സാറാ ജോസഫ്, ഉപാസന, പിന്നെ ഒരു കയ്യൊപ്പും

ഡിസംബര്‍ ഇരുപത്താറാം തിയതി രാവില്‍ എറണാകുളത്തേക്കു പോകാന്‍ ഇറങ്ങുമ്പോള്‍ ബാബുച്ചേട്ടന്‍ സൂചിപ്പിച്ചു.

“സുന്യേയ്… വൈകീട്ട് കമ്പനിപ്പടിക്കല്‍ ഒരു സമ്മേളനം ഉണ്ട്. സാറ ജോസഫൊക്കെ വരണ്‌‌ണ്ട്. നീയെത്തണം”

ആനി എന്ന സാറ ടീച്ചര്‍ വരുമെങ്കില്‍ പിന്നെ ഞാനെത്താതിരിക്കുമോ? ബാബുച്ചേട്ടന് ഉറപ്പുകൊടുത്തു. വൈകീട്ട് സുഹൃത്തിനെ കണ്ടു തിരിച്ചു നാട്ടിലെത്തിയപ്പോള്‍ മൈക്കിലൂടെ ആരുടേയോ പ്രഭാഷണം മുഴങ്ങിത്തുടങ്ങിയിരുന്നു.

അയ്യങ്കോവ് ക്ഷേത്രത്തിലെ പതിവു ദര്‍ശനം മുടക്കാന്‍ മനസ്സുതോന്നിയില്ല. അമ്പലത്തില്‍നിന്നു സമ്മേളനസ്ഥലത്തേക്കു പോകാമെന്ന് തീരുമാനിച്ചു. ശബരിമല മണ്ഢലപൂജയായതിനാല്‍ ക്ഷേത്രത്തില്‍ ചുറ്റുവിളക്കും നിറമാലയും ഉണ്ടായിരുന്നു. കൂടാതെ തൈക്കൂട്ടം സുബ്രമണ്യന്‍ & പാര്‍ട്ടിയുടെ ചെറിയതോതിലുള്ള ചിന്തുപാട്ടും. എണ്ണയൊഴിച്ചു കത്തിക്കാന്‍ നൂറുകണക്കിന് ചെരാതുകള്‍. ചെരാതുകള്‍ക്കിടയിലും പടികളിലും കര്‍പ്പൂരം. ഇവയെല്ലാം തിരികൊളുത്താന്‍ ആളുകള്‍ കുറവും. എല്ലായിടത്തും ഓടിനടന്നു കത്തിച്ചു. അവില്‍ പ്രസാദവിതരണത്തിനും സഹായിച്ചു.

തിരക്ക് അടങ്ങിപ്പോള്‍ നടക്കലെത്തി. സുബ്രമണ്യന്‍ചേട്ടന്റേയും തമ്പിയുടേയും പാട്ടുകള്‍ ആസ്വദിച്ചു കേട്ടു. ബാല്യകാലത്ത് ചിന്തുപാട്ട് ഹരമായിരുന്നു. അച്ഛന്‍ നാട്ടില്‍ അറിയപ്പെടുന്ന ശാസ്താം‌പാട്ടുകാരന്‍ ആയിരുന്നു. ആകാശവാണിയില്‍ അടക്കം പലയിടത്തും പാടിയിട്ടുണ്ട്.. അദ്ദേഹം പകര്‍ന്നുതന്നത് ശാസ്താംപാട്ട് ആണെങ്കിലും എനിക്കു കൂടുതല്‍ കമ്പം നിറപ്പകിട്ടുള്ള ചിന്തില്‍ ആയിരുന്നു (കാലം കുറേ കടന്നുപോയി. ഇപ്പോള്‍ മനസ്സിലാക്കുന്നു. ശാസ്താംപാട്ടു തന്നെയാണ് കാരണവര്‍). കേട്ടിട്ടുള്ള നല്ലപാട്ടുകളില്‍ മനസ്സില്‍ കൂടുതല്‍ തങ്ങിനില്‍ക്കുന്നത് തൈക്കൂട്ടത്തെ തിലകന്‍ ആശാന്റേയും അദ്ദേഹത്തിന്റെ ട്രൂപ്പില്‍ അംഗമായ തമ്പിയുടേയുമാണ്. നല്ല ഗംഭീരന്‍ സൌണ്ട്.

നിറമാലക്ക് പതിവുആളുകള്‍ ഉണ്ടായിരുന്നെങ്കിലും ചിന്ത് കേള്‍ക്കാന്‍ തിരക്കില്ലായിരുന്നു. അമ്പലക്കമ്മറ്റിയിലെ പലരും പരിസ്ഥിതി സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുന്നവരാണ്. അവര്‍ അവിടെ ബിസി.

കാതിക്കുടം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന നിറ്റ ജലാറ്റിന്‍ എന്ന കമ്പനിയുടെ വായു, ജലമലിനീകരണത്തിനെതിരെ തദ്ദേശവാസികളില്‍ നല്ലശതമാനം സമരത്തിലാണ്. മലിനീകരണത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഏതാണ്ടെല്ലാ പത്രങ്ങളും ചാനലുകളും പ്രതിപാദിച്ചുകഴിഞ്ഞു. ഇപ്പോള്‍ സാംസ്കാരികനായകന്മാരെ അണിനിര്‍ത്തിക്കൊണ്ടുള്ള പ്രക്ഷോഭഘട്ടമാണ്. സാറാ ജോസഫും പ്രമുഖമാധ്യമപ്രവര്‍ത്തകന്‍ എന്‍. മാധവന്‍ കുട്ടിയുമാണ് ഈ സമ്മേളനത്തിലെ മുഖ്യാതിഥികള്‍. ഒരുമാസം മുമ്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സുകുമാര്‍ അഴീക്കോട് വന്നിരുന്നു. തീപ്പൊരി പ്രസംഗവും നടത്തി. പനമ്പിള്ളി ഫാനായ അഴീക്കോട്, പനമ്പിള്ളിയുണ്ടായിരുന്നെങ്കില്‍ ഈ കമ്പനി ഇങ്ങിനെ ഉണ്ടാകുമായിരുന്നില്ലെന്നു കാച്ചി.

അമ്പലത്തില്‍നിന്ന് സമ്മേളനസ്ഥലത്ത് എത്തിയപ്പോള്‍ കുറച്ചുവൈകി. എങ്കിലും സാറടീച്ചര്‍, മാധവന്‍‌കുട്ടി എന്നിവരുടെ പ്രസംഗങ്ങള്‍ ആദ്യംമുതല്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞു. എല്ലാം പരാമര്‍ശനവിധേയമായ പ്രഭാഷണങ്ങളില്‍ ഒരുനല്ല പങ്കും ശാരീരികന്യൂനതമൂലം എനിക്ക് മിസായി, വേദിയിലിരുന്ന ചിലരുടെ പേരുകള്‍ ഉള്‍പ്പെടെ!

പ്രധാന സംഭവം അരങ്ങേറാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സൌദിയില്‍‌നിന്ന് അവധിക്കുവന്ന ബിനു എന്നസുഹൃത്ത് ഞങ്ങള്‍ മുന്‍‌കൂട്ടി ഫിക്സ് ചെയ്ത കാര്യത്തെപ്പറ്റി അന്വേഷിച്ചു.

“അന്നമനടേ പോണോടാ. കപ്പയടിക്കാന്‍?”

ടീച്ചര്‍ വേദിയിലിരിക്കുമ്പോള്‍… അതുവേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. തീരുമാനത്തോട് അവനും യോജിച്ചു. വായന അധികമില്ലെങ്കിലും ബഹുമാനിക്കേണ്ടവരെ ആദരിക്കാന്‍ അവനറിയാം. മനസ്സിലൊരു പുതിയചിന്ത ഉയര്‍ന്നതും ആ നിമിഷം തന്നെ.

Read More ->  ഒരു പോത്തായിരുന്നെങ്കില്‍!

“എന്തുകൊണ്ടു ടീച്ചറില്‍‌നിന്ന് ഒരു ഓട്ടോഗ്രാഫ് വാങ്ങിച്ചുകൂടാ”

ദേശത്തെപ്പറ്റിയുള്ള കഥനങ്ങളില്‍ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് “ആലാഹയുടെ പെണ്മക്കള്‍”. സ്വന്തം പുസ്തകശേഖത്തില്‍ അതുമുണ്ട് വിലപിടിച്ച ഒന്നായി. പിന്നെന്തുകൊണ്ട് അതില്‍ കയ്യൊപ്പ് വാങ്ങിക്കൂടാ. കൂടുതല്‍ അലോചിക്കാന്‍ പോയില്ല.

അഞ്ചുമിനിറ്റിനുള്ളില്‍ പുസ്തകം വീട്ടില്‍‌നിന്ന് എത്തിച്ചു. പുറം‌ചട്ട മറിച്ചെത്തുന്ന ആദ്യപേജില്‍ “SUNIL UPASANA” എന്ന പേരില്‍ ഉപാസനയുടെ കീഴെ “ബ്ലോഗര്‍” എന്നെഴുതി വേദിക്കരുകിലെത്തി. ടീച്ചര്‍ക്കു നേരെനീട്ടി. ശരീരമാകെ ചൂടായിരുനു. എന്റെ നെഞ്ചിടിപ്പ് ഞാനും ശരിക്കുകേട്ടു. ടീച്ചര്‍ കയ്യെത്തിച്ച് പുസ്തകം വാങ്ങി. ഞാന്‍ വേദിയുടെ ഒരരുകിലേക്ക് നീങ്ങിനിന്നു. ഒരുമിനിറ്റുനേരത്തെ ആലോചനക്കുശേഷം തൂവെള്ളനിറമുള്ള കൈകള്‍ പുസ്തകത്തില്‍ എന്തോ കോറിവരഞ്ഞു, കോറലിന്റെ പോറല്‍ എന്റെ മനസ്സിലും വീണു.

നിറഞ്ഞ ചിരിയോടെ പുസ്തകം നീട്ടുമ്പോള്‍ ഞാന്‍ ടീച്ചറുടെ വെള്ളാരങ്കല്ലുപോലത്തെ കണ്ണിലേക്ക് നോക്കി (വെള്ളാരങ്കല്ലുപോലാണോ എന്ന് ഉറപ്പില്ല. അപ്പോളങ്ങിനെ തോന്നിയെന്നുമാത്രം അറിയാം). കേരളക്കര മുഴുവന്‍ അറിയുന ആനിയാണ് എന്നെനോക്കി ചിരിക്കുന്നത്. കണ്ണുകള്‍ നിറഞ്ഞു. സാവധാനം തിരിഞ്ഞുനടന്നു.

പടമാന്‍‌വീട്ടുകാരുടെ പരദേവതക്ഷേത്രത്തിന് അരുകിലിട്ടിരുന്ന കസേരകളിലൊന്നില്‍ ഇരുപ്പുറപ്പിച്ചു. പുറംചട്ട മറിച്ചുനോക്കി.

 

sara

“സുനിലിന്…

ഈ അമരപ്പന്തലിന്റെ തണല്‍ നേരുന്നു”

സ്നേഹം…
സാറാ ജോസഫ്

അങ്ങിനെ ആദ്യമായി കേരളത്തിലെ ഒരു മുന്‍‌നിര എഴുത്തുകാരി എനിക്ക് ഓട്ടോഗ്രാഫ് തന്നിരിക്കുന്നു! വളരെ സന്തോഷമായി.

അഭിപ്രായം എഴുതുക