ജോണ്‍ പോള്‍ : പാളം തെറ്റുന്ന ‘പാളങ്ങള്‍’

ഓര്‍മ്മക്കുറിപ്പുകള്‍ എന്നത് പുകഴ്ത്തലുകളുടെ സമാഹരമാണോ എന്ന ശങ്കയോടെയാണ് ഈ പോസ്റ്റ് എഴുതുന്നത്.

മാതൃഭൂമിയുടെ പതിവ് വായനക്കാരന്‍ എന്ന നിലയില്‍ മലയാളസിനിമയിലെ പ്രമുഖതിരക്കഥാകൃത്തുകളില്‍ ഒരാളായ ജോണ്‍ പോള്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മാതൃഭൂമിയുടെ താളുകളിലൂടെ വായനക്കാരുമായി പങ്ക് വയ്ക്കാന്‍ എത്തിയപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നിയിരുന്നു. സിനിമാവൃത്തങ്ങളിലെ പ്രശസ്തരുമായി അടുത്ത് ഇഴപഴകിയിട്ടുള്ള അദ്ദേഹം അര്‍ത്ഥപൂര്‍ണമായ വാചകങ്ങളാല്‍ ആഴ്ചപ്പതിപ്പിന്റെ താളുകളെ സമ്പന്നമാക്കുമെന്ന പ്രതീക്ഷയായിരുന്നു ആ സന്തോഷത്തിന്റെ മൂലകാരണം.

ബാലു മഹേന്ദ്രയില്‍ തുടങ്ങിയ എഴുത്ത് ആദ്യഭാഗങ്ങളില്‍ മനോഹരമായിരുന്നു. പിന്നീട് മോഹനെയും പുള്ളിക്കുണ്ടെന്ന് ജോണ്‍ പോള്‍ സമ്മതിക്കുന്ന മാടമ്പിത്തരവും ആഴ്ച്ചപ്പതിപ്പിന്റെ താളുകള്‍ വഴി ആഘോഷിക്കുന്നത് കണ്ടപ്പോള്‍ നെറ്റി ചുളിഞ്ഞു. പദ്മരാജനോളമോ അതില്‍ കൂടുതലോ പ്രാധാന്യം മോഹന് കൊടുത്തായി വായനക്കാര്‍ എഴുതിക്കണ്ടപ്പോള്‍ “പാളങ്ങള്‍” തെറ്റുമോ എന്ന ശങ്ക മനസ്സിലുണ്ടായി.

എം.ടി യേയും പദ്മരാജനേയും താരതമ്യത്തിന് മുതിര്‍ന്ന ജോണിന് കൈപൊള്ളി. ‘പദ്മരാജന്‍ വൈവിധ്യമുള്ള തിരക്കഥകളുടെ രചയിതാവാണെന്ന്‘ പറഞ്ഞും ‘തന്റെ ലോകത്ത് ആരുമായും താരതമ്യത്തിന് വഴങ്ങാത്ത വിധം എം.ടി’ നിലകൊണ്ടു” എന്നുള്ള വിലയിരുത്തലില്‍ എം.ടിക്കെതിരെയുള്ള ഒളിയമ്പ് വ്യക്തമായിരുന്നു.

അങ്ങിനെയിരിക്കെയാണ് പപ്പേട്ടനെ പറ്റി ബാലചന്ദ്രന്‍ ചുള്ളിക്കാട് പണ്ട് നടത്തിയ ഒരു വിലയിരുത്തല്‍ ജോണ്‍ പോളിന്റേതായി “പാളങ്ങള്‍”ല്‍ വന്നത്. കൊല്ലത്ത് നിന്നുള്ള അനിതാകുമാരി (?) എന്ന വായനക്കാരി തെളിവ് സഹിതം (‘ജോണ്‍ പോള്‍ അത് മര്യാദയല്ല‘ എന്ന ടൈറ്റിലില്‍ വന്ന അഭിപ്രായം) എത്തിയപ്പോള്‍ ജോണ്‍ നിവൃത്തിയില്ലാതെ ഉരുണ്ടു.

“ക്വൊട്ടേഷന്‍ സിമ്പലുകളേയും എഡിറ്റര്‍മാരേയും പഴി പറഞ്ഞ് കൊണ്ടുള്ള പ്രസ്തുത വിശദീകരണം വായനക്കാരുടെ മനസ്സില്‍ ചോദ്യമുണര്‍ത്തിയിരിക്കണം “ഇത്രയുംവേണമായിരുന്നോ ജോണേ”..? (വാരികകള്‍ക്ക് അയച്ച് കൊടുക്കുന്ന ലേഖനത്തില്‍ അന്യലേഖകന്മാരുടെ വരികള്‍ ക്വോട്ട് ചെയ്തേ അയക്കാറുള്ളൂ എന്നും പക്ഷേ അച്ചടിച്ച് വരുമ്പോള്‍ എല്ലാ വാരികകളിലും ആ ക്വൊട്ട്കള്‍ കാണാറില്ല എന്നുമായിരുന്നു ജോണീന്റെ വിശദീകരണം. കമല്‍ റാം സജീവ് നെ ഞൊട്ടിയാല്‍ പ്രശ്നമാകുമെന്ന് ഭയന്ന് മേല്‍പ്പറഞ്ഞ കാരണം കൊണ്ട് പാളങ്ങളിലേക്ക് ലേഖനം അയച്ചപ്പോള്‍ ചുള്ളിക്കാടിന്റെ വരികള്‍ ക്വോട്ടിയില്ല..!!! എന്നും കൂടി ജോണ്‍ പോള്‍ പറഞ്ഞു വെച്ചു)

ഇത്രയും എഴുതിയതിന്റെ പ്രചോദനം പുതിയ ലക്കം മാതൃഭൂമിയില്‍ ജോണ്‍ പോളിന്റെ ശ്രീവിദ്യ-ഭരതന്‍ പ്രണയവിവരണമാണ് (ഭരതനോ ശ്രീവിദ്യയൊ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ജോണ്‍ ഈ ഭാഗം എഴുതുമായിരുന്നോ എന്തോ..?). തന്റെ താളുകള്‍ക്ക് പ്രചാരം കിട്ടുവാന്‍ വേണ്ടിയാണോ മണ്‍‌മറഞ്ഞ് പോയവരുടെ ബന്ധങ്ങള്‍ ജോണ്‍ പൊടി തട്ടിയെടുത്ത് പ്രദര്‍ശിപ്പിക്കുന്നത് . ആണെങ്കില്‍ ഇനിയുമുണ്ട് ജോണ്‍ ഒരുപാട്. ധൈര്യത്തോടെ എല്ലാം തുറന്നെഴുതൂ. പപ്പേട്ടന്റെ പിള്ളേര് ഇന്നും സിനിമാഫീല്‍ഡില്‍ ശക്തരായത് കൊണ്ട് അദ്ദേഹത്തെസ് ഒഴിവാക്കൂ, എന്തെങ്കിലും അദ്ദേഹത്തെക്കുറിച്ചും പറയുവാനുണ്ടെങ്കില്‍.

ശ്രീവിദ്യയുമായുള്ള ഭരതന്റെ ബന്ധത്തെ വിസ്തരിച്ച ശേഷം ജോണ്‍ സ്വയം ഒരു ചോദ്യം ഉന്നയിക്കുന്നു. ഇതൊക്കെ വായിച്ചാല്‍ ലളിതക്ക് എന്ത് തോന്നും..? സ്വയം മറുപടി കണ്ടെത്തി ഉടനെ തുടങ്ങി. ഭരതനും ലളിതയുമായുള്ള ബന്ധം മറ്റൊരു ഉദാത്ത തലത്തിലുള്ളതായിരുന്നു..!

Read More ->  കാത്തിരിപ്പ്

സത്യത്തില്‍ ശ്രീവിദ്യയുമായുള്ള ഭരതന്റെ അടുപ്പത്തെ വിസ്തരിക്കുന്ന ഭാഗത്തില്‍ നിന്ന് ഭരതനും ലളിതയുമായുള്ള കുടുംബബന്ധ വിവരണങ്ങളിലേക്ക് ജോണ്‍ ട്രാന്‍സിഷന്‍ ചെയ്തപ്പോള്‍ തന്നെ ചുണ്ടില്‍ ഒരു ചിരി വിരിഞ്ഞിരുന്നു. ലളിതക്ക് അവകാശപ്പെട്ടതൊന്നും ഭരതന്‍ ശ്രീവിദ്യക്ക് പകുത്ത് നല്‍കിയിരുന്നില്ല എന്ന് വായിച്ചപ്പോള്‍ പ്രിയപ്പെട്ട ജോണ്‍ ഞാനൊന്ന് ചിരിച്ചു, അങ്ങയുടെ മെയ്‌വഴക്കം ഓര്‍ത്ത് ചിരിച്ചു. എന്താണ് സാര്‍ ഇങ്ങിനെ പറയുക വഴി അര്‍ത്ഥമാക്കിയത്..?

ഇക്കാലത്ത് പുകഴ്ത്തലുകള്‍ അല്ലാതെ കാതലായ ഒന്നും “പാളങ്ങള്‍”ല്‍ വായിക്കാനില്ലെന്നതല്ലേ സാര്‍ സത്യം.

മാതൃഭൂമി ലേഖനത്തെ കാര്യമായി സ്പര്‍ശിക്കുന്നില്ലെങ്കിലും ജോണ്‍ പോളിനെക്കുറിച്ചുള്ള പ്രശാന്ത് കളത്തിലിന്റെ “ജോണ്‍ പോള്‍ മറക്കപ്പെടേണ്ടതുണ്ടോ?” എന്ന ലേഖനവും ഇതോടൊപ്പം വായിക്കാവുന്നതാണ്.

വാല്‍ക്കഷണം : പെട്ടെന്ന് എഴുതിയതാണ്. പേരുകള്‍ തെറ്റിച്ച് എഴുതിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

Featured Image Credit -> https://www.m3db.com/film/3964

അഭിപ്രായം എഴുതുക