പരീക്കപ്പാടത്തെ ഓപ്പറേഷൻ

“എടാ നിര്‍ത്തറാ നിന്റെ പാട്ടവണ്ടി…”
പുത്തന്‍ പള്‍സറിൽ ചെത്തിവരുന്ന ഏതോ പയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടി നിര്‍ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ നാടാണെങ്കിൽ അത്ര പരിചിതവുമല്ല.
മതിലിനോടു ചേര്‍ന്നുള്ള ഇലക്‍ട്രിക് പോസ്റ്റിന്റെ കടക്കൽ മുറുക്കാന്‍തുപ്പി, തമ്പി മതിലില്‍നിന്നു നിരങ്ങിയിറങ്ങി. റോബര്‍ട്ടോ കാര്‍ലോസിനെ വെല്ലുന്ന തുടയിലെ നിബിഢമായ രോമരാജികൾ തടവി പയ്യനു അരുകിലെത്തി. ബൈക്കിന്റെ കീ ഊരി പോക്കറ്റിലിട്ടു.
“എവടക്കാ നീയീ കത്തിക്കണെ?“
ചോദ്യത്തിനു മറുപടി കിട്ടിയില്ല. തമ്പി പയ്യന്റെ കോളറിൽ പിടുത്തമിട്ടു. “എന്താടാ മിണ്ടാത്തെ? നിന്റെ തൊള്ളേല് നാവില്ലേ“

പയ്യന്‍ പേടിയോടെ പറഞ്ഞു. “വീട്ടിലേക്ക്…”

തമ്പി ചിരിച്ചു. “ആഹഹാ. ഇതന്ന്യാടാ എല്ലാരും പറയാറ്. വീട്ടിപ്പോണ് വീട്ടീപ്പോണ്ന്ന്. എന്നാലോ അവന്റെയൊക്കെ ഉദ്ദേശം വായിനോട്ടാന്ന് ഞങ്ങക്കറിഞ്ഞൂടേ” തമ്പിയുടെ സമീപനം കൂടുതൽ കര്‍ക്കശമായി. “ആട്ടെ. നിന്റെ വീടെവിട്യാ?”
“കാടുകുറ്റീല്…”
“ഓഹോ അതുശരി. അപ്പോ നിന്റെ വീട് കാടുകുറ്റീലാണ്”
ഒന്നുനിര്‍ത്തി തമ്പി ആലോചനയിൽ അമര്‍ന്നു. പയ്യനെ വിരട്ടാന്‍ എന്തെങ്കിലും മതിയായ കാരണം വേണം. “ശരി സമ്മതിച്ചു. നിന്റെ വീട് കാടുകുറ്റീലാണ്. പക്ഷേ കാടുകുറ്റീല് വീടൊള്ള നീയെന്തിനാ ഇതീക്കോടെ പോണെ. നിനക്ക് തീരദേശം റോഡ് വഴി പൊക്കൂടെ”
പയ്യന്‍ പരുങ്ങി. “ചേട്ടാ ഞാന്‍… ഞാനൊരാളെ കൊരട്ടീല് ഡ്രോപ്പ് ചെയ്ത് വരാ”
പയ്യന്റെ ഉത്തരത്തിൽ തമ്പി ക്ലൂ മണത്തു. “കിളിയാണോടാ?”
“ഉം”
ജീവിതത്തിൽ പലര്‍ക്കും പ്രേമലേഖനങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും തമ്പിയെ ആരും തിരിച്ചു കടാക്ഷിച്ചിട്ടില്ലായിരുന്നു. ആ ചിന്തയിൽ അദ്ദേഹത്തിന്റെ ഉള്ളമുരുകി. “കിളുന്ത് പെണ്‍‌കൊച്ചുങ്ങൾക്ക് ലിഫ്റ്റ് കൊടുക്കാനാ നീ ലൈസന്‍സെടുത്തെ?”
തമ്പി പയ്യനുനേരെ കുതിച്ചു. അപ്പോൾ എല്ലാം വീക്ഷിച്ചു മതിലിൽ ഇരിക്കുകയായിരുന്ന, ആശാൻ‌കുട്ടി പ്രശ്നത്തിൽ ഇടപെട്ടു. “തമ്പ്യേയ് വിട്ട്കള. പാവം കൊച്ചൻ പൊക്കോട്ടെ”
തമ്പി നിന്നു. ആശാന്‍ പറഞ്ഞാൽ പിന്നെ കക്കാടിൽ അപ്പീലില്ല. അടിയെങ്കിൽ അടി. മര്യാദയെങ്കിൽ മര്യാദ. ഇതാണ് ആശാൻ‌കുട്ടിയുടെ പോളിസി.

“ആശാനേ, കാര്യം എനിക്കിവനോട് പ്രശ്നോന്നൂ‌ല്യ. പക്ഷേ ഈയിടെ പൂവാലന്മാര് കൊറേ കൂടുതലാന്ന് സന്തോഷ് പറഞ്ഞു. അതോണ്ടാ ഞാൻ…”
ആശാൻകുട്ടി കുലുങ്ങിച്ചിരിച്ചു. “ഹഹഹ. സന്തോഷിന് ഇതിലെന്തൂട്ടാ കാര്യം“
ആശാൻ‌കുട്ടി പറഞ്ഞത് കേട്ടില്ലെന്നു നടിച്ച്, തമ്പി എല്ലാം പറഞ്ഞവസാനിപ്പിച്ചു.

“ഇന്യെങ്ങാനും ഈ മര്യാദാമുക്കീക്കോടെ വായ്‌നോക്കാൻ വന്നാലിണ്ടല്ലാ, നിന്റെ ആപ്പീസ് ഞാൻ പൂട്ടും. പോ…”
ഇരുപതിനും നാല്പതിനും വയസ്സിനിടയിലുള്ള സൗമ്യരും മര്യാദക്കാരുമായ ഒരുപറ്റം യുവാക്കളുടെ പ്രിയസങ്കേതമായതിനാലാണ് കക്കാട്ദേശത്തെ പ്രമുഖകവലയായ ‘മര്യാദാമുക്ക്‘ ആ പേരിൽ അറിയപ്പെടുന്നത്. നിത്യജീവിതത്തിൽ തോന്നിയ പോലെ ജീവിക്കുന്ന പലരും മര്യാദാമുക്കിൽ എത്തിയാൽ സ്വയമറിയാതെ പക്കാഡീസന്റ് ആകും. സുന്ദരിയായ ഒരു പെണ്‍കുട്ടി നടന്നു പോയാലോ, മാമ്പ്ര പ്ലസ്‌ടു സ്കൂളിലെ പെണ്‍‌കുട്ടികളെ വഹിക്കുന്ന സ്കൂള്‍വാൻ പോയാലോ, മര്യാദാമുക്കിൽ ഇരിക്കുന്ന ഒരു മര്യാദക്കാരൻ പോലും കമന്റോ വിസിലോ അടിക്കില്ല, ആഗ്യപ്രകടനം നടത്തില്ല, എന്തിനധികം പറയുന്നു തലതിരിച്ചു നോക്കുക പോലും ചെയ്യില്ല. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും കക്കാടിലെ സുന്ദരികളായ തരുണീമണികളെ ഒരു നോക്ക് കാണാൻ മര്യാദാമുക്കിലൂടെ കാവാത്തു നടത്തുന്ന അന്യദേശക്കാരായ പൂവാലന്മാരെ പിടിച്ചു വിരട്ടലും മര്യാദക്കാരുടെ ഇഷ്ടഹോബികളിൽ ഒന്നായിരുന്നു.

ഇത്യാദിയുള്ള സൽ‌പ്രവർത്തികളാൽ മര്യാദാമുക്ക് എന്ന കവലയുടെ പേര് അന്വർത്ഥമാക്കുന്ന കക്കാടിലെ യുവജനങ്ങൾക്കു പ്രസ്തുതസ്ഥലത്തു ഇരിപ്പിടമായി ഒരു ഉഗ്രൻ മതിലാണുള്ളത്. രാജസ്ഥാനിൽ‌നിന്നു വരുന്ന കല്ലുകളേക്കാളും ഗുണമേന്മയുണ്ടെന്നു പറയപ്പെടുന്ന ചെറാലക്കുന്ന് ക്വാറിയിലെ കരിങ്കല്ലുകൊണ്ടായിരുന്നു മതിൽ പണിതിരുന്നത്. പണ്ട് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന മതിൽ പിന്നീട്, നീണ്ടുനിവര്‍ന്നു സുഖപ്രദമായി കിടക്കാൻ പാകത്തിനു, പഴയ രാജാക്കന്മാരുടെ മഞ്ചം പോലെയായി മാറിയതിന്റെ എല്ലാ ബഹുമതിയും കക്കാടിന്റെ മരുമകനായി എത്തിയ അന്നമനട മുരുകനാണ്.

പയ്യൻ സ്ഥലം വിട്ടതോടെ തമ്പി വീണ്ടും മതിലിനു അരികിലെത്തി. ആശാൻ‌കുട്ടി മൊബൈലിൽ ആരുടെയോ നമ്പർ നോക്കുകയായിരുന്നു. അകലെനിന്നു ഒരു ബൈക്കിന്റെ ഹോണടി കേട്ട് രണ്ടുപേരും തലതിരിച്ചു നോക്കി. തേമാലിപ്പറമ്പിനു അടുത്തുള്ള വളവ് കടന്നു രണ്ട് പേർ വരുന്നു. അടുത്തെത്തിയപ്പോൾ ഒരാളെ മനസ്സിലായി. ചാലക്കുടിയിലെ പ്രശസ്തമായ മറഡോണ സർവ്വീസ് സെന്ററിലെ ചീഫ് മെക്കാനിക് സജീവൻ. ‘ബജാജ് സജീവൻ’ എന്നു പറഞ്ഞാലേ നാട്ടുകാർ അറിയൂ. ബൈക്കിൽ സജീവനു പിന്നിൽ ഇരിക്കുന്നവൻ അഞ്ചിന്റെ മോട്ടോറിൽ കൂട്ടിച്ചേർക്കുന്ന തരത്തിലുള്ള നല്ല വ്യാസമുള്ള നീളൻ‌പൈപ്പ് വൃത്താകൃതിയിൽ കൂട്ടിക്കെട്ടി പിടിച്ചിട്ടുണ്ടായിരുന്നു. നല്ല കനമുണ്ടെന്നു ഒറ്റനോട്ടത്തിൽ അറിയാം.

തമ്പി അന്വേഷിച്ചു. “എങ്ങടാ സജീവാ ട്യൂബും പൈപ്പും കൊണ്ട്. ആരടെ കൊളാ വറ്റിക്കണെ?”

ആശാൻ താങ്ങി. “നിനക്ക് കണ്ണു കണ്ടൂടേ തമ്പീ. അത് സജീവനു മൂത്രം പൂവാൻ ഇട്ടേക്കണ പൈപ്പല്ലേ”

പറഞ്ഞതു പൊളിയാണെന്നു മനസ്സിലായിട്ടും സജീവന്റെ കൈകൾ തുടയിടുക്കിൽ ഒന്നു തട്ടിമുട്ടി. ഹോൺ നീട്ടിയടിച്ച കാര്യം പറയാൻ മറന്നല്ലോയെന്നു അപ്പോൾ ഓർത്തു.

“ആശാനേ അറിഞ്ഞാ. നമ്മടെ അയ്യങ്കോവ് അമ്പലത്തിൽ പോലീസ് വന്നട്ടുണ്ട്“

മര്യാദാമുക്കിലെ സകല ചരാചരങ്ങളും ഞെട്ടി. ശാസ്താവിന്റെ തട്ടകത്തു പോലീസ് വന്നിട്ടു മര്യാദാമുക്കിലെ ആരും അതറിഞ്ഞില്ലെന്നോ! അസംഭാവ്യം. സജീവൻ കൂടുതൽ വിവരങ്ങൾ പറഞ്ഞു.

“പാളയംപറമ്പിലെ ഏതോ അമ്പലത്തിലെ വിഗ്രഹം കാണാണ്ടായത്രെ. അമ്പലത്തിന്റെ പേരു ഞാൻ മറന്നു. അതാരോ നമ്മടെ അമ്പലക്കൊളത്തിൽ കൊണ്ടിട്ടൂന്നാ പോലീസ് പറേണെ. പോലീസ് നായ മണം പിടിച്ച് കൊളത്തിന്റെ കരേലാ വന്ന് നിന്നെ. അഞ്ചിന്റെ മോട്ടോർ കൊളം വറ്റിക്കാനാ”

“ഈ മഴയത്ത് എങ്ങനെ വറ്റിക്കാൻ?”

ആശാൻ‌കുട്ടിയുടെ സംശയം ന്യായമാണ്. പരീക്കപ്പാടം ഏതാണ്ട് നിറഞ്ഞു കിടക്കുകയാണ്. വെള്ളമിറങ്ങാൻ ഇനിയും ആഴ്ചകളെടുക്കും. അതിനിടയിൽ വീണ്ടും മഴ പെയ്താൽ അടുത്തെങ്ങും നോക്കുകയേ വേണ്ട. വെള്ളം മുട്ടറ്റം പൊങ്ങും. പരീക്കപ്പാടത്തുനിന്നു അല്പദൂരം മാത്രം അകലെയുള്ള അമ്പലക്കുളം വറ്റിക്കണമെങ്കിൽ അഞ്ചിന്റെ രണ്ടു മൂന്ന് മോട്ടോറുകൾ എങ്കിലും നിർത്താതെ അടിക്കേണ്ടി വരും.

“മോട്ടോർ നാലഞ്ചെണ്ണണ്ട്. എന്നാലും സംശയാ. മുങ്ങൽ ‌വിദഗ്ദരെ കൊണ്ടോരാൻ ആള് പോയിണ്ട്”

ഇത്രയും പറഞ്ഞു സജീവൻ ആകാംക്ഷയോടെ ചോദിച്ചു. “ആശാനേ ഞാനക്കാര്യം മറന്നു. നവീണ്ടാ ഇവടെ? പുള്ളീണ്ടെങ്കി മോട്ടറൊന്നും വേണ്ട”

“ഇല്ലാട്ടാ. വെള്ളിയാഴ്ചേ എത്തൂ. വരണോങ്കി വിളിച്ച് പറഞ്ഞാതി”

മര്യാദാമുക്കിലെ പ്രമുഖ മര്യാദക്കാരനായ നവീൻകുമാറിനെ പറ്റിയാണു ആശാൻ പറഞ്ഞത്. അദ്ദേഹത്തെ എല്ലാവരും വിളിക്കുക ‘കക്കാട് സെബാസ്റ്റ്യൻ സേവ്യർ’ എന്നാണ്. അടുത്ത സുഹൃത്തുക്കൾ നവിച്ചൻ എന്നും. കക്കാടിൽ നീന്തലിന്റെ പര്യായമാണ് ഇദ്ദേഹം. അമ്പലക്കുളമായിരുന്നു പ്രധാന തട്ടകം.
“സജീവാ. സുനീനോടു പറഞ്ഞൂടേ. മുങ്ങണ കാര്യത്തീ ആളും പുലിയല്ലേ”

“പുള്ളി എറങ്ങി നോക്കി. പക്ഷേ പറ്റീല്യ. വള്ളിപ്പടർപ്പിൽ കുടുങ്ങി വെള്ളം കുടിച്ചു“ സജീവൻ കൂടുതൽ വിശദീകരിച്ചു. സംഗ്രഹം ഇങ്ങിനെയാണ്.

വിഗ്രഹം അമ്പലക്കുളത്തിലുണ്ടെന്നു മനസ്സിലായ ശേഷം, കൊരട്ടി സ്റ്റേഷനിലെ എസ്‌ഐ വേണുഗോപാൽ ആരെങ്കിലും അമ്പലക്കുളത്തിൽ മുങ്ങിനോക്കാൻ തയ്യാറുണ്ടോ എന്നു ആരാഞ്ഞു. നാട്ടിലെ സുന്ദരികൾ കുളക്കരയിൽ സംഭവങ്ങൾ വീക്ഷിച്ചു നില്‍ക്കുമ്പോഴാണോ മുങ്ങാൻ ആളില്ലാത്തത്. ഒന്നുരണ്ടു മിനിറ്റിനുള്ളിൽ കൈയുംകാലും വീശി വ്യായാമം ചെയ്‌തു മുങ്ങാൻ തയ്യാറായവരെ കൊണ്ടു അമ്പലക്കുളത്തിന്റെ കരയിൽ തിക്കും തിരക്കുമായി. പോലീസുകാർ കൈകോര്‍ത്തു തടസം പിടിച്ചില്ലെങ്കിൽ പലരും കുളത്തിലേക്കു ചാടുമായിരുന്നു. അത്രക്കു ഇന്ററസ്റ്റ്. പക്ഷേ, ഒറ്റ മുങ്ങലിനു കിരീടം മുകളിലെത്തുമെന്നു ആണയിട്ടു മുങ്ങിയ കാതിക്കുടം സുനിയെ മുങ്ങിയെടുക്കാൻ നാലാളുകൾ വേറെ മുങ്ങേണ്ടി വന്നപ്പോൾ, കുളത്തിന്റെ ഒരു വശത്തുള്ള വള്ളിക്കൂട്ടത്തിൽ കുടുങ്ങി വെള്ളം കുടിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയെന്നു അറിഞ്ഞപ്പോൾ, മുങ്ങാൻ തയ്യാറായി വന്ന എല്ലാവരും പിൻ‌വാങ്ങി. അമ്പലക്കുളത്തിന്റെ കര പെട്ടെന്നു ശൂന്യമായി. അതിനെ തുടർന്നാണു മോട്ടോർ വച്ചു വെള്ളം വറ്റിക്കാൻ എസ്‌ഐ തീരുമാനിച്ചത്. കൂട്ടത്തിൽ അല്പം ചോദ്യം ചെയ്യലും നടത്തേണ്ടതുണ്ടായിരുന്നു.

Read More ->  ആനന്ദന്‍ എന്ന അസൂറി

സജീവന്റെ കൂടെ ആശാനും തമ്പിയും അമ്പലത്തിലെത്തി. നാട്ടുകാരെല്ലാം അവിടെ ഹാജരായിരുന്നു. കുറച്ചു മുമ്പ് മര്യാദാമുക്കിലൂടെ കടന്നു പോയവർ കൂടി കൂട്ടത്തിലുണ്ട്. അവരെ കണ്ടപ്പോൾ തമ്പിക്കു കലിവന്നു. ഒരുത്തൻ പോലും ഇതിനെപ്പറ്റി സൂചിപ്പിച്ചില്ലല്ലോ. എല്ലാം ഒതുങ്ങിക്കഴിഞ്ഞിട്ടു അവരെ പിടിച്ചു വിരട്ടണമെന്നു തമ്പി ഉറപ്പിച്ചു.

എസ്‌ഐ വേണു അമ്പലത്തിൽ നിറമാല, പൂജാ സാധനങ്ങൾ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന കുഞ്ഞിസനുവിനെ ചോദ്യം ചെയ്യാൻ വിളിച്ചു. നല്ല പവറുള്ള കണ്ണടയും, കറതീര്‍ന്ന ബുള്‍ഗാനും സ്വന്തമായുള്ള സനു സാവധാനം നടന്നു വന്നപ്പോൾ എസ്‌ഐ എല്ലാവരും കേള്‍ക്കുമാറ് ഉച്ചത്തിൽ അലറി.

“വേഗം വാടാ. എന്താ നിനക്കൊരു അമാന്തം?”
വിരട്ടലിൽ സനു ഭയന്നു. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു.

എസ്ഐ ചോദിച്ചു. “നീ ഇന്നലെ രാത്രി എപ്പഴാ അമ്പലത്തീ‍ന്ന് വീട്ടീപ്പോയെ?”
“ഞാനിന്നലെ അമ്പലത്തീ വന്നില്ല സാറേ. ചെറിയ പനി കാരണം ഫുൾടൈമും വീട്ടിലായിരുന്നു”

എസ്‌ഐ പൊടുന്നനെ ജാഗരൂകനായി. “ഓഹോ. എന്നട്ട് ഇപ്പോ നിനക്ക് കൊഴപ്പന്നൂല്ല്യല്ലോ?”
“ഇല്ല്യ. വൈന്നേരം ഉപ്പും മുളകും ഉഴിഞ്ഞ് അടുപ്പിലിട്ടപ്പോ പനി കൊറഞ്ഞു“
സംശയങ്ങളെല്ലാം ബലപ്പെട്ടു. എസ്‌ഐ മുഷ്ടികൾ കൂട്ടിത്തിരുമ്മി. “അതുശരി. അപ്പോ നിനക്കിപ്പോ പനിയില്ല. ഇന്നലെ വന്ന പനി പെട്ടെന്ന് മാറേം ചെയ്തു. അല്ലേടാ”

കാര്യങ്ങളുടെ പോക്ക് കണ്ടപ്പോൾ തമ്പിക്കു ഭയമായി. കുഞ്ഞിസനു അകത്താകുമോ. ശക്തമായ തെളിവാണ് വേണുവിനു കിട്ടിയിരിക്കുന്നത്. തമ്പിയും അൽ‌പസ്വൽ‌പം ചട്ടമ്പിത്തരങ്ങൾ ഉള്ളയാളാണ്. ഒരു ബൈക്ക് അപകടത്തെ തുടർന്നു എതിർകക്ഷിയെ പൂശിയതാണ് ഒന്ന്. അന്നു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നു. മറ്റവർ പരാതിയില്ലെന്നു പറഞ്ഞതിനാൽ ഊരിപ്പോന്നു.

തമ്പി എസ്‌ഐ യുടെ കണ്ണിൽ പെടാത്ത ഒരിടത്തേക്കു മാറിനിന്നു. എങ്ങാനും തന്റെ മുഖം അദ്ദേഹത്തിനു ഓർമ വന്നാൽ അതു വെറുതെയാവില്ലെന്നു തീർച്ച. ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആശാൻ‌കുട്ടിക്കൊപ്പം തമ്പി മടങ്ങി. പിറ്റേന്നു പത്രത്തിലെ പ്രാദേശിക കോളത്തിൽ അമ്പലക്കുളം വറ്റിച്ചിട്ടും പഞ്ചലോഹ വിഗ്രഹം കിട്ടിയില്ലെന്ന വാർത്ത ഇരുവരും വായിച്ചു. അതോടെ ആ കാര്യം മറക്കുകയും ചെയ്‌തു.

രണ്ടുദിവസം കഴിഞ്ഞു വാരാന്ത്യത്തിൽ, നാട്ടിൽ നടന്ന ഭൂകമ്പമൊന്നും അറിയാതെ, നവിച്ചൻ കക്കാടിലെത്തി. പ്രധാന ഉദ്ദേശം ഊത്തലു മീൻ തിന്നാനുള്ള പതിവ് പൂതി.

എല്ലാ വർഷക്കാലത്തും മഴ കനത്താൽ കക്കാടിലെ പരീക്കപ്പാടത്തേക്കും കൊളത്തായി പാടത്തേക്കും പനമ്പിള്ളിക്കടവിൽ‌ നിന്നു മലവെള്ളം കയറും. പുതുവെള്ളത്തിൽ ആകർഷിക്കപ്പെട്ടു പുഴ മത്സ്യങ്ങൾ കൂട്ടത്തോടെ പാടത്തേക്കു വരും. പെരുന്തോട്ടിലും പുല്ലാനിത്തോട്ടിലും മീൻ‌ പിടിക്കാനുള്ള ‘കൂട്’ വച്ചിരിക്കുന്നവർക്കു കോളാണ്. കിലോക്കണക്കിനു ഒന്നാന്തരം ആറ്റുമീൻ കിട്ടും. കൂടുകളെ വെട്ടിച്ചും പുഴയിൽ‌നിന്നു പാടത്തേക്കുള്ള അജ്ഞാതമായ അനേകം ഉറവകളിൽ കൂടിയും ധാരാളം പുഴമീൻ എന്നിട്ടും പാടശേഖരങ്ങളിലെത്തും. ഒപ്പം ഞണ്ടുകളും ഇടത്തരം വലുപ്പമുള്ള ചെമ്മീനുകളും.

പനമ്പിള്ളിക്കടവിൽ നിന്നു ഊത്തൽ കയറിയാൽ പിന്നീടുള്ള ഒരാഴ്‌ച നാട്ടുകാർ പാടത്തായിരിക്കും. ജോലി മീൻ‌പിടുത്തം. മിക്കപ്പോഴും രാത്രിയിലാണ് പരിപാടികൾ. പെട്രോമാക്‌സും നല്ല പ്രകാശമുള്ള ടോർച്ചുകളും ഓരോ മീൻപിടുത്ത സംഘത്തിന്റേയും കയ്യിലുണ്ടാകും. കൂടാതെ നാലോ അഞ്ചോ ഒറ്റലുകളും. ടോർച്ചിന്റെ വെളിച്ചത്തിൽ വെള്ളത്തിൽ പതറി നിൽക്കുന്ന മുഴുത്ത കുറുവപ്പരലുകളേയും ബ്രാലുകളേയും കണ്ടാൽ ഉടൻ വെളിച്ചം കെടുത്തും. മീൻ നിന്ന സ്ഥലം നോക്കി, ഒറ്റൽ കമഴ്‌ത്തും. അല്ലെങ്കിൽ കൊടുവാൾ കൊണ്ട് വെട്ടും. മര്യാദാമുക്കിലെ മര്യാദക്കാർക്കു മീൻ‌പിടിക്കാൻ പോകുന്നത് ഹരമാണ്. മീൻപിടുത്തം കഴിഞ്ഞ്, പാടത്തിന്റെ കരയിൽ തീ കൂട്ടി കുടക്കമ്പിയിൽ മീൻ കോർത്തിടും. പൊള്ളി പാകമാവുമ്പോൾ കാന്താരിമുളകും ഉപ്പും കൂട്ടി ചവച്ചിറക്കും. ബഹുസ്വാദ്.

രാത്രി അത്താഴം കഴിഞ്ഞു സംഘമായി എല്ലാവരും പരീക്കപ്പാടത്തേക്കു പുറപ്പെട്ടു. മര്യാദാമുക്കിൽ ഒത്തുകൂടിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. എല്ലാവരും തലയിൽ പ്ലാസ്റ്റിക് കവർ ധരിച്ചു. നവിച്ചൻ സ്ഥലത്തെത്തിയത് സാധാരണയിൽ കവിഞ്ഞ നീളമുള്ള ഒരു ടോർച്ചുമായാണ്. അതു ഗൾഫിൽനിന്നു വരുന്ന ടോർച്ച് ആയിരുന്നു. കണ്ണമ്പിള്ളി ബെന്നിച്ചന്റെ വീട്ടിലെ തെങ്ങിന്റെ മോന്തായവും അതിൽ കമഴ്ത്തി വച്ചിരിക്കുന്ന ചെത്തുകുടവും ടോർച്ചിന്റെ പ്രകാശത്തിൽ എല്ലാവരും വ്യക്തമായി കണ്ടു. ബെന്നിച്ചന്റെ വീട്ടിലേക്ക് മര്യാദാമുക്കിൽ‌ നിന്നു നല്ല ദൂരമുണ്ട്. എന്നിട്ടും തെങ്ങിന്റെ മണ്ട പകൽ‌വെളിച്ചത്തിൽ എന്നപോലെ ദൃശ്യമായി.

ആശാൻ ടോർച്ചുവാങ്ങി പരിശോധിച്ചു. “എവടന്നാ നവിച്ചാ ഇത്?”

“ഓഫീസിലെ ഒരുത്തന്റ്യാ. മീൻ‌പിടിക്കണ കാര്യം പറഞ്ഞ് കടം വാങ്ങീതാ. പോവുമ്പോ തിരിച്ച് കൊണ്ടോണം”

ആശാൻ ടോർച്ച് സ്വന്തം കണ്ണിലേക്കടിക്കാൻ ആഞ്ഞു. നവിച്ചൻ തടഞ്ഞു. “ലേസർ ബീമാണ്! കണ്ണിന് കേടാ“

“അങ്ങനെ വരട്ടെ. ഞാനും കരുതി ഇതെന്താ ഇത്ര ഷാർപ്പെന്ന്”

എല്ലാവരും പരീക്കപ്പാടത്തേക്കു നടന്നു. ആശാൻ പോകുന്ന വഴിയ്ക്കൊക്കെ ടോർച്ചടിച്ചുകൊണ്ടിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ എല്ലാവരും പരീക്കപ്പാടത്തെത്തി. പുല്ലാനിത്തോട് മുറിച്ചു കടന്നു. നെഞ്ചിനൊപ്പം വെള്ളമുണ്ട്. പൊക്കം കുറവായതിനാൽ ആശാൻ‌കുട്ടി മുങ്ങിപ്പോകും. അദ്ദേഹം രണ്ടുപേരുടെ തോളിൽ തൂങ്ങി അപ്പുറമെത്തി. ഉസ്താദ് രാഘവന്റെ പത്തുസെന്റ് കണ്ടത്തിനു അപ്പുറത്തു ലേഗു പൌലോസിന്റെ അമ്പതുസെന്റ് കണ്ടമാണ്. വെള്ളമുള്ളപ്പോൾ നെൽ‌കൃഷിയും വേനൽ‌കാലത്തു എള്ളും കൃഷി ചെയ്യും. നെൽ‌പാടത്തെ ജലസേചനത്തിനു കണ്ടത്തിന്റെ മൂലക്കു കുളം കുഴിച്ചിട്ടുണ്ട്. വട്ടക്കുളം എന്നാണു പറയുക. ആദ്യകാലത്തു മുഴുവൻ കൊല്ലവും നെൽ‌കൃഷി ആയിരുന്നെങ്കിലും കാലക്രമേണ വേനലിൽ കുളം വരണ്ടു പോകാൻ തുടങ്ങി. അതോടെ വേനൽ‌കാലത്തു എള്ളുകൃഷി തുടങ്ങി. അമ്പതുസെന്റ് കണ്ടത്തിന്റെ നാലതിരിലും എക്കൽ മണ്ണടിച്ച് കെട്ടിപ്പൊക്കി അധികം പൊക്കംവക്കാത്ത ചെന്തെങ്ങ് നിരനിരയായി നട്ടുവളർത്തിയിട്ടുണ്ട്. ഇതെല്ലാം ലേഗുപൌലോസിന്റെ കണ്ടത്തെ മറ്റുള്ളവരുടെ കണ്ടങ്ങളിൽ ‌നിന്നു പെട്ടെന്നു വേർതിരിച്ചറിയാൻ സഹായിക്കും.

തിണ്ടിലുള്ള ഒരു ചെന്തെങ്ങിന്റെ ചുവട്ടിൽ സംഘം താവളമടിച്ചു. കൊടുവാളും ഒറ്റലും താഴെവച്ച് കുറച്ചു സമയം വിശ്രമിച്ചു. നവിച്ചൻ ഒരു സിഗരറ്റ് കത്തിച്ച് വെള്ളത്തിലൂടെ പുളഞ്ഞു പോകുന്ന രേഖകളെ നോക്കി പറഞ്ഞു.

“മീനോള് ശരിക്ക് എളകീണ്ടെന്നാ തോന്നണെ”

ആശാൻ പ്രത്യാശിച്ചു. “കോലാൻ ഒന്നും ഇല്ലാണ്ടിരിന്നാ മതി. കഴിഞ്ഞ കൊല്ലം കാലുകുത്തി ഓട്ടയാക്ക്യതിന്റെ പാട് ഇപ്പഴുമുണ്ട്”

കല്യാണി ബൈജു കൈലി മടക്കിക്കുത്തി കടുംകെട്ടിട്ട് പാടത്തിറങ്ങി. ടോർച്ച് മിന്നിച്ചു ആശാൻ‌കുട്ടി പിന്നാലെ. കയ്യിൽ ആകെയുള്ള ഒറ്റൽ നാലെണ്ണമാണ്. വന്നവർ രണ്ടു സംഘമായി പിരിഞ്ഞു. ഓരോ കൂട്ടരും രണ്ടു ഒറ്റൽ വീതം കൊണ്ടുപോയി. രണ്ടു സംഘമായി പിരിഞ്ഞെങ്കിലും അവർ തമ്മിൽ വലിയ അകലത്തിലല്ല പോയിക്കൊണ്ടിരുന്നത്. ഒരു കൂട്ടരുടെ അടുത്തുനിന്നു ഏതെങ്കിലും മത്സ്യം രക്ഷപ്പെട്ടാൽ അടുത്ത കൂട്ടർക്കു ശ്രമിക്കാവുന്നതേയുള്ളൂ.

Read More ->  ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ്

ലേസർ ബീമുള്ള ടോർച്ച് കയ്യിൽ കിട്ടിയപ്പോൾ മുതൽ ആശാൻ ഉൻ‌മേഷത്തിലാണ്. പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തു, പതിയൻ‌കുളത്തിനു അരികിലുള്ള കൃഷിഭവൻ വരെ അദ്ദേഹം അതിനകം പരിശോധിച്ചു കഴിഞ്ഞിരുന്നു. മറ്റുള്ളവർ കൂടെക്കൂടെ വിലക്കുന്നുണ്ടെങ്കിലും ആളത് കാര്യമാക്കുന്നില്ല. ഇടക്കു കാർമേഘങ്ങളിലേക്കും മിന്നിച്ചു.

രണ്ടുകൂട്ടർക്കും കോളായിരുന്നു. മീനുകൾ കൂട്ടമായി ഇളകിയിട്ടുണ്ടെന്നു നവിച്ചൻ സൂചിപ്പിച്ചത് ശരിയായിരുന്നു. കിട്ടിയവയിൽ നല്ല പങ്ക് കുറുവപ്പരലുകൾ. മുള്ളുകൾ അധികമില്ലാത്ത അവ വറത്തടിച്ചാലും പൊള്ളിച്ചാലും രുചിയേറും. ഒരു മണിക്കൂർ നേരം വെള്ളത്തിൽ അലഞ്ഞു നടന്നപ്പോൾ എല്ലാവരും ക്ഷീണിച്ചു. വീണ്ടും ചെന്തെങ്ങിന്റെ കരയിൽ വന്നിരുന്നു. ഇടക്കു തമാശകൾ പറഞ്ഞു. അതിനിടയിലാണ് അന്തരീക്ഷത്തിൽ ഒരു ശബ്ദം പതുക്കെ ഉയർന്നത്. നിമിഷങ്ങൾ പോകെ അതിന്റെ ഹുങ്കാരം കൂടിവന്നു.

കല്യാണി ബൈജു അറിയിച്ചു. “അതാ ഹെലികോ‌പ്‌ടറിന്റെ സൌണ്ടാ. രണ്ടുമൂന്നു ദെവസായിട്ട് ഒരു പത്തിരുപത് തവണേങ്കിലും ഇതീക്കോടെ പറന്നണ്ട്. തുറസ്സായ സ്ഥലായതോണ്ടാ ഇവടെ ഇത്രക്ക് സൌണ്ട്. പിന്നെ കൊറച്ചൂടെ താഴ്‌ന്ന് പറക്കുമെന്നും തോന്നുന്നു“

നവിച്ചൻ പറഞ്ഞു. “വെള്ളപ്പൊക്ക നിരീക്ഷണായിരിക്കും ഉദ്ദേശം”

ആശാൻ അതെയെന്നു തലയാട്ടി. ഒപ്പം മുകളിലേക്കു ടോർച്ചടിച്ചു. പെട്ടെന്നു ഓൺ ചെയ്‌തും ഓഫ് ചെയ്തും കളിച്ചു. അതിനിടയിൽ രണ്ടുമൂന്നു തവണ വെട്ടിക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് പച്ചസിഗ്നൽ കൊടുക്കുന്ന ടോർച്ച് വെട്ടിക്കുന്നപോലെ.

നവിച്ചൻ ടോർച്ച് പിടിച്ചുവാങ്ങി. “കോപ്പേ. അതിന്റെ ബീം ചെലപ്പോ അവടേം എത്തും“

ഹെലി‌കോപ്റ്റർ അവരെ കടന്നുപോയി. അതിനകം കല്യാണി ബൈജു ചെന്തെങ്ങിന്റെ കടക്കൽ മണ്ണെണ്ണ ഒഴിച്ച് കാലേക്കൂട്ടി കൊണ്ടുവന്ന ഉണക്കകമ്പുകൾ കത്തിച്ച് ആഴി കൂട്ടിയിരുന്നു. കുടക്കമ്പിയിൽ പരൽമീനെ കോർത്തു തീയിൽ പൊള്ളിക്കാൻ ആരംഭിച്ചു. പൊള്ളി വെന്ത ഒന്നു രണ്ടെണ്ണത്തെ ആശാൻകുട്ടി കാന്താരിമുളകും ഉപ്പും കൂട്ടി തിന്നു.

ഒരു മിനിറ്റു കഴിഞ്ഞു. ഹെലികോപ്‌റ്ററിന്റെ ശബ്ദം വീണ്ടുമെത്തി. പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തു, ആകാശത്തു പച്ചനിറത്തിൽ രണ്ടു ലൈറ്റുകൾ തെളിഞ്ഞു. ഇത്തവണ കുറച്ചുകൂടി താഴ്‌ന്നാണ് ഹെലികോപ്റ്റർ പറന്നിരുന്നത്.

നവീൻ പറഞ്ഞു. “അവരെന്താണ്ട് സെർച്ച് ചെയ്യാണെന്നാ തോന്നണെ. ആശാൻ ടോർച്ചടിച്ചത് സഹായ അഭ്യർത്ഥന ആയിട്ട് അവര് വിചാരിച്ചോ ആവോ”

ചെന്തെങ്ങിന്റെ താഴെയുള്ള എല്ലാവരുടേയും ശ്രദ്ധ അടുത്തടുത്തു വരുന്ന ഹെലി‌കോപ്‌റ്ററിലായി. അതു അടുത്തടുത്തു വരുന്തോറും എല്ലാവരും പതുക്കെ നിലത്തുനിന്നു എഴുന്നേറ്റു കൊണ്ടിരുന്നു. ആശാൻ‌കുട്ടി മാത്രം ഇതൊന്നും ശ്രദ്ധിച്ചില്ല. പക്ഷേ ഹെലി‌കോപ്‌റ്റർ ചെന്തെങ്ങിനു നേരെമുകളിൽ നിലയുറപ്പിച്ചപ്പോൾ ആശാനും എഴുന്നേറ്റു. കല്യാണി ബൈജു തെങ്ങിന്റെ കടക്കലെ ആഴി വെള്ളമൊഴിച്ചു കെടുത്തി. വെളിച്ചം കണ്ടാൽ പ്രശ്നമായേക്കാം. ആശാൻ എല്ലാവരുടേയും മുഖത്തും മാറിമാറി നോക്കി. എല്ലാ മുഖങ്ങളിലും ഭയം തെളിഞ്ഞുകണ്ടു. ഭയക്കേണ്ട കാര്യമെന്താണെന്നു അദ്ദേഹത്തിനു മനസ്സിലായതുമില്ല. കല്യാണിയെ തോണ്ടിവിളിച്ചെങ്കിലും അദ്ദേഹം ഗൌനിച്ചില്ല. ചെന്തെങ്ങിന്റെ മറവിലിരുന്നു എല്ലാവരും ഹെലി‌കോപ്റ്ററിനെ ഒളിഞ്ഞു നോക്കുകയാണ്. ആശാൻകുട്ടിയും മുകളിലേക്കു നോക്കി. തെങ്ങോലകൾ കാരണം ഒന്നും ശരിക്കു കാണാൻ വയ്യ. അദ്ദേഹം ഏറെയൊന്നും ആലോചിക്കാതെ ലേസർബീമുള്ള ടോർച്ച് ഹെലി‌കോപ്റ്ററിനു നേരെ മിന്നിച്ചു തുടർച്ചയായി അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു. പിന്നെക്കേട്ടത് പടക്കം പൊട്ടുന്ന പോലുള്ള ഒച്ചയാണ്. ആശാൻ പാടത്തെ വെള്ളത്തിൽ മലർന്നു വീണു. നവീൻ രണ്ടാമതും തല്ലാനോങ്ങുന്നു. പക്ഷേ അതിനുമുമ്പ് ഹെലികോപ്റ്റർ വട്ടത്തിൽ പറന്നു കുറേക്കൂടി താഴ്ന്നുവന്നു. ഹെലികോപ്റ്ററിന്റെ അടിഭാഗത്തെ അതിശക്തമായ സെർച്ച്ലൈറ്റുകൾ മിഴി തുറന്നു. പരീക്കപ്പാടത്തു വൃത്താകൃതിയിൽ പ്രകാശപ്രളയം. ചെന്തെങ്ങ് അതിന്റെ കേന്ദ്രഭാഗത്തും. ചുവപ്പുനിറത്തിലൊരു പ്രകാശരശ്മി തെങ്ങിനുമേൽ വീണു.

ചെന്തെങ്ങിന്റെ കീഴിലുണ്ടായിരുന്നവർ നാലുപാടും ചിതറിയോടി. വെള്ളത്തിലൂടെ ഓടുന്നതു ബുദ്ധിമുട്ടാണെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ സിദ്ധാന്തങ്ങൾ തെറ്റുന്നു. ഓടുന്നതിനിടയിൽ നവിച്ചൻ അലറി.

“ആശാനേ ഓടിക്കോടാ”

വെള്ളത്തിൽ മലർന്നു കിടക്കുന്ന ആശാന്റെ മനസ്സിൽ അതുവരെ കണ്ടിട്ടുള്ള ഹോളിവുഡ് സിനിമകൾ ഓടിയെത്തി. ഹെലി‌കോപ്റ്ററിൽ ഘടിപ്പിച്ചിട്ടുള്ള തോക്കുകളുടെ ഗർജ്ജനം അദ്ദേഹത്തിന്റെയുള്ളിൽ പ്രകമ്പനം സൃഷ്‌ടിച്ചു. ചെന്തെങ്ങിനു മേൽ വീണ ചുവന്ന ബീം തന്റെ അരുകിലേക്കു സാവധാനം നീങ്ങിവരുന്നത് അദ്ദേഹം കണ്ടു.

“അയ്യോ എന്നെ കൊല്ലാൻ പോണേയ്…”

ഒരു അലർച്ചയോടെ ആശാനും എഴുന്നേറ്റ് ഓടി. താമസിയാതെ എല്ലാവരേയും വെട്ടിച്ചു ലീഡ് എടുക്കുകയും ചെയ്‌തു. മീൻ‌പിടുത്ത സംഘത്തിലുണ്ടായിരുന്ന എല്ലാവരും ഒരാഴ്‌ച പനിച്ചു കിടന്നു.

സംഭവങ്ങൾ അവിടെ തീർന്നില്ല. പിറ്റേന്നു രാവിലെ, അയ്യങ്കോവ് അമ്പലത്തിന്റെ ശ്രീകോവിലിനു നേരെയുള്ള ദീപസ്തംഭത്തിന്റെ ചുവട്ടിൽ പാളയം‌പറമ്പിൽ നിന്നു കാണാതായ വിഗ്രഹം ഉണ്ടായിരുന്നു. വിഗ്രഹം കുളത്തിൽ ഇല്ലെന്നു റിപ്പോർട്ട് എഴുതിക്കൊടുത്ത എസ്‌ഐ വേണുഗോപാൽ ‘അയ്യടാ‘ എന്നായി. അദ്ദേഹത്തെ മേലധികാരി വിളിച്ചു ശാസിച്ചു. പിന്നെ ഒരോ സ്മോളടിച്ചു കൈകൊടുത്തു പിരിഞ്ഞു. വിഗ്രഹം അമ്പലക്കുളത്തിൽ‌നിന്നു കിട്ടിയതെങ്ങിനെ എന്ന കാര്യത്തിൽ സകലരും ഇരുട്ടിൽ തപ്പി.

മൂന്നു കൊല്ലത്തിനു ശേഷം മര്യാദാമുക്കിലിരുന്നു വെടി പറയുന്ന കൂട്ടത്തിൽ നവിച്ചൻ ആ രഹസ്യം കല്യാണി ബൈജുവിനോടു മാത്രം വെളിപ്പെടുത്തി.

“ബൈജ്വോ… അന്ന് പാളയം‌പറമ്പിലെ വിഗ്രഹം അമ്പലക്കൊളത്തീന്ന് മുങ്ങിയെടുത്തത് ഞാനാ!“

എന്തോ പറയാൻ തുടങ്ങുകയായിരുന്ന ബൈജു പെട്ടെന്നു നിശബ്ദനായി.

“അന്നു ഊത്തലിനെടക്കു ഹെലി‌കോപ്‌റ്റർ സെർച്ച് ലൈറ്റടിച്ചപ്പോ നമ്മളൊക്കെ ഓടീല്ലേ. ഞാനും ഓടി. പിന്നെ അമ്പലക്കൊളത്തിൽ മുങ്ങിക്കിടന്നു. എന്റെ പഴയ തട്ടകം. കൊറച്ചു കഴിഞ്ഞു ഹെലികോപ്റ്ററിന്റെ ശബ്ദമൊക്കെ പോയപ്പോ ഞാൻ പൊങ്ങി. അമ്പലത്തിൽ കോക്കാടൻ ഫിക്സ് ചെയ്ത ലൈറ്റ് കത്തണ്ടായിരുന്നു. ആ വെളിച്ചത്തിലൊന്നു കുളിച്ചു കേറാന്ന് കരുതി. കുളത്തിലെറങ്ങി നീന്തി. ഒന്നുരണ്ടു തവണ മുങ്ങാംകുഴീമിട്ടു. വടക്കേമൂല അറിയാലോ. നല്ല താഴ്‌ചയൊള്ള സ്ഥലം. അവടെ ഒരു കരിങ്കൽ പീസുണ്ട്. വേണോങ്കി ഒരു പീഠംന്ന് പറയാം. പണ്ട് സുന്യായിട്ട് എത്ര സമയം ശ്വാസെടുക്കാണ്ട് വെള്ളത്തീ മുങ്ങിക്കെടക്കാൻ പറ്റൂന്ന് ബെറ്റ് വക്കാറൊള്ളപ്പോ എനിക്കിരിക്കാൻ ഞാൻ കൊണ്ടിട്ടതാ. അവടൊന്നു പോവാൻ തോന്നി. എന്തോ ഒരു വിളിപോലെ. അപ്പോ മുങ്ങി. ആ പീഠത്തിലിരുന്നാ പാളയം‌പറമ്പിലെ വിഗ്രഹം എനിക്ക് കിട്ടീത്. ആരോടും പറയാൻ പോയില്ല. നമ്മടെ എസ്‌ഐടെ റേഞ്ച് അറിഞ്ഞൂടേ. ചെലപ്പോ ഞാൻ അകത്താവാനും മതി. ദീപസ്തംഭത്തിന്റെ ചോട്ടിൽ വിഗ്രഹം വച്ച് ഞാൻ വീട്ടിൽക്ക് പോന്നു. വെളുപ്പിന് ആറുമണീടെ സിമൽ ബസീക്കേറി നാടും വിട്ടു”

നവീൻ പറഞ്ഞുനിർത്തി. കല്യാണി സ്വന്തം കൈത്തണ്ടയിൽ ഒന്ന് നുള്ളി.

45 Replies to “പരീക്കപ്പാടത്തെ ഓപ്പറേഷൻ”

  1. വീട്ടുകാര്‍ക്ക് നവി…നാട്ടുകാര്‍ക്ക് മാക്രി…എനിയ്ക്ക് നവീന്‍ ഭായ്…എന്റെ നാട്ടില്‍, എനിയ്ക്കുള്ള അസഖ്യം ചേട്ടന്മാരില്‍ ഒരാള്‍.കക്കാടെ വോളീബാള്‍ ഗ്രൌണ്ടില്‍ എതിരില്ലാത്ത അപൂര്‍വ്വം പേരിലൊരാള്‍. എനിയ്ക്ക് നല്‍കിയ സൌഹൃദങ്ങളൊക്കെയും മനസ്സില്‍ ജ്വലിപ്പിച്ച് കൊണ്ട് പഴയ കാലത്തേയ്ക്കുള്ള ഒരു തിരിഞ്ഞ് നോട്ടം.കൂടെ പിള്ളേച്ചനും മറ്റ് സുഹൃത്തുക്കളും.അവരേയും എന്റെ തൂലികയില്‍ ആവാഹിച്ചിരുത്താനുള്ള എന്റെ ശ്രമങ്ങള്‍ തുടരുന്നു.ആദരവുകളെ മുന്‍ നിര്‍ത്തിക്കൊണ്ട് മാത്രം കഥയെഴുതാനാവില്ലെന്ന് വിശ്വസിയ്ക്കുന്നവനാണ് ഞാന്‍.കഥാപാത്രങ്ങളുടെ ചിത്രീകരണം കഥയുടെ ഒഴുക്കിനൊപ്പം നീങ്ങുന്നു.അത് കൊണ്ട് തന്നെ പലപ്പോഴും കഥാപാത്രങ്ങളെ സ്വന്തം വ്യക്തിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തി എഴുതേണ്ടി വന്നിട്ടുണ്ട് എനിയ്ക്ക്.തെറ്റുകളുണ്ടെങ്കില്‍ പൊറുക്കുക സഹോദരങ്ങളേ. നവീന് ഭായിയ്ക്കായി ഉപാസനയുടെ അര്‍ച്ചന.വായിയ്ക്കുക, അഭിപ്രായമറിയിയ്ക്കുക. എന്നും സ്നേഹത്തോടെസുനില്‍ || ഉപാസന

  2. വായിച്ചതത്രയും രസ്സ്യന്‍ ! നാളെ ലീവെടുത്തിരുന്ന് ബാക്കീള്ളത് പൂശ്യാലോന്ന് വിചാരിക്യാ.ഈ 2 രംഗങ്ങളും ആലോചാനാമൃതങ്ങളായിരുന്നു..1. അതിന്റെ ഹാങ്ങ് ഓവറില്‍ പിള്ളേച്ചന്റെ വലതുകൈയിലെ ചൂണ്ടുവിരല്‍ തൊട്ട് നക്കാനുള്ള ഐറ്റത്തിനായി മതിലിന്‍‌മേല്‍ ഉഴറി നടന്നു.2. അക്കാലത്ത് നവി അമ്പലക്കുളത്തിലെ മീനുകളോട് അവരുടെ ഭാഷയില്‍ സംസാരിക്കാറുണ്ട് എന്നൊരു ശ്രുതിയും നാട്ടില്‍ പരന്നിരുന്നു. (പുഴയുടെ മൂലം മുതലുള്ള രവിമാരുടെ ഭാഷ മീനോള്‍ക്ക് ‘പുഷ്പ്പാ’)അല്ലാ,എന്റെ വീട്ടിലെ ആ പ്ലേറ്റും പൊക്ക്യോ ? 🙁

  3. മിലിട്ടറി എന്ന് കേട്ടപ്പോത്തന്നെ ‘പറ്റായ’ പിള്ളേച്ചന്റെ അടിവയറ്റില്‍ നിന്ന് ഒരു കൊള്ളിയാന്‍ മേലോട്ട് കേറി. അതിന്റെ ഹാങ്ങ് ഓവറില്‍ പിള്ളേച്ചന്റെ വലതുകൈയിലെ ചൂണ്ടുവിരല്‍ തൊട്ട് നക്കാനുള്ള ഐറ്റത്തിനായി മതിലിന്‍‌മേല്‍ ഉഴറി നടന്നു.ഹ ഹ:)കൊള്ളാം സുനില്‍

  4. ഒരു മതിലിനും എത്രയോ കഥകള്‍‍ പറയാനിരിക്കുന്നു. രസിച്ചു വായിച്ചു ഉപാസനെ. നല്ല ഭാഷയും ജീവനുള്ള ചിത്രങ്ങളും.‍:)

  5. സുനിലേ.. ഒരു തിരക്കഥ എഴുതൂ..ഞാന്‍ സിനിമയാക്കാനുള്ള കാശ് ഒരു അക്കൌണ്ട് തുടങ്ങീട്ടു തരാം..:)ഒരു കൊച്ചു പ്രദേശത്തെയും അവിടുത്തെ ആള്‍ക്കാരെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..ഓഫ്:നിനക്കിയ്യിടെയായി ഇച്ചിരി സ്മൈലി കൂടുതലാണല്ലൊ..!?

  6. കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുകhttp://www.akberbooks.blogspot.comorkunjukathakal-akberbooks.blogspot.com

  7. സുനീ,വളരെ നല്ല രചന.വായിച്ച് സമയം പോയതറിഞ്ഞില്ല..തുടരട്ടെ കക്കാടിന്റെ പുരാവൃത്തങ്ങള്‍സ്നേഹപൂര്‍വ്വം…

  8. കുറെ ദിവസത്തിനു ശേഷം ഇന്നാ വായിക്കാന്‍ പറ്റിയെ. ഇതുപോലൊക്കെ നഷ്ടപ്പെടുന്ന സുന്ദര നിമിഷങ്ങള്‍ എല്ലാര്‍ക്കും. 🙂പിന്നെ മാളക്കാരെ തൊട്ടു കളിക്കല്ലേ! 😉ഞാനിവിടൊക്കെ തന്നെ ഉണ്ടു കേട്ടോ. യാത്രയിലാരുന്നു. ഒന്നിനും ഒന്നിനും സമയം കിട്ടാത്ത പോലെ, ഇനി ഈ വര്‍ഷം മൊത്തം അങ്ങിനെ തന്നെ. 🙁

  9. സുനി, നീളക്കൂടുതല്‍ തോന്നിയപ്പോള്‍ രണ്ടു പ്രാവശ്യമായി വായിച്ചു തീര്‍ത്തു. നന്നായി വിവരണം.എങ്ങിനെ ഓര്‍ത്തുവെയ്ക്കുന്നെടാ ഈ വക കാര്യങ്ങളൊക്കെ?? എങ്കിലും ആ ഫോട്ടൊ അങ്ങിനെ ചെയ്യണമായിരുന്നോ? നന്ദപര്‍വ്വം-

  10. നീളം കൂടിയ പോസ്റ്റാണെങ്കില്‍ വായിക്കില്ല എന്ന് ബൂലോകര്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് തോന്നുന്നു. :-)))കുറുമാനേ : കൊട്ടത്തേങ്ങയ്ക്ക് നന്ദി. വായിച്ച് മുഴുവനായിട്ടുണ്ടാവില്ലെന്ന് ഊഹിക്കുന്നു. 🙂സജീവ് ഭായ് : ‘ലീവ്’ എടുക്കണം ഇത് വായിക്കാനെന്നത് എനിയ്ക്ക് കൊണ്ടു. 🙂എന്തായാലും എന്റെ ഇപ്പോഴത്തെ എഴുത്തിന്റെ ശൈലി കുറച്ച് കൂടെ വായനക്കാരെ കിട്ടാനായി ഉപേക്ഷിക്കേണ്ട എന്നാണ് എന്റെ എളിയ തീരുമാനം.ഒരു വലിയ പ്ലേറ്റിന്റെ കാര്യം എഴുതണമല്ലോ എന്ന് ചിന്തിച്ചപ്പോ ആദ്യം തന്നെ മനസ്സില്‍ വന്നത് ഭായിയേമ്ം ഭായിയുടെ വീട്ടില്‍ ഉണ്ടായേക്കാവുന്ന പ്ലേറ്റുമാണ്. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. 🙂ജഹേഷ് ഭായ് : ആരുടെ, ഏത് കഥയായാലും ഓടിച്ചുള്ള വായന ശീലമാക്കണ്ടാ ട്ടാ. നന്ദി 🙂വേണു മാഷേ : ഒരുപാട് നാളുകള്‍ക്ക് ശേഷമുള്ള ഒരു സന്ദര്‍ശനം എനിയ്ക്ക് പുത്തനുണര്‍വ്വ് നല്‍കിയെന്ന് അറിയിക്കട്ടെ. അതിലുപരി മാഷ് ഇത് മുഴുവന്‍ കുത്തിയിരുന്ന് വായിച്ചു എന്നറിയുമ്പോ വേറേം സന്തോഷം. നല്ല പ്രിപ്പെറേഷന്‍ എടുത്ത് എഴുതിയതാ. നീളം കൂടിപ്പോയാല്‍ എന്താ കാര്യം..? 🙁മതിലിനും കുളവും കൂടാതെ ടില്ലര്‍ വരെ എന്റെ കഥകളില്‍ കടന്നു വരും. 🙂പ്രണാമം ഈ സന്ദര്‍ശനത്തിന്. 🙂ജയശ്രീ ച്ചേച്ചി : ഇവരൊക്കെ ശരിയ്ക്കും ഉള്ളവര്‍ തന്നെ. വാളൂര്‍ ബ്ലോഗേഴ്സിന് (ശ്രീ, വാളൂരാന്‍, ഹരിശ്രീ) ഇവരില്‍ പലരേയും നല്ല പരിചയമുണ്ട്. നല്ല നാടാണ് എന്റേത്. 🙂ശോഭീ : വലുതായിപ്പോയി ശോഭീ. നന്ദി 🙂“കിംങ്” മാക്രി വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും എന്റെ കൃതജ്ഞത രേഖപ്പെറ്റുത്തുന്നു.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  11. സുനീനന്നായിരിക്കുന്നു ഇതൊന്നു കട്ട് ചെയ്ത് മൂന്നു ഭാഗങ്ങളായി പോസ്റ്റരുതോ. ഒറ്റയടിക്ക് വായിച്ചു തീര്‍ക്കാന്‍ പറ്റുന്നില്ലാന്നേ… 🙂-സുല്‍

  12. വാളൂരും സന്തോഷ്‌ മഷും രാജീവനും ഒക്കെ ഇപ്പൊ എനിക്കും പ്രിയപെട്ടവര്‍ സുനില്‍ എത്ര മനോഹരമായി എഴുതുന്നു എനിക്കു തന്നൊടു സ്നേഹം കലര്‍ന്ന ഒരാസൂയ തൊന്നുന്നു. നീന്ദല്‍ക്കാരന്‍ നവിയും തംബിയെയൂം ഒക്കെ നെരില്‍ കണ്ട ഒരുപാടുനാളത്തെ പരിചയം ഉള്ളവരെ പൊലെ കഥയില്ലായ്മപൊലും ആഖ്യാനശൈലിയിലൂടെ വായിക്കുന്നവണ്റ്റെ മനസ്സിലേക്കു പ്രകംബനപരമായി കടത്തിവിടുന്നു. സാധാരണക്കാരണ്റ്റെ ഭാഷ ലളിതവും മനോഹരവുമയ ശൈലി ഒരുപാദിഷ്ട്മായി

  13. പ്രയാസി : ഞാന്‍ ഇയാള്‍ക്ക് വേണ്ടി തിരക്കഥ എഴുതില്ല. മറ്റൌര്‍ സുഭാഷ് ചന്ദ്രനാവാന്‍ ഉപാസനയില്ല.പിന്നെ സ്മൈലിയുടെ കാര്യം… പ്രയാസി എന്താ ഉദ്ദേശിച്ചതെന്ന് എനിയ്ക്ക് മനസ്സിലായില്ല.അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂കുതിരവട്ടന്‍ ഭായ് : ഞാന്‍ എഴുതി വലുതാക്കിയില്ലെങ്കിലും കക്കാട് ഒരു മഹാ‍സംഭവമാണ് എന്റെയും, എന്റെ നാട്ടുകാരുടേയും മനസ്സില്‍. 🙂എന്റെ ബ്ലോഗ്ഗ് നാട്ടിലുള്ള ചിലര്‍ വായിക്കാറുണ്ട്. നവിച്ചേട്ടന്‍ വായിച്ചു. അടുത്ത തവണ നേരില്‍ കാണുമ്പോള്‍ അതിന്റെ റിയാക്ഷന്‍ കിട്ടും :-)))ആശാനെ നാട്ടില്‍ പോയപ്പോ കണ്ടിരുന്നു. പുള്ളീ അധികം അറിഞ്ഞിട്ടില്ല. 🙂നന്ദി അഭിപ്രായങ്ങള്‍ക്ക്. 🙂ഏറനാടന്‍ : അഭിപ്രായത്തിന് നന്ദി ഭായ്. പിന്നെ പുസ്തകത്തിന്റെ (ഏറനാടന്‍ ചരിതങ്ങള്‍) വര്‍ക്ക് എവിടെ വരെയായി. 🙂പ്രിയ ദേശാടകന്‍ : താങ്കളുടെ കമന്റില്‍ മറ്റൊരു ബ്ലോഗിനെക്കുറിച്ച് പരാമര്‍ശിച്ചിരിയ്ക്കുന്നതിനാല്‍ എനിയ്ക്ക് നീക്കം ചെയ്യേണ്ടി വന്നു. തെറ്റിദ്ധരണകള്‍ ഒന്നുമില്ലെന്ന് അറിയിച്ചതില്‍ സന്തോഷം. തുടര്‍ന്നും വരിക. 🙂എഴുത്തുകാരി : അഭിപ്രായങ്ങള്‍ക്ക് നന്ദി എഴുത്തുകാരീ. അടുത്തത് അടുത്ത മാസം അവസാനം/മിഡില്‍. അതാണ് <>“ആനന്ദന്‍ ചേട്ടന്റെ യൂറോകപ്പ്”<> സരിജാ : വീണ്ടും കണ്ടതില്‍ സന്തോഷം. പുരാവൃത്തങ്ങള്‍ എല്ലാം തന്നെ സംഭവബഹുലമായിരിയ്ക്കും. ചിലര്‍ ചോദിച്ചു. ഒന്നിലധികം പ്രധാന ടോപിക്സ് ഒരേ കഥയില്‍ ഉള്‍ക്കൊളിച്ചത് എന്തുകൊണ്ടാണെന്ന്. എന്റെ മനസില്‍ വിഷയങ്ങള്‍ക്ക് പഞ്ഞമില്ല. ദാറ്റ്സ് ആള്‍. 🙂അക്ബര്‍ ബുക്ക്സ് : അപ്പോ എല്ലാം പറഞ്ഞ പോലെ. 🙂“കിംങ്” മാക്രി വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും എന്റെ കൃതജ്ഞത രേഖപ്പെറ്റുത്തുന്നു.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  14. സുനില്‍ ഭായി..ആദ്യം ആ ദിവാന്‍ കട്ടിലില്‍ക്കിടക്കുന്ന സോറി മതിലില്‍ക്കിടക്കുന്ന മാര്‍ത്താണ്ഡവര്‍മ്മന്‍ കോയിക്കലിന് എന്റെ ഒരു സല്യൂട്ട്..!ഇടക്കിടെ പറയണതെന്താണെന്ന് മനസ്സിലാകാതെ വരുകയും എന്നാല്‍ കുറച്ചുകൂടി വായിക്കുമ്പോള്‍ സംഭവം മനസ്സിലാക്കിത്തരുന്ന ശൈലി..അത് കുറച്ച് വിഷമിപ്പിച്ചു..ഉദാ കോഴിക്കാട്ടം തിന്നു എന്നൊക്കെ വായിച്ചപ്പോള്‍ ഇതെന്താ ഇങ്ങനെ എന്നുള്ള പുരികം വളക്കലിന് ഉത്തരമായി പിന്നീട് അയല്‍‌വക്കത്തെ കോഴികളുടെ വെളിക്കിരിക്കല്‍ സംഭവം പറയുന്നത്. ലളിതമായ ഈ ശൈലി നന്നെ ഇഷ്ടമായിട്ടൊഈ പോസ്റ്റിനേക്കാള്‍ എനിക്ക് ക്ഷ പിടിച്ചത് അക്ബര്‍ ബുക്കിനു കൊടുത്ത മറുപടി..!

  15. Dear Kunjan Bhai,Please listen…<>“കാലം പോകെ ആട്ടിന്‍പാല് കുടിച്ചും കോഴിക്കാട്ടം തിന്നും ആശാങ്കുട്ടി വളര്‍ന്നു വന്നു.വളര്‍ന്നത് അധികം പൊക്കം വയ്ക്കാത്ത സങ്കരയിനം ജാതിത്തൈയ്യിന്റെ പോലെ വിലങ്ങനെയായിരുന്നു എന്ന് മാത്രം..!”<>“kohikkaattam thinnu” enna statement njan mukalil kodutha variykke zEshamaNe ezhuthiyathe.pinneyengane ‘kallu’ kadichu vayanayil..?May be a mistake.🙂 Ennum Snehaththode SUnil | Upasana

  16. ചാത്തനേറ്: മൂന്ന് പോസ്റ്റാക്കാന്‍ സുല്ലിക്കാ പറഞ്ഞില്ലേ വേണോന്നില്ലാ മൂന്ന് തവണ വന്നാ ഒന്ന് വായിച്ച് തീര്‍ത്തത്…. എന്തോ അങ്ങ്നെ പിടിച്ചിരുത്തി വായിപ്പിച്ചില്ല…

  17. അപര്‍ണ : ആ അപര്‍ണച്ചേച്ചി വന്നാ‍ാ. യാത്രയൊക്കെ നടക്കട്ടെ. വല്ലപ്പോഴും ‘പുരാവൃത്തങ്ങളി’ല്‍ കയറി നോക്കാന്‍ മാത്രം മടിക്കരുത്. പിന്നെ ഞാനാര്‍ക്കും ഒഴിവ് കൊടുത്തിട്ടില്ല. മാളക്കാരെ എന്റെ കയ്യീക്കിട്ട്യാ (മ)തി. ഞാന്‍ ശരിപ്പെടുത്തും. ങ്ഹാ‍ാ‍ാ. 🙂നന്ദി ഈ സന്ദര്‍ശനത്തിന്. 🙂ശ്രീച്ചേട്ടാ : എല്ലാവരും പറേണത് നീളം കാരണം കൊണ്ട് വായന മുഴുമിപ്പിയ്ക്കാന്‍ പറ്റണില്ലാന്ന്. ഇത്തിരി വായിച്ചാ അവര്‍ മുഴുവന്‍ കുത്തിയിരുന്ന് വായിയ്ക്കും എന്ന് എനിയ്ക്കും തോന്നുന്നു. പ്രണാമം ഈ അഭിപ്രായങ്ങള്‍ക്ക്. 🙂മുല്ലപ്പൂവ് : ആദ്യ സന്ദര്‍ശനത്തിന് സ്വാഗതം പറയുന്നു. 🙂പിരിക്കുട്ടി : താങ്കള്‍ ഇത് മുഴുവന്‍ വായിച്ചെങ്കില്‍ അത് അഭിനന്ദനം അര്‍ഹിയ്ക്കുന്നു. താങ്ക്യൂ സാര്‍. അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ വിനീതന്‍. 🙂 നന്ദകുമാര്‍ ഭായ് : ചിലതൊന്നും ഒരിയ്ക്കലും മനസ്സില്‍ നിന്ന് മാഞ്ഞു പോകില്ല. അത്തരത്തിലുള്ള കുറേ മുഹൂര്‍ത്തങ്ങള്‍ എന്റെ മനസ്സില്‍ ഒരു ആവിഷ്കരണത്തിനായി കാത്ത് കെട്ടി കിടക്കുകയാണ്. പിന്നെ ഫോട്ടോക്കാര്യം. ഞാന്‍ മുമ്പ് പറഞ്ഞിട്ടുള്ള പോലെ ഫോട്ടോ ആവശ്യമാണെങ്കില്‍ മാത്രമേ എക്സ്പോസ് ചെയ്യാന്‍ എനിയ്ക്ക് താല്പര്യമുള്ളൂ. അത് കൊണ്ടാണ് പെയിന്റ് ഉപയോഗിച്ചത്.നന്ദി അഭിപ്രായങ്ങള്‍ക്ക്. 🙂ദ്രൌപദി വര്‍മ്മ : നഷ്ടങ്ങള്‍ പലതും മനോഹരമല്ലേ സുഹൃത്തേ. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മനോഹരമല്ലാത്ത നഷ്ടങ്ങള്‍ ‘അവ നഷ്ടങ്ങളായി’ത്തന്നെ നമുക്ക് അനുഭവപ്പെട്ടേക്ക്കില്ല. നന്ദി. 🙂“കിംങ്” മാക്രി വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും എന്റെ കൃതജ്ഞത രേഖപ്പെറ്റുത്തുന്നു.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  18. ലേശം നീളമുണ്ടായിരുന്നെങ്കിലും ഒറ്റ ഇരിപ്പിനു വായിച്ചു തീര്‍ത്തു. ഹാവൂ..കാക്കാട്കാരുടെ ഒരു മാക്രിമാനിയ.🙂

  19. സുനില്‍ ഭായി..“കാലം പോകെ ആട്ടിന്‍പാല് കുടിച്ചും കോഴിക്കാട്ടം തിന്നും ആശാങ്കുട്ടി വളര്‍ന്നു വന്നു.വളര്‍ന്നത് അധികം പൊക്കം വയ്ക്കാത്ത സങ്കരയിനം ജാതിത്തൈയ്യിന്റെ പോലെ വിലങ്ങനെയായിരുന്നു എന്ന് മാത്രം..!”ഇതില്‍ “ “കാലം പോകെ ആട്ടിന്‍പാല് കുടിച്ചും കോഴിക്കാട്ടം തിന്നും ആശാങ്കുട്ടി വളര്‍ന്നു വന്നു. എന്നു പറയുമ്പോള്‍ കോഴിക്കാട്ടം മനുഷ്യന്മാര്‍ ഭക്ഷിക്കുന്ന ഒന്നല്ലല്ലൊ. അപ്പോള്‍ ഇതെന്താ ഇങ്ങനെ ഇയാള്‍ എഴുതിയെതെന്ന് ന്യായമായ സംശയം എന്നിലുണ്ടായി…എന്നാല്‍ പിന്നീട് അത് സുനില്‍ എന്തുകൊണ്ടാണെന്ന് പറയുന്നുമുണ്ട്..അതിനാലാണ് ഞാന്‍ പറഞ്ഞത് ആദ്യം വായിക്കുമ്പോള്‍ ഒരു ചോദ്യശങ്ക മനസ്സിലുണ്ടാക്കുകയും അതിനു ഉത്തരം പിന്നീട് കൊടുക്കയും ചെയ്യുന്ന രീതി.

  20. <>“ഇതില്‍ “കാലം പോകെ ആട്ടിന്‍പാല് കുടിച്ചും കോഴിക്കാട്ടം തിന്നും ആശാങ്കുട്ടി വളര്‍ന്നു വന്നു. എന്നു പറയുമ്പോള്‍ കോഴിക്കാട്ടം മനുഷ്യന്മാര്‍ ഭക്ഷിക്കുന്ന ഒന്നല്ലല്ലൊ.”<>കുഞ്ഞന്‍ ഭായ് അവിടെ ഒരു ചെറിയ മിസ്ടേക്കുണ്ട്. ;-)))ഞാന്‍ കുറച്ചൊക്കെ ഗ്രാസ് റൂട്ട് ആയി ജീവിച്ച് വളര്‍ന്ന (അത്തരമൊരു ഏരിയയില്‍ ജനിച്ച് വളര്‍ന്ന) ഒരു വ്യക്തിയാണ്.കുട്ടിയായിരുന്നപ്പോഴൊക്കെ എനിയ്ക്ക് അത്ര വലിയ ശ്രദ്ധയൊന്നും കിട്ടിയിരുന്നില്ലെന്ന് തോന്നുന്നു. എന്റെ മാത്രമല്ല എന്റെ പ്രായത്തിലുള്‍ല പല ചെറിയ കൊച്ചുങ്ങളുടെ മൊത്തം കാര്യമാണ് ഞാന്‍ പറയുന്നത്. ഒരു വയസ്സിനും മൂന്ന് വയസിനും ഇടയിലുള്ള കുട്ടികളൊക്കെ മണ്ണിലും ചെളിയിലും ഒക്കെ കളിയ്ക്കുക സര്‍വസാധാരണയാണ്.അപ്പോ ഒരു കോഴി കാഷ്ഠിച്ച് വച്ചിരിയ്ക്കുന്നത് കണ്ടാലോ, അല്ലെങ്കില്‍ ഒരു തേരട്ട ഇഴഞ്ഞ് പോകുന്നത് കണ്ടാലോ യാതൊരു സംശയവും കൂടാതെ അത് വാരി വായിലിടും എന്നുള്ളത് നൂറ് തരം (തേരട്ടയെ ഞാന്‍ ശാപ്പിട്ടിട്ടുണ്ടെന്ന കാര്യം വിനീതമായി അറിയിയ്ക്കട്ടെ. അത് അമ്മയൊക്കെ പറഞ്ഞ് ഓര്‍മയിലുണ്ട്.പകുതി വായിലിട്ട് ചവയ്ക്കുകയും ബാക്കി പാര്‍ട്ട് കയ്യിലിരിയ്ക്കുകയായിരുന്നുമത്രെ..! ടേസ്റ്റ് ഡിഫറന്‍സ് കൊണ്ട് മുഴുവന്‍ ഞാന്‍ അടിയ്ക്കാന്‍ മടിച്ചു.)കൊച്ചു കുട്ടികള്‍ക്ക് അറിയാമോ “ഇതൊന്നും തിന്നാല്‍ കൊള്ളാവുന്നതല്ല” എന്ന്. 🙂ഇന്നും ഞാന്‍ നാട്ടിലുള്ളപ്പോള്‍ കാണാറുണ്ട് ചില കൊച്ചുകുട്ടികളുടെ കയ്യില്‍ ആട്ടിന്‍‌കാട്ടം (കപ്പലണ്ടി..!). ആരും കയ്യീന്ന് പിടിച്ച് വാങ്ങി കളഞ്ഞില്ലെങ്കി അവരത് തിന്നും. ഉറപ്പാ.പിന്നെ കുറച്ച് കാശുള്ള വീട്ടിലെ കുട്ടികള്‍ക്ക് ഇതൊക്കെ അപരിചതങ്ങള്‍ ആയിരിയ്ക്കുമെന്നത് സത്യം തന്നെ.കഥയില്‍ ആശാങ്കുട്ടി ആട്ടിന്‍പാലും ഇടയ്ക്ക് കോഴിക്കാട്ടവും തിന്നു എന്ന് ഞാന്‍ പറയുമ്പോ “കോഴിക്കാട്ടം തിന്നു” എന്നുള്ളത് പാല്‍ കുടിക്കുന്ന പോലെ ഒരു ഡൈലി ചെയ്യുന്ന ഏര്‍പ്പാടാണെന്ന് കരുതേണ്ടതില്ല ട്ടോ. 🙂എന്തായാലും ഇനി മുതല്‍ ഞാന്‍ അവതരണത്തിലും ആഖ്യാനത്തിലും കുറച്ച് കൂടെ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു ട്ടോ.നന്ദി ഈ അഭിപ്രായങ്ങള്‍ക്ക്.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  21. സുല്ലേട്ടാ‍ാ: മൂന്ന് ഭാഗങ്ങള്‍ ആക്കാന്‍ മാത്രം ഈ കഥയ്ക്ക് നീളമുണ്ടെന്നത് ശരി തന്നെ. പിന്നെന്തു കൊണ്ട് അത് ചെയ്തില്ല എന്ന് വെച്ചാ തുടര്‍ച്ച നഷ്ടപ്പെടും. “അടുത്ത ഭാഗം വേഗം പോരട്ടെ” എന്ന രീതിയിലുള്ള കമന്റുകള്‍ കൊണ്ട് എന്റെ കമന്റ് ബോക്സ് നിറയും. :-)))വായിക്കുന്നവര്‍ വായിക്കട്ടെ ഭായ്.എങ്കിലും ചില കഥകള്‍ അദ്ധ്യയങ്ങള്‍ ആയി പബ്ലിഷ് ചെയ്യാനാണ് എന്റെ പ്ലാന്‍.നീളം കാരണമല്ല. അത് ഒരു നോവലെറ്റിന്റെ അത്രയും നീളമുള്ള ഒരു ഡിറ്റക്ടീവ് കഥ!യായതു കൊണ്ടാണ്. അഭിപ്രായങ്ങള്‍ക്ക് നന്ദി.🙂മാംഗ് : ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട് മുട്ടിയ എന്റെ ചില സ്നേഹിതരെപ്പറ്റി, എന്റെ നാട്ടുകാരെപ്പറ്റി എഴുതുന്നു. ചിലര്‍ക്ക് അത് ഇഷ്ടമാകും, ചിലര്‍ക്ക് അത്ര വലിയ അഭിപ്രായമൊന്നും തോന്നിയേക്കില്ല. ഒരു കാര്യം തെളിച്ച് പറയട്ടെ മാംഗ് എന്നില്‍ അസൂയപ്പെടാന്‍ മാത്രം ഒന്നുമില്ല, ഒന്നും. അത്രയേ പറയുന്നുള്ളൂ…ആദ്യസന്ദര്‍ശനത്തിന് മുന്നില്‍ നമോവാകം. 🙂കുഞ്ഞന്‍ ഭായ് : അപ്പോ എല്ലാം പറഞ്ഞ പോലെ. 🙂ചാത്തന് : അതെ മൂന്ന് തവണ വന്ന് വായിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഞാന്‍ ഒരു മാസത്തില്‍ ഒരു പോസ്റ്റേ ഇടാറുള്ളൂ. ഒരു ദിവസം കൊണ്ട് ഈ പോസ്റ്റ് വായിച്ച് തീര്‍ക്കണമെന്ന് ഞാന്‍ ഇത് വരെ പറഞ്ഞിട്ടില്ല. മറ്റ് പലരും ഒരു മാസത്തില്‍ അഞ്ച് പോസ്റ്റിടും. ആ പോസ്റ്റിന്റെയൊക്കെ നീളം കൂട്ടി വച്ചാ എന്റെ പോസ്റ്റിനേക്ക്കാളും കൂടും. പിന്നല്ലേ 🙂വായിക്കാന്‍ രസമുണ്ടോ എന്ന് നോക്കിയാ മതി. 🙂ക്രിഷ് ഭായ് : സത്യം പറഞ്ഞത് ക്രിഷ് ഭായ് മാത്രം.അതായത് “ലേശമേ നീളം ഉണ്ടായിരുന്നുള്ളൂ“ എന്ന്. :-)))മാക്രി മാനിയ..! അങ്ങിനേയും പേരിട്ടോ. നന്ദി. 🙂സുരേഷ് കുമാര്‍ : അഭിപ്രായത്തിന് നന്ദി. 🙂“കിംങ്” മാക്രി വായിച്ച് അഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും എന്റെ കൃതജ്ഞത രേഖപ്പെറ്റുത്തുന്നു.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  22. വിനോദ് ഭായ് (കുഞ്ഞുണ്ണിയേട്ടാ‍ാ) : എന്റെ ബ്ലോഗ് ജീവിതത്തിലെ ആദ്യകമന്റ് തന്ന ഭായിയുടെ രണ്ടാമത്തെ കമന്റ് കിട്ടാന്‍ എനിയ്ക്ക് ഒരു കൊല്ലത്തില്‍ കൂടുതല്‍ വെയിറ്റ് ചെയ്യേണ്ടി വന്നുവല്ലോ..? ഇനി റെഗുലര്‍ ആയി ട്രാക്ക് ചെയ്യുമെന്ന് കരുതട്ടെ.പിന്നെ ഭായി പറഞ്ഞ കോണ്‍സെട്രേഷന്റെ കാര്യം. ശരിയായിരിയ്ക്കാം. ഞാന്‍ എഴുതിത്തെളിയാന്‍ (അങ്ങിനെ സംഭവിക്കുമെങ്കില്‍) ഇനിയും ഒരുപാട് നാളുകള്‍ എടുക്കും. മറിച്ച് കുറച്ച് കൂടെ ശ്രദ്ധിച്ചാല്‍ മതിയെങ്കില്‍ അങ്ങിനെയാകാം. പിന്നെ എഴുതുന്ന എല്ലാം കഥകളല്ല. ചിലത് വെറും സംഭവവിവരണം മാത്രമാണ്. ഇവിടെ, ബ്ലോഗിലെ എഴുത്ത് എന്നത് മുഖ്യധാരയിലുള്ളവയില്‍ നിന്ന് വളരെ വ്യത്യാസമുള്ള ഒന്നാണ്. ഞാന്‍ നേരില്‍ കാണുമ്പോള്‍ എല്ലാം പറയാം. നവിച്ചേട്ടനെ ഞാന്‍ അറിയിച്ചു. പക്ഷേ ഇത് വരെ വായിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. കാത്തോളണേ പിതൃക്കളേ. അപ്പോ കുഞ്ഞെ ഒക്കെ പറഞ്ഞ പോലെഅഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. മര്യാദാമുക്കിലെ ഒരു തമ്പുരാന്റെ കമന്റ് കാണുമ്പോള്‍ ഒരു പ്രത്യേക ഫീലിങ്ങ് മനസ്സില്‍.🙂സജീഷ് ഭായ് : ആദ്യസന്ദര്‍ശനത്തിന് മുന്നില്‍ നമോവാകം. എന്റെ പ്രൊഫൈല്‍ ഫോട്ടോ എന്റെ ആത്മസുഹൃത്തും, ക്ലാസ്സ്മേറ്റും, ബ്ലോഗ്ഗറുമായ ഹരീഷ് എന്ന ‘കൂട്ടുകാരന്‍’ എടുത്തതാണ്, ദീപാവലി ആഘോഷത്തിനിടയില്‍. അവന്‍ സന്തോഷം എനിയ്ക്ക് അനുവാദം തന്നു ഉപയോഗിക്കുവാന്‍. എന്റെ തൂലികാനാമവും ചെരാതിന്റെ ഫോട്ടോയും തമ്മില്‍ നല്ല മാച്ചിങ്ങ് ആണെന്ന് മനസ്സില്‍ തോന്നിയതിനാലാണ് ഞാന്‍ ഈ പ്രൊഫൈല്‍ ഫോട്ടോ ആയി ഇത് തന്നെ തിരഞ്ഞെടുത്തത്. അധികം വെയിറ്റ് ചെയ്യാതെ എല്ലാം നേരെയാക്കൂ. 😉വീണ്ടും വരിക.🙂രണ്ട് പേര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസന

  23. ആദ്യം പബ്ലിഷ് ചെയ്ത പോസ്റ്റില്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തി ഇന്ന് റീപബ്ലിഷ് ചെയ്തു.
    🙂

    ഓഫ്: അറിയിപ്പായി മാത്രം എടുക്കുക.

    qw_er_ty

  24. edaa sunee ninte KING MAKRI njan vayichu.sathyam parayamallo njan ananda pulakithanayippoyi..enne ithra famous akkiyathinu THANKS…………. Sakshal KING MAAKRI

  25. എന്റെ കഥാപാത്രങ്ങളിലൊരാള്‍ നേരിട്ട് ബ്ലോഗില്‍ വന്ന് അഭിപ്രായം പറയുന്നത് ആദ്യമായാണ് (ബ്ലോഗ്ഗറായ മുരളി സാര്‍ ഒഴികെ). അതുകൊണ്ട് തന്നെ അനല്പമായ സന്തോഷം തോന്നുന്നു.

    കുറെ വൈകിയാണെങ്കിലും “പുരാവൃത്തം” വായിച്ചതിനും അഭിനന്ദനങ്ങള്‍ക്കും പ്രണാമമുണ്ട് നവിച്ചേട്ടന്‍. ബാക്കിയൊക്കെ ആഗസ്റ്റ് പതിനഞ്ചിന് നാട്ടില്‍ വരുമ്പോള്‍ നേരില്‍ പറയാം.

    നന്ദി നമസ്കാരം.
    🙂
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  26. എഡിറ്റി 🙂

    ആദ്യം പബ്ലിഷ് ചെയ്‌ത പോസ്റ്റിൽ‌നിന്നു 80% ഭാഗങ്ങളും നീകം ചെയ്‌തു. ഇപ്പോൾ കുറച്ചുകൂടി നല്ല ഗെറ്റപ്പ് ആയെന്നു തോന്നുന്നു
    🙂

    ഉപാസന || സുപാസന

അഭിപ്രായം എഴുതുക