ശങ്കരമ്മാൻ കാവ് – 1

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.“തമ്പ്യേയ്… നീ ദൈവത്തീ വിശ്വസിക്കണ്ണ്ടാ?”

മര്യാദാമുക്കിലെ മതിലിൽ ഇരിക്കുകയായിരുന്നു തമ്പി. കയ്യിൽ പതിവുപോലെ ലഹരി കൂടിയ മുറുക്കാനും. ചോദ്യം കേട്ടതും അദ്ദേഹം ഒന്നും ആലോചിച്ചില്ല.

“പിന്നല്ലാണ്ട്. ആശാനേ… ആശാൻ ന്തൂട്ടാ ഈ പറേണെ. ദൈവല്യാന്നാ!”

ആദ്യപ്രതികരണത്തിനു ശേഷം തമ്പിയുടെ മുഖത്തു ആശ്ചര്യം വിരിഞ്ഞു. ഇത്രനാൾ പരമഭക്തനായ വാസുട്ടന്‍ എന്താണു ഉദ്ദേശിക്കുന്നതെന്നു തമ്പിക്കു പിടികിട്ടിയില്ല.

“ആളോള് ആരൊക്കെ ഇല്ലാന്ന് പറഞ്ഞാലും എനിക്കൊന്നൂല്ല്യ. പക്ഷേ അയ്യങ്കോവ് അമ്പലത്തിലെ ശാസ്താവില്ലെന്നു പറഞ്ഞാല്ണ്ടല്ലാ… ആ പറഞ്ഞവനെ ഞാനടിക്കും” ഒന്നുനിര്‍ത്തി അര്‍ത്ഥഗര്‍ഭമായി കൂട്ടിച്ചേര്‍ത്തു. “ആശാനെ ഒഴിച്ച്”

ദൈവത്തിന്റെ ആസ്തിത്വത്തെപ്പറ്റി ചോദ്യം ഉന്നയിക്കുമ്പോൾ തമ്പി ഇങ്ങിനെയൊക്കെയേ മറുപടി പറയൂ എന്നു വാസുട്ടനു നല്ല നിശ്ചയമുണ്ടായിരുന്നു. അതൊന്നും തെറ്റിയുമില്ല. എല്ലാ ദിവസവും രാവിലെയും വൈകീട്ടും അമ്പലക്കുളത്തിലാണ് തമ്പിയുടെ കുളി. ഈറനുടുത്തു നടക്കു നേരെനിന്നു അറിയാവുന്ന ശരണങ്ങളൊക്കെ വിളിക്കും. സാംഷ്ടാംഗപ്രണാമം ചെയ്‌തു കയ്യിലും നെറ്റിയിലും നീളത്തിൽ ഭസ്മംപൂശി ഒരുനുള്ളു വാരി വായിലുമിടും. പൈങ്കുനി ഉത്രം‌വിളക്കു ഉത്സവത്തിനും മണ്ഢലകാലത്തെ അയ്യപ്പന്‍‌വിളക്കിനും കക്കാടുദേശമാകെ മുളങ്കാല്‍നാട്ടി തോരണം കെട്ടുക, സദ്യക്കുള്ള ഉരുപ്പടികൾ ചുമന്നു എത്തിക്കുക തുടങ്ങിയ അയ്യങ്കോവ് അമ്പലത്തിലെ ഏതുപണിയും തമ്പി കാശുവാങ്ങാതെ ചെയ്യും. അമ്പലത്തിലെ ഉപപ്രതിഷ്ഠയായ ഭദ്രകാളിക്കു ഭക്തർ നേരുന്ന പൂജകളുടെ ചുമതല കയ്യാളുന്നത് തമ്പിയുടെ അച്ഛനാണെന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന പ്രധാനഘടകമാണ്.

ഇത്രയും കടുത്തഭക്തനായ തമ്പിയെ സ്വാധീനിച്ചു നിരീശ്വരവാദിയാക്കാൻ കാതിക്കുടത്ത് നിശീശ്വരവാദ ആശയത്തിന്റെ അപ്പോസ്തലനായ എം.സി.ഗോപി പഠിച്ചപണി പതിനെട്ടും പയറ്റിയതാണ്. തമ്പി അതിൽ വീണില്ലെന്നു മാത്രമല്ല കൂടുതൽ ഭക്തിയിലേക്കു തിരിയുകയും ചെയ്തു. ഗോപി വിചാരിച്ചാൽ സാധിക്കാത്തതു തനിക്കു പറ്റുമോയെന്നു പരീക്ഷിക്കാനുള്ള സര്‍വ്വസന്നാഹങ്ങളോടും കൂടിയായിരുന്നു അന്നു വൈകീട്ടു മര്യാദാമുക്കിലേക്കു തമ്പിയുടെ ആത്മസുഹൃത്തായ വാസുട്ടന്‍ എത്തിയത്.

വാസുട്ടനും ഒരുകാലത്തു കറകളഞ്ഞ സ്വാമിഭക്തനായിരുന്നു. ഭക്തിയുടെ കാര്യത്തിൽ തമ്പിക്കുള്ള സകലവിശേഷണങ്ങളും അദ്ദേഹത്തിനും യോജിക്കുമായിരുന്നെങ്കിലും രണ്ടുമാസംമുമ്പു അതെല്ലാം തകിടം‌മറിച്ച ഒരു സംഭവം കാതിക്കുടം പനമ്പിള്ളി സ്മാരകവായനശാലയിൽ അരങ്ങേറി.

വൈകുന്നേരങ്ങളിൽ അന്നമനട പഞ്ചായത്തു ബസ്‌സ്റ്റാന്റിനടുത്തെ ഗ്രൌണ്ടിൽ വോളിബോൾ കളിക്കുക വാസുട്ടന്റെ പതിവാണ്. കളിയിൽ ഒരുവിധം വിദഗ്ദനുമാണ്. ആറരവരെ നീളുന്ന കളിക്കുശേഷം അദ്ദേഹം കുളിച്ചു വെടുപ്പായി വായനശാലയിലെത്തും. സഖാക്കളുടെ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കും എം.സി.ഗോപിയുടെ പഞ്ചവാദ്യം സാമ്പിളിനും ചെവികൊടുത്തു അവിടെയുള്ള ആനുകാലികങ്ങൾ ഒന്നൊഴിയാതെ വായിക്കും. ബാക്കിയുള്ള സമയം വമ്പൻ ഷെല്‍ഫുകള്‍ക്കിടയിൽ അലഞ്ഞു നടന്നു വായിച്ചിട്ടില്ലാത്ത പുസ്തകങ്ങൾ രജിസ്റ്ററിൽ എഴുതി വീട്ടിലേക്കു കൊണ്ടുപോരും. ഇങ്ങിനെയാണു പതിവ്.

രണ്ടുമാസം മുമ്പു ഷെല്‍ഫുകള്‍ക്കിടയിലൂടെ പതിവുതിരച്ചിൽ നടത്തുമ്പോൾ വാസുട്ടനു ഒരു പുതിയ പുസ്തകം കിട്ടി.

“യുക്തിവാദം: എ.ടി.കോവൂർ”

വായിച്ചിട്ടില്ലെന്നു തലയിൽ മിന്നിയതും രജിസ്റ്ററിൽ ഒപ്പിട്ടു പുസ്തകമെടുത്തു. വീട്ടിലെത്തി അത്താഴം കഴിച്ചു വായന തുടങ്ങി. ജലപാനം പോലുമില്ലാതെ അഞ്ചുമണിക്കൂർ നീണ്ട ഏകാഗ്രവായന. അതിനൊടുവിൽ വാസുട്ടനു ഒരുപാടു മാറ്റങ്ങൾ സംഭവിച്ചു. ദൈവവിശ്വാസം ക്രമാതീതം കുറഞ്ഞു. എന്തിലും ഏതിലും യുക്തി തിരയാൻ തുടങ്ങി. കേവലം രണ്ടാഴ്ചകൊണ്ടു വാസുട്ടന്‍ കടുത്ത നിരീശ്വരവാദിയായി മാറി. അടുത്തസുഹൃത്തായ തമ്പിയെയും എത്തിസത്തിലേക്കു ആകര്‍ഷിക്കാൻ കഠിനമായി പരിശ്രമിച്ചു. മര്യാദാമുക്കില്‍വച്ചു നടക്കാറുള്ള അത്തരം ആശയസംവാദങ്ങൾ കടുത്ത സ്വാമിഭക്തനായ തമ്പിയേയും സാവധാനം ഇളക്കുന്നുണ്ടായിരുന്നു.

Read More ->  പരീക്കപ്പാടത്തെ ഓപ്പറേഷൻ

“തമ്പീ. നീ ദൈവത്തിനെ നേരീ കണ്ടണ്ടാ?”

തമ്പി തുറന്നു സമ്മതിച്ചു. “ഇല്ലാശാനേ”

വാസുട്ടന്‍ ആവേശഭരിതനായി. കള്ളികൾ വെളിച്ചത്തായില്ലേ. “പിന്നെ എന്തൂട്ടിനാടാ നീ ദൈവണ്ട്ന്ന് വിശ്വസിക്കണേ. തമ്പീ ദേ ഞാൻ പറേണ്, നമ്മടെ പഞ്ചേന്ദ്രിയങ്ങളോണ്ട് സെന്‍സ് ചെയ്യാൻ പറ്റാത്ത ഒന്നിലും വിശ്വസിക്കരുത്“

തമ്പി സന്ദേഹിച്ചു. “ആശാൻ ഇങ്ങനൊക്കെപ്പറഞ്ഞാലോ”

ഇത്രനാൾ ശീലിച്ചുവന്ന ചെയ്തികള്‍ക്കെതിരെ പെട്ടെന്നൊരു ആക്രമണം വന്നപ്പോൾ അതിനെ എങ്ങിനെ അഭിമുഖീകരിക്കണമെന്നറിയാതെ തമ്പി കുഴങ്ങി. അദ്ദേഹത്തിന്റെ മനസ്സിലെ വിമുഖതകൾ വാസുട്ടനും മനസ്സിലാക്കി. അരികിലേക്കു നീങ്ങിയിരുന്നു കാര്യങ്ങൾ നയത്തിൽ പറഞ്ഞു.

“എടാ യുക്തിക്ക് സ്ഥാനല്യാത്ത ഒരുതരം വികാരാടാ വിശ്വാസം. അറിയോ. ഞാനൊരു കാര്യം ചോദിച്ചോട്ടെ. നീ പ്രാര്‍ത്ഥിച്ചതൊക്കെ നിനക്ക് എന്നെങ്കിലും കിട്ടീണ്ടാ”

“ചെലപ്പോ കിട്ടീണ്ട്. പക്ഷേ മിക്കപ്പഴും ഒന്നും നടക്കാറില്ല. ഇന്നലെത്തന്നെ ഒരു പെങ്കൊച്ചിനു എന്നോടു പ്രേമം തോന്നണേന്നു ഒരുപാട് പ്രാര്‍ത്ഥിച്ചതാ. ഒരു കോപ്പും നടന്നില്ല”

വാസുട്ടന്‍ കൈഞൊട്ടി. “അതന്നേടാ ഞാന്‍ പറേണെ. പ്രാര്‍ത്ഥിക്കണതൊക്കെ വെറുത്യാന്ന്”

തമ്പി തര്‍ക്കിച്ചു. “പക്ഷേ ആശാനെ ചെലപ്പോ ആ പെങ്കൊച്ചും പ്രാര്‍ത്ഥിച്ചണ്ടാവും, എന്നോട് പ്രേമം തോന്നരുതേന്ന്. ഏത്”

വാസുട്ടന്‍ തമ്പിയുടെ വാദങ്ങൾ പൂര്‍ണമായും തള്ളിക്കളഞ്ഞു. “തമ്പി അങ്ങനൊന്നൂല്ല്യാ. നിനക്ക് കിട്ടീതൊക്കെ നിന്റെ പ്രയത്നംകൊണ്ടാ. അല്ലാണ്ട് പ്രാര്‍ത്ഥിച്ചോണ്ടൊന്ന്വല്ല. നിന്റെ വലത്തെകയ്യീ ഒര് വെരലൂടെ മൊളക്കാൻ  പ്രാര്‍ത്ഥിച്ചുനോക്ക്. നടക്കോന്നു നമക്ക് കാണാലാ!”

തമ്പി അതിനു മറുപടി പറയാതെ സംഭാഷണം നിര്‍ത്തി. അദ്ദേഹത്തിനു മുന്നിൽ പരാജയപ്പെട്ടുവെന്നു വാസുട്ടനും ഉറപ്പിച്ചു. പക്ഷേ ഒരാഴ്ചക്കു ശേഷം സന്ധ്യക്കു മര്യാദാമുക്കിലെ മതിലിൽ സുഖമായി കിടക്കുകയായിരുന്ന വാസുട്ടനെ, തമ്പിയുടെ ഗ്യാങ്ങിലെ പ്രമുഖനായ കുഞ്ഞുട്ടൻ ഷിബു ആ നടുക്കുന്ന വാര്‍ത്ത അറിയിച്ചു.

“ആശാനേയ്… നമ്മടെ തമ്പി ആശൂത്രീലാ“

വാസുട്ടൻ ഞെട്ടി. “ങ്ഹേ ആശൂത്രീലോ!”

“അതേന്ന്. അച്ഛൻ തല്ലീന്നാ കേട്ടെ. കൂടുതലൊന്നും അറീല്ലാ. ആശാന്‍ വാ നമക്കൊന്നു കണ്ടൂണ്ട് വരാം”

കൊരട്ടി വിത്സന്റെ ആശൂപത്രിയിൽ അഡ്മിറ്റായിരുന്ന തമ്പി ആകെ അവശനായിരുന്നു. വലതുകൈ മൊത്തം ബാന്‍ഡേജിൽ. കാലിലും ഇടതുകൈയിലും സാമാന്യം നീരും കരുവാളിപ്പും.

“എന്തിനാടാ അച്ഛൻ തല്ല്യെ?“

വാസുട്ടന്റെ അന്വേഷണത്തിനല്ല തമ്പി മറുപടി പറഞ്ഞത്. “ആശാനേ… ആശാന്‍ വേഗം വീട്ടീപ്പൊക്കോ. എന്റെ അച്ചനെങ്ങാനും ആശാനെ കണ്ടാ ആകെ പ്രശ്നാവും”

പരസ്പരബന്ധമില്ലാത്ത മറുപടി. വാസുട്ടന്‍ അമ്പരന്നു. അപ്പോൾ വാസുട്ടന്റെ ചെവിയിലേക്കു ചുണ്ടുകളടുപ്പിച്ചു തമ്പി രഹസ്യമായി മന്ത്രിച്ചു. “ആശാനേ ഞാനും എത്തീസ്റ്റായി”

വാസുട്ടൻ അല്‍ഭുതപരതന്ത്രനായി. “തമ്പീ ഇത് സത്യാ?”

നിരീശ്വരവാദിയായ തമ്പി ഉടന്‍ സത്യംചെയ്തു. “അയ്യങ്കോവ് ശാസ്താവാണെ, വന്‍പുഴക്കാവ് ഭഗവതിയാണെ സത്യം ഞാനിപ്പോ എത്തീസ്റ്റാ ആശാനെ”

തമ്പി തുടർന്നു. “ആശാനറിയാലോ എന്റെ വീടിരിക്കണ പറമ്പിന്റെ കെഴക്കേമൂലേൽ രക്ഷസ്സിന്റെ ഒരു കാവും കാര്‍ന്നോന്മാരെ കുടീര്ത്തിരിക്കണ തറയുമൊള്ള കാര്യം”

പലതവണ നേരിൽ കണ്ടിട്ടുള്ളതാണ്. വാസുട്ടന്‍ തലയാട്ടി സമ്മതിച്ചു.

“ആശാനേ… ആശാൻ പറഞ്ഞപോലെ എത്തീസ്റ്റായാ അന്ധവിശ്വാസങ്ങള്‍ക്കെതിരെ എന്തെങ്കിലും ആക്ഷനുകൾ നടത്തണ്ടേന്ന് കരുതി ഞാനൊരു കോടാലിയെടുത്ത് കാവ് തല്ലിപ്പൊളിക്കാൻ തീരുമാനിച്ചു”

നിരീശ്വരവാദത്തോടു തമ്പിക്കുള്ള പ്രതിബന്ധത അറിഞ്ഞ വാസുട്ടന്റെ മനസ്സിൽ കുളിരുകോരി. “അപ്പഴാണ് ആശാനെ എന്റച്ഛൻ പടികടന്നു വന്നെ. ഞാന്‍ മൈന്‍ഡ് ചെയ്യാൻ പോയില്ല. പക്ഷേ കാര്‍ന്നോന്മാരുടെ പ്രതിമകള്‍ടെ നേരെ കോടാലി ഓങ്ങിയതും അച്ഛൻ ഒരൊറ്റ അലര്‍ച്ച”

“എന്നട്ട്?”

“ആശാനേ…” ബാക്കി പറയാനാകാതെ തമ്പി വിക്കി. “ആശാനേ അച്ഛന്റെ അപ്പഴത്തെ ആ ഭാവം. അത് ഭയങ്കരായിരുന്നൂന്നേ. കാര്യം അച്ഛനത്ര വല്യ സൈസൊന്ന്വല്ല്ല. പക്ഷേ അപ്പ അച്ഛന്റെ ശരീരങ്ങട് വലിഞ്ഞുമുറുകി. കണ്ണൊക്കെ വല്ലാണ്ട് ചൊവന്നു. അതു കണ്ടപ്പന്നെ എന്റെ പകുതി പ്രാണന്‍ പോയി. ഞാന്‍ കോടാലി താഴെട്ട് സനിച്ചേട്ടന്റെ വീടിന്റെ വേലിചാടി ഓടി. പക്ഷേ നല്ലോണം വയസ്സായ അച്ഛൻ എന്നട്ടും എന്നെ ഓടിച്ചിട്ട് പിടിച്ചു. കൊന്നപ്പത്തലോണ്ട് പൊതിരെ തല്ലി. കയ്യീ വെട്ടുകത്തീണ്ടായിരുന്നു. ഭാഗ്യത്തിന് വീശീല്ല. അപ്പഴേക്കും അമ്മേം വേറെ ആള്‍ക്കാരും വന്നു വട്ടംപിടിച്ചു”

Read More ->  അഡ്വക്കേറ്റിന്റെ നമ്പറുകൾ - 1

സ്വന്തം വീട്ടുപറമ്പിലെ കിഴക്കുവശത്തുള്ള രക്തരക്ഷസിന്റെ പ്രതിഷ്ഠക്കെതിരെ ചെറുവിരൽ‌പോലും അനക്കിയിട്ടില്ലാത്ത എത്തീസ്റ്റായ വാസുട്ടന്‍ അപ്പോൾ എന്തുകൊണ്ടൊ ദൈവത്തെ വിളിച്ചു. “ശാസ്താവേ നീ കാത്തു”

പിന്നാലേ തമ്പിയെ ധൈര്യപ്പെടുത്തുകയും ചെയ്തു. “തമ്പീ.ഇതോണ്ടൊന്നും നീ പതറരുത്. നമക്ക് ഇത് ഫേസ് ചെയ്യണം. ഞാനുണ്ട് നിന്റെകൂടെ. കേട്ടല്ലാ”

“ആശാന്‍ പറഞ്ഞാ പിന്നെ അപ്പീലില്ല”

എല്ലാം പറഞ്ഞു കിടക്കയിൽ അനങ്ങിക്കിടന്ന തമ്പി മറ്റൊരു കാര്യമോര്‍ത്തു. താക്കീതിന്റെ ധ്വനിയിൽ സൂചിപ്പിച്ചു. “പിന്നെ എന്റെ അച്ഛന്‍ ആശാനെ അന്വേഷിച്ച് നടക്കണ്ട്. എന്നെ എത്തീസ്റ്റ് ആക്കിയത് ആശാനാന്നും ഞാൻ കാവ് തല്ലിപ്പൊളിക്കാൻ പോയത് ആശാൻ പറഞ്ഞിട്ടാന്നും ആരോ അച്ഛന് ഓതികൊടുത്തു. അതോണ്ട് ആശാനൊന്നു സൂക്ഷിച്ചോണം“

തമ്പിയുടെ അച്ഛന്റെ തനിസ്വഭാവം അറിയാവുന്ന വാസുട്ടൻ വിറങ്ങലിച്ചുപോയി. “തമ്പ്യേ അത് വേണ്ടായിരുന്നു. പൊല്ലാപ്പാവും”

തമ്പി ധൈര്യം പകര്‍ന്നു. “ആശാന്‍ പേടിക്കണ്ടന്നേ. ഒരാഴ്ച ഇവിടന്നു മാറിനിന്നാ മതി. പിന്നൊക്കെ ഞാന്‍ നോക്കിക്കോളാം”

അരയിൽ ധരിക്കുന്ന അഞ്ചിഞ്ച് വീതിയുള്ള ബെല്‍ട്ടിൽ ആനപാപ്പാന്മാർ ഉപയോഗിക്കുന്ന തരം കത്തികൊണ്ടു നടക്കുന്ന ആളാണ് തമ്പിയുടെ അച്ഛൻ പണിക്കവീട്ടിൽ പൊക്കന്‍. അനിഷ്ടകരമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കത്തിയൂരുക അദ്ദേഹത്തിന്റെ ശീലവുമാണ്. വസ്തുതകൾ ഇങ്ങിനെയായിരിക്കെ തമ്പിയുടെ ഉപദേശം സ്വീകരിക്കാന്‍ വാസുട്ടൻ നിര്‍ബന്ധിതനായി. അച്ഛന്റെ വീടായ മാമ്പ്രയിൽ ഒരാഴ്ചക്കു പകരം രണ്ടാഴ്ച വനവാസത്തിൽ കഴിഞ്ഞു. തിരിച്ചെത്തിയശേഷം തമ്പിയോടു ചേര്‍ന്നു കക്കാടിൽ അന്ധവിശ്വാസങ്ങള്‍ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തി. താന്‍ വിശ്വസിക്കുന്ന ആശയസംഹിതകൾ അനുസരിച്ചു പ്രവര്‍ത്തിക്കുന്ന തമ്പിയേയും വാസുട്ടനേയും കാതിക്കുടം ഇടമറുക് എം.സി.ഗോപി കൈമെയ്‌മറന്നു പ്രോത്സാഹിപ്പിച്ചു.

പനമ്പിള്ളി സ്മാരകവായനശാല ഹാളിൽ പത്രങ്ങളും ആനുകാലികങ്ങളും നിരത്തിയിട്ടിരിക്കുന്ന മേശയിൽ പഞ്ചവാദ്യം സാമ്പിള്‍‌കൊട്ടി എം.സി.ഗോപി തമ്പിയോടു അടുത്ത പ്ലാന്‍ പറഞ്ഞു.

“നമുക്കൊരു സമ്മേളനം നടത്തണം തമ്പി“

“എന്ന്വച്ചാ”

“എന്ന്‌വെച്ചാ കേരളത്തിലെ പ്രശസ്തരായ യുക്തിവാദികളെ കൊണ്ടുവന്ന് ഒരു യോഗം”

തമ്പി പൂര്‍ണമായും അനുകൂലിച്ചു. “അതും ആവാം. പക്ഷേ ആരൊക്കെ പ്രസംഗിക്കാന്‍ വന്നാലും ഗോപ്യേട്ടൻ തന്നെ അധ്യക്ഷനാവണം. അല്ലെങ്കീ ഒരു പരിപാടിക്കും ഞാല്യ”

തമ്പിയുടെ ആത്മാര്‍ത്ഥതയറിഞ്ഞ ഗോപി സന്തോഷിച്ചു. തന്റെ കാലശേഷം തമ്പിയുടെ കയ്യിലാണു യുക്തിവാദത്തിന്റെ ഭാവിയെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമില്ലായിരുന്നു.

കൃത്യമായ പ്ലാനിങ്ങുകളോടെ നാട്ടുകാരെ ഇളക്കിമറിച്ചു പ്രചാരണം മുന്നേറി. അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരന്‍ ശ്രീനിവാസസ്വാമി വരെ നിരീശ്വരവാദത്തിലേക്കു ആകര്‍ഷിക്കപ്പെട്ടേക്കുമെന്ന നിലയിൽ കാര്യങ്ങൾ എത്തി. അപ്പോഴാണ്, തമ്പിയേയും വാസുട്ടനേയും ആകെ പ്രകോപിപ്പിച്ചു ഓസീന്‍കമ്പനിക്കു അടുത്തുള്ള ശങ്കരമ്മാൻ കാവിൽ ചെറിയതോതിലൊരു കളമെഴുത്തും പാട്ടും നടത്താന്‍ ക്ഷേത്രക്കമ്മറ്റി തീരുമാനിച്ചത്. കുറേക്കാലമായി പൂജകളൊന്നുമില്ലാതെ അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്ന കൊച്ചുക്ഷേത്രമാണ്. സന്ധ്യാസമയത്തു ആരെങ്കിലും വിളക്കുവച്ചാലായി എന്നതായിരുന്നു നില. അങ്ങിനെയുള്ള ക്ഷേത്രം പുനരുജ്ജീവിപ്പിക്കുന്നത് നിരീശ്വരവാദ പ്രസ്ഥാനത്തിനു കനത്ത അടിയായിരിക്കുമെന്നത് നിസ്സംശയമാണ്. പ്രത്യേകിച്ചും അത്തരക്കാർ സജീവമായി പ്രവര്‍ത്തിക്കുന്ന കാലത്ത്.

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


13 Replies to “ശങ്കരമ്മാൻ കാവ് – 1”

 1. എനിക്ക് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ കിട്ടിയ “പൊട്ടക്കിണറ്റിലെ അന്തര്ജ്ജസനവും കണ്ണാമ്പലത്ത് പുരുഷുവും” എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമെന്ന് പറയാവുന്ന ഒന്ന്.

  ‘ടു ഹരിഹര്‍ നഗറും’ ‘സാഗര്‍ ഏലിയാസും’ പൊട്ടിയ സ്ഥിതിക്ക് ഇങ്ങിനെയൊരു പരീക്ഷണം വേണോ എന്ന് കരുതിയെങ്കിലും വ്യത്യസ്തമായ ചേരുവകളിലൂടെ വായനക്കാരിലേക്ക് എത്തിക്കാം എന്ന് മനസ്സില്‍ ഉറപ്പ് തോന്നി.

  ‘പൊട്ടക്കിണറ്റിലെ അന്തര്ജ്ജ്ന‘ത്തിലൂടെ കക്കാടിന്റെ മിത്തുകളിലേക്ക് ഉപാസന വീണ്ടും കൂപ്പ്കുത്തുന്നു.

  എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭ്പ്രായമരിയിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

  ഓഫ് : രാജുമോന്‍ ഗള്ഫി ലേക്ക് പറന്നപ്പോള് റൂമിലെ കമ്പ്യൂട്ടറും അവന്‍ കൊണ്ട്പോയി. അത് കൊണ്ട് ഇപ്പോള്‍ എഴുത്ത് കുറവാണ്. ആശയങ്ങള് കുത്തിക്കുറിക്കുന്നത് മനസ്സിലാണ്. ഒരു പകര്ത്തി യെഴുത്തിന് ഇനിയും സാഹചര്യങ്ങള് അനുകൂലമാകേണ്ടിയിരിക്കുന്നു.

 2. ചാത്തനേറ്: എന്നാപ്പിന്നെ അടുത്ത ഭാഗം വായിക്കാന്‍ വരാം അതാവുമല്ലോ ‘പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം‘ എന്ന് റിസര്‍വ് ചെയ്ത് വച്ചിരിക്കുന്നത്… അല്ലാതെ ഈ ഭാഗത്തില്‍ എന്താ ഉള്ളത് അങ്ങനൊരു കുറിപ്പിടാന്‍ മാത്രം???

 3. ചാത്താ : ഞാന്‍ മാറ്റിയിട്ടുണ്ട്.

  നിരാശ തോന്നിയെങ്കില്‍ 😉 സോറി. എന്തായാലും അടുത്ത പാര്‍ട്ടില്‍ ആ അറിയിപ്പ് വക്കേണ്ടിവരും.
  🙂
  ഉപാസന

 4. എന്തെങ്കിലും ഒക്കെ നടക്കുമല്ലോ ഇനി..
  ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു..

 5. ഉപാസനാ, പ്രതീക്ഷിച്ച പോലെയായില്ലെന്നു തോന്നുന്നു. ഇനിയും പോരട്ടെ. അഭിപ്രായം പിന്നീട്.

 6. തുടരട്ടെ… എന്നിട്ട് അഭിപ്രായം പറയാം.

  [ടു ഹരിഹര്‍നഗര്‍ മലയാള സിനിമയില്‍ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു]

 7. ഉപാസന എഴുതി എഴുതി തെളിയുന്നു. നറേഷന്റെ ട്രിക്കുകളൊക്കെ പഠിച്ചെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ വായനക്കാരനെ ഒടിപ്പോകാതെ പിടിച്ചു നിറുത്തുന്നു.

 8. ശോഭി : “ടു ഹരിഹര് നഗര്” ഒരു നല്ല പടമല്ല എന്ന് ഞാന് ഉദ്ദേശിച്ചിട്ടില്ല. ആദ്യഭാഗത്തിന്റെ ‘പുള്’ രണ്ടാം ഭാഗത്തിനില്ല എന്ന് മാത്രമേ മനസ്സില് കരുതിയുള്ളൂ. എന്റെ പോസ്റ്റിന്റെ കാര്യവും അതുപോലെ.

  ആദ്യത്തെ പാര്ട്ട് നന്നായി എഴുതാന് പറ്റിയെന്ന് മനസ്സ് പറയുന്നു. രണ്ടാം പാര്ട്ട് അത്രയ്ക്കാകുമോ എന്ന ആകാംക്ഷയുണ്ട്.

  അനൂപ് : ഉപാസന പ്രൊഡക്ഷന് (കക്കാടിന്റെ പുരാവൃത്തം, വേറിട്ട വ്യക്തികള് എന്ന ലേബലില് വരുന്നവ മാത്രം) എല്ലാം ഒരു ആവരേജിലും താഴെ പോയിട്ടില്ല എന്ന് ഞാന് കരുതുന്നു. ഇതും അങ്ങിനെ തന്നെയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  🙂
  സുനില് || ഉപാസന

  ഓഫ് : ‘ടു ഹരിഹര് നഗര്’ എനിക്ക് അത്ര ഇഷ്ടമായില്ല. കാശ് പോയത് മിച്ചം. ഒരുപാട് മിസ്ടേക്കുകള് ഉണ്ടെന്ന് എന്ക്ക് തോന്നി.

 9. ആ കറുത്ത വാവിന്റെ കാര്യം പറയുമ്പോൾ ഒരു വിളക്കു കത്തിക്കാൻ മറക്കണ്ട. നെയ്‌വിളക്കായാൽ നല്ലത്‌.
  ദൈവാനുഗ്രഹം ഉണ്ടാകും,
  പോസ്റ്റും വിജയിക്കും.

 10. ആദ്യം പബ്ലിഷ്‌ചെയ്ത പോസ്റ്റിന്റെ (കുറച്ച് പൊരുത്തക്കേടുകള്‍ എനിക്ക് തോന്നിയ) അവസാനഭാഗത്ത് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുക.
  🙂
  എന്നും സ്നേഹത്തോടെ
  സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക