സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 1

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ചെറുവാളൂർ പത്രോസുപടി ബസ്‌സ്റ്റോപ്പിലുള്ള ദാസന്റെ ചായപ്പീടികയിൽ അന്നു നട്ടുച്ചക്കും നല്ല ആൾക്കൂട്ടമായിരുന്നു. ദാസൻ എല്ലാവര്‍ക്കും ഓടിനടന്നു ചായയും പരിപ്പുവടയും എത്തിക്കുന്നതിൽ വളരെ തിരക്കിൽ. ഇടക്കു വീണുകിട്ടുന്ന ഇടവേളകളിൽ ആള്‍ക്കൂട്ടത്തിനു നടുവിലിരിക്കുന്ന വ്യക്തിയുടെ വാക്കുകൾ ശ്രദ്ധിക്കുന്നുമുണ്ട്. NH-47 ൽ ചാലക്കുടി-അങ്കമാലി റൂട്ടിലെ, കൊരട്ടിക്കടുത്തുള്ള ജെടി‌എസ് ജംങ്‌ഷൻ എന്ന ആക്സിഡന്റ് സാധ്യതാ മേഖലയിൽ ഒരു തമിഴൻ ലോറിയുമായി ചെറുവാളൂർ സ്വദേശി മഹേഷിന്റെ ബൈക്ക് കൂട്ടിയിടിച്ചത് രണ്ടുദിവസം മുമ്പായിരുന്നു. അദ്ദേഹം തന്നെയാണ് ആൾക്കൂട്ടത്തിനു നടുവിലെ കസേരയിലിരുന്ന് പ്രസ്തുതസംഭവത്തിന്റെ വൈകിയ കമന്ററി പറയുന്നത്. കേട്ടുനില്‍ക്കുന്നവരുടെ മുഖത്തു ഉദ്വഗജനകമായ ഭാവം.

“ദാ‍സൻചേട്ടാ, മധുരാ കോട്സ്‌ന്റെ പടിക്കലെ തട്ടുകടേന്ന് കപ്പേം എറച്ചീം അടിച്ച് ബൈക്കിന്റെ അട്ത്തെത്തീപ്പഴാ ഞാൻ കാണണെ. എന്‍ഫീൽഡുമ്മെ ജീന്‍സും ടീഷർട്ടും ഇട്ട ഒരു ചുള്ളൻ കത്തിച്ച് വരണ്”

കേട്ടുനിൽക്കുന്ന എല്ലാവരുടേയും മുഖത്തേക്കു മഹേഷ് നാടകീയമായി തലവെട്ടിച്ചു നോക്കി. “എന്നെ പാസ് ചെയ്തപ്പഴോ‍… അവന്‍ വണ്ടീടെ വേഗം പെട്ടെന്ന് കൊറച്ച്, എന്റെ കയ്യിലെ നാലഞ്ച് എറച്ചിക്കോഴികളെ നോക്കി, നമ്മളെ ആക്കണ പോലെ ഒരു നോട്ടം”

മനസ്സിലെ സ്മരണകളിൽ മഹേഷ് അപ്പോഴും അമര്‍ഷം കൊണ്ടു. “ദാസൻചേട്ടാ സത്യം പറയാലാ. എനിക്കപ്പോ തോന്നീത് അവനെ പിടിച്ച് രണ്ട് പൂശാനാ”
കാര്യങ്ങൾ രസിച്ച ഗിരിബാബു ഉടനെ പിന്തുണച്ചു. “പിന്നല്ലാ”
“ഞാനാ കേസ് വിട്ടതായിരുന്നൂടാ ഗിരീ. പക്ഷേ അപ്പഴാ കണ്ടത്. എന്‍ഫീല്‍ഡുമ്മെ അവന്റെ പിന്നീ കാന്താരിമൊളക് പോലത്തെ ഒരു പെണ്‍കൊച്ച്!”

ചായക്കടയിൽ അപ്പോൾ ഉയര്‍ന്ന ‘ആ‌ആ‌ആ’ എന്ന ആരവം കേട്ടു അടുത്തൊരു വീട്ടിൽ വയ്യാണ്ടായിക്കിടക്കുന്ന അപ്പാപ്പൻ മകളോടു അപേക്ഷിച്ചു. “എടീ മറിയമ്മേ… എന്ന്യൊന്ന് അപ്പറത്തേക്ക് പിടിച്ചോണ്ടോടീ. എന്തോ കോള്ണ്ടവടെ”

മുറി അടിച്ചുവാരുകയായിരുന്ന മകൾ ആദ്യം നെഞ്ചിൽ കുരിശുവരച്ചു. പിന്നെ അപ്പനെ സൌമ്യമായി ഉപദേശിച്ചു. “അപ്പാ… ഒന്ന് പോയേപ്പാ. ആ ചീത്തത്തരം കേൾക്കാൻ ഇപ്പോ അങ്ങട് എട്ക്കണ്ട താമസൊള്ളൂ”

ചായക്കടയിൽ സംഗതി കൊഴുക്കുകയാണ്.
“യെന്റെ ഗിര്യേയ്… നല്ല ഐശ്വര്യള്ള മൊഖം. സീറ്റ് നെറഞ്ഞ് കവിയണ പിന്‍ഭാഗം. നേന്ത്രക്കൊലേടെ കുടപ്പൻ പോലത്തെ കൂർത്ത മാറിടം”
ഗിരിബാബു പണിപ്പെട്ടു ശ്വാസമെടുത്തു. മഹേഷ് തുടർന്നു.
“അപ്പഴാ എന്റെ മനസില് തലേന്നത്തെ പത്രത്തീ ഒരുത്തീനെ ബൈക്കില് തട്ടിക്കൊണ്ടോയി റേപ്പ് ചെയ്ത ആ വാര്‍ത്തയില്ലേ, അതങ്ങട് കത്തീത്. ഞാനിത് വിചാരിച്ചൊള്ളൂ. അപ്പത്തന്നെ ആ പെങ്കൊച്ച് എന്നെ നോക്കി സങ്കടഭാവത്തിൽ കണ്ണും തിരുമ്മി“

സംഗതികൾ ടേണിങ്ങ് പോയന്റിലെത്തി എന്നറിഞ്ഞതോടെ എല്ലാവരും ഒന്നിച്ചു ചോദിച്ചു. “മഹേഷെ എന്നട്ട്?”
“പിന്നെ ഞാനൊന്നും ആലോചിച്ചില്ല. അവന്റെ പിന്നാലങ്ങട് കത്തിച്ചു. ആ കശ്മലൻ ആ കൊച്ചിനെ നശിപ്പിക്കണേനു മുമ്പ് രക്ഷിക്കാൻ”
ചായക്കടയിൽ കയ്യടികൾ ഉയര്‍ന്നു. ആരൊക്കെയോ അഭിനന്ദനസൂചകമായി മഹേഷിന്റെ കൈപിടിച്ചു കുലുക്കി.

Read More ->  സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 2

“അവന്റെ പിന്നാലെ പാഞ്ഞോണ്ടിരിക്കുമ്പോ, ഞാൻ മൊബൈലെടുത്ത് കൊരട്ടി സ്റ്റേഷനിലെ വേണുച്ചേട്ടനെ വിളിക്കാൻ നമ്പർ കുത്തി. കുത്തിക്കഴിഞ്ഞ് ചെവീ വെച്ചപ്പഴാ കാണണെ. രണ്ട് ടിപ്പർലോറികൾ റോഡ് നെറഞ്ഞ് വരണ്. ഒഴിഞ്ഞുമാറാൻ ഒര് വഴീമില്ല. ഞാനാണെങ്കി മരണസ്പീഡിലും. ബ്രേക്ക് ചവിട്ടി. കിട്ടീല്ല. ഒടുക്കം തട്ടിപ്പോവൂന്ന് ഒറപ്പായപ്പോ ഞാൻ എല്ലാരേം മനസിൽ ചിന്തിച്ച് ബൈ പറയാൻ തൊടങ്ങി”

മഹേഷ് കസേരയിൽ ഇളകിയിരുന്നു. “പക്ഷേ അവസാനം ആശാന്റെ മൊഖം മനസ്സീ വന്നപ്പോ”
എല്ലാവരും ഒന്നിച്ചു ചോദിച്ചു. “വന്നപ്പോ”
“വന്നപ്പോ ആശാനെന്നോട് ‘കെടത്തട മഹേഷേ‘ എന്ന് പറഞ്ഞ പോലെ തോന്നി”
ഗിരിബാബു ഉടന്‍ അന്വേഷിച്ചു. “എന്തൂട്ടാ മഹേഷെ ആശാൻ ഉദ്ദേശിച്ചെ?”

പറയാം എന്ന ഭാവത്തിൽ ആഗ്യം കാണിച്ച് മഹേഷ് കൈകൾ രണ്ടും ബൈക്കിന്റെ ഹാന്‍ഡിലിൽ പിടിക്കുന്ന പോലെ പിടിച്ചു. പിന്നെ സാവധാനം ചെരിച്ചു.
“ഗിരീ… ഫോര്‍മുല വൺ റേസിങ്ങിലെ പോലെ ബൈക്ക് ടിപ്പർലോറീടെ അടീക്കോടെ, തറയോട് ചേര്‍ത്ത്, ഞാൻ കെടത്തി ഓടിച്ചെടാ. ക്രാഷ് ഗാർഡീന്ന് തീപ്പൊരി ചെതറണ കണ്ടു. പിന്നൊന്നും ഓര്‍മല്ല്യാ. ബോധം വീണപ്പോ ആശൂത്രീല്”
എല്ലാ കേൾ‌വിക്കാരും ആത്മഗതം ചെയ്തു. “ആശാന്‍ കാത്തു!”


കക്കാട്, കാതിക്കുടം, വാളൂർ, അന്നമനട ദേശക്കാരെല്ലാം ഡ്രൈവിങ്ങിൽ പരിണതപ്രജ്ഞരാണെന്നു ചാലക്കുടി – അങ്കമാലി – മാള ഏരിയകളാകെ അറിയാവുന്ന കാര്യമാണ്. ഈ നാട്ടുകാർ ഉള്‍പ്പെട്ട ഒറ്റ വാഹനാപകട കേസും ഇന്നുവരെ ഒരു പോലീസ് സ്റ്റേഷനിലും രജിസ്റ്റർ ചെയ്തിട്ടില്ല. ട്രാഫിക് നിയമങ്ങളെല്ലാം അണുവിട തെറ്റിക്കാത്ത നല്ല ഡ്രൈവിങ്ങ്. ഈ സ്ഥലങ്ങളിൽ ഏതെങ്കിലും വാഹനാപകടം ഉണ്ടായാൽ പോലീസുകാർ ആദ്യം തന്നെ രണ്ടു പാര്‍ട്ടിക്കാരോടും എവിടത്തുകാരാണെന്നു ചോദിക്കും. ശേഷം ഡ്രൈവിങ്ങ് ലൈസന്‍സ് വാങ്ങിനോക്കൽ. പുറം‌ചട്ടയിൽ ‘സനീഷ് ഡ്രൈവിങ്ങ് സ്കൂൾ’ എന്ന പേരു കണ്ടാൽ അവരെ അപ്പോൾ തന്നെ വെറുതെ വിടും. മറ്റേ പാർട്ടിയെ ലോക്കപ്പിലുമാക്കും. പക്ഷപാതപരമായ നടപടിയാണെന്നു ആരെങ്കിലും മുറുമുറുത്താൽ പോലീസുകാരുടെ പക്കൽ മറുപടി റെഡിയാണ്.

“ആശാന്റെ പിള്ളേരെ ഞങ്ങക്കറിഞ്ഞൂടെ!”

അതാണ്, വാളൂർ അരിയമ്പുറം ഭാഗത്തെ സനീഷ് ഡ്രൈവിങ്ങ് സ്കൂളിന്റെ അമരക്കാരനായ കുട്ടനാശാൻ. വലിയ ആകാരമൊന്നുമില്ലാത്ത ഒതുങ്ങിയ ശരീരം. സദാ സമയവും ചുവന്നു കലങ്ങിയ കണ്ണുകൾ. സ്റ്റിയറിംങ്ങ് പിടിച്ചു തയമ്പിച്ച ദൃഢമായ കൈത്തലം. എരിയുന്ന കാജബീഡി ചുണ്ടിൽ‌ വച്ചു ഒറ്റക്കൈ കൊണ്ടു വണ്ടിയോടിക്കുന്ന ഇദ്ദേഹമാണ് ചെറുവാളൂര്‍വാസികളുടെ ഡ്രൈവിങ്ങ് ഗുരു.

കുട്ടിക്കാലത്തു പലരേയും പോലെ എട്ടാം ക്ലാസ്സ് രണ്ടുതവണ എഴുതിത്തോറ്റപ്പോൾ ആശാനും ലോഡിങ്ങ് – അണ്‍ലോഡിങ്ങ് പണികള്‍ക്കു പോയിത്തുടങ്ങി. ബാക്കി സമയം ഇയ്യാത്തുംകടവിലെ കലുങ്കിലിരുന്ന് കരു കളിച്ചും പത്രോസുപടി ബസ്‌ സ്റ്റോപ്പിലെ, ദാസന്റെ അച്ഛൻ, പാപ്പുട്ടിയുടെ ചായക്കടയില്‍‌നിന്നു കാലിച്ചായ കുടിച്ചും കഴിഞ്ഞു. ആയിടെയാണ് നാട്ടിൽ അംബാസഡർ കാറുകളുടെ വിപ്ലവം വരുന്നത്. അരിയമ്പുറത്തും വാളൂരിലും താമസിക്കുന്ന ചിലർ അംബാസഡർ വാങ്ങിയപ്പോഴും, മറ്റു ചിലർ വാങ്ങാൻ പദ്ധതിയിട്ടപ്പോഴും ചില ആശയങ്ങളൊക്കെ ദീര്‍ഘദര്‍ശിയായ ആശാന്റെ മനസ്സിൽ തോന്നി. എങ്കിലും ആരും കൈവെച്ചിട്ടില്ലാത്ത മേഖലയായതിനാൽ ഇറങ്ങിക്കളിക്കാൻ മടിച്ചു. പക്ഷേ കാലം കടന്നുപോകവെ കിടയറ്റ ഡ്രൈവിങ്ങ് പരിശീലനത്തിന്റെ അഭാവം നിമിത്തം വാളൂര്‍ദേശത്തെ മൂന്നു യുവാക്കൾ അപകടം നേരിട്ടപ്പോൾ, അരിയമ്പുറത്തുനിന്നു ദൂരെ പാലിശ്ശേരിയിലുള്ളവർ പോലും ഡ്രൈവിങ്ങ് സ്കൂളുകളുണ്ടോ എന്നന്വേഷിച്ചു വാളൂരിൽ എത്തിയപ്പോൾ,‍ ‘ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങേണ്ടതില്ല’ എന്ന മുന്‍‌തീരുമാനം പുനര്‍ചിന്തനം ചെയ്യാൻ ആശാൻ നിർബന്ധിതനായി.

ആ ചിന്തക്കു ആക്കംകൂട്ടി അക്കാലത്തു തന്നെയാണ് കുട്ടനാശാന്റെ ആത്മസുഹൃത്ത് മമ്മദ്ഹാജി ആവശ്യപ്പെട്ടത്. ‘കുട്ടാ… നിനക്കൊരു വണ്ടി വാങ്ങിച്ചിട്ട് പിള്ളേരെ പഠിപ്പിച്ചൂടെ?”

ഒടുക്കം നാട്ടുകാരുടേയും വീട്ടുകാരുടേയും നിരന്തര സമ്മര്‍ദ്ദം നിമിത്തം കുട്ടനാശാൻ മുപ്പതിനായിരം രൂപ കടംവാങ്ങി ഒരു സെക്കന്റ്ഹാന്റ് അംബാസഡർ വാങ്ങി. തന്റെ ഈ സ്വപ്നപദ്ധതിക്കു ആദ്യപുത്രനായ സനീഷിന്റെ പേരിടാൻ ലവലേശം ആലോചിച്ചില്ല. അങ്ങിനെ വാളൂർദേശത്തെ ആദ്യ ഡ്രൈവിങ്ങ് സ്കൂളായി സനീഷ് മാറി. കുട്ടനാശാന്‍ അതിന്റെ പരമാത്മാവുമായി.

അതില്‍പിന്നെ അരിയമ്പുറത്തും വാളൂരിലും ആശാന്റെ കാലമായിരുന്നു എന്നുപറഞ്ഞാൽ അതാണു സത്യം. ഡ്രൈവിങ്ങ് സ്കൂൾ തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളിൽ വാളൂർ ഹൈസ്കൂളിൽ അക്ഷരം പഠിക്കാന്‍ വരുന്നതിലും കൂടുതൽ പേർ കുട്ടനാശാന്റെ അടുത്തു വണ്ടിയോടിക്കുന്നത് പഠിക്കാനെത്തി. കടം വാങ്ങിയ മുപ്പതിനായിരം രൂപയുടെ ഇരട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ സമ്പാദിച്ചും, സഹായം ചോദിച്ചു വരുന്നവര്‍ക്കു വാരിക്കോരി കൊടുത്തും ആശാൻ നാട്ടിൽ പ്രശസ്തനായി. അതോടെ കുട്ടന്‍ എന്നപേര് നാട്ടുകാർ സ്നേഹപൂര്‍വ്വം കുട്ടനാശാൻ എന്നാക്കി മാറ്റി.

പത്തിരുപത്തഞ്ച് കൊല്ലമായിട്ടും കുട്ടനാശാൻ പഠിപ്പിച്ച ഒരാളും അപകടത്തിൽ പെട്ടിട്ടില്ല എന്ന കിടിലൻ ഖ്യാതി നിലനില്‍ക്കെയാണ് ആശാന്റെ അടുത്തു അരിയമ്പുറത്തു തന്നെയുള്ള ഒരുവൻ വളയം പിടിക്കാൻ വരുന്നത്. നാട്ടുകാർ മാഷ് എന്നു വിളിക്കുന്ന മുരളിയണ്ണൻ.

മകരമാസം ഒന്നാം തീയതി കാലത്തു ചാരുകസേരയിലിരുന്നു പത്രം വായിക്കുകയായിരുന്ന ആശാൻ, മുരളിയണ്ണൻ വരുന്നതു കണ്ടപ്പോൾ ആദ്യം ഓര്‍ത്തത് കഴിഞ്ഞമാസം മമ്മദ്‌ഹാജി പറഞ്ഞ കാര്യമാണ്. ‘ഹാജിക്കു കൃസ്തുമസിന്റെ തലേന്നു ലോട്ടറിയടിച്ചു കിട്ടിയ പതിനായിരം രൂപ പിറ്റേന്ന് ഉച്ചക്കു പോക്കറ്റടിച്ചു പോയെന്ന്’

(രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

Read More ->  അഡ്വക്കേറ്റിന്റെ നമ്പറുകൾ - 1

One Reply to “സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 1”

  1. <>ഈ എരിയയിലെങ്ങാനും ഒരു ആക്സിഡന്റ് ഉണ്ടായാല് പോലീസുകാര് ആദ്യം തന്നെ രണ്ട് പാര്ട്ടിക്കാരോടും ചോദിയ്ക്കുക ‘ഇയ്യാള് എവിടത്ത്കാരനാ’ എന്നാണ്. പിന്നെ ഡ്രൈവിങ്ങ് ലൈസന്സ് വാങ്ങി നോക്കും. അതിന്മേല് “സനീഷ് ഡ്രൈവിങ്ങ് സ്കൂള് “ എന്ന പേര് കണ്ടാല് അവരെ അപ്പോള് തന്നെ വെറുതെ വിടും. മറ്റേ പാര്ട്ടീസിനെ ലോക്കപ്പിലുമാക്കും. ‘അതെന്താ ഒരന്വേഷണവും നടത്താതെ പക്ഷപാതപരമായ ആക്ഷന്‘ എന്ന് ആരെങ്കിലും മുറുമുറുത്താല് പോലീസുകാരുടെ പക്കല് മറുപടി റെഡിയാണ്.“ആശാന്റെ പിള്ളേരെ ഞങ്ങക്കറിഞ്ഞൂടെ..!”<>ഡ്രൈവിങ്ങില്‍ വാളൂരിന്റെ പര്യായമാണ് കുട്ടന്‍ ആശാന്‍. മുപ്പത് കൊല്ലത്തോളം നീളുന്ന സ്തുതര്‍ഹ്യാമായ സര്‍വീസ് അദ്ദേഹം ഇന്നും തുടരുന്നു.ഇളയതിന് ശേഷം ഉപാസനയുടെ ‘വാളൂര്‍ വിശേഷം’ ത്തില്‍ ഇത്തവണ കുട്ടനാശാന്‍. കൂടെ ‘തിളങ്ങുന്ന’ കഥാപാത്രമായി നമ്മുടെ വാളൂരാനും. 🙂നന്നായി എഴുതി എന്ന് ഞാന്‍ വിശ്വസിച്ചിട്ടും നീളം കാരണം പലരും എന്റെ ബ്ലോഗുകള്‍ വായിക്കാറില്ല. കുറച്ച് നാള്‍ മുമ്പ് ഒരു ബ്ലോഗ്ഗറുമായി നടത്തിയ ചാറ്റില്‍ നിന്നാണ് ഇത് കൂടുതല്‍ മനസ്സിലായത്. ഞാന്‍ എഴുതുന്ന നീണ്ട പോസ്റ്റുകള്‍ വെട്ടി മുറിച്ച് പബ്ലിഷ് ചെയ്യാന്‍ എനിയ്ക്ക് തീരെ താലപര്യമില്ല. പോസ്റ്റ് മുറിഞ്ഞ് പോകുന്നത് വായനയേയും നന്നായി ബാധിക്കും. ഇന്ന് വായിച്ച ഒരു പോസ്റ്റിന്റെ ബാക്കി ഒരാഴ്ച കഴിഞ്ഞ് വായിക്കുമ്പോള്‍ ചില പൊരുത്തക്കേടുകള്‍ മനസ്സില്‍ ഉടലെടുക്കുമെന്നത് ന്യായവുമാണ്.പക്ഷേ നീളം കൂട്തലായല്‍ വായിക്കിലെന്ന് ശാഠ്യമുള്ള ചില ബ്ലോഗ്ഗേഴ്സിന് വേണ്ടി ഒരെണ്ണം കൂടി വെട്ടി മുറിക്കുകയാണ്. എല്ലാവരും വായിക്കുക.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

അഭിപ്രായം എഴുതുക