സച്ചിന്‍ : തെറ്റും ശരിയും

ജീവിതത്തില്‍ നമുക്ക് സംഭവിക്കുന്ന തെറ്റുകള്‍ പലവിധത്തിലുള്ളതാണ്. ഇക്കാര്യത്തില്‍ തികഞ്ഞ വ്യത്യസ്തയാണ് ദര്‍ശിക്കാന്‍ സാധിക്കുക. പ്രത്യാഘാതശേഷി കുറവായ കൊച്ചുകൊച്ചുതെറ്റുകള്‍ തുടങ്ങി ജീവിതകാലം മുഴുവന്‍ അലസോരം സൃഷ്ടിക്കുന്ന വലിയതെറ്റുകള്‍വരെ അക്കൂട്ടത്തിലുണ്ട്.

തെറ്റുകളുടെ കര്‍ത്താവും അവ സൃഷ്ടിക്കുന്ന വ്യഥകള്‍, തിരിച്ചടികള്‍ എന്നിവയുടെ അനുഭവസ്ഥനും ഒരാളായിരിക്കുമ്പോള്‍ അത്തരം തെറ്റുകളുടെ പരിണതി നീതിബോധത്തില്‍ അധിഷ്ഠിതമാണ്. വ്യവഹാരത്തില്‍ പങ്കാളിത്തമില്ലാത്തവരെ ബാധിക്കാത്ത ഇവ തികച്ചും വ്യക്തികേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ പ്രത്യാഘാതങ്ങള്‍ സമൂഹമധ്യത്തില്‍ പരിമിതവും.

നേരെമറിച്ച്, തെറ്റുകളുടെ കര്‍ത്താവിനൊപ്പം തന്നെ (അതില്‍ നേരിട്ട് പങ്കാളികളല്ലാത്ത) ചെറുതല്ലാത്ത സമൂഹവും അതിന്റെ മാനസികവ്യഥകള്‍ അനുഭവിക്കുമ്പോഴോ? അത് തെറ്റുചെയ്തേക്കാവുന്ന വ്യക്തിയില്‍ അദ്ദേഹം ആ നിര്‍ണായകപ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോളെല്ലാം വളരെ മാനസികസമ്മര്‍ദ്ദം ഉളവാക്കും, പ്രത്യേകിച്ചും അദ്ദേഹം ആദര്‍ശശുദ്ധിയും ചെയ്യുന്ന ജോലിയോട് പ്രതിബദ്ധതയുമുള്ളവനാണെങ്കില്‍.

ഇത്തരം തടസ്സങ്ങളെ തരണംചെയ്തു അവന്‍ വിജയതീരമണഞ്ഞാല്‍ ചുറ്റിലും ആളുകള്‍ കൂടുമെന്നത് നിശ്ചയം. അത് നീതികരിക്കാവുന്നതുമാണ്. വിഗ്രഹപരിവേഷത്താല്‍ തുടര്‍ന്ന് പലപ്പോഴും അദ്ദേഹത്തിന് (അശ്രദ്ധമൂലം) സംഭവിച്ചേക്കാവുന്ന തെറ്റുകളെ “മനുഷ്യന്‍ പൂര്‍ണനല്ല” എന്നൊക്കെയുള്ള ‘തട്ടുപൊളിപ്പന്‍‘ വാദത്തിലൂടെ ആരാധകര്‍ പ്രതിരോധിക്കുന്നു (സത്യത്തില്‍ പൂര്‍ണനാകണമെന്നില്ല പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തിന്. മിക്കവാറും സ്വാഭാവിക രീതി/ശൈലി തന്നെ ധാരാളമായിരിക്കും). ചില കരടുകള്‍ തങ്ങളുടെ മനസ്സിലും ബാക്കിനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം തെറ്റുകളുടെ കര്‍ത്താവിന്റെ ‘മുന്‍കാലശരി’കളിലൂന്നി ഇത്തരക്കാര്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു. അത്തരമൊരു വിസ്മരിക്കലാണ് ഇന്ത്യ – ആസ്ട്രേലിയ അഞ്ചാം ഏകദിനത്തിനുശേഷം മനോരമ സ്പോര്‍ട്സ് പേജില്‍ ‘സച്ചിന്റെ അവിസ്മരണീയ ഇന്നിങ്സിന്‘ അനുസ്മരനം എഴുതിയ ലേഖകന്‍ (പേര് ഓര്‍ക്കുന്നില്ല) നടത്തിയത്.


മിന്നുന്ന ഫോമില്‍ 175 റണ്‍സടിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്ന മാസ്റ്റര്‍ ‌ബ്ലാസ്റ്റര്‍ ഓസീസിന്റെ പുതുമുഖബൌളര്‍ മക്കായിയെ (അഭ്യന്തര ടൂര്‍ണമെന്റില്‍ പരിചയസമ്പന്നനാണ് ഇദ്ദേഹം) ഒരു T20 സ്റ്റൈല്‍ ഷോട്ട് കളിക്കാന്‍ മുതിര്‍ന്ന് പുറത്തായ അക്ഷന്തവ്യമായ തെറ്റിനെ ലേഖകന്‍ സച്ചിന്റെ പൂര്‍വകാലം മുന്നോട്ടുവച്ച് വിസ്മരിക്കുന്നു. 18 ബോളില്‍ നിന്ന് 19 റണ്‍സ് വേണ്ടിയിരുന്ന ആ സന്ദര്‍ഭത്തില്‍ അത്തരമൊരു നിരുത്തരവാദഷൊട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു പ്രിയസച്ചിന്‍…
സ്വാഭാവിക ശൈലിയിലുള്ള മുന്നേറ്റം‌തന്നെ ധാരാളമായിരുന്നല്ലോ അപ്പോള്‍?!

താങ്കളുടെ ആ പിഴവില്‍ വേദനിച്ചത് താങ്കളും ടീമും മാത്രമല്ല, ഇന്ത്യയൊട്ടാകെയായിരുന്നു. താങ്കള്‍ പലപ്പൊഴും തെറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കിലും അക്ഷന്തവ്യമായ തെറ്റുകള്‍ വിരളമാണ് എന്റെ വീക്ഷണത്തില്‍. ആ ലിസ്റ്റിലേക്ക് ഒന്നുകൂടി…

നിരാശയുണ്ട്. എങ്കിലും ഇനിയും തുടരുക ഈ വഴിയിലൂടെ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ പര്യായമായി.

അടിക്കുറിപ്പ് : കറകളഞ്ഞ സച്ചിന്‍ ഫാനാണ് ഈ കുറിപ്പെഴുതുന്ന വ്യക്തി.

അഭിപ്രായം എഴുതുക