Site icon The Writings of Sunil Upasana

ബാബുട്ടന്റെ പെണ്ണു‌കാണൽ – 1

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


അല്ല ബാബ്വോ. ഒന്ന്വായില്ലേ‘ എന്നു കക്കാടിലെ ആദ്യത്തെ പലചരക്കുകട ഉടമയായ പരമേശ്വരൻ അഥവാ പരമുമാഷ് ചോദിച്ചിച്ചതുകൊണ്ടോ, ‘ഇന്യെന്തിനാ ബാബുട്ടാ നീ വൈകിപ്പിക്കണേ‘ എന്നു അയ്യങ്കോവ് അമ്പലത്തിലെ ശാന്തിക്കാരൻ ശ്രീനിവാസ സ്വാമി അന്വേഷിച്ചതു കൊണ്ടോ ഒന്നുമല്ല കക്കാട് രാഘവന്റെ ഇളയ മകൻ ബാബുട്ടൻ കല്യാണം കഴിക്കാൻ തീരുമാനിച്ചത്. മറിച്ചു പോട്ടയിലെ ‘സജി’ സ്റ്റുഡിയോ ഉടമയായ വിമലിന്റെ കൂടെ സാന്ദര്‍ഭികമായി ഒരു കല്യാണത്തിനു ലൈറ്റടിച്ചു കൊടുക്കാൻ പോയപ്പോൾ കല്യാണവീട്ടിൽ കണ്ട സുന്ദരിയാണ് ബാബുട്ടനെ ഇങ്ങിനെയൊരു തീരുമാനത്തിലെത്തിച്ചത്. കല്യാണപ്രോഗ്രാമിനു ശേഷം വീട്ടിലെത്തിയ അന്നുമുതൽ ഭവാനിയമ്മ മകനിൽ ചില മാറ്റങ്ങൾ ശ്രദ്ധിച്ചു. ബാബുട്ടനു എന്തോ അസ്കിത പോലെ. ചെയ്യുന്ന കാര്യങ്ങളിൽ യാതൊരു ശ്രദ്ധയില്ല. മാത്രമല്ല മുട്ടിനുമുട്ടിനു ശാപ്പാട് കഴിക്കാറുണ്ടായിരുന്ന മകനിപ്പോൾ ഭക്ഷണമേ വേണ്ട. പലരും പലവട്ടം കാര്യമെന്താണെന്ന് അന്വേഷിച്ചിട്ടും ബാബുട്ടന്‍ ഒരക്ഷരം മിണ്ടിയില്ല.

അങ്ങിനെയിരിക്കെ ഒരുദിവസം മൂത്തമകൻ വന്നപ്പോൾ ഭവാനിയമ്മ ആവശ്യപ്പെട്ടു. “രാജാ, നീ അവനോടൊന്ന് സംസാരിച്ച് നോക്ക്“

ആരോടും മയത്തിൽ സംസാരിക്കുന്ന ശീലമില്ലാത്ത ജ്യേഷ്ഠൻ അനുജനോടു മൌനത്തിന്റെ കാരണം ചോദിച്ചതു വെടിപൊട്ടും പോലെയാണ്.

“എന്തൂട്രാ ബാബ്വോ, നീ വസന്ത വന്ന കോഴീനേപ്പോലെ മണ്ടി മണ്ടി നടക്കണെ. കാര്യന്താന്ന് പറഞ്ഞാ വല്ല നിവൃത്തീം ണ്ടാക്കാം. അല്ലാണ്ട് മുനീടന്തി നിന്നാലോ“

ജ്യേഷ്ഠനു മുന്നിലും ബാബുട്ടൻ മൌനം തുടർന്നു. മകന്റെ മിണ്ടാട്ടവും ഉത്സാഹക്കുറവും പിന്നെയും കുറേ ദിവസങ്ങൾ തുടര്‍ന്നപ്പോൾ ഭവാനിയമ്മ ഉറപ്പിച്ചു. ഇതാരോ കണ്ണുവെച്ചത് തന്നെ. ബാബുട്ടനെ തൈക്കൂട്ടത്തെ കണിയാനും കൊടികെട്ടിയ മന്ത്രവാദിയുമായ ബാലകൃഷ്ണക്കൈമളെ കൊണ്ട് ഒന്നു ഊതിക്കണമെന്നു കരുതിയിരിയ്ക്കെയാണ് ഭവാനിയമ്മക്കു ബാബുട്ടന്റെ പഴ്സിൽ‌നിന്നു ഒരു പെൺകുട്ടിയുടെ ഫുള്‍സൈസ് കളര്‍ഫോട്ടോ കിട്ടുന്നത്. ഇരുനിറക്കാരിയായ ഒരു സുന്ദരിക്കോത. ഫോട്ടോഗ്രാഫർ വിമൽ അറിയാതെ ബാബുട്ടൻ അടിച്ചു മാറ്റിയ ഫോട്ടോ കണ്ടപ്പോൾ തന്നെ ഭവാനിയമ്മക്കു ബാബുട്ടന്റെ മൌനത്തിന്റെ നാനാര്‍ത്ഥങ്ങൾ മനസ്സിലായി. അഭിനിവേശം. കടുത്ത അഭിനിവേശം!

ഭവാനിയമ്മ പിന്നെ സമയം പാഴാക്കിയില്ല. നാടിന്റെ നാനാഭാഗത്തുള്ള മക്കളെയെല്ലാം വിളിച്ചു വരുത്തി ബാബുട്ടന്റെ കല്യാണക്കാര്യം ആലോചിച്ചു.

കക്കാട് രാഘവനും നല്ലപാതി ഭവാനിയമ്മക്കും മക്കൾ ആറാണ്. 2:1 എന്ന അനുപാതത്തിൽ നാലു ഊക്കന്മാരായ ആണുങ്ങളും രണ്ട് സുന്ദരികളായ മഹിളകളും. ഇവരിൽ നാലുപേർ കക്കാടിൽ തന്നെയാണ് താമസം. ഒന്നര മണിക്കൂർ നീണ്ട കൂടിയാലോചനയിൽ മക്കളെല്ലാം അവരവരുടെ അഭിപ്രായങ്ങൾ അമ്മക്കു മുമ്പാകെ പറഞ്ഞു. ഒടുക്കം യോഗ തീരുമാന പ്രകാരം, പരിചയക്കാരെക്കൊണ്ടു നടത്തിച്ച അന്വേഷണത്തിൽ ഫോട്ടോയിൽ കണ്ട സുന്ദരിയുടെ ഊര്, പേര്, സ്വഭാവവിവരണങ്ങൾ എല്ലാം വെളിപ്പെട്ടു. പോട്ടയിൽ താമസിക്കുന്ന സിന്ധുവാണ് പെൺകുട്ടി. സ്വഭാവം, നല്ല പത്തരമാറ്റ്.

ബാബുട്ടന്റെ ആലോചനക്കു ദൂത് പോകാൻ ഭവാനിയമ്മ നിശ്ചയിച്ചത് പഴയ സഹപാഠിയും മൂന്നാമൻ പണിയിൽ വെറ്ററനുമായ പൊക്കനെയാണ്. കക്കാടിനടുത്തുള്ള ചെറാലക്കുന്നിലെ ആസ്ഥാന ബ്രോക്കറാണ് നെടുങ്കൻ ആകാരവും, നരച്ച കൊമ്പന്‍മീശയും ഉള്ള പണിക്കവീട്ടിൽ പൊക്കൻ‍. കടുത്ത ഐ ഗ്രൂപ്പ് അനുഭാവി. മറൈന്‍ ഡ്രൈവിലെ ഗ്രൂപ്പ് സമ്മേളനത്തിലൊക്കെ ലീഡർ പുള്ളിയെ പേരെടുത്തു വിളിക്കുമത്രെ. കേരള രാഷ്ട്രീയത്തിൽ അത്രക്കു പിടിപാട്.

പെണ്ണിന്റെ വീട്ടിലേക്കു പൊക്കൻ പോയത് ഒരു ഞായറാഴ്ചയാണ്. ഉച്ചക്കു തിരിച്ചെത്തിയത് സകല കാര്യങ്ങൾ ഏറ്റും! എങ്ങിനെയാണ് ഇത്ര വേഗത്തിലൊരു ധാരണയിലെത്തിയതെന്ന് ആർക്കും പിടികിട്ടിയില്ല. പെണ്ണിന്റെ അച്ഛന് സമ്മാനിക്കാൻ ബാബുട്ടൻ കൊടുത്തുവിട്ട മൈസൂർ പാക്കാണ് കാര്യങ്ങൾ ശരിയാക്കിയതെന്നും, അങ്ങിനെയല്ലാ പൊക്കന്റെ വാഗ്‌ധോരണിയിൽ പോട്ടക്കാർ വീണതാണെന്നും നാട്ടിൽ രണ്ടുതരത്തിൽ സംസാരമുണ്ടായി. പക്ഷേ കല്യാണത്തിനു ശേഷം ഒരു വര്‍ഷം തികഞ്ഞ്, ബാബുട്ടൻ – സിന്ധു ദമ്പതികള്‍ക്കു കടിഞ്ഞൂൽ സന്താനമുണ്ടായ വിവരം ആന്റപ്പന്റെ കള്ളുഷാപ്പിലിരുന്നു വീശുമ്പോൾ അറിഞ്ഞപ്പോഴാണ് പൊക്കൻ ആ രഹസ്യം പുറത്തു വിട്ടത്.

“ആന്റൂ, ഞാനവര്ടെ കാല് പിടിച്ചതാടാ. ചെക്കന് ജോലി ഡ്രൈവിങ്ങാന്ന് അറിഞ്ഞപ്പോ പെണ്ണിന്റെ അച്ഛൻ പൊറത്തേക്ക് കൈചൂണ്ടി എന്നോട് പറഞ്ഞതെന്താന്ന് നിനക്കറിയോ? പുള്ളീടെ മോള്‍ക്ക് അവർ അന്വേഷിക്കണത് ഒരു ഗള്‍ഫുകാരന്യാന്ന്. പക്ഷേ… അപ്പോ ഞാനങ്ങട് ഒരു കാച്ച് കാച്ചി“

ആന്റപ്പൻ ആകാംക്ഷയിലായി. “പൊക്കേട്ടന്‍ എന്തൂട്ടാ അവരോട് പറഞ്ഞെ?”

പൊക്കൻ കണ്ണിറുക്കി ചിരിച്ചു. “ഹഹഹഹ. അടുത്തമാ‍സം നമ്മടെ ബാബുട്ടനും ദുബായീ പോവാന്നാ ഞാന്‍ പറഞ്ഞത്”

“എന്നട്ട്?”

“പെണ്ണിന്റെ അച്ഛൻ എന്നട്ടും സമ്മതിച്ചില്ല. ഇപ്പോ ഗള്‍ഫിലൊള്ളോരെ മാത്രേ പരിഗണിക്കൂത്രെ. ഒടുക്കം ബാബു ചുമ്മാ വന്ന് പെണ്ണുകണ്ട് പൊക്കോട്ടേന്നും, എന്റെ കുടുംബപ്രശ്നാന്നും പറഞ്ഞ് ഞാനവര്ടെ കാല് പിടിച്ചു. അങ്ങന്യാ അവസാനം പുള്ളി സമ്മതിച്ചെ”

ആന്റപ്പൻ അതിശയിച്ചു. “പൊക്കേട്ടാ കാര്യങ്ങളൊക്കെ ഇങ്ങന്യാങ്കി പിന്നെ എങ്ങന്യാ ഈ ആലോചന ശരിയായേ”

പൊക്കൻ കള്ളുകുപ്പി മൊത്തി ചിറി തുടച്ചു‍. പിന്നെ കട്ടായം പറഞ്ഞു. “ബാബുട്ടന്റെ മിടുക്ക് തന്നെ. അവനാരാ മോൻ‍. പോരാഞ്ഞ് പെണ്ണുകാണലിന്റെ തലേ ദെവസം പിള്ളേച്ചനും ഇതിൽ ഇടപെട്ട്. പുള്ളിയാണ് ബാബുട്ടന്റെ കൂടെ പെണ്ണുകാണലിനു പോയത്”

മിടുക്കൻ എന്നു പറഞ്ഞു ബാബുട്ടനെ വെറുതെ പൊക്കിയതായിരുന്നില്ല പൊക്കൻ‍. ബാബുട്ടൻ ഒരു അപാര ചുള്ളൻ തന്നെയാണ്. ഏകദേശം അഞ്ചരയടി പൊക്കം. അസ്സൽ നിറവും ചെങ്കന്‍ സ്വഭാവവും. ഇടക്ക് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ചെറുതും വലുതുമായ പാരകൾ വക്കുമെന്നേയുള്ളൂ. മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. കുറച്ചുനാൾ കക്കാട് വേണുവിന്റെ ഒല്ലൂരിലെ ഗ്യാസ് ഏജന്‍സിയിൽ ഡ്രൈവറായി ജോലി ചെയ്തെങ്കിലും, ഒരു വര്‍ഷത്തിനു ശേഷം ‘ശാസ്താവ്‘ എന്ന ടിപ്പർലോറി വാങ്ങി അത് ഓടിക്കാൻ തുടങ്ങി. അതിനിടയിലാണ് കല്യാണാലോചന വരുന്നത്.

പെണ്ണുകാണലിനു മുന്നോടിയായി ബാബുട്ടൻ ചില ഒരുക്കങ്ങൾ നടത്തി. ആദ്യം കൊരട്ടി ബിജുവിന്റെ ജിമ്മിൽ ചേര്‍ന്നു തരക്കേടില്ലാത്ത മസിൽ തരപ്പെടുത്തിയെടുത്തു. മുഖത്തു തമിഴത്തികളെ പോലെ മഞ്ഞൾ വാരിത്തേച്ച് ഒന്നുകൂടെ വെടുപ്പാക്കി. കക്കാടിലെ ആണ്ടവൻ സലൂണിലെ പ്രദീപനെക്കൊണ്ടു തലമുടി ബാബു ആന്റണി സ്റ്റൈലിൽ വെട്ടിയെടുത്തു. ബാബുട്ടന്റെ തിടുക്കം കണ്ടപ്പോൾ പ്രദീപൻ കത്രികയുടെ ചലനങ്ങൾ നിര്‍ത്തി അന്വേഷിച്ചു.

“എന്താ ബാബ്വോ, എന്തെങ്കിലും വിശേഷം?”

ബാബുട്ടന്‍ ഒരക്ഷരം മിണ്ടിയില്ല. പ്രദീപന്റെ നാക്ക് വെറും നാക്കല്ല, വിശേഷപ്പെട്ട നാക്കാണ്. അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ നാക്കുപിഴ വരുത്തിയ അനേകം ട്രാജഡികൾ സമീപനാടുകളിലെ ചായക്കടയിലും പീടികത്തിണ്ണയിലും കൊതുകിനെ ആട്ടി കാലിച്ചാ‍യ കുടിച്ചിരിപ്പുണ്ട്. അതുകൊണ്ടു ബാബുട്ടൻ ഒന്നുമില്ലെന്ന അര്‍ത്ഥത്തിൽ ചുമലനക്കി.

പെണ്ണുകാണൽ ദിവസം അടുക്കുന്തോറും ബാബുട്ടന്റെ മനസ്സിൽ സമ്മർദ്ദമേറി. എപ്പോഴും മൌനിയായി എന്തൊക്കെയോ കൂട്ടലും കിഴിക്കലുമായി നടക്കുന്ന സമയത്താണ് പലചരക്കു കടക്കാരൻ പരമു മാഷ് ബാബുട്ടനോടു ചോദിച്ചത്.

“എന്താ ബാബ്വോ നിനക്കൊരു ട്രബിൾ ലുക്ക്?”

പരമുമാഷ് ഇംഗ്ലീഷിലെ പ്രാദേശിക വിദ്വാനാണ്. പുള്ളി ആരോടെങ്കിലും എന്തെങ്കിലും കാര്യം പറയുന്നുവെങ്കിൽ അതിൽ ഒരു വാക്കെങ്കിലും ഇംഗ്ലീഷായിരിക്കും.

“മാഷേ മറ്റന്നാ പെണ്ണ്കാണലല്ലേ. എങ്ങന്യാ, എന്താ പറയണ്ടേന്ന് ഒരു നിശ്ചയല്ല്യാ. ആകെ പ്രശ്നായ പോലെ”

ബാബുട്ടൻ മനസ്സിലെ ആശങ്ക തുറന്നു പറഞ്ഞു. പരമുമാഷ് ചിരിച്ചു. “ഹഹഹ. ബാബ്വോ നീയിത്ര ഫൂളായല്ലോടാ“

ബാബുട്ടന്‍ ചോദ്യഭാവത്തിൽ മാഷിനുനേരെ നോക്കി.

“നിനക്ക് പെണ്ണുകാണലിനെ പറ്റിയുള്ള ഡീറ്റെയിൽസ് അറിയണങ്കി നമ്മടെ പിള്ളേച്ചനോട് ചോയ്ച്ചാ പോരെ”

ഉണ്ടു കൊണ്ടിരുന്ന നായര്‍ക്കു വെളിപാടുണ്ടായ പോലെ ബാബുട്ടന്റെ തലയിലെന്തോ മിന്നി. പെണ്ണുകാണൽ എന്ന പരിപാടി ഹോബിയാക്കിയ ആളാണ് പിള്ളേച്ചൻ എന്ന വ്യക്തി. അദ്ദേഹം കണ്ടിട്ടുള്ള പെണ്ണുങ്ങള്‍ക്കു യാതൊരു കയ്യും കണക്കുമില്ല.

വൈകീട്ടു മര്യാദാമുക്കിലിരുന്ന് വെടി പറയുകയായിരുന്ന പിള്ളേച്ചനെ ബാബുട്ടൻ പോയി കണ്ടു. കാര്യം പറഞ്ഞു. എല്ലാം ഗൌരവത്തോടെ മൂളിക്കേട്ട ശേഷം പിള്ള രണ്ടുമിനിറ്റ് ആലോചിച്ചു. പിന്നെ മനസ്സിൽ തോന്നിയ പദ്ധതി പറഞ്ഞു.

“ബാബ്വോ. നമക്ക് ഞാനിനി പറേണ പോലെ ചെയ്യാം. എന്താ? പെണ്ണുകാണലിന്റെ തലേ ദെവസം നമ്മള്‍ പെണ്ണിന്റെ വീട്ടിലേക്കു ഫോൺ വിളിയ്ക്കുന്നു. നാളെ എത്തൂന്നും പറഞ്ഞ് ഭക്ഷണത്തിന്റെ മെനു അങ്ങട് വിവരിക്കും”

“മെന്വോ!” ബാബുട്ടൻ അൽഭുതപ്പെട്ടു.

“എന്താ ബാബ്വോ, ഒരു അന്ധാളിപ്പ്. നമ്മ വെറ്തെ ഫുട്ബാൾ കളി കാണാൻ പോണതെങ്ങനാണോ. ഒരു ജീവിതത്തെ കരക്കണയ്ക്കാന്‍ പോണതല്ലേ? അപ്പോ ഇത്തിരി ശാപ്പാടൊക്കെ ആവാന്നാ എന്റെ തിയറി”

ബാബുട്ടൻ പകച്ചുനില്‍ക്കേ പിള്ളേച്ചൻ തുടര്‍ന്നു.

“ഉദാഹരണായി ഞാനെന്റെ പെണ്ണുകാണലിന്റെ തലേദെവസം പെണ്ണിന്റെ വീട്ടാരോട് പറയാറൊള്ള  ഐറ്റംസ് ഇതൊക്കെയാണ്. ആട്ടിന്‍പാലൊഴിച്ച കാപ്പി അര ലിറ്റർ കപ്പ്. ഹോര്‍ലിക്സ് കിട്ട്യാ അതും. നേന്ത്രക്കാ‍യ ഉപ്പേരി രണ്ട് പിഞ്ഞാണം നിറയെ. അഞ്ചാറ് വെള്ളേപ്പം. പിന്നെ ഉച്ച സമയത്തേ പോവാൻ പാടൂ. ലഞ്ചും പറ്റിയാ അവിടന്നന്നെ”

ബാബുട്ടന്‍ അപകടം മണത്തു. “ഈ മെനു വേണ്ട പിള്ളേച്ചാ. നമക്കിതങ്ങ് വിട്ട് കളയാം”

ആദ്യം സമ്മതിച്ചില്ലെങ്കിലും പെണ്ണിനെ കണ്ടു തിരിച്ചുവരുന്ന വഴി കൊരട്ടിയിലിറങ്ങി കുശാലായി ഭക്ഷണം കഴിക്കാമെന്ന ഉറപ്പിൽ പിള്ളേച്ചൻ അടങ്ങി. യാത്രക്കു ബാബുട്ടന്‍ തിരഞ്ഞെടുത്ത വാഹനം സ്വകാര്യബസായിരുന്നു. പക്ഷേ ഓട്ടോറിക്ഷയെങ്കിലും ഇല്ലാതെ കൂടെ വരുന്ന പ്രശ്നമില്ലെന്നു പിള്ളേച്ചൻ കട്ടായം പറഞ്ഞു. ഒടുക്കം അനൂപിന്റെ ‘പോപ്പുലർ‘ ട്രാൿസ് ബാബുട്ടൻ വാടകക്കു ഏര്‍പ്പാടാക്കി.

പെണ്ണുകാണൽ ദിവസം രാവിലെ അയ്യങ്കോവ് ശാസ്താവിനു തേങ്ങയടിച്ചു ബാബുട്ടൻ മനമുരുകി പ്രാര്‍ത്ഥിച്ചു. “ശാസ്താവേ കാത്തോളണേ…”

(രണ്ടാം ഭാഗ്മ് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


Exit mobile version