സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
റോഡില്‍ അവിടവിടെ തളംകെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ അപ്പുക്കുട്ടന്‍ സൂക്ഷിച്ച് നടന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു. ചിലയിടത്ത് ഡീസലിന്റെ തുള്ളികള്‍ വീണുപരന്നിട്ടുണ്ട്. ടില്ലറില്‍നിന്ന് ഊറിവീണതാവണം. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്‍ണങ്ങളില്‍ നൊടിനേരം കണ്ണുകള്‍നട്ട് നിന്നശേഷം അപ്പുക്കുട്ടന്‍ നടത്തം തുടര്‍ന്നു.
കോണ്‍ക്രീറ്റ് കലുങ്കിന് പിന്നില്‍ ഇലക്ട്രിക്പോസ്റ്റിനടുത്ത് മുട്ടോളം പൊക്കമുള്ള സര്‍വ്വേക്കല്ല്. അവിടെനിന്ന് ഇടത്തോട്ട്, പാടശേഖരത്തെ കീറിമുറിച്ച് പോകുന്ന നീണ്ടചെമ്മണ്‍പാതയിലേക്ക് തിരിഞ്ഞു. അതിന് എവിടേയും കൈവഴികളില്ല. പാടത്തെ പണിക്കാരുടെ പാദങ്ങള്‍ പതിഞ്ഞുതെളിഞ്ഞ ചെറിയ ഒറ്റയടിപ്പാതകള്‍ മാത്രം ചിലയിടത്തുണ്ട്.
വലതുവശത്തെ കനാലിലൂടെ ചേറിന്റെ നിറവുംമണവുമുള്ള പുഴവെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു. പനമ്പിള്ളിക്കടവില്‍ പഞ്ചായത്ത് പത്തിന്റെ പുതിയമോട്ടോര്‍ വച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞത് അപ്പുക്കുട്ടനോര്‍ത്തു.
രാവിലെ ഉമിക്കരികൊണ്ട് പല്ല്‌തേച്ച് ചായക്കായി കാക്കുമ്പോഴാണ് അമ്മ വാര്‍ത്ത എത്തിച്ചത്.
“നിനക്കോര്‍മ്മയുണ്ടോ അപ്പൂ. പണ്ട് നീയുംചേട്ടനും കൂടി വെളുപ്പാന്‍ കാലത്തെണീറ്റ് വെള്ളംതിരിക്കാന്‍ പോവാറുള്ളത്’
എന്താണാവോ ഇപ്പോള്‍ ഇങ്ങിനെ ചോദിക്കാന്‍. അമ്മയുടെ നേരെ കൌതുകത്തോടെ നോക്കി.
“പഞ്ചായത്ത് പുതിയ മൂന്ന് മോട്ടോര്‍ വാങ്ങീണ്ട്. ഇപ്പൊ വെള്ളം തിരിക്കണോങ്കി പണ്ടത്തെപോലെ ഇടിയൊന്നും കൂടണ്ട“
നന്നായെന്ന് മനസ്സില്‍ പറഞ്ഞു. ചായകപ്പ് വാങ്ങി പടിഞ്ഞാറ്റയിലേക്ക് നടന്നു. പാടത്തുനിന്ന് വീശിവരുന്ന ഇളംകാറ്റില്‍ മയങ്ങി ചായ മൊത്തിക്കുടിക്കുമ്പോള്‍ കാലത്തിന് പിറകില്‍, എവിടെനിന്നോ വന്ന അശരീരിയായി അമ്മയുടെ അപേക്ഷ കാതിലലച്ചു.
“ചേട്ടന്റെ കൂടെ ഒന്ന് ചെല്ലടാ അപ്പൂ. ഇന്നൂടെ മതി. വെള്ളം തിരിച്ചില്ലെങ്കി പത്ത്പറ തികച്ച് കിട്ട്വോ മോനേ”
മുപ്പത്‌സെന്റ പാടത്ത്നിന്നുള്ള ആദായമാണ് അപ്പുക്കുട്ടന്റെ വീട്ടിലെ ഏകവരുമാനം. രാവിലെ ഉപ്പിട്ടകഞ്ഞിയെങ്കിലും കുടിച്ച് സ്കൂളില്‍പോകാന്‍ കഴിയുന്നത് അതുകൊണ്ടാണ്. വേനല്‍ കനക്കുന്ന പുഞ്ചക്കൃഷിക്ക് അതിരാവിലെ എഴുന്നേറ്റ് പനമ്പിള്ളിക്കടവില് പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ അടിച്ച് കനാലിലൂടെവരുന്ന പുഴവെള്ളം മറ്റുള്ളവരോട് മല്ലിട്ട് തടയണകെട്ടി സ്വന്തം നെല്പാടത്തിലേക്ക് കൊണ്ട്‌വരണം. എങ്കിലേ നെല്‍ക്കതിരുകള്‍ കൊഴിയാതിരിക്കൂ. എല്ലാം ചേട്ടന്‍ കൈകാര്യം ചെയ്തോളും. കൂട്ട് പോയാല്‍ മതി. പക്ഷേ വെളുപ്പിന് അഞ്ചുമണിക്ക് എഴുന്നേറ്റ്, മങ്ങിക്കത്തുന്ന മണ്ണെണ്ണവിളക്കിന്റെ പ്രകാശത്തില്‍ പാടവരമ്പത്തുകൂടെ ഉറക്കംതൂങ്ങുന്ന കണ്ണുകളോടെ നടക്കാന്‍ അപ്പുക്കുട്ടന് ഒട്ടും ഇഷ്ടമില്ലായിരുന്നു. എങ്കിലും അമ്മയുടെ നിസ്സഹായതക്ക് മുന്നില്‍ എന്നും വഴങ്ങും.
“കുഞ്ഞനെങ്ങോട്ടാ?”
പിന്നില്‍ ഇടര്‍ച്ചയുള്ള പരുക്കന്‍സ്വരം. അപ്പുക്കുട്ടന്‍ തിരിഞ്ഞുനോക്കി. മുഷിഞ്ഞ തോര്‍ത്തുമുണ്ട് തലയില്‍കെട്ടി ചേറ്‌മണക്കുന്ന കൈലിയുടുത്ത് ഒരു വൃദ്ധന്‍. അപ്പുക്കുട്ടന്‍ നിറഞ്ഞചിരിയോടെ അടുത്തേക്കു ചെന്നു. ചാമിയാരുടെ മുഖത്ത് ചെറിയ മന്ദഹാസം മാത്രം.
“എവിട്യാപ്പോ? ഇവടെയൊന്നും കാണാറില്ലല്ലാ”
മറുപടി പറഞ്ഞില്ല. പകരം ചിന്തിച്ചു. അപ്പൂപ്പന് വലിയ വ്യത്യാസമൊന്നുമില്ല. ഊര്‍ജ്ജ്വസ്വലന്‍ തന്നെയാണ്. അപ്പുക്കുട്ടന്‍ ആ മെലിഞ്ഞ കൈത്തലം ഗ്രഹിച്ചു.
“ഞാന്‍ ഒറ്റലും കൊണ്ട് വേണൂന്റെ പാടത്ത്ന്ന് വരാണ്. കയ്യില് ചെളി കാണും. പിടിക്കണ്ട“
തടസ്സപ്പെടുത്തല്‍ ഗൌനിച്ചില്ല. മെലിഞ്ഞ ശരീരത്തോട് ചേര്‍ന്നുനിന്നു. കണ്ണുകള്‍ അറിയാതെ നിറഞ്ഞു.
അപ്പൂപ്പന്‍ വിസ്തരിക്കാന്‍ തുടങ്ങി.
“ന്നലെ രാത്രി ഊത്തല് കേറി കുഞ്ഞോ. രാത്രി കഞ്ഞിവെള്ളം കുടിച്ച് കെടക്കാന്‍ പൂവുമ്പഴാ രാമന്‍ വന്ന്പറഞ്ഞെ. ഇച്ചിരെ ക്ഷീണം തോന്നീതോണ്ട് ഞാനപ്പൊ പോയില്ല. പിള്ളേര് പോയി കൊറേ കൊണ്ടന്നു“
“ഇന്ന് കാലത്ത് എണീറ്റപ്പോ പാടത്തേക്കൊന്ന് എറങ്ങാണ്ടിരിക്കാന്‍ പറ്റിയില്ല”
എല്ലാം സത്യമായിരുന്നു. പുളിക്കകടവ് പുഴയില്‍നിന്ന് ഊത്തല്‍ കയറിയാല്‍ ആര്‍ക്കും പെട്രോമാക്സും ഒറ്റലും തെങ്ങ്കയറ്റക്കാരുടെ മടവാളുമെടുത്ത് പാടത്ത് ഇറങ്ങാതിരിക്കാന്‍ ആവില്ലായിരുന്നു. പലപ്പോഴും രാത്രി ഉറക്കംതൂങ്ങുന്ന വേളയിലാകും പാടത്തുനിന്ന് കൂക്കുവിളികള്‍ കേള്‍ക്കുക. ക്ഷണനേരത്തിനുള്ളില്‍ ക്ഷീണം പമ്പകടക്കും.
പുതുവെള്ളത്തില്‍ ആകര്‍ഷിക്കപ്പെട്ട് പനമ്പിള്ളിക്കടവില്‍നിന്ന് കൂട്ടത്തോടെ കയറിവരുന്ന കുറുവപ്പരലുകളില്‍ ഒരു നല്ലപങ്ക് പെരുന്തോടില്‍ കാലേക്കൂട്ടി വമ്പന്‍ ഒറ്റലുകള്‍ വച്ചവര്‍ കൊണ്ടുപോകും. അവിടെ പിടികൊടുക്കാതെ കയറിവരുന്ന മീനുകളാണ് പുല്ലാനിത്തോട്ടിലും സമീപത്തെ പാടങ്ങളിലും എത്തുന്നത്.
“കോളെങ്ങനെ അപ്പൂപ്പാ”
ചാമിയാര്‍ കൈമലര്‍ത്തി.
“എവടെ! മീനോള്‍ക്ക് പണ്ടത്തെ എളക്കോന്നും ഇപ്പൊല്ല്യ. കുറുവകള്‍ വളരെ കൊറവാ. കേറണതില്‍ കൊറേണ്ണം പെരുന്തോട്ടിലെ ഒറ്റലില്‍ വീഴും. പുല്ലാനിത്തോട്ടിലേക്ക് എത്തിയാലായി“
“ന്നലെ രാത്രി രാമനും പിള്ളാരും പോയിര്ന്ന്. അതിന്ന് കാലത്ത് വറത്തു“
സംസാരം തെല്ലിട നിര്‍ത്തി ക്ഷണിച്ചു.
“കുഞ്ഞനിന്ന് വീട്ടി വാ“
രാത്രിയുടെ അന്ത്യയാമങ്ങളില്‍ നനഞ്ഞ മണ്ണില്‍ ചൂട്ടുകത്തിച്ച് അതില്‍ കമ്പിയില്‍ കോര്‍ത്ത പരല്‍മീനുകളുടെ ദൃശ്യം മനസ്സില്‍ ഒളിമിന്നി. ഒപ്പം വിത്സന്റെ വീട്ടിലെ കാന്താരിമുളകിന്റേയും ഉപ്പിന്റേയും രുചി നാവില്‍ തത്തിക്കളിച്ചപ്പോള്‍ ചെല്ലാമെന്ന് സമ്മതിച്ചു.
അപ്പൂപ്പന്‍ പഴയചോദ്യം വീണ്ടും ചോദിച്ചു.
“എവിട്യാന്ന് പറഞ്ഞില്ലാലോ?”
“അപ്പൂപ്പാ കൊറേ ദൂരെയാണ്”
“രാമന്റെ ചെക്കന്‍ പണ്ട് പണി പഠിക്കാന്‍ വന്ന സ്ഥലാണൊ”
“ആ… അവിടന്നെ”
അപ്പൂപ്പന്‍ ഇരുത്തി മൂളി കനാലിന്റെ ഒരുവശത്ത് ഇരുന്നു. ഒരുപടി താഴെ അപ്പുക്കുട്ടനും. പാടത്തെ പാതിവളര്‍ന്ന ഞാറുകള്‍ക്ക് ഉന്മേഷഭാവം. പതിവ് പച്ചനിറം മങ്ങിയിരുന്നു. വെള്ളപ്പൊക്കത്തിന്റെ ലക്ഷണം.
“മലവെള്ളം കേറിയിരുന്നോ?”
തീരദേശം പാടത്തിന്റെ അങ്ങേയറ്റത്ത് നേര്‍ത്ത്‌കാണാമായിരുന്ന മോട്ടോര്‍ ഷെഡിനും അതിനടുത്ത് ഉയര്‍ന്ന് നില്‍ക്കുന്ന മണ്‍തിട്ടക്കും നേരെ അപ്പൂപ്പന്‍ കൈചൂണ്ടി.
“ഷെഡ് മുക്കാലും മുങ്ങി. മണ്‍തിട്ടേനെ തൊടാന്‍ ഇത്തവണേം പറ്റീല്യ”
പണ്ടും അത് അങ്ങിനെയായിരുന്നു. ചെമ്മണ്ണ് കലര്‍ന്ന് കുത്തിയൊലിച്ച് വരുന്ന മലവെള്ളത്തിന് സാമാന്യം ഉയരമുള്ള കനാലിനെ മുക്കാന്‍ സാധിക്കുമായിരുന്നു. അതിന് ചെറിയതോതില്‍ വെള്ളം കയറിയാല്‍മതി. കുറച്ച്കൂടെ പൊങ്ങിയാല്‍ പഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ഷെഡും മുങ്ങും. പക്ഷേ ഷെഡിനടുത്ത് ഉയരത്തിലുള്ള മണ്‍തിട്ട എന്നെങ്കിലും മുങ്ങിക്കിടക്കുന്നത് അപ്പുക്കുട്ടന്‍ കണ്ടിട്ടില്ല. എത്ര പേമാരി പെയ്താലും ഏതു ഡാം തുറന്നാലും അതിനുമാറ്റമില്ല.
പണ്ട് പഞ്ചായത്ത് മോട്ടോര്‍ സ്ഥാപിച്ചിരുന്നത് ആ മണ്‍തിട്ടയിലെ ഷെഡിലാണെന്ന് അമ്മ പറഞ്ഞാണ് അപ്പുക്കുട്ടന്‍ അറിഞ്ഞത്. കടുത്തവേനലില്‍ വെള്ളം വലിക്കാതായപ്പോള്‍ മോട്ടോര്‍ താഴെയിറക്കി. ഷെഡ് പണിതിരുന്ന ചെങ്കല്ലും ഓടും പുതിയ ഷെഡ് കെട്ടാനുപയോഗിച്ചു. മണ്‍തിട്ടമാത്രം ഒന്നുംചെയ്യാതെ ഒഴിച്ചിട്ടു. അതോടെ എല്ലാ വെള്ളപ്പൊക്കത്തിനും ചങ്ങാടം കളിക്കാറുള്ളവരുടെ ലക്ഷ്യസ്ഥാനം ആ മണ്‍തിട്ടയായി.
“ആരൊക്കെ ചങ്ങാടം ഇറക്കി അപ്പൂപ്പാ?”
അപ്പുക്കുട്ടന്റെ ചോദ്യത്തില്‍ ബാലസഹജമായ കൌതുകമുണ്ടായിരുന്നു. അന്വേഷണം കേട്ടിട്ടും ചാമിയാര്‍ പലതുമോര്‍ത്ത് കുറച്ചുനേരം മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ അന്വേഷിക്കേണ്ടായിരുന്നെന്ന് തോന്നി.
“എല്ലാവരും വലുതായി ഓരോ സ്ഥലത്തായില്ലേ. ഇപ്പൊ ആര്‍ക്കും താല്പര്യല്ല. ആശയൊള്ള കൊച്ചുങ്ങള് അതടക്കി വക്ക്യാണ് പതിവ്“
അപ്പുക്കുട്ടന്‍ സമപ്രായക്കാരനായ മണിയനെപ്പറ്റി ഓര്‍ത്തു. ചാമിഅപ്പൂപ്പന്റെ മൂത്തമകനും അപ്പുക്കുട്ടനും തമ്മില്‍ ഒരുവയസ്സിന്റെ വ്യത്യാസമേയുള്ളൂ. തണ്ടും തടിയും രണ്ടുപേര്‍ക്കും തുല്യം. പക്ഷേ ബുദ്ധി അങ്ങിനെയല്ല. മണിയന് ജന്മനാല്‍തന്നെ ചെറിയ മാന്ദ്യം. ഫലം കുട്ടികളുമായുള്ള നിതാന്തസൌഹൃദം.
വെള്ളപ്പൊക്കം കയറിയാല്‍ സമീപത്തെ കുട്ടികള്‍ കൂട്ടംകൂടുക മണിയന്റെ നേതൃത്വത്തിലാണ്. ഞാലിപ്പൂവന്റെ വണ്ണമുള്ള കടഭാഗങ്ങള്‍ വെട്ടിയെടുത്ത് ശീമക്കൊന്നയുടെ പത്തല്കൊണ്ട് കൂട്ടിയോജിപ്പിക്കും. പിടിച്ചിരിക്കാന്‍ ചുറ്റിലും കുറ്റികള്‍. തുഴയാന്‍ കൊതുമ്പുവള്ളത്തിന്റെ തുഴ. കുട്ടികളേയും കൂട്ടി മകന്‍ പാടത്തിന് അക്കരെ, മോട്ടോര്‍ഷെഡിനടുത്തുള്ള മണ്‍തിട്ടയെ ലാക്കാക്കി തുഴയാന്‍ തുടങ്ങുമ്പോള്‍ ചാമിയാര്‍ പതിവ്‌പോലെ ഓര്‍മിപ്പിക്കും.
“മണീ. കനാല്‍ വരെ പോയാ മതി”
നേര്‍ത്ത വിഡ്ഢിച്ചിരിയോടെ എല്ലാം സമ്മതിച്ചാലും അപ്പൂപ്പനറിയാം മകന്‍ മണ്‍തിട്ടവരെ പോകുമെന്ന്. അതുകൊണ്ട് മുതിര്‍ന്ന ആരെയെങ്കിലും കൂടെവിടും.
വിശ്രമിക്കാതെ പതിനഞ്ച് മിനിറ്റ് തുഴഞ്ഞാല്‍ കനാലിനടുത്തെത്താം. വെള്ളം മൂടിയിരിക്കുമെങ്കിലും കനാലിന്റെ ഭിത്തിയില്‍ ഇറങ്ങിനിന്നാല്‍ അരയോളം വെള്ളമേ ഉണ്ടാകൂ. കാല്‍തെന്നാതെ, ഓളങ്ങളെ മാടിയൊതുക്കി മണിയന്‍ ഭിത്തിയിലൂടെ വേഗത്തില്‍ നടക്കും. ആഴങ്ങളില്‍ വീഴുമെന്ന ഭയം ഒട്ടുമില്ല. പെരുന്തോടിനടുത്തുള്ള ഭാഗമായതിനാല്‍ കനാല്‍ പരിസരത്ത് ഒഴുക്ക് കൂടുതലാണ്. പാടത്തിന്റെ മൂന്നുഭാഗത്തുനിന്നും വെള്ളം തോട്ടിലേക്ക് പ്രവഹിക്കുകയാണ്. ചങ്ങാടം അങ്ങോട്ട് പോകാതെ സൂക്ഷിച്ചേ ആരും തുഴയൂ. മണിയന്‍ മാത്രം ഇടക്ക് ഉള്ളിലെ ആഗ്രഹം പ്രകടിപ്പിക്കും.
“അപ്പൂട്ടാ. നമക്കൊന്ന് പെരുന്തോടിന്റെ അട്ത്ത് പോകാടാ. എനിക്ക് പൊഴ കാണണം. പൊഴേടെ അങ്ങേയറ്റത്ത് പോയി നിങ്ങളെ അക്കരെയെത്തിക്കണം”
അപ്പുക്കുട്ടന്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഭയമാണ്. പണ്ടാരന്‍ നാണു മുങ്ങിമരിച്ചത് പെരുന്തോടിലാണ്. അമ്മൂമ്മ ഇത് അറിയിച്ച ദിവസംതന്നെ അപ്പുക്കുട്ടന്‍ പണ്ടാരനെ സ്വപ്നം കണ്ടു. വെള്ളം കുടിച്ചുചീര്‍ത്ത ശരീരത്തോടെ ‘പപ്പടം വേണോ അപ്പൂട്ടാ’ എന്ന് ചോദിച്ചപ്പോഴേക്കും അപ്പുക്കുട്ടന്‍ അലറി എഴുന്നേറ്റു. പിറ്റേന്ന് അമ്മൂമ്മ ആടലോടകത്തിന്റെ ഇലയും ഉപ്പും മുളകുംകൊണ്ട് അപ്പുക്കുട്ടനെ ഉഴിഞ്ഞു അടുപ്പിലിട്ടു പൊട്ടിച്ചു. എന്നിട്ടും മൂന്നുദിവസം പനിച്ചുകിടന്നു. ആ പെരുന്തോട്ടിലേക്ക് പോകാനാണ് മണിയന്‍ ആഗ്രഹം പറയുന്നത്.
എന്താ കഥ!
“ആക്രാഷ്… ഫ്തൂം”
അപ്പൂപ്പന്‍ കനാലിലെ വെള്ളത്തിലേക്ക് കാര്‍ക്കിച്ചുതുപ്പി. കഫം കലര്‍ന്ന തുപ്പലിനായി പൂച്ചെട്ടിയാന്‍ മീനുകള്‍ കലപിലകൂട്ടി.
സമീപത്തെ കൈതപ്പൊന്തകള്‍ക്കിടയിലൂടെ ഒരു നീര്‍ക്കോലി ഇഴഞ്ഞുപോകുന്നത് അപ്പുക്കുട്ടന്‍ കണ്ടു. അപരിചിതരെ പ്രൌഢമായി തലയുയര്‍ത്തിനോക്കി വെള്ളത്തിലേക്ക് സാവധാനം ഇറങ്ങി. കരിങ്കല്‍ വിടവിലേക്ക് മറഞ്ഞു.. തോട്ടുവക്കത്ത് ഒരു വെള്ളകൊറ്റി നനഞ്ഞമണ്ണില്‍ ഉയര്‍ന്ന അസംഖ്യം പൊത്തുകളില്‍ എന്തിനെയോ തിരഞ്ഞുനടക്കുന്നു.
ഓര്‍മകളില്‍ നിമഗ്നനായിരുന്ന അപ്പൂപ്പന്‍ ശബ്ദമില്ലാതെ തേങ്ങി, നിറഞ്ഞ കണ്ണുകള്‍ തുടച്ചു.
“എന്റെ… എന്റെ മണിയന്‍ പോയിട്ട് ഈ മഴക്കാലത്ത് പത്ത് വര്‍ഷം തെകയാണ്!!”
അപ്പുക്കുട്ടന്‍ ആ മെലിഞ്ഞ കൈത്തലം കയ്യിലെടുത്ത് തലോടി.
“കര്‍ക്കടകം ഇരുപതിന് ആണ്ട്“
പൊത്തുകളില്‍ ഞണ്ടുകളെ പരതിനടന്ന കൊറ്റി പെട്ടെന്ന് തലയുയര്‍ത്തി. കൊക്കിനിടയില്‍ മുഴുത്ത ഒരു ഞണ്ട്. പ്രാണവേദനയില്‍ ഒന്ന് പിടയാനാന്‍ പോലുമാകാതെ അത് കൊക്കില്‍ വിഫലമായി ഇറുക്കി. കൊറ്റിക്കെന്ത് വേദന. അപ്പുക്കുട്ടന് നോക്കിനില്‍ക്കെ ഇരയെയുംകൊണ്ട് കൊറ്റി പറന്നുയര്‍ന്നു.
എല്ലാ ഇടവപ്പാതിക്കും വെള്ളപ്പൊക്കം കൂടെ കൊണ്ടുവരുന്നത് മലയിലെ ഫലഭൂയിഷ്ഠമായ ചെമ്മണ്ണ് മാത്രമല്ല. പലപ്പോഴും മരണവും അകമ്പടിയായി ഉണ്ടാകും. നിഷ്കളങ്കതയെ കണ്ടുപിടിച്ച് കീഴ്പ്പെടുത്താന്‍ അതിനുള്ള ഉത്സാഹം പറയാവതല്ല.
മഴ തിമിര്‍ത്ത്പെയ്ത ഒരു ഇടവപ്പാതിയിലാണ് മണിയന്‍ ഒഴുക്കില്‍പെട്ട് മരിച്ചത്. ആളും ആരവവും മഴയും ഒഴിഞ്ഞ മദ്ധ്യാഹ്നത്തില്‍ ചിതറിയചിന്തകളുടെ സ്വാധീനത്താല്‍ മണിയന്‍ തുഴയെടുത്ത് ചങ്ങാടമേറിയത് തീരദേശംപാടത്തിന്റെ അങ്ങേയറ്റത്തെ മണ്‍തിട്ടയെ ലക്ഷ്യമാക്കിയായിരുന്നില്ല. മറിച്ച് പാടത്തിന്റെ മൂന്നുഭാഗത്തുനിന്നും വരുന്ന മലവെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പെരുന്തോടിന് നേര്‍ക്കായിരുന്നു.
വിലക്കുകള്‍ സൃഷ്ടിച്ച കൌതുകം. അത് അപക്വമനസ്സില്‍ പടര്‍ന്നുപന്തലിച്ചത് ആരുമറിഞ്ഞിരുന്നില്ല. പെരുന്തോട്ടിലേക്ക് പോകരുതെന്ന് കാരണവന്മാര്‍ പറയുന്നതിന്റെ പൊരുള്‍ അന്വേഷിച്ചിറങ്ങിയ മണിയന് പെരുന്തോട് സംഗമിക്കുന്ന കരകവിഞ്ഞ് ഒഴുകുന്ന പുളിക്കടവ്‌പുഴയുടെ വര്‍ഷകാലഭൂമിശാസ്ത്രം അറിയില്ലായിരുന്നു. വേനലില്‍ ദ്വീപുകളാകുന്ന മണല്‍പരപ്പുകളും അതിനിടയിലൂടെ നീര്‍ച്ചാല്‍പോലെ ഒഴുകുന്ന പുഴയുമാകണം ആ ചഞ്ചലമനസ്സ് പ്രതീക്ഷിച്ചത്.
പെരുന്തോട്ടില്‍നിന്ന് മണിയന്‍ തിരിച്ച് വന്നില്ല. നാല്‌ദിവസം ചാമിയാര്‍ പ്രതീക്ഷയോടെ കാത്തു. കള്ളുഷാപ്പില്‍നിന്ന് ഇറങ്ങുമ്പോള്‍ പതിവുപോലെ വാഴയിലയില്‍ പൊതിഞ്ഞ കോഴിയിറച്ചിയും അരക്കുപ്പി പനങ്കള്ളും വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. മകന്‍ തിരിച്ചുവന്ന് ‘മണിയനൊന്നൂല്ല്യേ അപ്പേ’ എന്ന് നിഷ്കളങ്കതയോടെ ആരായുമ്പോള്‍ ഉത്തരം മുട്ടരുതല്ലോ!
അഞ്ചാംദിവസം രാവിലെ ചാമിയാര്‍ നേരത്തേയെഴുന്നേറ്റു. പറമ്പിന്റെ തെക്കേമൂലയിലുള്ള കാരണവന്മാരുടെ തറ അടിച്ചു വൃത്തിയാക്കി ചാണകവെള്ളം തളിച്ചു. പച്ചത്തെങ്ങോലയില്‍ വെള്ളത്തുണിചുറ്റി എണ്ണയില്‍ മുക്കി ചെറുപന്തങ്ങളുണ്ടാക്കി. കിണറ്റിന്‍കരയില്‍പോയി മൂന്നുപാള വെള്ളം തലയിലൊഴിച്ച് ഈറനുടുത്തുവന്നു. പന്തങ്ങള്‍ക്ക് തീകൊളുത്തി. ഭക്തിപൂര്‍വ്വം കള്ളും കോഴിയും വീത്‌വച്ച് പരദൈവങ്ങളെ പ്രീതിപ്പെടുത്തി.
അവസാനം…
അവസാനം സര്‍വ്വഹന്താവായ ആഴിക്കുമുന്നില്‍ നമസ്കരിച്ചുകിടന്ന് തൊണ്ടപൊട്ടുമാറ് വിളിച്ചപേക്ഷിച്ചു.
“എന്റെ കൊച്ചനെ കൊണ്ടായോ പെരുമാളേ… എന്റെ തലഭാഗം പിടിക്കണ്ട കൊച്ചനെ കൊണ്ടായോ…”
ദിക്‍പാലകര്‍ നടുങ്ങി. സാധിതമല്ലാത്ത ആവശ്യത്തിനുമുന്നില്‍ ദൈവങ്ങള്‍ അസ്ത്രപ്രജ്ഞരായി. പരദൈവങ്ങള്‍ക്കുമുന്നില്‍ ചാമിയാര്‍ തന്റെ പുത്രദുഃഖം ഇറക്കിവച്ച് കരഞ്ഞു. കരഞ്ഞു തളര്‍ന്നു. പിന്നീട് തോര്‍ന്നിട്ടില്ല ആ മിഴികള്‍.
അപ്പുക്കുട്ടന്‍ നിറഞ്ഞ കണ്ണുകള്‍ തുടച്ചു. അരികില്‍ അപ്പൂപ്പനില്ല. കനാലിന്റെ അങ്ങേയറ്റത്ത് പ്രാഞ്ചിപ്രാഞ്ചി നടന്നുപോകുന്ന ഒരു രൂപം. ദൃഷ്ടിയില്‍നിന്നു അതും മാഞ്ഞപ്പോള്‍ കാലുകള്‍ കനാലിലെ തണുത്തവെള്ളത്തില്‍ ഇറക്കിവച്ചു.
പുഴവെള്ളം സമ്മാനിച്ച കുളിര്‍മ്മയില്‍ മനസ്സ് മന്ത്രിച്ചു. മണിയന്‍ ഇപ്പോഴും തോര്‍ത്തുമുണ്ടുടുത്ത് ചങ്ങാടത്തിലേറി തുഴയെറിഞ്ഞ് എവിടെയോ ഒഴുകി നടക്കുന്നുണ്ടാകും, ഉണ്ടാകണം. അല്ലെങ്കില്‍ അക്കരയിലേക്ക് അപ്പുക്കുട്ടനെയും കൂട്ടിക്കൊണ്ടുപോകാന്‍ തിരികെ എത്തുമായിരുന്നു.
ബാംഗ്ലൂരിലെ ഏകമലയാളിവായനശാല “പ്രബോധിനി”യുടെ ഈ വര്‍ഷത്തെ വാര്‍ഷികമാഗസിന്‍ “വൈഖരി”യില്‍ പ്രസിദ്ധീകരിച്ച ഉപാസനയുടെ കഥ.
സാങ്കല്‍പികമായ കഥാതന്തുവിനൊപ്പം ചില പരിചിതമുഖങ്ങളെ കൂട്ടിച്ചേര്‍ത്തു രചിച്ചത്. എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
This comment has been removed by the author.
വളരെ മികച്ച ഒരു സൃഷ്ടി!
വളരെ ഇഷ്ടമായെടാ… ആ കഥാപാത്രങ്ങള്‍ക്കൊപ്പം മനസ്സും സഞ്ചരിയ്ക്കുന്നു.
അവസാനം…
“പെരുന്തോട്ടില്‍നിന്ന് മണിയന്‍ തിരിച്ച് വന്നില്ല. നാല്‌ദിവസം ചാമിയാര്‍ പ്രതീക്ഷയോടെ കാത്തു. കള്ളുഷാപ്പില്‍നിന്ന് ഇറങ്ങുമ്പോള്‍ പതിവുപോലെ വാഴയിലയില്‍ പൊതിഞ്ഞ കോഴിയിറച്ചിയും അരക്കുപ്പി പനങ്കള്ളും വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. മകന്‍ തിരിച്ചുവന്ന് ‘മണിയനൊന്നൂല്ല്യേ അപ്പേ’ എന്ന് നിഷ്കളങ്കതയോടെ ആരായുമ്പോള്‍ ഉത്തരം മുട്ടരുതല്ലോ!“
ഇതു കൂടിയായപ്പോള്‍ കണ്ണു നനഞ്ഞു…
ഹൃദ്യമായ രചന… ആശംസകള്‍!
ചില പഴയ പ്രയോഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍( നല്ല ആളാ പറയൂന്നത് 🙂 അസ്സലായിരിക്കുന്നു.
ദുഖം തളം കെട്ടി നില്‍ക്കുന്ന ഒരു മഴക്കാലത്തിന്റെ ഓര്‍മ്മ..വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു..ഒരായിരം അഭിനന്ദനങള്‍ സുനി..
ഒരു നല്ല ചിത്രം കാണുന്ന പോലെ തോന്നി…നന്നായിരിക്കുന്നു കഥ.
ആശംസകള്‍…
@ Lekha Vijay
പഴയ പ്രയോഗങ്ങള്ക്കല്ലേ ബഹന്‍ സൊുന്ദര്യം കൂടുതല്‍
🙂
Upasana
വിഷയത്തിൽ പുതുമയില്ലെങ്കിലും അവതരണം ഗംഭീരമായിരിക്കുന്നു. ആസ്വദിച്ചു വായിച്ചു. പാടവും കനാലും മലവെള്ളവുമൊക്കെ നേരിൽ കണ്ട പ്രതീതി….
വളരെ വളരെ നന്നായിരിക്കുന്നു.
ഹൃദ്യമായ രചന.
ഇഷ്ടപ്പെട്ടു!
ഗ്രാമ്യ ഭംഗി തുടിച്ച് നില്‍ക്കുന്ന മനോഹരമായ ആഖ്യാനം. മികച്ച് രചന..
വളരെ നന്നായിട്ടുണ്ട്.
കൊള്ളാം… നന്നായിട്ടുണ്ട്.
ഗൃഹാതുരത്വം ഉണര്ത്തുന്ന്ന സന്ദര്‍ഭങ്ങളെ കാള്‍ അധികം മനസ്സില്‍ തൊട്ടതു അവസാന ഭാഗം ആണ്. വളരെ നന്നായി
ഒരു മഴക്കാലം കണ്ടതുപോലെ. നന്നായിരിക്കുന്നു, ഉപാസന.
നല്ല രചന.
നാട്ടുമ്പുറത്തുകൂടി സഞ്ചരിച്ച പ്രതീതി.
ആശംസകൾ..
നന്നായിരിക്കുന്നു
it was touching one…good…..
with love
nidhi
നീണ്ട ഒരു കഥയാണെന്ന് വായിച്ചു തീര്‍ന്നശേഷം മാത്രമെ മനസ്സിലായുള്ളൂ …ഒരു അനുഭൂതിയില്‍ വായിച്ചങ്ങുപോയി …ഒപ്പം എന്റെ ഗ്രാമം വയല്‍ തോട് ഇവയെല്ലാം കൂടി മനസ്സില്‍ ഒരു ഉന്മാദം സൃഷ്ടിച്ചിരുന്നു ……വരാളെ നല്ല കഥ
SAVE mullaperiyaar….
SAVE lifes of morethan 40 lakhs of people …..
SAVE kerala state….
Dear TAMILS give us our LIFES
And take WATER from us….
WE will not survive…YOU can”t also survive…
സുനിലെ,
അതീവ ഹൃദ്യമായ കഥ !
നമ്മളൊക്കെ വളര്‍ന്നുവന്ന പരിസരങ്ങളും വ്യത്യസ്തമല്ലല്ലൊ…
അതുകൊണ്ട്, ഏറെ ഹൃദ്യം 🙂
ഹൃദയത്തില്‍ തട്ടുന്ന വരികള്‍. വളരെ നന്നായിരിയ്ക്കുന്നു.
സുനില്‍,
രഹസ്യമായ് ഒരു സത്യം പറയട്ടെ,
ദീര്‍ഘമായ പോസ്റ്റും ചാമി എന്ന പേരും കണ്ടപ്പോള്‍ സമയക്കുറവുകൊണ്ട് പിന്നെയാക്കി വച്ചിരിക്കുകയായിരുന്നു. പക്ഷേ വായിച്ചു വന്നപ്പോള്‍ വല്ലാത്തൊരു സുഖത്തോടെ വായിച്ചു തീര്‍ത്തു.
നമ്മള്‍ പ്രവാസികള്‍ക്ക് ഇത്തരം കഥാസന്ദര്‍ഭങ്ങള്‍ സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുമെന്ന് പ്രത്യേകം പറ്യേണ്ടതില്ലല്ലോ..
അഭിനന്ദനങ്ങള്‍
ഉപാസന വളരെ വളരെ നന്നായിരിക്കുന്നു.
ആശംസകള്‍…
ഹ! അതിമനോഹരമായ വാക്ചിത്രങ്ങളിലൂടെ രചിച്ച കഥ. ഒരുപാടിഷ്ടപ്പെട്ടു
സുനിൽ നന്നായിരിക്കുന്നൂ..
പഴയ മഴക്കാലം,കോൾനിലങ്ങൾ,…അങ്ങിനെ ധാരാളം ഓർമകൾ മനസ്സിലേക്ക് ഓടിയെത്തി..കേട്ടൊ
സുനീ
തിരക്കൊഴിയാന്‍ കാത്തിരിക്കുകയായിരുന്നു, സമാധാനത്തോടെ വായിക്കാന്‍. പുതിയ പോസ്റ്റ് ചാമിയും ഒട്ടും നിരാശപ്പെടുത്തിയില്ല. നിന്റെ എഴുത്തിന് മനസ്സിനെ കൊളുത്തിവലിക്കുന്ന ശക്തിയുണ്ട്. എത്രയൊക്കെ ഒഴിഞ്ഞുമാറിയാലും ഒറ്റാലുകളില്‍ പെട്ടുപോകുന്ന കുറുവകള്‍പോലെ നിന്റെ എഴുത്തിന്റെ മാസ്മരികതയില്‍ പെട്ടുപോകും. സമീപകാലത്ത് ബ്ലോഗില്‍ വായിച്ച ഹൃദ്യമായ കഥ. നന്നായിരിക്കുന്നു.
Good story…touched heart..
പരിചിതമായ സന്ദര്‍ഭങ്ങളെ അതിസുന്ദരമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
നല്ല എഴുത്ത്. ചിത്രവിവരണത്തിനുതുല്യമായിരിക്കണംഫീച്ചറുകളും ചെറുകഥകളുമെന്ന ഒരിക്കല്‍ വേണ്ടപ്പെട്ടൊരാള്‍ പറഞ്ഞുതന്നിരുന്നു. ആ വിവരണമാണ് ഇവിടെ കണ്ടത്. ഇനിയുമിനിയുമെഴുതൂ..
കഥാപാത്രങ്ങളെ മനസ്സിൽ കണ്ടു വായിക്കാൻ പറ്റി.:)
Padathe thekku pattu… thodiyile kala thekku…! Ee mala vellathinu pinnale njanum…!
Manoharam, Ashamsakal…!!!
“മകന്‍ തിരിച്ചുവന്ന് ‘മണിയനൊന്നൂല്ല്യേ അപ്പേ’ എന്ന് നിഷ്കളങ്കതയോടെ ആരായുമ്പോള്‍ ഉത്തരം മുട്ടരുതല്ലോ!” വായിച്ച് ഇവിടെയെത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി. ശരിക്കും.
കഥ ഇഷ്ടമായി. എഴുത്തിനോട് കാണിക്കുന്ന ആ ആത്മാർത്ഥതയും മനസ്സിലാവുന്നു. ഇനിയും എഴുതുക.
aake senti aaki…….
കഥാതന്തു സാങ്കല്‍പ്പികമാണെങ്കിലും എല്ലാം യാഥാര്‍ത്ഥ്യമെന്നു തോന്നിക്കത്തക്കവണ്ണമുള്ള നറേഷന്‍. പാടവും പുഴയും ചങ്ങാടവും ചാമിയും മണിയനുമൊക്കെ ജീവിക്കുന്നു ഈ കഥയില്‍. നല്ല രചന ഉപാസനേ.
വളരെ നല്ല അവതരണം-ഒരുപാട് ഇഷ്ട്ടായി
മനസ്സിന്റെ പിന്നിൽ പച്ചീർക്കില് കൊണ്ടാരോ അടിച്ച പോലെ.
നിറം മങ്ങുന്ന സന്ധ്യയിൽ ഒരച്ഛന്റെ ചിത്രം മനസ്സിൽ വരുന്നു.
അരികിൽ നിന്നും നോവു പൊടിഞ്ഞിറങ്ങുന്ന ഒരു ചിത്രം.
വളരെ ഇഷ്ട്ടായി ട്ട്വൊ….
sunil,
vikhariyil kandirunnu…Ere ishtami..:)
കഥയുടെ ആത്മാവ് എവിടെയോ പരതി നടക്കുന്നതുപോലെ.
അപ്പു എന്ന കഥാപാത്രത്തെപറ്റി ഒരു പരിചയപ്പെടുത്തൽ ആവാമായിരുന്നു. ഗ്രാമീണ അനുഭവങ്ങൾകൊണ്ട് സമ്പന്നമാണീക്കഥ. സംഭാഷണരീതികൾ ഉൾകൊണ്ട് എഴുതാൻ കഴിഞ്ഞിട്ടുണ്ട്. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്‍ണങ്ങളില്‍ നൊടിനേരം കണ്ണുകള്‍നട്ട്… ഈ തുടക്കം, അപ്പു എന്നത് ഒരു കുട്ടിയാണോ എന്ന് സംശയമുണ്ടാക്കുന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു ഇങ്ങനെ പറഞ്ഞതിനാൽ കുട്ടിയാവില്ല എന്ന് സംശയവും ജനിപ്പിക്കുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടാൻവേണ്ടി എന്തെങ്കിലും, വിവരിച്ചിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ.
പാടശേഖരത്തെ കീറിമുറിച്ച് പോകുന്ന നീണ്ടചെമ്മണ്‍പാതയിലേക്ക് തിരിഞ്ഞു. അതിന് എവിടേയും കൈവഴികളില്ല. പാടത്തെ പണിക്കാരുടെ പാദങ്ങള്‍ പതിഞ്ഞുതെളിഞ്ഞ ചെറിയ ഒറ്റയടിപ്പാതകള്‍ മാത്രം ചിലയിടത്തുണ്ട്. കെഇവഴികളും,ഒറ്റയടിപ്പാതയും രണ്ടാണോ? സത്യത്തിൽ, ബോധപൂർവ്വമായ ഒരു വിവരണം എന്തിനായിരുന്നു എന്ന് ഒരു നിമിഷം സംശയിപ്പിക്കുന്നു. കഥയുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്ന് തോന്നി.
പക്ഷേ. രാവിലെ ഉമിക്കരികൊണ്ട് എന്ന ഭാഗം മുതലാൺ കഥ തുടങ്ങുന്നത്. സത്യത്തിൽ അവിടം മുതൽ വായിച്ചാൽ ഇത് മനോഹരമാൺ. ചിലയിടങ്ങളിലെ കഥയുടെ ഒഴുക്ക് നിലച്ചെങ്കിലും, അവസാന രണ്ടുപാരഗ്രാഫുകൾ മനസിൽ നിന്ന് നേരിട്ട് പകർന്നതാണെന്ന് തിരിച്ചറിയാൻ കഴിയുന്നു. കഥ വായിച്ച് നന്നായി എന്നുമാത്രം എഴുതി പോകാൻ തോന്നിയില്ല. കാരണം, ചില ഭാഗങ്ങൾ മനോഹരമായി എഴുതിയിട്ടുള്ളതിനാൽ മനസുവച്ചാൽ ഇതിൽ മടങ്ങു നന്നായി എഴുതാൻ കഴിയുമെന്ന് മനസിലായി. കൂടുതൽ പ്രതീക്ഷിക്കുന്നു.
@ Saljo
Very much thanks for a detailed comment Bhai.
Will reply to ur points soon (now busy).
thanks
🙂
Upasana
@ സല്‍ജോ ഭായ്
“കഥയുടെ ആത്മാവ് അലഞ്ഞുനടക്കുന്നു“ണ്ടെന്ന് സല്‍ജോ പറയുമ്പോള്‍ “മുഴുവന്‍ ശരിയായിട്ടില്ല, ഞാന്‍ ഇനിയും ശ്രമിക്കേണ്ടിയിരിക്കുന്നു“ എന്ന് അനുമാനിക്കുന്നു. നന്ദി തുറന്നുപറച്ചിലിന് 🙂
അപ്പു എന്നത് ഒരു മുതിര്‍ന്ന കഥാപാത്രമാണെന്ന് പോസ്റ്റിന്റെ തുടക്കത്തില്‍ സൂചനയുണ്ടല്ലോ. തുടക്കം നോക്കൂ.
റോഡില്‍ അവിടവിടെ തളംകെട്ടിക്കിടക്കുന്ന ചെളിവെള്ളത്തില്‍ ചവിട്ടാതെ അപ്പുക്കുട്ടന്‍ സൂക്ഷിച്ച് നടന്നു. വെള്ളമുണ്ട് മുട്ടോളം പൊക്കിപ്പിടിച്ചു. ചിലയിടത്ത് ഡീസലിന്റെ തുള്ളികള്‍ വീണുപരന്നിട്ടുണ്ട്. ടില്ലറില്‍നിന്ന് ഊറിവീണതാവണം. ഡീസലില്‍ ഒളിമിന്നുന്ന സപ്തവര്‍ണങ്ങളില്‍ നൊടിനേരം കണ്ണുകള്‍നട്ട് നിന്നശേഷം അപ്പുക്കുട്ടന്‍ നടത്തം തുടര്‍ന്നു.
ഖണ്ഢിക സൂചിപ്പിക്കുന്നത് കുറച്ചു മുതിര്‍ന്ന ആളാണ് എന്നുതന്നെയല്ലേ?
കുട്ടിയാണെന്ന് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ കരുതുന്നു. മുതിര്‍ന്ന ഒരു വ്യക്തിയിലും ഡീസലില്‍ വിരിയുന്ന വര്‍ണപ്രപഞ്ചം കൌതുകം വിരിയിക്കാം, നൊടിയിട നേരത്തേക്കെങ്കിലും. (എനിക്ക് തോന്നുന്നു ഡീസലിനേക്കാളുപരി ‘അപ്പുക്കുട്ടന്‍’ എന്ന പേരാണ് വായനക്കാരില്‍ കഥാപാത്രം പ്രായക്കുറവുള്ളവനാണ് എന്ന് തോന്നിപ്പിക്കുന്നതെന്ന്. ആ അര്‍ത്ഥത്തില്‍ ആണെങ്കില്‍ ഭായ് പറഞ്ഞത് ശരിയാണ്) 🙂
കൈവഴികള്‍, ഒറ്റയടിപ്പാതകള്‍ എന്നിവയെ ഞാന്‍ ഡിഫൈന്‍ ചെയ്യണോ? 🙂
എന്റെ അഭിപ്രായത്തില്‍ രണ്ടും തമ്മില്‍ ചില്ലറ വ്യത്യാസങ്ങളുണ്ട്. ‘കൈവഴി‘ എന്നത് ഒരു അംഗീകൃതപൊതുവഴിയാകാം, വീതി കുറവെങ്കിലും ഒരു സൈക്കിള്‍ ചവിട്ടാവുന്നത്. ‘പാദങ്ങള്‍ പതിഞ്ഞുണ്ടായ ഒറ്റയടിപ്പാത‘ എന്നആദ്യത്തേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് (ഒരു കുന്നില്‍ നിന്ന് താഴോട്ട് ഒറ്റയടിപ്പാത ഉണ്ടെന്ന് പറയുമ്പോള്‍ അത് കൈവഴിയല്ല. കൈവഴിയുണ്ടെങ്കില്‍ പ്രധാനവഴിയുണ്ട്. ഒറ്റയടിപ്പാതക്ക് ഇതുപോലെ ഒരുപരസ്പരപൂരകത്വം ഇല്ല). ഒരുപാട് കൈവഴികളും ഒറ്റയടിപ്പാതകളുമുള്ള ഗ്രാമത്തില്‍നിന്നാണ് ഈയുള്ളവര്‍ വരുന്നത്. 🙂
ഇടക്കുള്ള വായന ‘അലസോരങ്ങള്‍’ സ്വാഭവികമായിരിക്കാം. ഞാന്‍ ഇനിയും ഒരുപാട് എഴുതിത്തെളിയാനുണ്ടല്ലോ. 🙂
പരമാവഷി ശ്രമിക്കുന്നുമുണ്ട് നന്നാക്കാന്‍.
ഭായി ഇനിയും വായിക്കുക. തെറ്റുകള്‍ പോരായ്മകള്‍ എന്നിവ ചൂണ്ടിക്കാണിച്ച് പ്രോത്സാഹിപ്പിക്കുക.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ശോഭി : ഞാന്‍ ആ ഭാഗം എഴുതിയത് കരഞ്ഞുകൊണ്ടായിരുന്നു. വായനക്കാര്‍ക്കും അങ്ങിനെ തോന്നിയെങ്കില്‍ ആ ഫീലിങ്ങ് കണ്‍വേ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. 🙂
ലേഖ വിജയ് : ആദ്യവരവിന് നന്ദി. പഴയവാക്കുകള്‍ ഈ പോസ്റ്റിന്റെ മര്‍മ്മമാണ് ബഹന്‍. 🙂
ഓട്ടകാലണ : എന്തൊരു ഭാവനവിലസമുള്ള വ്യക്തിയാണ് താങ്കളെന്നു ഞാന്‍ അല്‍ഭുതപ്പെടുന്നു, ‘ഓട്ടകാലണ’ എന്ന പ്രൊഫൈല്‍ പേര് തീര്‍ച്ചയായും ഒരു പ്രത്യേക ടച്ച് ഉള്ളതാണ്.
ജെന്‍ഷിയ : സന്തോഷം.
ബിന്ദുചേച്ചി : വിഷയത്തില്‍ പുതുമ കണ്ടെത്താന്‍ എന്നാലാവുന്നത് പോലെ ശ്രമിക്കാം. നല്ലവാക്കുകള്‍ മനസ്സിന് കുളിര്‍മ സമ്മാനിച്ചുവെന്ന് അറിയിക്കുന്നു.
മിനി : ആദ്യവരവില്‍ സന്തോഷം
ജയന്‍ ഭായ് : സന്തോഷം.
കുമാരന്‍ : ഇവിടേയും എത്തിയല്ലേ.
ചാമി വായിച്ച എല്ലാവര്‍ക്കും നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
തോമാസൂട്ടി : വൈഖരിയില്‍ വായിച്ചില്ലേ?
കണ്ണനുണ്ണി : സന്തോഷം
എഴുത്തുകാരി : ടൈപ്പിസ്റ്റ് എന്നുവച്ചാല്‍ “ടൈപ്പ്” ചെയ്യുന്ന ആള്‍. എഴുത്തുകാരി എന്നാകണമെങ്കില്‍ “റൈറ്റര്‍” എന്നല്ലേ വേണ്ടത്?? 🙂
പള്ളിക്കരയില്‍ : നാടൊരു ബലഹീനതയാണ്.
പ്രിയേച്ചി : തനയന്‍ സുഖമായിരിക്കുന്നല്ലോ അല്ലേ ?
നിഷീഷ് : നിന്നെ സാഷ്ടാംഗം വണങ്ങുന്നു. ഞാന്‍ നിന്റെ സാന്നിധ്യം തീരെ പ്രതീക്ഷിച്ചില്ല.
ഭൂതത്താന്‍ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളനിലപാടിനോട് എനിക്കും യോജിപ്പാണ്.
സജീവേട്ടാ : പരിയാരത്തുകാര്‍ താറാവുകളെ തീറ്റിക്കാന്‍ എന്റെ നാട്ടില്‍ വരാറുണ്ട്.
അത് പിന്നൊരിക്കല്‍ കോറിയിടാം.
ത്രിശ്ശൂര്‍കാരന്‍ : നമ്മളും അവിടെനിന്ന് തന്നെ.
ചാമി വായിച്ച എല്ലാവര്‍ക്കും നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
നജീമിക്ക : ഞാന്‍ ഒരു ഹാഫ് പ്രവാസിയാണ്. ഗള്‍ഫനല്ല, മറിച്ച് ബാംഗ്ലൂര്‍വാലയാണ്. മാസത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍പോകും.
രഹസ്യം ആരോടും പറയാതെ എന്നോടുമാത്രം പറഞ്ഞതില്‍ നിന്ന് ഭായിയുടെ ആത്മാര്‍ത്ഥത ബൊധ്യപ്പെട്ടു. 🙂
ഇ – പണ്ഢിതന്‍ : സന്തോഷം
ലക്ഷ്മി : ഇവിടെയൊക്കെയുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
ബിലാത്തിപ്പട്ടണം : ഓര്‍മകളെ ഉള്ളില്‍ ജ്വലിപ്പിച്ച് നിര്‍ത്തുക എല്ലായ്പ്പോഴും.
നന്ദന്‍ ഭായ് : വായന എപ്പൊഴായാലും സ്വാഗതാര്‍ഹമാണ്.
രവിശങ്കര്‍ : സന്തോഷമായെടാ
കാലചക്രം : കൂട്ടുകാരന്‍ പറഞ്ഞത് ചിന്തനീയമായ കാര്യമാണ്. ഒരു ലേഖനത്തിനുള്ള സ്കോപ്പുണ്ട് ആ നിരീക്ഷണത്തിന്. ഞാന്‍ ഒന്നു ആഞ്ഞേക്കാം.
ആഗ്നേയ : എല്ലാം ശുഭമാകട്ടെ എന്ന് ആശംസിക്കുന്നു.
സുരേഷ് ഭായ് : മലവെള്ളത്തിനുപിന്നാലെ ഞാനുമുണ്ട്, ഒരു ചങ്ങാടമേറി.
ചാമി വായിച്ച എല്ലാവര്‍ക്കും നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
വിശാല്‍ ഭായ് : ബ്ലോഗില്‍ വന്നിട്ട് മൂന്നുകൊല്ലമായി. ഭായിയുടെ ഒരു അഭിപ്രായം ഇപ്പോഴെങ്കിലും കിട്ടിയതില്‍ കൃതാര്‍ത്ഥനാണ്.
പിള്ളേച്ചന്‍ : നീ സെന്റി ആകണ്ട. ഇത് ഒള്ളതല്ല.
ഗീതേച്ചി : ഇനിയുമെന്തൊക്കെ കാണാനിരിക്കുന്നു.
ജ്യോ : ആദ്യവരവിന് സന്തൊഷം
ദിലീപ് : ആ പച്ചീര്‍ക്കില്‍ പ്രയോഗം എന്റെ കാല്‍വണ്ണയില്‍ ഒരു നീറ്റലായ് കത്തിപ്പിടിച്ചു.
ജഹേഷ് : അങ്ങിനെതന്നെ.
സല്‍ജോ ഭായ് : ഇനിയുള്ള കഥകള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
ചാമി വായിച്ച എല്ലാവര്‍ക്കും നന്ദി.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
🙂
nalla katha ..asamsakal
2010-ലെ കഥാവായന തുടങ്ങിയത് ഇവിടെയാണ്..
തുടക്കം നീ മോശമാക്കിയില്ല;നന്ദി!
🙂
This comment has been removed by the author.
nalla katha..congratzz..
നേഹ : ആദ്യസന്ദര്‍ശനത്തിനും വായനക്കും കൂപ്പുകൈ.
മനോരാജ് : ആദ്യകമന്റിന് നന്ദി.
ഹരിയണ്ണാ : വനവാസമായിരുന്നോ ദുബായില്‍. ഏറെ നാള്‍ക്കുശേഷം വീണ്ടും ഉപാസനയിലേക്ക്!
പ്രീതി നായര്‍ : ആദ്യവായനക്കും രണ്ടു കമന്റ് ഇട്ടതിനും വളരെ നന്ദി നായരെ.
നാലുപേര്‍ക്കും പ്രണാമം.
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ദിക്‍പാലകര്‍ നടുങ്ങി. സാധിതമല്ലാത്ത ആവശ്യത്തിനുമുന്നില്‍ ദൈവങ്ങള്‍ അസ്ത്രപ്രജ്ഞരായി. പരദൈവങ്ങള്‍ക്കുമുന്നില്‍ ചാമിയാര്‍ തന്റെ പുത്രദുഃഖം ഇറക്കിവച്ച് കരഞ്ഞു. കരഞ്ഞു തളര്‍ന്നു. പിന്നീട് തോര്‍ന്നിട്ടില്ല ആ മിഴികള്‍.
——–
മനോഹരമായിരിക്കുന്നു സുഹൃത്തേ
@ നികേഷ്
അജ്ഞാതരായ വായനക്കാര്‍ വന്നു വായിച്ചു അഭ്പ്രായമറിയിക്കുക വളരെ അപൂര്‍വ്വമാണ് എന്റെ ബ്ലോഗുകളില്‍. അത്തരമൊരു അപൂര്‍വ്വതക്കു വീണ്ടും സാക്ഷിയായതില്‍ സന്തൊഷം
🙂
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
ഇവിടെ വീണ്ടും വരുമെന്ന് ഉറപ്പിച്ചു. 🙂
നിര്‍ത്താതെ വായിച്ചു..!
അല്ല വായിപ്പിച്ചു..! നല്ല എഴുത്ത്..!!
വീണ്ടും വരാതിരിക്കുന്നതു എങ്ങിനെ..!!