Site icon The Writings of Sunil Upasana

പിറന്നാളിന്റെ നോവുകള്‍

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ഇക്കാലത്തു ജന്മദിനങ്ങള്‍ ആഘോഷിക്കുക പതിവില്ല. പരാധീനതകളുണ്ടായിരുന്ന ഒരുകാലത്തിന്റെ സ്മരണകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നിടത്തോളം കാലം അതെല്ലാം മറന്നു പിറന്നാളുകള്‍ ആഘോഷിക്കാന്‍ മനസ്സിനുള്ള വിമുഖതയെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു. പക്ഷേ പണ്ട് കാര്യങ്ങള്‍ ഇങ്ങിനെയായിരുന്നില്ല. ചെറിയ ഒരു ആഘോഷം അമ്മ തരപ്പെടുത്തുമായിരുന്നു.

പിറന്നാള്‍ മാസം ഒന്നാംതീ‍യതി അമ്മ ഓര്‍മിപ്പിക്കും..

“ഈ വരുന്ന ശനിയാഴ്ച പിറന്നാളാട്ടോ”

പിറന്നാളിന്റെ തലേദിവസം പത്തായത്തിൽനിന്നു ഒരുപിടി കുത്തരി തയ്യാറാക്കിയെടുത്തു പിറ്റേന്ന് തേങ്ങയും ശര്‍ക്കരയുമിട്ടി ലളിതമായ ഒരു അരിപ്പായസം ഉണ്ടാക്കും. ഉച്ചക്കു സാമ്പാർ കൂട്ടി വയര്‍ നിറച്ചു ഊണ്. വൈകുന്നേരം ചായക്കു കടിക്കാന്‍ അരിവറുത്തു ഉരലിലിട്ടു ഇടിച്ച് ശര്‍ക്കരയും നാളികേരവും കൂട്ടിക്കുഴച്ച പലഹാരം. തീര്‍ന്നു പിറന്നാള്‍ വിഭവങ്ങൾ.

 

ജന്മദിനത്തില്‍ മുടക്കമില്ലാതെ നടത്തുന്ന ചര്യയാണ് വീടിനടുത്തുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കല്‍. രാവിലെ അയ്യങ്കോവ് അമ്പലക്കുളത്തില്‍ മുങ്ങിക്കുളി. ഈറനുടുത്തു ശാസ്താവിന്റെ നടക്കൽ, ദീപസ്തംഭത്തിനു മുന്നിൽ, സാഷ്ടാംഗപ്രണാമം. ചുറ്റമ്പലത്തിനുള്ളില്‍ കടന്നു ശ്രീകോവിലിനു മുന്നില്‍ ഒരുമിനിറ്റു നേരം ധ്യാനനിമഗ്നനായശേഷം പേരും നാളും പറഞ്ഞു ഒരു പുഷ്പാഞ്ജലി.

“സുനില്‍… അശ്വതി!”

ശ്രീനിവാസസ്വാമി ഉരുക്കഴിക്കുന്ന നിഗൂഢങ്ങളായ ഒരുപാടു അവ്യക്തമന്ത്രണങ്ങൾ ശ്രവിച്ചു, അറിയാവുന്ന സ്വാമിശരണങ്ങൾ എല്ലാം വിളിക്കും. എല്ലാ പൂജകള്‍ക്കുമൊടുവില്‍, കൈവെള്ളയില്‍ വന്നുവീഴുന്ന വാഴയിലച്ചീന്തില്‍നിന്നു ഒരുനുള്ള് സിന്ദൂരം വാരി നെറ്റിയില്‍ തേച്ചു കൈക്കുമ്പിള്‍ വളച്ചുപിടിച്ച് നെറ്റിയിലെ സിന്ദൂരത്തിലേക്കു, അതിന്റെ തരികള്‍ തെറിച്ചുപോകാൻ, ഒന്നാഞ്ഞ് ഊതും. അമ്പലക്കുളത്തിൽനിന്നു വെള്ളമെടുത്തു അതിൽ ചന്ദനംചാലിച്ച് സിന്ദൂരത്തിനു മീതെ ഒരു വര. കരി പിടിച്ച, പഴക്കമേറിയ ദീപസ്തംഭത്തിലെ കരി വാരിയെടുത്തു മറ്റൊരു വര വേറെയും.

വീ‍ട്ടിലെത്തുമ്പോള്‍ മധുരമുള്ള ആവിപാറുന്ന ചായ ഉറപ്പാണ്. അതു ആസ്വദിച്ചു സാവധാനം മൊത്തിക്കുടിക്കുമ്പോള്‍ അറിയാതെ കണ്ണുനിറയും. അഞ്ചുമിനിറ്റ് മുത്തശ്ശിയുടെ കൂടെ ചിലവഴിച്ചശേഷം അച്ഛന്റെ തല്ലിപ്പൊളി സൈക്കിളിൽ തീരദേശം റോഡുവഴി വന്‍പുഴക്കാവ് ക്ഷേത്രത്തിലേക്കു പോകും, ദുര്‍ഗാദേവിയെ കാണാന്‍. മുടക്കാനാകാത്ത മറ്റൊരു ചര്യ. പൊട്ടിപ്പൊളിഞ്ഞ റോഡ് താണ്ടി അമ്പലത്തിലേക്കുള്ള ഇടവഴിക്കു സമീപം എത്തുമ്പോഴേക്കും ദേഹം വിയര്‍ത്തിരിക്കും. ഇടവഴിയുടെ തുടക്കത്തില്‍ കവുങ്ങിന്‍‌തടി കൊണ്ടുണ്ടാക്കിയ ചെറിയ ബാരിക്കേഡിന് സമീപം സൈക്കിള്‍ ചാരിവെച്ചു ഒരുമിനിറ്റു സമയം കിതപ്പടങ്ങാനായുള്ള കാത്തുനിൽ‌പ്പ്. പിന്നെ കരിയിലകള്‍ മൂടിക്കിടക്കുന്ന ആ നീണ്ട നിശബ്ദമായ ഇടവഴിയിലൂടെ ക്ഷേത്രത്തിലേക്ക്.

കാലപ്പഴക്കം മൂലം കരിപിടിച്ച ദീപസ്തംഭത്തിനു മുന്നില്‍ തൊഴുകൈകളോടെ നില്‍ക്കുപ്പോൾ മനസ്സിൽ സ്മരണകൾ അലയടിച്ചുയരും. ഭാസ്കരന്‍ അമ്മാവന്റെ കൂടെ മാരാര്ക്കു കോഴിയെ ഗുരുതി കൊടുക്കാന്‍ വന്നത്. ഗുരുതിക്കുശേഷം ജീവിതത്തില്‍ ആദ്യമായും അവസാനമായും ഒരിറക്ക് പുളിച്ച കള്ള് കുടിച്ചത്. മൂക്കു പൊത്താതെ വായോടു അടുപ്പിച്ചപ്പോൾ കള്ളിന്റെ വാടഗന്ധം ഓക്കാനിക്കാന്‍ പ്രേരിപ്പിച്ചു. കുടിക്കാതെ തന്നെ കള്ളൊഴിച്ച ചിരട്ട അമ്മാവനു തിരിച്ചുകൊടുത്തപ്പോൾ നേർത്ത ചിരിയോടെയുള്ള അമ്മാവന്റെ ആ പരുത്ത പരുത്ത ശബ്ദം.

“മാരാര്ടെ പ്രസാദാ. മൂക്കുപൊത്തി കൊറച്ച് കുടിച്ചോ“

ഭദ്രകാളി പ്രതിഷ്ഠക്കുമുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണുകളൾ അറിയാതെ ശ്രീകോവിലിലെ അനേകം വാളുകളിൽ ഏറ്റവും വലുതില്‍ നോട്ടമുടക്കും. ഉദ്ദിഷ്ടകാര്യം സാധിച്ചതിനു മുത്തച്ഛൻ ഭഗവതിക്കു വഴിപാട് കൊടുത്ത വാൾ. ചുവന്ന പട്ടുടുത്തു ചന്ദനംകൊണ്ട് അലങ്കരിച്ചിരിയ്ക്കുന്ന ദേവീവിഗ്രഹത്തിനു മുന്നില്‍ ധ്യാനനിരതനായി നിന്നശേഷം പിന്തിരിയുമ്പോള്‍ തിരുമേനിയുടെ അന്വേഷണവും മുടങ്ങാറില്ല.

“പിറന്നാളാണല്ലേ!”

എങ്ങിനെയറിഞ്ഞു. ആ ചിന്തയില്‍ അല്‍ഭുതത്തോടെയുള്ള അമ്പരപ്പ്. നമ്പീശന്റെ മുഖത്തു മന്ദഹാസം.

“അമ്മ ഇന്നലെ വന്ന്ണ്ടായിരുന്നു. വൈകീട്ട് പുഷ്പാജ്ഞലി കഴിച്ചു”

അതെ. അമ്മ എല്ലാം അറിയുന്നു. എല്ലാം ചെയ്യുന്നു.

ചെറിയ വഴുക്കലുള്ള തറയിലൂടെ ശ്രീകോവിലിനെ മൂ‍ന്നുവട്ടം വലംവച്ചു, പിന്നോക്കം നടന്നു ചുറ്റമ്പലത്തിൽനിന്നു പുറത്തിറങ്ങും. ഒരിക്കൽകൂടി മനമുരുകി പ്രാര്‍ത്ഥന. അമ്മേ ദേവീ കാത്തോളണേ. സിമന്റുവിരിച്ച പരുക്കൻ പ്രദക്ഷിണവഴിയിലൂടെ, ചുറ്റുമുള്ള നന്ത്യാര്‍വട്ടപ്പൂക്കളോടു കുശലം ചോദിച്ചു, ക്ഷേത്രത്തെ വലംചുറ്റുമ്പോള്‍ ഒരുവശത്തു കാറ്റിനോടു ശൃംഗരിച്ച് മന്ദമൊഴുകുന്ന പുളിക്കകടവ് പുഴ കാണാം. തിരക്കുകള്‍ എത്രയുണ്ടെങ്കിലും കാലുകള്‍ അങ്ങോട്ടു ചലിയ്ക്കും. ചെടികളും വള്ളികളും വളര്‍ന്നു കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ കല്‍‌പടവുകള്‍. ആ പടവുകളില്‍ ദിവസവും കുളിക്കാനിറങ്ങുന്ന അപൂര്‍വ്വമാളുകളുടെ കാലടികള്‍ നിരന്തരം പതിഞ്ഞു തെളിഞ്ഞ നേര്‍ത്ത ഒറ്റയടിപ്പാത. കാലടികള്‍ തെന്നാതെ കൊച്ചുകുട്ടിയേപ്പോലെ പതുക്കെ അടിവെച്ചു പുഴയിലേക്ക്. കുളിര്‍മ്മയുള്ള പുഴവെള്ളത്തിന്റെ തലോടല്‍. ചെറുമത്സ്യങ്ങള്‍ കണ്ണങ്കാലില്‍ കാണിക്കുന്ന വികൃതികള്‍. അവയൊക്കെ എന്റെ മനസ്സിനെ വല്ലാതെ ഉല്ലാസഭരിതമാക്കും. ഒരു കൈക്കുമ്പിളില്‍ വെള്ളമെടുത്തു നെറ്റിയിൽ ചന്ദനംപൂശിയിരിക്കുന്ന ഭാ‍ഗമൊഴിച്ചിട്ട് മുഖം കഴുകും.  കല്‍‌പടവിലെ നനവില്ലാത്ത ഏതെങ്കിലും ഭാഗത്തു കുറച്ചുസമയം പലതുമാലോചിച്ചു ഇരിക്കാൻ ഒരിക്കലും മറക്കാറില്ല. ആരെങ്കിലും കുളിക്കാന്‍ വരുമ്പോള്‍, അല്ലെങ്കില്‍ ഓര്‍മകള്‍ ശല്യപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ മാത്രം മടക്കയാത്രക്കായി എഴുന്നേല്‍ക്കും.

ഉച്ചക്കു അമ്മക്കും അച്ഛനും ചേട്ടനുമൊപ്പം ചോറും സാമ്പാറും പപ്പടവും കൂട്ടി ഊണ്. വൈകീട്ടു അയ്യങ്കോവ് ശാസ്താവിന്റെ നടയില്‍ പതിവുള്ള സന്ദര്‍ശനം. മൈക്കിലൂടെ അലകള്‍തീര്‍ത്തു വരുന്ന പഞ്ചവാദ്യത്തില്‍ ലയിച്ച് വിജുച്ചേട്ടനോടൊത്ത് അമ്പലക്കുളത്തിന്റെ കൈവരിയില്‍ നീണ്ടുനിവര്‍ന്നുള്ള ശയനം. പൂജകള്‍ കഴിഞ്ഞു ഹരിവരാസനം പാടി ശ്രീനിവാസസ്വാമി വാഴയിലക്കീറില്‍ കുറച്ച് നിവേദ്യപ്പായസം കൊണ്ടുവന്നു തരും. കുറച്ചു കഴിച്ച് ബാക്കിയുള്ളത് അമ്പലക്കുളത്തിലെ മത്സ്യങ്ങൾക്കു കൊടുക്കും. വീണ്ടും കൈവരിയിലേക്കു. മലര്‍ന്നു കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി…

ഇതൊക്കെയായിരുന്നു എന്റെ പിറന്നാള്‍ ദിനങ്ങളെ സജീവമാക്കിയിരുന്നത്. ഇവയെക്കൊണ്ട് സ‌മൃദ്ധമായിരുന്നു എന്നുമെന്റെ ജന്മദിനങ്ങള്‍. ഇപ്പോ എല്ലാം കൈമോശം വന്നു. തിരിച്ചു കിട്ടാനാവാത്തവിധം കൈമോശം വന്നു.

എന്തിനിപ്പോൾ ഇതൊക്കെ എഴുതി എന്നാണ് സുഹൃത്തുക്കളുടെ ചോദ്യമെങ്കില്‍ ഇതാ മറുപടി. നാളെ ഉപാസനക്ക് ‘മലയാള ബൂലോക‘ത്തു രണ്ടുവയസ്സ് തികയുന്നു. കഴിഞ്ഞുപോയ വർഷത്തിലും ജീവിതം എന്നത്തേയും പോലെ തിരിച്ചടികളാല്‍ സ‌മൃദ്ധമായിരുന്നു. നേട്ടങ്ങളുണ്ടെങ്കില്‍ അതു ബ്ലോഗിൽനിന്നു മാത്രവും. കുറച്ചു നല്ല സൌഹൃദങ്ങൾ. കുറച്ചു നല്ല സഹകരണങ്ങൾ. അങ്ങിനെയങ്ങിനെ നീളുന്നു ആ സന്തോഷാശ്രുക്കൾ.


Exit mobile version