Site icon The Writings of Sunil Upasana

വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 3

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



ടെറസ്സിന്റെ ഒരു വശത്തു അധികം പൊക്കമില്ലാത്ത അലക്കുകല്ലിന്‍ ഞാന്‍ കുന്തിച്ചിരുന്നു. ജലപാളികള്‍ ആവരണമിട്ടിട്ടും കല്ലിന് നേരിയ ചൂടുണ്ട്. ഞാന്‍ കാലുകള്‍ അകത്തി തറയോട് ചേര്‍ത്തുവച്ചു. ക്രമേണ ഇളംചൂട് കാലുകളിലൂടെ ശരീരത്തിലേക്ക് അനുവാദം വാങ്ങാതെ കടന്നുകയറി.

മഴ പെയ്യുകയാണ്. രാത്രിയുടെ നിശബ്ദതക്കു ഭംഗം വരുത്തി ആര്‍ത്തലച്ചു പെയ്യുകയാണ് വര്‍ഷം. ആദ്യം നേരിയ ചാറ്റല്‍പോലെ കുറച്ചു ജലത്തുള്ളികള്‍. ക്രമേണ അവയുടെ എണ്ണം കൂടിവന്നു. വേനല്‍ച്ചൂടില്‍ ചുട്ടുപഴുത്തു കിടന്നിരുന്ന കോണ്‍ക്രീറ്റില്‍ അവ കാട്ടുന്ന കരവിരുതിൽ ഞാൻ ലയിച്ചു. ഓരോ മഴതുള്ളിയും കോണ്‍ക്രീറ്റിലുണ്ടാക്കുന്ന ഈര്‍പ്പം കുറച്ചു സമയത്തിനകം ആവിയാകുന്നു. അപ്പോള്‍ അവയെ വീണ്ടും ഈറനാക്കി തുടരെത്തുടരെ പതിക്കുന്ന നിര്‍മലമായ ജലകണങ്ങള്‍. എത്ര സുന്ദരമായ സ്ലൈഡ് ഷോ.

രാത്രിമഴ എന്നും ഇഷ്ടമായിരുന്നു. നാട്ടിലും ഇവിടേയും. എല്ലാവരും സുഖകരമായ തണുപ്പില്‍ മൂടിപ്പുതച്ച് ഉറങ്ങുന്ന വേളകൾ. അപ്പോഴും ജനലരുകിലെ ചാരുകസേരയിലിരുന്ന് മഴയുടെ സംഗീതം കേള്‍ക്കുമായിരുന്നു. മഴ പെയ്തു തോര്‍ന്നിട്ടും തോരാതെ പെയ്യുന്ന ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ കുളിരോടെ നില്‍ക്കാറുള്ള എന്റെ ബാല്യം. ഒരു മരക്കമ്പില്‍ പിടിച്ചുവലിച്ച് കൂടുതല്‍ ജലകണങ്ങളെ എന്നിലേക്ക് സ്വീകരിക്കുമ്പോഴുള്ള ആഹ്ലാദം. കനത്ത മഴക്കുശേഷം പ്രകൃതി അനുഭവിപ്പിക്കാറുള്ള കനത്ത നിശബ്ദത. ഞാനറിയാതെ എന്റെ മനസ്സ് ഒഴുകുകയാണ്.

കുട്ടിക്കാലത്ത് ഓട്ടുമ്പുറത്തു വീഴുന്ന മഴത്തുള്ളികളെയും അവയുടെ ചിതറിത്തെറിക്കലും ശ്രദ്ധിച്ച് മിനിറ്റുകളോളം നില്‍ക്കുമായിരുന്നു. ഓടുകളുടെ പലഭാഗങ്ങളില്‍ വീഴുന്ന മഴത്തുള്ളികള്‍ പിന്നീട് ഒരു ചാലില്‍ ഒരുമിച്ച് ഏകഭാവത്തോടെ കുറച്ചുദൂരം ഒഴുകി നിലത്തേക്കു പതിക്കുന്നത് ഒരു സംഗീതാത്മകമായ ശബ്ദത്തോടെയായിരിക്കും. പക്ഷേ ഇവിടെ; ഈ രാത്രിയിലിപ്പോൾ ജലകണങ്ങള്‍ക്ക് ഒരുമിക്കാനും ഒഴുകാനും കളിമണ്ണ് ചുട്ടെടുത്ത ഓട് ഇല്ല. പകരം അവ എന്റെ മൂക്കിന്റെ പാലം ഉപയോഗിക്കുന്നു. ജലകണങ്ങള്‍ കോണ്‍ക്രീറ്റില്‍ തല്ലിയലച്ച് ശ്രംഗരിക്കുന്നു. ഒഴുകിപ്പരക്കുന്നു.

കഴിഞ്ഞതവണ നാട്ടില്‍ പോയപ്പോ ഷിബുവിനോട് സൂചിപ്പിച്ചിരുന്നു, ഒക്കെ ഒന്നു പെയ്തൊഴിയാന്‍ ആഗ്രഹമുണ്ടെന്ന്. ഭിക്ഷാംദേഹിയെപ്പോലെ അവന്‍ വീണ്ടും വാടകവീട് മാറിയ സമയം. ഇത്തവണ അന്നമനട അമ്പലത്തിനടുത്തേക്ക്. വിഘ്നേശ്വര ജ്യോതിഷാലയത്തിനടുത്തുള്ള പഴയ പ്രൌഢിയുള്ള കൊച്ചു വീട് എന്നെ ഹഠാകാര്‍ഷിച്ചു. പലകകള്‍ കൊണ്ടുള്ള തട്ടുമ്പുറം. കത്തിക്കാളുന്ന വെയിലത്തും കുളിര്‍മ്മ മുറ്റി നില്‍ക്കുന്ന മുറികള്‍. മുറ്റത്തുതന്നെ ഒരു നാരകവും കൂവളച്ചെടിയും. പിന്നെ എണ്ണംപറഞ്ഞ നാല് സര്‍പ്പക്കാവുകള്‍. ആകെക്കൂടി ഒരു പ്രാചീനത തോന്നിക്കുന്ന വീട്.

സന്ധ്യക്കു ശിവക്ഷേത്രത്തിനടുത്ത്, മണൽപ്പുറത്തിനോടു ചേര്‍ന്നുള്ള ആല്‍ത്തറയില്‍, മണൽപ്പുറത്തെ നിശബ്ദതയില്‍ മേയുന്ന പശുക്കളെനോക്കി ഞങ്ങള്‍ ഇരുന്നു. മൌനം മുറ്റിയ ഏതാനും മിനിറ്റുകൾ. ഒടുവില്‍ അവൻ അന്വേഷിച്ചു.

“നിനക്കൊന്ന് കരഞ്ഞൂടേടാ?”

ഞാന്‍ അസ്വസ്തതയോടെ മനസ്സിലാക്കി. മറുപടി അര്‍ഹിക്കുന്ന ബുദ്ധിപൂര്‍വകമായ ഒരു ചോദ്യമാണത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ അരണമരങ്ങള്‍ക്കിടയിലും തിരുവനതപുരം ബേക്കറി ജംഗ്ഷനിലെ ലോഡ്ജുമുറിയിലുമിരുന്ന് ഞാന്‍ കരഞ്ഞിട്ടുള്ള കഥകളൊക്കെ അവനറിയാം.

മറുപടി കൊടുത്തു. “ആഗ്രഹമുണ്ട് സുഹൃത്തേ പക്ഷേ എന്തുകൊണ്ടോ പറ്റുന്നില്ല”

തുടര്‍ന്ന് ഞങ്ങള്‍ ചിരിച്ചു. ഇനിയും നിവര്‍ത്തിക്കപ്പെടാത്ത മോഹങ്ങളോര്‍ത്ത് വെറുതെ ചിരിച്ചു.

പക്ഷേ ഇപ്പോൾ എനിക്ക് അത്തരം പരിഭവങ്ങളില്ല. കാരണം ആഗ്രഹം സക്ഷാത്കരിക്കപ്പെട്ടു കഴിഞ്ഞു. ചിലര്‍ ഒത്തൊരുമിച്ച് സാക്ഷാത്കരിക്കപ്പെടുത്തി. ആരോടൊക്കെയാണ് നന്ദി പറയേണ്ടത്. ലക്ഷ്മി നരസിംഹന്‍ എന്ന വ്യക്തിയോടെ, അതോ എന്നും എന്റെ എതിര്‍ചേരിയില്‍ സ്ഥാനം പിടിക്കാറുള്ള വിധിയോടോ.

ഞാനോര്‍ക്കുന്നു. അന്നു സാറിന്റെ വാക്കുകള്‍ വളരെ മൂര്‍ച്ചയുള്ളതായിരുന്നു. എന്നെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞ സംതൃപ്തിയോടെ പറയാനുള്ള വാക്കുകള്‍ മനസ്സിൽ അടുക്കി വച്ചിരിക്കുകയായിരുന്നെന്ന് തോന്നി.

“Sunil you have to wait another six months to appear second interview at Infy. Company’s policy is so.”

അതെ. പലപ്പോഴും പലതുമാണ് എനിക്കു തടസ്സമായി വരിക. പലപ്പോഴും ദൈവം കനിഞ്ഞു നല്‍കിയ ശാരീരികന്യൂനത. അല്ലെങ്കില്‍ ഓരോരോ കാലക്കേടുകള്‍. ഇത്തവണ ഇത് രണ്ടുമല്ല.
കമ്പനിയുടെ പോളിസിയാണ് വഴിമുടക്കിയായി നില്‍ക്കുന്നത്. ഞാന്‍ ആശ്വസിക്കാനും സ്വയം നിയന്ത്രിക്കാനും ആവത് ശ്രമിച്ചു. പക്ഷേ, ന്യായമായതും മറ്റുള്ളവരില്‍ അസ്വസ്ഥത ഉളവാക്കിയേക്കാവുന്നതുമായ സംശയങ്ങള്‍ ചോദിക്കുക എന്ന മനസ്സിന്റെ ചാപല്യത്തെ (?) എനിക്ക് തടുക്കാനായില്ല.

“Sir… Interviewing a candidate in an area, in which he is not experienced. That is what happened in my first interview. Is that company’s policy?”

മനസാക്ഷിക്കുത്ത് തോന്നുന്നവന്റെ ഏതോ വികാരം എതിർമുഖത്ത് പ്രകടമായി. അതിന്റെ നിറഭേദങ്ങളില്‍ ഞാന്‍ അഭിരമിക്കവേ അദ്ദേഹം പറഞ്ഞു.

“You should well equip to face multiple interview!!”

പറ്റും സാര്‍. പരിണതപ്രജ്ഞരായ ചിലര്‍ക്ക് അതിനു സാധിക്കുമായിരിക്കും. കേവലം മൂന്നുവർഷം പ്രവൃത്തിപരിചയമുള്ളവനു പക്ഷേ സാധിക്കില്ല. ഒരു ‘If Possible‘ കൂടി മറുപടിയുടെ അവസാനം ചേര്‍ത്താല്‍ നന്നായിരുന്നെന്നു എനിക്കു പറയാന്‍ തോന്നി.

“Sir, How is that possible for a candidate having three years experience?”

ഞാന്‍ കുറച്ചുസമയം കാത്തുനിന്നു. പക്ഷേ മറുപടി കിട്ടിയില്ല.

അര്‍മാന്‍ അലി സാര്‍. പാവം എനിക്കുവേണ്ടി കയ്യും മെയ്യും മറന്നു വാദിച്ചു. മാരത്തോണ്‍ ചര്‍ച്ചയായിരുന്നു, മാരത്തോണ്‍ ചര്‍ച്ച. ചില്ലുവാതിലിനിപ്പുറത്ത്, പതുപതുത്ത സോഫയില്‍ കൈകള്‍ കൂട്ടിത്തിരുമ്മി ആകാംക്ഷയോടെ ഞാനിരുന്നു. എന്റെ ഭാവിയാണവിടെ ആ ഡിസ്കഷന്‍ റൂമില്‍ രണ്ടുപേർ ഇരുന്നു തീരുമാനിക്കുന്നത്. എന്തൊക്കെ വിചാരങ്ങളായിരുന്നു എന്റെയുള്ളിൽ.

പണ്ട് കിട്ടിയ വരദാനങ്ങളൊക്കെ എനിക്കിന്നു ബാധ്യതകളാണ്. കാരണം അനുഗ്രഹങ്ങളുടെ ഊഷ്മളത എന്നെ വീര്‍പ്പുമുട്ടിക്കുന്നു. ഓരോ തവണ അടിവച്ചു അടിവച്ച് കയറി വരുമ്പോള്‍ ചിലര്‍ വാമനസ്വഭാവത്തോടെ ഉച്ചിയില്‍ കാല്‍വച്ചു ചവിട്ടിത്താഴ്ത്തും. അവര്‍ പറയുന്ന കാരണങ്ങളുടെ ഉമിത്തീയില്‍ ഞാന്‍ ഞാന്‍ മറ്റൊരു മാര്‍ക്കണ്ഢേയനാകുന്നു.

വാക്കിങ്ങ് സ്റ്റിക്കിന്റെ ശബ്ദം പതുക്കെ ഒഴുകി വന്നു. ഞാൻ തല ഉയർത്തി. അര്‍മാന്‍ അലി സാര്‍ എന്റെ അരികില്‍ ഇരുന്നു. കുറച്ചുനേരം കിതച്ച.

“Sunil, What happened in your first interview at Infy?”

ആദ്യത്തെ ഇന്റര്‍വ്യൂ. അതൊരു ഇന്റര്‍വ്യൂ തന്നെയാണോ. അല്ല. നിര്‍ബന്ധിക്കപ്പെടുകയായിരുന്നു അതിനു. തുറന്നു പറഞ്ഞതാ.

“സാറേ. എനിക്ക് ഈ നെറ്റ്വര്‍ക്കിങ് ഇന്റര്‍വ്യൂ വേണ്ട. ആ ഏരിയയിൽ വല്യ പിടിപാടില്ല. ദയവായി എന്റെ ഫീല്‍ഡില്‍ ഇന്റര്‍വ്യൂ ചെയ്യൂ”

ഒരുപാട് കാരണങ്ങൾ എതിരായി നിരത്തപ്പെട്ടു. അവസാനം ബാക്കിയുണ്ടായിരുന്ന ഓപ്ഷനുകൾ രണ്ടെണ്ണമാണ്. Do OR Go Home.

എന്നെ സംബന്ധിച്ചിടത്തോളം ആ അവസരത്തില്‍ രണ്ടു വാചകത്തിനും ഒരേ അര്‍ത്ഥവും ഗന്ധവുമായിരുന്നു. ഉന്മൂലനത്തിന്റെ ഗന്ധം. അവസാനം നേര്‍ച്ചക്കോഴിയെപ്പോലെ തലവച്ചു കൊടുത്തു. അരിമണി പോയിട്ടു ഒരിറ്റ് വെള്ളംപോലും കിട്ടിയില്ല.

ഞാന്‍ അർമാൻ സാറിനോട് എല്ലാം വിശദീകരിച്ചു. അദ്ദേഹം മൂളലോടെ കേട്ടുകൊണ്ടിരുന്നു.

എല്ലാം തുടങ്ങിയത് ഡിസംമ്പര്‍ ഇരുപത്തി ഒമ്പതിനായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം നാട്ടിലെത്തിയതായിരുന്നു. ഉച്ചക്കു സഹമുറിയൻ ബ്രിജിന്റെ സന്ദേശം.

“A call from Badroos, Infosys. You have an interview there in Network Support on 31st”

ആദ്യം സന്തോഷിച്ചു. കാരണം ഇന്‍ഫോസിസ് ഡിപ്ലോമാക്കാരെ പരിഗണിക്കാറുള്ളതായി അറിവില്ല. കൂടെ പഠിച്ച പലരും ഐബി‌എം, എച്ച്‌പി, നെറ്റ്‌ആപ്പ് തുടങ്ങിയ വന്‍‌കിട കമ്പനികളില്‍ ഉണ്ടെങ്കിലും ആരും ഇന്‍‌ഡ്യന്‍ വന്‍‌കിടകളായ വിപ്രോയിലോ, ഇന്‍ഫിയിലോ ഉള്ളതായി അറിവില്ല. മെസേജ് മുഴുവൻ വായിച്ചപ്പോൾ സന്തോഷം പൊലിഞ്ഞു. ബ്രിജിന്റെ സംശയം ന്യായമായിരുന്നു.

“Why did you told them to interview in Network field?”

സംഗതികളുടെ കിടപ്പ് കണ്ടപ്പോൾ ഗൌരവം മനസ്സിലായ. നെറ്റ്വര്‍ക്കിംഗില്‍ രണ്ടായിരത്തിമൂന്നിൽ എടുത്ത ഒരു സർട്ടിഫിക്കേഷൻ അല്ലാതെ വല്യ പിടിപാടില്ല. സർട്ടിഫിക്കേറ്റിന്റെ കാലാവധിയാണെങ്കിൽ കഴിഞ്ഞു. ഇതുവരെ ഒരു കമ്പനിയും നെറ്റ്വർക്ക് ഏരിയയിൽ ഇന്റര്‍വ്യൂ ചെയ്തിട്ടുമില്ല. അതുകൊണ്ട് പരാജയപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ചേട്ടന്‍ സൂചിപ്പിച്ചു. “നീ ചെല്ല്. നിന്റെ ഫീല്‍ഡില്‍ ഇന്റര്‍വ്യൂ ചെയ്യാ‍ൻ പറഞ്ഞുനോക്ക്. എന്തായാലും കിട്ടിയതല്ലേ കളയണ്ടാ“

ഞാനും ചിന്തിച്ചു. അതെ, പോയി നോക്കാം. ലക്ഷ്മി നരസിംഹന്‍ എന്ന സാര്‍ ചോദിച്ചത് കട്ടിച്ചോദ്യങ്ങള്‍. OSPF, VLAN, EIGRP തുടങ്ങിയവയിലെ ഏറ്റവും പുതിയ കാര്യങ്ങൾ. ഞാന്‍ സർട്ടിഫിക്കേഷൻ എടുത്ത കാലത്ത് മേല്പറഞ്ഞതൊക്കെ ശൈശവദശയിലായിരുന്നു. കുറച്ചു അടിസ്ഥാനചോദ്യങ്ങൾക്കല്ലാതെ മറ്റൊന്നിനും മറുപടി പറയാന്‍ പറ്റിയില്ല.

ഒരാഴ്ച കഴിഞ്ഞ് എച്ച്‌ആറിലെ ബദ്രൂസിനെ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി പ്രതീക്ഷിച്ചതായിരുന്നു.

“Better luck next time”

അതു കേട്ടപ്പോൾ എല്ലാം അവസാനിച്ചെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ രണ്ടാഴ്ച കഴിഞ്ഞ് ചന്ദ്രശേഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാഡം വിളിച്ച് പറഞ്ഞു.

“Contact Arman Ali, Infosys. No. 97400…”

ഞാന്‍ സംഗ്രഹിച്ചു.

“ഇങ്ങിനെയാണ് സാര്‍ സംഭവിച്ചത്. രണ്ടാമത്തെ ഇന്റര്‍വ്യൂ സാർ, എനിക്ക് എക്സ്പീരിയന്‍സ് ഉള്ള സെര്‍വര്‍/ഡെസ്ക്ടോപ്പ് ഏരിയയില്‍ തന്നെ തരപ്പെടുത്തിത്തന്നു. മാത്യൂ സാറാണ് ചെക്ക് ചെയ്തത്. അത് ക്ലിയര്‍ ആയി, ഫൈനല്‍ ഡിസ്കഷനു വിളിച്ചു. പക്ഷേ, ഇന്നത്തെ ഫൈനല്‍ ഡിസ്കഷന്‍ എന്നെ ആദ്യം നെറ്റ്വര്‍ക്കിംങ് ഇന്റര്‍വ്യൂ ചെയ്ത ലക്ഷ്മി നരസിംഹന്‍ സാറുമായി തന്നെ ആയിരുന്നു!“

ഞാന്‍ അഞ്ചുനിമിഷം തലകുനിച്ച് മിണ്ടാതിരുന്നു.

“സാറേ എന്നെ ഇന്‍ഫി ആദ്യം ഇന്റര്‍വ്യൂ ചെയ്തത് എനിക്ക് എക്സ്പീരിയന്‍സ് ഉള്ള ഏരിയയയില്‍ ആയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോൾ ഇന്‍ഫിയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നേനെ. എനിക്കിപ്പോൾ തോന്നുന്നത് എന്റെ ആദ്യത്തെ അനാവശ്യമായ ഇന്റര്‍വ്യൂ കാരണം ഒക്കെ പിഴച്ചതായിട്ടാ. ശരിയാണോ സാര്‍?”

സാറൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍ ഞാന്‍ തുടര്‍ന്നു.

“ഏതെങ്കിലും കച്ചിത്തുരുമ്പ് കണ്ടാ അതുമ്മെ പിടിച്ചുകയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മനസ്ഥിതിയിലായിരുന്നു ഞാൻ. അതാണ് ആദ്യത്തെ ഇന്റര്‍വ്യൂവിനെകുറിച്ച് സാറിനോട് ഞാൻ മിണ്ടാതിരുന്നെ… സോറി”

നിരാശസ്വരത്തില്‍ ശബ്ദമുണ്ടാക്കി അർമാൻ സാർ എന്നെ സമാധാനിപ്പിച്ചു.

“സുനില്‍ ഈ ലോകത്ത് നമുക്ക് വിശദീകരിക്കാനാകാത്ത, മനസ്സിലാക്കാനാകാത്ത ചില കാര്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഞാനിപ്പോൾ ഫീല്‍ ചെയ്യുന്നത്. ഞാന്‍ പരമാവധി ശ്രമിച്ചു. സാര്‍ സമ്മതിച്ചില്ല. ഐ ആം സോറി സുനില്‍. എക്ട്രീമിലി സോറി“

അമ്മ എന്നോട് ഗ്രഹങ്ങളെ പറ്റി ആദ്യമായി പറയുന്നത് കഴിഞ്ഞ ഒക്ടോബറിലാണ്.
എച്ച്‌പിയിലെ രമാ കിഷോറിന്റെ ഇന്റര്‍വ്യൂവിനു വിളിച്ചുകൊണ്ടുള്ള ഇമെയില്‍ നാട്ടിലായിരുന്നതു കൊണ്ട് മിസായ ദിവസം. അന്ന് എനിക്കതൊരു തമാശയായിരുന്നു. എന്തൂട്ട് ഗ്രഹങ്ങള്‍. പക്ഷേ കാലക്കേടുകള്‍ തുടര്‍ച്ചയാകുന്നു. കയ്യെത്തിപ്പിടിച്ചു എന്നു കരുതിയ സുവര്‍ണാവസരങ്ങൾ വഴുതി മാറുന്നു. അപ്പോള്‍ മനസ്സിലുയരുന്ന ചാഞ്ചാട്ടങ്ങളെ ഞാന്‍ ബഹുമാനിക്കണോ?

അര്‍മാന്‍ സാറിനോട് യാത്രപറഞ്ഞു തിരിച്ചിറങ്ങിയപ്പോൾ ഞാന്‍ ഒകെയായിരുന്നു. ജയദേവ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ ക്രോസ്സ് ചെയ്തു ബസ്‌സ്റ്റോപ്പിലേക്കു നടക്കുമ്പോൾ കണ്ണുകള്‍ നിറഞ്ഞു. ഞാൻ ശ്രദ്ധമാറ്റാന്‍ ശ്രമിച്ചു. ഫ്ലൈ ഓവറിന്മേലെഴുതിയിരുന്നത് വായിക്കാന്‍ ശ്രമിച്ചു. അതുകുറച്ച് വലിയ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ആയിരുന്നു. DPI എന്ന്. Dalit Panthers of India എന്നതിന്റെ ചുരുക്കെഴുത്ത്. അതിനു താഴെയുള്ള സാമാന്യം ചെറിയ വാചകങ്ങള്‍ വായിക്കാന്‍ സാധിച്ചില്ല. കണ്ണുകള്‍ നിറഞ്ഞു.

എന്താ ചൂട്. വെയില്‍ കത്തുകയാണ്. ഞാന്‍ ഇന്‍ ചെയ്തിരുന്ന ഷര്‍ട്ട് വലിച്ചു പുറത്തിട്ടു. പെട്ടെന്ന് മൊബൈല്‍ വിറക്കാന്‍ തുടങ്ങി.

“Manu chettan calling…”

ഞാന്‍ ശങ്കിച്ചു. അറ്റെന്‍ഡ് ചെയ്യണോ. വേണ്ടെന്നു തീരുമാനിച്ചു. ചേട്ടനെ വിളിക്കാൻ ബ്രിജിനോട് പറയാം.എന്നെക്കൊണ്ട് ഇപ്പോൾ സംസാരിക്കാന്‍ സാധിക്കില്ല. സംസാരിക്കുമ്പോൾ എങ്ങാനും വിതുമ്പിയാല്‍ ചേട്ടനും അസ്വസ്ഥനാകും. അതൊന്നും വേണ്ട.

ഞാന്‍ മെസ്സേജ് ടൈപ്പ് ചെയ്യാന്‍ തുടങ്ങി.

“No yaar. You know who their Boss is. It is Laxmi Narasimhan. Previous Interview was the bar. Tell all things to brother since from previous interview”

ബസിലിരിക്കുമ്പോൾ ഓര്‍ത്തു. മഡിവാള വഴിയാണ് പോകുന്നത്. വേണമെങ്കിൽ ഭായിയെ കാണാം. മനസ്സ് വിലക്കി വേണ്ടെന്ന്. കാരണം അര്‍മാന്‍ സാറിന്റെ മറുപടി അവനും ഉള്‍ക്കൊള്ളാനായേക്കില്ല.

“സുനില്‍.., ഈ ലോകത്ത് നമുക്ക് വിശദീകരിക്കാനാകാത്ത, മനസ്സിലാക്കാനാകാത്ത ചില കാര്യങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ സംഭവിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇതും”

വിശദീകരിക്കാനാകാത്ത കാര്യങ്ങള്‍!

ശരിയാണ്. ആറുമാസത്തിനു ശേഷം ഇന്‍ഫോസിസില്‍ വീണ്ടും ഇന്റര്‍വ്യൂ കിട്ടി, അതു പാസായി ഞാന്‍ ജോയിൻ ചെയ്താൽ അതും വിശദീകരിക്കാനാകത്തതാകും. കമ്പനിയുടെ പോളിസി ഇത്തരം പ്രത്യേക സാഹചര്യത്തിലും മുറുകെപ്പിടിക്കുന്നത് ശരിയാണോ എന്നു ചോദിച്ചാല്‍ ചിലപ്പോള്‍ അതും വിശദീകരിക്കാനാകാത്തതാകും.

മഴ തോര്‍ന്നിരുന്നു. അലക്കുകല്ലില്‍നിന്ന് ഞാന്‍ എഴുന്നേറ്റു. രണ്ടുമിനിറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉലാര്‍ത്തി. ടെറസ്സിന്റെ മൂലയില്‍ പോയി അനന്തതയിലേക്ക് നോക്കി കുറച്ചുസമയം നിന്നു. ആകാശത്ത് ഉരുണ്ടുകൂടിയിരുന്ന കറുത്തിരുണ്ട കാര്‍മേഘങ്ങള്‍ എന്നെ നോക്കി പല്ലിളിച്ചുകാട്ടി പരിഹസിച്ചു. തണുത്തുറഞ്ഞ് വീശുന്ന പിശറന്‍കാറ്റ് എന്റെ കണ്ണിമകളെ ബലമായി അടപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അവയെയൊക്കെ പ്രതിരോധിച്ച് നിലകൊള്ളാന്‍ അനുഭവങ്ങളുടെ തയമ്പ് കെട്ടിയ കാഠിന്യം സഹായിച്ചു. അവയുടെ സഹായത്താല്‍ ഞാന്‍ ആശ്വാസം കൊണ്ടു.

അങ്ങകലെ ടിന്‍ ഫാക്ടറി ഫ്ലൈഓവറില്‍ കൂടി ഹെബ്ബാലിലേക്ക് പോകുന്ന വാഹങ്ങളുടെ നീണ്ട ചലിക്കുന്ന നിര. പാമ്പുകളെപ്പോലെ വളഞ്ഞുപുളഞ്ഞും ചിലപ്പോള്‍ കൂട്ടം തെറ്റിച്ചും ആ നിര അനസ്യൂതമായി ഒഴുകുകയാണ്. അവയുടെ ഹെഡ് ലൈറ്റുകള്‍ പതിവിലധികം തീഷ്ണങ്ങളായി എനിക്കു തോന്നി. അവിരാമം ചലിച്ചു കൊണ്ടിരിക്കുന്ന അവയുടെ പ്രകാശ പ്രളയത്തില്‍ ഞാന്‍ മയങ്ങി നില്‍ക്കെ അതിലെ മഞ്ഞനിറങ്ങള്‍ എന്നെ കൈമാടി വിളിച്ചു.

“സുനില്‍, നിന്റെ എല്ലാ ദുഃഖങ്ങളും പരിഹരിച്ചു തരാം. ഇങ്ങോട്ട് വരൂ”

മോഹിപ്പിക്കുന്ന വാഗ്ദാനം. അതില്‍ മയങ്ങി മനസ്സ് പ്രകാശവലയത്തിനു നേരെ ചലിച്ചു. അതില്‍ സാവധാനം ലയിച്ചു. കൂടെ എന്റെ സ്വപ്നങ്ങളും.


Exit mobile version