Site icon The Writings of Sunil Upasana

ഹിന്ദുമതത്തിന്റെ ആധാര തത്ത്വം – 2: അദ്വൈതം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ഈ മൂന്ന് വൈജ്ഞാനിക വിഭാഗങ്ങളും അതിഭൗതികമായി ഒന്നാണെന്ന് നമുക്ക് എങ്ങിനെ മനസ്സിലാക്കാം? അതിനി പറയുന്നു.

ധ്യാന നിമഗ്നനായ ഒരു യോഗിയെ നിരീക്ഷിക്കുക. അവർ ഒരു മണിക്കൂറോ, ഒരു ദിവസമോ, അതിൽ കൂടുതലോ നേരം ധ്യാനിച്ചിരിക്കുന്നതിൽ സമർത്ഥരാണ്. ധ്യാനത്തിൽ നിമഗ്നരായിരിക്കുമ്പോൾ, മനുഷ്യർ സംവേദിച്ചറിയുന്ന ഭൗതികലോകവുമായി യോഗി സംവേദിക്കുന്നില്ലെന്നത് സ്പഷ്ടമാണ്. അത് യോഗിയിൽ എന്തു മാറ്റമാണ് ഉളവാക്കുന്നത്? ഭൗതികലോകവുമായി സംവദിക്കാത്തപ്പോൾ യോഗിയിൽ എന്താണ് നടക്കുന്നത്? ഭൗതികലോകവുമായി സംവേദിക്കാത്തതിനാൽ ഭൗതികമായ ഒന്നിലല്ല യോഗി അഭിരമിക്കുന്നതെന്ന് വ്യക്തം. അതിഭൗതികമായ ഒന്നിൽ യോഗി ലയിച്ചിരിക്കുന്നു എന്നാണ് അപ്പോൾ മനസ്സിലാകുന്നത്,. ഭൗതികലോകവുമായി സംവേദിക്കാത്തതിനാൽ യോഗി ‘ജ്ഞാനി’ അല്ല. ജ്ഞാനി അല്ലാത്തതിനാൽ, യോഗിയിൽ ‘ജ്ഞേയവും’ ഇല്ല, ‘ജ്ഞാനവും’ ഇല്ല. വൈജ്ഞാനിക വിഭജനം ഇല്ലാത്ത നിലയിലാണ് യോഗിയെന്നു നിസ്സംശയം പറയാം. വിഭജനങ്ങൾ ഇല്ലാത്ത നിലയായതിനാൽ ഇത് ദ്വൈതഭാവങ്ങൾ ഇല്ലാത്ത അദ്വൈത നിലയാണ്.

ഇനി കൂടുതൽ കാര്യങ്ങൾ പരിശോധിക്കാം. ഇപ്പോൾ നമുക്ക് രണ്ടു പക്ഷത്തു നിൽക്കുന്ന രണ്ടു കാര്യങ്ങളെ കിട്ടി.

1. ഭൗതികതലത്തിലുള്ള ജ്ഞാനി (Knower), ജ്ഞേയം (Known), ജ്ഞാനം (Knowledge). ഇവയെ വൈജ്ഞാനിക ത്രിത്വം എന്നു പറയുന്നു.
2. യോഗികൾ സാക്ഷാത്കരിക്കുന്ന അതിഭൗതിക സത്യം. ഇവിടെ വൈജ്ഞാനിക ത്രിത്വത്തിന്റെ സാന്നിധ്യമില്ല.

കുറച്ചുകൂടി സൂക്ഷ്മമായി വിലയിരുത്തിയാൽ, ഒന്നാമത്തേത് ബഹുത്വത്തിലും (Many / Pluralism), രണ്ടാമത്തേത് ഏകത്വത്തിലും (One / Non-dualism) അധിഷ്ഠിതമാണെന്നു കാണാം. അതായത് ഒന്നാമത്തെ വിഭാഗത്തിൽ അസംഖ്യം വസ്തുക്കളുണ്ട്. എന്നാൽ രണ്ടാമത്തേതിൽ ഒന്നേയുള്ളൂ – സത്യം / പരംപൊരുൾ.

ഇനിയാണ് കുഴപ്പിക്കുന്ന ചോദ്യം വരുന്നത്. എങ്ങിനെയാണ് അതിഭൗതിക തലത്തിലുള്ള ഏകത്വം, ഭൗതികതലത്തിലെ ബഹുത്വമായി പരിണമിക്കുന്നത്? മറ്റൊരു വിധത്തിൽ ചോദിച്ചാൽ, ഭൗതികലോകത്തിലെ ബഹുത്വവും അതിഭൗതികലോകത്തിലെ ഏകത്വവും എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു? അവയ്‌ക്കിടയിലെ സമവാക്യം എന്ത്?

ഏകത്വമായ സത്യത്തിനു സ്വതവേ ബഹുത്വമായി പരിണമിക്കാൻ സാധ്യമല്ല. ബാഹ്യചോദന ഒന്നുമില്ലെങ്കിൽ ഏതൊരു വസ്തുവും അതിന്റെ സ്വാഭാവിക നിലയിൽ തുടരുകയേയുള്ളൂ. പിന്നെങ്ങിനെയാണ് ഏകമായ സത്യത്തിൽ നിന്ന് ഭൗതികതലത്തിലുള്ള വൈജ്ഞാനിക ത്രിത്വത്തിനു ഉയിരെടുക്കാൻ കഴിയുക? തീർച്ചയായും മറ്റൊരു തത്ത്വത്തിന്റെ സാന്നിധ്യവും ഇവിടെ ഉണ്ടെന്നു സ്പഷ്ടമാണ്. എന്താണത് ?

നമുക്ക് ലഭിച്ച നിർവചനം സമവാക്യ രൂപത്തിൽ എഴുതി നോക്കാം.

ഏകത്വം + ? => ബഹുത്വം.

ഇതാണ് സമവാക്യം. ഏകത്വമായ സത്യത്തിനോടു ബന്ധപ്പെട്ടു നിൽക്കുന്ന എന്തോ ഒരു ശക്തിവിശേഷം മൂലം, ഏകത്വം ബഹുത്വമായി കാണപ്പെടുകയാണെന്ന് ഈ സമവാക്യം സൂചിപ്പിക്കുന്നു.

ഇവിടെ ശ്രദ്ധേയമായ കുറച്ചു കാര്യങ്ങളുണ്ട്.

1. ഏകത്വമായ പരംപൊരുൾ ശാശ്വതമായ ഒരു മാറ്റത്തിനും വിധേയമാകുന്നില്ല. യോഗികളുടെ അനുഭവം അതാണ് തെളിയിക്കുന്നത്.

2. ഏകത്വത്തിനോടു ബന്ധപ്പെട്ടു നിൽക്കുന്നെന്നു കരുതുന്ന ശക്തിവിശേഷത്തിന്റെ സൃഷ്ടിയായതിനാൽ, ഏകത്വത്തിന്റെ പക്ഷത്ത് നിന്നു നോക്കുമ്പോൾ, ബഹുത്വം അഥവാ വൈജ്ഞാനികത്രിത്വം ഒരു നിർമിതിയും (created one) കെട്ടുകാഴ്ചയുമാണ് (Appearance). ഈ കാഴ്ചയും ചുറ്റുപാടുകളും, വ്യവഹാരിക ഇടപഴകലിനു ശേഷിയുള്ള മാദ്ധ്യമമാണെങ്കിലും, അവ അത്യന്തികമായി അസത്യവും, അവയുടെ ആരൂഢം ഏകത്വവുമാണ്.

3. യോഗികൾ ചെയ്യുന്ന പോലെ ഇന്ദ്രിയങ്ങളെ നിഗ്രഹിക്കുമ്പോൾ വൈജ്ഞാനിക ത്രിത്വം / ബഹുത്വം പിൻവാങ്ങുന്നു. തന്മൂലം, ശക്തിവിശേഷത്തിനു സ്വന്തം നിലയിൽ സ്വതന്ത്രമായ നിലനിൽപ്പില്ല. അതിനെ ഒഴിവാക്കാൻ വഴികളുണ്ട്.

ഏകത്വത്തെ ബഹുത്വമാക്കി തീർക്കുന്ന ശക്തിവിശേഷത്തെ ഉപനിഷത്ത് ‘അവിദ്യ’ എന്നു വിളിക്കുന്നു. സമവാക്യം അങ്ങിനെ പൂർണമാകുന്നു.

ഏകത്വം + അവിദ്യ = ബഹുത്വം.

സംഗ്രഹം

ബാഹ്യലോകത്തുള്ള എല്ലാത്തിനേയും വൈജ്ഞാനിക അടിസ്ഥാനത്തിൽ മൂന്നായി വിഭജിക്കാം – ജ്ഞേയം, ജ്ഞാനി, ജ്ഞാനം. ഇവയെ വിജ്ഞാന ത്രയങ്ങൾ എന്നു വിളിക്കുന്നു. ഭൗതിക ലോകത്തെ വ്യവഹാരങ്ങളിൽ ഇവ പരസ്പരം വിഭിന്നമാണ്. എന്നാൽ അത്യന്തികമായി വിജ്ഞാനത്രയങ്ങളെ ഒരു സത്യത്തിലേക്കു ചുരുക്കാം. യോഗികൾക്കു സവിശേഷമായ ജ്ഞാനവും ചര്യയും വഴി അതിനു കഴിയുന്നു. അത്യന്തികമായ ഈ സത്യത്തെ പരംപൊരുൾ എന്നു വിളിക്കാം. പരംപൊരുൾ അടിസ്ഥാനപരമായി അദ്വൈതമാണ്, വിഭജനത്തിനു അതീതമായ ഏകത്വമാണ്. എന്നാൽ, അവിദ്യ എന്ന ശക്തിവിശേഷത്തിന്റെ പ്രഭാവം മൂലം ഏകത്വമായ പരംപൊരുൾ, ബഹുത്വമായ വിജ്ഞാനത്രയമായി (ഭൗതിക ലോകമായി) കാണപ്പെടും. വാസ്‌തവത്തിൽ പരമമായ നിലനിൽപ്പ് വിജ്ഞാന ത്രയത്തിനല്ല, മറിച്ച് ഏകത്വമായ പരംപൊരുളിനാണ്. വിജ്ഞാനത്രയമാകുന്ന ഭൗതികലോകം പരംപൊരുളിനെ സാക്ഷാത്കരിക്കാനുള്ള പാതയാണ്. ഈ പാത വഴി സഞ്ചരിക്കുന്നവർക്കേ മോക്ഷം ലഭിക്കൂ. ഈ സത്യം അറിയുന്നവർ മോക്ഷഗതി നേടുന്നു; ജനന-മരണ ചാക്രിക പ്രക്രിയയായ സംസാര-ത്തിൽ നിന്നു വിടുതി നേടുന്നു. ഇതാണ് ഹിന്ദുമതത്തിന്റെ, ഹൈന്ദവ ധർമ്മത്തിന്റെ ആധാരതത്ത്വം.

Featured Image – hinduwebsite.com


Exit mobile version