സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
“ഇന്ന് ഒന്നാന്ത്യാ. നായര് നിന്നോട് നേരത്തേ ചെല്ലാൻ പറഞ്ഞണ്ട്“
അമ്മ അപ്പുക്കുട്ടനെ കുലുക്കിയുണർത്തി. ഇന്നലെ രാത്രി വൈകിയാണു കിടന്നത്. എന്നിട്ടും കാലത്തുതന്നെ വിളിച്ചുണർത്തിയപ്പോൾ ദേഷ്യം തോന്നി.
“അമ്മ ഒന്നുപോയേ. ഒന്നാന്തി നാളെ കേറാം” അപ്പുക്കുട്ടൻ വീണ്ടും കിടക്കപ്പായിൽ ചുരുണ്ടു കൂടാൻ ശ്രമിച്ചു. “ഈ വെളുപ്പാൻകാലത്ത് എണീറ്റ് ചെന്നാലും നായര് ഒരു ചായെങ്കിലും തര്വോ. അതില്യാ. എന്നാലും എല്ലാ ദെവസോം ഞാനെത്തിക്കോണം. അതെന്ത് ന്യായം”
മകൻ തരിമ്പും വഴങ്ങില്ലെന്നു മനസ്സിലായപ്പോൾ അമ്മ നയത്തിൽ അടുത്തുകൂടി. “എടാ. മീരേച്ചീം രോഹിണീം വന്നണ്ട്. ഇന്നലെ ടീച്ചർ പറഞ്ഞു. നീയൊന്നു പോയിനോക്ക്”
“അയ്യോ രോഹിണ്യാ… എന്നാ അവര് പോയിട്ടേ ഞാനിനി അങ്ങടൊള്ളൂ”
“എന്താടാ. ആ കൊച്ച് നിന്നെ പിടിച്ച് തിന്ന്വോ” പിഞ്ഞിക്കീറിയ പായയിൽ അപ്പുക്കുട്ടനു അരുകിൽ അമ്മയിരുന്നു.
“തിന്ന്വോന്നില്ല. പക്ഷേ എന്റെ പൊറത്ത് കേറി കളിക്കലാ പണി. എടക്ക് കുഞ്ചിക്കഴുത്തിനും മോന്തക്കും നല്ലഅടീം കിട്ടും“
“കൊച്ചല്ലേടാ അപ്പൂ. നീ ചെല്ല്“
അമ്മ തിരിച്ചുപോയി. വീണ്ടും പായയിൽ കിടന്ന അപ്പുക്കുട്ടനെ നിദ്രാദേവി അനുഗ്രഹിച്ചില്ല. പുതച്ചിരുന്ന ഉടുമുണ്ട് അരയിൽ വാരിക്കുത്തി പായയിൽനിന്നു എഴുന്നേറ്റു. വടക്കിനിയിൽ ചെന്നു മൺചട്ടിയിലെ ഉമിക്കരിയും പച്ച ഈർക്കിളിയുമെടുത്തു പല്ലുതേച്ചു. മതിൽചാടി പിള്ളയുടെ വിശാലമായ പറമ്പിലൂടെ വീടിന്റെ പൂമുഖത്തേക്കു നടന്നു.
അപ്പുക്കുട്ടൻ എല്ലാദിവസം പിള്ളയുടെ വീട്ടിൽപോയി പത്രംവായിക്കുന്നത് അമ്മക്കു ഇഷ്ടമാണ്. പുതിയമാസമായതു കൊണ്ടല്ല, മറിച്ച് പത്രം വായിച്ചും കുറച്ചു അറിവുകൾ ലഭിക്കട്ടെ എന്നു കരുതിയാണ് അമ്മ ദിവസവും രാവിലെ എഴുന്നേൽപിച്ചു വിടുന്നത്. ആദ്യകാലങ്ങളിൽ ഈവിധ ചെയ്തികളോടു മമത ഇല്ലായിരുന്നെങ്കിലും ക്രമേണ പത്രംവായന അപ്പുക്കുട്ടനു ആവേശമായി മാറിയിരുന്നു. വിസ്താരമേറിയ പറമ്പിലൂടെ നടന്നു പിള്ളയുടെ വീട്ടിലെത്തിയപ്പോൾ പൂമുഖത്തു സന്ദര്‍ശകരുടെ ചെരുപ്പുകൾ ഒന്നുമില്ല. മീരചേച്ചി ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കാൻ പോയിരിക്കും.
റോഡരുകിലേക്കു ചെന്നു. പത്രവിതരണക്കാരൻ സുധാകരന്റെ കയ്യിൽനിന്നു മാതൃഭൂമി പത്രം ചൂടോടെവാങ്ങി തിരിച്ചെത്തിയപ്പോൾ അടുക്കളഭാഗത്തു തുപ്പുന്നതിന്റേയും കാർക്കിക്കുന്നതിന്റേയും ചെറുതല്ലാത്ത കോലാഹലങ്ങൾ. പിള്ള പല്ലുതേക്കുകയാണ്. പത്തുമിനിറ്റിനുള്ളിൽ പ്രാഥമികകൃത്യങ്ങൾ നിർവഹിച്ചു, തോളിൽ എപ്പോഴും കാണാവുന്ന ചുവന്ന തോർത്തുകൊണ്ടു ശരീരമാകെ വീശി പിള്ള പൂമുഖത്തു വന്നു. തറയിൽ കമഴ്ന്നുകിടന്നു കായികം പേജ് അരിച്ചു പെറുക്കുന്ന അപ്പുക്കുട്ടനെ നോക്കി മൂളിയശേഷം, തിണ്ണയോടു ചേർത്തിട്ടിരിക്കുന്ന ചാരുകസേരയിൽ നിവർന്നു കിടന്നു. കണ്ഠശുദ്ധി വരുത്താനായി തല മുകളിലേക്കുയർത്തി, സാമാന്യം ശബ്ദത്തിൽ കാർക്കിച്ചു.
“ആക്ര്‍ഷാ…” വായിൽ നിറഞ്ഞ തുപ്പൽ മുറ്റത്തിന്റെ വടക്കേമൂലയിലുള്ള ഒട്ടുമാവിന്റെ കടക്കൽ ആഞ്ഞുതുപ്പി. “ഫ്തൂം…”
അലസതയോടെ പതിവുചോദ്യം പിന്നാലെ എത്തി. “എന്താടാ ഇന്ന് വെണ്ടയ്ക്കാ ന്യൂസ്?”
പിള്ളയെ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും വിളിക്കുക ‘നായര്’ എന്നാണ്. നല്ല പ്രായവ്യത്യാസം ഉണ്ടെങ്കിലും, ചെറുപ്പത്തിൽതന്നെ അപ്പുക്കുട്ടനും അങ്ങിനെ ശീലിച്ചു.
“ചാരക്കേസാ നായരേ. വർക്കിങ്ങ് കമ്മറ്റീല് മൂപ്പനാരുടെ നിലപാട് കരുണാകരന് അനുകൂലമാണെന്ന് പറഞ്ഞിരിയ്ക്കുന്നു”
തിരുത്തൽവാദിയായ പിള്ള ചാരുകസേരയിൽ മുന്നോട്ടാഞ്ഞ്, കസേരയുടെ കാൽ വയ്ക്കാനുള്ള പടിയിൽ കൈത്തലം ആഞ്ഞടിച്ചു ചൂടായി. “ഓ അങ്ങിനെയാ. അനുകൂലമാണെന്ന് പറഞ്ഞത് ആരാടാ?”
“ഞാൻ മുഴുവൻ വായിച്ചില്ലാ. വായിച്ചട്ട് പറയാം” അപ്പുക്കുട്ടൻ വീണ്ടും വായനയിലാണ്ടു.
കുറ്റിത്താടി തടവി, തോർത്തുകൊണ്ടു ശരീരമാകെ വീശി പിള്ള മൌനിയായി. കുറച്ചുകഴിഞ്ഞു അപ്പുക്കുട്ടനു അന്നത്തെ വിഷയം വിശദമായി പറഞ്ഞുകൊടുത്തു. ആരാണ് ജി കെ മൂപ്പനാർ. കാമരാജ് വാണ തമിഴകത്തെ എങ്ങിനെയാണ് പ്രാദേശിക കക്ഷികൾ ഭാഷാപ്രശ്നത്തിലൂന്നി റാഞ്ചിയത്. ഇത്യാദി മര്‍മ്മപ്രധാനവിഷയങ്ങൾ. സ്പോർട്‌സ് പേജ് മാത്രം വായിക്കാറുണ്ടായിരുന്ന അപ്പുക്കുട്ടനെ രാഷ്ട്രീയ വാർത്തകളിലേക്കു നയിക്കുന്നത് പിള്ളയുടെ ഹോബിയായിരുന്നു.
മെലിഞ്ഞ ശരീരം. നരച്ച കുറ്റിത്താടി. കുട്ടിക്കാലത്തു പച്ചകശുവണ്ടി കടിച്ചതിന്റെ തെളിവായി ചുണ്ടിന്റെ ഇടതുകോണിൽ ശ്രീലങ്കയുടെ ആകൃതിയിൽ വെളുത്ത പാട്. കഴുത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന അധികം തൂക്കമില്ലാത്ത സ്വർണമാല. ആംഗ്യവിക്ഷേപങ്ങളോടെ പറഞ്ഞ ഓരോ വാചകവും വീണ്ടും ആവർത്തിച്ചു പറയുന്ന സംഭാഷണശൈലി. കറകളഞ്ഞ ക്രിക്കറ്റ് ഭ്രാന്തൻ. നവജ്യോത്‌സിങ് സിദ്ദുവും വെസ്റ്റിൻഡീസിന്റെ മാരക ഫാസ്റ്റ് ബൌളർമാരും, പ്രത്യേകിച്ചും പാട്രിക് പാറ്റേഴ്സൺ, കൺകണ്ട ദൈവങ്ങൾ. പിന്നെ എല്ലാത്തിനും ഉപരിയായി ഓരോമിനിറ്റിലും കാർക്കിച്ചുതുപ്പി കണ്ഠശുദ്ധി വരുത്തുന്ന പ്രകൃതം. ഇദ്ദേഹമാണ് നിബിഢമായ വയനാടൻ കാടുകളിൽ സ്വൈരവിഹാരം നടത്തിയിരുന്ന നക്സലൈറ്റുകളേയും കാട്ടുകള്ളന്മാരെയും കിടുകിടാ വിറപ്പിച്ച് തുരത്തിയോടിച്ച, ഏറ്റവും മികച്ച ഷാർപ്പ് ഷൂട്ടർക്കുള്ള സംസ്ഥാനഅവാർഡ് അഞ്ചുതവണ തുടർച്ചയായി നേടി റെക്കോർഡിട്ട കിടയറ്റ ഫോറസ്റ്റ് റേഞ്ചറും ശിക്കാരിയുമായ കക്കാട് ഗീതാനിവാസിലെ എം.ജി. പ്രഭാകരൻ പിള്ള എന്ന എം.ജി.പി.പിള്ള.
മറയൂരിലും ഷോളയാറിലും റേഞ്ചറായി വിലസിയ പിള്ളയുടെ സർവ്വീസിലെ കടുത്ത പ്രതിസന്ധിയാണ് സർക്കാരിലെ എതിരാളികൾ, ഗൂഢാലോചന നടത്തി, നക്ലലൈറ്റുകൾ അരങ്ങുവാണിരുന്ന വയനാടൻ കാടുകളിലേക്കു സ്ഥലം മാറ്റിയപ്പോൾ അദ്ദേഹം അഭിമുഖീകരിച്ചത്. പക്ഷേ എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് അദ്ദേഹം പെൻഷൻ പറ്റിയത്, കാട്ടുകള്ളന്മാരില്ലാത്ത വയനാടൻ കാടുകൾ വിനോദസഞ്ചാരികളുടെ ഇഷ്ടലോക്കേഷനായി മാറ്റിമറിച്ചു കൊണ്ടായിരുന്നു. ചാരുകസേരയിൽ ചാഞ്ഞുകിടന്നു പിള്ള ആ സ്മരണകളുടെ കെട്ടഴിച്ചു.
“ഞാൻ റേഞ്ചറായിരിക്കുമ്പോ ചന്ദനത്തടി പോയിട്ട് ഒരു ചുള്ളിക്കമ്പ് പോലും കടത്താൻ പറ്റില്ലെന്ന് ഒറപ്പുണ്ടായിരുന്ന വനംലോബി കളിച്ചതിന്റെ ഫലമായിരുന്നെടാ എന്റെ ട്രാൻസ്‌ഫർ”
പിള്ളയുടെ കൃത്യനിർവഹണത്തിലെ കണിശതകൾ അറിയാത്ത അപ്പുക്കുട്ടൻ സംശയാലുവായി. “അപ്പോ മറയൂരിലെ ചന്ദനക്കാടൊക്കെ മൊട്ടക്കുന്നായത് നായര്ടെ കാലത്താന്ന് നാട്ടാര് പറേണതോ”
തർക്കുത്തരങ്ങൾ എന്നും ആവേശമായ പിള്ള അപ്പുക്കുട്ടനെ ആട്ടി. “നാട്ടാര്… അവരോട് പോകാമ്പറ. എനിക്കിട്ട് പണിയലാടാ അവര്ടെ പ്രധാനജോലി!“
സംസാരം ഒരുനിമിഷം നിർത്തി പിള്ള വീണ്ടും രൂക്ഷമായി ആക്രോശിച്ചു. “എടാ ഏറ്റവും മികച്ച ഷൂട്ടർക്കൊള്ള… വെറും ഷൂട്ടർക്കല്ല മറിച്ച് ഷാർപ്പ് ഷൂട്ടർമാർക്ക് മാത്രൊള്ള സംസ്ഥാന അവാർഡ് അഞ്ചുതവണ ഞാൻ മന്ത്രീടെ കയ്യീന്ന് പുല്ലുപോലെ വാങ്ങി. അഞ്ചുതവണ. എന്നട്ടും നീയീ പറേണ നാട്ടാര് എന്തോ ചെയ്തു. അല്ല നീ പറ, നാട്ടാര് എന്തോ ചെയ്തു?”
അപ്പുക്കുട്ടൻ അല്‍ഭുതപ്പെട്ടു. “ഇതീ നാട്ടാര് എന്തോ ചെയ്യാനാ നായരെ“
പിള്ള ചാരുകസേരയുടെ പടിയിൽ കൈത്തലം ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കി. “ഇല്ലേ. എടാ ചെയ്യാനൊന്നൂല്ല്യെ. എനിക്കൊരു സ്വീകരണം തന്നൂടേടാ അവർക്ക്!”
അപ്പുക്കുട്ടൻ പെട്ടെന്നു ചുമരിൽചാരി. ഒന്നുനിർത്തി അണപ്പ് നിയന്ത്രിച്ചു പിള്ള പിന്നെയും ഫയറിങ്ങ് തുടങ്ങി.
“തന്നില്ല… ഞാനത് സാരല്യ പോട്ടേന്ന് വച്ചു. അതേ സമയം നമ്മടെ അയ്യപ്പന്റെ ചെക്കൻ ശ്രീനി ശ്രീശങ്കര കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പീ ജയിച്ചപ്പോ അവന് ആനേം അമ്പാരീം ഒക്കെ കൊണ്ടോന്ന് സ്വീകരണം കൊടുത്തു ഇവന്മാര്. എന്തിനാ?… നീ പറേടാ എന്തിനാന്ന്?”
“എനിക്കറീല്ല”
അപ്പുക്കുട്ടൻ കയ്യൊഴിഞ്ഞു. പിള്ള തറപ്പിച്ചു പറഞ്ഞു. “എന്നെ അപമാനിക്കാൻ വേണ്ടീട്ടാടാ. അത്രന്നെ. നിനക്കറിയോ… സ്വീകരണം നടക്കണേന് എടേല് എന്റെ എരട്ടക്കൊഴൽ തോക്കോണ്ട് എല്ലാത്തിനേം കാച്ചിക്കളയാൻ പോയതാ ഞാൻ. പക്ഷേ പേങ്ങൻ സമ്മതിച്ചില്ല. അവനെന്റെ വെടിയുണ്ടബെൽറ്റ് എവട്യാണ്ട് കൊണ്ടോയി ഒളിപ്പിച്ചു. അങ്ങന്യാ നാട്ടാരന്ന് രക്ഷപ്പെട്ടെ. അല്ലെങ്കി ഒന്നിനേം ഞാൻ വെറ്‌തെ വിടില്ലായിരുന്നു“
പിള്ള ഉപസംഹരിച്ചു. “അതോണ്ട് നാട്ടാര് ചെയ്യണത് നോക്കി നീയെന്നെ വിലയിരുത്തര്ത്. അവര് പറേണത് വിശ്വസിക്കേമരുത്”
അപ്പുക്കുട്ടൻ നാട്ടുകാരിൽനിന്നു കേട്ടിട്ടുള്ളതും നേരിൽ കണ്ടിട്ടുള്ളതുമായ ഒരു വസ്തുതയുടെ സത്യാവസ്ഥ അന്വേഷിച്ചു. “അപ്പോ നായര് കെടന്നൊറങ്ങണത് ചന്ദനത്തിന്റെ കട്ടിലിലാണെന്ന് നാട്ടാര് പറേണതും പുളുവാണോ?”
പിള്ള പരുങ്ങി. അത് മറക്കാൻ സ്ഥിരം അടവ് ഉടൻ പുറത്തെടുത്തു. “ആക്രാഷ്… ഫ്തൂം”
പിന്നെ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്കൊന്നുമില്ല എന്ന ഭാവത്തിൽ അലസമായ മറുപടി. “ഓ കട്ടിലാ… കട്ടില്. കട്ടില് ഞാൻ കാശുകൊടുത്ത് വാങ്ങീതാടാ”
പറഞ്ഞ മറുപടി ദുർബലമാണെന്ന് തോന്നിയതുകൊണ്ടാകണം പിള്ള വീണ്ടും ചൂടായി. “എടാ നിനക്കറിയോ. എന്റെ സർവ്വീസ് കാലത്ത് കാടായ കാടൊക്കെ എളക്കി മറിച്ച് നടക്കായിരുന്ന വീരപ്പൻ എന്തോണ്ടാ മറയൂരീ മാത്രം ചന്ദനം കക്കാൻ വരാണ്ടിര്ന്നേന്ന്?“
അപ്പുക്കുട്ടൻ അറിയില്ലെന്ന അർത്ഥത്തിൽ ചുമലനക്കി. പിള്ള മുഷ്ടിചുരുട്ടി നെഞ്ചത്തടിച്ചു പറഞ്ഞു. “എന്നെ പേടിച്ച്. ഈ എം.ജി.പി പിള്ളേനെ പേടിച്ച്. പക്ഷേ നീയീ പറേണ നാട്ടാര് അപ്പോഴും പറേം വീരപ്പൻ ഒരുണ്ട വേസ്റ്റാക്കണ്ടാന്ന് വെച്ചാ വരാണ്ടിര്ന്നേന്ന്. അത്ര വെവരേ അവർക്കൊള്ളൂ“
ആ മറുപടിയിൽ അപ്പുക്കുട്ടൻ തോറ്റുകൊടുത്തു. ചന്ദനത്തിൽ തട്ടി വഴിതെറ്റിയ സംഭാഷണം പിള്ള വീണ്ടും വയനാടൻ കാടുകളിലേക്കു കൊണ്ടുവന്നു.
“ട്രാൻസ്ഫർ ലെറ്റർ എന്റെ കയ്യീത്തന്ന് ഡിഎഫ്‌ഒ കണ്ണുതുടച്ചു. പിന്നെ തോളീത്തട്ടി പതം പറഞ്ഞ് തേങ്ങിയെടാ. അയാം സൊറി പ്രഭേ… മിനിസ്റ്ററാണ് ഇടപെട്ടിരിക്കുന്നത്. രക്ഷയില്ല”
പിള്ള മുഖഭാവം രോഷത്തിൽനിന്നു ഘോരഭാവത്തിലേക്കു മാറ്റി.
“വയനാടാണെങ്കി അന്നേതന്നെ നക്സലൈറ്റുകളുടെ വിളനിലാ. പോരാഞ്ഞ് ആനക്കൊമ്പ്‌വേട്ടക്കാര്, കഞ്ചാവ്കൃഷിക്കാര്… ഇവരൊക്കെ പെറ്റ് കെടക്കണതും അവിടത്തന്നെ. ട്രാൻസ്‌ഫർ കാര്യറിഞ്ഞപ്പോ പത്മു അറുത്തുമുറിച്ച് പറഞ്ഞു, അങ്ങട് പോണ്ടാന്ന്. പക്ഷേ ഞാൻ കേക്ക്വോ. വെല്ലുവിളികളൊക്കെ അന്നും ഇന്നും എനിക്ക് ത്രില്ലാ”
അപ്പുക്കുട്ടൻ താങ്ങി. “പിന്നല്ലാ“
“വയനാട്ടീ ഞാൻ ജോയിൻ ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പഴാടാ എന്നെ പണ്ടാരടക്കാൻ മോളീന്ന് നിർദ്ദേശം വന്നെ. ഞാനുൾപ്പെടുന്ന സംഘം ഉൾക്കാട്ടിലേക്ക് നീങ്ങണന്ന്. അവിടെ എന്താണ്ടൊക്കെ പ്രശ്നമുണ്ട് പോലും”
“എന്തായിരുന്നു പ്രശ്നം?”
“ആനക്കൊമ്പ് വേട്ടക്കാര് എറങ്ങീണ്ട്ന്നാ മോളീന്ന് പറഞ്ഞെ”
“അതൊരു പ്രശ്നാണോ നായരെ. അവർക്കും വീടും കുടുംബോം ഒള്ളതല്ലേ. ജീവിക്കണ്ടെ”
“ആ… അതേടാ. അതല്ലേ ഞാനിതീ ഗൂഢാലോചന മണത്തെ”
സംഗതികൾ ഗൌരവമായതോടെ അപ്പുക്കുട്ടൻ അനങ്ങിയിരുന്നു.
“സ്വാതന്ത്ര്യദിനത്തിന്റെ അന്നാ ഞാനും മൂന്ന് ഗാർഡുകളും ഉൾക്കാട്ടിലേക്ക് യാത്ര തൊടങ്ങീത്. അന്നാണെങ്കി നല്ല മഴയൊള്ള കാലാ. കോട്ടും തൊപ്പീമൊക്കെ വച്ചട്ടും ആകെ നനഞ്ഞു. പോരാഞ്ഞ് മുടിഞ്ഞ തണുപ്പും. ഞങ്ങളങ്ങനെ സാവധാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴാടാ കൊറച്ചകലെ ഒരു വലിയപാറ ഞാൻ കണ്ടത്. അതിനപ്പുറത്ത് നിന്നോ… എന്താണ്ടൊക്കെ അറക്കണ സൌണ്ടും”
അപ്പുക്കുട്ടൻ ആവേശഭരിതനായി. “എന്നട്ട്?”
“അപ്പറത്ത് എന്തോ ആക്ഷനുകൾ നടക്കാണെന്ന് മനസ്സിലായതും എന്റെ ഉള്ളീക്കോടെ ഒരു മിന്നൽ പാഞ്ഞു. നക്സലൈറ്റുകളാണെങ്കി കാര്യം തീർന്നു“
“അതെന്താ നായരെ?”
“അവര്‍ തനി കാടന്മാരാടാ. കണ്ടാ ഒടനെ വെടിവക്കും. ഉന്നാണെങ്കി തെറ്റേമില്ല”
അപകടം തന്നെയാണെന്നു അപ്പുക്കുട്ടനും ഉറപ്പിച്ചു.
“നക്സലൈറ്റുകളാണെങ്കി എന്താ ചെയ്യണ്ടേന്ന് ചിന്തിക്കുമ്പഴാ എനിക്കാ കാര്യം മനസ്സിലായെ. എന്താന്ന് വെച്ചാ ഞങ്ങള്‍ നിന്നത് ഒരു പാറേടെ മറവിലല്ല, മറിച്ച് ചരിഞ്ഞ ഒരു കൊമ്പനാനേടെ ശവത്തിന്റടുത്താന്ന്. എന്റെ മഹത്തായ സർവ്വീസിലാദ്യായാടാ ഞാൻ നോക്കണ ഏരിയേലെ ഒരു കൊമ്പനെ ആനക്കൊമ്പിന് വേണ്ടി കൊല്ലണത്. ചത്തുമലച്ച് കെടക്കണ ആ കരിവീരനെ കണ്ടപ്പോ എന്റെ ചോരതെളച്ചു. ആരാ ഈ അക്രമം ചെയ്‌തേന്നറിയാൻ കൊമ്പന്റെ മറവീന്നു ഒളിഞ്ഞ് നോക്കി. പക്ഷേ അപ്പറത്ത് നിക്കണ ആളെ കണ്ടതും എനിക്ക് മോഹാലസ്യം വന്നു”
“ആരായിരുരുന്നു നായരെ അത്. നക്സലൈറ്റുകളാ?“
പിള്ള ശബ്ദം കുറച്ചു പറഞ്ഞു. “മ്മടെ സുകുമാരൻ”
അപ്പുക്കുട്ടനു ഒന്നും മനസ്സിലായില്ല. “സുകുമാരനാ“
“ഹ എടാ. സുകുമാരക്കുറുപ്പ്!”
വിവരണം കേട്ടിരുന്ന അപ്പുക്കുട്ടൻ പിന്നോട്ടു മലച്ചു. കുറച്ചുകാലം മുമ്പ് സുകുമാരക്കുറുപ്പിനെ പറ്റിയുള്ള മുഴുവൻ കാര്യങ്ങളും പിള്ള അപ്പുക്കുട്ടനെ ധരിപ്പിച്ചിരുന്നു. രാവിലെയായിരുന്നിട്ടും ആ ഓർമകളുടെ ചൂടിൽ പിള്ള കുടുകുടെ വിയർത്തു. “എന്താ ഗാംഭീര്യം! കേരളാ പോലീസിനെ മൂക്കോണ്ട് ക്ഷ വരപ്പിച്ച കുറുപ്പ് ഇതാ എന്റെ മുന്നീ. പിടിച്ചുകൊടുത്താ അഞ്ച് ലക്ഷാ തലവരി. ടാക്സിന്റെ കാര്യം മാത്രാ പ്രശ്നൊള്ളൂ“
ടാക്സോ!
അപ്പുക്കുട്ടനു സംശയമായി. “അപ്പൊ നായര് ടാക്സൊക്കെ അടക്കാറ്‌ണ്ടല്ലേ”
“ആര് ഞാനാ. ഹഹഹ. എടാ ടാക്സിന്റെ കാശ് ചോദിച്ച് ആരെങ്കിലും ഈ പടികടന്നാ ഞാനവനെ കാച്ചും. നൂറ് തരം“
“അപ്പൊ കൊറച്ച്മുമ്പ് ടാക്സ് പ്രശ്നാന്ന് പറഞ്ഞത്“
“അതൊരു നാക്കുപെഴയാർന്നു. വിട്ട് കള”
പിള്ള വീണ്ടും വിഷയത്തിലേക്കു വന്നു. “പിടിച്ചു കൊടുത്താ കിട്ടണ തലവരീടെ കാര്യം ആലോചിച്ചതേള്ളൂ. അപ്പഴേക്കും എന്റെ കഴുത്തിന് പിന്നിലൊരു തോക്കിൻമുനേടെ സ്പർശം. കുറുപ്പിന്റെ അനുചരനായിരുന്നെടാ അത്. എരട്ടക്കൊഴൽ തോക്ക് കൈവശോള്ള അവനെ കണ്ടപ്പൊ എന്റെ ഗാർഡുകളൊക്കെ ഓടിപ്പോയി”
പിള്ള പ്രാകി. “പുഷ്പന്മാര്…”
സംഭാഷണം ഇത്രയും എത്തിയപ്പോൾ പിള്ളയുടെ സഹധർമ്മിണി ചായയുമായി വന്നു. ചായമൊത്തി പിള്ള വീണ്ടും കുറുപ്പിലേക്ക് തിരിഞ്ഞു.
“കുറുപ്പിന്റെ രണ്ട് അനുയായികൾ എന്നെ ഉറുമ്പടക്കം വട്ടംപിടിച്ചെടാ. അവര് നല്ല മല്ലന്മാരായിരുന്നു. പക്ഷേ ഞാൻ നമ്മടെ കരുണന്റെ അടുത്ത്ന്ന് പണ്ട് പഠിച്ച കളരിമുറകളിലൊന്നങ്ങട് പ്രയോഗിച്ചു. രണ്ടെണ്ണോം തെറിച്ച് പോയി. അവസാനം ശാരീരികായി എന്നോട് മുട്ടിനിക്കാൻ പറ്റില്ലാന്ന് വന്നപ്പോ അവരെന്റെ തലക്കുനേരെ തോക്ക്ചൂണ്ടി, കയറോണ്ട് വരിഞ്ഞ് കെട്ടി കുറുപ്പിന്റെ മുന്നീ മുട്ടുകുത്തി നിർത്തിച്ചു“
“നായര് പിന്നെ എങ്ങനാ അവട്ന്ന് രക്ഷപ്പെട്ടെ?”
ഇടക്കു കയറിയുള്ള അപ്പുക്കുട്ടന്റെ അന്വേഷണത്തിൽ പിള്ള അലസോരം ഭാവിച്ചു. “ഹ ഞാൻ പറയാന്ന്. നീ തോക്കീക്കേറി കാഞ്ചി വലിക്കാതെ“
പിള്ള ചായ ഒന്നുകൂടി മൊത്തി കപ്പ് കാലിയാക്കി.. “മുട്ടുകുത്തി നിക്കണ എന്നെ കണ്ടപ്പോ കുറുപ്പ് ചിരിക്കാൻ തൊടങ്ങി. ഒരുജാതി ചോര മരവിപ്പിക്കണ ചിരി. നീയൊക്കെ ആ ചിരി കണ്ടാ ബോധംകെട്ട് വീഴും. അത്ര ഭയാനകായിരുന്നു“
പിള്ളയുടെ വിവരണത്തിനനുസരിച്ച് അപ്പുക്കുട്ടന്റെ മുഖവും വിവിധഭാവങ്ങൾ കൈവരിച്ചു.
“പക്ഷേ ആ കൊലച്ചിരി കണ്ടട്ടും എന്റെ മോത്ത് പേടീടെ ലാഞ്ചനപോലും വന്നില്ലടാ. അവസാനം എന്നെ പേടിപ്പിക്കാൻ പറ്റില്ലെന്ന് മനസ്സിലായപ്പോ കുറുപ്പ് തോക്കെടുത്തു. എന്റെ നേർക്ക് ഉന്നം പിടിച്ചോണ്ട് വന്നു. തൊട്ടട്ത്ത് എത്തീതും”
പിള്ള വിവരണം നിർത്തി മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. “ആക്രാഷ് ഫ്‌തും”
“എടാ പരമൂന്റെ കടേന്നാ ചായക്കിട്ട തേയില വാങ്ങ്യെ. അതിന് ഒരു വക ചൊവയാ. എനിക്കവനൊന്ന് കാണണം. മായം ചേർത്തതാണെങ്കി അവനെ ഞാൻ നാളത്തന്നെ കാച്ചും. നീ വേണോങ്കി വേറൊരു കട തൊടങ്ങിക്കോ”
“നായരെ അടുത്തെത്തീതും…” അപ്പുക്കുട്ടൻ ഓർമിപ്പിച്ചു. ഇല്ലെങ്കിൽ പുള്ളി ചിലപ്പോൾ ഒന്നുംമിണ്ടാതെ എഴുന്നേറ്റുപോകും. പിള്ളയുടെ സ്ഥിരം നമ്പറാണ് ഇത്തരത്തിലുള്ള ഇടവേളകൾ.
“എടാ അടുത്തെത്തീതും, ഞാൻ പ്രതീക്ഷിച്ചപോലെ കുറുപ്പ് എന്നോട് മുറിത്തമിഴിൽ മാപ്പുപറഞ്ഞു!. സോറി മിസ്റ്റർ പ്രഭാകർ. ഉങ്കളുക്ക് സൌഖ്യം താനാ. നാൻ ഉങ്കളെപ്പറ്റി കേട്ടിര്ക്ക്. ഉങ്കളോടെ ഉശിർ എനക്ക് റൊമ്പ പുടിച്ചിരിക്ക്. ഉങ്കൾ ഇങ്കെ ഇരിക്കിതെന്ന് തെരിയപ്പോറാ നാൻ ഇങ്കെ വരാമാട്ടേൻ. ഉങ്കളെ എനക്ക് റെസ്പക്ക്റ്റ് ഇരുക്കു. പോങ്കോ“
ഇത്രയും പറഞ്ഞു പിള്ള ചുമരിലേക്കു കൈചൂണ്ടി. അവിടെ രണ്ട് ആണിയിൽ തൂങ്ങുന്ന വലിയ ഇരട്ടക്കുഴൽ തോക്ക്.
“അന്ന് രാത്രി അവടന്ന് പോരുമ്പോ കുറുപ്പ് സമ്മാനായി തന്നതാടാ ഈ തോക്ക്. ആദ്യം ഞാനിത് ഉപയോഗിക്ക്വായിരുന്നു. പക്ഷേ ഇപ്പോ ശിക്കാരി ജീവിതം എനിക്ക് മതിയായി“
പിള്ള എല്ലാം പറഞ്ഞു അവസാനിപ്പിച്ചു. ചാരുകസേരയിൽ കാലുകൾ പൊക്കിവച്ചു നീണ്ടുനിവർന്നു കിടന്നു. അപ്പുക്കുട്ടൻ വീണ്ടും പത്രത്തിലേക്കു തിരിഞ്ഞു. ഫ്രാൻസിസിന്റെ അന്വേഷണത്തെപ്പറ്റി ഓർത്തതും അപ്പോൾ തന്നെ.
“നായരെ. ഇന്നലെ സ്കൂളീന്ന് വരുമ്പൊ ഞാൻ ഫ്രാൻസിസിനെ കണ്ടു. പുള്ളി നായര് എപ്പഴാ വീട്ടിലിണ്ടാവാന്ന് ചോദിച്ചു”
പിള്ള ഉഗ്രമായി ഞെട്ടി. കാലുകൾ താഴെ ഇറക്കിവച്ചു ചാരുകസേരയിൽ മുന്നോട്ടാഞ്ഞു. “ങ്ഹേ. ആര് പ്രാഞ്ച്യാ. എന്ന്യാ?“
അപ്പുക്കുട്ടൻ ആവർത്തിച്ചു. “അതേന്ന്. നായരെക്കണ്ട് എന്തോ സംസാരിക്കാണ്ടെന്ന് പറഞ്ഞു”
“ശാസ്താവേ… എന്നട്ട് നീയെന്താ പറഞ്ഞെ?”
“വൈകീട്ട് വന്നാ കാണാന്ന്”
പിള്ള ദേഷ്യപ്പെട്ടു. “ഛായ്. നിന്നെക്കൊണ്ട് തോറ്റല്ലോടാ ശവീ. നെനക്ക് ഞാനിവിടെ ഇല്ലാന്ന് പറഞ്ഞൂടാർന്ന്”
“പക്ഷേ നായര് ഇവിടില്ലാണ്ട് വേറെ എവിടെപ്പോവാൻ. പ്രാഞ്ചി അന്വേഷിക്കണത് കശുവണ്ടിക്കാര്യം പറയാനാ. അല്ലാണ്ട് തല്ലാനൊന്ന്വല്ലാ”
വെസ്റ്റ് കൊരട്ടിക്കാരനായ ഫ്രാൻസിസാണ് കക്കാടിലെ കശുമാവ്, തെങ്ങ്, പ്ലാവ് തുടങ്ങിയവ ഓരോ സീസണിലും മൊത്തവിലക്കു വാങ്ങി ആദായമെടുക്കുക. കക്കാടിലെ പലരും ഫ്രാൻസിസിന്റെ പതിവുകാരാണ്, പിള്ള ഒഴികെ.
“ഫ്രാൻസിസിന് കശുമാവ് കൊടുത്താ എന്താ നായരേ പ്രോബ്ലം?”
പിള്ള മുറ്റത്തേക്കു കാർക്കിച്ചു തുപ്പി. താമസിയാതെ ഫയറിങ്ങ് തുടങ്ങി. “അവന് ഞാൻ കശോണ്ടി കൊടുക്ക്വേ. എടാ നിനക്കറിയോ. ആ പ്രാഞ്ചി ഈ കക്കാട്ടെ ഏതൊക്കെ വീട്ടിക്കേറീണ്ടോ ആ വീട്ടാരൊന്നും ഗുണം പിടിച്ചട്ടില്ല. അറിയോ“
അപ്പുക്കുട്ടൻ മിഴിച്ചുനിന്നു.
”നമ്മടെ ദാസന്റെ കാര്യം. എന്തായിരുന്നു അവന്റെ സ്റ്റാറ്റസ്. കാറ്, ബംഗ്ലാവ്, സ്വർണം പൂശ്യ വാച്ച്. പക്ഷേ പ്രാഞ്ചി കേറ്യപ്പോഴോ. നീ പറേടാ പ്രാഞ്ചി കേറ്യപ്പോഴോ?“
അപ്പുക്കുട്ടന്റെ തുടർമൌനം പിള്ളയെ കൂടുതൽ ആവേശത്തിലാക്കി. “ഹഹഹ. ഇപ്പോ ദാസൻ അമ്പലങ്ങളിലെ ഉത്സവങ്ങൾക്ക് കിലുക്കിക്കുത്ത് വക്കണ്!. ഈ വീടിന്റെ പടി കേറ്യാ ഇവിടോം അവൻ കുളം തോണ്ടും. അതോണ്ട് എന്റെ പറമ്പിലെ കശുമാവൊക്കെ വെട്ടിക്കളഞ്ഞെന്ന് അവനോട് പറഞ്ഞേക്ക്“
പുരാണം പറച്ചിൽ കഴിഞ്ഞ്, പേപ്പർവായന പൂർത്തിയാക്കി അപ്പുക്കുട്ടൻ ഇറങ്ങാൻനേരം പിള്ള ഓർമിപ്പിച്ചു. “എടാ. നീയാ പേങ്ങനെക്കണ്ടാ ഇങ്ങട് വരാൻ പറേണം. മൂന്ന് ദെവസായിട്ട് അവനെ കാണാല്യ” പിള്ള സംസാരം കുറച്ചുകൂടി ഉച്ചത്തിലാക്കി.
“തെങ്ങിന് വെള്ളം തിരിക്കാണ്ട് മച്ചിങ്ങ കൊഴിയണ്ട്. ഇന്ന് വന്നില്ലെങ്കി ഇനിയിങ്ങട് വരണ്ടാന്ന് പറഞ്ഞേക്ക്“
<>പിള്ളേച്ചന് ഒന്ന് നിര്‍ത്തി. പിന്നെ മുറ്റത്തേക്ക് കാര്‍ക്കിച്ച് തുപ്പി.>>“ആക്രാഷ്…“>>“പ്ഫ്തും…”>>“എടാാ പരമൂന്റെ കടേന്നാ ചായക്കിട്ട തേയില വാങ്ങിയെ. അതിന് ഒരു വക ചൊവയാ. അവനെ ഞാനൊന്ന് കാണണ്ണ്ട് നാളെ. മായം ചേര്‍ത്തതാണെങ്കി ഞാനവനെ കാച്ചും”>>“നായരെ അടുത്തെത്തിയതും…”>>ഞാന് ഓര്‍മിപ്പിച്ചു. >ഇല്ലെങ്കില് പുള്ളി ചിലപ്പോള് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകും. പിള്ളയുടെ സ്ഥിരം നമ്പറാണ് ഇത്തരത്തിലുള്ള ഇടവേളകള്.>>“എടാാ എന്റെ അടുത്തെത്തീതും, ഞാന് പ്രതീക്ഷിച്ച പോലെ സുകുമാരക്കുറുപ്പ് എന്നോട് മുറിത്തമിഴില് മാപ്പ് പറഞ്ഞു..!!!”<>>>>റിപ്പോര്‍ട്ടഡ് സ്പീച്ചിലൂടെ കഥാപാത്രങ്ങളെയും അവരുടെ ചെയ്തികളെയും അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമം. >>പിള്ളയുടേത് ആരേയും കൂസാത്ത ഒരു സവിശേഷമായ ക്യാരക്ടര്‍ ആണ്. ഗദ്യം വഴി അത് മുഴുവന്‍ പ്രതിഫലിപ്പിക്കുവാന്‍ സാധിക്കില്ല എന്ന് മനസ്സില്‍ തോന്നിയപ്പോള്‍ സംഭാഷണത്തിന് മുന്‍തൂക്കം കൊടുത്ത് കൊണ്ടുള്ള രചനാശൈലി അവലംബിച്ചു. എല്ലാം എഴുതിക്കഴിഞ്ഞ് ഒരു ആവര്‍ത്തി വായിച്ചപ്പോള്‍ ഞാന്‍ പിള്ളയുടെ സാമീപ്യം അറിഞ്ഞു. >>ശിക്കാരി രണ്ടാം ഭാഗത്തില്‍ ആദ്യകാലത്ത് കക്കാടിന്റെ രോമാഞ്ചവും >അന്ത്യകാലത്ത് പേടിസ്വപ്നവുമായിരുന്ന തോമാച്ചന്‍ രംഗത്ത് വരുന്നു. >>എല്ലാ സുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.>🙂> എന്നും സ്നേഹത്തോടെ > സുനില് || ഉപാസന
നായർ ആളു കൊള്ളാല്ലോ 🙂
വളരെ നല്ല എഴുത്ത് ഉപാസന,>നല്ല കൈയൊതുക്കം… സ്റ്റൈലായി…. 🙂
പിള്ളേച്ചന് ആളു കൊള്ളാമല്ലോ.?>“നായരെ അടുത്തെത്തിയതും…”>>ഞാന് ഓര്‍മിപ്പിച്ചു.>ഇല്ലെങ്കില് പുള്ളി ചിലപ്പോള് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോകും. പിള്ളയുടെ സ്ഥിരം നമ്പറാണ് ഇത്തരത്തിലുള്ള ഇടവേളകള്‍.>ഹാഹാ…ഇത്തരത്തിലെ വെടി വെക്കുന്ന പിള്ളാച്ചന്മാരെല്ലാം മുന്നില്‍ നിരന്നു നില്‍ക്കുന്നു.>>സ്വഭാവ ചിത്രീകരണം ഉപാസന ശിക്കാരിയിലും മനോഹരമായി നിര്‍വ്വഹിച്ചിരിക്കുന്നു…
നായരെ അടുത്തു കണ്ട പോലെ..>>നല്ലൊരു പോസ്റ്റ് കുട്ടാ..>>ഓടോ: ഇച്ചിരി നീളം കൂട്യോന്നു കുഞ്ഞു സംശ്യം.:)
പ്രയാസി,>><>ഓടോ: ഇച്ചിരി നീളം കൂട്യോന്നു കുഞ്ഞു സംശ്യം.:)<>>>ഇത് ആദ്യപാര്‍ട്ടാണ്. എന്ന് വച്ചാാ ഞാന്‍ തുടങ്ങിയിട്ടേയുള്ളൂന്ന്..!>🙂> ഉപാസന
രസിച്ച എഴുത്ത് സുനീ..>അടുത്ത ഭാഗം വരട്ടെ..:-)
ഹാവു!>ഇതിലും ഭേദം,ആ തോക്കെടുത്ത് എനിക്കിട്ടു ഒന്നു പൊട്ടിച്ചു കൂടെ ഡോ പിള്ളേ എന്ന് ചോദിക്കണ്ടായിരുന്നോ…
nice write up sunil..>>enjoyed 🙂>>ജിഹേഷ്
വളരെ നല്ല കഥ. >കഥയും ശൈലിയും ഒക്കെ ഒരുപാടിഷ്ടപ്പെട്ടു.>അഭിനന്ദനങ്ങള്‍.
നമ്മുടെ പത്മിനി ടീച്ചറുടെ വീട്ടില്‍ നിന്നുമാണല്ലോ ഇത്തവണത്തെ കഥാരംഭം! >>പതിവു പോലെ ശൈലി രസകരം, സുനിലേ…
ശിക്കാരി രസായ്ട്ടുണ്ട്.
ഹ്ഹ്ഹഹ്ഹഹഹഹ്>onnaam bhaagam kollaam … >ini randaa bhaagam athum kollaamaayirikkum …>nalla shailiundu …
ഇഷ്>>>>>>>>>>>>>>>>ഇഷ്ടായീട്ടോ
ഇഷ്ടായീട്ടോ
ഉപാസന, കുറേ നാളുകള്‍ക്ക് ശേഷമാണിതുവഴി. വരവു വെറുതയായില്ല. അടുത്തഭാഗത്തിനായി കാക്കുന്നു…
ചാത്തനേറ്: ബാക്കി പോരട്ടെ
രാമാാ: ഓര്‍മയുണ്ട് ആ പേര്. മറന്നിട്ടില്ല. 🙂>>ഉപാസന
കുതിരവട്ടന് : ആളൊരു അംഭവമാണ് ഭായ്. 🙂>>ശ്രീഹരി : നല്ല വാക്കുകള്‍ക്ക് 🙂>>വേണു മാഷെ : നല്ല രസകരമായ ഒരു ക്യാരക്ടര് ആണ് മാഷെ പിള്ളയുടേത്. ചിത്രീകരിക്കാന് എളുപ്പം കഴിഞ്ഞു എനിക്ക്. ഞാന് ഈ പോസ്റ്റ് എഴുതുമ്പോള് പലപ്പോഴും പുള്ളിയുടെ രീതികള് ഓര്‍ത്തു. 🙂>>പ്രയാസി : അധികം അടുക്കാ പോകണ്ട. പുള്ളി കാച്ചിക്കളയും ട്ടാ. 🙂>>ആഗ്നേയ : നന്ദി 🙂>>ആര്യന് : അങ്ങിനെ ഒന്നും ചോദിക്കാന് പാടില്ല. അതൊക്കെ കേല്‍ക്കുന്നത് തന്നെ ഒരുരസമാ. 🙂>>അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി>🙂> എന്നും സ്നേഹത്തോടെ> സുനില് || ഉപാസന
ജഹേഷ് : ഇതെന്താ പിന്നേം പേര് മാറ്റിയോ..? 🙂>>ആത്മ : ആദ്യസന്ദര്‍ശനത്തിന് നന്ദി. ഈ പോസ്റ്റ് ഒരു കഥയായോ..? പോസ്റ്റ് എന്ന് വിളിക്കുന്നതാണ് ഉചിതം. 🙂>ശ്രീ : ആ വീട്ടില് നിന്ന് ഇനി ഒരാള് കൂടെ വരുന്നുണ്ട്. സാക്ഷാല് പിള്ളേച്ചന്. 🙂>>വെളിച്ചപ്പാട് : ചുവന്ന പട്ടുടുത്ത്, പള്ളിവാള് വീശി അരിമണി വാരി വിതറി അനുഗ്രഹിച്ചതില് സന്തോഷം. 🙂>>>അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി>🙂> എന്നും സ്നേഹത്തോടെ> സുനില് || ഉപാസന
ക്രാക്ക് : നന്ദി. 🙂>>പാറുക്കുട്ടി : ഇതെന്താ ഇത്ര സ്പേസ്..? ആദ്യസന്ദര്‍ശനത്തിന് നന്ദി. 🙂>>രാമാ : ഇനിയും വരിക. 🙂>>ചാത്താ : വന്നു. അഭിപ്രായവും കേട്ടു. 🙂>>അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി>🙂> എന്നും സ്നേഹത്തോടെ> സുനില് || ഉപാസന
എം.ജി.പി പിള്ളേന്റെ അവതരണം വളരെ നന്നായി…അടുത്ത ഭാഗത്തേക്ക് ചെല്ലട്ടെ..:):):)