Site icon The Writings of Sunil Upasana

ബാബുട്ടന്റെ പെണ്ണുകാണല്‍ – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ബാബുട്ടന്റെ പെണ്ണ്കാണല്‍ – 1 എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണിത്.

പതിനൊന്നു മണിയോടെ രണ്ടുപേരും മെയിൻ‌റോഡിനു സമീപം കണ്ണായ സ്ഥലത്തു സ്ഥിതിചെയ്യുന്ന പെണ്ണിന്റെ വീട്ടിലെത്തി. വണ്ടിയിൽ നിന്നിറങ്ങി പ്രൌഢിയോടെ തനിക്കുനേരെ നടന്നു വരുന്ന യുവാവിനെ കണ്ടപ്പോൾ തന്നെ ‘മകളെ ഗൾഫുകാരൻ കെട്ടിയാൽ മതി‘ എന്ന പെണ്ണിന്റെ അച്ഛന്റെ മനംമാറി. ഭാവിമരുമകനെ പിതാജി ഊഷ്മളാലിംഗനം ചെയ്തു.

ബാബുട്ടൻ ഭംഗിയായി ഈരിവച്ച തലമുടി പിതാജി വാത്സല്യത്തോടെ തലോടി അഴകൊഴമ്പനാക്കി. അതുമൂലം തന്റെ അപാരമായ ഭംഗി പോകുമോയെന്നു ഭയന്ന ബാബുട്ടൻ, പൂമുഖത്തേക്കു കയറി ആരുമില്ലാതിരുന്ന ഒരു വേളയിൽ കോലന്‍ചീപ്പെടുത്തു തലമുടിയും, സ‌മൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന ചെന്നിയിലെ മുടിയും വീണ്ടും ഭംഗിയായി ഈരിവച്ചു. അടുത്ത പടിയായി റിക്കി പോണ്ടിംഗിനേപ്പോലെ വലതു ഉള്ളംകയ്യിൽ തുപ്പി കൈത്തലങ്ങൾ തമ്മിലുരസി മാര്‍ദ്ദവമുള്ളതാക്കി. പിന്നെ തൂവാലകൊണ്ട് പൊടി തട്ടിക്കളഞ്ഞ് കസേരയിൽ ചെരിഞ്ഞിരുന്നു. ആ ഇരിപ്പിൽ പിള്ളേച്ചൻ അപാകത കണ്ടു.

“ദേ പെണ്ണ് ചായേം കൊണ്ട് വരാറായി. നീ ചെരിഞ്ഞിരിക്കാണ്ട് നേരെയിരി ബാബ്വോ”

ബാബുട്ടന്‍ നിസ്സഹായനായി കൈ മലര്‍ത്തി. “പിള്ളേച്ചാ രണ്ട് ദെവസായിട്ട് ചന്തീമെ മൂന്നു നാല് കുരു. നല്ല വേദനേണ്ട്”

പിള്ളേച്ചൻ ആശ്വസിപ്പിച്ചു. “സാരല്ല്യാ ബാബുട്ടാ. അത് മൊഖക്കുരുവായിരിക്കും”

സാന്ത്വനവചനം കേട്ടു ബാബുട്ടൻ ഞെട്ടി. രണ്ട് മുഖവും തപ്പിനോക്കി.

ചായപ്പാത്രം കയ്യിലേന്തി മൃദുമന്ദഹാ‍സം തൂകി മന്ദം അടുത്തുവന്ന പെണ്ണിനെ ബാബുട്ടൻ കണ്ണിമ അനക്കാതെ തുറിച്ച് നോക്കി. കല്യാണവീട്ടിൽ കണ്ട അതേ ഭാവം. അതേ താളം. ബാബുട്ടന്റെ നിയന്ത്രണം പോയി. വലതുകണ്ണ് ഇറുക്കി ഒരു മാരണ സൈറ്റ് അടിച്ചു. പിന്നെ ‘നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ മതി’ എന്നു ദ്യോതിപ്പിക്കും വിധം നാവ് പുറത്തേക്കു നീട്ടി മധ്യഭാഗം പല്ലുകൊണ്ടു കടിച്ചു. ഈവിധ തിരക്കുകള്‍ക്കിടയിൽ പ്ലേറ്റിൽ കായ ഉപ്പേരി അധികം കാണാത്തതിനാൽ പിള്ളേച്ചൻ മുറുമുറുത്തത് ബാബുട്ടൻ കേട്ടില്ല.

ചായകുടി കഴിഞ്ഞു അവസാന കടമ്പയായ പരസ്പര സംഭാഷണത്തിനായി ബാബുട്ടൻ മാനസികമായി തയ്യാറെടുത്തു. മന്ദമാരുതൻ ആവോളം വീശുന്ന തെക്കിനിയിലേക്കു ചെന്നപ്പോൾ അവിടെ മൃദുമന്ദഹാസം തൂകിനില്‍ക്കുന്ന സിന്ധുവിന്റെ ചുണ്ടിൽ ഈരടികളുടെ തിരയിളകൽ.

“കളരിവിളക്ക് തെളിഞ്ഞതാണോ…”
“കൊന്നമരം പൂത്തുലഞ്ഞതാണോ…”

തന്റെയടുത്തേക്കു സാവധാനം നടന്നു വരുന്ന ബാബുട്ടനെ സിന്ധു കാതരമായി നോക്കി. ആ നോട്ടമേറ്റു ബാബുട്ടന്റെ മുലക്കണ്ണിനു ചുറ്റുമുള്ള അഞ്ചാറു രോമങ്ങൾ കുളിരു കോരി, ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചു ലംബമായി എഴുന്നുനിന്നു. ഒരു നിമിഷം ശാസ്താവിനെ ധ്യാനിച്ച് പിള്ളേച്ചൻ പഠിപ്പിച്ച ആദ്യ ചോദ്യം ബാബുട്ടൻ ചെറിയ വിക്കലോടെ തൊടുത്തുവിട്ടു.

“സിന്ധു എവിട്യാ പ… പഠിച്ചെ?”

കിളിമൊഴിയിലായിരുന്നു മറുപടി. “ചാലക്കുടി പനമ്പിള്ളി കോളേജിലാ. ഡിഗ്രി വരെ. ബാബുച്ചേട്ടൻ എത്ര വരെ പഠിച്ചു?”

അയ്യോ! ചോദ്യം കേട്ടു വിവര്‍ണമായ മുഖം ടവ്വൽ കൊണ്ടു തുടക്കുമ്പോൾ ബാബുട്ടന്റെ തലയിൽ തലേന്നു മര്യാദാമുക്കിലിരിക്കുമ്പോൾ പിള്ളേച്ചൻ പറഞ്ഞു കൊടുത്ത താക്കീതുകളിൽ ഒന്ന് മുഴങ്ങി.

“ബാബ്വോ. അവള് നിന്റെ പഠിത്തക്കാര്യങ്ങള് എന്തെങ്കിലും ചോദിക്കാണെങ്കി അത് കേട്ടില്ലാന്ന ഭാവത്തീ നീ പെട്ടെന്നന്നെ അടുത്ത ചോദ്യം ചോദിക്കണം. അല്ലെങ്കി ഈ കല്യാണം നടക്കില്ല”

ബാബുട്ടന്‍ ഉടനെ അടുത്ത ചോദ്യത്തിലേക്കു കടന്നു. “സിന്ധു നന്നായിട്ട് കുക്ക് ചെയ്യോ?”

സിന്ധു ആവേശഭരിതായി. “ചെയ്യും ബാബുച്ചേട്ടാ. എനിക്ക് എല്ലാം പാചകം ചെയ്യാനറിയാം. പഷേ…”

“എന്ത് പക്ഷേ…”

സിന്ധു മടിച്ച് പറഞ്ഞു. “എനിക്ക് കുക്ക് ചെയ്യാൻ ഭയങ്കര മടിയാ. ഒരു സഹായി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.“

അവസാന വാചകത്തിൽ ബാബുട്ടൻ നടുങ്ങി. ചെവിയിൽ റാംജിറാവ് സ്പീക്കിങ്ങിലെ ആ പാട്ടു മുഴങ്ങി. പക്ഷേ മനസ്സിൽ ഉണ്ടായ സര്‍വ്വവികാരങ്ങളും ഒളിപ്പിച്ചു അവസാനം ഒരു നമ്പറങ്ങ് കാച്ചി.

“ഉം ഗുഡ്. വെരി ഗുഡ്”

ബാബുട്ടൻ അതു പറഞ്ഞതും അൽഭുതകരമായ ഒരു കാര്യം കേട്ടപോലെ സിന്ധു ആവേശഭരിതയായി.

“അയ്യോ ഇംഗ്ലീഷ്! ബാബുച്ചേട്ടന് ഇംഗ്ലീഷ് അറിയോ?”

ഇത്ര പെട്ടെന്നു ഇത്രയും കനത്ത പ്രതികരണം പ്രതീക്ഷിക്കാതിരുന്ന ബാബുട്ടൻ പിന്നോട്ടു മലച്ച് രണ്ടാമത്തെ മുറി ഇംഗ്ലിഷും പൊട്ടിച്ചു.

“വൈ നോട്ട്.“

സിന്ധുവിന്റെ കീഴടങ്ങൽ സമ്പൂര്‍ണമായി.

പെണ്ണുകാണലിന്റെ തലേദിവസം പിള്ളേച്ചനാണ് ബാബുട്ടനോടു പെണ്ണുകാണൽ പരിപാടിയിൽ ഇംഗ്ലീഷ് ഭാഷക്കുള്ള പ്രാധാന്യത്തെപ്പറ്റി പറയുന്നത്. കാര്യം കേട്ടപ്പോൾ ബാബുട്ടൻ ത്രില്ലടിച്ചു.

“പിള്ളേച്ചൻ ഏതെങ്കിലും പെണ്ണ്കാണലിന് ഇംഗ്ലീഷ് പറഞ്ഞണ്ടാ?”

“ഉണ്ടോന്നാ! ഹഹഹ. എന്റെ ബാബുട്ടാ ഇംഗ്ലീഷ് പറയാത്ത ഒരൊറ്റ പെണ്ണുകാണലും ഞാനിന്നേ വരെ നടത്തീട്ടില്ല. ഇംഗ്ലീഷിലാറാടിയ ഇരുപത്തിമൂന്ന് പെണ്ണുകാണലുകൾ! പക്ഷേ ഒരു കൊല്ലം മുമ്പ് ആ പരിപാടി ഞാൻ നിര്‍ത്തി”

“അതെന്തേ?” ബാബുട്ടൻ ആകാംക്ഷാഭരിതനായി.

“കഴിഞ്ഞ ഇടവത്തിനാ ഞാൻ പുളിയനത്തുള്ള പ്രതിഭയെ പെണ്ണുകാണാൻ പോയത്. പഴയ നായർ തറവാട്. പ്രതാപികളാ. എന്ന്വച്ചാ… പെണ്ണിന്റെ അച്ഛന്റെ പേര് പ്രതാപൻ. സഹോദരന്മാർ പ്രതീഷ്, പ്രദീപ്, പ്രഥമേഷ്., അങ്ങിനെ മൊത്തം പ്രതാപത്തിന്റെ അയ്യരുകളി. തൊഴുത്തിൽ പത്തോളം പശുക്കൾ, അഞ്ചേക്കർ തെങ്ങിൻതോപ്പ്. പഴയൊരു കോണ്ടസ കാർ. അപ്പോ നമ്മളും അതിന്റെ സ്റ്റാറ്റസ് വച്ച് സംസാരിക്കണ്ടേന്ന് കരുതി ഞാനൊന്നും ആലോചിക്കാണ്ട് പ്രതിഭേടെ അട്ത്ത് തൊടക്കത്തീ തന്നെ ഇംഗ്ലീഷ് പൊട്ടിച്ചു“

“ഈ പിള്ളേച്ചന്റൊരു ബുദ്ധി”

ബാബുട്ടന്റെ പ്രശംസ നിഷേധാർത്ഥത്തിലുള്ള തലയാട്ടലോടെ പിള്ളേച്ചൻ തള്ളിക്കളഞ്ഞു.

“സത്യത്തീ ഞാനൊരു നമ്പറിട്ട് നോക്ക്യതാ ബാബുട്ടാ. സുഭദ്രക്കു ഇംഗ്ലീഷ് വശാണോന്ന് അറിയാൻ ഒരു പൊടിക്കൈ പ്രയോഗം. പക്ഷേ കഷ്ടകാലത്തിന് അവൾ ഊട്ടീലെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതാന്ന് എനിക്ക് ഊഹിക്കാൻ പോലും പറ്റീല്യ”

“എന്നട്ട്..?”

“എന്നട്ടൊന്നൂല്യ. പ്രതിഭ ഒരു വെടിക്കെട്ടാ നടത്ത്യെ. അതിലൊരു ചില്ലിപ്പടക്കത്തിന്റെ റോളേ എനിക്കിണ്ടായിരുന്നൊള്ളൂ.“

എല്ലാം ഓര്‍ത്തു മിണ്ടാതിരിക്കുന്ന ബാബുട്ടനെ നോക്കി സിന്ധു വീണ്ടും ആരാഞ്ഞു.

“ബാബുച്ചേട്ടനു അപ്പോ ഇംഗ്ലീഷൊക്കെ നല്ല വശാണല്ലേ. സ്കൂളീ പഠിച്ച് നല്ല മാര്‍ക്കൊക്കെ ഇണ്ടെങ്കി പിന്നെന്തിനാ ഈ ടിപ്പറും ഓടിച്ച് നടക്കണെ?”

“വൈറ്റ് കോളർ പണിയേക്കാളും കൂടുതൽ കാശ് കിട്ടും ടിപ്പർ ലോറീ ഓടിച്ചാൽ. അതാ കാരണം“

ഒരു നിമിഷത്തിനു ശേഷം ബാബുട്ടൻ കൂട്ടിച്ചേര്‍ത്തു. “സിന്ധൂന് എന്നോടെന്തെങ്കിലും ചോദിക്കാണ്ടെങ്കി ആവാം”

കണ്ണിമകൾ പടപടാന്നനെ തുറന്നടച്ച് സിന്ധു ബാബുട്ടനെ ഒളികണ്ണിട്ടു നോക്കി. എന്തൊരു നല്ല സ്വഭാവം. എന്തൊരു പ്രതിപക്ഷ ബഹുമാനം. ചോദിക്കാൻ അനുവാദം കിട്ടിയതും മനസ്സിലെ ആകുലതകൾ വലിച്ചുവാരി പുറത്തിട്ടു.

“ബാബുച്ചേട്ടന്‍ കള്ള് കുടിക്ക്വോ?“

ബാബുട്ടന്റെ മനസ്സ് സന്തോഷം കൊണ്ടു വീര്‍പ്പുമുട്ടി. പ്രതീക്ഷിച്ച ചോദ്യം.

“ആര് ഞാനാ… കള്ളാ! ഹഹഹ. എന്റെ സിന്ധ്വോ, ദേ ഇന്ന്‌വരെ ഒര് തുള്ളി കഴിച്ചട്ടില്ല“

സിന്ധുവിന്റെ മുഖം അവിശ്വസനീയതയാൽ വിവര്‍ണമായി. “ബിയറോ”

അത് സോഫ്റ്റ് സാധനല്ലേ സിന്ധ്വോ. ഇടയ്ക്ക് അടിക്കാറ്ണ്ട്‘ എന്നു പറയാനാഞ്ഞ ബാബുട്ടനു പക്ഷേ കാര്‍ന്നോന്മാരുടെ അനുഗ്രഹത്താൽ പെട്ടെന്നു സ്ഥലകാല ബോധം വന്നു. പിന്നെ താമസിച്ചില്ല. അസഹ്യമായത് കേട്ട പോലെ രണ്ടു കാതും പൊത്തി.

“മദ്യം തൊട്ട്നോക്കണ പ്രശ്നല്ല്യാ സിന്ധ്വോ. വേറെന്ത് വേണോങ്കിലും പറഞ്ഞോ”

സിന്ധു ഉറപ്പിക്കാനായി ചോദിച്ചു. “സത്യാ…”

“ഓ അവൾ വീണു‘ എന്ന ഗൂഢസന്തോഷത്തോടെ ബാബുട്ടൻ അതെയെന്ന അര്‍ത്ഥത്തിൽ ആഞ്ഞു തലയാട്ടി. “ഇന്നേവരെ ആരോടും നൊണ പറയാത്ത ആളാ ഞാൻ. അതോണ്ട് സിന്ധു ഇങ്ങ്നൊന്നും പറേര്ത്”

“എന്നാ ബാബുച്ചേട്ടൻ കുടിച്ചട്ടില്ലാന്ന് വീട്ടുകാരെപ്പിടിച്ച് സത്യം ചെയ്യോ“

സംഗതികൾ അത്രയും പോകുമെന്നു ബാബുട്ടൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മ, ചേട്ടന്മാർ, പെങ്ങന്മാർ എല്ലാം ജീവനാണ്. പക്ഷേ പെട്ടെന്നു തോന്നിയ നമ്പറനുസരിച്ചു അകന്ന ബന്ധത്തിൽ ഉടക്കിലുള്ള ഒരാളെപ്പിടിച്ചു ബാബുട്ടൻ വെള്ളമടിച്ചിട്ടില്ലെന്നു സത്യം ചെയ്തു. പിന്നെ എന്തു ചെയ്യണമെന്നു ഒരുനിമിഷം ശങ്കിച്ചശേഷം ഫുള്‍കൈയ്യൻ ഷര്‍ട്ട് കൈമുട്ടിനു മുകളിലേക്കു തെറുത്തു കയറ്റി ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ അഞ്ചരക്കിലോയുടെ മസിൽ സിന്ധു കാണത്തക്ക വിധം പരമാവധി മുഴപ്പിച്ച് അലസമായി കൈകെട്ടി നിന്നു. സൂത്രത്തിൽ ഓട്ടക്കണ്ണിട്ടു നോക്കി. മസിലിനെ സിന്ധു ആദരവോടെ നോക്കുന്നതു കണ്ടതും ബാബുട്ടൻ ഒന്നുകൂടി ശ്വാസം ഉള്ളിലേക്കു ആഞ്ഞുവലിച്ച് കൈപ്പത്തിയുടെ പുറംഭാഗം കൊണ്ട് നന്നായി താങ്ങുകൊടുത്ത് മസിൽ വീണ്ടും വീര്‍പ്പിച്ചു.

“ബാബുച്ചേട്ടന്‍ ഒരു മസില്‍മാനാണല്ലോ“ സിന്ധു കമന്റടിച്ചു.

ഉള്ളിലേക്കു വലിച്ച ശ്വാസം നിയന്ത്രിതമായി പുറത്തുവിട്ട് ബാബുട്ടൻ പഴയ പടിയായി. പിന്നെ നമ്പറിട്ടു.

“സത്യത്തീ ഇതൊന്ന്വല്ലായിരുന്നു എന്റെ ബോഡി. പണ്ട് അഞ്ചുപേര് പിടിച്ചാ കിട്ടില്ലാരുന്നു എന്നെ. ഇപ്പോ വ്യായാമം നിര്‍ത്ത്യ കാരണം കൊറച്ച് മെലിഞ്ഞു“

“ആട്ടെ. സിന്ധൂന് ഇന്യെന്തെങ്കിലും ചോദിക്കാന്ണ്ടാ“

“ഉണ്ട്. ബാബുച്ചേട്ടന്റെ കൂടെ വന്നേക്കണത് ആരാ? ആ വെളുത്ത് കൊലുന്നനേള്ള ചേട്ടൻ”

ബാബുട്ടന്റെ മനസ്സിൽ അപായസൂചന ഉണർന്നു. സിന്ധുവിന്റെ മുഖത്തേക്കു നോക്കിയപ്പോൾ അവിടെ വല്ലാത്ത ഭാവമാറ്റം. എന്തോ അറിയാനായി ഭയങ്കര ആകാംക്ഷ പോലെ. പിള്ളേച്ചൻ നിസാരക്കാരനൊന്നുമല്ല. ഒരു ഒന്നൊന്നര മുതലാണ്. ബാബുട്ടന്റെ മനസ്സിൽ സംശയങ്ങളുടെ പെരുമഴ തുടങ്ങി. പെണ്ണുകാണലിനു കൂടെ വരാൻ തന്റെ നിര്‍ബന്ധത്തേക്കാൾ ഉപരി പിള്ളേച്ചനു വേറെയും ലക്ഷ്യങ്ങൾ ഇല്ലായിരുന്നോ? എന്തുകൊണ്ട് പിള്ളേച്ചൻ, മലേഷ്യയിലെ അളിയൻ കൊടുത്തു വിട്ട അത്തർ താനൊരു തുള്ളി ചോദിച്ചിട്ടും തരാതെ സ്വന്തം ദേഹത്തു മാത്രം പൂശി പെണ്ണുകാണലിനു ഒരുങ്ങിയത്? പിള്ളേച്ചന്റെ തലമുടിയിലെയും ചെവിയിലേയും ചെമ്പിച്ച കുറച്ചു രോമങ്ങൾ പെണ്ണുകാണലിന്റെ തലേന്നു ഡൈ ചെയ്തു കറുപ്പിച്ചതെന്തിന്? ഇതുപോലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. അവയ്ക്കൊടുവിൽ ബാബുട്ടൻ സിന്ധുവിന്റെ അന്വേഷണത്തിനു മറുപടി പറഞ്ഞു.

“ഓ അവനാ. അത് ഞാന്‍ വന്ന ട്രാൿസിന്റെ ഡ്രൈവറല്ലേ. എന്ന്‌വെച്ചാ പുള്ളീടെ വണ്ടിയൊന്ന്വല്ലാട്ടാ. ഇത് ഞാനും എന്റെ കൂട്ടുകാരനും കാശ് ഷെയറിട്ട് വാങ്ങീതാ”

“ബാബുച്ചേട്ടാ. അപ്പോ ആ ചേട്ടൻ ഒന്നും ചെയ്യണില്ലേ. പാവം.”

സഹതാപ തരംഗം ആഞ്ഞടിക്കുമോയെന്നു പേടിച്ചു ബാബുട്ടൻ അടുത്ത നമ്പറിട്ടു. “ഏയ്. എടക്ക് ഞാനെന്റെ ടിപ്പറീ കൊണ്ടോവാറ്‌ണ്ട്.”

ബാബുട്ടൻ പറഞ്ഞു നാവെടുത്തില്ല. അപ്പോഴേക്കും പിന്നിൽ‌നിന്നു ശബ്ദം. “എന്താത്. ഇത് വരെ പഞ്ചാരടിച്ച് കഴിഞ്ഞില്ലേ ബാബ്വോ?”

പിള്ളേച്ചൻ!‍ ഒരുവശത്തു നാണംകുണുങ്ങി നില്‍ക്കുന്ന സിന്ധുവിനെ കണ്ടപ്പോൾ അദ്ദേഹം പ്രത്യേക ഭാവത്തിൽ ചിരിച്ചു. ബാബുട്ടനെ പാടെ അവഗണിച്ചു ചോദ്യമെറിഞ്ഞു.

“എവിട്യാ പഠിച്ചെ സിന്ധൂ?”

ചോദിച്ചത് സിന്ധുവിനോടാണെങ്കിലും മറുപടി പറഞ്ഞതു ബാബുട്ടനാണ്. “പനമ്പിള്ളീലാ പിള്ളേച്ചാ. ബാക്ക്യൊക്കെ ഞാൻ പോവുമ്പോ പറയാം. വാ”

പെണ്ണുകാണൽ കഴിഞ്ഞു തിരിച്ചുപോകാൻ നേരം ബാബുട്ടനു വല്ലാത്ത വിഷമമായി. എന്തോ വിലപ്പെട്ട ഒന്ന് കൈമോശം വന്നപോലെ. ഇപ്പോൾ എല്ലാം ഒകെ ആണെങ്കിലും ഭാവിയിൽ സിന്ധുവിനു മനസാന്തരം വന്നാലോ എന്ന ചിന്തയിൽ ബാബുട്ടൻ വിവശനായി. ഒടുക്കം യാത്ര പറയാന്‍ നേരം കക്കാടിന്റെ ബാബുട്ടൻ വികാരവിക്ഷുബ്ദനായി പോട്ടക്കാരോടു കട്ടായം പറഞ്ഞു.

“സിന്ധ്വോ. നിയ്യ് എന്നെ കെട്ടില്ലേ. കെട്ടണം. ഇല്ലെങ്കി എന്റെ ജീവിതം കോഞ്ഞാട്ട ആവും. ഞാൻ ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം”

ബാബുട്ടന്റെ ഉഗ്രമായ താക്കീത്. പോട്ട കുടുംബക്കാർ നടുങ്ങി. പറമ്പിൽ ‍ചിക്കിച്ചികഞ്ഞ് നടക്കുകയായിരുന്ന പൂവൻ‌കോഴി ഉച്ചത്തിൽ കൊക്കിക്കരഞ്ഞു. വാഴയിലയിൽ വിരുന്ന് വിളിക്കാനിരുന്ന കാക്കകൾ ഒന്നൊഴിയാതെ പറന്നുപോയി. വക്കീൽ കാശൊഴിച്ച് ബാക്കി എന്തുപോയാലും കുലുങ്ങാത്ത പിള്ളേച്ചൻ മാത്രം കൂളായി ചിരിച്ചു.

കാലങ്ങൾ, വര്‍ഷങ്ങൾ പിന്നേയും കടന്നു പോയി. കക്കാട് പുല്ലാനി തോട്ടിലൂടെ പല തവണ മലവെള്ളം കയറിയിറങ്ങി. സിന്ധു ഇന്നു കക്കാട് ബാബുവിന്റെ സഹധര്‍മ്മിണിയും രണ്ട് ആണ്‍കൊച്ചുങ്ങളുടെ മാതാവുമാണ്. സ്വസ്ഥം. സുഖം.


കാലങ്ങൾ, വര്‍ഷങ്ങൾ പിന്നേയും കടന്നു പോയി. കക്കാട് പുല്ലാനിത്തോട്ടിലൂടെ ഒരുപാട് തവണ മലവെള്ളം കയറിയിറങ്ങി. സിന്ധു ഇന്നു കക്കാട് ബാബുവിന്റെ സഹധര്‍മ്മിണിയും രണ്ട് ആണ്‍കൊച്ചുങ്ങളുടെ മാതാവുമാണ്. സ്വസ്ഥം. സുഖം.


Exit mobile version