ബാബുട്ടന്റെ പെണ്ണു‌കാണൽ – 1

സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.അല്ല ബാബ്വോ. ഒന്ന്വായില്ലേ‘ എന്നു കക്കാടിലെ ആദ്യത്തെ പലചരക്കുകട ഉടമയായ പരമേശ്വരൻ അഥവാ പരമുമാഷ് ചോദിച്ചിച്ചതുകൊണ്ടോ, ‘ഇന്യെന്തിനാ ബാബുട്ടാ നീ വൈകിപ്പിക്കണേ‘ എന്നു അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരൻ ശ്രീനിവാസ സ്വാമി അന്വേഷിച്ചതു കൊണ്ടോ ഒന്നുമല്ല കക്കാട് രാഘവന്റെ ഇളയ മകൻ ബാബുട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. മറിച്ചു പോട്ടയിലെ ‘സജി’ സ്റ്റുഡിയോ ഉടമയായ വിമലിന്റെ കൂടെ സാന്ദര്‍ഭികമായി ഒരു കല്യാണത്തിനു ലൈറ്റടിച്ചു കൊടുക്കാൻ പോയപ്പോൾ കല്യാണവീട്ടിൽ കണ്ട സുന്ദരിയാണ് ബാബുട്ടനെ ഇങ്ങിനെയൊരു തീരുമാനത്തിലെത്തിച്ചത്. കല്യാണപ്രോഗ്രാമിനു ശേഷം വീട്ടിലെത്തിയ അന്നുമുതൽ ഭവാനിയമ്മ മകനിൽ ചില മാറ്റങ്ങൾ ശ്രദ്ധിച്ചു. ബാബുട്ടനു എന്തോ അസ്കിത പോലെ. ചെയ്യുന്ന കാര്യങ്ങളിൽ യാതൊരു ശ്രദ്ധയില്ല. മാത്രമല്ല മുട്ടിനുമുട്ടിനു ശാപ്പാട് കഴിക്കാറുണ്ടായിരുന്ന മകനിപ്പോൾ ഭക്ഷണമേ വേണ്ട. പലരും പലവട്ടം കാര്യമെന്താണെന്ന് അന്വേഷിച്ചിട്ടും ബാബുട്ടന്‍ ഒരക്ഷരം മിണ്ടിയില്ല.

അങ്ങിനെയിരിക്കെ ഒരുദിവസം മൂത്തമകൻ വന്നപ്പോൾ ഭവാനിയമ്മ ആവശ്യപ്പെട്ടു. “രാജാ, നീ അവനോടൊന്ന് സംസാരിച്ച് നോക്ക്“
ആരോടും മയത്തിൽ സംസാരിക്കുന്ന ശീലമില്ലാത്ത ജ്യേഷ്ഠൻ അനുജനോടു മൌനത്തിന്റെ കാരണം ചോദിച്ചതു വെടിപൊട്ടും പോലെയാണ്.

“എന്തൂട്രാ ബാബ്വോ, നീ വസന്ത വന്ന കോഴീനേപ്പോലെ മണ്ടി മണ്ടി നടക്കണെ. കാര്യന്താന്ന് പറഞ്ഞാ വല്ല നിവൃത്തീം ണ്ടാക്കാം. അല്ലാണ്ട് മുനീടന്തി നിന്നാലോ“

ജ്യേഷ്ഠനു മുന്നിലും ബാബുട്ടൻ മൌനം തുടർന്നു. മകന്റെ മിണ്ടാട്ടവും ഉത്സാഹക്കുറവും പിന്നെയും കുറേ ദിവസങ്ങൾ തുടര്‍ന്നപ്പോൾ ഭവാനിയമ്മ ഉറപ്പിച്ചു. ഇതാരോ കണ്ണുവെച്ചത് തന്നെ. ബാബുട്ടനെ തൈക്കൂട്ടത്തെ കണിയാനും കൊടികെട്ടിയ മന്ത്രവാദിയുമായ ബാലകൃഷ്ണക്കൈമളെ കൊണ്ട് ഒന്നു ഊതിക്കണമെന്നു കരുതിയിരിയ്ക്കെയാണ് ഭവാനിയമ്മക്കു ബാബുട്ടന്റെ പഴ്സിൽ‌നിന്നു ഒരു പെൺകുട്ടിയുടെ ഫുള്‍സൈസ് കളര്‍ഫോട്ടോ കിട്ടുന്നത്. ഇരുനിറക്കാരിയായ ഒരു സുന്ദരിക്കോത. ഫോട്ടോഗ്രാഫർ വിമൽ അറിയാതെ ബാബുട്ടൻ അടിച്ചുമാറ്റിയ ഫോട്ടോ കണ്ടപ്പോൾ തന്നെ ഭവാനിയമ്മക്കു ബാബുട്ടന്റെ മൌനത്തിന്റെ നാനാര്‍ത്ഥങ്ങൾ മനസ്സിലായി. അഭിനിവേശം. കടുത്ത അഭിനിവേശം!

ഭവാനിയമ്മ പിന്നെ സമയം പാഴാക്കിയില്ല. നാടിന്റെ നാനാഭാഗത്തുള്ള മക്കളെയെല്ലാം വിളിച്ചു വരുത്തി ബാബുട്ടന്റെ കല്യാണക്കാര്യം ആലോചിച്ചു.

കക്കാട് രാഘവനും നല്ലപാതി ഭവാനിയമ്മക്കും മക്കൾ ആറാണ്. 2:1 എന്ന അനുപാതത്തിൽ നാലു ഊക്കന്മാരായ ആണുങ്ങളും രണ്ട് സുന്ദരികളായ മഹിളകളും. ഇവരിൽ നാലുപേർ കക്കാടിൽ തന്നെയാണ് താമസം. ഒന്നര മണിക്കൂർ നീണ്ട കൂടിയാലോചനയിൽ മക്കളെല്ലാം അവരവരുടെ അഭിപ്രായങ്ങൾ അമ്മക്കു മുമ്പാകെ പറഞ്ഞു. ഒടുക്കം യോഗ തീരുമാനപ്രകാരം, പരിചയക്കാരെക്കൊണ്ടു നടത്തിച്ച അന്വേഷണത്തിൽ ഫോട്ടോയിൽ കണ്ട സുന്ദരിയുടെ ഊര്, പേര്, സ്വഭാവവിവരണങ്ങൾ എല്ലാം വെളിപ്പെട്ടു. പോട്ടയിൽ താമസിക്കുന്ന കൃഷ്ണന്റെ മകൾ സിന്ധുവാണ് പെൺകുട്ടി. സ്വഭാവം, നല്ല പത്തരമാറ്റ്.

മകനൊരുത്തനു മൂന്നാമൻ പണി അറിയാമായിരുന്നെങ്കിലും ബാബുട്ടന്റെ ആലോചനക്കു ദൂത് പോകാൻ ഭവാനിയമ്മ നിശ്ചയിച്ചത് പഴയ സഹപാഠിയും മൂന്നാമൻ പണിയിൽ വെറ്ററനുമായ പൊക്കനെയാണ്. കക്കാടിനടുത്തുള്ള ചെറാലക്കുന്നിലെ ആസ്ഥാന ബ്രോക്കറാണ് നെടുങ്കൻ ആകാരവും, നരച്ച കൊമ്പന്‍മീശയും ഉള്ള പണിക്കവീട്ടിൽ പൊക്കൻ‍. കടുത്ത ഐ ഗ്രൂപ്പ് അനുഭാവി. മറൈന്‍ ഡ്രൈവിലെ ഗ്രൂപ്പ് സമ്മേളനത്തിലൊക്കെ ലീഡർ പുള്ളിയെ പേരെടുത്തു വിളിക്കുമത്രെ. കേരള രാഷ്ട്രീയത്തിൽ അത്രക്കു പിടിപാട്.

പെണ്ണിന്റെ വീട്ടിലേക്കു പൊക്കൻ പോയത് ഒരു ഞായറാഴ്ചയാണ്. ഉച്ചക്കു തിരിച്ചെത്തിയത് സകലകാര്യങ്ങൾ ഏറ്റും! എങ്ങിനെയാണ് ഇത്ര വേഗത്തിലൊരു ധാരണയിലെത്തിയതെന്ന് ആർക്കും പിടികിട്ടിയില്ല. പെണ്ണിന്റെ അച്ഛന് സമ്മാനിക്കാൻ ബാബുട്ടൻ കൊടുത്തുവിട്ട മൈസൂർ പാക്കാണ് കാര്യങ്ങൾ ശരിയാക്കിയതെന്നും, അങ്ങിനെയല്ലാ പൊക്കന്റെ വാഗ്‌ധോരണിയിൽ പോട്ടക്കാർ വീണതാണെന്നും നാട്ടിൽ രണ്ടുതരത്തിൽ സംസാരമുണ്ടായി. പക്ഷേ കല്യാണത്തിനു ശേഷം ഒരുവര്‍ഷം തികഞ്ഞ്, ബാബുട്ടൻ – സിന്ധു ദമ്പതികള്‍ക്കു കടിഞ്ഞൂൽ സന്താനമുണ്ടായ വിവരം ആന്റപ്പന്റെ കള്ളുഷാപ്പിലിരുന്നു വീശുമ്പോൾ അറിഞ്ഞപ്പോഴാണ് പൊക്കൻ ആ രഹസ്യം പുറത്തു വിട്ടത്.

“ആന്റൂ, ഞാനവര്ടെ കാല് പിടിച്ചതാടാ. ചെക്കന് ജോലി ഡ്രൈവിങ്ങാന്ന് അറിഞ്ഞപ്പോ പെണ്ണിന്റെ അച്ഛൻ പൊറത്തേക്ക് കൈചൂണ്ടി എന്നോട് പറഞ്ഞതെന്താന്ന് നിനക്കറിയോ? പുള്ളീടെ മോള്‍ക്ക് അവർ അന്വേഷിക്കണത് ഒരു ഗള്‍ഫുകാരന്യാന്ന്. ഡ്രൈവര്‍മാര്ടെ ആലോചന വേണ്ടാന്ന്. പക്ഷേ… അപ്പോ ഞാനങ്ങട് ഒരു കാച്ച് കാച്ചി“
ആന്റപ്പൻ ആകാംക്ഷയിലായി. “പൊക്കേട്ടന്‍ എന്തൂട്ടാ അവരോട് പറഞ്ഞെ?”
പൊക്കൻ കണ്ണിറുക്കി ചിരിച്ചു. “ഹഹഹഹ. അടുത്തമാ‍സം നമ്മടെ ബാബുട്ടനും ദുബായീ പോവാന്നാ ഞാന്‍ കാച്ചീത്”
“എന്നട്ട്?”

“പെണ്ണിന്റെ അച്ഛൻ എന്നട്ടും സമ്മതിച്ചില്ല. ഇപ്പോ ഗള്‍ഫിലൊള്ളോരെ മാത്രേ പരിഗണിക്കൂത്രെ. ഒടുക്കം ബാബു ചുമ്മാവന്ന് പെണ്ണുകണ്ട് പൊക്കോട്ടേന്നും, എന്റെ കുടുംബപ്രശ്നാന്നും പറഞ്ഞ് ഞാനവര്ടെ കാല് പിടിച്ചു. അങ്ങന്യാ അവസാനം പുള്ളി സമ്മതിച്ചെ”

ആന്റപ്പൻ അതിശയിച്ചു. “പൊക്കേട്ടാ കാര്യങ്ങളൊക്കെ ഇങ്ങന്യാങ്കി പിന്നെ എങ്ങന്യാ ഈ ആലോചന ശരിയായേ”
പൊക്കൻ കള്ളുകുപ്പി മൊത്തി ചിറി തുടച്ചു‍. പിന്നെ കട്ടായം പറഞ്ഞു. “ബാബുട്ടന്റെ മിടുക്ക് തന്നെ. അവനാരാ മോൻ‍. പോരാഞ്ഞ് പെണ്ണുകാണലിന്റെ തലേ ദെവസം പിള്ളേച്ചനും ഇതിൽ ഇടപെട്ട്. പുള്ളിയാണ് ബാബുട്ടന്റെ കൂടെ പെണ്ണുകാണലിനു പോയത്”

മിടുക്കൻ എന്നു പറഞ്ഞു ബാബുട്ടനെ വെറുതെ പൊക്കിയതായിരുന്നില്ല പൊക്കൻ‍. ബാബുട്ടൻ ഒരു അപാര ചുള്ളൻ തന്നെയാണ്. ഏകദേശം അഞ്ചരയടി പൊക്കം. അസ്സൽ നിറവും ചെങ്കന്‍ സ്വഭാവവും. ഇടക്ക് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ചെറുതും വലുതുമായ പാരകൾ വക്കുമെന്നേയുള്ളൂ. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. കുറച്ചുനാൾ കക്കാട് വേണുവിന്റെ ഒല്ലൂരിലെ ഗ്യാസ് ഏജന്‍സിയിൽ ഡ്രൈവറായി ജോലി ചെയ്തെങ്കിലും, ഒരുവര്‍ഷത്തിനു ശേഷം ‘ശാസ്താവ്‘ എന്ന ടിപ്പർലോറി വാങ്ങി അത് ഓടിക്കാൻ തുടങ്ങി. അതിനിടയിലാണ് കല്യാണാലോചന വരുന്നത്.

പെണ്ണുകാണലിനു മുന്നോടിയായി ബാബുട്ടൻ ചില ഒരുക്കങ്ങൾ നടത്തി. ആദ്യം കൊരട്ടി ബിജുവിന്റെ ജിമ്മിൽ ചേര്‍ന്നു തരക്കേടില്ലാത്ത മസിൽ തരപ്പെടുത്തിയെടുത്തു. മുഖത്തു തമിഴത്തികളെ പോലെ മഞ്ഞൾ വാരിത്തേച്ച് ഒന്നുകൂടെ വെടുപ്പാക്കി. കക്കാടിലെ ആണ്ടവൻ സലൂണിലെ പ്രദീപനെക്കൊണ്ടു തലമുടി ബാബു ആന്റണി സ്റ്റൈലിൽ വെട്ടിയെടുത്തു. ബാബുട്ടന്റെ തിടുക്കം കണ്ടപ്പോൾ പ്രദീപൻ കത്രികയുടെ ചലനങ്ങൾ നിര്‍ത്തി അന്വേഷിച്ചു.

“എന്താ ബാബ്വോ, എന്തെങ്കിലും വിശേഷം?”

ബാബുട്ടന്‍ ഒരക്ഷരം മിണ്ടിയില്ല. പ്രദീപന്റെ നാക്ക് വെറും നാക്കല്ല, വിശേഷപ്പെട്ട നാക്കാണ്. അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ നാക്കുപിഴ വരുത്തിയ അനേകം ട്രാജഡികൾ സമീപനാടുകളിലെ ചായക്കടയിലും പീടികത്തിണ്ണയിലും കൊതുകിനെ ആട്ടി കാലിച്ചാ‍യ കുടിച്ചിരിപ്പുണ്ട്. അതുകൊണ്ടു ബാബുട്ടൻ ഒന്നുമില്ലെന്ന അര്‍ത്ഥത്തിൽ ചുമലനക്കി.

പെണ്ണുകാണൽ ദിവസം അടുക്കുന്തോറും ബാബുട്ടന്റെ മനസ്സിൽ സമ്മർദ്ദമേറി. എപ്പോഴും മൌനിയായി എന്തൊക്കെയോ കൂട്ടലും കിഴിക്കലുമായി നടക്കുന്ന സമയത്താണ് പലചരക്കു കടക്കാരൻ പരമുമാഷ് ബാബുട്ടനോടു ചോദിച്ചത്.

Read More ->  പൊട്ടക്കിണറിലെ അന്തര്‍ജ്ജനം

“എന്താ ബാബ്വോ നിനക്കൊരു ട്രബിൾ ലുക്ക്?”

പരമുമാഷ് ഇംഗ്ലീഷിലെ പ്രാദേശിക വിദ്വാനാണ്. പുള്ളി ആരോടെങ്കിലും എന്തെങ്കിലും കാര്യം പറയുന്നുവെങ്കിൽ അതിൽ ഒരു വാക്കെങ്കിലും ഇംഗ്ലീഷായിരിക്കും.

“മാഷേ മറ്റന്നാ പെണ്ണ്കാണലല്ലേ. എങ്ങന്യാ, എന്താ പറയണ്ടേന്ന് ഒരു നിശ്ചയല്ല്യാ. ആകെ പ്രശ്നായ പോലെ”
ബാബുട്ടൻ മനസ്സിലെ ആശങ്ക തുറന്നു പറഞ്ഞു. പരമുമാഷ് ചിരിച്ചു. “ഹഹഹ. ബാബ്വോ നീയിത്ര ഫൂളായല്ലോടാ“
ബാബുട്ടന്‍ ചോദ്യഭാവത്തിൽ മാഷിനുനേരെ നോക്കി.
“നിനക്ക് പെണ്ണുകാണലിനെ പറ്റിയുള്ള ഡീറ്റെയിൽസ് അറിയണങ്കി നമ്മടെ പിള്ളേച്ചനോട് ചോയ്ച്ചാ പോരെ”

ഉണ്ടു കൊണ്ടിരുന്ന നായര്‍ക്കു വെളിപാടുണ്ടായ പോലെ ബാബുട്ടന്റെ തലയിലെന്തോ മിന്നി. പെണ്ണുകാണൽ എന്ന പരിപാടി ഹോബിയാക്കിയ ആളാണ് പിള്ളേച്ചൻ എന്ന വ്യക്തി. അദ്ദേഹം കണ്ടിട്ടുള്ള പെണ്ണുങ്ങള്‍ക്കു യാതൊരു കയ്യും കണക്കുമില്ല. വൈകീട്ടു മര്യാദാമുക്കിലിരുന്ന് വെടി പറയുകയായിരുന്ന പിള്ളേച്ചനെ ബാബുട്ടൻ പോയി കണ്ടു. കാര്യം പറഞ്ഞു. എല്ലാം ഗൌരവത്തോടെ മൂളിക്കേട്ട ശേഷം പിള്ള രണ്ടുമിനിറ്റ് ആലോചിച്ചു. പിന്നെ മനസ്സിൽ തോന്നിയ പദ്ധതി പറഞ്ഞു.

“ബാബ്വോ. നമക്ക് ഞാനിനി പറേണ പോലെ ചെയ്യാം. എന്താ? പെണ്ണുകാണലിന്റെ തലേ ദെവസം നമ്മള്‍ പെണ്ണിന്റെ വീട്ടിലേക്കു ഫോൺ വിളിയ്ക്കുന്നു. നാളെ എത്തൂന്നും പറഞ്ഞ് ഭക്ഷണത്തിന്റെ മെനു അങ്ങട് വിവരിക്കും”

“മെന്വോ!” ബാബുട്ടൻ അൽഭുതപ്പെട്ടു.

“എന്താ ബാബ്വോ, ഒരു അന്ധാളിപ്പ്. നമ്മ വെറ്തെ ഫുട്ബാൾ കളി കാണാൻ പോണതെങ്ങനാണോ. ഒരു ജീവിതത്തെ കരക്കണയ്ക്കാന്‍ പോണതല്ലേ? അപ്പോ ഇത്തിരി ശാപ്പാടൊക്കെ ആവാന്നാ എന്റെ തിയറി”

ബാബുട്ടൻ പകച്ചുനില്‍ക്കേ പിള്ളേച്ചൻ തുടര്‍ന്നു.

“ഉദാഹരണായി ഞാനെന്റെ പെണ്ണുകാണലിന്റെ തലേദെവസം പെണ്ണിന്റെ വീട്ടാരോട് പറയാറൊള്ള  ഐറ്റംസ് ഇതൊക്കെയാണ്. ആട്ടിന്‍പാലൊഴിച്ച കാപ്പി അര ലിറ്റർ കപ്പ്. ഹോര്‍ലിക്സ് കിട്ട്യാ അതും. നേന്ത്രക്കാ‍യ ഉപ്പേരി മുപ്പത് സെന്റിമീറ്ററെങ്കിലും വ്യാസമുള്ള രണ്ട് പിഞ്ഞാണം നിറയെ. അഞ്ചാറ് വെള്ളേപ്പം. പിന്നെ ഉച്ച സമയത്തേ പോവാൻ പാടൂ. ലഞ്ചും പറ്റിയാ അവിടന്നന്നെ”

ബാബുട്ടന്‍ അപകടം മണത്തു. “ഈ മെനു വേണ്ട പിള്ളേച്ചാ. നമക്കിതങ്ങ് വിട്ട് കളയാം”

ആദ്യം സമ്മതിച്ചില്ലെങ്കിലും പെണ്ണിനെ കണ്ടു തിരിച്ചുവരുന്ന വഴി കൊരട്ടിയിലിറങ്ങി കുശാലായി ഭക്ഷണം കഴിക്കാമെന്ന ഉറപ്പിൽ പിള്ളേച്ചൻ അടങ്ങി. യാത്രക്കു ബാബുട്ടന്‍ തിരഞ്ഞെടുത്ത വാഹനം സ്വകാര്യബസായിരുന്നു. പക്ഷേ ഓട്ടോറിക്ഷയെങ്കിലും ഇല്ലാതെ കൂടെ വരുന്ന പ്രശ്നമില്ലെന്നു പിള്ളേച്ചൻ കട്ടായം പറഞ്ഞു. ഒടുക്കം അനൂപിന്റെ ‘പോപ്പുലർ‘ ട്രാൿസ് ബാബുട്ടൻ വാടകക്കു ഏര്‍പ്പാടാക്കി.

പെണ്ണുകാണൽ ദിവസം രാവിലെ അയ്യങ്കോവ് ശാസ്താവിനു തേങ്ങയടിച്ചു മനമുരുകി പ്രാര്‍ത്ഥിച്ചു.
“ശാസ്താവേ കാത്തോളണേ…”

(രണ്ടാം ഭാഗ്മ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


27 Replies to “ബാബുട്ടന്റെ പെണ്ണു‌കാണൽ – 1”

 1. <>ബാബുട്ടനെ തൈക്കൂട്ടത്തെ കണിയാനും കൊടികെട്ടിയ മന്ത്രവാദിയുമായ ബാലകൃഷ്ണക്കൈമളെക്കൊണ്ട് ഒന്ന് ഊതിക്കണമെന്ന് കരുതിയിരിയ്ക്കെയാണ് ഭവാനിയമ്മയ്ക്ക് ബാബുട്ടന്റെ പഴ്സീന്ന് ഒരു പെണ്‍‌കൊച്ചിന്റെ ഫുള് സൈസ് കളര് ഫോട്ടോ കിട്ടുന്നത്.ഇരുനിറക്കാരിയായ ഒരു സുന്ദരിക്കോത..!ഫോട്ടോഗ്രാഫര് വിമല് അറിയാതെ, ചാലക്കുടി എടത്താടന് കളര് ലാബീന്ന് ആയിരത്തൊന്ന് രൂപ കൈക്കൂലി കൊടുത്ത്, ബാബുട്ടന് അടിച്ച് മാറ്റിയ ഈ ഫോട്ടോ കണ്ടപ്പോ ഭവാനിയമ്മയ്ക്ക് ബാബുട്ടന്റെ മൌനത്തിന്റെ അര്‍ത്ഥങ്ങളൊക്കെ പെട്ടെന്ന് മനസ്സിലായി. അഭിനിവേശം..! കടുത്ത അഭിനിവേശം..!<>ഓണത്തിന് നാട്ടില്‍ എത്തിയ ദിവസം രാത്രി മര്യാദാമുക്കില്‍ വച്ച് ബാബുച്ചേട്ടനെ കണ്ടു. പലതും സംസാരിയ്ക്കുന്നതിനിടയിലാണ് ഞാന്‍ അറിയുന്നത്, ബാബുച്ചേട്ടന്റെ ഒരു പ്രേമ്മവിവാഹമായിരുന്നെന്ന്. ഒരു കല്യാണവീ‍ട്ടില്‍ കണ്ട് മുട്ടിയപ്പോള്‍ മൊട്ടിട്ട അനുരാഗത്തില്‍ പിടിച്ച് കേറിയാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിയതെന്ന്. ഇതിലൊരു കഥയ്ക്കുള്ള സ്കോപ് ഉണ്ടല്ലോ എന്നോര്‍ത്തപ്പോഴേയ്ക്കും ബാബുച്ചേട്ടന്‍ സൂചിപ്പിച്ചു.“നീയിത് കഥയാക്കി എന്നെ വെടക്കാക്കരുത്. ഇനി അഥവാ എഴുതാണെങ്കി ഇത്തിരി മയത്തിലെഴുതണം.” എഴുത്റ്റിന്റെ കാര്യത്തില്‍ ഞാനാര്‍ക്കും വാഗ്ദാനങ്ങള്‍ കൊടുക്കാറില്ല എന്ന പതിവ് ഇവിടേയും ആവര്‍ത്തിച്ചു.പലരും വന്ന് പോയ കക്കാടിന്റെ പുരാവൃത്തങ്ങളില്‍ ഇത്തവണ എനിയ്ക്ക് സഹോദര തുല്യനായ ബാബുച്ചേട്ടന്റെ ഊഴം. കൂടെ മറ്റ് പ്രമുഖ കഥാപാത്രങ്ങളായി സിന്ധുച്ചേച്ചിയും സകലകലാവല്ലഭനായ പിള്ളേച്ചന്‍ വക്കീലും.എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓഫ് ടോപിക് : എല്ലാവരോടും ഉപാസനയുടെ ഒരു അഭ്യര്‍ത്ഥന.<>അടുത്ത ഭാഗം വേഗം പോരട്ടെ എന്ന കമന്റ് കഴിവതും ഒഴിവാക്കുക. അത് താങ്ങാനുള്ള സ്റ്റാമിന ഉപാസനയ്ക്കില്ല..!<>😉

 2. തുടരന്‍ ആണല്ലേ… ഉം, ശരി.ഇതു വായിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ ‘പെണ്ണുകാണല്‍ സാഹസങ്ങള്‍’ എന്ന് പണ്ടൊരിയ്ക്കല്‍ മനുവേട്ടന്‍ എഴുതിയതാണ് ഓര്‍ത്തത്. 🙂ഓ.ടോ. :<>ഓഫ് ടോപിക് : എല്ലാവരോടും ഉപാസനയുടെ ഒരു അഭ്യര്‍ത്ഥന.അടുത്ത ഭാഗം വേഗം പോരട്ടെ എന്ന കമന്റ് കഴിവതും ഒഴിവാക്കുക. അത് താങ്ങാനുള്ള സ്റ്റാമിന ഉപാസനയ്ക്കില്ല..!;-)<>ഇത് എഴുതിയ സ്ഥിതിയ്ക്ക് വായനക്കാരോട് ഇങ്ങനെ പറയിപ്പിയ്ക്കാതെ നോക്കേണ്ടത് സുനിലിന്റെ ബാധ്യത. 😉

 3. “പുള്ളീടെ മോള്‍ക്ക് അവര് അന്വേഷിക്കുന്നത് ഒരു ഗള്‍ഫുകാരനെയാണെന്ന്..! ഡ്രൈവര്‍മാരുടെ ആലോചനേം കൊണ്ട് ഈ വീട്ടുമുറ്റത്ത് കാല് കുത്തരുതെന്ന്..!”ഇപ്പൊ ഇങ്ങനെയുള്ള അച്ചന്മാരുണ്ടായീരുന്നെങ്കില്‍..!സുനിലേ..നീ ധൈര്യമായി തുട…

 4. “പുള്ളി ആരോടെങ്കിലും എന്തെങ്കിലും ഒരു കാര്യം പറയന്നുവെങ്കില്‍ അതില്‍ അറ്റ്ലീസ്റ്റ് ഒരു വാക്ക് ഇംഗ്ലീഷായിരിയ്ക്കും. ഇനിയിപ്പോ ഒരു ഇംഗ്ലീഷ് വാക്കും നാവില്‍ വന്നില്ലെങ്കി പുള്ളി ഒന്നും സംസാരിക്കില്ല. അത്രയ്ക്ക് പിടിവാശി.“ഹഹ രസിപ്പിച്ചു. സുന്യേ നന്നായിട്ടൂണ്ട് തുടക്കം. പിന്നെ ഇതിന്റെ ബാക്കി ഒരു മാസത്തിനുള്ളിലെങ്ങാനും പോസ്റ്റിയിട്ടുണ്ടെങ്കീ… പറഞ്ഞേക്കം. ഇനി ഒരു മാസം കഴിഞ്ഞേ (വേണേല്‍ രണ്ട്) ഞാനീ ബ്ലോഗ് നോക്കു. അപ്പ ശ്ശരി..

 5. ഉപാസനേ,………. സോറി, മുഴോനും വായിച്ചേ ഈ പോസ്റ്റിന്റെ കമന്റ് പറയാന്‍ പറ്റൂ.. ട്ടൊ.. (ഹി,ഹി..)ഓഫ്:ഒരു നാടിനെ കുറിച്ച്, അവിടത്തെ ‘കഥാപാത്രങ്ങളെ’ ഇത്രകണ്ട് എഴുത്തിലേയ്ക്ക് കൊണ്ടുവരുന്നതു എന്ന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.ബ്ലോഗിന്റെ പേരു മാറിയത് ഏറെ സന്തോഷത്തോടെയാണ് വായിച്ചത്!ഈ ബ്ലോഗിലെ എഴുത്തുകള്‍ക്കു ഒരു പൂര്‍ണ്ണത കൈവന്നു ഇപ്പോള്‍..🙂

 6. ഈ പുള്ളാച്ചന്‍ ആളു കൊള്ളാമല്ലോ. രസിപ്പിക്കുന്ന എഴുത്ത്. ഒരു നാടിന്‍റെ ജീവനുള്ള കഥാപാത്രങ്ങളെ താങ്കള്‍ വരച്ചിടുന്നു.ആശംസകള്‍…

 7. അടുത്ത ഭാഗം ഉടനെ വേണ്ട – ഒരു 2 ദിവസം കഴിഞു മതി! നല്ല പോസ്റ്റ് – ബാക്കി ചിരിക്ക് വേണ്ടി കാത്തിരിക്കുന്നു….

 8. ആദ്യഭാഗം കലക്കി…ശരിക്കും,ചിരിച്ചു വയ്യാതായി.അപ്പൊ,ഇനി എന്നാ..??ഓ..ചോദിക്കാന്‍ പാടില്ലല്ലോ..ല്ലേ?

 9. വായിച്ചു രസം പിടിച്ച്‌ വരുന്നതേയുണ്ടായിരുന്നുള്ളൂ.. അപ്പോഴേക്കും തുടരും എന്ന് പറഞ്ഞ്‌ മുങ്ങിയല്ലേ.. എന്നാ ശരി സമയമെടുത്ത്‌ സാവകാശം എഴുതിയാല്‍ മതി . എല്ലാ ആശംസകളും നേരുന്നു.

 10. ആദ്യമായിട്ടാണ് ഇവിടെ …നാട്ടിന്‍പുറത്തെ കാഴ്ചകളും കഥകളും ഇഷ്ടപ്പെട്ടു . ഈ പെണ്ണ് കാണല്‍ ഒരു ഭയങ്കര സംഭവം തന്നെയാ അല്ലേ….പിള്ളേച്ചനെ പോലുള്ളവരെ ആ സമയത്ത് കിട്ടുവോ …ആവോ?

 11. ഹോ ആകാംക്ഷ മൂത്തിട്ടു വയ്യ. ആളോളെ ഇങ്ങനെ കഷ്ടപ്പെടുത്തല്ലേ ഉപാസനേ.(എന്നാപ്പിന്നെ നമ്മളെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാതെ പരമ ബോറായി എഴുതിക്കുടായിരുന്നോ?)

 12. പെണ്ണിനെ മാത്രായിട്ടു കണ്ട് പെണ്ണിനെ മാത്രായിട്ടു കെട്ടണ വല്ല പരിപാടീം ഉണ്ടായിരുന്നെങ്കില്.. ഇതാരെയൊക്കെ കാണണം.. കേന്ദ്രം(പിതാ), സംസ്ഥാനം(മതാ), ഭക്ഷ്യം(ചായേമ്പലഹാരോം), ആഭ്യന്തരം(ചുറ്റുപാട്), ധനകാര്യം(അതു ഉണ്ടേലും ഇല്ലേലും കൊഴപ്പമാ), ഗതാഗതം(സ്വന്തം കാറാണെങ്കില്‍ ദ്രൈവന്‍/ടാക്സി), വാര്‍ത്താവിനിമയം(കല്യാണം വിളിയേയ്),..ഒടുക്കം പ്രസ്(നാട്ടുകാരുടെ ന്യൂസ് കോണ്‍ഫ്രന്‍സുകള്‍)…

 13. ഉപാസന:ഇതു നടന്ന കഥയാണെങ്കില്‍ എല്ലാ കാര്യങ്ങളും തുറന്നെഴുതാന്‍ പറ്റുമോ? പിന്നെ ഭാവനയുടെ കാര്യം? (ആ ഭാവനയല്ലെന്നേ, മറ്റെ…)ബാബുച്ചേട്ടനെ ഈയിടെ കണ്ടു വര്‍ത്തമാനം പറഞ്ഞല്ലൊ. കഥ ട്രാജഡി അല്ലെന്നു പിടി കിട്ടി.

 14. ബാബുച്ചേട്ടനെക്കുറിച്ചുള്ള പോസ്റ്റിന് നല്ല വരവേല്‍പ്പ് നല്‍കിയതിന് എല്ലാവരോടും ആദ്യം തന്നെ നന്ദി പറയുന്നു.ചാണക്യന്‍ : തേങ്ങയോടെ വന്ന ഈ വ്യത്യസ്തമായ കമന്റ് ചാണക്യന്റെ അതുല്യമായ ക്ഷമാശക്തിയെക്കുറിക്കുന്നതാണെന്ന് ഉപാസന മനസ്സിലാക്കുന്നു ;- ) . നന്ദി സുഹൃത്തേ. 🙂ശ്രീ : നീളമുള്ള പോസ്റ്റുകള്‍ പലരും ഒഴിവാക്കാറുണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ് പരീക്ഷണാടിസ്ഥാനത്തില്‍ ‘തുടരന്‍’ ആകിയത്. ഇനി ഞാന്‍ പബ്ലിഷ് ചെയ്യുന്ന നീളം കൂടിയ പോസ്റ്റുകളൊക്കെയും തുടരന്‍ ആണെന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കരുത്. ഈ പോസ്റ്റോടെ ചിലപ്പോ ‘തുടരന്‍’ പരീക്ഷണം അവസാനിപ്പിച്ചേക്കാം. 🙂മനുവണ്ണന്റെ ‘പെണ്ണ്കാണല്‍’ ഒരു കവിതയല്ലേ ഞാന്‍ വായിച്ചിട്ടുണ്ട് പണ്ട്. 🙂പ്രയാസി : പെണ്ണിന്റെ അച്ഛന്റെ ഈ അഭിപ്രായം ബാബുച്ചേട്ടനെ കണ്ട മാത്രയില്‍ തന്നെ മാറി എന്നത് മറ്റൊരു കാര്യം. പ്രയാസിയ്ക്ക് ‘പൊണ്ടാട്ടി’ ആയില്ലെന്നതില്‍ ഞാന്‍ അഗാധമായി ചുമ്മാ വ്യസനിക്കുന്നു. അടുത്ത വരവിനെങ്കിലും ഒരെണ്ണംതരപ്പെടുത്താന്‍ നോക്കൂ സഖേ. 🙂നന്ദന്‍ ഭായ് : അടുത്ത പാര്‍ട്ട് അടുത്ത ആഴ്ച ഞാന്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് നിരാശപ്പെടുത്തുന്നു ഞാന്‍. തുടക്കം ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം. 🙂കാര്‍വര്‍ണം : പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജ്ജനത്തിന് ശേഷം വീണ്ടുമൊരു സന്ദര്‍ശനത്തിന് നന്ദി. ‘പ്രായാസിയുടെ കയ്യിലിരിപ്പ് മോശമാണ്’ എന്ന വ്യഗ്യത്തോടെയുള്ള ക്രൂരമായ കമന്റില്‍ അദ്ദേഹത്തിന്റെ ലോലഹൃദയത്തിന് മുറിവ് പറ്റാന്‍ സാധ്യതുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ കഴിവതും ഒഴിവാക്കുക. 🙂എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 15. പീയാര്‍ജി : ഒത്തിരി നാളുകളായല്ലോ കണ്ടിട്ട്. ഞാനും ‘നിറങ്ങള്‍’ ഓര്‍ത്തത് ഇപ്പോഴാണ് ട്ടോ. ക്ഷമിക്കണേ. 🙂മുഴുവനും വായിച്ചിട്ട് അഭിപ്രായമറിയിച്ചലും മതിയായിരുന്നു. ബ്ലോഗ് പേരിനെപ്പറ്റിയുള്ള അഭിപ്രായം എനെ സന്തോഷിപ്പിച്ചു. പുരാവൃത്തങ്ങളെല്ലാം വളരെ നന്നാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ‘എന്റെ നാടിന്റെ ഒരു നേര്‍ക്കാഴ്ചയാവണം ഈ ബ്ലോഗ്‘ എന്നാണ് എന്റെ ആഗ്രഹം. 🙂സണ്ണി ഭായ് : ഒന്നെത്തി പുന്‍സിരിച്ചതില്‍ വളരെ സന്തോഷം. അടുത്ത ഭാഗം ഉടന്‍ ഇടാം. 🙂ഷാരുട്ടി : ഷാരുട്ടി എന്റെ അഭ്യര്‍ത്ഥന നിരസിച്ചതില്‍ എനിയ്ക്ക് സന്തോഷം മാത്രം. 🙂വേണു മാഷെ : പിള്ളേച്ചന്‍ ഒരു പ്രതിഭാസമാണ് വേണു മാഷെ. ഇടഞ്ഞ ആനയെ വരെ പുള്ളി വെറും കയ്യാല്‍ പിടിച്ച് തളയ്ക്കും. ഇത്തിക്കാനം ഗുരുവായൂരപ്പനെ പിള്ളേച്ചന്‍ കീഴ്പ്പെടുത്തിയ കഥ ഉടനെ വരുന്നതായിരിയ്ക്കും. 🙂പ്രിയേച്ചി : അഭിനന്ദങ്ങള്‍ ഏറ്റു വാങ്ങുന്നു. കല്യാണം കഴിക്കണം എന്നുള്ളത് ഒരു അഹങ്കാരമാണെന്ന് ഇപ്പോഴാണ് അറിയുന്നത്..! 🙂മാടായി : ഉപാസനയിലേയ്ക്ക് സ്വാഗതം. ബി‌എസ്.മാടായി : ആദ്യസന്ദര്‍ശനത്തിന് പ്രണാമം. സെക്കന്റ് പാര്‍ട്ട് നിരാശപ്പെടുത്തില്ലെന്ന് ഞാനും എന്നത്തേയും പോലെ ഉറപ്പ് തരുന്നു. 🙂സ്മിതേച്ചി : ചിരിച്ചോളൂ പക്ഷേ വയ്യാതാവരുത്. ചെറിയ പ്രശംസവാക്കുകള്‍ മാത്രമേ എനിയ്ക്ക് താങ്ങാനാകൂ. അടുത്ത ഭാഗം ഈ അടുത്ത ആഴ്ച വരും. 🙂എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 16. ഞാന്‍ ഒന്നാം ഭാഗം വായിച്ചിട്ട് ചുമ്മാ കറങ്ങി കക്കാടിന്റെ പുരാവൃത്തതില്‍ പെട്ടു പൊയി .. തിരിച്ചു വന്നപ്പോള്‍ നേരം കുറെ ആയി ഇതിലെ കഥാപാത്രങ്ങള്‍ക്ക് നല്ല തന്മയത്വം ..“…..എഴുതാണെങ്കി ഇത്തിരി മയത്തിലെഴുതണം.” ഒരു മയവും വേണ്ടാ .. അതു പോലെ പോരട്ടെ .ഇനി കാത്തിരുന്നാല്‍ ഒന്നാം ഭാഗം വീണ്ടും വായിക്കണ്ടതായി വരും അതിനിടയാക്കരുത്.

 17. ലക്ഷ്മിയക്കാ : അടുത്ത ഭാഗം നാളെ വരും. ആദ്യകമന്റിന് നന്ദി. 🙂പിരിക്കുട്ടി : പിരിക്കുട്ടി അങ്ങനെ പറേര്ത്. പറഞ്ഞാലും ഞാനത് അനുസരിക്കില്ല. ഞാന്‍ ഇനീം എഴുതും. 🙂ബഷീര്‍ ഭായ് : ഒറ്റ പോസ്റ്റായി പബ്ലിഷ് ചെയുന്നത് തന്നെയാണ് എനിയ്ക്ക് ഇഷ്ടം. പക്ഷേ <>“നിന്റെ നീളമുള്ള പോസ്റ്റുകള്‍ വായിക്കാന്‍ ഞാന്‍മറ്റുള്ളവര്‍ക്ക് കരാര്‍ കൊടുക്കുകയാണ് പതിവ്”<> എന്ന് ബൂലോകപാരയായ (സോറി പാരയല്ല, “എളാങ്ക്”) അഗ്രജന്‍ പറഞ്ഞപ്പോ ഒരു ചേഞ്ചിനായി ഞാന്‍ സാന്റോയെപ്പോലെ (എവ്ട്യാണാവോ ഓനിപ്പോ..?) ഖണ്ഢശ്ശ പ്രസിദ്ധീകരിക്കാമെന്ന് വെച്ചു. ദതാണ് ദിത്. 🙂ഇനി വരുന്ന പോസ്റ്റുകള്‍ ഒറ്റ പോസ്റ്റാക്കാന്‍ ഞാന്‍ ശ്രമിക്കാം. പുരാവൃത്തങ്ങളിലെ ആദ്യകമന്റിന് നന്ദി. 🙂ആദര്‍ശ് (പേര് പോലാണാ ഗഡ്യേ നിയ്യ്. 🙂 ) : പിന്നെ പെണ്ണ്കാണല്‍ ഒരു മഹാസംഭവമല്ലാതെ..? നമ്മടെ “കൊച്ച്” പണ്ടെഴുതിയ പെണ്ണ്കാണല്‍ വായിച്ചില്ലേ (ഞാനതൊന്ന് മാറ്റി കൊച്ചിനെതിരായി എഴുതിയാലോ എന്നാലോചിക്ക്യാണ്.)പിള്ളേച്ചനെ കിട്ടില്ല ആദര്‍ശേ. കിട്ടിയാലും അടുപ്പിക്കാതിരിയ്ക്കുന്നത നല്ലത്. ആള്‍ടെ ഡിമാന്റുകള്‍ അങ്ങിനെയാണ്. ഫോറിന്‍ ട്രിപ്പ് ഒക്കെ ചോദിച്ചെന്ന് വരും ചിലപ്പോ വരുന്നതിന്റെ ഫീസായി. 🙂ഗീതേച്ചി : ഇതെങ്കിലും/ഇതും ബോറാകട്ടെ എന്ന് കരുതി എഴുതിയതാണ്. അപ്പോ ബോറല്ലേ ഇത്..?ആകാംക്ഷയ്ക്ക് ഞാനിപ്പോ എന്താ ചെയ്യാ. ഒന്ന് തൊട്ട് മുപ്പത് വരെ തിരിച്ചും മറിച്ചും എണ്ണുക. എന്നിട്ടും മാറുന്നില്ലെങ്കി മുകുന്ദന്റെ ഗീര്‍വാണം കേള്‍ക്കുക (അങ്ങ്നെ പറേണ്ട വല്ല കാര്യണ്ടാ‍ാ..?). ആകാംക്ഷയൊക്കെ അപ്പോ മറ്റ് സബ്ജക്ടുകളിലേയ്ക്ക് ട്രാന്‍സ്ഫര്‍ ആകുമെന്ന് കരുതാം. ആചാര്യാ‍ാ : ഇയാള്‍ ഈ ബ്ലോഗിങ്ങൊക്കെ നിര്‍ത്തി വല്ല രാഷ്ട്രീയത്തിലിറങ്ങി കളിക്ക് തള്ളേ..! ന്തൂട്ട് ഐഡിയാകളാ ഈ എഴുന്നള്ളിക്കണേ. രാഹുല്‍ ഗാന്ധീടെ പരൂക്ഷ ആചാ‍ാര്യന്‍ ജയിക്കുമെന്നേ. പിന്നെ പിതാവിനെ കേന്ദ്രവും മാതവിനെ സംസ്ഥാനവും ആക്കിയതില്‍ പ്രതിഷേധമുണ്ട്. ശാരദക്കുട്ടി എങ്ങാനും അറിഞ്ഞാലൊള്ള പുകില്‍ ഞാന്‍ പറേണോ..?പെണ്ണിനെ മാത്രയിട്ട് കണ്ടതാ “കൊച്ച്” എഴുതിയേക്കണത്. കൊളമായി..!ബാബുട്ടന്‍ ട്രാഡീഷണല്‍ ആയി തിങ്ക് ചെയ്യുന്ന ഒരു ഫെല്ലോ ആണ് (പരമു മാഷ് സ്റ്റൈല്‍..!)പെണ്ണിനെ മാത്രയിട്ട് കെട്ടണതല്ലാതെ പിന്നെന്തൂട്ടാ ആചാര്യാ കല്യാണം ന്ന് പറേണത്..? കാശിന്റെ ഇഷ്യൂ ആണോ..? എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

 18. എത്രിരണ്ണാ‍ാ: അങ്ങോട്ടൊന്നും പോവല്ലേന്നേ. ഭാവന എന്ന് പറേണതും (ഹ്ഹ അണ്ണന്‍ പിന്നേം അതുമ്മ്യാണ് കേറി പിടിച്ചിരിക്കണേ..! പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം, മാളവികയുടെ തിരുവാതിര… ഇപ്പോ ഇതാ ബാബുട്ടന്റെ പെണ്ണ്കാണലും…!!! ഇനീം എന്തൊക്കെയാണാവോ ഭാവന ആവുക.കാത്തോളണേ പിതൃക്കളേ…) ഒരു സ്കില്‍ ആണ്. പിന്നെ ഞാനെഴുതുന്നതില്‍ ഒറിജിനാലിറ്റിയും ഭാവനയും ഉണ്ടായേക്ക്കാം. യഥാര്‍ത്ഥത്തില്‍ നടന്ന് മാത്രം എഴുതിയാല്‍ പലപ്പൊഴും അതിലൊന്നുമുണ്ടാവത്തില്ലെന്നേ. അപ്പോ ഭാവന വേണ്ടി വരും. ഈ കഥയിലും (പല കഥയിലും) ത്രെഡ് റിയല്‍ ആയി സംഭവിച്ചതാണ്. ഉറപ്പ് തരുന്നു. ബാബുച്ചേട്ടന്റെ കണ്ടു എന്നറിയിച്ചതിത്സന്തോഷം. ട്രാജഡിയോ..? പിള്ളേച്ചന്‍ എറങ്ങിക്കളിച്ചിട്ടും ട്രാജഡീയോ..?എന്റെ പൊന്നണ്ണാ അണ്ണന് പിള്ളേച്ചനെ അറീയില. എറങ്ങി കളിച്ചാ ഗോളടിക്കണാ ആളാ. ചിലപ്പോ സെല്‍ഫ് ഗോളും ആവുംന്ന് മാത്രം (സെക്കന്റ് പാര്‍ട്ടില്‍ സുഭദ്രേനെ കണ്ടപ്പോ സെല്‍ഫ് ഗോളടിച്ച കാര്യംണ്ട്. വായിച്ച് നോക്ക് ട്ടാ)എതിരന്‍ പ്രണാമം വീണ്ടും സന്ദര്‍ശത്തിന്. ഉപാസനയുടെ പ്രതികരണം അതിന്റെ അര്‍ഹിക്കുന്ന സീരിയസിലും, തോതിലും എടുക്കുക. 🙂സുമേഷ് ചന്ദ്രന്‍ : വെയിറ്റിംങ്ങ് ചാര്‍ജ്ജ് പോയിട്ട് മീറ്റര്‍ ചാര്‍ജ്ജ് പോലും കൊട്ത്ത് ശീലമില്ല സുമേഷ് :-). സോ കളമറിഞ്ഞ് കരു എറിയുക. പുരാവൃത്തങ്ങളിലേയ്ക്ക് സ്വാഗതം. 🙂മാണിക്യം : ഓഓ. പുരാവൃത്തത്തില്‍ റൌണ്ട് അടിച്ചല്ലേ..? ഒത്തിരി സൂക്ഷിക്കണം കേട്ടാ. പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം (പുരുഷുച്ചേട്ടനോടൊഴികെ) ആരോറ്റും മയം കാണിക്കാത്ത വ്യക്തിയാണ്. പിന്നെ ചിലത് മയത്തിലല്ലാ‍തെ എഴുതാന്‍ പറ്റില്ല ട്ടോ. അടുത്ത ഭാഗം നാളെ. 🙂 എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക