സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
അന്നും പാതിരാത്രി രണ്ട് മണിക്ക്, ചെറാലക്കുന്നില്‍ തമ്പിയുടെ അലര്‍ച്ച മുഴങ്ങി.
“അയ്യോ എന്നെ ആന കുത്തിയേ. ഞാന്‍ ചാവാന്‍ പോണേയ്”
കോലാഹലം കേട്ട് സീരീസ് സെറ്റ് ദീപാലങ്കാരം പോലെ, അയൽവീടുകളിൽ വിളക്കുകള്‍ ഒന്നൊന്നായി തെളിഞ്ഞു. അയൽവാസികൾ സാന്ത്വനവാക്കുകൾ പറഞ്ഞ് തമ്പിയെ ആശ്വസിപ്പിച്ചു.
“നിനക്ക് വല്ല മയക്ക്മരുന്നും അടിച്ച് ഒറങ്ങിക്കൂടേടാ… കാലൻകോഴി കൂവണ പോലെ തൊള്ളയിടാതെ ”
ആശ്വാസ വാക്കുകൾ അലസോരപ്പെടുത്തിയപ്പോൾ അവയ്‌ക്കു മറുപടിയായി തമ്പി ഒന്നുകൂടി അലറി. അതോടെ എല്ലാം നിശബ്ദമായി.
അണപ്പ് നിയന്ത്രിച്ച് പായയില്‍ വിയര്‍ത്തു കുളിച്ച് ഇരിക്കുകയായിരുന്ന മകന്റെ അരികിലേക്ക് തമ്പിയുടെ അമ്മ എത്തി. കയ്യിൽ ഒരു ഗ്ലാസ്സ് വെള്ളം ഉണ്ട്. മുണ്ടിന്റെ തുമ്പ് കൊണ്ട് തമ്പിയുടെ മുഖം അമര്‍ത്തി തുടച്ച് അമ്മ അന്വേഷിച്ചു.
“ഇന്ന് ഏത് ആനേനെയാടാ സ്വപ്നം കണ്ടെ? ആ ആനേനെ തന്ന്യാണോ?””
തമ്പി അതെയെന്നു തലയാട്ടി.
“ആന എന്നെ ഓടിച്ചിട്ട് പിടിച്ചു. പിന്നെ പൊക്കിയെടുത്തു ലംബമായി കുലുക്കി. അപ്പൊത്തന്നെ എന്റെ കഴുത്തും നട്ടെല്ലും ഒടിഞ്ഞു. പിന്നെ ഒരു കാൽ കൊണ്ട് എന്റെ കാല്‍ ചവിട്ടി പിടിച്ച്, മറ്റേ കാൽ തുമ്പിക്കൈ കൊണ്ട് പിടിച്ച് ഒറ്റ കീറല്‍. ഞാന്‍ രണ്ട് പീസ്“
സ്വപ്നമാണെന്ന് വിശ്വാസം വരാതെ തന്റെ തുടയിടുക്കില്‍ കൈകൊണ്ട് തമ്പി തൊട്ടുനോക്കി. മകന്റെ ഇരിപ്പും പറച്ചിലും കേട്ടപ്പോല്‍ അമ്മക്ക് കലി കയറി.
“അന്ന് ഞാൻ നിന്നോട് പറഞ്ഞാടാ ആ ആനേനെ കാണാന്‍ പോണ്ടാന്ന്”, ഒന്നു നിർത്തിയിട്ടു അമ്മ ചീറി. “അല്ലാ ഞാൻ പറഞ്ഞാ…”
തമ്പി അമ്മയുടെ ഭാവപ്പകര്‍ച്ചയില്‍ ഞെട്ടി. നാല് ദിവസം മുമ്പ് അഷ്ടമിച്ചിറയിൽ ഇടഞ്ഞു നിൽക്കുന്ന ഒരു ആനയെ കാണാൻ തമ്പി പോയിരുന്നു. ആ ദൃശ്യങ്ങൾ മനസ്സിൽ മായാതെ കിടക്കുക്കുകയാണ്. അതിന്റെ പുകിലാണ് ഇതെല്ലാം.
“ഇടഞ്ഞ് നില്‍ക്കണ ആനേനെ കണ്ടാ നീയൊറങ്ങില്ലാന്ന് ഞാന്‍ പറഞ്ഞതല്ലെ. പിന്നെ നീ എന്തിനാ പൊയെ?”
തമ്പി വിക്കി. “എന്നെ… എന്നെയെങ്ങാനും പാപ്പാൻ ആക്കോന്ന് അറിയാന്‍ വേണ്ടി പോയതാ”
“ഉ……..വ്വാാ. പാപ്പാനേ” അമ്മ തമ്പിയെ ചവിട്ടാൻ കാലോങ്ങി. “നീ എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട ട്ടാ”
തമ്പിയുടെ ആനപ്രേമം നാട്ടിലും സമീപനാട്ടിലും പ്രശസ്തമാണ്. സത്യം പറഞ്ഞാൽ അതിൽ തമ്പിയെ കുറ്റപ്പെടുത്താൻ ഒന്നുമില്ല, കാരണം നാട്ടുകാർ എല്ലാം ആനപ്രേമികൾ ആണ്. സിനിമാ താരങ്ങളേക്കാൾ ആനയെ ആരാധിക്കുന്നവർ ഉണ്ട്. ആനയൂട്ടിനു വർഷം തോറും ഒരു തുക നീക്കി വയ്ക്കുന്നവർ ഉണ്ട്. ആനയുടെ പടം വീട്ടിൽ തൂക്കിയിരിക്കുന്നവർ ഉണ്ട്. അങ്ങിനെയങ്ങിനെ. കക്കാടിലെ ആനപ്രേമികളിൽ മുമ്പൻ തമ്പിയാണ്. വീട്ടിൽ നിറയെ ആന പടങ്ങൾ, കൈത്തണ്ടയിലും ആനയെ പച്ച കുത്തിയിട്ടുണ്ട്. യുട്യൂബിൽ ആനവിശേഷങ്ങളേ നോക്കൂ. ചുരുക്കത്തിൽ ആന എന്നാൽ തമ്പിക്ക് ജീവൻ തന്നെയാണ്.
കുട്ടിക്കാലം മുതൽ തമ്പിയുടെ ഇഷ്ടപ്പെട്ട ജോലി ആന പാപ്പാൻ പണിയാണ്. പണ്ടൊരിക്കൽ പുഴയിൽ കുളിക്കാൻ കിടത്തിയിരുന്ന ആനയെ പരിചരിക്കാൻ തമ്പിക്കു അവസരം കിട്ടിയിരുന്നു. അത് ആൾക്ക് ‘ക്ഷ’ പിടിച്ചു. പാപ്പാൻമാർക്ക് ഉൽസവ പറമ്പിലും മറ്റുമുള്ള ഗ്ലാമർ വേറെ. പക്ഷേ ജീവിതം മുന്നോട്ടു പോയപ്പോൾ പാപ്പാൻ ആകുന്ന മോഹം ഉപേക്ഷിച്ച് വേറെ ജോലിക്ക് പോകേണ്ടി വന്നു. എങ്കിലും എല്ലാ ഉൽസവ കാലത്തും പഴയ മോഹം വീണ്ടും തലപൊക്കും. അപ്പോൾ പാപ്പാന്മാരെ ചുറ്റിപ്പറ്റി നിന്ന് അല്ലറ ചില്ലറ സഹായമൊക്കെ തമ്പി ചെയ്യും. എങ്കിലും മുഴുവൻ സമയ പാപ്പാൻ പണി ഇപ്പോഴും സ്വപ്നമാണ്.
നേരം പുലർന്നപ്പോഴും ഉറക്കത്തിന്റെ ഹാങ്ങോവർ തമ്പിയെ വിട്ടു പോയിരുന്നില്ല. മുറ്റത്തിന്റെ അരികിലുള്ള തെങ്ങിന്റെ കടക്കൽ കുന്തിച്ചിരുന്ന് ബ്രഷ് ചെയ്യുന്നതിനിടയിൽ തമ്പിയുടെ മനോമുകുരത്തിൽ ഇടഞ്ഞ ആനയെ വടമിട്ട് സ്വയം തളക്കുന്ന വീരരംഗം തിരനോട്ടം നടത്തി. ആനയെ തളച്ച് ജീവാപായം ഒഴിവാക്കിയ തമ്പിയെ എംഎൽഎ വീട്ടിൽ വന്ന് അഭിനന്ദിക്കുന്ന സീൻ വരെ മനോരാജ്യം എത്തി. അപ്പോഴാണ് മിന്നായം പോലെ ഒരാൾ തമ്പിയുടെ വീട്ടിലേക്കു ഓടി വന്നത്. ആരോ തല്ലാൻ വരുന്നതാണെന്ന് കരുതി ഓടാൻ ആഞ്ഞെങ്കിലും പരിചിത മുഖമാണെന്ന് കണ്ട് തമ്പി ആശ്വസിച്ചു.
“തമ്പീ… തമ്പീീ… വാ. വേഗം വാ” ആഗതൻ തിടുക്കം കാട്ടി.
വായിലുള്ളത് തെങ്ങിന്റെ കടക്കലേക്ക് നീട്ടി തുപ്പി തമ്പി മിഴിച്ചു. “എവിടേക്ക്”
“അയ്യങ്കോവ് അമ്പലത്തിലേക്ക്. അവടെ കണ്ണാമ്പലത്ത് ട്രസ്റ്റിന്റെ പറമ്പിൽ നമ്മടെ ആനേനെ തളച്ചേക്കാണ്”
തമ്പിയുടെ കണ്ണുകൾ മിഴിച്ചു. “നമ്മടെ ആന്യാ! നമ്മടെ ഏത് ആന?”
കക്കാട് ദേശത്തിനു സ്വന്തം ആന ഇല്ല. അതിനാലാണ് തമ്പി ‘ഏത് ആന’ എന്ന ചോദ്യത്തോടെ അമ്പരന്നത്.
“ഉമ ആടാ. ഉമാ ഈശ്വരൻ. കൊറച്ച് മാസം ഉമയെ ഇനി കണ്ണാമ്പലത്ത് ട്രസ്റ്റിന്റെ പറമ്പിലാ തളയ്ക്കുക”.
‘യ്യോ’ എന്നൊരു ആഹ്ലാദ നിലവിളിയാൽ തമ്പി ഹർഷപുളകിതനായി. രണ്ട് തവണ കുലുക്കുഴിഞ്ഞ് ഉടൻ അമ്പലത്തിലേക്ക് പുറപ്പെട്ടു.
കേരളത്തിലെ പ്രമുഖ ആനകളിൽ ഒന്നാണ് അന്നമനട ഉമാ ഈശ്വരൻ. ഉടമസ്ഥൻ ചെറുവാളൂരിലെ പൗരപ്രമുഖനായ ശശി മേനോനാണ്. പഴയ ജന്മി കുടുംബാംഗം. പ്രതാപിയാണ്. ആഢ്യനാണ്. എളിമയും ആവോളമുണ്ട്. ചെറുവാളൂരിലെയും സമീപ നാടുകളിലേയും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് ശശി മേനോൻ.
ശശി മേനോനു ഒപ്പം ഉമ ചെറുവാളൂരിൽ എത്തിയിട്ട് നിരവധി വർഷങ്ങളായി. ഇതിനിടയിൽ ഉടമസ്ഥാവകാശം മേനോൻ കൂടി അംഗമായ ഒരു ക്ഷേത്രട്രസ്റ്റിലേക്ക് മാറി. അന്നമനട മഹാദേവ ക്ഷേത്രത്തിലും, പിന്നെ മേനോന്റെ വീട്ടുവളപ്പിലുമാണ് ഉമയെ സാധാരണ തളക്കുക. കക്കാടിൽ നാടാടെയാൺ് തളയ്‌ക്കുന്നത്. അതിനു തിരഞ്ഞെടുത്തത് അയ്യങ്കോവ് ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിനു മുന്നിലുള്ള കണ്ണാമ്പലത്ത് ട്രസ്റ്റിന്റെ വിശാലമായ പറമ്പും.
തമ്പി എത്തുമ്പോൾ കണ്ണാമ്പലത്ത് ട്രസ്റ്റിനു മുന്നിൽ വലിയ പുരുഷാരമാണ്. പൂഴിയിട്ടാൽ നിലത്ത് വീഴില്ല. തമ്പി എല്ലാവരേയും വകഞ്ഞ് മാറ്റി ഏറ്റവും മുന്നിലെത്തി, ആനയുടെ മുന്നിൽ കുന്തിച്ചിരുന്നു. തനിക്കും ആനക്കും ഇടയിൽ പാപ്പാൻ ഒഴികെ മറ്റാരും ഉണ്ടാകരുതെന്ന് തമ്പിക്കു നിർബന്ധമാണ്. ആരെങ്കിലും ഇടയിൽ കയറിയാൽ അടി വീഴും. ആനക്ക് മുന്നിലുള്ള കുത്തിയിരിപ്പാണെങ്കിൽ മണിക്കൂറുകൾ നീളും.
തമ്പി ആനയെ കണ്ട് ആസ്വദിക്കുന്നതിനു ഇടയിൽ പിന്നിൽ വലിയ ആരവം കേട്ടു. തടിച്ച് കൂടിയിരിക്കുന്ന പുരുഷാരത്തോടു ആരോ മാറിനിന്ന് വഴി നൽകാൻ തുടർച്ചയായി അഭ്യർത്ഥിക്കുകയാണ്. തമ്പി തിരിഞ്ഞ് നോക്കിയപ്പോൾ എന്താ കാണണെ! ഒരു മിനി ACE വണ്ടി നിറയെ ആനക്കുള്ള പഴക്കുലകൾ. ഞാലിപൂവൻ, ഒറിജിനൽ പൂവൻ, പാളയങ്കോടൻ, ചാരപ്പടത്തി, നേന്ത്രപ്പഴം തുടങ്ങി തീവിലയുള്ള കദളിപ്പഴം വരെ ഉണ്ട്. ഇതൊക്കെ കാശുകൊടുത്ത് വാങ്ങി ആളുകളെ വകഞ്ഞ് മാറ്റി വരുന്നതോ… കുട്ടപ്പൻ ചേട്ടനും!
ആനപ്രേമത്തിൽ തമ്പി എന്താണോ അതിനപ്പുറമെന്ന് പറയാവുന്ന ആളാണ് തൈക്കൂട്ടം നിവാസിയായ കുട്ടപ്പൻ. അധികം പൊക്കമില്ല. ഉരുക്കു ശരീരം. ഭാഗികമായി നരച്ച താടി. ഇരുനിറം. കാളിവിരുത്തി കാവിലമ്മയുടെ പക്കാ ഭക്തൻ. ഭദ്രകാളി കളം വരക്കുന്നതിൽ നിപുണൻ. സർവ്വോപരി ആനപ്രേമി. ശിവസുന്ദറിന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞു പോയ ആൾ. അദ്ദേഹം സ്വയം കാശ് കൊടുത്തു വാങ്ങിയ പഴക്കുലകളുമായി വരികയാണ്. കൂടി നിന്നവരിൽ ആരോ തമ്പിയെ ലാക്കാക്കി കുത്തി.
“ശരിയായ ആനപ്രേമി ന്ന് പറഞ്ഞാൽ ഇതാണ്. ആനക്ക് എന്തെങ്കിലും വാങ്ങിക്കൊണ്ട് വരണ ആൾ. അല്ലാതെ ആനേടെ മുന്നിൽ ചുമ്മാ കുന്തിച്ചിരിക്കലല്ല”
തമ്പിയുടെ മുഖം വിളറി. ‘കുട്ടപ്പൻ’ എന്ന പേര് ആരവമായി മാറുകയാണ്. കുട്ടപ്പൻ ചേട്ടൻ കളം നിറയുകയാണ്. താൻ നിഷ്പ്രഭനാകുന്നുവോ. തമ്പിക്ക് ക്ഷീണമായി. ഇനിയും വെറുതെ കുന്തിച്ചിരുന്നാൽ തന്റെ ആനപ്രേമി പട്ടത്തിനു ഒരു വിലയും ഉണ്ടാകില്ലെന്നു മനസ്സിലായ നിമിഷം തമ്പി ചാടിയെഴുന്നേറ്റു കൂടി നിന്നവരോടായി ആക്രോശിച്ചു.
“മാറി നിക്കടാ മക്കളേ. കുട്ടപ്പേട്ടനു വഴി കൊടുക്ക്”
വഴി ഒരുക്കുന്നെന്ന നാട്യത്തിൽ തമ്പി ആരെയൊക്കെയോ പിടിച്ചു തള്ളി, കുട്ടപ്പൻ ചേട്ടനു അരികിൽ എത്തി. കുട്ടപ്പൻ ചേട്ടന്റെ ചുണ്ടിൽ ഒരു ഗൂഢസ്മിതമുണ്ട്. ആനപ്രേമത്തിന്റെ കാര്യത്തിൽ തമ്പിയെ ഒന്ന് ഇരുത്തിയല്ലോ. ഇനി നാട്ടിൽ എല്ലാവരും പറയുക കുട്ടപ്പൻ ACE വണ്ടി നിറയെ പഴക്കുലയുമായി വന്ന കാര്യവും തമ്പി ഒന്നും ചെയ്യാതെ ആനക്ക് മുമ്പിൽ കുന്തിച്ചിരുന്നതും ആയിരിക്കും. അത് പരക്കുന്നതോടെ ആനപ്രേമി എന്ന നിലയിലുള്ള തമ്പിയുടെ മൂല്യം ഇടിയും.
പക്ഷേ തമ്പി ആരാ മോൻ! തമ്പി കുട്ടപ്പൻ ചേട്ടനെ കെട്ടിപ്പിടിച്ച് പരിഭവം പറഞ്ഞു.
“എന്റെ കുട്ടപ്പേട്ടാ ഒരു വാക്ക് പറഞ്ഞൂടാർന്നോ…”
തമ്പി വണ്ടിയിലെ പഴക്കുലകൾ എണ്ണുന്നതായി ഭാവിച്ചു.
“ഒന്ന് രണ്ട്… എട്ട്.. പത്ത്… ഇതാകെ കൂടി പതിനാറെണ്ണല്ലേ ഉള്ളൂ. ഞാൻ ദേ… കൃത്യം ഇരുപത്തഞ്ചെണ്ണം എന്റെ വീട്ടിൽ വാങ്ങി വച്ചേക്കാണ്. വണ്ടീ പോയി കൊണ്ടരണ്ട താമസേ ഉള്ളൂ”
ഒരുമാതിരി ചൊറിയൻ വർത്തമാനം. കുട്ടപ്പൻ ചേട്ടൻ പക്ഷേ പതറിയില്ല. തമ്പിയോട് മറുചോദ്യം ചോദിച്ചു.
“ഇരുപത്തഞ്ച് പഴക്കുല വാങ്ങിവച്ച നിനക്ക് അതിലൊന്ന് പോലും ഇങ്ങോട്ട് എത്തിക്കാൻ പറ്റിയില്ലേ?”
ആളുകൾ അലറിച്ചിരിച്ചു. തമ്പിക്ക് പിന്നേയും ക്ഷീണമായി. അത് ഭാവിക്കാതെ തമ്പി ആളുകളെ വകഞ്ഞ് മാറ്റി വഴിയുണ്ടാക്കി കൊടുത്തു.
കുട്ടപ്പേട്ടൻ കൊണ്ടുവന്ന പലക്കുഴകൾ എല്ലാം തിന്ന് ആന ഉമ ഉഷാറായി നിന്നു. കുട്ടപ്പേട്ടന്റെ മുഖം ഉമയുടെ മനസ്സിൽ എന്നെന്നേക്കുമായി പതിഞ്ഞു എന്ന് നാട്ടുകാർ അടക്കം പറഞ്ഞു. പഴക്കുലകൾ കൊണ്ടു വന്നതിന്റെ നന്ദിസൂചകമായി ആനയുടെ തൊട്ടടുത്തുള്ള കണ്ണാമ്പലത്ത് ട്രസ്റ്റിന്റെ ഒരു തിണ്ണയിൽ ഇരിക്കാൻ കുട്ടപ്പേട്ടനെ പാപ്പാൻ അനുവദിച്ചു. ഉമയുടെ പാപ്പാൻ കേരളത്തിലെ തന്നെ പ്രമുഖ ആനപാപ്പാൻ എന്ന് പേരെടുത്ത വാഴക്കുളം മനോജ് ആണ്. മനോജേട്ടൻ എന്നേ ആളുകൾ ആദരസൂചകമായി വിളിക്കൂ.
കുട്ടപ്പനും തമ്പിയും മനോജേട്ടനുമായി കുശലം പറഞ്ഞു നിന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു കാർ പാഞ്ഞു വന്ന് ട്രസ്റ്റിനു മുന്നിൽ ബ്രേക്കിട്ടു. കാർ നിന്നിട്ടും അതിൽ നിന്ന് ഉടനെ ആരും ഇറങ്ങിയില്ല. കുറച്ച് കഴിഞ്ഞ് മുൻ സീറ്റിൽ ഇരുന്ന രണ്ട് പേർ ഇറങ്ങി ബാക്ക് സീറ്റിന്റെ ഡോർ തുറന്നു. അതോടെ കാറിനുള്ളീൽ നിന്ന് ‘ഉമാാാ, ഉമാാാാ” എന്നുള്ള ഏങ്ങലടികൾ കേട്ടു. ജനക്കൂട്ടന്റെ ശ്രദ്ധ മുഴുവൻ കാറിലേക്ക് ആയി. ഡ്രൈവറും കൂടെ വന്ന ആളും പിൻ സീറ്റിൽ നിന്ന് ഒരാളെ ഇരുവശത്തുമായി നിന്ന് താങ്ങി ഇറക്കി. അരിയമ്പുറം മധുസൂദനൻ ആയിരുന്നു ആ വ്യക്തി. കീഴ്ച്ചുണ്ട് കൊണ്ടു മേൽച്ചുണ്ട് അമർത്തി പിടിച്ച് കരച്ചിൽ പൊട്ടുന്നത് തടയാൻ പരമാവധി ശ്രമിച്ചാണ് ആളുടെ വരവ്. പൊതുവെ പ്രസാദഭാവത്തോടെ കാണപ്പെടാറുള്ള മധു ഇപ്പോൾ ആകെ തളർന്ന് അവശനായിരിക്കുകയാണ്.
ചെറുവാളൂരിനു തൊട്ട് അടുത്തുള്ള പ്രദേശമാണ് അരിയമ്പുറം. രണ്ടു നാടും തമ്മിൽ കൃത്യമായ അതിർവരമ്പുകൾ ഒന്നുമില്ല. വളരെ ഇഴചേർന്നു കിടക്കുകയാണ് രണ്ട് പ്രദേശവും. മധുസൂദനന്റെ വീടിന്റെ പൂമുഖവാതിൽ തുറന്നാൽ ആദ്യം കാണാവുന്നത് ശശി മേനോന്റെ വീട്ടുവളപ്പിൽ തളച്ചിരിക്കുന്ന ഉമയെ ആണ്. അല്പം ദൂരെയാണ് ഉമയുടെ നിൽപ്പ് എങ്കിലും ആന മധുവിന്റെ വീട്ടുകാരുടെ കൺവെട്ടത്താണ് എപ്പോഴും. നേരം വെളുത്താൽ ബ്രഷിൽ അല്പം പേസ്റ്റ് തേച്ച് മധു ആനയുടെ അടുത്തേക്ക് നടക്കും. തലേ ദിവസം രാത്രി എത്ര പനമ്പട്ട ഇട്ടു, എത്രയെണ്ണം രാവിലെ ബാക്കിയുണ്ട്, ആന തീറ്റ എടുക്കുന്നതിൽ കുറവുണ്ടോ, ആനപ്പിണ്ഢത്തിനു യോജിക്കാത്ത മണമോ നിറംമാറ്റമോ ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കുന്നത് മധുവാണ്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ പാപ്പാന്മാർക്ക് ഫോൺ ചെയ്യും. ആനക്ക് കുടിക്കാനുള്ള വെള്ളം കാനുകളിൽ നിറച്ച് എല്ലാം തൃപ്തമാണെന്ന് ഉറപ്പ് വരുത്തിയിട്ടേ മധു സ്വന്തം വീട്ടിലേക്ക് മടങ്ങി ഒരു ചായ എങ്കിലും കുടിക്കൂ. വൈകീട്ട് ജോലി കഴിഞ്ഞ് എത്തിയാലും ചായക്കപ്പുമായി ആനയുടെ അടുത്തെത്തും. പാപ്പാന്മാരിൽ ആരെങ്കിലും ആ സമയം അവിടെ ഉണ്ടാകും. അവരുമായി അല്പം കുശലം പറഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങും. എന്തിനേറെ പറയുന്നു, രാത്രിയിൽ ഒരു ഉറക്കത്തിനു ശേഷം മൂത്രം ഒഴിക്കാൻ എഴുന്നേൽക്കുമ്പോൾ മധു ആന നിൽക്കുന്നിടത്തേക്ക് ഹൈ ബീം ടോർച്ച് അടിച്ച് നോക്കാറുണ്ട് എന്നു വരെ നീട്ടിൽ പറച്ചിലുണ്ട്. തെറ്റാകാൻ വഴിയില്ല. അത്രയുണ്ട് ഉമയുമായി മധുവിനുള്ള ബന്ധം. ആനക്കും മധുവിനെ സുപരിചിതമാണ്.
സംഭവ ദിവസം രാവിലെ ഉറക്കമെഴുന്നേറ്റ് നോക്കുമ്പോൾ മധു ആനയെ കണ്ടില്ല. ഉൽസവ സീസൺ അല്ല. കുളിപ്പിക്കാൻ പോകേണ്ട സമയവും ആയിട്ടില്ല. മാറ്റി തളക്കുന്ന ദിവസവും ആയിട്ടില്ല. പിന്നെ ആന എവിടെ പോയി എന്ന് മധുവിനു ആധിയായി. ശശി മേനോന് ഉടൻ ഫോൺ ചെയ്തു. അങ്ങേത്തലക്കൽ നിന്ന് കേട്ട വാർത്ത മധുവിനെ ഉലച്ച് കളഞ്ഞു. ആന ഇനി കുറച്ച് നാൾ കക്കാടിൽ ആണത്രെ. ഉടൻ കാർ വിളിച്ച് പുറപ്പെട്ടു. വികാരാധീനനായാൽ താങ്ങാൻ രണ്ട് പേരെയും കൂടെ കൂട്ടി.
ആനയെ കാണാൻ എത്തിയ കക്കാടുകാരെ കണ്ടപ്പോൾ മധുവിന്റെ സങ്കടം പാതി കുറഞ്ഞു. ആനക്ക് മേൽ ഒരു കണ്ണ് എപ്പോഴും ഉണ്ടാകുമെന്ന് അദ്ദേഹത്തിനു ഉറപ്പായി. പിന്നെന്തിനു സങ്കടപ്പെടണം.
ദേശത്ത് ആന എത്തിയതോടെ കക്കാടുകാർ ഉഷാറിലായി. ജീവിതത്തിനു ഒരു പുതിയ ഉന്മേഷം കൈവന്നിരിക്കുന്നതായി അവർക്കു തോന്നി. അമ്പലത്തിൽ രാവിലെയും വൈകീട്ടും ഭക്തർ കൂടി. വന്നവർ എല്ലാം ദർശനത്തിനു ശേഷം അര മണിക്കൂർ എങ്കിലും ഉമയുടെ അടുത്തും ചിലവഴിക്കാൻ സമയം കണ്ടെത്തി. അല്പം ദൂരെയുള്ള ദേശങ്ങളിൽ നിന്നു പോലും ആനയെ കാണാൻ കുട്ടികളുമായി ആളുകൾ എത്തി.
“ഒരു ദേശം ദേശമാകുന്നത് അവിടെ ഒരു ആന ഉള്ളപ്പോഴാണ്”.
ഇങ്ങിനെ കക്കാടിലും സമീപനാടുകളായ തൈക്കൂട്ടം, അന്നനാട്, കാതിക്കുടം എന്നിവിടങ്ങളിലും ഉൽസവാന്തരീക്ഷം ആയി. എന്നാൽ ചെറുവാളൂരിൽ കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല.
ചെറുവാളൂർ ശശി മേനോൻ
1995 ഏപ്രിലിലാണ് ചെറാലക്കുന്നിന്റെ അടിവാരത്തിൽ നിന്നു തുടങ്ങി, കക്കാടിലൂടെ കടന്നു പോയി, കാതിക്കുടം ഓസീൻ കമ്പനിപ്പടിയിൽ അവസാനിക്കുന്ന ടാർ റോഡിന്റെ പണി പൂർത്തിയാകുന്നത്. വെസ്റ്റ് കൊരട്ടിക്കാരനും കക്കാട് അയ്യപ്പന്റെ മൂത്തപുത്രനുമായ സുകുമാരന്റെ ആത്മമിത്രം സുബ്രമണ്യനായിരുന്നു നിർമാണ ചുമതല. റോഡ് നിർമാണം മികച്ച രീതിയിൽ നടന്നു. നാട്ടുകാരായ നാട്ടുകാർ എല്ലാം റോഡ് പണിക്കിറങ്ങി. റോഡ് പണിയാൻ വന്ന തൊഴിലാളികൾ തണലത്തിരുന്ന് സൊറ പറഞ്ഞു. പത്ത് കൊല്ലം കഴിഞ്ഞിട്ടും റോഡിൽ ഒരിടത്തും കേേടുപാടുകൾ വന്നില്ല എന്ന് പറഞ്ഞാൽ അതാണ് സത്യം. കക്കാടിലൂടെ റോഡ് വരുന്നതിനു ഒരു കൊല്ലം മുമ്പ് മൃഗാസ്പത്രിപ്പടി മുതൽ ചെറാലക്കുന്നു വരെയുള്ള ഭാഗം ടാർ ചെയ്തിരുന്നു.
റോഡ് ഉൽഘാടനം കെങ്കേമമായി നടന്നു. കക്കാടിന്റെ സമൂലമായ വളർച്ചക്ക് റോഡ് കാരണമാകുമെന്നു എല്ലാ രാഷ്ട്രീയക്കാരും ഊന്നിപ്പറഞ്ഞു. പക്ഷേ എന്തൊ ഒരു പോരായ്മ മുഴച്ചു നിൽക്കുന്നുണ്ടായിരുന്നു. അതെന്താണെന്നു തിട്ടം പോരായിരുന്നു ആദ്യം. പിൽക്കാലത്താണ് ബസ് സർവ്വീസ് ഇല്ലാതെ എന്ത് റോഡ് എന്ന ചിന്ത ഉടലെടുത്തത്. കക്കാടിലൂടെ ബസ് സർവ്വീസ് നടത്താൻ വിഘാതമായ പ്രധാന കാരണം ചാത്തൻ മാഷിന്റെ വീടിനു അടുത്ത്, പുല്ലാനിത്തോടിന്റെ കരയിലുള്ള ഹെയർപിൻ വളവാണ്. ബസ് വളച്ചെടുക്കാൻ വളരെ ബുദ്ധിമുട്ട്. അതുകൊണ്ട് ബസ് ഓടിക്കുമെന്ന് നാട്ടുകാർ കരുതിയ പല ട്രാൻസ്‌പോർട്ട് ടീമും പിൻവലിഞ്ഞു. പക്ഷേ അയൽനാടായ ചെറുവാളൂരിലെ പൗരപ്രമുഖൻ ശശി മേനോൻ അപ്പോൾ രംഗത്തിറങ്ങി. നാലഞ്ച് ബസുകൾ സ്വന്തമായുള്ള അദ്ദേഹം കക്കാടിലൂടെ ഒരു സർവ്വീസ് പരീക്ഷിക്കാൻ തീരുമാനിച്ചു. പുളിക്കക്കടവിൽ നിന്നു പുറപ്പെട്ട് മൃഗാശുപത്രി പടി കവലയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ചെറാലകുന്ന്, കക്കാട് വഴി ഓസീൻ കമ്പനിപടിയിലേക്ക് കയറുന്ന ബസ് പിന്നെ കാതിക്കുടം കവല, വിശ്വകർമ്മ നഗർ, കട്ടപ്പുറം എന്നീ സ്ഥലങ്ങൾ പിന്നിട്ട് കൊരട്ടി വഴി ചാലക്കുടിയിൽ എത്തുന്ന രീതിയിലാണ് റൂട്ട് പ്ലാൻ ചെയ്തത്. ശശി മേനോനു സ്വന്തമായി അഞ്ചോളം ബസുകൾ ഉണ്ട്. എല്ലാം സർവ്വീസ് നടത്തുന്നത് അന്നമനട, മാള, പറവൂർ ഭാഗത്താണ്. ചെറുവാളൂർ പോസ്റ്റോഫീസ് പടിയിൽ നിന്നു തുടങ്ങി ഇയ്യാത്തും കടവ് വരെയുള്ള റോഡ് ടാർ ചെയ്ത സമയത്ത് ആ റോഡിലൂടെ അദ്ദേഹം ഒരു ബസ് ഇയ്യാത്തുംകടവിൽ നിന്ന് പോസ്റ്റോഫീസ് പടി വഴി കൊരട്ടിയിലേക്ക് ഓടിച്ചിരുന്നു. അതിനാൽ നാട്ടിൽ ഒരു പുതിയ റോഡ് വന്നപ്പോൾ ബസ് ഓടിക്കാൻ തന്നെ ശശി മേനോൻ തീരുമാനിച്ചു. രണ്ട് മൂന്ന് വർഷത്തോളം ആ ബസ് കക്കാടിലൂടെ സർവ്വീസ് നടത്തുകയും ചെയ്തു. അതിനു ശേഷം ശശി മേനോന്റെ കയ്യൊപ്പ് കക്കാടിൽ ഇല്ലായിരുന്നു. എന്നാൽ ഉമയുടെ വരവോടെ അതിനു പരിഹാരമായിരിക്കുകയാണ്.
ഉമാ ഈശ്വരന്റെ സ്ഥലംമാറ്റം താൽക്കാലികം ആണെങ്കിലും ചെറുവാളൂരിൽ ചില പരാതികൾക്ക് അത് ഇടയാക്കി. ‘ആനയുള്ള ദേശം’ എന്ന നിലയിൽ ചെറുവാളൂരിനു ഉണ്ടായിരുന്ന ഗരിമ, അതിനിപ്പോൾ ചെറിയ കോട്ടം തട്ടിയിരിക്കുകയാണ്. ആനയെ തിരിച്ച് എത്തിക്കുക മാത്രമാണ് ഇതിനു പരിഹാരം. അതും നീരുകാലം ആകുന്നതിനു മുമ്പ് മാറ്റണം. നീരിലായാൽ പിന്നെ അഴിക്കാൻ മാസങ്ങൾ എടുക്കും. നാട്ടുകാർ ഇക്കാര്യം ആലോചിച്ച് തലപുകച്ചു. എന്നാൽ ശശി മേനോനോട് ഇക്കാര്യം നേരിൽ പറയാൻ എല്ലാവരും മടിക്കുകയും ചെയ്തു. ആനയുടെ ഉടമയോടു ആനയെ എവിടെ തളയ്ക്കണം എന്ന് പറയുന്നത് കടന്ന കയ്യാണ്. മാത്രമല്ല ശശി മേനോനോട് ഇതുപോലെ ഒരു കാര്യം അവതരിപ്പിക്കാൻ അദ്ദേഹവുമായി പ്രത്യേക സൗഹൃദം ഉള്ള ആൾക്കേ പറ്റൂ. അവതരിപ്പിക്കുന്ന രീതിയും പ്രധാനമാണ്. ഇക്കാരണങ്ങളാൽ ശശി മേനോനോട് കാര്യം അവതരിപ്പിക്കേണ്ട ആളാരെന്ന കാര്യത്തിൽ വാളൂരാന്മാർക്കു സന്ദേഹമില്ലായിരുന്നു. കൃഷ്‌ണൻകുട്ടിയെ അതിനു ചുമതലപ്പെടുത്തി.
ചെറുവാളൂർ ദേശത്തെ ആസ്ഥാന ഇലക്ട്രീഷ്യൻ. കാഴ്ചയിൽ പരുക്കൻ. സത്യത്തിൽ സാധു. പരമ കൃഷ്ണഭക്തൻ. പക്കാ മുറുക്കാൻ പ്രേമി. മുറുക്കാൻ വെള്ളം തുപ്പില്ല. ചിറിയിലൂടെ ഒലിച്ചേ പോകൂ. അതുകൊണ്ട് വായ തുറക്കൽ കുറവ്. അത്യാവശ്യം ഉണ്ടെങ്കിലേ സംസാരിക്കൂ എന്ന് സാരം. സംസാരമാകട്ടെ സൂര്യനു നേരെ നോക്കിയാണ്. എന്തു പറഞ്ഞാലും മറ്റുള്ളവർ ‘ഗുളു ഗുളു’ എന്നേ കേൾക്കൂ. അതിശയകരമെന്നേ പറയേണ്ടൂ, കൃഷ്ണകുട്ടി ‘ഗുളു ഗുളു’ എന്നു പറഞ്ഞാലും ചെറുവാളൂർ ദേശത്തുള്ളവർക്കു കാര്യം മനസ്സിലാവുകയും ചെയ്യും.
ഉമ ഈശ്വരനെ കക്കാടിൽ തളച്ച കാര്യം കൃഷ്ണകുട്ടി അറിയുന്നത് പത്രോസ് പടി ബസ് സ്റ്റോപ്പിലുള്ള ദാസൻ ചേട്ടന്റെ ചായക്കടയിൽ ഇരുന്ന് ചായ കുടിക്കുമ്പോഴാണ്. തന്റെ പഴഞ്ചൻ സുസുകി മാക്സ് 100 ൽ വന്നിറങ്ങിയ കൃഷ്ണകുട്ടി പതിവിലേറെ ചിന്താഗ്മനൻ ആയി കാണപ്പെട്ടപ്പോൾ ചായക്കടയിൽ ഉള്ളവർ കരുതിയത് ഉമയെ മാറ്റി തളച്ച കാര്യം അദ്ദേഹം അറിഞ്ഞെന്നാണ്. എന്നാൽ കാര്യം അതല്ലായിരുന്നു. ചായ ഒന്ന് മൊത്തി കൃഷ്ണൻകുട്ടി ആരോടെന്നില്ലാതെ പറഞ്ഞു.
“നമ്മടെ ദാമോദരൻ മാഷ്‌ടെ വീട്ടിലെ മോട്ടോർ അടിച്ചു പോയി”
“എപ്പോ”
“കൊറച്ച് മുമ്പ്”
“അപ്പോ നീയത് റിപ്പയർ ചെയ്യാൻ പോണില്ലേ?”
“ഞാനിപ്പോ അവടന്നാ വരണെ…”
“അപ്പോ അത് ശര്യായാ?”
കൃഷ്ണകുട്ടിക്ക് സംഭാഷണം തുടരാൻ വിമുഖതയുള്ള പോലെ തോന്നി. ദാസൻ വീണ്ടും ചോദിച്ചു. “ശര്യായോന്ന്?”
“ഇല്യ. ഞാൻ റിപ്പയർ ചെയ്തൂണ്ടിരിക്കുമ്പഴാ അടിച്ചു പോയത്.”
ദാസൻ ‘അത് ശരി’ എന്ന ഭാവത്തിൽ കൃഷ്ണൻകുട്ടിയെ കൂർപ്പിച്ചു നോക്കി. കൃഷ്ണൻകുട്ടി ഒന്നും പറഞ്ഞില്ല. താടി ഉഴിഞ്ഞ് പരിതപിച്ചു.
“ഒക്കെ വിധിയാണ്.”
“വിധി കണ്ടപ്പോ മാഷെന്തൂട്ടാ പറഞ്ഞെ?”
“’നാരായണ നാരായണ’ എന്നു മാത്രം പറഞ്ഞു”
“പാവം മാഷ്”
കൃഷ്‌ണൻകുട്ടി എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ പറഞ്ഞു. “മോട്ടോർ ഞാൻ സന്ധ്യക്കുള്ളിൽ ശരിയാക്കും. ഒരു സാധനം വാങ്ങാനുണ്ട്. ചാലക്കുടി വരെ പോണം.”
അപ്പോഴാണ് പിന്നിലൊരു ബെഞ്ചിൽ ഗിരിബാബു ഇരിക്കുന്നത് കൃഷ്ണൻകുട്ടി കണ്ടത്. ഗിരിബാബുവിനു ആകെ ഒരു ഉഷാറ് കുറവ്.
“എന്താടാ ഗിരി ഒരു ഉഷാർ ഇല്ലാണ്ട്.” അപ്പോഴാണ് കൃഷ്ണൻകുട്ടി അക്കാര്യം ഓർത്തത്. “ഓഹ്… നമ്മടെ നാരായണി അമ്മേടെ മോൾടെ കല്യാണം ഉറച്ചല്ലോ അല്ലേ. അത് സാരല്യ ഗിരി.. നമക്ക് വേറെ നോക്കാം…. അല്ല… ഞാനില്യ, നീ വേറെ നോക്ക്. എനിക്കെവിട്യാ ഇതിനൊക്കെ നേരം”
ഒരു തമാശ പറഞ്ഞിട്ടും ഗിരിയിൽ ഭാവഭേദം കണ്ടില്ല. ചായക്കടയിൽ ആണെങ്കിൽ പതിവില്ലാത്ത ശാന്തത. കൃഷ്ണൻകുട്ടിക്ക് ആകെ ഒരു വശപ്പിശക് തോന്നി. ആരും ഒന്നും മിണ്ടാത്തത് കണ്ട് ചായ കുടിച്ച് തീർത്ത് കൃഷ്ണൻകുട്ടി എഴുന്നേറ്റു.
“എന്നാ പിന്നെ ഞാൻ ചാലക്കുടിക്ക് പോയിട്ട് വരാം.”
അന്നേരം ഗിരിബാബു എഴുന്നേറ്റു വന്ന് കൃഷ്‌ണൻകുട്ടിയെ ആലിംഗനം ചെയ്തു. ഉമയുടെ കൂടുമാറ്റം മൂലമുള്ള ഗിരിയുടെ കണ്ണിലെ ശോകവും കണ്ണീരും കണ്ട് കൃഷ്ണൻകുട്ടിയുടെ മനസ്സ് ആർദ്രമായി. അദ്ദേഹം ഗിരിയെ ചേർത്തു പിടിച്ച് സാന്ത്വനിപ്പിച്ചു.
“പോട്ടെ ഗിരി. കാര്യാക്കാനില്യ. ജീവിതത്തിൽ ഇതൊക്കെ സാധാരണയാ”
ഗിരിബാബുവിന്റെ ആലിംഗനം കൂടുതൽ മുറുകിയതേ ഉള്ളൂ. കൃഷ്ണൻകുട്ടി തുടർന്നു.
“നീ വിഷമിക്കാതെ. നാരായണി അമ്മേടെ മോൾ പോയാ വേറെ പെണ്ണ്. അത്രയേ ഉള്ളൂ. നാട്ടിലാണോ പെണ്ണ് കിട്ടാ….”
കൃഷ്ണൻകുട്ടി മുഴുമുപ്പിക്കുന്നതിനു മുമ്പ് ഗിരിബാബു ആലിംഗനം വിടുവിച്ച് ചൂടായി.
“നാരായണി അമ്മേടെ മോളാ… നാരായണി അമ്മേടെ മോൾ പോയാ എനിക്കെന്തൂട്ടാ കൃഷ്ണേട്ടാ… എനിക്ക് ഒരു ചുക്കും ഇല്ല. പക്ഷേ ഉമ… എന്റെ ഉമ പോയാൽ എനിക്ക് സഹിക്കില്ല.”
കൃഷ്ണൻകുട്ടിയുടെ മുഖഭാവം മാറി. അവിശ്വസനീയതയോടെ അദ്ദേഹം ചോദിച്ചു. “ഏത് ഉമ? ഷാരത്തെ!!”
“മ…മ…മയ്.” ഗിരിബാബു വാക്കുകൾ കിട്ടാതെ തപ്പി തടഞ്ഞു. ഒടുക്കം പറഞ്ഞു നിർത്തി. “ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കോ ഇങ്ങേർക്ക്… പുള്ളി കാര്യം അറിഞ്ഞിട്ടില്ല.”
അന്നേരം ദാസൻ അടുത്തേക്ക് വന്ന് കൃഷ്ണൻകുട്ടിയെ വിവരം ധരിപ്പിച്ചു. കൃഷ്ണൻകുട്ടി സ്തംബ്ധനായി, നിശ്ചലനായി ഇരുന്നു. ചിറിയിലൂടെ മുറുക്കാൻ ഒലിച്ചു പോകാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് സ്ഥലകാലബോധം വന്നു.
ഗിരിബാബു ബഞ്ചിൽ കൃഷ്‌ണൻകുട്ടിക്ക് ഒപ്പം ഇരുന്നു. “കൃഷ്‌ണേട്ടൻ ഇങ്ങിനെ വെർതെ ഇരിക്കരുത്. നമക്ക് എന്തെങ്കിലും ചെയ്യണം.”
“എന്താ സംശയം. ചെയ്യണം”
“ശശി മേൻനോട് ഇക്കാര്യം സംസാരിക്കണം. ഉമയെ ഉടൻ തിരിച്ചെത്തിക്കണം എന്ന് പറയണം. ഒരു താക്കീത് പോലുള്ള ടോണിലാ പറയണ്ടേ”
കൃഷ്ണൻകുട്ടി നെറ്റി ചുളിച്ചു. “താക്കീതിന്റെ ടോണോ?! അതും ശശി മേൻനോട്!”
ഗിരിബാബു അതെയെന്ന ഭാവത്തിൽ മുഖം കടുപ്പിച്ച് ഇരുന്നു. കൃഷ്ണൻകുട്ടി ആലോചിച്ചു. കാര്യം എന്തെങ്കിലും ആകട്ടെ. ആരെങ്കിലും ശശി മേനോനോട് താക്കീതിന്റെ ടോണിൽ സംസാരിച്ചാലോ, അവനു അടി കിട്ടിയാലോ തനിക്കെന്ത്?
അപ്പോൾ ഗിരിബാബു കാര്യത്തിലേക്കു വന്നു. “ശശി മേൻനോട് സംസാരിക്കാൻ കൃഷ്ണേട്ടനെ ആണ് ഞങ്ങൾ മനസ്സിൽ കണ്ടിരിക്കുന്നത്”
അവിശ്വസനീയമായത് കേട്ട പോലെ കൃഷ്‌ണൻകുട്ടിയുടെ മുഖം വിളറി. വായിലുള്ള മുറുക്കാൻ വെള്ളത്തിന്റെ പകുതി നിലത്ത് വീണു. കൃഷ്ണൻകുട്ടി ബെഞ്ചിൽ നിന്ന് എഴുന്നേറ്റ് ഗിരിബാബുവിനെ നേരെ വിരൽ ചൂണ്ടി ചൂടായി.
“ഗുളു ഗുളു ഗുളു…”
കാര്യം മനസ്സിലാക്കി ഗിരി ആശ്വസിപ്പിച്ചു. “പോയ മുറുക്കാനൊള്ള കാശ് ഞാൻ തരാം. ഏട്ടൻ ചൂടാകാതെ… ഏട്ടനു ശശി മേൻനോട് താക്കീത് പോലെ സംസാരിക്കാൻ പറ്റുമോ? അത് പറ”
മുറുക്കാൻ പകുതി പോയതിൽ ക്ഷുഭിതനായ കൃഷ്ണൻകുട്ടിയുടെ മറുപടി ആംഗ്യത്തിൽ ആയിരുന്നു. പോക്കറ്റിൽ തൂങ്ങുകയായിരുന്ന വലിയ പ്ലയർ എടുത്ത് അതിന്റെ രണ്ട് ഹാൻഡിലുകൾ ഗിരിബാബുവിന്റെ രണ്ട് കയ്യിലുമായി കൃഷ്ണൻകുട്ടി നിർബന്ധിപ്പിച്ച് പിടിപ്പിച്ചു. പിന്നെ സ്വന്തം കഴുത്തിലെ കൊക്കിന്റെ ഭാഗം പ്ലയറിന്റെ രണ്ട് അഗ്രങ്ങൾക്ക് ഇടയിൽ വച്ചു. എന്നിട്ട് ഗിരിബാബുവിനോട് പ്ലയർ ഹാൻഡിൽ ഞെക്കാൻ ആംഗ്യം കാണിച്ചു. ഉമ പോയ സങ്കടത്തിൽ ഗിരി എങ്ങാനും ഞെക്കിയാലോ എന്ന് പേടിച്ച് ആളുകൾ പ്ലയർ പിടിച്ച് വാങ്ങി.
കൃഷ്ണൻകുട്ടി ചായക്കടയിൽ ഉള്ള എല്ലാവരേയും തീഷ്ണമായി നോക്കി പത്ത് പതിനഞ്ച് വട്ടം ‘ഗുളു ഗുളു’ എന്ന് പറഞ്ഞു. അതിന്റെ ആകെ അർത്ഥം ചായക്കടയിൽ ഉള്ളവർക്ക് മനസ്സിലായി.
‘ആനയെ മാറ്റി തളക്കാനുള്ള കാരണം ചോദിക്കാം. അധികം വൈകാതെ തിരികെ എത്തിക്കണം എന്നും അഭ്യർത്ഥിക്കാം. അതിനപ്പുറം താക്കീത് കൊടുക്കാൻ ഒന്നും ഞാൻ ആളല്ല. മേനോൻ എന്നെ എടുത്തിട്ട് അലക്കും.’
ചായക്കടയിൽ ഉള്ളവർ ദീർഘനിശ്വാസം ചെയ്തു. ‘ആനയെ തിരിച്ചെത്തിക്കണം’ എന്ന് അഭ്യർത്ഥിച്ചാൽ മതിയെന്നു അവർ ആശ്വാസത്തോടെ സമ്മതിച്ചു. പോകാൻ നേരം കൃഷ്ണൻകുട്ടി ചായയുടെ കാശ് കൊടുക്കുമ്പോൾ ഗിരിബാബു തടഞ്ഞു. കാശ് ഗിരിബാബു കൊടുത്തു. അപ്പോൾ കൃഷ്ണൻകുട്ടി മൂന്ന് ഉണ്ടൻപൊരിയും കൂടി പൊതിഞ്ഞെടുത്തു.
ശശി മേനോന്റെ പ്രൗഢഗംഭീരമായ വീട്ടിലേക്ക് കൃഷ്ണൻകുട്ടിയും ഗിരിബാബുവും എത്തുമ്പോൾ മേനോൻ പൂമുഖത്തിരുന്ന് പത്രം വായിക്കുകയായിരുന്നു. മുറ്റത്തിന്റെ ഒരു വശത്ത് ഒരു ബസ് കിടക്കുന്നുണ്ട്. റിപ്പയർ കഴിഞ്ഞ് കൊണ്ടുവന്നിരിക്കുന്നതാണ്. ഏതെങ്കിലും ബസിനു കേടുപാട് വന്നാൽ ഈ ബസ് പകരം ഓടിക്കും.
ശശി മേനോൻ വായിച്ചു കൊണ്ടിരുന്ന പത്രത്തിന്റെ ഒരു മൂലക്ക് പ്രയാഗ്‌രാജ് മഹാകുംഭമേളയുടെ ഫോട്ടോ സഹിതമുള്ള അറിയിപ്പ് ഉണ്ടായിരുന്നു. അപ്പോൾ സംഭാഷണം അതിൽ തുടങ്ങാമെന്ന് കൃഷ്ണൻകുട്ടി കരുതി.
“ശശി മേൻനെ…. നമക്കൊര് ചെറിയ കുംഭമേള പോലൊന്ന് നടത്തിയാലോ?”
ശശി മേനോൻ മന്ദഹസിച്ച് സംഭാഷണത്തിന്റെ ഒഴുക്കിനു അനുസരിച്ച് നീങ്ങി.
“ആവാലോ കൃഷ്ണൻകുട്ടീ. അതിനു പറ്റിയ സ്ഥലം എവിട്യാ?”
“അന്നമനട മണപ്പൊറത്ത് പോരെ”
“ധാരാളം.”
അപ്പോൾ ശശി മേനോനു കാതലായ ഒരു സംശയം തോന്നി. “അല്ലാ കൃഷ്ണൻകുട്ടി… കൊറേ ആൾക്കാർ വന്ന് പുഴയിൽ മുങ്ങിയാൽ അവരെല്ലാം ഇവിടെ തന്നെ പൊങ്ങുമോ?”
കൃഷ്ണൻകുട്ടി അത് നിസാരവൽക്കരിച്ചു. “ഇവിടെ പൊന്തിയില്ലെങ്കിലും പാറക്കടവ് ബണ്ടിനടുത്ത് പൊന്തില്ലേ. അത് പോരെ. കടലിലേക്ക് എന്തായാലും പോവില്ല.”
ശശി മേനോൻ ചിരിച്ചുകൊണ്ട് കുംഭമേള സംസാരം മതി എന്നർത്ഥത്തിൽ തലയാട്ടി. കൃഷ്ണൻകുട്ടി വന്ന കാര്യത്തിലേക്ക് കടക്കാൻ തുനിഞ്ഞു. ശശി മേനോനോട് എന്തെങ്കിലും കാര്യം പറയണമെങ്കിൽ അതിനു മുമ്പ് വളച്ച് കെട്ടിയുള്ള ഒരു ചുറ്റിക്കളി വേണം. നേരെ ചൊവ്വേ ‘അതുവേണം, ഇത് വേണം’ എന്ന് മേനോനോട് ആരും ആവശ്യപ്പെടുക പതിവില്ല. കൃഷ്ണൻകുട്ടി അതുപോലെ തന്നെ തുടങ്ങി.
“ശശി മേൻനെ… ഞാൻ എതിര് പറയാന്ന് കര്തരുത്… ഇത് വേണോ?”
“എന്താ? കാര്യം പറ കൃഷ്ണൻകുട്ടി.”
കൃഷ്ണൻകുട്ടി പ്ലേറ്റ് തിരിച്ചുവച്ചു. “മേൻന്റെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ഞാൻ ആളല്ല.”
ഇനി പറയുന്നില്ല എന്നാ ഭാവം നടിച്ച് കൃഷ്ണൻകുട്ടി ഫുൾ സ്റ്റോപ്പിട്ടു. ശശി മേനോൻ ഒന്നുകൂടി നിർബന്ധിക്കണം എന്നതാ കാര്യം. പക്ഷേ ഗിരിബാബുവിനു ഈ ചുറ്റിക്കളി ഇഷ്ടമായില്ല. ആൾ അസ്വസ്ഥനായി.
ശശി മേനോൻ അല്പം ഉച്ചത്തിൽ പറഞ്ഞു. “കാര്യം പറ കൃഷ്ണൻകുട്ടി… കാടും പടലും തല്ലാതെ.”
ശശി മേനോൻ രണ്ട് തവണയേ നിർബന്ധിക്കുള്ളൂ എന്നും, അതിനു ശേഷവും ചുറ്റിക്കളി തുടർന്നാൽ മലയാളികൾ സുലഭമായി ഉപയോഗിക്കുന്ന പ്രതിഷേധ വാക്ക് പറഞ്ഞേക്കുമെന്നും കൃഷ്‌ണൻകുട്ടിക്കു തോന്നി. അതിനാൽ അദ്ദേഹം പെട്ടെന്ന് കാര്യത്തിലേക്ക് കടന്നു. ഗിരിബാബുവിനെ ശശി മേനോന്റെ മുന്നിലേക്ക് നീക്കി നിർത്തി, ഗിരിയുടെ ഉച്ചി മുതൽ കുഞ്ചിക്കഴുത്ത് വരെ വാൽസല്യപൂർവ്വം, കുഞ്ഞിനെയെന്ന പോലെ നാല് തവണ തലോടി. പിന്നെ ചുണ്ടുകൾ കടിച്ചമർത്തി കരച്ചിൽ പൊട്ടുന്നത് തടയാൻ ശ്രമിക്കുന്ന പോലെ ഭാവിച്ച് പറഞ്ഞു.
“നമ്മടെ ഗിരി വല്യ സങ്കടത്തിലാ… , മൂന്ന് ദിവസമായി ചോറുണ്ടിട്ട്.”
ഉച്ചക്ക് കൂടി സുഭിക്ഷമായി ശാപ്പാട് കഴിച്ച ഗിരി സാഹചര്യത്തിനു ഒത്ത് ഉയർന്നു. അദ്ദേഹം അവശനാണെന്ന ഭാവം നടിച്ചു. ഗിരിബാബുവിനെ കൂർപ്പിച്ചു നോക്കി, നാട്ടുകാർക്ക് മുഴുവൻ അറിയാവുന്ന കാര്യം ശശി മേനോനും പറഞ്ഞു.
“അത് നമ്മടെ നാരായണി അമ്മേടെ മോൾടെ കല്യാണം ഉറപ്പിച്ചതിന്റെ ആയിരിക്കൊള്ളൂ”
“ഞാനും അങ്ങനാ കരുതിയത് മേൻനെ. പക്ഷേ അവനോട് ചോദിച്ചപ്പോ വേറെം കാരണം ഇണ്ടത്രെ.”
“വേറേത് പെണ്ണിന്റെ കല്യാണാ ഉറപ്പിച്ചെ. ഞാൻ അറിഞ്ഞില്ല.” ശശി മേനോൻ നിഷ്കളങ്കമായി ചോദിച്ചു.
കൃഷ്ണൻകുട്ടി എങ്ങും തൊടാതെ വിഷയം മാറ്റി.
“അല്ലാ നമ്മടെ ഉമ…. വേറെ എവിടെയോ തളച്ചെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് എല്ലായിടത്തും സംസാരം.”
ശശി മേനോന്റെ മുഖം ഗൗരവതരമായി. കൃഷ്ണൻകുട്ടി വന്ന കാര്യം മേനോനു വ്യക്തമായി. അദ്ദേഹം കസേരയിൽ നിന്ന് എഴുന്നേറ്റു.
“ഞാൻ എല്ലാം അറിയുന്നുണ്ട് കൃഷ്ണൻകുട്ടീ. ഇത് ഞാൻ ജനിച്ച് വളർന്ന നാട് തന്നെ അല്ലേ. ആനയെ കക്കാടിൽ തളച്ചത് നാട്ടാർക്ക് ഇഷ്ടായില്ല. അത്ര തന്നെ.”
“നാട്ടാര്ടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നോട്ടക്കുറവ് വന്നോ മേൻനെ?”
“ഒരു നോട്ടക്കുറവും ഇല്ലാ കൃഷ്ണൻകുട്ടി. ഒരു കുറവും ദേശക്കാർ വരുത്തിയിട്ടില്ല.”
“പിന്നെന്താ ഇങ്ങിനെ ഒന്ന് തോന്നാൻ?”
ശശി മേനോൻ മച്ചിനു നേരെ കൈകൂപ്പി പറഞ്ഞു. “ശാസ്താവിന്റെ ഹിതം… ഞാനത് നിറവേറ്റി. അത്ര തന്നെ”
കൃഷ്ണൻകുട്ടിയുടെ മുഖഭാവം കണ്ട് ശശി മേനോൻ വിശദീകരിച്ചു.
“കുറച്ച് മാസായി ഇങ്ങനൊരു വിചാരം എന്റെ മനസ്സിൽ കിടക്കായിരുന്നു. കഴിഞ്ഞ പൈങ്കുനി ഉത്രം വിളക്ക് എഴുന്നള്ളിപ്പിനു പഞ്ചവാദ്യം കേട്ടു നിൽക്കുമ്പഴാ ആദ്യം തോന്നീത്. എന്തിന് ആനയെ ചെറുവാളൂരിൽ മാത്രം തളയ്‌ക്കണം. ശാസ്താവിന്റെ ഹിതം പോലെ ഈ വിചാരം പിന്നെ എന്നെ വിട്ടു പോയില്ല. മൂന്ന് തവണ സ്വപ്നത്തിലും വന്നു. പിന്നെ ഞാൻ സംശയിക്കണോ കൃഷൺകുട്ടീ”
ശശി മേനോൻ നയം വ്യക്തമാക്കിയതോടെ കൃഷ്ണൻകുട്ടി നിലപാടിൽ യു ടേൺ അടിച്ചു. ചായക്കടയിൽ ഉള്ളവർക്ക് കൊടുത്ത വാഗ്ദാനങ്ങൾ എല്ലാം അദ്ദേഹം തോട്ടിലെറിഞ്ഞു.
“ശശി മേനോൻ ചെയ്തത് ഉചിതായെന്ന് പ്രത്യേകം പറയണ്ട കാര്യല്യ. എല്ലാം ഭംഗിയായി”
കൃഷ്ണൻകുട്ടിയുടെ നിലപാട് മാറ്റം കണ്ട് ഗിരിബാബു അമ്പരന്നു. അദ്ദേഹം പിന്നിൽ നിന്ന് തോണ്ടി.
കൃഷ്ണൻകുട്ടി അത് കാര്യമാക്കിയില്ല. മേനോനോട് എന്തോ ചോദിക്കാൻ വന്നിട്ട് പെട്ടെന്ന് നിർത്തി. “അപ്പോ ഇനി….”
കൃഷ്ണൻകുട്ടിയുടെ മനസ്സിൽ ഉള്ളത് ഊഹിച്ച് ശശി മേനോൻ പറഞ്ഞു.
“ആന മൂന്ന് മാസം കഴിഞ്ഞാ വരും. അതിൽ സംശയം വേണ്ട”. പറഞ്ഞ് നിർത്തി ശശി മേനോൻ പത്രം വായനയിലേക്കു മടങ്ങി.
ഇശ്ചിച്ചത് കേട്ടതോടെ കൃഷ്ണൻകുട്ടിയും ഗിരിയും ആഹ്ലാദത്തിലായി. അവർ യാത്ര പറഞ്ഞ് ഇറങ്ങി. ചായക്കടയിൽ എത്തി ബെഞ്ചിൽ ഇരുന്നപ്പോഴേക്കും ആളുകൾ ചുറ്റും കൂടി. കൃഷ്ണൻകുട്ടി താടി ഉഴിഞ്ഞ് പറഞ്ഞു.
“ശശി മേനോൻ ആദ്യം സമ്മതിച്ചില്ല. പക്ഷേ ഞാൻ കട്ടക്ക് പറഞ്ഞപ്പോ 3 മാസത്തിനുള്ളീ ആനയെ ചെറുവാളൂരിൽ എത്തിക്കാം ന്ന് ഏറ്റിട്ടുണ്ട്. ഇനിയൊക്കെ നിങ്ങടെ കയ്യിൽ”
ഗിരിബാബു വയലന്റായി വരുന്നതിനു മുമ്പേ തന്നെ കൃഷ്ണകുട്ടി യാത്ര പറഞ്ഞിറങ്ങി. “ചാലക്കുടിക്ക് പോണം. ദാമോദരൻ മാഷ്‌ടെ വീട്ടിലെ മോട്ടോർ ശരിയാക്കണം”
കാർമേഘം അങ്ങിങ്ങായുള്ള മാനത്ത് നോക്കി കൃഷ്ണൻകുട്ടി ഒരു നിമിഷം പ്രാർത്ഥിച്ചു. “കൃഷ്ണാ ഗുരുവായൂരപ്പാ… മഴ പെയ്യിക്കരുതേ”
Nostalgic.. Real.. Writings❤️