങ്ങൾ തലയിൽ പേറുന്നവനു ഉറപ്പുണ്ടാകില്ല. എങ്കിലും തന്നെയും കഥാബീജങ്ങൾ മറ്റുള്ളവർക്കു വിട്ടുകൊടുക്കാതിരിക്കാൻ കഥാകൃത്ത് ശ്രദ്ധിക്കും. പഴമൊഴി മട്ടിൽ പറഞ്ഞാൽ ‘നീയൊട്ടു തിന്നുകയുമില്ല. തിന്നാൻ ആഗ്രഹമുള്ളവരെ തീറ്റിക്കുകയുമില്ല” എന്ന സ്ഥിതി. ഇതുകൊണ്ടൊക്കെ തന്നെ രണ്ടു കഥാകാരന്മാർ തമ്മിലുള്ള കൂടിക്കാഴ്ച ഔപചാരികവാക്കുകളിൽ ഒതുങ്ങാൻ സാധ്യതയേറെയാണ്. ഇനി അഥവാ അവർ വളരെ ക്ലോസ് പെരുമാറ്റമാണെങ്കിൽ പോലും കഥാംശം പേറുന്ന ‘കണങ്ങൾ’ വിട്ടുകൊടുക്കാതിരിക്കാൻ അസാമാന്യ ശ്രദ്ധ പതിപ്പിക്കും. അതുകൊണ്ടു തന്നെ കഥാകൃത്തുകളോടു സംസാരിക്കുന്നത് പരമബോറാണ്. തന്റെ കൂടെ സംസാരിക്കുന്നവൻ തന്റെ ചിന്തകളെ പിടിച്ചെടുത്തു കഥയാക്കാനുള്ള വിദ്യയറിയത്ത ഒരു വിഡ്ഢിയാണെന്നു ബോധ്യമുണ്ടെങ്കിൽ മാത്രമേ കഥാകൃത്തുക്കൾ എല്ലാം തുറന്നു സംസാരിക്കൂ. കഥാകൃത്തുക്കൾ കൂടുതൽ സംസാരിക്കാൻ ഇഷ്ടപ്പെടുന്നത് വിഡ്ഢികളോടാണെന്നു ചുരുക്കം. വിഡ്ഢികളല്ലാത്തവർ ‘ഇപ്പോൾ എന്താണിഷ്ടാ എഴുതുന്നത്” എന്നു ചോദിച്ചാൽ കഥാകൃത്ത് ‘ഓ എന്തൂട്ട പറയാ. ഇപ്പൊ ആകെയൊരു വരൾച്ച്യാ’ എന്നു പറയും. കൂടാതെ തിരിച്ചങ്ങോട്ടു ചോദിക്കും ‘അല്ലാ നീയ് കാര്യായിട്ടു എഴുതണ്ടെന്നു തോന്നണല്ലാ’. അപരൻ ശക്തിയായി നിഷേധിക്കും. ‘ഹേയ്, കൊറേ നാളായി രണ്ടുവരി കുറിച്ചിട്ട്. ഫ്ലോ കിട്ടണില്ല. റൈറ്റേഴ്സ് ബ്ലോക്കാന്നാ തോന്നണേ’ എന്നു പറയും. ഇതുപോലെയുള്ള പൊട്ടൻകളിയാണ് കഥാകൃത്തുക്കളുമായുള്ള സംസാരം”

Read More ->  നീശന്‍

“സാർ സീരിയലുകൾ കാണാറുണ്ടോ?”

“ഹേയ്. അതിനെനിക്കു വട്ടില്ല”

“ഈ സീരിയലിലെ സംഭാഷണങ്ങളൊക്കെ എങ്ങിനെയാ എഴുതിയിടുന്നത്. ബുദ്ധിമുട്ടാണോ അതിനു?”

“ഒരു ബുദ്ധിമുട്ടുമില്ല. സാധാരണസംഭാഷണം പോലെ എഴുതിയിട്ടാൽ മതി. പിന്നെ ഇടയ്ക്കിടെ ഞെട്ടിക്കുന്നതിനു യോജിക്കുന്ന ഡയലോഗ് വേണം. ശരിക്കു പറഞ്ഞാൽ ഒരു സീരിയൽ എപ്പിസഡിനു ആകെക്കൂടി ഒരു പേജ് ഡയലോഗ് തന്നെ ധാരാളമാണ്. ബാക്കിവരുന്ന സമയത്തു കഥാപാത്രങ്ങൾ താടിയുഴിഞ്ഞു സംശയിച്ചു നിൽക്കുന്ന പോസിലോ, കാറോടിക്കുന്നതായോ, ദീർഘനേരം ഉലാത്തുന്നതായോ, ഉച്ചയുറക്കത്തിൽ കിടക്കുന്ന പോസിലോ സീനുകൾ എഴുതിവക്കുക. ദാറ്റ്‌സ് ആൾ”

“അവർ ഈ ഡയലോഗൊക്കെ പണ്ടേ എഴുതിയിടുമോ? അതായത് മൂന്നുമാസം മുമ്പേതന്നെ. അതോ സീൻ ഷൂട്ട് ചെയ്യുന്നതിനു ഒന്നുരണ്ടാഴ്ച മുമ്പോ?”

“അതു പറയാൻ പറ്റില്ല. ചിലപ്പോൾ വളരെ മുമ്പായിരിക്കും. മറ്റുചിലപ്പോൾ എപ്പിസഡ് ഷൂട്ട് ചെയ്യുന്നതിന്റെ തലേന്നാകാം. മഹതി ഒന്നു മനസ്സിലാക്കുക. സീരിയലിലെ ഡയലോഗുകൾ ആർക്കും എഴുതിയിടാവുന്നതേയുള്ളൂ. നമ്മൾ നിത്യജീവിതത്തിൽ പറയുന്ന സംഭാഷണങ്ങൾ തന്നെയാണ് സീരിയലുകളിലും. പിന്നെ എരിവിനു കുറച്ചു അരാജകത്വം, കുറച്ചു സെന്റി, കുറച്ചധികം നാടകീയത എന്നിവ കലർത്തുക. സീരിയൽ ഡയലോഗായി. മഹതിക്കു അറിയുമോ ഒരു അഞ്ചാറ് സീരിയലിനുള്ള കഥാബീജവും ഡയലോഗുകളും എന്റെ മനസ്സിലുണ്ട്. പക്ഷേ എഴുതിയിടാൻ താല്പര്യമില്ല. നല്ല ഓഫർ വന്നാലേ പരിഗണിക്കൂ”

“അപ്പോൾ സാർ സീരിയൽ സംഭാഷണം എഴുതിയിട്ടുണ്ടോ?”

“ഉണ്ടോന്നോ!! ഹഹഹഹഹ. എല്ലാ മേഖലയിലേയും പോലെ സീരിയലിലും കൈവച്ചിട്ടുണ്ട്. അതിൽ പരിപൂർണവിജയവുമായിരുന്നു. ഇപ്പോൾ ഞാനൊരു സാമ്പിൾ ഡയലോഗ് പറയാം. കേരളത്തിലെ ലക്ഷോപലക്ഷം സീരിയൽ പ്രേക്ഷകരെ കണ്ണീരണിയിച്ച സൂപ്പർഹിറ്റ് ഡയലോഗായി എല്ലാ ചാനലുകളും തിരഞ്ഞെടുത്തത് ഈ വരികളാണെന്നു സൂചിപ്പിക്കട്ടെ. അമ്മയും മകനും തമ്മിലുള്ള ഒരു സംഭാഷണം.

അമ്മ: ‘അന്നെനിക്കു പതിനഞ്ചു വയസ്സ്. പക്ഷേ കണ്ടാൽ ഇരുപത്തിരണ്ടു പറയും. ഒരുദിവസം വീട്ടിലെ ഗ്യാസ് തീർന്നതുകൊണ്ട് കഞ്ഞിവക്കാൻ പറ്റിയില്ല. നിന്റെ അപ്പാപ്പനു കഞ്ഞിയും ചമ്മന്തിയും വളരെ ഇഷ്ടമാണ് മോനേ. അപ്പാപ്പൻ കഞ്ഞി കുടിക്കാതെ എയറു വലിക്കുന്നതുകണ്ടപ്പോൾ അടുപ്പു പുകയ്ക്കാൻ കുറച്ചു ചുള്ളിക്കമ്പുകൾ തേടി ഞാൻ കാടുകയറി. കാട്ടിലെ കാഴ്ചകൾ മനോഹരമായിരുന്നു. തുള്ളിക്കളിക്കുന്ന പുള്ളിമാനുകളും, മധുരസംഗീതം പൊഴിക്കുന്ന കുയിൽ – കിളിലതാതികളും, വാനരന്മാരും. ചുള്ളിക്കമ്പൊടിക്കാൻ വന്നതാണെന്ന കാര്യം ഞാൻ മറന്നു. കാഴ്ചകൾ കണ്ടുനടന്നു. ഒടുക്കം കളകളാരവം മുഴക്കിയൊഴുകുന്ന നീർച്ചോല കണ്ടപ്പോൾ കുളിച്ചിട്ടു മൂന്നുദിവസമായ കാര്യമോർത്തു. തണുത്ത വെള്ളമുള്ള അരുവിയിൽ കുളിക്കാനിറങ്ങി. അപ്പോൾ താടിയും കണ്ണടയും ധരിച്ച ഒരു ഫോട്ടോഗ്രാഫർ അപ്രതീക്ഷിതമായി അതുവഴി വന്നു. അയാൾ ….. അയാളെന്നെ…’

അമ്മ സംസാരം നിർത്തി കരയുന്നു. മകൻ ആധിയോടെ ചോദിക്കുന്നു: ‘അമ്മേ.. അമ്മേ. അയാൾ അമ്മയെ എന്തുചെയ്തു?

അമ്മയുടെ കരച്ചിൽ ഉച്ചത്തിലാകുന്നു. ‘അയാൾ എന്റെ അടുത്തേക്കു വന്നു. കയ്യിൽ പിടിച്ചു. പിന്നെ….’

മകൻ: പിന്നെന്തുണ്ടായി?

അമ്മ: പിന്നൊന്നും അമ്മക്കു ഓർമയില്ല മകനേ’  “

“ഫന്റാസ്റ്റിക് ലൈൻസ്. ഐ റിയലി ലൈക്ക്‌ഡ് ഇറ്റ്”

“താങ്ക് യു. താങ്ക് യു. ഇതുപോലൊരു സ്ട്രോങ്ങ് ഡയലോഗ് എങ്ങിനെ എഴുതാൻ പറ്റിയെന്നാലോചിച്ചു ഞാൻ അൽഭുതം കൂറിയിട്ടുണ്ട്. പ്രേക്ഷകർക്കു ഈ ഡയലോഗ് നവ്യാനുഭവമായിരുന്നെന്നു സ്പഷ്ടം. പിന്നീടെനിക്കു ലഭിച്ച ഓഫറുകൾ ആ ദിശയിലുള്ളതായിരുന്നു. പക്ഷേ ഞാനെല്ലാം നിരസിച്ചു. കാരണം അതിലും നല്ല ഡയലോഗ് എന്നിൽനിന്നു വരില്ലെന്ന സത്യം മനസ്സിലാക്കിയിരുന്നു. അതിനേക്കാളും മികച്ച ഡയലോഗ് എന്നിൽനിന്നു പുറത്തുവരരുതെന്നും നിർബന്ധമായിരുന്നു”

“സാർ. എന്റെ പ്രശ്നവും സീരിയലിനോടു ബന്ധപ്പെട്ടാണ്”

“എന്ത് മഹതി അപ്പോൾ സീരിയലിനും ഡയലോഗ് എഴുതുമോ? വണ്ടർഫുൾ. ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല കേട്ടോ”

“അങ്ങിനെയല്ല സാർ. ഞാൻ സീരിയലിനു എഴുതുന്നില്ല. പക്ഷേ ഞാൻ എഴുതിയ ഒരു കഥയിലെ വരികൾ ഏകദേശം അതേപോലെ ഒരു സീരിയൽ സംഭാഷണത്തിൽ കണ്ടെന്നു സുഹൃത്തു പറഞ്ഞു. ഞാൻ സീരിയലിലെ വരികളെ കോപ്പിയടിച്ചോയെന്നാണ് സുഹൃത്തിന്റെ ചോദ്യം”

“ഐസീ. മഹതിയുടെ കഥ പുറത്തിറങ്ങിയത് എന്നാണ്. സീരിയലിൽ വന്നതും എന്നാണ്?”

“ഞാൻ എഴുതിയത് രണ്ടുമാസം മുമ്പാണ്. സീരിയലിന്റെ കാര്യം അറിയില്ല. ഒരു മാസത്തിനുള്ളിലാകനാണ് സാധ്യത”

“കാര്യങ്ങൾ ഇങ്ങിനെയാണെങ്കിൽ കോപ്പിയടിച്ചത് സീരിയലുകാർ ആകാനല്ലേ സാധ്യത”

“അല്ലല്ലോ. ചിലപ്പോൾ സീരിയലുകാർ ഡയലോഗ് വളരെ മുമ്പേ എഴുതിയെങ്കിലോ?”

“അതെ. അതിനും സാധ്യതയുണ്ട്. അപ്പോൾ എങ്ങോട്ടാണ് ആശയം കടംവാങ്ങിയതെന്നു അറിയാൻ മാർഗമില്ല, അല്ലേ?”

“അതെ സാർ. ഒരു മാർഗവുമില്ല. സത്യത്തിൽ സുഹൃത്തിന്റെ വാക്കുകൾ കേട്ടു ഞാനാകെ ഞെട്ടിപ്പോയി. സാറിനു അറിയുമോ പതിനെട്ടു വയസ്സുവരെ ഞാൻ നന്നായി വായിക്കുകയും എഴുതുകയും ചെയ്യുമായിരുന്നു. അക്കാലത്താണ് ഒരു പ്രമുഖകവയിത്രി ആത്മഹത്യ ചെയ്തത്. അപ്പോൾ എന്റെ വീട്ടുകാർ ഞാൻ എഴുതിയ കവിതകളും കഥകളുമൊക്കെ തപ്പിയെടുത്തു വായിച്ചുനോക്കി. കവയിത്രിയുടേയും എന്റേയും രചനകൾ തമ്മിൽ നല്ല സാമ്യമുണ്ടായിരുന്നു. എല്ലാവരും പേടിച്ചു. അതോടെ എന്റെ വായനയും എഴുത്തും നിന്നു. പെട്ടെന്നു തന്നെ കെട്ടിച്ചുവിടുകയും ചെയ്തു. ഇപ്പോൾ സീരിയലിലെ സെന്റിമെന്റ് ഡയലോഗുകൾക്കു ഞാനെഴുതുന്നതുമായി സാമ്യം വന്നപ്പോൾ ഞാനും വീട്ടുകാരും ആകെ പരിഭ്രമത്തിലായി. എനിക്കാണെങ്കിൽ എഴുത്ത് നിർത്താനുമാകുന്നില്ല”

Read More ->  ബി ചന്നസാന്ദ്ര

“ഉം. താങ്കളുടെ ആശങ്ക ഞാൻ മനസ്സിലാക്കുന്നു. അതേസമയം പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും പറയട്ടെ. ആരുടേയും സൃഷ്ടികൾ ഒറിജിനൽ അല്ലെന്ന കാര്യം ആദ്യം മനസ്സിലാക്കുക. പിന്നെ ഇപ്പോൾ മഹതിയുടെ പുതിയ കഥകൾ കാണാറില്ലല്ലോ. ഇപ്പോൾ എഴുതുന്നില്ലേ?”

“ഉണ്ടല്ലോ സാർ. പബ്ലിഷ് ചെയ്യാൻ ഭയമാണ്. വീണ്ടും സീരിയലിലെ വരികൾ പോലെയാകുമോ എന്നു സംശയം”

“വരാനുള്ളത് വഴിയിൽ തങ്ങില്ല. താങ്കൾ ധൈര്യമായി കഥകൾ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുക. ഞാൻ വായിച്ചു അഭിപ്രായം പറയാം”

“എങ്കിൽ എഴുതി പൂർത്തിയായ ഒരുകഥ ഞാനിപ്പോൾ പബ്ലിഷ് ചെയ്യാം. സാർ വെയിറ്റ് ചെയ്യൂ”

അഞ്ചുമിനിറ്റിനു ശേഷം ചാറ്റ്ബോക്സിൽ വീണ്ടും മഹതിയുടെ മെസേജ്.

“സാർ ഇതാണ് കഥയുടെ ലിങ്ക്. വായിച്ചു നോക്കൂ”

“വളരെ നന്ദി മഹതി. നല്ല കഥയാണെങ്കിൽ ഞാൻ ഇതിനൊരു റിവ്യൂ എഴുതാൻവരെ സമയം മിനക്കെടുത്തും”

“സാർ, ഐ വിൽ ബി ഗ്ലാഡ് ദെൻ”

തുടർന്നു സാർ കഥ വായിക്കുന്നു. മഹതിയുടെ കഴിവിൽ അൽഭുതംകൂറി വായന മുന്നേറുന്നു. കഥയുടെ പകുതിയെത്തിയപ്പോൾ വളരെ സുന്ദരമായ കുറച്ചു വരികൾ അദ്ദേഹത്തെ ഹഠാദാകർഷിച്ചു. അതിപ്രകാരമാണ്.

‘കുട്ടീ, ശരി അല്ലെങ്കിൽ സത്യം എന്നത് എപ്പോഴും ഏകപക്ഷീയമായിരിക്കില്ല. ഒരാളുടെ അഭിപ്രായത്തിൽ മാത്രമേ അതു അടങ്ങിയിട്ടുള്ളൂ എന്നു കരുതരുത്. നമുക്ക് ഈ ലോകത്തിലുള്ളതെല്ലാം അറിയുമോ? നമുക്ക് മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളും രിതികളും അറിവുകളും എല്ലാം അറിയുമോ? ഇല്ലല്ലോ. അപ്പോൾ എല്ലാം അറിയുക എന്നത് അസാധ്യമാണ്. സത്യമെന്നത് എപ്പോഴും ശരിയായ അറിവുമായി ബന്ധപ്പെടുത്തി പറയുന്ന ഒന്നാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, അറിവുകൾ എല്ലാം തെറ്റാണ് എന്നു പറയാൻ നമുക്ക് എവിടെനിന്നു അധികാരം കിട്ടി. അവരുടെ അഭിപ്രായങ്ങളിലും അറിവുകളിലും, നമ്മളിൽ ഉള്ളതുപോലെ, സത്യത്തിന്റെ അംശങ്ങൾ ഉണ്ടാകാം. നമ്മുടെ അഭിപ്രായം സ്വീകരിക്കപ്പെടാനുള്ള, മേൽക്കൈ നേടാനുള്ള അദമ്യമായ ആഗ്രഹത്താൽ നാം മറ്റുള്ളവരിലെ ശരി കാണപ്പെടാതെ പോവുകയാണ് ചെയ്യുന്നത്. സത്യം, ശരി എന്നിവ, വിരുദ്ധ അഭിപ്രായക്കാർക്കിടയിൽ പലപ്പോഴും മധ്യവർത്തിയായാണ് നിലകൊള്ളുക. അതു മനസ്സിലാക്കൂ”

വായന പൂർത്തിയാക്കി സാർ തരിച്ചിരുന്നു. എന്തു സുന്ദരമായ കഥ. ചാറ്റ്ബോക്സിൽ വീണ്ടും മഹതിയുടെ സന്ദേശം എത്തി.

“സാർ വായിച്ചുകഴിഞ്ഞോ?”

“കഴിഞ്ഞു മഹതി. താങ്കൾ വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. പ്രത്യേകിച്ചും ‘സത്യമെന്നത് വിരുദ്ധ അഭിപ്രായക്കാർക്കിടയിൽ മധ്യവർത്തിയാണെന്ന വരികൾ’. എന്തു നിസ്തുലമായ നിരീക്ഷണമാണത്. ഇങ്ങിനെയൊക്കെ എഴുതാൻ മാത്രം ടാലന്റ് മഹതിക്കുണ്ടെന്നു ഞാൻ കരുതിയിരുന്നില്ല. ഫന്റാസ്റ്റിക് സ്റ്റോറി. ഞാനിതാ റിവ്യൂ ആരംഭിക്കാൻ പോവുകയാണ്”

“വളരെ നന്ദി സാർ. ഏത് വാരികയിലാണ് ഈ റിവ്യൂ വരിക”

“സംശയമെന്ത്?. ഏറ്റവും മികച്ചതിൽ തന്നെ. ഞാൻ ഉറപ്പുതരുന്നു”

ഇരുവരും ബൈ പറഞ്ഞു ചാറ്റിങ്ങ് നിർത്തി. സാർ ഉടനെ മൊബൈലെടുത്തു നമ്പർ കുത്തി.

“ഹലോ ഡയറക്ടർ സാർ. ഇതു ഞാനാണ് സ്ക്രിപ്റ്റ് റൈറ്റർ. നമ്മുടെ സീരിയലിന്റെ അമ്പത്തിയെട്ടാമത്തെ എപ്പിസഡിലെ സ്ക്രിപ്റ്റിൽ അപൂർണമായ ഭാഗമില്ലേ. മകളെ അമ്മ ഉപദേശിക്കുന്ന സീൻ. അതിനു യോജിക്കുന്ന വരികൾ ഞാൻ കുറച്ചുമുമ്പ് എഴുതി പൂർത്തിയാക്കി. ഞാനതു പറഞ്ഞുതരാം. കുറിച്ചെടുത്തു കൊള്ളൂ. കഷ്ടിച്ച് അരപ്പേജ് മാത്രമുള്ളൂവെന്നതിനാൽ അധികം ബുദ്ധിമുട്ടേണ്ടതില്ല”

“ശരി പറയൂ. പേനയും പേപ്പറും എന്റെ അടുത്തുണ്ട്”

കുട്ടീ, ശരി അല്ലെങ്കിൽ സത്യം എന്നത് എപ്പോഴും ഏകപക്ഷീയമായിരിക്കില്ല. ഒരാളുടെ അഭിപ്രായത്തിൽ മാത്രമേ അതു അടങ്ങിയിട്ടുള്ളൂ എന്നു കരുതരുത്. നമുക്ക് ഈ ലോകത്തിലുള്ളതെല്ലാം അറിയാമോ? നമുക്ക് മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളും രിതികളും അനുഭവങ്ങളും എല്ലാം അറിയുമോ? ഇല്ലല്ലോ. അപ്പോൾ എല്ലാം അറിയുക എന്നത് അസാധ്യമാണ്. സത്യമെന്നത് എപ്പോഴും ശരിയായ അറിവുമായി ബന്ധപ്പെടുത്തി പറയാവുന്ന ഒന്നാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ, അറിവുകൾ എല്ലാം തെറ്റാണ് എന്നു പറയാൻ നമുക്ക് എവിടെനിന്നു അധികാരം കിട്ടി. അവരുടെ അഭിപ്രായങ്ങളിലും അറിവുകളിലും, നമ്മളിൽ ഉള്ളതുപോലെ, സത്യത്തിന്റെ അംശങ്ങൾ ഉണ്ടാകാം. നമ്മുടെ അഭിപ്രായം സ്വീകരിക്കപ്പെടാനുള്ള, മേൽക്കൈ നേടാനുള്ള അദമ്യമായ ആഗ്രഹത്താൽ നാം മറ്റുള്ളവരിലുള്ള ശരി കാണപ്പെടാതെ പോവുകയാണ് ചെയ്യുന്നത്. സത്യം, ശരി എന്നിവ, വിരുദ്ധ അഭിപ്രായക്കാർക്കിടയിൽ പലപ്പോഴും മധ്യവർത്തിയായാണ് നിലകൊള്ളുക. അതു മനസ്സിലാക്കൂ”

“ഹലോ ഡയറക്ടർ എഴുതി പൂർത്തിയാക്കിയോ?”

“പൂർത്തിയാക്കി സാർ. വരികൾ വളരെ നന്നായിരിക്കുന്നു. താങ്കൽ ശരിക്കുമൊരു ജീനിയസ് തന്നെ”

“ഭംഗിവാക്കുകൾ ഒഴിവാക്കൂ ഡയറക്‌ടർ. പിന്നെയൊരു സംശയം. അമ്പത്തിയെട്ടാമത്തെ എപ്പിസഡ് ഒരുമാസം കഴിഞ്ഞിട്ടല്ലേ പുറത്തുവരൂ”

“അതേ. ഇപ്പോൾ അമ്പതാമത്തെ എപ്പിസഡാണ് കളിക്കുന്നത്”

“അപ്പോൾ കുഴപ്പമില്ല. എല്ലാം ഓകെ. ശരി. ബൈ ഡയറക്ടർ”


14 Replies to “മഹതിയുടെ ആകുലതകൾ”

 1. ചിലപ്പോൾ അങ്ങിനെയാണ് വെറും രണ്ടു ദിവസം കൊണ്ടു കഥയെഴുതിക്കളയും. ആരെങ്കിലും പ്രചോദിപ്പിച്ചാൽ പിന്നെ പറയാനുമില്ല.
  🙂

  എന്നും സ്നേഹത്തോടെ
  സുനിൽ ഉപാസന

 2. കിടുക്കി ! കൂടുതല്‍ ഇഷ്ടമായ ഭാഗം-
  “‘അതെ’ ‘അല്ല’ എന്നീ രണ്ടേ രണ്ടു വാക്കുകളിൽ മറുപടിപറയുന്നതാണ് അഭികാമ്യം. ഈ രണ്ടു വാചകങ്ങളിൽ കഥകൾ മെനയാനുള്ള ബീജം ഇല്ലല്ലോ. കവികളുടെ കാര്യം പക്ഷേ പറയാനാകില്ല. ഈ രണ്ടുവാചകങ്ങൾ തിരിച്ചും മറിച്ചുമിട്ടു കവിതയുണ്ടാക്കിക്കളയും ചിലർ. അത്രക്കു ഫ്ലക്സിബിളിറ്റിയും വാസനയും.”

  ഇപ്പോള്‍ മിക്കപ്പോഴും ബ്ലോഗില്‍നിന്നും മറ്റും കോപ്പിയടിയാണ് നടക്കുന്നത്, സിനിമയിലും സീരിയലിലും. കഥ നന്നായി.

  പിന്നെ, ഹഠാകർഷിച്ചു എന്നല്ല ഹഠാദാകർഷിച്ചു എന്നതാണ് ശരി.

 3. എന്തായാലും സുനിയുടെ കഥയില്‍ കോപ്പി യടിയുടെ അംശം ഇല്ലാന്ന് കരുതുന്നു…

 4. ആരും ഞാൻ ഇതെവിടെ നിന്നു കോപ്പിയടിച്ചതാ എന്ന മട്ടിലുള്ള ബോറൻ കമന്റുകൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു. അത്തരം കമന്റുകൾ കേട്ടു വശംകെട്ടു.
  🙂

അഭിപ്രായം എഴുതുക