സുനിൽ ഉപാസന | Sunil Upasana
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!
ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
കക്കാട് മാധവൻ നായരുടെ മുപ്പതു സെന്റ് വിസ്‌താരമുള്ള പറമ്പിന്റെ മൂലയിൽ, നെല്പാടത്തോടു ചേർന്ന്, വാരിക്കുഴിയുടെ മാത്രം വലുപ്പമുള്ള ഒരു കുളത്തപ്പറ്റി സകലരും അറിയുന്നത്, ഇടവപ്പാതി തകര്‍ത്തു പെയ്‌തൊരു സന്ധ്യയിൽ ലിബറോ ബൈക്കിനൊപ്പം ആശാൻകുട്ടി അതിൽ വീണപ്പോഴാണ്. അതോടെ ഒന്നരയേക്കർ വിസ്‌തീര്‍ണ്ണമുള്ള നെല്‍പാടത്തു ജലസേചനത്തിനായി മാധവന്‍നായർ പണ്ടു കുഴിപ്പിച്ചതും പില്‍ക്കാലത്തു ഉപേക്ഷിക്കപ്പെട്ടതുമായ കുളം കാണാൻ നിരവധി ആളുകൾ എത്തി.
ബൈക്ക് കുളത്തിലേക്കു മറിഞ്ഞത്, വെള്ളസാരി അണിഞ്ഞ ഒരു സ്ത്രീയെ കണ്ടതിനാലാണെന്ന് ആശാന്‍കുട്ടി ആണയിട്ടെങ്കിലും നാട്ടുകാർ വിശ്വസിച്ചില്ല. സംഭവം നടക്കുന്നതിനു മൂന്നുമാസം മുമ്പു കുലയിടത്തു വച്ചും ഒരു വര്‍ഷം മുമ്പു ചെറാലക്കുന്ന് മൃഗാശുപത്രിപ്പടിക്കൽ വച്ചും ആശാൻ ബൈക്കില്‍നിന്നു വീണപ്പോൾ അവിടെയൊക്കെ വെള്ളസാരി അണിഞ്ഞ സ്ത്രീ ഉണ്ടായിരുന്നില്ല എന്നതിനാൽ തന്നെ. നാട്ടിലെ പറച്ചിലുകൾ എന്തായാലും, വീണതു വെള്ളത്തിലായതിനാൽ രക്ഷയായി. ശരീരത്തിനു തട്ടുകേടൊന്നും പറ്റിയില്ല. പക്ഷേ ഇടവപ്പാതിയുടെ പ്രഭാവത്തിൽ വെള്ളം നിറഞ്ഞ കുളത്തിൽ ബൈക്ക് പൂര്‍ണമായും മുങ്ങി.
സന്ധ്യ സമയത്തു ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കുളത്തിൽ ഇറങ്ങുന്നതു നന്നല്ലെന്ന ഉപദേശത്തെ തുടര്‍ന്നു വാഹനം പൊക്കിയെടുക്കുന്നത് പിറ്റേന്നത്തേക്കു മാറ്റാൻ ആശാന്‍കുട്ടി തീരുമാനിച്ചു. പക്ഷേ, പിറ്റേന്നു വെള്ളമിറങ്ങിയില്ല. പകരം മുകളിലോട്ടു കയറി. കുളം പോയിട്ടു റോഡുപോലും കാണാന്‍ പറ്റാത്ത അവസ്ഥ. ചങ്ങാടമിട്ടോ വഞ്ചിയിറക്കിയോ വാഹനം രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയസാധ്യത ഇല്ലാതെ പിന്‍വാങ്ങേണ്ടി വന്നു.
തേമാലിപ്പറമ്പിന്റെ തുടക്കം വരെ കയറിയ മലവെള്ളം നാലുദിവസം കഴിഞ്ഞാണ് ഇറങ്ങിത്തുടങ്ങിയത്. കുളക്കരയിലെ തെങ്ങിന്‍തൈകളുടെ തലപ്പുകൾ ഭാഗികമായി വെള്ളത്തിനു മീതെ തല നീട്ടേണ്ട താമസം, പാതാളക്കരണ്ടിയിട്ടു വണ്ടി പൊക്കിയെടുക്കാൻ ആശാന്‍ ശ്രമിച്ചു. വണ്ടി മുക്കാലും ചെളിയിൽ പുതഞ്ഞു പോയിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. ഒടുക്കം ജെസിബി കൊണ്ടുവന്നു ബൈക്ക് പൊന്തിച്ചു. ചെമ്മണ്ണിൽ പുതഞ്ഞ നീല ലിബറോ ചുവന്ന നിറത്തിൽ മന്ദം മന്ദം മുഖം കാട്ടവെ, ബൈക്കിനൊപ്പം മറ്റൊന്നു കൂടി ഉയര്‍ന്നു വന്നു. ഒരു മനുഷ്യന്റെ അസ്ഥികൂടം!
ഉടനെ ആള്‍ക്കൂട്ടത്തിനിടയിൽ അലമുറ ഉയര്‍ന്നു. “അയ്യോ എന്റെ കൊച്ചനെ…”
ആശാന്‍കുട്ടിയുടെ എല്ലാമായ അച്ഛമ്മയിൽ നിന്നുയര്‍ന്ന ആര്‍ത്തനാദത്തിന്റെ കാരണം പലര്‍ക്കും മനസ്സിലായില്ലെങ്കിലും ആശാനു പിടികിട്ടി. ഒരേ വീട്ടിലാണെങ്കിലും രണ്ടുദിവസമായി അച്ഛമ്മയുമായി കൂടിക്കാഴ്‌ച ഉണ്ടായിട്ടില്ല. ബൈക്ക് തന്റേതാണെന്നു തിരിച്ചറിഞ്ഞിട്ടുമുണ്ട്. രംഗം കൂടുതൽ വഷളാക്കേണ്ടെന്നു കരുതി അദ്ദേഹം ആള്‍ക്കൂട്ടത്തിനിടയിൽ നിന്നു തിക്കിത്തിരക്കിയെത്തി അച്ഛമ്മയുടെ മുന്നിൽ നിന്നു. അതോടെ ഏങ്ങലടികൾ നിലച്ചു. മാധവന്‍നായരുടെ കുളത്തില്‍നിന്നു അസ്ഥികൂടം കിട്ടിയ വാര്‍ത്ത സമീപ നാടുകളിൽ പരക്കാൻ ഏറെ നേരമെടുത്തില്ല. ചെറുവാളൂർ പോസ്റ്റോഫീസ് കവലയിലും കാതിക്കുടം ജംങ്ഷനിലും വാര്‍ത്തയെത്തി. ജനം കക്കാടിലേക്കു ഒഴുകി.
ഒരു മണിക്കൂറിനകം സൈറൺ മുഴക്കി പോലീസ് ജീപ്പെത്തി. കൊരട്ടി പോലീസ് സ്റ്റേഷനിലെ പ്രഗത്ഭനായ എസ്‌ഐ വേണുഗോപാൽ കാക്കി യൂണിഫോമിൽ ചാടിയിറങ്ങി. രണ്ടാമത്തെ തവണയായിരുന്നു അദ്ദേഹത്തെ പോലീസ് യൂണിഫോമിൽ നാട്ടുകാർ കാണുന്നത്. ആദ്യകാഴ്‌ച അയ്യങ്കോവ് അമ്പലക്കുളത്തിൽ വിഗ്രഹം തിരയുന്ന സന്ദർഭത്തിലായിരുന്നു.
ജീപ്പിൽ നിന്നിറങ്ങിയ എസ്‌ഐ ചുറ്റുപാടുകൾ വീക്ഷിച്ചു. മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി. സകല നാട്ടുകാരും ഇളകിയിട്ടുണ്ട്. പ്രമാദമായേക്കാവുന്ന കേസ്. മീഡിയ കവറേജും വേണ്ടുവോളം ഉണ്ടാകും. ഇതെല്ലാമോര്‍ത്തു അദ്ദേഹം കുളത്തിലേക്കു നടന്നു. അരുകിലെത്തി ആഴം നോക്കാന്‍ എത്തിച്ചു നോക്കി. മലവെള്ളം കൊണ്ടുവന്ന എക്കല്‍മണ്ണു കുഴഞ്ഞു കിടക്കുന്ന കുളം. അതിലെങ്ങാനും വീണാൽ തെക്കോട്ടേക്കു എടുക്കാൻ താമസമുണ്ടാവില്ലെന്നു മനസ്സിലായപ്പോൾ കുളത്തിനരികില്‍നിന്നു എസ്ഐ മാറി. ജീപ്പിനടുത്തെത്തി തൊപ്പിയൂരി ബോണറ്റിൽ വച്ചു. കുളത്തിന്റെ ഉടമസ്ഥൻ മാധവൻനായരെ വിളിപ്പിച്ചു.
“അടുത്ത കാലത്ത് ഇവടെ എത്രാള് വടിയായിട്ട്‌ണ്ട്?”
“രണ്ട് കൊല്ലത്തിനെടക്കാണെങ്കി പതിനൊന്നു പേര്. പക്ഷേ എല്ലാം സ്വാഭാവിക മരണായിരുന്നു“
“മിസിങ്ങ്?”
“ആരൂല്ല”
അടുത്തത് ജെസിബി ഓപ്പറേറ്റർ ഷിബുവിന്റെ ഊഴമായിരുന്നു. എഎസ്‌ഐ ചോദ്യം ചെയ്യലിന്റെ ട്യൂൺ മാറ്റി.
“എടാ, പറയെടാ സത്യം. നീ പൊക്ലീനീ അസ്ഥികൂടോം കൊണ്ടല്ലേ വന്നേ. അതല്ലേ നീ ആരും കാണാണ്ട് കൊളത്തീ മുക്കീത്”
ആദ്യമായി പോലീസ് ചോദ്യം ചെയ്യലിനു വിധേയമാകുന്ന ഷിബു തേങ്ങിക്കരഞ്ഞു. “അല്ല സാറേ. സത്യായിട്ടും ഞാനല്ല. എനിക്ക് എവടന്നു കിട്ടാനാ അസ്ഥികൂടം”
അങ്ങിനെയൊരു സാദ്ധ്യതയെപ്പറ്റി എസ്‌ഐ ചിന്തിച്ചിരുന്നില്ല. അദ്ദേഹം എഫ്‌ഐആർ എഴുതി. മേലധികാരിക്കു റിപ്പോർട്ടു ചെയ്തു. രണ്ടാഴ്‌ച കഴിഞ്ഞതോടെ കേസ് ചത്ത മട്ടിലായി. പ്രഗത്ഭരായ ഉദ്യോഗസ്ഥരുടെ അഭാവത്താൽ അന്വേഷണം തരിമ്പും മുന്നോട്ടു നീങ്ങിയില്ല. നീക്കാനായി കേരള പോലീസിനു അതിരപ്പിള്ളി പോലീസ് സ്റ്റേഷനിലെ പ്രഗൽഭനായ പോലീസ് ഓഫീസർ, കക്കാടുകാരൻ തന്നെയായ വിത്സനെ രംഗത്തിറക്കേണ്ടി വന്നു.
കൊരട്ടിമുത്തിയുടെ നാമധേയത്തിലുള്ള സെന്റ്മേരീസ് കുറി നടത്തിയും, ഖദറിട്ടു കക്കാടിൽ രാഷ്ട്രീയം കളിക്കുകയും ചെയ്യവെയാണ് വിത്സനു കേരളപോലീസിൽ പ്രവേശനം കിട്ടുന്നത്. 2001ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കിടിലൻ വിജയത്തിനു പിന്നാലെ മൂവര്‍ണക്കൊടി പിടിച്ചു സൈക്കിളിൽ കല്ലുമടയിലൂടെ സവാരി നടത്തി ഇടതന്മാരു കണ്ണിലെ കരടായി മാറിയിരുന്നു അദ്ദേഹം. അങ്ങിനെയുള്ള വിത്സന്‍ രാഷ്ട്രീയം മതിയാക്കി കേരളപോലീസിൽ ചേര്‍ന്നത് കക്കാടിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കു അടിച്ച ലോട്ടറിയായിരുന്നു.
രാഷ്ട്രീയം കളിക്കുന്നതിനിടയിലും, ചിട്ടി നടത്തുന്നതിനിടയിലും കൊച്ചിലേ തലക്കു പിടിച്ച അപസര്‍പ്പക കഥകളോടുള്ള കമ്പം വിത്സൻ നിലനിര്‍ത്തിയിരുന്നു. കൌമാരകാലത്തു ഷെര്‍ലക്ക് ഹോംസ് നോവലുകൾ വായിച്ചു ത്രില്ലടിച്ച അദ്ദേഹം, കക്കാട് ലോഹുച്ചേട്ടന്റെ ദിവസം എട്ടുലിറ്റർ പാലുതരുന്ന കറുമ്പി പശുവിന്റെ ചെവിയിൽ കുത്തിയ ചെമ്പുതകിട് നഷ്ടമായി അരമണിക്കൂറിനുള്ളിൽ കണ്ടെത്തി നാട്ടുകാര്‍ക്കു മുന്നിൽ പ്രതിഭ തെളിയിച്ചിരുന്നു. തേമാലിപ്പറമ്പിലെ തരിശുസ്ഥലത്തു കാണാത്ത ചെമ്പുതകിട് അതിര്‍ത്തിക്കരുകിലെ വട്ടമാവിന്റെ ചുവട്ടിലെ ചൂടാറാത്ത ചാണകത്തില്‍നിന്നു കണ്ടുപിടിച്ചത് എങ്ങിനെയാണെന്നു ഇക്കാലത്തു പോലും അദ്ദേഹം ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്നു മുതലേ വിത്സനിൽ ഒരു ഭാവി ഡിറ്റക്‍ടീവിനെ നാട്ടുകാർ ദര്‍ശിച്ചിരുന്നു. അതു ശരിവച്ചാണ് 2003ൽ അദ്ദേഹം കേരളപോലീസിൽ ചേരുന്നത്.
കേസ് അന്വേഷണത്തിനിടയിൽ പ്രതികളില്‍നിന്നു കായികമായ ആക്രമണം ഉണ്ടാകുമെന്ന സംശയത്തിൽ വിത്സനു സഹായത്തിനായി എസ്‌പി ഒരാളെ വിട്ടുകൊടുത്തു. കട്ടപ്പുറം നാട്ടുകാരനും, കൊരട്ടി ബിജുവിന്റെ ‘മാത’ തീയേറ്ററിനടുത്തുള്ള ജിമ്മിലെ നമ്പർവൺ കട്ടയുമായ ഷാജുവിനായിരുന്നു ആ നിയോഗം. ഉച്ചിയിലെ കഷണ്ടിയില്‍വരെ മസിലുണ്ടെന്നായിരുന്നു ഷാജുവിനെപ്പറ്റിയുള്ള പറച്ചിൽ. സമീപനാട്ടുകാരനും പല കാര്യത്തിലും ഒരേ മാനറിസങ്ങളുമുള്ള ഷാജുവിന്റെ സാന്നിധ്യം വിത്സന്റെ കഴിവുകള്‍ക്കു ഉണര്‍വേകിയെന്നത് പകല്‍പോലെ വ്യക്തമായിരുന്നു. അതിന്റെ പുറത്താകണം ഡിറ്റക്‍ടീവ് വിത്സൻ വെറും മൂന്നുദിവസം കൊണ്ടു അസ്ഥികൂടം ആരുടേതാണെന്നു തെളിയിച്ചു കളഞ്ഞത്!.
അന്വേഷണത്തിന്റെ ആദ്യപടിയായി വിത്സൻ സമീപിച്ചത് അസ്ഥികൂടത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തിയ ഡോക്ടറെയാണ്. അതിനു ശേഷം നാട്ടിൽ പ്രായമായ പലരോടും പ്രത്യക്ഷത്തിൽ നിസാരമെന്നു തോന്നാവുന്ന ഏതാനും ചോദ്യങ്ങൾ ചോദിച്ചു. സ്വന്തം തട്ടകത്തു ഒതുങ്ങി നില്‍ക്കാതെ സമീപ പ്രദേശങ്ങളിലും പ്രസ്‌തുത ചോദ്യങ്ങളുമായി അലഞ്ഞു. ഒടുക്കം അന്വേഷണം ഏറ്റെടുത്തു മൂന്നുദിവസം തികഞ്ഞപ്പോൾ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കു സമര്‍പ്പിച്ചു. പിറ്റേന്നു കാടുകുറ്റിയിൽ താമസിക്കുന്ന ഇടത്തരം സാമ്പത്തികമുള്ള സദാശിവന്റെ കുടുംബം എസ്‌പിയുമായി കൂടിക്കാഴ്ച നടത്തി അസ്ഥികൂടം ഏറ്റെടുത്തു. ആചാരപ്രകാരം സംസ്‌കരിച്ച് കര്‍മ്മങ്ങൾ ചെയ്തു. അതോടെ സംഭവത്തിനു തിരശ്ശീല വീണു. പക്ഷേ നാട്ടുകാരിൽ ആകാംക്ഷ വാനോളമുയര്‍ന്നു.
ഡിറ്റക്ടീവ് വിത്സൻ എന്തു മാജിക്കാണ് കാണിച്ചത്!.
രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

