അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1

കക്കാടിന്റെ പുരാവൃത്തം

സുനിൽ ഉപാസന | Sunil Upasana: –

Sunil Upasana hails from Thrissur in Kerala and has been living in Bengaluru for 13 years. He is BA in Philosophy and Diploma Holder in Computer H/W Mainte.  Sunil is a winner of prestigious Kerala Sahitya Academy Endowment Award for short stories, in 2018. Read More.


ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് തുലാമാസം മധ്യത്തിൽ തേമാലിപ്പറമ്പിൽ കൂടിയ നാട്ടുകൂട്ടമാണ് വയനാടന്‍കാടുകളിൽ സ്വൈരവിഹാരം നടത്തിയിരുന്ന കിടയറ്റ ഫോറസ്റ്റ്റേഞ്ചറും ശിക്കാരിയുമായ കക്കാട് ഗീതാനിവാസിലെ എം.ജി.പ്രഭാകരൻ‌പിള്ളയുടെ രണ്ടാമത്തെ മകൻ അനില്‍‌പിള്ളയെ നിയമ പഠനത്തിനയക്കാൻ തീരുമാനിച്ചത്. തൈക്കൂട്ടത്തെ പ്രശസ്തകണിയാന്‍ ബാലകൃഷ്ണക്കൈമളുടെ നിര്‍ദ്ദേശപ്രകാരം മകനെ കേരളരാഷ്ട്രീയത്തിൽ ഇറക്കാൻ പദ്ധതിയുണ്ടായിരുന്ന പിള്ളയുടെ എല്ലാ മുന്‍കണക്കുകൂട്ടലുകലും തെറ്റിച്ച കനത്ത പ്രഹരമായിരുന്നു നാട്ടുകൂട്ടത്തിന്റെ പ്രസ്തുത തീരുമാനം.

അതുവരെ രാഷ്ട്രീയമേഖലയിൽ തിളങ്ങിനില്‍ക്കുന്ന താരമാകാൻ പിള്ള, ആഴ്ചയിൽ രണ്ടുദിവസം, മകനു കോച്ചിങ്ങ് ക്ലാസ്സ് നടത്തിയിരുന്നു. ഗ്രൂപ്പ് എങ്ങിനെ ഉണ്ടാക്കാം, വൈവിധ്യമാര്‍ന്ന മുദ്രാവാക്യം വിളികൾ ഏതൊക്കെ, കല്ലെറിയേണ്ടതെങ്ങിനെ… ഇത്യാദി വിഷയങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ക്ലാസ്സിലെ ആകര്‍ഷകഇനമായിരുന്നു കൈമടക്ക് വാങ്ങുന്നതെങ്ങിനെ എന്ന പീരിയഡ്. പക്ഷേ എങ്ങിനെയോ ആദര്‍ശപരമായ കൂട്ടുകെട്ടുകളിലേക്കു വഴുതിവീണ ജൂനിയര്‍പിള്ളക്കു രാഷ്ട്രീയത്തിലെ ഗ്രൂപ്പുസമവാക്യങ്ങളോടും അടവുനയങ്ങളോടും ഒട്ടും യോജിക്കാനായില്ല.

മകന്റെ ആദ്യകാല എതിര്‍പ്പുകൾ പിള്ള കണക്കിലെടുത്തില്ല. മുന്‍‌നിശ്ചയപ്രകാരം കാര്യങ്ങൾ നീക്കി. പക്ഷേ രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്തുസമ്പാദനം കര്‍ശനമായി തടയുമെന്നു കേരള നിയമസഭയിൽ മുഖ്യമന്ത്രി ക്ഷോഭത്തോടെ അസന്നിഗ്ദമായി പ്രസ്താവിക്കുന്നതു കണ്ടപ്പോൾ നിലപാടുകളിൽ സന്ദേഹിയായി. ഇനിയെന്ത് എന്ന ചിന്ത മനസ്സിൽ ഉദിച്ചു. അക്കാലത്തുതന്നെയാണു നാട്ടുകൂട്ടത്തിന്റെ തീരുമാനവും പുറത്തുവന്നത്. തലമൂത്ത പതിനൊന്നു കാരണവന്മാർ കോറം തികഞ്ഞെത്തിയ ആ യോഗത്തിന്റെ തീരുമാനം കൂടുതലൊന്നും ആലോചിക്കാതെ പിള്ള മനസ്സാൽ സ്വീകരിച്ചു. നിയമപഠനത്തിനായി മകനെ തിരുവനന്തപുരം ലോകോളേജിൽ ചേര്‍ത്തു.

അന്നൊരിക്കൽ കക്കാട് തീരദേശംറോഡ് ഉടനടി റീടാറിങ്ങ് ചെയ്യണമെന്നും ഇല്ലെങ്കിൽ മന്ത്രിസഭയെ മറിച്ചിടാന്‍‌വരെ മടിക്കില്ലെന്നും ഗതാഗതമന്ത്രിക്കു അന്ത്യശാസനം കൊടുക്കാൻ കേരളസെക്രട്ടറിയേറ്റിൽ പോയിവന്ന കാടുകുറ്റി പഞ്ചായത്തു പ്രസിഡന്റ് വി.കെ.മോഹനന്‍ എസ്‌എന്‍‌ഡിപി സെന്ററിൽ‌വച്ചു പിള്ളയെ കണ്ടപ്പോൾ നിഗൂഢമായ ആ രഹസ്യം വെളിപ്പെടുത്തി.

“നായരേ. ഞാനിന്നലെ നമ്മടെ അനീനെ അതുല്യേല് കണ്ടു”

തിരുവനന്തപുരത്തെ സിനിമാതിയേറ്ററുകൾ പരിചിതമല്ലാത്ത പിള്ള മെമ്പർ മോഹനന്റെ അറിയിപ്പു കേട്ടതും വേലിപ്പടര്‍പ്പിലേക്കു സ്വതസിദ്ധമായ ശൈലിയിൽ കാര്‍ക്കിച്ചുതുപ്പി.

 

Contribute And Support This Young Writer.
Every Amount Is Valuable, However Small It May.

Google Pay

( sunilmv@upi )

Bhim App

( sunilmv@okicici )

PayPal

Coming Soon.

Thank You Very Much!


“ആക്രാഷ്… ഫ്തൂം” പിന്നെ പറഞ്ഞു. “ങേ അതുല്യോ! ഏതവളാടാ അത്. എന്റെ കൊച്ചനെ കറക്കിയെടുത്തോ?”

“പെണ്ണൊന്ന്വല്ല നായരേ. അതുല്യാന്ന് പറയണത് തിരോന്തോരത്തെ ഒരു സിനിമാതീയേറ്ററാ”

“ഓ അതിനെന്താ മോഹനാ. എടക്കൊരു സിനിമ കാണണശീലം അനിക്കു പണ്ടേണ്ട്”

പിള്ളയുടെ നിഷ്കളങ്കമായ മറുപടികേട്ടു മോഹനൻ ഗൂഢമായി ഊറിച്ചിരിച്ചു. അതു പിള്ളയിൽ കലിപ്പുണ്ടാക്കി. പതിവു താക്കീത് ഉടൻ കൊടുത്തു. “എടാ മോഹനാ. നീയെന്നെ ആക്കണപോലെ ചിരിച്ചാണ്ടല്ലാ. മെമ്പറാന്നൊന്നും നോക്കില്ല, കാച്ചിക്കളയും ഞാൻ“പിള്ളയുടെ വീടിന്റെ പൂമുഖത്തു തൂങ്ങുന്ന ഇരട്ടക്കുഴൽ തോക്ക് മെമ്പറുടെ മനസ്സിൽ തെളിഞ്ഞു. അദ്ദേഹം രഹസ്യത്തിന്റെ മറനീക്കി. “നായരേ. അനീനെ ഞാൻ കണ്ടത് ഒരു ഉച്ചപ്പടത്തിന്റെ ക്യൂവിലാ”

Read More ->  അരോമ ബേക്കേഴ്‌സ് - 2

നീലപ്പടങ്ങൾ കാണുന്നതു പലവിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കള്‍ക്കു ഇഷ്ടമല്ല എന്ന പൊതുധാരണ പിള്ളക്കും ബാധകമാണെന്നു കരുതിയ മെമ്പർ പിള്ളയില്‍‌നിന്നു പ്രതീക്ഷിച്ചത് കടുത്ത പ്രതികരണമായിരുന്നു. എന്നാൽ പിള്ള ചിരിക്കുകയാണുണ്ടായത്. കലിപ്പെല്ലാം പമ്പകടന്നു.

“ഹഹഹ. ഇതാണൊ നീ പറയാൻ വന്നെ. ഞാങ്കരുതി…” പിള്ള മോഹനന്റെ തോളിൽ കയ്യിട്ടു ലോഗ്യം ഭാവിച്ചു. “മോഹനാ… ഒരു മനുഷ്യനിണ്ടാവണ്ട മൂന്നു ഗുണങ്ങളാടാ സാമാന്യബോധം, വെശപ്പ്, പിന്നെ കാമം. അല്ലേ?”

മെമ്പർ മൌനം പാലിച്ചു. പിള്ള സ്വതസിദ്ധമായ ശൈലിയിൽ ചോദ്യം ആവര്‍ത്തിച്ചു. “നീ പറേടാ. അല്ലേന്ന്?”

മോഹനന്‍ അനുകൂലഭാവത്തിൽ തലകുലുക്കിയപ്പോൾ പിള്ള രണ്ടുകൈകളും വിലങ്ങനെ വീശി ഇനിയൊരു വാദമില്ല എന്നമട്ടിൽ തീര്‍പ്പുകല്‍പ്പിച്ചു. “മൂന്നാമത് പറഞ്ഞത് അനിക്കിത്തിരി ജാസ്ത്യാ മോഹനാ. ഹഹഹഹ”

അഞ്ചുവര്‍ഷം തിരുവനന്തപുരത്തു ഉച്ചപ്പടങ്ങൾ കണ്ടും സ്റ്റാച്ച്യുജംങ്ഷനിലെ മലയാളിമങ്കമാരെ കണ്ണെറിഞ്ഞും കാലംകഴിച്ച അനിൽ‌പിള്ള എന്ന പിള്ളേച്ചൻ പഠനത്തിനൊടുവിൽ അഭിഭാഷകപട്ടം എങ്ങിനെയോ തരപ്പെടുത്തിയെടുത്തു. തുടര്‍ന്നു സാത്വികമായ സേവനത്തിനു പകരം പ്രഗല്‍ഭനായത് ‘എങ്ങിനെ കേസുകൾ സ്വയം ഉണ്ടാക്കി വാദിക്കാം‘, ‘ഒരു മാസംകൊണ്ടു തീര്‍ക്കാവുന്ന കേസ് ഒരുകൊല്ലം ദീര്‍ഘിപ്പിക്കുന്നതിന്റെ കാണാപ്പുറങ്ങൾ എന്തൊക്കെ‘, ‘കക്ഷികളുടെ കയ്യിൽനിന്നു ഫീസ് സമ്മര്‍ദ്ദം ചെലുത്തി വാങ്ങുവാനുള്ള നൂതനതന്ത്രങ്ങൾ എന്തെല്ലാം‘ എന്നീ വിഭാഗങ്ങളിലാണ്.

എൽ‌എല്‍ബി എടുത്തു ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ പ്രക്ടീസ് തുടങ്ങിയ പിള്ളേച്ചനു ആദ്യംകിട്ടിയ കേസ് പൂവാലശല്യവുമായി ബന്ധപ്പെട്ടതായിരുന്നു. ചെറുവാളൂരിലെ ഗിരിബാബുവിനെ മാള പോലീസ് അന്നമനടയില്‍നിന്നു പൊക്കിയപ്പോൾ ആശാന്‍കുട്ടി മുഖേന ആ കേസ് പിള്ളേച്ചനു മുന്നിലെത്തി. പ്രസ്തുതസംഭവം ആശാൻ അറിയുന്നത് വാളൂർ സ്കൂള്‍ഗ്രൌണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടയിലാണ്.

“എനിക്കെതിരെ പൂവാലശല്യത്തിനു കൊരട്ടി പോലീസ് കേസെടുത്തെടാ ആശാനേ”

അരിയമ്പുറത്തുകാരയായ ഗിരീശന്‍ എന്ന ഗിരിബാബു നിരാശയോടെ വിഷയം അവതരിപ്പിച്ചപ്പോൾ ആശാൻ പിഷാരത്ത് അമ്പലത്തിലെ കൃഷ്ണനു സ്തുതിപറഞ്ഞു. “ഇന്യെങ്കിലും നീ നന്നാവ് ഗിരീ”

“അതിനു ഞാനൊന്നും ചെയ്തില്ലടാ. ഒരുത്തി വന്നപ്പോ അന്നു നിന്റെ കടമിഴി ഇത്ര ചുവന്നിട്ടില്ലായിരുന്നു എന്ന പാട്ടുപാടി തല ഈരി. ഇതിനാ കേസ്”

ആശാന്‍ അല്‍ഭുതപ്പെട്ടു. “ഇത്ര്യൊള്ളൂ?”

“അതേന്ന്. പിന്നെ ഞാനീ കേസ് പിള്ളേച്ചനെ ഏല്പിച്ചാലോന്ന് ആലോചിക്കാ. എന്താ നിന്റെ അഭിപ്രായം“

ആശാനും അതു ശരിവച്ചു. “പുള്ളി ഈവക കേസുകളീ ഒരു എക്സ്പർട്ടാടാ ഗിരീ. നീ ഊമയാന്നോ മറ്റോ സ്ഥാപിച്ച് പുള്ളി ഊരിയെടുക്കും”

ഗിരിബാബുവിനെ പൂവാലൻ‌കേസിൽനിന്നു രക്ഷപ്പെടുത്തി ഒരുമാസം കഴിയുംമുമ്പ് പിള്ളേച്ചനു വേറെ നാലുകേസുകൾ കിട്ടി. അതിലും കത്തിക്കയറിയ പിള്ളേച്ചനെ പക്ഷേ, അഞ്ചാമത്തെ കിഡ്നാപ്പിങ്ങ് കേസ് ദീർഘമായൊരു വനവാസത്തിലേക്കു നയിച്ചു. അന്നു കോടതിയിലുണ്ടായിരുന്ന ആശാൻ‌കുട്ടി ഓര്‍മയില്‍‌നിന്നു സംഭവങ്ങൾ ചികഞ്ഞെടുത്തു.

“കേസ് വാദിക്കണ അന്ന് പിള്ളേച്ചൻ കണികണ്ടത് എന്ന്യാന്നാ പുള്ളി പറേണെ. പക്ഷേ ആള് ഗേറ്റുതൊറന്ന് വരുമ്പോ ബൈജു വേലീടെ സൈഡീ കുന്തിച്ചിരുന്നു മൂത്രൊഴിക്കണ്ടായിരുന്നൂന്നൊള്ളതാ സത്യം”“ഏത് ബൈജ്വാ ആശാനേ?”

“നമ്മടെ കല്യാണി”

കേൾവി‌ക്കാരിലൊരാൾ നെറ്റിയിൽ കൈവച്ചു പരിതപിച്ചു. “ഓ എന്നാപ്പിന്നെ കോടതീ പോവാണ്ടിരിക്കണതായിരുന്നു നല്ലത്“

 

ആദ്യം പ്രൊസിക്യൂഷന്റെ ഊഴമായിരുന്നു. കേസിനു തുമ്പുകളൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോകൽ നടന്നിട്ടില്ലെന്നും വക്കീൽ വാദിച്ചു. പെണ്‍കുട്ടിയുടെ ഭാവനയിലുണര്‍ന്ന വങ്കത്തമാണു കിഡ്‌നാപ്പിങ്ങെന്നും അതിനാൽ കേസ് എത്രയും പെട്ടെന്നു അവസാനിപ്പിക്കാൻ കോടതി അനുമതിനല്‍കണമെന്നും കൂടി പറഞ്ഞു അദ്ദേഹം കസേരയിൽ ഉപവിഷ്ഠനായി. തുടർന്നു പിള്ളേച്ചൻ എഴുന്നേറ്റു. കാണികളുടെ ഭാഗത്തുണ്ടായിരുന്ന ആശാൻ‌കുട്ടി ശിവപ്രസാദിനു നേരെ ‘കാണാന്‍ പോണപൂരം നീ കണ്ടോ ശിവാ‘ എന്നു ദ്യോതിപ്പിക്കുന്ന കൊലച്ചിരി പാസാക്കി. കറുത്തകോട്ട് ആട്ടിക്കുലുക്കി വാദം ആരംഭിക്കാന്‍ തയ്യാറെടുത്തു. ആമുഖമായി മജി‌സ്ട്രേറ്റിനെ അഭിസംബോധന ചെയ്തു.

Read More ->  ജിംഖാന കാതിക്കുടം - 2

“മൈ ഡിയർ യുവറോണർ…”

തുടര്‍ന്നു തെല്ലിട നിര്‍ത്തി ആശാൻ‌കുട്ടിയിരിക്കുന്ന ഭാഗത്തേക്കു വീണ്ടും നോക്കി. കണ്ണിറുക്കി. ആശാനു മനസ്സിലായി. മജിസ്‌ട്രേറ്റിനെ കയ്യിലെടുക്കാനുള്ള നമ്പറാണ്!.

പിള്ളേച്ചനോടു കോടതി ആരാഞ്ഞു. “മിസ്റ്റർ അനില്‍‌കുമാർ. ഈ കേസിൽ ആരേയും പ്രതിയാക്കാൻ തുമ്പുകളില്ല എന്നാണു പ്രൊസിക്യൂഷന്റെ വാദം. താങ്കളിതിനെ എങ്ങിനെ നോക്കിക്കാണുന്നു?”

മേശയിൽ കൈത്തലം അടിച്ചു ശബ്ദമുണ്ടാക്കി പിള്ളേച്ചൻ നിഷേധാര്‍ത്ഥത്തിൽ തലയാട്ടി. “യുവറോണർ. തെളിവുകൾ ഇല്ലായെന്ന വാദം തികച്ചും തെറ്റാണ്. ഇന്ത്യാഗവണ്മെന്റിനെ വരെ അട്ടിമറിക്കാൻ പറ്റുന്ന സമൂഹത്തിലെ വമ്പന്മാർ ഇടപെട്ടിരിക്കുന്നതുകൊണ്ടാണ് തെളിവുകളില്ലാ എന്ന തീരുമാനത്തിൽ പ്രൊസിക്യൂഷന്‍ എത്തിയിരിക്കുന്നത്. പക്ഷേ തുമ്പുണ്ടെന്നു മനസ്സിലാക്കാൻ വെറും സാമാന്യബുദ്ധി മാത്രമേ ഇവിടെ പ്രയോഗിക്കേണ്ടതായുള്ളൂ“

പിള്ളേച്ചന്റെ കയ്യിൽ തെളിവുണ്ടെന്നു മനസ്സിലായ ജഡ്ജി കസേരയിൽ മുന്നോട്ടാഞ്ഞു. “ടെൽ മി അനിൽ. വോട്ട് ക്ലൂ യു ഹാവ്”

പിള്ളേച്ചന്‍ ആശാന്‍‌കുട്ടിയെ നോക്കി വീണ്ടും കണ്ണിറുക്കി.

 

“യുവറോണർ… വളരെ സിമ്പിൾ ലോജിക് ഉപയോഗിച്ചു ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ ആര്‍ക്കുനേരെയാണ് സാഹചര്യങ്ങൾ വിരല്‍‌ചൂണ്ടുന്നതെന്ന്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ വന്നതു ടാറ്റാ സുമോയിലാണ്. അതുകൊണ്ടുതന്നെ ഈ കേസിൽ ടാറ്റാമോട്ടോര്‍സ് ഉടമസ്ഥനായ രത്തന്‍ ടാറ്റയെ പ്രതിചേര്‍ക്കണമെന്ന് ഞാൻ കോടതിയോടു അഭ്യര്‍ത്ഥിക്കുകയാണ്. ഇത്രയും ശക്തമായ തെളിവ് ബഹുമാനപ്പെട്ട കോടതി കണ്ടില്ലെന്ന് നടിക്കരുത്”

കോടതിഹാളാകെ ഒരുനിമിഷം നിശബ്ദതയിലാണ്ടു. ഒടുവിൽ നിശബ്ദത ഭേദിച്ചു ആശാൻ‌കുട്ടിയുടെ കുരവയിടൽ മുഴങ്ങി. അയ്യങ്കോവ് ക്ഷേത്രത്തിലെ ഉത്സവത്തിനു ശാസ്താവിന്റെ തിടമ്പ് ആനപ്പുറമേറുമ്പോൾ മുഴക്കാറുള്ള അതേ കുരവയിടൽ. രണ്ടുനിമിഷം പകച്ചുനിന്നെങ്കിലും സെക്യൂരിറ്റികൾ ഉടൻ ഇടപെട്ടു. ആശാനെ പിടിച്ചു പുറത്താക്കി.

പിള്ളേച്ചൻ കൊടുത്ത തെളിവ് കോടതിക്കു ബോധിച്ചില്ല. കിഡ്‌നാപ്പിങ്ങ് കേസ് എട്ടുനിലയിൽ പൊട്ടി. അതിനുശേഷം കഷ്ടകാലമായിരുന്നു. ഒരു പെറ്റിക്കേസുപോലും ഒരാളും അദ്ദേഹത്തെ ഏല്‍പ്പിച്ചില്ല. അഡ്വേക്കേറ്റ് അനില്‍പിള്ള എന്നത് ഇരുമ്പുഗേറ്റിന്റെ മൂലയിലൊതുങ്ങി തുരുമ്പിച്ചു കാലംപോയി. രണ്ടുവർഷത്തെ വരൾച്ച. അതിനുശേഷമാണ് പിള്ളേച്ചനെ വീണ്ടും പഴയ ഫോമിലേക്കെത്തിച്ച കേസ് വരുന്നത്. കക്കാടിൽ തരികിടകൾ ഒപ്പിക്കുന്നതിൽ അഗ്രഗണ്യനായ ബാബുട്ടനെ ഒരു വണ്ടിച്ചെക്ക് കേസില്‍നിന്നു അദ്ദേഹം അസാമാന്യ കരവിരുതോടെ, അതീവ നയചാതുരിയോടെ കഷ്ടിച്ചു രക്ഷപ്പെടുത്തി. ചാലക്കുടി കോടതിയിൽ പിള്ളേച്ചന്റെ കണിശതയാര്‍ന്ന വാദഗതികൾ ശ്രവിച്ചു ഞെട്ടിത്തരിച്ച മജിസ്ട്രേറ്റ് ആശ്ചര്യത്തോടെ കസേരയിൽനിന്നു ചാടിയെഴുന്നേറ്റ് അന്വേഷിച്ചത്രെ.

“ഹുവാർ യു ജന്റില്‍‌മാൻ!”

 
തിരിച്ചടികളിൽ പതറരുതെന്നു ചെറുപ്പത്തിലേ പഠിപ്പിച്ച അച്ഛനോടാണ് ഇത്തരം സന്ദർഭങ്ങളിൽ പിള്ളേച്ചൻ കടപ്പെട്ടിരിക്കുന്നത്. ഒപ്പം അയ്യങ്കോവ് ശാസ്താവിനോടും.
 

7 thoughts on “അഡ്വക്കേറ്റിന്റെ നമ്പറുകൾ – 1

 1. നമ്പര്‘ എന്ന വാക്ക് ഞാന് ആദ്യമായി കേള്‍ക്കുന്നത് പിള്ളേച്ചന് എന്ന അനിച്ചേട്ടനില് നിന്നാണ്. മര്യാദാമുക്കിലും അയ്യങ്കോവ് അമ്പലത്തിലെ ചുറ്റുമതിലിലും ഇരുന്ന് ഒരുപാട് നമ്പറുകള് ഞാന് പിള്ളേച്ചനില് നിന്ന് കേട്ടും കണ്ടുമറിഞ്ഞു.
  മര്യാദാമുക്കിലെ സുഹൃദ്സംഗമങ്ങള് പിള്ളേച്ചന്റെ സാന്നിധ്യത്തില് എന്നും ഉഷാറായിരുന്നു. എനിക്ക് സഹോദരതുല്യനായ ആ ‘നമ്പറുകളുടെ ഉസ്താദി‘ന് വേണ്ടി ഇത്തവണ എന്റെ ഉപാസന.

  എല്ലാ സുഹൃത്തുക്കളും വായിക്കുക അഭിപ്രായമറിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില് || ഉപാസന

 2. കഥാപാത്രങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത നാടണല്ലേ മര്യാദ മുക്ക്….

  കൊള്ളാം…നല്ല വിവരണം

  🙂

 3. കക്കാട് മുക്കിലെ കഥാപാത്രങ്ങളെല്ലാം ടിപ്പിക്കല്‍ നമ്പരുകളാണല്ലോ.:)

അഭിപ്രായം എഴുതുക