ടെസ്റ്റ് Vs ട്വന്റി : ചില ആകുലചിന്തകള്‍

പലരംഗത്തും പുരോഗതി, വളര്‍ച്ച തുടങ്ങിയവ ക്രമാനുഗതമായി ആര്‍ജ്ജിക്കുന്ന ഒന്നാണ്. മറിച്ചുള്ള ഉദാഹരണങ്ങള്‍ അപൂര്‍വ്വമായി കാണാമെങ്കിലും വ്യവസ്ഥാപിതരീതി ദൈര്‍ഘ്യമുള്ളതുതന്നെയാണ്. കാരണം കാലങ്ങളെ വെല്ലാനുള്ള (കാതല്‍ വരത്തക്കവിധം) ഒരു അടിത്തറനിര്‍മാണം അവിടെ സംഭവിക്കുന്നുണ്ട്. അതാകട്ടെ സമയബന്ധിതവും.

ഇത്തരത്തില്‍ പുരോഗതിക്ക് ഈടുറ്റ ഒരു അടിത്തറയൊരുക്കാന്‍ സന്നദ്ധമായി ഒരു വ്യക്തി അല്ലെങ്കില്‍ ‘കൂട്ടം’ സദാജാഗരൂകമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെ പരസ്പരം സഹായിക്കുന്ന, ചിന്തകളില്‍ സമാനത പുലര്‍ത്തുന്ന ഒരു ‘കൂട്ടം’. വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍ സംഭവിച്ചേക്കാവുന്ന താല്‍ക്കാലികവ്യതിയാനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന (അനഭിലഷണീയ?) ജനകീയതയില്‍ അഭിരമിക്കാത്തവിധം ആശയദൃഢതയുള്ളവരായിരിക്കും ഇക്കൂട്ടര്‍. ലക്ഷ്യത്തെപ്പറ്റി വ്യക്തമായ വീക്ഷണമുള്ളവര്‍. വ്യതിയാനങ്ങളുടെ ധവളിമയില്‍ ആകര്‍ഷിക്കപ്പെട്ടു വളര്‍ച്ചപക്രിയയില്‍ ഭാഗഭാക്കുന്നവരേക്കാള്‍ പുരോഗതിയുടെ ചാലകശക്തിയായി (Back bone ആയി) പ്രവര്‍ത്തിക്കുന്നതും ഇവര്‍‌തന്നെ.

ഈ ‘കൂട്ടം’ നിരന്തരപരിശ്രമങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ഭൂമികയിലും അടിത്തറയിലുമാണ് പാതിവഴിയില്‍ അണിചേര്‍ന്ന, കൂടുതല്‍ സാഹസികരായ പുതുതലമുറ അവരുടെ സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും രൂപം കൊടുക്കുന്നത്. ഇത്തരക്കാരുടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും നിറം പകരാന്‍ വാണിജ്യ, കച്ചവടതാല്‍‌പര്യങ്ങളാല്‍ അവരെ ഉന്നം‌വക്കുന്നവര്‍ ഇറങ്ങിത്തിരിക്കുന്നതോടെ അതുവരെ നേടിയ പുരോഗതിക്ക് ഹേതുവായ അടിത്തറ തന്നെ ഭീഷണിയിലായേക്കാം. അത്തരമൊരു സ്ഥിതിവിശേഷമാണ് ക്രിക്കറ്റ് എന്ന ഗെയിമിന്റെ ക്ലാസിക് രൂപമായ ‘ടെസ്റ്റ് ക്രിക്കറ്റ്’ ഇന്ന് നേരിടുന്നത്.

test

ടെസ്റ്റ് ക്രിക്കറ്റിന്റെ പുരോഗതിയും വളര്‍ച്ചയും ക്രമാനുഗതമായിരുന്നു. വിരസം, നിര്‍ജീവം എന്നിങ്ങനെയുള്ള പതിവ് പഴഞ്ചന്‍ ആരോപണങ്ങളുടെ നടുവിലും, ഏതൊരു ബാറ്റ്സ്‌മാന്റേയും ബൌളറുടേയും യഥാര്‍ത്ഥകഴിവ് അളക്കുന്ന, ടെസ്റ്റിനൊപ്പം നില്‍ക്കാന്‍ എന്നുമൊരു ‘കൂട്ടം’ ഉണ്ടായിരുന്നു. ‘പ്രതിരോധത്തില്‍ പോലും കല ദര്‍ശിക്കുന്ന‘ അവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റ് തരിമ്പും അരോചകവും വിരസവുമല്ലതന്നെ.

വാസ്തവത്തില്‍ ട്വന്റി സൃഷ്ടിച്ചത്, ഇപ്പോള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും നൈമിഷിക ആസ്വാദനത്തില്‍ സായൂജ്യം കണ്ടെത്തുന്നവരെയാണ്. തുടര്‍ച്ചയായ നിരീക്ഷണത്തിന് സന്നദ്ധരാകാത്ത ഇക്കൂട്ടര്‍ക്ക് പലകാരണങ്ങളാലും ദീര്‍ഘആസ്വാദനത്തിന് പരിമിതിയുണ്ടായിരിക്കും. വൈരുദ്ധ്യമാണ് സൌന്ദര്യമെന്നതിനാല്‍ ആസ്വാദനലെവലില്‍ വ്യതിരിക്തത പുലര്‍ത്തുന്നത് കുറ്റകരമല്ല. പക്ഷേ വ്യതിരിക്തതയില്‍‌നിന്ന് ഉയിര്‍‌കൊള്ളുന്ന അവകാശവാദങ്ങളെ, അവ ഉന്നയിക്കുന്ന വ്യക്തികളുടെ ബാഹുല്യത്തില്‍ അധിഷ്ഠിതമായി വിലയിരുത്തുന്നത് ശരിയല്ല. ബാഹുല്യം പലപ്പോഴും ജനകീയതയുടെ ലക്ഷണമായിരിക്കാമെങ്കിലും അത് എപ്പോഴും യുക്തിഭദ്രതയിലൂന്നിയുള്ള കൂടിച്ചേരല്‍ ആകണമെന്നില്ല. അപകടകരമായി വ്യതിചലിച്ചേക്കാവുന്ന ഒന്നാണ് അത്തരം ജനകീയത.

T20

ചുരുക്കിപ്പറഞ്ഞാല്‍ ട്വന്റിയുടെ ജനകീയത ക്രിക്കറ്റിന്റെ ജനകീയതയല്ല. രണ്ടും വലിയ പരസ്പരബന്ധമില്ലാത്തതാണ്. രണ്ടുഭാഗത്തും അണിനിരന്നിരിക്കുന്നവര്‍ വ്യത്യസ്ത അഭിരുചികളുള്ളവരാണ്. ക്രിക്കറ്റ് കളിക്കാരുടെ കഴിവുകള്‍ക്ക് തരിമ്പും പ്രാധാന്യമില്ലാത്ത ട്വന്റി അധികം ക്രിക്കറ്റ് പരിജ്ഞാനമില്ലാത്ത, താരതമ്യേന പുതിയ(ക്രിക്കറ്റ്)തലമുറയിലാണ് കെട്ടിപ്പടുത്തിരിക്കുന്നതെങ്കില്‍ മറുഭാഗത്ത് ക്രിക്കറ്റിന് അടിത്തറ പണിത പരമ്പരാഗത കളിക്കമ്പക്കാരാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്നലെമാത്രം ഭാഗഭാക്കായ ട്വന്റിയുടെ ആസ്വാദനലെവല്‍ എത്രത്തോളമുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടതും ട്വന്റിയാല്‍ ആകര്‍ഷിക്കപ്പെട്ട് ക്രിക്കറ്റിലേക്ക് തിരിഞ്ഞ പുത്തന്‍‌തലമുറയല്ല, മറിച്ച് ക്രിക്കറ്റ് എന്ന ഗെയിമിനെ അറിഞ്ഞനാള്‍ മുതല്‍ നെഞ്ചിലേറ്റിനടക്കുന്ന, അതിനെ ഇന്നത്തെ രൂപത്തില്‍ എത്തിച്ച പരമ്പരാഗത കളിക്കമ്പക്കാരാണ്. അവരുടെ മാനറിസങ്ങള്‍ വായിക്കാതെ ടെസ്റ്റിനു മാറ്റങ്ങള്‍ വരുത്താനുള്ള ഏതൊരു നീക്കവും എതിര്‍ക്കപ്പെടേണ്ടതാണ്.

Read More ->  മടക്കം

ഒരിക്കല്‍ അനവധി അവസരങ്ങള്‍‌നല്‍കി, പരീക്ഷിച്ചു ഒഴിവാക്കിയ നെഹ്ര ഐ‌പി‌എല്ലിലെ പ്രകടനമികവുകൊണ്ടുമാത്രം ഏകദിനടീമില്‍ എത്തുമ്പോള്‍ എളുപ്പവഴികള്‍ പലതുണ്ടെന്ന് മറ്റുമനസ്സുകളിലും രൂഢമൂലമാവുകയാണ്. ആഭ്യന്തരടൂര്‍ണമെന്റുകളില്‍ ഒഴുക്കിയ വിയര്‍പ്പ് വൃഥാവിലാകുന്നതുകണ്ട് ക്ലാസ് ബാറ്റ്സ്‌മാസ്മാര്‍ പോലും പകച്ചുനില്‍ക്കുന്നു. അവരെമറികടന്ന് ട്വന്റി സൃഷ്ടിച്ച ‘കോം‌പ്ലാന്‍ ബോയ്സ്’ എളുപ്പവഴിയിലൂടെ വേലിചാടി ടീമിലെത്തുന്നു. നഷ്ടം ടീമിനുമാത്രമല്ല ക്രിക്കറ്റിനും കൂടിയാണ്.

ന്യൂസിലാന്റ് തുറന്നുവിട്ട ട്വന്റി ക്രിക്കറ്റ് ഭൂതം പരമ്പരാഗത ക്രിക്കറ്റ്‌പ്രേമികളുടെ അഭിരുചികളെ മാറ്റിമറിച്ചിട്ടില്ല. മറിച്ച് ക്രിക്കറ്റിന്റെ അടിത്തറ കെട്ടിപ്പടുത്ത ‘കൂട്ട’ത്തിന്റെ വിശ്വാസസംഹിതകളെ പരിഹാസത്തോടെ വീക്ഷിക്കുന്ന, അവ അപരിചിതമായ ഒരു പുത്തന്‍ തലമുറയെ സൃഷ്ടിക്കുകയാണ് ചെയ്തത്. അതിന്റെ പരിണതികള്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ.

അടിക്കുറിപ്പ് – 1 : ആല്‍ബി മോര്‍ക്കല്‍ ഒഴികെ ഏകദിന/ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ മാത്രം ടാലന്റുള്ള ഏതെങ്കിലും നല്ല കളിക്കാരനെ ട്വന്റി സൃഷ്ടിച്ചിട്ടുണ്ടോ? എന്റെ ഓര്‍മയില്‍ മറ്റാരും വരുന്നില്ല.

Photo Source : Zeenbiz.in

അഭിപ്രായം എഴുതുക