ഭ്രമരം ബ്ലെസ്സി പിന്നെ… പിന്നെ മോഹന്‍‌ലാലും

വിലയിരുത്തപ്പെടേണ്ട വസ്തുതകളുടെ തമസ്കരണം പലപ്പോഴും സംഭവിക്കുക പുതിയ ലാവണങ്ങളെ അംഗീകരിക്കാനും അവ(ര്‍) മുന്നോട്ടുവക്കുന്ന ആശയങ്ങളെ സ്വാംശീകരിക്കാന്‍ മടിയുമുള്ള മനസ്സുകളിലാണ്. ചിലപ്പോള്‍ ഇത്തരം തമസ്കരണങ്ങള്‍ അബോധപൂര്‍വ്വമായിരിക്കും, മറ്റു അവസരങ്ങളില്‍ പലവിധ അന്ധതകളാല്‍ നയിക്കപ്പെട്ട് ബോധപൂര്‍വ്വവും. രണ്ടുകൂട്ടരും മെയിന്‍‌സ്ട്രീമിനെ സ്പര്‍ശിക്കാതെ ഉപരിതസ്പര്‍ശിയായ കാര്യങ്ങളെ കൊണ്ടാടി ആഴത്തിലുള്ള വിശകലനം അസാദ്ധ്യമാക്കുന്നു. അത്തരമൊരു കൊണ്ടാടല്‍ അടുത്തകാലത്തു ദര്‍ശിച്ചു.

പദ്മരാജശിഷ്യനായ ബ്ലസ്സിയുടെ “ഭ്രമരം” കണ്ടുവന്ന സുഹൃത്തിനോട് സന്ദര്‍ഭവശാല്‍ ആരാഞ്ഞു.

“എങ്ങനെയുണ്ട് പടം?”

മറുപടി ഉടനെയെത്തി. “നല്ല പടം. മോഹന്‍‌ലാല് സൂപ്പര്‍”

പ്രസ്തുതപടം കണ്ടിട്ടില്ലെങ്കിലും സുഹൃത്തുക്കളുമായി നടത്തിയ ആശയവിനിമയങ്ങളില്‍ നിന്ന് നല്ല‌അഭിപ്രായമാണ് ലഭിച്ചത്. മോഹന്‍ലാലിന്റെ അഭിനയത്തെ പലരും പ്രശംസിക്കുകയും ചെയ്തു. പക്ഷേ അത്തരം പ്രശംസകള്‍ക്കുപിന്നില്‍ ‘വിലയിരുത്തപ്പെടേണ്ട വസ്തുതകളുടെ തമസ്കരണം’ ഉണ്ടെന്നു എനിക്കു തോന്നി.

ഫോട്ടോഗ്രാഫറും അത്യാവശ്യം ഗ്ലാമറുമുള്ള ഒരു സുഹൃത്തിനു ഫോട്ടോക്കു പോസ് ചെയ്യുമ്പോള്‍ ഒരു പ്രത്യേക ശീലമുണ്ടായിരുന്നു. പുള്ളിയേക്കാള്‍ ഗ്ലാമറായ വ്യക്തികളുടെ കൂടെ അദ്ദേഹം കഴിവതും പോസ് ചെയ്യില്ല. അതിനു അവന്‍ പറയാറുള്ള സ്ഥിരം മറുപടി ‘നിഴല്‍‌വല്‍ക്കരണം’ ആണ്. മറ്റുള്ളവരുടെ ഗ്ലാമറിന്റെ നിഴലില്‍ നില്‍ക്കാന്‍ താല്പര്യമില്ലത്രെ. അവന്റെ വ്യക്തിജീവിതത്തില്‍ അവനു ആ ശീലം തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. പക്ഷേ അല്പസ്വല്പം സിനിമാകമ്പമുള്ള അവനോടു എനിക്കു പറയണമെന്നുണ്ടായിരുന്നു, ‘സിനിമയിലിറങ്ങണമെങ്കില്‍ ഇത്തരം പിടിവാശികള്‍ മുളയിലേ നുള്ളണമെന്ന്. അവിടെ നിഴല്‍‌വല്‍ക്കരണം ഒരു സാധാരനപക്രിയയാണെന്ന്’.

സുഹൃത്തിന്റെ കമന്റ് ശ്രവിച്ചപ്പോള്‍ ബ്ലെസ്സിക്കു സംഭവിച്ചതും ‘നിഴല്‍‌വല്‍ക്കരണം’ അല്ലേയെന്നു മനസ്സില്‍ ചോദ്യമുയര്‍ന്നു. സ്വാമി തോറ്റിടത്താണ് ബ്ലെസ്സി വെന്നിക്കൊടി പാറിച്ചിരിക്കുന്നത്! വസ്തുതകള്‍ തമസ്കരിച്ചു ശീലമുള്ളവര്‍ ‘ലാലേട്ടന്‍ സൂപ്പർ’ എന്നൊക്കെ പറഞ്ഞുവക്കും. പക്ഷേ മറ്റുള്ളവര്‍ക്കോ?

മോഹന്‍‌ലാല്‍ ബ്ലെസ്സിയെ തുണച്ചതോ?
അതോ മോഹന്‍ലാലിനെ ബ്ലെസ്സി തുണച്ചതോ?

അടിക്കുറിപ്പ് :

അല്പസ്വല്പം വായനാശീലമുള്ള മറ്റൊരു സുഹൃത്തിന്റെ അഭിപ്രായത്തിന് വ്യതിരിക്തതയുണ്ടായിരുന്നു.

“ആ പടത്തിന് ‘താഴ്‌വാരം’ കട്ട് ഉണ്ട്. ബ്ലെസ്സിക്ക് ഫുള്‍‌മാര്‍ക്ക് കൊടുക്കാന്‍ പറ്റില്ല!”

എന്തോ എന്റെ മനസ്സിലപ്പോള്‍ ഉത്രാളിക്കാവ് ഉത്സവത്തിന്റെ ഗന്ധമുള്ള ആ സുന്ദരഗാനമായിരുന്നു. ആ പാട്ട്‌ മൂളി സായൂജ്യമടഞ്ഞു.

“കണ്ണെത്താദൂരെ മറുതീരം…”
“മറുതീരത്തെ കോണില്‍ സംക്രമം…”

Read More ->  പാവം ക്രൂരന്‍

അഭിപ്രായം എഴുതുക