പ്രൈഡ് ഓഫ് കാതിക്കുടം – 1

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


രണ്ടായിരമാണ്ടിലെ ആദ്യദിനം. തലേന്നു രാത്രിയിലെ ഹാങ്ങോവർ വിട്ടുപോകാത്തതിനാൽ, കൃസ്‌മസ് പപ്പായുടെ മുഖംമൂടി ധരിച്ചു സൈക്കിൾ ചവിട്ടിവരുന്ന അഖിലിനെ കണ്ടപ്പോൾ മര്യാദാമുക്കിലെ മതിലിൽ ഇരിക്കുന്ന ആശാൻകുട്ടി കൈ കൊട്ടി വിളിച്ചു.

“ഇവടെ വാടാ അഖീ”

പോളിച്ചന്റെ മകൻ അഖിലിനു പതിനൊന്നു വയസ്സുണ്ട്. എന്തിനും ഏതിനും നല്ല ചുറുചുറുക്ക് പ്രദർശിപ്പിക്കുന്നവൻ. അമിതോൽസാഹി. എല്ലാ പുതുവർഷത്തിനും സമീപത്തുള്ള പീക്കിരി പിള്ളേരെ ഒന്നിച്ചു കൂട്ടി, അവരിൽ ഒത്തൊരുമ ബോധം കുത്തിവച്ച്, ന്യൂ ഇയർ സംഘമായി പോകാറുള്ളവൻ. എല്ലാ വീട്ടിലും കയറി ഡാൻസു കളിച്ച് കാശു വാങ്ങും. ഇന്നലേയും ന്യൂഇയറിനു പോയത് ആശാൻ കണ്ടിരുന്നു.

അഖിൽ മതിലിനു അരികിലെത്തി. ആശാൻ ചോദിച്ചു.

“ന്യൂ ഇയറിനു പോയിട്ടു എത്ര കാശു കിട്ടീടാ?”

“നൂറു രൂപ”

“ഛായ്, ആർക്കു വേണടാ ഈ നക്കാപ്പിച്ച. ഒരു രാത്രി മുഴ്വോൻ നെരങ്ങീട്ട് നൂറ് രൂപ്യേ” ആശാൻകുട്ടി പുശ്‌ചിച്ചിട്ട് തുടർന്നു.

“ആട്ടെ… നിനക്കെത്ര കിട്ടി?”

അഖിൽ അസ്വസ്ഥത ഭാവിച്ചു. “അതല്ലേ പറഞ്ഞേ. നൂറു രൂപാന്ന്”

“നിനക്ക് ഒറ്റക്ക് നൂറോ!. അപ്പോ എത്രാള്ണ്ടായിരുന്നു ഗ്യാങ്ങില്”

“എട്ട്”

ആശാന്റെ കണ്ണുതള്ളി. “അയ്യോ എന്റമ്മോ, എണ്ണൂറ്!”

“ആ ഏതാണ്ട് അത്രേം”

ആശാൻ പരിഭവിച്ചു. “എന്നേം കൂടി വിളിക്കാര്ന്നില്ലേടാ അഖീ”

“വിളിക്കാന്ന് വിചാരിച്ചതാ. പക്ഷേ സാഗർ പറഞ്ഞു വേണ്ടാന്ന്”

‘അതെന്തേ?”

“ചേട്ടൻ കാശു മക്കി ബിയറു കുടിക്കൂന്ന് അവൻ പറഞ്ഞു”

ആശാൻകുട്ടിക്ക് സാഗറിനോടു ദേഷ്യം തോന്നിയെങ്കിലും മനസ്സിൽ പറഞ്ഞു. ‘ദീർഘജ്ഞാനിയാണ്, നല്ലതു വരട്ടെ’.

അഖിൽ അറിയിച്ചു. “വാളൂർ സ്കൂൾ ഗ്രൌണ്ടിൽ ബൈക്ക് റേസിങ്ങ് നടത്താൻ പോണ കാര്യം ചേട്ടൻ അറിഞ്ഞാ”

മര്യാദാമുക്കിലെ എല്ലാവർക്കും അതു പുതിയ അറിവായിരുന്നു. ആശാൻ മുന്നോട്ടാഞ്ഞു. “റേസിങ്ങോ!”

“അതേന്ന്. ഗ്രൌണ്ട് ബോയ്‌സാ നടത്തണെ”

ചെറുവാളൂർ സ്കൂൾ ഗ്രൗണ്ടിൽ ഫുട്‌ബാളും ക്രിക്കറ്റും കളിക്കുന്നവരാണ് ‘ഗ്രൗണ്ട് ബോയ്സ്’. ചിലപ്പോൾ ‘ഗ്രൗണ്ട് ബ്രദേഴ്‌സ്’ എന്നും പറയും. എല്ലാവരും വാളൂരിലും സമീപ പ്രദേശങ്ങളിലും ഉള്ളവരാണ്. ക്രീഢാവിനോദങ്ങൾക്കു പുറമെ ഗ്രൗണ്ടിലെ മോറൽ പോലീസിങ്ങും ഇവരുടെ ചുമതലയാണ്. രാത്രിയിൽ ഗ്രൗണ്ടിലിരുന്നു ‘മിനുങ്ങാൻ’ വരുന്നവരെ അടിച്ചോടിക്കുക, വിശാലമായ മൈതാനത്തു ടുവീലർ ഓടിക്കുന്നതു പഠിക്കാൻ വരുന്നവരെ നിരുൽസാഹപ്പെടുത്തി തിരിച്ചയക്കുക… എന്നിവയൊക്കെ ഇവരുടെ അധികാര പരിധിയിലെ കാര്യങ്ങളാണ്.

ആശാൻ ചോദിച്ചു. “റേസിങ്ങ് നടത്താൻ മാത്രം സൗകര്യൊന്നും ഗ്രൗണ്ടിലില്ലല്ലാ”

“ഗ്രൗണ്ട് മാത്രല്ലാ, അന്നമനട കാടുകുറ്റി വൈന്തല ഒക്കെ കവർ ചെയ്യും”

സംഭാഷണം ഇത്രയുമെത്തിയപ്പോൾ കക്കാടിലെ റാഷ് ഡ്രൈവർ പ്രഭാകരൻ അദ്ദേഹത്തിന്റെ ലൂണയിൽ മന്ദം മന്ദം വന്നു. ലൂണ എവിടെ പോകുന്നോ അവിടെയൊക്കെ ഹിറ്റാണ്.

ആശാൻ വിളിച്ചു പറഞ്ഞു. “പ്രഭാകരേട്ടാ. വാളൂർ സ്കൂൾ ഗ്രൌണ്ടിൽ ബൈക്ക് റേസിങ്ങ് നടത്താൻ പോണൂന്ന്”

പ്രഭാകരൻ ചിന്തയിലാണ്ടു. “ലൂണക്കും പങ്കെടുക്കാമ്പറ്റോ?”

ആശാൻ‌കുട്ടി പ്രോൽസാഹിപ്പിച്ചു. “പിന്നല്ലാണ്ട്. പ്രഭാകരേട്ടൻ ഈ ചാൻസ് വിട്ട് കളയര്ത്. നമക്ക് കലക്കണം”

പ്രഭാകരൻ മര്യാദാമുക്കിലെ മര്യാദക്കാരെ എല്ലാം ആകെയൊന്ന് നോക്കി, തറപ്പിച്ചു പറഞ്ഞു. “നിങ്ങളൊക്കെ കൂടെ നിന്നാൽ….. ഞാനും എറങ്ങാം”

“എന്നാ പ്രഭാകരേട്ടൻ വിട്ടോ. ഞങ്ങ അറിയിക്കാം”

ആശാൻ മര്യാദാമുക്കിലുള്ള എല്ലാവരോടുമായി പറഞ്ഞു. “ഞാൻ പങ്കെടുത്താലോന്ന് ആലോചിക്കാണ്”

Read More ->  സജീഷ് ഡ്രൈവിങ്ങ് സ്കൂള്‍ - 2

മതിൽമഞ്ചത്തിൽ കിടന്ന് മയങ്ങുകയായിരുന്ന മുരളി, മയങ്ങിക്കൊണ്ട് തന്നെ സംശയം ചോദിച്ചു. “അതെങ്ങനാ ആശാനേ. വണ്ടി ഓടിക്കണങ്കീ നിനക്ക് രണ്ടെണ്ണം അടിക്കണ്ടേ?”

ആശാൻകുട്ടി നയം വ്യക്തമാക്കി. ”രണ്ടെണ്ണം അടിച്ചിട്ടേ ഞാനെന്തും ചെയ്യൂ”

“മൽസര കമ്മറ്റി സമ്മതിക്കില്ല”

ആശാൻ ചൊടിച്ചു. “എന്തൂട്ടിന്. അടിക്കാനാ?”

“അല്ല. അടിച്ചട്ട് വണ്ട്യോടിക്കാൻ”

“എന്നാപ്പിന്നെ വേറാരേങ്കിലും എറക്കാം”

“മതി”

വിഷയം ലാഘവത്വത്തോടെയാണ് പുരോഗമിച്ചതെങ്കിലും, ക്രമേണ ആരെയെങ്കിലും കളത്തിലിറക്കണമെന്ന അഭിപ്രായം ‘മര്യാദക്കാർ’ക്കിടയിൽ പ്രബലമായി.

ബൈക്ക് റേസിങ്ങിനു പറ്റിയ കുറേ പിള്ളേരുള്ള സ്ഥലമാണ് ചെറുവാളൂരും വാളൂരും. അന്നമനടയിൽ നിന്നു കൊരട്ടിയിൽ എത്താൻ ഇക്കൂട്ടർ രണ്ടു മിനിറ്റേ എടുക്കുള്ളൂ. ചിലർ ഇടത്തരം റേസിങ്ങ് ടൂർണമെന്റുകളിലൊക്കെ പങ്കെടുത്തു പരിചയമുള്ളവരുമാണ്. വിജയിക്കലും അപൂർവ്വമല്ല. ഈ കാരണങ്ങളാലായിരിക്കാം റേസിങ് ടൂർണമെന്റ് സംഘടിപ്പിക്കാൻ തീരുമാനമെടുത്തത്. ഡ്രൈവിങ്ങ് രംഗത്തു, ചെറുവാളൂരിനെ അപേക്ഷിച്ച് കക്കാടിൽ എടുത്തു പറയാൻ മാത്രം ആരുമില്ല, നവിച്ചൻ ഒഴിച്ച്. എന്നാൽ, ആക്സിഡന്റുകൾ തുടർക്കഥയായതോടെ നവിച്ചൻ ബൈക്ക് വിറ്റു.

റേസിങ് ടൂർണമെന്റിൽ ആരെയിറക്കണം എന്ന കാര്യത്തിൽ മര്യദാമുക്കിലെ കൂടിയാലോചന കുറേ നേരം നീണ്ടു. ഒടുക്കം ‘പ്രൈഡ് ഓഫ് കാതിക്കുടം,’, ‘പ്രൈഡ് ഓഫ് ബജാജ്’ എന്നീ ഇരട്ടഖ്യാതികളുള്ള കാതിക്കുടത്തെ സജീവന്റെ പേരിൽ എല്ലാവരും ധാരണയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട വിവരം അദ്ദേഹത്തെ അറിയിക്കാൻ ആശാൻകുട്ടിയെ ചുമതലപ്പെടുത്തി.

കാതിക്കുടം ഓസീൻ കമ്പനിക്കു സമീപം താമസിക്കുന്ന സജീവൻ എന്ന ‘ബജാജ് സജീവൻ’ ചാലക്കുടിയിലെ പ്രശസ്തമായ ബജാജ് ഓട്ടോസർവീസ് സെന്ററിലെ ചീഫ് മെക്കാനിക്കാണ്. നാട്ടിലും പുറത്തും ഇദ്ദേഹം അറിയപ്പെടുന്നത് ‘പ്രൈഡ് ഓഫ് ബജാജ്’ എന്ന പേരിലാണ്. പ്രസ്തുതനാമം ഒരു പുരസ്കാരമാകുന്നു. സമ്മാനിച്ചത് മറ്റാരുമല്ല, ബജാജ് മോട്ടോർസിന്റെ ഉടമ തന്നെ. രണ്ടുപേരും തമ്മിൽ അടിമ – ഉടമ ബന്ധമേയുള്ളൂ എന്ന ധാരണയൊക്കെ തകർത്താണ് ഒരുദിവസം സർവ്വീസ് സെന്ററിലേക്കു വിളി വന്നത്. തത്സമയം സജീവൻ ജാക്കിയിലുയർത്തിയ ജീപ്പിനടിയിൽ തലതിരുകി ഉറങ്ങുകയായിരുന്നു. പ്രത്യക്ഷത്തിൽ ജോലിയിലും, സത്യത്തിൽ ഉറക്കത്തിലും വ്യാപൃതൻ.

ടെലഫോണിലൂടെ പ്രവഹിച്ച അനർഗള ഹിന്ദിയിൽ സജീവൻ പതറിയില്ല. എല്ലാ ചോദ്യങ്ങൾക്കും ‘അച്ചാ ഹൈ’, ‘അച്ചാ നഹി ഹൈ’ എന്നുള്ള രണ്ടേ രണ്ടു ഉത്തരങ്ങളാൽ അദ്ദേഹം സമർത്ഥമായി മറുപടി നൽകി. മാത്രമല്ല, ചില കാര്യങ്ങൾ ഹിന്ദിയിൽ അങ്ങോട്ടും ചോദിച്ചു. അതോടെ വിളിച്ച ആൾ പത്തി മടക്കി, സംഭാഷണം നിർത്തി. ആകാംക്ഷഭരിതരായി ചുറ്റും കൂടിയവരെ സജീവൻ കാര്യമറിയിച്ചു. ബജാജ് സർവ്വീസ് സെന്ററിൽ മെക്കാനിക്കായി സേവനം തുടങ്ങിയിട്ടു ഇന്നേക്കു പത്തുവർഷം തികയുകയാണെന്നും, ഈ അവസരത്തിൽ ‘പ്രൈഡ് ഓഫ് ബജാജ്’ പുരസ്കാരവും, ബജാജിന്റെ ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത പുതിയ മോഡൽ ബൈക്കും തനിക്കു സമ്മാനിക്കാൻ ബജാജ് മോട്ടോർസ് തീരുമാനമെടുത്തതായും സജീവൻ പറഞ്ഞു. പുതിയ മോഡൽ ബൈക്കിനു തന്റെ ബഹുമാനാർത്ഥം ‘ബജാജ് സജീവ്’ എന്നു നാമകരണം ചെയ്യണമെന്ന അഭ്യർത്ഥന അംഗീകരിക്കപ്പെടാൻ ഇടയുണ്ടെന്നും സജീവൻ കൂട്ടിച്ചേർത്തു.

സർവ്വീസ് സെന്ററിന്റെ മുതലാളി പറഞ്ഞു. “നിനക്കിപ്പോ എന്തിനാ സജീവാ പുതിയ ബൈക്ക്? എല്ലാ ദെവസോം ഇവടന്ന് ഏതെങ്കിലും വണ്ടീം കൊണ്ടല്ലേ രാത്രി വീട്ടീപ്പോണെ”

സജീവൻ നെറ്റിചുളിച്ചു. “അതോണ്ട് ?”

“അതോണ്ട് ബജാജ് മോട്ടോർസ് തരണ പുതിയ ബൈക്ക് സർവ്വീസ് സെന്ററിന്. നിനക്ക് ഇവടത്തെ ബൈക്ക്”

സജീവൻ ഉടൻ രാജിയെഴുതി ഒപ്പിട്ടു കൊടുത്തു. ‘പ്രൈഡ് ഓഫ് ബജാജ്’ രാജി വയ്ക്കുകയോ! അസാധ്യം. മുതലാളി അയഞ്ഞു. ഒരാഴ്ചക്കുള്ളിൽ ബജാജിന്റെ പുതിയ മോഡൽ ബൈക്ക് സജീവന്റെ വീട്ടിലെത്തി.

ഒന്നു തൊട്ടു ഏഴു വരെ കാതിക്കുടം യുപി സ്കൂളിലും അതിനുശേഷം വാളൂർ ഹൈസ്കൂളിലും പഠിച്ച സജീവനു എസ്എസ്എൽസി-ക്കു കിട്ടിയ മാർക്ക് കൃത്യം മുന്നൂറായിരുന്നു. എന്നിട്ടും ചാലക്കുടി ഐടിഐയിൽ കണ്ണായ മെഷിനിസ്റ്റ് ട്രേഡിൽ പ്രവേശനം ലഭിച്ചത് ഐടിഐയുടേയും കാതിക്കുടത്തിന്റേയും ചരിത്രത്തിലെ ഒന്നാമത്തെ വിസ്മയമാണ്. മെഷിനിസ്റ്റ് ട്രേഡിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച സജീവനെ കാമ്പസ് ഇന്റർവ്യൂവിൽ ചാലക്കുടിയിലെ ബജാജ് സർവ്വീസ് സെന്റർ കൊത്തിക്കൊണ്ടു പോയത് രണ്ടാമത്തെ വിസ്മയവും ആകുന്നു.

Read More ->  സുശ്രുതപൈതൃകം - 1

സർവ്വീസ് സെന്ററിൽ പഞ്ചറൊട്ടിച്ചും പെയിന്റടിച്ചും സേവനം ആരംഭിച്ച സജീവന്റെ രാശി തെളിയുന്നത് സെക്കന്റ് ഹാൻഡ് ഇരുചക്ര വാഹനവില്പനയിൽ ഇടനിലക്കാരനായി പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ്. ഒരു കൊല്ലത്തിനുള്ളിൽ ചാലക്കുടിക്കു പത്തു കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്കെല്ലാം ഇരുചക്ര വാഹങ്ങളുടെ ക്രയവിക്രയങ്ങൾക്കു സജീവൻ മതിയെന്ന നിലയായി. ചുരുക്കിപ്പറഞ്ഞാൽ സെക്കന്റ്ഹാൻഡ് വാഹന വിൽപനയുടെ കുത്തക സജീവൻ & പാർട്ടിയുടെ കയ്യിൽ. സജീവനു വേണ്ടി എല്ലായിടത്തും ഏജന്റുമാർ പ്രവർത്തനം തുടങ്ങി. അവർക്കു നല്ല കമ്മീഷനും ലഭിച്ചു. ആവശ്യക്കാരുടെ ഒഴുക്ക് കൂടിയപ്പോൾ സജീവൻ പ്രത്യേക ലെറ്റർപാഡ് തയ്യാറാക്കി അതു രജിസ്റ്റർ ചെയ്തു. അങ്ങിനെ സജീവൻ കാശുകാരനായി. ‘ബൈക്ക് വേണം സജീവാ’ എന്നുപറഞ്ഞു മിനിമം ആറ് കേസെങ്കിലും ഒരു മാസത്തിൽ അദ്ദേഹത്തെ തേടിയെത്തും. ഒരു കേസിനു കമ്മീഷൻ അഞ്ചെങ്കിലും കിട്ടും. അങ്ങിനെ ആറും അഞ്ചും കൂടി മുപ്പതിനായിരം പോക്കറ്റിൽ! ഇത്തിരി കുറഞ്ഞാലും ഇരുപത് നിശ്ചയമാണ്.

ബൈക്ക് റേസിങ്ങ് കാര്യം പറയാൻ ആശാൻ ചെല്ലുമ്പോൾ സജീവൻ സുഹൃത്തായ സുനിയുടെ ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു.

ആശാൻ വിളിച്ചു. “സജീവാ നീയിങ്ങട് വന്നേ. ഒരു കാര്യം പറയാന്ണ്ട്”

സജീവൻ എഴുന്നേറ്റ് ആശാന്റെ അടുത്തെത്തി. എന്തോ പന്തികേട് പോലെ. ആശാനെ ചുഴിഞ്ഞു നോക്കി സജീവൻ ചോദിച്ചു.

“നീ വീശീണ്ടല്ലേ?”

“പുതുവർഷല്ലേ സജീവാ. അപ്പോ ചെറുതായി ഒന്ന് മിനുങ്ങി”

“ശവി. എന്നട്ട് ഒരു തുള്ളി എനിക്ക് കൊണ്ടന്നാ. അതില്ല” സജീവൻ വികാരത്തിനു അടിമപ്പെട്ടു. “നിനക്കൊക്കെ എന്നോട് വല്ല സ്നേഹണ്ടാ. അല്ല നീ പറ….. സ്നേഹണ്ടാ?”

കൈപ്പടം പരത്തി നെറ്റിയിൽ വച്ച് ആശാൻ ദുഃഖിതനായി. കുറച്ചു കഴിഞ്ഞു സജീവന്റെ കൈത്തലം ഗ്രഹിച്ചു പറഞ്ഞു.

“പറ്റിപ്പോയി സജീവാ. ഒക്കെ പറ്റിപ്പോയി. ഈ വീക്കെന്റില് എന്താന്ന് വച്ചാ ചെയ്യാം”

സജീവന്റെ മുഖം തെളിഞ്ഞു. “ഏറ്റോ?”

“അമ്മയാണെ, അച്ചനാണേ, അയ്യങ്കോവ് ശാസ്താവാണെ സത്യം. ഞാനേറ്റു സജീവാ. നീ വാ… പറയട്ടെ”

ആശാൻ ചുരുങ്ങിയ വാക്കുകളിൽ കാര്യം ധരിപ്പിച്ചു. റേസിങ്, മര്യാദക്കാരുടെ തീരുമാനം, അങ്ങിനെയങ്ങിനെ. എല്ലാം കേട്ടു കഴിഞ്ഞ് സജീവൻ ചോദിച്ചു.

“അപ്പോ എനിക്കെന്ത് കിട്ടും?”

ആശാൻ ചൊടിച്ചു. “ഹാ… വീക്കെന്റ് ആവട്ടെ സജീവാ…. തെരക്ക് പിടിക്കാണ്ടിരി”

സജീവൻ തിരുത്തി. “അതല്ല ഉദ്ദേശിച്ചെ. റേസിങ്ങീ പങ്കെടുത്താ എനിക്കെന്ത് കിട്ടൂന്ന്?”

ആശാൻ ചൂടായി. “ഉണ്ട”

“അങ്ങനെ പറഞ്ഞാ പറ്റ്വോ ആശാനേ. എന്തേലും തടയാണ്ട് എന്തോന്ന് മൽസരം”

“മൽസരത്തീ ജയിച്ചാ മൂവായിരം രൂപേം രണ്ട് താറാവിനേം കിട്ടും. അതുപോരേ?”

“പോരാ”

“എന്നാപ്പിന്നെ നമക്ക് കാണാം. കക്കാടീന്ന് ഒരു വണ്ടിക്കേസും നിനക്കിനി കിട്ടൂന്ന് കര്തണ്ട. വാളൂരിലേം ഞാൻ മൊടക്കും. ഫലം നീ തെണ്ടും”

ആശാൻ ഭിക്ഷക്കാരെ പോലെ കൈനീട്ടി ഭിക്ഷാടന രംഗം ആവിഷ്കരിച്ചു. അതുകണ്ടു സജീവൻ പതറി. സ്വയം തെണ്ടുന്നത് ഭാവനയിൽ സങ്കൽപിച്ചു നോക്കി. ഹോ ഭയങ്കരം. ആശാനു നാട്ടിലും പുറത്തും അപാര പിടിയാണ്. പിണക്കി വിട്ടാൽ സെക്കന്റ്ഹാൻഡ് വണ്ടിക്കച്ചവടം കുറയും. ഒരുപാട് കാശു പോകുന്ന കാര്യം ഓർത്തപ്പോൾ സജീവൻ തോൽവി സമ്മതിച്ചു.

“ഞാനൊരു നമ്പറിട്ടതല്ലേ ആശാനേ. നീയത് കാര്യാക്ക്യാലോ?”

ആശാൻകുട്ടി മിണ്ടിയില്ല. സജീവൻ ഒന്നാലോചിച്ചു. “ഞാനെറങ്ങാം. പക്ഷേ എന്റെ വണ്ടിയത്ര പോര. ഒരു റേസിങ്ങീ അതും കൊണ്ട് പങ്കെടുക്കാൻ പറ്റില്ല”

ആശാനും അതു ശരിയാണെന്നു തോന്നി. “നീ പേടിക്കണ്ട. വണ്ടി നമക്ക് ജയേഷിനോട് ചോദിക്കാം”

രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


7 Replies to “പ്രൈഡ് ഓഫ് കാതിക്കുടം – 1”

  1. അയ്യങ്കോവ് ശാസ്താവിന്റെ ഉൽസവം ഏപ്രിൽ 4, 5 തീയതികളിൽ.

    🙂

    എന്നും സ്നേഹത്തോടെ
    സുനിൽ ഉപാസന

  2. വായിച്ചു വന്നപ്പോ തീർന്നു പോയി…..അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിയ്ക്കു.

അഭിപ്രായം എഴുതുക