Site icon The Writings of Sunil Upasana

ചെറുവാളൂര്‍ ഗബ്രെസെലാസി

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ജനുവരിയിലെ തണുത്ത പ്രഭാതം. കാലത്തെഴുന്നേറ്റു പല്ലുതേച്ചു, അപ്പുക്കുട്ടൻ പത്രവായനക്കു പരമു മാഷിന്റെ പീടികയിലേക്കു നടന്നു. മുൻ‌പേജിൽ പ്രതീക്ഷിച്ച വാർത്ത തന്നെ. കരുണാകരൻ ഇൻ ആക്ഷൻ. തലക്കെട്ടിനു താഴെയുള്ള ചിത്രത്തിൽ കൊച്ചി മറൈൻ ‌ഡ്രൈവിലെ ജനസാഗരത്തെ സാക്ഷി നിർത്തി പീതാംബരക്കുറുപ്പ് ‘ഐ‘ ഗ്രൂപ്പിന്റെ ഉദയം തൊട്ടുള്ള കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് കത്തിക്കയറുന്നു. വേദിയുടെ മധ്യഭാഗത്തു, വലിയ കസേരയിൽ കുറുപ്പിന്റെ വെടിക്കെട്ട് ആസ്വദിച്ചു കേരള രാഷ്ട്രീയത്തിലെ ലീഡർ, സ്വതസിദ്ധ രീതിയിൽ കണ്ണിറുക്കിച്ചിരിച്ച് ഇരിക്കുന്നു. രാഷ്ട്രീയത്തിൽ തൽ‌പരനല്ലാത്തതിനാൽ വാർത്ത ഒന്നോടിച്ചു നോക്കി അപ്പുക്കുട്ടൻ കായികം പേജിലേക്കു പറന്നു. അവിടെ അൽഭുതപ്പെടുത്തുന്ന തലക്കെട്ട്.

വീണ്ടും സെലാസി!

അറ്റ്ലാന്റ ഒളിമ്പിൿസിൽ പതിനായിരം മീറ്ററിൽ ഏത്യോപ്യയുടെ ഹെയ്‌ലി ഗബ്രസെലാസി ഫൈനലിൽ എത്തിയെന്നതായിരുന്നു കായികം പേജിലെ പ്രധാനവാർത്ത. ഈ കൊല്ലത്തെ സെലാസിയുടെ നാലാമത്തെ ഫൈനലാണത്രെ. പങ്കെടുത്ത എല്ലാ മീറ്റിലും ഒന്നാമത്. ഇപ്പോൾ ഒളിമ്പിൿസിലും. അപ്പുക്കുട്ടൻ കുറച്ചു നാളുകളായി സെലാസിയുടെ ആരാധകനാണ്. ദരിദ്രരാജ്യങ്ങളായ ഏത്യോപ്യയെയും കെനിയയേയും മറ്റും ലോക‌ അത്‌ലറ്റിക്സ് ഭൂപടത്തിൽ രേഖപ്പെടുത്തുന്നത് അവരുടെ ദീർഘദൂര ഓട്ടക്കാരാണ്. മെലിഞ്ഞ കാലുകളും ശരീരവും പ്രദർശിപ്പിച്ചു സെലാസിയും കൂട്ടരും ഓടുമ്പോൾ അതിനു പ്രത്യേക ലക്ഷ്യമുണ്ട്. വിജയിയായ ശേഷം ആരാധകർക്ക് ചുംബനം എറിഞ്ഞു കൊടുക്കുമ്പോഴും തന്റെ രാജ്യത്തിന്റെ അവസ്ഥയോർത്തു സെലാസി വേദനിക്കുന്നുണ്ടായിരിക്കണം. പ്രതികൂല അവസ്ഥകളോട് പോരടിച്ച്‌ വന്നു വിജയിയാകുന്ന സെലാസിക്ക് അപ്പുക്കുട്ടന്റെ മനസ്സിൽ തികഞ്ഞ ഹീറോ പരിവേഷമായിരുന്നു. പത്രവായന കഴിഞ്ഞു വീട്ടിലെത്തി കുളിച്ച് അപ്പുക്കുട്ടൻ സ്കൂളിലേക്കു നടന്നു.

ക്ലാസിൽ എത്തുന്നതിനു മുമ്പേ, സ്കൂൾ ഗ്രൗണ്ടിൽ കുമ്മായം കൊണ്ടു ട്രാക്ക് വരയ്ക്കുന്നവരെ കണ്ടു. നാളെ മുതൽ രണ്ടു ദിവസം സ്കൂൾ സ്‌പോർട്‌സ് ഡേ ആണ്. ഒളിമ്പിൿസിനു ഇടയിൽ തന്നെ സ്കൂൾ കായികദിനവും. അതിനൊരു പ്രത്യേക ത്രിൽ തോന്നി. ക്ലാസ്സിൽ കയറണ്ടെന്നു തീരുമാനിച്ച് അപ്പുക്കുട്ടൻ ട്രാക്ക് വരക്കുന്നവർക്കു അരികിലേക്കു നടന്നു.

വാളൂർ സ്കൂൾ ഗ്രൗണ്ടിനു മൂന്ന് ഫുട്‌ബോൾ മൈതാനങ്ങളുടെ വിസ്താരമുണ്ട്. മൈതാനത്തിന്റെ, പിഷാരത്ത് അമ്പലത്തിനോട് ചേർന്ന ഭാഗം ‘ബ്രദേഴ്‌സ്’ ഫുട്ബാൾ ടീമിന്റെ ഹോം ഗ്രൌണ്ട് ആണ്. മറുഭാഗത്തു ക്രിക്കറ്റ് ഗ്രൗണ്ടും, വോളിബോൾ – ബാസ്കറ്റ് ബോൾ കോർട്ടുകളും. ക്രിക്കറ്റ് കളി മാത്രമേ സജീവമായുള്ളൂ. ക്രിക്കറ്റ് കളിക്കുന്നവരിൽ പ്രധാനികൾ കുലയിടത്തെ ബ്ലൂമാക്സ് ടീമംഗങ്ങളാണ്. മഴയായാലും മഞ്ഞായാലും എല്ലാ ശനിയും ഞായറും വെളുപ്പിനു ആറുമണി മുതൽ പത്തുമണി വരെ അവർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമെന്നത്, സൂര്യന്‍ കിഴക്കുദിക്കുന്നു എന്ന പോലെ സുനിശ്ചിതമാണ്. വേനലവധിക്കു അഖില കേരള ക്രിക്കറ്റ് ടൂർണമെന്റും ഗ്രൌണ്ടിൽ സംഘടിപ്പിക്കാറുണ്ട്. കെങ്കേമമായി തന്നെ. തുടർച്ചയായ ദിവസങ്ങളിൽ കളികൾ നടത്തുന്നതിനു പകരം ശനി, ഞായർ ദിവസങ്ങളിൽ മാത്രമേ കളികൾ ഉണ്ടാകൂ. അതിനാൽ ടൂർണമെന്റിന്റെ ദൈർഘ്യം രണ്ടു മാസമാണ്. ക്രിക്കറ്റ് ഗ്രൌണ്ടിന്റെ ഒരു വശത്താണ് വോളിബോൾ, ബാസ്കറ്റ്‌ബോൾ കോർട്ടുകൾ. സൗകര്യമുണ്ടെങ്കിലും ആരും ഈ ഗെയിമുകൾ കളിക്കാറില്ല. ഫുട്ബാളിൽ നിന്നു യുവാക്കളുടെ ശ്രദ്ധ മാറാതിരിക്കാൻ വോളിബോൾ കളിക്കു അപ്രഖ്യാപിത വിലക്കുണ്ട്. വാളൂരിന്റെ പ്രധാന വിനോദം ഫുട്‌ബോൾ ആണ്. കുലയിടത്തിന്റേത് ക്രിക്കറ്റും.

മൈതാനത്തിൽ ട്രാക്ക് വരയ്ക്കാൻ മുപ്പതോളം പേരുണ്ട്. മൂന്നു സംഘങ്ങളായി വേർതിരിഞ്ഞാണ് പണി. ഗ്രൗണ്ടിലുള്ളവർക്കു നിർദ്ദേശങ്ങളുമായി സന്തോഷ് സാർ എല്ലായിടത്തും ഓടി നടക്കുന്നു. ആറടിയോളം ഉയരമുള്ള ഒരു ചുള്ളനാണ് സന്തോഷ് സാർ. കട്ടിമീശ. നടന്‍ മുരളിയെപ്പോലെ കനത്ത ശബ്ദം. ടിപ്‌ടോപ് വേഷം. ഒരു മിനിറ്റിൽ ഒരു തവണയെങ്കിലും കൈകൊണ്ട് ബെല്‍റ്റ് തപ്പി നോക്കും, എല്ലാം ഭദ്രമല്ലേ എന്നറിയാന്‍. വസ്ത്രധാരണത്തില്‍ നല്ല ശ്രദ്ധയാണ്.

വെയിലത്ത് നടന്ന് തളർന്നപ്പോൾ, പുളിച്ചുവട്ടിൽ ഇരിക്കുന്ന അപ്പുക്കുട്ടനും സംഘത്തിനും അടുത്തേക്കു സന്തോഷ് സാർ വന്നു. ഒരു തണുത്ത സോഡ കുടിച്ച്, മുഖം കഴുകി. പുളിച്ചുവട്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ചാരിനിന്ന് സാർ ചോദിച്ചു.

“അപ്പു ഏതു ഹൗസിലാ?”

സാർ ചോദിക്കാൻ പ്രത്യേക കാരണമുണ്ട്. സബ് ജൂനിയർ ബോയ്സിലെ 100, 200, 400 എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ഉറപ്പുള്ള മൽസരാർത്ഥിയാണ് അപ്പുക്കുട്ടൻ. ഹൗസിനു പത്തു പോയിന്റെങ്കിലും നേടിക്കൊടുക്കുമെന്നു ഉറപ്പിച്ചു പറയാവുന്ന അത്‌ലറ്റ്.

അപ്പുക്കുട്ടൻ പറഞ്ഞു. “യെല്ലോ ഹൗസ്”

ബൈക്കിന്റെ മിററില്‍ സ്വന്തം സൌന്ദര്യം ആസ്വദിച്ച് സാർ പ്രവചിച്ചു.

“ഇത്തവണ ട്രോഫി കിട്ടാന്‍ കൂടുതൽ സാദ്ധ്യത യെല്ലോവിനാണ്… രാജീവനില്ലേ!”

അപ്പുക്കുട്ടൻ ശരിയാണെന്നു തലയാട്ടി. കുറച്ചു സമയം വിശ്രമിച്ച ശേഷം സാർ വീണ്ടും ഗ്രൗണ്ടിലിറങ്ങി.

കഴിഞ്ഞ ആഴ്ചയാണ് സ്പോർട്സ് ഡേയ്ക്കു കുട്ടികളെ തിരഞ്ഞെടുക്കാൻ ഹൗസ്‌ ക്യാപ്റ്റന്‍‌മാരെയും കൂട്ടി സന്തോഷ് സാർ ക്ലാസിൽ വന്നത്. റെഡ്‌ ഹൗസിന്റെ ജോജുവും, യെല്ലോ ഹൗസിന്റെ രാജീവനുമായിരുന്നു പ്രധാന ക്യാപ്റ്റന്മാർ. ആദ്യ ഊഴത്തിൽ ജോജു ക്ലാസിലെ സീനിയറായ കക്കാട് സുധീഷിനെ വിളിച്ചു. രാജീവൻ ആദ്യത്തെ വിളിയിൽ അപ്പുക്കുട്ടനേയും. പത്ത് പോയന്റിന്റെ മൂല്യം.

കഴിവും കരുത്തുമുള്ള ക്യാപ്റ്റന്റെ ടീമിൽ അംഗമാവുക ഏതൊരു അത്‌ലറ്റിന്റേയും സ്വപ്നമാണ്. അത് സഫലമായതിൽ അപ്പുക്കുട്ടൻ സന്തോഷിച്ചു. കാരണം വാളൂർ – പുളിക്കകടവ് ബസ്‌സ്റ്റോപ്പിനടുത്തു താമസിക്കുന്ന രാജീവൻ ചെറുവാളൂർ ഹൈസ്കൂളിന്റെ ഗബ്രെസെലാസിയാണ്. അതുവഴി വാളൂർ ദേശത്തിന്റെ രോമാഞ്ചമാണ്. സ്പോര്‍ട്സ് ഡേയിലെ പ്രധാന ദീര്‍ഘദൂര ഇനങ്ങളായ 3000, 5000, 8000 മീറ്റർ എന്നിവയ്‌ക്കു മത്സരിക്കാൻ രാജീവന്‍ പേര് കൊടുക്കുന്നതോടെ ആ ഇനത്തിലെ വിജയിയുടെ പേരിന്‌ നേരെ ’രാജീവന്‍’ എന്ന് സന്തോഷ് മാഷ് മെഡല്‍ പട്ടികയില്‍ എഴുതിച്ചേർക്കും. ഒന്നാം സ്ഥാനത്തിനുള്ള മൽസരം വെറും ചടങ്ങാണെന്നു അറിയാവുന്ന മറ്റു മൽസരാർത്ഥികൾ മനസ്സിലും രാജീവന്റെ പേര് കുറിച്ച് വയ്‌ക്കും.

വലിയ പുഷ്ടിയില്ലാത്ത ഒതുങ്ങിയ, എന്നാൽ ഫുട്ബാൾ കളിച്ച് ഉറച്ച ശരീരം. ‘ബ്രദേഴ്സ്’ ഫുട്‌ബാൾ ടീമിന്റെ വിശ്വസ്തനായ ഫോർവേഡ്. സംസാരിക്കുമ്പോൾ ചിരിക്കുന്നെന്നു തോന്നിക്കുന്ന സംഭാഷണശൈലി. മറ്റുള്ളവരുമായി പെട്ടെന്നു പരിചയത്തിൽ ആകാത്ത പ്രകൃതം. ഇതൊക്കെയാണ് വാളൂരിന്റെ രാജീവൻ.

കായികദിനത്തില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ മാത്രമാണ് രാജീവന്‍ മത്സരിക്കുക. ആരാണ് വിജയിയാവുകയെന്ന് നന്നായി അറിയാവുന്ന മറ്റ് മത്സരാർത്ഥികൾ രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് പോരടിക്കുക.

ഒരു അത്‌ലറ്റിന്റെ രൂപഭാവങ്ങള്‍ ഒന്നുമില്ലാത്ത കക്കാട് ആശാന്‍‌വീട്ടില്‍ ഉണ്ണികൃഷ്ണന്‍, രാജീവനെ തറ പറ്റിക്കുമെന്നു എല്ലാ കൊല്ലവും ആണയിടാറുള്ള കുലയിടം ദേവസ്സി, സ്പ്രിന്റ് ഇനങ്ങളിൽ ഏകദേശം രാജീവനു സമതുല്യനായ ജോജു, നടൻ സോമനെപ്പോലെ വീതുളി കൃതാവ് മുഖമുദ്രയാക്കിയ ദിലീപൻ, പൊക്കം കുറവാണെങ്കിലും ഹൃസ്വദൂര സ്പ്രിന്റ് ഇനങ്ങളിലെ താരമായ രാജേഷ്.,  ഇവരാണ് രാജീവന്റെ സ്ഥിരം ഓട്ടസഹയാത്രികര്‍. ഇവരിൽ ദേവസ്സിയും ജോജുവും രാജീവനു വെല്ലുവിളി ഉയർത്താൻ കെൽപ്പുള്ളവരാണ്. തന്റെ ദിവസം ആണെങ്കിൽ ദിലീപൻ രണ്ടാം സ്ഥാനം വരെ നേടും. ഹൃസ്വദൂര ഇനങ്ങളിലെ ‘ഫ്ലയിങ് ബുള്ളറ്റ്’ രാജേഷിനു പക്ഷേ അതേ മികവ് ദീർഘദൂര ഇനങ്ങളിൽ ഇല്ല. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ആശാൻവീട്ടിൽ ഉണ്ണികൃഷ്ണൻ. അപൂർവ്വ ജനുസായ അദ്ദേഹത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

രാജീവനും മറ്റുള്ളവരും ഓട്ടമത്സരം പൂര്‍ത്തിയാക്കി, പുളിമരത്തിന്റെ ചുവട്ടിൽ സോഡ കുടിച്ച് വിശ്രമിക്കുമ്പോഴും ഉണ്ണികൃഷ്ണന്‍ 5000 മീറ്ററിന്റെ മുക്കാൽ ഭാഗം മാത്രമേ ഓടിയെത്തിയിരിക്കുള്ളൂ!

അതാണ് കക്കാടിന്റെ ഉണ്ണികൃഷ്ണൻ. 5000 മീറ്ററും ഓടി പൂര്‍ത്തിയാക്കണമെന്നല്ലാതെ മത്സരത്തിലെ ആദ്യമൂന്നു സ്ഥാനങ്ങള്‍ ആരു നേടിയാലും ഉണ്ണിക്ക് ഒരു ചുക്കുമില്ല. സമ്മാനങ്ങള്‍ക്കും പ്രശംസാ വാക്കുകള്‍ക്കും അപ്പുറത്ത് കറകളഞ്ഞ സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റിന്റെ പര്യായമാണ് ഇദ്ദേഹം. ഉണ്ണികൃഷ്ണന്റെ ഏറ്റവും വലിയ പിന്തുണ സന്തോഷ് സാറല്ലാതെ മറ്റാരുമല്ല. മറ്റുള്ളവരെല്ലാം മൽസരം പൂർത്തിയാക്കിയ ശേഷവും, ട്രാക്കിലൂടെ ഉണ്ണി ഒറ്റക്ക് ഓടുമ്പോള്‍ സാർ ബാവയുടെ കടയില്‍‌നിന്ന് സോഡ വാങ്ങി കൊടുക്കും. ഏകനായി ഓടുന്ന ഉണ്ണിയുടെ കൂടെ കുറച്ച് സമയം എന്തെങ്കിലും തമാശ പൊട്ടിച്ച് ഓടാനും സാര്‍ തയ്യാര്‍!

എല്ലാ കൊല്ലവും, ദീര്‍ഘദൂര ഇനങ്ങളില്‍ മത്സരിച്ചിട്ടും ഒരിക്കല്‍പോലും സമ്മാനം നേടാതിരുന്ന ഉണ്ണികൃഷ്ണനെ സ്കൂളിലെ പല കുട്ടികളും അതിന്റെ പേരില്‍ കളിയാക്കാറുണ്ടായിരുന്നു. പക്ഷേ ഉണ്ണികൃഷ്ണനു ലഭിച്ച സമ്മാനം വാളൂര്‍സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കും അന്നുവരെ ലഭിച്ചിട്ടില്ലാത്ത ഒന്നായിരുന്നു; എല്ലാ വിദ്യാര്‍ത്ഥികളും കരസ്ഥമാക്കാന്‍‍ കൊതിച്ചിരുന്ന ഒന്നായിരുന്നു.

ഉണ്ണികൃഷ്ണന്റെ അവസാന വര്‍ഷത്തെ സ്കൂള്‍ വാര്‍ഷികത്തിലാണ് എല്ലാം സംഭവിച്ചത്. പഠനത്തില്‍ ആവരേജ് ആയിരുന്ന ഉണ്ണിക്ക് പതിവ്പോലെ കായിക‌ ഇനങ്ങളിലും സമ്മാനം ഇല്ലായിരുന്നു. എന്നിട്ടും സ്റ്റേജിനടുത്ത് ഉണ്ടാകണമെന്നു സന്തോഷ്‌ സാർ ആവശ്യപ്പെട്ടപ്പോള്‍ ഉണ്ണി അമ്പരന്നു.

കായിക ഇനങ്ങളുടെ സമ്മാനദാനം കഴിഞ്ഞ് സന്തോഷ്‌ സാർ മൈക്ക് കയ്യിലെടുത്ത്, ഘനഗംഭീര ശബ്ദത്തില്‍ എല്ലാവരേയും അഭിസംബോധന ചെയ്തു.

“പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ, അദ്ധ്യാപകരെ, രക്ഷാകര്‍ത്താക്കളെ… വാളൂര്‍ സ്കൂളിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു വിദ്യാര്‍ത്ഥിക്കും കൊടുത്തിട്ടില്ലാത്ത ഒരു കായികസമ്മാനം ഇക്കൊല്ലം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഞാന്‍ നിങ്ങളെ സന്തോഷപൂര്‍വം അറിയിക്കുകയാണ്. ഈ പുതിയ പ്രൈസ് ഇനിയുള്ള എല്ലാ വര്‍ഷവും നല്‍കിപ്പോരാന്‍ തീരുമാനിച്ചിരിക്കുന്ന ഒന്നല്ല. അര്‍ഹതയുള്ളവരുണ്ടെങ്കില്‍ മാത്രമേ ഈ പ്രൈസ് തുടര്‍ന്നും നല്‍കേണ്ടതുള്ളൂ എന്നാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം”.

“ഇക്കൊല്ലത്തെ കായികദിനത്തിൽ പലരും ഉന്നത നിലവാരം പുലര്‍ത്തിയെന്നത് ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം എടുത്തു പറയുന്നു. അതോടൊപ്പം തന്നെ പരാമര്‍ശിക്കേണ്ടതാണ് പങ്കെടുത്തവരുടെ അര്‍പ്പണ മനോഭാവവും കാഴ്ചപ്പാടുകളും. മത്സരങ്ങളില്‍ പങ്കെടുക്കുകയും പ്രൈസ് കിട്ടിയില്ലെങ്കിലും മത്സരത്തെ അതിന്റെ സമഗ്രതയില്‍ സമീപിച്ച് മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച ചിലരെ ഞാന്‍ ഇവിടെ ബഹുമാനപൂര്‍വം സ്മരിക്കുന്നു… ഇതൊക്കെ മുന്‍‌നിര്‍ത്തിക്കൊണ്ട് കൊണ്ട് സ്കൂള്‍ അധികൃതര്‍ ഈ വര്‍ഷവും, മുന്‍‌വര്‍ഷങ്ങളിലും തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് പ്രദര്‍ശിപ്പിച്ച, പ്രദര്‍ശിപ്പിക്കാറുള്ള വിദ്യാര്‍ത്ഥിക്ക് ഒരു പ്രശസ്തിപത്രം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ‘ബെസ്റ്റ് സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രസ്തുത അവാര്‍ഡിന്, പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ഷത്തില്‍ തന്നെ അര്‍ഹനായിരിക്കുന്നത് പത്താം ക്ലാ‍സ്സ് ബിയിലെ ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ ആണ്. ഉണ്ണിയെ ഞാന്‍ ഈ വേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു.”

ഫെബ്രുവരിയിലെ തണുത്ത രാവിൽ, ചെറുവാളൂര്‍ ഗ്രൌണ്ടില്‍‍ തിങ്ങിനിറഞ്ഞ ജനങ്ങളെ ആവേശത്തിലാക്കി, മൈതാനത്തിന്റെ അവിടവിടങ്ങളില്‍ നിന്ന് ആശാന്‍‌വീട്ടില്‍ ഉണ്ണികൃഷ്ണനായി അഭിവാദ്യങ്ങള്‍ മുഴങ്ങി!

ഉണ്ണികൃഷ്ണൻ വേദിയില്‍ കയറി. സന്തോഷ്‌ സാറിനെ ആലിംഗനം ചെയ്‌ത ശേഷം ട്രോഫി ഏറ്റുവാങ്ങി. ഉണ്ണികൃഷ്ണന്റേയും വാളൂര്‍സ്കൂളിന്റേയും ചരിത്രത്തിലെ ഒരു അസുലഭനിമിഷം.

‘എങ്ങിനെ എല്ലാ തവണയും ഒന്നാമതെത്തുന്നു‘ എന്ന് ചോദിച്ചാല്‍ രാജീവന്റെ പക്കല്‍ ഉത്തരം റെഡിയാണ്.

“സ്റ്റാമിന… പിന്നെ ടൈമിങ്ങ്”

ടൈമിങ്ങിനെപ്പറ്റിയുള്ള രാജീവന്റെ അവകാശവാദങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം മത്സരത്തിന്റെ തുടക്കത്തില്‍ രാജീവന്‍ ഓടിത്തുടങ്ങുന്നത് വളരെ മെല്ലെയാണ്. ആദ്യത്തെ രണ്ട് റൌണ്ട് കഴിയുമ്പോഴും മറ്റുള്ളവരിൽ നിന്ന് അല്പം പുറകിലായിരിക്കും പുള്ളി. പക്ഷേ മത്സരം മുറുകുന്തോറും സാവധാനം ശക്തിയാര്‍ജ്ജിച്ച് ഓരോരുത്തരെയായി പിന്തള്ളും. പത്ത്മിനിറ്റ് ഇടവേളകളില്‍ ആരെങ്കിലും എത്തിക്കുന്ന സോഡ ഓടുന്നതിനിടയില്‍ കുറച്ച് കുടിച്ച് ബാക്കി തലയില്‍ കമഴ്ത്തും. ചിലപ്പോള്‍ രാജീവന്‍ കൈകളുയര്‍ത്തി മൈക്ക്‍സെറ്റില്‍ പാട്ടിടാന്‍ സന്തോഷ്‌മാഷിന് സിഗ്നല്‍ കൊടുക്കും. പിന്നെ പാട്ട് ആസ്വദിച്ചാണ് ഓട്ടം.

“ചുമ്മാ ചുമ്മാ ദേ ദേ ചുമ്മാ…“

സ്ഥിരമായി കൂടെ ഓടാറുള്ള ഉണ്ണിയെയും ദേവസ്സിയേയും പാസ് ചെയ്യുന്നതിന് മുമ്പ് അവരുമൊന്നിച്ച് രാജീവന്‍ അര റൌണ്ട് ദൂരം കുശലം പറഞ്ഞ് ഓടും. ഇങ്ങിനെ എല്ലാവരേയും ചിരിച്ച്കൊണ്ട് ഇല്ലാതാക്കിയാണ് രാജീവന്‍ മത്സരം പൂര്‍ത്തിയാക്കുക.

കാലാകാലങ്ങളായി വാളൂര്‍സ്കൂളിലെ ദീര്‍ഘദൂര ഇനങ്ങള്‍ ഇത്തരത്തിലാണ് നടക്കുക പതിവ്. എല്ലാ കൊല്ലവും രാജീവന്‍ എന്ന ഗബ്രെസെലാസി വിജയി. സ്കൂളിലെ പ്രധാനികളായ ദേവസ്സിയും ജോജുവും അനിരുദ്ധനും പഠിച്ച പണികളെല്ലാം പയറ്റിയിട്ടും, കനത്ത വെല്ലുവിളികൾ അല്ലാതെ, രാജീവനെ തോല്പിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അക്കൊല്ലം ചില അൽഭുതങ്ങൾ കാലം കാത്തുവച്ചിരുന്നു.

എല്ലാ അധ്യയന വർഷത്തിന്റെ ആരംഭത്തിലും, പല പല കാരണങ്ങളാൽ മറ്റു സ്കൂളുകളിൽ നിന്ന് കുറച്ചു വിദ്യാർത്ഥികൾ വാളൂർ സ്കൂളിൽ ചേരാൻ എത്തുമായിരുന്നു. അഞ്ച്, എട്ട് ക്ലാസുകളിൽ ചേരാൻ എത്തുന്നവരുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കുമെങ്കിലും മറ്റു ക്ലാസുകളിൽ എത്തുന്നവർ രണ്ടോ മൂന്നോ മാത്രമായിരിക്കും. ഇപ്രകാരം പാലിശ്ശേരി സ്കൂളിൽ നിന്നു ഒമ്പതാം ക്ലാസിൽ ചേരാൻ അക്കൊല്ലം ഒരു പുതിയ വിദ്യാർത്ഥി എത്തിയിരുന്നു. പേര് സന്തോഷ്. പുളിക്കക്കടവ് സ്വദേശി. സ്കൂൾ മാറി വരുന്ന വിദ്യാർത്ഥികൾ പുതിയ സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും മറ്റും സമയമെടുമല്ലോ. ഇവിടേയും അത് സംഭവിച്ചു. തികഞ്ഞ അത്ലറ്റ് ആയിരുന്ന സന്തോഷിന്റെ കഴിവിനെ ആരും തിരിച്ചറിഞ്ഞില്ല. അദ്ദേഹമാകട്ടെ അല്പം അന്തർമുഖനും ആയിരുന്നു.

ഹൗസ് ക്യാപ്റ്റന്മാർ കുട്ടികളെ തിരഞ്ഞെടുക്കുമ്പോൾ സന്തോഷിനെ വിളിച്ചത് റെഡ് ഹൗസിലെ ജോജു ആയിരുന്നു. അതാകട്ടെ സന്തോഷിന്റെ പ്രാഗൽഭ്യം അറിയാതെ, അവസാനം ബാക്കി വന്ന കുട്ടികളെ അലസമായി വിളിക്കുന്നതിനു ഇടയിൽ യാദൃശ്ചികമായി സംഭവിച്ചതുമാണ്. സന്തോഷ് 5000 മീറ്റർ ഓട്ടത്തിനു പേരു കൊടുത്തതും ആരും ശ്രദ്ധിച്ചില്ല. ഇനി ശ്രദ്ധിച്ചിരുന്നെങ്കിൽ തന്നെയും കാര്യമായി എടുക്കുകയുമില്ല. അങ്ങിനെയാണല്ലോ ദീർഘദൂര മൽസരങ്ങളുടെ ചരിത്രം.

പിറ്റേന്നു, സ്പോര്‍ട്സ് ഡേ ദിവസം. പതിവുപോലെ 200 മീറ്ററിൽ അപ്പുക്കുട്ടൻ ഒന്നാമതെത്തി. 100, 400 ഇനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു. പതിനൊന്ന് വിലപ്പെട്ട പോയന്റുകള്‍ യെല്ലോ ഹൌസിന് സമ്മാനിച്ച അപ്പുക്കുട്ടനെ രാജീവൻ തമ്പ്‌സ് അപ് സിഗ്നൽ കാണിച്ചു അഭിനന്ദിച്ചു.

ഉച്ചക്ക് ശേഷമാണ് ദീര്‍ഘദൂര ഇനമായ 5000 മീറ്റര്‍ ഡാഷ്. രാവിലെ നടന്ന 3000 മീറ്ററില്‍ രാജീവന്‍ വെന്നിക്കൊടി പാറിച്ചിരുന്നു. റെഡ്, യെല്ലോ ഹൌസുകള്‍ തമ്മില്‍ പോയന്റിലുള്ള വ്യത്യാസം നാമമാത്രമായതിനാല്‍ 5000 മീറ്റര്‍ ഇരുകൂട്ടര്‍ക്കും നിര്‍ണായകമായിരുന്നു. പക്ഷെ 5000 മീറ്റർ രാജീവന്റെ സ്ഥിരം ഇനമായിരുന്നതിനാല്‍ യെല്ലോ ഹൗസ് അംഗങ്ങൾ ആഘോഷങ്ങള്‍ തുടങ്ങി. അപ്പുക്കുട്ടനും യെല്ലോ ഹൗസിലെ മറ്റുള്ളവരും മാലപ്പടക്കം വാങ്ങാൻ തീരുമാനിച്ച്, അംഗങ്ങൾക്കിടയിൽ പൈസ പിരിവ് തുടങ്ങി. അപ്പോൾ രാജീവൻ അപ്പുക്കുട്ടനെ ഡ്രസ്സിംങ് റൂമിലേക്കു വിളിപ്പിച്ചു.

അപ്പുക്കുട്ടൻ എത്തുമ്പോൾ രാജീവൻ ഒരുകാല്‍ നിലത്തൂന്നി മറുകാല്‍ 90 ഡിഗ്രിയില്‍ കോണിൽ ജനാലയില്‍ വച്ച് തുടയുടെ എക്സര്‍സൈസ് ചെയ്യുകയാണ്. മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് മുഖത്ത് നിന്നു വായിക്കാം. അതിന്റെ കാരണമാകട്ടെ അപ്പുക്കുട്ടനു പിടികിട്ടിയുമില്ല.

രാജീവന്‍ ചെറിയ ചിരിയോടെ പറഞ്ഞു. “ആഘോഷമൊന്നും ഇപ്പോൾ പ്ലാൻ ചെയ്യണ്ട. മൽസരം കഴിയട്ടെ. എന്നിട്ട് നോക്കാം.”

അതെന്ത് പറച്ചിലാണ്! അപ്പുക്കുട്ടൻ അമ്പരന്നു. അത് കണ്ടാകണം കൂടുതൽ അന്വേഷിക്കാതെ തന്നെ രാജീവൻ കാര്യം വ്യക്തമാക്കി.

“റെഡ് ഹൌസിന് വേണ്ടി ഇത്തവണ ഉണ്ണികൃഷ്ണൻ മാത്രമല്ല ഓടുന്നത്. പുതിയ ഒരാളുമുണ്ട് – സന്തോഷ്. സീനിയർ ബോയ്സ് 400 മീറ്ററിൽ രണ്ടാമത് എത്തിയ ആൾ.”

”അതിനു..?”

“അതിന്…” രാജീവൻ കൈവള്ള നിവർത്തി വരകളിൽ കണ്ണോടിച്ച് പറഞ്ഞു. “സന്തോഷ് നന്നായി ഓടും. പുതിയ ആളായത് കൊണ്ട് ആർക്കും അറിയില്ലെന്ന് മാത്രം.”

രാജീവൻ അസ്വസ്ഥനായിരുന്നു. ജനൽകമ്പികൾക്കിടയിലൂടെ മൽസരാർത്ഥികളെ കാത്ത്, അങ്കത്തട്ട് പോലെ കിടക്കുന്ന ഗ്രൗണ്ടിലേക്ക് രാജീവന്‍ വെറുതെ നോക്കിനിന്നു. അപ്പോൾ മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ഉച്ചത്തില്‍ മുഴങ്ങി.

“സീനിയര്‍ ബോയ്സ് 5000 മീറ്റര്‍ ഡാഷ്. യെല്ലോ ഹൌസ്: രാജീവന്‍, ഗ്രീന്‍ ഹൌസ്: ദിലീപന്‍ ആൻഡ് ദേവസ്സി, റെഡ് ഹൌസ്: സന്തോഷ് ആൻഡ് ഉണ്ണികൃഷ്ണൻ, ബ്ലൂ ഹൗസ്: രാജേഷ്… മത്സരിക്കുന്നവര്‍ എത്രയും പെട്ടെന്ന് സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ എത്തിച്ചേരുക”

സ്റ്റാർട്ടിൽ ലൈനിൽ വച്ച് റെഡ് ഹൗസിൽ നിന്ന് തന്നെ കൂടാതെ വേറൊരാൾ കൂടി ഓടുന്നുണ്ടെന്നത് ഉണ്ണികൃഷ്ണൻ ശ്രദ്ധിച്ചു. അടുത്ത് ചെന്നു പരിചയപ്പെട്ടു. സന്തോഷ് ഹൃദ്യമായ ചിരിയോടെ സംസാരിച്ചു. ഉണ്ണികൃഷ്ണൻ മൽസരഫലം എങ്ങിനെയായിരിക്കും എന്നെല്ലാം പറഞ്ഞ്, രണ്ടാം സ്ഥാനം നേടാൻ കഴിയട്ടെ എന്ന് ആശംസിച്ചു. സന്തോഷ് നേരിയ ചിരിയോടെ അതും സ്വീകരിച്ചു.

‘Set Go’ വിളിക്ക് കാതോര്‍ത്ത് നില്‍ക്കുന്ന രാജീവനെ അപ്പുക്കുട്ടൻ ആശങ്കാകുലനായി നോക്കി. മൽസരം കടുക്കുമെന്ന ശങ്ക അദ്ദേഹത്തെ മാനസികമായി ഉലച്ചിട്ടുണ്ട്.

മൽസരം തുടങ്ങി. ആദ്യത്തെ രണ്ട് റൗണ്ട് എല്ലാ മൽസരാർത്ഥികളും ഏകദേശം ഒരുമിച്ചാണ് ഓടിയത്. മൂന്നാം റൗണ്ട് മുതൽ പതിവ് പോലെ രാജീവൻ ലീഡ് എടുത്ത് തുടങ്ങി. ഇനി സംഭവിക്കുക ഒരു റൗണ്ടിന്റെ ഫുൾ ലീഡ് ഓരോരുത്തർക്ക് എതിരെയും എടുത്ത ശേഷം രാജീവൻ അവരോടൊത്ത് വീണ്ടും ഒരുമിച്ച് ഓടുകയാണ്. കാര്യങ്ങൾ അതുപോലെ തന്നെ നീങ്ങി. ആദ്യം ഉണ്ണികൃഷ്ണനെ മറികടന്നു. അപ്പോഴേക്കും സോഡ എത്തി, മൈറ്റ് സെറ്റിലൂടെ പാട്ടും. രാജേഷിനെ മറികടക്കുകയായിരുന്നു അടുത്തത്. ദിലീപനും ദേവസ്സിയും നന്നായി ചെറുത്ത് നിന്നെങ്കിലും മൽസരം അവസാനിക്കാൻ മൂന്ന് റൗണ്ട് ബാക്കി നിൽക്കെ രാജീവൻ അവരേയും ഒരു റൗണ്ട് വ്യത്യാസത്തിൽ മറികടന്നു. അപ്പുക്കുട്ടനും സംഘവും ആശ്വസിച്ചു. അൽഭുതങ്ങൾ ഒന്നും ഇതുവരെ ഇല്ല. ഭീഷണി ആകുമെന്ന് കരുതിയ സന്തോഷ് ഇപ്പോഴും രാജീവനേക്കാൾ ഏകദേശം അര റൗണ്ട് പിന്നിലാണ്. മൽസരം അവസാനിക്കാറാകുമ്പോഴോ അതിനു മുമ്പോ സന്തോഷിനേയും ഒരു റൗണ്ട് വ്യത്യാസത്തിൽ മറികടക്കുമെന്നത് തീർച്ചയാണ്.

എന്നാൽ, എല്ലാവരുടേയും കണക്കുകൂട്ടൽ തെറ്റിച്ച്, കാര്യങ്ങൾ അവിടം മുതൽ കീഴ്മേൽ മറിഞ്ഞു. മൽസരം തീരാൻ മൂന്ന് റൗണ്ട് ബാക്കി നിൽക്കെ സന്തോഷ് വേഗം കൂട്ടി. ദീർഘദൂര ഇനങ്ങളിൽ വേഗം പെട്ടെന്ന് കൂട്ടുക അത്ര എളുപ്പമല്ല. ലീഡ് എടുക്കുന്നത് സാവധാനവും ക്രമാനുഗതവുമായിരിക്കും. രാജീവൻ അപ്രകാരം എടുത്ത അര റൗണ്ട് ലീഡ് സന്തോഷിനു മറികടക്കാൻ ബുദ്ധിമുട്ടാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. മാത്രമല്ല അവസാന ലാപ്പിൽ ചെറിയൊരു കുതിപ്പിനുള്ള ഊർജ്ജം രാജീവനിൽ ബാക്കിയുമുണ്ടാകും. ഇതെല്ലാം രാജീവനെ വിജയിയാക്കുമെന്ന് ഏവരും കരുതി. എന്നാൽ സന്തോഷിന്റെ സ്റ്റാമിനയെ പറ്റി ആർക്കും ഒരു ഊഹവുമില്ലായിരുന്നു എന്നതാണ് സത്യം. അവസാന റൗണ്ടുകളിൽ സന്തോഷിന്റെ വേഗം ഏവരേയും അതിശയിപ്പിച്ചു. മൽസരം അവസാനത്തോടു അടുക്കവെ സന്തോഷം രാജീവനും തമ്മിലുള്ള അര റൗണ്ട് വ്യത്യാസം ചുരുങ്ങി ചുരുങ്ങി വന്നു. അവസാന ലാപ്പിലേക്ക് രാജീവൻ പ്രവേശിക്കുമ്പോൾ സന്തോഷ് തൊട്ടു പിറകിൽ വരെ എത്തി!

മൈക്ക് സെറ്റ് കൺട്രോൾ റൂമിലിരുന്ന് മൽസരം വീക്ഷിക്കുകയായിരുന്ന സന്തോഷ് സാറും കൂട്ടരും വേഗം ട്രാക്കിനു അരികിലേക്ക് ഓടിയെത്തി. മൽസരം അതീവ ആവേശകരമായി മാറിയതോടെ ട്രാക്കിൽ ഓടിക്കൊണ്ടിരുന്നവരുടെ ശ്രദ്ധയും ഇവരിലായി. മൈതാനത്തിന്റെ അവിടവിടങ്ങളിൽ സൊറ പറഞ്ഞ് നിന്നിരുന്നവർ എല്ലാം ട്രാക്കിന്റെ വശങ്ങളിൽ തടിച്ച് കൂടി. കായിക ഇനങ്ങളിൽ പൊതുവെ കമ്പമില്ലാത്ത ടീച്ചേഴ്സ് വരെ ട്രാക്കിനു അരികിലെത്തി മൽസരം വീക്ഷിച്ചു.

അവസാന ലാപ്പിന്റെ തുടക്കം മുതൽ രാജീവൻ കുതിപ്പ് തുടങ്ങി. എന്നാൽ സന്തോഷുമായി ദൂരവ്യത്യാസം വർദ്ധിപ്പിക്കാൻ അത് മതിയായില്ല. മൽസരം അവസാനിക്കാൻ അര റൗണ്ട് ബാക്കി നിൽക്കെ, ചെറുവാളൂർ ഹൈസ്കൂളിന്റെ ചരിത്രത്തിൽ അന്നുവരെ നടന്നിട്ടില്ലാത്ത, അവിശ്വസനീയമായ കാര്യം സംഭവിച്ചു. രാജീവനെ പിന്നിട്ട് ഒരു കൈദൂരം അകലത്തിൽ സന്തോഷ് ലീഡ് എടുത്തു. അത് മറികടക്കാനുള്ള രാജീവന്റെ ശ്രമങ്ങള്‍ വിഫലമാകുന്നത് അവിശ്വസനീയതയോടെ അപ്പുക്കുട്ടൻ നോക്കിക്കണ്ടു. എന്നിട്ടും, ഒരു ഫിനിക്സ് പക്ഷിയേപ്പോലെ അവസാനം യെല്ലോ ക്യാപ്റ്റൻ ഓടിക്കയറി വരുമെന്ന് അപ്പുക്കുട്ടൻ വൃഥാ ആശിച്ചു. ഒന്നും സംഭവിച്ചില്ല. സന്തോഷ് ഫിനിഷിങ് ലൈൻ തൊടുമ്പോൾ രാജീവൻ ഒരു കൈദൂരം അകലത്തിൽ തന്നെയായിരുന്നു.

അപ്പുക്കുട്ടൻ പിന്നെയവിടെ നിന്നില്ല. ട്രാക്കില്‍ നിന്ന് ദൂരെ ഫുട്ബാള്‍ ഗ്രൗണ്ടില്‍ മാനം നോക്കി മലര്‍ന്നു കിടന്നു. മൈക്കിലൂടെ അനൗൺസ്‌മെന്റ് ഒഴുകിയെത്തി.‍

“സീനിയര്‍ ബോയ്‌സ്, 5000 മീറ്റർ ഡാഷ് – ഫസ്റ്റ് പ്രൈസ് സന്തോഷ്, റെഡ് ഹൌസ്. സെക്കന്റ് പ്രൈസ് – രാജീവൻ, യെല്ലോ ഹൗസ്…”

പിറ്റേന്ന് രാവിലെ, പത്രം നിവര്‍ത്തി സ്പോര്‍‌ട്സ് പേജിലെ ന്യൂസ് വായിക്കാൻ അപ്പുക്കുട്ടൻ അല്പം ഭയന്നു. ചെറുവാളൂർ ഗബ്രെസെലാസി വീണാൽ, സാക്ഷാൻ ഗബ്രെസെലാസിക്കു പിഴക്കുമോ? ആശങ്കകൾ അടിസ്ഥാനരഹിതമായിരുന്നു. സ്പോർട്സ് പേജിൽ അതാ വലിയ തലക്കെട്ട്.

“അറ്റ്ലാന്റ ഒളിമ്പിക്സില്‍, 15000 മീറ്റര്‍ ഡാഷില്‍ ഏത്യോപ്യയുടെ ലോകചാമ്പ്യന്‍ ഹെയ്‌ലി ഗബ്രെസെലാസി വിജയിയായി”.

സന്തോഷിന്റെ ജയം ഒരു അപൂർവ്വതയായിരുന്നു. എന്നാൽ, അതാവർത്തിക്കാൻ അദ്ദേഹത്തിനു പിന്നീട് കഴിഞ്ഞില്ല. രാജീവനു അല്പം കൂടി കരുതലും ആസൂത്രണവുമേ വേണ്ടി വന്നുള്ളൂ. പിൽക്കാലത്ത് നടന്ന ദീർഘദൂര മൽസരങ്ങളിൽ എല്ലാം രാജീവൻ തന്നെ വെന്നിക്കൊടി പാറിച്ചു.


Exit mobile version