മടക്കം

മരണ‘ത്തിന് ശേഷം കുറേ നാളുകള്‍ക്ക് മാണ് രാജുമോന്‍ ഒരു നാല് വരിയുള്ള കവിതയെങ്കിലും എഴുതുന്നത്. അവന്റെ ചിന്തകള്‍ ഉത്തേജിപ്പിക്കപ്പെടുന്ന അവസരങ്ങള്‍ പല തവണ ഉണ്ടായെങ്കിലും ഒരു പോസിറ്റീവ് റിസള്‍ട്ട് സമ്മാനിനിക്കുന്നതില്‍ അവന്‍ പരാ‍ജയപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടടുത്ത് ടിന്‍ ഫാക്ടറിക്ക് അടുത്തുള്ള കൈരളി മെസില്‍ ഊണ് കഴിച്ച് കൊണ്ടിരുന്ന എന്നെ അമ്പരപ്പിച്ച് കൊണ്ട് രാജുമോനും ബ്രിജും ഒരു കവറുമായി കടന്നു വന്നു. എന്റെ ആശ്ചര്യത്തിന്റെ ഹേതു കവറിനുള്ളില്‍ ഉണ്ടാകുമെന്ന് ഉറപ്പുള്ള റുമാനോവ് അല്ലായിരുന്നു. മറിച്ച് കൈരളിയില്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം രാജുമോന്റെ സാന്നിധ്യം സൃഷ്ടിച്ചേക്കാവുന്ന ഇം‌പാക്ടിനെ ആയിരുന്നു ഞാന്‍ ഭയപ്പെട്ടത്.

കൈരളി മെസ്സ് ഉടമ ശ്രീ.ദേവസ്സി രാജുമോന്റെ അയല്‍ക്കാരന്‍ എന്ന് പറയാവുന്ന ഒരു വ്യക്തിയാണ്. പുതുക്കാടിനടുത്ത് നന്തിക്കരയില്‍ കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് രണ്ട് കൂട്ടരുടേയും വീടുകള്‍. അത് കൊണ്ടു തന്നെ ഉദയനഗറില്‍ മറ്റ് മൂന്ന് മലയാളി മെസ്സുകള്‍ ഉണ്ടായിരുന്നിട്ടും രാജുമോന്റെ ലക്ഷ്യം ദേവസ്സിയുടെ കൈരളി അല്ലാതെ മറ്റൊന്നുമായിരുന്നില്ല. വാരിക്കോരി ചോറും ചപ്പാത്തിയും കൊടുത്ത് സ്വന്തം നാട്ടുകാരനെ സല്‍ക്കരിക്കുന്നതില്‍ ദേവസ്സിയും തികഞ്ഞ ശുഷ്കാന്തി പ്രകടിപ്പിച്ച് പോന്നു.

അങ്ങിനെ കാലം കടന്ന് പോകവെയാണ്, രണ്ട് കൊല്ലത്തെ ‘ഭക്ഷണബന്ധ’ത്തിന് ശേഷം തികച്ചും അജ്ഞാതമായ കാരണങ്ങളാല്‍ രാജുമോന്‍ കൈരളിയില്‍ നിന്ന് ‘കല്പക മെസ്സി‘ലേക്ക് കാലുമാറുന്നത്. ദിവസവും 100 രൂപയെങ്കിലും ദിവസവും വരവുള്ള സ്വന്തം നാട്ടുകാരന്റെ കാലുമാറ്റത്തില്‍ ദേവസ്സി തരിച്ചിരുന്നു.

ഇടക്ക് എന്നോട് സങ്കടത്തോടെ അന്വേഷിക്കുക പതിവായിരുന്നു.

“അവനെവിടാ‍ാ. നല്ലോണം ഭക്ഷണം കഴിക്കാറ്ണ്ടാ ആവോ.“

100 രൂപ വരവുള്ള ഒരു കസ്റ്റമര്‍ നഷ്ടപ്പെട്ടതിലല്ല മറിച്ച് രാജുമോന്റെ ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധയുള്ളതിനാലാണ് ഈ പരിവേദനങ്ങള്‍ എന്നെല്ലാം ഞാന്‍ അവനെ ബോധ്യപ്പെടുത്തിയെങ്കിലും രാജുമോന്‍ വഴങ്ങിയില്ല.

പക്ഷേ കാലം എല്ലാം മറക്കാന്‍ രാജുമോനെ സന്നദ്ധനാക്കി. പക്ഷേ നീണ്ട വിരഹം നിമിത്തം, ഇനി സന്ദര്‍ശിക്കുമ്പോള്‍ സ്നേഹപ്രകടനങ്ങളുടെ ഒരു വേലിയേറ്റം ഉണ്ടാകുമോ എന്ന ഭയത്തില്‍ തൂങ്ങി രാജുമോന്‍ പിന്നെയും കൈരളി മെസ്സിലേക്ക് അടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചു.

ആ രാജുമോനാണ് ഇപ്പോള്‍ ഇതാ എന്റെ മുന്നില്‍, നന്തിക്കരക്കാരനായ ദേവസ്സിയുടെ ഉദയനഗറിലുള്ള കൈരളി മെസ്സില്‍, നില്‍ക്കുന്നത്. രാജുമോന്റെ അപ്രതീക്ഷിത ആഗമനം കൈരളിയില്‍ വ്യാപകമായ ചലനങ്ങള്‍ ഉണ്ടാക്കി.

“നെന്നെ ന്റെ കൊച്ചനെപ്പോലെയാ ഞാന്‍ കര്തീര്ന്നെ” എന്ന് രാജുമോന്റെ പോക്കറ്റ് തപ്പി കാശില്ലേ എന്ന് നിര്‍ണയിച്ച് ശ്രീമാന്‍ ദേവസ്സി പതം പറഞ്ഞു. ദേവസ്സിയുടെ നല്ല പാതി രാജുമോനെ കണ്ടതും ഒന്ന് തേങ്ങി മൂക്ക് ചീറ്റി, മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണുകള്‍ ഒപ്പി. ഒന്നും മിണ്ടിയില്ല.

വികാരപ്രകടനങ്ങള്‍ക്ക് അധിനപ്പെട്ടതിന് ശേഷം രാജുമോന്‍ എന്റെ അരുകില്‍ വന്ന് ഇരുന്നതോടെ ഓര്‍ഡര്‍ കൊടുത്തിരുന്ന ഡബിള്‍ ഓം‌ലൈറ്റ് ഞാന്‍ ക്യാന്‍സല്‍ ചെയ്തു. അവന്‍ വാങ്ങിച്ച കപ്പയും മീന്‍‌കറിയും പാതി ഞാനെടുത്ത് അടിച്ചു.

Read More ->  ഇടിവെട്ട് പുണ്യാളന്‍

ഊണ്‍ കഴിഞ്ഞ് തിരിച്ച് റൂമില്‍ എത്തിയിട്ടും രാജുമോന്‍ കൈരളിയിലെ സംഭവവികാസങ്ങളില്‍ നിന്ന് മുക്തനായിരുന്നില്ല. വോഡ്ക ഗ്ലാസ്സ് ഒന്ന് മൊത്തി ഒരു കടലാസ് കീറിയെടുത്ത് ഏതാനും മിനിറ്റിനുള്ളില്‍ നാലഞ്ച് വരികള്‍ എഴുതി..! അതാണ് താഴെയുള്ളവ.

മരണം”ത്തിന് ശേഷം സാഹചര്യങ്ങളെ ആസ്പദമാക്കി, രാജുമോന്റെ മറ്റൊരു ചെറിയ സൃഷ്ടി.

താഴെയുള്ള വരികള്‍ എല്ലാം അവന്റേത്.

മടക്കം

ആമുഖം: This is a kind of request to my brain to stop thinking. Let my heart talk…

കാന്താരിമുളകോ അതോ
വൈകാരികവിക്ഷുബ്ധതയോ
എന്റെ കണ്ണില്‍ കണ്ണുനീര്‍ നിറച്ചു…
നിനക്ക് വരാമായിരുന്നു…
ഒന്നു കാണാനെങ്കിലും…
മാപ്പ്… മാപ്പ്… മാപ്പ്…
ഇനി മടക്കം തറവാട്ടിലേക്ക്…

എന്ന് ഹൃദയപൂര്‍വ്വം
രാജു, നന്തിക്കര.
(ഒപ്പ്)

Featured Image Credit -> http://www.charteredonline.in/2017/12/how-to-file-gstr-6-for-input-service-distributor.html

അഭിപ്രായം എഴുതുക