സുനിൽ ഉപാസന | Sunil Upasana
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!
ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
ചെറാലക്കുന്നിന്റെ അടിഭാഗത്ത് കൊയ്ത്തു കഴിഞ്ഞ നെല്‍പാടങ്ങളിൽ പ്രീമിയർ സര്‍ക്കസുകാർ വന്നത് ഏപ്രിൽ – മെയ് മാസങ്ങളിലായിരുന്നു. അപ്പച്ചന്റെ കള്ളുഷാപ്പിനു മുന്‍ഭാഗത്തുള്ള ഒരേക്കർ നെല്‍പാടത്ത്, അവർ കട്ടിയുള്ള തുണികൊണ്ടു തമ്പുകൾ കെട്ടി. തമ്പിനു സമീപം വൃത്താകൃതിയിൽ കളം വെട്ടി കുഴികൾ മണ്ണിട്ടു നികത്തി. കൂടുതൽ നിരപ്പാക്കാൻ വെള്ളം തളിച്ചു ഇടികട്ട കൊണ്ടു ഇടിച്ചു. പാടത്തിന്റെ നാലതിരിലും മുളങ്കാൽ കുഴിച്ചിട്ടു അതിന്റെ തുഞ്ചത്തു കോളാമ്പി മൈക്കുകൾ സ്ഥാപിച്ചു. ഒരു മുളങ്കോലില്‍നിന്നു മറ്റൊന്നിലേക്കു ചാക്കുചരടു കെട്ടി മൈദപ്പശ തേച്ചു വര്‍ണ്ണക്കടലാസുകൾ ഒട്ടിച്ചു. തമ്പും സമീപവും അങ്ങിനെ നിറപ്പകിട്ടാര്‍ന്നു.
പകല്‍സമയം മുഴുവൻ തമ്പുകളിൽ തികഞ്ഞ ശാന്തതയായിരിക്കും. ഉള്ളിൽ ആരുമില്ലെന്ന മട്ട്. പാടത്തേക്കു സാകൂതം കണ്ണു നട്ടിരിക്കുന്ന പൊടിപിള്ളേരെ തൃപ്തിപ്പെടുത്തി ഒന്നോ രണ്ടോ പേർ പുറത്തു മുഖം കാണിച്ചാലായി. അതു തന്നെ കുട്ടികളിൽ ഓളങ്ങളുണ്ടാക്കുമായിരുന്നു. നാലുമണിക്കു ശേഷം സൂര്യപ്രകാശം മങ്ങുന്നതിനനുസരിച്ച് തമ്പിൽ ആളനക്കം കൂടും. ചെറിയ ഇരുട്ട് വീണാലുടൻ കോളാമ്പി മൈക്കിലൂടെ സിനിമാ ഗാനങ്ങൾ ഒഴുകിവരും.
“കസ്തൂരി അഴകിന്‍ ശിങ്കാരി കളിയാടാൻ വാ…
മച്ചാനേ പൊന്നു മച്ചാനേ…”
പാട്ടിന്റെ ശീലുകൾ അന്തരീക്ഷത്തിൽ പരക്കുന്നതോടെ പാടത്തേക്കു നാടൊഴുകും. അന്നു വരെ സര്‍ക്കസ് എന്നതു കൊരട്ടിപ്പള്ളി പെരുന്നാളിനു കാണുന്ന അല്ലറ ചില്ലറ നമ്പറുകളായിരുന്നു. പ്രീമിയർ സര്‍ക്കസിൽ കുറച്ചു കൂടി നിലവാരമുള്ള ഇനങ്ങൾ കാണാമെന്നതിനാൽ നാട്ടിൽ പൊതുവെ ആവേശമായിരുന്നു. ഒറ്റച്ചക്രമുള്ള സൈക്കിളിലെ സവാരിയും അല്പം മാജിക്കുകളുമാണ് തുടക്കത്തിൽ കാണിക്കുക. അതിനു ശേഷമാണ് പ്രധാന ഐറ്റമായ ഡാന്‍സ്. മുട്ടിനു മുകളിൽ കഷ്ടിച്ചെത്തുന്ന കുട്ടിയുടുപ്പണിഞ്ഞ്, വെണ്ണ നിറമുള്ള തുടകൾ അനാവൃതമാക്കി രണ്ടു യുവതികൾ സിനിമ പാട്ടിനനുസരിച്ചു മാദകമായി ചുവടു വക്കും. അവർ വട്ടം ചുറ്റുമ്പോഴോ മുകളിലേക്കു ചാടുമ്പോഴോ കാണികളുടെ ശ്വാസം വിലങ്ങും. അങ്ങിനെയാണു വസ്ത്രങ്ങളുടെ സെറ്റപ്പ്. ‘രാമായണക്കാറ്റേ…‘ എന്ന ഗാനത്തിൽ വട്ടംചുറ്റൽ ധാരാളമായതിനാൽ അതിനായിരുന്നു കാണികൾക്കിടയിൽ കൂടുതൽ ആവശ്യക്കാർ.
പ്രീമിയർ സര്‍ക്കസിലെ ഗ്ലാമർ ഐറ്റം കാബറേ ഡാന്‍സാണെങ്കിലും അതിൽ ഏറെ ശ്രദ്ധ ലഭിക്കുക യുവതികള്‍ക്കല്ല. മറിച്ച് അവരുടെ കൂടെ പാട്ടുപാടി ചുവടു വക്കുന്ന ആണ്‍കുട്ടിക്കാണ്. പൊടിമീശ മാത്രമുള്ള, പതിനഞ്ചു വയസ് തോന്നിക്കുന്ന പയ്യൻ ഡാന്‍സിനിടയിൽ യുവതികളുടെ അരയിൽ കൈചുറ്റി കിടിലൻ പ്രകടനം നടത്തുമ്പോൾ കാണികളിൽ പലരും അങ്കലാപ്പോടെ വിളിച്ചു കൂവും.
“എടാ അത്രേം മുറുക്കെപ്പിടിക്കണ്ട…“
“അവള്‍ടെ പൊക്കിളീ തൊട്ടാ നിന്നെ ഞാനടിക്കും”
വിളിച്ചു പറയാൻ സങ്കോചമുള്ളവർ അടക്കം പറഞ്ഞു പരിതപിക്കും. “അവന്റെ ഒരു ടൈം. അല്ലാണ്ടെന്താ”
ശ്വാസമടക്കിയിരുന്നു കാണേണ്ട മുപ്പത് മിനിറ്റുകള്‍ക്കു ശേഷം മജീഷ്യന്റെ തൊപ്പിയിൽ നാണയങ്ങളും നോട്ടുകളും പെരുമഴ പെയ്യുകയായി. അതോടെ മറ്റു പരിപാടികൾ ആരംഭിക്കും. അവ കാണാൻ അധികം ആൾത്തിരക്ക് ഉണ്ടാകില്ല.
സര്‍ക്കസ് തുടങ്ങിയതോടെ ഏപ്രിൽ – മെയ് മാസങ്ങളിൽ വ്യാപകമായുള്ള ഉത്സവങ്ങള്‍ക്കും അനുബന്ധ കലാപരിപാടികള്‍ക്കും പൊലിമ കുറഞ്ഞു. കാബറേ സമാനമായ ഡാന്‍സ് ഐറ്റമുള്ളപ്പോൾ അതൊന്നുമില്ലാത്ത ഉത്സവങ്ങള്‍ക്കു ആരാണു പോവുക. സര്‍ക്കസുകാർ വരുന്നതിനു മുമ്പു ആളൊഴിഞ്ഞു കിടക്കുമായിരുന്ന പാടത്തു, അവരെത്തിയതോടെ തിരക്കായി. ബലൂൺ, ഇഞ്ചിമിഠായി വില്‍പനക്കാർ അവിടെ താവളമടിച്ചു. ചുരുക്കിപ്പറഞ്ഞാൽ ഉത്സവാന്തരീക്ഷം.
സര്‍ക്കസ് ആരംഭിച്ചു മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് കാബറേ ഡാന്‍സിലെ പയ്യൻ അജ്ഞാത കാരണങ്ങളാൽ എവിടേക്കോ ഒളിച്ചോടിയത്. അതു പലവിധ ഊഹോപഹങ്ങൾ നാട്ടിൽ പരക്കാൻ നിമിത്തമായി.
“മൊട്ടേന്ന് വിരിയണേനു മുമ്പ് അരേമ്മെ പിടിക്കണ പരിപാടി ചെക്കന് ഇഷ്ടായിണ്ടാവില്ല. അതന്നെ കാരണം”
പരമു മാഷിന്റെ കടയിൽച്ചു ആരോ തന്റെ നിഗമനങ്ങളിലൊന്നു അവതരിപ്പിച്ചു. മാഷിനു ആ വാദത്തിൽ കഴമ്പുണ്ടെന്നു തോന്നിയില്ല.
“ഹേയ് അങ്ങിനാവാൻ തരല്ല്യ. കാരണം ഈ പ്രായത്തീ ഇത്തരം കാര്യങ്ങളില് ഇന്ററസ്റ്റ് കൂടേള്ളൂ”
ചര്‍ച്ച ഒന്നുംരണ്ടും പറഞ്ഞ് മുന്നേറി. മുറുക്കാനായി ചുണ്ണാമ്പ് അന്വേഷിച്ചു വന്ന ആശാന്‍കുട്ടി അലസോരം ഭാവിച്ചു.
“അതേ ആ ചെക്കന്‍ പോണെങ്കി പോട്ടേന്ന്. ആര്‍ക്കാ ചേതം. പെങ്കൊച്ചുങ്ങൾ ഇപ്പോഴുമില്ലേ?”
ആശാന്റേതു പോലെയായിരുന്നു പലരുടേയും ചിന്താഗതി. സര്‍ക്കസ് മുതലാളിയും തഥൈവ. പയ്യനില്ലെങ്കിലെന്ത്, രംഭയോളം അഴകുള്ളവരല്ലേ കൂടെ. പക്ഷേ ആണ്‍കുട്ടിയുടെ അസാന്നിധ്യം സാരമാക്കാതെ നടത്തിയ ആദ്യകാബറേ അതിശയകരമാം വിധം പൊളിഞ്ഞു. ഏറിയാൽ അമ്പതുപേരേ എത്തിയുള്ളൂ. അവരില്‍തന്നെ പലരും ഡാന്‍സിനിടയിൽ കോട്ടുവായിട്ടു എഴുന്നേറ്റുപോയി. ആണ്‍തരിയില്ലാതെ രംഗം കൊഴുക്കുന്നില്ലെന്നു മുതലാളി മനസ്സിലാക്കി. സമയം പാഴാക്കാതെ പുതിയ കുട്ടിക്കു വേണ്ടി അന്വേഷണവും ആരംഭിച്ചു. അതു ചെന്നെത്തിയത് കക്കാട് കോളനിയിലെ എന്തിനും പോന്നവനായ അശോകനിലാണ്.
കക്കാട് എസ്‌എന്‍ഡിപി സെന്ററിലെ ഭാസ്കരേട്ടന്റെ ചായക്കടയിൽ കട്ടൻചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു മെലിഞ്ഞ പയ്യൻ പേട്ട സൈക്കിളിൽ ഹാന്‍ഡിൽ പിടിക്കാതെ വളവുകൾ സമര്‍ത്ഥമായി തിരിച്ചു വരുന്നത് സർക്കസ് മുതലാളി കണ്ടു. ‘കൊരട്ടി ജെടിഎസി‘ൽ അധ്യാപകനായ വിജയൻ മാസ്റ്ററുടെ വീടിനടുത്തെ തൊണ്ണൂറു ഡിഗ്രി വളവും പയ്യൻ നിഷ്‌പ്രയാസം തിരിച്ചപ്പോൾ പുതിയ കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നിര്‍ത്താമെന്നു മുതലാളി തീരുമാനിച്ചു. സൈക്കിളിൽ വന്ന പയ്യൻ ചായക്കടക്കു സമീപം വേലിയരികിൽ, മുതലാളിക്കു അഭിമുഖമായി, കുന്തിച്ചിരുന്നു മൂത്രമൊഴിച്ചു. യാതൊരു മറയുമില്ലാതെ ലൈവായി സംഗതികൾ വീക്ഷിച്ച മുതലാളിയോടു ‘കാര്‍ന്നോര്‍ക്ക് ആണും പെണ്ണും തമ്മീ ഭേദല്ല്യേ‘ എന്നു ചോദിക്കുക കൂടി ചെയ്തു. അതോടെ മുതലാളി പയ്യനെ റാഞ്ചണമെന്നു ഉറപ്പിച്ചു. സർക്കസ് സംഘത്തിലെ ലലനാമണികളെ കൈകാര്യം ചെയ്യാൻ ഇവൻ ധാരാളം.
മുതലാളി ഗ്ലാസ്സിൽ അവശേഷിച്ച ചായ കുടിച്ചു പൈസ എണ്ണിക്കൊടുത്തു. തിരിച്ചിറങ്ങവെ ബെഞ്ച് തുടക്കുന്ന പയ്യനോടു അന്വേഷിച്ചു. “അവന്റെ പേരെന്താടാ ചെക്കാ. ആ മൂത്രിച്ചവന്റെ?”
പയ്യൻ പറഞ്ഞു. “അശോകന്‍…”
അക്കാലത്തു ചെറുവാളൂർ ഹൈസ്കൂളിൽ മിന്നിത്തിളങ്ങുന്ന താരമാരെന്നു ചോദിച്ചാൽ അതിനു ഉത്തരമാണ് കക്കാടിന്റെ അശോകൻ. യുവജനോത്സവത്തിനും ആനിവേഴ്‌സറിക്കും നടത്തുന്ന മത്സരങ്ങളിൽ വെന്നിക്കൊടി പാറിക്കുന്ന മിടുക്കൻ. ഇഷ്‌ടഇനം ഗാനമേള തന്നെ. ഒപ്പന, ഗ്രൂപ്പ് ഡാന്‍സ് ഇനങ്ങളിൽ വാളൂർ ടീമായ ‘ഐശ്വര്യ & പാര്‍ട്ടി‘ക്കുള്ള അപ്രമാദിത്വം ഗാനമേളയിൽ കക്കാട് ടീമായ അശോകന്‍ – മനോജ് സഖ്യത്തിനാണ്. പാട്ട് വശമില്ലെങ്കിലും ഘടം എന്ന ഉപകരണത്തിന്റെ ആത്മാവറിഞ്ഞ കൊട്ടാണ് അദ്ദേഹത്തെ മത്സരവേദികളിൽ ശ്രദ്ധാകേന്ദ്രമാക്കുക.
അശോകന്‍ കാബറേ ഡാന്‍സിൽ അരങ്ങേറാൻ പോകുന്ന വാര്‍ത്ത നാട്ടിൽ കാട്ടുതീ പോലെ പരന്നു. ഉടക്കിലുള്ളവർ പോലും നിലപാടുകളിൽ മയം വരുത്താൻ നിര്‍ബന്ധിതരായി. മറ്റു ചിലർ അസൂയാലുക്കളായി അശോകന്റെ അമ്മയെ ഭയപ്പെടുത്തി.
“എടീ… അശോകനെ ആ പെമ്പിള്ളേര് എന്തൂട്ടൊക്ക്യാ ചെയ്യാന്ന് ആര്‍ക്കറിയാം. അവളുമാര്ടെ മുട്ടല്‍ സഹിക്കാണ്ടാവൊള്ളൂ മറ്റേ ചെക്കൻ നാടു വിട്ടെ”
അമ്മ അതൊന്നും കാര്യമായെടുത്തില്ല. അവർ മകന്റെ ഏതെങ്കിലും തീരുമാനങ്ങളെ എതിർത്ത സന്ദർഭങ്ങൾ അപൂർവ്വമാണ്.
“എന്റെ കെട്ട്യോൻ എന്നെ കല്യാണം കഴിച്ചത് വെറും പതിനാറാം വയസ്സിലാ. അശോകനാണെങ്കി ഇപ്പോ പതിനേഴായി. അവളുമാര് കേറി പിടിക്കാണെങ്കി പിടിക്കട്ടേ. അവനായി, അവന്റെ പാടായി”
അമ്മ മകനു പൂര്‍ണസമ്മതം കൊടുത്തു. അതോടെ തടസങ്ങളെല്ലാം ഒഴിവായി. പൂർണചന്ദ്രന്‍ തെളിഞ്ഞു നിന്ന ഒരു രാവിൽ അശോകൻ പ്രീമിയർ സര്‍ക്കസിൽ ഡാന്‍സറായി അരങ്ങേറി.
മനോജ് പ്രഭാകറിനെപ്പോലെ തലയിലും കൈത്തണ്ടയിലും വെള്ളബാന്‍ഡ് ചുറ്റി. കടുംചുവപ്പ് ഷര്‍ട്ടും ബെല്‍ബോട്ടം പാന്റും വേഷം. എക്‌സ് മിലിട്ടറി ഭാസ്കരേട്ടന്റെ പാകമാകാത്ത ബൂട്ട് കവുങ്ങിന്‍പാള ഉള്ളിൽ വച്ച് കാലിൽ ഫിറ്റ് ആകുന്ന പരുവത്തിലാക്കി. ഈ വേഷത്തിൽ ഡാന്‍സു കളിച്ചു അശോകൻ നാട്ടിൽ താരമായി. പെണ്‍കുട്ടികളുടെ അരയിൽ വച്ച അശോകന്റെ കൈ മുത്താനും, പിടിച്ചു കുലുക്കാനും ആളുകൾ തിരക്കു കൂട്ടി. ഭാസ്കരേട്ടന്റെ ചായക്കടയിൽ രാവിലെ ഒരു കുറ്റി പുട്ടും കടലക്കറിയും അശോകനു സൌജന്യം. അമ്മയുടെ വകയിൽ പരചരക്കു കടയിലെ പറ്റ് പരമു മാഷ് എഴുതിത്തള്ളി.
അങ്ങിനെ അശോകൻ മൂലം വീട്ടുകാര്‍ക്കും ഗുണങ്ങളായി. പക്ഷേ എല്ലാം അധികനാൾ നീണ്ടു നിന്നില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ നാടുവിട്ട പയ്യൻ തിരിച്ചു വന്നു. താമസിയാതെ സര്‍ക്കസ് കമ്പനിക്കാരും പെട്ടി മടക്കിപ്പോയി. ഫലം. പുട്ടടി നിലച്ചു. പലചരക്കു കടയിലെ പറ്റ് മുന്‍കാല പ്രാബല്യത്തോടെ വീണ്ടും നിലവിൽ വന്നു.
വീട്ടുകാർ നിരാശരായെങ്കിലും അശോകനെ അത് ഏശിയില്ല. അദ്ദേഹം താന്‍ നിര്‍വഹിച്ച റോളിന്റെ സ്മരണയിൽ സംതൃപ്തി നുകര്‍ന്നു കലാപ്രവർത്തനങ്ങൾ തുടരാൻ തീരുമാനിച്ചു. സിനിമയിലായിരുന്നു അശോകനു കമ്പം കയറിയത്. കൊരട്ടി മാതാ ടാക്കീസിൽ സെക്യൂരിറ്റിയായി കുറേ നാൾ ജോലി ചെയ്തു. സിനിമ കാണുക എന്നതു ബുദ്ധിമുട്ടല്ലാതായി. മലയാളം കോമഡി സിനിമകൾ ഇഷ്ടമായെങ്കിലും ലഹരിയായി മാറിയത് തമിഴ്‌സിനിമകൾ ആണ്. സ്റ്റൈൽ മന്നൻ ജ്വരമായി പടര്‍ന്നു കയറിയ നാളുകൾ. സിനിമയോടുള്ള ആകർഷണം നാൾക്കുനാൾ കൂടി വന്നപ്പോൾ, ഒരു രാത്രി അമ്മക്ക് കുറിപ്പെഴുതി വച്ച് അശോകൻ സിനിമാ മോഹങ്ങളുമായി കോടമ്പാക്കത്തേക്കു വണ്ടി കയറി.
“അവന്‍ ജനിച്ചപ്പൊത്തന്നെ കൈമൾ പറഞ്ഞതാണേ, ഭാവി സിനിമേലാന്ന്” പതിവുപോലെ അമ്മ പുന്നാരമകന്റെ ചെയ്തികളെ ന്യായീകരിച്ചു.
“എന്നാലും ചെക്കന്‍ അവടെങ്ങാനും കെടന്ന് വയ്യാണ്ടായാലോ”
“വയ്യാണ്ടായാ അവൻ ഇങ്ങട് വരും. അത്രന്നെ”
അമ്മ ചൂടായി. പിന്നെയാരും അശോകനെപ്പറ്റി തിരക്കാൻ പോയില്ല. പക്ഷേ നാട്ടിൽ ഊഹോപോഹങ്ങളുടെ ചാകരയായിരുന്നു.
അശോകന്‍ കോടമ്പാക്കത്തു തെണ്ടി നടക്കുകയാണ്, അശോകന്‍ മണിരത്നത്തിന്റെ സഹായിയാണ്, അശോകന്‍ ചിലപ്പോൾ നടനായേക്കും.., ഇങ്ങിനെ സ്ഥിരീകരണമില്ലാത്ത കുറേ ഊഹങ്ങൾ. അവയ്ക്കിടയിൽ കക്കാടിൽ കൂടുതൽ പ്രചാരം കിട്ടിയത് സ്റ്റൈല്‍മന്നൻ രജനിയുടെ ‘അഴകൻ’ സിനിമയുടെ ക്യാമറാമാന്‍ അശോകനാണെന്നും, പേരു മാറ്റിയാണ് സിനിമയുടെ തുടക്കത്തിൽ എഴുതിയിരിക്കുന്നതെന്നുമുള്ള പറച്ചിലിനാണ്. അതോടെ സുഹൃത്തായ അയ്യപ്പന്‍കുട്ടി എന്ന ‘ഐപ്പൂട്ടി‘യുടെ കാര്‍മികത്വത്തിൽ അശോകനു കക്കാടിൽ ഫാൻ ക്ലബ്ബ് പിറന്നു. സ്വതന്ത്ര ഇന്ത്യയിൽ ക്യാമറാമാനു വേണ്ടി രൂപീകൃതമായ ആദ്യത്തെ ഫാൻ ക്ലബ്ബ്!
ക്ലബ്ബ് രൂപീകരണത്തിനു ചുക്കാൻ പിടിച്ച ഐപ്പൂട്ടിക്കു നിരവധി പ്രതിബന്ധങ്ങളെ നേരിടേണ്ടി വന്നു. അതിലൊന്നാണ് അംഗത്വവിതരണം ആരംഭിച്ചപ്പോൾ അഭിമുഖീകരിച്ചത്. ഫാൻക്ലബ്ബിന്റെ ആദ്യത്തെ കോര്‍കമ്മറ്റി മീറ്റിങ്ങിനു ഐപ്പൂട്ടിയും അശോകന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റാരും ആ സംരംഭത്തിൽ ഭാഗഭാക്കായില്ല. പക്ഷേ അത്തരക്കാർക്കു പിന്നീട് തീരുമാനം മാറ്റേണ്ടി വന്നു. അതിനു നാന്ദിയായത് ഒരു ഫോട്ടോയും.
ഒരു ഇടവപ്പാതിയിൽ പടി കയറി വന്ന, പോസ്റ്റുമാൻ അംബുജാക്ഷൻ നായർ ഏൽപ്പിച്ച കവർ തുറന്നു നോക്കിയ ഐപ്പൂട്ടി ബോധംകെട്ടു പിന്നിലേക്കു മറിഞ്ഞു. പിന്നാലെ അമ്മയും. ചെറുവാളൂരിലെ ഡോൿടർ ജോസ് നെല്ലിശ്ശേരിയുടെ ഹെല്‍ത്ത്ക്ലിനിക്കിൽ രണ്ടുപേരും അഞ്ചു ദിവസം കോമയിൽ കിടന്നു. അത്ര കനത്ത പ്രതികരണമാണ് പ്രസ്തുത കവർ സൃഷ്ടിച്ചത്. കവറിനുള്ളിൽ അശോകന്റെ ഫോട്ടോയായിരുന്നു. കൂടെ തോളോടുതോൾ ചേര്‍ന്നു നില്‍ക്കുന്നതോ, തമിഴകത്തെ സ്റ്റൈല്‍മന്നൻ രജനീകാന്തും! പോരേ പൂരം. അശോകന്‍ ഫാന്‍ക്ലബിൽ അംഗത്വത്തിനായി ആളുകൾ ക്യൂ നിന്നു. അദ്ദേഹത്തിന്റെ ജനസമ്മതി ആര്‍ക്കും എത്തിപ്പിടിക്കാന്‍ പറ്റാത്തത്ര ഉയരത്തിലായി. പണ്ടു തല്ലുകൊള്ളിയായി നടന്നതിനെ ചുറ്റിപ്പറ്റിയുള്ള പരാതികൾ നാട്ടുകാർ വിദഗ്ദമായി വഴിതിരിച്ചുവിട്ടു.
“അല്ല ജോഷി… പുതിയ കടേടെ പണിയൊക്കെ കഴിഞ്ഞില്ലേ. ഇനി അധികം വച്ച് താമസിപ്പിക്കാണ്ട് തൊറന്നൂടെ”
കൊരട്ടിയിൽ മൊബൈൽ കട തുറക്കാനുള്ള പ്ലാനിലായിരുന്നു ജോഷി. കടയുടെ പണി പൂര്‍ത്തിയായിട്ടും പിന്നീട് കാര്യങ്ങൾ പുരോഗമിക്കാത്തപ്പോൾ നാട്ടുകാർക്കു ആകാംക്ഷയായി.
“ആ തൊറക്കണം. കൊറച്ച് ദെവസം കൂടി കാക്ക്. നമ്മടെ അശോകൻ വന്നട്ട് വേണം എല്ലാം നേര്യാക്കാൻ”
“കട തൊറക്കാന്‍ അവനെന്തിനാ?”
“ഹഹഹ. ഉൽഘാടനം ചെയ്യണത് പിന്നെ ആരാന്നാ വിചാരിച്ചെ”
നാട്ടിലുണ്ടായിരുന്ന കാലത്തു അശോകനുമായി രസത്തിലല്ലാതിരുന്ന ജോഷിയുടെ ഇപ്പോഴത്തെ നിലപാട് നാട്ടുകാരെ ആശയക്കുഴപ്പത്തിലാക്കി.
“നീ അവനോട് വല്യ രസത്തിൽ അല്ലായിരുന്നല്ലോ. പിന്നെന്താ ഇപ്പോ മനംമാറ്റം”
“അതാ… ആ ഇഷ്യൂല് അശോകന് പങ്കൊന്നൂല്യാന്നാ എനിക്കിപ്പോ തോന്നണെ”
ഇപ്രകാരം ഇമേജ് വര്‍ദ്ധിപ്പിച്ച് നാട്ടുകാർ അശോകനെ കാത്തിരുന്നു. വീട്ടുകാർ കാത്തിരുന്നു. കാത്തിരുന്നു മടുത്തു. ഒടുക്കം നാടു വിട്ടതിനു ശേഷമുള്ള മൂന്നാം ഓണക്കാലത്തു കക്കാട് എസ്‌എന്‍ഡിപി സെന്ററിലെ ഓണംകളിക്ക് ഇടയിൽ അശോകൻ പ്രത്യക്ഷനായി. രണ്ടു ദിവസത്തിനു ശേഷം മെക്കാനിക് ഷാജൻ ഞെട്ടിപ്പിക്കുന്ന വാർത്ത നാട്ടിൽ അനൌണ്‍സ് ചെയ്തു. അശോകന്‍ ഇനി കോടമ്പാക്കത്തേക്കു തിരിച്ചു പോകുന്നില്ല!
“എന്താ കാര്യം?” ജോഷി ചോദിച്ചു. “അതിലൊരു മിസ്ടേക്ക് പോലെ എനിക്കു തോന്നണ്”
“അതെ, അതെനിക്കും തോന്നണ്ണ്ട്” ഷാജൻ തലയാട്ടി. “അമ്മ സമ്മതിക്കണില്ലെന്നാ വപ്പ്. പക്ഷേ അവനവടെ എന്താണ്ട് തരികിട ഇണ്ടാക്കീട്ടാ വന്നേക്കണേന്ന് ഞാൻ പറയും”
കേട്ടവർ ആരും വിശ്വസിച്ചില്ല. സിനിമയിലെ ഗ്ലാമർ ലോകം വേണ്ടെന്നു വച്ചു ആരെങ്കിലും നാട്ടിൽ നില്‍ക്കുമോ. ഷാജനാണെങ്കിൽ ഇടക്കു ബഢായികൾ ഇറക്കാറുള്ള വ്യക്തിയുമാണ്. ഇതും അത്തരത്തിലൊന്നാകാനേ തരമുള്ളൂ. രണ്ടാഴ്ചക്കു ശേഷം കക്കാടിലെ ‘തുടി‘ നാടന്‍പാട്ടു സംഘത്തിൽ അശോകന്‍ ഗായകനായി ചേര്‍ന്നപ്പോൾ മാത്രമാണ് നാട്ടുകാര്‍ക്കു ഷാജൻ പറഞ്ഞത് സത്യമാണെന്നു മനസ്സിലായത്. കാര്യം തിരക്കിയവരോടു ഐപ്പൂട്ടിയും സമ്മതിച്ചു. ഇനി സിനിമയിലേക്കു വിടണില്ല.
അശോകനെ വീണ്ടും കണ്ടപ്പോൾ ജോഷി തീരുമാനത്തോടുള്ള വിയോജനം അറിയിച്ചു.
“വേണ്ടാരുന്നു അശോകാ. നീ സിനിമേല് എറങ്ങി കളിക്കുമ്പോ ഞങ്ങക്കും ഒരു ഗ്ലാമർ ഇണ്ടായിരുന്നു. അതൊക്കെ കളഞ്ഞ് കുളിച്ചില്ലേ”
അശോകൻ നിർവികാരനായി പറഞ്ഞു. “സിനിമേലെ ഗ്ലാമർ അത്രൊന്നൂല്യ. ഞാൻ മൂന്നുകൊല്ലം അവടെ വര്‍ക്ക് ചെയ്തു. എന്നട്ടും ഇപ്പഴും കയ്യിലൊന്നൂല്ല്യാ. ഇനി ഇവടെ കൊറച്ച്നാൾ നോക്കട്ടെ”
അതായിരുന്നു അണ്ണന്‍ രജനിയുടെ ഒപ്പം ഫോട്ടോക്ക് പോസുചെയ്ത കക്കാടിന്റെ അഴകന്റെ ഉറച്ച തീരുമാനം. പക്ഷേ അതിനു അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. ചെറുവാളൂർ സ്കൂൾ ഗ്രൌണ്ടിൽ ‘പോര്‍ട്ടർ‘ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ അശോകൻ മുന്‍തീരുമാനം മാറ്റിവക്കാൻ നിര്‍ബന്ധിതനായി.
ഒരു ശനിയാഴ്ച ദിവസം കോളനിയിലെ പുരയിൽ ഉച്ചമയക്കത്തിലായിരുന്ന അശോകനെ കൂവി വിളിച്ചു ഐപ്പൂട്ടി ഓടിയെത്തി.
“അശോകാ… അശോകാ” വികാരവിക്ഷോഭവും അണപ്പും മൂലം ഐപ്പൂട്ടി വിക്കി. “അശോകാ, വാളൂർ സ്കൂൾ ഗ്രൌണ്ടീ സിനിമാക്കാര് വന്നേക്കണ് ടാ. എബീം മാതൂം ഒക്കെണ്ട്”
എത്രയെത്ര ഷൂട്ടിങ്ങുകൾ കണ്ടിരിക്കുന്നു. അശോകന്‍ താല്പര്യം കാണിച്ചില്ല. “അതിനു അണ്ണനെന്തിനാ ഇത്ര ആവേശം?”
“ഇന്ന് കൊറേ പേരോട് ഗ്രൌണ്ടീ വരാൻ പറഞ്ഞണ്ട്. ചെലപ്പോ വല്ല സെലക്ഷനോ മറ്റോ കാണും”
ആ വാര്‍ത്ത അശോകനെ ഞെട്ടിച്ചു. യാദൃശ്ചികമായി സിനിമയിൽ അരങ്ങേറി പ്രശസ്തരായ ഒരുപിടി താരമുഖങ്ങൾ കണ്മുന്നിൽ തെളിഞ്ഞു. പിന്നെ താമസിച്ചില്ല. വീടിനുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. ദീര്‍ഘമായ അഞ്ചു മിനിറ്റ്. ആ സമയത്തിനുള്ളിൽ ചില തട്ടുമുട്ട് ശബ്ദങ്ങളല്ലാതെ അശോകൻ മാത്രം പുറത്തു വന്നില്ല. അത്യാഹിതം സംഭവിച്ചപോലെ വീടിനു ചുറ്റും ആളുകൾ ഓടിക്കൂടി. അവർ അഭ്യൂഹങ്ങള്‍ക്കു വിത്തുപാകി. തന്നോടു ആലോചിക്കാതെ സിനിമക്കാർ വന്നതിൽ മനംനൊന്തു അശോകൻ ആത്മഹത്യ ചെയ്യാൻ പോകുന്നു. അമ്മയെ വിളിക്കാൻ ആളുപോയി. പക്ഷേ അമ്മ വരുന്നതിനു മുമ്പുതന്നെ പുരയുടെ വാതിൽ ചവിട്ടിത്തെറിപ്പിച്ചു അശോകൻ പ്രത്യക്ഷപ്പെട്ടു.
വേഷം നീല ജീന്‍സും മസിലുകൾ എടുത്തു കാണിക്കുന്ന ടീഷര്‍ട്ടും. ടീഷര്‍ട്ടിനു മീതെ ബട്ടന്‍സിടാത്ത മഞ്ഞ ഷര്‍ട്ട്. നീല കൂളിങ് ഗ്ലാസ് ചൂണ്ടുവിരലിൽ കറക്കി ചെവിയിൽ വച്ചു. ഷര്‍ട്ട് അകത്തിപ്പിടിച്ചു അണിഞ്ഞിരുന്ന ബെല്‍റ്റ് എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു. പിന്നെ രണ്ടു കയ്യിലും ഓരോ സിഗററ്റെടുത്തു ഒരേ സമയം വായിലെറിഞ്ഞു പിടിപ്പിച്ചു. ആ നമ്പറിൽ കക്കാട് കോളനിയാകെ തരിച്ചിരുന്നു. അണ്ണൻ രജനിക്കു മാത്രം സാധ്യമാകുന്ന പ്രകടനം ഇതാ നമ്മുടെ അശോകൻ ചെയ്യുന്നു! എല്ലാവരും അന്തിച്ചു നില്‍ക്കെ അണ്ണാമലൈ മോഡൽ സൈക്കിളിൽ അശോകൻ വാളൂർ സ്‌കൂൾ ഗ്രൌണ്ടിലേക്കു കുതിച്ചു. സൈക്കിൾ ആഞ്ഞാഞ്ഞു ചവിട്ടുമ്പോൾ നാളത്തെ താരം താനാണെന്നു പകല്‍ക്കിനാവ് കണ്ടു. ആ കിനാക്കളിലേറി അശോകൻ ഗ്രൌണ്ടിലെത്തി. അവിടെ പൂഴി വീഴാന്‍ ഇടമില്ലാത്തത്ര തിരക്ക്.
വിശാലമായ ഗ്രൌണ്ടിൽ പിഷാരത്തു ശ്രീകൃഷ്ണ ക്ഷേത്രത്തോടു ചേര്‍ന്ന ഭാഗത്തായിരുന്നു സിനിമാ ഷൂട്ടിങ്ങ്. പടുകൂറ്റന്‍ ആല്‍മരത്തിനു കീഴിൽ പതുപതുത്ത കുഷ്യനുകളിൽ നടീനടന്മാരും അവരുടെ സില്‍ബന്ധികളും വിശ്രമിക്കുന്നു. കുറച്ചകലെ ക്ഷേത്രകവാടത്തിൽ ഷൂട്ടിങ്ങിനുള്ള മുന്നൊരുക്കങ്ങൾ. സാങ്കേതിക സഹായികൾ ലൈറ്റും ട്രോളിയും അറേഞ്ചു ചെയ്യുന്നു. മിക്കവരും തമിഴർ. അണ്ണാമലൈ സൈക്കിൾ, ഡയറക്ടറുടേയും നിര്‍മാതാവിന്റേയും കാറിനു സമീപം പാർക്കു ചെയ്‌ത് അശോകൻ നടിമാർ ഇരിക്കുന്നിടത്തേക്കു ചെന്നു. അവിടെ നിന്നു കേട്ട ബഢായികൾ അദ്ദേഹത്തിന്റെ കര്‍ണത്തെ പ്രകമ്പനം കൊള്ളിച്ചു. ആധുനിക രീതിയിൽ വസ്ത്രധാരണം ചെയ്ത, സഹനടിയുടെ അമ്മ യാതൊരു ദയയും കാണിക്കാതെ അരികിൽ വന്ന അശോകനോടു തുറന്നടിച്ചു.
“എന്റെ മോള്‍ക്കു സല്‍മാന്റെ ഓഫർ വന്നതാ. പോയില്ലാ”
“എന്തേ അമ്മച്ചി പോവാഞ്ഞെ?”
“അമ്മച്ചിയോ. എനിക്കത്ര വയസായോ ചെക്കാ”
“പിന്നല്ലാതെ”
“എന്നാ നീ പറ. എത്രായി?”
നാല്പത് തോന്നിക്കുമെങ്കിലും അശോകൻ കൂട്ടിപ്പറഞ്ഞു. “കുറഞ്ഞാ ഒരു ഐമ്പത്”
“നിന്റെ മറ്റോൾക്കാടാ ഐമ്പത്…” പിന്നെക്കേട്ടത് ഭരണിപ്പാട്ടാണ്.
അശോകൻ ചെവി പൊത്തി. മറ്റുള്ളവരും. സംവിധാന സഹായിയായ തമിഴനു സഹനടിയെ പ്രീതിപ്പെടുത്താന്‍ ഇതിലും നല്ല അവസരമില്ലായിരുന്നു. അദ്ദേഹം അശോകന്റെ അടുത്തു വന്നു. കോളറിനു പിടിച്ചു തെറി പറഞ്ഞു.
“എന്നാടാ മൊക്കപ്പയ്യാ”
ലൈറ്റ്ബോയ്‌സായ കോടമ്പാക്കത്തെ തമിഴന്മാർ ഞെട്ടി. അവര്‍ക്കു അശോകനെ അറിയാം. അഴകന്‍ സിനിമയുടെ ക്യാമറ ചലിപ്പിച്ച അദ്ദേഹത്തോടു അവര്‍ക്കു ആരാധനയായിരുന്നു. അണ്ണന്‍ രജനിയുടെ കൈകൾ വിശ്രമിച്ചിട്ടുള്ള കോളറിൽ മറ്റൊരു തമിഴൻ കുത്തിപ്പിടിച്ചത് പലര്‍ക്കും സഹിച്ചില്ല. അവർ മുന്നോട്ടു ആഞ്ഞുവന്നു.
അശോകന്‍ വിലക്കി. “അടിയൊന്നും ഉണ്ടാക്കരുത്. ഇതു നാൻ മാനേജ് പണ്ണിറേന്‍”
തമിഴന്മാർ പ്രതീക്ഷിച്ചത് അശോകൻ രജനി സ്റ്റൈലിൽ സംവിധാന സഹായിക്കിട്ടു രണ്ടു പൊട്ടിക്കുമെന്നാണ്. പക്ഷേ അദ്ദേഹം ചെയ്തതോ ഷര്‍ട്ടിന്റെ കയ്യിൽ മുഖം തുടച്ച്, ആരോടും മിണ്ടാതെ സ്ഥലം വിടുകയും! അപാരമായ ആത്മസംയമനം. അതിന്റെ പൊരുളെന്ത്? എല്ലാവരും പരസ്പരം ചോദിച്ചു. ആദ്യം മനസ്സിലായില്ലെങ്കിലും പിന്നീടു പിടികിട്ടി. ഒരേ നിലവാരത്തിൽ ഉള്ളവരോടേ ഏറ്റുമുട്ടാവൂ.
വാളൂർ സ്കൂള്‍ഗ്രൌണ്ടിലെ തിക്താനുഭവം നടന്നു രണ്ടാഴ്ചക്കു ശേഷം അന്നമനട വിഎംടിയിൽ മാറ്റിനി കണ്ടു അശോകനും കക്കാടിൽ ജനകീയനായ സുബ്രണ്ണനും തിരിച്ചു വരികയായിരുന്നു. സുബ്രണ്ണനു കഷ്‌ടിച്ചു അഞ്ചടി പൊക്കമേയുള്ളൂ. പക്ഷേ അപാര കട്ടയാണ്. വയസ്സ് നാല്പത്തഞ്ചായിട്ടും ഒറ്റനര വീഴാത്ത കൊമ്പന്‍മീശ. സദാസമയം വെറ്റില മുറുക്കുന്ന സ്വഭാവം. സര്‍വ്വോപരി രസികന്‍. കക്കാട് ദേശവിളക്കിനു രണ്ടാള്‍ക്കു മാത്രം ഉയര്‍ത്താൻ പറ്റുന്ന ആനക്കാവടി തലയിൽ തോര്‍ത്തുമുണ്ടിനു മുകളിൽ വച്ചു ഒരു ആട്ടമുണ്ട്. സുബ്രന്‍ സ്പെഷ്യലാണത്. മറ്റാർക്കും അതുപോലെ ആടാൻ സാധിക്കാറില്ല.
അന്നമനട പഞ്ചായത്തു ബസ്‌സ്റ്റാന്റ് കഴിഞ്ഞു പാലത്തിലേക്കു പ്രവേശിച്ചപ്പോൾ പഴയ ഫെറിയുടെ അടുത്തു വലിയ ആള്‍ക്കൂട്ടം. ഉദ്വഗം വന്ന സുബ്രണ്ണൻ പതിവുപോലെ മീശ പിരിച്ചു. “അശോകാ ആരാണ്ട് മുങ്ങിച്ചത്തെന്നാ തോന്നണെ”
ദൂരം കൂടുതലായതിനാൽ അശോകനും കാര്യങ്ങൾ വ്യക്തമായില്ല. പക്ഷേ കുറച്ചുകൂടി അടുത്തപ്പോൾ ആള്‍ക്കൂട്ടം ഒരു സിനിമ യൂണിറ്റിന്റേതാണെന്നു മനസ്സിലായി. മലയാള സിനിമാ പ്രവര്‍ത്തകരാകാൻ സാധ്യതയുണ്ട്. സുബ്രണ്ണൻ അറിഞ്ഞാൽ പ്രശ്നമാകും.
“മുങ്ങിച്ചത്തതൊന്ന്വല്ല, സിനിമാക്കാരാന്നാ തോന്നണെ. വിട്ടുകളയാം”
സുബ്രണ്ണന്‍ അംഗീകരിച്ചില്ല. “എടാ നിന്നെ തല്ലാൻ വന്നവനെ എനിക്കൊന്നു കാണണം. ഞാനവന്റെ കൂമ്പിടിച്ച് വാട്ടും”
“വേണ്ട സുബ്രണ്ണാ. പാവങ്ങള് പൊക്കോട്ടെ”
അശോകന്‍ എതിര്‍ത്തിട്ടും ഫലിച്ചില്ല. സൈക്കിൾ ബലമായി തിരിപ്പിച്ചു. പഴയ കടവിന്റെ ഇറക്കത്തുള്ള കള്ളുഷാപ്പിനു മുന്നിൽ കോണ്‍ട്രാക്ടർ അനിയനുണ്ടായിരുന്നു. അദ്ദേഹത്തോടു സുബ്രണ്ണൻ അന്വേഷിച്ചു.
“ആരടാ അനിയാ ഇവന്മാര്?”
“തമിഴന്മാരാ സുബ്രണ്ണാ. വിജയ് ഒക്കെണ്ട്”
“അത് ശരി. ഏതാ സിനിമ?”
“മധുര എന്നെങ്ങാണ്ടാ പറയണ കേട്ടെ. ഒറപ്പില്ല”
മലയാള സിനിമ ടീമല്ലെങ്കിലും അനിയന്റെ അറിയിപ്പിൽ സുബ്രണ്ണൻ സന്തോഷവാനായി. വിജയിന്റെ കടുത്ത ആരാധകനാണ് അദ്ദേഹം. ‘ഗില്ലി’ പടം ഹിറ്റായ ശേഷം കുറച്ചുനാൾ അതിരാവിലെ ജോഗിങ്ങിനു പോയിരുന്നു. പിന്നെയുണ്ടോ വിജയിനെ കാണാന്‍ ഒത്തുവന്ന അവസരം പാഴാക്കുന്നു. കൈലിമുണ്ട് മടക്കിക്കുത്തി അദ്ദേഹം ഫെറിയെ ലക്ഷ്യമാക്കി നടന്നു. അശോകന്‍ കൂടെ ചെന്നില്ല. ആള്‍ക്കൂട്ടത്തെ ഒഴിവാക്കി അനിയന്റെ അരികിലെത്തി.
പുളിക്കകടവ് പാലം വന്നശേഷം ഫെറി സര്‍വ്വീസ് നിര്‍ത്തിയതാണ്. ഇപ്പോൾ ഷൂട്ടിങ്ങിനു വേണ്ടി പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റുഫോമിൽ ചെറിയ മിനുക്കുപണികൾ നടത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിനു കുറച്ചുദൂരെ പുഴയുടെ കുഞ്ഞോളങ്ങളിൽ മന്ദം ആടിയുലയുന്ന ചെറിയ ബോട്ട്. അതിലിരുന്നു പുഴഭംഗി ആസ്വദിക്കുന്നതിനോടൊപ്പം അടുത്ത ഷോട്ടിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് ഇളയ ദളപതി. സംവിധായന്‍ സീൻ പറഞ്ഞുകൊടുത്തു ബോട്ടിൽ നിന്നിറങ്ങി. കയ്യിൽ പ്ലാസ്റ്ററിട്ട നായികയെ നായകനായ വിജയ് തല്ലുന്നതാണു സീൻ. ആദ്യഷോട്ടു തന്നെ ഒകെ. ശേഷം കുഷ്യനിൽ ചാഞ്ഞു കാത്തുനിന്നവര്‍ക്കു അദ്ദേഹം ഓട്ടോഗ്രാഫ് ഒപ്പിട്ടു കൊടുത്തു.
അന്നത്തെ ഷൂട്ടിങ്ങ് അതോടെ അവസാനിച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ യൂണിറ്റ് പായ്ക്കപ്പ് ചെയ്തു. വിജയ് കാറിൽ കയറുന്നതിനു മുമ്പ് എല്ലാവരേയും നോക്കി കൈവീശി. സംവിധായകന്റെ കാറിനു പിന്നാലെ അദ്ദേഹത്തിന്റെ മെഴ്‌സിഡസ് ബെൻസ് പതുക്കെ നീങ്ങി. ഷൂട്ടിങ്ങ് കാണാനെത്തിയവർ പിന്നാലെ. കാർ അനിയന്റെ ഷാപ്പും കടന്നു പോയതോടെ എല്ലാവരും സാവധാനം പിന്തിരിഞ്ഞു. പക്ഷേ പിന്തിരിയുകയായിരുന്നവരെ അതിശയപ്പെടുത്തി വിജയിന്റെ ബെൻസ് പൊടുന്നനെ സഡന്‍ബ്രേക്കിട്ടു. നല്ല സ്പീഡിൽ റിവേഴ്സെടുത്തു കാർ ഷാപ്പിനു മുന്നിലെത്തി. പിന്നീടു അവിടെ നടന്നത് ആര്‍ക്കും വിശ്വസിക്കാനായില്ല. കാറിൽ നിന്നിറങ്ങിയ ഇളയ ദളപതി അതിനകം മന്ദഹസിച്ചു അടുത്തേക്കു വന്ന അശോകനെ ഹസ്തദാനം ചെയ്യുന്നതു കാറിനെ മൂടിയ പൊടിപടലങ്ങള്‍ക്കിടയിലൂടെ സുബ്രണ്ണൻ കണ്ടു. നാട്ടുകാർ കണ്ടു. ഷൂട്ടിങ്ങ് കാണാനെത്തിയ മലയാള സിനിമാ യൂണിറ്റുകാർ കണ്ടു. കണ്ടവരെല്ലാം രണ്ടടി പിന്നോട്ടു വക്കുകയും ചെയ്തു.
ഒരു മിനിറ്റു നേരത്തെ കുശലം പറച്ചിൽ. അതിനൊടുവിൽ ഇരുവരും കാറിൽ കയറി യാത്രയായി. വാർത്ത അഞ്ചു മിനിറ്റിനുള്ളിൽ കക്കാടിലെത്തി. പരമുമാഷ് പലചരക്കു കടയിൽ അശോകന്റെ അമ്മയുടെ പറ്റ് എഴുതിയ പേജ് കീറി കത്തിച്ചു കളഞ്ഞു. ഭാസ്കരേട്ടൻ അന്നേവരെ ഉണ്ടാക്കിയിട്ടില്ലാത്ത ഒരു സ്ട്രോങ്ങ് ചായ അടിച്ച്, അശോകനെ കാത്തിരുന്നു. പക്ഷേ അശോകൻ തിരിച്ചു വന്നത് പോയതിന്റെ മൂന്നാം നാളാണ്. അന്നുച്ചക്കു പുരയിൽ മയങ്ങുകയായിരുന്ന അദ്ദേഹത്തെ അന്വേഷിച്ച് മലയാള സിനിമ യൂണിറ്റില്‍നിന്നു ആളുകൾ എത്തി. കോളറിൽ പിടിച്ച തമിഴൻ കാലിൽ വീണു.
“മന്നിച്ചിടുങ്കോ സാർ മന്നിച്ചിടുങ്കോ. ഉങ്കളെപ്പതി തെരിയലാ”
ചുമരിൽ തൂങ്ങുന്ന അണ്ണൻ രജനിയുടെ ചിത്രത്തെ സാക്ഷിയാക്കി അശോകൻ എല്ലാം പൊറുത്തു. മാപ്പു കൊടുത്തു. എന്നിട്ടും പിരിയാന്‍ മടിച്ച തമിഴരോടു സിഗററ്റ് ചുണ്ടിലെറിഞ്ഞു പിടിപ്പിച്ചു സുഗ്രീവാജ്ഞ നല്‍കി.
“എനക്ക് വരത്തമില്ലൈ. പോങ്കോ”

