പാവം ക്രൂരന്‍

അടിസ്ഥാനപരമായി ഏതൊരു എഴുത്തുകാരനിലും / കലാകാരനിലും (കഥാകാരന്‍, നോവലിസ്റ്റ്, കാര്‍ട്ടൂണിസ്റ്റ്) ഒരു ക്രൂരന്‍ ഒളിച്ചിരിപ്പുണ്ടെന്നു തോന്നുന്നു. ഒരു പാവം ക്രൂരന്‍.

അവനുചുറ്റില്‍, പ്രിയപ്പെട്ടവര്‍ക്കിടയില്‍ സംഭവിക്കുന്ന ദുഃഖകരമായ സംഭവങ്ങള്‍, പാളിപ്പോയ ബന്ധങ്ങള്‍, ആക്ഷേപകരമായ ശീലങ്ങള്‍ എന്നിവ അവനിലും സഹതാപം ഉണ്ടാക്കും. പലപ്പോഴും സഹതാപനിര്‍മാണത്തില്‍ മാത്രം ഇവയുടെ ആഘാതപരിധി ഒതുങ്ങിനില്‍ക്കണമെന്നുമില്ല. പ്രസ്തുതസംഭവത്തില്‍ ഒരു സുന്ദരസൃഷ്ടിക്കുള്ള ബീജം അടങ്ങിയിട്ടുണ്ടെങ്കില്‍ എഴുത്തുകാരന്റെ (എഴുതാനുള്ള) സര്‍ഗ്ഗാത്മക ചോദനയെ പിടിച്ചുലച്ചേക്കാവുന്ന രാസപരിണാമങ്ങളും അണിയറയില്‍ ഒരുക്കം തുടങ്ങും.

അതോടെ അവനിലെ സന്ദേഹി ഉണരുകയായി.
സുഹൃത്തുക്കളോടു നീതിപുലര്‍ത്തണോ കലയോടു നീതിപുലര്‍ത്തണോ?

ഉത്തരം കിട്ടാതെ അവന്‍ ഉഴറും. ഉഴറിയുഴറി തന്റെ സര്‍ഗ്ഗാത്മകതയോട് / കലയോടു നീതിപുലര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ അവനിലെ ക്രൂരന്‍ അവനറിയാതെ പുറത്തുവരും. അവനില്‍ ഒളിഞ്ഞിരിക്കുന്ന ക്രൌര്യം അവനറിയാതെ പുറത്തുവരും.

അപ്പോള്‍ കലാകാരന്‍ / എഴുത്തുകാരന്‍ ഒരു ക്രൂരനാവുകയായി. ഒരു പാവം ക്രൂരന്‍.

Read More ->  ഭ്രമരം ബ്ലെസ്സി പിന്നെ... പിന്നെ മോഹന്‍‌ലാലും

അഭിപ്രായം എഴുതുക